Saturday, July 09, 2016

അബസ്വര സംഹിത - പതിനാറാം ഖണ്ഡം


അബസ്വരങ്ങള്‍ സഞ്ചാരം തുടരുന്നു...


                                                                     751
                                                                     *****
01.01.2016
പുതുവർഷത്തിന്റെ പേരിൽ ആകെ ജഗപൊകയാണല്ലോ !!

പുതുവർഷ സെൽഫി, ആശംസ, പ്രതിജ്ഞ്യ, തിരിഞ്ഞ്‌ നോട്ടം, മാപ്പിരക്കൽ, അയവിറക്കൽ, മുന്നോട്ട്‌ നോട്ടം....

അബസ്വരം :
ഒരു കലണ്ടർ മാറ്റുന്നതിന്‌ ഇത്രയൊക്കെ ഡെക്കറേഷൻ വേണോ ??


                                                                     752
                                                                     *****
03.01.2016
ബി ജെ പി സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന സമയത്ത്‌ കൃത്യമായി ഭീകരാക്രമണം നടക്കുന്ന ഈ പ്രതിഭാസം അത്ഭുതം തന്നെയാണ്‌.

അതും മോഡിയുടെ മിന്നൽ പാക്കിസ്ഥാൻ സന്ദർശനം കഴിഞ്ഞ്‌ ദിവസങ്ങൾക്കകം!!
എന്തായാലും പത്താൻകോട്ടിൽ രാജ്യ സുരക്ഷക്കായി പോരാടി രക്തസാക്ഷിത്വം വരിച്ച ധീരജവാന്മാർക്ക്‌ ആദരാജ്ഞ്യലികൾ.
എത്രയും പെട്ടന്ന് ഭീകരരെ തുരത്താൻ ഇന്ത്യക്ക്‌ കഴിയട്ടെ !

അബസ്വരം :
"മോഡി പ്രധാനമന്ത്രിയായാൽ ഭീകരർ വാലും മടക്കി ഓടും, ഭീകരാക്രമണം ഉണ്ടാവില്ല, പാക്കിസ്ഥാൻ പേടിക്കും, രാജ്യം സുരക്ഷിതമാവും" എന്നൊക്കെ പറഞ്ഞിരുന്ന ഒരു സംഘി കൂട്ടുകാരൻ ഉണ്ടായിരുന്നു ഫേസ്ബുക്കിൽ. ഇപ്പോൾ അവനൊക്കെ എവിടെയാണാവോ ?

                                                                     753
                                                                     *****
05.01.2016
പിണറായിയുടെ ഇമേജ്‌ നന്നാക്കി എടുക്കാൻ കുട്ടി സഖാക്കൾ ഒരുപാട്‌ പാടുപ്പെട്ട്‌ പണിയെടുക്കുന്നുണ്ട്‌.

പിണറായി ചിരിക്കുന്ന ഫോട്ടം ഇട്ട്‌ "ഇതാ സഖാവ്‌ ചിരിക്കുന്നത്‌ കണ്ടില്ലേ ?" എന്നും, മൂപ്പർ കുട്ടികളോടൊപ്പം ഇരിക്കുന്ന ഫോട്ടം ഇട്ട്‌ " ഇതാ കുട്ട്യോളൊപ്പം കളിക്കുന്ന പിണറായിയെ കണ്ടില്ലേ ?" എന്നും ചോദിച്ച്‌ നിർവൃതി അടയുന്ന കുട്ടി സഖാക്കളുടെ പരിപാടി രസകരമാണ്‌.

പിണറായിയും ഈയിടെ ആയി മാക്സിമം ചിരിച്ച്‌ ഫോട്ടോക്ക്‌ പോസ്‌ ചെയ്യാനും ശ്രമിക്കുന്നുണ്ട്‌. തോമസ്‌ ഐസക്കുമായി മുഖ്യമന്ത്രി സ്ഥാനത്തിന്‌ "ചിരി" മാനദണ്ഡം ആക്കി മൽസരം വന്നാൽ തോൽക്കരുത്‌ എന്ന് മൂപ്പർ കരുതിയിട്ടുണ്ടാവും.
ഒരു രാഷ്ട്രീയ നേതാവ്‌ ചിരിക്കുന്ന ഫോട്ടോ ഇട്ട്‌ "ഇയാൾ ചിരിക്കുന്നത്‌ കണ്ടില്ലേ ?" എന്ന് ചോദിക്കേണ്ട ഗതികേട്‌ അയാളുടെ അണികൾക്ക്‌ ഉണ്ടായി എങ്കിൽ, അയാൾ പൊതുസമൂഹത്തിൽ ഉണ്ടാക്കി എടുത്ത ഇമേജിനെ കുറിച്ച്‌ മനസ്സിലാക്കാൻ കൂടുതൽ തല പുകക്കേണ്ടതില്ല.

അബസ്വരം :
ടി പി സ്വയം വെട്ടി ആത്മഹത്യ ചെയ്തപ്പോഴും, വി എസ്സിനെ പി ബിയിൽ നിന്ന് തട്ടിയപ്പോഴും പിണറായി കരഞ്ഞ ഫോട്ടോ ഉണ്ടെങ്കിൽ ഒന്ന് ഇടണേ സഖാക്കളേ !
ആ കരച്ചിലിൽ ഈ ചിരിയേക്കാൾ ആത്മാർത്ഥതയുള്ള പിണറായി ചിരി ദർശിക്കാൻ കഴിയും !!

                                                                     754
                                                                     *****
05.01.2016
ആയുദ്ധങ്ങൾ നിർവ്വീര്യമാക്കുന്നതിനിടെ സൈനികർക്ക്‌ അപകടം സംഭവിക്കുകയും, അത്‌ മരണത്തിൽ കലാശിക്കുകയും ചെയ്യുന്നുണ്ട്‌ എങ്കിൽ നമ്മുടെ സൈന്യത്തിൽ വൻ പിഴവുകൾ ഉണ്ട്‌ എന്ന് നിസ്സംശയം പറയാം.

വേണ്ടത്ര സുരക്ഷാസംവിധാനങ്ങൾ നൽകാതെയാണോ ഭടന്മാരെ ഇതിനായി നിയോഗിക്കുന്നത്‌ ?

അതോ ശവപ്പെട്ടിയിൽ വരെ അഴിമതി നടത്തി ശീലമുള്ള ടീംസ്‌, സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും അഴിമതി കാണിച്ച്‌ ഗുണനിലവാരം ഇല്ലാത്തതാണോ സൈന്യത്തിന്‌ നൽകുന്നത്‌ ??

ഇതിനെ കുറിച്ച്‌ അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്നവരുടെ റിപ്പോർട്ടും അഴിമതികൊണ്ട്‌ വെള്ള പൂശിയിട്ടുള്ളതാവില്ല എന്ന് വിശ്വസിക്കാൻ കഴിയുമോ ?

അബസ്വരം :
ആരെ ഞാൻ വിശ്വസിക്കും എൻ പ്രിയ ഇന്ത്യയേ ??!!

                                                                     755
                                                                     *****
06.01.2016
രാജ്യത്തിനു വേണ്ടി ജീവൻ ബലികൊടുത്ത നിരഞ്ജൻ കുമാറിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ കേന്ദ്ര മന്ത്രി സഭയിൽ നിന്ന് ആരും വരാത്തതിനെ വിമർശിച്ച പല പോസ്റ്റുകളും കണ്ടു.

യഥാർത്ഥത്തിൽ അന്ത്യകർമ്മങ്ങളിൽ കേന്ദ്രമന്ത്രിമാർ പങ്കെടുക്കാതിരുന്നതല്ലേ ആ ധീര ജവാനുള്ള യഥാർത്ഥ ആദരം ?

ബഡായി മാത്രം പറഞ്ഞു നടക്കുന്ന, പശുവിനേയും മറ്റും മുന്നിൽ നിർത്തി വർഗ്ഗീയ ചേരിതിരിവ്‌ ഉണ്ടാക്കാൻ ശ്രമിക്കുന്ന, ആവശ്യത്തിനുള്ള സുരക്ഷ ഒരുക്കാതെ ഗ്രനേഡും മറ്റും നിർവ്വീര്യമാക്കാൻ സൈനികരെ പറഞ്ഞു വിടുന്ന ഭരണകർത്താക്കളുടെ അസാന്നിധ്യം ഇത്തരം ചടങ്ങുകളിൽ ആദരം അല്ലാതെ വേറെ എന്താണ്‌ ??
അബസ്വരം :
'ധീരജവാന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ തങ്ങൾ യോഗ്യരല്ല' എന്ന സത്യം തിരിച്ചറിഞ്ഞ്‌ ആ ചടങ്ങിൽ നിന്ന് വിട്ട്‌ നിൽക്കാൻ സന്മൻസ്സ്‌ കാണിച്ച കേന്ദ്രമന്ത്രിമാർക്ക്‌ നന്ദി.

                                                                     756
                                                                     *****
07.01.2016
സി പി എമ്മിൽ അംഗത്വം ഇല്ലാത്ത കെ.ടി.ജലീലിനെ സി പി എമ്മിന്റെ തെക്ക്‌ വടക്ക്‌ ജാഥയിൽ സ്ഥിരാംഗം ആക്കുന്നത്‌ കാണുമ്പോൾ, സർക്കസ്‌ കൂടാരത്തിലെ കുരങ്ങന്റെ കുറവ്‌ നികത്താൻ വിശന്ന്‌ നടക്കുന്ന ഭിക്ഷക്കാരനെ പിടിച്ച്‌ കുരങ്ങന്റെ വേഷം കെട്ടിച്ച്‌ വേദിയിലേക്കയക്കുന്ന സർക്കസ്‌ കമ്പനിക്കാരുടെ സൂത്രമാണ്‌ ഓർമ്മയിലേക്ക്‌ വരുന്നത്‌.

സർക്കസ്സ്‌ കമ്പനിക്കാരുടെ ഷോയും നടക്കും, ഭിക്ഷക്കാരന്റെ വിശപ്പും മാറും എന്ന് പറഞ്ഞ പോലെ, സി പി എമ്മിന്‌ ജാഥക്ക്‌ ഒരാളാവുകയും ചെയ്യും, ജലീലിന്റെ അധികാര വിശപ്പിനു ആശ്വാസം ലഭിക്കാൻ ഒരു സീറ്റ്‌ മൽസരിക്കാൻ കിട്ടുകയും ചെയ്യും.
അബസ്വരം :
മ്മടെ പാർട്ടിയിൽ ജാഥക്ക്‌ കൊണ്ട്‌ നടക്കാൻ പറ്റിയ മെമ്പർഷിപ്പുള്ള ഐറ്റംസ്‌ ഒന്നും ഇല്ലേ എന്റെ സഖാക്കളേ ?
ലോൾ സലാം സഖാക്കളേ !

