Saturday, July 09, 2016

അബസ്വര സംഹിത - പതിനേഴാം ഖണ്ഡം


അബസ്വരങ്ങള്‍ അടയാളപ്പെടുത്തല്‍ തുടരുന്നു...

                                                                     801
                                                                     *****
10.02.2016
"കാന്തപുരം റസൂലിന്റെ മുടി ഉയർത്തിക്കാട്ടിയത്‌ വരുമാനത്തിന്‌." - പാലോളി മുഹമ്മദ്‌ കുട്ടി.

പണ്ട്‌ ഇതുപോലെ ഒരു "ബോഡി വേസ്റ്റ്‌" പ്രയാഗം പിണറായിയും നടത്തിയിരുന്നല്ലോ?

ഇങ്ങനെ എന്തൊക്കെ സഖാക്കൾ കാന്തപുരത്തെ അപമാനിക്കാനായി പറഞ്ഞാലും, ഇലക്ഷൻ വന്നാൽ 'ശത്രൂന്റെ ശത്രു മിത്രം' സിദ്ധാന്തം മുറുകെ പിടിച്ച്‌ കാന്തപുരം അണികൾക്ക്‌ രഹസ്യമായി നിർദ്ദേശം നൽകും - "വോട്ട്‌ കുത്തിനെടാ പടച്ചോൻ ഇല്ല എന്ന് പറയുന്ന കമ്യൂണിസ്റ്റുകൾക്ക്‌".

അണികൾ ഉസ്താദിന്റെ ബർക്കത്ത്‌ കിട്ടാനും, പ്രാക്ക്‌ തട്ടാതിരിക്കാനുമായി ആഗ്രഹിച്ച്‌ ഉസ്താദ്‌ പറഞ്ഞപോലെ ആഞ്ഞ്‌ കുത്തുകയും ചെയ്യും.

വോട്ട്‌ പെട്ടീൽ ആയാൽ വീണ്ടാമതും സഖാക്കൾ ഇറങ്ങും. എന്നിട്ട്‌ "സ്ത്രീകൾക്ക്‌ മാത്രമേ പ്രസവിക്കാൻ കഴിയൂ" എന്ന് കാന്തപുരം പറഞ്ഞത്‌ വളച്ച്‌ ഒടിച്ച്‌ "സ്ത്രീകൾക്ക്‌ പ്രസവിക്കാൻ മാത്രമേ കഴിയൂ" എന്ന് പറഞ്ഞൂ എന്നും പറഞ്ഞ്‌ പൊങ്കാല തുടങ്ങും.

ഇലക്ഷൻ വന്നാൽ ചക്രം വീണ്ടാമതും തിരിയും.

അബസ്വരം :
"ഹാദാ കൗമുൻ ജാഹിലൂൻ" - ഇത്‌ ഞാൻ പറഞ്ഞതല്ല, ഹംസാക്ക പറഞ്ഞതാ.
മ്മൾ ഇതേ പറയൂ - "ഓർമ്മകൾ ഉണ്ടായിരിക്കണം."

                                                                     802
                                                                     *****
12.02.2016
ജയരാജന്റെ രോഗത്തിനുള്ള ചികിൽസ ഉള്ള ആശുപത്രിയിൽ ഇപ്പോഴാണ്‌ ജയരാജൻ എത്തിയിരിക്കുന്നത്‌.
കൊറച്ച്‌ കാലം അതിനുള്ളിൽ കിടന്നാൽ ജയരാജന്റെ സൂക്കേട്‌ മാറും എന്ന് പ്രത്യാശിക്കുന്നു.

അബസ്വരം :
"പലനാൾ രോഗി ഒരു നാൾ ആശുപത്രീൽ" എന്നാണല്ലോ സൊല്ല്.


                                                                     803
                                                                     *****
12.02.2016
ജയരാജനെ അറസ്റ്റ്‌ ചെയ്തതുമായി ബന്ധപ്പെട്ട്‌ ഒരു സഖാവിന്റെ കമന്റ്‌ ഇതായിരുന്നു.
"ജയിൽ ആണുങ്ങൾക്ക്‌ ഉള്ളതാ..."

അത്‌ വായിച്ചപ്പോൾ മുൻകൂർ ജാമ്യം കിട്ടാനായി ജയരാജൻ മണ്ടി പാഞ്ഞത്‌ അറിയാതെ ഓർത്ത്‌ പോയി !!

ജയിൽ ആണുങ്ങൾക്ക്‌ ഉള്ളതാണെങ്കിൽ ജാമ്യം തേടാതെ നേരെ ജയിലിൽ പോയി കിടന്നാൽ പോരേ സഖാവേ ?

മുൻകൂർ ജാമ്യം കിട്ടാതെ വരുമ്പൊ ഓർമ്മവരാനുള്ളതാണല്ലേ ആണത്തം ?

അബസ്വരം :
ആണത്തം എന്നത്‌ ഞാനറിയും,
പോലീസ്‌ വരുമ്പോ ആസ്പത്രീക്ക്‌ മണ്ടും.


                                                                     804
                                                                     *****
13.02.2016
"ജയരാജനെ മറ്റൊരു മഅദനി ആക്കുവാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. കള്ളക്കേസിൽ കുടുക്കി മഅദനിയെ 12 കൊല്ലമാണ്‌ ജയിലിൽ അടച്ചത്‌." - കൊടിയേരി ബാലകൃഷ്ണൻ.

മോനെ, പൂമൂടി കൊടിയേരീ,
ആരാണ്‌ മഅദനിയെ പുടിച്ച്‌ കർണ്ണാടക പോലീസിന്‌ കൊടുത്തത്‌ ? അന്ന് ആരായിരുന്നു ആഭ്യന്തരൻ ? മഅദനിയെ തമിഴ്‌നാട്‌ സർക്കാറിന്‌ കാഴ്ചവെച്ചപ്പോൾ ആരായിരുന്നു ഭരിച്ചിരുന്നത്‌ ? താൻ നിരപരാധിയാണ്‌ എന്ന് മഅദനി കരഞ്ഞു പറഞ്ഞപ്പോൾ അത്‌ സഖാക്കളുടെ ചെവിയിൽ കയറിയിരുന്നോ ? പിന്നീട്‌ മഅദനിക്ക്‌ എന്ത്‌ നിയമസഹായമാണ്‌ നിങ്ങടെ സർക്കാർ നൽകിയിരുന്നത്‌ ?
മഅദനിയെ ജയിലിൽ അടച്ചത്‌ ഭരണ നേട്ടമായി പ്രഖ്യാപിച്ചതും നിങ്ങടെ സി പി എം തന്നെ ആയിരുന്നില്ലേ ?

അബസ്വരം :
ഓർമ്മകൾ കൃത്യമായി ഉണ്ടായിരിക്കണം ബാലകൃഷ്ണാ.
ഓർമ്മക്കുറവ്‌ ഉണ്ടെങ്കിൽ ഓർമ്മ തെളിയാൻ ഒരു പൂമൂടൽ നേർന്ന് നോക്കൂ !

                                                                     805
                                                                     *****
14.02.2016
വാലിന്റെ ഡേല്‍ കുടുങ്ങി യുവ കാമുകീ കാമുകന്മാരുടെ കിണ്ണാങ്ക്രിതിടെ കണ്ടന്‍സര്‍ പോവാതിരിക്കട്ടെ എന്നാശംസിക്കുന്നു.

അബസ്വരം :
വാലിന്റെ ഡേ ഇനിയും വരും, കിണ്ണാങ്ക്രിതി പോയാ പോയതാ !!

                                                                     806
                                                                     *****
14.02.2016
ഡല്‍ഹിയില്‍ സി പി ഐ എം ഓഫീസിന് നേരെ ഉണ്ടായ ആക്രമണം അപലപനീയമാണ്. എതിര്‍ പാര്‍ട്ടികാരുടെ ഓഫീസ് തകര്‍ത്തോ, എതിര്‍ പാര്‍ട്ടിക്കാരെ അക്രമിച്ചോ, കരി ഓയില്‍ പ്രയോഗം നടത്തിയോ അല്ല പാര്‍ട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്.

അബസ്വരം :
തങ്ങളുടെ പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരും, സി പി എമ്മുകാരാല്‍ അക്രമിക്കപ്പെടാത്ത എല്ലാ പാര്‍ട്ടികളും ഈ വിഷയത്തില്‍ ശക്തമായി പ്രതിഷേധിക്കാനും, സി പി എമ്മിനെ പിന്തുണക്കാനും മുന്നോട്ട് വരും എന്ന് പ്രത്യാശിക്കുന്നു.

                                                                     807
                                                                     *****
15.02.2016
തിരൂർ താലൂക്ക്‌ ഇരിമ്പിളിയം അംശം ദേശത്ത്‌ താമസിക്കുന്ന പെരിങ്ങാട്ടുതൊടിയിൽ അബ്‌സാർ മുഹമ്മദ്‌.പി.എ എന്ന വ്യക്തി ഇടക്കിടെ ഭാരതമാതാ കീ ജയ്‌ എന്ന് ചൊല്ലാറുണ്ട്‌ എന്നും, ദിവസവും ശ്രീ.നരേന്ദ്ര ദാമോദർ ദാസ്‌ മോഡിയുടെ ചിത്രത്തിനു മുന്നിൽ ബഹുമാനത്തോടെ കൈ കൂപ്പി നിൽക്കാറുണ്ട്‌ എന്നും, ആർ എസ്‌ എസ്‌ ശാഖാ ഓഫീസുകൾക്ക്‌ മുന്നിലൂടെ പോകുമ്പോൾ ചെരിപ്പ്‌ അഴിച്ച്‌ വെക്കാറുണ്ട്‌ എന്നും, പശുവിനെ കാണുമ്പോൾ സല്യൂട്ട്‌ അടിക്കാറുണ്ട്‌ എന്നും എന്റെ അന്യേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ ടിയാൻ 15.02.2016 എന്ന തീയ്യതിയിൽ ഒരു രാജ്യസ്നേഹി ആണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു.
ഒപ്പ്‌
വില്ലേജ്‌ ഓഫീസർ
രാജ്യസ്നേഹ വിഭാഗം
വില്ലേജ്‌ ഓഫീസ്‌
ഇരിമ്പിളിയം.

