Tuesday, August 18, 2015

അബസ്വര സംഹിത - പതിനൊന്നാം ഖണ്ഡം


കൊണ്ടും കൊടുത്തും അബസ്വരസംഹിത പതിനൊന്നാം ഖണ്ഡത്തിലേക്ക്...

                                                                     501
                                                                     *****
13.03.2015
ജമീല പ്രകാശം എന്ന സ്ത്രീ ശിവദാസൻ നായർ എന്ന പുരുഷനെ കടിച്ചത്‌ വെറും കടിയിൽ ഒതുങ്ങി.

ശിവദാസൻ നായർ എന്ന പുരുഷൻ ജമീല പ്രകാശം എന്ന സ്ത്രീയെ ആയിരുന്നു കടിച്ചത്‌ എങ്കിൽ അത്‌ വെറും കടിയിൽ ഒതുങ്ങുമായിരുന്നോ ?

സ്ത്രീ പീഡനം, ലൈംഗിക അതിക്രമം, കാമപ്രാന്ത്‌ തീർക്കൽ തുടങ്ങി എന്തൊക്കെ വിശേഷണങ്ങൾ ലഭിക്കുമായിരുന്നു അതിന്‌ എന്നൊന്ന്‌ ചിന്തിച്ചു നോക്കിയോ ?
മഹിളാ സംഘടനകളും വനിതാ കമ്മീഷനും ഫെമിനിസ്റ്റ്‌ കൊച്ചമ്മമാരും പൊങ്കാല നടത്തുമായിരുന്നില്ലേ ?

അല്ലെങ്കിലും പാവം പുരുഷന്മാരെ സ്ത്രീകൾ അക്രമിച്ചാൽ ഇവിടെ ചോദിക്കാനും പൊലിപ്പിക്കാനും ഒന്നും ആരും ഇല്ലല്ലോ !

അബസ്വരം :
ന്നാലും ന്റെ ജമീലാത്ത കോഴിക്കാലു പോലും ഈ കോലത്തിൽ കടിക്കല്ലേ !!
പൊരിച്ച കോഴി പോലും സഹിക്കൂലാ !!


                                                                     502
                                                                     *****
15.03.2015
ഒന്നാമന്റെ പോസ്റ്റ്‌ രണ്ടാമന്‍ ഷയര്‍ ചെയ്യുമ്പോള്‍, രണ്ടാമന്റെ സുഹൃത്തായ മൂന്നാമന്‍ "ആ പോസ്റ്റ്‌ ഷയര്‍ ചെയ്തത് ശരിയായില്ല, അത് മ്മടെ പാര്‍ട്ടി കുണാണ്ടിഫിക്കേഷന് മോശമല്ലേ" എന്നൊക്കെ രണ്ടാമനോട് ഫോണ്‍ വിളിച്ചോ, മെസേജ് അയച്ചോ എന്ന് പറയുന്നത് അസഹിഷ്ണുതയുടെ മൂര്‍ത്തി ഭാവമല്ലേ ?

മൂന്നാമന് ആ പോസ്റ്റില്‍ വല്ല എതിര്‍പ്പും ഉണ്ടെങ്കില്‍ അത് പരസ്യമായി പ്രകടിപ്പിക്കുന്നതിന് പകരം അത് ഇങ്ങിനെ ഇരുട്ടിന്റെ മറവില്‍ പറയുന്നത് തന്നെ 'താന്‍ പറയുന്നത് ശരിയല്ല' എന്ന തോന്നല്‍ മന:സാക്ഷിയില്‍ ഉള്ളത് കൊണ്ടല്ലേ ?

അല്ലെങ്കില്‍ തനിക്ക് ശരിയാണ് എന്ന് തോന്നുന്ന കാര്യം പരസ്യമായി പറയാന്‍ എന്തിന് മടിക്കണം ??

അബസ്വരം :
ചോരകണ്ടും സമരം ചെയ്തും തീയില്‍ക്കുരുത്തും വളര്‍ന്നു എന്ന് ഗമണ്ടന്‍ അടിച്ച് നിയമസഭയുടെ സുഖ ശീതളിമയില്‍ ഒരു സമരം നടത്താന്‍ ശ്രമിക്കുമ്പോഴേക്കും ബോധവും കിളിയും പോയി ആശുപത്രിയില്‍ കൊണ്ട് പോയി ഗ്ലൂക്കോസ് കയറ്റേണ്ടി വരുന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ ആരാധകരില്‍ നിന്നും ഇതില്‍ കൂടുതലെന്ത് പ്രതീക്ഷിക്കാനല്ലേ ???


                                                                     503
                                                                     *****
15.03.2015
"പള്ളി ആരാധനാലയമല്ല. എപ്പോള്‍ വേണമെങ്കിലും പൊളിക്കാം." - സുബ്രമണ്യന്‍ സ്വാമി.

സുബ്രു അണ്ണനെ ആരും കുറ്റം പറയരുത്. കാരണം സുബ്രമണ്യന്‍ സ്വാമിയുടെ മകളും മാധ്യമ പ്രവര്‍ത്തകയുമായ സുഹാസിനി, മാപ്പിളയായ നദീം ഹൈദറിനെ കെട്ടി സുഹാസിനി ഹൈദറായി ലവ് ജിഹാദ് നടത്തിയതില്‍ ഉള്ള കലിപ്പാണ്‌ സ്വാമിക്ക് മക്കളേ !!

അബസ്വരം :
ലവ് ജിഹാദ് സ്വന്തം വീട്ടില്‍ കയറി പണി തന്നാല്‍ 'കിളി പോകാത്ത' സംഘി സ്വാമിയുണ്ടോ ?


                                                                     504
                                                                     *****
16.03.2015
സ്ത്രീ പീഡനാപവാദം പറഞ്ഞ്‌ സമരം തടുക്കാൻ വരുന്ന പുരുഷന്മാരെ നാറ്റിക്കൽ, കസേര തല്ലിപ്പൊളിക്കൽ, പുരുഷന്മാരെ സ്ത്രീകളെ ഉപയോഗിച്ച്‌ കടിപ്പിക്കൽ, കുലംകുത്തൽ, കഴുതപ്പുറത്ത്‌ വിഗ്രഹം ചുമക്കൽ, ബക്കറ്റിൽ തിരയിളക്കൽ, ഓരിയിടൽ, തല ചുറ്റി വീഴൽ, ഹർത്താലിക്കൽ, പോലീസിന്റെ അടിവാങ്ങിക്കൽ തുടങ്ങി എല്ലാവിധ കൊട്ടേഷനുകളും മിതമായ നിരക്കിൽ ചെയ്തുകൊടുക്കാൻ ബന്ധപ്പെടുക..

അച്ചൂസ്‌ നാറ്റിക്കൽസ്‌ ആൻഡ്‌ കടിപ്പിക്കൽസ്‌ സെന്റർ
കണ്ടോന്റെ മെന്റ്‌ ഹൗ സ്‌
തിരോന്തരം.

അബസ്വരം :
ഒരു കടി ബുക്ക്‌ ചെയ്യുന്നവർക്ക്‌ ഒരു തുണി കീറൽ സൗജന്യമായി ചെയ്ത്‌ കൊടുക്കുന്നതാണ്‌.

                                                                     505
                                                                     *****
16.03.2015
"എന്തുകൊണ്ടാണ്‌ നിങ്ങൾ ഇടതുപക്ഷത്തിന്റെ സമരത്തെ വിമർശിക്കുമ്പോൾ മാണിയുടെ അഴിമതി കാണാതെ പോകുന്നത്‌ ?" - ഈ അടുത്ത ദിവസങ്ങളിൽ എൽ ഡി എഫിന്റെ നിയമസഭാ അക്രമത്തെ വിമർശിച്ച്‌ ഇടുന്ന പോസ്റ്റുകളിൽ ചിലർ ചോദിക്കുന്ന ചോദ്യമാണ്‌ ഇത്‌.

ഇതിനു വ്യക്തമായ കാരണം തന്നെയുണ്ട്‌. മാണിയുടെ അഴിമതിയേക്കാൾ ഇടതുപക്ഷത്തിന്റെ അക്രമം ചർച്ച ചെയ്യപ്പെടാൻ കാരണം ഇടതുപക്ഷം തന്നെയാണ്‌.

മാണിയുടെ ബജറ്റിനു എതിരേ മാന്യമായ തരത്തിലായിരുന്നു ഇടത്‌ പക്ഷം പ്രതികരിച്ചിരുന്നത്‌ എങ്കിൽ തീർച്ചയായും ചർച്ചയിൽ സജീവമായി നിൽക്കുക മാണിയുടെ അഴിമതിയും മൂപ്പർ അവതരിപ്പിക്കുന്ന ബജറ്റിന്റെ ധാർമ്മികതയും തന്നെ ആയിരുന്നു.
കാര്യം എന്തൊക്കെയായാലും മാണി തന്നെയാണല്ലോ ധനമന്ത്രി. അതുകൊണ്ട്‌ മൂപ്പർക്ക്‌ ബജറ്റ്‌ അവതരിപ്പിക്കാൻ ഉള്ള അവകാശം ഉണ്ട്‌. അത്‌ തടയാൻ ശ്രമിക്കുന്നതും മാന്യമായ രീതിയിൽ ആകണം. അതിനു ശ്രമിക്കാതെ സമരാഭാസങ്ങളും അക്രമങ്ങളും നടത്തി കോപ്രായങ്ങൾ കാട്ടിക്കൂട്ടുകയും, അക്രമം തടയാൻ ശ്രമിച്ച ഭരണപക്ഷ എം എൽ എ മാരെ സ്ത്രീ പീഡകരായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ സ്വയം അപഹാസ്യരാവുകയാണ്‌ ചെയ്യുന്നത്‌.

നിയമസഭയിൽ അത്ര പേരുടെയും ചാനലുകൾ ഉൾപ്പെടെയുള്ളവയുടേയും സാന്നിധ്യത്തിലും സ്ത്രീയെ പിടിച്ച്‌ കഴപ്പ്‌ മാറ്റാൻ മുട്ടി നിൽക്കുന്ന ഒരു എം എൽ എ പോലും 140 പേരിൽ ഉണ്ടാവില്ല എന്ന് സാമാന്യ ബോധം ഉള്ളവർക്ക്‌ മനസ്സിലാവും.
ആ സാമാന്യ ബോധത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ സമരം നടത്തുന്നവരെ തടയുന്നത്‌ സ്ത്രീപീഡനമായി ചിത്രീകരിക്കുന്നത്‌ അൽപ്പത്തവും കണ്ണടച്ച്‌ ഇരുട്ടാക്കലും ജാള്യത മറക്കലും അല്ലാതെ വേറെ എന്താണ്‌ ?