                                                                     757
                                                                     *****
08.01.2016
നവ കേരളയാത്രായുടെ ഫ്ലെക്സിൽ അർജ്ജുനനായി പിണറായിയേയും, ശ്രീകൃഷ്ണനായി ജയരാജനേയും ചിത്രീകരിച്ചത്‌ മനോഹരമായിട്ടുണ്ട്‌.
കൂടെ ശിഖണ്ടിയായി കെ.ടി.ജലീലിനേയും, വിഗ്രഹം ചുമക്കുന്ന കഴുതയായി അച്ചുതാനന്ദനേയും കൂടി ഉൾപ്പെടുത്തിയാൽ സംഭവം ഉഷാറായിരുന്നു.

അബസ്വരം :
സംഘി സ്റ്റൈൽ പോസ്റ്റർ അടിച്ച്‌ ആളെ കൂട്ടേണ്ട ഗതികേടിലായി ല്ലേ സഖാവേ ??


                                                                     758
                                                                     *****
09.01.2016
താൻ ഒരേ സമയം മുസ്ലിമും കമ്യൂണിസ്റ്റും ആണ്‌ എന്ന് വിശ്വസിക്കുന്ന സഖാക്കളോട്‌ ഒന്ന് ചോദിക്കട്ടെ !!

അല്ലാഹുവിലും ഇസ്ലാമിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിന് എങ്ങിനെ നിരീശ്വരവാദത്തെയും, യുക്തിവാദത്തെയും പിന്തുണക്കുന്ന കമ്മ്യൂണിസത്തിന്റെ അനുയായി ആവാന്‍ കഴിയും ? രണ്ടും രണ്ടു ദിശകളില്‍ സഞ്ചരിക്കുന്നതല്ലേ ?

ഒന്നുകില്‍ ആത്മാര്‍ത്ഥതയില്ലാത്ത മുസ്ലിമും, ആത്മാര്‍ത്ഥതയുള്ള കമ്മ്യൂണിസ്റ്റും ആവാന്‍ കഴിയും. അല്ലെങ്കില്‍ ആത്മാര്‍ത്ഥതയുള്ള മുസ്ലിമും ആത്മാര്‍ത്ഥതയില്ലാത്ത കമ്മ്യൂണിസ്റ്റും ആവാന്‍ കഴിയും. അതും അല്ലെങ്കില്‍ ഒരേ സമയം ആത്മാര്‍ത്ഥതയില്ലാത്ത മുസ്ലിമും കമ്മ്യൂണിസ്റ്റും ആവാം.

ഈ മൂന്ന് സാധ്യതകള്‍ അല്ലേ ഉള്ളൂ ?

ഇതില്‍ ഏതു വിഭാഗത്തിലാണ് നിങ്ങള്‍ എന്നാണ് നിങ്ങളുടെ വിലയിരുത്തൽ ?

അബസ്വരം :
"പാവക്കയെന്നത്‌ എന്നത്‌ ഞാനറിയും, കോഴിയെ പോലെ പാട്ടുപാടും" എന്ന കോലത്തിലാണോ നിങ്ങൾ കമ്മ്യൂണിസം മനസ്സിലാക്കിയത്‌ സഖാവുട്ട്യോളേ ??

                                                                     759
                                                                     *****
10.01.2016
എക്സ്‌പ്രസ്സ്‌ വേയെ എന്തിനാണ്‌ ഇങ്ങൾ എക്സ്‌പ്രസ്സ്‌ വേ എന്ന് വിളിച്ചത്‌ ? അതോണ്ടല്ലേ മ്മടെ സഖാവ്‌ അതിനെ എതിർത്തത്‌ ?
"എക്സ്‌പ്രസ്സ്‌" എന്നത്‌ മുതലാളിത്വ - സാമ്രാജ്യത്വ - ബൂർഷ്വാ പദമാണ്‌ എന്ന് നിങ്ങൾക്കറിയൂലേ കൂട്ടരേ ??

എക്സ്‌പ്രസ്സ്‌ വേ എന്നതിനു പകരം വല്ല "സഖാവ്‌ പാത" എന്നോ "ചുവന്ന വേ" എന്നോ "മൂലധന പാത" എന്നോ "കൈരളി വേ" എന്നോ വിളിച്ചാൽ വല്ല ഗുലുമാലും ഉണ്ടാവുമായിരുന്നോ ??

മലയാളിത്തം ഉള്ള പേരാണെങ്കിൽ കേരളം രണ്ടാവാതെ തന്നെ റോഡ്‌ ആവുമായിരുന്നല്ലോ കൂട്ടരേ ??!

അബസ്വരം :
പണ്ട്‌ കമ്പ്യൂട്ടറിനെ സഖാക്കൾ ഓടിച്ച ഒരു വഴിയുണ്ടായിരുന്നല്ലോ..!! ആ വഴിയിൽ പുല്ല്‌ മുളച്ചിട്ടില്ലെങ്കിൽ അതൊന്ന് ടാർ ചെയ്താൽ മതി. കാസറോട്ട്ന്ന് നിന്നും ആറല്ല, രണ്ടു മണിക്കൂർ കൊണ്ട്‌ തന്നെ തിരോന്തരത്ത്‌ എത്താം.

                                                                     760
                                                                     *****
11.01.2016
മുള്ള്‌ ചെന്ന് ഇലയിൽ വീണാലും, ഇല ചെന്ന് മുള്ളിൽ വീണാലും ചീത്തപ്പേര്‌ മുള്ളിനാ...

അബസ്വരം :
ഒന്നുല്യാ... പറയാൻ തോന്നി പറഞ്ഞു എന്ന് മാത്രം.

                                                                     761
                                                                     *****
12.01.2016
"ശബരിമലയിൽ സ്ത്രീകൾ പ്രവേശിപ്പിക്കണം" എന്നു സുപ്രീം കോടതി പറഞ്ഞതിനെ സ്വാഗതം ചെയ്ത്‌ ഒരുപാട്‌ സഖാക്കൾ പോസ്റ്റുമായി മണ്ടി വരുന്നത്‌ കണ്ട്‌ വിജൃംബിച്ചിരിക്കുകയാണ്‌ ഞ്യാൻ.

പണ്ട്‌ സഖാവ്‌ കൊടിയേരി കാടാമ്പുഴയിൽ ഒന്ന് പൂ മൂടിപ്പിച്ചതിന്റെ പേരിൽ എന്തൊക്കെ പുകിലായിരുന്നു മ്മടെ സി പി എമ്മിൽ. എന്നിട്ട്‌ ഓലാണിപ്പൊ ഇതിനെ സ്വാഗതിക്കാൻ നടക്കുന്നത്‌.

മതമില്ലാത്ത ജീവന്മാരെ പ്രസവിപ്പിക്കാനായി പണിയെടുക്കുന്ന പാർട്ടിക്കാരുടെ അവസ്ഥ നോക്കണേയ്‌ !

ഇലക്ഷൻ എന്ന കടമ്പ അടുക്കുമ്പോൾ ഏത്‌ കമ്യൂണിസ്റ്റും ദൈവത്തെ ഒക്കെ ഓർക്കുമായിരിക്കും ല്ലേ ?

മതവിശ്വാസ കാര്യങ്ങൾ മതവിശ്വാസികൾ തീരുമാനിക്കുന്നതല്ലേ സഖാവേ ലതിന്റെ ഒരു ലിത്‌ ?

അബസ്വരം :
കമ്മ്യൂണിസ്റ്റ്‌ പറമ്പിൽ സഖാവ്‌ കാറൽ മാർക്ക്സ്‌ വക വലിയ വെടി രണ്ട്‌, ചെറിയ വെടി നാല്‌ !!

                                                                     762
                                                                     *****
13.01.2016
ഇന്നലെ ഒരു ചർച്ചക്കിടയിൽ ഒരു സഖാവിന്റെ ഡയലോഗ്‌ കണ്ട്‌ കോരിത്തരിച്ച്‌ പോയി.
"അനീതി ആര്‌ ചെയ്താലും കമ്യൂണിസ്റ്റുകൾ അതിനെ എതിർക്കും" - എന്നതായിരുന്നു ആ ഡയലോഗ്‌.

ചിന്തിച്ചപ്പോൾ സംഭവം ശരിയാണെന്ന് മനസ്സിലായി.

അതായത്‌ ഉത്തമാ, കമ്യൂണിസ്റ്റുകൾ ഒഴികെ ആര്‌ അനീതി ചെയ്താലും കമ്യൂണിസ്റ്റുകൾ എതിർക്കും. എന്നിട്ട്‌ അനീതി ചെയ്യാനുള്ള അവകാശം മ്മൾ കമ്യൂണിസ്റ്റുകൾക്ക്‌ മാത്രമായി നിജപ്പെടുത്തും.

അബസ്വരം :
കമ്യൂണിസ്റ്റുകൾ മാത്രം അനീതി ചെയ്യുന്ന ഒരു ലോകം.
അതായിരുന്നു കമ്യൂണിസ്റ്റ്‌ സഖാക്കൾ കണ്ട മഹത്തായ സ്വപ്നം.

                                                                     763
                                                                     *****
14.01.2016
തന്റെ ചികിൽസാ ചിലവിനായി സർക്കാർ ഖജനാവിൽ നിന്ന് 6 ലക്ഷം മാത്രം എടുത്ത കെ.ടി.ജലീലിനെ ചിലർ വിമർശിക്കുന്നത്‌ കാണുമ്പോൾ അവരോട്‌ സഹതാപം തോന്നുന്നു.

കാരണം അവസരത്തിനനുസരിച്ച്‌ മാറ്റാൻ പാകത്തിലുള്ള കാല്‌ വെക്കാനുള്ള ചിലവ്‌ നിങ്ങൾ അന്യേഷിച്ചിട്ടുണ്ടോ ?

ക്ഷണിക്കാത്ത കല്യാണത്തിനു പോയി പുയ്യാപ്ലയുടെ ഒപ്പം നിന്ന് ഫോട്ടോ പിടിക്കുമ്പോൾ നാണം തോന്നാതിരിക്കാനുള്ള കണ്ടാമൃഗത്തിന്റെ തൊലി ഫിറ്റ്‌ ചെയ്യാനുള്ള ശാസ്ത്രക്രിയക്കൊക്കെ എന്താണ്‌ നിരക്ക്‌ എന്നതിനെ കുറിച്ച്‌ വല്ല ബോധവും ഉണ്ടോ ?

