Friday, September 25, 2015

ലോകാവസാനം ?


ലോകാവസാനം. എന്നും ലോകത്തില്‍ വിവാദമായിട്ടുള്ള വിഷയം.

പലരും പല തവണലോകാവസാന ദിനം പ്രവചിച്ചു. പക്ഷെ ആ ദിനങ്ങള്‍ ഒക്കെ കഴിഞ്ഞു പോയി. എന്നിട്ടും ലോകം അവസാനിച്ചിട്ടില്ല. അങ്ങിനെ ലോകം അവസാനിക്കുമെന്ന് ചിലര്‍ പറഞ്ഞു നടക്കുന്ന ദിവസം കൂടി അടുത്തെത്തിയിരിക്കുന്നു. അതെ, ഈ വരുന്ന സെപ്തംബര്‍ 28 ന് ലോകം അവസാനിക്കും എന്ന പ്രവചനവുമായി പലരും ഇറങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ അതിനു അനുകൂലമായും പ്രതികൂലമായും ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നു.

ലോകത്തിനു ഒരു അവസാനം ഉണ്ടോ ? എങ്കില്‍ എന്നാണ് അത് ? ആ ദിനത്തെ കൃത്യമായി പ്രവചിക്കാന്‍ കഴിയുമോ ? - തുടങ്ങിയ ചോദ്യങ്ങള്‍ എല്ലാ കാലത്തും ഹോട്ട് ലിസ്റ്റില്‍ സ്ഥാനം പിടിച്ചവയാണ്.

ഈ സാഹചര്യത്തില്‍ ലോകാവസാനവുമായി ബന്ധപ്പെട്ട ഇസ്ലാമിക വീക്ഷണത്തിലൂടെ ഒന്ന് സഞ്ചരിക്കാന്‍ ശ്രമിക്കുകയാണ് ഈ പോസ്റ്റിലൂടെ.

എല്ലാം ഏറ്റവും കൃത്യമായി അറിയുന്നത് സര്‍വ്വശക്തനായ അല്ലാഹുവിന് മാത്രമാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെ വിഷയത്തിലേക്ക് കടക്കാം.

ലോകാവസാനത്തിന്റെ കൃത്യമായ തിയ്യതിയോ വര്‍ഷമോ വിശുദ്ധ ഖുര്‍ആനിലോ, പ്രവാചക വചനങ്ങളിലോ കാണാന്‍ സാധിക്കില്ല. എന്നാല്‍ ലോകാവസാനം നടക്കുന്നത് മുന്നോടിയായി ഭൂമിയില്‍ ഉണ്ടാവുന്ന അടയാളങ്ങളെക്കുറിച്ച് പല സൂചനകളും വിശുദ്ധ ഖുര്‍ആനും, പ്രവാചക വചനങ്ങളും നമുക്ക് നല്‍കുന്നു.

ലോകാവസാനത്തിന്റെ ലക്ഷണമായി പ്രവാചകന്‍ പറഞ്ഞ പല കാര്യങ്ങളും ഇന്ന് സംഭവിച്ചു കഴിഞ്ഞു. അവയിലൂടെ ആദ്യം ഒന്ന് എത്തി നോക്കാം.

അന്ത്യ പ്രവാചകന്റെ നിയോഗം, മരണം എന്നിവ ലോകാവസാനത്തിന്റെ ലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. മുഹമ്മദ്‌ നബി (സ)യുടെ ജീവതത്തിലൂടേയും, മരണത്തിലൂടേയും ഇവ സംഭവിച്ചു കഴിഞ്ഞതാണ് എന്ന് ഏവര്‍ക്കും അറിയാമല്ലോ.

ആളുകള്‍ ആകസ്മികമായി മരിക്കുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പ്രവാചകന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ന് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടോ ?

അതുപോലെ കുഴപ്പങ്ങളും, യുദ്ധങ്ങളും, പോരാട്ടങ്ങളും വ്യാപിക്കുന്നതും
ലോകാവസാനത്തിന്റെ ലക്ഷണമാണ്. നബി(സ) പറഞ്ഞു : "എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. ഈ ലോകം അവസാനിക്കുകയില്ല ഒരു നാള്‍ വരുന്നത് വരെ. അന്ന് കൊല്ലുന്നവന് താന്‍ എന്തിനാണ് കൊല്ലുന്നതെന്നോ കൊല്ലപ്പെട്ടവന്‍ എന്തിനാണ് കൊല്ലപ്പെട്ടതെന്നോ അറിയുകയില്ല."

ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിലൂടെയാണല്ലോ നാം പോയിക്കൊണ്ടിരിക്കുന്നത്.

നബി(സ) പറഞ്ഞു : "പാദരക്ഷയും ഉടുതുണിയും ഇല്ലാത്ത ആശ്രിതരും ആടുമേക്കുന്നവരുമായ ആളുകള്‍ കെട്ടിടങ്ങളുടെ ഉയര്‍ച്ചയില്‍ പെരുമ നടിക്കുന്നത് നിനക്ക് കാണാം."


"ആടിനെ മേച്ച്‌ നഗ്നപാദരായി വിശപ്പും പേറി ആശ്രിതരായി നടന്നിരുന്നവര്‍ ആരാണ് ?" എന്ന ചോദ്യത്തിന് "അറബികള്‍" എന്നാണ് പ്രവാചകന്‍ മറുപടി പറഞ്ഞത്.

അനേകം നിലകളുള്ള ഫ്ലാറ്റുകളും ടവറുകളും ലോകത്ത് എല്ലാ രാജ്യങ്ങളിലും ഇന്ന് കാണുന്നെങ്കിലും കെട്ടിടങ്ങളുടെ ഉയര്‍ച്ചയില്‍ പെരുമ നടിക്കുന്ന സ്വഭാവം അറബികള്‍ക്കിടയില്‍ വ്യാപകമാണ്.

വസ്ത്രധാരണവുമായി ബന്ധപ്പെടുത്തിയും  ചില കാര്യങ്ങള്‍ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. നബി പറഞ്ഞു : "ചില സ്ത്രീകള്‍ അവര്‍ വസ്ത്രം ധരിച്ചവരും നഗ്നരുമാണ്. ചാഞ്ഞും ചെരിഞ്ഞും നടക്കുന്നവരുമാണ്. അവരുടെ ശിരസ്സുകള്‍ ഒട്ടകങ്ങളുടെ പൂഞ്ഞ പോലിരിക്കും. അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്‍റെ വാസന പോലും അവര്‍ അനുഭവിക്കുകയില്ല."

"ജനങ്ങള്‍ക്ക് ഒരു കാലം വരും അന്ന് മനുഷ്യര്‍ താന്‍ സമ്പാദിക്കുന്ന ധനം അനുവദനീയമായതില്‍ നിന്നാണോ നിഷിദ്ധമായതില്‍ നിന്നാണോ എന്ന കാര്യം വിലവെക്കുകയില്ല." എന്ന പ്രവാചക വചനം  വര്‍ത്തമാനത്തില്‍  യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണല്ലോ.


