Friday, October 04, 2013

കഞ്ചാവടിച്ച കോഴി


"നീ എന്താടാ കോഴി കഞ്ചാവടിച്ച പോലെ ഇരിക്കുന്നത് ?" നമ്മുടെ സൌഹൃദ സംഭാഷണങ്ങളിലേക്ക് സാധാരണയായി കടന്നു വരുന്ന ഒരു പ്രയോഗമാണല്ലോ ഇത്.
എന്തായാലും ഇത്തവണ നമുക്ക് കഞ്ചാവിന്റെ ലഹരിയിലൂടെ സഞ്ചരിക്കാം !!!

കഞ്ചാവ് കറ ഔഷധം എന്നതിനേക്കാള്‍ ലഹരി പദാര്‍ത്ഥം എന്ന നിലയിലാണ് പ്രശസ്തി നേടിയിട്ടുള്ളത് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ.

കന്നാബിനേസി തറവാട്ടിലാണ് കഞ്ചാവിന്റെ ജനനം. കന്നാബിസ് സറ്റൈവ (Cannabis sativa) എന്നതാണ് ലവന്റെ ശാസ്ത്രീയ നാമം.

സംസ്കൃത ഭാഷയില്‍ ഗഞ്ച, വിജയാ, സിദ്ധപത്രി, ഹര്‍ഷണ, മാതുലാനി, ഭംഗ എന്നീ പേരുകളിലും ഈ പോക്കിരി അറിയപ്പെടുന്നു. ഹിന്ദിക്കാര്‍ ഗഞ്ച എന്നും ഭംഗ് എന്നും ഇവനെ വിളിക്കുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ പണിയെടുക്കാന്‍ വരുന്ന ബംഗാളികളുടേയും, ഗോധ്രാ കലാപം അരങ്ങേറിയ ഗുജറാത്തികളുടേയും ഭാഷയില്‍ ഇവന്‍ ഭാംഗ് ആണ്. നമ്മുടെ അയല്‍വാസികളായ തമിഴന്മാര്‍ പംഗി, കന്‍ജ, ഭംഗി ഇലൈ എന്നും ഇതിനെ കൂപ്പിടുന്നു !!! തെലുങ്കര്‍ ഗംജായി, ജഡഗംജ എന്നും വിളിക്കുമ്പോള്‍, സായിപ്പ് ഇന്ത്യന്‍ ഹെംപ് എന്ന് കഞ്ചാവിനു പേരിട്ടിരിക്കുന്നു.

കഞ്ചാവിന്റെ ഉപയോഗം മഹാശിലായുഗത്തോളം പഴക്കമുള്ളതാണ്‌ എന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള കഞ്ചാവ് ഉപയോക്താക്കൾ പുരാതന ഇന്ത്യക്കാരായിരുന്നു. ഞമ്മള് അല്ലങ്കിലും ഇങ്ങനത്തെ സാധനം ഒക്കെ കണ്ടെത്തി ഉപയോഗിച്ച് അര്‍മ്മാദിക്കാന്‍ കേമന്മാരാണല്ലോ !!!

പുരാതന ഭാരതത്തിൽ ഈ ചെടി പല താന്ത്രിക മാന്ത്രിക ചടങ്ങുകളിലും ഉപയോഗിച്ചിരുന്നതിനാൽ ഇതിൽ നിന്ന് ലഭിക്കുന്ന ലഹരിക്ക്‌ ഒരു ദൈവിക മാനം കൂടിയുണ്ടായിരുന്നു. സോമ എന്ന പാനീയം ഉണ്ടാക്കുന്നതിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കരുതുന്നു. പുരാതന ചൈനയിലും ഈജിപ്തിലും ഇതൊരു ഔഷധമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്.

കാശ്മീര്‍ മുതല്‍ അസ്സം വരെയുള്ള ഹിമാലയ പ്രാന്തങ്ങളില്‍ കഞ്ചാവ് ചെടി സുലഭമായി വളരുന്നു. കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ ഗിരിവര്‍ഗ്ഗക്കാര്‍ കഞ്ചാവ് നട്ടുവളര്‍ത്തുന്നുണ്ട്. പല മലയോര പ്രദേശങ്ങളിലും അനധികൃത കഞ്ചാവ് കൃഷി വ്യാപകമാണ്.


