Sunday, July 30, 2017

ഒരു ഗര്‍ഭണന്റെ ഡയറിക്കുറിപ്പുകള്‍ - രണ്ടാം ഭാഗംഒരു ഗര്‍ഭണന്റെ ഗര്‍ഭകാല യാത്രയിലേക്ക് സ്വാഗതം...

09.12.2016 :
കുറച്ച്‌ ദിവസമായി ലവൾക്ക്‌ ആകെ ഒരു ക്ഷീണം. എങ്കിലും അത്‌ കാര്യമാക്കിയില്ല. 

എന്നാൽ മാസാമാസം വിരുന്നു വരുന്ന അതിഥിയെ രണ്ടാഴ്ച വൈകിയും കഴിഞ്ഞും കാണാതിരുന്നപ്പോൾ, മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു പ്രെഗ്‌നൻസി ടെസ്റ്റ്‌ കാർഡും കൊണ്ടു വന്ന് ഒന്ന് പരീക്ഷണം നടത്തി.

കാർഡ്‌ രണ്ട്‌ വര കാണിച്ച്‌ മുഖത്തേക്ക്‌ നോക്കി ഇളിച്ച്‌ നിന്നു. 

"മ്യോനേ പണി പറ്റിച്ചല്ലേ ?" എന്നു പറഞ്ഞ്‌.

സംഭവം മനസ്സിലായപ്പോൾ ഓൾക്ക്‌ ആകെ ഒരു ബേജാറ്‌...
"ഇക്കാ ന്റെ കജ്ജും കാലും വിറക്കുന്നു..."

"എന്തിനാടീ വെറക്കുന്നത്‌ ! ഞാൻ അന്റെ മേൽ സംശയം ഒന്നും പ്രകടിപ്പിച്ചിട്ടില്ലല്ലോ ! വയറ്റിൽ ഉള്ളതിന്റെ തന്ത ഞാൻ തന്നെയാ... ഇജ്ജ്‌ ബേജാറാവണ്ട..." എന്ന് പറഞ്ഞ്‌ അവളെ ആശ്വസിപ്പിച്ചു.

ലവൾ ഒരു ആക്കിയ നോട്ടവും നോക്കി ആശ്വാസം കൊള്ളുന്നത്‌ കണ്ടപ്പോൾ മ്മക്കും ഒരാശ്വാസം ആയി.

അധികം വൈകാതെ ആ സന്തോഷവാർത്തക്ക്‌ ഫോണിലൂടേയും, മറ്റും നല്ല പരസ്യം ലഭിച്ചു.

പക്ഷേ അന്ന് എടുത്ത ഒരു തീരുമാനം പാരയായത്‌ അക്കുവിനാണ്‌.

അക്കുവിനെ അറിയില്ലേ ? 
അല്ലാഹു ഞങ്ങൾക്ക്‌ ആദ്യം നൽകിയ സമ്മാനം.

രണ്ടര വയസ്സ്‌ കഴിഞ്ഞെങ്കിലും അവൻ മുലപ്പാൽ കുടിച്ച്‌ അർമ്മാദിച്ച്‌ നടക്കുകയായിരുന്നല്ലോ !

രണ്ട്‌ വയസ്സ്‌ തികഞ്ഞപ്പോൾ തന്നെ അവന്റെ മുലപ്പാൽ കുടി നിർത്താൻ ചില കോണുകളിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ അതൊന്നും വകവെക്കാതെ "നീ മുലപ്പാൽ കുടിച്ച്‌ അർമ്മാദിക്കെടാ" എന്ന് പറഞ്ഞ്‌ അവന്റെ കൂടെ നിന്ന എനിക്ക്‌ തന്നെ അവന്റെ ചങ്കിൽ കൊള്ളുന്ന ആ പ്രഖ്യാപനം നടത്തേണ്ടി വന്നു.

"ഇന്നത്തോടെ അക്കുവിന്റെ മുലകുടി അവസാനിപ്പിക്കാം" എന്ന ആ പ്രഖ്യാപനം.


തീരുമാനം പ്രഖ്യാപിച്ചതോടെ എങ്ങനെ ആ തീരുമാനം വിജയകരമായി നടപ്പിലാക്കാം എന്നതായി ചിന്ത. ചെന്നിനായകം, കറ്റാർ വാഴ, ആര്യവേപ്പിന്റെ ഇല തുടങ്ങി പല മാർഗ്ഗങ്ങളും മനസ്സിലേക്ക്‌ വന്നു. വീട്ടിൽ കറ്റാർ വാഴ ഉള്ളത്‌ കൊണ്ട്‌ അതിൽ തന്നെ തുടങ്ങാം എന്ന് തീരുമാനിച്ചു.