അബസ്വരം :
ഇതല്ലേ സംഘികൾ പറയുന്ന ആ രാജ്യസ്നേഹ സർട്ടിബിസ്ക്കറ്റ്‌ ?

                                                                     808
                                                                     *****
16.02.2016
സമസ്ത മീറ്റിംഗില്‍ പത്ത്‌ ലക്ഷം കണ്ണുകൾ ഒരു അമേധ്യക്കുഴിയിലേക്കുള്ള വാതിലിലേക്ക്‌ നോക്കി എന്നൊക്കെ പറഞ്ഞാൽ....!

ഇത്‌ സംഘികളേക്കാളും ഇമ്മിണി ബല്യ തള്ളലായല്ലോ ശരണ്യ തമ്പുരാട്ട്യേയ്‌ ?

അബസ്വരം :
ഓരോരുത്തരുടെ ഓരോ പൂത്യേയ്‌ !!


                                                                     809
                                                                     *****
17.02.2016
ജെ എൻ യു - ഇനി മുതൽ ഇന്ത്യയിലെ ഒരു സർവ്വകലാശാല മാത്രം ആവുന്നില്ല.
"ഗോഡ്‌സേയുടെ മക്കളായ ആർ എസ്‌ എസ്സുകാർ ഇന്ത്യൻ ജനതയെ ദേശസ്നേഹം പഠിപ്പിക്കേണ്ട" എന്ന് ആർ എസ്‌ എസ്സിനെ പഠിപ്പിക്കുന്ന മഹത്തായ ഗുരുവായി ജെ എൻ യു മാറിയിരിക്കുന്നു.

കനയ്യ കുമാറുമാരെ ആർ എസ്‌ എസ്‌ കരിയിൽ മുക്കി എടുക്കാൻ ശ്രമിച്ചാൽ കരി പുരളുന്നത്‌ കനയ്യമാരിലല്ല, മറിച്ച്‌ ഗോഡ്‌സേമാരിലാണ്‌ എന്ന് ജെ എൻ യു വിലൂടെ കാലം തെളിയിക്കും.

അബസ്വരം :
ആർ എസ്‌ എസ്സിനെ മൂലക്കിരുത്തി അവരെ നാമാവശേഷമാക്കാൻ ഇന്ത്യയിലെ മതേതര പാർട്ടികൾ പരസ്പരമുള്ള ചക്കൊളത്തി പോരുകൾ മാറ്റിവെച്ച്‌ ഒന്നിക്കേണ്ട സമയമാണിത്‌. ഈ സമയവും ഈ പാർട്ടികൾ ചക്കൊളത്തിപ്പോരുമായി നടന്നാൽ അത്‌ ഇന്ത്യയുടെ അന്ത്യമായിരിക്കും എന്ന് ജെ എൻ യു അടയാളപ്പെടുത്തുന്നു.

                                                                     810
                                                                     *****
18.02.2016
"നാനാത്വത്തിൽ ഏകത്വം" ആണ്‌ ഇന്ത്യയുടെ മുഖമുദ്ര.
അല്ലാതെ "നാനാത്വത്തിൽ ഏകാധിപത്യം" അല്ല.

അബസ്വരം :
ഗോഡ്‌സേയുടെ മക്കൾക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടായി പോരാടട്ടെ.

                                                                     811
                                                                     *****
18.02.2016
രാഷ്ട്രീയപരമായി എന്തൊക്കെ പരാജയങ്ങളും, പോരായ്മകളും ഉണ്ടായിട്ടുണ്ടെകിലും രാഹുൽ ഗാന്ധി ഒരു ഭീരുവല്ല.

മുത്തശ്ശി ഇന്ദിരയേയും, പിതാവ്‌ രാജീവിനേയും രാഹുലിന്‌ നഷ്ടപ്പെട്ടത്‌ അവർക്ക്‌ ഹാർട്ട്‌ അറ്റാക്ക്‌ വന്നിട്ടായിരുന്നില്ല. അതുകൊണ്ട്‌ തന്നെ താൻ രാഷ്ട്രീയത്തിൽ സജീവമാകുന്നത്‌ തന്റെ ജീവൻ പണയം വെച്ചുകൊണ്ടുള്ള പരിപാടിയാണ്‌ എന്ന് മറ്റാരേക്കാളും നന്നായി രാഹുലിന്‌ അറിയുകയും ചെയ്യാം.

അതുകൊണ്ട്‌ വെടി എന്നും തോക്ക്‌ എന്നും പറഞ്ഞ്‌ രാഹുലിനെ പേടിപ്പിക്കാമെന്ന് കരുതുന്നത്‌ ദിവാസ്വപ്നം മാത്രമാണെന്ന് തിരിച്ചറിയാനുള്ള ബോധം എങ്കിലും സംഘികൾക്ക്‌ ഉണ്ടാവണം.
അബസ്വരം :
മരണത്തെ ഭയക്കുന്നവർ മാത്രമേ "കൊല്ലും" എന്ന് പറഞ്ഞ്‌ ഭീഷണി മുഴക്കുകയുള്ളൂ.
                                                                     812
                                                                     *****
19.02.2016
'വിവാഹം' എന്ന പേരിൽ മതങ്ങൾ സൃഷ്ടിച്ചെടുത്ത സംവിധാനത്തോട്‌ പ്രതിപത്തിയില്ലാത്ത സി പി എം സഖാക്കൾ ബംഗാളിൽ കോൺഗ്രസ്സുമായി വിവാഹം കഴിക്കാതെയുള്ള ബന്ധപ്പെടലിന്‌ ഒരുങ്ങുമ്പോൾ അതിനവരെ വിമർശിക്കരുത്‌.
മതമില്ലാത്ത ജീവനുകളെ ആഗ്രഹിക്കുന്നവർ "വിവാഹം കഴിച്ചേ ബന്ധപ്പെടൂ" എന്ന് പറയാൻ പാടില്ലല്ലോ !

എന്തായാലും ഇന്നലെ വരെ "വെടി" എന്ന് വിളിച്ച്‌ നടന്നവളോടൊപ്പം, നാല്‌ കുട്ടികളെ കിട്ടാൻ വേണ്ടി രാത്രിയുടെ അന്ത്യയാമങ്ങളിൽ പിന്നാമ്പുറ വാതിലൂടെ രഹസ്യമായി ശയിക്കാൻ പോകുന്ന വിപ്ലവന്മാർക്ക്‌ അഭിവാദ്യങ്ങൾ.

"ആക്രാന്തവും തീരണം, കുട്ടിയും ഉണ്ടാവണം" - എന്ന ലക്ഷ്യം പൂവണിയാൻ 'വിവാഹം' എന്ന ബൂർഷാ സമ്പ്രദായം അത്യന്താപേക്ഷിതമല്ലല്ലോ.

അബസ്വരം :
വല്ലവർക്കും ഇതിന്റെ പേരിൽ സി പി എമ്മിനെ വിമർശിക്കാൻ മുട്ടുന്നുണ്ട്‌ എങ്കിൽ ഒന്നോർക്കുക - "ഇത്‌ പാർട്ടിക്ക്‌ നേട്ടം ഉണ്ടാക്കാനോ, നേതാക്കന്മാർക്ക്‌ സുഖം അനുഭവിക്കാനോ അല്ല, ജനങ്ങൾക്ക്‌ വേണ്ടി മാത്രമാണ്‌."

                                                                     813
                                                                     *****
19.02.2016
ഇന്ത്യ എന്റേയും എന്റെ നാട്ടുകാരുടേയും രാജ്യമാണ്‌. രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്‌സേയുടെ മക്കളും, തെമ്മാടികളും, കൊലയാളികളും, കള്ളന്മാരും ഒഴികെയുള്ള എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്. എന്റെ രാജ്യത്തിലെ നാനാത്വത്തിലെ ഏകത്വത്തിൽ ഞാൻ അഭിമാനം കൊള്ളുകയും, നാനാത്വത്തിലെ ഏകാധിപത്യത്തെ ഞാൻ വെറുക്കുകയും ചെയ്യുന്നു.
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.

അബസ്വരം :
ഇങ്ങനെ പറഞ്ഞാ ദേശസ്നേഹി അല്ലാതാവുമോ ?

                                                                     814
                                                                     *****
20.02.2016
ഗോധ്രയിലെ ട്രയിൻ കത്തിക്കലിന്‌ പിന്നിൽ ബി ജെ പി ആണെന്ന പട്ടേൽ നേതാക്കളുടെ വെളിപ്പെടുത്തൽ രാജ്യത്തെ തന്നെ നടുക്കുന്നതാണ്‌.
അധികാരം നേടാൻ എന്ത്‌ തെമ്മാടിത്തരവും ചെയ്യാനും, അത്‌ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനും ഗോഡ്‌ സേയുടെ മക്കൾ മടിക്കില്ല എന്ന് ചരിത്രം പരിശോധിക്കുന്നവർക്ക്‌ മനസ്സിലാവും.