ഒന്നു മുതല്‍ ഒന്നര മീറ്റര്‍ വരെ വളരുന്ന ഏക വര്‍ഷി കുറ്റിച്ചെടിയാണ് കഞ്ചാവ്. നീണ്ട ഇലകളാണ് ഇതിനുള്ളത്. ഇലയുടെ അടിവശം മൂപ്പെത്തും തോറും ചാര നിരത്തിലുള്ള രോമങ്ങള്‍ കൊണ്ട് നിറയുന്നു.

കഞ്ചാവ് ആണ്‍ ചെടികളും, പെണ്‍ ചെടികളും ആയാണ് കാണപ്പെടുന്നത്. പെണ്‍ ചെടി ഉയരം കുറഞ്ഞതും, കൂടുതല്‍ പുഷ്ടിയായി വളരുന്നതുമാണ്‌. ആണ്‍ ചെടി ഉയരം കൂടിയതും നേര്‍ത്തതും ആണ്. അപൂര്‍വ്വമായി ഉഭയലിംഗ ചെടികളും കാണാറുണ്ട്. വിത്തുകള്‍ക്ക് ചെറുപയറിന്റെ വലിപ്പമാണ് ഉള്ളത്.

കഞ്ചാവ് ചെടിയുടെ തൊലിയില്‍ നിന്നും ശേഖരിക്കുന്ന കറയാണ് 'ചരസ്' ആയി അറിയപ്പെടുന്നത്. കറയോടൊപ്പം പെണ്‍ പൂങ്കുലയാകെ ഉണക്കിപ്പൊടിച്ച് എടുക്കുന്നതാണ് ഗഞ്ചാ അഥവാ കഞ്ചാവ്. കഞ്ചാവ് ചെടികളിലെ മൂപ്പെത്തിയ ഇലകളും, അതിന്മേലുള്ള കറയും കൂടി പൊടിച്ചെടുക്കുന്നതാണ് ഭാങ്ങ് .

രാസ ഘടകങ്ങള്‍ :
ഇതിന്റെ ഫലത്തില്‍ നിന്നും കന്നാബിന്‍, കന്നാബിനോള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കഞ്ചാവ് ചെടിയില്‍ നിന്ന് 26% ഭാങ്ങ്, 10% ചരസ്, 40% ഗഞ്ച എന്നിവ വേര്‍തിരിക്കുന്നു.

കഞ്ചാവിലെ ഔഷധ/ലഹരി മൂല്യമുള്ള പ്രധാന ഘടകം ഡെൽറ്റ-9-ടെട്രഹൈഡ്രോ കന്നബിനോൾ (ടി എച് സി) എന്ന തന്മാത്രയാണ്‌. ടെട്രഹൈഡ്രോ കന്നബിവറിൻ (ടി.എച്‌.കെ.) എന്ന തന്മാത്രയും ലഹരി ഉണ്ടാക്കുന്നതാണ്.  പെൺചെടിയുടെ പൂക്കളിലും നാമ്പുകളിലും ഉണ്ടാകുന്ന കറയിലാണ്‌ ഈ ഘടകങ്ങള്‍ ഏറ്റവുമധികം കാണുന്നത്‌.

രസാദി ഗുണങ്ങള്‍ :
രസം : തിക്തം
ഗുണം : ലഘു, തീക്ഷ്ണം, രൂക്ഷം
വീര്യം : ഉഷ്ണം
വിപാകം : കടു

കഞ്ചാവിന്റെ ഇല, കായ, വിത്ത്, കറ എന്നിവയാണ് ഔഷധ യോഗ്യഭാഗങ്ങളായി ഉപയോഗിക്കുന്നത്.