ലീഗിന്റെ ഗുജറാത്ത്‌ ഫണ്ടിന്റെ തട്ടിപ്പ്‌ കണ്ടുപിടിച്ച ജലീലിന്റെ കണ്ണുകൾക്ക്‌, സി പി എമ്മിന്റെ നേപ്പാൾ ഭൂകമ്പ ഫണ്ടിന്റെ തട്ടിപ്പ്‌ കണ്ണിൽ കൊണ്ട്‌ മുറിവ്‌ പറ്റാതിരിക്കാൻ നടത്തിയ 'നേപ്പാൾ കണ്ണോട്ടമി പ്ലാസ്റ്റി' ചികിൽസയുടെ ചിലവിനെ കുറിച്ച്‌ വല്ല ധാരണയും നിങ്ങൾക്കുണ്ടോ ജലീൽ വിമർശകരേ ?

സ്പീക്കറുടെ കസേര തല്ലിപ്പൊളിക്കാൻ വേണ്ടി ബോഡി ഫിറ്റാക്കി നിർത്താൻ ജിമ്മിൽ പോകുന്നതും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമല്ലേ ? പാർട്ടി തരുന്ന കട്ടൻ ചായയും പരിപ്പ്‌ വടയും മാത്രം തിന്നാൽ മസില്‌ പെരുക്കുമോ ? അതിനു മുതലാളിത്യ രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രോട്ടീൻ പൗഡർ തന്നെ കയറ്റേണ്ടേ ? അതിനെ കുറിച്ച്‌ വല്ല വിവരവും നിങ്ങൾക്ക്‌ ഉണ്ടോ ??

സി പി എമ്മിനെ തൊട്ട്‌ തൊട്ടില്ല എന്ന് മോഡലിൽ നട്ടെല്ലുകൊണ്ട്‌ ബാലൻസ്‌ ചെയ്ത്‌ നിൽക്കുന്നതിനാൽ ഉണ്ടാവുന്ന നടുവേദനക്ക്‌ തേക്കേണ്ട 'ഉളിപ്പ്‌ സംഹാരി തൈലം' കായി കൊടുക്കാതെ വെറുതേ കിട്ടുമോ കമ്യൂണിസ്റ്റ്‌ വിരുദ്ധരേ ??

ഇതിനൊക്കെയും, പിന്നെ പുറത്ത്‌ സുതാര്യമാക്കി പറയാൻ കഴിയാത്ത സൂക്കേടിനും ഒക്കെക്കൂടി ആറു ലക്ഷം ആയാൽ അതെങ്ങിനെയാണ്‌ അധികമാവുക ?
വെറുതെ ഒരാളെ വിമശിക്കുന്നതിനു ശരിയാണോ ?

അബസ്വരം :
ഇതൊക്കെ നാട്ടുകാരെ 'സേവിക്കാൻ' മാത്രമാണ്‌ ജലീൽ ചെയ്യുന്നത്‌ എന്നും എന്തേ ഓർക്കാതെ പോയീ ??

                                                                     764
                                                                     *****
14.01.2016
ആർത്തവത്തിന്റെ എർത്ത്‌ തിയറിയുമായി ഒരു പോസ്റ്റ്‌ ഫേസ്ബുക്കിൽ പാറിപ്പറക്കുന്നത്‌ കണ്ടു.

ആ സിദ്ധാന്തം വെച്ച്‌ നോക്കിയാൽ ക്ലോസറ്റ്‌ താങ്ങിയത്ര എർത്തൊന്നും ഇവിടെ ഒരു മൂലമറ്റം പവർ സ്റ്റേഷനും താങ്ങിയിട്ടുണ്ടാവില്ല.

അബസ്വരം :
ഇനി മുതൽ വീടുകളിൽ കുഴിയെടുത്ത്‌ പ്രത്യേകം എർത്തിംഗ്‌ സിസ്റ്റം ഉണ്ടാക്കേണ്ട ആവശ്യമില്ല. എർത്ത്‌ കമ്പി നേരെ ക്ലോസറ്റുമായി കണക്റ്റ്‌ ചെയ്താൽ മതി.


                                                                     765
                                                                     *****
15.01.2016
എം എൽ എ മാർ സർക്കാർ ഖജനാവിൽ നിന്ന് കാശെടുത്ത്‌ വല്ല വികസനവും നടത്തിയാൽ അവിടെയൊക്കെ "എം എൽ എ പുരുഷുവിന്റെ പ്രാദേശിക വികസനഫണ്ടിൽ നിന്നും വികസിപ്പിച്ചത്‌" മോഡലിൽ ബോർഡ്‌ തൂക്കുന്നത്‌ പരമ ബോറായ പരിപാടിയാണ്‌.

ഫണ്ട്‌ എം എൽ എ തന്റെ തറവാട്ടിൽ നിന്ന് കൊണ്ട്‌ വന്നതൊന്നും അല്ലല്ലോ ??

സർക്കാർ പണം ഉപയോഗിച്ച്‌ ഇങ്ങനെ സ്വയം പ്രഖ്യാപിത വികസനനായക മുദ്രാവാക്യം മുഴക്കുന്നതിനെതിരെ നിയമനിർമ്മാണം ഉണ്ടാവണം.

സ്വന്തം തറവാട്ടിൽ നിന്ന് കൊണ്ടു വന്ന് ഉണ്ടാക്കുമ്പോൾ മതി ബോർഡ്‌ തൂക്കൽ.

അബസ്വരം :
"ജനങ്ങളുടെ പണം ഉപയോഗിച്ച്‌ സർക്കാർ വികസിപ്പിച്ചത്‌" - അത്രമതി.
കൂടുതൽ ഡെക്കറേഷൻ വേണ്ടാ.

                                                                     766
                                                                     *****
15.01.2016
ഇന്ന് ഒരു മൂത്ത സഖാവിന്റെ കമന്റ്‌ കണ്ട്‌ കണ്ണു നിറഞ്ഞു.

പണ്ട്‌ പച്ച ബോർഡിന്റെ പേരും പറഞ്ഞ്‌ വിദ്യാഭ്യാസ വകുപ്പിനെ വിമർശ്ശിച്ച സി പി എം, പണറായിയുടെ വടക്ക്‌ തെക്ക്‌ യാത്രയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ സ്ഥാപിച്ച പണറായി നിൽക്കുന്ന പച്ച ഫ്ലെക്സിന്റെ ചിത്രം "വൈരുദ്ധ്യാത്മക പച്ച നിറവാദം" എന്ന് കൊടുത്ത്‌ ഷയർ ചെയ്തതിൽ മൂത്ത സഖാവ്‌ ഇട്ട കമന്റാണ്‌ അടുത്ത പാരഗ്രാഫിൽ കൊടുക്കുന്നത്‌.

"പച്ച ഏഴു നിറങ്ങളിൽ ഒരു നിറം മാത്രം. അല്ലാതെ ലീഗിന് തീറെഴുതി കൊടുത്ത തറവാട് സ്വത്തല്ല. "

ഇത്‌ വായിച്ചപ്പൊ മ്മൾ ഉൾപുളുംഗിത ഘടോൽക്കച്ചലു ആയി.

"പച്ച നിറം അന്ന് ലീഗിന്റെ നിറമാണ്‌, അതുകൊണ്ടാണ്‌ പച്ച ബോർഡ്‌ വെക്കാൻ പറയുന്നത്‌, അതുകൊണ്ട്‌ പച്ച ബോർഡ്‌ വെക്കരുത്‌ " എന്നൊക്കെ ബല്യ സഖാക്കളോടൊപ്പം കാച്ചിയിരുന്ന മൂത്ത സഖാക്കൾ ഇപ്പൊ "പച്ച ഏഴു നിറങ്ങളിൽ ഒന്ന് മാത്രം" എന്നൊക്കെ കീറുമ്പോൾ കണ്ണ്‌ നിറയാതിരിക്കുന്നതെങ്ങിനെ ?

വിദേശങ്ങളിൽ ഒക്കെ ക്ലാസുകളിൽ പച്ച ബോർഡ്‌ ഉള്ള കാര്യം പറഞ്ഞപ്പോൾ അംഗീകരിക്കാതിരുന്ന കൂട്ടരാണ്‌ ഇത്‌ പറയുന്നത്‌ എന്ന് ഓർക്കണേ !

അബസ്വരം :
മലപ്പുറത്തെ ചില കാക്കാന്മാർക്ക്‌ പച്ചയോടുള്ള മുഹബ്ബത്ത്‌ മുതലെടുക്കാനുള്ള കുട്ടി സഖാക്കളുടെ സൈക്കളോടിക്കൽ മൂവല്ല പിണറായിയെ പച്ച ബോർഡിൽ കയറ്റിയതിനു പിന്നിൽ എന്ന് പറയാൻ പറഞ്ചു.

                                                                     767
                                                                     *****
18.01.2016
തിരുവനന്തപുരത്ത് ഒരാള്‍ അപകടത്തില്‍പ്പെട്ട് ചികിത്സാ സഹായം ലഭിക്കാതെ റോഡില്‍ കിടന്ന് മരിച്ചപ്പോള്‍, "മലബാറില്‍ അപകടത്തില്‍പ്പെട്ടാല്‍ ഇങ്ങിനെ കിടക്കേണ്ട അവസ്ഥ വരില്ല" എന്ന് പറഞ്ഞപ്പോഴേക്കും ചിലര്‍ക്കെങ്കിലും കുരുപൊട്ടിയിട്ടുണ്ട്. അതിനെ പ്രാദേശികവാദമായും ചിലര്‍ വ്യാഖ്യാനിക്കുന്നു.

വ്യാഖ്യാനങ്ങള്‍ എന്തായാലും വസ്തുത ഇതാണ് - "മലബാറില്‍ റോഡപകടത്തില്‍പ്പെട്ട് ഇങ്ങിനെ ആരും തിരിഞ്ഞു നോക്കാതെ കിടക്കേണ്ട അവസ്ഥ ഉണ്ടാവില്ല."

അബസ്വരം :
"മനുഷ്യത്വം എന്നത് ഞാനറിയും, അപകടം കണ്ടാല്‍ ഫോട്ടോയെടുത്ത് നോക്കി നില്‍ക്കും" - എന്ന സിദ്ധാന്തവും പേറി നടക്കുന്ന തിരുവിതാംകൂറുകാര്‍ക്ക് മനുഷ്യത്വം പഠിക്കാന്‍ മലബാറിലേക്ക് സ്വാഗതം.


