Friday, September 15, 2017

അബസ്വര സംഹിത - മുപ്പത്തിമൂന്നാം ഖണ്ഡം


അബസ്വരങ്ങള്‍ വര്‍ത്തമാന ലോകത്തിന്റെ അടയാളപ്പെടുത്തല്‍ തുടരുന്നു...

                                                                     1601
                                                                     ******
10.07.2017
"മതവിദ്യാഭ്യാസം 18 വയസ്സിന്‌ ശേഷം മാത്രം" - യുക്തിവാദികളും, മതവിരോധികളും മുന്നോട്ട്‌ വെക്കുന്ന ഒരു ആശയം ആണിത്‌.

അവർക്ക്‌ പ്രായപൂർത്തി ആയ ശേഷം ഇഷ്ടമുള്ളത്‌ തിരഞ്ഞെടുക്കട്ടെ എന്നതാണ്‌ ഇത്തരക്കാരുടെ മഹത്തായ ന്യായം.

അങ്ങനെയാണെങ്കിൽ മതവിദ്യാഭ്യാസത്തിൽ മാത്രമല്ല, സ്കൂൾ വിദ്യാഭ്യാസത്തിലും ഈ ന്യായം അവർ എഴുന്നള്ളിക്കണം.

അതായത്‌, കുട്ടികളെ നാലും അഞ്ചും വയസ്സിൽ സ്കൂളിലേക്ക്‌ അയക്കുന്നത്‌ അവരുടെ സമ്മതം നോക്കിയല്ലല്ലോ. ഇനി അവർ സമ്മതം നൽകിയാലും അവർ പ്രായപൂർത്തിയായി ബുദ്ധി ഉറച്ച് എടുത്ത തീരുമാനം അല്ലല്ലോ ആ സമ്മതം.

അപ്പോൾ ആ കുട്ടികളെ സ്കൂളിലേക്ക്‌ അയക്കുന്നത്‌ പാപമല്ലേ ?
വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റം അല്ലേ ?

കുട്ടികൾ പതിനെട്ട്‌ തികഞ്ഞ്‌ പ്രായപൂർത്തി ആയ ശേഷം സ്കൂളിൽ പോകണോ വേണ്ടയോ എന്നവർ തീരുമാനിക്കട്ടെ. എന്നിട്ട്‌ അവർക്ക്‌ ഇഷ്ടമുള്ള സ്കൂളുകൾ അവർ തിരഞ്ഞെടുക്കട്ടെ. അതല്ലാതെ രക്ഷിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച്‌ സ്കൂൾ തിരഞ്ഞെടുക്കുന്നത്‌ ഒക്കെ മനുഷ്യാവകാശ ധ്വംസനം ആണ്‌.

അബസ്വരം :
"പതിനെട്ട്‌ വയസ്സിനു മുൻപുള്ള മതപഠനത്തെ എതിർക്കുന്ന മഹത്തുക്കളേ, നിങ്ങടെ മക്കളെ പ്രായപൂർത്തി ആവാതെ സ്കൂളുകളിലേക്ക്‌ അയക്കുന്നത്‌ നിർത്തിവെച്ച ശേഷം വാ... മതപഠനത്തിന്റെ നെഞ്ചത്തോട്ട്‌ കയറാൻ !"

                                                                     1602
                                                                     ******
10.07.2017
"സാനിറ്ററി നാപ്‌കിന്‌ ജി എസ്‌ ടിയിൽ ആഢംഭര നികുതി ഏർപ്പെടുത്തി." - വാർത്ത

"സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കരുത്‌." - ബിജെപി വക്താവ് മാളവിക അവിനാഷ്

അബസ്വരം :
അങ്ങനെ ഭക്ഷണത്തിന്‌ ശേഷം സംഘികൾ ആർത്തവ രക്തത്തിൽ വരെ കയ്യിട്ട്‌ നക്കി.

ഇനി "തുണിവസ്ത്രങ്ങൾ പാടില്ല, ഇലകളും, മരവുരിയും, മെതിയടിയും ഒക്കെ ധരിക്കണം" എന്ന സംഘി പ്രഖ്യാപനം കൂടി ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

എന്തായാലും ഇനി ആർത്തവ സമയങ്ങളിൽ കെട്ട്യോൾമാർക്കൊക്കെ മ്മളെ ഒരു ആക്കിയ ആഢംബര നോട്ടം ഉണ്ടാകും... അതാലോചിക്കുമ്പോഴാ...!

                                                                     1603
                                                                     ******
10.07.2017
"പ്രമുഖ നടി" പീഡന വിഷയത്തിൽ ദിലീപ്‌ അറസ്റ്റിലാവുമ്പോൾ തെളിഞ്ഞ്‌ വരുന്നത്‌ സിനിമാ ലോകത്തെ മാഫിയാ വൽക്കരണം തന്നെയാണ്‌.

പീഡനം നടന്നപ്പോൾ ഞാനടക്കം പലരും സിനിമാ ലോകത്തെ ഇത്തരം മാഫിയകളെ പറ്റിയും, സമൂഹത്തെ വഴി തെറ്റിക്കുന്നതിൽ സിനിമാ ലോകത്തിനുള്ള ഉള്ള പങ്കിനെ പറ്റിയും പറഞ്ഞിരുന്നു.

എന്നാൽ സിനിമാ ലോകത്ത്‌ ഉള്ളവരും, സിനിമാ ലോകത്തെ ആരാധിക്കുന്നവരും അതിനെ അംഗീകരിച്ചിരുന്നില്ല. ഒരു സിനിമാ നടിക്ക്‌ നേരെ ഒരു സാധാരണ വ്യക്തി നടത്തിയ അക്രമം ആയിട്ടാണ്‌ അവർ ഇതിനെ കണ്ടത്‌. മാത്രമല്ല, സിനിമാ ലോകത്തെ പ്രതിസ്ഥാനത്ത്‌ നിർത്തിയവരെ മുഴുവൻ സ്ത്രീ വിരുദ്ധരും, പീഡന പ്രോത്സാഹികളും, പീഡന വീരന്മാരും ആയി ചിത്രീകരിക്കാൻ ആണ്‌ അക്കൂട്ടർ ശ്രമിച്ചത്‌.

എന്തായാലും ഇപ്പോഴെങ്കിലും അവർക്ക്‌ നേരം വെളുത്തിട്ടുണ്ടോ എന്ന് അവർ ചിന്തിക്കേണ്ടതാണ്‌.

ഒരിക്കൽ കൂടി പറയട്ടെ. പണത്തിനു വേണ്ടി നാണവും, മാനവും, ശരീരവും വിൽപ്പനചരക്ക്‌ ആക്കുന്നതിന്‌ മുൻപ്‌ സിനിമാ പ്രവർത്തകർ ചിന്തിക്കണം. തങ്ങളുടെ പ്രവർത്തികൾ സമൂഹത്തിൽ ഉണ്ടാക്കുന്ന നെഗറ്റീവ്‌ ആയ സ്വാധീനങ്ങളെ കുറിച്ച്‌ കൃത്യമായ ബോധം ഉണ്ടായിരിക്കണം. ഉടുതുണി പരസ്യമായി സ്വയം ഉരിഞ്ഞാൽ മഹത്വരവും, നാട്ടുകാർ ഉരിഞ്ഞാൽ മോശവും ആയി മാറുന്നില്ല. ഉടുതുണി എങ്ങനെ ഉരിഞ്ഞ്‌ പ്രദർശനം നടത്തിയാലും അത്‌ അശ്ലീലതയും, സാമൂഹ്യ അധ:പതനവും തന്നെയാണ്‌.

നഗ്നത പ്രദർശിപ്പിക്കാതേയും, ഉടുതുണി ഉരിയാതേയും കഥകൾ സിനിമകളാക്കാം എന്നവർ തിരിച്ചറിയണം.

അബസ്വരം :
ഈ കേസിലെ പ്രതികളെ കണ്ടെത്താൻ പ്രയത്നിച്ച കേരളാ പോലീസിനു അഭിനന്ദനങ്ങൾ നേരുന്നതിനോടൊപ്പം, പീഡനത്തേക്കാൾ വലിയ കുറ്റകൃത്യമാണ്‌ കൊലപാതകം എന്നും, ഫൈസൽ, റിയാസ്‌ മൗലവി തുടങ്ങിയ നിരവധി കൊലപാതകങ്ങളിൽ ഈ ശുഷ്ക്കാന്തി കേരളാ പോലീസിന്‌ ഉണ്ടായോ എന്ന് ചിന്തിക്കണം എന്നും ഓർമ്മപ്പെടുത്തുന്നു.

                                                                     1604
                                                                     ******
11.07.2017
"എന്നാലും മഞ്ജു വല്ലാത്ത സാധനാ ഇക്കാ..."

"ന്ത്യേടീ ഇപ്പൊ അങ്ങനെ തോന്നാൻ ?"

"അല്ലേയ്‌... ദിലീപിനെ കുടുക്കാൻ ഓളൊക്കല്ലെ മുന്നിൽ... മറ്റോൾക്ക്‌ ഓളെ പണിയെടുത്ത്‌ ഇരുന്നാ പോരായിരുന്നോ ? ബെർതെ കാവ്യനെ പറ്റിയൊക്കെ മഞ്ജൂന്നോട്‌ പറഞ്ഞ്‌ കൊടുത്ത്‌ കുടുംബം കലക്കേണ്ട ആവശ്യം ണ്ടോ ?"

"ഓൻ ദുൽമ്‌ കാട്ടീട്ടല്ലേ ?"

"ന്നാലും ഓളെ കുട്ടിടെ അഛനല്ലേ ദിലീപ്‌."

"ന്നാ മ്മള്‌ ഒരു കാര്യം ചോയ്ക്കട്ടെ... മ്മൾ വേറെ ഒരു പെണ്ണിന്റെ പിന്നാലെ പോണ്‌ണ്ട്‌ ന്ന റിഞ്ഞാ അനക്ക്‌ കൊഴപ്പം ഒന്നുണ്ടാവൂലല്ലോ..."

"ന്നാ ഞാന്‌ ങ്ങളെ കൊല്ലും."

"അന്റെ കുട്ടിടെ വാപ്പല്ലെടീ ഞാൻ ?"

"അതോണ്ട്‌... ഇങ്ങള്‌ വേറെ പെണ്ണിന്റെ പിന്നാലെ പോയാ ഞാൻ മുണ്ടാണ്ടിരിക്കണോ? ഞാൻ ഇങ്ങളെ തല്ലിക്കൊല്ലും ഒറപ്പാ..."

"അപ്പൊ മഞ്ജു ചെയ്തതിൽ എന്താടീ തെറ്റ്‌ ? ഇജ്ജ്‌ ഇരട്ടത്താപ്പ്‌ പറയല്ലേ !"

"അത്‌ ഇപ്പൊ മഞ്ജൂന്റിം ദിലീപിന്റെം ഒക്കെ കാര്യാവുമ്പൊ മ്മക്ക്‌ അഭിപ്രായം പറഞ്ഞാ മതിയല്ലോ... അല്ലാതെ മ്മളെ ബാധിക്കൂലല്ലോ..."

"അത്‌ ശരി... കൊള്ളാലോ ഇജ്ജ്‌..."

"അല്ല ഇക്കാ... ഒരു കാര്യം ചോയ്ക്കട്ടെ... ഇക്കാ ഇങ്ങള്‌ വേറെ വല്ല പെണ്ണ്‌ങ്ങൾടെ ഒപ്പോം പോക്വോ ?"

"അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ ? ഒരു കെണറ്റിൽ വീണവൻ വേറെ കെണറ്റിലേക്ക്‌ ചാട്വോ ?"