"അന്ത്യദിനം സംഭവിക്കുകയില്ല, ജനങ്ങള്‍ പള്ളികള്‍ കൊണ്ട് പ്രൌഢി നടിക്കുന്നത് വരെ." - എന്നതും പ്രവാചക വചനം തന്നെ. ജൂതക്രൈസ്തവര്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ അലങ്കരിക്കുന്നത് പോലെ മുസ്‌ലിം പള്ളികളും അലങ്കരിക്കപ്പെടും എന്നാണ് ഇബ്നു അബ്ബാസ് ഇതിന് വിശദീകരണമായി പറഞ്ഞിട്ടുള്ളത്. ഇന്നുകളില്‍ പള്ളികള്‍ മോഡി കൂട്ടുന്ന കാഴ്ച കാണാത്തവരായി വല്ലവരും ഉണ്ടോ ?


"അന്ത്യദിനം സംഭവിക്കുകയില്ല,  ജനങ്ങള്‍ വീടുകള്‍ നിര്‍മ്മിക്കുകയും അലങ്കാര വസ്ത്രങ്ങള്‍ അലങ്കരിക്കുന്നത് പോലെ അലങ്കരിക്കുകയും ചെയ്യുന്നത് വരെ",   "അന്ത്യദിനത്തിന്‍റെ മുന്നോടിയാണ് പേനയുടെ പ്രകടനം. ഗ്രന്ഥങ്ങളുടെ വ്യാപനം." - തുടങ്ങിയ ഹദീസുകളും ഇന്നുകളില്‍ പ്രസക്തമാണ്. വീടുകള്‍ അലങ്കരിക്കാന്‍ എത്ര ധൂര്‍ത്ത് നടത്താനും തയ്യാറായ ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ ഗ്രന്ഥങ്ങളുടെ വ്യാപനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടോ ?

നബി(സ) പറഞ്ഞു : "അന്ത്യദിനം സംഭവിക്കുകയില്ല കാലം അടുത്ത് വരുന്നത് വരെ. അപ്പോള്‍ ഒരു വര്‍ഷം ഒരു മാസം പോലെയാകും.  ഒരു മാസം ഒരു ആഴ്ച പോലെയാകും. ഒരു ആഴ്ച ഒരു ദിവസം പോലെയാകും ഒരു ദിവസം ഒരു മണിക്കൂര്‍ പോലെയാകും. ഒരു മണിക്കൂര്‍ ഒരു തീജ്ജ്വാല പോലെയുമാകും."

പലപ്പോഴും സമയത്തിന്റെ വേഗത ഇന്നുകളില്‍ നമ്മെ അത്ഭുതപ്പെടുത്തുന്നില്ലേ ?

മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍  നടന്നു കഴിഞ്ഞതോ, നടന്നുകൊണ്ടിരിക്കുന്നതോ ആണ് എന്നതില്‍ വല്ലവര്‍ക്കും സംശയം ഉണ്ടോ ?


ലോകം അവസാനിക്കുന്നതിന്റെ തൊട്ടു മുൻപ് ലോകത്ത് നടക്കാന്‍ പോകുന്നതായി ആയിരത്തി നാന്നൂറോളം വര്‍ഷങ്ങള്‍ക്ക് മുൻപ് അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) പ്രവചിച്ചതും, ഇനി സംഭവിക്കാന്‍ ബാക്കി നില്‍ക്കുന്നതുമായ  ചില സംഭവങ്ങള്‍ അഥവാ അടയാളങ്ങള്‍ താഴെ കൊടുക്കുന്നു.

1. ഇമാം മഹ്ദി വരും.
2. ദജ്ജാല്‍ പുറപ്പെടും.
3. ഈസ നബി (അ)  ഇറങ്ങിവരും.
4. യഅജൂജ് മഅജൂജ് പുറത്തുവരും.
5. സൂര്യന്‍ പടിഞ്ഞാറ് നിന്നും ഉദിക്കും.
6. ദാബത്തുല്‍ അര്‍ള് എന്ന മൃഗം വരും.
7. കഅബ പൊളിക്കപ്പെടും.

1. ഇമാം മഹ്ദി വരും :

ഒരിക്കല്‍ നബി (സ) തന്റെ സ്വഹാബികളോട് പറഞ്ഞു : "അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ ഇവിടെയുള്ള സ്വേച്ഛാധിപതികളുടെ രാജവാഴ്ച അവസാനിക്കും. ഇനി ഒരു വരവേ ഉള്ളൂ, അതു ഇമാം മഹ്ദിയുടെ വരവാണ്. ശാമിന് മേല്‍ ഉപരോധം ഉണ്ടാകും. കുടി വെള്ളത്തിന്‌ വേണ്ടി മനുഷ്യര്‍ ബുദ്ധിമുട്ടുന്ന ഒരു കാലത്താണ് ഇമാം മഹ്ദി വരുന്നത്. കുരെസ്സ (തുര്‍ക്കിയുടെ ഒരു പ്രാന്തപ്രദേശം) എന്ന സ്ഥലത്ത് നിന്നും കറുത്ത തലപ്പാവ് ധരിച്ച ഒരു സംഘം ആളുകള്‍ മക്കയില്‍ വന്നിട്ടുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞാല്‍ മുട്ടില്‍ ഇഴഞ്ഞിട്ടാണെങ്കിലും അവരെ പോയി മുസാഫാത് ചെയ്യുക. കാരണം ആ കൂട്ടത്തില്‍ ഇമാം മഹ്ദി ഉണ്ടായിരിക്കും."

നബി പറഞ്ഞിരുന്നു : "മക്കയില്‍ ഒരാള്‍ വരും. അവന്‍ മഹ്ദി ആണെന്ന് പറയും. അവന്‍ കൊല ചെയ്യപ്പെടും അവനെ ആരും വിശ്വസിക്കില്ല."

1979ല്‍ മുഹമ്മദ്‌ അബ്ദുള്ള കഹ്താനി എന്ന ആള്‍ ഇമാം മഹ്ദിയാണെന്ന് അവകാശപ്പെട്ട് വന്നു. അയാള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റ്‌ മരിച്ചു. ഇത് ലോകം കണ്ട വാര്‍ത്തയാണ്.

ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുന്‍പ് ഈ ലോകത്ത് ഒരു അടയാളം ഉണ്ടാകും.

അല്ലാഹു ഈ ലോകം സൃഷ്ടിച്ചത് മുതല്‍ ഇത് വരെ ആ അടയാളം ഉണ്ടായിട്ടില്ല.
ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുന്‍പുള്ള റമളാന്‍ മാസത്തില്‍ ആദ്യ ദിവസം ചന്ദ്രഗ്രഹണം ഉണ്ടാകും റമളാന്‍ പകുതിയാകുമ്പോള്‍ സൂര്യഗ്രഹണവും ഉണ്ടാകും.

1400 വര്‍ഷം മുന്‍പ്‍ നബി (സ) പറഞ്ഞു : "ഇമാം മഹ്ദിയെ കാണാന്‍ ഇരുനിറമാണ്, സുറുമ ഇട്ട പോലുള്ള കണ്ണുകള്‍ ഉള്ള, തിളങ്ങുന്ന പല്ലുകള്‍ ഉള്ള, വലുപ്പത്തില്‍ നീണ്ട പുരികങ്ങള്‍ ഉള്ള, വിശാലമായ നെറ്റി തടമുള്ള, 40 നു അടുത്ത് തോന്നിക്കുന്ന പ്രായം ഉള്ള ഒരു സാധാരണ മനുഷ്യനെ അബുദാരുകള്‍ കണ്ടെത്തുമെന്ന് നബി തങ്ങള്‍ പറഞ്ഞു. മഹ്ദിയുടെ പേര് മുഹമ്മദ്‌ എന്നായിരിക്കും. പിതാവിന്റെ പേര് അബ്ദുള്ള എന്നും ആയിരിക്കും. നബിയുടെ മകള്‍ ഫാത്തിമ (റ) യുടെ മകന്‍ ഹസ്സന്‍ (റ)യുടെ പരമ്പരയില്‍ പെട്ട ഒരു സാധാരണ മനുഷ്യന്‍."