                                                                     768
                                                                     *****
19.01.2016
ബി ജെ പിയും, സി പി എമ്മും തമ്മിൽ പല കാര്യങ്ങളിലും സാമ്യമുണ്ട്‌.

01. അസഹിഷ്ണുത :
സി പി എം രാഷ്ട്രീയത്തിന്റെ പേരിൽ അസഹിഷ്ണുത കാണിച്ച്‌ രാഷ്ട്രീയ എതിരാളികളെ വെട്ടിവീഴ്ത്തുമ്പോൾ, ബി ജെ പിയും അസഹിഷ്ണുത കാണിച്ച്‌ എതിരാളികളെ മയ്യത്താക്കുന്നു.

02. നിലപാടുമാറ്റം :
പല വിഷയങ്ങളിലും പ്രതിപക്ഷത്തിരുന്ന് നടത്തുന്ന നിലപാടുകൾ ഭരണത്തിൽ വരുമ്പോൾ ഉളുപ്പില്ലാതെ യു ടേൺ അടിക്കുന്നു. സി പി എമ്മിനു വേണ്ടി കമ്പ്യൂട്ടറും, എക്സ്‌പ്രസ്സ്‌ ഹൈവേയും ഉദാഹരിക്കാമെങ്കിൽ, പെട്രോൾ വിലയും, കള്ളപ്പണവും ഒക്കെ ബി ജെ പിക്ക്‌ വേണ്ടി ഉദാഹരിക്കാം.

03. ഏകാധിപത്യ സ്വഭാവം :
ഏകാധിപത്യ സ്വഭാവം നടപ്പിലാക്കുന്നു. മോഡിയും, അമിത്‌ ഷായും ബി ജെ പിക്കുള്ളിലെ എതിർ ശബ്ദങ്ങളെ പരമാവധി നിശബ്ദരാക്കാൻ ശ്രമിക്കുമ്പോൾ, പിണറായിയും, കൊടിയേരിയും സി പി എമ്മിനുള്ളിൽ എതിർ ശബ്ദം ഉയർത്തുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നു.

04. വെറുക്കപ്പെട്ടവരുടെ മുഖം മിനുക്കൽ :
ജനങ്ങൾക്ക്‌ മുന്നിൽ പണ്ട്‌ വെറുക്കപ്പെട്ടവർ അധികാരക്കസേര സ്വന്തമാക്കാനായി പുതിയ മുഖം മൂടി അണിഞ്ഞ്‌, പാർട്ടി നയങ്ങൾക്കെതിരെ ജനപക്ഷത്ത്‌ നിന്ന് സംസാരിക്കുന്നു എന്ന് വരുത്തി ജനപ്രിയരാവാൻ ശ്രമിക്കുന്നു. ബി ജെ പിയിൽ എൽ കെ അദ്ധ്വാനിയും, സി പി എമ്മിൽ വി എസ്‌ അച്ചുതാനന്ദനും ഉദാഹരണം.

05. നേതാക്കളുടെ ബിംബവൽക്കരണം :
നേതാക്കൾ ബിംബവൽക്കരിക്കപ്പെടുന്നു. ബി ജെ പിയിൽ മോഡിയും, സി പി എമ്മിൽ പിണറായിയും ഉത്തമ ഉദാഹരണം.

06. വോട്ടിനായുള്ള മതം കയറ്റൽ :
മതവും രാഷ്ട്രീയവും തമ്മിലുള്ള മിശ്രണം. ബി ജെ പി രാഷ്ട്രീയ മുതലെടുപ്പിനായി സനാതന ധർമ്മത്തെ അഥവാ ഹിന്ദു വിശ്വാസങ്ങളെ വളച്ചൊടിക്കുമ്പോൾ, സി പി എം മതവിശ്വാസികളുടെ വോട്ട്‌ നേടാതെ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞ്‌ തങ്ങളുടെ പാർട്ടിയുടെ അടിസ്ഥാന സിദ്ധാന്തമായ കമ്യൂണിസത്തിൽ വെള്ളം ചേർക്കുന്നു. നിരീശ്വരവാദവും യുക്തിവാദവും പ്രചരിപ്പിക്കേണ്ടതിനു പകരം ശോഭായാത്ര നടത്തിയും, യേശു കൃസ്തുവിനെ പോസ്റ്ററിൽ കയറ്റിയും കമ്യൂണിസത്തെ മതവുമായി മിശ്രണം ചെയ്യുന്നു.

07. പാർട്ടിയിലെ കുറ്റവാളികളെ വെള്ളപൂശൽ :
ക്രിമിനൽ കുറ്റങ്ങളിൽ പോലും പെട്ട പാർട്ടി അംഗങ്ങളെ നിയമ വ്യവസ്ഥയെ പരിഹസിക്കുന്ന രീതിയിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും, സാക്ഷികളെ ഭീഷണിപ്പെടുത്തിയും, തെളിവുകൾ നശിപ്പിച്ചും, സംരക്ഷിക്കുന്നു. ജയകൃഷ്ണൻ മാസ്റ്റർ മുതൽ ടി പി വരെയുള്ള കൊലപാതക്കേസുകൾ സി പി എമ്മിനു വേണ്ടിയും, ഗുജറാത്ത്‌ കലാപവും, വ്യാജ ഏറ്റുമുട്ടലും എല്ലാം ബി ജെ പിക്ക്‌ വേണ്ടിയും ഉദാഹരിക്കാം.

അബസ്വരം :
കൂടാതെ സത്യം മനസ്സിലായാലും അത്‌ അംഗീകരിക്കാൻ തയ്യാറാവാതെ സ്വയം അപഹാസ്യരാവാൻ തീരുമാനിച്ചുറച്ച അണികളും. നേതാക്കൾ എന്ത്‌ പൊട്ടത്തരം പറഞ്ഞാലും അത്‌ അതേ പോലെ വിഴുങ്ങുകയും, പറഞ്ഞത്‌ തെറ്റാണ്‌ എന്ന് ഉത്തമബോധ്യം ഉണ്ടെങ്കിലും അതിനെ പൊതുജനമധ്യത്തിൽ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അണികളെ രണ്ടു പാർട്ടികളിലും ഒരുപോലെ കാണാം.

                                                                     769
                                                                     *****
20.01.2016
ജാമ്യം ഇല്ല എന്നറിഞ്ഞപ്പോഴേക്കും വിപ്ലവ നേതാവ്‌ ജയരാജൻ സഖാവിനു നെഞ്ച്‌ വേദന ! ആശുപത്രി അഡ്മിറ്റ്‌ !!

തോക്കിനും ചോരക്കും മുന്നിൽ പതറില്ല എന്ന് മുക്രയിടുന്ന സഖാവാണ്‌ ഒരു മുൻകൂർ ജാമ്യം തള്ളിയപ്പോഴേക്കും നെഞ്ചിൽ കിളി പോയി കിടക്കുന്നത്‌ !!

ഇവന്മാരൊക്കെ തന്നെയല്ലേ ചെഗുവേരയേയും, യാസർ അറഫാത്തിനേയും ഒക്കെ ഫോട്ടോഷോപ്പിൽ കയറ്റി അവരോടൊപ്പം ഇളിച്ചോണ്ടിരിക്കുന്ന ഫ്ലക്സ്‌ അടിച്ചിറക്കുന്നത്‌ ??


അബസ്വരം :
ചെഗുവേര ഒക്കെ ഇന്നുണ്ടായിരുന്നെങ്കിൽ ജയരാജന്റെ ഒക്കെ മുഖത്ത്‌ കാർക്കിച്ച്‌ തുപ്പിയേനെ.

                                                                     770
                                                                     *****
21.01.2016
മികച്ച ഹാസ്യ താരത്തിനുള്ള പുരസ്ക്കാരം നരേന്ദ്ര മോഡിക്ക്‌ കൊടുക്കാതെ എം 80 മൂസയിലെ പാത്തുവിനു കൊടുത്തതിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

നരേന്ദ്രമോഡിക്ക്‌ ശക്തമായി വെല്ലുവിളി ഉയർത്തി ചിരിച്ച പിണറായിയേയും, നിസ്ക്കരിച്ച ജലീലിനേയും മികച്ച ഹാസ്യ താരമായി അവാർഡ്‌ കമ്മറ്റി പരിഗണിക്കാതെ പോയത്‌ "ഹാസ്യം" എന്നതിന്റെ അർത്ഥം ജൂറി അംഗങ്ങൾക്ക്‌ അറിയാതെ പോയത്‌ കൊണ്ടാവും ല്ലേ ?

അബസ്വരം :
മോഡി, പിണറായി, ജലീലാദികൾക്ക്‌ നൽകാതെ, പാത്തുവിന്‌ നൽകാനുള്ളതാണ്‌ ഹാസ്യതാര അവാർഡെങ്കിൽ ആ അവാർഡിൽ മ്മക്ക്‌ വിശ്വാസമില്ലച്ചോ !!


                                                                     771
                                                                     *****
22.01.2016
എന്തൊക്കെ ആയിരുന്നു !
പെരിന്തൽമണ്ണ, ഹോട്ടൽ, കുട്ടികൾ, പൊറൊട്ട, മനുഷ്വത്വം, ബില്ല്, ഷയറ്‌, ലൈക്ക്‌, കമന്റടി !!!
ഒടുവിൽ എല്ലാം ഭാവനയാണത്രേ !!

അബസ്വരം :
ഇതിപ്പൊ മദർ തെരേസയേയും, സദ്ദാം ഹുസൈനേയും, യാസർ അറഫാത്തിനേയും ഒക്കെ വെച്ച്‌ സി പി എം പോസ്റ്ററടിച്ച പോലെയായി !!

                                                                     772
                                                                     *****
23.01.2016
ഇലക്ഷൻ അടുത്തത്തോടെ മലപ്പുറത്ത്‌ സുൽത്താന്മാരെ തട്ടിത്തടഞ്ഞ്‌ നടക്കാൻ വയ്യാത്ത കോലത്തിലായിട്ടുണ്ട്‌.

എവിടെ നോക്കിയാലും സുൽത്താന്മാരുടെ ഫ്ലെക്സ്‌.
മുൻപ്‌ കുഴിമന്തിക്കാണ്‌ ഈ ട്രെന്റ്‌ ഉണ്ടായിരുന്നത്‌.

