Thursday, June 04, 2015

അബസ്വര സംഹിത - പത്താം ഖണ്ഡം


കൊണ്ടും കൊടുത്തും അബസ്വരസംഹിത പത്താം ഖണ്ഡത്തിലേക്ക്.

                                                                     451
                                                                     *****
16.01.2015
ചുംബന സമരം നടത്താനും അത്‌ പ്രതിരോധിക്കാനും സോഷ്യൽ മീഡിയകളും മറ്റു മാധ്യമങ്ങളും പൊതുസമൂഹവും കാണിച്ചതിന്റെ പത്തിലൊന്ന് ആവേശം ഇന്ധന വില കുറക്കാൻ നാം കാണിച്ചിരുന്നു എങ്കിൽ പെട്രോൾ ഇന്ന് നമുക്ക്‌ ലിറ്ററിനു അൻപത്‌ രൂപ നിരക്കിൽ ലഭ്യമായേനെ.

അവഗണിക്കേണ്ട വിഷയങ്ങൾ അവഗണിക്കാനും, ചൂട്‌ പിടിപ്പിക്കേണ്ട വിഷയങ്ങൾ ചൂട്‌ പിടിപ്പിക്കാനും ഇനി എന്നാണാവോ നാം പഠിക്കുക ?

അത്‌ പഠിക്കാത്തിടത്തോളം വാലില്ലാത്ത കഴുതകളായി നമുക്ക്‌ തുടരാം.

നാഷണൽ ഗൈയിംസിനോട്‌ അനുബന്ധിച്ചുള്ള റൺ കേരള പരിപാടിയിൽ പെട്രോൾ വിലകൂടി വിഷയമാക്കിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു.

അബസ്വരം :
ഒന്നുകിൽ പ്രതികരിക്കുക. അല്ലെങ്കിൽ ഭരണകർത്താക്കളുടെ തോന്നിവാസങ്ങളുടെ അടിമയാവുക.

                                                                     452
                                                                     *****
16.01.2015
വ്യത്യസ്തനാമൊരു സംഘിയാം ഗോപിയെ
സത്യത്തിലാരും തിരിച്ചറിഞ്ഞീലാ
ഷിറ്റിടുന്നോര്‍ക്ക് തലവനാം ഗോപീ
വെറുമൊരു സംഘിയല്ലവനൊരു നടന്‍

ഗോപീ ഒരു സംഘി
വെടിവെപ്പ് ശീലൻ അതി ഷിറ്റന്‍
താമരവേലഞനത്തോഴൻ
നമോയുടെ നടന്‍ നടന്‍ നടന്‍

പുളകം പതയ്ക്കുന്ന ഡയലോഗുമായെത്തി
ചെവികള്‍ പൊളിക്കുന്ന സംഘി പ്രകാശാ
അധികാരാശയത്തിന്റെ ആശ നിറവേറ്റാൻ
വര്‍ഗീയാശയങ്ങൾ വിതറുന്ന വീരാ....

സംഘി രാജാവിന്റെ സ്നേഹിതൻ ഗോപീ
സിനിമാറ്റു പേട്ടേന്ന് വേരറ്റ ഗോപീ
ഒന്നുമേ അറിയാത്ത പാവത്തിനെ പോലെ
എല്ലാമൊളിപ്പിച്ച് വെക്കുന്ന ഷിറ്റന്‍ ( ഗോപീ ഒരു സംഘീ....)

വയറില്‍ തലോടുന്ന ശൂലത്തെ പോലെ
സ്റ്റെയിൻലെസ്സ് സ്റ്റീലിൻ മനസ്സാണു ഗോപീ
തോക്കും ഷിറ്റും ഒന്നിച്ചു ചേരുമ്പോൾ
കാവി പൊടിക്കുന്നൊരു സംഘി പ്രവീണൻ ( ഗോപീ ഒരു സംഘീ....)

അബസ്വരം :
നന്ദി, നമസ്ക്കാരം.
ശുഭ നിദ്ര, സുഖ നിദ്ര !

                                                                     453
                                                                     *****
19.01.2015
ഒരു സ്കൂളിൽ പഠിക്കുന്ന കുട്ടി സ്കൂൾ നിയമത്തിനു വിരുദ്ധമായി പ്രവർത്തിച്ചാൽ ആ കുട്ടിയെ ടി സി കൊടുത്ത്‌ വിടാൻ സ്കൂളിന്റെ ഭരണകർത്താക്കൾക്ക്‌ അധികാരമുണ്ട്‌. അതുപോലെ ഒരു സർക്കാർ ജീവനക്കാരൻ സർവ്വീസ്‌ നിയമങ്ങൾ ലംഘിച്ചാൽ സർവ്വീസിൽ നിന്ന് പുറത്താക്കാൻ സർക്കാറിനും അധികാരമുണ്ട്‌.

അതുപോലെ ഒരു മഹലിലെ ജനങ്ങൾ ചേർന്ന് തിരഞ്ഞെടുക്കുന്ന മഹൽ കമ്മറ്റിയുടെ നിബന്ധനകൾ പാലിക്കാത്തവരുടെ അംഗത്വം റദ്ദാക്കാൻ മഹൽ കമ്മറ്റിക്കും അധികാരമില്ലേ ?

കല്യാണത്തിനും മറ്റു സാമൂഹിക വിഷയങ്ങൾക്കും പള്ളിയുമായും പള്ളിക്കമ്മറ്റിയുമായും മനസ്സുകൊണ്ടോ പ്രവർത്തിക്കൊണ്ടോ സഹകരിക്കാത്തവർ മയ്യത്തായാൽ പള്ളിയുടേയും മഹൽ കമ്മറ്റിയുടേയും നിയന്ത്രണത്തിലുള്ള ഖബർ സ്ഥാനിന്റേയും സഹകരണം ആവശ്യപ്പെടുന്നത്‌ അതിമോഹമല്ലേ മോനേ ദിനേശാ ??

മയ്യത്താവുന്നത്‌ വരെ പള്ളിക്കമ്മറ്റിയുമായി സഹകരിക്കാത്തവർക്ക്‌ പൊതുശ്മശാനത്തിലോ, സ്വന്തം വീട്ടുവളപ്പിലോ കാര്യം സാധിച്ചുകൂടേ ?

ആരെങ്കിലും അതിനു എതിരു നിൽക്കുമോ ?

അബസ്വരം :
ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും !!


                                                                     454
                                                                     *****
24.01.2015
ശ്വാസം വിടാൻ പഠിപ്പിച്ച്‌ മനുഷ്യ ദൈവം ചമയാൻ ശ്രമിക്കുന്ന ട്രിപ്പിൾ ശ്രീ രവി ശങ്കരനും, ആത്മീയ കച്ചവടം നടത്തി ദൈവമാണെന്ന് പടുവിഡ്ഢികളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സുധാമണിക്കും പത്മ അവാർഡിനുള്ള യോഗ്യത ഉണ്ടെങ്കിൽ മനുഷ്യ കുലത്തിന്റെ നിലനിൽപ്പിനു അത്യന്താപേക്ഷിതമായ കാമവും, ലൈംഗികതയും സമൂഹത്തിൽ പ്രചരിപ്പിച്ച്‌ മനുഷ്യന്റെ വംശം വേരറ്റു പോകാതിരിക്കുന്നതിനായി ജീവിതം ഉഴിഞ്ഞു വെച്ച ഷക്കീല താത്താക്കും, രേഷ്മക്കുട്ടിക്കും എല്ലാം പത്മ അവാർഡുകൾ നൽകണം.

ഇവരും അവരുടെ പ്രവർത്തന മേഖലകളിൽ കഴിവ്‌ വ്യക്തമായും സ്പഷ്ടമായും തെളിയിച്ചവർ തന്നെയാണല്ലോ !!

അബസ്വരം :
അടി സ്ഥാന വികസനമല്ലേ എറ്റവും അത്യന്താപേക്ഷിതമായ വികസനം ??!!

                                                                     455
                                                                     *****
24.01.2015
ഇന്നലെ ഞാനൊരു ഇടിവെട്ട്‌ സ്വപ്നം കണ്ടു.

ഇന്നലെ മിക്ക ചാനലുകളിലും പി.സി.ജോർജ്ജ്‌ തകർത്ത്‌ ആടിയിരുന്നു. മാണി രാജിവെച്ചാൽ ജോസ്‌ മോനെ മന്ത്രി ആക്കില്ല എന്ന മൂപ്പരുടെ പ്രസ്താവനകൾ കണ്ടുകൊണ്ടാണ്‌ ഉറങ്ങാൻ കിടന്നത്‌. അങ്ങിനെ ഉറക്കത്തിലേക്ക്‌ വീണു.

ഞാൻ പി.സി.ജോർജ്ജിന്റെ ഒപ്പം ഇരിക്കുന്നു. മാണി രാജി വെക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ആണ്‌ ഞങ്ങൾ. ഇടയിൽ പി സി ജോർജ്ജ്‌ തന്റെ ലെറ്റർ പാഡ്‌ എടുത്ത്‌ മാണി രാജിവെക്കണം എന്നും പകരം എന്നെ മന്ത്രി ആക്കണം എന്നും ആവശ്യപ്പെട്ട കത്ത്‌ എഴുതി അതെനിക്ക്‌ കാണിച്ചു തന്നു. എന്നിട്ട്‌ അത്‌ പാർട്ടിക്ക്‌ കൊടുക്കും എന്ന്‌ പറഞ്ഞു.

അത്‌ വായിച്ചതും മ്മൾ ഞെട്ടി ഉണർന്നു. ചുറ്റും നോക്കിയപ്പോൽ കെട്ട്യോളും കുട്ടിയും നല്ല ഉറക്കത്തിലാണ്‌. മ്മളെ മന്ത്രി ആക്കാൻ പി സി ജോർജ്ജ്‌ കത്ത്‌ കൊടുത്ത വിവരം ഒന്നും അവർ അറിഞ്ഞിട്ടില്ല !!

പതുക്കെ തിരിഞ്ഞു കിടന്ന് വീണ്ടും ഉറങ്ങി. ഇനി അഥവാ കത്ത്‌ കൊടുത്ത്‌ മന്ത്രി ആയാൽ പിന്നെ ഉറങ്ങാൻ സമയം ഉണ്ടാവില്ലല്ലോ !!

അബസ്വരം :
സ്വപ്നത്തിൽ ഞെട്ടി ഉണർന്നിരുന്നില്ല എങ്കിൽ മ്മൾ ബജറ്റ്‌ വരെ അവതരിപ്പിച്ചേനെ!!

