Wednesday, April 23, 2014

കിട്ടാത്ത മുന്തിരി


കിട്ടാത്ത മുന്തിരി പുളിക്കും എന്നത് ഒരു പഴയ ചൊല്ല് ആണല്ലോ.
എന്നാല്‍ കിട്ടാത്ത മുന്തിരിയേയും അധിക്ഷേപിക്കരുത് എന്നേ മുന്തിരി മഹാത്മ്യം മനസ്സിലാക്കിയവര്‍ മൊഴിയൂ.
എന്തായാലും ഇത്തവണ നമുക്ക് മുന്തിരിതോപ്പുകളില്‍ രാപ്പാര്‍ക്കാം.

മനസ്സിന് പ്രിയങ്കരമായത് എന്ന അര്‍ത്ഥത്തില്‍ 'ദ്രാക്ഷാ'എന്നും, 'ശരീരത്തെ സ്നിഗ്ധവും പുഷ്ടവും ആക്കുന്നത്' എന്ന അര്‍ത്ഥത്തില്‍ മൃദ്വീകാ എന്നും ഇതിനെ വിളിക്കുന്നു.

ദ്രാക്ഷാ, മൃദ്വീകാ, ഗോസ്തന, സ്വാദു ഫല, അമൃത ഫലാ എന്നെല്ലാം സംസ്കൃത ശിരോമണികള്‍ വിളിക്കുന്നു. രാഷ്ട്ര ഭാഷ മാതൃഭാഷയാക്കിയവര്‍ മുനക്കാ, ദ്രാക്ഷാ, അംഗുര്‍ എന്നീ പേരുകളില്‍ ലവനെ വിളിക്കുന്നു. മമതാ ബാനര്‍ജിയുടെ നാട്ടുക്കാര്‍ ദ്രാക്ഷാ, അംഗുര്‍ എന്ന് വിളിക്കുമ്പോള്‍, തമിഴന്മാര്‍ ദ്രാക്ഷാ, കടിമണ്ടി, കോട്ടണി എന്നീ പേരുകളില്‍ ഇതിനെ കൂപ്പിടുന്നു.

തമിഴ്നാട്ടില്‍ ചെന്ന് മുന്തിരി ഉണ്ടോ എന്ന് ചോദിച്ചാല്‍ അവര്‍ എടുത്തു തരിക നമ്മുടെ മുന്തിരിയല്ല, മറിച്ച് അണ്ടിപരിപ്പ് ആണ്. ഈ തമിഴന്മാരുടെ ഓരോരോ കാര്യങ്ങളേയ് !!
തെലുങ്കര്‍ ദ്രാക്ഷാപാണ്ടു എന്ന് വിളിക്കുമ്പോള്‍ സായിപ്പ് ഗ്രേപ്പ് എന്ന് വിളിക്കുന്നു.

മുന്തിരിയുടെ ശാസ്ത്രീയ നാമം വൈറ്റിസ് വൈനിഫെറ (Vitis vinifera) എന്നാണ്. തറവാട്ട് പേര്‍ വൈറ്റേസി എന്നും. വൈറ്റേസി എന്ന് പറഞ്ഞപ്പോ മ്മടെ ഒബാമടെ വീടിന്റെ പേര് ആര്‍ക്കെങ്കിലും ഓര്‍മ്മവന്നുവോ ?

തണുപ്പ് കൂടുതലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ആണ് മുന്തിരി സാധാരണയായി വളരുന്നത്. ബഹുവര്‍ഷിയായ വള്ളിച്ചെടിയാണ് മുന്തിരി. ഇലകള്‍ വൃത്താകാരമായോ, ഹൃദയാകാരമായോ കാണപ്പെടുന്നു.ഇലയുടെ അരികുകള്‍ വിഭജിതാവസ്ഥയില്‍ ആയിരിക്കും. ഇലകളുടെ ഉപരിതലം പരുപരുത്തതും, രോമിലവും ആയിരിക്കും. പുഷ്പങ്ങള്‍ക്ക് പച്ച നിറം ആയിരിക്കും. ഫലം കുലകളായി കാണപ്പെടുന്നു. മാംസളമായ ഫല മജ്ജക്കകത്ത് ചെറിയ വിത്തുകള്‍ കാണാം. ഇന്നത്തെ കാലത്ത് വിത്തില്ലത്ത മുന്തിരികളും സുലഭം.മുന്തിരിയില്‍ വിറ്റാമിന്‍ ബി, സി, പഞ്ചസാര, ടാനിന്‍, സിട്രിക്ക് ആസിഡ്, പൊട്ടാസിയം ക്ലോറൈഡ്‌, സോഡിയം ക്ലോറൈഡ്‌, ടാര്‍ടാറിക്ക് ആസിഡ്, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു.