മിക്ക പാർട്ടിക്കാരും ഒരോരൊ സുൽത്താന്മാരെ ഇറക്കിയിരിക്കുന്നു. ഒന്നിലധികം സുൽത്താന്മാരെ ഇറക്കിയ പാർട്ടിക്കാരും ഉണ്ട്‌.

ചില പാർട്ടിക്കാർ നിസ്ക്കരിക്കുന്ന സുൽത്താന്മാരേയും, നിസ്ക്കരിക്കാത്ത സുൽത്താന്മാരേയും ഒരു പോലെ ഇറക്കി മതേതര ബാലൻസ്‌ കെ നായരാവുന്നു.
പിന്നെ ഇതൊക്കെ നാട്ടുകാരുടെ നന്മക്കാണല്ലോ എന്ന് അലോചിക്കുമ്പോഴാണ്‌ ഒരാശ്വാസം.

അബസ്വരം :
കുഴിമന്തിയിൽ അജ്നാമോട്ടോ !
സുൽത്താനിൽ ആളാവൽമോട്ടോ !!


                                                                     773
                                                                     *****
23.01.2016
ഈ മന്ത്രി സഭയിൽ ഉള്ള ഒരു മന്ത്രിയുടെ കൈ പിടിച്ച്‌ കുലുക്കാനേ മ്മക്ക്‌ യോഗമുണ്ടായിട്ടുള്ളൂ. അത്‌ ബാബുവിന്റെ കയ്യായിരുന്നു. രണ്ടു മൂന്ന് കൊല്ലം മുൻപാണ്‌ അത്‌ സംഭവിച്ചത്‌.

കിട്ടിയ ചാൻസിൽ നന്നായി കുലുക്കിയിരുന്നു. എന്നിട്ടും ഇത്ര കാലം എന്തേ മന്ത്രിയായി തുടരാൻ മൂപ്പർക്ക്‌ പറ്റി എന്ന് മനസ്സിലായിരുന്നില്ല.

എന്തായാലും ആ കുലുക്കലിന്റെ എഫക്റ്റ്‌ ഇന്നാണ്‌ കണ്ടത്‌.

അബസ്വരം :
ഇനി വല്ല മന്ത്രിമാർക്കും മ്മടെ കജ്ജ്‌ പുടിച്ച്‌ കുൽക്കണോ ലാവോ ?

                                                                     774
                                                                     *****
24.01.2016
ഇന്ന് ഒരു കല്യാണ സ്ഥലത്ത്‌ വെച്ച്‌ ഒറിജിനൽ ജബ്രയെ കണ്ടു.

ആൾ ഇതാണോ എന്ന് സംശയം തോന്നിയപ്പോൾ മൂപ്പരെ ഒന്ന് തോണ്ടി "ഇങ്ങടെ പേര്‌ എന്താണ്‌ ?" എന്ന് ചോദിച്ചു.
"ജബ്ബാർ" എന്ന് മറുപടി.
മ്മൾ : "ഇ എ ജബ്ബാർ ല്ലേ ? റൈറ്റ്‌ തിങ്കേഴ്സിൽ ഒക്കെ ഉള്ള..."
ജബ്ര : " റൈറ്റ്‌ തിങ്കേഴ്സിൽ അല്ല. എഫ്‌ ടിയിൽ ആണ്‌."

അത്‌ തന്നെ മൂപ്പർ നുണയാണ്‌ പറയുന്നത്‌ എന്ന് മനസ്സിലായി. കാരണം ആർ ടിയിൽ മൂപ്പരെ മെൻഷൻ ചെയ്ത്‌ ഞാൻ എത്രയോ തവണ കമന്റ്‌ ഇട്ടിരുന്നു.

മ്മളോട്‌ പേര്‌ ചോദിച്ചു. മ്മൾ പറഞ്ഞു. എഫ്‌ ബിയിൽ മ്മളെ പരിചയം ഇല്ലാത്ത പോലെയാണ്‌ മൂപ്പർ പെരുമാറിയത്‌. അല്ലെങ്കിലും എഫ്‌ ബിയിൽ ചർച്ചക്ക്‌ വരുന്നവരുടെ എല്ലാം പേര്‌ ഓർത്ത്‌ വെക്കാനുള്ള ബുദ്ധിയോ യുക്തിയോ ഓർമ്മ ശക്തിയോ മൂപ്പർക്ക്‌ ഉണ്ടാവും എന്ന് കരുതുന്നത്‌ യുക്തി രഹിതമാണല്ലോ.
അതിനുള്ള സാധനം തലക്കകത്ത്‌ ഉണ്ട്‌ എങ്കിൽ മൂപ്പർ എന്നോ നന്നായിരുന്നു.

അബസ്വരം :
മൂപ്പരുടെ ഒപ്പം നിന്ന് ഒരു ഫോട്ടോം പിടിച്ചാലോ എന്ന് ഒരു നിമിഷം ആലോചിച്ചു. എന്നാൽ വിശുദ്ധ ഖുർആനെ വളച്ചൊടിച്ച്‌, അല്ലാഹുവിനെ പരിഹസിച്ച്‌, പ്രവാചകനെതിരെ നുണകളും, ദുർവ്യാഖ്യാനങ്ങളും ചമച്ച്‌ കുപ്രചരണം നടത്തുന്ന ഒരുത്തന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നത്‌ ശരിയല്ല എന്ന് എന്റെ മനസ്സ്‌ പറഞ്ഞത്‌ കൊണ്ട്‌ ആ പണിക്ക്‌ നിന്നില്ല.

                                                                     775
                                                                     *****
26.01.2016
കുറച്ച്‌ ദിവസമായി സഖാക്കൾ മലപ്പുറം ചുകന്നു, മലപ്പുറം ചുകന്നു എന്ന് മുക്രയിട്ട്‌ ഫേസ്ബുക്കിൽ പോസ്റ്റുകൾ നിറക്കുന്നു.

പിണങ്ങറായി വിജയൻ വന്നപ്പോൾ റോഡിൽ അപകട സൂചന അറിയിക്കുന്ന ചുവന്ന കൊടി തൂക്കിയത്‌ കൊണ്ടും, ചിലർ ചുവന്ന തലേക്കെട്ട്‌ കെട്ടിയത്‌ കൊണ്ടും ആണത്രേ സഖാക്കൾ മലപ്പുറം ചുവന്നതായി ഓരിയിടുന്നത്‌.

എന്റെ സഖാക്കളേ, മലപ്പുറത്ത്‌ ആർക്കും ഏത്‌ നിറമുള്ള കൊടിയും കെട്ടാം. ആരും തടുക്കാൻ വരില്ല. അതിപ്പൊ കാവിക്കൊടിയായാലും, കറുത്ത തുണി ആയാലും.

അല്ലാതെ ഇങ്ങടെ പാർട്ടി ഗ്രാമങ്ങളിലെ പോലെ "മ്മടെ ചൊമന്ന കൊടി മാത്രമേ പാടുള്ളൂ" എന്ന അസഹിഷ്ണുതാ നിലപാട്‌ മലപ്പുറത്തിനില്ല.
അതുകൊണ്ട്‌ റോഡിൽ സ്വന്തം പാർട്ടിക്കാർ വെച്ച കൊടിയുടെ ഫോട്ടം എടുത്ത്‌ മലപ്പുറം ചുവന്നേ എന്ന് ഓരിയിടുന്നത്‌ കാണുമ്പോൾ, "ഞാനാണ്‌ അട്ടം താങ്ങുന്നേ" എന്ന് ഓരിയിടുന്ന പല്ലിയെയാണ്‌ ഓർമ്മ വരുന്നത്‌.

അബസ്വരം :
നിസ്ക്കാരശ്രീ കെ.ടി.ജലീലിന്റേയും, വയളുൽ ഉലമാ ടി.കെ.ഹംസയുടേയും, കോണകത്തിന്റെ നിറം നോക്കി, എല്ലാ മലപ്പുറംകാരും ചുവന്ന കോണകമാണ്‌ ഇടുന്നത്‌ എന്ന് പറഞ്ഞാൽ ശരിയാവുമോ സഖാക്കളേ ?

                                                                     776
                                                                     *****
27.01.2016
പത്മശ്രീ, പത്മവിഭൂഷൺ, ഭാരതരത്നം പുരസ്കാരങ്ങളെ യഥാക്രമം താമരശ്രീ, താമര വിഭൂഷൺ, സംഘിരത്നം എന്നിങ്ങനെ പുനർനാമകരണം ചെയ്ത്‌ അവാർഡുകളുടെ പേരുകൾ അർത്ഥവത്താക്കാൻ കേന്ദ്ര സർക്കാറിനോട്‌ അഭ്യർത്ഥിക്കുന്നു.

അബസ്വരം :
പട്ടിയെ ഡെക്കറേഷൻ ചെയ്ത്‌ കുതിരേ എന്ന് നീട്ടി വിളിച്ചാൽ പട്ടി കുതിരയാവില്ല.


                                                                     777
                                                                     *****
27.01.2016
സരിതാ നായരേക്കാൾ മികച്ചൊരു മുഖ്യമന്ത്രി സ്ഥാനാർത്ഥി അടുത്ത തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനായി ഉയർത്തിക്കാട്ടാനില്ല.

ചാണ്ടിച്ചൻ ഭരിക്കുമ്പോൾ പരസ്പരം തല്ലി നടക്കാനല്ലേ പിണറായിക്കും, വി എസ്സിനും സമയമുണ്ടായിട്ടുള്ളൂ. ചാണ്ടിക്ക്‌ എതിരേ ഒരു സമരമെങ്കിലും ഐക്യത്തോടെ നടത്തി വിജയിപ്പിച്ചെടുക്കാനോ, ഭരണകൂടത്തെ മുൾമുനയിൽ നിർത്താനോ ഇരുവർക്കും കഴിഞ്ഞോ ?

ഈ സാഹചര്യത്തിലാണ്‌ മനസ്സും ശരീരവും ആത്മർത്ഥതയോടെ ഉപയോഗിച്ച്‌, സർക്കാറിനെ മുൾമുനയിൽ നിർത്തുന്ന സരിതയുടെ പ്രസക്തി വർദ്ധിക്കുന്നത്‌. ഇടതുപക്ഷത്തിനു മൊത്തമായി കഴിയാത്തത്‌ സരിതക്ക്‌ ഒറ്റക്ക്‌ ചെയ്യാൻ കഴിഞ്ഞില്ലേ?
ആയതിനാൽ സരിതയെക്കാൾ മികച്ചൊരു മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇടതുപക്ഷത്തിനു ലഭിക്കില്ല.

