Sunday, February 21, 2016

അബസ്വര സംഹിത - പതിമൂന്നാം ഖണ്ഡം


കൊടുത്തും കൊണ്ടും അബസ്വരസംഹിത പതിമൂന്നാം ഖണ്ഡത്തിലേക്ക്...

                                                                     601
                                                                     *****
10.08.2015
ഈ വര്‍ഷത്തെ സില്‍മാ അവാര്‍ഡ് വാര്‍ത്ത കണ്ടപ്പോള്‍ രണ്ടു ദിവസം മുന്നേയുള്ള ഒരു വാര്‍ത്തയാണ് മണ്ടയിലേക്ക് വന്നത്.

"കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയ യുവാവിന്റെ തല ഗ്രില്ലില്‍ കുടുങ്ങി." - എന്ന വാര്‍ത്ത.

നിവിന്‍ പോളിച്ചായനും നസ്രിയ താത്താക്കും മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് കിട്ടിയത് 'എത്തി നോക്കിയവന്റെ തല ഗ്രില്ലില്‍ കുടുങ്ങി'യ കോലത്തില്‍ തന്നെയല്ലേ ?

അബസ്വരം :
സര്‍ക്കാര്‍ അവാര്‍ഡ്‌ നല്‍കുന്നത് അഭിനയത്തിനോ അതോ അഫിനയത്തിനോ ?

                                                                     602
                                                                     *****
12.08.2015
ഇന്നലെത്തെ സി പി എം സമരം കൊണ്ട്‌ ഇന്ന് നാടാകെ മാറിയിരിക്കുന്നു.

എല്ലാ സാധനങ്ങൾക്കും ഇന്നലെ വൈകുന്നേരത്തോടെ തന്നെ വില കുറഞ്ഞു. ഇന്നലെ അർദ്ധരാത്രി മുതൽ പെട്രോൾ ഡീസലാദികളുടെ വില പകുതിയായി. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഇന്ന് പുലർച്ചക്ക്‌ മുന്നേ തന്നെ റബ്ബറൈസ്‌ ചെയ്യപ്പെട്ടു. അഴിമതി ഇന്നത്തെ സൂര്യോദയത്തിനോടൊപ്പം തുടച്ച്‌ നീക്കം ചെയ്യപ്പെട്ടു. അമേരിക്ക സാമ്രാജത്വം അവസാനിപ്പിച്ചു. ഇസ്രായേൽ ആയുധ കച്ചവടം നിർത്തി. ഐ എസ്‌ അക്രമം അവസാനിപ്പിച്ചു. പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റവും വെടിവെപ്പും അവസാനിപ്പിച്ചു. മോഡി വിദേശയാത്ര നിർത്തി. രാഷ്ട്രപതി റബ്ബർ സ്റ്റാമ്പ്‌ എടുത്ത്‌ റീ സൈക്കിൾ ബിന്നിൽ ഇട്ടു. സർക്കാർ ജീവനക്കാർ കൃത്യസമയത്ത്‌ ഓഫീസിൽ എത്തി. കൈകൂലി കൊടുത്താലും വാങ്ങാൻ ആളില്ലാതെയായി. കറന്റ്‌ ചാർജ്ജ്‌ കുറഞ്ഞു. കെ എസ്‌ ആർ ടി സി ലാഭത്തിലായി.
ഒരു സമരം കൊണ്ട്‌ ഇത്രയും മാറ്റങ്ങൾ കൊണ്ട്‌ വരാൻ കഴിഞ്ഞ ഈ സി പി എമ്മിനെ സമ്മതിക്കണം.

അബസ്വരം :
എന്താണ്ട ദാസാ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്‌ ?

                                                                     603
                                                                     *****
13.08.2015
സി പി എമ്മിന്റെ സമര നാടകത്തെ വിമർശിച്ചതിന്റെ പേരിൽ ചില മാർക്കി സഖാക്കൾ എന്റെ ഫ്രണ്ട്‌ ലിസ്റ്റിൽ നിന്നും ഒഴിഞ്ഞു പോകുകയാണ്‌ എന്ന് പറഞ്ഞ്‌ പോസ്റ്റും ഇട്ട്‌ ഒഴിഞ്ഞു പോകുന്നുണ്ട്‌.

വളരെ നല്ല കാര്യം. എന്തായാലും വിമർശനങ്ങൾക്ക്‌ നേരെ ഏറ്റവും കൂടുതൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന പാർട്ടിക്കാർ എ കെ ജി സെന്ററിൽ തല പണയം വെച്ചവരാണ്‌ എന്ന്‌ ഇതോടെ വ്യക്തമായി.

സ്വന്തം തല പണയം വെച്ച പാർട്ടിയെ വിമർശിക്കുന്നത്‌ കാണാനുള്ള സഹിഷ്ണുത ഇല്ലാത്ത മാർക്കികൾ എത്രയും വേഗം ഒഴിഞ്ഞു പോകണം എന്ന് ഇതിനാൽ അഭ്യർത്ഥിക്കുന്നു.
ബോധം ഉള്ളവരെ ഫ്രണ്ട്‌ ലിസ്റ്റിലേക്ക്‌ ചേർക്കാൻ ആണ്‌ എനിക്ക്‌ താൽപര്യം. ആയതിനാൽ നിങ്ങൾ ഒഴിഞ്ഞ ഇടത്ത്‌ പുതിയ ആളുകൾക്ക്‌ വരാൻ ഉള്ള സൗകര്യം ലഭിക്കുമല്ലോ !!

പോകുമ്പോൾ "ഡിങ്കിലാബ്‌ കുന്താബാദ്‌" എന്ന മുദ്രാവാക്യം ചൊല്ലി ആകാശത്തിനെ കൈ ചുരുട്ടി ഇടിക്കാനും മറക്കേണ്ടാ !

അബസ്വരം :
തുമ്പിയാൽ തെറിക്കുന്ന മൂക്കുകൾ വേഗം തെറിക്കട്ടെ !!

                                                                     604
                                                                     *****
14.08.2015
സി പി എമ്മിന്റെ പൊറാട്ട്‌ സമര നാടകത്തെ വിമർശിച്ച്‌ ഇട്ട പോസ്റ്റിൽ പല സഖാക്കളും കൃമികടിയുമായി വന്നിരുന്നു.

"ഒരു ദിവസത്തെ സമരം കൊണ്ടാണോ സ്വാതന്ത്ര്യം നേടിയത്‌ ? ഒറ്റ ദിവസത്തെ സമരം കൊണ്ട്‌ മാറ്റം ഉണ്ടാകുമോ ?  കഴിഞ്ഞ സമരത്തിലെ നാടകം എന്താ ?" - തുടങ്ങിയ വിഡ്ഢി ചോദ്യങ്ങൾ പല സഖാക്കളും ബുദ്ധിപരമായ ചോദ്യങ്ങൾ എന്ന നിലയിൽ ചോദിച്ചു.

അതൊക്കെ വായിച്ചപ്പോളാണ് സഖാക്കൾ സമരം എന്താണ്‌ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് എന്ന് മനസ്സിലായത്‌ !!

ഉദാഹരണത്തിനു പെട്രോൾ വില വർദ്ധിപ്പിച്ചാൽ നടത്തുന്ന ഏകദിന ഹർത്താലിന്റെ കാര്യം എടുക്കാം. അങ്ങിനെ ഉള്ള ഒരു സമരം കൊണ്ട്‌ പെട്രോൾ വില കുറച്ചിട്ടുണ്ടോ ? എന്നാൽ അതിനു പകരം ആ ഹർത്താൽ അനിശ്ചിത കാലം ആക്കുകയും പെട്രോൾ വില കുറച്ചാലേ സമരം അവസാനിക്കുകയുള്ളൂ എന്ന് സർക്കാറിനു ബോധ്യപ്പെടുകയും ചെയ്താൽ വില കുറക്കാൻ സർക്കാർ നിർബന്ധിതരാവില്ലേ ? കറന്റ്‌ ബില്ല്‌ ആരും അടക്കാതെ സമരം നടത്തിയാൽ അതിന്റെ നിരക്കും സർക്കാറിനു കുറക്കേണ്ട അവസ്ഥ ഉണ്ടാവില്ലേ ?

ഇതൊക്കെ വിജയിക്കണം എങ്കിൽ ആദ്യം അത്‌ ജനകീയമാക്കണം. അത്‌ ജനകീയമാക്കാൻ കഴിവുള്ള, ജനങ്ങൾക്ക്‌ വിശ്വാസം ഉള്ള നേതാക്കൾ ഉണ്ടാവണം. അങ്ങിനെ ഉള്ള എത്ര നേതാക്കൾ സി പി എമ്മിനു ഇന്ന് ഉണ്ട്‌ ? അവരുടെ പേരൊന്ന്‌ പറഞ്ഞു തരുമോ സഖാക്കളേ ?

നിങ്ങൾ പ്രതിപക്ഷത്ത്‌ ഇരിക്കുമ്പോൾ കറന്റ്‌ ചാർജ്ജ്‌ കൂട്ടി എന്ന് പറഞ്ഞു ഒരുപാട്‌ ഡിങ്കിലാബ്‌ വിളിക്കും. എന്നിട്ട്‌ ഭരണം കിട്ടിയാൽ കറന്റ്‌ ചാർജ്ജ്‌ കൂട്ടും. തൊണ്ടി ന്യായങ്ങൾ വിളമ്പും.

പിന്നെ നിങ്ങൾ സമരത്തിനു വിളിച്ചാൽ തലക്ക്‌ വെളിവുള്ളവർ വരുമോ ?
തലക്ക്‌ വെളിവുള്ളവരും ഭൂരിപക്ഷവും പിന്തുണക്കാതെ ഒരു സമരം വിജയിക്കുമോ സഖാക്കളേ ?

അത്‌ കൊണ്ട്‌ ആദ്യം സഖാക്കളിൽ ബോധം ഉള്ളവർ വല്ലവരും ഉണ്ടെങ്കിൽ സ്വന്തം പാർട്ടിയെ നന്നാക്കുകയല്ലേ വേണ്ടത്‌ ?

അല്ലാതെ നാലു പാർട്ടിക്കാരെ കൂട്ടി പത്ത്‌ പ്രാവശ്യം ഡിങ്കിലാബ്‌ കുന്താബാദും വിളിച്ച്‌ ആകാശത്തെ ഇടിച്ച്‌ സമരം ജനകീയമായി എന്ന് മുക്രയിട്ടാൽ സമരം ജനകീയമാകുമോ സഖാക്കളേ ??