ശരീരത്തിനു പുഷ്ടി നല്‍കാന്‍ മുന്തിരി വളരെ ഫലപ്രദമാണ്. കൂടുതല്‍ കഴിച്ചാല്‍ ലഘു ശോധനയുണ്ടാകും. ശ്വാസ കോശത്തെ ശക്തിപ്പെടുത്തി ശ്വാസ, കാസ രോഗങ്ങള്‍ ശമിപ്പിക്കാന്‍ മുന്തിരിക്ക് കഴിവുണ്ട്. രക്തപിത്തം, രക്തം തുപ്പല്‍ തുടങ്ങിയ രോഗങ്ങളിലും മുന്തിരി വളരെയധികം ഗുണം ചെയ്യുന്നു. രക്തം വര്‍ദ്ധിപ്പിക്കാന്‍ മുന്തിരിക്ക്  പ്രത്യേക കഴിവുണ്ട്.

രസാദി ഗുണങ്ങള്‍ :
രസം : മധുരം
ഗുണം : സ്നിഗ്ധം, ഗുരു, മൃദു
വീര്യം : ശീതം
വിപാകം : കടു

ഫലമാണ് ഔഷധമായി ഉപയോഗിക്കുന്നത്.

മുന്തിരി കഴിക്കുന്നത് അവയവങ്ങളുടെ സംരക്ഷണത്തിനു നല്ലതാണെന്നാണ് ആധുനിക കണ്ടെത്തല്‍. ഒരു രോഗമുള്ളവര്‍ക്കു കൂടുതല്‍ രോഗങ്ങള്‍ (മെറ്റബോളിക് സിന്‍ഡ്രം) പിടിപെടാനുള്ള സാധ്യത കുറയ്ക്കാന്‍ മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍ സഹായിക്കുമെന്നാണു ശാസ്ത്രം പറയുന്നത്. ഉദാഹരണത്തിനു പ്രമേഹമുള്ളവരില്‍ രക്തസമ്മര്‍ദ്ദം, കോളസ്‌ട്രോള്‍, ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. മുന്തിരി കഴിക്കുന്നവരില്‍ ഈ സാധ്യത കുറയുമെന്നാണു ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്.

മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ചു പരീക്ഷണം നടത്തിയത്. അമിതഭാരമുള്ള എലികളെയാണു പരീക്ഷണത്തിനായി ഗവേഷകര്‍ തിരഞ്ഞെടുത്തത്. മുന്തിരി ചേര്‍ത്തതും ചേര്‍ക്കാത്തതുമായ ഭക്ഷണം 90 ദിവസത്തേക്കു നല്‍കി. മുന്തിരി ചേര്‍ത്ത ഭക്ഷണം കഴിച്ച എലികളില്‍ കരളിന്‍റെയും ഹൃദയത്തിന്‍റെയും വൃക്കയുടെയും പ്രവര്‍ത്തനം സുഗമമാണെന്നു ഗവേഷകര്‍ കണ്ടെത്തി.

ന്യൂയോര്‍ക്കിലെ ഫോര്‍ഡാം സര്‍വ്വകലാശാലയിലെ ഡോ. സില്‍വിയ ഫിന്നമാന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനം മുന്തിരിയ്‌ക്ക്‌ കാഴ്‌ചക്കുറവ്‌ പരിഹരിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. ചുണ്ടെലിയില്‍ നടത്തിയ പരീക്ഷണത്തിലാണ്‌ മുന്തിരിയുടെ ഈ ഗുണം കണ്ടെത്തിയത്‌. നമ്മുടെ ഭക്ഷണക്രമത്തില്‍ മുന്തിരി കൂടുതലായി ഉള്‍പ്പെടുത്തുന്നതുവഴി പ്രായമായവരിലെ കാഴ്‌ചക്കുറവ്‌ പരിഹരിക്കാനും, റെറ്റിനയ്‌ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സാധിക്കുമെന്നാണ്‌ പഠനസംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ മുന്തിരിയുടെ ഗുണം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ചെറുപ്പത്തിലേ അത്‌ കഴിച്ചുതുടങ്ങണമെന്നതാണ്  ഡോ. സില്‍വിയയുടെ അഭിപ്രായം. പഠന റിപ്പോര്‍ട്ട്‌ ഫ്രീ റാഡിക്കല്‍ ബയോളജി ആന്‍ഡ്‌ മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഗര്‍ഭകാലത്തെ ശോധന കുറവിന് ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭിണികളുടെ അനീമിയക്കും ഇത് ഗുണകരമാണ്. ഭ്രൂണത്തിന്റെ വളര്‍ച്ചക്കും ഇത് വളരെ ഉത്തമാണ്.

