Wednesday, January 14, 2015

ഘര്‍ വാപ്പസി എന്ന കഷ്ണം ഫിറ്റസി


ഘര്‍ വാപ്പസി !!

മോഡി ഭരണകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പദം. മുന്‍പ് കേട്ടിട്ടിലാത്ത ഈ പദം വര്‍ത്തമാനകാലത്ത് നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിന്റെ അര്‍ത്ഥ തലങ്ങള്‍ വലുതാണ്‌, കൂടെ സംശയാസ്പദവും.

ഓരോ ഇന്ത്യക്കാരനും ജനിക്കുന്നത് ഹിന്ദുവായിട്ടാണ് എന്നും, അതിനാല്‍ ഇന്ത്യയില്‍ ജീവിക്കുന്ന മറ്റു മത വിശ്വാസികള്‍ ഹിന്ദു മതത്തില്‍ നിന്ന് മതം മാറിയതാണ് എന്നും ആണല്ലോ സംഘപരിവാര്‍ സംഘടനകളുടെ അവകാശവാദം. ഹിന്ദു മതത്തിൽ നിന്ന് മതം മാറി മറ്റ് മതങ്ങൾ സ്വീകരിച്ചവരെ വീണ്ടും ഹിന്ദു മതത്തിലേക്ക് കൂട്ട മതപരിവർത്തനം നടത്തുക എന്നതാണ്  'ഘർ വാപ്പസി' അഥവാ 'വീട്ടിലേക്കുള്ള മടക്കം' എന്ന കലാപരിപാടിക്ക് നേതൃത്വം നല്‍കുന്ന സംഘപരിവാർ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്, ആർ.എസ്.എസ്. തുടങ്ങിയ ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ ഉദ്ദേശിക്കുന്നത്.

ഇവിടെ നമ്മള്‍ "ഹിന്ദു മതം" എന്ന പ്രയോഗം തന്നെ ശരിയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. 'ഇന്ത്യയില്‍ ജനിക്കുന്ന എല്ലാവരും ഹിന്ദുക്കള്‍ ആണ്' എന്ന് സംഘികള്‍ പറയുമ്പോള്‍ ഹിന്ദു എന്ന വാക്കിന്റെ ഉത്ഭവത്തെ കുറിച്ച് നാം പരിശോധിക്കുന്നത് നന്നായിരിക്കും.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സിന്ധുനദിയുടെ (Indus River) പേരിൽ നിന്നാണ് ‘ഹിന്ദു’ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് കരുതിപ്പോരുന്നു. ഇക്കാര്യം ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് ഋഗ്വേദത്തിലാണ്. ഋഗ്വേദത്തിൽ ഇന്തോ - ആര്യ വംശജർ താമസിക്കുന്നിടം "സപ്തസിന്ധു" (ഏഴ് നദികളുടെ നാട്) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അറബികൾ 'സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവർ' എന്ന അർത്ഥത്തിൽ ഉപയോഗിച്ച  അൽ- ഹിന്ദ് (al-Hind) എന്ന വാക്കിലൂടെയാണ് ഹിന്ദു എന്ന പദത്തിന് പ്രചാരം ലഭിച്ചത്. യഥാർത്ഥത്തിൽ മതത്തിനതീതമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ‘ഹിന്ദു’ എന്ന പദം പ്രതിനിദാനം ചെയ്യുന്നു. 16 -18 നൂറ്റാണ്ടിലെ ബംഗാളി ഗൗഡീയ വൈഷ്ണവ ഗ്രന്ഥങ്ങളായ ചൈതന്യ ചരിതാമൃതം (Chaitanya Charitamrita), ചൈതന്യ ഭാഗവതം (Chaitanya Bhagavata), എന്നിവയിൽ ഭാരതീയരെ യവനന്മാരിൽ നിന്നും മറ്റും വേർതിരിക്കാനായി ‘ഹിന്ദു’ എന്നുപയോഗിക്കുന്നുണ്ട്. ക്രി. വ. 1320കളിൽ എഴുതപ്പെട്ട തെന്നിന്ത്യൻ - കാശ്മീരി ഗ്രന്ഥങ്ങളിലും ഹിന്ദു പ്രത്യക്ഷപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ യൂറോപ്യൻ കച്ചവടക്കാരും മറ്റ് കോളനി നിവാസികളും ഭാരതീയ മതങ്ങൾ പിന്തുടരുന്നവരെയെല്ലാം ‘ഹിന്ദു’ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങി. പതിയെ ഇത് ഇന്ത്യയിൽ ജനിച്ചിട്ടുള്ളതും അബ്രഹാമിക മതമോ (Abrahamic religions) അ-വേദ മതമോ (ജൈനമതം, സിഖ് മതം, ബുദ്ധമതം) പിന്തുടരുന്നവരോ അല്ലാത്ത എല്ലാവരേയും ഹിന്ദുവായി കരുതി. അങ്ങനെ സനാതന സംബന്ധിയായ എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും ഹൈന്ദവവിശ്വാസമാണ് എന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു.