"അല്ല.. ഒന്നും ല്യാ... ന്നാലും ചോയ്ച്ചതാ... ഇങ്ങക്ക്‌ ഇന്നോട്‌ സ്നേഹം ണ്ടെങ്കി ഒരു കാര്യം ചെയ്യിം.."

"എന്ത്‌ കാര്യം ?"

"ഇക്കൊരു ചുരിദാർ വാങ്ങിച്ചെരിം..."

അബസ്വരം :
മഞ്ജൂനിം ദിലീപിനിം ഒക്കെ കൂട്ട്‌ പിടിച്ച്‌ ഓള്‌ അടിച്ചൊരു ഗോളേയ്‌ !

                                                                     1605
                                                                     ******
11.07.2017
ദിലീപ്‌ ജയിൽ കഴിച്ചത്‌ ആനമുട്ട പുഴുങ്ങിയതാണോ, മുതലക്കുട്ടിയെ പൊരിച്ചതാണോ എന്നതൊന്നും അല്ല ജനങ്ങൾക്ക്‌ അറിയേണ്ടത്‌ മാധ്യമങ്ങളേ ! അവൻ ജയിലിൽ എന്ത്‌ കഴിച്ചാലും, ഒന്നും കഴിച്ചില്ലെങ്കിലും നാട്ടുകാർക്ക്‌ അതൊരു വിഷയമേ അല്ല.

ആ സമയം പ്രധാനപ്പെട്ട മറ്റു വാർത്തകൾക്ക്‌ വേണ്ടി ഉപയോഗിക്കൂ...

കള്ളനോട്ടടി, ഫൈസൽ റിയാസുമാരുടെ കൊലപാതകങ്ങൾ, പശു കൊലപാതകങ്ങൾ തുടങ്ങി എത്ര എത്ര വാർത്തകൾ മണ്ണിന്നടിയിലേക്ക്‌ പോയിക്കൊണ്ടിരിക്കുന്നു....
അവയൊക്കെ ഒന്നെടുത്ത്‌ എയർ ചെയ്യൂ...

അബസ്വരം :
ഓന്റെ പള്ള, ഓന്റെ തൊള്ള. നല്ലം പയ്ച്ച്‌ ചിറിൾച്ചുമ്പൊ ഓൻ വാണെങ്കി നക്കിക്കോളും. അതിനെ കുറിച്ചൊന്നും ഇങ്ങൾ ബേജാറാവണ്ട.

                                                                     1606
                                                                     ******
11.07.2017
"ഇസ്ലാമിക്ക്‌ സ്റ്റേറ്റ്‌" എന്നറിയപ്പെടുന്ന "ഇസ്രായേൽ സ്റ്റേറ്റ്‌" എന്ന സംഘടനയുടെ തലവൻ അബൂബക്കർ അൽ ബാഗ്‌ദാദി കൊല്ലപ്പെട്ടെന്ന് ഐ എസ്‌ സ്ഥിരീകരിച്ചു.

അബസ്വരം :
ഇസ്രായേലിനും അമേരിക്കക്കും ഉണ്ടായ ഈ തീരാനഷ്ടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മുസ്ലിം ലോകത്തിന്റെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

                                                                     1607
                                                                     ******
12.07.2017
"കുറ്റവാളികൾ എത്ര വലിയവനായാലും ശിക്ഷിക്കപ്പെടും." - പിണറായി വിജയൻ

അബസ്വരം :
ഇത്‌ കേട്ട്‌ അങ്ങകലെ ഒരു ലാവലിൻ പൊട്ടി ചിരിക്കുകയായിരുന്നു സൂർത്തുക്കളേ, പൊട്ടി ചിരിക്കുകയായിരുന്നു !

                                                                     1608
                                                                     ******
12.07.2017
വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനും, സമൂഹത്തിൽ സ്പർധ വളർത്തിയത്തിനും ബംഗാൾ ബിജെപി ഐടി സെൽ സെക്രട്ടറി തരുൺ സെൻഗുപ്തയെ മമതാ പോലീസ് അറസ്റ്റ് ചെയ്തു.

അബസ്വരം :
ഇരട്ടൻ ചങ്കൻ പിണറായി വിജയനും, കുട്ടി സഖാക്കളും കേൾക്കുന്നുണ്ടല്ലോ അല്ലേ ?

                                                                     1609
                                                                     ******
12.07.2017
ദിലീപ്‌ ജയിൽ തൂറിയ കണ്ടികളുടെ എണ്ണവും, തൂക്കവും വല്ല ചാനലും പുറത്ത്‌ വിട്ടോ മക്കളേ ?

അത്‌ കൂടി അറിഞ്ഞിട്ട്‌ വേണം കേരള ജനതക്ക്‌ ഒന്ന് ആശ്വാസത്തോടെ ഉറങ്ങാൻ !

അബസ്വരം :
ബോബി ചെമ്മണ്ണൂരിന്‌ എതിരേയുള്ള വാർത്തകൾ മുക്കിയതും, മായം കലർന്ന ഭക്ഷണം നൽകുന്ന ഹോട്ടലുകളേയും, മസാലപ്പൊടികളേയും "പ്രമുഖ" എന്ന് വിളിച്ചൊതുക്കിയതും ഈ ലൈവന്മാർ തന്നെയല്യോ ?
കോപ്പിലെ ഒരുപാട്‌ ലൈവന്മാർ !

                                                                     1610
                                                                     ******
13.07.2017
ഒരു പ്രവചനം നടത്തട്ടെ !

ദിലീപിന്റെ കേസ്‌ കോടതിയിൽ പൊളിയും. അല്ലെങ്കിൽ പൊളിക്കും.

കാരണം മറ്റൊന്നും അല്ല. ദിലീപിന്‌ ശിക്ഷ ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ, സിനിമാ ലോകത്തെ പല കുറ്റകൃത്യങ്ങളും, സാമ്പത്തിക തട്ടിപ്പുകളും പുറത്തേക്ക്‌ വരും. അത്‌ മറ്റു പല നടന്മാരേയും, ഒരു പക്ഷേ രാഷ്ട്രീയ നേതാക്കളേയും ബാധിക്കും.

അതുകൊണ്ട്‌ തന്നെ പൾസർ സുനിയോ മറ്റോ കോടതിയിൽ വെച്ച്‌ മൊഴി മാറ്റിയാൽ അത്ഭുതപ്പെടേണ്ടതില്ല. ഒരു പക്ഷേ ഇരയായ നടിയെ വരെ ബ്രെയിൻ വാഷ്‌ ചെയ്യാനും, അവരുടെ നിലപാടുകൾ മാറ്റിക്കാനും സിനിമാ ലോകത്തിന്‌ കഴിഞ്ഞേക്കും.

"ഫയർ ഫോഴ്സിന്റെ" സഹായത്തോടെ "അഗ്നിശുദ്ധി" വരുത്തി വരുന്ന ദിലീപിനെ സ്വീകരിക്കാൻ അമ്മ മുന്നിൽ തന്നെ ഉണ്ടാവും. ചാനലുകളിൽ ദിലീപിന്റെ നിരപരാധിത്വത്തെ കുറിച്ചും, ഇരയാക്കപ്പെട്ടതിനെ കുറിച്ചും ഘോരഘോരം ചർച്ചകൾ നടക്കും.

വീണ്ടും "ജനപ്രിയ നായകൻ" എന്ന ടൈറ്റിൽ സിനിമാ കോട്ടകളിൽ പ്രദർശിപ്പിക്കപ്പെടും. ആളുകൾ വീണ്ടും അത്‌ കാണാൻ ടിക്കെറ്റെടുക്കാൻ ക്യൂ നിൽക്കുകയും ചെയ്യും.

അബസ്വരം :
ഇത്‌ ഇന്ത്യയും, ഇന്ത്യൻ നിയമ വ്യവസ്ഥയും ആണ്‌ മക്കളേ. അഭയ കേസിലെ നാർക്കോ അനാലിസിസ്‌ റദ്ദാക്കാൻ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്‌ വരെ കോടികൾ വീശിയിട്ടുണ്ട്‌ എന്ന ആരോപണം നില നിൽക്കുന്ന ഇന്ത്യൻ നിയമവ്യവസ്ഥ. "പശു ഓക്സിജൻ ശ്വസിച്ച്‌ ഓക്സിജൻ പുറത്ത്‌ വിടും" എന്നും "പശുവിന്റെ ഡി എൻ എ മനുഷ്യന്റേതിനോട്‌ യോജിച്ചതാണ്‌" എന്നും പറയുന്ന ഹൈക്കോടതി ജഡ്ജിമാരുള്ള ഇന്ത്യൻ നിയമവ്യവസ്ഥ.

                                                                     1611
                                                                     ******
13.07.2017
"കോഴി എന്താ വില ?"

"കിലോ 120"

"ജീവനുള്ളതിനോ ?"

"അതെ. ഒരണ്ണം എട്ക്കല്ലേ ?"

"തോമസ്‌ ഐസക്ക്‌ മന്ത്രി കിലോ 87 രൂപക്ക്‌ കോഴി വിൽക്കണം എന്നല്ലേ പറഞ്ഞത്‌? എന്നിട്ട്‌ നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ ശരിയാവുമോ ? മന്ത്രിടെ വാക്കിന്‌ ഒരു വിലയും ഇല്ലേ ?"

"കിലോ 87 രൂപക്ക്‌ മ്മളും സാധനം തരാം. ന്നാ കോഴി മാത്രം ആവൂലാ... പേര്‌ ഇച്ചിരി നീളും."

"അതെന്താ ?"

"കോഴിക്കാട്ടം !"

അബസ്വരം :
കോഴിക്കാട്ടത്തിലും കോഴിയുണ്ടല്ലോല്ലേ !

                                                                     1612
                                                                     ******
14.07.2017
അതേ മക്കളേ, അങ്ങനെയായിരുന്നു ദിലീപ്‌...!

രണ്ടാം ലോക മഹായുദ്ധത്തിൽ പരിക്കേറ്റവരെ സാന്ത്വനിപ്പിക്കാനും, അമേരിക്ക ജപ്പാനിൽ അണുബോംബ്‌ ഇട്ടപ്പോൾ ജപ്പാനികൾക്ക്‌ വീട്‌ വെച്ച്‌ നൽകാനും മുന്നിൽ ഉണ്ടായിരുന്നത്‌ ദിലീപ്‌ ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ഗാന്ധിജിക്ക്‌ ധൈര്യം നൽകിയത്‌ ദിലീപ്‌ ആയിരുന്നു. ഇന്ത്യാ - പാക്ക്‌ വിഭജനം ഉണ്ടായപ്പോൾ ഇന്ത്യയിലേക്ക്‌ പലായനം ചെയ്യുന്നവർക്ക്‌ അതിർത്തിയിൽ വെച്ച്‌ കുലുക്കി സർബത്ത്‌ നൽകി അവരുടെ ദാഹവും ക്ഷീണവും മാറ്റിയത്‌ ദിലീപ്‌ ആയിരുന്നു. ഇന്ത്യാ - ചൈനാ യുദ്ധം ഉണ്ടായപ്പോൾ 523 ചൈനീസ്‌ ഭടന്മാരെയാണ്‌ ദിലീപ്‌ വെടിവെച്ചിട്ടത്‌. രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാഹുലിനും പ്രിയങ്കക്കും ഐസ്ക്രീം വാങ്ങി നൽകി അവരുടെ ദു:ഖം മാറ്റിയതും നമ്മുടെ ജനപ്രിയനായിരുന്നു. ബാബ്‌റി മസ്ജിദ്‌ തകർക്കപ്പെട്ടപ്പോൾ രാജ്യത്ത്‌ സമാധാനമന്ത്രവുമായി ഓടി നടന്നതും ഈ മഹാൻ തന്നെ. കാർഗിലിൽ യുദ്ധം ഉണ്ടായപ്പോൾ ഇന്ത്യക്ക്‌ വേണ്ടി പാക്കിസ്താന്റെ സൈനിക രഹസ്യങ്ങൾ ചോർത്തി ഇന്ത്യയെ യുദ്ധത്തിൽ വിജയിപ്പിച്ചതും ദിലീപ്‌ തന്നെ. സുനാമി ഉണ്ടായപ്പോൾ കടലിൽ കുടുങ്ങിയ മുക്കുവരെ രക്ഷിക്കാൻ ബോട്ടെടുത്ത്‌ പോയതും, അവരെ രക്ഷിച്ചതും ദിലീപ്‌ ആയിരുന്നു. 2011 ൽ ലോകക്കപ്പ്‌ ക്രിക്കറ്റ്‌ കിരീടം നേടാൻ വേണ്ട ഉപദേശങ്ങളും, ആത്മധൈര്യവും ധോണിക്ക്‌ നൽകിയതും മറ്റാരുമല്ല.

