Thursday, December 10, 2015

ബി എസ് എന്‍ എലിന് കൊടുത്ത പണിബി എസ് എന്‍ എല്‍ ലിന് തന്ന പണിക്ക്, തിരിച്ച് പണി കൊടുത്ത ഒരു സംഭവം ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വീട്ടിലെ ലാന്‍ഡ് ഫോണ്‍ ഒരു വര്‍ഷത്തോളമായി ഇടക്കിടെ കേടാവും. കേടായി കഴിഞ്ഞാല്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ അപ്പടിയേ കിടക്കും. 198 ല്‍ വിളിച്ച് ബുക്ക് ചെയ്യുന്ന പരാതികള്‍, പ്രശ്നം പരിഹരിക്കാതെ തന്നെ ഉദ്യോഗസ്ഥര്‍ ക്ലോസ് ചെയ്യും.

ഞങ്ങളുടെ വീട്ടിലേക്ക് പോകുന്ന വഴിക്ക് അടിയിലൂടെ ആയിരുന്നു കേബിള്‍ ഇട്ടിരുന്നത്. എന്നാല്‍ പിന്നീട് ഈ വഴി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തു. അതുകൊണ്ട് എപ്പോള്‍ കേടു വന്നാലും "കോണ്‍ക്രീറ്റിന് അടിയില്‍ ആണ് പ്രശ്നം. നോക്കട്ടെ" എന്ന മറുപടി ലഭിക്കും.

ഈ വഴിയില്‍ ഉള്ള പല ഫോണുകളും കേട് വന്നിട്ട് മാസങ്ങളായി. പലരും ബില്‍ അടക്കുന്നത് നിര്‍ത്തി. പക്ഷേ ലാന്‍ഡ് ഫോണ്‍ എനിക്ക് നിര്‍ബന്ധം ഉള്ള കാര്യമായിരുന്നു.

പല തവണ എക്സ്ചേഞ്ചില്‍ കയറി ഇറങ്ങി. ചിലപ്പോള്‍ ശരിയാക്കിയാല്‍ ഒരാഴ്ച പ്രവര്‍ത്തിക്കും. വീണ്ടും ഗോവിന്ദ.

അങ്ങിനെ ആദ്യം വളാഞ്ചേരി എക്സ്ചേഞ്ചില്‍ ഒരു പരാതി എഴുതി നല്‍കി. അന്ന് എസ് ഡി ഇ പറഞ്ഞത് ഇതാണ് : "നിങ്ങളുടെ വഴിയിലെ കേബിള്‍ മാറ്റണം, പുറത്ത് കൂടി കേബിള്‍ ഇടണം. അതിനായി കേബിള്‍ അനുവദിക്കാന്‍ പറഞ്ഞിട്ടുണ്ട്. അത് ചെയ്താലേ ശാശ്വത പരിഹാരം ആവൂ."

ദിവസങ്ങള്‍ക്ക് ശേഷം ബന്ധപ്പെട്ടപ്പോള്‍ "കേബിള്‍ അനുവദിക്കാന്‍ കഴിയില്ല എന്നാണ് മുകളില്‍ നിന്ന് പറഞ്ഞത്. അതുകൊണ്ട് തല്‍ക്കാലം വല്ലതും ചെയ്ത് തരാം." എന്നവര്‍ പറഞ്ഞു.

എന്നിട്ട് എന്റെ മുന്നില്‍ വെച്ച് തന്നെ ഇരിമ്പിളിയം എക്സ്ചേഞ്ചിലേക്ക് വിളിച്ച് "ഇന്ന് തന്നെ ഇവരുടെ പെയര്‍ ഒന്ന് മാറ്റി കൊടുക്കണം" എന്ന് പറഞ്ഞു.

"വേറെ പെയര്‍ ഇല്ല. ബാക്കി ഉള്ളതില്‍ ലൈന്‍ വര്‍ക്ക് ചെയ്യുന്നുണ്ട് " എന്ന് ഇരിമ്പിളിയം എക്സ്ചേഞ്ചില്‍ നിന്നും പറഞ്ഞപ്പോള്‍ "എന്നാല്‍ വേറെ ലൈന്‍ കട്ട് ചെയ്ത് ഇവര്‍ക്ക് കൊടുക്ക്. ഇത് ബ്രോഡ് ബാന്‍ഡ് ഉള്ളതാണല്ലോ. മുന്‍ഗണന നല്‍കാം." എന്നതായിരുന്നു എസ് ഡി ഇയുടെ ഉപദേശം.

മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഫോണ്‍ ശരിയായി.
പക്ഷേ അയല്‍വാസിയുടെ ഫോണ്‍ കേടു വന്നു.

പിന്നെ ഇടക്കിടെ ആ കളിയായി. എന്റെ ഫോണ്‍ ശരിയായാല്‍ ഏതെങ്കിലും അയല്‍വാസിയുടെ ഫോണ്‍ കേടാവും. അവര്‍ പരാതി നല്‍കും. അപ്പോള്‍ കണക്ഷന്‍ അവര്‍ക്ക് നല്‍കും. അപ്പോള്‍ എന്റെ ലൈന്‍ പോകും. ഞാന്‍ പരാതി നല്‍കും. അപ്പോള്‍ കണക്ഷന്‍ എനിക്ക്. അങ്ങിനെ ഒരു പെയറും വെച്ച് ഓരോ നമ്പറിനും ഏകദേശം ഒന്നൊന്നര ആഴ്ച വീതം വെച്ച് മാറ്റി കളിക്കാന്‍ തുടങ്ങി.