അബസ്വരം :
സത്യം എത്ര മൂടിവെച്ചാലും അതൊരുനാൾ മറ നീക്കി പുറത്ത്‌ വരുക തന്നെ ചെയ്യും.


                                                                     815
                                                                     *****
21.02.2016
ദേശങ്ങൾക്കിടയിൽ മതിൽ പണിയുന്ന,
മുസ്ലിംകൾക്ക് നിരോധമേർപ്പെടുത്തുന്ന,
അഭയാർത്ഥികളെ പുറം തള്ളുന്ന
ഡൊണാൾഡ് ട്രംപ് ക്രിസ്ത്യാനിയല്ലെന്ന ഫ്രാൻസിസ് പാപ്പയുടെ പ്രഖ്യാപനത്തിന്‌ അഭിനന്ദനങ്ങൾ.

അമേരിക്കയിലെ മോഡിയായി മാറാൻ ശ്രമിക്കുന്ന ട്രംപിനെ പുറം തള്ളാനുള്ള വിവേകം അമേരിക്കൻ ജനതക്ക്‌ ഉണ്ടാവും എന്ന് പ്രത്യാശിക്കാം.

അബസ്വരം :
യുണൈറ്റഡ്‌ സ്റ്റേറ്റ്സ്‌ ഓഫ്‌ അസഹിഷ്ണുത.

                                                                     816
                                                                     *****
22.02.2016
മദ്യം കഴിക്കുന്ന, പുകവലിക്കുന്ന, പെണ്ണ്‌ പിടിക്കുന്ന സീനുകളിൽ അഭിനയിച്ച്‌ ഒരു തലമുറയെ 'വൈകൃതങ്ങൾ മഹത്തരമാണ്‌' എന്ന് തോന്നിപ്പിക്കാൻ പ്രേരിപ്പിക്കുന്ന മോഹൻലാലിന്‌ തീർച്ചയായും രാജ്യസ്നേഹത്തെ കുറിച്ചും, യുവ തലമുറ വഴി തെറ്റുന്നതിനെ കുറിച്ചും പറയാൻ സ്വാതന്ത്ര്യമുണ്ട്‌.

മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ വെച്ച്‌ വിലയിരുത്തുമ്പോൾ, യുവ തലമുറയെ ഉപദേശിക്കാനുള്ള മിനിമം യോഗ്യതയാണല്ലോ മദ്യം കഴിക്കുന്നതിനും, പുകവലിക്കുന്നതിനും, പെണ്ണ്‌ പിടിക്കുന്നതിനും പ്രേരണ നൽകുന്ന രംഗങ്ങളിൽ അഭിനയിക്കുക എന്നത്‌.
അബസ്വരം :
ആനക്കൊമ്പ്‌ സിന്താവാ !
ആദർശം വിളമ്പൽ സിന്താവാ !!
വൈകീട്ടത്തെ പരിപാടി സിന്താവാ !!!


                                                                     817
                                                                     *****
22.02.2016
"അന്ധൻ ആനയെ കണ്ട പോലെ" എന്ന പ്രയോഗം പൊളിച്ചെഴുതേണ്ട സമയമായിരിക്കുന്നു.

അന്ധത എന്നത്‌ ഒരു അവയവത്തിന്റെ രോഗാവസ്ഥയാണല്ലോ. അതിനാൽ ആ രോഗം ബാധിച്ചവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല.
ഇത്തരം കാര്യങ്ങൾക്ക്‌ പ്രയോഗിക്കാൻ നല്ലത്‌ മനസ്സിന്റെ വൈകൃതാവസ്ഥ ഉൾപ്പെടുത്തിയ പ്രയോഗം ആണ്‌.
അതിനാൽ നമുക്ക്‌ ഇനി മുതൽ ആ പ്രയോഗം ഇത്തരത്തിൽ അടയാളപ്പെടുത്താം.
"ലാലേട്ടൻ ജെ എൻ യു കണ്ടപോലെ."

അബസ്വരം :
മംഗലശ്ശേരി നീലകണ്ഠന്റെ രാജ്യസ്നേഹം പഠിപ്പിക്കൽ അങ്ങ്‌ സ്ക്രീനിൽ മുണ്ടക്കൽ ശേഖരനോട്‌ മതി. ഇവിടെ സോഷ്യൽ മീഡിയയിൽ വേണ്ടാ.
പണി പാളും മോനേ ദിനേശാ !

                                                                     818
                                                                     *****
23.02.2016
"യെസ് ആർ എസ്‌ എസ്‌, രാഷ്ട്രീയ സ്വയം സേവക്‌ സംഘ്‌. ആ സംഘടനയുടെ ലക്ഷ്യമെന്താന്നറിയോ നിനക്ക്. അതറിയണമെങ്കില് ആദ്യം ഇന്ത്യ എന്താണെന്നു നീ അറിയണം. അക്ഷരങ്ങൾ അച്ചടിച്ചുകൂട്ടിയ പുസ്തകത്താളില് നിന്ന് നീ പഠിച്ച ഇന്ത്യ അല്ല, അനുഭവങ്ങളുടെ ഇന്ത്യ. കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരുടെയും ഇന്ത്യ. കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ. വയറ്റിലേക്ക്‌ ശൂലം കയറുന്ന ഗർഭിണിമാരുടെ ഇന്ത്യ. തൂറാൻ കക്കൂസില്ലാത്തവന്റെ ഇന്ത്യ. അധികാരം നേടാനായി വർഗീയ കലാപം സ്പോൺസർ ചെയ്യുന്ന മോഡിമാരുടെ ഇന്ത്യ. ജഡ്ക വലിച്ചുവലിച്ചു ചുമച്ചു ചോര തുപ്പുന്നവന്റെ ഇന്ത്യ. സൈനികരുടെ ശവപ്പെട്ടിയിൽ വരെ കുംഭകോണം നടത്തുന്നവരുടെ ഇന്ത്യ. അഭിപ്രായം പറഞ്ഞാൽ കൊലക്കത്തിക്ക്‌ ഇരയാവേണ്ടി വരുന്ന കൽബുർഗിമാരുടെ ഇന്ത്യ. സർക്കാറിനെ വിമർശിച്ചാൽ ജയിലിലാവുന്ന കനയ്യമാരുടേയും, ഉമ്മർമാരുടേയും ഇന്ത്യ. ബീഫ്‌ കഴിച്ചു എന്നാരോപിച്ച്‌ പട്ടാളക്കാരന്റെ പിതാവിനെ തല്ലിക്കൊല്ലുന്നവരുടെ ഇന്ത്യ. വളർത്തുനായക്കു കൊടുക്കുന്ന ബേബിഫുഡിൽ കൊഴുപ്പിന്റെ അളവ് കൂടിപ്പോയതിനു ഭർത്താവിനെ ശാസിച്ച് അത്താഴപ്പട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ ഇന്ത്യ. മക്കൾക്കു ഒരു നേരം വയറുനിറച്ച് വാരിയുണ്ണാൻ വക തേടി സ്വന്തം ഗർഭപ്പാത്രം വരെ വിൽക്കുന്ന അമ്മമാരുടെ ഇന്ത്യ. തങ്ങൾക്ക്‌ ഇഷ്ടമില്ലാത്തവർ പാക്കിസ്ഥാനിലേക്ക്‌ പോകണം എന്ന് പറയുന്ന ഭരണകർത്താക്കളുടെ ഇന്ത്യ. ദേശസ്നേഹം തെളിയിക്കാൻ ഗോഡ്‌സേയുടെ മക്കളെ തലയിൽ കയറ്റി നടക്കണം എന്ന് പറയുന്നവരുടെ ഇന്ത്യ. ഇന്നലെ നീ ബ്ലോഗിലൂടെ അപമാനിച്ച് ആട്ടി വിട്ടില്ലേ, ആ ജെ എൻ യു പോലെയുള്ള സർവ്വകലാശാലകളിൽ കഷ്ടപ്പെട്ട്‌ പഠിക്കുന്ന പാവം വിദ്യാർത്ഥികളുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യ. ആ ഇന്ത്യ മരിക്കുന്നത്‌ എപ്പോഴാണ്‌ എന്ന് തിരിച്ചറിയാൻ ആർ എസ്‌ എസ്‌ അക്കാഡമി വർഷാവർഷം ശാഖയിൽ അടവെച്ച് വിരിയിച്ചെടുക്കുന്ന സംഘികളുടെ ഓരിയിടൽ കേട്ടാൽ മനസ്സിലാവില്ല. അതിന്‌ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സോൾ ആത്മാവ് തൊട്ടറിയാനുള്ള സെൻസ് ഉണ്ടാവണം, സെൻസിബിലിറ്റി ഉണ്ടാവണം, സെൻസിറ്റിവിറ്റി ഉണ്ടാവണം."
അബസ്വരം :
ജസ്റ്റ്‌ റിമമ്പർ ദാറ്റ്‌ !


                                                                     819
                                                                     *****
23.02.2016
ജെ എൻ യുവിലെ ഉപയോഗിച്ച കോണ്ടം എണ്ണി നൂറിന്‌ മുകളിലും എണ്ണാൻ കഴിയുന്ന വിവരം ഉള്ളവരും സംഘികളുടെ കൂട്ടത്തിലുണ്ട്‌ എന്ന് തെളിയിച്ച ബി ജെ പി എം എൽ എ ഗ്യാൻ ദേവ്‌ അഹൂജക്ക്‌ അഭിനന്ദനങ്ങൾ.

