Wednesday, January 01, 2014

വല്ലിപ്പാന്റെ ആനയും പേരക്കുട്ടിയുടെ മൂടും


അങ്ങനെ ആയുസ്സിലെ ഒരു വര്‍ഷം കൂടി നഷ്ടമാകുന്നു.

പല പുതിയ പാഠങ്ങളും പഠിപ്പിച്ചുകൊണ്ടാണ് 2013 കടന്നു പോകുന്നത്.
പല പ്രതീക്ഷകളും 2013 ല്‍ സഫലമായി. പല പ്രതീക്ഷകള്‍ക്കും തുടക്കം കുറിച്ചു. ഒരുപാട്
പുതിയ സുഹൃത്തുക്കളെ ലഭിച്ചു. കണ്ടു മടുത്ത രാഷ്ട്രീയ കളികളില്‍ നിന്നും വ്യത്യസ്തമായി ആം ആദ്മിയുടെ "ഇതുവരെയുള്ള" നീക്കങ്ങളും നേട്ടങ്ങളും രാജ്യത്തിനും പ്രതീക്ഷകള്‍ നല്‍കുന്നു.

പുതുവര്‍ഷവും പഴയ വര്‍ഷവും തമ്മിലുള്ള വ്യത്യാസം ചില നിമിഷങ്ങളുടെ അന്തരം മാത്രമണെങ്കിലും ഓരോ വ്യക്തിയുടേയും മനസ്സില്‍ അറിഞ്ഞോ അറിയാതേയോ പല പുത്തന്‍ പ്രതീക്ഷകളും നാമ്പിടുന്നുണ്ട് എന്നത് ഒരു വാസ്തവം തന്നെയാണ്. അല്ലെങ്കിലും പ്രതീക്ഷകളും സ്വപ്നങ്ങളും ആണല്ലോ മനുഷ്യനെ മുന്നോട്ട് നയിക്കുന്നതും, ജീവിതം വിരസമാകാതെ മുന്നോട്ട് നയിക്കുന്നതും.

സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്നുകൊണ്ട് പലതും തുറന്നു പറയേണ്ടി വന്നപ്പോള്‍ വിമര്‍ശകരുടെ എണ്ണം കൂടിയെങ്കിലും 2013 ബ്ലോഗിംഗ് രംഗത്ത് അബസ്വരങ്ങള്‍ക്ക് സമ്മാനിച്ചത് നേട്ടങ്ങള്‍ തന്നെയായിരുന്നു. അബസ്വരങ്ങളാല്‍ വല്ലവരും വ്യക്തിപരമായി വേദനിക്കപ്പെട്ടിട്ടുണ്ട് എങ്കില്‍ ആ നിലപാടുകളില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ വേദനിപ്പിക്കലുകള്‍ക്ക് ക്ഷമ ചോദിക്കുന്നു.

2014 ലും അബസ്വരങ്ങളുമായി നിങ്ങളിലേക്ക് എത്താന്‍ കഴിയും എന്ന ശുഭപ്രതീക്ഷയോടേയും, നെറികെട്ട കപട ഭരണകര്‍ത്താക്കള്‍ ഈ വര്‍ഷത്തില്‍ കുത്തുപാളയെടുക്കും എന്ന പ്രത്യാശയോടേയും, എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും നാടിനും, സമൃദ്ധിയും നല്ലതും സന്തോഷവും കൊണ്ടുവരുന്ന വര്‍ഷമാകട്ടെ 2014 എന്നാശംസിച്ചു കൊണ്ട് പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റിലേക്ക് ഏവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

വ്യാജന്മാരുടെ കാലഘട്ടത്തില്‍ ആണല്ലോ നാമിപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്. കറന്‍സി നോട്ട് മുതല്‍ സി ഡി നിര്‍മ്മാണത്തില്‍ വരെ വ്യാജന്മാര്‍ തിളങ്ങി നില്‍ക്കുകയാണ്.

കേരളത്തിന്റെ ചികിത്സാ രംഗത്തെ വലിയ ശാപമാണ് വ്യാജ വൈദ്യന്മാര്‍.