ഒടുവില്‍ ഈ കേബിള്‍ പെയറിനും പണി കിട്ടിയതോടെ ലൈന്‍ പൂര്‍ണ്ണമായി ഡിം.

വീണ്ടും ഞാന്‍ എക്സ്ചേഞ്ചില്‍ കയറി. അവര്‍ കൈ മലര്‍ത്തി. പിന്നെ അവര്‍ പറഞ്ഞു കോണ്‍ക്രീറ്റ് ഒക്കെ നിങ്ങള്‍ പൊട്ടിച്ച് തന്നാല്‍ ഞങ്ങള്‍ ശരിയാക്കി തരാം എന്ന്. പൊളിക്കാന്‍ ഉള്ള കൂലി ഞാന്‍ നല്‍കാം എന്നാല്‍ ആ പണി ബി എസ് എന്‍ എല്‍ പണിക്കാരെക്കൊണ്ട് ചെയ്യിക്കണം എന്ന് ഞാന്‍ പറഞ്ഞെങ്കിലും അവര്‍ അതിന് തയ്യാറായിരുന്നില്ല.

അത് ബുദ്ധിപൂര്‍വ്വം പന്ത് എന്റെ കോര്‍ട്ടിലേക്ക് തട്ടുന്ന പരിപാടി ആയിരുന്നു. ഒരു പൊതുവഴി ഞാന്‍ എന്ന വ്യക്തി കുത്തിപ്പൊളിക്കുന്നതിന് പരിമിതികള്‍ ഉണ്ട്. പിന്നെ ഞാന്‍ പൊളിച്ച് കൊടുക്കാത്തത് കൊണ്ടാണ് ലൈന്‍ ശരിയാക്കി തരാത്തത് എന്നവര്‍ക്ക് പറഞ്ഞ് നില്‍ക്കുകയും ചെയ്യാമല്ലോ.

അതോടെ എനിക്കും കലിപ്പ് വന്നു. രേഖകള്‍ ഉണ്ടാക്കാനായി വളാഞ്ചേരി എസ് ഡി ഇയെ എന്റെ ഫോണില്‍ നിന്ന് വിളിച്ചു.

"കേബിള്‍ കിട്ടിയാല്‍ ശരിയാക്കാം എന്നല്ലേ നിങ്ങള്‍ പറഞ്ഞത്, അതിനുള്ള വകുപ്പുകള്‍ നോക്കൂ" എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ "കേബിള്‍ കിട്ടിയാലും പോസ്റ്റ്‌ ഇല്ല, കെട്ടിവലിച്ച് കൊണ്ട് പോകാന്‍ കഴിയില്ല" എന്നൊക്കെ പറഞ്ഞു അവര്‍ ഊരി. കേബിള്‍ കിട്ടാത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനുള്ള ഉരുണ്ട് കളിയാണ് അതെന്നു മനസ്സിലായി. അവസാനം  "കോണ്‍ക്രീറ്റ് പൊട്ടിച്ച് തന്നാല്‍ ശരിയാക്കി തരാം. വേറെ വഴി ഒന്നും ഇല്ല." എന്ന് പറഞ്ഞു.

"എന്നാല്‍ ഇക്കാര്യം ഒന്ന് രേഖാമൂലം എനിക്ക് തരുമോ ?" എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ "തരില്ല" എന്ന് പറഞ്ഞു.

ഞാന്‍ "കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ പോകും" എന്ന് പറഞ്ഞപ്പോള്‍ "എന്നാല്‍ നിങ്ങളുടെ വഴി നോക്കിക്കോ, സഹകരണ രീതിയില്‍ ആണ് ഞാന്‍ ഇതുവരെ സംസാരിച്ചത്. കോണ്‍ക്രീറ്റ് പൊട്ടിച്ച് തന്നാല്‍ ശരിയാക്കാം" എന്നവര്‍ പറഞ്ഞു.

"എന്റെ വീട്ടില്‍ ഫോണ്‍ ലൈന്‍ കേടായി കിടക്കുമ്പോള്‍ ഞാന്‍ അത് സഹിച്ച് മിണ്ടാതിരിക്കുന്നതല്ലേ സഹകരണം എന്നത് കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത് ?" എന്ന് അവരോട് ചോദിച്ചു. ഒടുവില്‍ ഫോണ്‍ വെച്ചു. ഈ സംഭാഷണം പൂര്‍ണ്ണമായി ഞാന്‍ റെക്കോര്‍ഡ് ചെയ്തു.

പിന്നെ നിയമപരമായി എന്ത് ചെയ്യാന്‍ കഴിയും എന്നതിനെ കുറിച്ചുള്ള അന്വേഷണം ആയി. ഒടുവില്‍ സുഹൃത്തുക്കളായ സാബു കൊട്ടോട്ടിയുടേയും, അഡ്വ.നസീറിന്റേയും ഉപദേശ പ്രകാരം ആദ്യം ഒരു വിവരാവകാശ അപേക്ഷ നല്‍കാനും, അതിന്റെ മറുപടിക്ക് അനുസരിച്ച് കണ്‍സ്യൂമര്‍ കോടതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പരാതി കൊടുക്കാനും തീരുമാനിച്ചു.

അതിന്‍ പ്രകാരം താഴെ കൊടുത്ത പരാതി തയ്യാറാക്കി, മലപ്പുറം ബി എസ് എന്‍ എല്‍ ഓഫീസില്‍ കൊണ്ട് പോയി കൊടുത്തു. കൊടുത്തതിനുള്ള തെളിവിനായി പരാതിയുടെ കോപ്പിയില്‍ "റിസീവ്ഡ്" എന്ന് എഴുതിച്ച് ഒപ്പും സീലും വെച്ച് വാങ്ങി.

