Friday, July 12, 2013

ജാതിയില്ലാതെ നമുക്കെന്ത് ആഘോഷം ?


ജാതി, മതം എന്നൊക്കെ പറയുമ്പോള്‍ തന്നെ ചിലര്‍ 'ജിഞ്ചര്‍ കടിച്ച മങ്കിയെ' പോലെ ആകും. 'ആധുനിക സമൂഹത്തില്‍ ജാതിക്ക് എന്ത് പ്രസക്തി ?' എന്ന് ചിന്തിക്കുന്നവരും ഉണ്ടാവും. എന്നാല്‍ ജാതിക്ക് മനുഷ്യ ജീവിതത്തില്‍ വളരെ പ്രസക്തമായ സ്ഥാനം തന്നെ ഉണ്ട്.

ജാതി എന്നത് കൊണ്ട് മ്മള് ഉദ്ദേശിക്കുന്നത് "മദ്യം വിഷമാണ്" എന്ന് പറഞ്ഞ ഗുരുവും, "മദ്യം കഴിച്ചില്ലെങ്കില്‍ വിഷമമാണ്" എന്ന് അഭിനവ ശിഷ്യരും  ഉദ്ദേശിച്ച ജാതിയല്ല. മറിച്ച് ജാതി മരത്തില്‍ ഉണ്ടാവുന്ന ജാതിക്കയെ കുറിച്ചാണ്.

ബി സി ഒന്നാം ശതകം മുതല്‍ ജാതിക്കയും ജാതിപത്രിയും ഇന്ത്യയില്‍ സുലഭമായിരുന്നു എന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്.

ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപില്‍ ഭൂജാതനായ ലവന് ശാസ്ത്രന്ജ്യര്‍ ഇട്ട പേര്  മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് ( Myristica fragrans) എന്നാണ്. ഇവന്റെ തറവാട്ടു പേര്‍ മിരിസ്റ്റിക്കേസീ ( Myristicaceae) ആണ് എന്നും പേരിട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ആഗോളതലത്തില്‍ ജാതിക്ക ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് ഇന്ത്യോനേഷ്യയിലാണ്‌.

സംസ്കൃത ശിരോമണികള്‍ ഇവനെ ജാതി, ജാതി കോശ, മാലതീ ഫല എന്നൊക്കെ വിളിക്കുമ്പോള്‍, സൌരവ് ഗാംഗുലിയുടെ നാട്ടുക്കാരും, രാഷ്ട്ര ഭാഷ സംസാരിക്കുന്നവരും ലവനെ 'ജായഫല്‍' എന്ന് വിളിക്കുന്നു. തമിഴന്മാര്‍ 'ജാതിക്കായ്' എന്നും തെലുങ്കന്മാര്‍ 'ജാതികേയ' എന്നും ഇവനെ വിളിക്കുന്നു. സായിപ്പ് 'നട്ട് മെഗ്' എന്നാണു ജാതിക്കയെ വിളിക്കുക.