ശരീരം ചുട്ടുനീറുന്ന അവസ്ഥക്ക് മുന്തിരി അടങ്ങിയ ദ്രാക്ഷാദി കഷായം വളരെ ഗുണകരമാണ്.

രക്തപിത്തം, രക്തം തുപ്പല്‍ എന്നിവക്ക് മുന്തിരി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

വൃക്ക രോഗമുള്ളവര്‍ മുന്തിരി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

മഞ്ഞപ്പിത്തം, ലിവര്‍ രോഗങ്ങള്‍ എന്നിവയിലും മുന്തിരി വളരെയധികം ഗുണം ചെയ്യുന്നു.

ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന പല കഷായങ്ങളിലും, അരിഷ്ടങ്ങളിലും മുന്തിരി ഒരു അവിഭാജ്യ ഘടകമാണ്.

വന്‍തോതില്‍ കൃഷിചെയ്യുമ്പോള്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നത് മൂലം ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന മുന്തിരി ഒന്നോ രണ്ടോ മണിക്കൂര്‍ ചെറുചൂടുള്ള വെള്ളത്തില്‍ ഇട്ടുവെച്ച് കഴുകിയ ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.

അപ്പൊ ഇനി കുറച്ചു മുന്തിരി തിന്നിട്ടു കാണാം അല്ലേ ?

അബസ്വരം :
കിട്ടാത്ത മുന്തിരി പുളിച്ചാലും വയറ്റില്‍ എത്തിയാല്‍ മധുരിക്കും !!!


(ഇ മഷി ഓണ്‍ലൈന്‍ മാസികയിലെ "അറിവിലൂടെ ആരോഗ്യം" എന്ന പംക്തിക്കായി തയ്യാറാക്കിയത്.)


16 comments:

 1. കിട്ടാത്ത മുന്തിരിങ്ങ പുളിക്കും മക്കളേ !

  ReplyDelete
 2. ഇത് പുളിക്കാത്തത് ആണല്ലോ

  ReplyDelete
 3. മുന്തിരിയിൽ ആണ് ഏറ്റവും കൂടുതൽ കീടനാശിനികൾ തളിക്കുന്നത് എന്ന് കേട്ടിട്ടുള്ളതുകൊണ്ട് വാങ്ങാൻ മടിക്കാറാണ് പതിവ്. ഇനി മുന്തിരി കഴിച്ചിട്ടേയുള്ളു ബാക്കി കാര്യം. ചില സംശയങ്ങൾ ഡോക്ടറേ .

  1. ഉണക്കമുന്തിരിയാണോ ഉണങ്ങാത്ത മുന്തിരിയാണോ കൂടുതൽ നല്ലത്. ഔഷധഗുണത്തിന്റെ കാര്യത്തിൽ രണ്ടും തമ്മിൽ വ്യത്യാസമുണ്ടോ ? ഉണക്കമുന്തിരിയിലോ പച്ചമുന്തിരിയിലോ കൂടുതൽ കീടനാശിനി ഉണ്ടാവുക ?

  2. മുന്തിരിയുടെ കുരു കൊളസ്ട്രോൾ കുറക്കാനുള്ള മരുന്നിന്റെ പ്രധാനഘടകമാണെന്ന് കേൾക്കുന്നു. ഇത് സത്യമാണോ ? പ്രകൃതിജീവന ഉല്പന്നങ്ങൾ കിട്ടുന്ന കടയിൽ നിന്നും കുരുവോട് കൂടിയ ഉണക്കമുന്തിരി ഇപ്പോൾ വാങ്ങാൻ കിട്ടുന്നുണ്ട്. ഇതു കഴിച്ചാലും കൊളസ്ട്രോൾ കുറയുമെന്ന് കേൾക്കുന്നു. ഇത് സത്യമാണോ ? കുരുവിൽ വിഷാംശം എന്തെങ്കിലും ഉണ്ടോ ? കുരുവോട് കൂടി മുന്തിരി കഴിക്കുന്നതാണോ കുരു കഴിക്കാതിരിക്കുന്നതാണോ നല്ലത് ?