ഇടതുപക്ഷം മാണിയുടെ കയ്യിൽ നിന്നും കോഴവാങ്ങി അഴിമതി വിഷയം നിർജ്ജീവമാക്കാനുള്ള പൊറാട്ട്‌ നാടകമാണോ നിയമസഭയിൽ നടന്നത്‌ എന്ന്‌ വല്ലവരും സംശയിച്ചാ അവരെ കുറ്റം പറയാൻ കഴിയുമോ ?

ഇതൊക്കെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്‌ കൊണ്ട്‌ തന്നെയല്ലേ ഒരോ തിരഞ്ഞെടുപ്പിലും അവർ ശുഷ്ക്കിച്ച്‌ വരുന്നത്‌ ?

ഇടതുപക്ഷം ഇത്തരത്തിൽ കോപ്രായം നടത്തുന്നതാണ്‌ ജനകീയ സമരം എന്ന് വിശ്വസിക്കുന്നിടത്തോളം ഇത്തരം പ്രതികരണങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.
അതിപ്പൊ കമ്മ്യൂണിസ്റ്റ്‌ വിരോധം എന്നോ മാക്രി വിരോധം എന്നോ ഇനി വേറെ എന്ത്‌ ഓമനപ്പേരിട്ട്‌ വിളിച്ചാലും കുഴപ്പമില്ല.

എ കെ ജി സെന്ററിലും മൂലധനത്തിലും തല പണയം വെച്ചവരുടെ സർട്ടിഫിക്കറ്റുകൾ നേടുക എന്നതല്ലല്ലോ ജീവിത ലക്ഷ്യം !!

അബസ്വരം :
സമരം എന്നാൽ അക്രമം എന്നല്ല അർത്ഥം !


                                                                     506
                                                                     *****
17.03.2015
"നിയമസഭയിലെ സമരം പരാജയപ്പെട്ടെങ്കിലും സമരം നടത്താൻ ശ്രമിച്ചില്ലേ ? സമരം നടന്നത്‌ അക്രമം ആയതിൽ എന്താണ്‌ കുഴപ്പം ? മാണി ബജറ്റ്‌ അവതരിപ്പിക്കുമ്പോൾ പിന്നെ അറ്റൻഷൻ ആയി നിൽക്കുകയായിരുന്നോ വേണ്ടിയിരുന്നത്‌ ? പരീക്ഷക്ക്‌ തോറ്റു എന്ന് കരുതി കുട്ടിക്ക്‌ ബുദ്ധിയില്ല എന്ന്‌ ആകുമോ ? ബജറ്റ്‌ തടയാൻ ശ്രമിക്കാതിരിക്കുന്നതിലും നല്ലതല്ലേ ശ്രമിച്ച്‌ പരാജയപ്പെടുന്നത്‌ ??" - നിയമസഭയിൽ ഉണ്ടായ സംഭവങ്ങളിൽ ഇടതു പക്ഷത്തെ ന്യായീകരിച്ച്‌ ചിലർ ചോദിക്കുന്ന ചോദ്യങ്ങളാണ്‌ ഇത്‌.

ഇതിനെ കുറിച്ച്‌ നാം കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്‌.
ഒരു വിഷയത്തിൽ ഒരു സമരം നടക്കുമ്പോൾ ആ സമരവും, സമരരീതിയും തങ്ങൾ ഉദ്ദേശിച്ച കാര്യത്തിനു ഗുണമാണോ ദോഷമാണോ ചെയ്തത്‌ എന്ന് ചിന്തിക്കേണ്ടതല്ലേ?

മാണി കോഴ വിഷയത്തിലെ ഇടതൻസിന്റെ നിയമസഭാ അക്രമം കോഴ വിഷയം ജനങ്ങളുടെ മനസ്സിൽ നിന്ന് എടുത്ത്‌ കളഞ്ഞ്‌ അക്രമം ജനമനസ്സുകളിൽ നിറച്ചു എങ്കിൽ ആ സമരം കോഴ വിഷയത്തിൽ ദോഷമായി മാറുകതന്നെയല്ലേ ചെയ്യുന്നത്‌?

അപ്പോൾ സമരം അക്രമമായത്‌ സമര വിഷയത്തിനു കുഴപ്പമായി മാറുക തന്നെയല്ലേ ചെയ്യുന്നത്‌ ??

പുഴയിൽ വീണു മുങ്ങിക്കൊണ്ടിരിക്കുന്ന ആളെ രക്ഷിക്കാൻ നീന്തൽ അറിയാത്ത മറ്റൊരു ആളെ പിടിച്ച്‌ പുഴയിലേക്ക്‌ എടുത്ത്‌ എറിഞ്ഞാൽ എന്താണു ഉണ്ടാവുക ? ഗുണമോ ദോഷമോ ?

ഒരാൾ മുങ്ങി പോകേണ്ട സ്ഥാനത്ത്‌ രണ്ടാൾ മുങ്ങിക്കഴിയുമ്പോൾ രണ്ടാമനെ എറിഞ്ഞവൻ "അവനും മുങ്ങിയാലും ഞാൻ രക്ഷിക്കാൻ ശ്രമിച്ചില്ലേ ? അല്ലാതെ പിന്നെ ഞാൻ അറ്റൻഷൻ ആയി നിൽക്കണമായിരുന്നോ??" - എന്ന് ചോദിക്കുന്നത് വിഡ്ഢിത്തമല്ലേ ??

പരീക്ഷയിൽ തോറ്റവനെ ബുദ്ധി ഉള്ളവൻ എന്ന് വിളിക്കുന്നതിൽ അർത്ഥം ഇല്ലല്ലോ ?

"എനിക്ക്‌ ബുദ്ധിയുണ്ട്‌ എന്നാൽ ഞാൻ തെറ്റായ ഉത്തരം എഴുതിയതുകൊണ്ടാണ്‌ പരീക്ഷക്ക്‌ തോറ്റത്‌ എന്ന്‌ ഞാൻ സമ്മതിക്കില്ല. എന്നെ തോറ്റവൻ എന്ന് വിളിക്കാതെ ബുദ്ധിമാൻ എന്നും പരീക്ഷക്ക്‌ തെറ്റായ ഉത്തരം എഴുതാൻ ധീരത കാണിച്ച ധീരൻ എന്നും വിളിക്കണം, തോൽക്കാൻ ഞാനല്ല കാരണം പരീക്ഷയാണ്‌ " എന്നൊക്കെ തോറ്റവൻ പറഞ്ഞാൽ അത്‌ എത്രത്തോളം വിഡ്ഢിത്തമാണ്‌ എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?

ബജറ്റ്‌ തടയാൻ ശ്രമിക്കുന്നതിനെ ആരും എതിർക്കുന്നില്ല. എന്നാൽ അതും മാന്യമായ രീതിയിലാവണം. ഈ ബജറ്റ്‌ അവതരണത്തിൽ അക്രമം നടത്താതെ മാന്യമായ പ്രതിഷേധവും ആയിരുന്നു ഇടതൻസ്‌ നടത്തിയിരുന്നത്‌ എങ്കിൽ കോഴ ആരോപണം നേരിടുന്ന മാണി ബജറ്റ്‌ അവതരിപ്പിച്ചതിന്റെ ധാർമ്മികത തന്നെ ആയിരുന്നില്ലേ കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടാവുക ??

എന്നാൽ ആ അക്രമത്തോടെ അതാണോ സംഭവിച്ചത്‌ ??

കുട്ടി പരീക്ഷയിൽ തോറ്റതിനു പരീക്ഷയേയും തോറ്റതിനെ പറ്റി സംസാരിക്കുന്നവരേയും കുറ്റപ്പെടുത്തിയിട്ട്‌ എന്ത്‌ കാര്യം ??

അബസ്വരം :
കളിയിൽ തോറ്റതിനു കാണികളെ കുറ്റം പറഞ്ഞിട്ട്‌ എന്ത്‌ കാര്യം ??


                                                                     507
                                                                     *****
19.03.2015
"ഐ എസിന്റെ രൂപീകരണത്തിനും വളര്‍ച്ചക്കും കാരണം അമേരിക്കയുടെ ഇറാക്ക് അധിനിവേശം." - ബരാക്ക് ഒബാമ

അബസ്വരം :
ഒടുവില്‍ പിതൃത്വം സമ്മതിച്ചു അല്ലേ ? അച്ഛന്‍ ആണത്രേ അച്ഛന്‍ !!
ഇതുവരെ ഐ എസിന്റെ അച്ഛനെ കാണണം അച്ഛനെ കാണണം എന്ന് പറയുമ്പോള്‍ ഇസ്ലാമിനെ കാണിച്ച് തരുമായിരുന്നു തന്റെ കൂട്ടുകാരും നാട്ടുകാരും!!


                                                                     508
                                                                     *****
21.03.2015
ഐ സിന്റെ അക്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ "ഇതിനു പിന്നില്‍ അമേരിക്കയാണ്" എന്ന് പറഞ്ഞാല്‍ ചിലര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - "എല്ലാം അമേരിക്കയുടേയും ഇസ്രായേലിന്റേയും തലയില്‍ കെട്ടിവെക്കുകയാണല്ലേ ? പുതിയതൊന്നും പറയാന്‍ ഇല്ലേ ?"

ഒറ്റ നോട്ടത്തില്‍ ഈ ചോദ്യത്തില്‍ വാസ്തവമുണ്ട് എന്ന് ചിലര്‍ക്കെങ്കിലും തോന്നുകയും ചെയ്യും. ഇക്കാലം വരെ ഐ എസ് എന്ന സംഘടനയുടെ പിതൃത്വം ഇസ്ലാമിന്റെ തലയിലായിരുന്നല്ലോ !

എന്നാല്‍ കഴിഞ്ഞ ദിവസത്തെ ബരാക്ക് ഒബാമയുടെ പ്രസ്താവന വളരെ ശ്രദ്ധേയമാണ് - "ഐ എസിന്റെ രൂപീകരണത്തിനും വളര്‍ച്ചക്കും കാരണം അമേരിക്കയുടെ ഇറാക്ക് അധിനിവേശം." - എന്ന് ഒബാമ പോലും സമ്മതിച്ചിരിക്കുന്നു.

