Friday, November 22, 2013

തൊട്ടാവാടികളേ മണ്ടി വരിം


ഒന്ന് പറയുമ്പോഴേക്കും തെറ്റിപോവുകയും, പക്വതയില്ലാതെ വളരെ സെന്‍സിറ്റീവ് ആയി പ്രതികരിക്കുകയും ചെയ്യുന്നവരേയും എല്ലാം നാം വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണല്ലോ തൊട്ടാവാടി എന്നത്.

തൊട്ടാവാടി എന്ന സസ്യത്തിന്റെ സ്വഭാവത്തിനു സമാനമായ സ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യരെ തൊട്ടാവാടി എന്ന് നാം വിശേഷിപ്പിക്കുന്നു. എന്നാല്‍ നമ്മള്‍ അങ്ങിനെ വിശേഷിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തൊട്ടാവാടി എന്ന സസ്യത്തെ അപമാനിക്കുകയാണോ ചെയ്യുന്നത് ?
കാരണം തൊട്ടാവാടി വെറും ഒരു തൊട്ടാവാടിയല്ല...!!!

മൈമോസ പ്യൂഡിക്ക (Mimosa pudica) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് തൊട്ടാവാടി. മൈമോസേസീ (Mimosaeceae) എന്നതാണ് ലവന്റെ തറവാട്ട് പേര്. സംസ്കൃത ഭാഷയില്‍ ലജ്ജാലു എന്ന് വിളിച്ചാലും ലവന്‍ വിളി കേള്‍ക്കും. അല്ലെങ്കില്‍ അങ്ങിനെ വിളിച്ചാല്‍ വിളി കേള്‍ക്കണം എന്നാണു സംസ്കൃത ശിരോമണികള്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. സമംഗ എന്ന ഒരു ഇരട്ടപ്പേരും ഇവന് സംസ്കൃതത്തില്‍ ഉണ്ട്. രക്തപാദി, നമസ്ക്കാരി, സ്പര്‍ശ ലജ്ജാ, സങ്കോചിനി എന്നിവയെല്ലാം സംസ്കൃതത്തില്‍ ഇവന്റെ പേരുകളാണ്.

അവന് തൊട്ടാവാടി എന്ന പേര് വരാന്‍ ഉണ്ടായ കാരണം എല്ലാവര്‍ക്കും അറിയാമല്ലോ. അവനെ തൊട്ടാല്‍ ലവന്‍ വാടും. അതുതന്നെ കാരണം. സായിപ്പ്  "ടച്ച് മി നോട്ട്" എന്നാണവനെ വിളിക്കാറ്. ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്ന് ഭൂമധ്യരേഖാപ്രദേശങ്ങളിൽ പരക്കെ ഇവന്റെ സാന്നിധ്യം ഉണ്ട്.

തൊട്ടാവാടിയുടെ ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കുന്നു. വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. സ്പർശിക്കുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറും. അതിന്റെ ഫലമായി കോശങ്ങൾ ചുരുങ്ങി ഉറപ്പുപോയി ചുരുളുന്നു. ഏതു വസ്തു തൊട്ടാലും ഇലകൾ അങ്ങനെ ചുരുളും. എന്തു വസ്തുവും ഈ പ്രവർത്തനത്തിനു കാരണമാകാം. ഈ ചുരുളൽ ഏതാനം സെക്കന്റുകൾ കൊണ്ട് പൂർണ്ണമാകും. പിന്നീട് അര മണിക്കൂറോളം കഴിഞ്ഞേ ഇലകൾ വിടർന്ന് പൂർണ്ണാവസ്ഥയിലാകൂ.തൊട്ടാവാടിയുടെ ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പൂഞെട്ടിലും മുള്ളുകള്‍ ഉണ്ടായിരിക്കും. ഓരോ പുഷ്പത്തിനും വളരെ ചെറിയ സഹപത്രകമുണ്ട്. ഇളം ചുവപ്പു പുഷ്പത്തിന് നാലുവീതം ബാഹ്യദളങ്ങളും ദളങ്ങളുമുണ്ട്. ബാഹ്യദളങ്ങള്‍ വളരെ ചെറുതാണ്. ദളങ്ങള്‍ക്ക് 2-2.5 മി.മീ. നീളമേ ഉള്ളൂ. ഇളം ചുവപ്പുനിറത്തിലുള്ള എട്ട് കേസരങ്ങള്‍ ഉണ്ടായിരിക്കും. ഒറ്റ അറ മാത്രമുള്ള അണ്ഡാശയത്തില്‍ അനേകം ബീജാണ്ഡങ്ങളുണ്ട്. കായ്കള്‍ 0.5-2.5 സെന്റിമീറ്ററോളം നീളവും മൂന്ന് മി.മീ. വീതിയുമുള്ള പരന്ന ലോമെന്റം (lomentam) ആണ്. ലോമാവൃതമായ കായ്കളില്‍ 3-5 വിത്തുകളുണ്ട്.
ഇതിന്റെ വേരില്‍ 10% ടാനിന്‍ അടങ്ങിയിട്ടുണ്ട്.വിത്തില്‍ ഗാലക്ടോസ്, മാന്നോസ് എന്നീ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു.

