Sunday, June 16, 2013

ചിത്രശലഭമേ, നീ ഇല്ലാതെ


മനുഷ്യനില്‍ കഴുത്തിനു മുന്‍ ഭാഗത്ത് തൊണ്ടയുടെ മധ്യഭാഗത്തായി കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ആദംസ് ആപ്പിളിനു താഴെയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ സ്ഥാനം.

ചിത്രശലഭത്തിന്‍റെ ആകൃതിയാണ് തൈറോയ്ഡ് ഗ്രന്ഥിക്ക് ഉള്ളത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ശ്വസനനാളിയുടെ (Trachea) ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദലങ്ങളുണ്ട്. ഈ ദലങ്ങള്‍ തമ്മില്‍ ഇസ്ത്മസ് (Isthmus) എന്ന നേരിയ കലകൊണ്ട് ബന്ധിച്ചിരിക്കുന്നു.

പ്രായപൂര്‍ത്തിയെത്തിയവരില്‍ തൈറോയ്ഡ് 20 മുതല്‍ 40 വരെ ഗ്രാം തൂക്കമുള്ളതായിരിക്കും.

തൈറോയ്ഡ് ഗ്രന്ഥി മനുഷ്യ ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. ശരീരത്തിന്‍െറ എല്ലാവിധ പ്രവര്‍ത്തനങ്ങളേയും തൈറോയ്ഡ് ഹോര്‍മോണ്‍ സ്വാധീനിക്കുന്നു. ശരീരത്തിലെ സാധാരണ ഊര്‍ജോല്‍പ്പാദനത്തിന് സഹായിക്കുന്നതോടൊപ്പം, ഹൃദയത്തിന്‍െറയും തലച്ചോറിന്‍െറയും സ്വാഭാവികമായ പ്രവര്‍ത്തനത്തിനും തൈറോയ്ഡ് ഹോര്‍മോണ്‍ അത്യന്താപേക്ഷിതമാണ്.

തൈറോയ്ഡ് ഗ്രന്ഥി അയഡിന്‍ അടങ്ങിയ തൈറോക്സിന്‍ (T4), ട്രൈ അയഡോതൈറോനിന്‍ (T3) എന്നീ ഹോര്‍മോണുകള്‍ സ്രവിക്കുന്നു.

T3 , T4 ഹോര്‍മോണുകള്‍ മനുഷ്യശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തന നിരക്ക് നിര്‍ണ്ണയിക്കുന്നു. ഓക്സിജനേയും, പോഷകങ്ങളെയും ശരീരത്തിനാവശ്യമായ ഊര്‍ജവും താപവുമാക്കി മാറ്റിക്കൊണ്ട് ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ഈ ഹോര്‍മോണുകളാണ് അഞ്ചു വയസ്സുവരെ മനുഷ്യന്റെ മസ്തിഷ്ക വികാസത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്. ശൈശവത്തിലും കൌമാരത്തിലും വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതും അസ്ഥികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതും ഈ ഹോര്‍മോണുകളാണ്. ആജീവനാന്തം കരള്‍, വൃക്ക, ഹൃദയം, അസ്ഥിപേശികള്‍ എന്നിവയില്‍ T3 , T4 ഹോര്‍മോണുകള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു.

ഹൈപ്പോതലാമസും, പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുന്‍ഭാഗവുമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ തൈറോട്രോഫിക് കോശങ്ങള്‍ തൈറോയ്ഡ് ഉത്തേജക ഹോര്‍മോണായ തൈറോട്രോപിന്‍ (TSH) ഉത്പാദിപ്പിക്കുന്നു. ഈ ഹോര്‍മോണാണ് തൈറോയ്ഡിന്റെ വികാസവും, പ്രവര്‍ത്തനവും രക്തത്തിലെ T3 , T4 സാന്ദ്രതയും നിര്‍ണയിക്കുന്നത്.