അങ്ങനെ കറ്റാർ വാഴ അരച്ച്‌ പുരട്ടി ലവന്‌ ഒന്ന് പാൽ കുടിക്കാൻ വിട്ടു.

ആദ്യം ഒന്ന് ഞെട്ടലോടെ വായ വലിച്ച അവൻ ലവളുടെ ഷാൾ ഉപയോഗിച്ച്‌ പ്രസ്തുത ഭാഗം നന്നായി തുടച്ചു. പോരാത്തതിനു ബാത്ത്‌ റൂമിൽ പോയി വെള്ളവും കയ്യിൽ കൊണ്ട്‌ വന്ന് അതും അവിടെ ഒഴിച്ചു.
എന്നിട്ട്‌ സുഖമായി പാല്‌ കുടിച്ചു.
"കണ്ടോടാ തന്തേ" എന്ന മട്ടിൽ എന്നെ നോക്കിക്കൊണ്ട്‌ !

ആദ്യ പണി പാളിയതോടെ മ്മൾക്കും നാണക്കേടായി...
ഇത്തരത്തിൽ ഒരു നീക്കം ലവൻ നടത്തും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല...!

അതോടെ പുതിയ പരിപാടി നോക്കാം എന്ന് കരുതി.

ആര്യവേപ്പിന്റെ ഇല നന്നായി അരച്ച്‌, പുരട്ടി. അത്‌ ഉണങ്ങാൻ വിട്ടു. നന്നായി ഉണങ്ങിയപ്പോൾ ബാത്ത്‌ റൂമിൽ കയറി വെള്ളം എടുക്കാതിരിക്കാൻ വാതിൽ കുറ്റിയും ഇട്ടു, കയ്യെത്തും ദൂരത്ത്‌ നിന്ന് ഷാളും മാറ്റിയ ശേഷം പാൽ കൊടുത്തു.

സംഭവം ഏറ്റു.
ആര്യവേപ്പിന്റെ ഇല അവനെ ഞെട്ടിച്ചു. കൈക്കൊണ്ട്‌ അവൻ തുടച്ച്‌ നോക്കി ഒന്നുകൂടി പരിശ്രമിച്ചു എങ്കിലും വീണ്ടും ആര്യവേപ്പ്‌ മ്മടെ മാനം കാത്തു.

അവൻ "എടോ തന്തേ, എന്നോട്‌ ഇത്‌ വേണമായിരുന്നോ ?" എന്ന മട്ടിൽ എന്നെ നോക്കി കരഞ്ഞു.

എന്തായാലും രണ്ടു മൂന്ന് ദിവസം കൂടി ആര്യവേപ്പിന്റെ ഇല അരച്ച്‌ പുരട്ടി വെച്ചതോടെ ലവൻ മുലകുടി അവസാനിപ്പിച്ചു.

എന്തായാലും പ്രശ്‌നങ്ങൾ ഒന്നും ഇല്ലെങ്കിൽ മൂന്ന് മാസത്തിനു ശേഷം ഗൈനക്കിനെ കണ്ടാൽ മതി എന്ന തീരുമാനത്തിൽ ആയിരുന്നു ഞാൻ. കണക്ക്‌ വെച്ച്‌ നോക്കുമ്പോൾ ഇപ്പോൾ ഏകദേശം ഒന്നര മാസം ആയിട്ടുണ്ടാവും. ഒരു ഒന്നര മാസം കൂടി കഴിഞ്ഞാൽ ഫസ്റ്റ്‌ ട്രൈമെസ്റ്റർ കഴിയും. എന്നിട്ടാവാം ഗൈനക്കിനെ കാണുന്നത്‌ എന്ന് മ്മൾ മനസ്സിലുറപ്പിച്ചു.

എന്തായാലും രക്തക്കുറവ്‌ ഇല്ലാതിരിക്കാനായി "ഫോളിക്ക്‌ ആസിഡ്‌" ഒരു നേരം വെച്ച്‌ കൊടുക്കാനും തീരുമാനിച്ചു.


11.12.2016
കുറുന്തോട്ടി, ചെറൂള, ഞെരിഞ്ഞിൽ, തഴുതാമ, ഉണക്കമുന്തിരി, ചെറിയ ജീരകം, നെല്ലിക്കത്തോട്‌ എന്നിവ ചേർത്തുള്ള കഷായം കൊടുക്കാൻ തുടങ്ങി.