മൂന്നു ഘട്ടങ്ങളില്‍ ആയാണ് കഞ്ചാവിന്റെ പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ജ്ഞ്യാനേന്ദ്രിയത്തെ ഉത്തേജിപ്പിക്കുകയും, ഹര്‍ഷോന്മാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. രണ്ടാമത്തെ അവസ്ഥയില്‍ നിദ്രയെ ജനിപ്പിക്കുന്നു. മൂന്നാം ഘട്ടത്തില്‍ വസ്തുക്കള്‍ സ്വപ്ന ലോകത്തില്‍ എന്ന പോലെ കാണുന്നു.

പല പുരാതന ആയുർവ്വേദ ഗ്രന്ഥങ്ങളിലും കഞ്ചാവ്‌ മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ഒരു ഔഷധമായി വിവരിക്കുന്നു. കഞ്ചാവിന് തലച്ചോറും, മനസ്സും ഉന്മത്തമാക്കാനുള്ള കഴിവുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ചെറിയ മാത്രയില്‍ ഉറക്കം ഉണ്ടാക്കാനും കഞ്ചാവ് സഹായിക്കുന്നു.

വളരെ നിയന്ത്രിതമായ മാത്രയില്‍ ഭ്രാന്ത്, ഉന്മാദം, തലവേദന എന്നിവ കുറക്കുന്നു. ഗഞ്ച കഴിച്ചാല്‍ സംഭോഗത്തില്‍ ബീജ സ്ഖലനത്തിന് കൂടുതല്‍ സമയം എടുക്കുന്നത് കൊണ്ട് ശ്രീഘ്രസ്ഖലനത്തില്‍ നിയന്ത്രിതമായ മാത്രയില്‍ ഔഷധമായി പ്രവര്‍ത്തിക്കുന്നു. അതിസാരം, പ്രവാഹിക എന്നിവയും ശമിപ്പിക്കാന്‍ ഇതിനു കഴിയുന്നു.

വളരെ കാലപ്പഴക്കമുള്ള അതിസാരം, പ്രവാഹിക എന്നീ രോഗങ്ങളില്‍ അവക്ക് ഉപയോഗിക്കുന്ന മരുന്നുകളില്‍ 1 ഡെസി ഗ്രാം കഞ്ചാവ് ചേര്‍ത്ത് കൊടുത്താല്‍ വേഗത്തില്‍ രോഗം ശമിക്കും. എന്നാല്‍ ഇത് സ്ഥിരമായി ഉപയോഗിക്കാന്‍ പറ്റിയ സംഭവം അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കഞ്ചാവ് ചെടി സമൂലം എടുത്ത് ചതച്ചരച്ച് വ്രണങ്ങളില്‍ വെച്ച് കെട്ടിയാല്‍ വേദന കുറയുകയും, വ്രണം വേഗത്തില്‍ ഉണങ്ങുകയും ചെയ്യും.

കഞ്ചാവിന്റെ ഇല നെയ്യില്‍ വറുത്ത് കുരുമുളകും ചേര്‍ത്ത് കഴിച്ചാല്‍ അതിസാരം ശമിക്കും.

പശുവിന്‍ പാലില്‍ ഇട്ട് ഭാവന ചെയ്‌താല്‍ (സിനിമാ നടി ഭാവന വന്ന് ചെയ്‌താല്‍ എന്നല്ല, മരുന്ന് പൊടിച്ച ശേഷം പ്രത്യേക ദ്രവ്യങ്ങളില്‍, ഇവിടെ പാലില്‍ ഇട്ട് ഉരക്കല്ലില്‍ ഇട്ട് ഉരച്ചു ഉണക്കി എടുക്കുന്ന ഒരു പരിപാടിയാണ് ഇത്) ശുദ്ധമാവും.

ഇലകള്‍ നല്ലതുപോലെ വെള്ളത്തില്‍ കഴുകിയ ശേഷം ചെറു ചൂടില്‍ നെയ്യില്‍ വറുത്തെടുത്തും ശുദ്ധി ചെയ്യാം.