കണ്ണടച്ച്‌ ഇരുട്ടാക്കാതെ ചിന്തിക്ക്‌ സഖാക്കളേ !! കഴിയുമെങ്കിൽ !!!

അബസ്വരം :
പണ്ട്‌ ഉപ്പാപ്പ ആനപ്പുറത്ത്‌ കയറി തഴമ്പുണ്ടാക്കിയ സി ഡി പ്രദർശ്ശിപ്പിച്ചിട്ട്‌ കാര്യമില്ല എന്നെങ്കിലും തിരിച്ചറിയുക.

                                                                     605
                                                                     *****
15.08.2015
ഇന്ത്യന്‍ മണ്ണില്‍ ജനിച്ചു വീണ ഓരോ പൗരന്റെയും അവകാശവും അഭിമാനവുമായ ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ഒരിക്കല്‍ കൂടി കടന്നു വരുന്നു.

അടിമയില്‍ നിന്നും ഉടമയിലേക്ക് നാം മാറിയ മഹത്തായ സുദിനം.

മഹാത്മാ ഗാന്ധിയുടെ സ്വപ്‌നങ്ങള്‍ ഗാന്ധിക്കടലാസിലേക്ക് ഒതുക്കിയ സാമൂഹിക വ്യവസ്ഥയേയും, നിയമ വ്യവസ്ഥക്ക് മുന്നില്‍ ആയിരം ചോദ്യങ്ങള്‍ ഉയര്‍ത്തി തൂക്ക് കയറില്‍ ഒടുങ്ങുന്ന ജീവനുകളേയും, കുറ്റവാളികള്‍ എന്ന് ഉറപ്പുള്ളവര്‍ക്ക് പോലും ജാമ്യം കൊടുത്ത് സമൂഹത്തില്‍ ഉലാത്തിപ്പിക്കുന്ന നീതി വ്യവസ്ഥയുടെ ഇരട്ടത്താപ്പിനേയും, വ്യാജ ഏറ്റുമുട്ടലുകളും കലാപങ്ങളും നടത്തി ജനങ്ങളെ കൊന്നൊടുക്കി അധികാര കസേരയില്‍ എത്താന്‍ കഴിയും എന്ന് തെളിയിക്കുന്ന മോഡിമാരേയും, വിദേശരാജ്യങ്ങളില്‍ കൊള്ളക്കാരുടെ തടവില്‍ കഴിയുന്ന സഹോദരങ്ങളേയും, ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന കുരുന്നുകളേയും, അഴിമതി വീരന്മാരായി സ്വാതന്ത്ര്യം അനുഭവിക്കുന്ന ഭരണകര്‍ത്താക്കളേയും, കള്ളത്തരം പൊളിഞ്ഞാലും രാജിവെക്കാത്ത മന്ത്രിമാരേയും, ഭക്ഷണത്തിലൂടെ വിഷം തീറ്റിപ്പിക്കുന്ന കീടനാശിനി നിര്‍മ്മാതാക്കളേയും, അന്താരാഷ്‌ട്ര വിപണിയില്‍ ഇടിയുന്ന രൂപയുടെ മൂല്യത്തേയും, പൊതുമുതല്‍ നശിപ്പിച്ച് നാട് നന്നാക്കുന്ന സാമൂഹ്യ - രാഷ്ട്രീയ പ്രവര്‍ത്തകരേയും, പോലീസ്‌ സംരക്ഷണം തേടുന്ന മനുഷ്യദൈവങ്ങളേയും, പെട്രോള്‍ വിലയും ഭരണ ചക്രവും നിയന്ത്രിക്കുന്ന അംബാനി - അദാനിമാരേയും, ഇടക്കിടക്ക് പാക്കിസ്ഥാനിലേക്ക് മാപ്പളാരോട് ഓടാന്‍ പറയുന്ന സാക്ഷി മഹാരാജന്മാരേയും സ്മരിച്ചു കൊണ്ട് ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.

അബസ്വരം :
സ്വാതന്ത്ര്യ ദിനത്തില്‍ വയറ് നിറച്ച് ബീഫടിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രജകള്‍ക്കുണ്ടോ സര്‍ക്കാരേ ?
                                                                     606
                                                                     *****
15.08.2015
"വർഗ്ഗീയതക്കും ജാതീയതക്കും ഇന്ത്യയിൽ സ്ഥാനമില്ല." - മോഡി.

അബസ്വരം :
"എന്റെ കടിയിൽ വിഷത്തിന്‌ സ്ഥാനമില്ല." - രാജവെമ്പാല !

                                                                     607
                                                                     *****
17.08.2015
"അബുദാബിയില്‍ അമ്പലം പണിയാന്‍ സ്ഥലം അനുവദിക്കാന്‍ തീരുമാനമെടുത്ത യു എ ഇ സര്‍ക്കാറിന് നന്ദി." - മോഡി.

അബസ്വരം :
ബാബ്റി മസ്ജിദ് തകര്‍ക്കുകയും, വ്യാജ ഏറ്റുമുട്ടലുകളിലൂടേയും വര്‍ഗീയ കലാപങ്ങളിലൂടേയും നിരവധി മുസ്ലിങ്ങളുടെ ചോര വീഴ്ത്തുകയും, മുസ്ലിങ്ങളോട് ഇടക്കിടെ പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ആര്‍ എസ് എസിന്റെ മൂത്ത കുണാണ്ടര്‍ ജനാബ് മോഡി സാഹിബിന് ഇത്തരം ഒരു ടീറ്റ് കാച്ചി സ്വയം അപഹാസ്യനാവാനുള്ള അവസരം ഒരുക്കിയ യു എ ഇ ഭരണാധികാരികള്‍ക്ക് അഭിനന്ദനങ്ങള്‍ !
                                                                     608
                                                                     *****
17.08.2015
തള്ളൽ ഉലമാ ഷൈഖുനാ മോഡി സാഹിബ്‌ ഒരിക്കൽ കൂടി അന്യ ഗർഭോൽപ്പാദനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കലിന്റെ മാതൃകയാവുന്നു.

രണ്ടുവർഷം മുന്നേ നാരായണ ക്ഷേത്രത്തിനായി യു എ ഇയിൽ അനുവദിച്ച സ്ഥലത്തിന്റെ കാര്യമാണ്‌ മോഡിയണ്ണൻ ട്വീറ്റി അതിന്റെ ഉത്തരവാദിത്വം സ്വയം അണിയാൻ ശ്രമിച്ചത്‌.

അബസ്വരം :
എട്ടുകാലി മമ്മൂഞ്ഞേ പോയി ശിഷ്യപ്പെടടോ മ്മടെ മോഡി സാഹിബിന്‌.


                                                                     609
                                                                     *****
18.08.2015
റേഷൻ കാർഡിലെ തെറ്റ്‌ തിരുത്താനുള്ള ലിങ്ക്‌ കണ്ടപ്പോൾ അതുവഴിയൊന്ന് പോയി നോക്കി.

വീട്ട്‌ നമ്പറും വാർഡ്‌ നമ്പറും ഉൾപ്പെടെ നിരവധി തെറ്റുകൾ. പല പേരുകളും ഇംഗ്ലീഷിൽ എഴുതിയ സ്പെല്ലിംഗ്‌ കണ്ടപ്പോഴാണ്‌ ഇങ്ങിനേയും ഈ പേര്‌ എഴുതാമെന്ന് മനസ്സിലായത്‌.

എങ്കിലും തെറ്റുകൾ റിമാർക്ക്സ്‌ കോളത്തിൽ ശരിയാക്കി എഴുതാമല്ലോ എന്ന ആശ്വാസത്തിൽ ഓരോന്നായി എഴുതി സേവ്‌ ബട്ടൻ ആശ്വാസത്തോടെ ക്ലിക്കിയപ്പോൾ ഒരു വാണിംഗ്‌ മെസേജ്‌. "അളിയോ മാക്സിമം 300 അക്ഷരം കയറ്റിയാൽ മതിട്ടാ. കൂടുതൽ ഡെക്കറേഷൻ വാണ്ടട്ടാ" - എന്ന മെസേജ്‌.
അങ്ങിനെ 300 വാക്കുകളിൽ ഒതുക്കാൻ നോക്കി ഒരുപാട്‌ തെറ്റുകൾ തിരുത്താൻ കഴിയാതെ വന്നു.

ഇനി റേഷൻ കാർഡ്‌ വരും, ഒരുപാട്‌ തെറ്റുകളുമായി. എന്നിട്ട്‌ വല്ല കാര്യത്തിനും ചെന്നാൽ അതിലെ "പേരിന്റെ സ്പെല്ലിംഗ്‌ മുതൽ തെറ്റാണല്ലോ" എന്ന് കുണാണ്ടർമാർ പറയും. പിന്നെ അത്‌ ശരിയാക്കാൻ തെക്ക്‌ വടക്ക്‌ സർവ്വീസായി നടക്കേണ്ടി വരും.

വളരെ കൃത്യമായി അപേക്ഷ പൂരിപ്പിച്ച്‌ നൽകിയിട്ടാണ്‌ ഈ സ്ഥിതി. ഡാറ്റ എന്‍ട്രി നടത്തുന്നവരുടെ അനാസ്ഥയും അശ്രദ്ധയും തന്നെയാണ്‌ ഇത്തരം തെറ്റുകൾ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം.

തെറ്റുകൾ തിരുത്താൻ ഒരോ കോളത്തിനും സമാന്തരമായി കോളം നൽകുകയും, 300 അക്ഷരങ്ങൾ പോലെ ഉള്ള ഉടായിപ്പ്‌ നിബന്ധനകൾ ഒഴിവാക്കുകയും ചെയ്താൽ ഈ പ്രശ്നത്തിന്‌ ഒരു പരിധിവരെ പരിഹാരം ആകുമായിരുന്നു.

കൂടാതെ ഇങ്ങിനെ അശ്രദ്ധമായി ഡാറ്റ എന്‍ട്രി നടത്തുന്ന മഹാന്മാർക്ക്‌ തക്കതായ പണി നൽകുകയും വേണം.

അബസ്വരം :
ഒരു നിമിഷത്തെ അശ്രദ്ധ, ഒരായുസ്സിന്റെ തെക്ക്‌ വടക്ക്‌ മണ്ടിപ്പാച്ചിൽ.