20 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളോട് കൂടി വളരുന്ന നിത്യ ഹരിത വൃക്ഷമാണ് ജാതി. തടിക്ക് സാമാന്യം നല്ല കട്ടിയുണ്ട്. തൊലിക്ക് ചാരനിറം കലര്‍ന്ന പച്ച നിറമാണ്. ഇലകള്‍ ഇരുണ്ട പച്ച നിറമുള്ളതും, ദീര്‍ഘ വൃത്താകൃതിയുള്ളതും ശരാശരി 10 cm നീളവും, 5 cm വീതിയും ഉള്ളതും ആണ്. ഇലയുടെ ഉപരിതലം മിനുസമുള്ളതാണ്. ഇലകളിലെ ഞെരമ്പുകള്‍ പ്രകടമാണ്. ആണ്‍ മരങ്ങളും പെണ്‍ മരങ്ങളും പ്രത്യേകമാണ്. പത്ര കക്ഷത്തില്‍ നിന്നും ഉത്ഭവിക്കുന്ന പൂക്കള്‍ ചെറുതും, സുഗന്ധമുള്ളതും, മഞ്ഞ നിറത്തോട് കൂടിയതും ആണ്. പെണ്‍ പൂക്കള്‍ ആണ്‍ പൂക്കളേക്കാള്‍ അല്‍പ്പം വലുതാണ്‌. ഏകദേശം ചെറുനാരങ്ങയുടെ വലിപ്പമുള്ള കായ വിളയുമ്പോള്‍  പൊട്ടി പിളരുന്നു. അങ്ങിനെ പൊട്ടിയ കായക്ക് അകത്ത് കാണുന്നത് കറുപ്പു നിറമുള്ള വിത്തും അതിന്റെ പുറമെയുള്ള ജാതിപത്രിയും ആണ്. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതില്‍ ആണ്‍മരവും, പെണ്‍മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതില്‍ ആണ്‍ ചെടികള്‍ക്ക് കായ് ഫലം ഇല്ല. പെണ്‍മരമാണ്‌ ആണ്‍മരത്തില്‍ നിന്നും പരാഗണം വഴി ഫലം തരുന്നത്.

‌ജാതിക്കയും, ജാതിപത്രിയും, ജാതിക്കയുടെ പുറന്തോടുമാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ആദായകരമായ ഭാഗങ്ങൾ. ജാതിക്കയുടെ പുറന്തോട് അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ബേക്കറിയിലെ ആഹാരസാധനങ്ങളുടെ നിർമ്മാണത്തിൽ മണവും രുചിയും കൂട്ടുന്നതിനും ഉപയോഗിക്കപ്പെടുന്നു.

നല്ലതു പോലെ വിളഞ്ഞ കായകളിൽ നിന്നും മാത്രമേ ഗുണനിലവാരമുള്ള കായും പത്രിയും ലഭ്യമാകുന്നുള്ളൂ. വിളഞ്ഞ കായകൾ പറിച്ചെടുത്തതിനുശേഷം കായ് പൊതിഞ്ഞിരിക്കുന്ന മാംസളമായ പുറന്തോട് നീക്കം ചെയ്തതിനുശേഷം കൈ കൊണ്ട് വിത്തിൽ‍ നിന്നും പത്രി വേർപ്പെടുത്തിയെടുക്കുന്നു. രണ്ടും വെവ്വേറെ ഉണക്കി സംരക്ഷിക്കുന്നു.

കായയിൽ നിന്നും അടർത്തി പത്രി വേർപെടുത്തിയ കുരു, തോടോടുകൂടി ഉണക്കുന്നു. അകത്തെ കുരു കുലുങ്ങുന്നതാണ്‌ നല്ലതുപോലെ ഉണങ്ങിയതിന്റെ ലക്ഷണമായി കണക്കാക്കുന്നത്. വെയിൽ ഇല്ലാത്ത അവസരങ്ങളിൽ വൈദ്യുതി ഉപയോഗിച്ചും കുരു ഉണക്കാറുണ്ട്. 40 ഡിഗ്രി താപനില നിയന്ത്രിച്ച് ഓവനിലും കുരു ഉണക്കാൻ സാധിക്കുന്നു. 1 കിലോ കുരു / ജാതിക്ക ലഭിക്കുന്നതിനായ് ഏകദേശം 200 മുതൽ 250 വരെ കായകൾ വേണ്ടിവരും. കായകളുടെ വലിപ്പവും തൂക്കവും അനുസരിച്ചാണ്‌ വില ലഭിക്കുന്നത്.

