Friday, October 25, 2013

മധുരയിലെ പാതിരാ കൊട്ടേഷന്‍


ബഷീറിനും സംഘത്തിനും മൂന്നാം സെമസ്റ്റര്‍ പരീക്ഷ നടക്കുന്ന സമയമായിരുന്നു അത്.

വെള്ളിയാഴ്ചത്തെ പരീക്ഷക്ക്‌ ശേഷം ഹോസ്റ്റലില്‍ എത്തിയപ്പോള്‍ നല്ല ക്ഷീണം. ഉറക്കമൊഴിച്ച രാവുകളിലെ ക്ഷീണം അവന്റെ കണ്ണുകളില്‍ നിറഞ്ഞു നിന്നു.
അടുത്ത പരീക്ഷ തിങ്കളാഴ്ചയാണ്. അതുകൊണ്ട് തന്നെ മറ്റൊന്നും ആലോചിക്കാതെ നേരത്തെ തന്നെ കിടക്കയിലേക്ക് മറിഞ്ഞു.

ശനിയാഴ്ച ഒരുപാട് വൈകിയാണ് എഴുന്നേറ്റത്‌.
കുളിയും മറ്റു കര്‍മ്മങ്ങളും കഴിഞ്ഞ ശേഷം പുസ്തകങ്ങളിലെ അക്ഷരങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ വിനു അവിടേക്കെത്തി.

"എടാ നീ എന്താ ചെയ്യുന്നത് ? പഠിക്കുകയാണോ ?" അവന്‍ ചോദിച്ചു.

"അല്ല. ഉറങ്ങുകയാണ്." പരീക്ഷ കണ്ടുപിടിച്ചവനോടുള്ള അരിശം ബഷീര്‍ തീര്‍ത്തത്‌ ആ മറുപടിയിലൂടെ ആയിരുന്നു.

വിനു : "എടാ, നമ്മുടെ സതീഷിന്റെ വീടു വരെയൊന്ന് പോകണം. അവന്റെ ഏതോ അടുത്ത ബന്ധു സീരിയസാണത്രേ... അവന്‍ ടെന്‍ഷനിലാ."

ബഷീര്‍ : "എങ്ങിനെ പോകും ? എക്സാം ഉള്ളതല്ലേ ?"

വിനു : "എന്റെ കാര്‍ എടുക്കാം. നമുക്ക്‌ വേഗം പോയി വരാം."

"എവിടേക്ക്‌ മധുരയിലേക്കോ ? ആറു മണിക്കൂര്‍ ഡ്രൈവോ ? നിനക്ക് പ്രാന്താണോ ? അവനോട് ബസ്സില്‍ പോവാന്‍ പറയാം. എക്സാമില്ലാത്ത വല്ല ജൂനിയേഴ്സിനേയും കൂടെ കൂട്ടാന്‍ പറ." അതില്‍ നിന്നു ഒഴിഞ്ഞു മാറിക്കൊണ്ട് ബഷീര്‍ പറഞ്ഞു.

വിനു : "അവനാകെ മൂഡോഫിലാടാ...നിനക്കും ഡ്രൈവ് ചെയ്യാലോ. നമുക്ക്‌ വേഗം പോയി വരാം. നല്ല റോഡാണ്..."

ഡ്രൈവിംഗ് ബഷീറിന്റെ ഒരു വീക്ക്‌നെസ്സ് ആണെന്ന് വിനുവിനറിയാമായിരുന്നു.

'എന്തായാലും ക്ലാസ്‌മേറ്റിന്റെ ഒരു ആവശ്യമല്ലേ... നാളെ രാവിലെ തന്നെ എത്തുകയും ചെയ്യാം.' എന്ന ചിന്തയോടെ ബഷീര്‍ പുസ്തകം മടക്കി.

ബഷീറിന്റെ സംഘത്തിലെ ബിജുവും യാത്ര പുറപ്പെടാന്‍ തയ്യാറായി നിന്നിരുന്നു.

അങ്ങിനെ ബഷീര്‍, വിനു, ബിജു, സതീഷ്‌ തുടങ്ങിയ നാലു പേര്‍ വിനുവിന്റെ വെള്ള മാരുതി കാറിലേക്ക് കയറി.

സമയം ഏകദേശം ഒരു മണി ആയിരുന്നു.

"എന്റെ ഒരു അടുത്ത ബന്ധു എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്നുണ്ട്. അവനും അവന്റെ ചില ഫ്രണ്ട്സും കൂടി വരുന്നുണ്ട്. അവരുടെ വണ്ടിയില്‍. നമ്മള്‍ ഗാന്ധിപുരത്തെ ടോപ്പ് ഫോം ഹോട്ടലിന്റെ മുന്നില്‍ നിന്നാല്‍ മതി. അവിടെ നിന്നും ഒന്നിച്ചു പോകാം." കാറില്‍ കയറുമ്പോള്‍ സതീഷ്‌ പറഞ്ഞു.

"അപ്പോള്‍ നിങ്ങള്‍ക്ക്‌ ഒന്നിച്ചു പോയാല്‍ പോരേ ? ഞങ്ങളെന്തിനു വരണം ?" ബഷീര്‍ ചോദിച്ചു.

"അത് പറ്റില്ല. നിങ്ങളും വരണം. എനിക്ക് വേണ്ടി ഇതെങ്കിലും ചെയ്യില്ലേ ??" സതീഷ്‌ ചോദിച്ചു.

"അവന്റെ കൂടെ നമ്മള്‍ പോയേ പറ്റൂ." വിനു തറപ്പിച്ചു പറഞ്ഞു.