                                                                     610
                                                                     *****
20.08.2015
ഇന്ന് രാവിലെ തെരുവ്‌ നായക്കളുടെ കൂട്ടപ്പാട്ട്‌ കേട്ടപ്പോൾ രഞ്ജിനിയേയും ഏഷ്യാനെറ്റ്‌ സ്റ്റാർ സിങ്ങറിനേയും അറിയാതെ ഓർത്ത്‌ പോയി....

അബസ്വരം :
അതേ താളം, അതേ ഭാവം, അതേ സംഗതി !!

                                                                     611
                                                                     *****
20.08.2015
അറബി സർവ്വകലാശാലയിലും വർഗീയത കാണുന്നവർ അറബി നാടുകളിൽ നിന്നും വരുന്ന പെട്രോളിനും, പണത്തിനും കൂടി വർഗീയത കണ്ട്‌ അവയെ കൂടി ബഹിഷ്ക്കരിക്കുകയും വിമർശിച്ച്‌ പണ്ടാറമടക്കുകയും വേണമെന്ന് ഇതിനാൽ അഭ്യർത്ഥിക്കുന്നു !!

"നിലവിളക്ക്‌ കത്തിക്കാൻ ഇഷ്ടമില്ലാത്തവരും കത്തിച്ചാലേ മതേതരത്വമാവൂ" - എന്ന് ചിലർ മൊഴിഞ്ഞ പോലെ "അറബി സർവ്വകലാശാല ആരംഭിച്ചാൽ അതിൽ അറബി പഠിക്കാൻ ഇഷ്ടമില്ലാത്തവരും പോയി പഠിക്കണം" എന്ന് വല്ലവരും പറഞ്ഞുവോ ?

സർവ്വകലാശാലകൾ ഉണ്ടാവണം. അത്‌ അറബിക്ക്‌ വേണ്ടിയായാലും, സംസ്കൃതത്തിനു വേണ്ടിയായാലും, ഫ്രെഞ്ചിനു വേണ്ടിയായാലും ഒക്കെ ഒരുപോലെ തന്നെ. എന്നിട്ട്‌ ഇഷ്ടമുള്ളവർ ഇഷ്ടമുള്ള വിഷയത്തിൽ കഴിയുന്നത്ര പഠിക്കട്ടെ. എന്തിന്‌ അതിൽ അസഹിഷ്ണുത കാണിക്കണം ?

അബസ്വരം :
ഭാഷകളെ ബഹിഷ്ക്കരിക്കുകയല്ല വേണ്ടത്‌, മറിച്ച്‌ ഭാഷകളിലേക്ക്‌ ഇറങ്ങി ചെല്ലുകയാണ്‌ വേണ്ടത്‌.

                                                                     612
                                                                     *****
21.08.2015
മോഡിയുടെ അസഹിഷ്ണുതയും ഏകാധിപത്യവും സഞ്ജീവ് ഭട്ടിലൂടെ വീണ്ടാമതും തുറന്ന് കാണിക്കപ്പെട്ടിരിക്കുന്നു.

സ്വന്തം സ്ഥാനമുറപ്പിക്കാന്‍ മോഡിയെ തൊഴുത് വണങ്ങി കാലുനക്കികളായി ജീവിക്കുന്ന ഉദ്യോഗസ്ഥരും നിയമപാലകരും ഇവനെ കണ്ട് പഠിക്കട്ടെ !!

അബസ്വരം :
നട്ടെല്ല് പണയം വെച്ച് ജീവിക്കുന്ന എല്ലാ നിയമപാലക കുണാണ്ടര്‍മാരോടും ഒന്ന് ചോദിക്കുന്നു - "സഞ്ജീവ് ഭട്ടിനെ കണ്ടു പഠിച്ചൂടെടോ നപുംസകങ്ങളേ ??"

                                                                     613
                                                                     *****
21.08.2015
പല സംഘികളോടും പലരും പല തവണ ചോദിച്ചിട്ടുള്ള ചോദ്യമാണ് "ഇന്ത്യ ഉണ്ടാക്കിയത് നിന്റെ തന്തയാണോ ?" എന്നത്.

അതുപോലെ തന്നെ പല തവണ സംഘികളുടെ നിക്കറും പല തരത്തില്‍ പരിസഹിക്കപ്പെടുകയും, വിമര്‍ശന വിധേയമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം ചില സഖാത്തികള്‍ ഇതേ കാര്യം പറഞ്ഞപ്പോള്‍ സഖാക്കന്മാര്‍ എല്ലാം കൂടി ഒരു സംഭവം ആക്കി മാറ്റി. ഇതിന്റെ ഗുട്ടന്‍സ് മനസ്സിലാവുന്നില്ല.

ഇത്തരം ഒരു പ്രസ്താവന നടത്തുന്നത് ഇത്ര വലിയ ധീരതയായി വാഴ്ത്തപ്പെടാന്‍ കാരണം, വാഴ്ത്തപ്പെടത്തക്ക നിലവാരത്തിലുള്ള മറ്റു കാര്യങ്ങള്‍ ഒന്നും സഖാക്കള്‍ക്ക് ഈയിടെ അക്കൌണ്ടില്‍ വരവ് വെക്കാന്‍ ഇല്ലാത്തത് കൊണ്ടാണോ ??

അബസ്വരം :
സ്വന്തം വീട്ടിലെ ആടിന്റെ അപ്പി മഹാവളം.
അന്യന്റെ വീട്ടിലെ ആടിന്റെ അപ്പി ആട്ടിന്‍ക്കാട്ടം.

                                                                     614
                                                                     *****
24.08.2015
"അയ്യോ രൂപേ താവല്ലേ
ഇനിയും മൂല്യം താവല്ലേ
ഇനിയും മൂല്യം താന്നാല്
മ്മടെ കറന്‍സിയെ ടിഷ്യൂ ആക്കും
സായിപ്പ് പിന്നെ കാഷ്ടിച്ചാല്‍
അന്നെ തൊടക്കാന്‍ എടുക്ക്വല്ലോ !!"

അബസ്വരം :
എന്തൊക്കെ ആയിരുന്നു ഫോട്ടോഷോപ്പ്‌ മൊല്ലാക്കാന്റെ വാചമടി !
കള്ളപ്പണം, പതിനഞ്ച്‌ ലച്ചം, രൂപയുടെ മൂല്യം കൂടൽ, 40 ഉറുപ്പ്യക്ക്‌ ഡോളർ, വിലയിറക്കം, അച്ചാദിനം..... !!

ഉളിപ്പ്‌ണ്ടോ ഹമ്‌ക്കേ അനക്ക്‌ ???
                                                                     615
                                                                     *****
24.08.2015
"മദ്യത്തിന്‌ വില കൂടുമ്പോൾ മിണ്ടാത്തവർക്ക്‌ അരിയുടെ വില കൂടുന്നതിൽ സമരം ചെയ്യാൻ അർഹത ഇല്ല." - മമ്മൂട്ടി.

യെസ്‌ അരി. ആ സാധനം എന്താണ്‌ എന്നറിയുമോ നിനക്ക്‌ ? അത്‌ അറിയണമെങ്കിൽ വിശപ്പ്‌ എന്താണ്‌ എന്ന് അറിയണം. കൂളിംഗ്ലാസ്‌ വെച്ച്‌ താൻ വയറ്‌ നിറയെ തിന്ന് കൂട്ടിയ ചൈനീസ്‌ ഫുഡ്‌ ആമാശയത്തിൽ ഉണ്ടാക്കുന്ന കുത്തിക്കഴപ്പല്ല വിശപ്പ്‌. കോടിക്കണക്കിന്‌ പാവങ്ങളുടെ വിശപ്പിന്‌ ആശ്വാസമായ അരി. കഞ്ഞി വെപ്പുകാരുടേയും ചോറ്‌ വെപ്പുകാരുടേയും അരി. മദ്യം അടിച്ച്‌ കുത്തുപാള എടുത്ത കുടുംബത്തിലെ കുരുന്നുകളുടെ വയറിന്റെ വിളിക്കും ആശ്വാസം നൽകുന്ന അരി. വളർത്തു നായക്ക്‌ കൊടുക്കുന്ന ബേബി ഫുഡിൽ കൊഴുപ്പിന്റെ അളവ്‌ കൂടി എന്ന് പറഞ്ഞ്‌ ജോലിക്കാരെ പട്ടിണിക്കിടുന്ന സിനിമാ നടന്മാരുടെ കൊച്ചമ്മമാർ അനുഭച്ചറിയാത്ത വിശപ്പിനു സാന്ത്വനം നൽകുന്ന അരി. മക്കൾക്ക്‌ ഒരു നേരം ഉണ്ണാൻ വേണ്ടി ഗർഭപാത്രം വരെ വിറ്റ്‌ വാങ്ങേണ്ടി വരുന്ന അരി. ഇന്ന് നീ മദ്യത്തോടൊപ്പം ചേർത്ത്‌ വെച്ച്‌ അപമാനിച്ച്‌ വിട്ട അരി. ആ അരി എന്തന്ന് അറിയണമെങ്കിൽ വിശപ്പ്‌ എന്ന അവസ്ഥയുടെ സോൾ, ആത്മാവ്‌, ക്യാമറക്ക്‌ മുന്നിൽ അഴിഞ്ഞാടി ഇടക്കിടക്ക്‌ അടവിരിയിച്ചെടുക്കുന്ന വളിച്ച സിനിമയുമായി വരുന്ന കൊഞ്ഞാണന്മാർക്ക്‌ ഈ ആത്മാവ്‌ തൊട്ടറിയാനുള്ള സെൻസ്‌ ഉണ്ടാവണം, സെൻസിബിലിറ്റി ഉണ്ടാവണം, സെൻസിറ്റിവിറ്റി ഉണ്ടാവണം.

അബസ്വരം :
വെള്ള മടിച്ചാ വയറ്റിക്കെടക്കണം മമ്മുക്കാ !!

                                                                     616
                                                                     *****
24.08.2015
പൊതുപരിപാടികളില്‍ എല്ലാ തരത്തിലുമുള്ള മതപരമായ ആചാരങ്ങള്‍ ഒഴിവാക്കണം. അതിപ്പോള്‍ കെ എസ് ആര്‍ ടി സി ബസ്സ്‌ ഉത്ഘാടിക്കുമ്പോള്‍ ആയാലും, ഐ എസ് ആര്‍ ഒ മിസൈല്‍ വിടുമ്പോള്‍ ആയാലും, ഇനി വല്ല സ്റ്റേജ് പ്രോഗ്രാം നടക്കുമ്പോള്‍ ആയാലും ശരി.