സാധാരണ രീതിയിലുള്ള തൈറോയ്ഡ് അവസ്ഥയെ യൂതൈറോയ്ഡ് (Euthyroid) എന്നും പ്രവര്‍ത്തനക്ഷമത കുറഞ്ഞ അവസ്ഥയെ ഹൈപ്പോതൈറോയ്ഡ് (Hypothyroid) എന്നും അതിസജീവമായ അവസ്ഥയെ ഹൈപ്പര്‍തൈറോയ്ഡ് (Hyperthyroid) എന്നും വിളിക്കുന്നു.

തൈറോയ്ഡ് ഗ്രന്ഥി ശിശുക്കളുടെ വളര്‍ച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിക്കുന്നു. തൈറോയ്ഡ് പ്രശ്നം ഉള്ള കുട്ടികളില്‍ കൃത്രിമമായി ഹോര്‍മോണ്‍ ചികിത്സ നടത്തി വളര്‍ച്ച മുരടിക്കല്‍, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ ജന്മജാത വൈകല്യങ്ങളെ (cretinism) തടയാന്‍ കഴിയും. ഹോര്‍മോണ്‍ ഉത്പാദനം കുറവായിരിക്കുമ്പോള്‍ തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്നു വലുതാകുകയാണ് ചെയ്യുന്നത്. കഴുത്തിലെ മുഴ പോലെ പുറമേ കാണുന്ന വലുപ്പം കൂടിയ തൈറോയ്ഡ് ഗോയിറ്റര്‍ രോഗം എന്ന് അറിയപ്പെടുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതയിലെ മാറ്റം പ്രതിരോധശേഷിയിലും മാറ്റം വരുത്തുന്നു.

തൈറോയ്ഡ് ഗ്രന്ഥിയെ അപൂര്‍വമായി അര്‍ബുദരോഗവും ബാധിക്കാറുണ്ട്.

തൈറോയ്ഡ് ഗ്രന്ഥിയുടെ ദലങ്ങള്‍ക്കു പിന്നിലായി കാണപ്പെടുന്ന പയറിനോളം വലുപ്പവും അണ്ഡാകൃതിയുമുള്ള രണ്ടുജോഡി ഗ്രന്ഥികളാണ് പാരാതൈറോയ്ഡ്.

പാരാതൈറോയ്ഡ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായകമാണ്. പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവര്‍ത്തനം ഹൈപ്പര്‍പാരാതൈറോയ്ഡിസം (Hyperparathyroidism) എന്ന രോഗത്തിനു കാരണമാകുന്നു. ഇത് അസ്ഥികളുടെ തേയ്മാനത്തിനും മൂത്രാശയക്കല്ലുകളുണ്ടാകുന്നതിനും കാരണമാകാറുണ്ട്. പാരാതൈറോയ്ഡ് പ്രവര്‍ത്തനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോപാരാതൈറോയ്ഡിസം (Hypoparathyroidism).

തൈറോയിഡിനെ ബാധിക്കുന്ന സാധാരണ പ്രശ്നങ്ങള്‍ ഗോയിറ്റര്‍ (Goitre), ഹൈപ്പോ തൈറോയിഡിസം (Hypothyroidism), ഹൈപ്പര്‍ തൈറോയിഡിസം (Hyperthyroidism) എന്നിവയാണ്.

01. ഗോയിറ്റര്‍ - Goitre :
തൈറോയ്ഡ് ഗ്രന്ഥിക്ക് വീക്കമുണ്ടായി കഴുത്തില്‍ മുഴവരുന്ന രോഗാവസ്ഥയാണ് ഗോയിറ്റര്‍. 