                                                                     456
                                                                     *****
25.01.2015
"ഞങ്ങൾ ഒരുപാട്‌ കാലമായി റിപ്പബ്ലിക്ക്‌ ദിനം ആഘോഷിക്കാൻ തുടങ്ങിയിട്ട്‌. ഒരോ വർഷവും അത്‌ ആഘോഷിക്കുകയും, പല പ്രമുഖരേയും അതിൽ അതിഥിയായി പങ്കെടുപ്പിക്കുകയും അവർക്ക്‌ സുരക്ഷ നൽകി ജീവനോടെ തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്‌. അങ്ങിനെ ഞങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയിൽ വിശ്വാസം ഉണ്ടെങ്കിൽ മാത്രം ഇവിടേക്ക്‌ വന്നാൽ മതി ഒബാമേ. നീ ഇല്ലെങ്കിലും ഞങ്ങൾക്ക്‌ റിപ്പബ്ലിക്ക്‌ ആഘോഷിക്കാൻ അറിയാം. വേൾഡ്‌ ട്രേഡ്‌ സെന്ററിനു പോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത നിങ്ങളുടെ കുണാണ്ടർമ്മാർ ഞങ്ങളെ സുരക്ഷ പഠിപ്പിക്കേണ്ട. ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ താൻ ഇടപെടേണ്ട." - എന്ന് പറയാൻ തന്റേടവും ചങ്കൂറ്റവും ഇല്ലാത്തവറ്റകൾ ആണല്ലോ ഇന്ത്യ ഭരിക്കുന്നത്‌ എന്നതിൽ ലജ്ജിക്കാം.

അബസ്വരം :
അമേരിക്കയുടേയും ഒബാമയുടേയും കാല്‌ നക്കുന്നതാണോ രാജ്യസ്നേഹം സംഘികളേ ?

                                                                     457
                                                                     *****
25.01.2015
തന്നെ സ്വീകരിക്കാൻ മിഷേലിൻറെ അളിയൻറെ നാത്തൂന്റെ കെട്ടിയോന്റെ അന്‍സത്തിയുടെ മോന്റെ അമ്മായപ്പനെ പോലുമയക്കാത്ത ഒബാമയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് സ്വീകരിച്ച മോഡിച്ചായന് ഈ ഉസാറ് സ്വന്തം കെട്ട്യോളെ വീട്ടിലേക്ക് സ്വീകരിക്കുന്നതില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു മക്കളേ !!

അബസ്വരം :
അമേരിക്കയെന്നു കേട്ടാലോ വളയണം നട്ടെല്ല് 'റ' ഷേയ്പ്പില്‍ !!

                                                                     458
                                                                     *****
26.01.2015
രാഷ്ട്രപിതാവിനെ വധിച്ച നാഥൂറാം ഗോഡ്‌സെയെ ആരാധിക്കുന്നവർ രാജ്യം ഭരിക്കുമ്പോൾ റിപബ്ലിക്ക്‌ ദിനം എത്രത്തോളം ആഘോഷഭരിതമാവും എന്ന സംശയങ്ങൾ ഉയർന്നു നിൽക്കുന്നു.

എന്തായാലും ഏവർക്കും റിപ്പബ്ലിക്ക്‌ ദിനാശംസകൾ.

അബസ്വരം :
സ്വന്തം കെട്ടിയോൾക്ക്‌ കീറത്തുണി പോലും നൽകാതെ അന്യന്റെ ഭാര്യക്ക്‌ ലക്ഷങ്ങളുടെ നൂറ്‌ സാരികൾ നൽകുന്നതിനേയും റിപ്പബ്ലിക്ക്‌ എന്ന്‌ വിളിക്കുമായിരിക്കും അല്ലേ ?

                                                                     459
                                                                     *****
27.01.2015
"ചായക്കച്ചവടക്കാരൻ പ്രധാനമന്ത്രിയായത് ഇന്ത്യയുടെ മഹത്വം." - ഒബാമ

അബസ്വരം :
വര്‍ഗീയ വിഷം വിതറി, കലാപം ഉണ്ടാക്കി, സെല്‍ഫ് മാര്‍ക്കെറ്റിംഗ് നടത്തിയാല്‍ പിച്ചക്കാരന് വരെ ഇവിടെ പ്രധാനമന്ത്രിയാകാം എന്നതും ഇന്ത്യയുടെ മഹത്വം തന്നെയാണല്ലോ !!

                                                                     460
                                                                     *****
28.01.2015
ഒബാമ ഈ ഇന്ത്യാ സന്ദർശ്ശനത്തിൽ നിന്നും പഠിച്ച പാഠം :

"അൽപ്പൻ ഇന്ത്യൻ പ്രധാനമന്ത്രിയായാൽ കോട്ടിൽ സ്വന്തം പേരെഴുതി നിറക്കും".

അബസ്വരം :

ഇനി ദയവുചെയ്ത്‌ അർദ്ധരാത്രിക്ക്‌ കുടപിടിച്ചവനെ ആരും കളിയാക്കരുത്‌. മ്മടെ മോഡിച്ചായന്റെ മുന്നിൽ ലവനൊക്കെ എന്തര്‌.

                                                                     461
                                                                     *****
29.01.2015
ഞാൻ പ്രധാനമന്ത്രി ആവാൻ വേണ്ടി രാജ്യത്ത്‌ വർഗ്ഗീയ കലാപങ്ങളോ, ചോരപ്പുഴകളോ ഉണ്ടാക്കുകയില്ല എന്നും, കള്ളപ്പണം കൊണ്ടുവരും, വിലക്കയറ്റം നിയന്ത്രിക്കും തുടങ്ങി എന്നാൽ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യുമെന്ന മോഹന വാഗ്ദാനങ്ങൾ നൽകില്ല എന്നും, ഇനി പ്രധാനമന്ത്രി ആയാൽ സ്വന്തം പേര്‌ തുന്നിച്ചേർത്ത വസ്ത്രങ്ങളോ, പൊതു ഖജനാവിലെ പണം കൊണ്ട്‌ വാങ്ങിയ വസ്ത്രങ്ങളോ ധരിക്കുകയില്ല എന്നും, എന്റെ കെട്ട്യോൾക്ക്‌ സാരിവാങ്ങിക്കൊടുക്കാതെ അമേരിക്കൻ പ്രസിഡന്റിന്റേയോ, അന്യരുടേയോ കെട്ട്യോൾമാർക്ക്‌ സാരിയോ മറ്റോ പൊതുഖജനാവിലെ പണം കൊണ്ടോ, സ്വന്തം പണം കൊണ്ടോ വാങ്ങി കൊടുക്കില്ല എന്നും, ഈ രാജ്യം ഒരുക്കുന്ന സുരക്ഷയിൽ ഇവിടേക്ക്‌ വരാൻ ധൈര്യം ഇല്ലാത്തവരെ ഇങ്ങോട്ട്‌ കൊണ്ടുവരില്ല എന്നും, പൊട്ടൻ കഥകൾ ഉണ്ടാക്കി അതിന്‌ ശാസ്ത്ര പരിവേഷം നൽകാൻ ശ്രമിക്കില്ല എന്നും ഇതിനാൽ സത്യപ്രതിജ്ഞ്യ ചെയ്യുന്നു.

അബസ്വരം :
അച്ചാദിൻ എന്നത്‌ ഞാനറിയും,
സൊമാലിയ പോലെ സമൃദ്ധിയാവും.

                                                                     462
                                                                     *****
29.01.2015
മോഡിയും ഭീമൻ രഘുവും തമ്മിൽ നല്ല സാമ്യം ഉണ്ട്‌. ആദ്യം രണ്ടാളും വില്ലൻ വേഷങ്ങളിൽ തിളങ്ങി. ഇപ്പോൾ ചളിപ്പ്‌ കോമഡി വേഷങ്ങളിലും.

ഇത്രയും വിഡ്ഡിവേഷം കെട്ടിയാടാൻ തൊലിക്കട്ടിയുള്ള, ഉളിപ്പും ബോധവും ഇല്ലാത്ത ഒരു ഭരണാധികാരിയെ കിട്ടാനും ഒരു ഭാഗ്യമൊക്കെ വേണം.

അബസ്വരം :
പൊട്ടൻ തമാശകളുടെ അച്ചാ ദിനങ്ങൾ വന്നണഞ്ഞൂ ഹേ !!
പട്ടിണി കിടക്കുന്നവർക്ക്‌ ഇനി സിർച്ച്‌ സിർച്ച്‌ വടിയാവാം ഹൈ !!!

                                                                     463
                                                                     *****
30.01.2015
ഇത്തവണത്തെ ദില്ലി തിരഞ്ഞെടുപ്പ്‌ ചരിത്ര സംഭവമായിരിക്കും.

മോഡിയുടെ വികസനവും ജനസേവനവും അച്ചാ ദിനും എല്ലാം വാചകമടി മാത്രമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. മധുവിധുവും ഗർഭകാലവും കഴിയുമ്പോൾ വർഗ്ഗീയതയും, മതവിദ്വേഷവുമല്ലാതെ മറ്റൊന്നും ഈ സർക്കാറിനു പ്രസവിക്കാൻ കഴിയില്ല എന്ന വസ്തുത ജനങ്ങൾ മനസ്സിലാക്കി തുടങ്ങി.

ദില്ലിയിൽ കേജരിവാളും ആം ആദ്മിയും ഒറ്റക്ക്‌ ഭൂരിപക്ഷം നേടുകതന്നെ ചെയ്യും.

ബി ജെ പിയുടെ പതനത്തിന്റെ തുടക്കം ദില്ലി ഇലക്ഷനിൽ കാണാം.

അബസ്വരം :
അഴുക്കുകൾ ഇന്നല്ലെങ്കിൽ നാളെ ചൂലുകൊണ്ട്‌ തൂത്ത്‌ വാരപ്പെടുകതന്നെ ചെയ്യും.


                                                                     464
                                                                     *****
01.02.2015
"ലാലിസം ബാന്‍ഡ് പിരിച്ചു വിട്ടു." - വാര്‍ത്ത.

അബസ്വരം :
ഛെ പിരിച്ചു വിടേണ്ടിയിരുന്നില്ല. ഇന്ത്യാ പാക്ക് അതിര്‍ത്തിയില്‍ പോയി ലാലിസം അവതരിപ്പിച്ചിരുന്നു എങ്കില്‍ അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റം അവസാനിച്ചിരുന്നു. പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ ജീവനും കൊണ്ട് ഓടിപ്പോവുകയും ചെയ്തിരുന്നു. അതും വെറും രണ്ടു കോടിക്ക് !!

                                                                     465
                                                                     *****
02.02.2015
ലാലേട്ടനു ചുണ്ടനക്കാതെ പാടാനുള്ള കഴിവുണ്ട്‌ എന്ന് തിരിച്ചറിയാതെ പോയവരാണ്‌ ലാലേട്ടൻ ചുണ്ടനക്കുന്നതിനു മുൻപ്‌ മൈക്കിലൂടെ പാട്ട്‌ വന്നു എന്ന്‌ പറഞ്ഞു വിലപിക്കുന്നത്‌.

ചുണ്ടനക്കാത്ത പോലെ അഭിനയിച്ച്‌ ലാലേട്ടൻ പാട്ടുപാടി. അതാണ്‌ ലാലേട്ടന്റെ അഭിനയശേഷി. അതുപോലും തിരിച്ചറിയാൻ കഴിവില്ലാത്തവരായല്ലോ മലയാളി സമൂഹം !!