ഒബാമയുടെ ഈ പ്രസ്താവന വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഐ എസ് നടത്തുന്ന അക്രമങ്ങള്‍ വര്‍ണ്ണിക്കാന്‍ മണിക്കൂറുകള്‍ ചെലവൊഴിക്കുന്നവര്‍ പോലും, ഐ എസ് എന്ന ഭീകര സംഘടനയുടെ ഉത്ഭവത്തിന് കാരണം ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രമായ അമേരിക്കയാണ് എന്ന് അമേരിക്കയുടെ പ്രസിഡന്റ് തുറന്ന് സമ്മതിക്കുമ്പോള്‍ അത് എന്തുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങളും, സോഷ്യല്‍ മീഡിയകളും വേണ്ടത്ര ചര്‍ച്ച ചെയ്യാതെ പോകുന്നത് ??

അബസ്വരം :
അമേരിക്കയും അവരുടെ ഓശാനപാട്ടുകാരും വിചാരിച്ചാല്‍ എന്നന്നേക്കുമായി മറച്ചുവെക്കാന്‍ കഴിയുന്നതല്ല സത്യങ്ങള്‍ !!


                                                                     509
                                                                     *****
22.03.2015
സ്ത്രീകള്‍ അവിടെ പിടിച്ചതും, മറ്റേടത്ത് തലോടിയതും, കോണകം അഴിച്ച് കാണിച്ചതും ഒക്കെ എഴുതിയാല്‍ അതിന് തുറന്നെഴുത്ത്, ഉദാത്ത സാഹിത്യം, അഭിനവ കമലാസുരയ്യ തുടങ്ങിയ പട്ടങ്ങള്‍. എന്നാല്‍ ഇതേ പോലെ പുരുഷന്മാര്‍ എഴുതിയാല്‍ അതിന് അശ്ലീലം, മുത്തുച്ചിപ്പി സാഹിത്യം, കൂത്തറ തുടങ്ങിയ പട്ടങ്ങള്‍ !!

എന്താ അതിന്റെ ഒരു ഇത് എന്ന് മനസ്സിലാവുന്നില്ല !!

അബസ്വരം :
പുരുഷന്മാരുടെ അശ്ലീല വരികളേക്കാള്‍ എന്ത് മഹത്വമാണ് സ്ത്രീകളുടെ അശ്ലീല വരികള്‍ക്ക് ഉള്ളത് ?


                                                                     510
                                                                     *****
22.03.2015
ഹഹഹഹ... കൈരളി ചാനലില്‍ വാവ സുരേഷിനെക്കൊണ്ട് പാമ്പിനെ പിടിച്ച് "പാമ്പ്‌പിടുത്തത്തില്‍ നിന്നും രാജിവെക്കില്ല" എന്ന് സത്യം ചെയ്യിക്കല്‍ നടക്കുന്നു. "ഇടയില്‍ വല്ലവരും വല്ലതും പറയുന്നത് കേട്ട് വിരമിക്കണോ?" മോഡല്‍ ഗമണ്ടനുകളും അവതാരകന്‍ പൂശുന്നു.

മാണിച്ചായന്റെ കാര്യത്തിലും "ഇടയില്‍ വല്ലവരും വല്ലതും പറയുന്നത് കേട്ട് വിരമിക്കണോ?" എന്ന സിദ്ധാന്തം കൈരളി സ്വീകരിക്കുമോ ആവോ ??

ഇവന്മാര് ചിരിപ്പിച്ച് കൊല്ലും !!

അബസ്വരം :

കൈരളി - പാമ്പുകളുടെ ആത്മാവിഷ്ക്കാരം !!

                                                                     511
                                                                     *****
23.03.2015
സ്വന്തം ബധിരത മറ്റുള്ളവരുടെ മൗനമാണെന്ന് വ്യാഖ്യാനിക്കുന്നവരാണ്‌ ഇന്നുകളിൽ ഭൂരിപക്ഷവും !!

അബസ്വരം :
സ്വന്തം ചെവിയുടെ കുഴപ്പത്തിനു അന്യന്റെ നാവിനെ പഴിച്ചിട്ട്‌ എന്ത്‌ കാര്യം !

                                                                     512
                                                                     *****
24.03.2015
എഷ്യാനെറ്റിൽ ക്രിക്കറ്റിനു നൽകുന്ന മലയാളം കമന്ററിയേക്കാൾ എത്രയോ മികച്ച കോമ്പിനേഷൻ ആണ്‌ ഹലുവയും മത്തിക്കറിയും !!

അബസ്വരം :
ടെലിവിഷനിൽ മ്യൂട്ട്‌ ബട്ടൻ ഉണ്ടാക്കിയവനേ നിനക്ക്‌ നന്ദി !!


                                                                     513
                                                                     *****
26.03.2015
അഴിമതി നടത്തിയെന്ന് ബി ജെ പി തന്നെ ആരോപണം ഉന്നയിച്ച മാണിയെ ബി ജെ പി തന്നെ പിടിച്ച് ചരക്ക് സേവന നികുതി ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായി നിയമിച്ചിരിക്കുന്നു !!

ഇതെന്ത് പണിയാണ് സംഘികളേ ??

ഒരേ സമയം മാണിയെ കള്ളന്‍ എന്ന് വിളിക്കുകയും, അതേ സമയം മാണിയുടെ കയ്യില്‍ താക്കോല്‍ കൊടുക്കുകയും ചെയ്യുന്ന ആ ആര്‍ഷ ഫാരത സിദ്ധാന്തത്തിന്റെ ഗുട്ടന്‍സ്‌ മനസ്സിലാവുന്നില്ല !!

അബസ്വരം :
ഈ സ്ഥാനം മാണിക്ക് കൊടുക്കാന്‍ മാണിയുടെ കയ്യില്‍ നിന്ന് എത്ര വാങ്ങി സംഘികളേ ??

                                                                     514
                                                                     *****
26.03.2015
ഇക്കണക്കിനു പോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ ടി.സിദ്ദീഖിനു എതിരെ ഇടതുപക്ഷം നസീമ താത്തയെ മൽസരിപ്പിക്കുന്നത്‌ കാണേണ്ടി വരും.

അബസ്വരം :
സോഷ്യൽ മീഡിയ ഏറ്റെടുക്കുന്ന ഓരോരോ വിഷയങ്ങളേയ്‌ ! കഷ്ടം !!

                                                                     515
                                                                     *****
26.03.2015
കുറച്ച്‌ ഗോമൂത്രം കുടിപ്പിച്ച്‌ വിട്ടാൽ ചെക്കന്മാർ തകർത്തേനെ !!

ഇനി ഫൈനൽ നടക്കുമ്പോൾ ഇന്ത്യക്കാർക്കും പാക്കിസ്ഥാനികൾക്കും ഒന്നിച്ചിരുന്ന്‌ ന്യൂസിലാന്റിനു ജയ്‌ വിളിക്കാം.

അബസ്വരം :
ലോകക്കപ്പ്‌ തുടങ്ങുമ്പോൾ മോഡ്യാക്ക ഏഷ്യൻ രാജ്യങ്ങൾക്ക്‌ ആശംസ അറിയിച്ചപ്പോൾ തന്നെ വിചാരിച്ചതാ ഒരു ഏഷ്യൻ രാജ്യവും ഫൈനലിൽ എത്തൂലാന്ന്.

ഇത്‌ പോലത്തെ ആശംസ ഇനി സ്റ്റോക്ക്‌ ഉണ്ടോ ആവോ ?


                                                                     516
                                                                     *****
26.03.2015
കളി തോറ്റ സ്ഥിതിക്ക്‌ ആസ്ത്രേലിയക്ക്‌ എതിരേ ഒരു സ്ത്രീ പീഡന ആരോപണം അങ്ങണ്ട്‌ കാച്ചിയാലോ ? അനുഷ്ക്കയെ ക്ലർക്ക്‌ കണ്ണടിച്ചു കാണിച്ചു എന്നോ ഗാലറിയിലേക്ക്‌ കയറുമ്പോൾ ആസ്ത്രേലിയക്കാരൻ തോണ്ടി എന്നോ കാച്ചി അതു കണ്ടത്‌ കൊണ്ടാണ്‌ കൊഹ്‌ലിയുടെ കോൺസന്‍ട്രേഷൻ പോയത്‌ എന്നും അതിന്റെ ദേഷ്യം തീർക്കാനാണ്‌ വിക്കറ്റ്‌ വലിച്ചെറിഞ്ഞത്‌ വെച്ച്‌ കാച്ചിയാൽ സംഭവം ഓക്കെയാവും.

അബസ്വരം :
ആസ്ത്രേലിയൻ ടീമിൽ കുറച്ച്‌ നല്ല കളിക്കാർ വന്നിട്ടുണ്ട്‌. അവരെ വല്ല പേണ്ണ്‌ കേസിലും കുടുക്കി നാറ്റിച്ച്‌ ആളുകൾ അവരെ കാണുമ്പോൾ കാർക്കിച്ച്‌ തുപ്പുന്ന അവസ്ഥയിൽ എത്തിക്കണം എന്നാണത്രേ ഇന്ത്യൻ ടീമിന്റെ ബുദ്ധി ജീവി പറയുന്നത്‌!

                                                                     517
                                                                     *****
29.03.2015
അഴിമതിയുടെ ഭാണ്ഡം ചുമന്ന് നില്‍ക്കുന്ന ശ്രീനിവാസനില്‍ നിന്നും കപ്പ്‌ വാങ്ങേണ്ടി വന്നത് ആസ്ത്രേലിയയുടെ ഗതികേടാണ്.

ക്രിക്കറ്റില്‍ അഴിമതിക്കാരാണ് കപ്പ്‌ നല്‍കാന്‍ യോഗ്യര്‍ എന്ന് പറയാതെ പറയുക തന്നെയല്ലേ ഒരു അഴിമതിക്കാരനെ കൊണ്ട് ഈ കപ്പ്‌ നല്‍കിക്കുക വഴി ഐ സി സി ചെയ്യുന്നത് ?

സത്യം പറഞ്ഞാല്‍ ശ്രീനിവാസനില്‍ നിന്നും കപ്പ്‌ വാങ്ങാതിരിക്കാന്‍ ഭാഗ്യമുണ്ടായ ന്യൂസിലാന്റ് ആണ് ഇന്നത്തെ യഥാര്‍ത്ഥ വിജയികള്‍ !!