ആയുര്‍വേദ ചികിത്സയില്‍ ലവന് പ്രത്യേക സ്ഥാനമുണ്ട്.

തൊട്ടാവാടിയുടെ രസാദി ഗുണങ്ങളെ ആചാര്യന്മാര്‍ ഇങ്ങിനെ വിശദീകരിക്കുന്നു :

രസം : കഷായം, തിക്തം
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : കടു

തൊട്ടാവാടി സമൂലം ഔഷധമായി ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്.

ശോഫം, ദാഹം, ശ്വാസ വൈഷമ്യം, വ്രണം എന്നിവ ശമിപ്പിക്കാനുള്ള കഴിവ് തൊട്ടാവാടിക്ക് ഉണ്ട്. കഫത്തെ കുറക്കുകയും, രക്ത ശുദ്ധി ഉണ്ടാക്കുകയും ചെയ്യുന്നു.

കുട്ടികളില്‍ സാധാരണയായി കാണുന്ന ശ്വാസ വൈഷമ്യത്തിനു തൊട്ടാവാടിയുടെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് പത്ത് എം എല്‍, സമം ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും ചേര്‍ത്ത് കൊടുക്കുന്നത് ഫലപ്രദമാണ്.

ചൊറിക്ക് തൊട്ടാവാടി കല്‍ക്കമായി എണ്ണ കാച്ചി പുരട്ടിയാല്‍ ശമനം ലഭിക്കും.

അര്‍ശസ്, മൂലക്കുരു, വാതം, പിത്തം, വയറിളക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍ എന്നിവയ്ക്ക് തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു.

മുറിവുണങ്ങാന്‍ തൊട്ടാവാടി ഇല ഇടിച്ചുപിഴിഞ്ഞ ചാറ് ലേപനം ചെയ്യുന്നത് നല്ലതാണ്.

സമൂലം ഇടിച്ചിട്ട് വെള്ളം തിളിപ്പിച്ചു കുടിക്കുന്നത് പ്രമേഹത്തിനും വാതത്തിനും ശമനം ഉണ്ടാക്കും.

ആസ്ത്മക്കും അലര്‍ജി മൂലം ഉണ്ടാകുന്ന ചൊറിച്ചിലിനും ഇതിന്റെ ചാറ് ലേപനം ചെയ്യുന്നത് ഗുണകരമാണ്.

തൊട്ടാവാടിയുടെ നീര് എണ്ണകാച്ചി തേയ്ക്കുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുന്നു.

തൊട്ടാവാടി സമൂലം അരച്ചത് തേന്‍ ചേര്‍ത്ത് കൊടുത്താല്‍ വയറിളക്കത്തിനു ആശ്വാസം ലഭിക്കാറുണ്ട്.

മഞ്ഞള്‍, തൊട്ടാവാടി, ത്രിഫല ചൂര്‍ണ്ണം എന്നിവ സമം എടുത്ത് അരച്ച് കഴിച്ചാല്‍ അലര്‍ജി സംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ഇപ്പൊ  മനനസ്സിലായില്ലേ തൊട്ടാവാടി ചെടി വെറും ഒരു തൊട്ടാവാടിയല്ല എന്ന്...