അങ്ങിനെ ടോപ്പ്‌ ഫോമില്‍ നിന്നും ഭക്ഷണം കഴിച്ചപ്പോഴേക്കും സതീഷിന്റെ കൂട്ടുകാരന്‍ നടരാജനും, അവന്റെ മൂന്നു സുഹൃത്തുക്കളും ഒരു ചുവന്ന മാരുതിയില്‍ അവിടെയെത്തി.

ഇരു കാറുകളും മുന്നിലും പിന്നിലുമായി മധുരയെ ലക്ഷ്യമാക്കി കുതിച്ചു...

"ബഷീറേ, എനിക്കൊരു കാര്യം പറയാനുണ്ട്. നീ ചൂടാവരുത്‌." കോയമ്പത്തൂരിന്റെ അതിര്‍ത്തി പിന്നിട്ട് യാത്ര തുടരുന്നതിനിടയില്‍ വിനു പറഞ്ഞു.

ബഷീര്‍ : "എന്താടാ ??"

വിനു : "നമ്മള്‍ പോകുന്നത് സതീഷിന്റെ ബന്ധുവിന്റെ അസുഖം കാണാനല്ല."

ബഷീര്‍ : "പിന്നെ ?"

വിനു : "ഒരു കല്യാണം കലക്കാനാണ്."

ബഷീറിന്റെ ഉള്ളൊന്ന് കാളി.

"വണ്ടി നിര്‍ത്ത്‌. ഈ പരിപാടിക്ക്‌ ഞാനില്ല." ബഷീര്‍ പറഞ്ഞു.

വണ്ടി വിനു നിര്‍ത്തുന്നില്ല എന്ന് കണ്ടപ്പോള്‍ ബഷീര്‍ സ്റ്റിയറിംഗില്‍ പിടിച്ചു തിരിച്ചു.

വിനു വണ്ടി ഒഴിഞ്ഞ ഒരു ഭാഗത്തേക്ക് പാര്‍ക്ക്‌ ചെയ്തു.

"ഞാന്‍ തിരിച്ചു പോവുകയാണ്." കാറില്‍ നിന്നിറങ്ങി ബഷീര്‍ പറഞ്ഞു.

അപ്പോഴേക്കും നടരാജും സംഘവും സഞ്ചരിച്ച കാറും അവിടേക്കെത്തി.
അതിലുള്ളവരും പുറത്തിറങ്ങി.

"ഞാന്‍ പറയുന്നത് കേള്‍ക്ക്." വിനു പറഞ്ഞു.

"സതീഷിന്റേയും, നടരാജന്റേയും നാട്ടുകാരനും കൂട്ടുകാരനുമായ സെന്തില്‍ ഒരു കുട്ടിയുമായി വര്‍ഷങ്ങളായി അടുപ്പത്തിലാണ്. സംഭവം വീട്ടുകാര്‍ അറിഞ്ഞതോടെ സ്ഥിതി മാറി.സെന്തിലിന്റെ വീട്ടുകാര്‍ക്ക്‌ എതിര്‍പ്പില്ല. എന്നാല്‍ കീര്‍ത്തിയുടെ വീട്ടുകാര്‍ക്ക്‌ ഇഷ്ടമല്ല. അവര് ഉയര്‍ന്ന ജാതിക്കാരാണ് എന്നതാണ് പ്രധാന പ്രശ്നം.  അതുകൊണ്ട് അവളുടെ അമ്മാവനുമായി കല്യാണം ഉറപ്പിച്ചിരിക്കുകയാണ്. നാളെയാണ് കല്യാണം. കല്യാണം നടന്നാല്‍ അവള്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞിരിക്കുന്നു. അവളെ മറ്റൊരാള്‍ താലി കെട്ടിയാല്‍ സെന്തിലും ആത്മഹത്യ ചെയ്യും. അതാണ്‌ അവസ്ഥ. ആ കല്യാണം കലക്കണം. രണ്ടു ജീവന്റെ പ്രശ്നമാണ്." വിനു വിശദീകരിച്ചു.

"മോനേ, എനിക്ക് എന്റെ ജീവനും പ്രശ്നമാണ്. നല്ല തല്ല് മലപ്പുറത്ത്‌ തന്നെ ധാരാളം കിട്ടാനുണ്ട്. അതുകൊണ്ട് മധുരയിലെ അണ്ണാച്ചിമാരുടെ തല്ല് വാങ്ങാന്‍ എനിക്ക് താല്പര്യമില്ല. ഞാന്‍ പോകുന്നു. ആള്‍ ദ ബെസ്റ്റ്‌." ബഷീര്‍ തന്‍റെ തീരുമാനവും പറഞ്ഞു.

"എടാ അവന്‍ ഇന്നലെ കൈ മുറിച്ചു. അതുകൊണ്ടാണ്. സംഭവം സീരിയസ്സാണ്. നീ ഒന്ന് ഒപ്പം പോന്നാല്‍ മതി." വിനു വിടാനുള്ള ഭാവം ഉണ്ടായിരുന്നില്ല.

"വല്ല ഡയലോഗും അടിച്ചു ക്യാമ്പസ്‌ പ്രണയം തകര്‍ക്കുകയും കൂട്ടി യോജിപ്പിക്കുകയും ചെയ്യുന്ന പോലെയല്ല ഇത്. ഇത് വേറെ വകുപ്പാ.. അകത്ത്‌ പോയി കമ്പി എണ്ണേണ്ടി വരും. തടി കേടാവുന്ന പരിപാടിയാ." ബഷീര്‍ പറഞ്ഞു.

"എന്തായാലും നീ വന്നേ പറ്റൂ. അല്ലെങ്കില്‍ നമുക്കെല്ലാവര്‍ക്കും മടങ്ങാം." വിനു പറഞ്ഞു.