നല്‍കിയ പരാതി :

***

വിവരാവകാശ നിയമം 2005 6(1) 6(3) പ്രകാരം വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള അപേക്ഷ.
__________________________________________________________

From
Dr.Abdu Rahiman. P
Peringattuthodiyil House
Irimbiliyam
Valanchery - 679572

To
Public Information Officer
BSNL Office
Malappuram

sir
1990 മുതൽ ടെലിഫോണും, 2009 മുതൽ ബ്രോഡ്‌ ബാൻഡും ഉപയോഗിക്കുന്ന എന്റെ ലാന്റ്‌ ലൈൻ കണക്ഷൻ (0494 - 2620239) ഒരു വർഷത്തോളമായി ഇടക്കിടെ കേടാവുകയാണ്‌. കേടായി കഴിഞ്ഞാൽ പരാതി നൽകിയാലും നിരവധി ദിവസങ്ങൾ ലൈൻ ശരിയാക്കി തരാതെ കേടായി തന്നെ കിടക്കുന്നു. 198 ൽ ബുക്ക്‌ ചെയ്യുന്ന പരാതികൾ ഫോൺ ശരിയാക്കി തരാതെ തന്നെ ഉദ്യോഗസ്ഥർ ക്ലോസ്‌ ചെയ്യുകയും ചെയ്യുന്നു. ഏറ്റവും ഒടുവിലായി രണ്ടാഴ്ചയായി ഫോൺ തകരാറിലാണ്‌. ഇരിമ്പിളിയം, വളാഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ചുകളിൽ പല തവണ നേരിട്ട്‌ പോയി പരാതി പറഞ്ഞെങ്കിലും ഇതുവരേയും ലൈൻ ശരിയാക്കി തന്നിട്ടില്ല.

ഈ സാഹചര്യത്തിൽ ചില വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം താങ്കളിൽ നിന്നും അറിയാൻ ആഗ്രഹിക്കുന്നു.

01. മാസത്തിൽ രണ്ടും മൂന്നും തവണ ലൈൻ കേടായി ഭൂരിപക്ഷം ദിനങ്ങളിലും ഫോൺ പ്രവർത്തന രഹിതമാകുമ്പോഴും ഞാൻ കൃത്യമായി വാടക അടക്കേണ്ടതുണ്ടോ ?

02. കേടുവന്ന ഫോൺ ലൈൻശരിയാക്കി തരാതിരിക്കുകയും, ശരിയാക്കാതെ 198 ൽ റജിസ്റ്റർ ചെയ്ത പരാതി ക്ലോസ്‌ ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ ബി എസ്‌ എൻ എൽ നടപടി എടുക്കുമോ ?

03. എന്റെ ഫോൺ ലൈൻ തടസ്സമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ പ്രവർത്തന ക്ഷമമാവും എന്ന് ഞാൻ പ്രതീക്ഷിക്കണോ ? എങ്കിൽ എന്ന് ?

04.രണ്ടു ഡോക്ടർമാർ ഉള്ള വീട്ടിലേക്കുള്ള ഈ ഫോൺ ലൈൻ കേടായിക്കിടക്കുന്നതിനാൽ രോഗികൾക്ക്‌ ബന്ധപ്പെടാൻ കഴിയാതെ പോയത്‌ മൂലമുണ്ടായ അസൗകര്യങ്ങൾക്കും, മാനസിക വിഷമങ്ങൾക്കും, സാമ്പത്തിക നഷ്ടങ്ങൾക്കും ബി എസ്‌ എൻ എൽ നഷ്ടപരിഹാരം നൽകുമോ ?

05.ഫോൺ ലൈനിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉപഭോക്താവ്‌ കേബിൾ ജോയന്റുകളിൽ കുഴി കുഴിച്ച്‌ കൊടുക്കുകയോ, വഴിയിൽ പോസ്റ്റുകൾ വെച്ച്‌ കൊടുക്കുകയോ ചെയ്യേണ്ടതുണ്ടോ ?

എത്രയും നേരത്തെ ഈ അപേക്ഷക്കുള്ള മറുപടിയും പരിഹാരവും പ്രതീക്ഷിക്കുന്നു.

Thanking you
Yours faithfully
s/d

Irimbiliyam
16.11.2015

Postal Order for Rs:10/- enclosed.
Postal Order No :

***

വിവരാകാശ നിയമ പ്രകാരം 30 ദിവസമാണ് മറുപടി നല്‍കാനുള്ള കാലയളവ്. വിവരാവകാശ നിയമത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ വിക്കി ലിങ്കില്‍ ക്ലിക്കാം.

എനിക്ക്‌ നൽകാനുള്ള അവസാന തിയ്യതിക്ക്‌ ഒരാഴ്ചകൂടിയെ ബാക്കിയുള്ളൂ എന്നിരിക്കേ ഇന്നലെ  എന്നെ ഇരിമ്പിളിയം എക്സ്ചേഞ്ചിൽ നിന്ന് വിളിച്ചു.

"ഇത്‌ എക്സേഞ്ചിൽ നിന്നാ. ഒരു വണ്ടി അറേഞ്ച്‌ ചെയ്ത്‌ തരാൻ കഴിയുമോ ?"

മ്മൾ : "എന്തിനാ?"