ആയുര്‍വേദം, സിദ്ധ, യുനാനി, ഹോമിയോ തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളിലാണ് വ്യാജന്മാര്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതിന് വ്യാജന്മാര്‍ പറയുന്ന ന്യായം "ആയുര്‍വേദം, യുനാനി, സിദ്ധ വൈദ്യ ശാസ്ത്രങ്ങള്‍ സര്‍വ്വകലാശാല തലത്തില്‍ അംഗീകരിക്കപ്പെടുന്നതിന് മുന്‍പ് പാരമ്പര്യമായി തലമുറകള്‍ക്ക് പകര്‍ന്നു നല്‍കിക്കൊണ്ടാണ് നിലനിന്നു പോന്നിരുന്നത്" എന്നതാണ്. ഒറ്റ നോട്ടത്തില്‍ ഈ വാദം ശരിയാണെന്ന് തോന്നുകയും ചെയ്യും.
എന്നാല്‍ അലോപ്പതിയുടെ വളര്‍ച്ചയും അപ്രകാരം തന്നെ ആയിരുന്നില്ലേ ?

ഒരു സുപ്രഭാതത്തില്‍ ഒരു യൂണിവേഴ്സിറ്റി തലത്തില്‍ എം.ബി.ബി.എസ് എന്ന ബിരുദമായല്ല ആധുനിക വൈദ്യശാസ്ത്രത്തിനു അതിന്റെ പിതാവായ ഹിപ്പോക്രാറ്റസ് തുടക്കം കുറിച്ചത്. തലമുറകളായി കൈമാറ്റം ചെയ്ത്, പരീക്ഷണ, നിരീക്ഷണങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആധുനിക വൈദ്യശാസ്ത്രം ക്രോഡീകരിച്ചതും, ഡിഗ്രിയായും മറ്റും രൂപാന്തരപ്പെടുത്തിയതും.
അങ്ങനെ നോക്കുമ്പോള്‍ അലോപ്പതിയും ഒരു പാരമ്പര്യ വൈദ്യമല്ലേ ?

എന്നാല്‍ ഇക്കാലത്ത് അംഗീകൃത ബിരുദം ഇല്ലാതെ അലോപ്പതി പ്രാക്ടീസ് ചെയ്യുന്ന വ്യാജന്മാരെ അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയമാക്കുമ്പോള്‍ ആയുര്‍വേദം, യുനാനി, സിദ്ധ തുടങ്ങിയവയില്‍ അംഗീകൃത വിദ്യാഭ്യാസ യോഗ്യത നേടാതെ, "പിതാമഹന്മാര്‍ വൈദ്യന്മാരായിരുന്നു" എന്ന പേരില്‍ ചികിത്സ നടത്തുന്ന വ്യാജന്മാരെ നിയമം കണ്ടില്ലെന്നു നടിക്കുന്നു. ആയുര്‍വേദം തുടങ്ങിയ മേഖലകളില്‍ ബിരുദവും, മറ്റു യോഗ്യതകളും നേടാന്‍ കഴിയാത്തവരാണ് പാരമ്പര്യ വൈദ്യം എന്ന പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. പത്താം ക്ലാസ് പോലും തോറ്റ പല പാരമ്പര്യ വൈദ്യന്മാരും ഇന്ന് കേരളത്തില്‍ ആളുകളെ കബളിപ്പിച്ചുക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. ഡോ.സക്കീനയുടെ ചികിത്സാ വിധികള്‍ അഥവാ തട്ടിപ്പുകള്‍ എന്ന പോസ്റ്റിലൂടെ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ, എനിക്ക് നേരിട്ടറിയാവുന്ന ഒരു സ്ത്രീയെ കുറിച്ച് പറഞ്ഞിരുന്നത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ.