29.12.2016 :
തലചുറ്റൽ കൂടി.
അവൾക്ക്‌ പൊതുവേ ബി പി കുറവായിരുന്നു. 100 / 65 റേഞ്ചിൽ ആയിരുന്നു. ചിലപ്പോൾ അത്‌ 95 / 58 റേഞ്ചിലേക്ക്‌ താഴ്‌ന്നു. തലചുറ്റലിന്റെ കാരണം കൃത്യമായി അറിയാൻ ലാബിൽ പോയി
ബ്ലഡ്‌ ഷുഗറും, Hb യും ടെസ്റ്റ്‌ ചെയ്തു.
RBS - 112
Hb - 11
അതും നോർമൽ റേഞ്ച്‌ തന്നെ.

ബി പി കുറയുന്നത്‌ തന്നെയാണ്‌ തലചുറ്റൽ ഉണ്ടാക്കുന്നത്‌ എന്ന നിഗമനത്തിലേക്ക്‌ എത്തി. 


ചെറുനാരങ്ങ നീരിൽ ഉപ്പിട്ട്‌ ദിവസവും 2 - 3 പ്രാവശ്യം കുടിപ്പിച്ചു. അതോടെ ബി പിയിൽ കുറച്ച്‌ മാറ്റം ഉണ്ടാവുകയും, തല ചുറ്റലിന്‌ ആശ്വാസം കിട്ടുകയും ചെയ്തു.

09.01.2017 :
കാലിലും മറ്റും വെരിക്കോസ്‌ വെയിൻ കാണാൻ തുടങ്ങി. കഴിഞ്ഞ തവണയും വെരിക്കോസ്‌ പണി തന്നിരുന്നു എങ്കിലും, ഇത്തവണ ലവൻ നേരത്തേ പണി തുടങ്ങിയിരിക്കുന്നു. കാല്‌ വേദനയും, കടച്ചിലും തുടങ്ങിയിട്ടുണ്ട്‌. കോലം കണ്ടിട്ട്‌ കഴിഞ്ഞ തവണത്തേക്കാൾ വളരെയധികം വെരിക്കോസ്‌ കൂടാൻ സാധ്യതയുണ്ട്‌. 


എങ്കിലും "കഴിഞ്ഞ തവണ ഇതിനേക്കാൾ കൂടുതൽ ഉണ്ടായിരുന്നു, അനക്ക്‌ ഓർമ്മയില്ലാഞ്ഞിട്ടാ" എന്ന് പറഞ്ഞ്‌ ലവളെ സമാധാനിപ്പിച്ചു. 
അത്‌ വിശ്വസിച്ച്‌ ലവളും ഇരുന്നു.

25.01.2017
ആദ്യമായി ഗൈനക്കോളജിസ്റ്റിനെ കാണിച്ചു.
"ഒന്ന് അൾട്രാ സൗണ്ട്‌ സ്കാൻ ചെയ്യാം" എന്ന് ഗൈനക്ക് പറഞ്ഞു.
ഒപ്പം തൈറോയ്ഡ്‌ ടെസ്റ്റ്‌ നടത്താനും. 

രണ്ടും നടത്തി. പ്ലാസന്റ താഴെയാണ് കിടക്കുന്നത് എന്നതൊഴിച്ചാല്‍ കുഴപ്പം ഒന്നും ഇല്ല. അൽഹംദുലില്ലാഹ്‌. ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ പ്ലാസന്റ താഴെ കിടക്കുന്നത് സാധാരണയാണ്. മിക്കവര്‍ക്കും ഇരുപത് ആഴ്ചകള്‍ക്കുള്ളില്‍ ഇത് മുകളിലേക്ക് പോകും. മുകളിലേക്ക് പോയിട്ടില്ലെങ്കില്‍ പ്രസവത്തിനുള്ള സാധ്യത ഇല്ലാതാകും. സിസേറിയന്‍ ആ കണ്ടീഷനില്‍ നിര്‍ബന്ധമായി വരും.

അയൺ ടാബ്‌ലെറ്റും, വെരിക്കോസ്‌ വേദനക്ക്‌ പെയിൻ കില്ലറും, പുരട്ടാൻ ഡൈക്ലോഫീനക്ക്‌ ജെല്ലും ഗൈനക്ക്‌ എഴുതി.