ഇത്രയൊക്കെ രാജ്യത്തിനും സമൂഹത്തിനും വേണ്ടി ചെയ്ത ദിലീപ്‌ ഒരു നടിയെ ആക്രമിക്കാൻ കൊട്ടേഷൻ നൽകും എന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ട്‌ എങ്കിൽ നിങ്ങളുടെ മന:സാക്ഷിയോട്‌ സഹതാപം തോന്നുന്നു.

അബസ്വരം :
ദിലീപ്‌ ഫാൻസ്‌ അസോസിയേഷനും, ആരാധകർക്കും വേണ്ടി തയ്യാറാക്കിയത്‌. ഇഷ്ടപ്പെട്ടെങ്കിൽ ലേലം വിളിച്ച്‌ കൂലി തുക ഉറപ്പിക്കുക.

                                                                     1613
                                                                     ******
14.07.2017
"മറ്റുള്ളവരുടെ വീഴ്ചകൾ ആഘോഷിക്കുക എന്നത് ഒരു മനോ:ദൗർബല്യം ആണ്. വലിയവൻ വീഴുമ്പോൾ വലിയ രീതിയിൽ, ചെറിയവൻ വീഴുമ്പോൾ ചെറിയരീതിയിൽ. ഈ ആഘോഷിക്കുന്ന നമ്മൾ എന്ന് വീഴും, എങ്ങനെ വീഴും എന്നാര്‌ കണ്ടു ? നമ്മളിൽ ആരാണ് 100% നല്ലവർ ? എല്ലാവരിലും തെറ്റും ശരിയും ഉണ്ട്. അത് തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കാനുള്ള വിവേകം നഷ്ടമാകുമ്പോൾ ആണ് നമ്മൾ വീണ്‌ പോകുന്നത്. നമ്മൾ ചെയ്ത ഒരു തെറ്റ് അത് മനസ്സിലാക്കി അതേറ്റ്‌ പറഞ്ഞ്‌ നമ്മൾ എത്ര നന്നായാലും വീണ്ടും ക്രൂശിക്കപ്പെടുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതും. ഇവിടെ എല്ലാവരും എല്ലാം ആഘോഷിക്കും." - ന്യൂജെൻ ദിലീപ്‌ ന്യായീകരണ തൊഴിലാളികളുടെ പ്രസ്താവന

പറച്ചിൽ കേട്ടാൽ തോന്നും "ദിലീപ്‌ നടക്കുമ്പോൾ വഴുക്കി വീണതാണ്‌" ആളുകൾ ആഘോഷിക്കുന്നത്‌ എന്ന്.

വീഴുന്നത്‌ വലിയവൻ ആയതുകൊണ്ട്‌ ആഘോഷിക്കാൻ പാടില്ല എന്നില്ലല്ലോ !
അതും സ്വയം കുഴിച്ച കുഴിയിൽ ആകുമ്പോൾ !

ഇവിടെ അബദ്ധത്തിൽ ഉള്ള ഒരു വീഴ്ചയോ, "വാഹനത്തിന്റെ മുന്നിൽ ആൾ ചാടിയപ്പോൾ ബ്രൈക്ക്‌ പെട്ടന്ന് ചവിട്ടാൻ പറ്റാത്തത്‌ കൊണ്ട്‌ വണ്ടി കയറി ഒരാൾക്ക്‌ പരിക്ക്‌ പറ്റി" എന്നതോ അല്ല കേസ്‌.

മനുഷ്യരിൽ അബദ്ധത്തിൽ പറ്റുന്ന തെറ്റുകളും, മന:പൂർവ്വം ഒരാളെ ആക്രമിക്കുന്നതും തമ്മിൽ കുഴിയാനയും, ആനയും തമ്മിൽ ഉള്ള വ്യത്യാസം ഉണ്ട്‌. അത്‌ സാമാന്യ ബോധം ഉണ്ടെങ്കിൽ തിരിച്ചറിയാൻ കഴിയും. അതില്ലെങ്കിൽ എത്ര പറഞ്ഞാലും മനസ്സിലാവുകയും ഇല്ല.

അതുപോലെ തനിക്ക്‌ അബദ്ധം പറ്റിയത്‌ ആണെങ്കിൽ അത്‌ ദിലീപ്‌ സ്വയം ഏറ്റ്‌ പറഞ്ഞതാണോ ? അല്ലല്ലോ !

തെളിവുകൾ എല്ലാം എതിരായപ്പോൾ കുടുങ്ങിയതല്ലേ ?

അല്ലാതെ പീഡനം നടന്ന അടുത്ത ദിവസം "ഞാൻ ആണ്‌ അത്‌ ചെയ്യിച്ചത്‌, അബദ്ധം പറ്റിയതാണ്‌, ക്ഷമിക്കണം" എന്ന് ദിലീപ്‌ പത്രസമ്മേളനം നടത്തി പറഞ്ഞതൊന്നും അല്ലല്ലോ ! ആണോ ?

അബസ്വരം :
ഇത്തരം ഒരു തെറ്റ്‌ നമ്മൾ ചെയ്താലും സമൂഹം അത്‌ പറയും. അത്‌ പറയണം. അങ്ങനെയുള്ള പറയലുകളെ ഭയപ്പെടുന്നവൻ അതുകൊണ്ട്‌ തന്നെ ഇത്തരം ചെറ്റത്തരങ്ങൾ ചെയ്യാൻ ശ്രമിക്കുകയില്ല.

                                                                     1614
                                                                     ******
15.07.2017
"താന്‍ ചെയ്തത്‌ അഭിനയമാണ്. അല്ലാതെ ബ്ലൂഫിലിമായിരുന്നില്ല. അന്ന് എനിക്കൊപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ്. അവരുടെ കൂടെയാണ് ബെഡ് റൂം സീനൊക്കെ ചെയ്തത്. എനിക്ക് വന്ന റോളുകള്‍ ഞാന്‍ ചെയ്തു. അത് ഭാവിയില്‍ അത്ര വലിയ പ്രശ്നമാകുമെന്ന് ആലോചിച്ചിരുന്നില്ല." - ഷക്കീല

അബസ്വരം :
ഇങ്ങനെത്തെ വല്ല്യച്ഛന്മാരുടെ മക്കളാവാനും മാണം ഒരു യോഗം !

                                                                     1615
                                                                     ******
15.07.2017
ഇന്ന് രാവിലെ മുതൽ നല്ല പനി.

അബസ്വരം :
ദിലീപ്‌ മുട്ടയിൽ വല്ല പണിയും ചെയ്തോ ആവോ ?

                                                                     1616
                                                                     ******
16.07.2017
വല്ല ചെറുപ്പക്കാരും മരണപ്പെട്ടാൽ അപ്പോൾ പറയുന്ന ഒരു ഡയലോഗ്‌ ആണ്‌ "നല്ലവരെ ദൈവം നേരത്തെ വിളിക്കും" എന്നത്‌.

ഇത്‌ വെറും ഒരു ഊളത്തരം അല്ലേ ?

"നല്ലവരെ ഞാൻ നേരത്തെ വിളിക്കും" എന്ന് ദൈവം എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ?

ദൈവം പറയാത്ത കാര്യം ദൈവത്തിൽ കെട്ടിവെക്കണോ ?

ഇതേ മാനദണ്ഡം വെച്ച്‌ നോക്കിയാൽ 70 വയസ്സിന്‌ മുകളിൽ പ്രായവുമായി ജീവിച്ചിരിക്കുന്നവർ എല്ലാം മോശക്കാരും, ദൈവത്തിന്‌ ഇഷ്ടമല്ലാത്തവരും ആണോ ?

അബസ്വരം :
ഒരോ മനുഷ്യനും ദൈവം ഭൂമിയിൽ അനുവദിച്ച ഒരു സമയം ഉണ്ട്‌. അത്‌ കഴിഞ്ഞാൽ അവൻ മരണപ്പെടും. അല്ലാതെ നല്ലവരാണോ, ചീത്തവരാണോ എന്നൊന്നും നോക്കിയല്ല ആയുസ്സ്‌ കണക്കാക്കപ്പെടുന്നത്‌.

                                                                     1617
                                                                     ******
16.07.2017
"ദിലീപിനെ കൂവുന്നത് തൊഴിലില്ലാത്ത സംസ്ക്കാര ശൂന്യരായ ചെറുപ്പക്കാർ. അവരെ ഓര്‍ത്ത് ദുഃഖിക്കുന്നു." - ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍

സ്ത്രീകളെ പീഡിപ്പിക്കാൻ കൊട്ടേഷൻ നൽകുന്നതാണ്‌ സാംസ്കാരികതയെങ്കിൽ, ആ പ്രതിക്ക്‌ വേണ്ടി വാദിക്കുന്നതാണ്‌ തൊഴിലിന്റെ മാനദണ്ഡം എങ്കിൽ, ആ സംസ്കാര ശൂന്യതാ പട്ടവും, തൊഴില്ലില്ലായ്മാ പട്ടവും സ്വീകരിക്കുന്നു അങ്ങുന്നേ !

ഒപ്പം താങ്കളുടെ സാംസ്കാരികതാ ബോധത്തേയും, തൊഴിൽ ബോധത്തേയും കുറിച്ച്‌ ലജ്ജിക്കുകയും ചെയ്യുന്നു.

അബസ്വരം :
കൂക്ക്‌ കൊള്ളേണ്ടിടത്ത്‌ കൊള്ളുന്നുണ്ട്‌. അതിനാൽ കൂക്കിപ്പൊളിക്കിനെടാ മക്കളേ...!

                                                                     1618
                                                                     ******
16.07.2017
നഴ്‌സിനെ ഇൻകം ടാക്സ്‌ ഡിപ്പാർട്ട്‌മെന്റ്‌ അറസ്റ്റ്‌ ചെയ്തു. തക്കാളിയും, ചെറിയ ഉള്ളിയും ഇട്ട്‌ ചിക്കൻക്കറി ഉണ്ടാക്കി കഴിച്ചു എന്നതിനാണ്‌ അറസ്റ്റ്‌.

അബസ്വരം :
വരുമാനത്തിൽ കവിഞ്ഞ്‌ ചിലവാക്കി എന്നും, മേൽപ്പറഞ്ഞ സാധനങ്ങൾ വാങ്ങാൻ ചിലവാക്കിയ പണത്തിന്റെ സോഴ്സ്‌ വ്യക്തമാക്കിയില്ല എന്നും എഫ്‌ ഐ ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

                                                                     1619
                                                                     ******
17.07.2017
കുഞ്ഞാലിക്കുട്ടി എം പി ആയി സത്യപ്രതിജ്ഞ്യ ചെയ്തതിനു ശേഷം, മോഡിയെ മൈൻഡ്‌ ചെയ്യാതെ നടന്ന് പോയിട്ടും എഴുന്നേറ്റ്‌ നിന്ന് കൈക്കൂപ്പി കുഞ്ഞാപ്പയെ ബഹുമാനിച്ച മോഡിയണ്ണന്‌ എത്ര ലൈക്ക്‌ സൂർത്തുക്കളേ ?

