Saturday, July 26, 2014

പഴകുന്തോറും മധുരം ഇരട്ടിക്കുമോ ?


മധുരം - എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു രസം ആണല്ലോ. അപ്പോള്‍ ഈ മധുരം ഇരട്ടിയായി കിട്ടിയാല്‍ സന്തോഷം തോന്നാത്ത ആരെങ്കിലും ഉണ്ടാവുമോ ?
അതുകൊണ്ട് ഇരട്ടി മധുരം നല്‍കുന്ന ഇരട്ടി മധുരത്തെ കുറിച്ച് നമുക്ക് മധുരമായി സംസാരിക്കാം...

വള്ളി വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു സസ്യമാണ് ഇരട്ടിമധുരം. അറേബ്യൻ നാടുകൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഉത്തരേന്ത്യയിൽ പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും, ഹിമാലയസാനുക്കളിലും കാണപ്പെടുന്ന ഒരു സസ്യമാണിത്. ഈജിപ്തിലുണ്ടാകുന്ന ഇരട്ടിമധുരമാണ്‌ ഏറ്റവും കൂടുതൽ ഔഷധമൂല്യമുള്ളതെന്ന് കരുതപ്പെടുന്നു.

ഫാബേസീ (Fabaceae) തറവാട്ടിലെ അംഗമായ ഇതിനു ശാസ്ത്രീയ നാമം Glycyrrhiza glabra എന്നാണ്‌. സായിപ്പ് ലിക്വോറൈസ് (Liquorices) എന്നും, Licorice (ലികോറൈസ്) എന്ന് വിളിക്കുന്നു. സംസ്കൃതത്തില്‍ ഇവന് ധാരാളം വിളിപ്പേരുകള്‍ ഉണ്ട്. യഷ്ടി, യഷ്ടിമധു, മധുക, ക്ലീതക, മധുസ്രവ, അതിരസ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഹിന്ദിക്കാരന്‍ മുല്‍ഹടി, മുലേഠി, മീഠി, ജേഠിമധു എന്നൊക്കെ ഇവനെ വിളിക്കുന്നു. ഗുജറാത്തികളും ജേഠിമധു എന്നാണു വിളിക്കുന്നത്. തമിഴന്മാര്‍ അതിമതുരം എന്നും തെലുങ്കര്‍ യഷ്ടിമധുകം എന്നും വിളിക്കുന്നു.


ഏകദേശം 1.5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ ഇലകൾ ചെറുതാണ്‌. ഇലകൾ ഉണ്ടാകുന്ന തണ്ടുകളോട് ചേർന്ന് പൂക്കളുടെ തണ്ടുകളും ഉണ്ടാകുന്നു. പൂക്കള്‍ ചെറുതാണ്. ഇളംവയലറ്റ് നിറമുള്ളതായിരിക്കും പൂക്കള്‍. വേരുകളുടെ ഉള്‍ഭാഗത്തിനു ഇളം മഞ്ഞനിറമാണ്. നല്ല മധുരവും ഉണ്ടാകും. വിത്തും, പ്രകന്ദമുറികളും ഉപയോഗിച്ച് കൃഷി ചെയ്യാം. നട്ട് മൂന്നു വര്‍ഷം ആകുമ്പോള്‍ വിളവെടുപ്പിന് പാകമാകും. പ്രകന്ദവും വേരുകളും വെട്ടിഉണക്കിയാണ് ഇരട്ടിമധുരമായി വില്‍ക്കുന്നത്.

ഇരട്ടിമധുരത്തിന്റെ വേരിലും, പ്രകന്ദത്തിലും 5% മുതല്‍ 10 % വരെ ഗ്ലൈസിറൈസിന്‍ എന്ന ഗ്ലൂക്കോസൈഡ് അടങ്ങിയിരിക്കുന്നു. കൂടാതെ പൊട്ടാസ്യം, സ്റ്റാര്‍ച്ച്, സ്നേഹദ്രവ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വേരില്‍ നിന്നും ഗന്ധമുള്ള റാംനോഗ്ലൈക്കോസൈഡ്, ലിക്വിറിറ്റിജിന്‍, ലിക്വിറിറ്റിന്‍, ഐസോലിക്വിറിറ്റി ജെനിന്‍ എന്നീ ഗ്ലൈക്കോസൈഡുകളും വേര്‍ത്തിരിച്ചിട്ടുണ്ട്.

