Tuesday, July 28, 2015

ചെമ്പരത്തി പൂവേ ചൊല്ല്


"നീ ചെവിയില്‍ ചെമ്പരത്തിപ്പൂവും തിരുകി നടന്നോ" എന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്ത മലയാളികള്‍ ഉണ്ടാവില്ല. "നിനക്ക് ഭ്രാന്താണ്" എന്ന് പറയാതെ പറയാനാണല്ലോ നമ്മള്‍ ഈ പ്രയോഗം നടത്താറുള്ളത്.  എന്തായാലും ഇത്തവണ നമുക്ക് ചെമ്പരത്തിയോടോത്ത് സഞ്ചരിക്കാം.

ചെമ്പരത്തി എന്ന വാക്കില്‍ തുടങ്ങുന്ന നിരവധി സിനിമാഗാനങ്ങളും, സിനിമകളും നമുക്കുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ചെമ്പരത്തി പൂവിന്റെ ജനകീയതയും സൗന്ദര്യവും തന്നെയാണ്. മലേഷ്യ, ഫിലിപ്പൈൻസ്, കാ‍മറൂൺ, റുവാണ്ട, ന്യൂസലാന്റിലെ കൂക്ക് ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ തപാൽ മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു.

ഹൈന്ദവര്‍ പൂജകൾക്ക് ഇതിന്റെ പുഷ്പം ഉപയോഗിക്കാറുണ്ട്.

ഒരു പുഷ്പത്തിന്റെ എല്ലാ ഘടകങ്ങളും സമ്മേളിച്ചതിനാല്‍ പൂക്കളുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് പഠിക്കാനായി വിദ്യാര്‍ഥികള്‍ മാതൃകയായി സ്വീകരിക്കുന്നത് ചെമ്പരത്തിയെയാണ്. സ്കൂളില്‍ പോയവര്‍ക്ക് ഇക്കാര്യം ഓര്‍മ്മയുണ്ടാവുമല്ലോ !


പല നിറങ്ങളിലും വലുപ്പത്തിലും ഉള്ള ചെമ്പരത്തികളുടെ കണക്കെടുത്താല്‍ ഏതാണ്ട് 2200 ഓളം ഇനങ്ങള്‍ ഈ സസ്യത്തിനുണ്ട് എന്നതാണ് ചെമ്പരത്തി വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്. എങ്കിലും നമ്മള്‍ സാധാരണ ഉപയോഗിക്കുന്നത് ചുവന്ന ചെമ്പരത്തിയാണ്. മാല്‍വേസീ തറവാട്ടില്‍ പിറന്ന ഇവന് ലഭിച്ച ശാസ്ത്രീയ നാമം 'ഹൈബിസ്ക്കസ് റോസാ സൈനെന്‍സിസ്' എന്നതാണ്.

സംസ്കൃതത്തില്‍ ഇവനെ 'ജപാ', 'രാഗ പുഷ്പീ' എന്നീ പേരുകളില്‍ വിളിക്കുന്നു. ഹിന്ദിയില്‍ 'ഗുഡഹല്‍' എന്നും ബംഗാളിയില്‍ 'ജപാ' എന്നും ലവന്റെ വിളിപ്പേരുകള്‍ ആണ്. തെലുഗര്‍ 'ദാസ്‌നമു' എന്നും തമിഴര്‍ 'ചെമ്പുരത്തി' എന്നും വിളിക്കുമ്പോള്‍ സായിപ്പ് ഇവനിട്ട പേര് 'ഷൂ ഫ്ലവര്‍ പ്ലാന്‍റ്' എന്നാണ്.

മലേഷ്യയുടെ ദേശീയ പുഷ്പമായ ലവനെ 'ബുൻഗ റയ' എന്ന് മലായ് ഭാഷയിൽ വിളിക്കുന്നു.