അബസ്വരം :
കപ്പ്‌ തിരിച്ച് കൊടുക്കുമ്പോള്‍ പരമാവധി നാറ്റിച്ച് നല്‍കി ആര്‍ഷ ഭാരത 'പാര'മ്പര്യം കാത്ത് സൂക്ഷിക്കാന്‍ പ്രയത്നിച്ച ഏവര്‍ക്കും അഭിവാദ്യങ്ങള്‍ !


                                                                     518
                                                                     *****
02.04.2015
സർക്കാർ ഓഫീസുകൾ പെരുന്നാൾ, ക്രിസ്തുമസ്‌, ഓണം, വിഷു, ശിവരാത്രി, ദീപാവലി മുതലായ വിശ്വാസപരവും, മതപരവുമായ ആഘോഷങ്ങൾക്ക്‌ അവധി നൽകുന്നത്‌ നിർത്തലാക്കണം. എന്നിട്ട്‌ അങ്ങിനെ വരുന്ന ദിവസങ്ങളുടെ എണ്ണം കൂടി ശമ്പളത്തോടെ എടുക്കാൻ കഴിയുന്ന അവധികളുടെ എണ്ണത്തിൽ വർദ്ധിപ്പിച്ചു കൊടുക്കണം.

ആ ദിനങ്ങളിൽ അവധി വേണം എന്നുള്ളവർക്ക്‌ ശമ്പളം നഷ്ടപ്പെടാതെ തന്നെ അവധി എടുക്കുകയും, മറ്റുള്ളവർക്ക്‌ ആ അവധികൾ തങ്ങളുടെ സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച്‌ ഉപയോഗപ്പെടുത്തുകയും ചെയ്യാമല്ലൊ. മാത്രമല്ല അതുവഴി സർക്കാർ ഓഫീസുകൾ അടച്ചിടുന്നത്‌ കുറക്കുകയും പൊതുജനങ്ങൾക്ക്‌ ഓഫീസ്‌ കാര്യങ്ങൾ ചെയ്യാൻ കൂടുതൽ സൗകര്യം ലഭിക്കുകയും ചെയ്യും.

അബസ്വരം :
ഇന്നും നാളേയും അവധി ആണത്രേ !
ഇനി 'ആ കാര്യം' നടക്കാൻ മിനിമം ശനിയാഴ്ച ആവണം !!
കലിപ്പായ സ്വാഹാ !!

                                                                     519
                                                                     *****
03.04.2015
ഇനി പൊങ്കാല മുനവ്വറലിയുടെ നെഞ്ചത്തേക്ക്‌ !!

അബസ്വരം :
പാർട്ടിക്ക്‌ പൊരുത്തമില്ലാത്ത പോസ്റ്റ്‌ ഇനി ഇടാൻ തോന്നിക്കാതിരിക്കട്ടേ !!

                                                                     520
                                                                     *****
04.04.2015
അങ്ങിനെ മുനവ്വറലി ശിഹാബ്‌ തങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ തന്റെ പിതാവിനു പൊരുത്തമില്ലാത്ത ആളെ പിടിച്ച്‌ രാജ്യസഭാ സ്ഥാനാർത്ഥിയാക്കി.

ഒരിക്കൽകൂടി ലീഗ്‌ നേതൃത്വം അണികളുടെ വികാരം പണത്തിന്റെ വികാരത്തിനു മുന്നിൽ അടിയറ വെച്ചു.

എന്തായാലും പാണക്കാട്ട്‌ കുടുംബത്തിൽ തന്നെ ഈ വിഷയത്തിൽ ഉള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു എന്നതും, വഹാബിനെ പിടിച്ച്‌ പണ്ട്‌ രാജ്യസഭയിലേക്ക്‌ അയച്ചത്‌ ശിഹാബ്‌ തങ്ങൾ പോലും തെറ്റായി കണ്ടിരുന്നു എന്ന വസ്തുതയും പൊതുജനങ്ങൾ അറിഞ്ഞു എന്നതും ആണ്‌ ഈ സംഭവ വികാസങ്ങളുടെ പ്രധാന ഔട്ട്‌പുട്ട്‌.

അബസ്വരം :

സുക്കൂറേ, ബസീറേ ഇഞ്ഞ്‌ അതൊന്നും ബല്യ ഇഷ്യൂ ആക്കണ്ട.
ബേഗം ബിരിയാണി ചെമ്പ്‌ പൊട്ടിച്ചാ....

                                                                     521
                                                                     *****
16.04.2015
ഇന്നലെ വൈകുന്നേരം റിപ്പോർട്ടർ ചാനലിൽ ഒരു ബ്യൂട്ടി ഷോപ്പിന്റെ ഉൽഘാടനത്തിന്റെ ടെലിക്കാസ്റ്റ്‌ ഉണ്ടായിരുന്നു.

അതിൽ അവതാരക മംഗ്ലീഷിൽ വെച്ച്‌ കീച്ചുകയാണ്‌ - "ലോകത്തിലെ എറ്റവും മികച്ച രണ്ടാമത്തെ സുന്ദരിയായ പാർവ്വതി ഓമനകുട്ടൻ ഉടനെ ഇവിടെ എത്തുന്നതാണ്‌."

ഇത്‌ കേട്ടപ്പോൾ ഞാൻ തലപുകച്ചു. രണ്ടാമത്തേത്ത്‌ പാർവ്വതി ആണെങ്കിൽ പിന്നെ ആദ്യത്തേത്‌ ആരാവും എന്നറിയാൻ !!

വൈകാതെ എന്റെ തലമണ്ട അതിനുള്ള ഉത്തരം തന്നു. " എടാ പൊട്ടൻ ക്ണാപ്പാ, ഒരു പെമ്പറന്നോൾ ആണ്‌ പറയുന്നത്‌ ലോകത്തിലെ രണ്ടാമത്തെ മികച്ച സുന്ദരി പാറു ആണെന്ന്. അപ്പോൾ ഒന്നാമത്തേത്‌ ആരാണ്‌ എന്ന് ചിന്തിച്ചിച്ച്‌ ഇജ്ജ്‌ തലപുകക്കാൻ പാടുണ്ടോ ? അത്‌ ആ അനൗൺസ്‌ നടത്തുന്നവൾ തന്നെ !!"

അബസ്വരം :
ഇവറ്റകളുടെ ഒക്കെ ഒരു കാര്യം !!

                                                                     522
                                                                     *****
19.04.2015
പ്രകാശ്‌ കാരാട്ട്‌ അന്ത്യകർമ്മങ്ങൾ നടത്തി ശവമഞ്ചത്തിലാക്കിയ പാർട്ടിയുടെ പതിനാറടിയന്തരം കഴിക്കാൻ ഭാഗ്യം ലഭിച്ച സീതാറാം യെച്ചൂരിക്ക്‌ അഭിവാദ്യങ്ങൾ.

അബസ്വരം :
ഡിങ്കിലാബ്‌ കുന്താബാദ്‌ !!

                                                                     523
                                                                     *****
21.04.2015
തോല്‍ക്കാന്‍ യോഗ്യതയുള്ളവനെ പോലും പിടിച്ച് പാസാക്കി പത്താംക്ലാസിന്റെ വിജയശതമാനം കൂട്ടുന്നതാണ് വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ലക്ഷണം എന്ന് ഏത് ഹംക്ക് ആടാ നിന്നെയൊക്കെ പഠിപ്പിച്ചത് ?

അബസ്വരം :
98% പേരും പിടിച്ച ആ കുറുക്കന് പിടി കൊടുക്കാതെ പോയ ആ 2% വിദ്യാര്‍ഥികളേ നിങ്ങള്‍ക്ക് അബസ്വരാഭിനന്ദനങ്ങള്‍ !! അഭിവാദ്യങ്ങള്‍ !!!

                                                                     524
                                                                     *****
21.04.2015
എസ്‌ എസ്‌ എൽ സി പരീക്ഷക്ക്‌ കൂട്ടപ്പാസ്‌ നൽകുന്നതിനു പിന്നിലെ ഗുട്ടൻസ്‌ മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.

എന്റെ ടി സി കിട്ടി ബോധിച്ചു - എന്ന്‌ മലയാളത്തിൽ അക്ഷരതെറ്റ്‌ ഇല്ലാതെ എഴുതാൻ കഴിയാത്തവർ പോലും പാസായത്‌ നേരിട്ട്‌ അറിയാവുന്നതാണ്‌.

പിന്നെ ഇന്ന് പാസായ ചില കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞത്‌ പോലും തീരെ പഠിക്കാത്ത അവനൊക്കെ എങ്ങനെ പാസായി എന്നതാണ്‌.

98% കുട്ടികളേം പാസാക്കാൻ കാരണം അവരുടെ യോഗ്യത മാത്രമല്ല. വിദ്യാഭ്യാസ കച്ചവടം നടക്കാനും സ്വാശ്രയ കോളേജുകൾ നിറയാനും ഇങ്ങിനെ ഒരുപാട്‌ പേർ പാസാകണം എന്ന് സർക്കാരിന് നന്നായി അറിയാം.

കേരളത്തിൽ പതിനായിരത്തോളം എന്‍ജിനീറിംഗ്‌ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതും കൂടി കൂട്ടി വായിച്ചാൽ ഈ കൂട്ടപ്പാസിന്റെ ഗുട്ടൻസ്‌ മനസ്സിലാവും.

പ്രവേശന പരീക്ഷയിൽ നെഗറ്റിവ്‌ മാർക്ക്‌ നേടിയവർക്ക്‌ പോലും എന്‍ജിനീറിംഗ്‌ കോളേജിൽ പ്രവേശനം നൽകാം എന്ന വിവാദ ഉത്തരവ്‌ ഇറക്കിയവരാണ്‌ ഇവിടത്തെ വിദ്യാഭ്യാസ പണ്ഡിതർ.

നിലവാരമില്ലാത്ത വിദ്യാഭ്യാസ കച്ചവടത്തിനുള്ള വഴിയൊരുക്കലാണ്‌ ഈ കൂട്ടപ്പാസ്‌.

അബസ്വരം :
നാട്ടുകാരേയും വിദ്യാർത്ഥികളേയൂം ഒരുപോലെ മധുരം പൊതിഞ്ഞ്‌ പൊട്ടന്മാരാക്കാം എന്ന് തെളിയിച്ച വിദ്യാഭ്യാസ വകുപ്പിന്‌ അഭിവാദ്യങ്ങൾ !!