ഓൾക്ക്‌ ആണെങ്കിൽ നന്നായി ചിരിക്കാനും അറിയാലോ !

അബസ്വരം :
പാർട്ടിയിൽ മെമ്പർഷിപ്പ്‌ കൊടുക്കാൻ മടിയുണ്ടെങ്കിൽ മറ്റേ 'സഹയാത്രിക' പട്ടം കൊടുത്താൽ മതീ ന്നേയ്‌.

                                                                     778
                                                                     *****
27.01.2016
"കോൺഗ്രസുകാർ എന്നെ വേശ്വയെ പോലെ ചിത്രീകരിച്ചു." - സരിതാ നായർ.

അബസ്വരം :
വിഷമിക്കരുത്‌ ചേച്ചീ. ഇങ്ങടെ ക്ലിപ്പുകൾ എല്ലാം കണ്ടിട്ടും ഇങ്ങളെ ദേവിയെ പോലേയും, മാലാഖയെ പോലേയും, പുണ്യാത്മാവായും ചിത്രീകരിക്കാൻ സി പി എമ്മുകാർ ഉണ്ടായല്ലോ. അതിൽ കൂടുതലെന്ത്‌ വേണം ജന്മസുകൃതം ലഭിക്കാൻ ?

                                                                     779
                                                                     *****
28.01.2016
"ഉമ്മൻ ചാണ്ടിയെ കുടുക്കാൻ സി പി എം 10 കോടി വാഗ്ദാനം ചെയ്തു" എന്നും, "ബിജുവിനെ സംരക്ഷിച്ചത്‌ ഐശ പോറ്റി ആണ്‌" എന്നും സരിത പറഞ്ഞത്‌ അംഗീകരിക്കാത്ത സഖാക്കൾ, സരിത ഉമ്മൻ ചാണ്ടിക്ക്‌ എതിരെ പറഞ്ഞതിനെ മാത്രം അംഗീകരിക്കുന്നത്‌ കാണുമ്പോൾ രോഞ്ചാമം തോന്നുന്നു.

അഭിനവ ഡാങ്കേക്കും, വിഗ്രഹം ചുമക്കുന്ന കഴുതക്കും ഇങ്ങനെ ഇടക്കിടക്ക്‌ രോഞ്ചാമം ഉണ്ടാക്കിക്കുന്നതിനു നന്ദി.

അബസ്വരം :
പിന്നെ ഇതൊക്കെ ചിരിക്കുന്ന പിണറായിക്ക്‌ മുഖ്യനായി ജനങ്ങളെ സേവിക്കാൻ വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാ ആശ്വാസം.


                                                                     780
                                                                     *****
29.01.2016
"സോളാർ കേസിന്റെ പേരിൽ ഉമ്മൻ ചാണ്ടിയെ നുണ പരിശോധനക്ക്‌ വിധേയമാക്കണം" എന്ന സി പി എം സഖാക്കളുടെ ആവശ്യം തികച്ചും ന്യായമാണ്‌.

ഉമ്മൻ ചാണ്ടി തെറ്റ്‌ ചെയ്തിട്ടുണ്ട്‌ എങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം.

അതോടൊപ്പം തന്നെ, കിളിരൂർ പീഡനക്കേസിലെ വി ഐ പി യെ തനിക്ക്‌ അറിയാം എന്ന് പറഞ്ഞ വി എസ്സിനേയും നുണ പരിശോധനക്ക്‌ വിധേയമാക്കണം. കൂടാതെ ലാവലിൻ, ടി പി കേസുകളുടെ സത്യാവസ്ഥ പുറത്ത്‌ കൊണ്ടുവരാൻ പിണറായി വിജയനേയും നുണ പരിശോധനക്ക്‌ വിധേയമാക്കണം.

ഫസൽ, മനോജാദി വധങ്ങളുടെ സത്യാവസ്ഥ പുറത്ത്‌ കൊണ്ടുവരാൻ ജയരാജാദികളേയും നുണ പരിശോധനക്ക്‌ വിധേയമാക്കണം.

ഗുജറാത്ത്‌ കലാപത്തിന്റെ പേരിൽ മോഡിക്കും നുണ പരിശോധന നടത്തണം.
ഇവരെയെല്ലാം നുണ പരിശോധനക്ക്‌ മാത്രമല്ല, നാർക്കോ അനാലിസിസിനും വിധേയമാക്കണം എന്നാണെന്റെ അഭിപ്രായം.

അബസ്വരം :
എല്ലാ വിഷയങ്ങളിലും സത്യം പുറത്ത്‌ വരട്ടെ. തെറ്റ്‌ ചെയ്യാത്തവൻ എന്തിന്‌ ഭയപ്പെടണം?

                                                                     781
                                                                     *****
29.01.2016
ശ്രീനിവാസനെ ആക്രമിക്കാൻ കുട്ടി സഖാക്കളെ പ്രേരിപ്പിച്ചതിനു പിന്നിൽ ഒരു കാരണമുണ്ട്‌.

ആ കാരണം എന്താണ്‌ എന്നറിയുമോ ?
മൂപ്പരുടെ പേര്‌ തന്നെ.
ടി.പി. ശ്രീനിവാസൻ എന്ന പേര്‌ !!

ടി.പി. എന്ന ഇനീഷ്യൽ കണ്ടാൽ കലിയിളകാത്ത സഖാവുട്ടികൾ ഉണ്ടാവുമോ ??
അതുകൊണ്ട്‌ ടി.പി എന്ന ഇനീഷ്യൽ ഉള്ള ഏവരും സൂക്ഷിക്കുക.

എന്തായാലും "മാഷാ അല്ലാഹ്‌" എന്നെഴുതിയ ഇന്നോവ വരാതിരുന്നതും, 51 വരെ എണ്ണേണ്ട അവസ്ഥ ഉണ്ടാവാതിരുന്നതും മഹാഭാഗ്യം.

അബസ്വരം :
"സ്റ്റുഡന്റ്‌" എന്ന മഹത്തായ പദത്തെ ഇങ്ങനെ അപമാനിക്കരുത്‌. ആയതിനാൽ എസ്‌ എഫ്‌ ഐ യുടെ പൂർണ്ണരൂപത്തിൽ "സ്റ്റുഡന്റ്സ്‌" എന്നതിനു പകരം "ഷേവിംഗ്‌" എന്നാക്കി സംഘടനയുടെ പേര്‌ അർത്ഥവത്താക്കണം.


                                                                     782
                                                                     *****
29.01.2016
"ടി.പി.ശ്രീനിവാസൻ വിദ്യാഭ്യാസ വിദഗ്ദനല്ല." - പിണറായി വിജയൻ.

ശരിയാ സഖാവേ. ഇങ്ങടെ നിഘണ്ടുവിൽ പൊതുമുതൽ നശിപ്പിക്കുന്നതും, അധ്യാപകരെ തെറി വിളിക്കുന്നതും, ബസ്സിനു കല്ലെറിയുന്നതും, പോലീസുകാരെ ആക്രമിക്കുന്നതും ആണല്ലോ വിദ്യാഭ്യാസ വൈദഗ്ദ്യം നേടിയതിന്റെ ലക്ഷണം. അതുപ്രകാരം നോക്കിയാൽ ടി.പി.ശ്രീനിവാസൻ വിദ്യാഭ്യാസ വിദഗ്ദൻ പോയിട്ട്‌ വിദ്യാഭ്യാസി പോലുമല്ല.

അബസ്വരം :
വിദ്യാഭ്യാസം എന്നത്‌ ഞാനറിയും,
ആഭാസം പോലെ ഉരുണ്ടിരിക്കും.


                                                                     783
                                                                     *****
31.01.2016
ടി.പി.ശ്രീനിവാസനെതിരെ ബസ്റ്റാഡ്‌ കഥ ഇറക്കിയ എല്ലാ സഖാക്കൾക്കും ബസ്റ്റാഡ്‌ ശ്രീ അവാർഡ്‌ നൽകണം.

പണി പാളി എന്നറിഞ്ഞപ്പോൾ പുതിയ കഥകൾ രചിക്കാൻ ഇത്രയും സമയം എടുത്തതിൽ സന്തോഷം.

അബസ്വരം :
വെട്ടുന്ന കാർന്നോർമ്മാർക്ക്‌, തല്ലുന്ന ശിഷ്യന്മാർ.


                                                                     784
                                                                     *****
01.02.2016
"ടി.പിയെ തല്ലല്ലും, പഞ്ഞിക്കിടലും കഴിഞ്ഞ്‌ രണ്ട്‌ ദിവസത്തിനു ശേഷമാണ്‌ തന്തക്ക്‌ വിളിച്ചത്‌ കുട്ടിസഖാക്കളുടെ ചെവിയിൽ എത്തിയതല്ലേ ?" എന്ന് ചോദിച്ച്‌ പലരും സഖാക്കളെ വിമർശിക്കുന്നത്‌ കണ്ടു.

ഈ നിലപാട്‌ സഖാക്കൾക്കെതിരെ എടുക്കുന്നത്‌ ഒരിക്കലും ശരിയല്ല.

കാരണം ഓലേ ചെവിം ബുദ്ധീം പണ്ടും പതുക്കെ ആണല്ലോ. കമ്പ്യൂട്ടറും, നാലുവരി പാതിം ഒക്കെ ചെവീൽ കയറാൻ കാലം എത്ര പിടിച്ചു ?
ടി പി തന്തക്ക്‌ വിളിച്ചത്‌ രണ്ടീസം കൊണ്ട്‌ ചെവീ കയറിയില്ലേ ?
അപ്പോൾ അവരുടെ ചെവിക്ക്‌ ഉണ്ടാവുന്ന പുരോഗതിയേയും വേഗത്തേയും അംഗീകരിക്കുകയല്ലേ നാം ചെയ്യേണ്ടത്‌ ?

അബസ്വരം :
"തല്ലിയ ശേഷം, തന്തക്ക്‌ വിളിച്ചത്‌ കൊണ്ടാണ്‌ തല്ലിയത്‌ എന്ന് പറഞ്ഞാൽ, തല്ല് വിപ്ലവകരവും, പുണ്യപ്രവർത്തിയും ആയി മാറും." - അഭിനവ മൂലധനം, തല്ലിപ്പൊളി ന്യായീകരണാദ്ധ്യായം.