അബസ്വരം :
ഇപ്പൊ മനസ്സിലായില്ലേ മമ്മൂക്കയേക്കാൾ മികച്ച നടൻ ലാലേട്ടനാണെന്ന്. മമ്മൂട്ടിക്ക്‌ ചുണ്ടനക്കിയെങ്കിലും ഒരു പാട്ട്‌ പാടാൻ കഴിയുമോ ?

                                                                     466
                                                                     *****
04.02.2015
അങ്ങിനെ വളർന്ന് വളർന്ന് വികസിച്ച സി പി എം ദില്ലിയിൽ 55 മണ്ഡലങ്ങളിൽ ആം ആദ്മിയെ പിന്തുണക്കാൻ തീരുമാനിച്ചു.

കെട്ടിവെച്ച കാശ്‌ പോലും തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്ത അവസ്ഥയിലാണ്‌ ദില്ലിയിൽ അരിവാളിന്റെ അവസ്ഥ. ഈ സാഹചര്യത്തിൽ ആം ആദ്മി ജയിച്ചാൽ അത്‌ ഞമ്മിന്റെ പിന്തുണ കൊണ്ടാണ്‌ എന്ന്‌ മാക്രികൾ മുക്രയിടുന്നത്‌ കാണാം.

സ്വന്തം പെട്ടിയിൽ വീഴുന്ന മുന്നാലു പന്ത്രണ്ട്‌ വോട്ടിന്റെ ചീത്തപ്പേര്‌ കേൾക്കുകയും വേണ്ടാ, ഒപ്പം ആം ആദ്മിയുടെ വിജയത്തിന്റെ പങ്ക്‌ അവകാശപ്പെടുകയും ചെയ്യാം. നല്ല കുരുട്ട്‌ സോറി കാരാട്ട്‌ ബുദ്ധി തന്നെ.

അബസ്വരം :
ഇക്കും ന്റെ മൊയലാളിക്കും കൂടി പത്ത്‌ കോടി ശമ്പളം !!

                                                                     467
                                                                     *****
06.02.2015
ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രത്തിൽ നിർണ്ണായ സ്വാധീനം ചെലുത്താൻ കഴിയുന്ന തിരഞ്ഞെടുപ്പ്‌ നാളെ നടക്കുന്നു.

ചോരയും ചെളിയും നിറഞ്ഞ കുളത്തിൽ വളരുന്ന താമരയും, അഴിമതി പുരണ്ട കൈകളും ശുദ്ധീകരണ ഉപകരണമായ ചൂലുകൊണ്ട്‌ ദില്ലി ജനത തൂത്തെറിഞ്ഞാൽ അത്‌ ഇന്ത്യക്ക്‌ നൽകുന്ന പ്രതീക്ഷയും പ്രകാശവും വളരെ വലുതായിരിക്കും.

ദില്ലി തിരിച്ചറിവിന്റെ പാത സ്വീകരിക്കട്ടെ.

വോട്ടിംഗ്‌ മെഷീനിൽ ഓരോ വിരലും അമരുമ്പോൾ ചൂലിനുള്ള ശക്തി വർദ്ധിച്ചുകൊണ്ടേയിരിക്കട്ടെ.

അബസ്വരം :
ആം ആദ്മിക്കും കേജരിവാളിനും വിജയാശംസകൾ.

                                                                     468
                                                                     *****
07.02.2015
ഇമാമുമാരോ, പള്ളീലച്ചന്മാരോ, സന്യാസിമാരോ, സ്വയം പ്രഖ്യാപിത സമുദായ നേതാക്കളോ അല്ല ജനാധിപത്യത്തിന്റേയും വോട്ടിന്റേയും മൊത്ത വിതരണക്കാര്‍. അതുകൊണ്ട് തന്നെ "മൊല്ലാക്കാ ഇങ്ങള്‍ പെട്ടീലാക്കി തരുന്ന വോട്ട് ഞമ്മക്ക് മാണ്ട. ഞമ്മളെ വിശ്വാസം ഉള്ള ഓരോരുത്തരുടെ വോട്ടായി മാത്രം മ്മക്ക് മതി" എന്ന് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം പറയാന്‍ ചങ്കൂറ്റം കാണിച്ച കേജരിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേറിട്ട്‌ നില്‍ക്കുന്നു.

ഇത്തരം ചങ്കൂറ്റമുള്ള വ്യക്തികള്‍ തന്നെയാണ് ഇനി ഇന്ത്യന്‍ ഭരണചക്രം തിരിക്കേണ്ടത്‌.

വേറെ ഒന്നും പറയാനില്ലാത്തപ്പോള്‍ ആം ആദ്മിയെ "അരാജകവാദികള്‍" എന്ന് വിളിച്ച് സംഘികളും, കോണ്‍ഗ്രസ്സുകാരും ആത്മസായൂജ്യം അടയട്ടെ. തിരഞ്ഞെടുപ്പില്‍ ജനാധിപത്യ രീതിയില്‍ മത്സരിക്കുന്നതില്‍ എന്ത് അരാജകത്വമാണ് ഉള്ളത് എന്ന് അവര്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി!

അബസ്വരം :
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ധാരാളം പ്രതീക്ഷകള്‍ നല്‍കുന്നു. പത്താം തിയ്യതി അത് സഫലമാവും എന്ന പ്രതീക്ഷയോടേയും, രക്തം പുരണ്ട താമരകളുടെ നാശത്തിന്റെ തുടക്കവും അന്ന് തുടങ്ങും എന്ന പ്രത്യാശയോടേയും കാത്തിരിക്കുന്നു....

                                                                     469
                                                                     *****
09.02.2015
"ദേശദ്രോഹിയായ ഗാന്ധിയെ ഞങ്ങൾ വെടിവെച്ച്‌ കൊന്നു. ദേശദ്രോഹ പ്രവർത്തനങ്ങൾ തുടർന്നാൽ കേജരിവാളിനേയും ഞങ്ങൾ കൊലപ്പെടുത്തും." ഹിന്ദു മഹാ സഭാ നേതാവ്‌ സ്വാമി ഓംജി.

സ്വാതന്ത്ര സമരം നടക്കുമ്പോൾ പത്തായത്തിൽ അടയിരുന്ന വീര ദേശാഭിമാനികളാണെന്ന്‌ അവകാശപ്പെടുന്ന സംഘികളിൽ നിന്ന്‌ ഇതിൽ കൂടുതൽ എന്ത്‌ പ്രതീക്ഷിക്കാൻ ?

ദേശസ്നേഹം എന്തെന്നും, രാജ്യ ദ്രോഹം എന്തെന്നും തിരിച്ചറിയാനുള്ള വെളിവ്‌ ഇല്ലാത്ത ഇത്തരം ശിഖണ്ടികൾക്ക്‌ രാഷ്ട്രപിതാവ്‌ രാജ്യദ്രോഹിയായും, രാഷ്ട്രപിതാവിനെ കൊന്നവൻ രാജ്യസ്നേഹിയായും തോന്നുക സ്വാഭാവികം തന്നെ.

ഇത്തരം പ്രസ്താവനകൾ നടത്തുന്നർക്ക്‌ എതിരേ നടപടി സ്വീകരിക്കാനുള്ള നിയമം ഒന്നും ഇല്ലേ ഇന്ത്യൻ നിയമ വ്യവസ്ഥേ നിന്റെ താളുകളിൽ ??

അബസ്വരം :
ഹിന്ദുക്കളെ നാറ്റിക്കാൻ ഒരു ഹിന്ദു മഹാസഭ !!

                                                                     470
                                                                     *****
10.02.2015
അന്ന് - വികാസ്‌ ബേദി.
ഇന്ന് - പാപ്പരാസ്‌ ബേദി.

അബസ്വരം :
പെട്ടി പെട്ടി ബാലറ്റ്‌ പെട്ടി
പെട്ടി തുറന്നപ്പൊ ബേദിക്കുട്ടി പൊട്ടി
മോദിക്കുട്ടി ഞെട്ടി !!

                                                                     471
                                                                     *****
0.02.2015
കോൺഗ്രസ്സിന്റേയും ബി ജെ പി യുടേയും തോൽ വിയെക്കുറിച്ച്‌ ചാനലുകളിൽ വാ തോരാതെ വിശകലിക്കുന്ന രാജേഷാദി, സമ്പത്താദി സഖാക്കൾ തങ്ങളുടെ പാർട്ടിക്ക്‌ എല്ലാ മണ്ഡലങ്ങളിലും കൂടി ആകെ എത്ര വോട്ട്‌ കിട്ടി എന്നൊന്ന് വിശകലിക്കുന്നത്‌ നന്നായിരിക്കും.

അബസ്വരം :

സ്വന്തം നഗ്നത കാണാതെ അന്യന്റെ തുണിയിലെ ഓട്ടകളെ വിശകലിക്കുന്നവർ !!

                                                                     472
                                                                     *****
12.02.2015
പ്രിയങ്കയെ വിളിച്ചാൽ കോൺഗ്രസ്സിനെ രക്ഷിക്കാം എന്ന്‌ വല്ലവരും കരുതുന്നുണ്ട്‌ എങ്കിൽ അവരെ രാഷ്ട്രീയ വിഡ്ഢികൾ എന്ന് നിസ്സംശയം വിളിക്കാം.

ഉപ്പാപ്പ ആനപ്പുറത്ത്‌ കയറിയതിന്റെ തഴമ്പോ, തറവാടിന്റെ ബ്രാന്റ്‌ നെയിമോ അല്ല ജനങ്ങൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും എന്നത്‌ വ്യക്തമായി സൂചിപ്പിക്കുന്നതാണ്‌ കേജരിവാളിന്റെ വിജയം.

ചില്ലുമേടകളിൽ താരങ്ങളായി ഇരിക്കുന്നവരുടെ വാക്കുകൾ കേൾക്കാൻ തങ്ങൾക്ക്‌ താൽപര്യമില്ല എന്നും, തങ്ങളിലേക്ക്‌ ഇറങ്ങി വന്ന്‌ തങ്ങളുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നവരെയാണ്‌ തങ്ങൾക്കാവശ്യം എന്നും ദില്ലി ജനത ചൂൽ മുറുകെ പിടിക്കുക വഴി തെളിയിച്ചു കഴിഞ്ഞു.

അത്‌ മനസ്സിലാക്കാനും അതിനനുസരിച്ച്‌ പ്രവർത്തിക്കാനും തയ്യാറാവാതെ ഞൊടുക്ക്‌ വിദ്യകൾ കൊണ്ട്‌ കളി തുടരാനും കോൺഗ്രസ്സ്‌ ശ്രമിച്ചാൽ നമുക്ക്‌ ഒരു കഥ ഭാവിയിലെ കുരുന്നുകൾക്ക്‌ പറഞ്ഞു കൊടുക്കാം - കോൺഗ്രസ്സ്‌ എന്നൊരു പാർട്ടി ദിനോസറുകളെ പോലെ ഭൂമിയിൽ നിന്ന്‌ അപ്രത്യക്ഷമായ കഥ.