അയൺ ടാബ്‌ലെറ്റ്‌ അവൾക്ക്‌ പണി കൊടുക്കും എന്ന് ഉറപ്പായിരുന്നു. അതുകൊണ്ട്‌ തന്നെ അവ വാങ്ങിയില്ല. പെയിൻ കില്ലറിനേയും പടിക്ക്‌ പുറത്ത്‌ നിർത്തി. ഡൈക്ലോഫീനക്ക്‌ ജെൽ വേണമെങ്കിൽ പുരട്ടിക്കോ എന്ന് പറഞ്ഞ്‌ വാങ്ങിക്കൊടുത്തു. രണ്ട്‌ മൂന്ന് ദിവസം അതവൾ പുരട്ടി നോക്കിയെങ്കിലും വേദനക്ക്‌ അതിനാൽ വലിയ മാറ്റം കിട്ടാത്തത്‌ കൊണ്ട്‌ ആ പ്രയോഗം നിർത്തി. 

കഷായവും, ഫോളിക്കാസിഡും തുടർന്നു.

22.02.2017
ഗൈനക്കിനെ രണ്ടാം തവണ കണ്ടു. ബ്ലഡ്‌ ഡീറ്റയ്‌ല്ഡ്‌ ചെക്കപ്പ്‌ നടത്തി. Hb 9.9 ആയി കുറഞ്ഞിട്ടുണ്ട്‌ എന്നതൊഴിച്ചാൽ വേറെ കുണ്ടാമണ്ടികൾ ഒന്നും ഇല്ല. അൽഹംദുലില്ലാഹ്‌.

01.04.2017
മൂന്നാമത്തെ ഹോസ്പിറ്റൽ സന്ദർശനം. പ്രത്യേകിച്ച്‌ പ്രശ്നങ്ങൾ ഒന്നും ഇല്ല. നാഥന്‌ നന്ദി.

രണ്ടാഴ്ചക്ക്‌ ശേഷം അൾട്രാസൗണ്ട്‌ സ്കാൻ നടത്താനും, ഒരിക്കൽ കൂടി Hb ടെസ്റ്റ്‌ ചെയ്യാനും ഗൈനക്ക്‌ പറഞ്ഞു.
 

18.04.2017
അൾട്രാസൗണ്ട്‌ സ്കാനിംഗിനായി ഹോസ്പിറ്റലിൽ പോയി. സ്കാനിംഗിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. അൽഹംദുലില്ലാഹ്‌.

ആദ്യ സ്കാനിൽ പ്ലാസന്റ അടിയിൽ ആയിരുന്ന പ്രശ്നം ഉണ്ടായിരുന്നല്ലോ. അത്‌ ഇപ്പോൾ ശരിയായിട്ടുണ്ട്‌. പ്ലാസന്റ സുരക്ഷിതമായ പൊസിഷനിൽ വന്നിരിക്കുന്നു.

Hb ഒന്നു കൂടി കുറഞ്ഞ്‌ 9.2 ആയിട്ടുണ്ട്‌. എത്ര പറഞ്ഞാലും രായി, ഉണക്ക മുന്തിരി, ഈത്തപ്പഴം തുടങ്ങിയവ ഒന്നും അവൾ കൃത്യമായി കഴിക്കില്ല. "ചൊയ പറ്റുന്നില്ല" എന്നും പറഞ്ഞ്‌ നടക്കും.

"ചൊയ പറ്റിയില്ലെങ്കിൽ അവസാനം വല്ലവരുടേയും ചോര കുത്തിക്കയറ്റേണ്ടി വരും" എന്ന് മ്മളും പറഞ്ഞു.
 

20.05.2017
ചെക്കപ്പ്‌ നടത്തി. വെരിക്കോസ്‌ വെയിൻ നൽകുന്ന 88 ന്റെ പണി മാറ്റി നിർത്തിയാൽ വേറെ കുഴപ്പം ഒന്നും ഇല്ല.

ഇടക്ക്‌ പുറം വേദന, ഊര വേദന തുടങ്ങിയവ അവൾ അനുഭവിക്കുന്നുണ്ട്‌. കഷായത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി. എന്തൊക്കെ കഷായം നൽകിയാലും ഈ അവസ്ഥയിൽ കുറച്ച്‌ വേദന ഉണ്ടാവും എന്നത്‌ സ്വാഭാവികമാണ്‌.

അല്ലെങ്കിൽ പിന്നെ പെയിൻ കില്ലർ ഉപയോഗിക്കണം. അതിന്റെ ബാക്കി ഹൽക്കുൽത്തുകൾ പ്രത്യേകം​ പറയേണ്ടതില്ലല്ലോ ! 