ഇതില്‍ 'സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവർ' എന്ന അർത്ഥത്തിൽ ആണ് ഹിന്ദു എന്ന വാക്ക് ഉപയോഗിക്കുന്നത് എങ്കില്‍ അതിനെ തെറ്റ് പറയാന്‍ കഴിയില്ല. അപ്പോള്‍ ഘര്‍ വാപ്പസി എന്ന ചടങ്ങിലൂടെ നടത്തേണ്ടത് കുടുംബത്തില്‍ നിന്നും പ്രിയ്യപ്പെട്ടവരില്‍ നിന്നും അകന്ന് വിദേശത്ത് ആമാശയത്തിന്റെ വിളിക്ക് ഉത്തരം നല്‍കാനായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജീവിത സാഹചര്യം ഒരുക്കി അവരെ ഈ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നതാണ്. അതാണ്‌ യഥാര്‍ത്ഥത്തിലെ ഘര്‍ വാപ്പസി. അത് ചെയ്യാനുള്ള ത്രാണി മോഡിയുടെ സംഘി സര്‍ക്കാറിന് ഉണ്ടോ ?

എന്നാല്‍ ഇവിടെ സംഘികള്‍ ഉദ്ദേശിക്കുന്ന ഘര്‍ വാപ്പസി ഇതല്ല.
മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരെ സനാതന വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നത് തന്നെയാണ് സംഘ പരിവാര്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാണ്. ഏതു ജാതിയുടെ ലേബല്‍ ആണ് ഘര്‍ വാപ്പസി നടത്തി തിരിച്ചെത്തുന്നവര്‍ക്ക് ലഭിക്കുക എന്ന് സംഘ പരിവാര്‍ വ്യക്തമാക്കുന്നില്ലെങ്കില്‍ കൂടി !

ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ ഈ മത പരിവര്‍ത്തനത്തില്‍ തെറ്റ് പറയാന്‍ കഴിയില്ല. കാരണം ഏതൊരു ഇന്ത്യന്‍ പൗരനും തനിക്ക് ഇഷ്ടപ്പെട്ട മത വിശ്വാസം തിരഞ്ഞെടുക്കാനും അതിനനുസരിച്ച് ജീവിക്കാനും ഉള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അതുപോലെ യാതൊരു മതത്തിലും വിശ്വാസം ഇല്ലാത്തവര്‍ക്ക് അതിനനുസരിച്ചും മതേതര രാജ്യമായ ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുണ്ട്. അതുകൊണ്ട് തന്നെ ഒരാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തനിക്ക് ഇഷ്ടപ്പെട്ട മതത്തിലേക്കോ അല്ലെങ്കില്‍ നിരീശ്വര വിശ്വാസത്തിലേക്കോ, യുക്തിവാദ വിശ്വാസത്തിലേക്കോ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പറിച്ചു നടാവുന്നതും ആണ്. അതുകൊണ്ട് തന്നെ മതം മാറ്റം എന്ന കര്‍മ്മം ഇന്ത്യയില്‍ വിമര്‍ശന വിധേയമാക്കേണ്ട വിഷയമായി മാറുന്നില്ല.