അബസ്വരം :
ബി ജെ പി വിരുദ്ധ സഖ്യത്തിനു ശക്തിപകരാൻ കുഞ്ഞാലിക്കുട്ടിക്ക്‌ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

                                                                     1620
                                                                     ******
17.07.2017
95 ഉം 98 ഉം വിജയശതമാനം ഉള്ള ഈ കാലത്ത്‌, "അയാം പാസ്ഡ്‌ എവേ" കൾ വരെ എസ്‌ എസ്‌ എൽ സിയും, പ്ലസ്ടുവും മികച്ച രീതിയിൽ പാസാകുന്ന മൂല്യ നിർണ്ണയം നടക്കുന്ന ഇന്നുകളിൽ, 79 ശതമാനം മാർക്ക്‌ എന്നത്‌ "വള്ളിക്കൊട്ടയിൽ കൊള്ളുന്നതിലും അധികമാണ്‌" എന്ന തെറ്റിദ്ധാരണയുമായി നടക്കുന്നു എന്നത്‌ തന്നെ ലവന്റെ വിദ്യ അഭ്യാസ നിലവാരം വ്യക്തമാക്കുന്നു.

ആ ഊളത്തരം ഒക്കെ ഏറ്റ്‌ പാടാനും ഒരുപാട്‌ വിദ്യാസം പന്നർ ഉണ്ടല്ലോ എന്നാലോചിക്കുമ്പോൾ ഹെയറാഞ്ചകം തോന്നുന്നു !

അബസ്വരം :
കൃഷി ചെയ്യുമ്പോൾ എങ്കിലും പത്ത്‌ തെങ്ങിൽ നിന്നും ഒരോ മാസവും ആയിരം തേങ്ങകൾ കിട്ടില്ല എന്ന് ആദ്യമേ മനസ്സിലാക്കൂ ലിജോ ! അല്ലെങ്കിൽ "തെങ്ങുകളും സംവരണാടിസ്ഥാനത്തിലാണ്‌ തേങ്ങ നൽകുന്നത്‌" പറഞ്ഞ്‌ പോസ്റ്റ്‌ ചാമ്പേണ്ടി വരും.

                                                                     1621
                                                                     ******
18.07.2017
ഈ കെ എസ്‌ ഇ ബി കാരുടെ ഒരു സ്നേഹം. 390 വോൾട്ട്‌ ആണ്‌ മ്മക്ക്‌ ഇന്ന് തരുന്നത്‌.

അബസ്വരം :
എന്തൊരു മഹാമനസ്കത !

                                                                     1622
                                                                     ******
20.07.2017
"രാം നാഥ്‌ കോവിന്ദ്‌ രാഷ്ട്രപതി." - വാർത്ത

പാർലിമെന്റിലെ ചാണകത്തോടൊപ്പം നിൽക്കാൻ ഇനി രാഷ്ട്രപതി ഭവനിൽ ഗോമൂത്രവും !

അബസ്വരം :
കോവിന്ദിന്‌ വോട്ട്‌ ചെയ്ത എൻ ഡി എ ഇതര ജനപ്രതിനിധികളോട്‌ - "ഇതിലും നല്ലത്‌ സെപ്റ്റിക്ക്‌ ടാങ്ക്‌ നിക്ഷേപം നക്കി തിന്നുന്നതല്ലേ നാറികളേ ?"

                                                                     1623
                                                                     ******
21.07.2017
ബി ജെ പിക്കാർ ആർഷ ഭാരത സംസ്ക്കാരത്തിന്റെ ഭാഗമായ "ദക്ഷിണ" വാങ്ങുന്നത്‌ തെറ്റൊന്നും അല്ല. മാത്രമല്ല കുരുത്തവും, പൊരുത്തവും ഉണ്ടാവാൻ ദക്ഷിണ അത്യാവശ്യമാണ്‌ താനും.

വസ്തുതകൾ ഇങ്ങനെയാണെന്നിരിക്കേ മെഡിക്കൽ കോളേജുകൾക്ക്‌ അനുമതി നൽകാനായി സംഘികൾ ദക്ഷിണ വാങ്ങിയതിനെ "കൈക്കൂലി", "കോഴ" എന്നൊക്കെ വിളിച്ച്‌ വിമർശിക്കരുത്‌.

അബസ്വരം :
രാജ്യത്ത്‌ ദക്ഷിണ വാങ്ങുന്നതും, നൽകുന്നതും കുറ്റകൃത്യമായി പ്രഖ്യാപിച്ചിട്ടും ഇല്ല ഹമുക്കുകളേ !

                                                                     1624
                                                                     ******
22.07.2017
സുഡാപ്പികൾ ഇനി വല്ലവരുടേയും തല വെട്ട്യാൽ പോലും, കജ്ജ്‌ വെട്ട്‌ ഓല്‌ ചെജ്ജൂല. കാരണം ഒരു കജ്ജ്‌ വെട്ടുകൊണ്ട്‌ ഓൽ സുയിപ്പായത്‌ ഓൽക്കെ അറിയൂ.
അതോണ്ട്‌ തന്നെ "കജ്ജ്‌ വെട്ടും" എന്ന് പറഞ്ഞ്‌ ബല്ലോരും എഴുത്ത്‌ കുത്ത്‌ നടത്ത്യാ ഒന്ന് ഒറപ്പിച്ചോ - "അത്‌ ഒരു സുഡാപ്പി എഴുത്യേതല്ല" എന്ന് !

അബസ്വരം :
ന്നാലും ന്റെ സംഘ്യോളേ...
നിങ്ങ അയക്ക്‌ണ കത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള അണ്ട്യൊറപ്പ്‌ എങ്കിലും കാണിക്കെടോ !

                                                                     1625
                                                                     ******
 23.07.2017
"പത്തു ദിവസം തുടര്‍ച്ചയായി യുദ്ധം ചെയ്താല്‍ ഇന്ത്യയുടെ ആയുധങ്ങള്‍ തീരുമെന്ന് സിഎജി." - വാർത്ത

അബസ്വരം :
അതിനെന്തിനാ ഇത്ര ബേജാർ ?

ഒമ്പതീസം കൊണ്ട്‌ തന്നെ മ്മൾ യുദ്ധം ജയിക്കൂലേ ? മാത്രമല്ല അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ പ്ലൂട്ടോണിയം ഉള്ള ചാണകം ധാരാളം സ്റ്റോക്കുണ്ടല്ലോ ! അപ്പൊ പിന്നെ എന്തിനാ പത്താമത്തീസത്തെ ആയുധത്തെ പറ്റി ബേജാറാവ്‌ണ്‌ കോയാ ?

                                                                     1626
                                                                     ******
23.07.2017
ശ്രീശാന്തിന്റെ പടം പൊട്ടിയതിന്‌ ശ്രീശാന്തിനെ പറഞ്ഞിട്ട്‌ കാര്യമില്ല നിർമ്മാതാവായ രാജ്‌ സക്കറിയാ...!

"ശ്രീശാന്തിനെ ഒക്കെ വെച്ച്‌ പടം ചെയ്താൽ എട്ട്‌ നിലയിൽ പൊട്ടും" എന്ന് തിരിച്ചറിയാനുള്ള സാധനം അങ്ങയുടെ തലക്കകത്ത്‌ ഇല്ലാതെ പോയതിന്‌ ശ്രീശാന്ത്‌ എന്ത്‌ പിഴച്ചു ?

അബസ്വരം :
സംഘികൾ എങ്കിലും ആ ചെക്കന്റെ പടം ഒന്ന് കണ്ട്‌ മുടക്കിയ മുതലെങ്കിലും ട്രൗസർ കീറിയ ആ നിർമ്മാതാവിന്‌ തിരിച്ച്‌ കിട്ടാനുള്ള പണിയെടുക്കണം. ഒന്നും ഇല്ലെങ്കിലും ലവൻ തിരോന്തരത്ത്‌ ഇങ്ങക്ക്‌ മാണ്ടി നേർച്ചക്കോഴി വരെ ആയതല്യോ ?

                                                                     1627
                                                                     ******
24.07.2017
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ, ഒരു പെൺകുട്ടിയെ കൂടി നാഥൻ ഞങ്ങൾക്ക്‌ തന്ന വിവരം സസന്തോഷം എല്ലാ പ്രിയരേയും അറിയിക്കുന്നു.

അബസ്വരം :
അൽഹംദുലില്ലാഹ്‌ !

                                                                     1628
                                                                     ******
25.07.2017
ഒരു പ്രസവ മുറിക്ക്‌ മുൻവശം...

മ്മടെ അടുത്ത്‌ ഇരിക്കുന്ന ഒരാൾ : "അല്ല ചെങ്ങായീ... എന്താ ഇത്‌ കഥ. ഇവട്‌ത്തെ പെണ്ണ്‌ങ്ങൾടെ തെരക്ക്‌ നോക്കിം... ഒക്കെ പെറാൻ നടക്വാ..."

മ്മൾ : "അതെന്നെ ന്നേ... ഇവർക്കൊന്നും വേറെ പണിയില്ലെന്നേ...അല്ലെങ്കി തന്നെ ജനസംഖ്യ പിടിച്ചാ കിട്ടാത്ത കോലത്തിലാ പെരുകുന്നത്‌..."

മൂപ്പർ : "ഹഹഹ... അതെന്നെ... ഇങ്ങൾ എന്താ ഇവിടെ ? പ്രസവക്കേസ്‌ ആണോ ?"

മ്മൾ : "ഏയ്‌ അല്ല... മ്മൾ ഒരാളെ കാത്തിരിക്യാ..."

മൂപ്പർ : "അത്‌ ശരി."

മ്മൾ : "ഇങ്ങളെന്താ ഇവിടെ ?"

"ന്റെ പെണ്ണ്‌ങ്ങൾ ഒന്ന് പെറണം എന്ന് പറഞ്ഞ്‌ അകത്തേക്ക്‌ പോയതാ...." കള്ളച്ചിരിയോടെ മൂപ്പർ ചാമ്പി

മ്മൾ മൂപ്പരെ ഒരു ആക്കിയ നോട്ടം നോക്കി.

"പെണ്ണ്‌ങ്ങളെ പള്ളേല്‌ ണ്ടാക്കി വിട്ടതും പോരാ, ലേബർ റൂമിന്റെ മുന്നിൽ വെച്ച്‌ ഓളേയും പെൺവർഗ്ഗത്തെ മൊത്തമായും പുഛിക്കുകയും ചെയ്യുന്ന കശ്‌മലൻ !" മ്മൾ മൂപ്പരെ കുറിച്ച്‌ മനസ്സിൽ കരുതി.

"അല്ല.. ഇങ്ങൾ ആരെയാ ഇബടെ കാത്തിരിക്കുന്നത്‌ ?" മ്മടെ ചിന്തക്ക്‌ വിരാമമിട്ട്‌ മൂപ്പർ ചോദിച്ചു.

"മ്മടെ രണ്ടാമത്തെ കുട്ടിയെ... കെട്ട്യോൾ അകത്ത്‌ സിസേറിയന്‌ പോയതാ..."

അബസ്വരം :
പിന്നെ രണ്ടാളും പരസ്പരം നോക്കി നന്നായി ഇളിച്ചു !

                                                                     1629
                                                                     ******
26.07.2017
ആറായിരം കിട്ടീലാ മോഡിയണ്ണോ...

അബസ്വരം :
അതും ഒരു തള്ളായിരുന്നല്യോ....!

                                                                     1630
                                                                     ******
27.07.2017
"ഇക്കാ കുട്ടിയെ എന്താ വിളിക്വാ ?"