ലവൻ : "രണ്ട്‌ പോസ്റ്റ്‌ അങ്ങോട്ട്‌ കൊണ്ടു പോകാനാണ്‌."

മ്മൾ : "മ്മൾ വീട്ടിൽ ഇല്ല."

ലവൻ : "എന്നാ പരിചയമുള്ള വണ്ടിക്കാരോട്‌ ഒന്ന് വിളിച്ച്‌ പറയുമോ ?"

മ്മൾ : "ഇല്ല. ഇങ്ങൾ തന്നെ അറേഞ്ച്‌ ചെയ്തോളൂ."

അങ്ങിനെ ഒടുവിൽ അവർ തന്നെ പോസ്റ്റും കാല്‌ കൊണ്ട്‌ വന്ന് കുഴിച്ചിട്ട്‌ അതിന്റെ നെഞ്ചിലൂടെ കോൺക്രീറ്റിന്റെ അടിയിൽ അന്ത്യശ്വാസം വലിച്ച ലൈനിനു പകരം പുതിയ ലൈൻ ഇട്ട്‌ തന്ന് മക്കളേ ഇട്ട്‌ തന്ന് !!

ഈ ലൈൻ കോൺക്രീറ്റിന്റെ അടിയിലായതിനാൽ ശരിയാക്കാൻ മാർഗ്ഗം ഒന്നും ഇല്ല എന്ന് പറഞ്ഞ അതേ കുണാണ്ടർമാർ തന്നെയാണ്‌ ഇന്ന് ഇത്‌ ശരിയാക്കാൻ വന്നത്‌ എന്ന കാര്യം പ്രത്യേകം സ്മരിക്കുന്നു.

പണി കൊടുക്കേണ്ട വിധത്തിൽ കൊടുത്താൽ കാര്യം നടക്കും. അതിനു പകരം ഉദ്യോഗസ്ഥരുടെ കാല്‌ പിടിക്കാൻ നിന്നാൽ അതിനേ നേരം ഉണ്ടാവൂ.

പ്രതികരിക്കേണ്ട ഇടങ്ങളില്‍ നിയമപരമായി നമുക്ക് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ പ്രതികരിക്കണം. അതിന് നാം കാണിക്കുന്ന മടിയാണ് ഇത്തരക്കാര്‍ക്ക് പ്രചോദനമായിമാറുന്നത്. ഇതിനെ കുറിച്ചൊന്നും ഭൂരിപക്ഷവും ബോധവാന്മാരല്ല എന്നത് ദുഃഖ സത്യമാണ്.

"കരയുന്ന കുട്ടിക്കേ പാലുള്ളൂ" എന്ന പഴഞ്ചൊല്ല് വളരെ അര്‍ത്ഥവത്താണ്. "കരഞ്ഞിട്ടും കിട്ടിയില്ലെങ്കില്‍ ചീറി പൊളിക്കണം, കിട്ടുന്നത് വരെ" എന്നുകൂടി അതിനോട് നാം ചേര്‍ക്കണം.

ഈ പോസ്റ്റ്‌ വായിച്ച് ഒരാള്‍ക്കെങ്കിലും ഇത്തരത്തില്‍ പ്രതികരിച്ച് തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ ഈ പോസ്റ്റ്‌ ഫലപ്രദമായി എന്ന് കരുതാം.

അബസ്വരം :

വിവരാവകാശം ഒരു ചെറിയ അവകാശമല്ല.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക  

39 comments:

 1. "കരയുന്ന കുട്ടിക്കേ പാലുള്ളൂ" എന്ന പഴഞ്ചൊല്ല് വളരെ അര്‍ത്ഥവത്താണ്. "കരഞ്ഞിട്ടും കിട്ടിയില്ലെങ്കില്‍ ചീറി പൊളിക്കണം, കിട്ടുന്നത് വരെ" എന്നുകൂടി അതിനോട് നാം ചേര്‍ക്കണം.

  ReplyDelete
 2. Yes, RTI is good tool against people who are paid to say No and bribed to say Yes

  ReplyDelete
 3. വെള്ളപ്പൊക്കമുണ്ടാക്കമ്പോഴും കൊടുംകാററ ടിക്കമ്പോഴുംBsnl ന്റെ സൌജന്യ സേവനം വേണം. സ്വകാര്യ മേഖലയുടെ കൊള്ളയടി നിങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു 'പതിനായിരത്തോളം കണക്ഷനുള്ള ഒരു എക്സ്ചേഞ്ചിൽ ശരാശരി 100 ഓളം തകരാറുകൾ പരിഹരിക്കവാൻ കാലതാമസമെടുകo. മറ്റെല്ലാ മേഖല പോലെ തന്നെയു പരാതികൾ ഇവിടെയും ഉണ്ടാകാം. ഏകദേശ അര ലക്ഷത്തോളം രൂപ മുടക്കിയാണ് ഒരു കണക്ഷൻ നൽക്ക ന്നത്. നിങ്ങൾ നൽകുന്ന തോ ,നാമമാത്രമായ സംഖ്യയും. എന്നിട്ടും B ടNന്നു പണി കൊടുക്കാൻ പോയാൽ നടക്കില്ല.

  ReplyDelete
  Replies
  1. മാസത്തില്‍ നാല് തവണ കേടായി കിടക്കുമ്പോഴും മുണ്ടാതിരിക്കണോ ??!!

   എക്സ്ചേഞ്ചില്‍ ഉള്ളവരുടെ കാലു പിടിക്കണോ ??