                                                                     525
                                                                     *****
22.04.2015
യാത്രക്കിടയിൽ ബി ജെ പിയുടെ ഒരു പരസ്യ ഫ്ലെക്സ്‌ കണ്ടു.

സ്മൃതി ഇറാനി അൽപ്പം നാണത്തോടെ പുഞ്ചിരിച്ച്‌ നിൽക്കുന്ന ഒരു ഫോട്ടോ !!

അതിന്റെ അടിയിൽ "മിസ്സ്ഡ്‌ കാൾ അടിക്കൂ" എന്ന് എഴുതി മറ്റേ ആളെ ചേർക്കാനുള്ള മൊബെയിൽ നമ്പറും !!

ആകെ മൊത്തം ടോട്ടൽ കണ്ടാൽ ആരും ഒന്ന് മിസ്സ്ഡ്‌ കാൾ അടിച്ചു പോകും !!

അതോടെ പാർട്ടീലെ അംഗങ്ങളുടെ എണ്ണവും കുതിച്ചുയരും !!!

അബസ്വരം :
ആർഷ ഫാരത മണ്ട പോകുന്ന പോക്കേയ്‌ !!

                                                                     526
                                                                     *****
23.04.2015
ഓൺലൈനിൽ ഉള്ള എഴുത്തുകാർ അസഹിഷ്ണുക്കൾ ആണ്‌ എന്നും മുഖ്യധാര എഴുത്തുകാർ നല്ല സഹിഷ്ണുക്കൾ ആണ്‌ എന്നും വല്ലവരും കരുതുന്നുണ്ട്‌ എങ്കിൽ അവരെ പമ്പര വിഡ്ഢികൾ എന്ന് വിളിക്കേണ്ടി വരും.

ഓൺലൈനിൽ അഭിപ്രായ പ്രകടനവും വിമർശനവും മറുപടിയും എല്ലാം പറയുക എന്നത്‌ വളരെ നിഷ്‌ പ്രയാസം സാധിക്കുന്ന ഒന്നാണ്‌. എന്നാൽ മുഖ്യധാരയിൽ ഇത്‌ അത്ര എളുപ്പം സാധ്യമല്ല. അവർക്ക്‌ വല്ല പത്രങ്ങളേയോ ചാനലുകളേയോ അല്ലെങ്കിൽ മറ്റു പൊതുപരിപാടികളേയോ ഒക്കെ ഇതിനായി ആശ്രയിക്കേണ്ടി വരും. അത്തരം പത്രങ്ങളുടെയോ ചാനലുകളുടേയൊ ഒക്കെ എഡിറ്റിംഗും സെൻസറിങ്ങും ഇത്തരം വാർത്തകൾ പൊതുജനങ്ങളിലേക്ക്‌ എത്തുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്യും.

എന്നാൽ ഓൺലൈൻ ഇടങ്ങളിൽ ഇത്തരം എഡിറ്റിങ്ങോ മാധ്യമങ്ങളുടെ അനുമതിക്കായുള്ള കാത്തുനിൽപ്പോ ആവശ്യമില്ല.

സുകുമാർ അഴീക്കോടും പത്മനാഭനും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ ഒക്കെ മുഖ്യധാരാ അസഹിഷ്ണുതയുടെ ഉദാഹരണങ്ങൾ അല്ലേ ?

യേശുദാസിന്റെ പാട്ടുകളുമായി ബന്ധപ്പെട്ട റോയൽറ്റി സംഭവങ്ങളും വിനയൻ തിലകൻ തുടങ്ങിയവരുടെ വിലക്കുകളും എല്ലാം സർഗ്ഗാത്മകത ഉള്ളവരുടെ ഓഫ്‌ലൈൻ അസഹിഷ്ണുത തന്നെ അല്ലേ വെളിവാക്കുന്നത്‌ ??

മുഖ്യധാരന്മാരായി അറിയപ്പെടുന്ന പലർക്കും ഇന്നത്തെ ഓൺലൈൻ സാങ്കേതിക വിദ്യയിൽ കൂടുതൽ അറിവില്ല എന്നത്‌ അവരെ ഓൺലൈനിൽ വരുന്നതിൽ നിന്നും അകറ്റി നിർത്തുന്നു. ചില മുഖ്യധാര ബുജികൾ ഓൺലൈനിനെ കാണുന്നത്‌ പുഛത്തോടേയാണ്‌. ഓൺലൈനിൽ ഇടപെട്ടാൽ അത്‌ തങ്ങളുടെ തറവാടിനും മുഖ്യധാരക്കും ഇടിവുണ്ടാക്കും എന്ന തെറ്റിധാരണയും ഉള്ളവാരാണ്‌ ഇത്തരക്കാർ.

ഓഫ്‌ലൈനിൽ ഉള്ള മുഖ്യധാരന്മാർക്ക്‌ അവരുടെ അസഹിഷ്ണുത കാണിക്കാൻ ഒന്ന് അവസരം ലഭിച്ചാൽ കാണാം അവരുടെ തനി നിറം !!

സ്നേഹത്തെ കുറിച്ചും മറ്റും എഴുതുന്ന മഹാന്മാരായി അറിയപ്പെടുന്ന പല മുഖ്യധാര സാഹിത്യകാരന്മാരും അവരുടെ വീട്ടിലേക്ക്‌ നമ്മൾ ചെന്നാൽ ഒരു പട്ടി വന്ന വില പോലും കൽപ്പിക്കാത്തവരും എയർ പിടുത്തം വിടാത്തവരും ആണ്‌.

എന്നാൽ ഓൺലൈനിൽ പരസ്പരം തർക്കിക്കുകയും വിമർശിക്കുകയും ചെയ്യുന്നവർ ഓഫ്‌ലൈനിൽ കണ്ടുമുട്ടിയാൽ ഇതല്ല സംഭവിക്കുക. അവിടെ തർക്കങ്ങളോ അസഹിഷ്ണുതയോ എയർ പിടുത്തമോ അല്ല ഉണ്ടാവുക. അവിടെ അവർ തമ്മിൽ ഉള്ള ഒരു ആത്മബന്ധം കാണാൻ കഴിയും.

ഓൺലൈനിന്റെ സാധ്യതകളും ഓഫ്‌ലൈൻ അഥവാ മുഖ്യധാര എന്ന് വിളിക്കുന്നതിന്റെ പരിമിതിയും തിരിച്ചറിയാനുള്ള വിവേകം ഇല്ലാത്തവരാണ്‌ ഓൺലൈനിന്റെ അസഹിഷ്ണുതയെ കുറിച്ചും മുഖ്യധാരയുടെ സഹിഷ്ണുതയെ കുറിച്ചും വാചാലമാകുന്നത്‌ !!

അബസ്വരം :
എഴുത്തിനേയും അക്ഷരങ്ങളേയും മുഖ്യധാര, മുക്കാത്ത ധാര എന്നൊക്കെ പറഞ്ഞു തരം തിരിക്കുന്നവരാണ്‌ യഥാർത്ഥ അക്ഷര വിരോധികൾ.
അക്ഷരങ്ങൾ പാറിപ്പറക്കട്ടെ. ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത്‌ വായിക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ !!

അതല്ലാതെ ഈ മുക്കിയ ധാര പരിപാവനമായി ഉണ്ടായ എന്തോ ഒരു കിണ്ണാങ്ക്രിതി ആണെന്ന് കരുതുന്നതിൽ എന്തർത്ഥം ??

                                                                     527
                                                                     *****
26.04.2015
ആദ്യം മ്മള്‍ വിചാരിച്ചു "പ്രമുഖ" എന്ന് പേരുള്ള ഒരു നടി ഉണ്ട് എന്ന്.
പല നടിമാരുടേയും പേര് ആ കോലത്തില്‍ ആണല്ലോ !!

പിന്നെയാണ് മനസ്സിലായത് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ചില നാറികള്‍ തങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് തെണ്ടിത്തരം ചെയ്യുന്ന പലര്‍ക്കും അവരുടെ വെറുപ്പ് സമ്പാദിക്കാതിരിക്കാന്‍ നല്‍കുന്ന ഓമനപ്പേരാണ് "പ്രമുഖ" എന്നത്.

അബസ്വരം :
അല്ലങ്കിലും പണത്തിനായി ആരാന്റെ കുടുംബ ജീവിതം ചാനലില്‍ ഇരുന്ന് നാട്ടുകാരെ കാണിച്ച് കീറി പറിക്കുകയും, വല്യ വല്യ ഉപദേശങ്ങള്‍ നല്‍കി എന്ന് വരുത്തുകയും ചെയ്യുന്നവരില്‍ നിന്ന് തറവാടിത്തം പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ അല്ലേ "പ്രമുഖ" നടി ച്യാച്ചീ !!

                                                                     528
                                                                     *****
01.05.2015
ജോസഫ്‌ മാഷ്‌ ആ ചോദ്യം ഉണ്ടാക്കിയത്‌ മുസ്ലിങ്ങൾക്ക്‌ ഇട്ട്‌ ഒന്നു താങ്ങാനാണ്‌ എന്ന് ഉറപ്പാണ്‌.

അതിനു മറ്റു വ്യാഖ്യാനങ്ങൾ ചമക്കുന്നവർ ചെയ്യുന്നത്‌ കണ്ണടച്ച്‌ ഇരുട്ടാക്കാൻ ശ്രമിക്കുകയുമാണ്‌ ചെയ്യുന്നത്‌.

എന്നാൽ അതിനെതിരെ പ്രതികരിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഒരുപാട്‌ ഉണ്ടായിരുന്നു. കൈ വെട്ടുക എന്ന നീച കർമ്മത്തിലൂടെ വില്ലനാക്കേണ്ടവനെ പിടിച്ച്‌ ഹീറോ ആക്കുകയാണ്‌ ചില മണകുണാഞ്ചന്മാർ ചെയ്തത്‌.

അബസ്വരം :
വില്ലനെ ഹീറോ ആക്കിയിട്ട്‌ നീയൊക്കെ എന്ത്‌ നേടി കൈവട്ടുകാരേ ??

