Saturday, February 28, 2015

അബസ്വര സംഹിത - ഏഴാം ഖണ്ഡം


അബസ്വരസംഹിത ഇവിടെ തുടരുന്നു....

                                                                     301
                                                                     *****
02.05.2014
"20 വർഷം മുൻപ്‌ നടന്ന സംഭവത്തിന്റെ പേരിൽ ഇപ്പോൾ കേസ്‌ എടുക്കാൻ കഴിയില്ല എന്നു പറഞ്ഞുകൊണ്ട്‌ അമൃതാനന്ദമയിക്കും കൂട്ടർക്കും എതിരായ കേസ്‌ സുപ്രീം കോടതി തള്ളി." - വാർത്ത.

ഹഹ...
എത്രയും ബഹുമാനപ്പെട്ട സുപ്രീംകോടതീ... 

സംഭവം നടന്നു 20 കൊല്ലത്തിനു ശേഷം ആരോപണം വന്നാൽ കേസ്‌ എടുക്കേണ്ടാ എന്ന ഒരു നിയമം ഇന്ത്യയിൽ ഉണ്ട്‌ എങ്കിൽ എന്തിനാണു നെക്സൽ വർഗ്ഗീസ്‌ വധക്കേസിൽ 40 വർഷത്തിനു ശേഷം രാമചന്ദ്രൻ നായർ എന്ന മുൻ പോലീസ്‌ ഓഫീസറുടെ വെളിപ്പെടുത്തലിനെ തുടർന്ന് കേസ്‌ എടുത്ത്‌ അന്യേഷണം നടത്തി പോലീസ്‌ ഒഫീസർ ലക്ഷ്മണ കുറ്റക്കാരൻ ആണു എന്നു കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്‌ ?

20 കൊല്ലത്തേക്കാൾ കാലപ്പഴക്കം 40 കൊല്ലത്തിനു തന്നെ ആണല്ലോ അല്ലേ ? അതോ 40 നേക്കാൾ പഴക്കമുണ്ട്‌ 20 നു എന്ന പുതിയ വല്ല കണക്കും ബഹുമാനപ്പെട്ട കോടതിക്ക്‌ കിട്ടിയോ ?

അബസ്വരം :
ഒരു പന്തിയിൽ ഒരേ ചോറല്ലേ വിളമ്പേണ്ടത്‌ യുവർ ഓണർ ?

                                                                     302
                                                                     *****
04.05.2014

"മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകാന്‍ കാരണമാകുന്നുണ്ടെന്ന് കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി. ഒരു മിസ്ഡ് കോള്‍ മതി ജീവിതം വഴിതെറ്റിപ്പോകാന്‍. അതുകൊണ്ടു തന്നെ ദൈവത്തെ വിചാരിച്ച് പെണ്‍കുട്ടികള്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കരുതെന്ന് തിങ്ങിനിറഞ്ഞ സദസ്സിനോട് സുഗതകുമാരി അഭ്യര്‍ത്ഥിച്ചു." - വാര്‍ത്ത.

"ഒരു മിസ്ഡ് കോള്‍ മതി ജീവിതം വഴിതെറ്റിപ്പോകാന്‍" എന്ന പ്രസ്താവനയോട് പൂര്‍ണ്ണമായും യോജിക്കുന്നു. പെണ്‍കുട്ടികള്‍ ആയാലും ആണ്‍കുട്ടികള്‍ ആയാലും പക്വതയില്ലാതെ കൈകാര്യം ചെയ്‌താല്‍ മൊബൈല്‍ ഫോണ്‍ വരുത്തിവെക്കുക വിപത്തുകള്‍ തന്നെയാവും.

തങ്ങളുടെ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ അനാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നില്ല എന്ന് ഉറപ്പ് വരുത്താനുള്ള സൂക്ഷ്മതയും, സമയവും, വിവേകവും ഉള്ള രക്ഷിതാക്കള്‍ പക്വതയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കിയാല്‍ ഒരു കുഴപ്പവും ഉണ്ടാവില്ല. എന്നാല്‍ രക്ഷിതാക്കള്‍ക്ക് മക്കളുടെ നീക്കങ്ങള്‍ സൂക്ഷ്മതയോടെ ശ്രദ്ധിക്കാന്‍ ഉള്ള സമയവും സൌകര്യവും ഇല്ല എങ്കില്‍ മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുന്നത് തന്നെയാണ് നല്ലത്. അത് ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും.

അബസ്വരം :
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടാ !
സൂക്ഷിക്കാതെ ദു:ഖം അകറ്റാം എന്ന് വ്യാമോഹിക്കുകയും വേണ്ടാ !!


                                                                     303
                                                                     *****
05.05.2014
"ഗതാഗതക്കുരുക്ക്‌ പരിഹരിക്കണം എന്നാവശ്യപ്പെട്ട്‌ സി പി എം നേതൃത്വത്തിൽ മെട്രോ നിർമ്മാണം തടയുന്നു." - വാർത്ത.

ഹഹഹ... എന്റെ സഖാക്കളേ, ഗതാഗത കുരുക്ക്‌ ഒഴിവാക്കാൻ ആണു മെട്രൊ ഉണ്ടാക്കുന്നത്‌. ഒരു റോഡ്‌ റീ ടാർ ചെയ്യുമ്പോൾ പോലും ഗതാഗതക്കുരുക്ക്‌ ഉണ്ടാവും എന്ന സാമാന്യ ബോധം പോലും നിങ്ങൾക്ക്‌ ഇല്ലേ ? അതിന്റെ പേരിൽ റോഡ്‌ പണി തടസ്സപ്പെടുത്തണം എന്നാണോ നിങ്ങളുടെ പുണ്യ പുരാതന കിത്താബായ 'മൂലധനത്തിൽ' പറഞ്ഞിട്ടുള്ളത്‌ ??

ഇതിലും എത്രയൊ വിവേകം ഉള്ള ജീവികൾ ആണല്ലോ പാന്റ്‌ ഇടാതെ ബെൽറ്റ്‌ കഴുത്തിൽ കെട്ടുന്ന ജീവി വർഗ്ഗം !!

അബസ്വരം :
ഗർഭകാല ബുദ്ധിമുട്ടുകളും പ്രസവ വേദനയും ഇല്ലാതെ കുഞ്ഞുണ്ടാവില്ല !!


                                                                     304
                                                                     *****
05.05.2014
മനുഷ്യനും ശാസ്ത്രത്തിനും എല്ലാം അറിയില്ല എന്ന തിരിച്ചറിവ് ഇല്ലാത്തതാണ് യുക്തിവാദികളുടെ അടിസ്ഥാന പ്രശ്നം.

മനുഷ്യന്‍ ശാസ്ത്രത്തിലൂടെ എല്ലാം മനസ്സിലാക്കി അഥവാ മനുഷ്യന് എല്ലാം മനസ്സിലാക്കാന്‍ കഴിയും എന്ന തെറ്റിദ്ധാരണ തിരുത്താനുള്ള യുക്തി എന്നാണോ യുക്തിവാദികള്‍ക്ക് ഉണ്ടാവുന്നത് അന്നവര്‍ യുക്തിവാദത്തിന്റെ പാതയില്‍ നിന്നും വ്യതിചലിക്കും.

എന്നു മുതല്‍ മനുഷ്യന്‍ ശാസ്ത്രത്തിലൂടെ ലോകത്തെ കുറിച്ച് 5% പോലും പഠിച്ചിട്ടില്ല എന്ന സത്യം യുക്തിവാദികള്‍ തിരിച്ചറിയുന്നുവോ അന്നു മുതല്‍ അവരുടെ അഹങ്കാരം കുറയുകയും ദൈവത്തിലേക്കുള്ള പാതയില്‍ സഞ്ചാരം തുടങ്ങും ചെയ്യും.

'ഓരോ അറിവും നയിക്കുന്നത് കൂടുതല്‍ അറിവില്ലായ്മയുടെ ലോകത്തിലേക്കാണ്' എന്ന വസ്തുത എന്നവര്‍ ഉള്‍കൊള്ളുന്നുവോ, അന്നു മുതല്‍ അവര്‍ക്ക് മനുഷ്യന്റെ നിസ്സാരത ബോധ്യപ്പെടുകയും ദൈവത്തിന്റെ വാക്കുകളെ ശ്രവിക്കാന്‍ തുടങ്ങുകയും ചെയ്യും.

ദൈവത്തിന്റെ വാക്കുകളെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിയുന്ന യുക്തിയും വിവേകവും പ്രകടിപ്പിക്കുന്ന ദിവസം മുതല്‍ അവര്‍ ദൈവവിശ്വാസികളായി മാറും.

എന്തായാലും യുക്തിവാദികള്‍ക്ക് ആദ്യം സ്വയം ഉണ്ടാകേണ്ടത് 'മനുഷ്യന്റെ അറിവില്ലായ്മയെ കുറിച്ചുള്ള അറിവ്' തന്നെയാണ്.