അതുകൊണ്ട്‌ "വേദന സഹിച്ചാൽ ആശ്വാസം കിട്ടും" എന്ന് പറഞ്ഞ്‌ ലവളെ ആശ്വസിപ്പിച്ചു.

10.06.2017 

വീണ്ടും ചെക്കപ്പ്. Hb വീണ്ടും കുറഞ്ഞിരിക്കുന്നു. ഇപ്പോള്‍ 8.6 ആണ്. ഗൈനക്ക് വീണ്ടും അയൺ ടാബ് എഴുതി തന്നു. 3 ആഴ്ച കൂടി നോക്കിയിട്ട് Hb കൂടിയിട്ടില്ലെങ്കില്‍ ഇഞ്ചെക്ഷന്‍ ചെയ്യാം എന്ന് പറഞ്ഞു. അയൺ ടാബ് കൊടുത്താല്‍ ലവളുടെ വയറിന് എട്ടിന്റെ പണി കിട്ടുമെന്ന്‍ ഉറപ്പാണ്. അതുകൊണ്ട് തല്ക്കാലം ലോഹാസവവും, ദ്രാക്ഷാരിഷ്ടവും രണ്ട് നേരം വീതം കൊടുത്തു. ബ്ലഡ് കൂടിയിട്ടില്ലെങ്കില്‍ കഴിഞ്ഞ തവണത്തെ പോലെ ഇഞ്ചക്ഷന്‍ എടുക്കാം എന്ന് കരുതി.
 
29.06.2017
വീണ്ടാമതും ചെക്കപ്പ്‌. Hb കുറവ്‌ ഉണ്ടാകുമെന്നും, അതിനാൽ ഇഞ്ചക്ഷൻ വേണ്ടി വരുകയും ചെയ്യും എന്ന പ്രതീക്ഷയിൽ ആണ്‌ ആശുപത്രിയിലേക്ക്‌ പോയത്‌. അവിടെ എത്തിയ ഉടനെ തന്നെ ബ്ലഡ്‌ Hb ടെസ്റ്റ്‌ ചെയ്യാൻ നൽകി.

Hb യുടെ ഫലം സന്തോഷം നൽകുന്നതായിരുന്നു. 8.6 ൽ നിന്നും 9.1 ആയി കൂടിയിട്ടുണ്ട്‌. ലോഹാസവം, ദ്രാക്ഷാരിഷ്ടം കോമ്പിനേഷൻ ഏറ്റിരിക്കുന്നു.
"കുറച്ച്‌ നേരത്തേ തന്നെ ഈ പണി ചെയ്തുകൂടായിരുന്നോ ?" എന്ന് മനസ്സ്‌ ചോദിച്ചെങ്കിലും "ഓരോന്നിന്നും അതിന്റേതായ സമയം ഉണ്ടല്ലോ ദാസാ" എന്ന് പറഞ്ഞ്‌ മ്മൾ മനസ്സിനെ സമാധാനിപ്പിച്ചു.

ചെക്കപ്പിൽ വേറെ പ്രശ്നം ഒന്നും ഇല്ല. രണ്ടാഴ്ച കഴിഞ്ഞ്‌ സ്കാൻ ചെയ്യാനും, Hb യും GCT യും ഒന്നു കൂടി നോക്കാനും ഗൈനക്ക്‌ പറഞ്ഞു.

എന്നാൽ GCT നോക്കുന്നത്‌ അനാവശ്യമായിരുന്നു. കാരണം ആദ്യം നോക്കിയപ്പോൾ നോർമൽ ആയിരുന്നു. മാത്രമല്ല പ്രമേഹത്തിന്റെ യാതൊരു വിധ പ്രശ്നങ്ങളും ഇല്ല. ഇനി ഷുഗർ നോക്കൽ ആവശ്യമാണെങ്കിൽ തന്നെ FBS നോക്കിയാൽ മതിയായിരുന്നു. 50 ഗ്രാം ഗ്ലൂക്കോസ്‌ പൗഡർ ഒറ്റയടിക്ക്‌ കുടിപ്പിച്ച്‌ ആളെ ബുദ്ധിമുട്ടിക്കേണ്ട കാര്യം ഇല്ല.

02.07.2017
ഞായറാഴ്ച ആയത് കൊണ്ട്‌ മ്മൾ വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ മുതൽ അവൾ ബാക്ക്‌ പെയിൻ ഉണ്ടെന്ന് പറയുന്നുണ്ട്‌. എങ്കിലും അതത്ര കാര്യമാക്കിയില്ല. അതൊക്കെ ഈ അവസ്ഥയിൽ ഉണ്ടാവും എന്ന് പറഞ്ഞു. എന്നാൽ സമയം പോകുന്നതോടെ അവൾ വേദന കൂടുന്നുണ്ട്‌ എന്നും, ആ വേദന മുൻഭാഗത്തേക്ക്‌ വ്യാപിക്കുന്നുണ്ട്‌ എന്നും പറഞ്ഞു.