കഞ്ചാവിന്റെ കൂടുതല്‍ ഔഷധ ഗുണങ്ങള്‍ എഴുതി ഈ ചെടിയെ മഹത്വവല്‍ക്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഇവിടെ പറഞ്ഞ ഔഷധ പരിപാടികള്‍ ഒന്നും ആരും പരീക്ഷിച്ചു നോക്കേണ്ട. അങ്ങിനെ ചെയ്തു നോക്കി വല്ലവര്‍ക്കും പണി കിട്ടിയാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാധിത്വം അത് ചെയ്ത് നോക്കിയവന് തന്നെ ആയിരിക്കും.

വാജീകരണ ഔഷധമായ മദന കാമശ്വരി രസായനത്തില്‍ കഞ്ചാവ് ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് പല പ്രമുഖ കമ്പനികളും നിയമ പ്രശ്നങ്ങള്‍ മൂലം കഞ്ചാവ് ചേര്‍ക്കാതെ ഉള്ള മദനകാമേശ്വരി രസായനം ആണ് മാര്‍ക്കെറ്റില്‍ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ലഭ്യമാകുന്ന ആ ലേഹ്യം വിചാരിച്ച കാര്യത്തിനു അത്ര ഫലപ്രദവുമല്ല. എന്നാല്‍ കേരളത്തിലെ പല സ്ഥലങ്ങളിലും വ്യാജ വൈദ്യന്മാരുടെ നേതൃത്വത്തില്‍ മദന കാമേശ്വരി ലേഹ്യം എന്ന പേരില്‍ ശര്‍ക്കര പാവ് ഉണ്ടാക്കി അതില്‍ കഞ്ചാവ് മാത്രം ചേര്‍ത്ത് ലേഹ്യമാക്കി കൊടുക്കുന്നുണ്ട്. ഇത് കഴിച്ചാല്‍ ഉദ്ദിഷ്ട കാര്യം നടക്കും എങ്കിലും ആരോഗ്യത്തിനു ഹാനികരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാത്രമല്ല, ഈ മരുന്നിനു അടിമപ്പെടുകയും, വീണ്ടും വീണ്ടും ഈ കഞ്ചാവ് രസായനം വാങ്ങാന്‍ ഒരിക്കല്‍ ഉപയോഗിച്ചവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. എന്തോ മഹത്തായ ഔഷധം കഴിക്കുകയാണ് എന്ന വിശ്വാസത്തില്‍ കഞ്ചാവ് കഴിക്കുന്ന ആളുകള്‍ ശാരീരികമായും, സാമ്പത്തികമായും, മാനസികമായും ചതിക്കപ്പെടുകയാണ് ചെയ്യുന്നത്.

അപ്പൊ ഇനി കഞ്ചാവിന്റെ ലഹരി ഇറങ്ങിയ ശേഷം കാണാം.

അബസ്വരം :
വെളുക്കാന്‍ തേച്ച് പാണ്ടാക്കണ്ട മക്കളേ !!!

(ഇ മഷി ഓണ്‍ലൈന്‍ മാസികയിലെ "അറിവിലൂടെ ആരോഗ്യം" എന്ന പംക്തിക്കായി തയ്യാറാക്കിയത്.)26 comments:

 1. കോഴികളേ...
  ഇതിലേ... ഇതിലേ...!!!

  ReplyDelete
 2. ഇത് വായിച്ചു നോക്കിയപ്പോള്‍ കഞ്ചാവടിക്കാന്‍ ഒരു ചെറിയേ പൂതി....

  ReplyDelete
  Replies
  1. ഇജ്ജ് ഒന്ന് വലിച്ചിട്ടു കോഴി ആയി നടക്കുന്നത് കാണാന്‍ മ്മക്കും ഒരു പൂതി :D

   Delete
 3. Article vaayichu kazhinjappol mothathil oru kanjaavadicha pratheethi..

  ReplyDelete
 4. ഈ കഞ്ചാവ് അപ്പ നിസാരക്കാരനല്ലാലേ...??!