                                                                     529
                                                                     *****
02.05.2015
തുണിക്കടകളുടെ പരസ്യങ്ങളിൽ സ്ഥിരമായി കാണുന്ന വാക്കുകളാണ്‌ - "വിലക്കുറവ്‌, ഗുണമേന്മ, സെലക്ഷൻ" - എന്നിവ.

ഇത്‌ കാണുമ്പോൾ മനസ്സിൽ ഉയരുന്ന ഒരു സംശയം ഉണ്ട്‌.

വിലക്കുറവ്‌, ഗുണമേന്മ എന്നിവ മലയാളത്തിൽ പറഞ്ഞ്‌ പിന്നെ എന്തിനാണ്‌ സെലക്ഷൻ എന്ന ഇംഗ്ലീഷ്‌ വാക്ക്‌ ഉപയോഗിക്കുന്നത്‌ എന്ന തംസയം !!

ഒന്നുകിൽ ഇതിനു മൂന്നിനും ഇംഗ്ലീഷ്‌ വാക്ക്‌ ഉപയോഗിക്കുക. അല്ലെങ്കിൽ മൂന്നും മലയാളം ആക്കുക. അതല്ലേ അതിന്റെ ഒരു ഇത്‌ !!

ഈ പ്രയോഗം കാണുമ്പോൾ പോക്കര്‌, കാദറ്‌, കേറ്റ്‌ വിൻസ്‌ ലെറ്റ്‌ എന്ന്‌ ഒന്നിച്ച്‌ പറയുമ്പോൾ തോന്നുന്ന ഒരു ഡിങ്ക്രിതി അനുഭവപ്പെടുന്നു !!

അബസ്വരം :
മ്മക്കും ഫുദ്ധി ജന്തു ആവാൻ പറ്റുമോ ന്ന് നോക്കട്ടെ !!

                                                                     530
                                                                     *****
02.05.2015
Mrs എന്ന് എഴുതിയത്‌ മിസ്സിസ്‌ എന്ന് വായിക്കേണ്ടതിനു പകരം എം. ആർ. എസ്‌ എന്ന് വായിച്ച പ്രധാനമന്ത്രിയുടെ ഭക്തർ, രാഹുലിന്റെ പകർത്തി എഴുത്തിനെ കളിയാക്കുന്നത്‌ കാണുമ്പോൾ ഒരു വിരൽ ഇല്ലാത്തവനെ കയ്യില്ലാത്തവൻ കളിയാക്കുന്നതാണ്‌ ഓർമ്മയിലേക്ക്‌ വരുന്നത്‌ !!

അബസ്വരം :
രാഹുൽ നോക്കി എഴുതരുത്‌ എന്ന് പറയാൻ അത്‌ പരീക്ഷയൊന്നും ആയിരുന്നില്ലല്ലോ!!

                                                                     531
                                                                     *****

04.05.2015
എവിടെയെങ്കിലും ഒരു ദുരന്തം ഉണ്ടായിട്ട്‌ വേണം അതൊന്ന് ട്വീറ്റ്‌ ചെയ്ത്‌ ആഘോഷിക്കാനും, ഇരകളെ സഹായിച്ചെന്ന് വരുത്തി പബ്ലിസിറ്റി നേടാനും എന്ന് കരുതി നടക്കുന്ന ഭരണകർത്താവ്‌ ഇന്ത്യയിലല്ലാതെ വേറെ ഒരിടത്തും ഉണ്ടാവുകയില്ല.

ഭാരത സംസ്കാരം, പൈതൃകം എന്നൊക്കെ പുട്ടിൽ തേങ്ങ ഇടുന്ന പോലെ ഗമണ്ടൻ അടിക്കുന്നവർ, ദുരന്തങ്ങളിൽ നാലാം കിട മുതലെടുപ്പ്‌ നടത്തി മോടി കൂട്ടാൻ ശ്രമിക്കുമ്പോൾ മറ്റു രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യ എന്ന രാഷ്ട്രമാണ്‌ അപമാനിതമാവുന്നത്‌ എന്ന് മഹാന്മാരായ "രാഷ്യ സ്നേഹികൾ" ഓർക്കുന്നത്‌ നന്നായിരിക്കും.

അബസ്വരം :

നേപ്പാളികളെക്കൊണ്ട്‌ ഇന്ത്യക്കാരെ എരപ്പാളികൾ എന്ന് വിളിപ്പിക്കരുത്‌.

                                                                     532
                                                                     *****
05.05.2015
പി.സി.ജോർജ്ജിനോടുള്ള സകല ബഹുമാനവും ആ പിരിവുസ്താദിന്റെ കൈയ്യിലെ കിസ്സടിയോടെ തീർന്നു.

അബസ്വരം :
ഇതൊരു പൂഞ്ഞാറിലെ പരിപാടിയായി പോയല്ലോ എക്സ്‌ വിപ്പേ !

                                                                     533
                                                                     *****
07.05.2015
മ്മടെ ആയുസ്സിൽ നിന്ന് ഒരു വർഷം കൂടി നഷ്ടമായതിൽ സന്തോഷം രേഖപ്പെടുത്തുകയും ആശംസകൾ അറിയിക്കുകയും ചെയ്ത എല്ലാ പ്രിയർക്കും നന്ദി.

മ്മടെ കയ്യിൽ നിന്നും ഒരു വർഷം കൂടി പോയ വിവരം എല്ലാവരേയും അറിയിക്കുന്നതിൽ നിതാന്ത ജാഗ്രത പുലർത്തിയ സുക്കറണ്ണൻ ജി, ജി മെയിൽ ജി എന്നിവർക്ക്‌ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

മറ്റു തിരക്കുകളാൽ ഈ വിഷയം അന്താരാഷ്ട്ര ചർച്ചാ വിഷയമാക്കാൻ കഴിയാതിരുന്ന ബി ബി സി, സി എൻ എൻ, മറുനാടൻ മലയാളി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾക്കുണ്ടായ മനോവേദനയിൽ ഞാനും പങ്കുചേരുന്നു.

വിദേശ യാത്രാ തിരക്കിൽ ആശംസ ട്വീറ്റ്‌ ചെയ്യാൻ മറന്ന മോഡി ജി, കൈ മുത്തൽ തിരക്കിൽ ആശംസാ പ്രസ്താവന ഇറക്കാൻ മറന്ന പി.സി.ജോർജ്ജ്‌ ജി, നോട്ടെണ്ണൽ തിരക്കിൽ പെട്ടുപോയതിനാൽ മാത്രം ഈ ദിനം ഓർക്കാൻ കഴിയാതെ പോയ മാണി ജി, ബാബു ജി, അഴിമതി വിരുദ്ധ തിരക്കിൽപ്പെട്ട ബാലകൃഷ്ണ പിള്ള ജി, എസ്‌ എസ്‌ എൽ സി പാസായവരിൽ അക്ഷരമാല അറിയാത്തവർക്ക്‌ അക്ഷരമാല കാണിച്ചു കൊടുക്കുന്ന തിരക്കിൽപ്പെട്ട്‌ പോയ അബ്ദുറബ്ബ്‌ ജി, ജാമ്യതിരക്കിൽപ്പെട്ട്‌ പോയ സൽമാൻ ജി തുടങ്ങിയവർ ആശംസ അറിയിക്കാത്തതിൽ പരിഭവമോ കുണ്ഠിതമോ ഇല്ലാ എന്ന് കൂടി അറിയിക്കട്ടെ !!

അബസ്വരം :
ഒരിക്കൽ കൂടി ഏവർക്കും നന്ദി...

                                                                     534
                                                                     *****
08.05.2015
ഫേസ്‌ ബുക്കും ജി മെയിലും ഗൂഗിളും എല്ലാം ഇന്ന് ഒരുപാട്‌ വളർന്നിരിക്കുന്നു.

അതുകൊണ്ട്‌ തന്നെ ഫേസ്ബുക്കാദിയായവളെ വെറും ഫേസ്ബുക്ക്‌ എന്നൊന്നും വിളിച്ചാൽ പോരാ.. കുറച്ച്‌ ഡെക്കറേഷൻ ഒക്കെ കൊടുത്ത്‌ വിളിക്കണം.

ആയതിനാൽ ഇനി മുതൽ ശൈഖുനാ സുൽത്താനുൽ ഉലമ ഫേസ്ബുക്ക്‌ ഉസ്താദ്‌, പണ്ടിറ്റ്‌ പത്മ ശ്രീ ശ്രീ ശ്രീ ജി മെയിൽ ജി, പിതാ ഗൂഗിളാനന്ദമയി ദേവൻ എന്നൊക്കെയാക്കി ഡെക്കറേറ്റ്‌ ചെയ്ത്‌ നമുക്ക്‌ വിളിക്കാം.

അബസ്വരം :
എന്താ ഇതിനൊന്നും ഡെക്കറേഷൻ പറ്റൂലേ ???


                                                                     535
                                                                     *****
10.05.2015
മാതൃ ദിനത്തിൽ മാതാവിനോടുള്ള നന്ദിയും കടപ്പാടും ഫേസ്ബുക്കിലിട്ട്‌ ലവൻ സ്വന്തം മാതാവിനെ കാണാനായി വൃദ്ധസദനത്തിലേക്ക്‌ പോകാൻ കാറിൽ കയറി.

അബസ്വരം :
യഥാർത്ഥ മാതൃദിനം ഒരോരുത്തരുടേയും ജന്മദിനമാണ്‌. അല്ലാതെ സായിപ്പ്‌ കലണ്ടറിൽ കുറിച്ചിട്ട ദിനത്തിന്‌ ഓശാന പാടിയല്ല മാതാവിനോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത്‌ വിഡ്ഢി കൂശ്മാണ്ടങ്ങളേ !!!

                                                                     536
                                                                     *****
11.05.2015
താലിസമരകിളികളേന
കലിപ്പ്‌ മാറതി ചീനമുളകാം !
അരച്ച്‌ പുരട്ടതി പോളിറ്റ്‌ ബ്യൂറസ്യ
ശീഘ്രം ശാന്തതി ഫെമിനിസാതുരം !!

അബസ്വരം :
അബസ്വരസംഹിത, ഫെമിനിസരോഗാദികാരം ഖണ്ഡം,
താലിസമരചികിൽസിതം അദ്ധ്യായം.