ഇസ്ലാമിക സമൂഹം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയത്ത് കഅബയിലേക്ക് 12 രാജ്യങ്ങളില്‍ നിന്നുള്ള അബുദാറുകള്‍ ഹജ്ജിനു വരും. അബുദാറുകള്‍ ഇമാം മഹ്ദിയെ കണ്ടെത്താന്‍ ശ്രമിക്കും. അവസാനം കഅബാലയതിന്റെ വാതിലിന്റേയും മഖാമു ഇബ്രാഹിമിന്റേയും നടുവില്‍ കിബലയിലേക്ക് നെഞ്ച് ചേര്‍ത്ത് വെച്ച് കരയുന്ന 40 വയസ്സ് തോന്നിപ്പിക്കുന്ന ഒരാളിനെ കാണുമ്പോള്‍ അബുദാറുകള്‍ പറയും ഇതാണ് ഇമാം മഹ്ദി. അപ്പോള്‍ മഹ്ദി പറയും "ഞാനല്ല, ഇമാം മഹ്ദി ഞാനല്ല."

അബുദാറുകള്‍ പറയും : "നിങ്ങളാണ് ഇമാം മഹ്ദി. നബി (സ) പറഞ്ഞ എല്ലാ അടയാളവും ഞങ്ങള്‍ നിങ്ങളില്‍ കാണുന്നു."
മഹ്ദി പറയും : "ഞാനല്ല ഇമാം മഹ്ദി."

അപ്പോള്‍ അബ്ദാറുകള്‍ പറയും : "അല്ലാഹുവിന്റെ റസൂല്‍ നിങ്ങളെ ഏല്‍പ്പിച്ച ദൌത്യമാണ് നിങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ഇസ്ലാമിക സമൂഹത്തിനു നേതൃത്വം നല്‍കാന്‍ ഇനി ആരാണ് ബാക്കിയുള്ളത് ?"

ഇത് ചോദിക്കുമ്പോള്‍ ഇമാം മഹ്ദി കഅബാലയത്തിന്റെ വാതിലില്‍ ഒരു കൈപിടിച്ചിട്ടു വലത്തേ കൈ അവരുടെ മുന്നിലേക്ക്‌ നീട്ടും. അപ്പോള്‍ അബ്ദാറുകള്‍ മഹ്ദി ഇമാമിന്റെ കൈ പിടിച്ചു ബൈഅത്ത് ചെയ്യും. ആദ്യം ബൈഅത്ത് ചെയ്യുന്നത് ഒരു അറബി വംശജന്‍, രണ്ടാമതായി ഇറാനി വംശജന്‍, മൂന്നാമതായി തുര്‍ക്കി വംശജനും ആയിരിക്കും.

ഈ ലോകത്തിന്റെ ഭരണം മഹ്ദി ഏറ്റെടുക്കും.

2. ദജ്ജാല്‍ പുറപ്പെടും :

ഇമാം മഹ്ദിയുടെ കീഴില്‍ ലോകം മുഴുവന്‍ സമാധാനത്തോടെ ജീവിക്കുമ്പോഴാണ് ലോകത്തിന്റെ ഏറ്റവും വലിയ ഫിത്ന എന്ന ദജ്ജാല്‍ വരുന്നത്.

നബി (സ) പറഞ്ഞു : "കിഴക്ക് ഭാഗത്ത്‌ നിന്നാണ് ദജ്ജാല്‍ വരുന്നത്. എനിക്ക് ശേഷം വരുന്ന ഇസ്ലാമിക സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ഫിത്ന അത് ദജ്ജാലിന്റെ ഫിത്നയാണ്."

ഒരിക്കല്‍ ദജ്ജാലിനെ നേരില്‍ കണ്ട ഒരു സ്വഹാബി ആ സംഭവം വിവരിച്ചു. അവസാനം ദജ്ജാല്‍ പറഞ്ഞതായി ആ സ്വഹാബി പറഞ്ഞു "എല്ലാ സ്ഥലവും എന്റെ കാല്ക്കീഴിലാകും. പക്ഷെ മക്കയിലും മദീനയിലും ഞാന്‍ വരില്ല" എന്ന് പറഞ്ഞതായി പറഞ്ഞപ്പോള്‍ നബി (സ) കയ്യിലുണ്ടായിരുന്ന വടി കൊണ്ട് തറയില്‍ അടിച്ചിട്ട് ആവേശത്തോടെ പറഞ്ഞു : "ഇവിടെ അവന്റെ കാല്‍ പതിക്കില്ല. ജുഹ്ഫ് മലയുടെ മുകളില്‍ കയറി നിന്ന് ദജ്ജാല്‍ ചോദിക്കും - ഈ വെള്ളക്കൊട്ടാരം ആരുടെതാണെന്ന്."

1400 വര്‍ഷം മുന്‍പ് പ്രവാചകന്‍ ഇത് പറയുമ്പോള്‍ അന്ന് മദീന പള്ളി ഈത്തപ്പന ഓല കൊണ്ട് മേഞ്ഞ ഒരു കൊച്ചു പള്ളിയായിരുന്നു. പക്ഷെ ഇന്ന് ഒരു വെള്ളക്കൊട്ടാരം തന്നെയാണ്.

ഒറ്റ കണ്ണുള്ള ദജ്ജാല്‍ ലോകത്ത് ഇറങ്ങിയാല്‍ "ഞാന്‍ ആണ് അല്ലാഹ്" എന്നു അവന്‍ പറയും. അള്ളാഹു ആണെന്ന് തെളിയിക്കാന്‍ അവന്‍ അമാനുഷിക കഴിവുകള്‍ കാണിക്കും. ആകാശത്ത് നിന്ന് തീ മഴ പെയ്യിപ്പിക്കും. മനുഷ്യനെ പിടിച്ചു രണ്ടായി കീറിയിട്ടു ഒരുമിച്ചു വെച്ച് എഴുന്നേല്‍ക്കാന്‍ പറയും. മരിച്ചവരെ ജീവിപ്പിച്ചു കാണിക്കും.

ദജ്ജാല്‍ ഇസ്ലാമിക സമൂഹത്തിന്റെ മുകളിലൂടെ തേരോട്ടം നടത്തുമ്പോള്‍ അവനെ വിശ്വസിക്കാത്ത മുസ്ലിങ്ങളെ അവന്‍ കൊന്നൊടുക്കും. മുസ്ലിങ്ങളെ തീയിലേക്ക് ഏറിയും. ദാജ്ജാലിന്റെ പുറകില്‍ ജൂതന്മാര്‍ (ഇസ്രയേലുകാര്‍) അണിനിരക്കും.

ഇസ്ലാമിക സമൂഹം പേടിച്ചു നില്‍ക്കുമ്പോള്‍ ആളുകള്‍ ഇമാം മഹ്ദിയോട് പരാതി പറയും. ഇമാം മഹ്ദിയും മുസ്‌ലിങ്ങളും ദജ്ജാലിനെ നേരിടാന്‍ പുറപ്പെടും.