സമശീതോഷ്ണമേഖലകളിലാണ് ചെമ്പരത്തി വളരുന്നത്. നിത്യപുഷ്പിണിയായ ലവനെ അലങ്കാരസസ്യമായി നട്ടുവളർത്താറുണ്ട്. ഇന്ത്യയില്‍ ഉടനീളം കണ്ടുവരുന്ന ഈ ചെടിയെ വീടുകളുടെ അതിര്‍ത്തി സംരക്ഷിക്കാനുള്ള വേലിച്ചെടിയായും വളര്‍ത്തുന്നു.

നാല് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷ സ്വഭാവമുള്ള കുറ്റിച്ചെടിയാണ് ചെമ്പരത്തി. പുഷ്പങ്ങള്‍ പല തരത്തിലും നിറങ്ങളിലും കാണപ്പെടുന്നു. ചുവപ്പ് നിറവും, ഇരുണ്ട ചുവപ്പ് നിറവുമുള്ള പുഷ്പങ്ങളാണ് സാധാരണം. വെള്ള, മഞ്ഞ, നീല പുഷ്പങ്ങള്‍ ഉള്ള ഇനങ്ങളും കണ്ടു വരുന്നു.

ചെറു കൊമ്പുകൾ മുറിച്ചു നട്ടാണ് സാധാരണ ചെമ്പരത്തിയുടെ വംശവർദ്ധന നടത്തുന്നത്.

ബീജസങ്കലനത്തിലൂടെ ചെമ്പരത്തിയുടെ കായകൾ ഉണ്ടാക്കാനും കഴിയും. രണ്ടുനിറത്തിലുള്ള ചെമ്പരത്തികളുടെ പൂമ്പൊടികൾ സംയോജിപ്പിച്ചുണ്ടാക്കുന്ന കായിലെ വിത്തുകൾ മുളപ്പിച്ചുണ്ടാക്കുന്ന ചെമ്പരത്തിയുടെ പൂവ് വ്യത്യസ്തമായിരിക്കും.

ഏതെങ്കിലും ഒരു പൂവിൽ നിന്നും പൂമ്പൊടി എടുത്ത് വ്യത്യസ്തമായ മറ്റൊരു ചെമ്പരത്തി ചെടിയിലെ പൂവിന്റെ കേസരിയിൽ നിക്ഷേപിക്കണം. പൂമ്പൊടി നിക്ഷേപിക്കപ്പെടുന്ന പൂവിലെ പുമ്പൊടിയുമായി കലരാതെ പൂക്കൾ വിരിയുന്ന രാവിലെ തന്നെ വളരെ സൂക്ഷമതയോടെ ചെയ്യേണ്ടതാണ്. പ്രാണികളുടെ ശല്യത്തിൽ നിന്നും ഈ പൂവിനെ സംരക്ഷിക്കണം. ഈ പൂവ്‍ അതിന്റെ കാലാവധി കഴിയുമ്പോൾ ഉണങ്ങിപ്പോകുമെങ്കിലും ബീജസങ്കലനം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ അടിഭാഗത്തുള്ള കവചത്തിനുള്ളിൽ ചെമ്പരത്തി കായ വളരാൻ തുടങ്ങും.

മൂന്നാഴ്ചക്കുള്ളിൽ ഈ കായ വിളഞ്ഞ് പാകമാകും. ഈ കായയുടെ ഉള്ളിൽ വെണ്ട വിത്തിനു സമാനമായ കറുത്ത വിത്തുകൾ ഉണ്ടാവും. ഈ വിത്തുകൾ പാകി മുളപ്പിച്ച് പുതിയതരം ചെമ്പരത്തികൾ ഉണ്ടാക്കാം. കൊമ്പുകൾ മുറിച്ചുനട്ടുണ്ടാവുന്ന ചെടികളേക്കാൾ താമസിച്ചു മാത്രമേ വിത്തുകളിലൂടെ ഉണ്ടാവുന്ന ചെടികൾ പുഷ്പിക്കാറുള്ളു. ഗ്രാഫ്റ്റിംഗീലൂടെയും വിവിധ തരം ചെമ്പരത്തികൾ യോജിപ്പിക്കാൻ കഴിയും.