പത്രി ഉണക്കുന്നതിനായ് കൈകൾക്ക് ഉള്ളിൽ വച്ചോ മറ്റേതെങ്കിലും വസ്തുകൊണ്ടോ പൊട്ടാതെ പരത്തി എടുക്കുന്നു. പരത്തിയെടുക്കുന്ന പത്രി നല്ലതുപോലെ വെയിലത്ത് വച്ച് ഏകദേശം അഞ്ച് ദിവസം കൊണ്ട് ഉണക്കിയെടുക്കുന്നു. ഇങ്ങനെ ഉണക്കിയെടുക്കുന്ന പത്രികൾക്ക് മഞ്ഞകലർന്ന ചുവപ്പ് നിറമായിരിക്കും ഉണ്ടാകുന്നത്. ഏകദേശം 1000 കായകളിൽ നിന്നും ശരാശരി 1 കിലോ ഉണങ്ങിയ ജാതിപത്രി ലഭിക്കും.

ജാതി കുരു / വിത്തിൽ ശരാശരി 30 മുതൽ 40 ശതമാനം വരെ തൈലം അടങ്ങിയിട്ടുണ്ട് .
ജാതി വിത്ത്, പത്രി എന്നിവയിൽ നിന്നും വാണിജ്യപരമായി വാറ്റിയെടുക്കുന്ന ഉത്പന്നമാണ്‌ ജാതി തൈലം. ഈ പ്രക്രിയയുടെ ആദ്യപടിയായി റോളാർ മില്ലിൽ അധികം പൊടിയാത്ത രീതിയിൽ ഒരു പ്രാവശ്യം ചതച്ചെടുക്കുന്ന വിത്ത് പിന്നീട് വാറ്റുന്ന ഉപകരണങ്ങളിലേക്ക് മാറ്റുന്നു. അതിൽ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ നീരാവി ഉപയോഗിച്ച് വാറ്റി തൈലം എടുക്കുന്നു. ജാതിക്കയിൽ നിന്നും 11% എണ്ണയും ജാതിപത്രിയിൽ നിന്നും 12% എണ്ണയും ലഭിക്കുന്നു. പശ്ചിമ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയുമാണ്‌ ജാതി തൈലത്തിന്റെ മുഖ്യ ഉപഭോക്താക്കൾ. മിരിസ്റ്റിസിൻ, എലെമിസിൻ, സാഫ്റോൾ എന്നീ രാസ ഘടകങ്ങൾ ജാതി തൈലത്തിൽ അടങ്ങിയിരിക്കുന്നു.

രസാദി ഗുണങ്ങള്‍ :
രസം : കടു, തിക്തം, കഷായം
ഗുണം : ലഘു, സ്നിഗ്ധം, തീക്ഷ്ണം
വീര്യം : ഉഷ്ണം
വിപാകം : കടു

ജാതിക്കയുടെ വിത്തും ജാതി പത്രിയും ആണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്.

ഉദരസംബന്ധമായ മിക്ക രോഗങ്ങള്‍ക്കും ഫലപ്രദമായ ഒരു ഔഷധ സസ്യമാണ് ജാതി.
ഇവ കഫ, വാത രോഗങ്ങള്‍ ശമിപ്പിക്കുന്നു. ഗ്രാഹിയായത് കൊണ്ട് മലബന്ധം ഉണ്ടാക്കുന്നു. ദഹന ശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവും ലവനുണ്ട്. അതിസാരം, ആമാതിസാരം, ഉദരശൂല എന്നിവക്കും ഫലപ്രദമാണ്. ചെറിയ മാത്രയില്‍ ലൈംഗികോത്തേജകവും ആണ്.

ജാതിക്ക ഉരച്ച് തേനിലോ, പച്ചവെള്ളത്തിലോ കൊടുത്താല്‍ ദഹനക്കേട്, വയറുവേദന, വയറു പെരുക്കം എന്നീ അസുഖങ്ങള്‍ ശമിക്കും.

തലവേദന, സന്ധിവേദന എന്നിവക്ക് ജാതിഫലത്തിന്റെ വിത്ത് അരച്ച് പുരട്ടുന്നത് നല്ലതാണ്.