പാരമ്പര്യമായി ചികിത്സ നടത്തിയവരുടെ സ്വാര്‍ത്ഥത കൊണ്ടാണ് ആയുര്‍വേദത്തിന്റെ വളര്‍ച്ച മുരടിച്ചത് എന്നും പറയാം. കാരണം ആധുനിക വൈദ്യ ശാസ്ത്രത്തില്‍ എന്തെങ്കിലും ഒരു മരുന്നോ, സാങ്കേതിക വിദ്യയോ കണ്ടുപിടിച്ചാല്‍ അടുത്ത ദിവസം തന്നെ അത് ലോകമറിയും, മറ്റുള്ളവരെ പഠിപ്പിക്കും. എന്നാല്‍ ഒരു വൈദ്യ കുടുംബത്തിന് എന്തെങ്കിലും ഒരു ഔഷധ ചേരുവയോ, പ്രത്യേക ചികിത്സാ രീതിയോ അറിയാമെങ്കില്‍ അത് തന്റെ മക്കളേയോ, ബന്ധുക്കളേയോ ഒഴിച്ച് മറ്റുള്ളവരെ പഠിപ്പിക്കാന്‍ തയ്യാറാവുന്നില്ല. ആ  ചികിത്സാവിധി കുടുംബരഹസ്യമായി തന്നെ അവശേഷിക്കുന്നു. എന്നാല്‍ ആ കുടുംബത്തിലെ അടുത്ത തലമുറയില്‍പ്പെട്ടവര്‍ അത്രതന്നെ വിദഗ്ദരല്ലെങ്കില്‍ ആ ചികിത്സാ വിധികള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുന്നു. അങ്ങനെ ആ അമൂല്യ വിജ്ഞ്യാനം  അദ്ദേഹത്തോടൊപ്പം മണ്‍മറയുന്നു. അതേ സമയം ആ ചികിത്സാ രീതികള്‍ കോളേജുകള്‍ക്കോ, ചികിത്സാ ഗവേഷണ സ്ഥാപനങ്ങള്‍ക്കോ കൈമാറിയാല്‍ അത് കൂടുതല്‍ പേര്‍ക്ക് പഠിക്കുവാനും, മനസ്സിലാക്കുവാനും കഴിയുകയും അതുവഴി വൈദ്യലോകത്തിനു ഒരു മുതല്‍ക്കൂട്ടാവുകയും ചെയ്യുന്നു.

പ്രഗല്‍ഭനായ ഒരു വൈദ്യന്റെ മകനും പിതാവിനെ പോലെ ചികിത്സാ പ്രാവീണ്യം ഉണ്ടാവും എന്ന തെറ്റിധാരണയാണല്ലോ അംഗീകൃത യോഗ്യതയില്ലാത്ത പാരമ്പര്യ വൈദ്യന്മാരിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍, സുപ്രീം കോടതി ജഡ്ജി ആയ ഒരാളുടെ പത്താം ക്ലാസ് തോറ്റ മകനെ പിടിച്ചു ജഡ്ജി കസേരയില്‍ ഇരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുമോ ? ജനങ്ങള്‍ അതിനെ അംഗീകരിക്കുമോ ? അതുപോലെ മികച്ച ഒരു പോലീസ് ഓഫീസറുടെ മകന്‍ കള്ളന്‍ ആണെങ്കിലും അയാളെ പിടിച്ച് പോലീസില്‍ ചേര്‍ക്കുകയോ, പാരമ്പര്യ ഐ പി എസ് പട്ടം കൊടുക്കുകയോ ചെയ്യുമോ ? പൈലറ്റായ മുത്തശ്ശനും, പിതാവും വിമാനം പറപ്പിക്കുന്നത് കണ്ടിട്ടുണ്ട് എന്നത് കണക്കിലെടുത്ത് അംഗീകൃത യോഗ്യതകള്‍ ഇല്ലാത്ത ഒരാളെ പൈലറ്റ്‌ ആക്കാന്‍ ഭരണകൂടം തയ്യാറാകുമോ ?
പാരമ്പര്യം എന്നത് ചികിത്സാ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു സംഭവം ആകരുതല്ലോ !!!

വൈദ്യകുടുംബത്തില്‍ ജനിച്ചത് കൊണ്ട് ഒരാളും വൈദ്യനാകുന്നില്ല എന്ന് പറഞ്ഞത് ആയുര്‍വേദ ആചാര്യനായ ചരകന്‍ തന്നെയാണ്.

ചരകന്‍ പറയുന്നു...
"വിദ്യാ സമാപ്തൌ ഭിഷജാ ദ്വിതിയോ ജാതിരുച്യതേ
ന വൈദ്യോ വൈദ്യ ശബ്ദം ഹി ലഭതേ പൂര്‍വ്വജന്മനാ"

"വൈദ്യശാസ്ത്രം പഠിച്ചു കഴിയുമ്പോള്‍ അയാള്‍ രണ്ടാമതൊരു ജാതിയായി (വൈദ്യനായി)ത്തീരുന്നു. അല്ലാതെ വൈദ്യന്മാരുടെ പുത്രന്മാരായതു കൊണ്ടോ, വൈദ്യ കുടുംബത്തില്‍ ജനിച്ചത് കൊണ്ടോ ഒരാളും വൈദ്യ ശബ്ദത്തിനര്‍ഹനാകുന്നില്ല."