അബസ്വരം :
"ശാസ്ത്രത്തെ കുറിച്ചുള്ള ചെറിയ അറിവ് നിങ്ങളെ യുക്തിവാദിയാക്കുന്നു. എന്നാല്‍ ശാസ്ത്രത്തിലുള്ള ആഴത്തിലുള്ള അറിവ് നിങ്ങളെ ദൈവവിശ്വാസിയാക്കുന്നു." - ഫ്രാന്‍സിസ് ബെക്കണ്‍.
 

                                                                     305
                                                                     *****
06.05.2014
മദ്യത്തിനെതിരെ സംസാരിക്കുന്നത്‌ ഏത്‌ സുധീരൻ ആയാലും അതിനെ പിന്തുണക്കാതിരിക്കാൻ കഴിയില്ല.

വിഷത്തിനെതിരെ പ്രതികരിക്കുന്നതിനെ പിന്തുണക്കുക തന്നെ വേണം. ആ വിഷം മദ്യ രൂപത്തിലുള്ളതായാലും എൻഡോസൾഫാൻ രൂപം പൂണ്ടതായാലും സിഗരറ്റിന്റെ വേഷം കെട്ടിയതായാലും ഒരു പോലെ തന്നെ.

അബസ്വരം :
ആരോഗ്യത്തിനു ഹാനികരമായ എന്തും വിഷമാണു മക്കളേ. അതിപ്പൊ അധികമായ അമൃതായാലും ശരി !!


                                                                     306
                                                                     *****
07.05.2014

അങ്ങിനെ ഒരു ബര്‍ത്ത് ഡേ കൂടി കടന്നു പോയി.

ഭൂമിയിലെ വിസയിലെ ഒരു വര്‍ഷത്തെ കാലാവധി കൂടി പൂര്‍ത്തിയാക്കി. ഇനി വിസയില്‍ എത്ര കാലാവധി ഉണ്ട് എന്നാര്‍ക്കറിയാം. എന്തായാലും ഒരു കുട്ടിക്ക് ജന്മം നല്‍കിയ ശേഷമുള്ള ജന്മദിനം എന്ന സവിശേഷത ഉണ്ട് എന്ന് വേണമെങ്കില്‍ പറയാം.

പിന്നെ ആരോ ഒരാള്‍ ആശംസിക്കുന്നത് കണ്ടു - "ഇനിയും ആയിരം വര്‍ഷം ജീവിക്കട്ടെ" എന്ന്. അത് കുറച്ച് കടന്ന കയ്യായി തോന്നുന്നു. കാരണം 80, 90 വയസ്സ് ആകുമ്പോഴേക്കും വടി കുത്തും. നൂറു കഴിഞ്ഞാല്‍ മിക്കവാറും മുക്കില്‍ കിടക്കും. 150 ആയാല്‍ പിന്നെ അനങ്ങാന്‍ ഒരു രക്ഷയും ഉണ്ടാവില്ല. അപ്പോള്‍ ആയിരം വര്‍ഷം ജീവിക്കട്ടെ എന്ന് ആശംസിച്ചയാള്‍ പറയാതെ പറയുന്നത് ഏകദേശം 850 കൊല്ലം അനങ്ങാതെ മുക്കില്‍ കിടന്നു എടങ്ങേറ് ആവട്ടെ എന്നാണ്. അത്രക്ക് എന്നോട് ദേഷ്യം തോന്നാനുള്ള എന്ത് ദ്രോഹം ആണാവോ ആ ചങ്ങായിയോട് ഞാന്‍ ചെയ്തത്. ചിലപ്പോള്‍ വല്ല അബസ്വരങ്ങളും ഇഷ്ടന്‍ വായിച്ചിട്ടുണ്ടാവും.

അപ്പൊ പറഞ്ഞു വന്നത് ആയിരം ഒന്നും വേണ്ടാ, പരമാവധി ഒരു 150 കൊല്ലം ഒക്കെ മതി എന്നതാണ്. എന്തായാലും അതെല്ലാം സര്‍വ്വശക്തന്റെ കയ്യില്‍ ആണല്ലോ അല്ലേ ? അവന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു.

അബസ്വരം :
മ്മടെ ബര്‍ത്ത് ഡേക്ക് ആശംസ അര്‍പ്പിച്ച സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ദേശീയ അന്തര്‍ദേശീയ ടി വി ചാനലുകള്‍, ബോളിവുഡ്, ഹോളിവുഡ്, അന്താരാഷ്‌ട്ര മാധ്യമങ്ങള്‍, ഒമാബ, ഹിലാരി ക്ലിന്റന്‍, പുടിന്‍ തുടങ്ങിയ അന്താരാഷ്ട്ര നേതാക്കള്‍, എഫ് ബി ഐ, റോ, ഐ എസ് ഐ തുടങ്ങിയ അന്യേഷണ ഏജന്‍സികള്‍, താലിബാന്‍, യു എന്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍, ഗൂഗിള്‍, ഫേസ് ബുക്ക് തുടങ്ങിയ ഓണ്‍ ലൈന്‍ ലോകം, ലോകത്തിലെ ഏക സര്‍വ്വ സ്വതന്ത്രാധികാര ജനസേവന സംഘടനയായ 'കേരള ഹര്‍ത്താല്‍ കമ്മറ്റി' തുടങ്ങി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.


                                                                     307
                                                                     *****
08.05.2014
"നാലുവരി പാതാ വികസനം ദേശീയപാത അതോറിറ്റി പദ്ധതി ഉപേക്ഷിച്ചു.' - വാര്‍ത്ത.

നാലുവരി പാതാ വികസനത്തിന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ആപ്പ് വെച്ച ഇടതുമുന്നണിക്കും, അതിനു കൂട്ട് നിന്ന വിവിധ തുക്കടാ സംഘടനകള്‍ക്കും, വോട്ട് കുറയുമോ എന്ന് ഭയന്ന് നട്ടെല്ലോടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കാതിരുന്ന ഭരണമുന്നണിക്കും "പരനാറി" പട്ടം നല്‍കുന്നു.

റോഡ്‌ വികസിക്കാതെ എങ്ങിനെയാണ് നാട് വികസിക്കുക എന്ന് പറഞ്ഞ് തരുമോ പരനാറികളേ ?

സംസ്ഥാനത്തെ ഗതാഗത പ്രശ്നത്തിന് പ്രായോഗികമായ എന്ത് പരിഹാരമാണ് നിങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ളത് ??

അബസ്വരം :
അട്ടയെ കുളിപ്പിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ ?


                                                                     308
                                                                     *****
09.05.2014
"മദ്യത്തിന്റെ ദോഷവശം പഠിക്കാന്‍ വിദഗ്ദ സമിതി." - വാര്‍ത്ത.

ഹഹഹ... എന്റെ സര്‍ക്കാറേ, ഇനിയും ഇത്തരം പൊറാട്ട് നാടകങ്ങള്‍ വേണോ ?

മദ്യത്തിന്റെ ദോഷവശം എന്തൊക്കെയാണ് എന്ന് ഇതുവരേയും സര്‍ക്കാരിന് അറിയില്ല എങ്കില്‍ വിദഗ്ദ സമിതിയെ ഉണ്ടാക്കേണ്ട കാര്യം ഒന്നും ഇല്ല. നെറ്റിലെ ആരോഗ്യവുമായി ബന്ധപ്പെട്ട സൈറ്റുകളില്‍ ഒന്ന് തപ്പി നോക്കിയാല്‍ നിമിഷ നേരം കൊണ്ട് അതൊക്കെ പഠിക്കാം. ഇനി നെറ്റില്‍ തപ്പാന്‍ ഉള്ള സമയം സര്‍ക്കാറിന് ഇല്ല എങ്കില്‍ ലിങ്ക് ഞമ്മള്‍ തരാം. വെറുതെ ഒന്ന് ക്ലിക്കി വായിച്ചാല്‍ മതി.

മദ്യത്തിന്റെ ദോഷ വശങ്ങള്‍ ഒന്നും പഠിക്കതെയും അറിയാതെയും ആണോ സിനിമയില്‍ തണ്ണി അടിക്കുന്ന രംഗം രംഗം വരുമ്പോള്‍ "മദ്യപാനം ആരോഗ്യത്തിന് ഹാനികരം" എന്ന് പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ടത് ?

അബസ്വരം :
വെളിച്ചത്തില്‍ കണ്ണടച്ചാല്‍ അടച്ചവന് മാത്രമേ ഇരുട്ടാവൂ.


                                                                     309
                                                                     *****
10.05.2014

"ശ്രീരാമൻ മുസ്ലിംങ്ങളുടേയും നേതാവ്‌ ആണ്‌" - ബി ജെ പി.