രസാദി ഗുണങ്ങള്‍ :
രസം : കഷായം
ഗുണം : ലഘു, രൂക്ഷം, ശ്ലക്ഷണം
വീര്യം : ശീതം
വിപാകം : കടു

ഔഷധ യോഗ്യ ഭാഗങ്ങള്‍ :
വേര്, പൂവ്, ഇല

ആയുര്‍വേദത്തില്‍ ചുവപ്പ്, വെള്ള ചെമ്പരത്തികള്‍ക്ക് വലിയ പ്രധാന്യമാണുള്ളത്.

ചെമ്പരത്തിയുടെ പൂവും ഇലയും ഏറെ ഔഷധഗണമുള്ളവയാണ്. ആയുര്‍വേദത്തില്‍ നൂറ്റാണ്ടുകളായി ചെമ്പരത്തി പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.

ചെമ്പരത്തി കഫ പിത്ത ഹരമാണ്.

മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.

ചെമ്പരത്തി ചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണ്. അമിതശരീരഭാരം നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു. ചെമ്പരത്തിയുടെ ഔഷധഗുണം പല ഗവേഷണങ്ങള്‍ വഴിയും തെളിയിക്കപ്പെട്ടതാണ്. 2008 ല്‍ നടത്തിയ പഠനമനുസരിച്ച് ചെമ്പരത്തിയുടെ ചായ കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ മാനസികമായി ആശ്വാസം നല്‍കും എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ആറോ ഏഴോ പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത്‌ 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത്‌ അരിച്ചെടുത്ത്‌ 'ചെമ്പരത്തി കട്ടന്‍' ആയി ഉപയോഗിക്കാം. തുല്യയളവ്‌ പാലും കൂടി ചേര്‍ത്താല്‍ 'ചെമ്പരുത്തി പാല്‍ ചായയായി'.

ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്.

ദോഷകരമായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

തലമുടി കൊഴിച്ചില്‍, മുടി ചെമ്പിക്കല്‍ എന്നിവയ്ക്ക് ആയുര്‍വേദത്തിലെ ഒരു പ്രധാന ഔഷധമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു തലയിൽ തേച്ചുകഴുകാറുണ്ട്.

ഇലയും, പൂവിന്‍റെ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണറായും ഉപയോഗിക്കാം..

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ചെമ്പരത്തി.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ ചെമ്പരത്തി പ്രായത്തിന്‍റെ അടയാളങ്ങളെ തടയാനും നല്ലതാണ്. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട്.

ചെമ്പരത്തി പൂവില്‍ ബീറ്റ കരോട്ടിന്‍, കാത്സിയം , ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റൈബോഫ്ളാവിന്‍, വൈറ്റമിന്‍- സി എന്നിവ അടങ്ങിയിരിക്കുന്നു. ഇതു കാരണം ചെമ്പരത്തി പൂവ് ദാഹശമിനിയിലും ചായയിലും കറികളിലും അച്ചാറുകളിലും ഉപയോഗിക്കുന്നു.

മെക്സിക്കന്‍ രീതിയില്‍ ആഹാര വിഭവങ്ങളുടെ അലങ്കാരത്തിന് ഉണങ്ങിയ ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചു വരുന്നു.

ചര്‍മ്മസംരക്ഷണത്തിനുപയോഗിക്കുന്ന ഉത്പന്നങ്ങളിലുള്ള ഘടകങ്ങള്‍ ചെമ്പരത്തിയിലും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളില്‍ ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചര്‍മ്മത്തിലെ ചുളിവുകള്‍ക്കും മറ്റ് പല പ്രശ്നങ്ങള്‍ക്കും അവര്‍ ചെമ്പരത്തി ഉപയോഗപ്പെടുത്തുന്നു.

ചെമ്പരത്തിയില്‍ നിന്നെടുക്കുന്ന എണ്ണ മുറിവുകള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നു. ക്യാന്‍സര്‍ മൂലമുള്ള മുറിവുകള്‍ ഉണക്കാനും ഇത് ഫലപ്രദമാണ്. ആരംഭ ദശയിലുള്ള ക്യാന്‍സറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാല്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങും.

ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ചെമ്പരത്തി ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും.