എന്നാല്‍ സാധാരണ മതം മാറ്റം പോലെ തന്നെയാണോ ഘര്‍ വാപ്പസിയും നടക്കുന്നത് ? - എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലിങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരും എന്ന ഭീഷണി മുഴക്കിയ ആര്‍ എസ് എസിന്റെ പിന്‍ബലത്തില്‍ മോഡി പ്രധാനമന്ത്രിയായ ശേഷം ഹിന്ദു ധർമ ജാഗരൺ സമാജ്, ബജ്റംഗ് ദൾ എന്നിവർ ചേർന്ന് 57 മുസ്ലീം കുടുംബങ്ങളെ ആഗ്രയിൽ വെച്ച് ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചുവെന്ന ആർ.എസ്.എസിന്റെ അവകാശവാദമാണ് രാജ്യത്ത് ഘർ വാപ്പസി എന്നതിലേക്ക് ഇന്ത്യന്‍ ജനതയുടെ ശ്രദ്ധ ക്ഷണിച്ചതും തുടര്‍ന്ന് അതൊരു ഒരു വിവാദമായി മാറിയതും. തുടര്‍ന്ന്  റേഷൻ കാർഡും, ആധാർക്കാർഡും നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത് എന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അധികം വൈകാതെ മുസ്ലിംങ്ങള്‍ മതം മാറിയാല്‍ അഞ്ചു ലക്ഷം വീതവും, ക്രിസ്ത്യാനികള്‍ മതം മാറിയാല്‍ മൂന്നു ലക്ഷം വീതവും സംഘ പരിവാര്‍ നല്‍കും എന്ന വാര്‍ത്തകളും നമ്മുടെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. കൂടെ ഭീഷണികള്‍ നടത്തിയതായുള്ള വാര്‍ത്തകളും.

ഘര്‍ വാപ്പസിയിലൂടെ സംഘപരിവാറിനുള്ള ഗുണങ്ങള്‍ താഴെ പറയുന്നവയാണ് :

01. രാജ്യത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി ഇത് നിലനില്‍ക്കുന്നു. ഭരണത്തിലെ പാളിച്ചകളും, അധികാരത്തില്‍ എത്തുന്നതിനു മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ പോകുന്നതും ഘര്‍ വാപ്പസിയുടെ ചൂടില്‍ അലിഞ്ഞില്ലാതാവുന്നു. വിദേശത്തുള്ള കള്ളപ്പണം മുഴുവന്‍ കൊണ്ടുവരുമെന്നടക്കമുള്ള മോഹന വാഗ്ദാനങ്ങള്‍ നല്‍കിയ മോഡിക്ക് അവയൊന്നും പാലിക്കാന്‍ കഴിയാതെ വരുകയും, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞിട്ടു പോലും ഇന്ത്യയില്‍ അതിന്റെ ഗുണം പ്രതിഫലിപ്പിക്കാതെ പെട്രോള്‍ കമ്പനികള്‍ക്ക് ഓശാന പാടുകയും ചെയ്യുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധ അതിലേക്കൊന്നും പതിയാന്‍ അനുവദിക്കാതെ തീവ്രവാദവും, മതസ്പര്‍ദയും വായിലേക്ക് കുത്തി തിരുകി ഇന്ത്യന്‍ ജനതയുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ഏറ്റവും നല്ല ഉപാധിയായി ഘര്‍വാപ്പസി മാറുന്നു.

02. കുറച്ച് ആളുകളെയെങ്കിലും  ഹിന്ദുക്കളാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ അതായില്ലേ എന്ന ആര്‍ എസ് എസിന്റെ കാഴ്ചപ്പാട്.