അബസ്വരം :
ബൈ ദ ബൈ മൂത്രം ഒഴിക്കും വരെ കനയ്യയെ തല്ലിയപ്പോളും സംഘികൾ ഇതുപോലെ എണ്ണിയിരുന്നു എങ്കിൽ എന്ന് ചുമ്മാ ആശിച്ചു പോയി.

                                                                     820
                                                                     *****
25.02.2016
"ആവശ്യമില്ലാത്ത പാലങ്ങളും റോഡുകളും ഉണ്ടാക്കി യു ഡി എഫ്‌ കേരളത്തെ കടകെണിയിലാക്കി." - എളമരം കരീം.

ശരിയാ, എളമരം കരീമിന്‌ ആവശ്യമില്ലാത്ത പാലങ്ങളും റോഡുകളും എന്തിനാ സർക്കാരേ ഉണ്ടാക്കിയത്‌ ?

എളമരം കരീമും മറ്റു സഖാക്കളും സഞ്ചരിക്കുന്ന വഴികളിൽ മാത്രം റോഡും പാലവും ഉണ്ടാക്കിയാൽ പോരായിരുന്നോ ? കേരളത്തിൽ ബാക്കി ഉള്ള സ്ഥലങ്ങളിൽ എന്തിനാ ഇതൊക്കെ ? അവിടെയുള്ളവരൊക്കെ നടക്കാൻ അറിയുന്നോരല്ലേ ?

അബസ്വരം :
ഇത്തരം നാറിമരം കരീമുമാർ ഭരിച്ചാൽ നാടിന്റെ വികസനം പടവലങ്ങ പോലെ ആകുമെന്നതിൽ സംശയമില്ല.

                                                                     821
                                                                     *****
26.02.2016
പാർലിമെന്റിനേയും രാജ്യത്തേയും കള്ളം പറഞ്ഞ്‌ തെറ്റിദ്ധരിപ്പിക്കുക എന്നത്‌ രാജ്യദ്രോഹമല്ലേ ഇറാനിയമ്മായീ ??

അബസ്വരം :
മന്ത്രിയായി സത്യപ്രതിജ്ഞ്യ ചെയ്തപ്പോൾ ചൊല്ലിയ വാചകങ്ങൾ ഒരിക്കൽകൂടി സ്മൃതിയിലേക്ക്‌ കൊണ്ട്‌ വരണേ ബഡായിയമ്മായീ !

                                                                     822
                                                                     *****
26.02.2016
"അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത്‌ ശരിയായ തീരുമാനം ആയിരുന്നില്ല." - പി.ചിദംബരം.

ഇനി ചിദംബരസ്വരമുയർന്നിട്ടെന്ത്‌ കാര്യം ?
വാവിട്ട വാക്കും, തൂക്കുമരത്തിൽ അവസാനിച്ച ജീവനും തിരിച്ചെടുക്കാൻ കഴിയില്ല എന്ന് അറിയില്ലേ മിസ്റ്റർ മുന്നാൾ ആഭ്യന്തരൻ ??

മുൻ ആഭ്യന്തരമന്ത്രി എന്ന് നിലയിൽ താങ്കൾ ചെയ്യേണ്ട ഒരു കാര്യമുണ്ട്‌. പാർലിമെന്റ്‌ ആക്രമണവും, അതിൽ അഫ്സൽ ഗുരുവിന്റെ പങ്കും ഒരിക്കൽ കൂടി സത്യസന്ധമായി അന്യേഷിക്കാനുള്ള നിയമ നടപടികൾ സ്വീകരിക്കുക. എന്നിട്ട്‌ അഫ്സൽ ഗുരു യഥാർത്ഥത്തിൽ തെറ്റുകാരൻ ആയിരുന്നോ അല്ലയോ എന്ന് രാജ്യത്തെ സംശയരഹിതമായി അറിയിക്കുക. സംശയങ്ങൾ അവശേഷിപ്പിക്കേണ്ടതല്ല ഇത്തരം കേസുകൾ. എന്നിട്ട്‌ അഫ്സൽ ഗുരു തെറ്റുകാരൻ ആണെങ്കിൽ ഈ ശിക്ഷയെ നമുക്ക്‌ സ്വാഗതം ചെയ്യാം.

അഥവാ തെറ്റുകാരൻ അല്ലെങ്കിൽ ആ കുടുംബത്തോട്‌ മാപ്പ്‌ പറയുക. ആ കുടുംബത്തിന്‌ അർഹമായ നഷ്ടപരിഹാരവും, ജീവിത സൗകര്യങ്ങളും നൽകുക. അതെങ്കിലും ചെയ്തില്ലങ്കിൽ താങ്കൾ അത്‌ താങ്കളോടും, ഇന്ത്യയുടെ ആത്മാവിനോടും ചെയ്യുന്ന വഞ്ചന ആയിരിക്കും.

"ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെടരുത്‌" എന്ന വാക്യം മറക്കാതിരിക്കാം.

അബസ്വരം :
മൂപ്പരെ തൂക്കാൻ കൊണ്ടുപോകുന്നതിന്‌ മുൻപ്‌ അങ്ങൊന്ന് ഒച്ച വെച്ചിരുന്നെങ്കിൽ, ഒന്ന് തടുക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ ഉണർന്നിരുന്നില്ലേ ഭരണകർത്താക്കളും നിയമവ്യവസ്ഥയും ???

                                                                     823
                                                                     *****
27.02.2016
"കണ്ണൂരിൽ ഗൾഫുകാരന്റെ വീട്ടുമുറ്റത്ത്‌ പതിവായി കോണ്ടം കൊണ്ടുവന്നിട്ട എസ്‌ ഐ യെ പൊക്കി." - വാർത്ത.

അബസ്വരം :
കാലിക്കറ്റ്‌ സർവ്വകലാശാലയിലെ കോണ്ടം നീക്കം ചെയ്യുന്ന കരാർ ഇയാൾ സൈഡ്‌ ബിസിനസ്സായി ഏറ്റെടുത്തിട്ടുണ്ടായിരിക്കാം. മാത്രമല്ല അതിർത്തിയിൽ പട്ടാളം കാവൽ നിൽക്കുമ്പോൾ, ഇന്ത്യ മരിക്കുമ്പോൾ ഇതൊക്കെ വാർത്തയാക്കണോ ?

                                                                     824
                                                                     *****
28.02.2016
മോഡി പ്രധാനമന്ത്രി ആയ അവസ്ഥയിലാവും പിണറായി മുഖ്യനായാൽ.

മോഡി മത തീവ്രവാദം കൊണ്ട്‌ കളിക്കുകയും, സംഘികൾ അഴിഞ്ഞാടുകയും, എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പോലെ, പിണറായി കമ്യൂണിസ്റ്റ്‌ തീവ്രവാദം കളിക്കും, സഖാക്കളെ അഴിഞ്ഞാടിപ്പിക്കും, ഒരുപാട്‌ ടി പി മാരെ സൃഷ്ടിക്കുകയും ചെയ്യും.

അബസ്വരം :
എടോ ഗോപാലകൃഷ്ണാ, തനിക്ക്‌ ഈ പാർട്ടിയെ പറ്റിയും എന്നെ പറ്റിയും ഒരു ചുക്കും അറിയില്ല.


                                                                     825
                                                                     *****
28.02.2016
അതിർത്തിയിൽ പട്ടാളം കാവൽ നിൽക്കുമ്പോൾ...
ഇന്ത്യ മരിക്കുമ്പോൾ...
അയാൾ ആനക്കൊമ്പ്‌ വീട്ടിൽ സൂക്ഷിക്കാൻ നടക്കുകയായിരുന്നു മക്കളേ, നടക്കുകയായിരുന്നു...!

അബസ്വരം :
ആനക്കൊമ്പ്‌ വീട്ടിൽ വെച്ചിട്ടെന്തിന്‌ രാജ്യസ്നേഹം നാട്ടിൽ തേടി നടപ്പൂ !


                                                                     826
                                                                     *****
28.02.2016
കേജരിവാളിനും, രാഹുലിനും, യെച്ചൂരിക്കും എതിരെ രാജ്യദ്രോഹത്തിന്‌ സംഘി സർക്കാർ കേസെടുത്തു എങ്കിൽ അതവർക്ക്‌ ഭാരതരത്നം അവാർഡ്‌ തന്നെയാണ്‌.

അബസ്വരം :
പിരാന്തൻ രാജാവായാൽ രാജാവിനെ പിരാന്തൻ എന്ന് വിളിക്കുന്നവരെല്ലാം രാജാവിന്റെ കണ്ണിൽ പിരാന്തന്മാർ !

                                                                     827
                                                                     *****
29.02.2016
റൈറ്റ്‌ സഹോദരന്മാർ അങ്ങ്‌ കണ്ണൂരിൽ വിമാനം ഇറക്കുമ്പോൾ, ലെഫ്റ്റ്‌ സഹോദരന്മാർ അകാശത്തേക്ക്‌ നോക്കാതെ കണ്ണ്‌ പൊത്തിക്കളിച്ച്‌ ഡിങ്കിലാബ്‌ വിളിക്കുകയായിരുന്നു മക്കളേ...!

അബസ്വരം :
ഇപ്പൊ കണ്ണ്‌ പൊത്തി കളിച്ചാലും വെടിയുണ്ടയും ബാഗിൽ വെച്ച്‌ അങ്ങകലെയുള്ള മുതലാളിത്യ സാമ്രാജ്യത്ത്വ രാജ്യങ്ങളിലേക്ക്‌ പറക്കാൻ പിണറൽ ലെഫ്റ്റ്‌ ഒരുനാൾ കണ്ണൂർ വീമാനത്താവളത്തിലെത്തും.