ദുര്‍ഗന്ധം ഉള്ള വ്രണങ്ങളില്‍ ജാതിക്കുരു പൊടിച്ച പൊടി വിതറിക്കൊടുക്കുന്നത് നല്ലതാണ്.

ജാതിക്കയും, ഇന്തുപ്പും കൂടി പൊടിച്ചു പല്ല് തേച്ചാല്‍ പല്ല് വേദനയും, ഊനില്‍ നിന്ന് രക്തം വരുന്നതും ശമിക്കും.

കോളറ രോഗത്തിനു ജാതിക്കുരുവും, ജാതി പത്രിയും ഇട്ടു തിളപ്പിച്ച വെള്ളം ഇടവിട്ട്‌ കുടിക്കാന്‍ കൊടുത്താല്‍ ആശ്വാസം ലഭിക്കും.

ജാതിക്ക, താതിരിപ്പൂവ്, മുത്തങ്ങ, അതിവിടയം എന്നിവ പൊടിച്ചു തേനില്‍ ചേര്‍ത്ത് കൊടുത്താല്‍ വയറിളക്കം മാറും.

അപ്പോള്‍ അടുത്ത തവണ കാണുന്നതിനു മുന്‍പ് വീട്ടില്‍ കുറച്ചു ജാതി തൈകള്‍ നട്ടുവളര്‍ത്തി ജാതിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമല്ലോ...

അബസ്വരം :
ഒരു ജാതിയെങ്കിലും വേണം മാറാതോരോ വീട്ടിലും !!!

(ഇ മഷി ഓണ്‍ലൈന്‍ മാസികയിലെ "അറിവിലൂടെ ആരോഗ്യം" എന്ന പംക്തിക്കായി തയ്യാറാക്കിയത്.)26 comments:

 1. വര്‍ക്ക് ഓഫ് എയിറ്റ് ആയി!!!

  ReplyDelete
 2. ഇദൊരു ജാതി പണിയായിപ്പോയി ഡോക്ടറേ...

  അത്യന്താധുനികപുരോഗമനാത്മകകിടിലന്‍ ഒരു കമന്റൊക്കെ മുന്‍കൂട്ടി പ്രിപ്പയര്‍ ചെയ്താണ് പോസ്റ്റ് വായിക്കാനെത്തിയത്. എല്ലാം വേസ്റ്റ്.

  ങ്ഹാ..ബ്ലോഗുലകത്തൊക്കെ ഒന്ന് ചുറ്റിക്കറങ്ങി നോക്കട്ടെ. ജാതിയെക്കുറിച്ചോ മതത്തേക്കുറിച്ചോ വല്ല പോസ്റ്റുമുണ്ടെങ്കില്‍ അവിടെ കാച്ചാം നമ്മടെ കമന്റ്!!!

  ReplyDelete
 3. ഇത് ഒരു ജാതി ജാതി ആയി പോയല്ലോ ഡോക്ടറെ ..........ജാതി കൊണ്ട് ഉള്ള ഗുണങ്ങള്‍ പറഞ്ഞതിന് നന്ദി ...........nice post...

  ReplyDelete
 4. ഹ ഹ ഇതൊരുമാതിരി വല്യ ജാതി പണി ആയിപ്പോയി ഡോക്ടറെ /ഒരു തല്ലു പ്രതീഷിച്ചു,അയല്പക്കത്തുനിന്നും ഒക്കെ കുറെ സിക്സ് പാക്ക് കടം വാങ്ങി ഓടിയെത്തിയതാണ് /പിന്നെ ആ ജാതി പത്രി അമ്മച്ചിയുടെ ഗുണം കൊണ്ട് അങ്ങ് പിടിച്ചു നിന്നു ഒരു തരത്തില്‍ /ഉപകാരാപ്രദമായ ഒരു പോസ്റ്റ്‌,.,.,.ആശംസകള്‍