"എടാ ഞങ്ങളൊക്കെ ഒന്നിച്ചു വളര്‍ന്നതാടാ... അവന് വല്ലതും പറ്റിയാല്‍..." വളരെ വേദനയോടെയാണ് സതീഷ്‌ അത് പറഞ്ഞത്‌.

ഒടുവില്‍ മനസ്സില്ലാമനസ്സോടെ ആ ദൗത്യത്തില്‍ പങ്കെടുക്കാന്‍ ബഷീറും നിര്‍ബന്ധിതനായി.

"എന്താ നിങ്ങളുടെ പ്ലാന്‍ ?" ബഷീര്‍ ചോദിച്ചു.

സതീഷ്‌  : "അവളുടെ വീട്ടുകാരുമായി ഒന്ന് കൂടി സംസാരിക്കുക. ശരിയായില്ലെങ്കില്‍ അവളെ വിളിച്ചു കൊണ്ട് പോരുക."

ബഷീര്‍ : "അത് നടക്കില്ല സതീഷേ... ഒരു കല്യാണ വീട്ടില്‍ പോയി എട്ടു പേര്‍ ചേര്‍ന്ന് ഒരുത്തിയെ ഇറക്കിക്കൊണ്ട്  വരുന്നതൊക്കെ സിനിമയിലേ നടക്കൂ. പിന്നെ ഇത്രയും എത്തിയ സ്ഥിതിക്ക് വീട്ടുകാരോട് സംസാരിച്ചാല്‍ അവര്‍ സമ്മതിക്കുമെന്ന് കരുതുന്നതും വിഡ്ഢിത്തമാണ്."

വിനു : "ഇനി എന്ത് ചെയ്യും ?"

ബഷീര്‍ : "അവളെ ഇറക്കി കൊണ്ട് വന്നാല്‍ എന്താണ് ചെയ്യുക. അവന്റെ വീട്ടില്‍ എത്തിച്ചു കൊടുത്താല്‍ മതിയോ ?"

സതീഷ്‌ : "അവന്റെ വീട്ടിലാക്കി കൊടുത്തിട്ട് കാര്യമില്ല. കല്യാണം നടത്തണം. അതിനുള്ള ഏര്‍പ്പാടെല്ലാം തിരുനെല്‍വേലിയിലുള്ള എന്റെ അമ്മാവന്റെ മകനോട്‌ പറഞ്ഞു ചെയ്തിട്ടുണ്ട്. അവന്റേതും ലൌ മേരേജ് ആയിരുന്നു. ഇരുവരേയും തിരുനെല്‍വേലിയില്‍ എത്തിക്കണം. ബാക്കി അവര് നോക്കും. ഇരുവരും പ്രായപൂര്‍ത്തിയായവരും ആണ്. അതുകൊണ്ട് കേസും ഉണ്ടാവില്ല."

വീട്ടില്‍ നിന്ന് ഇറക്കിയാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സതീഷിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു.

വിനു : "അപ്പോള്‍ അവളെ ഇറക്കലാണ് പ്രശ്നം. ഇനിയെന്ത് ചെയ്യും ?"

ബഷീര്‍ : "ഒന്നുകില്‍ പോയി മധുരക്കാരുടെ ഇടി കൊള്ളുക. അല്ലെങ്കില്‍ പോയി എക്സാമിനുള്ളത് പഠിക്കുക."

സതീഷ്‌ : "നമ്മളെക്കൊണ്ട് അത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടു ആത്മഹത്യകള്‍ നാളെ കാണാം."

ബഷീര്‍ : "നീ എന്താ പറയുന്നത് സതീഷേ ? നമ്മള്‍ എട്ടു പേര് പോയി എങ്ങിനെയാ ഒരു നാട്ടില്‍ നിന്ന് കല്യാണപെണ്ണിനെ പൊക്കുക ? ഇതുവരെ ഇത്തരം പരിപാടി ഞാന്‍ നടത്തിയിട്ടില്ല."

സതീഷ്‌ : "എന്തെങ്കിലും ചെയ്തേ പറ്റൂ... എനിക്ക് വേണ്ടി."

സംഘം തല പുകച്ചു.

ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തി.
"രാത്രി മൂന്ന് മണിക്ക്  അവളോട്‌ വീട്ടില്‍ നിന്നിറങ്ങി റോഡിലേക്ക്‌ വരാന്‍ പറയുക. മൂന്ന് മണി മുതല്‍ മൂന്നേക്കാല്‍ വരെ കാറ് അവളുടെ വീടിന്റെ അടുത്തുണ്ടാവും. അതിനിടയില്‍ അവള്‍ സ്വയം വന്നു കാറില്‍ കയറണം. നമ്മളാരും വണ്ടിയില്‍ നിന്ന് പുറത്തിറങ്ങില്ല. ഏറ്റുമുട്ടലുകള്‍ക്കോ, മറ്റോ ഉള്ള സാഹചര്യം ഉണ്ടായാല്‍ പിന്നെ ഒന്നും നോക്കില്ല. അവളെ കൂടെ കൂട്ടാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ഞങ്ങള്‍ കാറുമായി രക്ഷപ്പെട്ടിരിക്കും. മൂന്നേക്കാല്‍ കഴിഞ്ഞ ശേഷവും അവള്‍ക്കു പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പിന്നെ അവള്‍ക്കായി കാത്തു നില്‍ക്കാതെ തിരിച്ചു പോരും. ഒരു ശ്രമം നടത്തുന്നു എന്ന് മാത്രം. അവള്‍ കാറില്‍ കയറിയാല്‍ അവിടെ നിന്നും രക്ഷപ്പെടുക.  പരാജയപ്പെട്ടാല്‍ പിന്നെ കുറ്റപ്പെടുത്തരുത്."
ഇതായിരുന്നു പ്ലാന്‍.