ലോകത്തിലെ മൂന്നില്‍ രണ്ടുവിഭാഗം ജനങ്ങളും അയഡിന്‍ കുറവുള്ള മേഖലകളിലാണ് താമസിക്കുന്നത്. ദിവസേന ഏറ്റവും കുറഞ്ഞത് 50 മൈക്രോഗ്രാം അയഡിനെങ്കിലും ആഹാരത്തിലൂടെ നമുക്കു കിട്ടേണ്ടതുണ്ട്. ചില ഭൂവിഭാഗങ്ങളില്‍, പ്രധാനമായും മലയോരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ രക്തത്തിലെ അയഡിന്‍െറ കുറവുമൂലം തൈറോയ്ഡിന് വീക്കമുണ്ടാകുന്ന എന്‍ഡിമിക് ഗോയിറ്റര്‍ (Endemic Goitre) എന്ന അവസ്ഥയുണ്ടാകുന്നു. എന്നാല്‍, കേരളം പോലുള്ള കടല്‍ത്തീര സംസ്ഥാനങ്ങളില്‍ അയഡിന്‍ കുറവ് മൂലമുള്ള ഗോയിറ്റര്‍ താരതമ്യേന കുറവാണ്.

തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന മുഴകള്‍ (Nodular Goitre), ഹോര്‍മോണ്‍ അധികമായോ കുറവായോ ഉല്‍പാദിപ്പിക്കപ്പെടുന്ന അവസ്ഥകള്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കണ്ടുവരുന്ന ഗോയിറ്ററിന്‍െറ വകഭേദങ്ങള്‍. ചിലതരം വൈറല്‍ അണുബാധകള്‍കൊണ്ടും പാരമ്പര്യഘടകങ്ങള്‍ കൊണ്ടും ഗോയിറ്റര്‍ ഉണ്ടാകാം. വളരെ ചുരുക്കം ഗോയിറ്റര്‍ ക്യാന്‍സര്‍ മൂലവും ഉണ്ടാകാറുണ്ട്.

ഗോയിറ്റര്‍ ഉള്ള രോഗികള്‍ അതിന്‍െറ കാരണത്തെപ്പറ്റി കൃത്യമായ പരിശോധനകളിലൂടെ മനസ്സിലാക്കേണ്ടതാണ്. രക്തപരിശോധനകളിലൂടെ ഹോര്‍മോണ്‍ അളവുകളും, അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെ മുഴകളുടെ സാന്നിധ്യവും, റേഡിയോ ഐസോടോപ്പ് പരിശോധനയിലൂടെ ഗ്രന്ഥിയുടെ പ്രവര്‍ത്തനരീതികളും മുഴകളിലെ ക്യാന്‍സര്‍ സാധ്യതയും മനസ്സിലാക്കാന്‍ സാധിക്കും. അയഡിന്‍ നല്‍കുന്നതു വഴി ഇതിന്‍െറ കുറവുമൂലമുണ്ടാകുന്ന ഗോയിറ്റര്‍ പൂര്‍ണ്ണമായും മാറ്റിയെടുക്കാം. ഹോര്‍മോണിന്‍െറ ഏറ്റക്കുറച്ചിലുകളുമായി കൂടിച്ചേര്‍ന്ന ഗോയിറ്ററുകള്‍ക്ക് കൂടുതല്‍ ചികിത്സകള്‍ വേണ്ടിവരും.

02. ഹൈപ്പോ തൈറോയിഡിസം - Hypothyroidism :
തൈറോയ്ഡ് ഹോര്‍മോണിന്‍െറ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം.

ശരീരത്തിന്‍െറ തൂക്കം കൂടുക, മുഖത്തും കാലുകളിലും നീര്‍വീക്കമുണ്ടാകുക, ശരീരത്തിന് തണുപ്പ് അനുഭവപ്പെടുക, തണുപ്പ് സഹിക്കാന്‍ കഴിയാതിരിക്കുക, വയറിന് സ്തംഭനാവസ്ഥയുണ്ടാകുക, സ്ത്രീകളില്‍ ആര്‍ത്തവചക്രം ക്രമംതെറ്റി വരുക, മാനസിക ക്ഷീണം, വിഷാദം എന്നിവയാണ് തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുമ്പോഴുള്ള ശരീരികാസ്വസ്ഥതകള്‍. ഹൈപ്പോതൈറോയിഡിസത്തിന്‍െറ പ്രധാന കാരണങ്ങളിലൊന്ന് ശരീരത്തിലെ ചില പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ചില ആന്‍റിബോഡികള്‍ തൈറോയ്ഡ് കോശങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ഈ അവസ്ഥ ഓട്ടോ ഇമ്യൂണ്‍ തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നു. തൈറോയ്ഡ് ശാസ്ത്രക്രിയക്കുശേഷം ഹോര്‍മോണിന്‍െറ അളവ് കുറയുക എന്നതാണ് ഹൈപ്പോ തൈറോയിഡിസത്തിന്‍െറ മറ്റൊരു കാരണം. ചില പാരമ്പര്യകാരണങ്ങള്‍കൊണ്ടും തൈറോയ്ഡിന്‍െറ പ്രവര്‍ത്തനം സാധാരണയേക്കാള്‍ കുറയാന്‍ സാധ്യതയുണ്ട്.