   പരാതി ചെല്ലേണ്ട കോലത്തില്‍ ചെന്നപ്പോള്‍ എങ്ങിനെയാണു ശരിയാക്കിയത് ? ഇത് അവര്‍ക്ക് മുന്നേ ചെയ്തുകൂടേ ????

   Delete
  2. സുഹൃത്തേ, BSNL ന്റെ രൂപീകരണം ഒരർത്ഥത്തിൽ സ്വകാര്യ മേഖലക്ക് ഇതിന്റെ നിയന്ത്രണം കൈമാറുക എന്ന ഉദ്ദേശത്തോടെയായ് ന്നു 'അതിന്റെ ഭാഗമായി കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി അത്യാവശ്യത്തിനു പോലും ജീവനക്കാരെ നിയമിക്കുന്നില്ല. ഇപ്പോൾ ലൈനിൻ ടെ തകരാറുകൾ പരിഹരിക്കുന്നത് കാഷ്യൽ കോൺട്രാക്ട് ലേബൽ എന്ന പേരു നൽകി തുഛമായ ദിവസക്കൂലിക്ക ജോലി ചെയ്യുന്നവരാണ്. ഒാഫീസിനകത്തും ഇത്തരത്തിൽ വേതനം പറ്റി ജോലി ചെയ്യന്നവരുണ്ട്. വർഷങ്ങളായി ജോലി ചെയ്യുന്ന സഹോദരന്മാരെയും സഹോദരിമാരേയും ഒരു എക്സ്ചേഞ്ചിൽ പോയാൽ നിങ്ങൾക്ക കാണാം. ലൈൻ നന്നാക്കാന് ആവശ്യമായ കേബിളുകൾ, വയറുകൾ എന്നിവ യഥാസമയം ലഭിക്കന്നില്ല. മോഡം മാറ്റി നൽകാൻ സാധിക്കന്നില്ല തകരാറിലായ ഫോൺ മാറ്റി നൽകാൻ സാധിക്കുന്നില്ല'സാധാരണ ഒരു ഡിവിഷനന്റ ഇൻജിനിയർക്ക് കൂടി പരിഹരിക്കുവാൻ പറ്റുന്നതല്ലBsnL ന്റെ ഇന്നത്തെ അവസ്ഥ.ഈ കഴിഞ്ഞ 15 വർഷം കൊണ്ട് BSNL എങ്ങിനെ ഈ അവസ്ഥയിൽ എത്തി എന്ന പരിശോധിക്കുമ്പോൾ, ഇന്ത്യയിലെ പുത്തൻ സാമ്പത്തിക നയത്തെ കുറിച്ചും വിദേശ മൂലധന പ്രവാഹത്തിൻ ടെ ദുരന്തങ്ങളും ഓർക്കുമല്ലോ?

   Delete
  3. സുഹൃത്തേ, ജീവനക്കാരെ നിയമിക്കുന്നതും നിയമിക്കാത്തതും ഉപഭോക്താവിന്റെ വിഷയം അല്ല. ഉപഭോക്താവ് പറഞ്ഞത് കൊണ്ടല്ലല്ലോ ആളെ നിയമിക്കാത്തത് ??

   കൃത്യമായി മാസാമാസം വാടക നല്‍കുമ്പോള്‍ അതിനുള്ള സേവനം നല്‍കാന്‍ ഉള്ള ഉത്തരവാദിത്വവും ബി എസ് എന്‍ എലിന് ഉണ്ട്. അതില്‍ നിന്നും ഒളിച്ചോടിയിട്ടു കാര്യം ഇല്ല.

   ലൈനുകളും കേബിളുകളും ലഭിക്കുന്നില്ല എങ്കില്‍ മാസാമാസം വാടക കൊടുക്കുന്ന ഉപഭോക്താവാണോ അതിന്റെ ഉത്തരവാദി ??

   ഫോണ്‍ ഉപഭോക്താവിന്റെ വശത്ത് നിന്ന് ചിന്തിച്ച് നോക്കുക !! എത്ര പ്രധാനപ്പെട്ട കാളുകള്‍ നഷ്ടമാവും ??

   ഈ സാമ്പത്തിക നയവും ഒക്കെ നില നില്‍ക്കുമ്പോള്‍ തന്നെ എങ്ങിനെ ഒരു വിവരാവകാശ പരാതി നല്‍കിയപ്പോഴേക്കും കേബിളും ലൈനും എല്ലാം റെഡിയായി ?? വേണം എങ്കില്‍ ഇതെല്ലാം നടത്താനുള്ള വകുപ്പും ആളും ഉണ്ട് എന്നത് കൊണ്ട് തന്നെ അല്ലേ ??

   Delete
  4. BSNL ൽ ആവശ്യത്തിനു ജീവനക്കാർ ഇല്ല എന്നത് ഏതോ യുണിയൻ നേതാവിന്റെ വരട്ടു വാദമാണ്. ഉള്ളവർ പണിയെടുക്കുന്നില്ല എന്നതാണ് സത്യം. ഫോണ്‍ പ്രവര്തിയ്ക്കാത്ത്തത് മൂലം ഓരോ വർഷവും ലക്ഷക്കണക്കിന്‌ പേരാണ് BSNL വിട്ടു പോകുന്നത്. ഇപ്പോഴും ഒരു ചെന്നൈ പറഞ്ഞിരുന്നിട്ട് കാര്യമില്ല

   സ്ഥിരം ജീവനക്കാർ പണിയെടുക്കാത്തത് കൊണ്ടാണ് താല്ക്കാലിക ജീവനക്കാരെ വയ്ക്കേണ്ടി വരുന്നത്.