"അക്കുവിനെ പ്രസവിക്കാരായപ്പോഴും ഇങ്ങനെയൊക്കെ ആയിരുന്നു" എന്ന് കൂടി അവൾ പറഞ്ഞതോടെ മ്മളും ആശയക്കുഴപ്പത്തിൽ ആയി.

സ്റ്റെത്ത്‌ വെച്ച്‌ മ്മൾ ഫീറ്റൽ ഹാർട്ട്‌ സൗണ്ട്‌ നോക്കി. അതൊക്കെ പ്രശ്നമില്ലാതെ തന്നെ കിട്ടുന്നുണ്ട്‌. എന്നാൽ അവളുടെ മുഖം കൂടി വേദനയുടെ ലക്ഷണങ്ങൾ കാണിച്ച്‌ തുടങ്ങിയതോടെ ഗൈനക്കിന്റെ അടുത്ത്‌ പോകാൻ തീരുമാനിച്ചു.

"ഇപ്പോൾ പ്രസവിക്കരുത്‌" എന്നായിരുന്നു മ്മടെ പ്രാർത്ഥന. എട്ടാം മാസം നാളേക്ക്‌ പൂർത്തിയായി ഒമ്പതിലേക്ക്‌ കടക്കുകയേ ഉള്ളൂ. ഇപ്പോൾ പ്രസവിച്ചാൽ അതിനെ പ്രീമെച്ച്വർ ആയി കണക്കാക്കേണ്ടി വരും. ഒരു മൂന്നാഴ്ച കൂടി കഴിഞ്ഞാണെങ്കിൽ പ്രശ്നം ഉണ്ടാകില്ല. ഗൈനക്കും, സ്കാനും പറയുന്ന ഡേറ്റ്‌ ആഗസ്റ്റ്‌ 10 ആണെങ്കിലും, ഞാൻ പ്രതീക്ഷിക്കുന്നത്‌ ജൂലായ്‌ 20 നും 30 നും ഇടയിലാണ്‌. ജൂലായ്‌ 25 നോട്‌ അടുത്ത്‌ ആവാൻ ആണ്‌ കൂടുതൽ സാധ്യത.

എന്തായാലും ഗൈനക്കിനെ കാണാൻ ആശുപത്രിയിലേക്ക്‌ പോയത്‌ ഒരു പ്രസവം ഉണ്ടായാൽ കൈകാര്യം ചെയ്യാൻ വേണ്ട ഫുൾ സെറ്റപ്പിൽ ആയിരുന്നു. കുട്ടിക്ക്‌ തൊട്ട്‌ കൊടുക്കാനുള്ള തേൻ വരെ കരുതി.

അവളുടെ വീട്ടിലേക്ക്‌ വിളിച്ച്‌ വിവരം പറഞ്ഞില്ല. ഗൈനക്കിന്റെ അഭിപ്രായം അറിഞ്ഞ ശേഷം മതിയല്ലോ അത്‌. വെറുതെ അവരെ ബേജാറാക്കി മണ്ടിക്കേണ്ടല്ലോ !

അങ്ങനെ ഗൈനക്കിനെ കണ്ടു. അവർ പരിശോധന നടത്തി. ഗർഭപാത്രം തുറന്നിട്ടില്ല എന്നും, പ്രസവവുമായി ബന്ധപ്പെട്ട വേദനയല്ല എന്നും അവർ പറഞ്ഞു. മൂത്രത്തിൽ പഴുപ്പ്‌ ഉണ്ടോ എന്ന് നോക്കാൻ യൂറിൻ ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു.

മൂത്രത്തിൽ പഴുപ്പ്‌ ഇപ്പോൾ അവൾക്ക്‌ ഇല്ല എന്ന് എനിക്ക്‌ ഉറപ്പായിരുന്നു. കാരണം പനിയോ, പഴുപ്പ്‌ ഉണ്ടാകുമ്പോൾ ഉള്ള മറ്റു ലക്ഷണങ്ങളോ ഒന്നും അവൾക്കില്ല. മാത്രമല്ല നല്ലം വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്‌. മ്മൾ കൊടുക്കുന്ന കഷായവും മൂത്രപ്പഴുപ്പ്‌ ഉണ്ടാവുന്നതിനെ തടയുന്നതാണ്‌.