03. മറ്റു മതങ്ങളില്‍ നിന്നും ഹിന്ദു വിശ്വാസത്തിലേക്ക് പോകുന്നവരുടെ എണ്ണത്തിന്റെ പതിന്മടങ്ങ് ആളുകള്‍, ഹിന്ദു വിശ്വാസത്തില്‍ നിന്നും ക്രിസ്തു മതം, ഇസ്ലാം മതം മുതലായ മറ്റു മതങ്ങളിലേക്ക് പോകുന്നുണ്ട് എന്ന് സംഘ് പരിവാരങ്ങള്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ ഘര്‍ വാപ്പസികൊണ്ട് വിവാദം ഉണ്ടാക്കി അതുവഴി ഇന്ത്യയില്‍ ഒരു 'മതം മാറ്റ നിരോധന നിയമം' കൊണ്ട് വരിക എന്നത്  അവരുടെ വലിയൊരു സ്വപ്നമാണ്. 'മതപരിവര്‍ത്തനം തടയാന്‍ നിയമ നിര്‍മ്മാണം നടത്താം' എന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജനാഥ് സിംഗ് പറഞ്ഞത് ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ പേരെ ഹിന്ദു വിശ്വാസത്തിലേക്ക് കൊണ്ടുവരുക എന്നതിനേക്കാള്‍ നിലവില്‍ ഉള്ളവരെ ഹിന്ദു വിശ്വാസത്തില്‍ തന്നെ നിലനിര്‍ത്തുക എന്നതിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്.

04. ഘര്‍ വാപ്പസിക്ക് എതിരെ ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍ തുടങ്ങി മറ്റു മത വിശ്വാസികള്‍ ഉയര്‍ത്തുന്ന എതിര്‍ ശബ്ദങ്ങള്‍ വര്‍ഗ്ഗീയ വല്‍ക്കരിച്ച് അതുവഴി തീവ്ര നിലപാടുകള്‍ സ്വീകരിക്കാത്ത സനാതന ധര്‍മ്മ വിശ്വാസികളില്‍ കൂടി തീവ്രത കുത്തിവെക്കുകയും അതുവഴി സംഘികളുടെ  അംഗ സംഖ്യയും, അനുഭാവികളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുക എന്ന ലക്‌ഷ്യവും അവര്‍ക്കുണ്ട്.

ഒരു വെടിക്ക് നാല് പക്ഷി എന്ന് പറയുന്ന പോലെ ഈ നാല് കാര്യങ്ങളില്‍ എന്ത് ഉണ്ടായാലും അത് സംഘ പരിവാരത്തിന് ഗുണം ചെയ്യും.

ഈ സാഹചര്യത്തില്‍ എന്തായിരിക്കണം നമ്മുടെ കാഴ്ചപ്പാട് ? - എന്നതാണ് ഈ വിഷയത്തില്‍ ഉയരുന്ന പ്രസക്തമായ ചോദ്യം.

ആദ്യമായി ഈ ഘര്‍ വാപ്പസിയെ അവഗണിക്കുകയും, ചര്‍ച്ചാ വിഷയങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മാധ്യമ ശ്രദ്ധ കുറയുമ്പോള്‍ തന്നെ ഘര്‍ വാപ്പസിയുടെ  ലക്‌ഷ്യങ്ങള്‍ ഓരോന്നായി പരാജയപ്പെടാന്‍ തുടങ്ങും. ഈ വിഷയത്തില്‍ ഗമണ്ടന്‍ ചര്‍ച്ചകള്‍ നടത്തുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്‍തിരിയണം. ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങള്‍  പട്ടിണിയും, വിലക്കയറ്റവും ആണെന്ന് വസ്തുത ജനങ്ങളിലേക്ക് എത്തിച്ച് ജനപക്ഷത്ത് നില്‍ക്കാനുള്ള മനസ്സും വിവേകവും മാധ്യമങ്ങള്‍ പ്രകടിപ്പിക്കണം.

ഇനി എവിടെയങ്കിലും നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് നിയമ വ്യവസ്ഥയുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരിക. അതിന്റെ നിയമ വശങ്ങള്‍ പരിശോധിച്ച് കോടതികള്‍ തീരുമാനമെടുക്കട്ടെ.