  ReplyDelete
  Replies
  1. ചിലപ്പോള്‍ പുലിയാക്കും.. അല്ലെങ്കില്‍ പെട്ടിയിലാക്കും :)

   Delete
 5. കഞ്ചാവിനു എന്റെ നാട്ടില്‍ മുണ്ടന്‍ എന്നൊരു പേരുണ്ട് .മുണ്ടാനടിക്കുക എന്നാണു പറയുക ..കഞ്ചാവ് ബീഡിക്ക് മുണ്ടന്‍ ബീഡി എന്നും പറയും ഈ പേര് എങ്ങിനെ വന്നു എന്നറിയില്ല .

  ReplyDelete
 6. കഞ്ചാവിനു എന്റെ നാട്ടില്‍ മുണ്ടന്‍ എന്നൊരു പേരുണ്ട് .മുണ്ടാനടിക്കുക ,മുണ്ടന്‍ ബീഡി വലിക്കുക എന്നൊക്കെ പറയും ഈ പേര് എങ്ങിനെ വന്നു എന്നറിയില്ല .

  ReplyDelete
 7. നല്ല നാട്ട് ചികിത്സ,
  ചെയ്താലോ......................

  ReplyDelete
 8. കോഴിക്കൊക്കെ എന്തിനാ അളിയാ കഞ്ചാവ് കൊടുക്കുന്നെ അതൊക്കെ വല്യ കുറ്റമാ മേനകാ ഗാന്ധി കണ്ടാല്‍ പണി ആകുമെ (നമുക്കൊരു പുകതാ =D)

  ReplyDelete
 9. Cannabis Sativa -യെ ക്കുറിച്ച് വളരെ രസകരമായി എഴുതിയ പോസ്റ്റ്‌...
  ഇതിന്റെ ഹോമിയോപതിക് തയാരിപ്പ് വിവിധ പൊട്ടൻസികളിൽ
  ലക്ഷണങ്ങൾക്കനുസരിച്ച് മൂത്ര സംബന്ധമായ, ലൈംഗികമായ, ശ്വാസകോശസംബന്ധമായ അസുഖങ്ങളിൽ ഫലപ്രദം.

  ReplyDelete
 10. Cannabis Sativa -യെ ക്കുറിച്ച് വളരെ രസകരമായി എഴുതിയ പോസ്റ്റ്‌...
  ഇതിന്റെ ഹോമിയോപതിക് തയാരിപ്പ് വിവിധ പൊട്ടൻസികളിൽ
  ലക്ഷണങ്ങൾക്കനുസരിച്ച് മൂത്ര സംബന്ധമായ, ലൈംഗികമായ, ശ്വാസകോശസംബന്ധമായ അസുഖങ്ങളിൽ ഫലപ്രദം.

  ReplyDelete
 11. ഒരു ചെടി വളര്‍ത്തിനോക്കാന്‍... ഒരു പൂതി... :)

  ReplyDelete
 12. അബ്സാർക്ക...
  കഞ്ചാവ് നെ തന്മയത്തോടെ അവതരിപ്പിച്ചു .. കഞ്ചാവ് നെ കുറിച്ച് wikepedia യിൽ തിരഞ്ഞാൽ പോലും ഇത്രോം അറിവ് കിട്ടില്ല . ഒരു കഞ്ചാവ് അടിച്ച ഫീലിംഗ് ..
  നന്ദി ഗുരോ....
  വീണ്ടും വരാം ...
  സസ്നേഹം .................

  ReplyDelete
 13. ഇതു വളര്‍ത്തിയതാ ഛെ...വായിച്ചതാ....:) പറഞ്ഞപ്പോലെ എത്ര നല്ല സാധനമായിരുന്നു പണ്ട്. ഇപോ അതിന്റെപേര് വരെ നശിപ്പിച്ചു. അടുത്തത് വീഞ്ഞ് അതിനെ പറ്റിട്ടോ.ഇപോ അതൊക്കെ :(

  ReplyDelete
 14. കഞ്ചാവ് അടിക്കാര്‍ ഈ പോസ്റ്റ്‌ കാണേണ്ട ,

  ReplyDelete
 15. കഞ്ചാവടി തുടങ്ങണോ ?
  ഡോകടർ വഴി തെറ്റിക്കും

  ReplyDelete
 16. കൊള്ളാമല്ലോ ഡാകിട്ടരെ....പുതിയൊരു അറിവാണിത് എനിക്ക്....നന്നായിരിക്കുന്നു

  ReplyDelete
 17. Really informative. Thanks Absar

  ReplyDelete
 18. മാഷേ ഇതെവിടുന്നാ കിട്ടുക എന്ന് കൂടി എഴുതാമായിരുന്നു ...:)


  കഞ്ചാവിനേക്കുറിച്ച് ഇത്രയും കാലം വെറുതെ തെറ്റിദ്ധരിച്ചു ..!