എന്റെ ബി ജെ പി, മോഡി ഭക്തരേ മുസ്ലിങ്ങളുടെ നേതാവ്‌ ആരാണ്‌ എന്ന്‌ മുസ്ലിങ്ങൾ തീരുമാനിച്ചു കൊള്ളും. അതിനു മോഡിയുടേയൊ ബി ജെ പിയുടെയൊ ഉപദേശമോ സ്റ്റഡിക്ലാസോ ആവശ്യമില്ല.

മുസ്ലിങ്ങളുടെ നേതാവ്‌ ആരാണ്‌ എന്നു നിങ്ങൾക്ക്‌ അറിയില്ല എങ്കിൽ പറഞ്ഞു തരാം. മുഹമ്മദ്‌ നബി (സ) ആണ്‌ മുസ്ലിങ്ങളുടെ നേതാവ്‌.

അബസ്വരം :
മിക്കി മൗസും പൂച്ച പോലീസും മായാവിയും എല്ലാം മുസ്ലിങ്ങളുടെ നേതാക്കൾ ആണ്‌ എന്നു കൂടി പറയാതിരുന്നതിൽ നന്ദി രേഖപ്പെടുത്തുന്നു.


                                                                     310
                                                                     *****
12.05.2014

തന്റെ ഒരോ ദിവസവും മാതാവിന്റേയും പിതാവിന്റേയും ദിനമാണ്‌ എന്ന തിരിച്ചറിവ്‌ ഇല്ലാത്തവർക്ക്‌ മാത്രമേ എതെങ്കിലും ഒരു ദിവസത്തിലേക്ക്‌ ആ സ്നേഹത്തെ ഒതുക്കാൻ കഴിയൂ.

അബസ്വരം :
മാതാപിതാക്കളുടെ ദിനം വർഷത്തിൽ 24 മണിക്കൂർ അല്ല. ജീവിതത്തിലെ ഒരോ നിമിഷവും അതായിരിക്കണം.

                                                                     311
                                                                     *****
12.05.2014

എല്ലാ ചാനലുകളും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടാന്‍ തുടങ്ങിയതോടെ "അബസ്വരങ്ങള്‍" ബ്ലോഗും കേരളത്തിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടുന്നു.

യു ഡി എഫ് : 12 മുതല്‍ 14 സീറ്റ് വരെ
എല്‍ ഡി എഫ് : 6 മുതല്‍ 8 സീറ്റ് വരെ.

ഈ പ്രവചനം മ്മക്കും പറ്റിയ പണി ആണോ എന്നൊന്ന് അറിയണമല്ലോ !!
അല്ല പിന്നെ !!

അബസ്വരം :
പാക്കിസ്ഥാനില്‍ സ്ഥലം വാങ്ങുമ്പോള്‍ മലപ്പുറം കത്തി കയ്യില്‍ ഉള്ളവര്‍ക്ക് വിലക്കുറവ് ഉണ്ടോ ആവോ ?


                                                                     312
                                                                     *****
13.05.2014
എക്സിറ്റ്‌ പോൾ ഫലങ്ങൾ നമ്മോട്‌ പറയുന്നത്‌ "ഒന്നുകിൽ പെട്ടിയും കിടക്കയും എടുത്ത്‌ പാക്കിസ്ഥാനിലേക്ക്‌ ബസ്സ്‌ പുടിച്ചോ അല്ലങ്കിൽ വ്യാജ എറ്റുമുട്ടലിൽ മയ്യത്താവാൻ നിയ്യത്ത്‌ വെച്ചോ" എന്നാണല്ലോ കൗമീങ്ങളേ !!!

അബസ്വരം :
അറബിക്കടൽ അടുത്ത വെള്ളിയാഴ്ച മുതൽ 'സംസ്കൃതക്കടൽ' എന്ന പേര്‌ സ്വീകരിക്കുമോ ??


feeling തരൂർജ്ജിയുടെ കത്തുണ്ടെങ്കിൽ മെഹർ തരാർജ്ജി ഹെൽപ്പുമോ ആവോ!!.

                                                                     313
                                                                     *****
16.05.2014
ഇന്ത്യന്‍ ജനതയുടെ മതേതര വിവേകത്തിന്റെ പരാജയം.
കോണ്‍ഗ്രസ്സിന്റെ അഴിമതിയുടേയും ജനവിരുദ്ധ നയങ്ങളുടേയും പരാജയം.
മാര്‍ക്കിസത്തിന്റെ പഴഞ്ചനിസത്തിന്റെ പരാജയം.
ആം ആദ്മിയുടെ സംഘടനാ ശേഷിയുടെ പരാജയം.
വ്യാജ ഏറ്റുമുട്ടലുകളുകടേയും വര്‍ഗീയ വിഷങ്ങളുടേയും വിജയം.
ഊതിവീര്‍പ്പിച്ച ബലൂണുകളുടെ വിജയം.

അബസ്വരം :
"അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക." - മുഹമ്മദ്‌ നബി (സ).


                                                                     314
                                                                     *****
16.05.2014
ബഹുമാനപ്പെട്ട സി പി എം പാര്‍ട്ടിക്ക് ഇന്ത്യയില്‍ കിട്ടിയ സീറ്റുകളുടെ എണ്ണം മനോഹരമായിരിക്കുന്നു. അവരുടെ നിലപാടുകള്‍ക്ക് യോജിച്ച സംഖ്യ തന്നെ - 9.

സഖാക്കളുടെ ഡയലോഗുകളും മറ്റു കോപ്രായങ്ങളും കാണുമ്പോള്‍ അവരാണ് ഇന്ത്യ ഭരിക്കാന്‍ പോകുന്നത് എന്നാണ് പൊതുവേ തോന്നുക. ഉള്ളി തോല് പൊളിക്കുമ്പോള്‍ ഉള്ളത് പോലെ ഓരോ തിരഞ്ഞെടുപ്പിലും ശുഷ്ക്കിച്ച് ശുഷ്ക്കിച്ച് വരുന്നത് അവരുടെ പഴഞ്ചനിസത്തിനും വിടുവായിത്തത്തിനും കാലം കൊടുക്കുന്ന മറുപടിയാണ്.

അബസ്വരം :
ഇനിയെങ്കിലും മൂലധന പ്രത്യയ ശാസ്ത്രം അറബിക്കടലില്‍ കൊണ്ട് പോയി നിക്ഷേപിച്ചു കൂടെ സഖാക്കളേ ??

                                                                     315
                                                                     *****
17.05.2014
അപ്പൊ എന്നാ പാക്കിസ്ഥാനുമായുള്ള യുദ്ധം തുടങ്ങുന്നത് ?
പാക്കിസ്ഥാനെ ആറുമാസം കൊണ്ട് തുടച്ച് നീക്കേണ്ടേ ?
ഒപ്പം ശവപ്പെട്ടി കച്ചവടവും നടക്കും.
ഒരു നല്ല യുദ്ധം കണ്ട കാലവും മറന്നു !!

അബസ്വരം :
ചാനലില്‍ തല്‍സമയ സംപ്രേക്ഷണം ഉണ്ടായാല്‍ മതിയായിരുന്നു !


                                                                     316
                                                                     *****
17.05.2014
അബസ്വരങ്ങള്‍ മലയാളത്തില്‍ ആയതുകൊണ്ടാണ്‌ മലയാള നാട്ടില്‍ ബി ജെ പിയും മോഡിയും ജയിക്കാതിരുന്നത്. ഹിന്ദിയില്‍ ആയെങ്കില്‍ കാണാമായിരുന്നു. ഒറ്റ സീറ്റും ലവന്മാര്‍ക്ക് കിട്ടില്ലായിരുന്നു.

അബസ്വരം :
ഇനി അടുത്ത തവണ കാണാം ഹേ ഹൈം ഹും.


                                                                     317
                                                                     *****
18.05.2014

ഐകമത്യം മഹാബലം.
ഐകമദ്യം ബലാല്‍സംഗം.

അബസ്വരം :
വിഷമല്ലാത്ത മദ്യം ഇല്ല.


                                                                     318
                                                                     *****
18.05.2014
തിരഞ്ഞെടുപ്പില്‍ NOTA എന്ന ഓപ്ഷന്‍ ഉള്‍പ്പെടുത്തിയത് മത്സരിക്കുന്ന സ്ഥാനാര്‍ഥികളോടുള്ള തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ സഹായിക്കുമെങ്കിലും മറ്റു ഗുണങ്ങള്‍ ഒന്നും തന്നെ അതിനില്ല. ഒരു തിരഞ്ഞെടുപ്പില്‍ NOTA ക്ക് ആണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് എങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ വ്യക്തിയെ വിജയിയായി പ്രഖ്യാപിക്കും. ഇതുകൊണ്ട് സമൂഹത്തിന് വലിയൊരു പ്രയോജനമൊന്നും ഇല്ലല്ലോ.