പാരമ്പര്യ വൈദ്യന്മാര്‍ എന്ന പേരില്‍ ചികിത്സ നടത്തുന്ന വ്യാജ വൈദ്യന്മാര്‍ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്.

"ചരകനും,സുശ്രുതനും എല്ലാം ഏതു കോളേജില്‍ ആണ് പഠിച്ചത് ?" എന്ന ചോദ്യം.
അതിനു ചരകനും, സുശ്രുതനും എല്ലാം വ്യക്തമായി മറുപടി പറഞ്ഞിട്ടും ഉണ്ട്.

ഗുരുകുലങ്ങളില്‍ നിന്നു ഗ്രന്ഥപഠനവും, പ്രായോഗിക പരിശീലനവും കഴിഞ്ഞ് ചികിത്സിക്കാനുള്ള അധികാരം രാജാവില്‍ നിന്ന് വാങ്ങിയതിനു ശേഷമേ ചികിത്സിക്കാവൂ എന്ന് ആചാര്യന്മാര്‍ പ്രത്യേകം നിഷ്കര്‍ഷിക്കുന്നു. ഉത്തമ ശിഷ്യരെ തിരഞ്ഞെടുക്കാനുള്ള ഇന്നത്തെ രീതികളാണ് പ്രവേശന പരീക്ഷയും മറ്റു അടിസ്ഥാന യോഗ്യതകളും. രാജാവിന്റെ അനുവാദം തന്നെയാണ് യുണിവേഴ്സിറ്റികളുടെ അംഗീകാരവും, മെഡിക്കല്‍ കൌണ്‍സില്‍ റെജിസ്ട്രേഷനും എന്ന് തിരിച്ചറിയാന്‍ സാമാന്യ ബോധം മാത്രം മതി.

വ്യാജവൈദ്യന്മാര്‍ ഉണ്ടാകുന്നത് സര്‍ക്കാരിന്റെ പിഴവ് മൂലമാണ് എന്ന് സുശ്രുതന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സുശ്രുതന്‍ പറയുന്നു...
"യസ്തുകര്‍മ്മ സുനിഷ്ണാതോധാര്‍ഷ്ട്യച്ഛാസ്ത്ര ബഹിഷ്കൃത :
സ സല്‍സു പൂജാം നാപ്നോതി വധം ചാര്‍ഹതി രാജത :
സ നിഹന്തി ജനം ലോഭാല്‍ കുവൈദ്യോ നൃപദോഷത:"

"ശാസ്ത്രം പഠിക്കാതെ ചികിത്സ മാത്രം കണ്ടു പഠിക്കുന്നവന്‍ അത്യാഗ്രഹം മൂലം ജനങ്ങളെ കൊല്ലുന്നു. അവന്‍ രാജാവിനാല്‍ വധശിക്ഷ അര്‍ഹിക്കുന്നു. രാജാവിന്റെ കൃത്യ വിലോപം മൂലമാണ് രാജ്യത്ത് വ്യാജ വൈദ്യന്മാര്‍ ഉണ്ടാവുന്നത്."

പലപ്പോഴും മൂന്നാം കിട പ്രസിദ്ധീകരണങ്ങള്‍ ആണ് പാരമ്പര്യ വൈദ്യന്മാര്‍ പരസ്യത്തിനായി തിരഞ്ഞെടുക്കുന്നത്.