നാലോ അഞ്ചോ ലക്ഷം കൊണ്ടോ, റേഷന്‍ കാര്‍ഡ് കണ്ടുകൊണ്ടോ ഒരാള്‍ മതം മാറുന്നുണ്ട് എങ്കില്‍ അയാള്‍ക്ക്  തന്റെ നിലവിലുള്ള മതത്തിലുള്ള വിശ്വാസം എത്രയാണ് എന്ന് നമുക്ക് ഊഹിക്കാമല്ലോ. അതുകൊണ്ട് അത്തരത്തില്‍ ഉള്ള ആളുകള്‍ പോയാലും അത് തങ്ങളുടെ മതത്തിനു ദോഷമല്ല ചെയ്യുക ഗുണമാണ് ചെയ്യുക എന്ന് ഘര്‍ വാപ്പസിക്ക് എതിരെ സംസാരിക്കുന്ന മറ്റു മത വിശ്വാസികള്‍ തിരിച്ചറിയണം. മതം എന്നത് ഒരു വ്യക്തിയും ദൈവവും തമ്മില്‍ ഉള്ള കാര്യമാണല്ലോ. സ്വന്തം മതത്തില്‍ വിശ്വസിക്കുന്ന ആളുകളുടെ എണ്ണത്തില്‍ അല്ല കാര്യം, മറിച്ച് ആ വിശ്വാസത്തിന്റെ ദൃഡതയില്‍ ആണ് കാര്യം ഉള്ളത് എന്ന വസ്തുത ഘര്‍ വാപ്പസി എന്ന് കേള്‍ക്കുമ്പോഴേക്കും കലിപ്പ് തോന്നുന്നവര്‍ മനസ്സിലാക്കണം. തുമ്പിയാല്‍ തെറിക്കുന്ന മൂക്കുകള്‍ കൊണ്ട് എന്ത് ഗുണം ?

എല്ലാ ജീവിത മാർഗ്ഗങ്ങളെക്കുറിച്ചും പഠിക്കാനും, താരതമ്യം ചെയ്യുവാനും, മനസ്സിലാക്കാനും ശ്രമിക്കുക. എന്നിട്ട്‌ ശരിയായി തോന്നിയ മാർഗ്ഗം സ്വീകരിക്കുക - അതിന്റെ ഫലം ഗുണമായാലും ദോഷമായാലും അത്‌ എറ്റുവാങ്ങാൻ തയ്യാറായിക്കൊണ്ട്‌.

ഇന്ത്യ മതേതര രാജ്യമായി നിലകൊള്ളണം എങ്കില്‍ ഏതൊരു വ്യക്തിക്കും തനിക്ക് വിശ്വസിക്കാന്‍ താല്‍പര്യമുള്ള മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അതോടൊപ്പം തന്നെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ഏതെങ്കിലും മതത്തിലേക്ക് ചേക്കേറിയാലെ ഇവിടെ ജീവിക്കാന്‍ പറ്റൂ എന്ന അസ്വാതന്ത്ര്യം ഉണ്ടാവുകയും അരുത്. ശ്രീരാമനെ പിതാവായി കാണേണ്ടവര്‍ക്ക് അങ്ങിനെ കാണുവാനും, ഒരു കഥയിലെ കഥാപാത്രമായി കാണേണ്ടവര്‍ക്ക് അങ്ങിനെ കാണുവാനും ഉള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ടാവണം. എല്ലാ അര്‍ത്ഥത്തിലും സ്വാതന്ത്ര്യമുള്ള ഒരു രാജ്യമായി, കപട നാണയങ്ങളെ ഒറ്റപ്പെടുത്തി, നാനാത്വത്തില്‍ എകത്വവുമായി ഇന്ത്യ മുന്നോട്ടു ചലിക്കട്ടെ. അധികാരത്തിലിരുന്ന് പ്രജകളെ തമ്മില്‍ തല്ലിപ്പിച്ച് അതില്‍ നിന്നും വരുന്ന ചോരയില്‍ ആസ്വദിച്ച് നീരാടുന്ന ഭരണ കര്‍ത്താക്കളെ കാലം അതിന്റെ ചവറ്റു കൊട്ടയിലേക്ക് തൂത്തെറിയട്ടെ.