എന്നാല്‍ നിയമ വ്യവസ്ഥയില്‍ മാറ്റം വരുത്തിയാല്‍ NOTA ക്ക് ചരിത്രം സൃഷ്ടിക്കാന്‍ കഴിയും. താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ NOTA ജനാധിപത്യ സംവിധാനത്തിന് വലിയൊരു മുതല്‍ കൂട്ടാവും.

01. ഒരു തിരഞ്ഞെടുപ്പില്‍ NOTA ക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയാല്‍ ആ തിരഞ്ഞെടുപ്പ് റദ്ദാക്കുക.

02. ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാവരേയും അടുത്ത പത്ത് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും, ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ഗവര്‍ണര്‍ തുടങ്ങിയ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്നും വിലക്കുക.

03. വീണ്ടും ആ മണ്ഡലത്തില്‍ മത്സരം നടത്താന്‍ ആവശ്യമായ ചിലവുകള്‍ NOTA യോട് തോറ്റ സ്ഥാനാര്‍ഥികളില്‍ നിന്നും ഈടാക്കുക.

ഇത്തരത്തില്‍ ഉള്ള ഒരു നിയമം വന്നാല്‍ തമ്മില്‍ ഭേദം തൊമ്മനെ തിരഞ്ഞെടുക്കേണ്ടി വരുന്ന ജനങ്ങളുടെ ദുരവസ്ഥക്ക് തീര്‍ച്ചായും മാറ്റം വരും. അതുവഴി ജനാതിപത്യം ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.

അബസ്വരം :
നല്ല ഭരണാധികാരിയെ ലഭിക്കാന്‍ കുറുക്കു വഴികള്‍ ഇല്ല.


                                                                     319
                                                                     *****
20.05.2014
ഈ തിരഞ്ഞെടുപ്പില്‍ ബിജെപ്പിക്ക് ലഭിച്ചത് 32 ശതമാനത്തോളം വോട്ടുകള്‍ ആയിരുന്നു. അതായത് 68 ശതമാനത്തോളം വോട്ടുകള്‍ ബി ജെ പി, മോഡി വിരുദ്ധമായി ലഭിച്ചു. ആ വോട്ടുകള്‍ വിവിധ കക്ഷികളില്‍ ആയി വിഭജിക്കപ്പെട്ടത് മോഡിയെ വിജയിപ്പിച്ചു.

കോണ്‍ഗ്രസ് ഭരണ വിരുദ്ധ തരംഗം തന്നെയായിരുന്നു തിരഞ്ഞെടുപ്പിലെ നിര്‍ണ്ണായക ഘടകം ആയത്.

അതുകൊണ്ട് തന്നെ മോഡി തരംഗം, ബി ജെ പി തരംഗം എന്ന വിശേഷണങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ട് ? പോള്‍ ചെയ്ത വോട്ടുകളുടെ 50 ശതമാനം എങ്കിലും ലഭിക്കാതെ തരംഗ വിശേഷണം നത്തുന്നതില്‍ വല്ല വസ്തുതയും ഉണ്ടോ ?

അബസ്വരം :
മന്ദമാരുതനല്ല ചുഴലിക്കാറ്റ് !

                                                                     320
                                                                     *****
21.05.2014
മോഡി ഭക്തരുടെ പ്രത്യേക ശ്രദ്ധക്ക്‌ :

മോഡിക്ക്‌ എതിരെ സംസാരിക്കുന്നവരെ തീവ്രവാദികളായും, രാജ്യദ്രോഹികളായും മുദ്ര കുത്തുക എന്നതാണല്ലോ നിങ്ങൾ ഇപ്പോൾ ചെയ്യുന്ന സ്ഥിരം പരിപാടി.

മോഡിയെ പുകഴ്ത്തുന്നതും, മോഡി ഒഴുക്കിയ ചോരകളെ കുറിച്ച്‌ മിണ്ടാതിരിക്കുന്നതും ആണ്‌ മോഡി ഭക്തരുടെ രാജ്യസ്നേഹ സർട്ടിഫിക്കറ്റ്‌ ലഭിക്കാനുള്ള മിനിമം യോഗ്യത എങ്കിൽ ആ സർട്ടിഫിക്കറ്റ്‌ ആവശ്യമില്ല എന്ന്‌ വ്യക്തമാക്കുന്നു. കാരണം 'ചില വ്യക്തികളോ പാർട്ടികളോ അല്ല രാജ്യം' എന്ന വ്യക്തമായ ബോധം മോഡി ഭക്തർക്ക്‌ ഇല്ലെങ്കിലും മോഡിയുടെ കാപട്യത്തെ കുറിച്ച്‌ പറയുന്നവർക്ക്‌ ഉണ്ട്‌ എന്ന്‌ തിരിച്ചറിയുക.

മോഡിയുടെ മുഖം മൂടിയെ കുറിച്ച്‌ പറയാൻ സുഡാപ്പിയിലോ, കുഡാപ്പിയിലോ, ചഡാപ്പിയിലോ ഒന്നും ചേരേണ്ട കാര്യം ഇല്ല എന്നും, വിവേകം പണയം വെക്കാത്ത നട്ടെല്ലുള്ള ആർക്കും അതിനു കഴിയും എന്നും തിരിച്ചറിയുമല്ലോ !

മോഡിയുടെ വ്യാജ എറ്റുമുട്ടലുകളെ വരെ ന്യായീകരിക്കുന്നതാണ്‌ മിതവാദി പട്ടം നേടാൻ ഉള്ള യോഗ്യത എങ്കിൽ ആ പട്ടവും ആവശ്യമില്ല.

രാഷ്ട്രപിതാവിനെ കൊന്നവരെ പിന്തുണക്കുന്നവർ രാജ്യസ്നേഹ സർട്ടിഫിക്കറ്റ്‌ വിതരണത്തിനായി നടക്കേണ്ടതില്ല.

അബസ്വരം :
മോഡി അല്ല രാജ്യം. ബി ജെ പി അല്ല മിതവാദം.


                                                                     321
                                                                     *****
21.05.2014
"ഗോധ്രയില്‍ ട്രെയിനിന് തീവച്ച സംഭവത്തിലോ അക്ഷര്‍ധാമിലെ ഭീകരവാദി ആക്രമണത്തിലോ അതോ ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകത്തിലോ ഇതിലേതു കേസിലാണ് പ്രതിചേര്‍ക്കേണ്ടതെന്ന് സ്വയം തെരഞ്ഞടുക്കാന്‍ ഗുജറാത്ത് പൊലീസ് തന്നോട് ആവശ്യപ്പെട്ടതായി അക്ഷര്‍ധാം ഭീകരാക്രമണ കേസില്‍ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയ ആറു പേരിലൊരാളായ മുഹമ്മദ് സലീം. അക്ഷര്‍ധാം കേസില്‍ പോട്ട നിയമപ്രകാരം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വ്യക്തിയായിരുന്നു സലീം. ഇന്ത്യയുടെ ജനവിധി പുറത്തുവന്ന 16ന് തന്നെയാണ് സലീം ഉള്‍പ്പെടെ ആറു പേരെ കുറ്റവിമുക്തരാക്കി കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്.

പാസ്പോര്‍ട്ടില്‍ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ 13 വര്‍ഷത്തോളമായി സൌദി അറേബ്യയില്‍ ജോലിയെടുത്ത് വരികയായിരുന്നു താനെന്ന് സലീം പറഞ്ഞു. 'അവരെന്നെ മൃഗീയമായി മര്‍ദ്ദിച്ചു. ഇതിന്‍റെ പാടുകള്‍ ഇപ്പോഴുമെന്‍റെ മുതുകിലൂണ്ട്. കൂടാതെ എന്‍റെ കാലിന്‍റെ എല്ല് ഒടിഞ്ഞു. ഏതു കേസിലാണ് എന്നെ പ്രതി ചേര്‍ക്കേണ്ടതെന്ന് അവര്‍ എന്നോട് ചോദിച്ചു - അക്ഷര്‍ധാമോ, ഹരേണ്‍ പാണ്ഡ്യ വധമോ അതോ ഗോധ്രയോ. എന്തു മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു'.

കസ്റ്റഡിയിലിരിക്കെ മൂന്ന് രാത്രിയും പകലുമായി തന്നെ കൊണ്ട് നിര്‍ബന്ധിച്ച് എഴുതിപ്പിച്ച കത്താണ് പിന്നീട് അക്ഷര്‍ധാം ആക്രമണത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും കണ്ടെത്തിയ കത്തുകളായി പൊലീസ് കോടതിയില്‍ ഹാജരാക്കിയതെന്ന് മോചിതനായ മറ്റൊരാളായ അബ്ദുള്‍ ഖയീം മുഫ്തി സാബ് മൊഹമ്മദ് ഭായി എന്ന മുഫ്തി അബ്ദുള്‍ ഖയീം പറഞ്ഞു." - വാര്‍ത്ത.