ആയുര്‍വേദ മേഖലയിലാണ് വ്യാജന്മാര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് എങ്കിലും, യുനാനി, ഹോമിയോ എന്നീ ചികിത്സാ രീതികളും യഥേഷ്ടം പയറ്റുന്ന വിരുതരായ വ്യാജവൈദ്യന്മാര്‍ ധാരാളം ഉണ്ട്. പലരും ആന്റി ബയോട്ടിക്കുകളും, സ്റ്റീറോയ്ഡുകളും മറ്റും ലേഹ്യത്തിലും, അരിഷ്ടത്തിലും കലര്‍ത്തിയാണ് ഗംഭീര ചികിത്സ നടത്തുന്നത്. പാരസെറ്റമോളാദി വടകവും, അമോക്സിലിനാദി ലേഹ്യവും കൊണ്ട് ഇവര്‍ സര്‍ക്കസ്സ് കളിക്കുന്നു. ഇത്തരം ലേഹ്യങ്ങളുടെ പെട്ടന്നുള്ള ഫലപ്രാപ്തിയെ പറ്റി വാചാലരാവുന്നു. അതിന്റെ പാര്‍ശ്വഫലങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുമ്പോള്‍ അത് മറ്റൊരു രോഗമായാണ് ഇവരെ സമീപിക്കുന്ന രോഗികള്‍ കണക്കാക്കുന്നത്. കാരണം തങ്ങള്‍ കഴിച്ചത് ആയുര്‍വേദം ആണ് എന്നും അത് കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ല എന്നും അവര്‍ വിശ്വസിക്കുന്നു. രോഗികളെ അങ്ങിനെ വിശ്വസിപ്പിച്ചു പുതിയ ലക്ഷണങ്ങള്‍ക്കുള്ള സിട്രിസിനാസവും, അവിലാദി ചൂര്‍ണ്ണവും നല്‍കി രോഗികളെ ആശ്വസിപ്പിക്കുന്നു. രോഗി ഒരു രോഗത്തില്‍ നിന്നും, കൂടുതല്‍ ഗുരുതരമായ മറ്റൊരു രോഗത്തിലേക്കുള്ള പ്രയാണം തുടരുകയും ചെയ്യുന്നു.
കേരളത്തില്‍ മെഡിക്കല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ വിവിധ സര്‍ക്കാരുകള്‍ സ്വീകരിച്ചു വരുന്ന അലംഭാവമാണ് വ്യാജന്മാര്‍ ഇങ്ങനെ പെരുകാന്‍ കാരണം.

ആയുര്‍വേദ രംഗത്ത് വ്യാജ ചികിത്സ അവസാനിപ്പിച്ച് വ്യവസ്ഥാപിത വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്നതിനാണ് 1970 ല്‍ പാര്‍ലമെന്റ് ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ ആക്റ്റ് നടപ്പിലാക്കിയത്. ഇത് പ്രകാരം ഇന്ത്യയില്‍ എവിടേയും ആയുര്‍വേദ, സിദ്ധ, യുനാനി ചികിത്സകള്‍ ചെയ്യുന്നതിന് അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം. യോഗ്യതയില്ലാതെ ചികിത്സിക്കുന്നത് കുറ്റകരവും ആണ്. ഈ ആക്റ്റ് നിലവില്‍വന്ന സമയത്ത് യോഗ്യതയില്ലാതെ ചികിത്സ നടത്തിയിരുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തില്‍ കുറയാത്ത ചികിത്സാ പരിചയം ഉണ്ടെങ്കില്‍ അവരുടെ പ്രവര്‍ത്തി തുടരാന്‍ പ്രത്യേക അനുമതിയും ഉണ്ടായിരുന്നു. വസ്തുതകള്‍ ഇങ്ങനെയായിരിക്കേ നാട്ടില്‍ വ്യാജ വൈദ്യന്മാരും, മൂലക്കുരു തട്ടിപ്പ് കേന്ദ്രങ്ങളും മുളച്ചു വരുമ്പോള്‍ അതിന്റെ ഉത്തരവാദികള്‍ സര്‍ക്കാരല്ലാതെ മറ്റാരാണ്‌ ??

പാരമ്പര്യത്തിന്റെ മേനി പറഞ്ഞു വിടുവായിത്തം വിളമ്പുന്ന, യോഗ്യതയില്ലാത്ത ചികിത്സകരുടെ മുന്നില്‍ ശരീരവും ആത്മാവും സമര്‍പ്പിക്കുന്നതിന് മുന്‍പ് ഇനിയെങ്കിലും ഇരുവട്ടം ചിന്തിക്കുക.

അബസ്വരം :
വല്ലിപ്പ ആനപ്പുറത്ത് പോയത്തിന്റെ തഴമ്പ് പേരക്കുട്ടിയുടെ മൂട്ടില്‍ ഉണ്ടാവില്ല !!!