അപ്പൊ ഇനി കുറച്ചു തൊട്ടാവാടികളെ വാടിച്ചശേഷം കാണാം... !!!

അബസ്വരം :
തൊട്ടാലും കുത്ത്യാലും വാടുന്നവന്നാവരുത് കോയാ !!!

(ഇ മഷി ഓണ്‍ലൈന്‍ മാസികയിലെ "അറിവിലൂടെ ആരോഗ്യം" എന്ന പംക്തിക്കായി തയ്യാറാക്കിയത്.)20 comments:

 1. ഇതൊരു വല്ലാത്ത പണിയായി പോയി
  ഹലാക്കിലെ അവുലും കഞ്ഞി

  ReplyDelete
 2. തൊട്ടാവാടിച്ചെടി കണ്ടാല്‍ ഒന്ന് തട്ടിനോക്കുക എന്നത് ഒരു സ്വഭാവമായിരുന്നു. കഴിഞ്ഞ അവധിയ്ക്ക് പോയപ്പോഴും ആ സ്വഭാവം മാറിയിട്ടില്ല എന്ന് കണ്ടു. എന്നാലും വാടുന്നതിന് പിന്നിലെ ശാസ്ത്രം ഇപ്പോഴാണ് അറിയുന്നത്. താങ്ക്സ്. ഇനി ആരെങ്കിലും ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാലോ!

  ReplyDelete
 3. അബ്സർ ഒരു വലിയ നമസ്കാരം...ഇത്തരം ലേഖനങ്ങൾ കൊണ്ട് സമ്പന്ന മാകട്ടെ നമ്മുടെ ബ്ലൊഗുലകം.തമാശയിലൂടെ അബസർ നല്ലൊരു കാര്യമാണിവിടെ പറഞ്ഞിരിക്കുന്നത്...വായിച്ച് മറന്നു പോയാവർക്കും,ഇനിയും വായിച്ചിട്ടാല്ലാത്തവർക്കും.എഫ്.ബി യിൽ ഒരു കാര്യവുമില്ലാത്ത ‘കാര്യങ്ങൾ’ പറഞ്ഞു സമയം കളയുന്നവരും ഇതു വായിക്കുക.ഇതുപോലെ പുതിയ അറിവുകൾ പകരുക....... മുൻപ് ആരോ പാടിയത്-” തൊട്ടാവാടി കരളുള്ള പാവാടക്കാരീ..”

  ReplyDelete
 4. ഹാവൂ... അങ്ങനെ ഡോക്ടർ വന(മനു)വാസം കഴിഞ്ഞു തിരിച്ചെത്തിയിരിക്കുന്നു...ഇത്തരം നല്ല ലേഖനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു...

  ReplyDelete
  Replies
  1. എല്ലാ തരത്തില്‍ ഉള്ളവയും പ്രതീക്ഷിക്കാം. അതല്ലേ അബസ്വരങ്ങളുടെ പ്രത്യേകത. :)

   Delete
 5. തൊട്ടാവാടി പുരാണം ഇ-മഷിയില്‍ വായിച്ചിരുന്നു...

  ReplyDelete
 6. നന്നായിട്ടുണ്ട് അബ്സ൪....

  ReplyDelete
 7. നന്നായിട്ടുണ്ട് ഡോക്ട൪....നന്ദി.