   Delete
  5. ബാലകൃഷ്ണൻ സാറെ, നാണമില്ലേ താങ്കൾക്ക് ഇങ്ങനത്തെ എക്സ്ക്യൂസുകൾ പറയാൻ?

   Delete
  6. നാണം എന്നത് ഞാനറിയും,
   മഞ്ഞള് പോലെ വെളുത്തിരിക്കും ;)

   അതാ ബാലകൃഷ്ണന്‍ സാറിന്റെ അവസ്ഥ...

   Delete
  7. വരിക്കാർ കൂടുന്നതിനനുസരിച്ച് കമ്പനി ലാഭകരമാവുകയല്ലെ വേണ്ടത്?

   Delete
  8. saudi arabiyil Unlimited Flat 10 mbps(ഒരു ജി.ബി കഴിഞ്ഞാൽ നേരെ അര എം.ബി സ്പീഡിലേക്ക് കുറയില്ല) കണക്ഷന് 150 റിയാൽ ചാർജ്ജ് ചെയ്യുന്നുള്ളൂ. ലാൻഡ് ഫോൺ കാളാണെങ്കിൽ ഫുൾ ഫ്രീ. ഇതൊക്കെ നോക്കുമ്പോൾ ബി.എസ്.എൻ.എൽ കൊള്ളലാഭമാണ് ഉണ്ടാക്കുന്നത്.

   Delete
  9. 200 mb സ്പീഡുള്ള ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ അൺലിമിറ്റഡിനു 750 റിയാൽ മാത്രമെ സൗദിയിൽ ഈടാക്കുന്നുള്ളൂ. ഇവിടെ 100 എം.ബി സ്പീഡ് 200 ജിബി വരെ (അതു കഴിഞ്ഞാൽ 2 mb സ്പീഡ്) ഉള്ള ഒപ്റ്റിക്കൽ കണക്ഷനു ഈടാക്കുന്നത് പതിനേഴായിരം രൂപയോളം. എത്ര അന്തരം

   Delete
  10. ബഹുമാനപ്പെട്ട ബാലകൃഷ്ണന്‍ സര്‍ .... ഞങ്ങള്‍ ഫ്രീ ആയി അല്ല ബി എസ് എന്‍ എല്‍ ഉപയോഗിക്കുന്നത് ... അതിന്റെ വാടക കൊടുത്തിട്ട് തന്നെ ആണ് ... മാസ വാടക പറയുന്നത് ഒരു മുറുമുറുപ്പും കൂടാതെ എണ്ണി കൊടുക്കുന്നും ഉണ്ട് ... സേവനം തരാന്‍ ആണ് അവിടെ ജീവനക്കാര്‍.. അല്ലാതെ മുട്ടാപ്പോക്ക് ന്യായം പറയാന്‍ അല്ല.. ബി എസ എന്‍ എല്‍ ഇന്റെ കഴിവ് കേടു സ്ഥിരം അനുഭവിക്കുന്ന ഒരു വ്യക്തി ആണ് ഞാന്‍ ... ഞാന്‍ വിദേശത്ത് ആണ് എങ്കിലും എന്റെ മാതാ പിതാക്കള്‍ ഞങ്ങളും ആയി സ്ഥിരം ആയി ബന്ധപ്പെടുവാന്‍ ബി എസ എന്‍ എല്‍ ബ്രോഡ്‌ ബാന്‍ഡ് ആണ് ഉപയോഗിക്കുന്നത് ആഴചയില്‍ ഒരു മൂന്നു ദിവസം എങ്കിലും അത് മുടക്കം ആയിരിക്കും... കിട്ടിയാല്‍ കിട്ടി.. അത്ര തന്നെ... അണ്ടര്‍ ഗ്രൌണ്ട് കേബിള്‍ ആയതു കൊണ്ട് വെള്ളം കയറി പ്രശ്നം ആവുന്നത് ആണ് എന്നാണു അവരുടെ വാദം ...

   Delete
  11. ഉപഭോകതാവിന്റെ ബുദ്ധിമുട്ട് ഒന്നും ഇവര്‍ക്ക് അറിയേണ്ടല്ലോ !!

   മ്മള്‍ കൊടുക്കുന്ന കാശിനും ഒരു മൂല്യവും ഇല്ല !!

   Delete
  12. I also asked some questions through RTI. Some days after the last date I enqired through E-mail and got the reply that The reply had send to me in time. But I have not got it. Now I am going to take further steps.

   Delete
 4. Nidhinsr SantharajuThursday, December 10, 2015

  Bsnl can perform better than other service provider but still they don't do their duty. Its all because of mismanagement in bsnl.

  ReplyDelete
 5. അബ്സാര്‍ ഇക്കാ . . . ഞമ്മക്കും ഇതുപോലെത്തന്നെ BSNL നെ പറ്റി നല്ല അഭിപ്രായം ഉണ്ട് , ഒരിക്കല്‍ ഞമ്മളെ വീട്ടിലെ BSNL landline Damage ആയി , അവിടെ ചെന്ന്‍ അന്വേഷിച്ചപ്പൊ ആദ്യം repair ചെയ്തു തരാം എന്ന്‍ പറഞ്ഞ് Phone അവിടെ വാങ്ങി വെച്ചു പിന്നെ കുറേ ദിവസം കേറിയിറങ്ങിയപ്പൊ , അവര്‍ മറ്റൊരു Phone തന്നു , അത് കാര്യക്ഷമമായി പണിയെടുത്തില്ല എന്ന്‍ മാത്രമല്ല , വീണ്ടും അവിടം കേറിയിറങ്ങാനുള്ള പണി തന്നു . ഒടുവില്‍ ഞമ്മള്‍ connection കട്ട്‌ ചെയ്യാനുറപ്പിച്ചു . അങ്ങനെ അവരെ സമീപിച്ചു , അവര്‍ cut ചെയ്തു തന്നു , അവര്‍ക്കും സന്തോഷം . . . നമുക്കും സന്തോഷം . . .