                         
സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക


19 comments:

 1. "യസ്തുകര്‍മ്മ സുനിഷ്ണാതോധാര്‍ഷ്ട്യച്ഛാസ്ത്ര ബഹിഷ്കൃത :
  സ സല്‍സു പൂജാം നാപ്നോതി വധം ചാര്‍ഹതി രാജത :
  സ നിഹന്തി ജനം ലോഭാല്‍ കുവൈദ്യോ നൃപദോഷത:"

  അതായത് വല്ലിപ്പ ആനപ്പുറത്ത് പോയത്തിന്റെ തഴമ്പ് പേരക്കുട്ടിയുടെ മൂട്ടില്‍ ഉണ്ടാവില്ല !!!

  ReplyDelete
 2. പുതുവര്‍ഷത്തില്‍ വാളെടുത്തത് വ്യാജന്മാര്‍ക്കെതിരെ.....എന്താ നാട്ടില്‍ ആരെങ്കിലും പൊങ്ങിയോ ഡോക്ടറേ?
  പുതുവത്സരാശംസകള്‍....

  ReplyDelete
 3. ആദ്യ് വാള് വ്യാജന്മാര്‍ക്കെതിരെത്തന്നെയല്ലേ....നാട്ടില്‍ വല്ലവനും പൊങ്ങിയോ ഡൊക്ടറാഎ?പുതുവത്സരാശംസകള്‍....

  ReplyDelete
  Replies
  1. ഒരുപാട് എണ്ണം പൊങ്ങിയിട്ടുണ്ട് :)

   Delete
 4. അതുപോലെ തന്നെ അപകടകരമായ ഒരു നീക്കമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്രാമീണ ഡോക്ടര്‍മാര്‍ എന്ന പേരില്‍ ചെറിയ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡോക്ടര്‍ പദവി നല്‍കാനുള്ള നീക്കം

  ReplyDelete
  Replies
  1. സര്‍ക്കാര്‍ നിര്‍മ്മിത മുറിവൈദ്യന്മാര്‍ !!

   Delete
 5. സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ പോലും വ്യാജ ഡോക്ടര്‍മ്മാര്‍ വിലസുന്നു , പിന്നെയാണോ ആയുര്‍വേദത്തില്‍ ...

  ReplyDelete
 6. സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ പോലും വ്യാജന്മ്മാര്‍ പെരുകുന്നു , പിന്നെയാണോ ആയുര്‍വേദത്തില്‍

  ReplyDelete
  Replies
  1. ഹും.. എല്ലാം ഭരണകര്‍ത്താക്കളുടെ പിടിപ്പുകേട്...

   Delete
 7. രാവിലെ ഈ പോസ്റ്റ്‌ കണ്ടിരുന്നു എങ്കിലും അബ്സാറിന്റെ പോസ്റ്റുകള്‍ മനസ്സിരുത്തി വായിക്കണം എന്നതിനാല്‍ അപ്പോള്‍ വായിക്കാന്‍ സമയം കിട്ടിയില്ല... വളരെ കാലിക പ്രസക്തി ഉള്ള ഒരു വിഷയമാണിത്... ആയുര്‍വേദ മരുന്നുകള്‍ക്ക് സൈഡ് എഫ്ഫക്റ്റ്‌ ഇല്ല എന്ന വാദവും അബ്സാര്‍ പഠന വിധേയം ആക്കും എന്നാണ് എന്റെ പ്രതീക്ഷ... കാരണം, തുടര്‍ച്ചയായ ആയുര്‍വേദ മരുന്ന് ഉപയോഗം കൊണ്ട് മാത്രം കിഡ്നി അടിച്ച് പോയ ഒരു രോഗിയെ എനിക്കറിയാം... നടു വേദനക്ക് ചികിത്സ തുടങ്ങിയതാണ്‌ പാവം... ഒരു മരുന്നിന് എഫ്ഫക്റ്റ്‌ ഉണ്ടെങ്കില്‍ സ്വാഭാവികമായും സൈഡ് എഫ്ഫക്ടും ഉണ്ടാകും എന്നാണു ഞാന്‍ കരുതുന്നത്..