3. ഈസ നബി (അ)  ഇറങ്ങിവരും :

കൃസ്തുമതവിശ്വാസികള്‍ യേശു കൃസ്തുവായി ആരാധിക്കുന്ന പ്രവാചകനാണ്‌ ഈസാ നബി (അ) എന്ന വസ്തുത ഏവര്‍ക്കും അറിയുമല്ലോ.

"ഫജ്ര്‍ (സുബ്ഹ്) ബാങ്ക് കൊടുത്തു നമസ്ക്കാരത്തിനായി തയ്യാറെടുക്കുമ്പോള്‍ രണ്ടു മലക്കുകളുടെ ചിറകില്‍ കൈ വെച്ച്, രണ്ട് ഇളം മഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് ഈസ നബി (അ) ഡമാസ്ക്കസ്സിന്റെ കിഴക്കു ഭാഗത്തുള്ള വെള്ള മിനാരത്തില്‍ വന്നിറങ്ങും" എന്ന് നബി (സ) പറഞ്ഞു.

ഡമാസ്ക്കസ്സിലെ മസ്ജിദുല്‍ ഉമവിയില്‍ ആണ് ഇത് എന്നാണ് പണ്ഡിതരുടെ അഭിപ്രായം. നബി (സ) ഇത് പറയുമ്പോള്‍ അന്ന് അവിടെ അങ്ങനെ ഒരു പള്ളിയുമില്ല, വെള്ള മിനാരവുമില്ല. മാത്രമല്ല നബിയുടെ കാലഘട്ടത്തില്‍ പള്ളിക്ക് മിനാരം നിര്‍മിക്കുന്ന രീതിയും ഉണ്ടായിരുന്നില്ല എന്ന കാര്യവും പ്രത്യേകം ഓര്‍ക്കണം.

"ഈസാ നബി(അ)യുടെ മുടി ചുവന്ന നിറമുള്ളതായിരിക്കും. തലയില്‍ നിന്നും  വെള്ളം ഉറ്റി വീഴുന്നത് പോലെ ഉണ്ടാകും. എന്നാല്‍ തല നനഞ്ഞിട്ടുണ്ടാവുകയുമില്ല" എന്നും മുഹമ്മദ് നബി(സ) പറഞ്ഞിരിക്കുന്നു.

ആളുകള്‍ മുഴുവന്‍ അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോള്‍ ഈസ നബി (അ) പള്ളിയിലേക്ക് വരും. ഇമാം മഹ്ദി ഓടിചെന്ന് മുസാഫാത്ത് ചെയ്യും.

ഇമാം മഹ്ദി പറയും : "താങ്കള്‍ ഇമാമായി നില്ക്കണേ."

ഈസ നബി പറയും : "താങ്കള്‍ക്ക് വേണ്ടിയാണ് ഇഖാമത്ത് കൊടുത്തത്. താങ്കള്‍ തന്നെ ഇമാമായി നില്‍ക്കുക."

മഹ്ദി ഇമാമായി നിന്ന് നമസ്ക്കരിക്കും. നമസ്ക്കാരം കഴിഞ്ഞാല്‍ പള്ളിയുടെ വാതില്‍ തുറക്കാന്‍ ഈസാ നബി (അ) ആവശ്യപ്പെടും. വാതില്‍ തുറക്കുമ്പോള്‍ വാതിലിന്റെ അപ്പുറത്ത് ദജ്ജാല്‍. ഈസ നബി (അ) യെ കാണുന്നതും ദജ്ജാല്‍ അവിടുന്ന് ഓടും. പിറകെ ഈസ നബി(അ) യും. ദജ്ജാല്‍ ഓടി ബാബുലുദ് (ലുദ്ദിന്റെ കവാടം) എന്ന സ്ഥലത്ത് എത്തും. ഇസ്രായേലിലെ ടെല്‍അവീവിന് ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള ബെന്‍ഗൂറിയന്‍ എയര്‍പോര്‍ട്ട് ഉള്ള സ്ഥലം ആണ് ഇത് എന്നതാണ് പണ്ഡിതരുടെ അഭിപ്രായം. അവിടെ വെച്ച് ഈസ നബി ദജ്ജാലിനെ കൊല്ലുമെന്ന് നബി(സ) പറഞ്ഞു.

പിന്നീട് ഇമാം മഹ്ദി വഫാതാകും.  ഈസ നബി(അ) ലോകത്തിന്റെ ഭരണം ഏറ്റെടുക്കും. ഈസ നബി (അ) വഫാത്താകുമ്പോള്‍ മുഹമ്മദ്‌ നബി (സ) യുടെ കബറിന് സമീപമായിരിക്കും മറവ് ചെയ്യുക. ഇതിനായുള്ള സ്ഥലം നബിയുടെ കബറിന് സമീപം ഒഴിച്ചിട്ടിട്ടുണ്ട്.


4. യഅജൂജ് മഅജൂജ് പുറത്തുവരും :

ഈസ നബിയുടെ കാലത്താണ് ഇവര്‍ പുറത്തു വരിക. ഇത് ഒരു സമൂഹം ആണ്.

ഇവര്‍ പൊക്കം കുറഞ്ഞ മനുഷ്യര്‍ ആണ്. അവര്‍ ലക്ഷക്കണക്കിന്‌ പെറ്റ് പെരുകും. വെള്ളം എല്ലാം കുടിച്ചു വറ്റിക്കും. വിളകള്‍ തിന്നു നശിപ്പിക്കും. ഇവരെ കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍ ഈസ നബിയോട് ആളുകള്‍ വന്നു പരാതി പറയും. ഈസ നബി (അ) അല്ലാഹുവിനോട് ദുആ ചെയ്യും. അപ്പോള്‍ എല്ലാം ചത്തൊടുങ്ങും.

ഭൂമിയില്‍ ഇവരുടെ ശരീരം നിറഞ്ഞു കിടന്നു ദുര്‍ഗന്ധം വരുമ്പോള്‍ ഈസ നബി വീണ്ടും അല്ലാഹുവിനോട് ദുആ ചെയ്യും. അപ്പോള്‍ ആകാശത്ത് നിന്നും കുറെ പക്ഷികള്‍ വന്നു അവയുടെ ശരീരം കൊത്തി കൊണ്ട് പോകും.

5. സൂര്യന്‍ പടിഞ്ഞാറ് നിന്നും ഉദിക്കും :

ഈസ നബി (അ) യുടെ കാലശേഷം ഭൂമിയില്‍ വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാകും. ഈ ലോകം ഇമാം മഹ്ദി വരുന്നതിനു മുമ്പ് എങ്ങനെയാണോ ആ അവസ്ഥയിലേക്ക് തിരിച്ചു പോകും.

ഒരു ദുല്‍ഹജ്ജ് മാസത്തില്‍, ബലിപെരുന്നാളിന് ശേഷം സൂര്യന്‍ ഉദിക്കുന്ന സമയത്തില്‍ സൂര്യനെ കാണില്ല. അന്ന് ലോകം കൂരാ കൂരിരുട്ടില്‍ ആയിരിക്കും. മൂന്ന് രാത്രികളുടെ സമയം ഈ അവസ്ഥ തുടരും. അതിനു ശേഷം സൂര്യന്‍ പടിഞ്ഞാറു നിന്നും ഉദിക്കും.