രസാദി ഗുണങ്ങള്‍ :
രസം : മധുരം
ഗുണം : ഗുരു
വീര്യം : ശീതം
വിപാകം : മധുരം

ആയുര്‍വേദ മതപ്രകാരം ഇരട്ടിമധുരം പിത്ത രോഗങ്ങള്‍ ശമിപ്പിക്കുന്നു. സ്വരം നന്നാവാനും, ആമപക്വാശയങ്ങളിലെ മൃദുകലകളെ പരിരക്ഷിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ ആമപക്വാശായങ്ങളില്‍ ഉണ്ടാകുന്ന വ്രണങ്ങളെ ശമിപ്പിക്കാനും ഇരട്ടിമധുരം സഹായിക്കുന്നു. ഇവന്‍ വാതാനുലോമം ഉണ്ടാക്കുകയും ചെയ്യുന്നു. ചുമ, ശ്വാസം, ക്ഷയം നെഞ്ചിടിപ്പ്, ചര്‍ദ്ദി, നേത്ര രോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കാനുള്ള കഴിവ് ഇരട്ടിമധുരത്തിനുണ്ട്.

ഇരട്ടിമധുരത്തിന്റെ വേരും പ്രകന്ദവുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്.

തൊണ്ടവേദനക്ക് ഇരട്ടിമധുരവും ചുക്കും കൂടി ചവച്ചിറക്കുന്നത് നല്ലതാണ്.

ഇരട്ടിമധുരം, വേപ്പില, മരമഞ്ഞള്‍പ്പൊടി ഇവ പൊടിച്ചു തേനും ചേര്‍ത്ത് വ്രണങ്ങളില്‍ വെച്ച് കെട്ടിയാല്‍ വ്രണം ശുദ്ധിയായി വേഗത്തില്‍ ഉണങ്ങും.

ഇരട്ടിമധുരം, രക്തചന്ദനം, എന്നിവ സമമെടുത്ത് പൊടിച്ച പൊടി 5 ഗ്രാം ഒരു ഗ്ലാസ് പാലില്‍ കലക്കി ദിവസവും കുടിച്ചാല്‍ ക്ഷയം, രക്തപിത്തം , രക്താതിസാരം, ചര്‍ദ്ദി എന്നിവക്ക് ശമനമുണ്ടാകും.

ഇരട്ടിമധുരം പൊടിച്ചത് അഞ്ചു ഗ്രാം എടുത്ത് ഗ്ലാസ് പാലില്‍ അല്‍പ്പം നെയ്യും ചേര്‍ത്ത് രാവിലേയും വൈകീട്ടും പതിവായി കുടിച്ചാല്‍ ധാതുക്ഷയം ശമിക്കും.

ഇരട്ടി മധുരം, കടുക് രോഹിണി, ചിറ്റമൃത്, ചുക്ക് എന്നിവ സമമെടുത്ത് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വാതരക്തം ശമിക്കും.

അബസ്വരം :

അപ്പൊ ഇനി എല്ലാരും പോയി കുറച്ച് ഇരട്ടിമധുരം കഴിച്ചു സ്വരമൊക്കെയൊന്ന് നന്നാക്കി വന്നേ... !!


(ഇ മഷി ഓണ്‍ലൈന്‍ മാസികയിലെ "അറിവിലൂടെ ആരോഗ്യം" എന്ന പംക്തിക്കായി തയ്യാറാക്കിയത്.)

14 comments:

 1. ഇതാണല്ലേ കോയാ ആ മധുരം !
  ബല്ലാത്ത മധുരം തന്നെ !!

  ReplyDelete
 2. ഇരട്ടി മധുരം....

  ReplyDelete
 3. licorice നേ കുറിച്ചുള്ള വളരെ നല്ല ലേഖനം. ഇവിടെ (US ഇല്‍) വയറ്റിലെ അള്‍സറിനു ഇത് നല്ല മരുന്നായി കണക്കാക്കുന്നു. പക്ഷെ അതില്‍ ഉള്ള glycyrrhizin എന്ന ഘടകം ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഇവിടെ പറയുന്നു. അതുകൊണ്ട് അത് മാറ്റിയിട്ടുള്ളതാണ് ഇവിടെ കഴിക്കാന്‍ പറയുന്നത്. അങ്ങനെ ഇവിടെ വാങ്ങാന്‍ കിട്ടും. Deglycyrrhizinated licorice എന്ന് വിളിക്കും. ഞാന്‍ ഇടയ്ക്കു കഴിക്കാറുണ്ട്.