തേങ്ങ ഉടക്കല്‍, നിലവിളക്ക് കത്തിക്കല്‍, വല്ല മതങ്ങളുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യല്‍ മുതലായ മതപരമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന എല്ലാം ഒഴിവാക്കണം.

എന്നിട്ട് ആ പരിപാടിയുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന ഭരണഘടന - നിയമ വാചകങ്ങള്‍ വായിച്ചാവട്ടെ ഉത്ഘാടനം. ഇനിആ ചടങ്ങുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന ഭരണഘടന വാചകങ്ങള്‍ ഇല്ലെങ്കില്‍ പൊതുവായി പരാമര്‍ശിക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ള ഭരണഘടന വാചകങ്ങള്‍ ആവട്ടെ പാരായണം ചെയ്യുന്നത്.

അബസ്വരം :
പൊതു പരിപാടികള്‍ പൊതുപരിപാടികളാണ്.
അത് മതവല്‍ക്കരിക്കേണ്ട ആവശ്യം ഇല്ല.
മതവല്‍ക്കരിക്കാന്‍ പാടില്ല.
                                                                     617
                                                                     *****
26.08.2015
മാവേലി നാട്‌ വാണാലും ഇല്ലെങ്കിലും, വാമനൻ ചവിട്ടി താഴ്ത്തിയാലും ഇല്ലെങ്കിലും, പാതാളത്തിൽ നിന്ന് വന്നാലും ഇല്ലെങ്കിലും കിട്ടിയ അവധിദിനങ്ങൾ ആസ്വാദ്യകരമാവട്ടെ.

മദ്യം അടിക്കാതേയും അവധിദിനങ്ങൾ ആസ്വാദ്യകരമാക്കാനും ആഘോഷങ്ങൾ കെങ്കേമമാക്കാനും കഴിയും എന്ന് എല്ലാ പാമ്പുകളേയും ഓർമ്മപ്പെടുത്തിക്കൊണ്ട്‌...

അബസ്വരം :
ഏല്ലാ പ്രിയർക്കും ഓണാശംസകൾ....


                                                                     618
                                                                     *****
01.09.2015
തങ്ങളുടെ വംശ പരമ്പരയെ പ്രതിനിധീകരിച്ച്‌ ജീവിത കാലം മുഴുവൻ അഴിക്കുള്ളിൽ കഴിച്ചുകൂട്ടി രക്തസാക്ഷികളാകാൻ വിധിക്കപ്പെട്ടവരാണ്‌ മൃഗശാലയിലെ ഓരോ ജീവിയും.

ആ നിസംഗതയും നിയസ്സഹായാവസ്ഥയും കമ്പിക്കൂട്ടിൽ നിന്നും നമ്മെ നോക്കുന്ന ഒരോ കണ്ണുകളിലും പ്രകടം.

അബസ്വരം :
മനുഷ്യ മൃഗശാലകളും ഉണ്ടാവേണ്ടതാണ്‌. ആഫ്രിക്കക്കാരൻ, ചൈനക്കാരൻ, ആദിവാസി തുടങ്ങി എല്ലാ തരത്തിലുള്ള മനുഷ്യരിൽ നിന്നും ഒരോന്നിനെ പിടിച്ച്‌ അഴിക്കുള്ളിലാക്കി പ്രദർശ്ശന വസ്തുക്കളാക്കി മാറ്റുന്ന മനുഷ്യ മൃഗശാലകൾ. അല്ല പിന്നെ !!


                                                                     619
                                                                     *****
03.09.2015
അറ്റ്‌ലസ്‌ രാമചന്ദ്രൻ സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട്‌ സ്വയം ഒരു കോമാളി ആയി അഭിനയിച്ചത്‌ മലയാളികളിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌ എന്ന് തോന്നുന്നു. കൂടാതെ മൂപ്പർ അഭിനയിച്ച കോമഡി ടച്ച്‌ ഉള്ള കഥാപാത്രങ്ങളും ഭൂരിപക്ഷം മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്‌. ഇത്രയും വലിയ ഒരു മുതലാളി ചളി അഭിനയിക്കാൻ തയ്യാറായതിനെ സ്വതവേ പൊങ്ങച്ചം കാണിക്കുന്ന മുതലാളിമാരേക്കാൾ അയാളെ സ്വീകാര്യനാക്കി.

ഇപ്പോൾ മൂപ്പരുടെ ലോൺ അടവും വിവാദങ്ങളും സജീവമാകുമ്പോഴും മലയാളിയുടെ ഉള്ളിൽ അയാളോട്‌ ഒരു സ്നേഹം അവശേഷിക്കുന്നതിൽ "വിശ്വസ്തസ്ത സ്ഥാപന" പരസ്യവും, അറബിക്കഥ പോലെ ഉള്ള സിനിമകളിലെ വേഷവും നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്‌ എന്ന് തന്നെയാണ്‌ എന്റെ അഭിപ്രായം.
മറ്റു വല്ല മൊയ്‌ലാളിമാരും ആയിരുന്നു ഈ കോലത്തിൽ എത്തിയത്‌ എങ്കിൽ പൊങ്കാലയുടെ പൊടിപൂരമായിരിക്കും മലയാളി സമ്മാനിച്ചിട്ടുണ്ടാവുക.

അബസ്വരം :
സത്യം ജയിക്കട്ടെ.
                                                                     620
                                                                     *****
04.09.2015
കർണ്ണാടകയിലേക്കോ മറ്റോ ഓരോ തവണ പോകുമ്പോഴും തോന്നും കേരളം വിട്ട്‌ അവിടെ സെറ്റിൽ ആയാലോന്ന്. വിശാലമായ റോഡുകൾ, പച്ചക്കറി പോലുള്ള അവശ്യ സാധനങ്ങളുടെ വിലക്കുറവ്‌, ഇഷ്ടം പോലെ ഒഴിഞ്ഞു കിടക്കുന്ന ഭൂമി, താഴ്‌ന്ന ചിലവുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പ്രലോഭിപ്പിക്കുന്നു.

പിന്നെ എന്താ പോവാത്തത്‌ എന്ന് ചോദിച്ചാ അച്ചൂസ്‌, പിണറായി, ഉമ്മച്ചൻ, കുഞ്ഞാലിക്ക, രാജേട്ടൻ, സുരേഷേട്ടൻ, സരിതേച്ചി, ഹർത്താൽ എന്നിവയൊക്കെ വിട്ടു പോവാനും മടി !!

അബസ്വരം :
കൺഫ്യൂഷൻ തീർക്കണമേ !!


                                                                     621
                                                                     *****
04.09.2015
"രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ള മുസ്ലിംങ്ങൾക്ക്‌ എതിരേ ക്രിമിനൽ കേസ്‌ എടുക്കും." - പ്രവീൺ തൊഗാഡിയ.

അബസ്വരം :
പടച്ചോനേ, ഒരുപാട്‌ കുട്ട്യോളെ തന്ന്‌ തോഗാഡിയന്റെ കൊടും ക്രിമിനൽ പട്ടികയിൽ ഒന്നാം സ്ഥാനം നേടാൻ നീ അനുഗ്രഹിക്കേണമേ....

                                                                     622
                                                                     *****
05.09.2015
ശോഭായാത്ര കെങ്കേമമാക്കിയ സഖാക്കൾ ബലിപെരുന്നാളിന്‌ എല്ലാ ലോക്കൽ, ഏരിയ കമ്മറ്റികളുടേയും ആഭിമുഖ്യത്തിൽ പാർട്ടി ആപ്പീസിൽ വെച്ച്‌ പെരുന്നാൾ നമസ്ക്കാരവും നടത്തി തങ്ങളുടെ മതേതരത്വം വീണ്ടാമതും നാട്ടുകാരെ ബോധ്യപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നു.

പെട്ടിയിൽ ശോഭായാത്രക്കാരുടെ വോട്ട്‌ മാത്രം വീണാൽ പോരല്ലോ !!

അബസ്വരം :
വൈരുദ്ധ്യാത്മക അവസരവാദം !


                                                                     623
                                                                     *****
07.09.2015
മുതലാളിമാരുടെ വിവാഹങ്ങളിൽ അതിഥികൾക്കായി പൊങ്ങച്ചം വിളമ്പുന്നു.
പാവപ്പെട്ടവന്റെ വിവാഹങ്ങളിൽ അതിഥികൾക്കായി സ്നേഹം വിളമ്പുന്നു.

അബസ്വരം :
ആത്മാർത്ഥമായ സ്വീകരണത്തിന്റെ സുഖം അനുഭവിക്കണമെങ്കിൽ പാവപ്പെട്ടവന്റെ വിവാഹങ്ങളിൽ തന്നെ പങ്കെടുക്കണം.


                                                                     624
                                                                     *****
07.09.2015
സഖാവ്‌ ശ്രീ നാരായണ ഗുരുവും, സംഘി ശ്രീ നാരായണ ഗുരുവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, ഒറിജിനൽ ശ്രീനാരായണ ഗുരു ജീവിച്ചിരുന്നെങ്കിൽ അദ്ധേഹം വെള്ളാപ്പിള്ളിയുടേയും കൊടിയേരിയുടേയും സുരേന്ദ്രന്റേയും എല്ലാം കരണക്കുറ്റിക്ക്‌ ഇട്ട്‌ താങ്ങുന്ന അവസ്ഥ ഉണ്ടായാനേ !

അബസ്വരം :
ഒരു മനുഷ്യനെ എങ്ങനെ തെറ്റായി വ്യാഖ്യാനിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താം എന്നതിന്റെ ഉത്തമോദാഹരണമാണ്‌ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്‌.

                                                                     625
                                                                     *****
09.09.2015
ജൈവ കൃഷിയിലൂടെ നേടിയെടുത്ത ഇമേജ്‌ ദിവങ്ങൾക്കുള്ളിൽ തന്നെ ശോഭായാത്ര നടത്തി നശിപ്പിച്ചത്‌ സി പി എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.

തോമസ്‌ ഐസക്ക്‌ സഖാവ്‌ മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട്‌ ജനകീയ മുഖം സൃഷ്ടിച്ചെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്‌. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സി പി എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്തിയാവാനുള്ള വടം വലി ശക്തമായി നടക്കുക പിണറായിക്കും ഐസക്കിനും ഇടയിലായിരിക്കും. ഈ വടംവലിയിൽ നറുക്ക്‌ വി എസ്സിനു അപ്രതീക്ഷിതമായി കിട്ടാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
വി എസ്‌ യുഗം അപ്രസക്തമായാൽ പിന്നെ പാർട്ടിയിൽ കാണാൻ കഴിയുക പിണറായി - ഐസക്ക്‌ പോര്‌ ആയിരിക്കും.