  ReplyDelete
 19. കഞ്ചാവ് മഹാത്മ്യം കേമായി.
  ഞമ്മള് ഒന്ന് വെളുക്കൊന്ന് നോക്കിയാലോ..
  അവസാനം പണ്ടായാൽ ഡോക്ടർ ഇക്ക സമാധാനം പറഞ്ഞാമതി :p

  ReplyDelete

 20. ഇടുക്കി ഗോൾഡ്‌ സിനിമയില് ഒരു ഡയലോഗ് ഉണ്ട് .. ശിവൻ തൊട്ട് ചെഗുവേര വരെ വലിച്ച സാധനമാണ് ഇടുക്കി ഗോൾഡ്‌ അഥവാ സാക്ഷാൽ കഞ്ചൻ എന്ന് .. കഞ്ചാവിനു കിട്ടിയ വലിയൊരു അവാർഡ് ആണ് ആ ഡയലോഗ് ..ദേ ഇപ്പം ഡോക്ടറും വിശദമാക്കി കഴിഞ്ഞു കഞ്ചാവിന്റെ ഔഷധ ഗുണങ്ങൾ ..പ്രാർഥിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ എന്ന പോലെ കഞ്ചാവ്‌ ഉപയോഗിക്കുന്നവർക്ക് പറയാൻ ഇനി മുതൽ ഓരോരോരോ കാരണങ്ങളും ഉണ്ടായിരിക്കും .. ഹി ഹി ..കഞ്ചാവ് മാഹാത്മ്യം മൊത്തത്തിൽ പടരുന്ന ഒരു കാലമാണ് ..സൂക്ഷിക്കാം ല്ലേ ..

  ReplyDelete
 21. ഇതും പഠിച്ചു :)

  നല്ല പോസ്റ്റ്‌

  ReplyDelete
 22. ഇങ്ങള് ഞമ്മളെ കൊണ്ട് ഇത് വലിപ്പിച്ചേ അടങ്ങൂ, ല്ലേ .. ഡോട്ടറെ ..

  മുമ്പൊക്കെ ഞങ്ങളുടെ നാട്ടില്‍ ഇതിനെ സ്വാമി എന്നാണു അറിയപ്പെട്ടിരുന്നത്.
  ആ പേര് വരാന്‍ കാരണം - പണ്ടൊരു കാക്ക (മുസ്ലിം നാമധാരി ) കഞ്ചാവ് വലിച്ചു ബോധമില്ലാതെ, ശബരി മലക്ക് പോകാന്‍ സ്വാമികള്‍ 'കെട്ടുനറ' നടത്തുന്ന പന്തലിലേക്ക് കയറി ചെന്ന്‍, സ്വാമികളെക്കാള്‍ ഉച്ചത്തില്‍ ശരണം വിളി തുടങ്ങി. അന്ന് മുതല്‍ ഈ സാധനത്തിനു 'സ്വാമി' എന്ന പേര് വന്നു എന്നാണു ചരിത്ര രേഖകളില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്‌.

  ഇപ്പോഴത്തെ ചെക്കന്മാര്‍ 'ബൊസന്‍' എന്നാണു ഇതിനെ പറയുന്നത്. ആ പേര് എങ്ങിനെ വന്നു എന്നെനിക്കറിയില്ല.

  എന്തായാലും ഈ പോസ്റ്റ്‌ കൊണ്ട് ഒരുപാട് അറിവ് നേടാന്‍ കഴിഞ്ഞു ഈ സാധനത്തെ കുറിച്ച്.
  നന്ദി ഡോക്ടര്‍ ..

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....