സൂര്യന്‍ പടിഞ്ഞാറു നിന്ന് ഉദിച്ചാല്‍ പിന്നെ അല്ലാഹു തൌബ (പശ്ചാത്താപം) സ്വീകരിക്കില്ല.

6. ദാബത്തുല്‍ അര്‍ള് എന്ന മൃഗം വരും :

മക്കക്ക് സമീപത്ത് നിന്നും "ദാബ്ബത്തുല്‍ അര്‍ള്" എന്ന മൃഗം വരും. അത് മനുഷ്യരോട് സംസാരിക്കും.

അതിന്റെ തല കാളയുടെ തല പോലെയും, കണ്ണുകള്‍ പന്നിയുടെ കണ്ണുകള്‍ പോലെയും ആയിരിക്കും. ചെവികള്‍ ആനയുടെ ചെവി പോലെയും, മുതുക് ഒട്ടകപ്പക്ഷിയുടെ മുതുകു പോലെയും, നെഞ്ച് സിംഹത്തിന്റെ നെഞ്ച് പോലെയും, നിറം പുലിയുടെ നിറം പോലെയും, അരക്കെട്ട് പൂച്ചയുടെ അരക്കെട്ട് പോലെയും, അതിന്റെ വാല്‍ ആടിന്റെ വാല്‍ പോലെയും, കാലുകള്‍ ഒട്ടകത്തിന്റെ കാലുകള്‍ പോലെയും ആയിരിക്കും.

രണ്ടു സന്ധികള്‍ തമ്മില്‍  ഏകദേശം 12 മുഴം നീളമുള്ള ഒരു മൃഗമാണ്‌ ദാബത്തുല്‍ അര്‍ള്. അതിന്റെ കയ്യില്‍ മൂസ നബിയുടെ വടിയും, സുലൈമാന്‍ നബിയുടെ മോതിരവും  ഉണ്ടാകും. ആ ജീവി ഭൂമിയില്‍ മുഴുവന്‍ ചുറ്റി നടക്കും. മനുഷ്യരുടെ മുഖത്ത് തടവും. സത്യവിശ്വാസിയുടെ മുഖത്ത് തടവുമ്പോള്‍ അവരുടെ മുഖം വെളുത്ത് തിളങ്ങും. അവിശ്വാസിയുടെ മുഖത്ത് തടവുമ്പോള്‍ അവരുടെ മുഖം കറുത്ത് പോകും. അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആക്കി തിരിക്കും.

ഇത് കാണുമ്പോള്‍ പലരും വിശ്വാസികളായി മാറാന്‍ ശ്രമിക്കും. എന്നാല്‍ സൂര്യന്‍ പടിഞ്ഞാറു നിന്ന് ഉദിച്ച അടയാളം വന്നതിനാല്‍ അവരുടെ പശ്ചാത്താപം അള്ളാഹു സ്വീകരിക്കില്ല.

7. കഅബ പൊളിക്കപ്പെടും :

വിശുദ്ധ കഅബ പൊളിക്കപ്പെടും. അതിന്റെ ഓരോ കല്ലും ഇളക്കി എറിയപ്പെടും. കഅബയുടെ മുകളില്‍ കയറി കല്ലുകള്‍ ഇളക്കുന്നത് മനുഷ്യന്‍ കറുത്ത, കാലുകള്‍ വളഞ്ഞ ഒരു മനുഷ്യനായിരിക്കും.

കഅബ പൊളിച്ചാല്‍ പിന്നെ നമസ്ക്കാരമില്ല.

ലോകാവസാനം സംഭവിക്കുന്നതിന് മുന്‍പ് ഭൂമിയില്‍ നടക്കുന്ന ചില സംഭവങ്ങള്‍ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ഇത്രയും കാര്യങ്ങള്‍ നടക്കാതെ ലോകം അവസാനിക്കില്ല. അതുകൊണ്ട് തന്നെ സെപ്റ്റംബര്‍ 28 നു ലോകാവസാനം സംഭവിക്കും തുടങ്ങിയ റേഞ്ചില്‍ ഉള്ള പ്രവചനങ്ങളെ നിസ്സംശയം തള്ളിക്കളയാം.

ലോകാവസാനവുമായി ബന്ധപ്പെട്ട് ഇസ്ലാം പഠിപ്പിക്കുന്ന ഈ കാര്യങ്ങള്‍ കുരങ്ങന്റേയും തന്റെയും ഉപ്പാപ്പ ഒന്നാണ് എന്ന് വിശ്വസിക്കുന്ന യുക്തിമത വിശ്വാസികള്‍ക്ക് ദഹിക്കില്ല എന്നറിയാം. അവര്‍ക്ക് വിശ്വാസം വരണം എങ്കില്‍ അവരുടെ പുണ്യാളന്മാരായ ഡോക്കിന്‍സ് മുതല്‍ ജബ്ബാറാക്ക വരെയുള്ളവരുടെ അംഗീകാരവും, അവരുടെ വിശുദ്ധ ഭവനമായ നാസയില്‍ നിന്നുള്ള അറിയിപ്പും വേണ്ടി വരും. അതിപ്പൊ നാസ അയച്ച റോക്കറ്റ് തകര്‍ന്നു എന്നതോ, കാണാതായ വിമാനത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതോ, സ്വന്തം സംഘടനയില്‍ നിന്ന് പുറത്താക്കപ്പെടാതിരിക്കാനുള്ള യുക്തി ഇല്ലാത്ത ജബ്ബാറാണ്  എന്നതോ, ലോകത്ത് മനുഷ്യന്‍ മനസ്സിലാക്കിയ കാര്യങ്ങളേക്കാള്‍ മനുഷ്യന് അറിയാത്ത കാര്യങ്ങള്‍ ആണ് കൂടുതലുള്ളത് എന്നതോ ഒന്നും യുക്തിമത വിശ്വാസികള്‍ക്ക് വിഷയമല്ലല്ലോ!!

എന്തായാലും ഇതൊക്കെ സംഭവിക്കുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക എന്നതേ യുക്തിമത വിശ്വാസികളോട് പറയാനുള്ളൂ. ശാസ്ത്രം വല്ലതും പറയാന്‍ എത്ര വേണമെങ്കിലും കാത്തിരിക്കാന്‍ അവര്‍ തയ്യാറാവുന്നത് പോലെയുള്ള ക്ഷമ ഈ വിഷയത്തിലും ഉണ്ടായാല്‍ മതി എന്ന് മാത്രം !!

അന്ത്യദിനത്തില്‍ വിജയികളുടെ കൂടെ ഉള്‍പ്പെടാനും, സ്വര്‍ഗ്ഗം കരസ്ഥമാക്കാനും ഏവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ....

അബസ്വരം :
എല്ലാ പ്രിയര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക  

23 comments:

 1. അവസാനം യുക്തിസ്റ്റുകള്‍ക്ക് പൊങ്കാലയിട്ടു അല്ലേ ? :D

  ReplyDelete
 2. Replies
  1. ചിരിയില്‍ ഒതുക്കേണ്ട, പൊട്ടിച്ചിരി തന്നെ ആയിക്കോട്ടെ സ്വാമ്യേ ! ചിരിക്ക് ടാക്സ് അടക്കേണ്ടല്ലോ :P

   Delete
 3. ബൈബിളിലും ഏതാണ്ട്‌ ഇതൊക്കെതന്നെയ പറഞ്ഞിരിക്കണത്‌ അബ്സർ ഭായി... എന്താണേലും അല്ലാഹു എല്ലാവരേയും രക്ഷിക്കും എന്ന് നമുക്ക്‌ വിശ്വസിക്കാം ... പ്രാർത്ഥിക്കാം ...