സതീഷും, നടരാജും ഇതിനോട് യോജിച്ചു.

വിനു : "അതിനു ഈ വിവരം എങ്ങിനെ അവളെ അറിയിക്കും ?"

മൊബൈല്‍ ഫോണ്‍ പ്രചാരത്തില്‍ ആയിട്ടുള്ള സമയമല്ലാത്തത് കൊണ്ട് അതൊരു വിഷയം തന്നെയായിരുന്നു. എങ്കിലും അതിനു സതീഷ്‌ തന്നെ ഒരു മാര്‍ഗ്ഗം കണ്ടെത്തി.

കീര്‍ത്തിയുടെ സുഹൃത്തായ കവിത സതീഷിന്റെയും സുഹൃത്താണ്. കവിതയുടെ വീട്ടിലേക്ക്‌ വിളിച്ചു അവളോട്‌ കാര്യം പറഞ്ഞാല്‍ അവള്‍ കീര്‍ത്തിയെ അറിയിക്കും.

അങ്ങിനെ അവിടെ നിന്നും യാത്ര തുടര്‍ന്നു.
അടുത്ത അങ്ങാടിയില്‍ തന്നെ ഇറങ്ങി സതീഷ്‌ കവിതക്ക്‌ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. ഒരു വെള്ളയോ ചുവപ്പോ നിറത്തിമുള്ള മാരുതി 800 കാര്‍ ആയിരിക്കും വരുക എന്നും പറഞ്ഞു.

സംഘം യാത്ര തുടര്‍ന്നു.
ഏകദേശം രാത്രി ഒന്‍പത് മണിയോട് കൂടി മധുരയിലെത്തി.

സതീഷ്‌ സെന്തിലിന്റെ വീട്ടിലേക്ക്‌ വിളിച്ചു സെന്തിലിനോട്‌ മാട്ടുത്താവണി ബസ്സ്‌ സ്റ്റാന്റിലേക്ക് വരാന്‍ പറഞ്ഞു. കാറിന്റെ നമ്പറും കൊടുത്തു.

വെള്ള കാറ് മാട്ടുത്താവണി ബസ്സ് സ്റ്റാന്റിനു സമീപം നിര്‍ത്തിയിട്ട് ബഷീര്‍, വിനു, സതീഷ്‌, നടരാജ് എന്നിവര്‍ ചുവന്ന കാറില്‍ കയറി പെണ്ണിന്റെ വീടിനു മുന്നിലൂടെ ഒന്ന് പതുക്കെ സഞ്ചരിച്ചു വഴികളും മറ്റും മനസ്സിലാക്കി. ടൌണില്‍ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റര്‍ അകലെയായിരുന്നു ആ വീട്. സതീഷിനും, നടരാജിനും സുപരിചിതമായ സ്ഥലമായിരുന്നു അത്.

ചെറിയൊരു വീട്.
വീട്ടില്‍ കല്യാണത്തിന്റെ വലിയ ആഘോഷമോ തിരക്കുകളോ ഇല്ല.
ഉള്ള സ്ഥലത്ത്‌ പന്തല്‍ ഇട്ടിട്ടുണ്ട്. വര്‍ണ്ണ ബള്‍ബുകള്‍ മിന്നുന്നു.
പഴഞ്ചന്‍ ലൗഡ് സ്പീക്കറിലൂടെ അസഹ്യമായ രീതിയില്‍ ഗാനങ്ങള്‍ പുറത്തേക്ക്‌ വരുന്നു.
നാളെ കല്യാണം നടന്നാലും, ഇല്ലെങ്കിലും നിലവിളികള്‍ ഉയരാന്‍ സാധ്യതയുള്ള വീട് !!!

യാത്ര ചെയ്യേണ്ട വഴികളെ കുറിച്ച് ഏകദേശ ധാരണയുണ്ടാക്കിയ ശേഷം വീണ്ടും എല്ലാവരും മാട്ടുത്താവണി ബസ്സ്‌ സ്റ്റാന്റിനു സമീപം ഒത്തു കൂടി.
അപ്പോഴേക്കും മണവാളന്‍ സെന്തിലും അവിടെ എത്തിയിരുന്നു.

ആകെ പരിഭ്രമിച്ച മുഖവുമായി...
കയ്യില്‍ ഒരു കെട്ടും ഉണ്ട്.
തലേ ദിവസത്തെ ആതമഹത്യാ ശ്രമം.

മെലിഞ്ഞു നീണ്ട ഒരുത്തന്‍.
ഞങ്ങളെ കണ്ടപ്പോള്‍ കൈ കൂപ്പി "സര്‍" എന്ന് വിളിച്ചു.
അത് കേട്ടപ്പോള്‍ ബഷീറിന് ആട്ടാനാണ് തോന്നിയത്‌.
പിന്നെ അവന്റെ മാനസികാവസ്ഥ അറിയുന്നതു കൊണ്ട് ഒന്നും മിണ്ടിയില്ല.

അടുത്ത ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ബാക്കി പദ്ധതികള്‍ പ്ലാന്‍ ചെയ്തു.