അബസ്വരം :
മോഡിയുടെ ഗുജറാത്ത് മോഡല്‍ വികസനം !!
ഇതല്ലേ ഇന്ത്യയിലും നടപ്പാക്കി വികസിപ്പിക്കും എന്ന് പറയുന്നത് ??


                                                                     322
                                                                     *****
22.05.2014
പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ സ്വന്തം അമ്മ ആകാശത്ത് പറത്തിയ വാര്‍ത്ത കണ്ടപ്പോള്‍ മറ്റൊരമ്മയുടെ പ്രതികരണം ഇതായിരുന്നു - "ഓള്‍ടെ സാമാനത്തില്‍ മുളക് അരച്ചത് തേക്കണം."

അബസ്വരം :
അതെ. അത് തന്നെ അബസ്വരവും - "ഓള്‍ടെ സാമാനത്തില്‍ മുളക് അരച്ചത് തേക്കണം."


                                                                     323
                                                                     *****
22.05.2014
മോഡിയുടെ സത്യപ്രതിജ്ഞ്യക്ക് പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ വിളിക്കുന്നതിന്റെ ഗുട്ടൻസ്‌ ആർക്കെങ്കിലും മനസ്സിലായോ ?

സത്യപ്രതിജ്ഞ്യ കഴിഞ്ഞ ശേഷം മോഡിക്ക്‌ പറയാമല്ലോ - " ഏടാ ഷെരീഫേ ഇജ്ജ്‌ അന്റെ സമുദായത്തിൽപ്പെട്ട ആളുകളേയും കൂടെ കൂട്ടി പോയ്ക്കോ. അല്ലെങ്കിൽ അന്നെ ഇബട്ന്ന് പോവാൻ അയക്കൂലാ, പണ്ട്‌ ണ്ടാക്കി വെച്ച ശൂലം ബാക്കിണ്ട്. അത് അന്റെ വയറ്റിലും കയറ്റും" ന്ന്.

അബസ്വരം:
അല്ലെങ്കിലും എന്തിനും ഒരു ഇമാമ്‌ ഉണ്ടാവുന്നത്‌ നല്ലതാ. ഷെരീഫാക്കാന്റെ പിന്നാലെ പോയാ പാക്കിസ്ഥാനിലേക്ക്‌ ഉള്ള വജ്ജ്‌ തെറ്റും ന്ന പേടി മാണ്ടല്ലോ.


                                                                     324
                                                                     *****
22.05.2014
ഒന്നുകിൽ ഇതുവരെ പാക്കിസ്ഥാനെ തെറിവിളിച്ചും, ആറുമാസം കൊണ്ട്‌ പാക്കിസ്ഥാന്റെ പരിപ്പ്‌ എടുക്കും എന്നും പറഞ്ഞു നടന്നിരുന്ന മോഡിക്കും കൂട്ടർക്കും നിരവധി ഇന്ത്യൻ സൈനികരെ കൊന്ന പാക്കിസ്ഥാന്റെ പ്രധാന മന്ത്രിയെ ഇന്ത്യയിലേക്ക്‌ ക്ഷണിക്കാതിരിക്കാനുള്ള നാണവും മാനവും ബോധവും വേണം. അല്ലെങ്കിൽ ഇത്രയൊക്കെ ആരോപണം ഉന്നയിച്ചവരുടെ ക്ഷണം സ്വീകരിക്കാതിരിക്കാനുള്ള നാണവും മാനവും ബോധവും ഷെരീഫ്‌ കാക്കാക്ക്‌ വേണം. രണ്ടും ഒരു പോലെ ആയാൽ ഇങ്ങനെ ഇരിക്കും.

അബസ്വരം :
ചർദ്ദിച്ചത്‌ ഭക്ഷിക്കരുത്‌.

                                                                     325
                                                                     *****
25.05.2014
മോഡി മന്ത്രി സഭയിൽ 'ഫോട്ടോഷോപ്പ്‌ വികസന മന്ത്രി' എന്നൊരു സ്ഥാനം ഉണ്ടാവണമല്ലോ അല്ലേ മക്കളേ?

അബസ്വരം :
വ്യാജ എറ്റുമുട്ടൽ വകുപ്പ്‌ പിന്നെ പ്രധാനൻ തന്നെ കയ്യിൽ വെക്കുമായിരിക്കും !!


                                                                     326
                                                                     *****
30.05.2014
"ഹും. എന്ത്‌ ? ഇറോം ഷർമ്മിളക്ക്‌ കാണണം എന്നോ ? പോകാൻ പറ. വേണമെങ്കിൽ എന്റെ പട്ടിയെ കാണിച്ച്‌ കൊടുക്ക്‌."

അബസ്വരം :
ഒരു ചെകുത്താന്റെ സ്വീകരണം കിട്ടാൻ മറ്റൊരു ചെകുത്താനായി വേഷം കെട്ടണം.

                                                                     327
                                                                     *****
03.06.2014
പോരായ്മകൾ ഇല്ലാത്ത ആവശ്യത്തിനുള്ള അനാഥാലയങ്ങളും യത്തീംഖാനകളും ഉണ്ടാക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെടുമ്പോൾ സംഘടനകളും വ്യക്തികളും തങ്ങളാൽ ആവുന്ന തരത്തിൽ അനാഥകളെ സംരക്ഷിക്കാൻ ശ്രമിക്കും. ആ ശ്രമങ്ങൾക്ക്‌ പോരായ്മകൾ ഉണ്ടെങ്കിൽ അത്‌ പരിഹരിക്കുകയും, നിയമ ലംഘനങ്ങൾ ഉണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച്‌ പോരായ്മകളും കുറവുകളും ഇല്ലാത്തവിധം അനാഥകളെ സംരക്ഷിക്കുകയും ആണ്‌ സർക്കാർ ചെയ്യെണ്ടത്‌. അല്ലാതെ യത്തീംഖാനകൾക്ക്‌ എതിരെ കാടടച്ച്‌ വെടി വെക്കുകയല്ല ചെയ്യേണ്ടത്‌.

യത്തീംഖാന വിഷയം സജീവമായതൊടെ പല ഫെബു ബുജികളും 'യത്തീംഖാനകൾ കിഡ്നി കച്ചവട കേന്ദ്രങ്ങൾ ആണ്‌ ' എന്ന ആരോപണവുമായി രംഗത്ത്‌ എത്തിയിട്ടുണ്ട്‌. ഈ ആരോപണം ഉന്നയിക്കുന്നവർ അത്‌ വെളിച്ചത്ത്‌ കൊണ്ടുവരാൻ തയ്യാറാവണം. ഈ ആരോപണങ്ങൾ തെളിയിക്കാൻ തയ്യാറാവണം. യത്തീം മുതലായ അറബി വാക്കുകൾ കേൾക്കുമ്പോൾ സ്വാഭാവികമായി ചിലരിൽ ഉണ്ടാവുന്ന ക്രിമികടിയുടെ ലക്ഷ്ണമല്ല ഈ ആരോപണം എന്ന് അവർ തന്നെയാണ്‌ തെളിയിക്കേണ്ടത്‌.

അബസ്വരം :
അനാഥകളെ സംരക്ഷിക്കുന്ന കാര്യം സർക്കാർ കൃത്യമായി ചെയ്താൽ മറ്റുള്ളവർ ഈ പണിക്ക്‌ നിൽക്കേണ്ട സാഹചര്യം ഉണ്ടാവുമോ ?


                                                                     328
                                                                     *****
05.06.2014
അന്ന്‌ ലോക പരിസ്ഥിതി ദിനം ആയിരുന്നു.

ഫെബു ബുജിയുടെ "ഒരു മരത്തിനു സമം പത്തു മക്കൾ" എന്ന പോസ്റ്റ്‌ വായിച്ച അവൻ ഒരു മരം വെട്ടി കട്ടിൽ ഉണ്ടാക്കി. 'ഈ കട്ടിലിൽ വെച്ച്‌ തന്നെ പത്ത്‌ കുട്ടികളെ ജനിപ്പിച്ചേ അടങ്ങൂ' എന്ന പ്രതിജ്ഞ്യക്ക്‌ ശേഷം അത്‌ പ്രാവർത്തികമാക്കാനുള്ള ക്രിയാ കർമ്മങ്ങളിലേക്ക്‌ ലവൻ കടന്നു, "ഒരു മരത്തിനു തുല്യമാണ്‌ ഇരുപത്‌ കുട്ടികൾ" എന്നൊരു ബുജിയും പ്രഖ്യാപിക്കാത്തതിൽ ഉള്ള നിരാശയുമായി !!