അബസ്വരം :
വിനാശകാലേ വിപരീത ബുദ്ധികൾ !

                                                                     626
                                                                     *****
10.09.2015
ശബ്ദ മലിനീകരണം നിയന്ത്രിക്കുക എന്നത്‌ നല്ല കാര്യം തന്നെയാണ്‌.

എന്നാൽ മതസ്ഥാപനങ്ങൾ ഉച്ചഭാഷിണി കെട്ടുമ്പോൾ മാത്രമല്ല, മറിച്ച്‌ രാഷ്ട്രീയ പാർട്ടികൾ ഉച്ചഭാഷിണി കെട്ടുമ്പോഴും കച്ചവട സ്ഥാപനങ്ങൾ ഉച്ചഭാഷിണി കെട്ടുമ്പോഴും സംഘടനകൾ കെട്ടുമ്പോഴും ഒക്കെ ഉണ്ടാവുന്നതും ശബ്ദമലിനീകരണം തന്നെയാണ് എന്ന തിരിച്ചറിവ്‌ ബന്ധപ്പെട്ടവർക്ക്‌ ഉണ്ടാവണം.

രാഷ്ട്രീയ പാർട്ടികളുടേയും കച്ചവട സ്ഥാപനങ്ങളുടേയും സംഘടനകളുടേയും ഉച്ചഭാഷിണി അഴിച്ചു വെക്കാതെ, മതസ്ഥാപനങ്ങളുടെ മാത്രം ഉച്ചഭാഷിണി അഴിപ്പിച്ചു വെക്കാൻ വല്ലവരും ശ്രമിക്കുന്നുണ്ട്‌ എങ്കിൽ അതിനെതിരെ ഉച്ചഭാഷിണി കെട്ടാൻ നാം തയ്യാറാവുക തന്നെ വേണം.
രാഷ്ട്രീയക്കാരുടേയും കച്ചവടക്കാരുടേയും ഉച്ചഭാഷിണിക്ക്‌ മതസ്ഥാപനങ്ങളുടെ ഉച്ചഭാഷിണിയേക്കാൾ ഒരു മഹത്ത്വവുമില്ല.
ശബ്ദമലിനീകരണ കുറവുമില്ല.

അബസ്വരം :
ഒരാൾക്ക്‌ കേൾക്കാൻ ഇഷ്ടമില്ലാത്ത ശബ്ദങ്ങൾ ഉച്ചഭാഷിണിയിലൂടെ കേൾക്കുന്നത്‌ അയാൾക്ക്‌ ശബ്ദമലിനീകരണം തന്നെയാണ്‌.
കേൾക്കാൻ ഇഷ്ടമുള്ളത്‌ ഉച്ചഭാഷിണിയിലൂടെ കേൾക്കുന്നത്‌ ശ്രവണേന്ദ്രിയ ഹർഷപുളകിതവും !!
                                                                     627
                                                                     *****
13.09.2015
തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി പ്രസ്താവന തൊഴിലാളിയായ വി എസ് മൂന്നാറിലേക്ക് പോകുമ്പോള്‍ മിനിമം ഒരു ജെ സി ബിയെങ്കിലും കയ്യില്‍ കരുതേണ്ടതായിരുന്നു.

മൂന്നാറും വി എസും എന്ന് പറഞ്ഞാല്‍ അതിന്റെ കൂടെ ഒരു ജെ സി ബിയും ഉണ്ടാവുന്നതാണല്ലോ ലതിന്റെ ഒരു ലിത് !!

മൂന്നാറില്‍ രാജേന്ദ്രന്റെ സമരമാണോ ആണോ വി എസിന്റെ സമരമാണോ ഒറിജിനല്‍ സി പി എം സമരഗണത്തില്‍ വരുക എന്നറിയാന്‍ ഒരു ആകാംക്ഷ !

അബസ്വരം :
ട്രേഡ് യൂണിയന്‍ നേതാക്കളുടെ കപടത തിരിച്ചരിയാനുള്ള വിവേകം കാണിച്ച തൊഴിലാളികള്‍ക്ക് ആശംസകള്‍.
രാഷ്ട്രീയ നേതാക്കളുടെ കപടത കൂടി തിരിച്ചറിയാനുള്ള വിവേകം അവര്‍ക്ക് ലഭിക്കട്ടെ!

                                                                     628
                                                                     *****
16.09.2015
ഭീഷണിപ്പെടുത്തി മദനിക്കെതിരെ സാക്ഷിമൊഴിയുണ്ടാക്കാൻ പണിയെടുത്ത നിയമപാലകർക്കെതിരേ വല്ല നിയമ നടപടിയും ഉണ്ടാവുമോ നിയമവ്യവസ്ഥേ ??

അബസ്വരം :
ആയിരം കുറ്റവാളികൾ ചിക്കൻ ബിരിയാണി തിന്നാലും ഒരു നിരപരാധി കൂടി കഞ്ഞി കുടിക്കരുത്‌ !

                                                                     629
                                                                     *****
17.09.2015
ബൈക്കിന്റെ പുറകിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ്‌ നിർബന്ധമാക്കിയതിനെ വിമർശിക്കുന്നവർ വകതിരിവില്ലാതെയാണ്‌ പ്രതികരിക്കുന്നത്‌.

ഹെൽമറ്റ്‌ ഉപയോഗിച്ചു തുടങ്ങുമ്പോൾ ആദ്യം ചില അസ്വസ്ഥതകൾ ഉണ്ടാവുമെങ്കിലും ഒരാഴ്ചയോടെ അതുമായി സാത്മ്യപ്പെടും. മാത്രമല്ല പിന്നീട്‌ ഹെൽമറ്റ്‌ വെക്കാതെ ബൈക്കിൽ പോകുന്നതാണ്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുക.

ഷർട്ടോ പാന്റോ വാങ്ങുമ്പോൾ കൃത്യമായ അളവിൽ ഉള്ളത്‌ തിരഞ്ഞെടുക്കാൻ കാണിക്കുന്ന ശുഷ്ക്കാന്തി, കൃത്യമായ സൈസിൽ ഉള്ള ഹെൽമറ്റ്‌ തിരഞ്ഞെടുക്കാൻ ഭൂരിപക്ഷം പേരും കാണിക്കുന്നില്ല. തങ്ങളുടെ തലയുടെ സൈസിനു യോജിക്കാത്ത ഹെൽമറ്റുകൾ ധരിച്ചാൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുക സ്വാഭാവികം. അതുകൊണ്ട്‌ കൃത്യമായ സൈസും, തലക്ക്‌ ഇണങ്ങിയ മോഡലും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഹെൽമറ്റ്‌ ധരിക്കുമ്പോൾ അത്‌ ലോക്ക്‌ ചെയ്യാനും മറക്കരുത്‌.
ഹെൽമറ്റുകൾ നിരവധി പേരുടെ തലകൾ അപകടങ്ങളിൽ നിന്ന് സംരക്ഷിച്ചിട്ടുണ്ട്‌.

രണ്ടു തവണ ബൈക്ക്‌ അപകടങ്ങളിൽ പെട്ടപ്പോൾ എന്റെ തലയുടെ കണ്ടൻസർ പോകാതെയിരുന്നത്‌ ഹെൽമറ്റ്‌ ഉണ്ടായിരുന്നത്‌ കൊണ്ടാണ്‌.

അതുകൊണ്ട്‌ ആരോഗ്യവും ജീവനും സംരക്ഷിക്കുന്ന നിയമങ്ങൾ വരുമ്പോൾ അതിനെ വിമർശിച്ച്‌ കോഞ്ഞാട്ടയാക്കുന്നതിനു പകരം, അതിന്റെ ഗുണങ്ങൾ മനസ്സിലാക്കുകയും അത്‌ പിന്തുടരുകയും മറ്റുള്ളവരെ പിന്തുടരാൻ പ്രേരിപ്പിക്കുകയും ചെയ്യുക.

ഹെൽമറ്റിനെ വിമർശിക്കുന്ന ഓരോരുത്തരും തങ്ങളുടെ മക്കൾ ബൈക്കിൽ പോകുമ്പോൾ ഹെൽമറ്റ്‌ വെക്കുന്നതിനെയാണോ, വെക്കാത്തതിനെയാണോ പിന്തുണക്കുക എന്നൊന്ന്‌ ആത്മവിശകലനം നടത്തുകയും ചെയ്യുക.

അബസ്വരം :
സൂക്ഷിക്കാതെ ദു:ഖം ഒഴിവാക്കാൻ കഴിയില്ലല്ലോ !

                                                                     630
                                                                     *****
17.09.2015
ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടുണ്ടെങ്കിൽ ഒന്ന് കൂടി ഇറങ്ങിക്കാണിക്കാൻ എന്താണിത്ര ഹൽക്കുൽത്ത്‌ ഉള്ളത്‌ നാസക്കാരേ ?

ഇനി ചന്ദ്രനിലേക്ക്‌ പോകാൻ ആളെ കിട്ടാത്തതാണ്‌ പ്രശ്നം എങ്കിൽ മ്മടെ മോഡി അണ്ണനെ വിളിച്ചാ മതി. മൂപ്പരാവുമ്പോ വിദേശയാത്ര എന്ന് കേട്ടാ മണ്ടിച്ചാടി വരുകയും ചെയ്യും.

അബസ്വരം :
ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തി എന്നത്‌ കെട്ടുകഥയാണ്‌ എന്നതിലേക്ക്‌ തന്നെയാണ്‌ നാസയുടെ പല നിലപാടുകളും നമ്മെ നയിക്കുന്നത്‌.


                                                                     631
                                                                     *****
18.09.2015
ടി. സിദ്ദീഖിന്‌ എതിരെ പൊങ്കാലയിടാൻ കാണിച്ച ശുഷ്ക്കാന്തി റിയാസിനെതിരെ പൊങ്കാല ഇടാനും കുട്ടി സഖാക്കൾ കാണിക്കുമോ ?

അബസ്വരം :
മറ്റേ പാർട്ടീത്തോർക്ക്‌ പിരാന്ത്‌ പുടിച്ചാ മാത്രമേ കാണാൻ ചേലുള്ളൂ അല്ലേ സഖാക്കളേ?