  ReplyDelete
  Replies
  1. പ്രാര്‍ത്ഥിക്കാം...

   Delete
 4. ഒരു വിശ്വാസിയുടെ വിശ്വാസം,കുറച്ചൊക്കെ യുകതിവേണം ബായ് മനുഷ്യനായാൽ

  ReplyDelete
  Replies
  1. കുരങ്ങന്റെ ഉപ്പാപ്പയും നിങ്ങടെ ഉപ്പാപ്പയും ഒന്നായിരുന്നു എന്ന ലൈന്‍ ആണോ ബായ് ആ യുക്തി ?

   അങ്ങയുടെ യുക്തി വെച്ച് ലോകാവസാനം ഒന്ന് വിശദീകരിച്ചേ...

   Delete
  2. Chila karyangalil ukthikk utharam tharan kaHiyilla avide viswasam thanne anu avasana utharam....

   Delete
 5. അപ്പോൾ ഈ പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും തെറ്റിച്ചാൽ ലോകാവസാനം ഉണ്ടാകില്ലേ?. അങ്ങനെയെങ്കിൽ നമുക്ക് മക്കയിലെ പള്ളി ഇപ്പഴേ പൊളിച്ചാലോ?.

  ReplyDelete
  Replies
  1. അപ്പോള്‍ ഈ പറഞ്ഞതൊന്നും അനോണിക്കുഞ്ഞാടിന് മനസ്സിലായില്ലേ ? ഇതൊക്കെ അങ്ങേക്ക് തെറ്റിക്കാന്‍ കഴിയുമെങ്കില്‍ തെറ്റിക്കൂ. അങ്ങിനെ ലോകാവസാനം ഇല്ലാതാക്കാന്‍ നോക്കൂ. മക്കയിലെ പള്ളി അങ്ങേക്ക് പൊളിക്കാന്‍ കഴിയുമെങ്കില്‍ പൊളിച്ചോളൂ !! അതിനു "നമുക്ക്" എന്ന് പറഞ്ഞു എന്നെക്കൂടി അതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. അതിനൊക്കെ ഉള്ള കഴിവ് താങ്കള്‍ക്ക് ഉണ്ട് എന്ന തോന്നലുണ്ടെങ്കില്‍ അങ്ങനെ ആയിക്കോട്ടെ !!

   അപ്പൊ അങ്ങ് തന്നെ ലോകാവസാനം ഉണ്ടാകാതിരിക്കാന്‍ അനോണിക്കുഞ്ഞാടിനാല്‍ ആയത് ചെയ്ത് നോക്കൂ !!

   Delete
  2. ഞാനാണ്‌ അല്ലാഹ് എന്ന് പറഞ്ഞു ദജ്ജാൽ വരുമെന്നും നബി ദജ്ജാലിനെ കൊല്ലുമെന്നും മുൻകൂട്ടി പറഞ്ഞു വച്ചാൽ പിന്നെ ദജ്ജലിനെ ഈ പണിക്ക് കിട്ടുമോ.?

   Delete
  3. കിട്ടും അനോണി മോനേ. അല്ലാഹു ബഹുദൈവ ആരാധകരെ നരകത്തില്‍ പ്രവേശിപ്പിക്കും എന്ന് പറഞ്ഞിട്ടും അത്തരത്തില്‍ ആരാധന നടത്താന്‍ ആളുകളെ കിട്ടുന്നില്ലേ ? അപ്പൊ പിന്നെ ഇതിലെന്താ സംശയം അനോണീസ് ?

   Delete
  4. 1. മൂന്നു ദിവസം സുര്യൻ ഉദിക്കാദിരിക്കുക എന്നത് ഭൂമിയുടെ ഒരു ഭാഗത്തല്ലേ നടക്കൂ. അപ്പോൾ ഭൂമിയുടെ മറുഭാഗത്ത് മൂന്ന് ദിവസം പകലായിരിക്കുമല്ലോ. അത് നടക്കണമെങ്കിൽ തന്നെ ഭൂമി നിശ്ചലമാവണം. അത് സംഭവിച്ചാൽ പിന്നെ ബാക്കി കാര്യങ്ങൾ ഒന്നും വേണ്ടി വരില്ല.

   ഓഫ്‌ ടോപ്പിക്ക്: താങ്കളുടെ ബ്ലോഗിന്റെ ഒരു പുതിയ വായനക്കാരനാണ്. മത കാര്യങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും ബ്ലോഗ്‌ ഇഷ്ടപ്പെട്ടു. പക്ഷെ ഒരു സംശയം അനോണികളെ ഇഷ്ടമില്ലെങ്കിൽ അനോണി കമെന്റ്റ് disable ചെയ്തൂടെ?

   Delete
  5. 1. നിങ്ങള്‍ ഇപ്പോഴും ശാസ്ത്രത്തിന്റെ പരിധിയില്‍ നിന്നാണ് സംസാരിക്കുന്നത്. ലോകം ഉണ്ടാക്കാനും ജീവജാലങ്ങളെ സൃഷ്ടിക്കാനും അവസാനിപ്പിക്കാനും കഴിവുള്ള ദൈവത്തിനു ലോകം മുഴുവന്‍ ഒരേ സമയം ഇരുട്ടിലാക്കാന്‍ കഴിയില്ല എന്ന് വിശ്വസിക്കുന്നത് മണ്ടത്തരമല്ലേ ?? ഭൂമി നിശ്ചലമാക്കിയാണോ അല്ലയോ എന്നതൊക്കെ പടച്ചോന്‍ ചെയ്തോളും . എങ്ങിനെ അത് ചെയ്യും എന്നതിനെ കുറിച്ചല്ല തല പുണ്ണാക്കേണ്ടത്. ലോകത്ത് അങ്ങിനെ ഒക്കെ സംഭവിക്കും, അപ്പോള്‍ താന്‍ ജീവിതത്തില്‍ എന്ത് പ്രവര്‍ത്തിക്കണം എന്നതിനെ കുറിച്ചാണ്.

   ബ്ലോഗ്‌ ഇഷ്ടപ്പെട്ടതില്‍ സന്തോഷം. നന്ദി.

   എനിക്ക് ലോകത്തുള്ള ഭീരുക്കളെ ഇഷ്ടമല്ല .എന്ന് കരുതി ലോകത്തുള്ള ഭീരുക്കളേയും ഒന്നിലും പങ്കെടുപ്പിക്കാതെ അകറ്റി നിര്‍ത്തണം എന്ന് കരുതുന്ന ആള്‍ അല്ല ഞാന്‍. ഭീരുക്കള്‍ ഭീരുത്വം ഇല്ലാത്തവരുടെ ഇടയില്‍ കഴിയുമ്പോള്‍ ഭീരുത്വം മാറി നട്ടെല്ലോടെ ജീവിക്കാന്‍ കഴിഞ്ഞാലോ !! തിങ്ക്‌ പോസിറ്റീവ് !! അനോണി കമന്റുകള്‍ disable ചെയ്യാത്തതിന്റെ കാരണം അതാണ്‌.