എന്തായാലും മൂത്രം ടെസ്റ്റ്‌ ചെയ്തു. അതിൽ പഴുപ്പ്‌ ഒന്നും ഇല്ല. ഗൈനക്ക്‌ ഡോളോ 650 ഉം മറ്റു ചില വേദന സംഹാരികളും എഴുതി നൽകി. ഒപ്പം ചെറിയ വേദനയൊക്കെ ഇനി ഉണ്ടാവും എന്ന് പറഞ്ഞു.

"ഡോളോയും മറ്റു വേദന സംഹാരികളും വാങ്ങണ്ടാ" എന്ന് അവൾ പറഞ്ഞു. മ്മടെ കയ്യിൽ നിന്ന് കിട്ടൂലാ എന്ന് ഉറപ്പുള്ള സാധനം "അത്‌ ഇക്ക്‌ വേണ്ടാ" എന്ന് പറഞ്ഞ്‌ ഗോളടിക്കാൻ കിട്ടിയ ചാൻസ്‌ ലവൾ കളഞ്ഞില്ല.

"വേദനക്ക്‌ വേണങ്കിൽ അവർ ഇഞ്ചക്ഷൻ വെക്കാം എന്ന് പറഞ്ഞിരുന്നു. അത്‌ വാണ്ടാ ന്ന് ഞാൻ പറഞ്ഞു." എന്നും ഗൈനക്കിന്റെ മുറിയിൽ നിന്നും പുറത്തിറങ്ങിയ ലവൾ പറഞ്ഞു.

"ഇജ്ജ്‌ ആൾ ഒരു സംഭവാട്ടോ. വേറെ ആരെങ്കിലും ആണെങ്കിൽ വേദന സഹിക്കാൻ വയ്യേ... ഇഞ്ചക്ഷൻ തായോ... എന്ന് പറഞ്ഞ്‌ കരഞ്ഞിരുന്നു." എന്ന് പറഞ്ഞ്‌ മ്മൾ ഓളെ പ്രോത്സാഹിപ്പിച്ചു.

"ഇക്ക്‌ വേദന വന്നപ്പൊ പ്രസവത്തിന്റെ ആണോ എന്ന കൺഫ്യൂഷൻ തോന്നി. അതേയി. അത്‌ മാറ്യേതോടെ സമാധാനായി." എന്നവൾ പറഞ്ഞു.

11.07.2017
ബ്ലഡ്‌ ടെസ്റ്റുകൾ നടത്തി. ഷുഗർ കുഴപ്പം ഇല്ല. Hb 9.2 ആയി. അതിൽ ചെറിയ ഒരു മാറ്റമേ ഉണ്ടായിട്ടുള്ളൂ.

15.07.2017
സ്കാനിംഗ്‌ നടത്തി. കുഴപ്പം ഒന്നും ഇല്ല. എനിക്ക്‌ നല്ല പനി തുടങ്ങുന്ന ലക്ഷണം ഉണ്ട്‌. നല്ല ക്ഷീണവും. അതുകൊണ്ട്‌ ഗൈനക്കിനെ വേറെ ഒരു ദിവസം വന്ന് റിപ്പോർട്ട്‌ കാണിക്കാം എന്ന് കരുതി.

17.07.2017
സ്കാനിംഗ്‌ റിപ്പോർട്ടുമായി ഗൈനക്കിനെ കണ്ടു. Hb ടെസ്റ്റ്‌ നടത്തി. Hb 9.5 ആയിട്ടുണ്ട്‌. എങ്കിലും "Feromira ഇഞ്ചകഷൻ നൽകിയാലോ ?" എന്ന് ഗൈനക്ക്‌ ചോദിച്ചു.
കഴിഞ്ഞ തവണ സിസേറിയൻ ആയതുകൊണ്ടും, അടുത്ത ആഴ്ചയോ, ഒരു പക്ഷേ ഈ ആഴ്ചയോ തന്നെ പ്രസവ / സിസേറിയൻ സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല എന്നത്‌ കൊണ്ടും, എമർജൻസിയായി ബ്ലഡ്‌ ട്രാൻസ്‌ഫ്യൂഷൻ നടത്തുന്നതിനേക്കാൾ സൗകര്യവും, സുരക്ഷിതത്വവും ഇഞ്ചക്ഷന്‌ ആണ്‌ എന്നുള്ളത്‌ കൊണ്ടും അത്‌ നൽകാം എന്ന് തീരുമാനിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ മൂന്ന് ദിവസം ഇഞ്ചക്ഷൻ വെക്കാനാണ്‌ ഗൈനക്ക്‌ നിർദ്ദേശിച്ചത്‌. ആദ്യ ഡോസ്‌ ഇന്നു തന്നെ നൽകി.