                                                                     828
                                                                     *****
01.03.2016
അവസാന യുദ്ധത്തിനു തയ്യാറെടുക്കാന്‍ മുസ്ലീംങ്ങൾക്ക്‌ സംഘപരിവാര്‍ മുന്നറിയിപ്പ് !!

‘നിങ്ങള്‍ക്ക് വെടിയുതിര്‍ക്കേണ്ടി വന്നേക്കാം, നിങ്ങള്‍ക്ക് തോക്കെടുക്കേണ്ടി വന്നേക്കാം നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് വാളേന്തേണ്ടി വന്നേക്കാം, 2017ല്‍ തെരഞ്ഞെടുപ്പ് വരികയാണ്. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ ശക്തി പ്രകടിപ്പിച്ചുകൊണ്ടിരിക്കണം.’

കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രിയും ബി.ജെ.പി ആഗ്ര എം.പിയുമായ രാം ശങ്കര്‍ കതേരിയ, ബി.ജെ.പി ഫത്തേപ്പൂര്‍ സിക്രി എം.പി ബാബു ലാല്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ട വേദിയിലാണ് മുസ്ലീംങ്ങൾക്കെതിരെ ഭീഷണി ഉയര്‍ന്നത്. - വാർത്ത.
അബസ്വരം :
ദജ്ജാലിനെ കാത്തിരിക്കുന്നവരെയാണ്‌ സംഘിത്തരം കാട്ടി പേടിപ്പിക്കുന്നത്‌.

                                                                     829
                                                                     *****
01.03.2016
സംഘികളുടെ രാജ്യസ്നേഹ സർട്ടിഫിക്കറ്റിനും, സഖാക്കളുടെ ബുദ്ധിജീവി സർട്ടിഫിക്കറ്റിനും ഒരേ മൂല്യമാണ്‌ ഉള്ളത്‌.

അബസ്വരം :
ഞമ്മിന്റെ ആൾക്കാർ മാത്രം സിന്താവാ !
ബാക്കിള്ളോര്‌ കുന്താവാ !!

                                                                     830
                                                                     *****
02.03.2016
"ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ വീണ്ടും കണ്ണൂരില്‍ പരീക്ഷണ പറത്തല്‍ നടത്തും." - എം.വി.ജയരാജൻ.

കണ്ണൂരിലെ പരീക്ഷണപ്പറക്കൽ മാത്രമല്ല, റൺ വേയും, കൊച്ചീ മെട്രോയുടെ തൂണുകളും എല്ലാം പുതിയത്‌ ഉണ്ടാക്കും എന്ന് കൂടി പറഞ്ഞ്‌ മാർക്കിക്കുട്ട്യോളെ കോൾമയിർ കൊള്ളിക്കൂ ജയരാജൻ സഖാവേ !!

നെടുമ്പാശേരിയിലും, കരിപ്പൂരും കൂടി പരീക്ഷണപ്പറക്കൽ നടത്തും എന്ന് കൂടി വെച്ച്‌ കീറിക്കോ, സഖാവുട്ട്യോൾ അതിനും ഡിങ്കിലാബാ കുന്താബാ വിളിച്ചോളും.

അബസ്വരം :
മന്തൻ അണികൾക്ക്‌ വെളിവില്ലാത്തോൻ നേതാവ്‌ !

                                                                     831
                                                                     *****
02.03.2016
എന്തൊക്കെ ആയിരുന്നു സഖാക്കളേ !
അടിയന്തരാവസ്ഥ, ഇന്ദിരാഗാന്ധി, ജെ എൻ യു, സമരം, യച്ചൂരി, ഫോട്ടം, ഷയറിംഗ്‌, ലൈക്കിംഗ്‌, ഇങ്കിലാബ്‌ - ലാൽ സലാം കമന്റിംഗ്‌...
ഒടുവിൽ,
മൊറാർജി പ്രധാനമന്ത്രി ആയ കാലത്തുള്ള ഫോട്ടം ആണ്‌ ന്ന്.

അപ്പൊ!
പ്ലിംഗിലാബ്‌ കുന്താബാദ്‌ !!

അബസ്വരം :
ഇടതുപക്ഷം അധികാരത്തിൽ വന്നാൽ ഇന്ദിരയുടെ അടിയന്തരാവസ്ഥ കാലത്ത്‌ യച്ചൂരിയെക്കൊണ്ട്‌ പ്രതിഷേധം വീണ്ടും വായിപ്പിച്ച്‌ അതിന്റെ ഫോട്ടം ഇടും എന്ന് എം.വി.ജയരാജൻ സഖാവ്‌ പറയാൻ പറഞ്ഞു.

                                                                     832
                                                                     *****
03.03.2016
"രാഹുൽ ഗാന്ധിയെ മികച്ചൊരു രാഷ്ട്രീയ നേതാവാക്കുന്നതിൽ ആർ എസ്‌ എസ്സും, മോഡിയും വഹിച്ച പങ്ക്‌ വളരെ വലുതാണ്‌" - എന്നായിരിക്കും ചരിത്രം സുവർണ്ണ ലിപികളാൽ അടയാളപ്പെടുത്തുക.

കോൺഗ്രസ്സുക്കാർ ദശാബ്ദങ്ങൾ പരിശ്രമിച്ചിട്ടും രാഹുലിന്റെ ഉള്ളിലെ നേതാവിനെ ഉണർത്തി ഊർജ്ജസ്വലതയോടെ പുറത്ത്‌ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആർ എസ്‌ എസ്സും, മോഡിയും വെറും രണ്ടു വർഷത്തിൽ താഴെ സമയം എടുത്ത്‌ ആ ചരിത്ര ദൗത്യം നിറവേറ്റിയിരിക്കുന്നു.

അബസ്വരം :
കേജരിവാളിനെ മാതൃകയാക്കി പ്രവർത്തിക്കൂ രാഹുൽ. എങ്കിൽ താങ്കൾക്ക്‌ ഇന്ത്യയെ ഗോഡ്‌സേയുടെ മക്കളിൽ നിന്ന് തീർച്ചയായും രക്ഷിക്കാൻ കഴിയും.


                                                                     833
                                                                     *****
03.03.2016
കനയ്യ കുമാറിനെ കേരളത്തിലെ രാജ്യസഭാ സീറ്റിൽ പാർലിമെന്റിലേക്ക്‌ അയക്കാൻ ഉള്ള നീക്കം സി പി ഐ നടത്തുന്നതുമായി ബന്ധപ്പെട്ട്‌ വാർത്തകൾ വരുന്നുണ്ട്‌.

ഈ വാർത്ത ശരിയാണെങ്കിൽ അതിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.

തീർച്ചയായും അത്തരത്തിലുള്ള നീക്കം ആർ എസ്‌ എസിന്റെ മുഖത്ത്‌ ചൂലുകൊണ്ടടിക്കുന്നതിനു തുല്യമാകും.
മാത്രമല്ല, അത്‌ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ ഗുണം ചെയ്യുന്ന നീക്കവും ആയിരിക്കും.

അബസ്വരം :
ഇത്തരം ശക്തമായ നീക്കങ്ങൾ നടത്താനുള്ള ആർജ്ജവം കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടാവുമോ എന്ന് കാത്തിരുന്ന് തന്നെ കാണാം.

                                                                     834
                                                                     *****
04.03.2016
അതെന്താ ലീഗിൽ സ്ത്രീകളെ നിയമസഭയിലേക്ക്‌ മൽസരിപ്പിക്കാത്തത്‌ ?
പഞ്ചായത്തിലേക്കും മറ്റും ലീഗ്‌ ടിക്കറ്റിൽ പെമ്പിള്ളേർക്ക്‌ മൽസരിക്കാമെങ്കിൽ അത്‌ നിയമസഭയിലേക്കും, ലോക്സഭയിലേക്കും ഒക്കെ ആയിക്കൂടേ ?
വനിതാ ലീഗ്‌ ജില്ലാ പഞ്ചായത്ത്‌ വരെ മാത്രം പ്രവർത്തിക്കാനുള്ള സംഘടനയാണോ?

അബസ്വരം :
ജില്ലാ പഞ്ചായത്ത്‌ വരെ അൽ ഹലാലഹ,
അയിന്റെ മോളിലോട്ട്‌ അൽ ഹറാമഹ.

                                                                     835
                                                                     *****
04.03.2016
ഗോഡ്‌സേക്കി മക്കൾ സേ ആസാദീ
ഫോട്ടോഷോപ്പ്‌ സേ ആസാദീ
ഗോമാതാ സേ ആസാദീ
തള്ളൽ സേ ആസാദീ
പാക്കിസ്ഥാൻ ഓടിക്കൽ സേ ആസാദീ
തല്ലിക്കൊല സേ ആസാദി
തന്തക്കുവിളീ സേ ആസാദീ
കുറുവടീ സേ ആസാദീ
വള്ളി ട്രൗസർ സേ ആസാദീ
അർണ്ണാബ്‌ ഗോസ്വാമീ സേ ആസാദീ
കള്ളപ്പണം വെളുപ്പിക്കൽ സേ ആസാദീ
പെട്രോൾ വില സേ ആസാദീ

അബസ്വരം :
മോഡിയണ്ണൻ സേ ആസാദീ
                                                                     836
                                                                     *****
04.03.2016
അപ്പൊ മന്ത്‌ വലത്തേതിൽ നിന്ന്‌ ഇടത്തേക്ക്‌ മാറുമോ, അതോ വലതിൽ തുടരുമോ, താമര വിരിയുമോ, ചൂലെടുക്കുമോ എന്നൊക്കെ മെയ്‌ 16 ന്‌ ജനങ്ങൾ തീരുമാനിക്കുകയും, മെയ്‌ 19 ന്‌ ആ വിവരം ജനങ്ങളെ അറിയിക്കുകയും ചെയ്യും.