"പേരൊക്കെ മ്മക്ക്‌ ആലോചിച്ച്‌ തീരുമാനിക്കാ..."

"അതല്ല, ഓമനപ്പേര്‌..."

"മ്മക്ക്‌ ബിക്കു ന്ന് വിളിക്കാ...."

"അത്‌ രസണ്ട്‌... അക്കും ബിക്കും..."

"അത്‌ മാത്രല്ലെടീ... വേറെ ഒരു കാര്യം ണ്ട്‌..."

"അതെന്താ ഇക്കാ...?"

"ഇൻഷാ അല്ലാഹ്‌.. ഇനിം കുട്ട്യോൾ ഉണ്ടാവുമ്പൊ ഓമനപ്പേരിടാൻ അത്‌ എളുപ്പാക്കും..."

"അതെങ്ങനെ ?"

"അതായത്‌ ആദ്യത്തെ കുട്ടി അക്കു, രണ്ടാമത്തെ ബിക്കു, ഇനി cക്കു, dക്കു, eക്കു, fക്കു, gക്കു, hക്കു.... അങ്ങനെ zക്കു വരെ ഈസ്യായി ഇടാം..."

അതും കേട്ട്‌ ഓളങ്ങനെ ബൾബായി കെടക്ക്വാ...!

അബസ്വരം :
ഇംഗ്ലീഷ്‌ അക്ഷരമാല പഠിച്ചേന്‌ വല്ല കാര്യും ണ്ടാവണമല്ലോ....

                                                                     1631
                                                                     ******
31.07.2017
കെട്ട്യോളുമായി ഹോസ്പിറ്റലിൽ നിൽക്കുമ്പോൾ കാഴ്ചക്കാരനാവേണ്ടി വന്ന ഒരു സംഭവം പറയാം...

എന്റെ കെട്ട്യോളുടെ സിസേറിയൻ നടക്കുന്ന ഏകദേശം അതേ സമയത്ത്‌ തന്നെ മറ്റൊരു സ്ത്രീയുടെ സിസേറിയൻ നടന്നു.

ആ സ്ത്രീയുടെ മൂന്നാമത്തെ സിസേറിയൻ ആയിരുന്നു അത്‌. ആദ്യത്തേത്‌ രണ്ടും ആൺ കുട്ടികൾ. ഇപ്പോൾ മൂന്നാമതും ആൺകുട്ടി.

സംഭവം അവളുടെ കെട്ട്യോൻ അറിഞ്ഞതോടെ അയാൾ കുട്ടിയെ കാണാതെ പോയി.

മ്മൾ മ്മടെ കാര്യത്തിന്റെ തിരക്കിൽ പെട്ടതിനാൽ ഇതിൽ നിന്നും മ്മടെ ശ്രദ്ധ തിരിഞ്ഞു.

ഇതിന്റെ തുടർഭാഗം കേൾക്കുന്നത്‌ മ്മടെ കെട്ട്യോൾ സർജ്ജറിയും, പോസ്റ്റ്‌ സർജ്ജറി ഐ സി യുവിലെ കിടത്തവും കഴിഞ്ഞ്‌ റൂമിൽ എത്തിയതോടെയാണ്‌.

അയാൾ ഇത്തവണ പെൺകുട്ടിയെ ആഗ്രഹിച്ചിരുന്നത്രേ ! എന്നാൽ ഇത്തവണയും ആൺകുട്ടി ആയത്‌ കൊണ്ട്‌ അയാൾക്ക്‌ കലി ഇളകി. അയാൾ കുട്ടിയെ കാണാനോ, സർജ്ജറി കഴിഞ്ഞ കെട്ട്യോളെ കാണാനോ കൂട്ടാക്കാതെ ഇറങ്ങി പോയി. ഈ വിവരം അറിഞ്ഞതോടെ അവൾ ഐ സി യു വിൽ വെച്ച്‌ കരച്ചിൽ തുടങ്ങി. പിന്നെ ഡോക്ടർ വന്ന് അവളെ ഇഞ്ചക്ഷൻ കൊടുത്ത്‌ മയക്കി കിടത്തുകയാണത്രേ ചെയ്തത്‌.

ഇജ്ജാതി ഐറ്റംസ്‌ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ടല്ലോ !

കൂട്ടി ആണോ പെണ്ണോ എന്നതിനേക്കാൾ, ആരോഗ്യം ഉള്ള, വൈകല്യങ്ങൾ ഒന്നും ഇല്ലാത്ത ഒരു കുട്ടിയെ കിട്ടണം എന്നല്ലേ നാം ആഗ്രഹിക്കേണ്ടത്‌ ?

അബസ്വരം :
എന്തായാലും ആൺകുട്ടി ആയത്‌ കൊണ്ട്‌ തന്റെ കുഞ്ഞിനെ കാണാതെ പോയ ആ മഹാനായ മനുഷ്യൻ ഈ പോസ്റ്റ്‌ കണ്ടാൽ ഒന്ന് ഹാജർ വെക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഒരു ചെറ്യേ പണിണ്ട്‌... അയ്‌നാ...

                                                                     1632
                                                                     ******
01.08.2017
പാചക വാതക സബ്‌സിഡിയോട്‌ "കടക്കെടാ പുറത്ത്‌..."

അബസ്വരം :
കേന്ദ്ര നാറിയും, കേരള നാറിയും കൂടി എന്തായാലും പൊളിക്കുന്നുണ്ട്‌.

                                                                     1633
                                                                     ******
01.08.2017
ജി എസ്‌ ടിയെ തോൽപ്പിക്കാൻ ഒരു വഴിയുണ്ട്‌....!

വിൽപ്പനക്ക്‌ ഉള്ള സാധനങ്ങൾ എല്ലാം ഇനി മുതൽ ഫ്രീ ആയിനൽകും എന്ന് നിർമ്മാതാക്കൾ / കച്ചവടക്കാർ ഒരു പ്രഖ്യാപനം നടത്തുക. എന്നിട്ട്‌ അവക്കെല്ലാം ഒരു സെക്യൂരിറ്റി ഡിപ്പോസിറ്റ്‌ വാങ്ങുക.

ഉദാഹരണത്തിന്‌ നികുതി ഒഴിവാക്കി 100 രൂപക്ക്‌ വിൽക്കാൻ കഴിയുന്ന ഒരു പാക്കറ്റ്‌ പാൽപ്പൊടിയുടെ കാര്യം എടുക്കാം.

"പാൽപ്പൊടി ഫ്രീ ആയി നൽകും" എന്ന് കമ്പനിയും, വിൽപ്പനക്കാരനും പറയുക.

കമ്പനി വിൽപ്പനക്കാരന്‌ പാൽപ്പൊടി സൗജന്യമായി നൽകുക. 80 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ്‌ എന്ന നിലയിൽ ചില്ലറക്കടക്കാരൻ കമ്പനിക്ക്‌ നൽകുക. മൂന്ന് വർഷം കഴിഞ്ഞാൽ ഇതേ സാധനം ഇതുപോലെ തിരിച്ച്‌ നൽകിയാൽ സെക്യൂരിറ്റി ഡിപ്പോസിറ്റ്‌ ആയ 80 രൂപ കമ്പനി തിരിച്ച്‌ നൽകും എന്നും പ്രഖ്യാപിക്കുക. കടക്കാരൻ ഈ പാൽപ്പൊടി 100 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ്‌ വാങ്ങി ഉപഭോക്താവിന്‌ നൽകുക.

മൂന്ന് വർഷത്തിനു ശേഷം, സാധനം തിരിച്ച്‌ നൽകിയാൽ സെക്യൂരിറ്റി ഡിപ്പോസിറ്റ്‌ തരാം എന്ന് കണ്ടീഷനും വെക്കുക.

സെക്യൂരിറ്റി ഡിപ്പോസിറ്റിനു ടാക്സ്‌ ഇല്ലാത്തത്‌ കൊണ്ട്‌ ജി എസ്‌ ടിയും മറ്റും ഒഴിവാകുകയും ചെയ്യും.

ഹോട്ടൽ, ഹോസ്പിറ്റൽ തുടങ്ങി എല്ലാ രംഗങ്ങളിലും ഇത്‌ ചെയ്യാവുന്നതാണ്‌.

അബസ്വരം :
അംബാനി അണ്ണന്‌ മാത്രമല്ലല്ലോ വക്ര ബുദ്ധി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം !

                                                                     1634
                                                                     ******
02.08.2017
"അല്ല... എന്നിട്ട്‌ മ്മാന്റെ പേര്‌ തന്നേണോ ഇട്‌ണത്‌ ഇക്കാ ?"

"അതെ. ഇമ്മാന്റെ പേരായ സഫിയ എന്നതിനോടൊപ്പം സൻബക്‌ എന്ന് കൂടി കൂട്ടി ഇടാം."

"അപ്പൊ സഫിയ സൻബക്‌ എന്നല്ലേ ?"

"ഹും അതേ ! ന്ത്യേ അനക്ക്‌ ഇഷ്ടായില്ലേ ?"

"ഇഷ്ടാവായി ഒന്നും ല്യാ... എന്താ അയ്ന്റെ അർത്ഥം ?"

"സഫിയ എന്ന് പറഞ്ഞാ പരിശുദ്ധ, സൻബക്‌ എന്ന് പറഞ്ഞാ മുല്ലപ്പൂവ്‌. അതായത്‌ പരിശുദ്ധയായ മുല്ലപ്പൂവ്‌ എന്ന് മാണെങ്കി പറയാം. ന്ത്യേ പറ്റൂലേ ?"

"ഹും..."

"ന്ത്യേടീ മൂളലിന്‌ ഒരു സുഖം ഇല്യല്ലോ ! മ്മാന്റെ പേർ ഇട്ടാ അനക്ക്‌ ഒരു സൗകര്യം കൂടിയുണ്ട്‌."

"അതെന്താ ?"

"അത്‌ അനക്ക്‌ അന്റെ അമ്മായിമ്മാനോട്‌ വല്ല കലിപ്പും തോന്ന്യാ 'എടി സഫിയാ ബടെ വാടീ, മുണ്ടാണ്ടിരിക്കെടീ' എന്നൊക്കെ പറയാലോ... കേക്ക്‌ണോർക്ക്‌ ഇജ്ജ്‌ കുട്ടിയെ വിളിച്ചതാണെന്നും തോന്നും. അനക്ക്‌ അമ്മായിമ്മാനെ പറഞ്ഞ സമാധാനോം കിട്ടും... ന്ത്യേ പറ്റൂലേ...??"

"ആ അത്‌ പറ്റും... ന്നാ ആ പേര്‌ തന്നെ മതി..."

അബസ്വരം :
ഇപ്പളാ ഓൾക്ക്‌ പേര്‌ തൃപ്തിയായത്‌...

                                                                     1635
                                                                     ******
03.08.2017
"പട്ടാളക്കാരുടെ സുരക്ഷയ്ക്കുള്ള ബങ്കറുകള്‍ പണിയാന്‍ പശുവിന്‍ ചാണകം ഉപയോഗിക്കാം." - ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

അബസ്വരം :
അപ്പൊ പട്ടാളക്കാരുടെ കാര്യവും തീരുമാനമായി. ഒരു വെടിയൊച്ച മാത്രമേ കേൾക്കൂ... പിന്നെ ഇത്തിരി പുകയും കാണാം.... അടുത്ത ദിവസം ഒരു ചൂലുകൊണ്ട്‌ ചെന്നാൽ പട്ടാളക്കാരെ അടിച്ചുവാരി എടുക്കാം !

ബോംബിനു പകരം ആകാശത്ത്‌ നിന്ന് ചാണകൊട്ട ചൊരിയാനുള്ള ഉത്തരവ്‌ കൂടി ഉടൻ പ്രതീക്ഷിക്കുന്നു !