അബസ്വരം :
എത്ര മരം വെച്ച്‌ പിടിപ്പിച്ചാലും അത്‌ മക്കൾക്ക്‌ തുല്യം ആവില്ല. എത്ര മക്കൾ ഉണ്ടായാലും അത്‌ മരത്തിനു തുല്യവും ആവില്ല. മക്കൾക്ക്‌ മക്കളും വേണം, മരത്തിന്‌ മരവും വേണം. വിടുവായിത്ത മുദ്രാവാക്യങ്ങൾ കൊണ്ട്‌ ഉണ്ടാക്കിയാൽ ഉണ്ടാവുന്നതല്ല പരിസ്ഥിതി പ്രേമം.

ഒന്നും മറ്റൊന്നിനും പകരമാവില്ല. എണ്ണം എത്രയായലും !!

                                                                     329
                                                                     *****
06.06.2014
"എൽ.കെ.അദ്വാനിയുടെ പാർലമെന്റിലെ മുറി നഷ്ടപ്പെട്ടു." - വാർത്ത.

അബസ്വരം :
എങ്കിൽ ബേജാറാവാതെ വല്ല വണ്ടിയും പിടിച്ച്‌ ഇങ്ങു പോരേ അദ്വാനിജീ. മുക്കത്തോ മറ്റേതെങ്കിലും യത്തീം ഖാനയിലോ ഞമ്മക്ക്‌ ഒരു മുറി ശരിയാക്കാം.

                                                                     330
                                                                     *****
07.06.2014
"എതിരാളിയെ ആക്രമിക്കുന്നത്‌ പാർട്ടി രീതിയല്ല." - പിണറായി വിജയൻ.

ഹഹഹഹ... ഹിഹിഹി...
ന്റെ പൊന്നു സഖാവേ, ഇങ്ങിനെ തമാശിപ്പിച്ച്‌ കൊല്ലുന്നതിലും ഭേദം 51 വെട്ട്‌ തന്നെയാണ്‌.

അബസ്വരം :
കൊല്ലലും തല്ലലും ഇനി മുതൽ 'അക്രമം' ആയിരിക്കില്ല. പകരം അവ 'അഹിംസകം' എന്നറിയപ്പെടും.

                                                                     331
                                                                     *****
10.06.2014
ഇരിക്കാനുള്ള സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകളുമായി സഞ്ചരിക്കുന്ന എല്ലാ ട്രെയിനുകളും ബസ്സുകളും മനുഷ്യകടത്ത്‌ നടത്തുന്ന വാഹനങ്ങളായി പ്രഖ്യാപിച്ച്‌ ആ വാഹനത്തിന്റെ ഡ്രൈവർ, കണ്ടക്ടര്‍, മുതലാളി എന്നിവരെ ജയിലിൽ അടക്കണം. ട്രയിനിന്റെ മുതലാളി പട്ടികയയിൽ റെയിൽ മന്ത്രിയേയും പ്രധാനമന്ത്രിയേയും ഉൾപ്പെടുത്തണം.

അബസ്വരം :
നീതിയും ന്യായവും ചിലകാര്യങ്ങളിൽ മാത്രം പരിഗണിച്ചാൽ പോരല്ലോ !!

                                                                     332
                                                                     *****
11.06.2014
ശവശരീരങ്ങൾ അഴുകിയത്‌ മൂലം ഉണ്ടാകുന്ന മാലിന്യം തുപ്പൽ നിർത്തിയാൽ ഇല്ലാതാവില്ല. അതിപ്പൊ ഗംഗയായാലും അറബിക്കടൽ ആയാലും !!

അബസ്വരം :
രോഗം മനസ്സിലാക്കി രോഗ കാരണത്തിന്‌ ചികിൽസിക്കണം.

                                                                     333
                                                                     *****
11.06.2014
ഇലക്ഷനിൽ തോറ്റ്‌ അനാഥരായവരുടെ യത്തീംഖാനയായ രാജ്‌ ഭവനിലേക്ക്‌ മനുഷ്യകടത്ത്‌ നടത്തി അവരെ സ്വന്തം നാട്ടിൽ നിന്നും അകറ്റി നിർത്തി പീഡിപ്പിക്കുന്നത്‌ അവസാനിപ്പിക്കുക.

കേരളാ രാജ്ഭവനിലേക്ക്‌ കടത്തിക്കൊണ്ട്‌ വന്ന ഷീല ദീക്ഷിത്തിനെ ഉടനെ തീവണ്ടിയിൽ എസി കമ്പാർട്ട്‌മന്റ്‌ ഘടിപ്പിച്ച്‌ അതിൽ കയറ്റി ആ പാവം അനാഥയുടെ നാടായ ദില്ലിയിൽ എത്തിക്കുക.

കേരളത്തിന്റെ സ്വന്തം അനാഥനായ രാജ ഗോപാലേട്ടനെ അന്യ സംസ്ഥാന യത്തീംഖാനയിലേക്ക്‌ അയക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക.

അബസ്വരം :
യത്തീംഖാനകൾ തുലയട്ടെ !
അനാഥകൾ സ്വന്തം സംസ്ഥാനത്ത്‌ പട്ടിണി കിടക്കട്ടെ !!

                                                                     334
                                                                     *****
18.06.2014
ഇന്ത്യ പല തവണ നേടിയ നെഹ്രു കപ്പ്‌ പോലും നേടാൻ കഴിയാത്ത ബ്രസീലിനും അർജ്ജന്റീനക്കും ഒക്കെ ജയ്‌ വിളിക്കാൻ നാണമില്ലേ ?

ചങ്കൂറ്റം ഉണ്ടെങ്കിൽ നെഹ്രു കപ്പ്‌ നേടാൻ ബ്രസീലിനോടും അർജ്ജന്റീനയോടും ഒക്കെ പറ കോയമാരെ !!

അബസ്വരം :
ആന്റി ഫുട്ബോൾ ജിഹാദ്‌ !

                                                                     335
                                                                     *****
21.06.2014
ഇന്ധന വിലയും, ട്രയിൻ നിരക്കും വികസിപ്പിച്ച്‌ വികസനം തുടങ്ങി വെച്ച മോഡിക്കും കൂട്ടർക്കും അഭിവാദ്യങ്ങൾ.

പീഡനകേസിലെ പ്രതിയെ മന്ത്രിസഭയിൽ നിലനിർത്തി ഭാരതീയ സംസ്ക്കാരം കാത്തു സൂക്ഷിക്കുന്നതിനും അബസ്വരാഭിവാദ്യങ്ങൾ !!

മോഡി അധികാരത്തിൽ വന്നാൽ ഇന്ത്യയെ ബല്യ സംഭവമാക്കും എന്നു പറഞ്ഞു നടന്നിരുന്ന മോഡി ഭക്തരൊക്കെ ഇപ്പോഴും ഫെബുബിൽ ഉണ്ടല്ലോ അല്ലേ ??

അബസ്വരം :
മുത്തേ കരളേ മന്‍മോഹാ..
അറിയുന്നു ഞാൻ നിൻ കരലാളനത്തിൻ ഹൃദയസ്പർശം..

                                                                     336
                                                                     *****
24.06.2014
പഞ്ചസാര വിലയിലും റെയിൽ നിരക്കിലും ഗുജറാത്ത്‌ മോഡൽ വികസനം നടത്തിയ മോഡിക്കും, ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന മോഡിയുടെ മൂട്‌ താങ്ങികൾക്കും അബസ്വരാഭിനന്ദനങ്ങൾ !!

മന്ത്രിസഭയിലെ പീഡനവീരന്മാർക്ക്‌ 'ഭാരത സംസ്കാര രത്നം' അവാർഡ്‌ നൽകി അനു'മോദി'ക്കണം എന്ന അഭ്യർത്ഥനയോടെ...

അബസ്വരം :
വ്യാജ ഏറ്റുമുട്ടലിനുള്ള ഉണ്ടയുടെ വിലയെങ്കിലും കുറയുമായിരിക്കും !!

                                                                     337
                                                                     *****
28.06.2014
പച്ചയുടെ നൊമ്പരം :

വെറുമൊരു നിറമായ എന്നെ ആരോ പച്ച എന്നെ വിളിച്ചു. അതിന്റെ വേദന ഇന്ന് ഞാൻ അനുഭവിക്കുന്നു. എന്റെ പേർ പച്ച എന്നതിനു പകരം ഗസറ്റിൽ പരസ്യം ചെയ്ത്‌ മോഡി എന്നോ, പിണറായി എന്നോ, മോറായി എന്നോ ആക്കി എന്നെ മഹത്തരമാക്കൂ കൂട്ടരേ...

പച്ച അബസ്വരം :
പച്ചക്കറിയെ ഇനി മലക്കറി എന്നു മാത്രം വിളിക്കുക.

                                                                     338
                                                                     *****
28.06.2014
ഒരിക്കല്‍ കൂടി പുണ്യ റംസാന്‍ ജീവിതത്തിലേക്ക് കടന്നു വരുന്നു.