  ReplyDelete
 5. ഹ ഹ ഇതൊരുമാതിരി വല്യ ജാതി പണി ആയിപ്പോയി ഡോക്ടറെ /ഒരു തല്ലു പ്രതീഷിച്ചു,അയല്പക്കത്തുനിന്നും ഒക്കെ കുറെ സിക്സ് പാക്ക് കടം വാങ്ങി ഓടിയെത്തിയതാണ് /പിന്നെ ആ ജാതി പത്രി അമ്മച്ചിയുടെ ഗുണം കൊണ്ട് അങ്ങ് പിടിച്ചു നിന്നു ഒരു തരത്തില്‍ /ഉപകാരാപ്രദമായ ഒരു പോസ്റ്റ്‌,.,.,.ആശംസകള്‍

  ReplyDelete
 6. ആദ്യം ഞാനും തെറ്റിദ്ധരിച്ചു - ശരിക്കും തെറ്റിദ്ധരിച്ചാണ് വായിക്കാന്‍ വന്നത്.
  എന്റെ ഡോക്ടറെ ഒരു ജാതിമരം എന്റെ വളപ്പില്‍ വെച്ചു പിടിപ്പിക്കാന്‍ ഞാനെത്ര പാടുപെട്ടെന്നോ.തീരെ പിടിച്ചു കിട്ടുന്നില്ല. ഇത് നട്ടുപിടിപ്പിക്കാനുള്ള എളുപ്പവഴി എന്തെങ്കിലും ഉണ്ടെങ്കില്‍ അതുകൂടി ഒന്നു പറഞ്ഞുതരൂ.

  ReplyDelete
  Replies
  1. നല്ല നഴ്സറിയില്‍ നിന്നും തൈകള്‍ വാങ്ങി വെച്ചാല്‍ പിടിക്കാറുണ്ട്. വീട്ടില്‍ കൊണ്ടുവന്നു വില്‍ക്കുന്ന തൈകള്‍ നന്നാവണം എന്നില്ല. ചൂടും, ഈര്‍പ്പവും ഉള്ള കാലാവസ്ഥയാണ് അനുയോജ്യം. മറ്റു എളുപ്പവഴികള്‍ ഉണ്ടോ എന്ന് അറിയില്ല. വല്ലതും കിട്ടിയാല്‍ പങ്കുവെക്കാം.

   Delete
 7. ശ്ശേടാ ...ഇതെന്തു ജാതി :) അറിവ് പകർന്ന പോസ്റ്റ്‌ ആശംസകൾ

  ReplyDelete
 8. എല്ലാത്തരം ജാതികളെയും കാണാനും,മനസ്സിലാക്കാനും കഴിഞ്ഞു.നന്ദി ഡോക്ടര്‍.
  ആശംസകളോടെ

  ReplyDelete
 9. ജാതി എന്നുള്ള പേര് മാറ്റാന്‍ പറ്റുമോ ?ഒരു പാവം മരത്തിന് എന്ത് വര്‍ഗീയത,എന്ത് ജാതീയത.ഇതിപ്പം ഒരിടത്തും പോയി ഒരു തൈ ചോദിക്കാനും പറ്റില്ല.ചോദിച്ചാല്‍ പിന്നെ ജാതി ചോദിച്ചു എന്നും പറയും,അതാ ചോദിച്ചത് ചെറുതായിട്ട് ഒന്ന് മാറ്റാന്‍ പറ്റുവോ.?

  ReplyDelete
 10. ഈ ജാതി മുന്നിൽ നട്ടാൽ മുന്നോക്കം. പിന്നിൽ നട്ടാൽ പിന്നോക്കം മേലിൽ നട്ടാൽ മേൽ ജാതി കീഴിൽ നട്ടാൽകീഴ് ജാതി പക്ഷെ മനുശ്യന്റെ കാര്യം അങ്ങനല്ലല്ലോ

  ReplyDelete
  Replies
  1. ഹഹ.. അങ്ങിനെയാണ് മുന്നോക്ക ജാതിയും പിന്നോക്ക ജാതിയും ഉണ്ടായത് അല്ലേ ? :D

   Delete
 11. ബഷീർ എൻ എൻFriday, July 12, 2013

  ഒര്ജാതി പോസ്റ്റ് . :)

  ReplyDelete
 12. ബല്ലത്തൊരു ജാതി മനുഷ്യന്‍ ...