                                                                     1636
                                                                     ******
04.08.2016
സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സീറ്റ്‌ വിഷയത്തിൽ സി പി എം ബംഗാൾ ഘടകവും, കേരള ഘടകവും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പുറത്ത്‌ വരുമ്പോൾ വെളിവാക്കപ്പെടുന്നത്‌ "മഹത്തായ" കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ കുത്തിത്തിരിപ്പിന്റേയും, ആപ്പടിയുടേയും മുഖം തന്നെയാണ്‌.

എന്തായാലും രാജ്യം മുഴുവനും ശക്തമായി നിലകൊള്ളുന്ന സി പി എമ്മിന്‌ ബംഗാൾ - കേരളാ ഘടകം തമ്മിൽ കാലുവാരൽ ഉണ്ടായാലും ഒന്നും സംഭവിക്കില്ല എന്നതാണ്‌ ഏക ആശ്വാസം !

കോൺഗ്രസ്സിലെ ഗ്രൂപ്പ്‌ കളികളെ പറ്റി അലക്കുന്ന കുട്ടി സഖാക്കൾക്കൊക്കെ സുഖം തന്നെയാണല്ലോ ല്ലേ ?

അബസ്വരം :
"മത്തി ഒന്ന് പോയാലെന്താ പട്ടിടെ സ്വഭാവം മനസ്സിലായില്ലേ ?" എന്ന് പറയുമ്പോലെ രാജ്യസഭാ സീറ്റ്‌ ഒന്ന് പോയാലെന്താ............

                                                                     1637
                                                                     ******
05.08.2017
രാഹുലിന്‌ സംഘികളിൽ നിന്ന് രണ്ട്‌ കൊണ്ടത്‌ ഒരു കണക്കിന്‌ നല്ലതാണ്‌. മറ്റുള്ളവർ അനുഭവിക്കുന്നതിന്റെ വേദന അറിയാൻ അത്‌ ഗുണം ചെയ്യും. ഇടക്കിടെ ഒഴിവ്‌ ദിനം ആഘോഷിക്കാൻ വിദേശത്തേക്ക്‌ പോയാലോ, മോഡിയുടെ അടുത്ത്‌ ചെന്ന് ചർച്ച ചെയ്താലോ അവസാനിക്കുന്നതല്ല ഇന്ത്യയുടെ പ്രശ്നങ്ങൾ എന്ന് രാഹുൽ മനസ്സിലാക്കണം.

സെഡ്‌ കാറ്റഗറി സുരക്ഷ ഉണ്ടായിട്ടും ഇങ്ങനെ ഏറ്‌ കിട്ടുമ്പോൾ, ഒരു സുരക്ഷയും ഇല്ലാത്തവന്റെ അവസ്ഥ എന്തായിരിക്കും എന്ന് രാഹുൽ ഗാന്ധി ചിന്തിക്കുന്നത്‌ നന്നായിരിക്കും.

കോൺഗ്രസ്സിനെ മര്യാദക്ക്‌ നയിക്കാൻ കഴിയും എങ്കിൽ അത്‌ ചെയ്യാനും, അതിന്‌ കഴിയില്ല എങ്കിൽ ഈ പണി അതിന്‌ കഴിയുന്നവരെ ഏൽപ്പിക്കാനും ഉള്ള വിവേകം ഈ ഏറിലൂടെ രാഹുലിന്‌ കിട്ടി എങ്കിൽ, തീർച്ചയായും ആ ഏറ്‌ എറിഞ്ഞ സംഘികൾ അഭിനന്ദനം അർഹിക്കുന്നു.

അബസ്വരം :
രണ്ട്‌ കിട്ടിയത്‌ കൊണ്ട്‌ മാത്രം നന്നായ ഒരുപാട്‌ പേർ നമുക്കിടയിൽ ഉണ്ടല്ലോ... രാഹുൽ ഗാന്ധിയും ആ ഗണത്തിലേക്ക്‌ ഉയരട്ടെ എന്ന് ആഗ്രഹിക്കുന്നു !

                                                                     1638
                                                                     ******
06.08.2017
എല്ലാ സംഘികൾക്കും, സഖാക്കൾക്കും പരസ്പര സ്നേഹത്തിന്റേയും, വിശ്വാസത്തിന്റേയും, അഡ്ജെസ്റ്റ്‌മന്റ്‌ കൊലപാതങ്ങളുടേയും സൗഹൃദദിനാശംസകൾ നേരുന്നു.

പിണറായി - മോഡി, കടകംപള്ളി - ഉള്ളി സുര, കൊടിയേരി - കുമ്മനം തുടങ്ങി മാതൃകാപരമായ സൗഹൃദങ്ങൾ ഇനിയും പൂത്തുലയട്ടെ എന്ന് ആശംസിക്കുന്നു.

അബസ്വരം :
സംഘികളും സഖാക്കളും സൗഹൃദത്തിന്റെ തേരിലേറി സംഘാക്കളായ പോലെ ഏവർക്കും സൗഹൃദത്തിന്റെ തേരിലേറാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

                                                                     1639
                                                                     ******
07.08.2017
മോൾക്ക്‌ വിറ്റാമിൻ ഡ്രോപ്സ്‌ കൊടുക്കുമ്പോൾ മോനും വന്ന് വായ പൊളിക്കും.

അപ്പോൾ അവന്റെ വായയിലും രണ്ട്‌ തുള്ളി ഉറ്റിച്ച്‌ കൊടുക്കുന്നത്‌ പതിവാണ്‌.

എന്നാൽ രണ്ട്‌ ദിവസമായി ഡ്രോപ്സിന്റെ കുപ്പിയിൽ അപ്രതീക്ഷിതമായ കുറവ്‌ കണ്ടു.

അലമാരയിൽ ഏറ്റവും മുകളിലെ കള്ളിയിൽ വെക്കുന്നതിനാൽ അക്കുവിന്‌ അത്‌ കിട്ടാനുള്ള ചാൻസ്‌ ഇല്ല. മാത്രമല്ല, വല്ല ഗുളികകളും മറ്റും കിട്ടിയാൽ അതൊക്കെ എനിക്ക്‌ അവൻ കൊണ്ട്‌ വന്നു തരുകയും ചെയ്യും. അതുകൊണ്ട്‌ തന്നെ അവനെ അക്കാര്യത്തിൽ ആദ്യ ദിവസം സംശയിച്ചില്ല.

എന്നാൽ ഇന്നലെ വെറുതെ അവനെ ഒന്ന് ചോദ്യം ചെയ്തു.
ലവൻ കുറ്റം ഒറ്റയടിക്ക്‌ ഏറ്റെടുത്തു.

എങ്കിലും എനിക്ക്‌ അവൻ അലമാരയിൽ നിന്ന് അതെടുക്കാൻ കഴിയുന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു.

"അക്കു എങ്ങനെയാ എടുത്ത്‌ ? കാണിച്ച്‌ താ..." എന്ന് ഞാൻ അവനോട്‌ പറഞ്ഞു.

അവൻ എന്റെ കയ്യും പിടിച്ച്‌ മുറിയിലേക്ക്‌ വന്നു. അലമാറ തുറന്നു. കസേര വലിച്ച്‌ അലമാരക്ക്‌ മുന്നിൽ ഇട്ടു. അതിൽ കയറി, അലമാരയുടെ പലകകളിൽ തൂങ്ങി കുപ്പി എടുത്ത്‌ തുറന്നു. എന്നിട്ട്‌ കുമ്മനടിച്ച്‌ മെട്രോയാത്ര നടത്തിയ കുമ്മനത്തെ പോലെ അഭിമാനത്തോടെ നിന്നു.

അപ്പോഴാണ്‌ അവൻ ഒപ്പിച്ച പണിയാണെന്ന് പൂർണ്ണമായി ബോധ്യമായത്‌.

മറ്റു മരുന്നുകൾ ഒന്നും അവൻ കഴിക്കാൻ ശ്രമിക്കാറില്ലെങ്കിലും, ആ അലമാരയിലെ മരുന്നുകൾ മുഴുവൻ വേറെ അലമാരയിലേക്ക്‌ മാറ്റി ലോക്ക്‌ ചെയ്തു.

സ്വന്തം കുട്ടികൾ മരുന്നൊന്നും എടുക്കില്ല എന്ന ആത്മവിശ്വാസം ചിലപ്പോൾ മുട്ടൻ പണി തന്നേക്കാം. ഇതിപ്പോൾ വിറ്റാമിൻ സിറപ്പ്‌ ആയതുകൊണ്ട്‌ വലിയ കുഴപ്പം ഒന്നും ഇല്ല. വേറെ വല്ല മരുന്നുകളും ആണെങ്കിൽ ചിലപ്പോൾ എട്ടിന്റെ പണി കിട്ടും.

10 - 12 വയസ്സ്‌ കഴിയുന്നത്‌ വരെ കുട്ടികൾക്ക്‌ ഒരിക്കലും കിട്ടാത്തിടത്ത്‌ മരുന്നുകൾ വെക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ !

അബസ്വരം :
ഇന്ന് രാവിലെ അക്കുവിന്‌ ഒരു പണി ചെയ്ത്‌ വെച്ചാണ്‌ ഞാൻ പോന്നത്‌. ഒഴിഞ്ഞ വിറ്റാമിൻ ഡ്രോപ്സിന്റെ കുപ്പി കഴുകി അതിൽ കഷായം ഒഴിച്ച്‌ അവൻ എടുത്ത്‌ കുടിച്ച അലമാരയിലെ അതേ സ്ഥാനത്ത്‌ വെച്ചിട്ടുണ്ട്‌. ഇന്ന് അവൻ അത്‌ കുമ്മനടിക്കാൻ നോക്കിയാൽ സംഭവം പൊളപ്പനാവും !

                                                                     1640
                                                                     ******
07.08.2017
എന്തൊക്കെയായിരുന്നു...!

സംഘി, രണ്ടായിരം രൂപ നോട്ട്‌, കാര്യവാഹക്‌, കള്ളനോട്ട്‌...

എന്നിട്ടിപ്പൊ ഒക്കെ വെറും ഫോട്ടോസ്റ്റാറ്റ്‌ ആയി !

അബസ്വരം :
ലാവലിൻ ഭയം ഉള്ളിടത്തോളം പിണറായിയുടെ സംഘി അടിമപ്പണി കേരളം സഹിക്കേണ്ടി വരും ! ഇയാളെയൊക്കെ കയ്യിൽ കിട്ടിയാൽ ചെഗുവേവേരാദികൾ കരണം അടിച്ച്‌ പൊളിക്കും !
കമ്മ്യൂണിസ്റ്റ്‌ ആണത്രേ കമ്മ്യൂണിസ്റ്റ്‌ !

                                                                     1641
                                                                     ******
07.08.2017
പെറ്റ്‌ കിടക്കുന്നവരെ ശ്വാസം വിടാൻ അയക്കാതെ വായയിലൂടെ ഭക്ഷണം കുത്തിത്തിരുകന്നതാണ്‌ പ്രസവ ശുശ്രൂഷ എന്നതാണ്‌ പലരുടേയും മണ്ടൻ ധാരണ.

പ്രസവിച്ച്‌ കിടക്കുമ്പോൾ പത്തിരുപത്‌ കിലോ കൂടിയില്ലെങ്കിൽ അത്‌ മോശം കാര്യമായും ഇത്തരക്കാർ വിലയിരുത്തുന്നു !

പ്രസവ ശൂശ്രൂഷ എന്നതിന്റെ ആത്യന്തിക ലക്ഷ്യം പെറ്റ പെണ്ണിന്റെ തടിയും തൂക്കവും കൂടിക്കാൻ ഉള്ളതല്ല എന്ന് ഇത്തരക്കാർക്കൊക്കെ ഇനി എപ്പോഴാണ്‌ മനസ്സിലാകുക?