                                                                     785
                                                                     *****
01.02.2016
ടി.പി.ശ്രീനിവാസനെ എസ്‌ എഫ്‌ ഐക്കാർ തച്ച വിഷയത്തിലും, സ്വരാജാദികളെ പോലീസുകാർ തച്ച വിഷയത്തിലും കുട്ടി സഖാക്കൾ സ്വീകരിക്കുന്ന നിലപാട്‌ ഒന്ന് ഒന്നിച്ച്‌ വെച്ച്‌ നോക്കിയാൽ സംഭവം ഗംഭീരമാവും.

"ടി.പി. തന്തക്ക്‌ വിളിച്ചു" എന്ന് പറഞ്ഞ്‌ തച്ചതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന സഖാക്കൾ, പോലീസിനെ കല്ലെറിയാൻ പോയ സ്വരാജാദി സഖാക്കൾക്ക്‌ തല്ല്‌ കിട്ടിയത്‌ പോലീസ്‌ ചെയ്ത തെറ്റായി വ്യാഖ്യാനിക്കുന്നു.

തന്തക്ക്‌ വിളിച്ചതിനാണ്‌ ടി പി യെ തച്ചത്‌ എങ്കിൽ, പോലീസുകാർക്ക്‌ നേരെ കല്ലെറിഞ്ഞ സ്വരാജാദികൾക്ക്‌ പോലീസ്‌ അമ്മിഞ്ഞപ്പാൽ കൊടുക്കുകയാണോ വേണ്ടിയിരുന്നത്‌ ?
തൊള്ളക്കൊണ്ട്‌ പറയുന്നതിന്‌ മറുപടി കൈക്കൊണ്ട്‌ ആണെങ്കിൽ, കൈക്കൊണ്ട്‌ നൽകിയതിനു മറുപടി പോലീസുകാർ ലാത്തികൊണ്ടല്ലാതെ ചെമ്പരത്തി പൂവ്‌ കൊണ്ടാണോ നൽകേണ്ടത്‌ ?

അല്ലാതെ ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധത്തിന്‌ പോയിട്ടല്ലല്ലോ പോലീസ്‌ സ്വരാജാദികൾക്ക്‌ സമ്മാനം നൽകിയത്‌ ?

അബസ്വരം :
കൊടുക്കുമ്പോൾ ഇട്ട പാലത്തിലൂടെ തന്നെ വാങ്ങുമ്പോഴും നടക്കേണ്ടേ ?


                                                                     786
                                                                     *****
01.02.2016
"ടി.പി.ശ്രീനിവാസൻ വിദ്യാഭ്യാസ വിദഗ്ദനല്ല." - എന്ന് പിണറായി വിജയൻ പറഞ്ഞത്‌ വളരെ ശരിയാണ്‌.

കേരളത്തിൽ ആകെ ഒരുവിദ്യാഭ്യാസ വിദഗ്ദനേ ഉള്ളൂ.
മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചാണ്‌ പാസാവുന്നത്‌ എന്ന് കണ്ടെത്തിയ പണ്ഡിതരത്നം വി.എസ്‌.അച്ചുതാനന്ദൻ ആണ്‌ ആ വിദ്യാഭ്യാസ വിദഗ്ദൻ.

അബസ്വരം :
പിണറായി സഖാവ്‌ ചിരിക്കാൻ മാത്രമല്ല വല്ലപ്പോഴും സത്യം പറയാനും പഠിച്ചിരിക്കുന്നു. പോസ്റ്ററിൽ മദർ തെരേസയൊക്കെ അല്ലേ ഇപ്പൊ പിണറായിടെ കൂട്ട്‌, അതിന്റെ ഗുണം ആവും.

                                                                     787
                                                                     *****
02.02.2016
നടു റോഡിൽ ഇട്ട്‌ പ്രധാന രാഷ്ട്രീയ പാർട്ടികൾ എതിരാളികളെ വെട്ടിക്കൊല്ലുന്നത്‌ കണ്ട്‌ വളരുന്ന ഒരു തലമുറക്ക്‌, നടു റോഡിൽ തല്ലിക്കൊല്ലുന്നത്‌ ഒരു വലിയ സംഭവം ആയി തോന്നണം എന്നില്ല.

കൊലക്കേസുകളിൽ പലപ്പോഴും കൃത്യമായ ശിക്ഷ നൽകാത്തതും ഇത്തരം കുറ്റകൃത്യങ്ങൾക്ക്‌ വളമാകുന്നുണ്ട്‌.

തങ്ങളുടെ നിലനിൽപ്പിനായി അക്രമങ്ങളെ പ്രോൽസാഹിപ്പിക്കുന്ന സംഘടനകൾ ആത്മപരിശോധന നടത്തേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു.

അബസ്വരം :
കൊലയാളിക്ക്‌ മരണത്തിൽ കുറഞ്ഞ സമ്മാനം ഉണ്ടാവരുത്‌.

                                                                     788
                                                                     *****
02.02.2016
നടുറോഡിൽ തല്ലിക്കൊല്ലപ്പെട്ട ഷബീറിന്‌ വേണ്ടി സി പി എമ്മുകാർ പോസ്റ്റുകൾ ഇടുന്നത്‌ കണ്ട്‌ വിജൃംഭിതമായി നിൽക്കുന്നുണ്ടാവും ടി.പി. യുടെ ആത്മാവ്‌ !!

അബസ്വരം :
മ്മള്‌ കൊയ്യും തലയെല്ലാം,
നല്ലതിനാണല്ലോ മാർക്കിളിയേ !

                                                                     789
                                                                     *****
02.02.2016
ആം ആദ്മിക്ക്‌ കേരളത്തിൽ ചുവടുറപ്പിക്കാൻ പറ്റിയ രാഷ്ട്രീയ കാലാവസ്ഥയാണ്‌ ഉരുതിരിഞ്ഞു വരുന്നത്‌.

എന്നാൽ ഈ സാഹചര്യങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താൻ പറ്റിയ നേതൃത്വം ആം ആദ്മിക്ക്‌ ഇവിടെ ഇല്ല എന്നത്‌ ദു:ഖകരമായ വസ്തുതയാണ്‌.

അബസ്വരം :
ഡെൽഹിയെ സിസോദിയയെ ഏൽപ്പിച്ച്‌ ഇങ്ങോട്ട്‌ വരൂ കേജരിവാളേ...


                                                                     790
                                                                     *****
03.02.2016
ചോര വീണ മണ്ണില്‍‌നിന്നുയര്‍ന്നുവന്ന മാർക്കികൾ
സ്പീക്കറെ നൂറു നൂറു കൈകളാല്‍ തടയവേ
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വീണ ടേബിളില്‍
ആയിരങ്ങള്‍ ചാനല്‍ കണ്ടെഴുതിവച്ച വാക്കുകള്‍
ലോൾസലാം... ലോൾസലാം...

മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
തീര്‍ച്ചയുള്ള പല്ലുകള്‍ തന്നെയാണതോര്‍ക്കണം
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം നിലനില്‍പ്പിനായ്
ചോന്നിരുമ്പിലെ തുരുമ്പ് മറക്കണം ജയത്തിനായ്
നട്ടു കണ്ണുനട്ടു നാം വളര്‍ത്തിയ വോട്ടുകൾ
കൊന്നു കൊയ്തുകൊണ്ടുവന്ന ബംഗാളില്‍ ചരിത്രമായ്

ടി പിമാരുടെ ജീവിതം ബലിയെടുത്തു പിബികള്‍
പോരടിച്ചു കൊടി പിടിച്ചു നേടിയതീ കസേരകള്‍
സ്മാരകം തകര്‍ത്തു വരും വീറുകൊണ്ട വാക്കുകള്‍
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ?
രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസ്സുകള്‍
സ്പീക്കറിന്‍ ചെയറുടച്ച കാഴ്ചയായ് തകര്‍ന്നുവോ?
ലോൾസലാം... ലോൾസലാം...

പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിന്‍
കസേര നേടാൻ കരുത്തു നേടണം - സരിതയിൽ
പത്ത്‌ കോടി നൽകണം മൊഴികളിറക്കി കുതിക്കുവാൻ
നാളെയെന്നതില്ല പിണറായിയിന്നു തന്നെ ചിരിക്കണം
മാർച്ച്‌വഴിയിലെന്നും ലാവലിൻ ഗാഥകള്‍ മായ്ക്കണം
യുക്തിവാദമെന്നൊരാശയം ജയിക്കുകയില്ല ഭൂമിയിൽ‍

അടിക്കണം ഫ്ലെക്സുകൾ മദർ തെരേസമാരെ നിർത്തിയൊപ്പം
ഇറക്കണം പോസ്റ്റുകൾ നിസ്ക്കരിക്കും സഖാക്കളിൻ
ചേർക്കണം വെള്ളമൽപ്പം മതരഹിതാശയിൽ
ആക്കണം യേശുവിനെ ഏരിയാ മെമ്പറ്‌
നടത്തണം ശോഭയാത്ര വോട്ട്‌ പത്ത്‌ തട്ടുവാൻ

നമുക്കു സ്വപ്നം കസേരതന്നെയന്നുമിന്നുമെന്നുമേ
അവസരവാദമെന്നൊരാശയം ഇറക്കാതെ ജയിക്കുകയില്ല ഭൂമിയിൽ‍
നമുക്കു സ്വപ്നം കസേരതന്നെ അന്നുമിന്നുമെന്നുമേ

അബസ്വരം :
ക്യൂബയിലേയും പോളണ്ടിലേയും മഹാകവികൾക്ക്‌ വെടിക്കേറ്റിതം.

                                                                     791
                                                                     *****
03.02.2016
"പി.സി.ജോർജ്ജിനെ കേരളാ കോൺഗ്രസ്‌ സെക്കുലറിൽ നിന്ന് പുറത്താക്കി." - വാർത്ത.

അബസ്വരം :
ലൈം ജ്യൂസിൽ നിന്ന് നാരങ്ങ നീരിനെ പുറത്താക്കി.

                                                                     792
                                                                     *****
04.02.2016
അങ്ങിനെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം തുടങ്ങി.

ആദ്യ പ്രഖ്യാപനം നടത്തിയിട്ടുള്ളത്‌ ഇടത്‌ മുന്നണിയാണ്‌. പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടത്‌ സ്ഥാനാർത്ഥിയായി മൽസരിച്ച്‌ തോറ്റ വി.അബ്ദുറഹ്മാൻ ആണ്‌ താനൂരിലെ ഇടത്‌ സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച്‌ രംഗത്ത്‌ വന്നിട്ടുള്ളത്‌.