അബസ്വരം :
വാപ്പസിച്ച്‌ ചെല്ലേണ്ടത്‌ ഘറിലേക്കല്ല.
ദൈവ സന്നിധിയിലേക്കാണ്‌.


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക  

21 comments:


 1. ഇതില്‍ 'സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവർ' എന്ന അർത്ഥത്തിൽ ആണ് ഹിന്ദു എന്ന വാക്ക് ഉപയോഗിക്കുന്നത് എങ്കില്‍ അതിനെ തെറ്റ് പറയാന്‍ കഴിയില്ല. അപ്പോള്‍ ഘര്‍ വാപ്പസി എന്ന ചടങ്ങിലൂടെ നടത്തേണ്ടത് കുടുംബത്തില്‍ നിന്നും പ്രിയ്യപ്പെട്ടവരില്‍ നിന്നും അകന്ന് വിദേശത്ത് ആമാശയത്തിന്റെ വിളിക്ക് ഉത്തരം നല്‍കാനായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജീവിത സാഹചര്യം ഒരുക്കി അവരെ ഈ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നതാണ്. അതാണ്‌ യഥാര്‍ത്ഥത്തിലെ ഘര്‍ വാപ്പസി. അത് ചെയ്യാനുള്ള ത്രാണി മോഡിയുടെ സംഘി സര്‍ക്കാറിന് ഉണ്ടോ ?

  ReplyDelete
 2. വായിച്ചൂ...ആശംസകൾ

  ReplyDelete
 3. വായിച്ചു.
  ആശംസകള്‍

  ReplyDelete
 4. ആദ്യമായി ഈ ഘര്‍ വാപ്പസിയെ അവഗണിക്കുകയും, ചര്‍ച്ചാ വിഷയങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മാധ്യമ ശ്രദ്ധ കുറയുമ്പോള്‍ തന്നെ ഘര്‍ വാപ്പസിയുടെ ലക്‌ഷ്യങ്ങള്‍ ഓരോന്നായി പരാജയപ്പെടാന്‍ തുടങ്ങും. ഈ വിഷയത്തില്‍ ഗമണ്ടന്‍ ചര്‍ച്ചകള്‍ നടത്തുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്‍തിരിയണം. ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പട്ടിണിയും, വിലക്കയറ്റവും ആണെന്ന് വസ്തുത ജനങ്ങളിലേക്ക് എത്തിച്ച് ജനപക്ഷത്ത് നില്‍ക്കാനുള്ള മനസ്സും വിവേകവും മാധ്യമങ്ങള്‍ പ്രകടിപ്പിക്കണം.

  ഇനി എവിടെയങ്കിലും നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് നിയമ വ്യവസ്ഥയുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരിക. അതിന്റെ നിയമ വശങ്ങള്‍ പരിശോധിച്ച് കോടതികള്‍ തീരുമാനമെടുക്കട്ടെ.

  നാലോ അഞ്ചോ ലക്ഷം കൊണ്ടോ, റേഷന്‍ കാര്‍ഡ് കണ്ടുകൊണ്ടോ ഒരാള്‍ മതം മാറുന്നുണ്ട് എങ്കില്‍ അയാള്‍ക്ക് തന്റെ നിലവിലുള്ള മതത്തിലുള്ള വിശ്വാസം എത്രയാണ് എന്ന് നമുക്ക് ഊഹിക്കാമല്ലോ. അതുകൊണ്ട് അത്തരത്തില്‍ ഉള്ള ആളുകള്‍ പോയാലും അത് തങ്ങളുടെ മതത്തിനു ദോഷമല്ല ചെയ്യുക ഗുണമാണ് ചെയ്യുക എന്ന് ഘര്‍ വാപ്പസിക്ക് എതിരെ സംസാരിക്കുന്ന മറ്റു മത വിശ്വാസികള്‍ തിരിച്ചറിയണം. മതം എന്നത് ഒരു വ്യക്തിയും ദൈവവും തമ്മില്‍ ഉള്ള കാര്യമാണല്ലോ. സ്വന്തം മതത്തില്‍ വിശ്വസിക്കുന്ന ആളുകളുടെ എണ്ണത്തില്‍ അല്ല കാര്യം, മറിച്ച് ആ വിശ്വാസത്തിന്റെ ദൃഡതയില്‍ ആണ് കാര്യം ഉള്ളത് എന്ന വസ്തുത ഘര്‍ വാപ്പസി എന്ന് കേള്‍ക്കുമ്പോഴേക്കും കലിപ്പ് തോന്നുന്നവര്‍ മനസ്സിലാക്കണം. തുമ്പിയാല്‍ തെറിക്കുന്ന മൂക്കുകള്‍ കൊണ്ട് എന്ത് ഗുണം ?