പ്രസവ ശുശ്രൂഷയുടെ ലക്ഷ്യം പ്രസവ ശേഷം സ്ത്രീയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ്‌. ആരോഗ്യം എന്നാൽ അതിന്റെ അർത്ഥം തടി, തൂക്കം, വണ്ണം എന്നതല്ല!

പ്രസവിച്ച്‌ കിടക്കുന്ന കുട്ടിയെ കാണാൻ വരുന്നവർ പലരും തലങ്ങും വിലങ്ങും ഉപദേശം നൽകും. ചിലർ നെയ്യ്‌ കൊണ്ടുള്ള അഭ്യാസങ്ങൾ ആണ്‌ പറയുക എങ്കിൽ ചിലർ ഇറച്ചികൊണ്ടുള്ള അഭ്യാസങ്ങൾ ആവും പറയുക. പറച്ചിൽ കേട്ടാൽ ഇവരാണ്‌ ലോകത്ത്‌ ആദ്യമായി ഗർഭവും, പ്രസവവും കണ്ടുപിടിച്ചത്‌ എന്ന് തോന്നും!

പ്രസവിച്ച ഒരു പെണ്ണ്‌ എത്ര നേരം ഭക്ഷണം കഴിക്കണം, എന്തൊക്കെ കഴിക്കണം, എത്രയൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കരുത്‌ എന്ന് ഒരു ആയുർവേദ ഡോക്ടർക്ക്‌ ആരും പറഞ്ഞ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല. അതുകൊണ്ട്‌ തന്നെ ഇത്തരം ഉപദേശങ്ങൾ ദയവ്‌ ചെയ്ത്‌ എന്റെ കെട്ട്യോൾക്ക്‌ എങ്കിലും നൽകാതിരിക്കാൻ ബന്ധുമിത്രാദികൾ പ്രത്യേകം ശ്രദ്ധിക്കുക.

ഗർഭകാലത്ത്‌ വേണ്ട ശുശ്രൂഷയും, മരുന്നും, ഭക്ഷണവും നൽകാൻ അറിയുന്ന വൈദ്യർക്ക്‌ പ്രസവ ശേഷവും ഇതൊക്കെ നൽകാൻ അറിയും എന്ന് ഓർക്കുമല്ലോ !

അബസ്വരം :
ഉപദേശിച്ചുപദേശിച്ച്‌ പ്രസവിച്ച സ്ത്രീയെ കൺഫ്യൂഷൻ ആക്കാതിരുന്നാൽ തന്നെ സന്തോഷം...!

                                                                     1642
                                                                     ******
09.08.2017
ബി ജെ പിയുടെ എം എൽ എ ചാക്കിട്ട്‌ പിടുത്തം മറികടന്ന് അഹമ്മദ്‌ പട്ടേൽ രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം ഉണ്ടെങ്കിലും, ഇത്‌ മഹത്തായ ജനാധിപത്യത്തിന്റെ വിജയമായോ, തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിക്ഷ്പക്ഷതയുടെ ഉദാഹരണമായോ കാണാൻ എന്റെ മനസ്സ്‌ അനുവദിക്കുന്നില്ല.

തിരഞ്ഞെടുപ്പ്‌ കമ്മീഷൻ സംഘികളുടെ കൈപ്പിടിയിൽ ആണെന്ന പ്രതീതി രാജ്യത്തുണ്ട്‌ എന്നത്‌ ഇലക്ഷൻ കമ്മീഷന്‌ തന്നെ ബോധ്യമുള്ള കാര്യമാണ്‌. ഈ സാഹചര്യത്തിൽ ഇലക്ഷൻ കമ്മീഷൻ, ബി ജെ പിക്ക്‌ അനുകൂലമായാണ്‌ തീരുമാനം എടുത്തിരുന്നത്‌ എങ്കിൽ അതോടെ കമ്മീഷന്റെ വിശ്വാസ്യത പരസ്യമായി തന്നെ ഉടയുമായിരുന്നു. മാത്രമല്ല ഈ കേസ്‌ സുപ്രീം കോടതിയിലേക്ക്‌ പോകാനുള്ള സാധ്യതയും ഉണ്ടായിരുന്നു.

ആ സാഹചര്യത്തിൽ ബി ജെ പി നേതൃത്വം പോലും ഇലക്ഷൻ കമ്മീഷനോട്‌ രഹസ്യമായി തീരുമാനം കോൺഗ്രസ്സിന്‌ അനുകൂലമാക്കാനും, അത്‌ വഴി കമ്മീഷന്റെ വിശ്വാസ്യത ഉയർത്താനും ആവശ്യപ്പെട്ടിട്ടുണ്ടാകും എന്ന് തന്നെയാണ്‌ എന്റെ ഒരിത്‌.
കാരണം ഈ രാജ്യസഭാ സീറ്റ്‌ ബി ജെ പിക്ക്‌ നിർണ്ണായകമായ ഒന്നല്ല. സ്ഥാനാർത്ഥി ആണെങ്കിൽ ഒരു കാലുമാറ്റക്കാരനും. പണം കൊടുത്ത്‌ എം എൽ എ മാരെ ചാക്കിലാക്കിയ കാര്യങ്ങൾ കൂടി നിലനിൽക്കുമ്പോൾ, രാഷ്ട്രീയമായി ഈ സീറ്റ്‌ ജയിക്കുന്നതിനേക്കാൾ നല്ലത്‌ തോൽക്കുന്നത്‌ തന്നെയാണെന്ന് അവർക്കറിയാം.
എന്നാൽ പുറത്തേക്ക്‌ കഠിനമായ മത്സരം നടത്തുന്നത്‌ പോലേയും, തങ്ങളുടെ സ്ഥാനാർത്ഥിക്ക്‌ വേണ്ടി ഇലക്ഷൻ കമ്മീഷനിൽ സമ്മർദ്ദം ചെലുത്തുന്നത്‌ പോലേയും അവർ കാണിക്കാനും ശ്രമിച്ചിട്ടുണ്ടാവും. പൊരുതി തോറ്റതാണ്‌ എന്ന ഒരു ഫീലിംഗ്‌ ഇതിൽ നിന്നും ഉണ്ടാകുന്നു.

ഇതോടെ ഇലക്ഷൻ കമ്മീഷൻ പുണ്യാത്മാക്കളായി. വോട്ടിംഗ്‌ മെഷീൻ അട്ടിമറി വിഷയം ഒക്കെ ഉണ്ടായപ്പോൾ ബി ജെ പിക്ക്‌ ഒപ്പം നിന്ന ടീം ആണ്‌ ഇതെന്ന് ഓർക്കണം.

ബി ജെ പിക്ക്‌ ഇപ്പോൾ പ്രധാനം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ആണ്‌. അതിൽ നടത്തുന്ന ഉടായിപ്പുകൾക്ക്‌ വെള്ളപൂശാൻ തിരഞ്ഞെടുപ്പ്‌ കമ്മീഷനെ കൂട്ട്‌ പിടിക്കേണ്ടി വരും. ആ ഉടായിപ്പുകൾക്ക്‌ കമ്മീഷൻ കൂട്ട്‌ നിൽക്കുമ്പോൾ ഉണ്ടാകുന്ന വിമർശനത്തെ അതിജീവിക്കാനും, തിരഞ്ഞെടുപ്പ്‌ കമ്മീഷൻ നിക്ഷ്പക്ഷമാണെന്ന് വാദിക്കാനും ഈ രാജ്യസഭാ സീറ്റ്‌ വിഷയം അവരെ സഹായിക്കും. അതിനുള്ള ഒരു കളം ഒരുക്കലാണ്‌ ഇന്നലെ നടന്നത്‌ എന്ന് ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു.

അബസ്വരം :
അമിട്ടിന്റേയും മോഡിയുടേയും വക്രബുദ്ധിയെ നിസ്സാരമായി വിലയിരുത്തല്ലേ മക്കളേ...

                                                                     1643
                                                                     ******
10.08.2017
അസാധുവാക്കി തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകൾ റിസർവ്വ്‌ ബാങ്ക്‌ പുറത്ത്‌ വിടാത്തതും, ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അസാധുവാക്കിയ നോട്ടുകൾ ചാക്ക്‌ കണക്കിന്‌ പിടിച്ചെടുക്കുന്നതും കൃത്യമായ ഒരു സൂചന നൽകുന്നുണ്ട്‌.

പിൻവാതിലിലൂടെ അസാധു നോട്ടുകൾ ഇപ്പോഴും റിസർവ്വ്‌ ബാങ്കിൽ നിന്നും മാറ്റിയെടുക്കുന്നുണ്ട്‌ എന്നതിന്റെ വ്യക്തമായ സൂചനകൾ തന്നെയാണത്‌.

ഇനിയും മാറ്റാൻ കഴിയാത്ത അസാധുനോട്ടുകൾ നശിപ്പിക്കാതെ, അവ കൈമാറ്റം ചെയ്യുന്നതും, അവയെ സഞ്ചരിപ്പിക്കുന്നതും വേറെ എന്തിനാണ്‌ ? അവ മാറ്റിയെടുക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ ഇപ്പോഴും ഉള്ളത്‌ കൊണ്ടല്ലേ മാഫിയകൾ അതുമായി നടക്കുന്നത്‌ ?

ആ പിൻവാതിൽ നോട്ട്‌ മാറ്റവും കൂടി കഴിയാതെ കണക്കുകൾ പുറത്ത്‌ വിട്ടാൽ പണി പാളും എന്നത്‌ കൊണ്ടല്ലേ റിസർവ്വ്‌ ബാങ്ക്‌ കണക്കുകൾ ചോദിക്കുമ്പോൾ ഉരുണ്ട്‌ കളിക്കുന്നത്‌ ?

അബസ്വരം :
കേന്ദ്ര സർക്കാരും, റിസർവ്വ്‌ ബാങ്കും ഒന്നിച്ച്‌ ചെയ്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയും, ജനവഞ്ചനയും ആണ്‌ നോട്ട്‌ നിരോധനം.

                                                                     1644
                                                                     ******
10.08.2017
"രാജ്യത്തെ മുസ്ലിംങ്ങൾ അസ്വസ്ഥരും അരക്ഷിതരും." - ഹമീദ് അന്‍സാരി

അബസ്വരം :
കസേരയിൽ നിന്ന് ഇറങ്ങിയ ശേഷം മോങ്ങിയിട്ടെന്ത്‌ ?
ഉപരാഷ്ട്രപതി കസേരയിൽ ഇരിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ തന്റെ അധികാരം ഉപയോഗിച്ച്‌ എന്തൊക്കെ ചെയ്തെന്ന് ഹമീദാക്കാനോട്‌ ചോദിക്ക്‌ സാറേ ?

                                                                     1645
                                                                     ******
10.08.2017
മട്ടന്നൂർ നഗരസഭയിലെ സി പി എമ്മിന്റെ തിരഞ്ഞെടുപ്പ്‌ വിജയം ഇന്ത്യക്ക്‌ മുന്നറിയിപ്പാണ്‌ എന്നും, സി പി എമ്മിന്റെ ശക്തി തെളിയിക്കുന്നതാണ്‌ എന്നും ഒക്കെ ചില സഖാക്കൾ തള്ളുന്നത്‌ കാണുമ്പോൾ മേലാകെ ഗോരി തരിക്കുന്നു.

"മട്ടന്നൂർ നഗരസഭയിൽ ജയിച്ചു" എന്ന് പാർലിമെന്റിൽ ചെന്ന് പറഞ്ഞാൽ എം പി സ്ഥാനമോ, രാജ്യത്തിന്റെ ഭരണമോ കിട്ടില്ലെന്റെ സഖാക്കളേ....!