കുട്ടികളില്‍ ജന്മനാതന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ അഭാവം മൂലമോ പ്രവര്‍ത്തന വൈകല്യങ്ങള്‍ മൂലമോ തൈറോയ്ഡ് ഹോര്‍മോണിന്‍െറ അളവു കുറയുന്ന അവസ്ഥ അപൂര്‍വമായി കണ്ടുവരുന്നു. മുലപ്പാല്‍ കുടിക്കാനുള്ള വൈമുഖ്യം, ശക്തമായ മലബന്ധം എന്നിവ കുട്ടികളിലെ ഹൈപ്പോതൈറോയിഡിസത്തിലേക്കുള്ള ചൂണ്ടു പലകകളാണ്. ഇത്തരം കുട്ടികളില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ സ്ഥാനഭ്രംശം (Ectopic Thyroid) ഉണ്ടാവാറുണ്ട്. രക്തപരിശോധനകളിലൂടേയും ഐസോടോപ്പ് തൈറോയ്ഡ് സ്കാനുകളിലൂടെയും ഈ അവസ്ഥയെ മനസ്സിലാക്കി തൈറോയ്ഡ് ഹോര്‍മോണ്‍ ഗുളികകള്‍ ജീവിതകാലം മുഴുവനും കഴിക്കേണ്ടി വരാം. ഇത്തരം കുട്ടികള്‍ക്ക് ഉചിതമായ ചികിത്സ കിട്ടിയില്ലെങ്കില്‍ വളര്‍ച്ചയേയും ബുദ്ധിവികാസത്തെയും സാരമായി ബാധിക്കും.

03. ഹൈപ്പര്‍ തൈറോയിഡിസം - Hyperthyroidism :
തൈറോയ്ഡ് ഗ്രന്ഥികള്‍ ക്രമാതീതമായി പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയിഡിസം.

ശരീരം മെലിയുക, നെഞ്ചിടിപ്പു കൂടുക, അമിത വിയര്‍പ്പ്, അമിത വിശപ്പ്, കണ്ണുകള്‍ തുറിച്ചു നില്‍ക്കല്‍, നെഞ്ചെരിച്ചില്‍, ആകുലത, ഉത്കണ്ഠ, ദഹനക്കേട്, ശരീര ക്ഷീണം, കൈകാല്‍ വിറയല്‍ തുടങ്ങിയവയാണ് ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍.  ആന്‍റിതൈറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നതാണ് ഇതിന്‍െറ ഏറ്റവും ലഘുവായ ചികിത്സാരീതി. ചിലര്‍ക്ക് ഇത്തരം മരുന്നുകള്‍ വളരെക്കാലം കഴിക്കേണ്ടിവരാം. ചില സന്ദര്‍ഭങ്ങളില്‍ മരുന്ന് നിര്‍ത്തുമ്പോള്‍ അസുഖം വീണ്ടും പ്രത്യക്ഷപ്പെടുന്നതും പതിവാണ്.

പൂര്‍ണമായും രോഗമുക്തി പ്രാപിക്കുന്നതുവരെ തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവ് അറിയുന്നതിനായി കൃത്യമായ ഇടവേളകളില്‍ രക്ത പരിശോധനകള്‍ ആവശ്യമായി വരും.  ചിലപ്പോള്‍ ചികിത്സക്കുശേഷം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ നേരിയ കുറവ് അനുഭവപ്പെടാറുണ്ട്.