അബസ്വരം :

ഇപ്പോൾ കോൺഗ്രസ്സുകാർക്ക്‌ വിളിക്കാനുള്ള അവസാനത്തെ ആളാണ്‌ പ്രിയങ്ക. ഇനി പ്രിയങ്കയും രാഹുലിന്റെ അവസ്ഥയിലേക്ക്‌ വരുമ്പോൾ വിളിക്കാനായുള്ള ആൾക്ക്‌ വേണ്ടിയുള്ള പണി പോലും രാഹുൽ ചെയ്തിട്ടില്ല എന്ന കാര്യം കോൺഗ്രസ്സ്‌ ഓർക്കണം. അതുകൊണ്ട്‌ തന്നെ പ്രിയങ്കയെ വിളിക്കുമ്പോൾ അവസാനത്തെ ആളെയാണ്‌ വിളിക്കുന്നത്‌ എന്ന ബോധത്തോടെ തന്നെ വിളിക്കണം.

                                                                     473
                                                                     *****
12.02.2015
"കേജരിവാളിന്റെ സത്യപ്രതിജ്ഞ്യാ ചടങ്ങിൽ മോഡി പങ്കെടുക്കില്ല." - വാർത്ത.

അബസ്വരം :
അല്ലെങ്കിലും സ്വന്തം കാമുകിയുടെ കഴുത്തിൽ മറ്റൊരാൾ താലിചാർത്തുന്നത്‌ കാണാനുള്ള ചങ്കുറപ്പ്‌ എല്ലാവർക്കും ഉണ്ടാവില്ലല്ലോ !!

                                                                     474
                                                                     *****
12.02.2015
"മോഡിയുടെ വിഗ്രഹം വെച്ച്‌ മോഡിയുടെ പേരിൽ ക്ഷേത്രം." - വാർത്ത

അബസ്വരം :
'നരേന്ദ്ര ദാമോദർ ദാസ്‌ മോഡി' എന്നെഴുതിയ കോട്ട്‌ വിഗ്രഹത്തിൽ സമർപ്പിക്കുന്നതാവും അവിടെ ഉദ്ദിഷ്ട കാര്യം നേടാനുള്ള പ്രധാന വഴിപാട്‌ അല്ലേ ?

                                                                     475
                                                                     *****
13.02.2015
മിസ്സ്ഡ്‌ കാൾ അടിച്ചാൽ മോഡീശ്വരൻ ക്ഷേത്രത്തിൽ വഴിപാട്‌ നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌ എങ്കിൽ ഒന്നറിയിക്കണം.

ഗുജറാത്ത്‌ കലാപത്തിൽ കൊല്ലപ്പെട്ടവർക്ക്‌ നീതി കിട്ടാനായി പറ്റിയ കോട്ട്‌ സമർപ്പണ വഴിപാടോ, ഫോട്ടോഷോപ്പ്‌ പ്രദക്ഷിണമോ, ശൂലം കളിയോ ഉണ്ടെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കാമല്ലൊ !!

അബസ്വരം :
കോട്ടിൽ തീരാത്ത കോട്ടങ്ങൾ !

                                                                     476
                                                                     *****
13.02.2015
"പാക്കിസ്ഥാൻ ക്രിക്കറ്റ്‌ ടീമിന്‌ മോഡി ആശംസകൾ അർപ്പിച്ചു." - വാർത്ത.

ഇന്ത്യയുടെ ആദ്യ മൽസരം തന്നെ പാക്കിസ്ഥാന്‌ എതിരെ ആകുമ്പോൾ ഈ ആശംസ അർപ്പിക്കൽ ഇന്ത്യയോട്‌ ചെയ്യുന്ന ദ്രോഹമല്ലേ ? ഭാരത മാതാവിനോട്‌ മോഡിയുടെ സ്നേഹം കുറഞ്ഞതിന്റെ ലക്ഷണമല്ലേ ?

മോഡിയുടെ രാജ്യസ്നേഹം വർദ്ധിപ്പിക്കുന്നതിനായി നമ്മുടെ രാജ്യസ്നേഹ വർദ്ധിനി സിനിമയായ കീർത്തി ചക്ര ഉടനെ മൂപ്പരെ കാണിപ്പിക്കൂ. രാജ്യസ്നേഹം വർദ്ധിച്ച്‌ "പാക്കിസ്ഥാൻ ക്രിക്കറ്റ്‌ ടീം തോറ്റ്‌ പണ്ടാറമടങ്ങിപ്പോട്ടെ" എന്ന് മോഡീശ്വരൻ പറയുന്നത്‌ വരെ ആവർത്തിച്ചാവർത്തിച്ച്‌ കീർത്തി ചക്ര കാണിച്ച്‌ കൊടുക്കൂ.

അബസ്വരം :
മലപ്പുറത്തുകാർ പാക്കിസ്ഥാൻ ക്രിക്കറ്റ്‌ ടീമിനെ ആശംസിച്ചാൽ അത്‌ ദേശദ്രോഹം വിത്ത്‌ തീവ്രവാദം !

മോഡി പാക്കിസ്ഥാൻ ക്രിക്കറ്റ്‌ ടീമിനെ ആശംസിച്ചാൽ അത്‌ രാജ്യസ്നേഹം വിത്ത്‌ നയതന്ത്രം !!

എന്താല്ലേ ??!!
                                                                     477
                                                                     *****
15.02.2015
എന്റെ ഒരു സുഹൃത്ത്‌ ഇന്നലെ ഒരു മെസേജ്‌ അയച്ചു.

അതിന്റെ ഉള്ളടക്കം ഇതാണ്‌ - മോഡിയുടെ കോട്ട്‌, പാക്കിസ്ഥാൻ ടീമിനു മോഡി നൽകിയ ആശംസ തുടങ്ങിയ വിഷയങ്ങളിൽ ഒക്കെ എന്തിനു പ്രതികരിക്കണം ? അതിനേക്കാൾ പ്രാധാന്യമുള്ള വിഷയങ്ങൾ നാട്ടിൽ ഇല്ലേ ? കേജരിവാൾ ജയിച്ചു എന്നത്‌ നല്ല വിഷയമാണ്‌. അവർ നല്ല വല്ലതും ചെയ്താൽ നല്ല കാര്യം. എന്നാൽ കോൺഗ്രസ്‌ തോറ്റു, ബി ജെ പി തോറ്റു എന്നൊക്കെ പറയുന്നത്‌ എന്തിനാണ്‌ ? അങ്ങിനെ പറഞ്ഞ്‌ വെറുപ്പ്‌ പരത്തുന്നത്‌ എന്തിനാണ്‌ ? എന്തിനു രാഷ്ട്രീയ പാർട്ടികളേ കുറിച്ച്‌ ചിന്തിക്കണം ? ഇന്ത്യയെ കുറിച്ച്‌ ചിന്തിച്ചാൽ പോരേ ? ബാംഗ്ലൂർ ഇന്റർസിറ്റി പാളം തെറ്റി. അതിനെന്ത്‌ ചെയ്യാം തുടങ്ങിയ വിഷയങ്ങളിൽ എഴുതിക്കൂടേ ?

ഇതൊക്കെ വായിച്ചപ്പോൾ എന്റെ മനസ്സിൽ ഉയർന്ന സംശയം ഞാൻ നേരിട്ട്‌ ചോദിച്ചു. - "മോഡിയെ വിമർശ്ശിക്കുന്നതാണോ ഇങ്ങടെ പ്രശ്നം ?" എന്ന്.

അതല്ല വിഷയം എന്ന്‌ ചങ്ങാതി പറഞ്ഞു. കോൺഗ്രസ്‌, ആപ്പ്‌ എന്നിവയേയും പറ്റി പറഞ്ഞല്ലോ എന്നും പറഞ്ഞു.

"ഇന്ത്യയുടെ സെകുലാരിറ്റി കുറച്ച്‌ കൂടുന്നുണ്ട്‌" എന്നും മൂപ്പർ പറഞ്ഞപ്പോൾ ഞാൻ ഒരു മന്ത്രി "ശ്രീരാമനെ അച്ചനായി കണക്കാക്കാത്തവർ ജാരസന്തതികൾ ആണ്‌' എന്ന്‌ പറഞ്ഞതിനെ കുറിച്ച്‌ ചോദിപ്പോൾ അത്തരം സ്റ്റുപിഡ്‌ ആയ വിഷയങ്ങൾക്ക്‌ ഒന്നും പാഴക്കാൻ സമയമില്ല എന്നും ചങ്ങാതി പറഞ്ഞു.

ഒടുവിൽ ഒരു "മേരെ ഭാരത്‌ മഹാൻ" പ്രസ്ഥാവന നടത്തി സുഹൃത്ത്‌ സലാം ചൊല്ലി. "മേരെ ഭാരത്‌ മഹാൻ എന്നാൽ മേരെ ഭാരത്‌ ക ഭരണകർത്താക്കൾ നഹി മഹാൻ" എന്ന് ഞമ്മളും സലാമടിച്ചു.

സത്യത്തിൽ ഈ മോഡിയുടെ കോട്ടും, ബി ജെ പി, കോൺഗ്രസ്‌ പരാജയവും ഒന്നും നമ്മൾ ചർച്ച ചെയ്യേണ്ട വിഷയം അല്ലേ ? ബി ജെ പി തോറ്റു, കോൺഗ്രസ്‌ തോറ്റു എന്നൊക്കെ പറഞ്ഞാൽ വെറുപ്പ്‌ പരത്തപ്പെടുമോ ?

മോഡിയേയും മറ്റും വിമർശിച്ചാൽ നഷ്ടപ്പെടുന്നതാണോ നമ്മുടെ സെകുലർ മുഖം ? നമ്മൾ പ്രതികരിക്കേണ്ടത്‌ ട്രയിൻ അപകടം പോലുള്ള വിഷയങ്ങളിൽ മാത്രമാണോ? ഇന്ത്യൻ സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളെ കുറിച്ച്‌ ചിന്തിക്കേണ്ട ആവശ്യമില്ലേ ? നമ്മളും നമ്മുടെ കമന്റുകളിലും പോസ്റ്റുകളിലും നമ്മൾ 100% സെകുലർ ആണ്‌ എന്ന് തെളിയിക്കാൻ എന്തൊക്കെ ചെയ്യണം ? ഇന്ത്യയുടെ സെകുലാരിറ്റി ആവശ്യത്തിലധികം കൂടിയോ ? ഇനി അത്‌ കുറക്കാനായി നാം എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ?

അബസ്വരം :
തല്ലൂ അമ്മാവാ, ചിലപ്പോൾ നന്നായാലോ ?