അബസ്വരം :
മട്ടന്നൂർ വിജയം അമേരിക്കക്കും, ട്രംപിനും, ലോകത്തിനും ഉള്ള മുന്നറിയിപ്പാണെന്ന് കൂടി പറയാഞ്ഞതിൽ നന്ദിണ്ട്‌ട്ടാ....!

                                                                     1646
                                                                     ******
11.08.2017
ഇന്ന് ജുമുഅക്ക്‌ പോകാൻ മ്മൾ വട്ടം കൂട്ടുമ്പോൾ ഓൻ ഒപ്പം കൂടി..

"എവ്‌ട്ക്കാ പോണത്‌ ?"

"പള്ളീൽക്ക്‌ അല്ലാഹു അക്ബറിന്‌."

"അക്കും ണ്ട്‌."

"അക്കു പോരണ്ട... വല്യ കുട്ട്യായിട്ട്‌ പോരാ..."

"അക്കും ണ്ട്‌ ങ്ങീ ങ്ങീ..."

ലവൻ ചിണുങ്ങാൻ തുടങ്ങി !

എന്തൊക്കെ പറഞ്ഞിട്ടും ലവൻ വിടുന്ന ലക്ഷണം ഇല്ല...

"അക്കു ഇന്ന് അപ്പിട്ടോ ?"

"ഇയ്യ"

"എന്നാ അപ്പിട്ട്‌ വാ... എന്നിട്ട്‌ പോകാ..."

"അക്കൂന്‌ അപ്പില്യാ... അപ്പില്യാ..."

"അത്‌ പറ്റൂലാ... അപ്പിട്ട്‌ വാ... എന്നാലേ കൊണ്ട്‌ പോവൂ... ഇജ്ജ്‌ പള്ളീ പോയി അപ്പിട്ടാ പിന്നെ ഇക്ക്‌ പള്ളീ തൂറിടെ വാപ്പാ എന്ന പേര്‌ വരും. അല്ലെങ്കിൽ തന്നെ ഒരുപാട്‌ പേരുകൾ ഉണ്ട്‌..."

"അക്കൂന്‌ അപ്പില്യാ... അപ്പില്യാ... അക്കൂന്‌ പോരണം...."

ഒടുവിൽ പാമ്പേഴ്സ്‌ ഇട്ടു കൊടുത്ത്‌ പള്ളീലേക്ക്‌ നടന്നു...

"പള്ളീൽ ന്ന് അപ്പിടാനും ചീച്ചി പാത്താനും പാടില്ല ട്ടോ..." നടക്കുന്നതിനിടയിൽ അവനോട്‌ പറഞ്ഞു.

"ഇയ്യ" അവൻ സമ്മതിച്ചു.

മഴ ചാറലിൽ ഒരു കുടയിൽ രണ്ട്‌ പേരും അങ്ങനെ നടന്നു...

ഇടക്ക്‌ കുടയിൽ നിന്ന് ഇറങ്ങിയോടിയും പിന്നെ തിരിച്ച്‌ കുടയിലേക്ക്‌ കയറിയും ഉള്ള കളികൾ...

മനസ്സിന്‌ എന്തോ ഒരു സുഖം...

പള്ളിയിൽ അവൻ അലമ്പൊന്നും ഉണ്ടാക്കിയില്ല... കച്ചറ കാട്ടാതെ ഖുത്തുബ കേട്ടു... നമസ്ക്കരിക്കാൻ സ്വഫിൽ നിന്നു... നമസ്ക്കാരം അനുകരിച്ചു...

അങ്ങിനെ ആദ്യമായി അവൻ ഒരു ജുമുഅ നമസ്ക്കാരത്തിൽ പങ്കെടുത്തു.

തിരിച്ച്‌ പോരുമ്പോളും ചാറ്റൽ മഴയത്തുള്ള ലവന്റെ കളികൾ തുടർന്നു...

വീട്ടിലെത്തിയപ്പോൾ പേമ്പേഴ്സ്‌ അഴിച്ച്‌ അവൻ പറഞ്ഞു : "അക്കൂന്‌ ചീച്ചി ണ്ട്‌..."

എന്നിട്ട്‌ ടോയ്‌ലെറ്റിൽ പോയി കാര്യം സാധിച്ചു.

പാമ്പേഴ്സ്‌ എടുത്ത്‌ നോക്കിയപ്പോൾ അതിൽ കർമ്മങ്ങൾ ഒന്നും നിർവ്വഹിച്ചിട്ടില്ല...

പള്ളീൽ ന്ന് ചീച്ചി പാത്തരുത്‌, അപ്പിടരുത്‌ എന്ന് പറഞ്ഞത്‌ അവൻ അനുസരിച്ചിരിക്കുന്നു...

എന്തായാലും ആ പാമ്പേഴ്സ്‌ മ്മൾ മാറ്റി വെച്ചു. ഉച്ചക്ക്‌ ശേഷം ഒരു കല്യാണം ഉണ്ട്‌...
അതിനു പോകുമ്പോൾ ചാമ്പാമല്ലോ !

അബസ്വരം :
ഇന്ന് പള്ളീൽ പോവാൻ കാണിച്ച ആവേശവും താൽപര്യവും എന്നും അവന്‌ ഉണ്ടായാൽ മതിയായിരുന്നു...!

                                                                     1647
                                                                     ******
12.08.2017
"1992ല്‍ ബാബ്‌റി മസ്ജിദ് പ്രശ്‌നമുണ്ടായപ്പോള്‍ കേരളത്തിലും അതിന്റെ ഭാഗമായി വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അതിനെ നേരിടാന്‍ പൊലീസിന്റെ ഭാഗത്തു നിന്നും വളരെ ചെറിയൊരു തന്ത്രമാണ് പ്രയോഗിച്ചത്. സംസ്ഥാനത്തെ കേബിള്‍ ഓപ്പറേറ്റര്‍മാരെയെല്ലാം വിളിച്ച് ചാനലുകളില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഹിറ്റ് സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറയുകയായിരുന്നു ആ തന്ത്രം. മമ്മൂട്ടിയും മോഹന്‍ലാലും കത്തിനില്‍ക്കുന്ന സമയമായതിനാല്‍ ആ തന്ത്രം വിജയകരമായിരുന്നു. ജനങ്ങളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ ആ നീക്കത്തിനു കഴിഞ്ഞു." - ലോക്‌നാഥ്‌ ബെഹ്‌റ

അബസ്വരം :
ഇങ്ങനെയൊക്കെയുള്ള ചരിത്ര സത്യങ്ങൾ പുറത്ത്‌ വരുമ്പോഴാണ്‌ ഷാറൂക്ക്‌ ഖാനേയും, സൽമാൻ ഖാനേയും, രജനികാന്തിനേയും, കമൽഹാസനേയും ഒക്കെ എടുത്ത്‌ കിണറ്റിലിടാൻ തോന്നുന്നത്‌. ഇവന്മാർക്ക്‌ ഒക്കെ ഇങ്ങനെ ഒരു ക്വാളിറ്റി ഉണ്ടായിരുന്നു എങ്കിൽ ഇന്ത്യയിൽ ഒരിടത്തും കലാപം ഇല്ലാതെ ആക്കാമായിരുന്നില്ലേ?

എന്തായാലും മമ്മൂക്കാനോടും, മോഹൻ ലാലിക്കാനോടും, 1992 ലെ കേബിൾ ടി വി ഓപ്പറേറ്ററിക്കമാരോടും ഉള്ള നന്ദിയും, കടപ്പാടും, ഇസ്തവും രേഖപ്പെടുത്തുന്നു.
വൈകിയ വേളയിൽ എങ്കിലും ഈ വിവരം പൊതുജനങ്ങളുമായി പങ്കുവെച്ച ബെഹ്‌റിക്കയോടും പ്രത്യേക ഇസ്ത നന്ദ്യാദികൾ അറിയിച്ച്‌ കൊള്ളുന്നു.

                                                                     1648
                                                                     ******
12.08.2017
ശിശുക്കളേ, ഇനി ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിങ്ങൾ ജനിക്കുമ്പോൾ പശുക്കളായി ജനിക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ ഓക്സിജൻ പോലും കിട്ടാതെ ഭൂമിയിൽ നിന്ന് മടങ്ങാം.

എടോ ആദിത്യ നാഥേ, കൊണ്ട്‌ പോയി പുഴുങ്ങി തിന്നെടോ ആ കുഞ്ഞുങ്ങളുടെ ശരീരങ്ങൾ !

അബസ്വരം :
യു പിയിൽ ഓക്സിജൻ കിട്ടാതെ മരിച്ച കുഞ്ഞുങ്ങളെ നാഥൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ....

                                                                     1649
                                                                     ******
13.08.2017
"ലോകത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊന്ന മുഖ്യമന്ത്രി എന്ന ബഹുമതി ലഭിക്കുന്നതിൽ നിന്നും നിരവധി പിഞ്ചുമക്കളുടെ ജീവൻ രക്ഷിച്ച്, യോഗി ആദിത്യനാഥ് എന്ന ശവംതീനിയെ തടഞ്ഞ, ഡോ. കഫീൽ അഹ്‌മദ് ഖാനെ ആശുപത്രി ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി." - വാർത്ത

അബസ്വരം :
നായിക്കാട്ടത്തിന്‌ മുല്ലപ്പൂവിന്റെ സുഗന്ധം അസഹ്യമായിരിക്കും.

പ്രിയ ഡോക്ടർ കഫീൽ അഹ്‌മദ് ഖാൻ, നിങ്ങളെ ഒരു സംഘി ഭരണകൂടം മാറ്റി നിർത്തുന്നു എങ്കിൽ ഒന്ന് ഉറപ്പിച്ചോളൂ... നിങ്ങൾ ശരിയായ പാതയിലാണ്‌ സഞ്ചരിക്കുന്നത്‌....!

അഭിനന്ദനങ്ങൾ സഹോദരാ...

                                                                     1650
                                                                     ******
14.08.2017
നാളെ നമ്മൾ ആഘോഷിക്കേണ്ടത്‌ സ്വാതന്ത്യദിനം അല്ല.

മറിച്ച്‌ "1947 ആഗസ്റ്റ്‌ 15 മുതൽ 2014 മെയ്‌ 26 വരെ ഇന്ത്യയിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു" എന്ന ഓർമ്മപ്പെടുത്തലിന്റെ ദിനമായാണ്‌ ആഗസ്റ്റ്‌ 15 നഷ്ടബോധത്തോടെ ഓർക്കപ്പെടേണ്ടത്‌.

അബസ്വരം :
"സംഘി ഭരണകാലത്ത്‌ സ്വാതന്ത്ര്യം" എന്ന് പറയുന്നത്‌, "പേപ്പട്ടി കടിച്ചാൽ ആരോഗ്യം വർദ്ധിക്കും" എന്ന് പറയുന്നത്‌ പോലെയാണ്‌.

അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

1 comment:

 1. 14.08.2017
  നാളെ നമ്മൾ ആഘോഷിക്കേണ്ടത്‌ സ്വാതന്ത്യദിനം അല്ല.

  മറിച്ച്‌ "1947 ആഗസ്റ്റ്‌ 15 മുതൽ 2014 മെയ്‌ 26 വരെ ഇന്ത്യയിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു" എന്ന ഓർമ്മപ്പെടുത്തലിന്റെ ദിനമായാണ്‌ ആഗസ്റ്റ്‌ 15 നഷ്ടബോധത്തോടെ ഓർക്കപ്പെടേണ്ടത്‌.

  അബസ്വരം :
  "സംഘി ഭരണകാലത്ത്‌ സ്വാതന്ത്ര്യം" എന്ന് പറയുന്നത്‌, "പേപ്പട്ടി കടിച്ചാൽ ആരോഗ്യം വർദ്ധിക്കും" എന്ന് പറയുന്നത്‌ പോലെയാണ്‌.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....