അവളെ എടുക്കാന്‍ പോകുന്ന കാറില്‍ സെന്തില്‍ വരേണ്ട. നേരത്തെ പോയി സ്ഥലം കണ്ടു മനസിലാക്കിയവര്‍ മാത്രം അവിടേക്ക് പോയാല്‍ മതി. ഏറ്റവും നന്നായി ഡ്രൈവ്‌ ചെയ്യുന്ന വിനു കാറ് ഓടിക്കുക. ആ പെണ്ണിന്റെ വീട് എത്തുന്നതിനു ഒരു കിലോമീറ്റര്‍ മുന്‍പ്‌ തന്നെ കാറിന്റെ ഹെഡ്‌ ലൈറ്റ്‌ ഓഫ് ആക്കി പാര്‍ക്ക്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ പോയാല്‍ മതി. ചുവന്ന കാറ് ടൌണില്‍ നിന്നും മാറ്റി പാര്‍ക്ക്‌ ചെയ്യുക. ബാക്കി എല്ലാവരും അതില്‍ കയറി ഏതു നിമിഷവും പുറപ്പെടാന്‍ തയ്യാറായി ഇരിക്കുക. അവളെ എടുത്ത്‌ വെള്ള കാര്‍ അതേ റൂട്ടില്‍ വരും. അവളെ കാറില്‍ കയറ്റിയിട്ടുണ്ടെങ്കില്‍ ചുവന്ന കാര്‍ കാണുമ്പോള്‍ ഹെഡ്‌ ലൈറ്റ്‌ ഒന്ന് ഓഫാക്കി ഓണാക്കിക്കൊണ്ട് കാര്‍ നിര്‍ത്താതെ ഓടിച്ചു പോവും. അതിനു പിന്നാലെ പോരുക. ഏകദേശം പത്ത്‌ കിലോമീറ്റര്‍ കഴിഞ്ഞാല്‍ പ്രശ്നം ഒന്നും ഇല്ല എന്ന് ഉറപ്പാണെങ്കില്‍ വെള്ള കാര്‍ നിര്‍ത്തും. അത് കാണുമ്പോള്‍ ചുവന്ന കാറും നിര്‍ത്തി, അതില്‍ നിന്ന് സെന്തിലിനെ വെള്ള കാറിലേക്കും, നടരാജിനെ വെള്ളയില്‍ നിന്ന് ചുവന്ന കാറിലേക്കും കയറ്റും. പിന്നീട് ചുവന്ന കാര്‍ മുന്നില്‍ പോകണം. പോലീസ്‌ ചെക്കിങ്ങിനു സാധ്യതയുള്ള സ്ഥലങ്ങളില്‍ ചുവന്ന കാറ് കൊണ്ട് ഒന്ന് റോന്ത്‌ ചുറ്റിയ ശേഷം മാത്രം പെണ്ണിരിക്കുന്ന കാര്‍ മുന്നോട്ട് പോയാല്‍ മതി. പെണ്ണിനെ കിട്ടാതിരിക്കുകയും പ്രശ്നം ഒന്നും ഉണ്ടാവുകയും ചെയ്തിട്ടില്ലെങ്കില്‍ വിനുവിന്റെ കാര്‍ മറ്റേ കാറിന്റെ അടുത്ത്‌ തന്നെ നിര്‍ത്തും. നാല് മണി വരെ ഇതുവഴി വരാന്‍ വിനുവിന്റെ കാറിനു കഴിഞ്ഞിട്ടില്ലെങ്കില്‍ കളി പിടിവിട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുക. ചുവന്ന കാര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തേക്ക് മാറ്റി അവിടെ ഇരിക്കുക. ഓരോ അര മണിക്കൂര്‍ കഴിയുമ്പോഴും കോളേജ്‌ ഹോസ്റ്റലില്‍ ഉള്ള ഫയാസിനെ വിളിച്ചു വിവരങ്ങള്‍ അറിയിക്കുക.രണ്ടു കാറുകളില്‍ ഉള്ളവരുടെയും കമ്മ്യൂണിക്കേഷന്‍ ഫയാസ്‌ വഴി നടത്തുക.

ഇതായിരുന്നു പ്രധാന കര്‍മ്മത്തിന്റെ പ്ലാന്‍.

സമയം ഏകദേശം പത്ത് മണി കഴിഞ്ഞിരുന്നു.
രണ്ടു വണ്ടിയിലും പെട്രോള്‍ ഫുള്‍ ആക്കി.
റെയില്‍വേ സ്റ്റേഷന് സമീപം പോയി കാറ് പാര്‍ക്ക്‌ ചെയ്തു.
കുറച്ചു പേര്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി ഇരുന്നു.

സമയം ഇഴഞ്ഞു നീങ്ങി...
ബഷീര്‍ അപ്പോള്‍ മണവാളനെ ശ്രദ്ധിക്കുകയായിരുന്നു.

അവനാകെ പേടിച്ച മട്ടിലാണ്...
അവന് ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ പ്രേമിക്കാന്‍ പോവില്ല.
വിനു ശരിക്കും ആവേശത്തിലായിരുന്നു.
എന്തോ വലിയ ത്രില്‍ ഉള്ള ഒരു കാര്യം ചെയ്യാന്‍ പോകുന്ന മൂഡില്‍.
ബഷീറിന്റെ മനസ്സില്‍ നിറയെ ആശങ്കകളായിരുന്നു...!!
മൂന്നേ കാലിനു മുന്‍പ്‌ ആ പെണ്ണിന് പുറത്തിറങ്ങാന്‍ കഴിയരുതേ എന്നവന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു.
തലവേദന അതോടെ ഒഴിവാകുമല്ലോ.

സമയം രണ്ടരയായി.
രണ്ടു കാറുകളിലെയും ആളുകള്‍ ഒത്തു ചേര്‍ന്നു.
ചുവന്ന വണ്ടിയിലുള്ളവര്‍ മുന്‍പ്‌ കാത്തു നില്‍ക്കാന്‍ തീരുമാനിച്ച സ്ഥലത്തേക്ക് പുറപ്പെട്ടു.