  (Y) (Y) ഒരായിരം ലൈക്കുകള്‍.

  ReplyDelete
 5. Hindu mathaththilekk maarunnavare ethu jaathiyilekk aanu edukkuka... I mean oru cheriya nampoothiri allenkil bhramahnan angane enthenkilum jathikku scop undo???????

  ReplyDelete
  Replies
  1. "വാപ്പസി ജാതി" എന്നൊരു ജാതി സംഘികള്‍ ഉണ്ടാക്കുമായിരിക്കും അല്ലേ ?

   Delete
 6. ഖര്‍ വാപ്പസി എന്നാല്‍ ഏതെങ്കിലും മതത്തിലേക്കുള്ള മടക്കം അല്ല.. ദൈവത്തിലേക്കുള്ള മടക്കം ആണ്.. അതാകുമ്പോള്‍ ആര്‍ക്കും എതിര് പറയാനും പറ്റില്ല.. മനുഷ്യര്‍ മടങ്ങേണ്ടത് ദൈവത്തിലേക്ക് ആണ്..

  ReplyDelete
 7. മികച്ച ലേഖനം ..
  മൂന്നാമത്തെ പാരഗ്രാഫ് ഇന്‍ഫര്‍മേറ്റീവ്..

  അഭിനന്ദനങ്ങള്‍...

  ReplyDelete
 8. മൂന്നാമത് പറഞ്ഞ കാര്യമാണ് ഇതിലേറ്റം പ്രധാനപ്പെട്ടത് എന്നാണ് എനിക്ക് തോന്നുന്നത്.കൊട്ടിഘോഷിക്കാതെ,ആരുമറിയാതെ യഥേഷ്ടം നടന്നു വരുന്ന ഇതര മതങ്ങളിലെക്കുള്ള നിശബ്ദ പരിവര്ത്തനങ്ങൾ ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാൻ ഇതൊരു കാരണമായേക്കാം.ഇങ്ങനെയുള്ള മതം മാറ്റം എതിര്ക്കപ്പെടാൻ ഒരു നിയമ നിര്മാണം തന്നെയാണ് അവർ ഉന്നം വെക്കുന്നുണ്ടാകുക.അത് കൊണ്ടുതാന്നെയാണല്ലോ മറ്റു മതസ്ഥർ ഇതിനെതിരെ കാര്യമായി പ്രതികരിക്കാതിരിക്കുന്നത്....ആശംസകൾ

  ReplyDelete
 9. ജാതി അല്ല ജാതി വെവസ്ഥിതികൾ ആണ് മറ്റെണ്ട്ത് സ്വന്തം ജാതിയിൽ ഉള്ളാ പട്ടിണി പാവങ്ങളുടെ വിശപ്പ് അകറ്റാൻ ഈ കാശ് ഉപയോഗിച്ചിരുന്നു എങ്കിൽ ഇപ്പോൾ ഉള്ള ആൾകാർ എങ്കിലും കണ്ട അറബിയുടൈ നാട്ടിൽ ചെന്ന് അടിമ വേല ചെയതേ മോഡിക്ക് കീ ജയ് വിളിക്കാൻ എങ്കിലും നാട്ടിൽ കിടന്നേനെ ..