  ReplyDelete
  Replies
  1. 1. വിവിധ തരത്തില്‍ ഉള്ള മുന്തിരികള്‍ തമ്മില്‍ ഔഷധ ഗുണത്തിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. എന്നാല്‍ ആയുര്‍വേദത്തില്‍ ഔഷധമായി ഉപയോഗിക്കുന്നത് ഉണങ്ങിയ കറുത്ത മുന്തിരിയാണ്‌. അതുകൊണ്ട് തന്നെ ഔഷധ ഗുണം അതിനാണ് കൂടുതല്‍ എന്ന് മനസ്സിലാക്കാം.

   കീടനാശിനി ഒരു മുന്തിരിയിലും ഉണ്ടാവില്ല. എന്നാല്‍ ഏതില്‍ കൂടുതല്‍ മനുഷ്യര്‍ അടിച്ചുവോ അതില്‍ കൂടുതല്‍ ഉണ്ടാവും. ;) :D

   മുന്തിരി പഴുത്തത് ഉണക്കി എടുക്കുന്നതാണ് ഉണക്കമുന്തിരി. അതുകൊണ്ട് തന്നെ കീടനാശിനി ഉപയോഗിച്ചിട്ടുണ്ട് എങ്കില്‍ രണ്ടിലും ഉണ്ടാവാം. പച്ചമുന്തിരിയില്‍ കീടനാശിനി അടിച്ചശേഷം അത് മഴ കൊള്ളുകയും മറ്റും ചെയ്യുമ്പോള്‍ കീടനാശിനിയുടെ അളവില്‍ കുറവ് വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ താരതമ്യേന ഉണക്കമുന്തിരിയില്‍ കീടനാശിനിയുടെ അളവ് കുറയാന്‍ ആണ് സാധ്യത. രണ്ടും നല്ലം കഴുകി ഉപയോഗിച്ചാല്‍ ഈ പ്രശ്നം ഒരു പരിധിവരെ മറികടക്കാം.

   2. തോന്നിയ പോലെ ഭക്ഷണം കഴിച്ച് നാല് മുന്തിരിക്കുരു തിന്നത് കൊണ്ട് ഒരു കൊളസ്ട്രോളും കുറയാന്‍ പോകുന്നില്ല. അത് ഏതു പ്രകൃതി ജീവന കടയില്‍ നിന്നായാലും. മറ്റു ഭക്ഷണം എല്ലാം നിര്‍ത്തി മുന്തിരിക്കുരു മാത്രം കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. ;)

   എങ്കിലും മുന്തിരികുരു ഇതിനു നല്ലതാണ് എന്ന രീതിയില്‍ ഗവേഷണങ്ങള്‍ വരുന്നുണ്ട്. ഇന്ന് മുന്തിരിയുടെ കുരുവിന്റെ എക്സ്ട്രാകറ്റ് അടങ്ങിയ ചില ഇംഗ്ലീഷ് മരുന്നുകളും ലഭ്യമാണ്.

   കുരുവില്‍ ഒരു വിഷാംശവും ഇല്ല. എന്നാല്‍ കുരു കൂടി കഴിക്കണോ എന്നത് എന്ത് നിയ്യത്തില്‍ / ഉദ്ദേശ്യത്തില്‍ കഴിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കും. ഉദാഹരണത്തിന് ശോധന പ്രശ്നത്തിനു കഴിക്കുകയാണ് എങ്കില്‍ കുരു ഇല്ലാതെയാണ് കൂടുതല്‍ ഗുണം ചെയ്യുക. കൊളസ്ട്രോള്‍ ആണ് വിഷയം എങ്കില്‍ കുരുവോടെ കഴിക്കാം.അതുപോലെ ഓരോ അവസ്ഥക്ക് അനുസരിച്ച് ഇരിക്കും. എന്തായാലും കുരു ഒരു വിഷ പദാര്‍ത്ഥം അല്ല.