                                                                     478
                                                                     *****
17.02.2015
കഴിഞ്ഞ ദിവസം വളാഞ്ചേരി ടൗണിൽ വെച്ച്‌ ട്രാഫിക്ക്‌ നിയന്ത്രിക്കുന്ന ഒരു പോലീസുകാരൻ ഒരു പോലീസ്‌ ജീപ്പിലേക്ക്‌ നോക്കി സല്യൂട്ട്‌ അടിക്കുന്നത്‌ കണ്ടു.

ഞാനും ആ ജീപ്പിലേക്ക്‌ നോക്കി.

ഒരുത്തൻ മസിലും പെരുപ്പിച്ച്‌ ഏയറും പിടിച്ച്‌ മുൻ സീറ്റിൽ ഇരിക്കുന്നു. അയാൾ നടു റോഡിൽ വെയിലും കൊണ്ട്‌ സല്യൂട്ടടിക്കുന്ന ആളെ "സല്യൂട്ടടിക്ക്‌ ഒരു ഉഷാറ്‌ പോരല്ലോ കോയാ" എന്ന മട്ടിൽ ഒന്ന് നോക്കുക മാത്രം ചെയ്തു. ഒരു പ്രത്യഭിവാദ്യമോ മറ്റോ ഇല്ലാതെ.

എന്നാൽ ആ സംഭവത്തിലെ പ്രധാന ഘടകം ആ പോലീസ്‌ ജീപ്പിൽ ഉണ്ടായിരുന്ന ആരും യൂണിഫോമിൽ ആയിരുന്നില്ല എന്നതായിരുന്നു. യഥാർത്ഥത്തിൽ യൂണിഫോമിൽ അല്ലാത്ത മേലാളൻ പോലീസുകാരനെ കീഴാളൻ പോലീസ്‌ സലൂട്ടേണ്ടതുണ്ടോ ?

അത്‌ ശരിക്ക്‌ നിയമത്തിൽ ഇല്ലാത്ത കാര്യമല്ലേ ? ഇനി ഇപ്പോൾ ഒരു സല്യൂട്ട്‌ കൊടുത്തില്ല എങ്കിൽ മറ്റുവല്ല രീതിയിലും പണി കിട്ടും എന്ന ഭയമാവുമോ കീഴാളൻ പോലീസിനെക്കൊണ്ട്‌ ഓട്ടോ മാറ്റിക്ക്‌ സല്യൂട്ട്‌ ചെയ്യിച്ചിട്ടുണ്ടാവുക ?

അതോ പോലീസ്‌ ജീപ്പിനെ പോലീസുകാരൻ സല്യൂട്ട്‌ ചെയ്യണം എന്ന നിയമം ഉണ്ടോ ?

ശരിക്കും ചിന്തിച്ചാൽ ഈ പോലീസുകാരുടെ സല്യൂട്ടടി കോപ്രായം തന്നെ ഒരു പോഴത്തമല്ലേ ?

മറ്റൊരു വകുപ്പിലും ഇല്ലാത്ത ഈ പരസ്യ മേലാളൻ കീഴാളൻ പ്രകടന കോപ്രായം പോലീസിൽ നിന്നും എടുത്ത്‌ കളയേണ്ട സമയം അതിക്രമിച്ചില്ലേ ?

അബസ്വരം :

പണ്ട്‌ ബ്രിട്ടീഷുകാർ ഭരിച്ചിരുന്നപ്പോൾ ഹെഡ്‌മാഷെ മറ്റു അധ്യാപകർ ഉടുമുണ്ട്‌ പൊക്കിക്കാണിക്കുന്നത്‌ ഒരു ചടങ്ങായി കൊണ്ട്‌ വരാഞ്ഞത്‌ എത്ര നന്നായി !
എങ്കിൽ ഇന്നും അത്‌ തുടർന്നേന്നെ !!

                                                                     479
                                                                     *****
17.02.2015
വയറിളക്കം മാറാൻ മുറിവൈദ്യന്റെ മരുന്ന് കഴിച്ച്‌ വയറിളകിയിളകി കുടൽമാല വരെ പുറത്തു വന്ന അവസ്ഥയിലായി അമേരിക്കയുടെ തീവ്രവാദ വിരുദ്ധ യുദ്ധവും അനുബന്ധ കലാ പ രിപാടികളും.

അമേരിക്ക തീവ്രവാദ യുദ്ധം തുടങ്ങിയ ശേഷം ലോകത്ത്‌ തീവ്രവാദം കൂടുകയാണോ കുറയുകയാണോ ചെയ്തിട്ടുള്ളത്‌ എന്നൊന്ന് ചിന്തിക്കേണ്ടതല്ലേ ?

അബസ്വരം :
ആയുധ കച്ചവടം നന്നായി നടക്കുന്നുണ്ട്‌, ഗ്യാപ്പിൽ എണ്ണയും അടിച്ച്‌ മാറ്റുന്നുണ്ട്‌ പിന്നെ തീവ്രവാദം കൂടിയാലെന്താ കുറഞ്ഞാലെന്താ എന്ന അമേരിക്കൻ ലൈനിൽ ആണത്രേ മുറിവൈദ്യനും ചിന്തിക്കുന്നത്‌ - "ഓന്റെ വയറിളകിയാലെന്താ, കൊടല്‌ പൊറത്ത്‌ ചാടിയാലെന്താ അയ്ന്റെ മരുന്നും ഓൻ മ്മടേക്കന്നെന്നെ മാങ്ങണ്ടേ?"

                                                                     480
                                                                     *****
19.02.2015
രാഹുൽ എന്ന റൊമാന്റിക്ക്‌ ഹീറോയെ ആക്ഷൻ ഹീറോയുടെ വേഷം കെട്ടിക്കാൻ ശ്രമിച്ചതാണ്‌ കോൺഗ്രസ്സിന്റെ പരാജയ കാരണം.

അബസ്വരം :
രാഹുലിൽ തീരാത്ത രാഹുകാലം !

                                                                     481
                                                                     *****
19.02.2015
അയാൾ കാണാപ്പാഠം എഴുതി പഠിക്കൽ തുടരുകയാണ്‌ ...

Mrs = മിസ്സിസ്‌
Mrs = മിസ്സിസ്‌
Mrs = മിസ്സിസ്‌
Mrs = മിസ്സിസ്‌
മോഹൻ ദാസ്‌ കരംചന്ദ്‌ ഗാന്ധി
മോഹൻ ദാസ്‌ കരംചന്ദ്‌ ഗാന്ധി
മോഹൻ ദാസ്‌ കരംചന്ദ്‌ ഗാന്ധി
Mrs = മിസ്സിസ്‌
Mrs = മിസ്സിസ്‌
Mrs = മിസ്സിസ്‌.....

അബസ്വരം :

ഇത്‌ എഴുതിപ്പഠിച്ച കടലാസുകളും വൈകാതെ ലേലം ചെയ്യുന്നതാണ്‌. അതിനു മുൻപ്‌ ലേല ആരാധകർ സണ്ണിലിയോണിന്റേയോ മറ്റു സിനിമാ താരങ്ങളുടേയോ അടിവസ്ത്ര ലേലത്തിൽ പങ്കെടുത്ത്‌ കാശ്‌ കോഞ്ഞാട്ടയാക്കരുത്‌ എന്ന്‌ പ്രത്യേകം അറിയിക്കുന്നു.

                                                                     482
                                                                     *****
20.02.2015
ഒന്നുകിൽ പിണറായി കാക്കാക്ക്‌ ഉളിപ്പ്‌ മാണം. അല്ലെങ്കിൽ അച്ചുതാനന്ദൻ കാക്കാക്ക്‌ ഉളിപ്പ്‌ മാണം. അതുമല്ലെങ്കിൽ ഈ രണ്ടെണ്ണത്തിനും ജയ്‌ ബിളിക്കുന്നോർക്ക്‌ ഉളിപ്പ്‌ മാണം.

ഒന്നിനും ഉളിപ്പ്‌ ഇല്ലാതായാൽ ഇതങ്ങനെ തുടരും. കേന്ദ്ര കമ്മറ്റി, പോളിറ്റ്‌ ബ്യൂറോ, ഒലക്കേടെ മൂട്‌, ബദൽ രേഖ എന്നൊക്കെ പറഞ്ഞ്‌ കറങ്ങി തിരിഞ്ഞങ്ങനെ കാലം കഴിയും.

അബസ്വരം :
കേന്ദ്ര നേതാക്കളൊക്കെ ബല്യ തെരക്കിലാത്രേ !! ദില്ലീൽ മ്മക്ക്‌ വോട്ട്‌ ചെയ്ത ആ ആയിരത്തി ഇരുന്നൂറ്റി ചില്വാനം സുജായ്യ്യോൾക്ക്‌ കട്ടൻ ചായീം പരിപ്പ്‌ വടീം കൊട്ത്ത്‌ തക്കരിക്കിണ തെരക്കില്‌. ഈ വംസ നാസം ബന്ന സിംഗ ബാലൻ കുരങ്ങനെ ഒക്കെ സംരഷിക്ക്ണ പോലെ ഇബറ്റകൾക്കും തീറ്റീം ബെള്ളോം കൊട്ത്ത്‌ സംരഷിച്ചീലങ്കില്‌ ഓറ്റങ്ങളും ഭൂ മോത്ത്ന്ന് കാണാണ്ടാകൂലേ !

                                                                     483
                                                                     *****
21.02.2015
"കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർണ്ണായക രേഖകൾ ചോരുന്നു." - വാർത്ത.

മോഡ്യാക്ക വന്നതോടെ ഇന്ത്യക്ക്‌ രണ്ടാം സ്വാതന്ത്രം ലഭിച്ചു എന്നലറിയിരുന്ന സംഘിസ്ഥാനികളൊന്നും ഇത്‌ കേൾക്കുന്നുണ്ടാവില്ലല്ലോ അല്ലേ ?

അബസ്വരം :
ഇതാവുല്ലേ താമരോൾ പറയുന്ന രാഷ്യ സ്നേഹീടെ രാഷ്യ ഫരണം ?