ഏകദേശം രണ്ടേ മുക്കാലോടെ വിനു ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
എല്ലാവരുടെയും നെഞ്ചിടിപ്പ് വണ്ടിയുടെ ഉള്ളില്‍ ഡി ടി എസ് സൌണ്ടില്‍ പ്രതിധ്വനിച്ചു.

കാറ് പതുക്കെ മണവാട്ടിയുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങി.
വാഹനം  കോളനിയുടെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ ഹെഡ്‌ ലൈറ്റ്‌ ഓഫാക്കി പാര്‍ക്ക്‌  ലൈറ്റിന്റെ വെളിച്ചത്തില്‍ ഡ്രൈവ് ചെയ്തു.

മണവാട്ടിയുടെ വീട് കണ്ടു തുടങ്ങി...
വര്‍ണ്ണ ബള്‍ബുകളുടെ മിന്നല്‍ നിലച്ചിരുന്നു.
ലൗഡ് സ്പീക്കറും നിശബ്ദമാണ്.

അവളുടെ വീടിന്റെ പടി കടന്നു അല്പം മുന്നോട്ട് പോയി കാര്‍ തിരിച്ച്, വീടിന്റെ ഗേറ്റ് മറികടന്ന് വണ്ടി നിര്‍ത്തി...

ഓരോരുത്തരുടെയും ഹൃദയ മിടിപ്പ്‌ കൂടുകയായിരുന്നു...
എല്ലാവരുടെയും കണ്ണുകള്‍ ഗൈറ്റിലേക്കാണ്...
ബഷീര്‍ ചുറ്റും നോക്കി...
ആകെ കൂരിരുട്ട് മാത്രം.
കുറച്ചകലെ ഒരു തെരുവ് വിളക്കിന്റെ മങ്ങിയ പ്രകാശം കാണാം.
അവള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയരുതേ എന്ന പ്രാര്‍ഥനയില്‍ ആയിരുന്നു ബഷീര്‍.
വാച്ചിലേക്ക് നോക്കി.
സമയം മൂന്നേ അഞ്ച് കഴിഞ്ഞിരിക്കുന്നു...

"അതാ അവള്‍" സതീഷ്‌ പതുക്കെ പറഞ്ഞു.
ബഷീര്‍ തിരിഞ്ഞു നോക്കി.
ഒരു രൂപം കാറിനടുത്തേക്ക് നടന്നു വരുന്നു.
അത് കണ്ടതോടെ ബഷീറിന്റെ മുട്ടുകളും കൂട്ടിയിടിക്കാന്‍ തുടങ്ങി...
'ദൈവമേ.. ഇവള്‍ നമ്മളേയും കൊണ്ടേ പോകൂ...' ബഷീര്‍ മനസ്സില്‍ കരുതി.

സതീഷ്‌ വണ്ടിയുടെ ഡോര്‍ തുറന്നു...
അവള്‍ അകത്തേക്ക്‌ കയറി...

"എന്താ സതീഷേ വൈകിയത് ?" അവള്‍ കയറുന്നതിനിടയില്‍ ചോദിച്ചു.

ബഷീര്‍ അവളുടെ മുഖത്തേക്ക്‌ രൂക്ഷമായി ഒന്ന് നോക്കി...
"നിന്റെ പറച്ചില്‍ കേട്ടാല്‍ സദ്യക്ക് ക്ഷണിച്ചിട്ടു വരാന്‍ വൈകിയ പോലെയുണ്ടല്ലോ ?"എന്ന് ചോദിക്കാന്‍ വന്നെങ്കിലും ബഷീര്‍ നാവിനെ അടക്കി കിടത്തി.

ഡോര്‍ അടച്ചു.
"എടുക്കടാ..." ബഷീര്‍ വിനുവിനോട് പറഞ്ഞു.
വിനു വണ്ടി എടുത്തു പതുക്കെ അരകിലോമീറ്ററോളം സഞ്ചരിച്ചു.
പിന്നെ ഹെഡ്‌ ലൈറ്റും ഇട്ടൊരു പറപ്പിക്കല്‍...

മുന്‍പ്‌ പറഞ്ഞ പോലെ ചുവന്ന കാറിന് ഹെഡ്‌ ലൈറ്റ്‌ ഓഫാക്കി സിഗ്നല്‍ കൊടുത്ത്‌ പറ പറപ്പിച്ചു.

ആളൊഴിഞ്ഞ ഒരു സ്ഥലത്ത്‌ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി.
പിന്നാലെ ചുവന്ന കാറും എത്തി.
മണവാളനെ വെള്ളക്കാറിലേക്കും, നടരാജനെ ചുവന്ന കാറിലേക്കും കയറ്റി.

അവിടെ വെച്ചാണ് ബഷീര്‍ മണവാട്ടിയെ ശരിക്ക് കാണുന്നത്.
ചുരിദാര്‍ ധരിച്ച മണവാട്ടി നല്ല ആത്മവിശ്വാസത്തിലായിരുന്നു.
അവള്‍ക്ക് ഒരു കൂസലും ഇല്ല.
രണ്ടു വണ്ടിയിലും കൂടി ഉണ്ടായിരുന്ന പത്ത് പേരില്‍ അവളുടെ മുഖത്ത്‌ മാത്രമായിരുന്നു ആശ്വാസവും, ആത്മവിശ്വാസവും തളം കെട്ടി നിന്നിരുന്നത് !!