ഈ റംസാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായതും പ്രധാനപ്പെട്ടതും ആണ്. കഴിഞ്ഞ വര്‍ഷത്തെ റംസാനില്‍ ആയിരുന്നു ഞാന്‍ പിതാവ് ആകുന്നതിന്റെ സൂചനകള്‍ ലഭിച്ചത്. ദൈവം നല്‍കിയ സമ്മാനമായ മോനൂസിന്റെ സാന്നിധ്യം ഇന്ന് കുടുംബത്തെ സന്തോഷകരമാക്കുന്നു. ആ സന്തോഷം എന്നും നിലനില്‍ക്കട്ടെ എന്ന് ആഗ്രഹിക്കുകയും അതിനായി സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അവന്റേയും ആദ്യത്തെ റംസാന്‍ ആണല്ലോ ഇത്.

ഈ റംസാന്‍ എല്ലാവര്‍ക്കും സന്തോഷകരമാവട്ടെ എന്ന് ആശംസിക്കുന്നു. ഈ റംസാനില്‍ ഏവര്‍ക്കും വിശുദ്ധിയും പുണ്യവും നേടാന്‍ കഴിയട്ടെ എന്നും അത് മുന്നോട്ടുള്ള ജീവിതത്തില്‍ ശരിയായ പാതയിലൂടെ മാത്രം സഞ്ചരിക്കാനുള്ള ഊര്‍ജ്ജവും മനസ്സും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

അബസ്വരം :
അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്കുമുമ്പുള്ള പ്രവാചകന്മാരുടെ അനുയായികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളില്‍ ഭക്തിയുടെ ഗുണങ്ങള്‍ വളര്‍ന്നേക്കാം. വ്രതാനുഷ്ഠാനം നിശ്ചിത ദിവസങ്ങളിലാകുന്നു. നിങ്ങളിലാരെങ്കിലും രോഗിയോ യാത്രക്കാരനോ ആയിരുന്നാല്‍ അവന്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികക്കട്ടെ. വ്രതമനുഷ്ഠിക്കാന്‍ കഴിവുള്ളവന്‍ (എന്നിട്ടും അതനുഷ്ഠിക്കുന്നില്ലെങ്കില്‍) പ്രായശ്ചിത്തം നല്‍കേണ്ടതാകുന്നു. ഒരഗതിക്ക് അന്നം നല്‍കലാണ് ഒരു വ്രതത്തിന്റെ പ്രായശ്ചിത്തം. ആരെങ്കിലും സ്വമേധയാ കൂടുതല്‍ നന്മചെയ്താല്‍ അതവന്നു നല്ലത്. എന്നാല്‍ വ്രതമനുഷ്ഠിക്കുന്നതുതന്നെയാണ് ഏറെ ഉത്കൃഷ്ടമായിട്ടുള്ളത്-നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍. (വിശുദ്ധ ഖുര്‍ആന്‍ : അദ്ധ്യായം 2. 183 - 184)

                                                                     339
                                                                     *****
30.06.2014
വേൾഡ്‌ കപ്പിനേക്കാൾ മഹത്തരം തറാവീഹ്‌ തന്നെ !!

അബസ്വരം :
അന്യന്റെ വിജയത്തിനും പരാജയത്തിനും ആർപ്പ്‌ വിളി നടത്തുന്നതി് മുൻപ്‌ സ്വന്തം വിജയം ഉറപ്പുവരുത്താൻ പരിശ്രമിക്കുക. സ്വന്തം ആത്മാവ്‌ പരാജയത്തിന്റെ രുചി അറിയാതിരിക്കട്ടെ !

                                                                     340
                                                                     *****
10.07.2014
ഓ ഗാസ...
നിന്നിലര്‍പ്പിക്കാന്‍ എനിക്കുള്ളത് കണ്ണീര്‍ പൂക്കളും പിന്നെ പ്രാര്‍ഥനകളും മാത്രം... !!

അതിക്രമകാരികളെ നീ നശിപ്പിക്കേണമേ നാഥാ....

അബസ്വരം :
ഇക്കാരണത്താല്‍, ഇസ്രയേല്‍വംശത്തിനു നാം ശാസനമെഴുതിയിട്ടുണ്ടായിരുന്നു : `ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.' പക്ഷേ അവരുടെ സ്ഥിതി ഇതത്രേ : തെളിഞ്ഞ മാര്‍ഗദര്‍ശനവുമായി നമ്മുടെ ദൂതന്മാര്‍ അവര്‍ക്കിടയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നിട്ടും അവരിലധികമാളുകളും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാകുന്നു.
(വിശുദ്ധ ഖുര്‍ആന്‍ : അല്‍ മാഇദ - 32)

                                                                     341
                                                                     *****
11.07.2014
മലാലയുടെ തലയിലേക്ക്‌ രക്ഷപ്പെടാവുന്ന വിധത്തിൽ ഉണ്ട കയറിയപ്പോൾ കണ്ണീർ പൊഴിക്കുകയും, വിദ്യാഭ്യാസം നേടാനുള്ള അവകാശത്തെ കുറിച്ച്‌ വാ തോരാതെ ഗമണ്ടൻ മുഴക്കുകയും ചെയ്ത ഫെബു ബുജികൾ മുതൽ അമേരിക്ക വരെയുള്ള ഒരുത്തനേയും ഒരോ നിമിഷവും രക്ഷപ്പെടാൻ കഴിയാത്ത വിധത്തിൽ തലയിലേക്ക്‌ ഉണ്ട കയറി മരിച്ചു വീഴുന്ന ആയിരക്കണക്കിന്‌ പിഞ്ചു പൈതലുകളുടെ ജീവനെ കുറിച്ച്‌ പറയാനും, അവരുടെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച്‌ ചർച്ചകൾ നടത്താനും, ഇസ്രായേലി ആക്രമണത്തിൽ പരിക്കുപറ്റിയ എതെങ്കിലും പലസ്തീൻ കുട്ടിയെ ബ്രിട്ടനിലോ അമേരിക്കയിലോ കൊണ്ട്‌ പോയി ചികിൽസിച്ച്‌ രക്ഷപ്പെടുത്തിയ ശേഷം "വെള്ള വീട്ടിലേക്ക്‌" സൽക്കരിച്ച്‌ ചായ കൊടുക്കാനും, ഐക്യരാഷ്ട്ര സഭയിൽ കൊണ്ടുപോയി പ്രസംഗിപ്പിക്കാനും, നോബൽ സമ്മാന പട്ടികയിലേക്ക്‌ പേര്‌ നിർദ്ദേശിക്കാനും, ഇടക്കിടെ പത്ര സമ്മേളനം നടത്തിക്കാനും, ആത്മകഥ എഴുതിപ്പിച്ച്‌ പ്രമുഖ പ്രസാധകരെക്കൊണ്ട്‌ മാർക്കെറ്റ്‌ ചെയ്യിക്കാനും കാണുന്നില്ലല്ലോ !!!

അന്നത്തെ മഹാന്മാരൊന്നും ഇപ്പോൾ ഭൂമുഖത്ത്‌ ജീവിച്ചിരിപ്പില്ലേ ??

അബസ്വരം :
ദുരിതം അനുഭവിക്കുന്നവരെ നീ സംരക്ഷിക്കേണമെ നാഥാ...

                                                                     342
                                                                     *****
15.07.2014
മദനിയെക്കൊണ്ട്‌ വല്ലതും പറയിപ്പിച്ച്‌ ജാമ്യ വ്യവസ്ഥകളിലെ ലംഘനം ഉണ്ടാക്കി വീണ്ടും വാർത്തകൾ സൃഷ്ടിച്ച്‌ ഈ മാധ്യമങ്ങൾ തന്നെ മദനിയെ ജയിലിലേക്ക്‌ അയക്കേണ്ടത്‌ കാണേണ്ടി വരുമോ ?

മാധ്യമങ്ങൾക്ക്‌ വേണ്ടത്‌ മദനിയുടെ മോചനമോ, വസ്തുതകളൊ അല്ല മറിച്ച്‌ ചവച്ചരച്ച്‌ തുപ്പാൻ പറ്റിയ വിവാദങ്ങൾ മാത്രമാണ്‌ എന്ന വസ്തുത മദനി മറക്കാതിരിക്കട്ടെ.

താൻ ചെയ്ത തെറ്റ്‌ എന്തെന്ന്‌ വ്യക്തമാക്കാതെ ആദ്യം ഒൻപതും പിന്നെ നാലും വർഷങ്ങൾ നിയമ നീതി വ്യവസ്ഥകൾ മദനിയെ ജയിലിൽ കിടത്തുമ്പോൾ കൂടെ കിടക്കാൻ "തങ്ങളുടെ ചാനലിനോടാണ്‌ ആദ്യം പറഞ്ഞത്‌" എന്ന് ഫ്ലാഷ്‌ അടിക്കുന്ന ഒരു ചാനലുകാരനും ഉണ്ടായിരുന്നില്ല എന്നും മദനി ഓർക്കുന്നത്‌ നന്നാവും.