വിഴുപ്പലക്കാനും മറുകണ്ടം ചാടാനും കാരണങ്ങൾ ഉണ്ടാക്കാനും ഒക്കെ സമയം ഒരുപാടുണ്ട്‌. എല്ലാ പാർട്ടികളും ആ അവസരം നന്നായി പ്രയോജനപ്പെടുത്തി പൊതുജനങ്ങളെ ഉത്സവ പ്രതീതിയോടെ സന്തോഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അബസ്വരം :
അപ്പൊ ഇന്നു മുതൽ മെയ്‌ 16 വരെ പൊതുജനം രാജാവായിരിക്കും.
മെയ്‌ 19 മുതൽ വീണ്ടും കഴുതയും.


                                                                     837
                                                                     *****
05.03.2016
കനയ്യ കുമാർ ആഘോഷിക്കപ്പെടുമ്പോൾ ഉമർ ഖാലിദും, ഗീലാനിയും ആഘോഷിക്കപ്പെടാതെ പോകുന്നതിൽ അൽഭുതപ്പെട്ടിട്ട്‌ കാര്യമില്ല. കാരണം ജനനം കൊണ്ട്‌ തന്നെ രാജ്യദ്രോഹ പട്ടം ലഭിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധികളാണല്ലോ അവർ.

മുദ്രാവാക്യം ഒന്നായാലും, ആര്‌ വിളിക്കുന്നു എന്നതാണല്ലോ പ്രധാനം !
"ഒരു പേരിലെന്തിരിക്കുന്നു?" എന്നതൊക്കെ കാലഹരണപ്പെട്ട പ്രയോഗമാണ്‌. ഒരു പേരിൽ പലതും ഇരിക്കുന്നുണ്ട്‌ - തീവ്രവാദ സർട്ടിഫിക്കറ്റ്‌ മുതൽ പലതും.

അബസ്വരം :
ഇരട്ടത്താപ്പ്‌ സേ ആസാദീ !

                                                                     838
                                                                     *****
05.03.2016
"കനയ്യയെ കൊല്ലുന്നവർക്ക്‌ 11 ലക്ഷം രൂപ നൽകുമെന്ന് പോസ്റ്റർ." - വാർത്ത.

അബസ്വരം :
മ്മടെ പാർട്ടീടെ കണ്ണൂർ ലോബി കേൾക്കണ്ട. മാഷാ അല്ലാഹ്‌ സ്റ്റിക്കറും, ഇന്നോവയും, കോടാലിയും, എസ്‌ കത്തിയും ഒക്കെ ചിലപ്പൊ ചാടി ഇറങ്ങി വരും.

                                                                     839
                                                                     *****
05.03.2016
"മുസ്ലിം ലീഗില്‍ വനിതകള്‍ക്ക് സീറ്റ് നല്‍കാത്തതില്‍ വനിതാലീഗിന് പ്രതിഷേധം. സംവരണത്തിലൂടെ മാത്രമെ സ്ത്രീകളെ നിയമസഭയിലും പാര്‍ലമെന്റിലും എത്തിക്കാന്‍ കഴിയുവെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് കമറുന്നീസ അന്‍വര്‍ പറഞ്ഞു. യുഡിഎഫില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും കമറുന്നീസ അന്‍വര്‍ പറഞ്ഞു. വനിതകള്‍ക്ക് സ്ഥാനാര്‍ഥി പട്ടികയില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന് വനിതാലീഗ് നേരത്തെ രേഖാമൂലം ഹൈദരലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രാഥമിക സ്ഥനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് സീറ്റില്ല. ഇടതുപക്ഷമാണ് സ്ത്രീകളെ കുടുതലായും ഭരണ രംഗത്ത് എത്തിക്കുന്നത്. സ്ത്രീകള്‍ മത്സരിച്ചാല്‍ വിജയിക്കില്ലെന്ന ധാരണ ശരിയല്ലെന്നും വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. സംവരണത്തിലൂടെ മാത്രമെ സ്ത്രീകളെ നിയമനിര്‍മാണ സഭകളിലെത്തിക്കാനാവൂ. കാലങ്ങളായി മത്സരിക്കുന്നവര്‍ മാറാന്‍ തയ്യറാകാത്തതാണ് വനിതകള്‍ക്കും യുവാക്കള്‍ക്കും സീറ്റ് നിഷേധിക്കുന്നതിന് പ്രധാനകാരണമെന്നും കമറുന്നീസ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു." - വാർത്ത.
അബസ്വരം :
ഒരു മറുകണ്ടം ചാട്ടം മണക്കുന്നുണ്ടോ ?

                                                                     840
                                                                     *****
05.03.2016
"കൊടുവള്ളിയിൽ ലീഗ്‌ മണ്ഡലം ജനറൽ സെക്രട്ടറി കാരാട്ട്‌ റസാഖ്‌ കളം മാറി ലീഗിനെതിരെ ഇടത് സ്വതന്ത്രനായി മൽസരിക്കുന്നു." - വാർത്ത.

അബസ്വരം :
കൊടുവള്ളിയിൽ കൊടു വള്ളി ചുറ്റി.

                                                                     841
                                                                     *****
06.03.2016
കോട്ടക്കൽ മണ്ഡലത്തിലെ ലീഗ്‌ സ്ഥാനാർത്ഥിയെ കണ്ടപ്പൊ തോന്നിയത്‌ - "തങ്ങൾമാർക്ക്‌ വേണ്ടി തങ്ങൾമാരാൽ തിരഞ്ഞെടുത്ത തങ്ങൾ സ്ഥാനാർത്ഥി."

അബസ്വരം :
എന്തായാലും ശിഹാബ്‌ തങ്ങൾക്ക്‌ പൊരുത്തം ഉള്ള സ്ഥാനാർത്ഥിയാവും എന്ന് മുനവ്വറലിയുടെ എതിർ പോസ്റ്റ്‌ കാണാത്തതിനാൽ വിശ്വസിക്കാം ല്ലേ ?

                                                                     842
                                                                     *****
06.03.2016
എഫ്‌ ബി തുറന്നപ്പോൾ ആദ്യം കണ്ടത്‌ കലാഭവൻ മണി ചിരിച്ചു കൊണ്ട്‌ നിൽക്കുന്ന ഫോട്ടോയാണ്‌.

അത്‌ കണ്ടപ്പോൾ ആദ്യം മനസ്സിലേക്കെത്തിയത്‌ "ഓ മണിയേയും ഏതോ പാർട്ടി പിടിച്ച്‌ സ്ഥാനാർത്ഥി ആക്കിയിട്ടുണ്ടല്ലോ, ഇടതോ വലതോ ?" എന്ന ചിന്തയാണ്‌. ഏതാ പാർട്ടി എന്നറിയാൻ സ്ക്രോൾ ചെയ്തപ്പോളാണ്‌ ആദരാഞ്ജലി അർപ്പിച്ച പോസ്റ്റാണ്‌ എന്ന് മനസ്സിലായത്‌.

ഓൺലൈൻ മരണവാർത്തകളിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ ടി വി വെച്ച്‌ നോക്കി. അപ്പോൾ....

അബസ്വരം :
മൽസരങ്ങളില്ലാത്ത ലോകത്തേക്ക്‌ യാത്രയായ കരുമാടിക്കുട്ടന്‌ യാത്രാ മംഗളങ്ങൾ.

                                                                     843
                                                                     *****
06.03.2016
ടി വി യെ ടി വി എന്ന് വിളിക്കണം എങ്കിൽ അതിനു ചില മാനദണ്ഡങ്ങൾ ഉണ്ട്‌. ആ ടി വി എന്ന് വിളിക്കപ്പെടുന്ന ഉപകരണത്തിൽ വീഡിയോയും ഓഡിയോയും ഉണ്ടായിരിക്കണം. അല്ലാതെ ഓഡിയോ മാത്രം ഉള്ളതാണെങ്കിൽ അതിനെ ടി വി എന്നല്ല വിളിക്കേണ്ടത്‌. റേഡിയോ എന്നോ മറ്റോ വിളിക്കാം. ഇനി ടി വി കേടായി വീഡിയോ വരുന്നില്ല എങ്കിൽ അതിനെ കേടായ ടി വി എന്ന് വിളിക്കാം.
അതുപോലെ തന്നെയാണ്‌ ഇസ്ലാമിക നിയമങ്ങളും. അത്‌ ബഹുഭാര്യത്വത്തിന്റെ കാര്യത്തിലായാലും, ഏക ഭർത്താവിന്റെ കാര്യത്തിലായാലും.

വിശുദ്ധ ഖുർആനും, ഹദീസുകളും മുന്നോട്ട്‌ വെക്കുന്ന ഇസ്ലാം നിയമങ്ങൾ അംഗീകരിക്കുന്നവർ മാത്രം ഇസ്ലാം ആയാൽ മതി.അംഗീകരിക്കാൻ തയ്യാറുള്ളവർക്ക്‌ ഇസ്ലാം വിശ്വാസി ആയി തുടരാം.

അങ്ങിനെ ആ ഇസ്ലാമിക നിയമങ്ങൾ വിശ്വസിക്കാനും പിന്തുടരാനും തയ്യാറുള്ളവർക്ക്‌ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം.