   Delete
 6. 'അന്ത്യനാള്‍ എപ്പോഴാണ്‌ സംഭവിക്കുകയെന്ന് അല്ലാഹുവിന്‌ മാത്രമേ അറിയുകയുള്ളു. അതിന്റെ സമയം അവന്‍ ആര്‍ക്കും വെളിപ്പെടുത്തുകയില്ല' എന്നൊക്കെയാണല്ലോ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. എങ്കില്‍ ഇത്ര മാത്രം അടയാളങ്ങള്‍ അഥവാ മുന്നറിയിപ്പുകള്‍ അതിന്നുണ്ടാകാമോ? ഇങ്ങനെ മുന്നറിയിപ്പുകള്‍ ഉണ്ടായാല്‍ പിന്നെ അതിന്റെ രഹസ്യം അല്ലാഹുവിങ്കലാണെന്ന ഖുര്‍ആനികാദ്ധ്യാപനം പാഴ്‌വാക്കാവുകയല്ലേ ചെയ്യുന്നത്? അതായത് അന്ത്യദിനത്തിന്‌ ചില മുന്നടയാളങ്ങള്‍ ഉണ്ടെന്ന, ഹദീസുകളില്‍ പോലും കാണപ്പെടുന്ന, വാദം ഖുര്‍ആന്‍ വിരുദ്ധമല്ലേ?

  ReplyDelete
  Replies
  1. ഇത് ചോദിക്കാന്‍ ഒക്കെ അനോണീസ് വേഷം കെട്ടേണ്ടതുണ്ടോ അനോണീസ് !!

   ലോകാവസാനത്തിന്റെ സമയം ഇത്രയും ഹദീസുകള്‍ വായിച്ചപ്പോള്‍ എന്നാണ് എന്ന് കൃത്യമായ തിയ്യതി നിങ്ങള്‍ക്ക് മനസ്സിലായോ ? ഉണ്ടെങ്കില്‍ ആ സമയം ഒന്ന് പറഞ്ഞു തരണം. എനിക്ക് മനസ്സിലായിട്ടില്ല. അതുകൊണ്ട് ചോദിച്ചതാ.


   ഖുര്‍ആന്‍ മനുഷ്യന് നല്‍കുന്നത് പല മുന്നറിയിപ്പുകളും തന്നെയാണ്. അന്ത്യനാളിന്റെ കാര്യത്തിലും ഇത്തരം മുന്നറിയിപ്പുകള്‍ മനുഷ്യനെ ഇസ്ലാം പഠിപ്പിക്കുന്നു. ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും കൃത്യമായ സമയം മനുഷ്യന് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ എങ്ങിനെയാണ് ഖുര്‍ആനികാദ്ധ്യാപനം പാഴ് വാക്ക് ആവുന്നത് എന്നൊന്ന് പറഞ്ഞു തരുമോ ?


   അന്ത്യദിനം എപ്പോഴാണ് സംഭവിക്കുക എന്ന് എന്ന് അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ. എന്നാല്‍ അന്ത്യദിനത്തിന് ഒരു മുന്നടയാളവും ഇല്ല എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ടോ ??

   മുന്നടയാളങ്ങള്‍ എന്ന് പറയുന്നതും, അന്ത്യനാള്‍ എന്ന് പറയുന്നതും രണ്ടും രണ്ടാണ് അനോണീസ്. അത് മനസ്സിലാക്കുക.

   ഇവിടെതന്നെ കഅബ പോളിക്കപ്പെടും എന്ന് പറഞ്ഞിരിക്കുന്നു. എന്നാല്‍ കഅബ പൊളിച്ച് എത്ര ദിവസം / അല്ലെങ്കില്‍ കാലം കഴിഞ്ഞാണ് അന്ത്യനാള്‍ ഉണ്ടാവുക എന്ന് പറയുന്നില്ല. അഥവാ അതുമായി ബന്ധപ്പെട്ട ഹദീസുകള്‍ ഇല്ല. അതുകൊണ്ട് തന്നെ അന്ത്യനാള്‍ എപ്പോള്‍ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം അല്ലാഹുവിന് മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത് ഖുര്‍ആനിക അധ്യാപനത്തിന് എതിരാവുന്നില്ല.

   മുന്‍പ് പറഞ്ഞത് ഒരിക്കല്‍ കൂടി പറയുന്നു. ഇതൊക്കെ വെച്ച് കൃത്യമായ അന്ത്യനാള്‍ ദിവസം നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ ? എങ്കില്‍ മാത്രമല്ലേ നിങ്ങളുടെ വാദത്തിനു അടിസ്ഥാനം ഉണ്ടാവൂ ??

   Delete
 7. ബഹുമാനപ്പെട്ട ഇമാം ഹസൻ (റ) അവർകളുടെ പന്ത്രണ്ടാം തലമുറയിൽപ്പെട്ട ഇമാം മുഹമ്മദ്‌ (റ) ഒരിക്കൽ സ്വന്തം മാതാവ് നോക്കി നില്ക്കെ ബാഗ്ദാദിലെ സർമസ്രആ എന്ന സ്ഥലത്തെ സീർദാബ് എന്ന ഗുഹയിൽ കയറിപ്പോയി. അദ്ദേഹം പിന്നെ തിരികെ വന്നിട്ടില്ല. അദ്ദേഹമായിരിക്കാം ഒരുപക്ഷെ ഇമാം മഹദിയായി രംഗ പ്രവേശം ചെയ്യുക എന്ന് ചുരുക്കം ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു. (എല്ലാം അറിയുന്നവൻ അല്ലാഹു)

  അക്രമവും അനീതിയും അഴിമതിയും ആയി കുത്തഴിഞ്ഞ ജീവിതം നയിച്ച ജനതയിലേക്ക്‌ ബഹു: ഇമാം മഹദി ആഗതനായി, ലോകത്താകമാനം സമാധാനത്തിന്റെയും സൗഹാർദതിന്റെയും നല്ല നാളുകൾ ലഭ്യമായി തുടങ്ങി. 6 വർഷക്കാലം ഇമാം മഹദി സുഗമമായി ലോകം ഭരിക്കുമ്പോൾ അതാ വരുന്നു ലോകത്തിന്റെ ഏറ്റവും വലിയ ഫിത്ന ആയി ദജ്ജാൽ.