എന്തായാലും പാവപ്പെട്ടവന്റെ പാർട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സി പി എമ്മിന്‌ താനൂരിൽ മൽസരിപ്പിക്കാൻ ഒരു മറുകണ്ടം ചാടി പണച്ചാക്കിനെ കണ്ടെത്താൻ കഴിഞ്ഞതിൽ അഭിമാനിക്കാം.

അബസ്വരം :
എന്തായാലും ബീഡി മുതലാളിയായ അബ്ദുറഹ്മാനെ കാണുമ്പോൾ മണ്ഡലത്തിലുള്ളവർക്ക്‌ പ്രതീക്ഷയോടെ ചോദിക്കാം...
"ബീഡിയുണ്ടോ സഖാവേ, ഒരു തീപ്പെട്ടി എടുക്കാൻ ?"

                                                                     793
                                                                     *****
04.02.2016
ദൈവത്തോടുള്ള യുക്തിവാദികളുടെ കലിപ്പ്‌ ഡിങ്കനിലൂടെ തീർക്കുന്നത്‌ കാണാൻ രസകരമാണ്‌.

ഇന്നലെകളിൽ യുക്തിവാദികൾ മതവിശ്വാസികളെ അവഹേളിക്കാൻ കൂട്ട്‌ പിടിച്ചിരുന്നത്‌ ശാസ്ത്രത്തെ ആയിരുന്നു എങ്കിൽ ഇന്നത്‌ ബാലമംഗളത്തിലേക്കും, ഡിങ്കനിലേക്കും മാറിയിരിക്കുന്നു എങ്കിൽ യുക്തിവാദികളുടെ പുരോഗമന ചിന്തയുടെ നിലവാരം ഊഹിക്കാൻ കഴിയുന്നതേയുള്ളൂ.

മതവിശ്വാസികളെ എങ്ങനെയൊക്കെ വിമർശിക്കണം എന്ന് തിരിച്ചറിയാനുള്ള യുക്തി പോലുമില്ലാത്തവരായി മാറിയ ഡിങ്കോയിസ്റ്റുകളുടെ തല വെയിൽ കൊള്ളിക്കരുത്‌ എന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.


അബസ്വരം :
യുക്തിവാദം എന്തെന്ന് ഞാനറിയും,
ആനയെ പോലെ ജട്ടിയിടും.

                                                                     794
                                                                     *****
05.02.2016
"വരാനിരിക്കുന്നത്‌ കെ.എം.മാണിമാരും, കെ.ബാബുമാരും ഇല്ലാത്ത എൽ ഡി എഫ്‌ മന്ത്രിസഭ." - പിണറായി വിജയൻ.

അബസ്വരം :
"വരാനിരിക്കുന്നത്‌ പിണറായി വിജയന്മാരും, എളമരം കരീമുമാരും, പി.ശശിമാരും ഇല്ലാത്ത മന്ത്രിസഭ" എന്ന് കൂടി പറഞ്ഞാൽ ഉഷാറായിരുന്നു സഖാവേ.

                                                                     795
                                                                     *****
06.02.2016
ഫസൽ വധക്കേസിൽ നിരപരാധിയാണ്‌ എന്ന് സി പി എം കൊട്ടിഘോഷിച്ചിരുന്ന കാരായിയെക്കൊണ്ട്‌ ഇപ്പോൾ എന്തിനാണ്‌ പാർട്ടി രാജിവെപ്പിച്ചത്‌ എന്ന് കുട്ടിസഖാക്കളിൽ നിന്നും അറിയാൻ താൽപര്യം ഉണ്ട്‌.

അബസ്വരം :
പാവം നിരപരാധികളെ കൊണ്ട്‌ ഇങ്ങനെ രാജിയെഴുതിക്കുന്നത്‌ മാർക്കങ്കിൾ സഹിക്കുമോ ?

                                                                     796
                                                                     *****
07.02.2016
വല്ല അഞ്ചോ പത്തോ കൊടുത്ത്‌ സരിതയെക്കൊണ്ട്‌ മ്മടെ പേരും പറയിപ്പിക്കാമായിരുന്നു.

എന്നാ പിന്നെ ആകെ ജഗപൊക ആവും. ടീ വീൽ ബ്രൈക്കിംഗ്‌, അന്തി ചർച്ച, ഫേസ്ബുക്കിൽ പൊങ്കാല...

ആകെ മൊത്തം ടോട്ടൽ പൊളിക്കായിരുന്നു !!

അബസ്വരം :
ചെറ്യേ തോതിൽ ഒന്ന് മ്മടെ പേര്‌ പറയാൻ എത്ര തരണം സരിതേച്ച്യേ ??

                                                                     797
                                                                     *****
08.02.2016
കുറച്ച്‌ ആനകളും,
അതിന്‌ പിന്നാലെ ചാടിക്കളിക്കാൻ കുറേ കഴുതകളും,
അത്‌ കണ്ടു നിൽക്കാൻ കുറേ പോത്തുകളും,
ഉണ്ടായാൽ നേർച്ചയായി !

അബസ്വരം :
വല്ലപ്പോഴും പോത്താവുന്നതും ഒരു രസമാല്ല്യോ ?

                                                                     798
                                                                     *****
08.02.2016
വെള്ളമടിച്ച്‌ ബോധം പോയ ഒരുപാട്‌ എണ്ണം തല്ലാനും കൊല്ലാനും ഉണ്ടായാലേ, പാർട്ടീൽ ആളുണ്ടാവൂ എന്ന്‌ മൂത്ത സഖാക്കൾക്ക്‌ നന്നായി അറിയാം.
ബാറുകൾ ഇല്ലാതായാൽ അത്‌ നടക്കുമോ ?
അപ്പൊ പിന്നെ പൂട്ട്യ ബാറുകൾ മാത്രമല്ല, പുത്യേ ബാറുകളും പാർട്ടിക്ക്‌ തുറക്കേണ്ടി വരും.

അബസ്വരം :
"മദ്യം അണികളെ ആകർഷിക്കുന്ന കറുപ്പാണ്‌." - എന്നാണല്ലോ 'മദ്യധനം' എന്ന കിത്താബിൽ സഖാവ്‌ പൂമൂടി പറഞ്ഞിട്ടുള്ളത്‌.

                                                                     799
                                                                     *****
09.02.2016
കൊലക്കേസിൽ കുടുങ്ങി ജില്ലയിലേക്ക്‌ കടക്കാൻ അനുമതിയില്ലാത്ത കാരായിയെ പിടിച്ച്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റാക്കിയത്ര വലിയ ട്രോളുകളൊന്നും ഇവിടെ ഒരുത്തനും ട്രോളിയിട്ടില്ല.

അബസ്വരം :
ട്രോളുവിൻ സഖാക്കളേ നമ്മൾ വീണ വിധികളിൽ
ആയിരങ്ങൾ വാർത്ത കണ്ടെഴുതിവെച്ച വാക്കുകൾ
ട്രോൾ സലാം...ട്രോൾ സലാം..


                                                                     800
                                                                     *****
09.02.2016
ഷുക്കൂറിന്റെ വധം സി ബി ഐ അന്യേഷിക്കണം എന്ന് ഹൈക്കോടതി പറഞ്ഞപ്പോൾ, കുറേ സഖാക്കൾ കൊല്ലപ്പെട്ട സഖാക്കളുടെ ഫോട്ടോയും ഇട്ട്‌ "ഇതും സി ബി ഐ അന്യേഷിക്കണം" എന്ന ആവശ്യം ഫേസ്ബുക്കിലൂടെ ഉയർത്തുന്നുണ്ട്‌.

ഈ കൊലപാതകങ്ങളും സി ബി ഐ അന്യേഷിക്കണം എന്ന സഖാക്കളുടെ ആവശ്യം തികച്ചും ന്യായമാണ്‌. എന്നാൽ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടതുകൊണ്ട്‌ മാത്രം സി ബി ഐ അന്യേഷണം ഉണ്ടാവില്ല എന്നും സഖാക്കൾ മനസ്സിലാക്കണം. അത്തരം കൊലപാതകങ്ങളുടെ കാര്യ കാരണങ്ങൾ പുറത്ത്‌ കൊണ്ട്‌ വന്ന്, കൊലയാളികളെ ശിക്ഷിക്കാൻ വേണ്ടി പാർട്ടി നിയമനടപടി സ്വീകരിക്കുകയാണ്‌ വേണ്ടത്‌.

കോടതിയിൽ ഉന്നയിക്കേണ്ട ആവശ്യങ്ങൾ ഫേസ്ബുക്കിൽ മാത്രം ഉന്നയിച്ചിട്ട്‌ കാര്യമില്ലല്ലോ !

അതുപോലെ, ടി പി വധത്തിൽ പാർട്ടിയുടെ നിരപാധിത്വവും, ലാവലിൻ കേസിൽ പിണറായിയുടെ നിരപരാധിത്വവും തെളിയിക്കാൻ, ഈ കേസുകളിലും സി ബി ഐ അന്യേഷണം നടത്തണം എന്നാവശ്യപ്പെട്ട്‌ സി പി എം എത്രയും വേഗം കോടതിയെ സമീപിക്കണം.

സി പി എം കോടതികളേയും, നിയമ വ്യവസ്ഥയേയും, സി ബി ഐ യേയും അംഗീകരിക്കാൻ തുടങ്ങിയാൽ അത്‌ നല്ല കാര്യം തന്നെയാണ്‌.

അബസ്വരം :
ഷുക്കൂർ വധം സി ബി ഐക്ക്‌ വിട്ട്‌, "തങ്ങളുടെ പാർട്ടിക്കാരെ കൊന്നതും സി ബി ഐ അന്യേഷിക്കണം" എന്ന ആവശ്യം ഉന്നയിക്കാൻ സഖാക്കളെ പ്രേരിപ്പിക്കാൻ കാരണമായി മാറിയ കേരള ഹൈക്കോടതിയെ സി പി എം അഭിനന്ദിക്കും എന്ന് കരുതുന്നു.


 അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

1 comment:

  1. ആർത്തവത്തിന്റെ എർത്ത്‌ തിയറിയുമായി ഒരു പോസ്റ്റ്‌ ഫേസ്ബുക്കിൽ പാറിപ്പറക്കുന്നത്‌ കണ്ടു.

    ആ സിദ്ധാന്തം വെച്ച്‌ നോക്കിയാൽ ക്ലോസറ്റ്‌ താങ്ങിയത്ര എർത്തൊന്നും ഇവിടെ ഒരു മൂലമറ്റം പവർ സ്റ്റേഷനും താങ്ങിയിട്ടുണ്ടാവില്ല.

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....