  ഈ പോസ്റ്റ്‌ വായിച്ചപ്പൊ ഇങ്ങനെ വിവരാവകാശത്തിന്‍റെ വഴിക്ക് പോയി അവര്‍ക്കിട്ട് പണിയാമായിരുന്നു എന്ന് തോന്നിപ്പോയി . . .

  ReplyDelete
  Replies
  1. പണിയണമായിരുന്നു....

   Delete
  2. അങ്ങനെ വിചാരിച്ചാലും , ആദ്യം പോയി connection എടുക്കണ്ടേ . അതിനും വേണ്ടിവരും ഇപ്പറഞ്ഞ വിവരാവകാശം ;)

   Delete
  3. കട്ട് ചെയ്യുന്നതിന് മുന്‍പ് ആണെങ്കില്‍ എളുപ്പമായിരുന്നു...

   Delete
 6. സമാനരീതിയിലുള്ള ഒരു അനുഭവം ഈയുള്ളവനും ഉണ്ടായി.ആറുമാസത്തോളം ഫോൺ കേബിൾ കട്ടായിക്കിടന്നു. ബ്രോഡ്ബാൻഡ് കണക്ഷൻ ഡിസ്കണക്ട് ചെയ്യേണ്ടി വന്നു. അവസാനം സുതാര്യകേരളത്തിൽ പരാതി കൊടുത്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കേബിൾ ഇട്ടുതന്ന് ശരിയാക്കി.

  ReplyDelete
  Replies
  1. നമ്മള്‍ ഇതുപോലെ പ്രതികരിക്കാന്‍ തുടങ്ങണം...

   നമ്മള്‍ ഉദ്യോഗസ്ഥരുടെ വാക്കുകള്‍ അതുപോലെ വിഴുങ്ങുന്ന കഴുതകളാവരുത്.

   Delete
 7. BSNL ലെ പരാതിപരിഹാരതിന്നു ഇത്‌ തന്നെയെ മാർഗ്ഗമുള്ളൂ. (Y) (Y)

  National grevience cell is also another alternative .

  ReplyDelete
 8. എന്‍റെ അടുത്ത വീട്ടുകാര്‍ ലാന്‍ഡ്‌ ഫോണ്‍ കട്ട് ചെയ്ത വിവരം ഞങ്ങളുടെ ലൈന്മാന്‍ ഏറെ സന്തോഷത്തോടെ എന്നെ അറിയിച്ചു. നമുക്ക് ഒരു പെയര്‍ കൂടി ഫ്രീ ആയി കിട്ടി എന്ന്. അതിന് അദ്ദേഹത്തത്തോട് നന്ദിയും പറഞ്ഞു

  ReplyDelete
  Replies
  1. ഹഹഹ.... അവന്റെ ഒക്കെ തലമണ്ടക്ക് ഫോണ്‍ എടുത്ത് സ്പോട്ടില്‍ അടിക്കണം :)

   Delete
 9. ഇതേ സംഭവം തന്നെ എനിക്കും .കൊണ്ഗ്രീടു കീറൽ കീരാമുറ്റിയായപ്പോൾ അവർ 70 മീറ്റർ നീളത്തിൽ പുറത്തുകൂടി കേബിൾ ഇട്ടു തന്നു. മൂന്ന് മാസം അങ്ങിനെ ഓടി .പിന്നെ ഏതോ ഒരു തസ്കരാൻ കേബിൾ മുറിചോണ്ട് കടന്നു കളഞ്ഞു . അഞ്ചു മാസമായി ബ്സ്ന്ൽ സേവനം അങ്ങാടിക്ക്പുറത്തു പോയി പറഞ്ഞും വിളിച്ചു പറഞ്ഞും അവരുടെ പിന്നാലെ. സ്വൈര്യം കൊടുത്തില്ല ,ഇതിനിടെ ബില്ലുകൾ കൃത്യമായി വരികയും ചെയ്തു. സേവനം പൂര്ണമായി ഉപേക്ഷിക്കാൻ തയ്യാറാല്ലത്തിനാൽ ശരിയാക്കും എന്നാ പ്രീതീക്ഷ. ഒദുവിൽ വീണ്ടും എവിടുന്നോക്കോ തപ്പി പിടിച്ചു കേബിൾ കൊണ്ടിട്ടു ശരിയാക്കിതന്നു .. അടയ്ക്കേണ്ട ബില്ലിനെ പറ്റി ചോദിച്ചപ്പോൾ ഒരൽപം ആശ്വാസം . അന്ജുമാസ്സത്തിലെ ബില്ലിൽ ഒരു മാസമോഴിച്ചു ബാക്കി അടയ്ക്കണ്ട എന്നാ ബീ എസ്സെന്നെലിന്റെ ദയാ ദാക്ഷിണ്യം നമ്മക്ക് അങ്ങ് പെരുത്ത്‌ പിടിച്ചു ...