  ReplyDelete
 10. മാറുന്നവർ മാറിക്കോട്ടേ , അത് പണ്ട് പുറത്തുനിന്നു വന്നവർ ചെയ്തതു പോലെ ബലപ്രയോഗത്തിലൂടെയും ബലാൽ സംഗത്തിലുടെയും പ്രീണനങ്ങളിലൂടെയും അല്ലാതിരുന്നാൽ മതി

  ReplyDelete
  Replies
  1. ബലാല്‍ സംഗത്തിലൂറെ ആരൊക്കെയാണ് മതം മാറ്റിയത് എന്ന് അനോണിക്കുഞ്ഞ് ഉദാഹരണ സഹിതം പറഞ്ഞു തന്നാല്‍ വലിയ ഉപകാരമായിരുന്നു. ബലാല്‍സംഗം നടത്തത്തി മതം മാറ്റാന്‍ ഏത് കിത്താബില്‍ ആണ് പറയുന്നത് എന്നറിയാന്‍ ഉള്ള അതിയായ ആഗ്രഹം കൊണ്ടാണേ !!

   എന്തായാലും അനോണികളെ പ്രീണിപ്പിച്ച് മാറ്റാന്‍ കഴിയാത്തത് കൊണ്ട് ഇങ്ങള്‍ ബേജാറാവണ്ട. .. !! വല്ലതും പറയാന്‍ പോലും അനോണി മുഖം കെട്ടേണ്ടി വരുന്ന നട്ടല്ലില്ലായ്മ മാറാന്‍ വല്ല വകുപ്പ് ഉണ്ടെങ്കില്‍ അതൊന്നു മാറ്റി എടുക്കണേ !!

   Delete
  2. സ്വന്തം ഉത്ഭവത്തെ കുറിച്ച് ഒരു അന്വേഷണം നടത്തി നോക്കൂ. മനസ്സിലാവും..

   Delete
  3. എന്റെ ഉത്ഭവത്തെ കുറിച്ച് ഒരു സംശയവും ഇല്ല. തന്നെ പോലെ മുഖവും രൂപവും ഇല്ലാത്ത അനോണി ജന്മം അല്ലല്ലോ ഞാന്‍. ആദ്യം സ്വന്തം ഉത്ഭവത്തെക്കുറിച്ചും സ്വയം ഒന്ന് ചിന്തിച്ച് നോക്കൂ !! എന്നിട്ടാവാം ഇങ്ങോട്ട് മനസ്സിലാക്കിക്കല്‍ !

   Delete
 11. എല്ലാ പ്രവർത്തനങ്ങൾക്കും അല്ലാഹു പ്രതിഫലം നൽകട്ടെ . നൻമയും തിന്മയും സമമാവുകയില്ല തീർച്ച .....

  ReplyDelete
 12. മതം മാറാൻ താല്പര്യമുള്ളവർ മാറട്ടെ, അത് ഏതു മതത്തിലേക്കയാലും. മതം പ്രചരിപിക്കാനുള്ള സ്വാതത്ര്യം പോലെ തന്നെ അതിൽ നിന്ന് വിട്ടു നില്ക്കാനും സ്വാതന്ത്ര്യം വേണം. അതായത് എനിക്ക് ഒരു മതമുണ്ട് മറ്റു മതങ്ങളെ കുറിച്ചറിയാൻ എനിക്ക് താല്പര്യംല്ല എന്ന് ഒരാൾ തീരുമാനിച്ചാൽ ആ താല്പര്യം സംരക്ഷിക്കപെടനം. ഒന്ന് കൂടി വിശദമാക്കിയാൽ, മാര്ക്കെറ്റിംഗ് കോളുകൾ തടയുന്ന DND സർവീസ് പോലെ. അതിൽ രജിസ്റ്റർ ചെയ്യാത്തവരുടെ അടുത്ത മാത്രമേ മതം പ്രചരിപ്പിക്കാൻ സ്വാതത്ര്യം കൊടുക്കാവൂ

  ReplyDelete
  Replies
  1. അതൊരു നല്ല നിര്‍ദ്ദേശമാണ് അനോണിസേ....like it...

   Delete
  2. :) Will come in real profile, Now busy

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....