തയ്യാറില്ലാത്തവർക്ക്‌ മറ്റു മതങ്ങളിലേക്കോ വിശ്വാസങ്ങളിലേക്കോ ചേക്കേറാം. അതൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യം. അതിന്റെ ഗുണവും ദോഷവും ഓരോരുത്തരും അനുഭവിക്കുകയും ചെയ്യുക.

അല്ലാതെ മതം ഏതാണെന്ന് ചോദിച്ചാൽ ഇസ്ലാം ആണെന്ന് പറയുകയും വേണം, എന്നാൽ ഇസ്ലാമിക നിയമങ്ങൾ ശരിയല്ല എന്നും പറയുന്നവർ രണ്ട്‌ തോണിയിൽ ഒരേ സമയം കാലിട്ട്‌ ഒടുവിൽ വെള്ളത്തിൽ വീഴുന്നവരായി മാറുകയാണ്‌ ചെയ്യുന്നത്‌.

അബസ്വരം :
"പറയുക, ഇത്‌ നിങ്ങളുടെ നാഥനിൽ നിന്നുള്ള സത്യമാണ്‌. ഇഷ്ടമുള്ളവർക്ക്‌ വിശ്വസിക്കാം. ഇഷ്ടമുള്ളവർക്ക്‌ അവിശ്വസിക്കാം." - വിശുദ്ധ ഖുർആൻ.

                                                                     844
                                                                     *****
06.03.2016
പണ്ടൊക്കെ പാണക്കാട്ട്‌ നിന്ന് ഒരു പ്രഖ്യാപനം ഉണ്ടായാൽ തക്ബീർ ചൊല്ലി അംഗീകരിക്കുകയല്ലാതെ ലീഗിൽ ഒരു എതിർ ശബ്ദം ഉണ്ടായിരുന്നില്ല.
എന്നാൽ ഇന്ന് വനിതാ ലീഗിൽ നിന്ന് വരെ പരസ്യമായി എതിർ ശബ്ദങ്ങൾ വരുന്നു. ഇത്‌ മാറ്റത്തിന്റെ ഒരു ശുഭ സൂചന തന്നെയാണ്‌.

കുടുംബപ്പേരിന്റെ സ്വയം പ്രഖ്യാപിത മഹിമയിൽ തിട്ടൂരം ഇറക്കി അത്‌ പാർട്ടി പ്രവർത്തകരിലേക്ക്‌ അടിച്ചേൽപ്പിച്ചാൽ, എതിർ വാക്ക്‌ ചൊല്ലാതെ അതിനു ജയ്‌ വിളിക്കുന്നതല്ല ജനാധിപത്യം എന്നൊക്കെ തിരിച്ചറിയാനുള്ള വിവേകം അണികൾക്ക്‌ ഉണ്ടാവുന്നുണ്ട്‌ എങ്കിൽ അത്‌ നല്ല കാര്യം തന്നെയാണ്‌.
തിരുവമ്പാടി വിഷയത്തിൽ "പാണക്കാട്‌ നിന്ന് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റിയ ചരിത്രമില്ല" എന്ന് പറഞ്ഞ മോയീൻ കുട്ടിയെ പോലെ ഉള്ളവർക്ക്‌ തിരിച്ചറിവ്‌ ഉണ്ടാവാൻ ഇനിയും സമയം വേണ്ടി വരുമായിരിക്കും.

തിരുത്തപ്പെടാനുള്ള തീരുമാനങ്ങൾ തിരുത്തപ്പെടുക തന്നെ വേണം. അതിനുള്ള മനസ്സും വിശാല ഹൃദയതയും ഉണ്ടാവുക എന്നത്‌ മോശം കാര്യമല്ലല്ലോ !

അബസ്വരം :
ജനാധിപത്യത്തിൽ ജനാധിപത്യം എല്ലാ തലത്തിലും വേണം. അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ പാർട്ടികൾ സ്ഥാനാർത്ഥികളെ നിർണ്ണയിക്കാൻ തിരഞ്ഞെടുപ്പ്‌ നടത്തുന്ന രീതി പ്രശംസാർഹമാണ്‌.

                                                                     845
                                                                     *****
09.03.2016
"ഡബിൾ ശ്രീ രവിശങ്കറിന്റെ പരിപാടിക്കായി യമുനയിൽ പട്ടാളം പാലം ഉണ്ടാക്കുന്നു." - വാർത്ത.

മ്മടെ നാട്ടിൽ ഒരു കല്യാണം ഉണ്ടായിരുന്നു. അതിന്റെ പന്തൽപ്പണിക്ക്‌ പട്ടാളത്തിൽ നിന്നും ആളെ കിട്ട്വോ ?

അബസ്വരം :
"അതിർത്തിയിൽ പട്ടാളം കാവൽ നിൽക്കുമ്പോൾ, യമുനയിൽ പട്ടാളം രവിശങ്കരനായി പാലം ഉണ്ടാക്കുമ്പോൾ, ഇന്ത്യ മരിക്കുമ്പോൾ, ആനക്കൊമ്പ്‌ വീട്ടിലിരിക്കുമ്പോൾ, പന്തൽപ്പണിക്ക്‌ പട്ടാളത്തീന്‌ ആളെ ചോയ്ക്കാൻ അനക്കെങ്ങനെ കഴിഞ്ഞു ?" എന്ന് മാത്രം ബ്ലോഗരുത്‌ ന്റെ ലാലേട്ടാ !!


                                                                     846
                                                                     *****
09.03.2016
പ്രവാചകനെ പരിഹസിച്ച്‌ മാതൃഭൂമി പേനയുന്തിയതിന്റെ പിന്നിൽ പല ഹിഡൻ അജണ്ടകളും ഉണ്ട്‌. തീർച്ചയായും ആ പേനയുന്തിനെതിരെ നമുക്ക്‌ പ്രതികരിക്കാം.
എന്നാൽ ആ പ്രതികരണം മാന്യമായിരിക്കണം.

ഹിഡൻ അജണ്ടക്കാർ ആഗ്രഹിക്കുന്ന പോലെ മാതൃഭൂമിയുടെ നിലവാരത്തിലേക്ക്‌ താഴ്‌ന്ന് തെറി വിളിച്ചോ, അവരുടെ ഓഫീസുകൾക്ക്‌ കല്ലെറിഞ്ഞോ, അവരുടെ വാഹനങ്ങൾ തച്ച്‌ തകർത്തോ, അവരുടെ ജീവനക്കാരെ കരിഓയിൽ ഒഴിച്ചോ, കൈ വെട്ടിയോ ആവരുത്‌ ആ പ്രതികരണം.

അവർ നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്‌ അത്തരത്തിലുള്ള പ്രതികരണങ്ങൾ ആണ്‌. അവരുടെ കെണിയിൽ നാം ചെന്ന് ചാടരുത്‌.

അബസ്വരം :
ഏതാനും പേനയുന്തികളോ, പത്രങ്ങളോ വിചാരിച്ചാൽ തകരുന്നതല്ല പ്രവാചകന്റെ മഹത്വം എന്ന ഉത്തമ ബോധ്യം നമ്മുടെ ഹൃദയത്തിൽ ഉണ്ടാവുക എന്നതാണ്‌ പ്രവാചക സ്നേഹത്തിന്റെ അടയാളപ്പെടുത്തൽ.

                                                                     847
                                                                     *****
10.03.2016
മാതൃഭൂമി വിഷയത്തിൽ സമചിത്തതയോടെ സമൂഹം പ്രതികരിച്ചു എന്നത്‌ അഭിമാനകരമായ കാര്യമാണ്‌.

മാതൃഭൂമി ഒരുക്കിയ കെണിയിൽ ചാടാതിരുന്ന എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനാശംസകൾ.

അതോടൊപ്പം തന്നെ മാതൃഭൂമിയേയും, വീരന്റെ ദള്ളിനേയും ബഹിഷ്ക്കരിക്കാൻ കൂടി സമൂഹം തയ്യാറാവണം.

അബസ്വരം :
പ്രവാചകനെ അവഹേളിച്ച പത്രത്തിന്റെ മുതലാളിക്ക്‌ നൽകാനുള്ളതല്ല പ്രവാചകനെ സ്നേഹിക്കുന്നവരുടെ വോട്ടുകൾ.

                                                                     848
                                                                     *****
10.03.2016
വിവിധ വിഭാഗങ്ങളായി, ചേരികളായി പരസ്പരം നടത്തുന്ന ചളി വാരി എറിയലുകൾ അവസാനിപ്പിക്കുക എന്നതാണ്‌ "പ്രവാചക സ്നേഹം ഉണ്ട്‌" എന്ന് പറയുന്ന പ്രവാചക സ്നേഹികൾ ആദ്യം ചെയ്യേണ്ടത്‌.

പലപ്പോഴും ഇസ്ലാം ആണ്‌ തങ്ങളുടെ മതം എന്ന് അഭിമാനത്തോടെ പറയുന്ന ഞാനടക്കമുള്ള വിശ്വാസികളിൽ നിന്ന് അറിഞ്ഞോ അറിയാതേയോ പ്രവാചകാവഹേളനം ഉണ്ടാവുന്നുണ്ട്‌. എന്നാൽ അത്‌ നടത്തുന്നത്‌ ഒരു മുസ്ലിം നാമധാരി ആണെങ്കിൽ "ഓൻ പ്രവാചക സ്നേഹം കൊണ്ട്‌ പറയുന്നതാണ്‌. എന്തായാലും ഓൻ മുസ്ലിമല്ലേ ?" എന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.
എന്നാൽ ആ പ്രയോഗമോ പ്രവർത്തിയോ ഒരു അവിശ്വാസിയിൽ നിന്നും ഉണ്ടായാൽ നാം ഒരുമിക്കുന്നു. പ്രതികരിക്കുന്നു.