                                                                     537
                                                                     *****
11.05.2015
കുമാരി ജയലളിതയെ കുറ്റ വിമുക്തയാക്കി വെറുതെ വിട്ടാൽ മാത്രം പോരാ എന്നും, കുറച്ച്‌ ദിവസം മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന്‌ മാറി നിൽക്കേണ്ടി വന്നതും, ഈ കേസുമായി ബന്ധപ്പെട്ട്‌ മാനസിക പീഡനം അനുഭവിച്ചതും കണക്കിലെടുത്ത്‌ കുമാരി ജയലളിതക്ക്‌ അൻപത്‌ കോടി രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിടണം എന്ന് ബഹുമാനപ്പെട്ട കോടതിയോട്‌ വിനീത കുലോത്തോൽസുംഗക ദൃഷ്ടദ്യുമനായി അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു ആഞ്ജ്യാപിക്കുന്നു !!

അബസ്വരം :
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധികൂടി ശിക്ഷിക്കപ്പെടാതിരിക്കരുത്‌ !!

                                                                     538
                                                                     *****
12.05.2015
ആരാടാ പറഞ്ഞത്‌ ഐ ജിക്ക്‌ കോപ്പി അടിക്കാൻ അറിയില്ല എന്ന് ??

ഇപ്പൊ ഐ ജി കോപ്പി അടിച്ചതിന്‌ തെളിവില്ല എന്ന് അന്യേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്‌ കേട്ടില്ലേ ??

ഇതിലും വലിയ എന്ത്‌ തെളിവാടാ ഐ ജിക്ക്‌ കോപ്പി അടിക്കാൻ അറിയും എന്നതിന്‌ നിനക്കൊക്കെ വേണ്ടത്‌ ??

അബസ്വരം :
ഇനിയെങ്കിലും കോപ്പി അടിക്കാൻ അറിയില്ല എന്ന് പറഞ്ഞ്‌ ആ മഹാനായ ഐ ജിയെ ആരും അപമാനിക്കരുത്‌ !!

                                                                     539
                                                                     *****
14.05.2015
മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ഡോക്ടർമാരും, മതത്തെ വിൽപ്പന ചരക്കാക്കുന്ന പണ്ഡിതരും തുല്യരാണ്‌.

അറിവുണ്ടായിട്ടും സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെ മദ്യപാനവും പുകവലിയും നടത്തുന്ന ഡോക്ടർമാർക്ക്‌ അന്യന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ എത്രത്തോളം ആത്മാർത്ഥതയുണ്ടാവും ???

മതം വിൽപ്പന ചരക്ക്‌ ആക്കാനുള്ളതല്ല എന്ന് മനസ്സിലാക്കിയിട്ടും അത്‌ വിൽപ്പനച്ചരക്ക്‌ ആക്കുന്നവന്‌ അന്യന്റെ ആത്മീയതയിൽ എത്രത്തോളം താൽപര്യം ഉണ്ടാവും ??

അബസ്വരം :
ഒരാൾക്ക്‌ സ്വന്തം ആരോഗ്യത്തോടും ദൈവത്തോടും ഇല്ലാത്ത കൂറ്‌ മറ്റുള്ളവരോട്‌ ഉണ്ടാകുന്നതെങ്ങിനെ ?

മറ്റുള്ളവർക്ക്‌ അത്‌ ഉണ്ടാക്കിക്കൊടുക്കാൻ കഴിയുന്നതെങ്ങിനെ ??

                                                                     540
                                                                     *****
14.05.2015
അന്യഗ്രഹങ്ങളിലേക്ക്‌ ഇന്ത്യയിൽ നിന്നും വീമാന സർവ്വീസ്‌ ഇല്ലാഞ്ഞത്‌ നന്നായി.

ഇതിപ്പൊ ഭൂമിയിൽ തന്നെയുള്ള കറക്കം ആവുമ്പോൾ പെട്രോൾ വില കൂട്ടാനെങ്കിലും കൃത്യമായി പ്രധാനമന്ത്രി മോഡി കാക്കാക്ക്‌ എത്താൻ പറ്റുന്നുണ്ടല്ലോ!!

അന്യഗ്രഹത്തിൽ നിന്ന് മൂപ്പരുടെ ഭൂകമ്പ ട്വീറ്റുമായി ട്വിറ്റർ കിളി ഇവിടേക്ക്‌ പറന്നെത്താൻ വൈകിയാലും ആകെ ഗുലുമാലാവില്ലേ ??

അബസ്വരം :
ഇനി ലുട്ടാപ്പിയുടെ കുന്തം എയർ ലൈൻസിന്റെ സർവ്വീസ്‌ അന്യഗ്രഹത്തിലേക്ക്‌ നീട്ടിക്കുമോ ആവോ ??

                                                                     541
                                                                     *****
15.05.2015
ചിലയിടങ്ങളെ മതേതരമാക്കൽ കണ്ടാൽ ചിരിക്കാതിരിക്കാൻ കഴിയില്ല.

ഉദാഹരണത്തിന്‌ ചില ബസ്സുകളിൽ കാണുന്ന കാഴ്ചയാണ്‌ യേശുവിന്റേയും കൃഷ്ണന്റേയും മക്കയുടേയും രൂപങ്ങൾ ഒരുമിച്ച്‌ വെച്ച്‌ ലൈറ്റുകൾ മിന്നിക്കുന്ന കാഴ്ച. ആ ബസ്സ്‌ മുതലാളി മതേതരനാണ്‌ എന്ന്‌ യാത്രക്കാരോട്‌ പറയാതെ പറയാൻ ശ്രമിക്കുന്നു. എന്നാൽ അതിൽ സൂക്ഷിച്ചു നോക്കിയാൽ ആ ബസ്സ്‌ ഉടമസ്ഥന്റെ മതം മനസ്സിലാക്കാൻ കഴിയും. മൂന്ന് രൂപങ്ങളിൽ മധ്യത്തിൽ വച്ചത്‌ കൃഷ്ണന്റെ രൂപം ആണെങ്കിൽ മൊതലാളി ഹിന്ദുവും, യേശുവിന്റെ രൂപം ആണെങ്കിൽ ക്രിസ്ത്യാനിയും, മക്കയുടെ രൂപം ആണെങ്കിൽ മൊതലാളി കാക്കയും ആവും എന്നതാണ്‌ അതിന്റെ ഒരു ഇത്‌.

അതേ പോലെ തന്നെയാണ്‌ ഇപ്പോൾ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ചില ഫോട്ടോകളും. ഒരു മാപ്പളയും നസ്രാണിയും ഹിന്ദുവും ഒന്നിച്ച്‌ ചിരിച്ച്‌ ഇരിക്കുന്ന ഫോട്ടം ഇട്ടാൽ അത്‌ മതേതരം ആയത്രേ !! ഫോട്ടോയിൽ മാപ്പളയെ പ്രതിനിധീകരിക്കുന്നായി ഇരിക്കുന്നത്‌ പർദ്ദയിട്ട പെണ്ണുമ്പിള്ള ആയാൽ അത്‌ ഡബിൾ സ്ട്രോങ്ങ്‌ മതേതരത്വം.

ഇത്തരം ഫോട്ടോകളാണ്‌ മതേതരത്വം എന്ന് വിശ്വസിക്കുന്നവർ പടുവിഡ്ഢികളാണ്‌.

അതുപോലെ സ്വന്തം മതത്തിൽ ഉറച്ചു നിൽക്കാതെ ആടികളിക്കുന്നതും, സ്വന്തം മതത്തിനെ കുറ്റപ്പെടുത്തി അന്യ മതവിശ്വാസങ്ങളെ പുകഴ്ത്തിപറയുന്നതാണ്‌ മതേതരത്വം എന്ന് വിശ്വസിക്കുന്ന ധാരാളം പൊട്ടന്മാരും നമുക്കിടയിലുണ്ട്‌.

അബസ്വരം :
താൻ സ്വന്തം മതത്തിൽ ഉറച്ച്‌ വിശ്വസിക്കുന്നതോടും അത്‌ പ്രചരിപ്പിക്കുന്നതോടും ഒപ്പം മറ്റുള്ളവർക്ക്‌ അവരുടെ മതങ്ങളിൽ ഉറച്ച്‌ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്‌ എന്ന തിരിച്ചറിവ്‌ ഉണ്ടാവുകയും ആ സ്വാതന്ത്ര്യത്തിൽ കൈ കടത്താതിരിക്കുക്ക എന്നതുമാണ്‌ മതേതരത്വം.

                                                                     542
                                                                     *****
17.05.2015
മൂപ്പര് ഇങ്ങനെ കറങ്ങി നടക്കുന്നതിനെ കളിയാക്കുകയൊന്നും വേണ്ടാ. വാസ്ക്കോഡ ഗാമയേയും, കൊളംബസ്സിനേയും കടത്തി വെട്ടുന്ന രീതിയില്‍ ഒരു പുതിയ ഭൂഖണ്ഡം കണ്ടുപിടിച്ച് അയാള്‍ മോടിയോടെ തിരിച്ചു വരും. എന്നിട്ട് അവിടേക്ക് കൂടി ഇന്ത്യയെ ഒരു വികസിപ്പിക്കലുണ്ട് മക്കളേ... വികസിപ്പിക്കലുണ്ട് !!

അബസ്വരം :
ക്യാമറ ദേശീയ ചിഹ്നമായ ആ ഭൂഖണ്ഡത്തിലേക്ക് പോകാന്‍ കൂളിംഗ് ഗ്ലാസും തയ്യാറാക്കി വെച്ച് കാത്തിരിക്കൂ പ്രജകളേ !!

                                                                     543
                                                                     *****
18.05.2015
ഞാൻ ഓരോരുത്തർക്കും നൽകാം എന്ന്‌ പറഞ്ഞ പതിനഞ്ചു ലക്ഷത്തിനായി ലോകം മുഴുവൻ തെണ്ടി നടന്നു എടുക്കുന്ന ഫോട്ടോകൾ ഒരോരുത്തർക്കും കൃത്യമായി എത്തുന്നുണ്ട്‌ എന്ന് കരുതുന്നു. എന്റെ പതിനഞ്ച്‌ ലക്ഷം ഫോട്ടോകൾ കാണാതെ പോയ വല്ലവരും ഉണ്ടെങ്കിൽ വില്ലേജ്‌ ഓഫീസുമായി ബന്ധപ്പെട്ട്‌ അത്‌ കണ്ട്‌ തൃപ്തി അടയേണ്ടതാണ്‌. എന്റെ വികസനത്തിൽ സന്തോഷിക്കേണ്ടതാണ്‌.