   Delete
  2. മുന്തിരിയില്‍നിന്നും ഉണ്ടാക്കുന്ന വൈന്‍ നല്ലതാണോ. വീര്യമുള്ളതിനോടാണ് താത്പര്യം. അതുകൊണ്ട് ചോദിച്ചുവെന്നു മാത്രം.

   Delete
  3. ക്ഷീണത്തിനും, രക്തവര്‍ദ്ധനവിനും നല്ലതാണ്. എന്നാല്‍ ഇത്തരം വീര്യം കൂടിയ രീതിയില്‍ ഉപയോഗിക്കുന്നത് ശരീരത്തിനു ദോഷകരവുമാണ്‌.

   Delete
 4. "ചേട്ടാ.. ഒരു മുന്തിരി ജ്യൂസ്‌ .. "
  ഓർഡർ ചെയ്തു കഴിഞ്ഞു ടാക്കിട്ടറെ ... :)

  ReplyDelete
 5. രചന ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ ...

  ReplyDelete
 6. നല്ല പോസ്റ്റ്...ഭക്ഷണപദാർത്ഥങ്ങളിലെ വിഷാംശം കണ്ടെത്താൻ എന്തെങ്കിലും ഉപായം ഉണ്ടൊ ഡോക്ട്ടറേ..? പിന്നെ കമന്റുന്നവരോടുള്ള നന്ദി അഡ്വാൻസായി രേഖപ്പെടുത്തുന്നതിനോട് യോജിപ്പില്ല...(സമയക്കുറവോ അതോ മടിയോ കാരണം ...അതോ സ്വന്തം വായനക്കരുടെ അഭിപ്രായങ്ങളെ ഗൗനിക്കേണ്ട കാര്യമില്ലെന്ന തോന്നലോ... )...എന്തായാലും എല്ലാ ഭാവുകങ്ങളും നേരട്ടേ...!!

  ReplyDelete
  Replies
  1. വിഷാംശം കണ്ടെത്താന്‍ അതുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ തന്നെ വേണ്ടിവരും. അല്ലാതെ എളുപ്പ വഴികള്‍ ഇല്ല.

   ഒരു കമന്റിനും "നന്ദി" എന്ന രീതിയില്‍ മറുപടി പറയുന്നത് വെറുതെയാണ് എന്നാണു എന്റെ അഭിപ്രായം. തീര്‍ച്ചയായും മറുപടി നല്‍കേണ്ട കമന്റുകള്‍ക്ക് മറുപടി നല്കാറുണ്ട്. വായനക്കാരുടെ അഭിപ്രായങ്ങളെ ഗൌനിക്കേണ്ട എന്നൊരു കാഴ്ചപാടും ഇല്ല. :)

   Delete
 7. ചില ഉണക്കി വെച്ച മുന്ധ്യരിയിൽ ഷൈനിങ്ങ് പോലെ കാണാർ ഉണ്ട് അത് മേയുക് പുരട്ടിയതാണോ അതോ നചോരൽ ആണോ ?.. പിന്നെ വില കുറവും കറുത്ത മുന്ധ്യരികാ .... ബഷീര് ദോഹ

  ReplyDelete
  Replies
  1. മായം ഏതൊക്കെ കോലത്തില്‍ വരും എന്ന് പറയാന്‍ കഴിയില്ല ഭായീ :(

   Delete
 8. കിട്ടാത്ത മുന്തിരി പുളിക്കുംന്നു പറയുന്നതിനേക്കാള്‍ നന്നല്ല ന്നു പറയുന്നതല്ലേ നന്ന് മാഷേ..rr

  ReplyDelete
 9. മുന്തിരിയെ കുറിച്ച കൂടുതൽ അറിയാൻ കഴിഞ്ഞു..
  നന്ദി ഡോക്ടർ ഇക്കാ..
  ഇനിയും ഇതുപോലെ അറിവ് പകരുന്ന പോസ്റ്റുകൾ പോരട്ടെ....
  ആശംസകൾ !

  ReplyDelete
 10. ഇപ്പോൾ കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ല. ആറു മാസതോളമായി രാത്രി വെള്ളത്തിലിട്ടുവെച്ച മുന്തിരി കാലത്ത് കയിക്കുന്നു വല്ല ദോഷവുമുണ്ടോ (ഷുഗർ വരാൻ ഇതു കാരണമാകുമോ.)

  ReplyDelete
  Replies
  1. മുന്തിരി കഴിച്ചു എന്നത് കൊണ്ട് പ്രമേഹം ഉണ്ടാവില്ല.

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....