ഹൈപ്പര്‍ തൈറോയിഡിസത്തിന്‍െറ വകഭേദമായ, കണ്ണുകളുടെ ചുറ്റും നീര്‍കെട്ട് രൂപപ്പെട്ട് കണ്ണുകളെ പുറത്തേക്ക് തള്ളുന്ന എക്ക്സോഫ്ത്താല്‍മോസിസ് (Exophthalmosis) എന്ന അവസ്ഥ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പുകവലിക്കുന്നവരിലും മാനസിക സമ്മര്‍ദമുള്ളവരിലും ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവയില്‍ കണ്ണുകളുടെ പരിരക്ഷ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. ഹൈപ്പര്‍ തൈറോയിഡിസം ശ്രദ്ധിക്കപ്പെടാതിരുന്നാല്‍ രോഗികളില്‍ മാനസികമായ വ്യതിയാനങ്ങളും അമിത ഉത്കണ്ഠ, ദേഷ്യം തുടങ്ങിയ അവസ്ഥയുമുണ്ടായി അവരെ മാനസികരോഗികള്‍ ആയി തെറ്റിദ്ധരിക്കപ്പെട്ടേക്കാം.

തൈറോയ്ഡ് ഗ്രന്ഥിയുടെ ക്രമം തെറ്റിയുള്ള പ്രവര്‍ത്തനം ഗര്‍ഭധാരണം തടസ്സപ്പെടുത്തി വന്ധ്യതക്ക് കാരണമായേക്കാം. ഗര്‍ഭകാലത്തുണ്ടാകുന്ന ശക്തമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍മൂലം ചിലപ്പോള്‍ തൈറോയ്ഡിന്‍െറ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം രോഗികളില്‍ പ്രസവശേഷവും തൈറോയ്ഡിന്‍െറ പ്രവര്‍ത്തന വൈകല്യങ്ങള്‍ തുടരാനാണ് സാധ്യത.

ഭൂരിഭാഗം തൈറോയ്ഡ് മുഴകളും കുഴപ്പംചെയ്യുന്നതല്ല. ചില സന്ദര്‍ഭങ്ങളില്‍ തൈറോയ്ഡ് മുഴകള്‍ കാന്‍സര്‍ കലകളായി രൂപാന്തരപ്പെടുകയും അവ കൂടുതല്‍ വലുപ്പംവെക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ഇത്തരം മുഴകള്‍ ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസതടസ്സം, ശബ്ദവ്യതിയാനം എന്നിവയായി പ്രത്യക്ഷപ്പെടാറുണ്ട്. മറ്റു കാന്‍സറുകളെ പോലെ തൈറോയ്ഡ് കാന്‍സറും ചിലപ്പോള്‍ ലിംഫ് ഗ്രന്ഥിയിലേക്കോ മറ്റു ശരീരഭാഗങ്ങളിലേക്കോ വ്യാപിച്ചേക്കാം.

തൈറോയ്ഡ് പ്രവര്‍ത്തന മാന്ദ്യമുള്ള എല്ലാവരിലും രോഗ ലക്ഷണങ്ങളോ, കണ്ഠവീക്കമോ കാണണമെന്നില്ല.

നോണ്‍സ്റ്റിക് പാത്രങ്ങള്‍ മിക്കവാറും ആളുകള്‍ പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. തെറോയ്ഡ് വരുത്താനും ഉള്ള പ്രശ്‌നങ്ങള്‍ ഇരട്ടിയാക്കാനും ഇത്തരം പാത്രങ്ങള്‍ കാരണമാകുന്നുണ്ട്. ഇവയിലെ കോട്ടിംഗ് പോയാലാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുക. ഈ കോട്ടിംഗില്‍ പെര്‍ഫ്യൂറോക്ടേന്‍ സള്‍ഫോണേറ്റ്, പെര്‍ഫ്യൂറനോക്ടനോയിക് ആസിഡ് എന്നിങ്ങനെയുള്ള രണ്ടുതരം കെമിക്കലുകളുണ്ട്. ഇവ തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടയും. തൈറോയ്ഡിന് കാരണമാകുകയും ചെയ്യും. കോട്ടിംഗ് പോയ ഇത്തരം പാത്രങ്ങള്‍ യാതൊരു കാരണവശാലും പാചകത്തിന് ഉപയോഗിക്കരുത്.