                                                                     632
                                                                     *****
19.09.2015
സ്വകാര്യ ആശുപത്രികളിൽ 25 - 30 ലക്ഷം ഈടാക്കുന്ന ഹൃദയം മാറ്റി വെക്കൽ ശാസ്ത്രക്രിയ, കോട്ടയം സർക്കാർ ആശുപത്രിയിൽ 2 ലക്ഷം രൂപക്ക്‌ താഴെയുള്ള ചിലവിൽ നടത്തിയ സംഭവം ഈ മേഖലയിലെ കൊള്ളലാഭമാണ്‌ തുറന്നു കാണിക്കുന്നത്‌.

ആരോഗ്യ മന്ത്രിമാരും മറ്റു ഭരണകർത്താക്കളും ഇത്തരം കാര്യങ്ങൾ കണ്ടില്ല എന്ന് നടിക്കാൻ കാരണം ഇതിന്റെ ഒക്കെ വിഹിതം കൃത്യമായി അവരുടെ പോക്കറ്റിൽ എത്തുന്നത്‌ കൊണ്ട്‌ തന്നെ ആയിരിക്കും.

ജനങ്ങളോട്‌ കൂറുള്ള ഭരണ കർത്താക്കൾ ഉണ്ടായിരുന്നു എങ്കിൽ ഇത്തരം ചികിൽസാ രീതികൾക്ക്‌ വാങ്ങാവുന്ന പരമാവധി തുക ഇത്രവരെയാവാം എന്ന നിലയിൽ നിയമനിർമ്മാണം നടത്തി, ആശുപത്രികളുടെ കൊള്ള ലാഭം തടയുകയും, രോഗിയെ കുത്തുപാള എടുപ്പിക്കാതിരിക്കുകയും ചെയ്യുമായിരുന്നു.
നമ്മുടെ കഷ്ടകാലം കൊണ്ട്‌ അങ്ങിനെയുള്ള ഭരണ കർത്താക്കൾ നമുക്കില്ലാതെ പോയി !!

ചികിൽസാ രംഗത്ത്‌ ഏകീകൃത ബില്ലിംഗ്‌ നിരക്കുകൾ ഉണ്ടാക്കുന്നതിനായി പൊതുജനങ്ങൾ രംഗത്ത്‌ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അബസ്വരം :
പ്രബുദ്ധരാണെന്ന മേനി പറയുന്ന മണ്ടന്മാർ മാത്രമായി തുടർന്നാൽ മതിയോ നാം?

                                                                     633
                                                                     *****
21.09.2015
വെള്ളാപ്പള്ളിയുടെ പതനത്തിന്റെ തുടക്കമാവും അയാൾ രാഷ്ട്രീയ പാർട്ടിക്ക്‌ നേതൃത്വം കൊടുത്താൽ ഉണ്ടാവുക.

വീർപ്പിക്കപ്പെട്ട ബലൂൺ പൊട്ടുന്നതിനു മുൻപുള്ള അന്തിമ ഊത്താണ്‌ ഇപ്പോൾ നടക്കുന്നത്‌.

അബസ്വരം :
സമുദായ നേതാവ്‌ ചമഞ്ഞ്‌ കുടുംബാംഗങ്ങളേയും ഏറാൻ മൂളികളേയും അണിനിരത്തി ബഡായി അടിച്ച്‌ മുതലെടുപ്പ്‌ നടത്തുന്നതും, ജനാധിപത്യത്തിൽ നാല്‌ വോട്ട്‌ നേടുന്നതും തമ്മിൽ ആനയും കുഴിയാനയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ മൂപ്പർ പോവുന്നതേയുള്ളൂ.


                                                                     634
                                                                     *****
21.09.2015
അലോപ്പതിയിൽ എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട്‌.

എന്നാൽ ആ മരുന്ന് കഴിച്ചാൽ എല്ലാപ്പോഴും രോഗം മാറണം എന്നില്ല.
രോഗം മാറിയാലും ഇല്ലെങ്കിലും മരുന്ന് മരുന്ന് തന്നെ ആണല്ലോ !!

ഉദാഹരണത്തിന്‌ എയിഡ്സ്‌ ആയി വരുന്ന രോഗിക്കും കൊടുക്കാൻ മരുന്നു അലോപ്പതിക്കാരുടെ കയ്യിൽ ഉണ്ട്‌. ഒന്നും ഇല്ലെങ്കിൽ വിറ്റാമിൻ ഗുളികയെങ്കിലും നൽകും. അതും ഒരു മരുന്നാണല്ലോ. രോഗം മാറിയാലും ഇല്ലെങ്കിലും.

എല്ലാവരുടേയും രോഗം മാറിയാൽ മാത്രമേ മരുന്നിനെ മരുന്ന് എന്ന് വിളിക്കാൻ പാടുള്ളൂ എന്ന നിയമം ഒന്നും ഇല്ലല്ലോ !

അതുകൊണ്ട്‌ "കാൻസറിനു മരുന്നില്ല" എന്ന് ശ്രീനിവാസൻ പറഞ്ഞത്‌ തെറ്റായി പോയി.

എല്ലാ കാൻസറിനും ആശുപത്രികളിൽ മരുന്ന് ഉണ്ട്‌. അതിൽ ഭൂരിപക്ഷം കാൻസർ രോഗികളും മരുന്ന് കഴിച്ചാലും മരണത്തിനു കീഴടങ്ങുമെന്ന്‌ കരുതി കാൻസറിനു മരുന്നില്ല എന്ന് ശ്രീനിവാസൻ പറയാൻ പാടുണ്ടോ ??

കാൻസറിനു മരുന്ന് അലോപ്പതിയിൽ ഉള്ളത്‌ കൊണ്ട്‌ എല്ലാവരും ധൈര്യമായി വിഷമുള്ള പച്ചക്കറികളും, മായം ചേർത്ത ഭക്ഷ്യ സാധനങ്ങളും വലിച്ചു കയറ്റി കാൻസർ പിടിച്ച്‌ അലോപ്പതി മരുന്ന്‌ കഴിച്ച്‌ മാതൃകയാവുക. കീമോതെറാപ്പി നടത്തി ജന്മസുകൃതം നേടുക.

കാൻസർ ഇല്ലാത്തവർക്കും വേണമെങ്കിൽ ഒരു മുൻകൂർ കീമോ തെറാപ്പി നടത്തി അതുവഴി ആരോഗ്യം വർദ്ധിപ്പിച്ച്‌ മാതൃകയാകാവുന്നതാണ്‌.

അതുപോലെ സിഗററ്റ്‌ പേക്കറ്റിന്റെ മുകളിൽ "നല്ലോണം പുകവലികൂ, കാൻസർ വന്നാലും പേടിക്കേണ്ട. അലോപ്പതിയിൽ മരുന്നുണ്ട്‌." - എന്ന്‌ എഴുതി വെക്കാനുള്ള നടപടികള്‍ കൂടി സർക്കാർ സ്വീകരിക്കണം.

അബസ്വരം :
ഒരാൾ "കാൻസറിനു മരുന്നില്ല" എന്ന് പറഞ്ഞാൽ അതിന്റെ ഉദ്ദേശ ശുദ്ധിയും, സാമൂഹിക പ്രസക്തിയും മനസ്സിലാക്കാനുള്ള മരുന്ന്‌ കൂടി മാത്രമേ അലോപ്പതിയിൽ ഇനി കണ്ടുപിടിക്കാനുള്ളൂ.
                                                                     635
                                                                     *****
22.09.2015
"സെപ്റ്റംബർ 28 നു ലോകാവസാനം എന്ന് പ്രവചനം." - വാർത്ത.

അബസ്വരം :
ഒരിക്കലും ഈ വരുന്ന സെപ്റ്റംബർ 28 നു ലോകാവസാനം ഉണ്ടാവില്ല. ലോകാവസാനത്തിനു മുൻപ്‌ ദജ്ജാൽ വരേണ്ടതുണ്ട്‌. ഈസാ നബി (അ) ഭൂമിയിലേക്ക്‌ വീണ്ടും വരേണ്ടതുണ്ട്‌. ഈസാ നബി (അ) ദജ്ജാലിനെ കൊല്ലേണ്ടതുണ്ട്‌. അങ്ങിനെ പല കാര്യങ്ങളും സംഭവിക്കേണ്ടതുണ്ട്‌. അതൊന്നും സംഭവിക്കാതെ ലോകാവസാനം ഉണ്ടാവില്ല മക്കളേ...

                                                                     636
                                                                     *****
24.09.2015
സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ ഒരു ബലിപെരുന്നാള്‍ കൂടി നമ്മിലേക്ക് വരുന്നു. നമുക്ക് അതില്‍ പങ്കുചേരാനുള്ള ഭാഗ്യം ഒരിക്കല്‍ കൂടി ലഭിച്ചിരിക്കുന്നു.

ലോകത്ത് സത്യവും ശാന്തിയും സമാധാനവും പുലരട്ടെ.

എല്ലാവരുടേയും ഹജ്ജും, മറ്റു പ്രാര്‍ത്ഥനകളും നാഥന്‍ സ്വീകരിക്കട്ടെ. നമ്മുടെ പാപങ്ങള്‍ പൊറുത്ത് നമുക്കെല്ലാവര്‍ക്കും നാഥന്‍ സ്വര്‍ഗത്തില്‍ ഇടം നല്‍കട്ടെ.

എല്ലാ പ്രിയര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.

അബസ്വരം :
അള്ളാഹു അക്ബറുള്ളാഹു അക്ബറുള്ളാഹു അക്ബര്‍,
ലാ ഇലാഹ ഇല്ലാള്ളാഹു അള്ളാഹു അക്ബര്‍,
അള്ളാഹു അക്ബര്‍ വലില്ലാഹില്ഹംദ്.

                                                                     637
                                                                     *****
24.09.2015
മമ്മൂട്ടിയുടെ പെരുന്നാള്‍ നിസ്ക്കാര വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് പ്രമുഖ മലയാളം ചാനലുകളെല്ലാം മാപ്പളാരെ സന്തോഷിപ്പിച്ച് മാതൃകയായി.

അബസ്വരം :
ബാക്കി ഉള്ള മാപ്പളാരായ സില്‍മാ നടന്മാരെല്ലാം പെരുന്നാള്‍ നിസ്ക്കരിച്ചോ ആവോ?

                                                                     638
                                                                     *****
26.09.2015
"വിട്ടാല്‍ കാളി പയറ്റില്‍" എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ല് ഇപ്പോള്‍ "വിട്ടാല്‍ മോഡി അമേരിക്കയില്‍" എന്ന് തിരുത്താം അല്ലേ ?

അബസ്വരം :
വിട്ടാല്‍ മോഡി വീമാനത്തില്‍ എന്നും ആക്കാം !!