അബസ്വരം :
ഇനി ഈ ജാമ്യകാലത്ത്‌ വല്ലവരും ബാംഗ്ലൂരിൽ പടക്കം പൊട്ടിച്ച്‌ അതിന്റെ ഉത്തരവാദിത്വം കൂടി മദനിയുടെ മണ്ടയിലേക്ക്‌ വെക്കുമോ എന്ന സംശയം നിലനിൽക്കുന്നു.

                                                                     343
                                                                     *****
18.07.2014
അല്ല, എന്തിനാ ഈ ഐക്യരാഷ്ട്ര സഭ ?

അബസ്വരം :

പൊട്ടാത്ത പടക്കം ഉണ്ടാക്കിയിട്ട് എന്തോന്ന് ഗുണം ?

                                                                     344
                                                                     *****
19.07.2014
എന്തായാലും അരുന്ധതി പെമ്പറന്നോളേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ്‌ ഗുണം ഗാന്ധിജിയെക്കൊണ്ട് ഇന്ത്യക്ക് ഉണ്ടായിട്ടുണ്ട്.

അബസ്വരം :
ഗാന്ധിജി ആരെന്നിക്കറിയാം. പക്ഷിയെ വെടിവെക്കുന്ന ഗോഡ്സെയുടെ തോക്കിന്‍ മുന്നിലേക്കെടുത്ത് ചാടിയ വൃദ്ധനല്ലേ ?? !!

                                                                     345
                                                                     *****
23.07.2014
റംസാന്‍ വ്രതം എടുത്തിരിക്കുന്ന വ്യക്തിയുടെ വായിലേക്കല്ല, മറിച്ച് പട്ടിണി കിടന്നു വയറൊട്ടിയവന്റെ വായിലേക്കാണ് ചപ്പാത്തി കുത്തിതിരുകേണ്ടത് എന്ന് തിരിച്ചറിയാന്‍ ഉള്ള വിവേകം പാവം ശിവസേന എം പി മാര്‍ക്ക് ഇല്ലാതെ പോയി എന്നു കരുതി സമാധാനിക്കുക.

ഇവരെ പാര്‍ലിമെന്റിലേക്ക് അയച്ചവര്‍ക്ക് ലജ്ജിക്കാം !!

അബസ്വരം :
മോഡിയുടെ ചാത്തന്മാര്‍ കളി തുടങ്ങി മക്കളേ !!


                                                                     346
                                                                     *****
26.07.2014
ഒരുകാലത്ത്‌ പ്രൊഫഷണൽ മാനേജ്‌മന്റ്‌ കോളേജുകൾക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ സമരവും പ്രകടനവും നടത്തിയിരുന്ന സഖാക്കൾ ഇപ്പോൾ തങ്ങളുടെ മക്കളുടെ കയ്യും പിടിച്ച്‌ എം ഇ എസ്‌ എഞ്ചിനീറിംഗ്‌ കോളേജിൽ മാനേജ്‌മന്റ്‌ സീറ്റിൽ പ്രവേശനത്തിനായി കാത്തു നിൽക്കുന്നത്‌ കാണുമ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ വിജ്രിംഭിതനാവുന്നു.

അബസ്വരം :
വൈരുദ്ധ്യാത്മക ഭൗതിക അവസരവാദം.

                                                                     347
                                                                     *****
27.07.2014
ആകാശത്ത് ചന്ദ്രനെ കണ്ട വാര്‍ത്ത ഏത് ചാനല്‍ ആണാവോ ആദ്യം അറിയിക്കുക!!

അബസ്വരം :
"മ്മളാണ് ചന്ദ്രനെ ആകാശത്ത് കാണിപ്പിച്ചത്" എന്നെങ്കിലും ചാനലുകാര്‍ പറയാതിരുന്നാല്‍ മതിയായിരുന്നു !


                                                                     348
                                                                     *****
28.07.2014
പണ്ട് "പട്ടി ചന്തക്ക് പോയത് പോലെ" എന്നൊരു ചൊല്ലുണ്ടായിരുന്നു.
ഇനിയത് "ലാല്‍ജോസും സംഘവും ലോകസമാധാനത്തിന് ലണ്ടനിലേക്ക് പോയ പോലെ" എന്നാവുമല്ലോ കോയാ !!

അബസ്വരം :
ഞെളിഞ്ഞു കയറിയാല്‍ കുനിഞ്ഞിറങ്ങണം !!

                                                                     349
                                                                     *****
29.07.2014
റിപ്പോര്‍ട്ടര്‍ ചാനലിലെ ഡെമോക്രേസി എന്ന പരിപാടി അവതരിപ്പിക്കുന്ന മധു.കെ.വി  ആസിഫലി ഫാന്‍സ്‌ യുവതിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റില്‍ താഴെ കൊടുത്ത ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മൂപ്പര്‍ എന്നെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും തട്ടി പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു.

01. ഇവിടെ ചെറിയ ഇഷ്യൂസ് ഊതിപെരുപ്പിച്ച് വലുതാക്കാനും, വലിയ വിഷയങ്ങള്‍ അവഗണിക്കാനും മാധ്യമങ്ങള്‍ കൂട്ട് നിന്നിട്ടില്ലേ?

02. ഇതിനേക്കാള്‍ വലിയ എത്രയോ വിഷയങ്ങള്‍ നിങ്ങളെ പോലുള്ളവര്‍ കണ്ടില്ലെന്നു നടിച്ചിട്ടില്ലേ?

03. പിന്നെ ബോബി ചെമ്മണ്ണൂര്‍ ഓട്ടത്തില്‍ എല്ലാം നിങ്ങള്‍ പോലും പൈഡ് ന്യൂസ് നല്‍കിയിരുന്നില്ലേ?

04. അപ്പോള്‍ ഇത്തരം സംശയങ്ങള്‍ ഒരു പ്രേക്ഷകനില്‍ ഉണ്ടാവുക സ്വാഭാവികമല്ലേ?

ഈ ചോദ്യങ്ങളില്‍ എന്ത് അസഹിഷ്ണുതയാണ് പ്രകടിപ്പിക്കാന്‍ മാത്രം ഉള്ളത് ?

തന്റെ പരിപാടിയിലൂടെ രാഷ്ട്രീയക്കാരേയും മറ്റും കൊന്ന് കൊലവിളിക്കുമ്പോള്‍ ഇദ്ദേഹം ഇത്രയധികം അസഹിഷ്ണുത കാണിക്കാന്‍ പാടുണ്ടോ ?

മറ്റുള്ളവരുടെ നെഞ്ചത്തോട്ട് താന്‍ കയറുമ്പോള്‍ സ്വന്തം നിലപാടുകള്‍ക്ക് എതിരെ സംസാരിക്കുന്നവരെ മാന്യമായി നേരിടാന്‍ പോലും അറിയാത്ത,സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്തകള്‍ മുക്കുകയും, സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍ തന്നെയല്ലേ ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം ??

അബസ്വരം :
എരുമചാണകം പുണ്യാഹത്തിനാക !!

                                                                     350
                                                                     *****
31.07.2014
"ഐക്യരാഷ്ട്രസഭയെ പോലും വെല്ലുവിളിച്ച് ഗസ്സയില്‍ നരനായാട്ട് തുടരുന്ന ഇസ്രയേലിനെ തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയ തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിച്ചു. ഇസ്രയേലുമായുള്ള വിസ ഒഴിവാക്കല്‍ ഉടമ്പടി തള്ളിക്കൊണ്ടാണ് ഇസ്രയേലിനെ തീവ്രവാദ രാഷ്ട്രമായി ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാള്‍സ് പ്രഖ്യാപിച്ചത്. ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ബൊളീവിയയുടെ നടപടി." - വാര്‍ത്ത.

അബസ്വരം :
നട്ടെല്ലുള്ള ഒരു രാഷ്ട്രത്തലവനെങ്കിലും ഉണ്ടായല്ലോ !!

അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

2 comments:

  1. എക്സിറ്റ്‌ പോൾ ഫലങ്ങൾ നമ്മോട്‌ പറയുന്നത്‌ "ഒന്നുകിൽ പെട്ടിയും കിടക്കയും എടുത്ത്‌ പാക്കിസ്ഥാനിലേക്ക്‌ ബസ്സ്‌ പുടിച്ചോ അല്ലങ്കിൽ വ്യാജ എറ്റുമുട്ടലിൽ മയ്യത്താവാൻ നിയ്യത്ത്‌ വെച്ചോ" എന്നാണല്ലോ കൗമീങ്ങളേ !!!

    ReplyDelete
  2. നല്ല നിരീക്ഷണങ്ങള്‍.തുടരട്ടെ.ആശംസകള്‍

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....