ഉദാഹരണത്തിന്‌ "നബിദിനാഘോഷം" എന്ന വിഷയം തന്നെ എടുക്കുക. ഈ വിഷയത്തിൽ നബിദിനത്തെ അനുകൂലിക്കുന്നതും, പ്രതികൂലിക്കുന്നതുമായ വിവിധ വിഭാഗക്കാർ ചർച്ച നടത്തുമ്പോൾ പലപ്പോഴും എത്തി ചേരുന്നത്‌ തെറിവിളിയിലാണ്‌. പണ്ഡിതർ എന്ന് അവകാശപ്പെടുന്നവർ പോലും എതിർഭാഗത്തെ നാറ്റിക്കാനായി അനാവശ്യ പ്രയോഗങ്ങൾ നടത്തുന്നത്‌ കണ്ടിട്ടുണ്ട്‌. യു ട്യൂബിൽ ഒന്ന് പരതിയാൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ കിട്ടും. ഇത്തരം പ്രയോഗങ്ങൾ അല്ലേ പ്രവാചക സ്നേഹത്തെ കുറിച്ച്‌ പറയുന്നതിനു മുൻപ്‌ നാം ആദ്യം അവസാനിപ്പിക്കേണ്ടത്‌ ?

അതുപോലെ ഇന്ന് സമുദായത്തിൽ ധാരാളമായി നടക്കുന്ന ഒരു പരിപാടിയാണ്‌ ഒരു വിഷയം മുന്നോട്ട്‌ വെച്ച്‌ വിവിധ വിഭാഗക്കാർ സ്റ്റേജ്‌ കെട്ടി നടത്തുന്ന സംവാദം. "നബിദിനം ശരിയോ തെറ്റോ ? സുന്നി - മുജാഹിദ്‌ സംവാദം / സുന്നി - ജമാഅത്ത്‌ സംവാദം / ജമാഅത്ത്‌ - മുജാഹിദ്‌ സംവാദം" തുടങ്ങിയ രീതിയിലുള്ള പോസ്റ്റർ അടിച്ച്‌ വിവിധ വിഭാഗങ്ങളുടെ നേതാക്കൾ പരസ്പരം പരിഹസിച്ച്‌ ചർച്ച എന്ന പേരിൽ അടികൂടും. എന്നിട്ട്‌ ഒടുവിൽ മിക്കവാറും കൈക്രിയയിലും അടിയിലും ആയിരിക്കും ആ പ്രവാചക സ്നേഹ പ്രകടനം അവസാനിക്കുന്നത്‌. എന്നിട്ട്‌ "ഞങ്ങൾ ആണ്‌ സംവാദത്തിൽ ജയിച്ചത്‌" എന്ന് ഓരോ വിഭാഗവും അവകാശപ്പെടുകയും ചെയ്യും.
ഇത്തരത്തിൽ പരസ്പരം തോൽപ്പിക്കാനായി സംവാദങ്ങൾ നടത്തുന്നതാണോ പ്രവാചക സ്നേഹം ?

ഇനി നബിദിനം ആഘോഷിക്കുന്നത്‌ ഒരു കൂട്ടർക്ക്‌ ശരിയാണ്‌ എന്ന് തോന്നുന്നു എങ്കിൽ, അത്‌ മറ്റുള്ളവരോട്‌ പറയണം എങ്കിൽ സംവാദ രീതിയിൽ അല്ലാതെ, നബിദിനം ആഘോഷിക്കാത്തവരെ പരിഹസിക്കാതെ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിച്ച്‌ കൂടേ ?

അതുപോലെ നബിദിനം ആഘോഷിക്കാൻ പാടില്ല എന്ന് വിശ്വസിക്കുന്നവർക്ക്‌ അവരുടെ ആ ആശയവും നബിദിനം ആഘോഷിക്കുന്നവരെ പരിഹസിക്കാതെ പ്രചരിപ്പിച്ച്‌ കൂടേ ?

അങ്ങിനെയാണ്‌ നമ്മുടെ പ്രചാരണം എങ്കിൽ അതിനാൽ നമ്മുടെ പ്രവാചക സ്നേഹം കൂടുകയാണോ കുറയുകയാണോ ചെയ്യുക എന്നൊന്ന് ചിന്തിച്ച്‌ നോക്കൂ !

ആയതിനാൽ പ്രവാചക സ്നേഹം ഉണ്ടെന്ന് വിശ്വസിക്കുന്ന ഓരോ വ്യക്തിയും മതത്തിന്റെ പേരിലെങ്കിലും പരസ്പരമുള്ള വിഴുപ്പലക്കലുകൾ അവസാനിപ്പിക്കുന്നതായിരിക്കില്ലേ നന്നാവുക ?

"ഇസ്ലാമിനെ പലരും കരിവാരിത്തേക്കാൻ തക്കം പാർത്തിരിക്കുന്ന ഈ വർത്തമാന സാഹചര്യത്തിൽ ആ കരിവാരിത്തേക്കലിന്‌ നാം തന്നെ നേതൃത്വം നൽകണോ ?" - എന്ന് ഓരോരുത്തരും സ്വയം ചോദിക്കുന്നത്‌ നന്നായിരിക്കില്ലേ ?

അബസ്വരം :
ശരിയായ പാതയിൽ, പ്രവാചക സ്നേഹത്തോടെ സഞ്ചരിക്കാൻ നാഥൻ ഏവരേയും അനുഗ്രഹിക്കട്ടെ....

                                                                     849
                                                                     *****
10.03.2016
കള്ളനായ വിജയ്‌ മല്യയെ ഇന്ത്യയിൽ നിന്നോടിച്ച്‌ ഇന്ത്യയെ ശുദ്ധമാക്കാൻ സഹായിച്ച കേന്ദ്ര സർക്കാറിന്‌ അഭിനന്ദനങ്ങൾ.

ഇനി ബാക്കി ഉള്ള കള്ളന്മാരേയും നമ്മുടെ കോടതികളിൽ കയറ്റി അവിടം അശുദ്ധമാക്കാതെ വിദേശത്തേക്ക്‌ അയക്കാനുള്ള സാഹചര്യം കേന്ദ്രം ഉണ്ടാക്കും എന്ന് പ്രത്യാശിക്കുന്നു.

കള്ളന്മരൊക്കെ ബ്രിട്ടനിലും, അമേരിക്കയിലും ഒക്കെ പോയി അവിടെ പണ്ടാറമടക്കട്ടെ.

അബസ്വരം :
"കള്ളന്മാരില്ലാത്ത ഇന്ത്യ" - എന്ന മോഡിയണ്ണൻ കണ്ട മഹത്തായ സ്വപ്നം പ്രാവർത്തികമാക്കാൻ പ്രയത്നിക്കുന്ന കേന്ദ്രസർക്കാറിന്‌ അഭിവാദ്യങ്ങൾ.

                                                                     850
                                                                     *****
11.03.2016
പല തരത്തിലുള്ള അൺലൈക്കുകളും കണ്ടിട്ടുണ്ടെങ്കിലും അതൊരു പ്രതിഭാസമായി മാറി തോന്നിയത്‌ മാതൃഭൂമിയുടെ പേജിൽ നടക്കുന്ന "അൺലൈക്കോൽസവം" കണ്ടപ്പോഴാണ്‌.

ഓരോ തവണ പേജ്‌ റീഫ്രഷ്‌ ചെയ്യുമ്പോഴും ലൈക്കുകളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കുന്നു.

അൺലൈക്ക്‌ ചെയ്യാനുള്ള ഉഷാർ പേജ്‌ റിപ്പോർട്ട്‌ ചെയ്യാനും കാണിക്കുന്നുണ്ട്‌ എങ്കിൽ മിക്കവാറും ആ പേജ്‌ കോഞ്ഞാട്ടയാവും.

അബസ്വരം :
അതിനിടയിൽ ഫ്രണ്ട്‌ ലിസ്റ്റിൽ ഉള്ള ചില വൈരുധ്യാത്മക ഭൗതിക വാദികളിൽ നിന്നും ആ പേജ്‌ ലൈക്ക്‌ ചെയ്യാനുള്ള ഇൻവിറ്റേഷനും മ്മക്ക്‌ വന്നിട്ടുണ്ട്‌. അപ്പൊ ഓലും പണിയെടുക്കുന്നുണ്ട്‌ ന്ന്.

 അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

2 comments:

 1. മംഗലശ്ശേരി നീലകണ്ഠന്റെ രാജ്യസ്നേഹം പഠിപ്പിക്കൽ അങ്ങ്‌ സ്ക്രീനിൽ മുണ്ടക്കൽ ശേഖരനോട്‌ മതി. ഇവിടെ സോഷ്യൽ മീഡിയയിൽ വേണ്ടാ.
  പണി പാളും മോനേ ദിനേശാ !

  ReplyDelete
 2. അതിർത്തിയിൽ പട്ടാളം കാവൽ നിൽക്കുമ്പോൾ...
  ഇന്ത്യ മരിക്കുമ്പോൾ...
  അയാൾ ആനക്കൊമ്പ്‌ വീട്ടിൽ സൂക്ഷിക്കാൻ നടക്കുകയായിരുന്നു മക്കളേ, നടക്കുകയായിരുന്നു...!

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....