                                                                     639
                                                                     *****
27.09.2015
ഫേസ്ബുക്കിന്റെ പേര് 'മൂഞ്ചി പുസ്തക്' എന്നാക്കണം എന്നും, ഫേസ്ബുക്കില്‍ അമ്പലം പണിയണം എന്നും, തന്റെ ഫോട്ടോക്ക് ലൈക്ക് ഇരട്ടിപ്പിക്കണം എന്നും, ഫേസ്ബുക്കിന്റെ ഭാഷ ലോകമെമ്പാടും സംസ്കൃതം ആക്കണം എന്നും സുക്കര്‍ജിയോടും, തന്നെ സെര്‍ച്ച് ചെയ്‌താല്‍ നല്ലത് മാത്രമേ റിസള്‍ട്ടില്‍ കാണിക്കാവൂ എന്ന് ഗൂഗിള്‍ജിയോടും അഭ്യര്‍ത്ഥിച്ച ശേഷം മോഡിജി സെല്‍പ്പി എടുത്ത് ആത്മനിര്‍വൃതി അടഞ്ഞതായി സംഘിലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അബസ്വരം :
മൂഞ്ചി പുസ്തകിന്റെ സെര്‍വറുകളില്‍ ദിവസവും ചാണകവെള്ളം തളിച്ചാല്‍ വൈറസ് അറ്റാക്ക് ഉണ്ടാവില്ല എന്ന കണ്ടെത്തലും സുക്കര്‍ജിയുമായി പങ്കുവെച്ചു.

                                                                     640
                                                                     *****
28.09.2015
പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാല്‍ പുരോഗത്യാദികള്‍ ഉണ്ടാവും എന്ന് പറയാന്‍ ഒരു എരപ്പാളിയും, അതിനനുസരിച്ച് കോലം കെട്ടാന്‍ ഒരുപാട് തൊരപ്പാളികളും !!

അബസ്വരം :
ഭരണകര്‍ത്താക്കള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് പ്രൊഫൈല്‍ ഫോട്ടം കൊണ്ട് ചെയ്യാമെന്ന് ഏതവനാടാ തന്നെയൊക്കെ പഠിപ്പിച്ചത് ?

                                                                     641
                                                                     *****
01.10.2015
ഫ്രിഡ്ജിൽ ഗോമാതാവിന്റേയും പോത്ത്‌ പിതാവിന്റേയും മാംസം ഉണ്ട്‌.
തല്ലേണ്ടവർക്ക്‌ വന്ന് തല്ലാം.
എന്നിട്ട്‌ ഒരു ബീഫ്‌ ബിരിയാണി കഴിച്ച്‌ ഏമ്പക്കം വിട്ട്‌ പിരിയാം.

അബസ്വരം :
മ്മൾ അറക്കും പോത്തെല്ലാം മ്മൾ തിന്നും സംഘിളിയേ !!

                                                                     642
                                                                     *****
02.10.2015
ബീഫ്‌ ഫ്രിഡ്ജിൽ വെച്ചു എന്നാരോപിച്ച്‌ ഒരുത്തനെ തല്ലിക്കൊന്നപ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാതെ മൗന സമ്മതം നൽകുന്ന ഒരു ഭരണാധികാരിയെ "ചെറ്റേ" എന്ന് വിളിച്ചാൽ അത്‌ സാധാരണ ചെറ്റകളെ അപമാനിക്കുന്നതായിരിക്കും. അതുകൊണ്ട്‌ ചെറ്റ എന്നതിനേക്കാൾ നാറിയ പദമായ "മോഡി" എന്ന് വിളിക്കാം. ആ പദത്തിന്റെ നാറ്റം കൂട്ടാൻ അതിന്റെ മുന്നിൽ 'നരേന്ദ്ര' എന്നോ 'ദാമോദർ ദാസ്‌' എന്നോ ഉള്ള ഡെക്കറേഷൻ കൊടുക്കാവുന്നതാണ്‌.

അബസ്വരം :
കൂട്ടക്കൊല നടത്തിയവനെന്ത്‌ ഏകാംഗ കൊല !!!

                                                                     643
                                                                     *****
03.10.2015
ഒരു പാട്ടുകാരനെ "ഗാനഗന്ധർവ്വൻ" എന്നൊക്കെ ഡെക്കറേഷൻ കൊടുത്ത്‌ തലയിൽ കയറ്റി വെക്കുമ്പോൾ ചിന്തിക്കേണ്ടിയിരുന്നു.

ഒരു പാട്ടുകാരനെ "പാട്ടുകാരൻ" എന്ന് വിളിക്കുന്നതാണ്‌ അതിന്റെ മര്യാദ. അതാണ്‌ മറ്റു പാട്ടുകാരോട്‌ ചെയ്യുന്ന നീതി.

പാട്ടിന്റെ മേഖലയിൽ മാത്രമല്ല.എല്ലാ രംഗത്തും.

അബസ്വരം :
ഡെക്കറേഷൻ കൂടിയാൽ അഹങ്കാരവും കൂടും. പ്രത്യേകിച്ച്‌ അൽപ്പന്മാർക്ക്‌ !

                                                                     644
                                                                     *****
05.10.2015
ഗോമാതാവിന്റെ അപ്പിയായ ചാണകത്തെ ഇന്ത്യയുടെ ഔദ്യോഗിക തീട്ടമായി പ്രഖ്യാപിക്കണം.

വിദേശ രാജ്യങ്ങളിലെ പ്രമുഖർ ഇന്ത്യയിൽ സന്ദർശനത്തിനെത്തുമ്പോൾ അവർക്ക്‌ കുടിക്കാൻ ഗോമൂത്രം നൽകണം. അവർ തിരിച്ച്‌ പോകുമ്പോൾ ഒരോ കൊട്ട ചാണകം ഔദ്യോഗിക സമ്മാനമായി നൽകണം. ഇതിനൊന്നും തയ്യാറാവാത്തവരെ ഇന്ത്യയിലേക്ക്‌ കടക്കാൻ അനുവദിക്കരുത്‌.

അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവർക്ക്‌ ചാണകവും ഗോമൂത്രവും സംയോജിപ്പിച്ച മിശ്രിതം കുത്തിവെപ്പായി നൽകണം.

ഗോമാതാവ്‌ ചാണകം ഇടുന്നത്‌ കണ്ടാൽ "ബോലോ ഗോമാതാക്കീ ചാണക്‌ കീ ജയ്‌" എന്നു പറഞ്ഞ്‌ അറ്റെൻഷനിൽ നിന്നു ചാണകം വരുന്ന സ്ഥലത്തേക്ക്‌ നോക്കി സലൂട്ട്‌ അടിക്കണം. എന്നിട്ട്‌ അവിടെ കിസ്സ്‌ അടിക്കണം.

ചാണകത്തിൽ ചവിട്ടുന്നവന്റെ കാൽ വെട്ടിയെടുത്ത്‌ ലോക്കൽ ശാഖയിൽ പൊതുദർശനത്തിനു വെക്കാനായി ഐ പി സി ഭേദഗതി ചെയ്യണം.

ഗോമാതാവ്‌ ചാണകം ഇടുന്ന സ്ഥലങ്ങളിൽ എല്ലാം സംഘി ശാഖകൾ ഉണ്ടാക്കണം.

അബസ്വരം :
ഇതൊക്കെ എത്രയും വേഗത്തിൽ നടപ്പാക്കി ഇന്ത്യയെ ലോകരാജ്യങ്ങളുടെ ഇടയിൽ പോത്ത്‌ പോലെ തലയുയർത്തി നിൽക്കാനുള്ള സാഹചര്യം മോഡിയണ്ണനും കുട്ടിസംഘികളും പരിശ്രമിക്കണമെന്ന് ഗോമാതാവിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു.

                                                                     645
                                                                     *****
06.10.2015
തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങൾ സംവരണം ചെയ്യുന്നത്‌ ഒരുജാതി ഊച്ചാളി പരിപാടിയാണ്‌. എല്ലാ മണ്ഡലങ്ങളിലും ആർക്കും മൽസരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. എന്നിട്ട്‌ ഏറ്റവും നല്ലത്‌ എന്ന് തോന്നുന്ന സ്ഥാനാർത്ഥിയെ ജനങ്ങൾ തിരഞ്ഞെടുക്കട്ടെ.

അബസ്വരം :
ബ്ലോഗർമാർക്ക്‌ സംവരണം ഏർപ്പെടുത്താത്തത്‌ കോപ്പിലെ പരിപാടിയായി !!

                                                                     646
                                                                     *****
07.10.2015
ബീഫ്‌ ഫെസ്റ്റിനെ അനുകൂലിക്കുന്ന മുസ്ലിംങ്ങളോട്‌ പലരും ചോദിക്കുന്ന ചോദ്യങ്ങളാണ്‌ "പന്നി ഫെസ്റ്റ്‌ നടത്തിയാൽ നിങ്ങൾ അനുകൂലിക്കുമോ ? എം ഇ എസിൽ പന്നി ഫെസ്റ്റ്‌ നടത്തിയാലോ ?" എന്നതൊക്കെ.

ഒരു കാര്യം വ്യക്തമായി പറയാം. സമൂഹത്തിൽ പന്നി ഫെസ്റ്റ്‌ നടത്തിയാൽ ഒരു ഇസ്ലാം മത വിശ്വാസിയും അതിനെ എതിർക്കില്ല. കുറച്ച്‌ മുൻപ്‌ മഹാരാഷ്ട്രയിലോ മറ്റോ റംസാൻ വ്രതം അനുഷ്ഠിക്കുന്ന ഒരുത്തന്റെ വായയിലേക്ക്‌ ഭക്ഷണം കുത്തിക്കയറ്റിയ പോലെ പന്നിയിറച്ചി വായയിലേക്ക്‌ കുത്തി തിരുകാൻ വരാതിരുന്നാൽ മാത്രം മതി.

പിന്നെ എം ഇ എസ്സി ന്റെ കാര്യം.
പണം ഉണ്ടാക്കുക എന്നതിൽ കവിഞ്ഞ മറ്റൊരു ആദർശവും സിനിമാ സംഘടനകൾക്കും നേതൃത്വം കൊടുക്കുന്ന എം ഇ എസ്സിന്റെ മൊതലാളിയായ ഫസൽ ഗഫൂറിനും കൂട്ടർക്കും ഇല്ല. മുസ്ലിം എന്ന പദം ഉപയോഗിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയാൽ കിട്ടുന്ന ആനുകൂല്യങ്ങൾക്ക്‌ വേണ്ടിയാണ്‌ ആ പദം പോലും അവർ പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. എം ഇ എസ്‌ എന്നതിനു ഏറ്റവും യോജിച്ചതും അർത്ഥവത്തായതുമായ പൂർണ്ണരൂപം 'മണി ഈറ്റിംഗ്‌ സൊസൈറ്റി' എന്നത്‌ തന്നെയാണ്‌.