                                                                     484
                                                                     *****
21.02.2015
കണ്ടം ബെച്ചൊരു പാർട്ട്യാണ്‌
പെളർന്ന്ണ്ടായൊരു പാർട്ട്യാണ്‌
ചൊകപ്പന്മാരുടെ പാർട്ട്യാണ്‌
ഇത്‌ നാട്ടിൽ മുഴുവൻ പാട്ടാണ്‌

തൊഴിലാളികളെ കുപ്പീലാക്ക്‌ണ മുതലാളികളുടെ പാർട്ട്യാണ്‌
കഷ്ടത പെരുകിയ സാധു ജനങ്ങടെ പിരിവെട്ക്ക്‌ണ പാർട്ട്യാണ്‌

പാർട്ടി ഭരിക്ക്‌ണ വൻ മൂട്ടേ മൂട്ടേ നീയിത്‌ കേട്ടാട്ടേ
പുകച്ചു കൊല്ലാൻ വന്നാൽ നിന്നെ ഡാങ്കേയാക്കും മൂശേട്ടാ

പാവപ്പെട്ടോരുടെ പാർട്ട്യല്ലാ ഇത്‌ ചാനൽ നടത്ത്‌ണ പാർട്ട്യാണ്‌
റബ്ബിൻ കൽപ്പന കേട്ട്‌ നടക്കാത്ത മാർക്കിസം മൂടിയ പാർട്ട്യാണ്‌
വർഷം ഏറെയായ്‌ പാർട്ടിക്കകത്തൊരു വാലൻ സെക്രട്ടറിയിരിക്കുന്നു
വോട്ടും തിന്ന്‌ ചിഹ്നവും തിന്ന്‌ പാർട്ടിം കൂടി തിന്നട്ടെ

അബസ്വരം :
അപ്പം ലാൽ സലാമു....!
                                                                     485
                                                                     *****

23.02.2015
"നമ്പൂരീ ഒരു വഴിപാട്‌."
"ഏത്‌ വഴിപാടാ?"
"ഒരു പൂമൂടലും ഒരു മുട്ടറക്കലും."
"ആരുടെ പേരിലാ ?"
"കൊടിയേരി ബാലകൃഷ്ണൻ ന്നാ പേര്‌"
"ഏതാ നക്ഷത്രം ?"
"അരിവാൾ ചുറ്റിക നക്ഷത്രം !"
"ഏത്‌ മുട്ടാ അറക്കേണ്ടത്‌ ?"
"ബുദ്ധിമുട്ട്‌ തന്നെ ആയ്ക്കോട്ടെ."
"വെടി വേണോ ?"
"വെടി മൂപ്പരെ മോൻ വെച്ചോളും."

അബസ്വരം :
സ്വന്തമായി വീട്ടിൽ പിടികിട്ടാപ്പുള്ളിയെ വരെ ഉണ്ടാക്കിയ കൊടിയേരി സഖാവ്‌ പാർട്ടി സെക്രട്ടറിയായതിൽ വലിയ വെടി നാല്‌ ചെറിയ വെടി രണ്ട്‌.


                                                                     486
                                                                     *****
24.02.2015
ഇന്നത്തെ പിണറായി - കൊടിയേരി ബന്ധത്തേക്കാൾ വലിയ ചക്കര - ഈച്ച ബന്ധമായിരുന്നു ഒരു കാലത്ത്‌ പിണറായി - വി എസ്സ്‌ ബന്ധം. എന്നാൽ വർഷം പതിനാറു കഴിഞ്ഞപ്പോഴേക്കും ആ ബന്ധം കീരി - പാമ്പ്‌ ലെവലിൽ എത്തി.
ചക്രം കറങ്ങിക്കൊണ്ടേയിരിക്കുകയാണ്‌. കുറച്ചു കഴിയുമ്പോൾ കൊടിയേരി - പിണറായി ബന്ധവും കീരി - പാമ്പ്‌ തലത്തിലേക്കോ, ബുഷ്‌ - ലാദൻ തലത്തിലേക്കോ ഒക്കെ മാറ്റപ്പെടുന്നത്‌ കാണാം, പാർട്ടിയുടെ വല്ല ഫോസിലുകളും അവശേഷിക്കുന്നുണ്ട്‌ എങ്കിൽ !!

ചരിത്രം അങ്ങിനെയാണ്‌. പണി കൊടുക്കുന്നവന്ന് തിരിച്ച്‌ പണി കൊടുക്കാൻ ഒരിക്കലും മടിക്കില്ല.
അബസ്വരം :
ഇന്നലെകളിൽ രാഘവ ഗൗരിയമ്മമാർ. ഇന്നുകളിൽ വി എസ്‌. നാളെകളിൽ പിണറായി...
ചരിത്രം അതിന്റെ കാവ്യനീതി തുടരുക തന്നെ ചെയ്യും.

                                                                     487
                                                                     *****
24.02.2015
മദർ തെരെസ സമൂഹത്തിനു നൽകിയ നന്മകളുടെ പതിനായിരത്തിന്റെ ഒരംശമെങ്കിലും ഉള്ള ഒരു നന്മയെങ്കിലും തങ്ങൾ ചെയ്തതായി കാണിച്ച്‌ സംഘികൾക്കോ മോഹൻ ഭാഗവതന്മാർക്കോ മുന്നോട്ട്‌ വെക്കാനുണ്ടോ ?

സംഘികൾ പള്ളി പൊളിച്ചും വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കിയും ഹിന്ദുത്വം പ്രചരിപ്പിക്കാൻ നടന്ന സമയത്ത്‌, മദർ തെരേസ കുഷ്ഠ രോഗികളെ സംരക്ഷിച്ചും അവശരെ സഹായിച്ചും ക്രൈസ്തവത പ്രചരിപ്പിച്ചു എങ്കിൽ അതിൽ എന്ത്‌ തെറ്റാണ്‌ ഉള്ളത്‌ ?

അബസ്വരം :
തങ്ങൾ സമൂഹത്തിനു നന്മ ചെയ്യുകയുമില്ല, എന്നാൽ ചെയ്യുന്നവരെ ചൊറിയുകയും ചെയ്യും എന്ന ലൈൻ അല്ലേ സംഘീസ്‌ ?


                                                                     488
                                                                     *****
25.02.2015
"ഐ എസിന് ആയുധങ്ങളുമായി പോയ ബ്രിട്ടീഷ് വിമാനം ഇറാക്ക് പട്ടാളം വെടിവെച്ച് വീഴ്ത്തി." - വാര്‍ത്ത.

ഐ എസിനെ എന്തിനു സൃഷ്ടിച്ചു എന്നും ആരൊക്കെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നുമുള്ള വ്യക്തമായ സൂചനകള്‍ തന്നെയാണ് ഇതില്‍ നിന്നെല്ലാം ലഭിക്കുന്നത്.

ഐ എസിന് എന്തിനാണ് ബ്രിട്ടീഷ് വിമാനത്തില്‍ ആയുധങ്ങള്‍ കൊണ്ടു പോകുന്നത് ?

ഇസ്ലാമുമായി യാതൊരു ബന്ധവും ഇല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്ത് അത് ഇസ്ലാമിന്റെ തലയില്‍ കെട്ടിവെച്ച് അത് വഴി ഇസ്ലാമിനേയും മുസ്ലിങ്ങളേയും ഭീകരരായി ചിത്രീകരിക്കാനും അതുവഴി മുതലെടുപ്പ് നടത്താനുമുള്ള മൊസാദ്, ഇസ്രായേല്‍, അമേരിക്ക, ബ്രിട്ടന്‍ കൂട്ട് കക്ഷികളുടെ മുഖമൂടി തന്നെയാണ് അഴിഞ്ഞു വീണുകൊണ്ടിരിക്കുന്നത്.

ഇസ്ലാമിക വേഷം ധരിച്ച് അല്ലാഹു അക്ബറും, കുറച്ച് അറബി വാക്കുകളും ഉരുവിട്ട് ആളുകളെ കൊന്നു കൂട്ടുകയും, മേപ്പടിയായി മാധ്യമങ്ങള്‍ ഉപയോഗിച്ച് പൊടിപ്പും തൊങ്ങലും വെച്ച വാര്‍ത്തകള്‍ പടച്ചു വിടുകയും ചെയ്‌താല്‍ ഈ അക്രമങ്ങള്‍ എല്ലാം ഇസ്ലാമിന്റെ അക്കൌണ്ടില്‍ വരവ് വെക്കാം എന്ന് ഇവര്‍ കരുതുകയും ചെയ്യുന്നു. ഒരു പരിധിവരെ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു.

എന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ സത്യത്തിന്റെ മുഖം മൂടുപടം പൂര്‍ണ്ണമായി നീക്കി പുറത്ത് വരിക തന്നെ ചെയ്യും.

ഇനിയും ഐ എസ് ഇസ്ലാമിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും, ഇസ്ലാമിക സൃഷ്ടിയാണ് എന്നും വല്ലവരും വിശ്വസിക്കുന്നുണ്ട് എങ്കില്‍ അവരെ പടു വിഡ്ഢികള്‍ എന്ന് വിളിക്കാം.

അബസ്വരം :
കുറേ ആളുകളെ കുറേ കാലത്തേക്ക്‌ വിഡ്‌ഢികളാക്കാൻ കഴിയുമെങ്കിലും എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്‌ഢികളാക്കാൻ കഴിയില്ല.

                                                                     489
                                                                     *****
28.02.2015
തീഗോളം വിഷയത്തില്‍ പ്രമുഖരുടെ പ്രതികരണങ്ങള്‍ :

"എടോ തീഗോളമേ, നീ എന്താടോ കരുതിയത് ? രാത്രി എ കെ ജി സെന്‍ററിന്റെ മുകളില്‍ വന്നാല്‍ ഞങ്ങള്‍ സഖാക്കള്‍ പേടിക്കുമെന്ന് കരുതിയോടോ പരനാറീ ? എങ്കില്‍ തനിക്ക് സി പി എമ്മിനെ കുറിച്ച് ഒരു ചുക്കും അറിയില്ല." - വിണറായി പിജയന്‍.

"തീ ഗോളത്തില്‍ മോഡി മോഡി എന്ന പേര് ഉണ്ടായതില്‍ നിന്നും തന്റെ ചായക്കടയില്‍ നിന്നും പണ്ട് എറിഞ്ഞ കൊള്ളി തിരികെ വന്നതാണ്. അന്ന് ചായകടയില്‍ കത്തിച്ചിരുന്ന വിറകില്‍ എല്ലാം എന്റെ പേര് എഴുതിവെച്ചിരുന്നല്ലോ." - ശൂലേന്ദ്ര മോഡി

"തീഗോളം ബന്നതോന്നും ബല്യ ഇഷ്യൂ ആക്കണ്ട. അതിനെ പറ്റി മ്മള്‍ മീറ്റിംഗ് കൂടും. അന്തിമ തീരുമാനം തങ്ങള്‍ പറയും." - വല്യാലിക്കുട്ടി

"തീഗോളം ആര് കൊണ്ടുവന്നതായാലും കര്‍ശന നടപടിയെടുക്കും. എന്നാല്‍ നിരപരാധികളെ വേട്ടയാടാനും സമ്മതിക്കില്ല എന്നതിനാല്‍ ഞാന്‍ രാജിവെക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും." - ചമ്മന്‍ ഊണ്ടി.

"വളരെ കഷ്ടവും സ്പ്ഷ്ടവുമായ അവസ്ഥയാണ് തീ... ഗോ.. ളം... വന്നതിലൂടെ ഉണ്ടായത്. യു ഡി എഫ് സര്‍ക്കാരിന്റെ അഴിമതി ഭരണമാണ് ഇത് വരാനുണ്ടായ സാഹചര്യം ഉണ്ടായത്. തീ ഗോളത്തിന് ലാവലിന്‍ കേസുമായോ, ടി പി വധവുമായോ വല്ല ബന്ധവും ഉണ്ടോ എന്ന് സി ബി ഐ യെക്കൊണ്ട് അന്യേഷിപ്പിക്കണം. മുഖ്യമന്ത്രി രാജി വെക്കണം." - വി.എസ്.അവസരാനന്ദന്‍.