ആയുര്‍വേദത്തില്‍ ഗുല്‍ഗുലു അടങ്ങിയ മരുന്നുകള്‍തൈറോയ്ഡ് ചികിത്സക്കായി ഉപയോഗിക്കുന്നു. കാഞ്ചനാര ഗുഗ്ഗുലു, ത്രിഫലാ ഗുഗ്ഗുലു എന്നിവ ഫലപ്രധമാണ്. മുരിങ്ങ ഇലയും ഈ രോഗാവസ്ഥയില്‍ വളരെയധികം ഗുണം ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
അമുക്കുരം എന്ന സസ്യം തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ബലപ്പെടുത്താന്‍ ഇതിന് കഴിയും.

തൈറോയ്ഡ് ഗ്രന്ഥികളില്‍ രോഗമുള്ളവര്‍ ഭക്ഷണത്തില്‍ ധാരാളം കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പെടുത്തുക. പാല്‍, മുട്ടയുടെ വെള്ള, പപ്പായ, മാതളം, നിലക്കടല, ചേന തുടങ്ങിയവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്.

കോളിഫ്ലവര്‍ തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ കഴിക്കാതിരിക്കുന്നതാണ് ഉത്തമം. ഇതില്‍  ഗോയ്റ്ററൊജെന്‍സ് എന്നൊരു പദാര്‍ത്ഥമുണ്ട്. ശരീരം അയോഡിന്‍ ആഗിരണം ചെയ്യുന്നതിനെ ഇവ തടയും. അയോഡിന്‍ വേണ്ട രീതിയില്‍ ലഭിക്കാതിരുന്നാലും തൈറോയ്ഡ് വരും. ഇത്തരം പച്ചക്കറികള്‍ നല്ലപോലെ വേവിച്ചു കഴിച്ചാല്‍ ഗോയ്റ്ററൊജെന്‍സ് നശിക്കും.

ചില സ്ത്രീകളില്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം തൈറോയ്ഡ് രോഗങ്ങള്‍ വരുത്തിവെക്കുന്നു. ഇവയിലെ ഈസ്ട്രജനാണ് ഇതിന് കാരണമാകുന്നത്. ഇത്തരം ഗുളികകള്‍ ഉപയോഗിച്ച് മൂന്നു മാസത്തിനുള്ളില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഗുളികകള്‍ തന്നെയായിരിക്കും ഇതിന് കാരണം.

മെയ് 25 ലോക തൈറോയ്ഡ് ദിനമാണ്. തൈറോയ്ഡ് രോഗങ്ങള്‍ ഇല്ലാത്ത ഒരു മെയ്‌ 25 സ്വപ്നം കണ്ടുകൊണ്ട്....

അബസ്വരം :
ശരീരത്തിലെ ഓരോരോ കുന്ത്രാണ്ടങ്ങളുടെ ഓരോരോ കാര്യേയ് !!!

(ഇ മഷി ഓണ്‍ലൈന്‍ മാസികയിലെ "അറിവിലൂടെ ആരോഗ്യം" എന്ന പംക്തിക്കായി തയ്യാറാക്കിയത്.)


22 comments:

 1. എന്താല്ലേ ഓരോന്ന് !!!