  ReplyDelete
 10. ഇതേ സംഭവം തന്നെ എനിക്കും .കൊണ്ഗ്രീടു കീറൽ കീരാമുറ്റിയായപ്പോൾ അവർ 70 മീറ്റർ നീളത്തിൽ പുറത്തുകൂടി കേബിൾ ഇട്ടു തന്നു. മൂന്ന് മാസം അങ്ങിനെ ഓടി .പിന്നെ ഏതോ ഒരു തസ്കരാൻ കേബിൾ മുറിചോണ്ട് കടന്നു കളഞ്ഞു . അഞ്ചു മാസമായി ബ്സ്ന്ൽ സേവനം അങ്ങാടിക്ക്പുറത്തു പോയി പറഞ്ഞും വിളിച്ചു പറഞ്ഞും അവരുടെ പിന്നാലെ. സ്വൈര്യം കൊടുത്തില്ല ,ഇതിനിടെ ബില്ലുകൾ കൃത്യമായി വരികയും ചെയ്തു. സേവനം പൂര്ണമായി ഉപേക്ഷിക്കാൻ തയ്യാറാല്ലത്തിനാൽ ശരിയാക്കും എന്നാ പ്രീതീക്ഷ. ഒദുവിൽ വീണ്ടും എവിടുന്നോക്കോ തപ്പി പിടിച്ചു കേബിൾ കൊണ്ടിട്ടു ശരിയാക്കിതന്നു .. അടയ്ക്കേണ്ട ബില്ലിനെ പറ്റി ചോദിച്ചപ്പോൾ ഒരൽപം ആശ്വാസം . അന്ജുമാസ്സത്തിലെ ബില്ലിൽ ഒരു മാസമോഴിച്ചു ബാക്കി അടയ്ക്കണ്ട എന്നാ ബീ എസ്സെന്നെലിന്റെ ദയാ ദാക്ഷിണ്യം നമ്മക്ക് അങ്ങ് പെരുത്ത്‌ പിടിച്ചു ...

  ReplyDelete
 11. ഒബാമേടെ മൂത്താപ്പ ആയിരിക്കും... ഒരു അപ്രുവൽ.... ഹോ.

  ReplyDelete
 12. ഡോക്ടറുടെ പോസ്റ്റ് നന്നായി.എന്നാലും ഞാനടക്കമുളള കഴുതകൾ സഹിക്കുന്നു.പിന്നെങ്ങിനെ നാടു നന്നാവും. ഇതു പോലെ അനുഭവമുളളവർ എല്ലാവരും കൂടി സംഘടിച്ചാൽ എങ്ങിനെയുണ്ടാവും. ഒരാൾ ഒറ്റക്ക് കരയുന്നതിനേക്കാൾ നന്നാവില്ലെ ഒരു കൂട്ട നില വിളി!.അതിനെ പറ്റി ഒന്നു ആലോചിച്ചാലോ? നിയമം അതേ പറ്റി വല്ലതും പറയുന്നോ ആവോ?

  ReplyDelete
 13. തീർച്ചയായും നല്ല ആശയമാണ്‌ ഇക്കാ... ആ വഴിക്ക്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  ReplyDelete
 14. അബ്ദു റഹ്മാൻ സാർ യു ആർ റൈറ്റ്
  ആ പരാതിയുടെ മറുപടി ലിഭിച്ചോ
  അറിയാൻ താല്പര്യം

  ReplyDelete
  Replies
  1. അതിനുള്ള മറുപടി ഇതുവരെ കിട്ടിയില്ല. ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ പോസ്റ്റലില്‍ അയച്ചിട്ടുണ്ട് എന്നും, പോസ്റ്റല്‍ മിസ്സിംഗ് വന്നതാവാം എന്നും പറഞ്ഞു. നേരിട്ട് ചെന്നാല്‍ കോപ്പി തരാം എന്ന് പറഞ്ഞു. കാര്യം നടന്നത് കൊണ്ട് പിന്നെ കോപ്പി വാങ്ങാന്‍ പോയില്ല. ;)

   Delete
 15. ഒരുപാട് കഷ്ട്ടപ്പാടായപ്പോൾ ഞാൻ ലാൻഫോൺ ഉപേഷിച്ചായിരുന്നു. ഉപകാരപ്രഥമായ പോസ്റ്റ് നന്ദി അബ്സർ ഇക്ക

  ReplyDelete
 16. ഞാനൊക്കെ 2006 ൽ തന്നെ ലാൻറ് ഫോൺ കട്ട് ചൈത് ആ സൽകർമം ചെയതത് കൊണ്ട് ദുരിതം അനു ഭവിക്കേണ്ടി വന്നിട്ടില്ല. .മറ്റൊന്ന് ഈ കേബിൾ കട്ടാവുന്നത് ഇടിമിന്നലും മറ്റു പ്രശ്നങ്ങളും കൊണ്ടാണ് കാരണം ഇത് കോപ്പർ കേബിളുകളാണ് ആദ്യം ഉള്ളത് ഇതിന് പരി ഹാരമായി ഇവർക്ക് 5 കൊല്ലം മുമ്പ് തന്നെ ഗവർമൻറ് നിർദേശം ഉണ്ടായിരുന്നു എന്നാണ് എന്റെ അറിവ് അത് ഇവര് (BSNL). അത് ഒപ്ടിക്കൽ കേബിളിലേക്ക് മാറണം എന്നാണത് പക്ഷെ അത് ഇവർ പാലിച്ചതയി കാണുന്നില്ല.

  ReplyDelete
 17. Government want to sell BSNL to Reliance as it is the hidden agenda. Now JIO is forcefully taking BSNL towers for their service provision. Still BSNL not allowed to start 4G service as GOVT. is not ready to give spectrum to BSNL. Binding legs of a Public Sector company and asking to run in the competition.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....