മണവാട്ടി അടുത്തെത്തിയതോടെ മണവാളന്‍ നാണിച്ചിരിക്കുകയാണ്...

ചുവന്ന കാറിനെ പിന്തുടര്‍ന്ന് വിനു കാറോടിച്ചു.
മണിക്കൂറുകള്‍ നീണ്ട ഡ്രൈവിംഗ്.
ഇടയില്‍ സതീഷും, ബഷീറും ഡ്രൈവിംഗ് ഏറ്റെടുത്തു.

ആരുടെയോ ഭാഗ്യം കൊണ്ട് പോലീസ്‌ ചെക്കിങ്ങോ മറ്റു കുണ്ടാമണ്ടികളോ ഉണ്ടായില്ല.

ഏകദേശം രാവിലെ ഏഴരയോടെ കാമുക-കാമുകീ ഹൃദയങ്ങളെ സതീഷിന്റെ അമ്മാവന്റെ മകന്റെ തിരുനെല്‍വേലിയിലെ വീട്ടിലെത്തിച്ചു.

അവരവിടെ ഇരുവരുടേയും വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...

ഏതോ അടുത്തുള്ള ചെറിയ അമ്പലത്തില്‍ വെച്ച് താലികെട്ടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്ന് അമ്മാവന്റെ മകനായ മുരളി പറഞ്ഞു.

"നിങ്ങള്‍ പോരുന്നില്ലേ അമ്പലത്തിലേക്ക് ?" മുരളി ചോദിച്ചു.
"ഇല്ല. നല്ല ക്ഷീണമുണ്ട്. ഞങ്ങളുടെ ചുമതല കഴിഞ്ഞു. ഇനി നിങ്ങളായി നിങ്ങളുടെ പാടായി...ഞങ്ങള്‍ക്ക്‌ പോകണം." ബഷീര്‍ പറഞ്ഞു.

"ഇത്രവരെയായില്ലേ. ഇനി താലി കെട്ടല്‍ കഴിഞ്ഞിട്ട് പോകാം." സതീഷ്‌ പറഞ്ഞു.

"എനിക്ക് നല്ല ക്ഷീണം ഉണ്ട്. ഒന്ന് കിടക്കണം. നിങ്ങള്‍ പോയിക്കൊള്ളൂ.. ഞാന്‍ ഇവിടെ നില്‍ക്കാം." ബഷീര്‍ പറഞ്ഞു.
ബിജുവും അതിനെ പിന്തുണച്ചു.
മുരളി അവരുടെ ബെഡ് റൂം ബഷീറിനും, ബിജുവിനുമായി തുറന്നു കൊടുത്ത്‌ മണവാള-മണവാട്ടിയെ കൊണ്ട് അമ്പലത്തിലേക്ക് പോയി.
ബിജുവും, ബഷീറും കിടക്കിയിലേക്ക് വീണു.

മണിക്കൂറുകള്‍ക്ക് ശേഷം വിവാഹം കഴിഞ്ഞ് നവദമ്പതികളും, കൂട്ടരും തിരിച്ചെത്തി.

ബഷീറും, വിനുവും സംഘവും കൊയമ്പത്തൂരിലേക്ക് തിരിച്ചു.

അടുത്ത ദിവസം പരീക്ഷാ ഹാളില്‍ ഇരിക്കുമ്പോഴും യാത്രയുടെ ഹാങ്ങോഓവറില്‍ ആയിരുന്നു ബഷീര്‍.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം സതീഷ്‌ ബഷീറിന്റെ അടുത്തെത്തി.
"എടാ ഇന്ന് ടോപ്പ് ഫോമില്‍ ഒരു പാര്‍ട്ടിയുണ്ട് എന്റെ വക."

"എന്താടാ കാര്യം ? വല്ലവളും വളഞ്ഞോ ?" ബഷീര്‍ ചോദിച്ചു.

സതീഷ്‌ : "അതൊക്കെ സസ്പെന്‍സ്. വിനുവുമെല്ലാം ഉണ്ടാവും.നമുക്കൊന്നിച്ച്‌ പോകാം."

കൃത്യസമയത്ത് തന്നെ സംഘം ടോപ്പ് ഫോമില്‍ എത്തി...

"ഒരാള്‍ കൂടി വരാനുണ്ട്. അതുവരെ കാക്കാം." സതീഷ്‌ പറഞ്ഞു.
ബഷീര്‍ : "ആരാ?"
സതീഷ്‌ : "നീ ക്ഷമിക്കെടാ..."

കുറച്ചു സമയത്തിനു ശേഷം എവിടെയോ കണ്ടു മറന്ന മുഖം അവിടേക്ക് കയറി വന്നു. ഒപ്പം ഒരു ചെറിയ കുട്ടിയെ എടുത്ത് കൊണ്ട് ഒരു യുവതിയും."

ആളെ തിരിച്ചറിയാന്‍ വിഷമമുണ്ടായില്ല.
അന്ന് ആ മധുര രാത്രിയിലെ നായകനും നായികയും.

അവര്‍ ഒരു കുഞ്ഞിനു ജന്മം നല്‍കിയിരിക്കുന്നു.
കുഞ്ഞ് ജനിച്ചതോടെ വീട്ടുകാരുടെ അംഗീകാരവും കിട്ടി.
ഇപ്പോള്‍ എല്ലാം ശുഭമായി മുന്നോട്ട് പോകുന്നു.
ആ സന്തോഷം അറിയിക്കാനും, അന്നത്തെ കൊട്ടേഷന്റെ കൂലി തരുവാനുമാണ് അവര്‍ വന്നിരിക്കുന്നത്.