  ReplyDelete
 4. ഇരട്ടിമധുരം എടുത്തുകൊണ്ടുവാ എന്ന് വൈദ്യന്‍ പറഞ്ഞപ്പോള്‍ രണ്ടുപാത്രം പഞ്ചസാര എടുത്തുകൊണ്ടുവന്ന ഒരു വിരുതനുണ്ട്!! ഹഹഹ. ചെറുപ്പത്തില്‍ ഞാന്‍ ഓര്‍ത്തിരുന്നത് ശര്‍ക്കര പോലെ വല്ല സാധനവും ആയിരിക്കും ഇതെന്നാണ്. പിന്നെ ഒരിയ്ക്കല്‍ അങ്ങാടിക്കടയില്‍ വച്ച് കണ്ടപ്പോഴാണ് സംഗതി മനസ്സിലായത്.

  (അന്ന് ഡോക്ടര്‍ പറഞ്ഞുതന്നതുപോലെ മരുന്ന് കഴിക്കുകയും വലിയ വ്യത്യാസം കാണുകയും ചെയ്യുന്നുണ്ട്. പറഞ്ഞ ബ്രാന്‍ഡുകള്‍ കിട്ടിയില്ല. കോട്ടയ്ക്കല്‍ ഏജന്‍സിയില്‍ നിന്നാണ് വാങ്ങിയത്. മനസ്സ് നിറയെ സ്നേഹവും നന്ദിയുമാണ് ഇപ്പോള്‍ കണ്‍സല്‍റ്റിംഗ് ഫീസ് ആയി തരാനുള്ളത്. എല്ലാ നന്മകളും ആശംസിക്കുന്നു. പെരുന്നാള്‍ ആശംസകളും!)

  ReplyDelete
  Replies
  1. ഹഹഹ... അങ്ങിനെയും ഇരട്ടിമധുരം കൊണ്ട് പണി കിട്ടിയവരുണ്ട് അല്ലേ..

   മരുന്ന് ഫലം ചെയ്യുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. സ്നേഹമാണ് ഏറ്റവും മഹത്തായ കണ്‍സള്‍ട്ടിംഗ് ഫീസ്‌... അതുതന്നെ ധാരാളം അജിത്തെട്ടാ... :)
   പെരുന്നാള്‍ ആശംസകള്‍...

   Delete
  2. ആരോഗ്യദായകമായ അറിവിന്‍ മധുരം. പെരുന്നാള്‍ ആശംസകള്‍.

   Delete
  3. പെരുന്നാള്‍ ആശംസകള്‍ സുധീര്‍ ഭായ്..

   Delete
 5. "ഇരട്ടി മധുരം"തന്നെ പ്രിയ നാട്ടുകാരാ !

  ReplyDelete
  Replies
  1. പെരുന്നാള്‍ ആശംസകള്‍ ഇക്കാ !

   Delete
 6. ഇവിടെ വന്ന് ചൊറിഞ്ഞ് പോയ അനോണി കുഞ്ഞാടിന്റെ ശ്രദ്ധയിലേക്ക് !!

  ചൊറിയാന്‍ ഉള്ളത് സ്വന്തം പ്രൊഫൈലില്‍ വന്ന് ചൊറിയാന്‍ ഉള്ള ചങ്കൂറ്റം എങ്കിലും കാണിക്കുക. അല്ലെങ്കില്‍ മുഖമൂടിയണിഞ്ഞ് ചൊറിയാന്‍ വേറെ സ്ഥലം അന്യേഷിക്കുക.

  സ്വന്തം പ്രൊഫൈലില്‍ വരാന്‍ ഉള്ള തന്റേടം ഉണ്ടാവുന്ന കാലത്ത് വരണേ !

  ReplyDelete
 7. അറിവിൻ മധുരം..
  പെരുന്നാൾ ആശംസകൾ ഡോക്ടർ ഇക്കാ..

  ReplyDelete
 8. വിജ്ഞാനപ്രദം .ഡോക്ടര്‍ അടുത്ത തവണ ഇന്തുപ്പിനെക്കുറിച്ച് എഴുതാമോ ?

  ReplyDelete
  Replies
  1. തീര്‍ച്ചയായും അത്തരത്തില്‍ ഒരു പോസ്റ്റ്‌ ഇടാന്‍ ശ്രമിക്കാം.

   Delete
 9. Thanks for the valuable information...
  Go ahead

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....