"തീ ഗോളത്തിനെതിരെ നാളെ സെക്രട്ടറിയേറ്റ് രാപകല്‍ വളയല്‍ സമരവും ഹര്‍ത്താലും നടത്തണം." - കോടിയേരി ബല്യകൃഷ്ണന്‍.

"തീ ഗോളത്തിന്റെ ഒരു കഷ്ണം മര്‍ക്കസില്‍ വീണിട്ടുണ്ട്. അതിട്ടു വെള്ളം കുടിക്കുന്നത് പുണ്യമാണ്. നാളെ മുതല്‍ തീഗോള വെള്ളം മര്‍ക്കസില്‍ വിതരണം ചെയ്യുന്നതാണ്." - അന്തപുരം ഉസ്താദ് 

"തീ ഗോളത്തിന്റെ പുതിയ ക്ലിപ്പ് ഉടന്‍ പുറത്തിറങ്ങുന്നതാണ്." - സുരിതാ നായര്‍

"ശൂന്യാകാശ തിരഞ്ഞെടുപ്പില്‍ എന്‍ എസ് എസ്സിന്റെ പിന്തുണ ആവശ്യപ്പെട്ട് ചര്‍ച്ച നടത്താനായി എന്‍ എസ് എസ് ആസ്ഥാനത്ത് വന്നതാണ് തീഗോളം." - ജി.കുസുമാരന്‍ നായര്‍.

അബസ്വരം :
ബാക്കി പോരട്ടെ.

                                                                     490
                                                                     *****
02.03.2015
ആം ആദ്മി പാർട്ടി.

മറ്റു പല പാർട്ടികളെക്കൊണ്ടും 'ഞങ്ങളാണ്‌ ആം ആദ്മി' എന്ന്‌ പറയിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കിയ പാർട്ടി !

ദില്ലിയിൽ ചരിത്രം സൃഷ്ടിച്ച്‌ അധികാരം നേടുകയും, തങ്ങളുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയും ചെയ്യുമ്പോൾ മറ്റു പാർട്ടികളെ പിന്തുണക്കുകയും അവരുടെ വ്യക്താക്കളാവുകയും ചെയ്യുന്നവർ മറുപടി പറയേണ്ട ചില കാര്യങ്ങൾ ഉണ്ട്‌.

01. നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്ന പാർട്ടി ചെയ്ത എല്ലാ കാര്യങ്ങളോടും നിങ്ങൾ പൂർണ്ണമായി യോജിക്കുന്നുണ്ടോ ?

02. ആം ആദ്മി പാർട്ടിയുടെ പ്രവർത്തങ്ങളിൽ നിങ്ങൾക്ക്‌ വിയോജിപ്പ്‌ ഉണ്ടോ ? ഉണ്ടെങ്കിൽ ആ വിയോജിപ്പുകൾ ഏതൊക്കെ വിഷയത്തിലും സംഭവങ്ങളിലും ആണ്‌ എന്ന് അക്കമിട്ട്‌ പറയുമോ ?

03. ആം ആദ്മി എന്ന പാർട്ടിയേക്കാൾ നിങ്ങളുടെ പാർട്ടിക്ക്‌ മേന്മകൾ ഉണ്ടെങ്കിൽ എന്തൊക്കെയാണ്‌ ആ മേന്മകൾ ? അക്കമിട്ട്‌ പറയുമോ ?

04. ആം ആദ്മി പാർട്ടിയിലേക്ക്‌ കടന്നു വരുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞു നിർത്തുന്ന ഘടകങ്ങൾ എന്തൊക്കെയാണ്‌ ?

അബസ്വരം :
നിങ്ങളുടെ മറുപടികൾ സത്യസന്ധവും, സ്വന്തം മനസാക്ഷിയെ വഞ്ചിക്കാത്തതും ആവട്ടെ !

                                                                     491
                                                                     *****
02.03.2015
സി പി എമ്മുകാരൻ കൊല്ലപ്പെടുമ്പോൾ സി പി എമ്മുകാർ പ്രതികരിക്കുന്ന അതേ രീതിയിൽ സി പി എം കൊല്ലുമ്പോഴും സി പി എമ്മുകാർ പ്രതികരിക്കാത്തത്‌ എന്ത്‌ കൊണ്ടാണ്‌ എന്ന് സി പി എമ്മുകാർ ചിന്തിക്കുന്നത്‌ നന്നായിരിക്കും.

ഇതേ മെത്തേഡിൽ ആർ എസ്‌ എസ്‌ ആയാലും ഇനി മറ്റേത്‌ കക്ഷികൾ ആണെങ്കിലും ആത്മവിശകലനം നടത്തുന്നത്‌ നന്നായിരിക്കും.

അക്രമം നടത്താതെ തങ്ങളുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള നട്ടെല്ല് നിങ്ങൾക്കൊന്നും ഇല്ലേ അക്രമികളേ ?

കൊല്ലുന്നതും അക്രമം ഉണ്ടാക്കുന്നതും ആർ എസ്‌ എസ്‌ ആയാലും സി പി എം ആയാലും ഇനി മറ്റാരായാലും അത്‌ നപുംസകത്വവും സമൂഹം തള്ളി പറയേണ്ടതും തന്നെയാണ്‌.

അബസ്വരം :
നേതാക്കൾക്ക്‌ വേണ്ടി തല്ലാനും കൊല്ലാനും നടക്കുന്ന നാറികളേ നിങ്ങൾക്ക്‌ കാലം കരുതിവെച്ചിട്ടുണ്ടായിരിക്കുക മോശമായ അന്ത്യം തന്നെയായിരിക്കും.

                                                                     492
                                                                     *****
03.03.2015
"ഖാൻമാരുടെ സിനിമകൾ ഹിന്ദുക്കൾ ബഹിഷ്കരിക്കണം" - സ്വാധ്വി പ്രാചി.

അബസ്വരം :
ഇസ്ലാമിക രാഷ്ട്രങ്ങളിലെ ജോലിയും, അവിടെനിന്ന് വരുന്ന പെട്രോളും കൂടി ബഹിഷ്കരിക്കണം എന്ന് പറയാനുള്ള ചങ്കൂറ്റവും നട്ടെല്ലും ഉണ്ടോ പ്രാചി സംഘിച്ചീ ??

                                                                     493
                                                                     *****
03.03.2015
ആം ആദ്മിയുടെ ഡൽഹി വിജയത്തിനു പിന്നിലും കാന്തപുരം മൊല്ലാക്കയാണ്‌ എന്ന് അലക്കുന്ന ഹുസൈൻ രണ്ടത്താണിയോട്‌ ഒരു തംസയം...

ഈ എ പി മൊല്ലാക്ക പിന്നിൽ ഉണ്ടായിട്ടും എന്തേ നിങ്ങൾ പൊന്നാനിയിൽ മൽസരിച്ചപ്പോൾ എട്ടു നിലയിൽ ഫൊട്ടിയത്‌ ?

അന്ന്‌ വൊട്ടെണ്ണി തീർന്നപ്പോൾ ഇളകിയ പിരി ഇതുവരെ മുറുക്കിയില്ലേ ?

അബസ്വരം :
എ എ പി യിൽ ഉള്ള എ പി യുടെ പൂർണ്ണ രൂപം "ആലുങ്ങാ പൊയിൽ" എന്നല്ല കോയാ, ആദ്മി പാർട്ടി എന്നാണ്‌.

                                                                     494
                                                                     *****
03.03.2015
പോത്തുകളുടെ ഇറച്ചി തിന്നാത്ത പോത്തുകൾ മഹാരാഷ്ട്രയിൽ പോത്തിറച്ചി നിരോധിച്ചത്രേ !!

അല്ലെങ്കിലും ആ പോത്തുകൾക്ക്‌ തിന്നാൻ ഇഷ്ടം മനുഷ്യന്റെ ഇറച്ചിയാണല്ലോ !!
അപ്പൊ പിന്നെ പോത്തിറച്ചി മനുഷ്യർ തിന്നുന്നത്‌ ആ പോത്തുകൾക്ക്‌ സഹിക്കുന്നുണ്ടാവില്ല.

വർഗ്ഗ സ്നേഹം എന്ന് പറഞ്ഞാൽ ഇതാണ്‌ മക്കളേ !!

അബസ്വരം :
ഇനി കുറച്ചു കഴിഞ്ഞാൽ മത്തി വല്യച്ചന്റെ സുനാപ്ലിയാണ്‌, കല്ലുമ്മക്കായ അമ്മായിടെ മോളെ ഗുൽബോളിയാണ്‌, കോഴി അനിയത്തീടെ നാത്തൂനാണ്‌, ആട്‌ ചിറ്റപ്പന്റെ മോനാണ്‌, കാട ചിറ്റമാതാവിന്റെ സഹോദരീ പുത്രിയാണ്‌, എന്നൊക്കെ പറഞ്ഞു വരുന്ന സംഘി പോത്തുകളെ കാണാം !

                                                                     495
                                                                     *****
04.03.2015
പോത്ത്‌ നിരോധനവുമായി ബന്ധപ്പെട്ട്‌ ചിലർ വളരെ ബുദ്ധിപരവും യുക്തിസഹവും എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന പോസ്റ്റാണ്‌ അടുത്ത പാരഗ്രാഫിൽ കൊടുക്കുന്നത്‌.

പശുവിന്റെ പാൽ കുടിക്കാമെങ്കിൽ പിന്നെ പശുവിനെ തിന്നുന്നതിൽ എന്താണ്‌ പ്രശ്നം എന്ന് ചോദിച്ച ഒരാളോട്‌ ഏതോ ഒരു മഹാൻ ചോദിച്ചത്രേ - "നീ അമ്മയുടെ പാല്‌ കുടിക്കാറുണ്ട്‌ എന്ന് കരുതി അമ്മയെ കൊന്ന് തിന്നുമോ ?" എന്ന്.

ഇത്‌ വായിച്ചാൽ ഒറ്റ നോട്ടത്തിൽ ശരിയാണ്‌ എന്ന് തോന്നും. എന്നാൽ നമുക്ക്‌ ഇതൊന്ന് വിശകലിച്ചു നോക്കാം.

അമ്മയുടെ പാൽ നമ്മൾ കുടിക്കുന്നു എന്ന് കരുതി നമ്മൾ അമ്മയെ തിന്നാറില്ല. ശരിയാണത്‌.

എന്നാൽ നമ്മുടെ അമ്മയുടെ പാലിൽ നമുക്കുള്ള അവകാശം പശുവിന്റെ പാലിൽ നമുക്ക്‌ ഉണ്ടോ ? പശുവിന്റെ കുട്ടിക്ക്‌ കുടിക്കാനുള്ള പാൽ പശുവിൽ നിന്ന് നാം തട്ടിയെടുക്കുന്നതിൽ കുഴപ്പമില്ല എന്നും എന്നാൽ പശുവിനെ തിന്നുന്നത്‌ കുഴപ്പമാണ്‌ എന്നും വാദിക്കുന്നതിൽ വിഡ്ഢിത്തം ഇല്ലേ ?