24.07.2017
രാവിലെ ചായ കുടി ഒക്കെ കഴിഞ്ഞ്‌, ക്ലിനിക്കിലേക്ക്‌ ഇറങ്ങാൻ നിൽക്കുമ്പോൾ ലവൾ ഊര വേദനിക്കുന്നുണ്ട്‌ എന്ന് പറഞ്ഞു. ഒപ്പം ചെറുതായി ഫ്ലൂയിഡും പോകുന്നുണ്ട്‌. ലവളുടെ എക്‌സ്പ്രഷൻ കണ്ടപ്പോൾ സംഭവം പന്തിയല്ല എന്ന് തോന്നി. വേഗം ആശുപത്രിയിലേക്ക്‌ വിട്ടു. പത്ത്‌ മണിയോടെ ലേബർ റൂമിൽ കയറ്റി.

"ഗർഭപാത്രം ശരിക്ക്‌ തുറക്കുന്നില്ല, ഫ്ലൂയിഡ്‌ പോകുന്നുണ്ട്‌, സിസേറിയൻ ഉടനെ വേണ്ടി വരും. കൂടുതൽ കാത്ത്‌ നിന്നാൽ ചിലപ്പോൾ റിസ്ക്‌ ആവാൻ സാധ്യതയുണ്ട്‌. പ്രത്യേകിച്ച്‌ ആദ്യത്തേതും സിസേറിയൻ ആയ സ്ഥിതിക്ക്‌." - പരിശോധനക്ക്‌ ശേഷം ഗൈനക്ക്‌ പറഞ്ഞു.

ഏകദേശം മ്മൾ പ്രതീക്ഷിച്ചിരുന്ന വാക്കുകൾ തന്നെയായിരുന്നു അത്‌. എന്തായാലും സിസേറിയൻ നടത്താൻ സമ്മതം നൽകി. പിന്നെ അതിനുള്ള ഒരുക്കങ്ങൾ. ലവൾ തിയേറ്ററിലേക്ക്‌.

പിന്നെ കാത്തിരിപ്പ്‌.
"പെൺകുട്ടിയാണ്‌. സമയം 11.45. കുഴപ്പം ഒന്നും ഇല്ല." ഏകദേശം11.50 നു നഴ്‌സ്‌ വന്നു പറഞ്ഞു.

അൽഹംദുലില്ലാഹ്‌... നാഥൻ ഒരിക്കൽ കൂടി അനുഗ്രഹിച്ചിരിക്കുന്നു...

പിന്നെ ലവളെ കാണാനുള്ള കാത്തിരിപ്പ്‌... അങ്ങനെ ലവളെ കൊണ്ടു വന്നു... ഉമ്മ കൊടുക്കൽ, ബാങ്ക്‌ വിളി, തൊട്ടുകൊടുക്കൽ.... 
അങ്ങനെ ആ സന്തോഷ ദിനം....!

അബസ്വരം :
കുടുംബത്തിനും, നാടിനും ഗുണമുള്ള, സന്മാർഗ്ഗത്തിൽ സഞ്ചരിക്കുന്ന ഒരാളായി വളരാൻ അവളേയും, അങ്ങനെ വളർത്താൻ ഞങ്ങളേയും നാഥൻ അനുഗ്രഹിക്കട്ടെ....
ആമീൻ

6 comments:

 1. അടുത്ത ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു....

  ReplyDelete
 2. തേൻ തൊട്ടു കൊടുത്താൽ ഫുഡ് poison വരും എന്ന് പറയുന്നുണ്ടല്ലോ

  ReplyDelete
  Replies
  1. അതൊക്കെ ചുമ്മാ... നല്ല തേന്‍ ആണെങ്കില്‍ ഒരു കുഴപ്പവും ഇല്ല.

   Delete
 3. നന്നായിട്ടുണ്ട് ,താങ്കളുടെ മകൾ നല്ല ഈമാനുള്ള മകളായി വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... ഡോക്ടറെ ഇതിന്റെ ഒന്നാം ഭാഗം എവിടെയാണ് ലിങ്ക് കാണുന്നില്ലല്ലോ ...

  ReplyDelete
 4. ആമീൻ
  "My Stories" എന്ന ടാബിൽ ക്ലിക്കിയാൽ കിട്ടും

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....