അതുകൊണ്ട്‌ എം ഇ എസ്‌ എന്ന സ്ഥാപനം മുസ്ലിംങ്ങളുടെ പൊതുസ്വത്തൊ അല്ലെങ്കിൽ പുണ്യ കേന്ദ്രമോ അല്ല. കുറച്ച്‌ കാശ്‌ കൊടുത്താൽ വേണമെങ്കിൽ എം ഇ എസ്‌ മാനേജ്‌മന്റ്‌ തന്നെ നേരിട്ട്‌ പന്നി ഫെസ്റ്റ്‌ നടത്തുകയും ചെയ്യും. അതാണ്‌ മതേതരത്വം എന്ന് വിളംബാൻ ഫസൽ ഗഫൂർ അന്തിക്ക്‌ ചാനലിൽ എത്തുകയും ചെയ്യും. അതിനാൽ എം ഇ എസിൽ പന്നി ഫെസ്റ്റ്‌ നടത്തിയാൽ അതൊരിക്കലും മുസ്ലിമിന്റെ വിശ്വാസവുമായി ബന്ധപ്പെടുന്നതല്ല.

അതുകൊണ്ട്‌ പന്നി ഫെസ്റ്റ്‌, എം ഇ എസ്‌ തുടങ്ങിയ പദങ്ങൾ കൊണ്ട്‌ ബീഫ്‌ ഫെസ്റ്റിനെ വിമർശിക്കാൻ ശ്രമിച്ചിട്ട്‌ കാര്യമില്ല.

അബസ്വരം :
പന്നിയിറച്ചി മുസ്ലിംങ്ങൾ തിന്നുന്നതേ ഹറാം ഉള്ളൂ. മറ്റുള്ളവർ തിന്നുന്നതോ, അവർ തിന്നുന്നത്‌ കാണുന്നതോ ഹറാം അല്ല. ബീഫ്‌ തിന്നുന്നത്‌ കാണുമ്പോൾ സംഘികൾക്കുണ്ടാവുന്ന കൃമികടി അതുകൊണ്ട്‌ തന്നെ പന്നിയിറച്ചി തിന്നുന്നത്‌ കാണുമ്പോൾ മാപ്പളാർക്ക്‌ ഉണ്ടാവില്ല.

                                                                     647
                                                                     *****
07.10.2015
നികേഷും ഉണ്ണിത്താനും ശശികലയെ പൊളിച്ചടക്കുന്നതിനിടയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ പ്രസക്തമായ ഒരു കാര്യമുണ്ട്‌.

"ഹൈന്ദവ വേദങ്ങളിൽ എന്ത്‌ പറഞ്ഞു, ഇതിഹാസങ്ങളിൽ എന്ത്‌ പറഞ്ഞു എന്നതല്ല ഒരോരോ സാഹചര്യത്തിനനുസരിച്ചാണ്‌ തീരുമാനങ്ങൾ കൈ കൊള്ളേണ്ടത്‌" എന്ന് ശശികല വ്യക്തമായി പറയുന്നു.

അതായത്‌ ബീഫ്‌ കഴിക്കുന്നത്‌ ഹിന്ദു വിശ്വാസങ്ങൾക്കോ, ആചാരങ്ങൾക്കോ എതിരല്ല എന്ന് സമ്മതിക്കുക തന്നെയല്ലേ അവർ ചെയ്യുന്നത്‌ ?

'സാഹചര്യത്തിന്‌ അനുസരിച്ച്‌ തീരുമാനങ്ങൾ കൈകൊള്ളുക' എന്നതിൽ നിന്നും ഹിന്ദുത്വവുമായി ഒരു ബന്ധവും ഇല്ലാത്ത സംഘി ആശയങ്ങൾ പ്രചരിപ്പിക്കാനായും, അതുവഴി രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനായും വേദങ്ങളും ഇതിഹാസങ്ങളും വളച്ചൊടിക്കുന്നതിൽ തീരുമാനം എടുക്കുക എന്നതിൽ കൂടുതൽ എന്താണ്‌ മനസ്സിലാക്കേണ്ടത് ??

ഈ സംഘികൾ പറയുന്നത്‌ കേട്ട്‌ അതാണ്‌ ഹിന്ദുത്വം എന്ന് വിശ്വസിച്ചിരിക്കുന്ന പൊട്ടന്മാർക്ക്‌ ഇനിയെന്നാണാവോ നല്ല ബുദ്ധിയുദികുക ?

അബസ്വരം :
ഹിന്ദുത്വം പഠിക്കാൻ വേദങ്ങൾ പഠിക്കുക. അല്ലാതെ സംഘി ആപ്പീസിൽ നിന്ന് വിതരണം ചെയ്യുന്ന തുണ്ടുകളോ, ശശികലയാദികളുടെ അമേദ്യമോ നോക്കിയല്ല ഹൈന്ദവതയും സനാതന ധർമ്മവും മനസ്സിലാക്കേണ്ടത്‌.

സുബോധമുള്ള ഹിന്ദു സഹോദരന്മാർ തന്നെയാണ്‌ ഈ വിഷയം പ്രചരിപ്പിക്കാൻ മുന്നിട്ടിറങ്ങേണ്ടതും.
                                                                     648
                                                                     *****
07.10.2015
പോപ്പുലർ ഫ്രണ്ടിന്റെ പുതിയ പ്രചാരണ മുദ്രാവാക്യം : "തിന്നാനുള്ള അവകാശം. പറയാനുള്ള അവകാശം. മത ഭ്രാന്തിനെതിരെ പ്രചാരണം."

സംഭവം കേൾക്കാൻ നല്ല സുഖമുള്ള മുദ്രാവാക്യം ആണെങ്കിലും ഇത്‌ കേട്ടാൽ പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിയില്ല.

ജോസഫ്‌ മാഷിന്റെ കൈ വെട്ടി മുസ്ലിം സമുദായത്തിനു മൊത്തം ചീത്തപ്പേര്‌ സമ്മാനിച്ച നാറികളുടെ ഈ മുദ്രാവാക്യത്തേക്കാൾ വിശ്വസനീയ യോഗ്യവും ആത്മാർത്ഥതയുള്ളതും ആയിരിക്കും "ഇല്ല ഞങ്ങൾ കടിക്കില്ല, മനുഷ്യന്മാരെ കടിക്കില്ല" എന്ന് പാമ്പുകൾ പറഞ്ഞാൽ അത്‌.

അതുകൊണ്ട്‌ ഇത്തരം മുദ്രാവാക്യവുമായി വരുന്നതിനു മുൻപ്‌ ആത്മപരിശോധന നടത്തുക. എന്നിട്ട്‌ ജോസഫ്‌ മാഷിന്റെ കൈ വെട്ടിയതിനു പൊതുസമൂഹത്തോടും, പ്രത്യേകിച്ച്‌ മുസ്ലിം സമൂഹത്തോടും മാപ്പ്‌ പറയുക. എന്നിട്ടാവാം നിങ്ങൾക്ക്‌ എടുത്താൽ പൊങ്ങാത്ത ഇത്തരം മുദ്രാവാക്യങ്ങൾ എഴുന്നള്ളിക്കൽ.

അബസ്വരം :
സ്പ്രേ അടിച്ചാലും യഥാർത്ഥ നാറ്റം പോവില്ല.

                                                                     649
                                                                     *****
09.10.2015
"ഹിന്ദുക്കളും മുസ്ലിംങ്ങളും ഐക്യത്തോടെ പ്രവർത്തിക്കണം." - മോഡി.

അബസ്വരം :
"കുറുക്കന്മാരും കോഴികളും ഐക്യത്തോടെ പ്രവർത്തിക്കണം." - കോഴികളെ കൂട്ടത്തോടെ കൊന്ന് തിന്ന കേസിലെ മുഖ്യപ്രതി കേളുക്കുറുക്കൻ.

                                                                     650
                                                                     *****
09.10.2015
ബീഫ്‌ എന്റെ ഭക്ഷണമാണ്‌. ബീഫുകൊണ്ടുള്ള എല്ലാ വിഭവങ്ങളും രുചികരമാണ്‌. ഞാൻ ബീഫിനെ സ്നേഹിക്കുന്നു. രുചികരവും വൈവിദ്ധ്യ പൂർണ്ണവുമായ അതിന്റെ പരമ്പരാഗത വിഭവങ്ങളിൽ അഭിമാനിക്കുന്നു.

ബീഫ്‌ തിന്നാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നതാണ്‌. ഞാൻ എന്റെ മാതാപിതാക്കൾക്കും ഗുരു ജനങ്ങൾക്കും ബീഫ്‌ വാങ്ങിക്കൊടുക്കുകയും അവരോടൊപ്പം ഇരുന്ന് വിനയപൂർവ്വം തിന്നുകയും ചെയ്യും. ഞാൻ എന്റെ വയറിനോടും ബീഫിനെ തിന്നുന്ന നാട്ടുകാരുടെ വയറിനോടും സ്നേഹമുള്ളവനായിരിക്കും എന്ന് പ്രതിജ്ഞ്യ ചെയ്യുന്നു. എന്റെ നാട്ടിലെ പോത്തുകളുടേയും പോത്തിറച്ചിയുടേയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ്‌ എന്റെ ആനന്ദം.
ജയ്‌ ബീഫ്‌ !!

അബസ്വരം :
അപ്പൊ പ്രതിജ്ഞ്യ നടക്കട്ടെ !

 അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

2 comments:

  1. "ഹിന്ദുക്കളും മുസ്ലിംങ്ങളും ഐക്യത്തോടെ പ്രവർത്തിക്കണം." - മോഡി.

    അബസ്വരം :
    "കുറുക്കന്മാരും കോഴികളും ഐക്യത്തോടെ പ്രവർത്തിക്കണം." - കോഴികളെ കൂട്ടത്തോടെ കൊന്ന് തിന്ന കേസിലെ മുഖ്യപ്രതി കേളുക്കുറുക്കൻ.

    ReplyDelete
  2. ആശംസകള്‍.തുടരട്ടെ.

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....