അന്ന് ടോപ്പ് ഫോം ഹോട്ടലില്‍ ഇരുന്ന് വെട്ടി വിഴുങ്ങുമ്പോള്‍ ഭക്ഷണത്തിന് ഒരു പ്രത്യേക രുചി തന്നെയായിരുന്നു.

അബസ്വരം :
കൂട്ടുകാരുണ്ടെങ്കില്‍ കോട്ടയും പിടിക്കാം.

പോസ്റ്റ്‌ മോഷണം സംസ്കാര ശൂന്യതയാണ് എന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.28 comments:

 1. "മോനേ, എനിക്ക് എന്റെ ജീവനും പ്രശ്നമാണ്. നല്ല തല്ല് മലപ്പുറത്ത്‌ തന്നെ ധാരാളം കിട്ടാനുണ്ട്. അതുകൊണ്ട് മധുരയിലെ അണ്ണാച്ചിമാരുടെ തല്ല് വാങ്ങാന്‍ എനിക്ക് താല്പര്യമില്ല. ഞാന്‍ പോകുന്നു. ആള്‍ ദ ബെസ്റ്റ്‌." ബഷീര്‍ തന്‍റെ തീരുമാനവും പറഞ്ഞു.

  ReplyDelete
 2. ഈ പരിപാടിയും ഉണ്ടായിരുന്നല്ലേ.തല്ലുകൊള്ളാഞ്ഞത് ഭാഗ്യം

  ReplyDelete
 3. കണ്ണദാസന്‍ കാരക്കുടി .... പേര് സോല്ലി ഊതി കുടി ... പുന്നക്കുടി മചാനെപ്പോള്‍ ആടെപ്പോരെണ്ടാ ... ആആആആ.... ഓഓഓ ... ഹോ ഹോ ഹൊ ഹ്ഹോ ഹൊ ഡാ ......

  ReplyDelete
 4. കൂട്ടുകാരുണ്ടെങ്കില്‍ കോട്ടയും പിടിക്കാം. ഒത്താല്‍ തല്ലും കൊള്ളാം. പാണ്ടിമേളം നടക്കാഞ്ഞത്‌ ഭാഗ്യം.

  ReplyDelete
 5. ഒരു സിനിമാക്കഥ പോലെ രസമായി വായിച്ചു

  ReplyDelete
 6. ഒരു കൊട്ടേഷന്‍ തന്നാലെടുക്കുമോ?

  ReplyDelete
 7. ഒള്ളത് തന്നെയാണോഡേയ്,,,,ത്രില്ലിംഗ് ചോര്‍ന്നു പോകാതെ എഴുതി..ഞാന്‍ ഇപ്പൊ പണികിട്ടും പണികിട്ടും എന്ന് കരുതി കാത്തിരുന്നു...പക്ഷെ, സര്‍വം ശുഭം മംഗളം..!

  ReplyDelete
 8. ഒള്ളത് തന്നെയാണോഡേയ്...ത്രില്ലോടെ അവതരിപ്പിച്ചു...ഞാന്‍ ഇപ്പൊ ഒരു പണികിട്ടും ..പണികിട്ടും ..എന്ന് കരുതി കാത്തിരുന്നു..പക്ഷെ സര്‍വം ശുഭം മംഗളം...!

  ReplyDelete
 9. നല്ല വായന നല്‍കി .!!
  ആശംസകള്‍

  ReplyDelete
 10. രസകരമായി വായിക്കാന്‍ തരത്തില്‍ എഴുതിയിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 11. തകർത്തു മാഷേ :) ത്രില്ലിംഗ് ആയിരുന്നു...
  അടി കൊണ്ട് എന്ന് തന്നെ കരുതി

  ReplyDelete
 12. ബല്യ കൊഴപ്പല്യ

  ReplyDelete
 13. ബല്ല്യ കൊഴപ്പല്യ

  ReplyDelete
 14. ഒഹ്..ടെന്‍ഷന്‍ അടിപ്പിച്ചുകളഞ്ഞു....അവള്‍ വന്നില്ലെങ്കിലോ...അവസാനം എല്ലാം ശുഭം

  ReplyDelete
 15. ദേ അണ്ണാച്ചിമാര്‍ വെട്ടുകക്കത്തിയുമായി ''ടെയ് '' എന്ന ഡയലോഗില്‍ പിറകെ വരുമെന്ന് കരുതി....ഹോ ..പടച്ചോന്‍ കാത്തു.അസ്സലായിരുക്കുന്നു ഒരു സിനിമ കണ്ടത് പോലെയുണ്ട് .ആശംസകള്‍

  ReplyDelete
 16. കാമുകിയെ എങ്ങിനെ സ്വന്തമാക്കാം എന്നുള്ളത് ഇനിയുള്ള കാമുകന്മ്മാര്‍ക്ക് ഒരു ചെറു വിവരണം

  ReplyDelete
 17. ഈ വെളുത്ത മാരുതി 800 കാർ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്!!

  ReplyDelete
 18. ആദ്യമായിട്ടാണ് ഈ ബ്ലോഗിൽ . രസകരം ഈ വായന , ആശംസകൾ

  ReplyDelete
 19. hotel top form enikkariyam appo ithu sharikkum orgn analle .. :)

  ReplyDelete
 20. hotel top form ... appo ithu ullathu thanne analle :)

  ReplyDelete
 21. veruthee ente time kalanjhu
  thante oru mattethile katha

  ReplyDelete
  Replies
  1. ഹഹ...
   കളഞ്ഞ സമയത്തിനിടയില്‍ കമന്റ് ഇടാന്‍ കൂടി സമയം കണ്ടെത്തിയതിന് നന്ദി അനോണീസ്. :D

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....