  പാരമ്പര്യ ചികിത്സാ രീതികള്‍ വരും തലമുറക്ക് പകര്‍ന്നു നല്‍കാതെ വയറ്റിപ്പിഴപ്പാക്കി നിര്‍ത്തുന്ന രീതി ശരിയല്ല... സമൂഹത്തിനു ഗുണം ചെയ്യുന്ന കണ്ടു പിടിത്തങ്ങള്‍ വരും തലമുറക്ക് കിട്ടാതെ പോകരുത്...

  വളരെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ ചര്‍ച്ചയ്ക്ക വെച്ച അബ്സാറിനു അഭിനന്ദനങ്ങള്‍.... ആരും വായിക്കാതെ പോകരുത് ഈ ലേഖനം...

  ReplyDelete
  Replies
  1. ഏതൊരു മരുന്നും കൃത്യമായ അളവില്‍ ഉപയോഗിക്കുക എന്നത് പ്രധാനമാണ്. അത് ആയുര്‍വേദം ആയാലും അലോപ്പതി ആയാലും. ചില ആയുര്‍വേദ മരുന്നുകള്‍ ശുദ്ധി ചെയ്ത ശേഷം മാത്രം ഉപയോഗിക്കേണ്ടത് ഉണ്ട്. അവ ശുദ്ധി ചെയ്യാതെ ഉപയോഗിക്കുകയോ, ശുദ്ധി ചെയ്യുന്നത് കൃത്യമല്ലാതെ ചെയ്യുകയോ ചെയ്‌താല്‍ പണി കിട്ടും. ഗുഗ്ഗുലു, കൊടുവേലി തുടങ്ങിയ സസ്യങ്ങള്‍ എല്ലാം അതിനുദാഹരണം ആണ്.

   പിന്നെ ചിലര്‍ അരിഷ്ടത്തിലും മറ്റും ഇംഗ്ലീഷ് മരുന്നുകള്‍ ചേര്‍ത്ത് മിക്സോപതി കളിക്കും. അതിലും പണി കിട്ടും എന്ന് ഉറപ്പാണ്.

   ആയുവേദത്തില്‍ ഭസ്മങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സാ രീതിയില്‍ ആണ് പണി കിട്ടാന്‍ സാധ്യതയുള്ള ഒരു മേഖല. അതിലും ശുദ്ധി ക്രമം, ഡോസ്, പഥ്യം എന്നിവ കൃത്യമായി പാലിച്ചാല്‍ കുഴപ്പം ഒന്നും ഉണ്ടാവില്ല. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ ചെയ്‌താല്‍ പണി കിട്ടും.

   ആയുര്‍വേദ മരുന്നല്ലേ എന്ന് കരുതി തോന്നിയപോലെ ഉപയോഗിക്കുന്നതും, കള്ളക്കളികള്‍ കളിക്കുന്നതും ആണ് പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.

   കൃത്യമായ ശുദ്ധിയും ഡോസും എല്ലാം പാലിച്ചു കൊണ്ട് ആയുര്‍വേദ മരുന്നുകള്‍ കഴിച്ചാല്‍ ദോഷഫലങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ അലോപ്പതി മരുന്നുകള്‍ ഈ മാനദണ്ടങ്ങള്‍ എല്ലാം പാലിച്ച് കഴിച്ചാലും പണി തരാന്‍ സാധ്യത വളരെ കൂടുതലാണ്. കൃത്യമായ ഡോസ് പാലിച്ചാല്‍ പോലും 90% ഇംഗ്ലിഷ് മരുന്നുകളും പണി തരാന്‍ സാധ്യതയുണ്ട്.

   Delete
 8. വൈദ്യന്മാരെ എന്തു വേണോങ്കിലും പറഞ്ഞോളൂ. പക്ഷെ മന്ത്രീടെ മോന്‍ മന്ത്രിയാകണം എന്നുള്ളത് പ്രകൃതിനിയമമാ. അതില്‍ ഇടപെടാന്‍ സമ്മ്യ്ക്കൂലാ.

  ReplyDelete
  Replies
  1. ഹഹ... :D മന്ത്രിമാര്‍ എന്നത് ഒരു പ്രത്യേക വംശം അല്ലേ...

   Delete
 9. ഇന്നെത്തെ ദുരവസ്ഥയാണിത്

  ReplyDelete
 10. Sarkkarinte ichashakthi nashichu ennuvenam karuthan

  ReplyDelete
 11. വന്നേയുള്ളൂ.വായിക്കട്ടെ...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....