പശുക്കുട്ടി തനിക്ക്‌ പാൽ തരുന്ന തള്ള പശുവിനെ കൊന്ന്‌ തിന്നുന്നതുമായി ബന്ധപ്പെട്ടല്ലേ നാം അമ്മയുടെ പാൽകുടിക്കുന്നതും കൊന്ന് തിന്നുന്നതുമായ ഉദാഹരണം ബന്ധിപ്പിക്കുന്നതിൽ അർത്ഥം ഉള്ളൂ ??

പിന്നെ ഇനി പശുവിന്റെ ഭക്ഷിക്കാനായി അറുക്കുമ്പോൾ അതിന്റെ ജീവൻ നഷ്ടപ്പെടുന്നു എന്നതാണ്‌ വിഷയം എങ്കിൽ നാം ചിന്തിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്‌.

സസ്യങ്ങൾക്ക്‌ ജീവൻ ഉണ്ട്‌ എന്നത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ ? എന്നാൽ അവക്‌ ഒച്ച വെക്കാൻ വായയോ ഓടി പോകാൻ കാലുകളോ ഇല്ല.

അതായത്‌ പശുവുമായി താരതമ്യം ചെയ്ത്‌ നോക്കുമ്പോൾ എറ്റവും ചുരുങ്ങിയത്‌ വായ, കാലുകൾ എന്നീ അവയവങ്ങൾ ഇല്ലാത്ത വികലാംഗരാണ്‌ സസ്യങ്ങൾ. അപ്പോൾ ഒരു വികലാംഗനെ കൊല്ലുന്നതും ചട്ടിയിൽ മുളക്‌ പൊടിയും മറ്റും ഇട്ട്‌ പാകം ചെയ്യുന്നതും പാപമല്ലേ ?

എന്തായാലും വായയും കാലും ഉള്ളവരെ സംരക്ഷിക്കുന്നതിനേക്കാൾ മുൻഗണന നമ്മൾ വായയും കാലുകളും ഇല്ലാത്തവർക്കും അംഗവൈകല്യം ഉള്ളവർക്കുമല്ലേ നൽകേണ്ടത്‌ ?

അതിനാൽ പശുവിനെ അറുക്കുന്നതിൽ സഹതാപം തോന്നുന്നവർ ആദ്യം വികലാംഗരായ സസ്യങ്ങളെ കൊന്നു തിന്നുന്നത്‌ നിർത്തി അത്തരം ഹീനകൃത്യങ്ങൾക്ക്‌ എതിരെ പ്രതികരിക്കാൻ തയ്യാറാവുമല്ലോ ??

അബസ്വരം :
ചിന്തിക്കുന്നവർക്ക്‌ ദ്രിഷ്ടാന്തമുണ്ട്‌.

                                                                     496
                                                                     *****
05.03.2015
"മലബാറിൽ സ്കൂളുകളിൽ റംസാൻ പ്രമാണിച്ച്‌ ഉച്ചക്കഞ്ഞി നിർത്തി." - പല സംഘികളും പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ്‌ ഇത്‌.

എന്നാൽ ഏത്‌ സ്കൂളിൽ ആണോ ഉച്ചക്കഞ്ഞി നിർത്തിയത്‌ എന്ന് ഇവർ വ്യക്തമാക്കുന്നില്ല.

ഈ വാർത്ത സത്യമാണ്‌ എങ്കിൽ അങ്ങിനെ റംസാനിൽ ഉച്ചക്കഞ്ഞി നിർത്തി, നോമ്പില്ലാത്ത മറ്റു മതസ്ഥരായ കുട്ടികളെ പട്ടിണിക്ക്‌ ഇടുന്നതിനെതിരെ പ്രതികരിക്കാനും അതിനെതിരെ സമരം ചെയ്യാനും ഞാൻ ഉണ്ടായിരിക്കും. എന്നെ പോലെ മറ്റു പലരും അതിനായി മുന്നോട്ട്‌ വരും എന്നും എനിക്ക്‌ ഉറപ്പാണ്‌.

അതുകൊണ്ട്‌ ഏതൊക്കെ സ്കൂളുകളിൽ ആണ്‌ ഇങ്ങിനെ ഉച്ചക്കഞ്ഞി നിർത്തി മറ്റു കുട്ടികളെ പട്ടിണിക്ക്‌ ഇടുന്നത്‌ എന്ന് ഈ വാർത്തയുമായി നടക്കുന്നവരോട്‌ വ്യക്തമാക്കാൻ അഭ്യർത്ഥിക്കുന്നു. അത്തരം സ്കൂളുകളുടെ കൃത്യമായ വിലാസവും ഫോൺ നമ്പറും ഈ വാർത്തയുമായി നടക്കുന്നവർ വേഗം നൽകുക.

അബസ്വരം :
ഇങ്ങോട്ട്‌ തല്ലാൻ വന്നവൻ പോലും വെശക്കുന്നുണ്ട്‌ എന്ന് പറഞ്ഞാൽ ഓന്‌ വയറ്‌ നിറച്ച്‌ തിന്നാൻ വാങ്ങിക്കൊടുത്ത ശേഷമേ മലബാറുകാർ തിരിച്ചു തല്ലുന്നതിനെ കുറിച്ച്‌ പോലും ചിന്തിക്കാറുള്ളൂ !

                                                                     497
                                                                     *****
09.03.2015
കാശ്മീരിൽ കൂട്ടുമുന്നണിയുണ്ടാക്കി ഭരിച്ച്‌ ഭീകരരെ ഒരോരുത്തരെ പുറത്ത്‌ വിടാൻ കൂട്ടുനിൽക്കുന്ന രാജ്യസ്നേഹത്തിന്റെ മൊത്ത വിതരണക്കാരെന്ന് സ്വയം അവകാശപ്പെടുന്ന സംഘികളും മൂടു താങ്ങികളും "രാജ്യ സ്നേഹം" എന്ന പദം ഉച്ചരിച്ച്‌ ആ പദത്തിന്റെ മഹത്വം കളയരുത്‌ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

അബസ്വരം :
രാജ്യത്തെ സംരക്ഷിക്കാനറിയാത്തവർക്ക്‌ പോത്ത്‌ സംരക്ഷണ മുദ്രാവാക്യവും മുഴക്കി സ്വയം ഹർഷപുളകിത ലോലാപ്പികളാവുക തന്നെയാണ്‌ സൗകര്യപ്രദം !

                                                                     498
                                                                     *****
10.03.2015
ഗോമാതാവിനെ അറുക്കുന്നത്‌ നിരോധിച്ച സാഹചര്യത്തിൽ ഭൂമി ദേവിയുടെ ശരീരത്തിൽ അപ്പിയിടുന്നതും, സെപ്റ്റിക്ക്‌ ടാങ്ക്‌ ഉണ്ടാക്കുന്നതും നിരോധിക്കേണ്ടതല്ലേ?

അതുപോലെ കിണറുകളും കെട്ടിടങ്ങളും മറ്റും ഉണ്ടാക്കാനായി ഭൂമി ദേവിയുടെ ശരീരത്തിൽ കുഴികൾ കുഴിക്കുന്നതും നിരോധിക്കേണ്ടതല്ലേ ?

ഭൂമി ദേവിയുടെ ശരീരത്തിൽ ചവിട്ടി നടക്കുന്നതും, വണ്ടികൾ കയറ്റുന്നതും നിരോധിക്കേണ്ടേ ?

അബസ്വരം :
ഗോമാതാവിനുള്ള പരിഗണനയെങ്കിലും ഗോമാതാവ്‌ പോലും നടക്കുന്ന ഭൂമി ദേവിക്ക്‌ നൽകാതിരിക്കുന്നത്‌ ശരിയാണോ മക്കളേ ?

                                                                     499
                                                                     *****
12.03.2015
അല്ല. ഇടക്ക് ഇങ്ങിനെ വല്ല കുണ്ടാമണ്ടിയും ഉണ്ടായില്ലെങ്കില്‍ വാര്‍ത്താ ചാനലുകള്‍ എങ്ങിനെ പിടിച്ചു നില്‍ക്കും അല്ലേ ?

അബസ്വരം :
ഒന്ന് ചീഞ്ഞാലെ മറ്റൊന്നിന്ന് വളമാകൂ !!

                                                                     500
                                                                     *****
13.03.2015
വിചാരിച്ചത്‌ നടക്കാതെ വരുമ്പോൾ അരിശം മൂത്ത്‌ സ്പീക്കറുടെ കസേര വരെ എടുത്ത്‌ എറിയുന്നതിനെ ജനാധിപത്യം എന്നല്ല വിളിക്കേണ്ടത്‌. ചെറ്റത്തരം എന്നും പോക്രിത്തരം എന്നുമാണതിനെ വിശേഷിപ്പിക്കേണ്ടത്‌.

ബജറ്റ്‌ അവതരിപ്പിച്ച രീതിയിൽ നിയമപരമായ പാളിച്ചകൾ ഉണ്ടെങ്കിൽ അതിനെ കോടതിയിലാണ്‌ നേരിടേണ്ടത്‌. അല്ലാതെ പേപ്പട്ടികളെ പോലെ കണ്ണിൽ കണ്ടെതെല്ലാം കടിച്ച്‌ നശിപ്പിക്കാൻ ചെല്ലുന്ന ശൈലിയല്ല ജനപ്രതിനിധികൾ സ്വീകരിക്കേണ്ടത്‌.

നിയമസഭാ സ്പീക്കറുടെ ചെയർ പോലും കേരളത്തിന്റെ പൊതു സ്വത്താണ്‌. കേരളത്തിന്റെ പൊതു മുതൽ നശിപ്പിക്കുന്നതാണോ ജനപ്രതിനിധികൾ ചെയ്യേണ്ട കർമ്മം ?
അബസ്വരം :
പാർട്ടി ഓഫീസല്ല നിയമസഭ !!

അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക


6 comments:

 1. "കേജരിവാളിന്റെ സത്യപ്രതിജ്ഞ്യാ ചടങ്ങിൽ മോഡി പങ്കെടുക്കില്ല." - വാർത്ത.

  അബസ്വരം :
  അല്ലെങ്കിലും സ്വന്തം കാമുകിയുടെ കഴുത്തിൽ മറ്റൊരാൾ താലിചാർത്തുന്നത്‌ കാണാനുള്ള ചങ്കുറപ്പ്‌ എല്ലാവർക്കും ഉണ്ടാവില്ലല്ലോ !!

  ReplyDelete
 2. EXCELLENT WRITING

  ReplyDelete
 3. പോയിന്റ് റ്റു പോയിന്റ് എല്ലാം സൂപ്പര്‍

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....