  ഈസാ നബിയെ 32 ആം വയസ്സിലാണല്ലോ അല്ലാഹു ആകാശത്തിലേക്ക് ഉയർത്തിയത്‌. ആ പ്രായത്തിൽ തന്നെ രണ്ടാം വരവ് നടക്കുകയും ദജ്ജാലിനെ വകവരുത്തുകയും ചെയ്യും. ('ഞങ്ങൾ യേശുവിനെ കൊന്നു' എന്ന് വീമ്പിളക്കുന്ന യഹൂദികളുടെ തട്ടകത്തിൽ തന്നെ കേറി ദജ്ജാലിനെ കൊല്ലാനുള്ള ഭാഗ്യം ഈസാ നബിക്ക് കിട്ടും എന്നതും വിരോധാഭാസം..) രക്ഷയില്ലാതെ പരിഭ്രാന്തരായി ഓടുന്ന യഹൂദികളെ രക്ഷിക്കാൻ അവിടത്തെ മരങ്ങൽക്കൊ കല്ലുകൽക്കൊ പോലും സാധ്യമല്ല. പക്ഷെ ഒരേ ഒരു വർഗം മരത്തിനു മാത്രമേ ഈ ജൂതന്മാരെ ഒളിപ്പിച്ചു വക്കാൻ സാധിക്കുകയുള്ളൂ. (ആ പേര് ഞാൻ ഓർക്കുന്നില്ല) മുഹമ്മദ്‌ നബി (സ) യുടെ ഈ വാക്കുകൾ യഹൂദികളിൽ ഭയം നിറച്ചു എന്നത് വസ്തുതയാണ്. ഒരുപക്ഷെ അങ്ങനെയെങ്ങാനും സംഭവിച്ചാലോ എന്ന് കരുതി കണ്ടമാനം ആ മരങ്ങൾ അവർ വച്ച് പിടിപ്പിക്കുന്നുണ്ട്. plant the tree of life in Israel എന്ന് സേർച്ച്‌ ചെയ്‌താൽ കിട്ടും ആ മരം.

  അവിവാഹിതനായ ഈസാ നബി പിന്നീട് വിവാഹം കഴിച്ചു, 40 വർഷക്കാലം സുഗമമായി ഭരണം നടത്തും. വഫാത്താകുമ്പോൾ മറവ് ചെയ്യാനായി ലോകത്തിലെ ഏറ്റവും പരിപാവനമായ ആ പവിത്ര ഭൂമി 14 നൂറ്റാണ്ടു മുന്നേ തയ്യാറായി കിടക്കുന്നു പുണ്യ റസൂലിന്റെ പച്ചക്കുബ്ബയുടെ കീഴെ, ആ തിരു ശരീരത്തിന്നരികിലായി.

  ReplyDelete
  Replies
  1. In the Muslim text Sahih Muslim, the boxthorn, or gharqad (in Arabic), is described as 'the tree of the Jews'. Here is the translation of the text: "The last hour would not come unless the Muslims will fight against the Jews and the Muslims would kill them until the Jews would hide themselves behind a stone or a tree and a stone or a tree would say: Muslim, or the servant of Allah, there is a Jew behind me; come and kill him; but the tree Gharqad would not say, for it is the tree of the Jews."

   African boxthorn (Lycium ferocissimum)
   Scientific classification
   Kingdom: Plantae
   (unranked): Angiosperms
   (unranked): Eudicots
   (unranked): Asterids
   Order: Solanales
   Family: Solanaceae
   Subfamily: Solanoideae
   Tribe: Lycieae
   Genus: Lycium

   (വിക്കി)

   Delete
 8. ബഹുമാനപ്പെട്ട ഇമാം ഹസൻ (റ) അവർകളുടെ പന്ത്രണ്ടാം തലമുറയിൽപ്പെട്ട ഇമാം മുഹമ്മദ്‌ (റ) ഒരിക്കൽ സ്വന്തം മാതാവ് നോക്കി നില്ക്കെ ബാഗ്ദാദിലെ സർമസ്രആ എന്ന സ്ഥലത്തെ സീർദാബ് എന്ന ഗുഹയിൽ കയറിപ്പോയി. അദ്ദേഹം പിന്നെ തിരികെ വന്നിട്ടില്ല. അദ്ദേഹമായിരിക്കാം ഒരുപക്ഷെ ഇമാം മഹദിയായി രംഗ പ്രവേശം ചെയ്യുക എന്ന് ചുരുക്കം ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു. (എല്ലാം അറിയുന്നവൻ അല്ലാഹു)

  അക്രമവും അനീതിയും അഴിമതിയും ആയി കുത്തഴിഞ്ഞ ജീവിതം നയിച്ച ജനതയിലേക്ക്‌ ബഹു: ഇമാം മഹദി ആഗതനായി, ലോകത്താകമാനം സമാധാനത്തിന്റെയും സൗഹാർദതിന്റെയും നല്ല നാളുകൾ ലഭ്യമായി തുടങ്ങി. 6 വർഷക്കാലം ഇമാം മഹദി സുഗമമായി ലോകം ഭരിക്കുമ്പോൾ അതാ വരുന്നു ലോകത്തിന്റെ ഏറ്റവും വലിയ ഫിത്ന ആയി ദജ്ജാൽ.

  ഈസാ നബിയെ 32 ആം വയസ്സിലാണല്ലോ അല്ലാഹു ആകാശത്തിലേക്ക് ഉയർത്തിയത്‌. ആ പ്രായത്തിൽ തന്നെ രണ്ടാം വരവ് നടക്കുകയും ദജ്ജാലിനെ വകവരുത്തുകയും ചെയ്യും. ('ഞങ്ങൾ യേശുവിനെ കൊന്നു' എന്ന് വീമ്പിളക്കുന്ന യഹൂദികളുടെ തട്ടകത്തിൽ തന്നെ കേറി ദജ്ജാലിനെ കൊല്ലാനുള്ള ഭാഗ്യം ഈസാ നബിക്ക് കിട്ടും എന്നതും വിരോധാഭാസം..) രക്ഷയില്ലാതെ പരിഭ്രാന്തരായി ഓടുന്ന യഹൂദികളെ രക്ഷിക്കാൻ അവിടത്തെ മരങ്ങൽക്കൊ കല്ലുകൽക്കൊ പോലും സാധ്യമല്ല. പക്ഷെ ഒരേ ഒരു വർഗം മരത്തിനു മാത്രമേ ഈ ജൂതന്മാരെ ഒളിപ്പിച്ചു വക്കാൻ സാധിക്കുകയുള്ളൂ. (ആ പേര് ഞാൻ ഓർക്കുന്നില്ല) മുഹമ്മദ്‌ നബി (സ) യുടെ ഈ വാക്കുകൾ യഹൂദികളിൽ ഭയം നിറച്ചു എന്നത് വസ്തുതയാണ്. ഒരുപക്ഷെ അങ്ങനെയെങ്ങാനും സംഭവിച്ചാലോ എന്ന് കരുതി കണ്ടമാനം ആ മരങ്ങൾ അവർ വച്ച് പിടിപ്പിക്കുന്നുണ്ട്. plant the tree of life in Israel എന്ന് സേർച്ച്‌ ചെയ്‌താൽ കിട്ടും ആ മരം.

  അവിവാഹിതനായ ഈസാ നബി പിന്നീട് വിവാഹം കഴിച്ചു, 40 വർഷക്കാലം സുഗമമായി ഭരണം നടത്തും. വഫാത്താകുമ്പോൾ മറവ് ചെയ്യാനായി ലോകത്തിലെ ഏറ്റവും പരിപാവനമായ ആ പവിത്ര ഭൂമി 14 നൂറ്റാണ്ടു മുന്നേ തയ്യാറായി കിടക്കുന്നു പുണ്യ റസൂലിന്റെ പച്ചക്കുബ്ബയുടെ കീഴെ, ആ തിരു ശരീരത്തിന്നരികിലായി.

  ReplyDelete
 9. അനോനിസ് തൻ എങ്ങന ഉണ്ടായ എന്ന് വിശദികരിക്കാമോ യുക്തി വദതിലൂs

  ReplyDelete
 10. أمنت بالله ورسوله

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....