ആര്‍ത്തവ രക്തം അധികമായി പോകുന്നത് തടയാന്‍ ചെമ്പരത്തിയുടെ പൂമൊട്ട് അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് വളരെ പ്രയോജനകരമാണ്.

രക്താതിസാരം, രക്താര്‍ശസ് എന്നീ അവസ്ഥകളില്‍ ചെമ്പരത്തി മൊട്ട് അരച്ച് പാലിലോ, മോരിലോ കുടിക്കുന്നത് നല്ലതാണ്.

ചെമ്പരത്യാദി വെളിച്ചെണ്ണ എന്ന ആയുര്‍വേദ ഔഷധത്തിലെ  പ്രധാന ചേരുവയും ലവന്‍ തന്നെ.

അബസ്വരം :
അപ്പോള്‍ ഇനി ഒരു ചെമ്പരത്തി കട്ടന്‍ അടിച്ച ശേഷം കാണാം !

(ഇ മഷി ഓണ്‍ലൈന്‍ മാസികയിലെ "അറിവിലൂടെ ആരോഗ്യം" എന്ന പംക്തിക്കായി തയ്യാറാക്കിയത്.)14 comments:

 1. സ്കൂളില്‍ പോയവര്‍ക്ക് ഇക്കാര്യം ഓര്‍മ്മയുണ്ടാവുമല്ലോ :P

  ReplyDelete
 2. Replies
  1. താങ്കൂസ് ഭായ്...

   Delete
 3. ആഹാ , ഇത്രയതികം ഗുണങ്ങളുണ്ടായിരുന്നോ ചെമ്പരത്തിക്കു ,, ശ്ശോ , എന്നിട്ടാണോ ഇതിനു ഇത്രേയും പേരുദോഷം കേള്‍ക്കേണ്ടി വന്നത് , താങ്ക്സ് ഡോക്ടര്‍ , നല്ലോരറിവ് പങ്കുചെച്ചതിനു ...

  ReplyDelete
  Replies
  1. അപ്പൊ ഒരു ചെമ്പരത്തി ചെവിയില്‍ വെച്ചാലോ ;)

   Delete
 4. ആദ്യം പരീക്ഷണ ഗ്രാഫ്റ്റിംഗ് നടത്തി വിജയിച്ചത് ചെമ്പരത്തിയിലാണ്. അതോര്‍മ്മ വന്നു ഇത് വായിച്ചപ്പോള്‍

  ReplyDelete
 5. അറിവുപകരുന്ന വിവരണം
  ആശംസകള്‍ ഡോക്ടര്‍

  ReplyDelete
 6. ചെമ്പരത്തി ചായ മാത്രം കുടിച്ചിരുന്ന സൗദിയിലെ എരിത്രിയന്‍ സുഹൃത്തിനെ ഓര്‍മ വന്നു.. ചെമ്പരത്യാദി വെളിച്ചണ്ണയും ചെമ്പരത്തി താളിയും തേച്ചാണ് ചെറുപ്പത്തില്‍ കുളിച്ചിരുന്നത്... :(

  ReplyDelete
 7. ഡൌട്ട് ഡൌട്ട്! LDL കൊളസ്ട്രോൾ കുറക്കാൻ ചെമ്പരത്തി ഇല കൊണ്ടുള്ള ചായ... ഇവിടെയും പൂവിന്റെ ഇതൾ തന്നെ അല്ലേ ഉദേശിച്ചത്?? ലേഖനം ലളിതവും വിജ്ഞാനപ്രദവും ആയിരിക്കുന്നു.

  ReplyDelete
  Replies
  1. പൂവിന്റെ ഇതള്‍ അല്ല. ചെമ്പരത്തിയുടെ ഇല തന്നെയാണ് ഉദ്ദേശിച്ചത്. :)

   Delete
 8. ഇത്രയും കാര്യങ്ങളോ!!!!!

  ReplyDelete
 9. നിലാമഴSaturday, August 08, 2015

  കൊള്ളാല്ലോ ചെമ്പരത്തി.......
  നല്ല ലേഖനം അബ്സാർജീീീ......

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....