  ReplyDelete
 8. ഞാള നാട്ടില് മയങ്ങി ന്നു പറയും....നന്ദി ഡോക്ടര്‍

  ReplyDelete
 9. ആഹ..ഇത് കൊള്ളാല്ലോ സംഭവം .. അപ്പൊ തൊട്ടാവാടിയും ഒരു സംഭവമാണ് ല്ലേ .. പണ്ട് തൊടിയായ തൊടിയിലൂടെ മാങ്ങ പറിക്കാനും കല്ലെറിയാനും പോകുന്ന കാലത്ത് കാലിൽ ഈ തൊട്ടാവാടി തട്ടി ചെറിയ മുറി ഉണ്ടാകാറുണ്ട് ..അന്ന് ഈ ചെടിയെ കുറെ പ്രാകിയിട്ടുണ്ട് ..ഇപ്പൊ ഇത് വായിച്ചപ്പോൾ കുറ്റബോധം വന്നു ട്ടോ ..പാവം ചെടി ..നമുക്ക് നല്ലതിന് വേണ്ടിയാ ല്ലേ ഇതൊക്കെ ഭൂമിയിൽ വളരുന്നത് .. ഇത്തവണ നാട്ടിൽ പോയപ്പോൾ കുറെയേറെ ചെടികളെ തിരയുന്ന കൂട്ടത്തിൽ ഇതിനെയും ഞാൻ തിരഞ്ഞിരുന്നു .. എവിടെയും അധികം ഇല്ല ഈ ചെടി ഇപ്പോൾ . ഇതിന്റെ തൈ കിട്ടുമെങ്കിൽ ഒന്ന് തരണം ട്ടോ ഡോക്ടറെ .. വല്ല ചട്ടിയിലും വളർത്താൻ പറ്റുമോ ന്നു നോക്കണം . എപ്പോഴെങ്കിലും കാണാൻ തോന്നിയാൽ കാണുകയും ചെയ്യാല്ലൊ ..

  ആശംസകളോടെ

  ReplyDelete
 10. ഇത് തൊട്ടിട്ടും വാടിയില്ല// ആശംസകള്‍//

  ReplyDelete
 11. പണ്ടൊക്കെ തോട്ടാവാടികലായ പെണ്‍കുട്ടികളെ കളിയാക്കാന്‍ എനിക്ക് വല്യ ഉത്സാഹം ആയിരുന്നു .. പിന്നീട് സോറി പറയാനും :) ആശംസകള്‍ ഇക്കാ

  ReplyDelete
 12. തൊട്ടാവാടിയെ വെറും ഒരു തൊട്ടാവാടിയായ ഞാനും വായിച്ചു.
  അറിഞ്ഞു.

  ReplyDelete
 13. സലാഹ് അബു ആദില്‍Sunday, December 01, 2013

  കുഞ്ഞനുരുമ്പിനു തൊട്ടാവാടി പിടികിട്ടാതൊരു ഘോര വനാന്തരമാകുന്നു . അത് പോലെ നമുക്കും പിടികിട്ടാത്ത ഔഷധം ആകുന്നു

  ReplyDelete
 14. ചെറുപ്പത്തില്‍ തൊട്ടാവാടിയെ ഞാനും വാടിക്കുമായിരുന്നു. ആ സുന്ദര പുഷ്പത്തെ പറിച്ച് കശക്കിയിട്ടുമുണ്ട്. ഇല വാടുന്നത് ജലം ഇലയില്‍ നിന്ന് തണ്ടിലേക്ക് കയറുന്നത്കൊണ്ടാണെന്ന് പുതിയ അറിവാണ്. ലവന്‍ വാടുന്നവനാണെങ്കിലും പല രോഗങ്ങളേയും വാട്ടുന്നുമുണ്ടല്ലേ.?

  ReplyDelete
 15. തൊട്ടാവാടി ആണെങ്കിലും ആള് വില്ലന

  ReplyDelete
 16. എങ്ങിനെ ആണ് കല്‍ക്കമാക്കുക എന്ന് പറഞ്ഞാല്‍ ആ രീതി ഒന്ന് പറഞ്ഞു തരാമോ സര്‍

  ReplyDelete
  Replies
  1. അരച്ചെടുക്കുന്നതിനെയാണ് കല്‍ക്കം എന്ന് പറയുക. തൊട്ടാവാടി ഒക്കെ ആകുമ്പോള്‍ വെറുതെ അരച്ചെടുത്താല്‍ മതി. ഹാര്‍ഡ് ആയ സാധനങ്ങള്‍ (ഉദാഹരണം : കടുക്കത്തോട്, താന്നിക്ക തുടങ്ങിയവ പോലെ ഉള്ളവ) ആണെങ്കില്‍ ആദ്യം ഒന്ന് പൊടിച്ച ശേഷം അരച്ചാല്‍ കല്‍ക്കം ആയി.

   കല്‍ക്കം എന്ന പേര് കേട്ടപ്പോ എന്തോ സംഭവം ആണെന്ന് കരുതി ബേജാറായി ല്ലേ ? :) ;)

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....