എന്ന്‌
നിങ്ങളുടെ സ്വന്തം
പ്രധാനമന്ത്രി മോഡി,
ട്വിറ്റർ വഴി
വിദേശ രാജ്യം പോസ്റ്റ്‌
010 010 പിൻ

അബസ്വരം :
ഏയർ ഇന്ത്യാ കീ ജയ്‌ !
വന്ദേ ക്യാമറം !!

                                                                     544
                                                                     *****
23.05.2015
ആ കടയുടെ ഉൽഘാടനത്തിന്‌ സിൽമാ നടനെ കൊണ്ടുവന്ന് അത്‌ കാണാനെത്തിയ പൊട്ടന്മാരെക്കൊണ്ട്‌ റോഡ്‌ ബ്ലോക്ക്‌ ഉണ്ടാക്കിയപ്പോഴേ വിചാരിച്ചതാ ആ കടയിൽ നിന്ന് ഒരു സാധനവും വാങ്ങില്ല എന്ന് !!

അബസ്വരം :
കോപ്പിലെ ഒരോരോ പരിപാടികൾ !
പൊതുജനത്തെ ബുദ്ധിമുട്ടിക്കാൻ !!

                                                                     545
                                                                     *****
27.05.2015
മെസ്സിയുടെ അവിഹിതമായിരുന്നില്ല മൊല്ലാക്ക പറയേണ്ടിയിരുന്നത്‌. മറിച്ച്‌ ക്ലബിനു കളിക്കുമ്പോൾ ആത്മാർത്ഥതയോടെ കളിച്ച്‌ ഗോളടിക്കുന്ന മെസ്സി അർജ്ജന്റീനക്കായി കളിക്കുമ്പോൾ ആ ആത്മാർത്ഥത എന്താ ഉണ്ടാവാത്തത്‌ എന്ന് ചോദിച്ച്‌, മതത്തിന്റെ കാര്യം വരുമ്പോൾ മെസ്സി അർജ്ജന്റീനക്ക്‌ കളിക്കുന്ന പോലെ ആകരുത്‌ മറിച്ച്‌ മെസ്സി ക്ലബ്ബിനു കളിക്കുന്ന പോലെ ആവണം എന്ന്‌ ഉപദേശിക്കുകയായിരുന്നു വേണ്ടത്‌ !!!

അബസ്വരം :
ഈ ഉദാഹരണം കാശിന്റെ കനത്തിനനുസരിച്ച്‌ പ്രസംഗിക്കുന്ന മൊല്ലാക്കമാർക്കും ബാധകമാക്കാവുന്നതാണ്‌.

                                                                     546
                                                                     *****
30.05.2015
"പിതാവ് മരിച്ച സഹതാപം" എന്നതൊക്കെ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഒരു ഘടകമായി സമൂഹത്തില്‍ വ്യാഖ്യാനിക്കപ്പെടുകയും, നിലനിലനില്‍ക്കപ്പെടുകയും ചെയ്യുന്നിടത്തോളം ആ സമൂഹത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ശൂന്യമാണ്.

അബസ്വരം :
ആ കുഴിയില്‍ വാഴ കുലക്കരുത് !

                                                                     547
                                                                     *****
31.05.2015
അടുത്ത ഇലക്ഷന്‍ വരുമ്പോഴേക്കും ഒറിജിനല്‍ വട്ടപ്പൂജ്യം കുത്ത് രാജഗോപാലില്‍ നിന്ന് ഒരുപാട് രാജേട്ടന്മാരെ ക്ലോണ്‍ ചെയ്തെടുക്കാനുള്ള സാങ്കേതികവിദ്യ സംഘികള്‍ ഉപയോഗപ്പെടുത്തണം.

എന്നിട്ട് എല്ലാ മണ്ഡലത്തിലും ആ ക്ലോണ്‍ഡ് രാജേട്ടന്‍സ് മത്സരിക്കട്ടെ !!

അബസ്വരം :
ഒരിക്കല്‍ കൂടി ശശിയാവാന്‍ തയ്യാറായ രാജേട്ടന്റെ തൊലിക്കട്ടിക്ക് മുന്നില്‍ വിജ്രിംബന കൂഷ്മാണ്ടകം സമര്‍പ്പിക്കുന്നു !!


                                                                     548
                                                                     *****
01.06.2015
"ഏക്‌ സാല്‍ !
വിദേശ് യാത്ര അനേക് !!"
എന്നായിരുന്നു ടി വിയില്‍ സര്‍ക്കാര്‍ കായി എടുത്ത് പരസ്യം പൂശുമ്പോ മോഡ്യാക്ക കൊടുക്കേണ്ടിയിരുന്ന മുദ്രാവാക്യം.

അബസ്വരം :
ഇല്ലത്തെ പുഷ്ടി ഉണ്ണിയുടെ ഊരകണ്ടാലറിയാം !!

                                                                     549
                                                                     *****
02.06.2015
സി ബി എസ്‌ ഇ യുടെ വിജയശതമാനം നൂറിനോട്‌ അടുത്തപ്പോൾ വിദ്യാഭ്യാസ മന്ത്രി മുതൽ മറ്റു പലരും ചോദിക്കുന്ന കാര്യമാണ്‌ "ഇപ്പോൾ എന്താ ഇങ്ങൾക്ക്‌ വിജയശതമാനം കൂടിയത്‌ കാണുമ്പൊ കൊഴപ്പമൊന്നും ഇല്ലേ ? അതോ കേരള സിലബസ്സിൽ പഠിച്ചവർ വിജയിച്ചാലാണോ കുഴപ്പം ?" എന്നത്‌.

ഒരു കാര്യം വ്യക്തമായി പറയട്ടെ.

മൂല്യ നിർണ്ണയത്തിന്റെ നിലവാരത്തിൽ ആനയും കുഴിയാനയും തമ്മിൽ ഉള്ള വ്യത്യാസം ഉണ്ട്‌ സി ബി എസ്‌ ഇയും കേരളയും തമ്മിൽ.

അയാം പാസ്ഡ്‌ എവേ - എന്നെഴുതി തന്റെ വിജയം ആഘോഷിക്കാനുള്ള നിലവാരത്തിൽ ഉള്ളവർ സി ബി എസ്‌ ഇ പാസാവില്ല എന്ന് ഉറപ്പാണ്‌.
വിജയശതമാനം കൂടുന്നതിലല്ല പരാതി മറിച്ച്‌ മൂല്യ നിർണ്ണയ നിലവാരം തകർത്ത്‌ കൃത്രിമമായി കൂട്ടുന്നതിലാണ്‌ എന്ന് ബന്ധപ്പെട്ടവർ ഇനിയെങ്കിലും തിരിച്ചറിയുമല്ലോ!!!

അബസ്വരം :
തല്ലി പഴുപ്പിച്ചിട്ടും പഴുക്കാത്തതിൽ 'പഴുത്തു' എന്ന ബോർഡ്‌ വെച്ചാൽ പഴുത്തതാവുമോ ???

                                                                     550
                                                                     *****
03.06.2015
തിരഞ്ഞെടുപ്പ്‌ പ്രചാരണ വഴിയിൽ വെച്ച്‌ പൂജ്യം കുത്ത്‌ രാജഗോപാലും ശബരീനാഥും കണ്ടുമുട്ടുന്നു.

വേഗം ശബരിനാഥിന്റെ മണ്ടയിൽ ഒരു നല്ല ഫോട്ടോക്കുള്ള സ്കോപ്പ്‌ തെളിയുന്നു.

ഫോട്ടോ എടുക്കാൻ അനുയായികളെ ശട്ടം കെട്ടി, മൽസരിച്ച എല്ലാ തിരഞ്ഞെടുപ്പിലും തോറ്റ രാജേട്ടന്റെ നിന്ന് അനുഗ്രഹം വാങ്ങുന്ന മോഡലിൽ കാൽക്കൽ വീഴുന്നു.

രാജേട്ടൻ പണ്ടാറമടങ്ങി "പഹയന്‍ തോൽക്കട്ടെ" എന്നനുഗ്രഹിക്കുന്നു.
ക്യാമറകളിൽ പടം പതിഞ്ഞു എന്നുറപ്പായതോടെ സഹതാപനാഥ്‌ എഴുന്നേൽക്കുന്നു.

താൻ മര്യാദരാമനാണെന്ന് സോഷ്യൽ മീഡിയകളെ കാണിക്കാൻ ഫോട്ടം വേഗം എഫ്‌ ബിയിൽ കയറ്റുന്നു. അനുയായികൾ ലൈക്കിയും കമന്റിയും നേതാവിനെ മഹാനാക്കുന്നു.

തലക്ക്‌ വെളിവുള്ളവർ ഈ നാടകവും കോപ്രായവും കണ്ട്‌ പൊട്ടി പൊട്ടി ചിരിക്കുന്നു.

അബസ്വരം :
മൽസരിച്ച എല്ലാ തിരഞ്ഞെടുപ്പിലും തോറ്റ ആളുടെ കയ്യിൽ തന്റെ എതിരാളിക്ക്‌ നൽകാൻ മാത്രം അനുഗ്രഹം സ്റ്റോക്ക്‌ ഉണ്ടാവുമോ ??

അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

2 comments:

  1. ഫേസ്‌ ബുക്കും ജി മെയിലും ഗൂഗിളും എല്ലാം ഇന്ന് ഒരുപാട്‌ വളർന്നിരിക്കുന്നു.

    അതുകൊണ്ട്‌ തന്നെ ഫേസ്ബുക്കാദിയായവളെ വെറും ഫേസ്ബുക്ക്‌ എന്നൊന്നും വിളിച്ചാൽ പോരാ.. കുറച്ച്‌ ഡെക്കറേഷൻ ഒക്കെ കൊടുത്ത്‌ വിളിക്കണം.

    ആയതിനാൽ ഇനി മുതൽ ശൈഖുനാ സുൽത്താനുൽ ഉലമ ഫേസ്ബുക്ക്‌ ഉസ്താദ്‌, പണ്ടിറ്റ്‌ പത്മ ശ്രീ ശ്രീ ശ്രീ ജി മെയിൽ ജി, പിതാ ഗൂഗിളാനന്ദമയി ദേവൻ എന്നൊക്കെയാക്കി ഡെക്കറേറ്റ്‌ ചെയ്ത്‌ നമുക്ക്‌ വിളിക്കാം.

    ReplyDelete
  2. തുടരട്ടെ ഇക്കാ...

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....