  ജാതി എന്ന് കേട്ടതും പലതും മനസ്സില്‍ കരുതിയാണ് എത്തിയത്. സംഭവം മാറിയെങ്കിലും നിരാശനാക്കിയില്ല ഡാക്കിട്ടറെ..

  നല്ല വിവരങ്ങള്‍ പങ്കു വെച്ച പോസ്റ്റ്‌

  ReplyDelete
 13. ഹ ഹ ഹ ... ചിരിക്കുള്ള വക നല്‍കി അബ്സാര്‍... ഏതായാലും പോസ്റ്റ്‌ സൂപ്പെര്‍

  ReplyDelete
 14. ഏതാ ജാതിയെന്നു നോക്കാന്‍ ആകാംക്ഷയോടെ തേടിയപ്പോള്‍ ഇതൊരു ജാതി പണി ഞങ്ങള്‍ക്ക് ഇട്ടു തന്നു അല്ലേ..... കോയാ ...കേയി എന്നൊക്കെ പറഞ്ഞാല്‍ ഒരു ജാതിയാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ ഈ ജാതി കണ്ടിരിക്കണം ..

  ReplyDelete
 15. അല്ലേലും ഞങള്‍ തൃശൂര്‍ക്കാര്‍ക്ക് ജാതി വിട്ടൊരു കളിയില്ല..ഒരു ജാതി സംഭവട്ടിതു... കുറച്ചു ഗുണമുള്ള കാര്യാണേ..

  ReplyDelete
 16. ചതിയായി പോയി!!

  ന്‍റെ ഡോക്ടറെ....


  ഹോ.....കമന്റ് ബോക്സ് നിറയ്ക്കാന്‍ വന്നതാ....

  എല്ലാം ഗ്യാസ് ആയി പോയി..

  ReplyDelete
 17. ഈ ജാതി നല്ല വിലയുള്ള സാധനം അല്ലെ,അത് കൊണ്ടാണോ പണ്ടാരോ ജാതി ചോതിക്കരുത് എന്ന് പറഞ്ഞത്
  സബീര്‍

  ReplyDelete
 18. ഞാന്‍ വേറെ എന്തെല്ലാം ചിന്തിച്ചു....അതെല്ലാം വെറുതെ ആയി.....എന്നാലും നന്നായി

  ReplyDelete
 19. ഇജ്ജാതി ജാതി എബിടെ കിട്ടും കോയാ .............നന്നായി ഈ ലേഖനം

  ReplyDelete
 20. ജ്ജാതി സാധനങ്ങളെ തന്നെയാണ് ഞമ്മക്ക് ബേണ്ടത്‌.. ഇച്ച് ഇസ്ടായി ട്ടാ..

  ReplyDelete
 21. അപ്പൊ ഈ ജാതി ഇതു ജാതിക്കരനാണ് ?????

  ReplyDelete
 22. ജാതിചോദിക്കരുത്,പറയരുത്,ഏല്ലാം തെറ്റിച്ച് അവന്റെ തറവാടിന്റെ അടിവേരു തോണ്ടി മലര്‍തി കിടത്തി പോസ്റ്റുമോര്‍ട്ടം ചൈതിട്ട് ,മാറിനിന്ന് ചിരിക്കുന്നോ.ഏതായാലും പറ്റി ഇനി സമാദാനിക്കുകയല്ലാതെ എന്തു ചെയ്യാനാണ്.

  ReplyDelete
 23. ജാതിക്കയെ പറ്റി ഇത്രയും നല്ല അറിവ് തന്നതിന് നന്ദി.....ലേഖനം വളരെ നന്നായി

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....