  ReplyDelete
 2. നല്ല പോസ്റ്റ്‌ ....ആ ഗ്രന്ധിയെ കുറിച്ച് ഓരോ കാര്യങ്ങൾ ആയി അടുക്കി അടുക്കി വ്യക്തതയോടെ അവതരിപ്പിച്ചു .ഉപകാര പോസ്റ്റിനു ഒരു ലൈക്ക് ..
  ഫോട്ടോ സംശയങ്ങള ഒന്നും ഇല്ലാതെ പോസ്റ്റ്‌ വായിക്കാൻ സഹായിച്ചു .

  അബ്സർ ഒക്കെ ബ്ലോഗില ആക്ടിവ് ആയി
  ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം
  നല്ല ദിവസം നേരുന്നു അബ്സർ ..
  എന്ന് പൈമ

  ReplyDelete
 3. നല്ലൊരു അറിവ് പങ്കുവെച്ചതിന് നന്ദി

  ReplyDelete
 4. എനിക്കൊരു ചെറിയ തൊണ്ട വേദന രണ്ടു മൂന്നു ദിവസമായി ഉണ്ട് .. നിങ്ങടെ ലേഖനം വായിച്ചപ്പോ ഏതാണ്ട് ..തീരുമാനമായി മനുഷമ്മാരെ പേടിപ്പിക്കാനായിട്ട് ... ( ഉപകാരപ്രദം ) :D

  ReplyDelete
 5. ഈ ലോലമായി ശരീരത്തെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതിവച്ചിരിക്കണതു കാണുമ്പോള്‍ പേടിയാവാ....എന്റെ തൊണ്ട :(

  ReplyDelete
 6. പേരിട്ട് നിങ്ങള്‍ ആളെ പറ്റിച്ചല്ലോ ന്റെ ഡോക്ടറെ...

  ReplyDelete
 7. ഡോക്ടറെ ഈ സംഗതി വന്നാല്‍ പിന്നെ മാറില്ലന്നു പറയണത് ശെരിയാണോ

  ReplyDelete
  Replies
  1. ചിലര്‍ക്ക് ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്.

   Delete
 8. സ്കൂളില്‍ പഠിക്കുമ്പോഴെ എന്നെ പേടിപ്പെടുത്തുന്ന വിഷയമായിരുന്നു ബയോളജി. മനുഷ്യശരീരവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും എന്നെ പേടിപ്പിക്കാറുണ്ടായിരുന്നു. നമ്മുടെ ശരീരത്തിന് ചില കുഴപ്പങ്ങളൊക്കെ വരുമെന്നും, കരിങ്കല്ലുപോലെ എല്ലാ കാലവും അത് ഉറച്ചു നില്‍ക്കില്ല എന്നുമൊക്കെ ചിന്തിക്കാനെ വയ്യ. ചില ഡോക്ടര്‍മാരുടെ മുറിയിലെ ചിത്രങ്ങളും എനിക്ക് അസ്വസ്ഥതയുണ്ടാക്കും.... ഡോക്ടറുടെ പോസ്റ്റ് വായിച്ചപ്പോഴും മനസ്സിലൊരു ഭയം നിറഞ്ഞു - തൈറോയ്ഡ് ഗ്രന്ഥിയോ, ഹൃദയമോ, തലച്ചോറോ എന്തുമായിക്കൊള്ളട്ടെ, മനുഷ്യശരീരമെന്നത് എത്ര നിസ്സാരമാണ് എന്ന ഭയം.....

  ReplyDelete
 9. മനുഷ്യശരീരം മഹാത്ഭുതം

  ReplyDelete
 10. ഉപകാരപ്രദമായ അറിവ് പങ്കുവെച്ചതിന് നന്ദി ഡോക്ടര്‍.
  ആശംസകള്‍

  ReplyDelete
 11. Got valuable information for the subject without paying any fee ..

  ReplyDelete
 12. നല്ല ലേഖനം. എനിക്ക് ഉണ്ട് ഈ പ്രോബ്ലം. കൂടുതല്‍ അറിയാന്‍ സാധിച്ചു. വളരെ നന്ദി

  ReplyDelete
 13. നല്ലയറിവിനു ..ഇമ്മിണി നല്ല നന്ദി !

  അസ്രൂസാശംസകള്‍
  http://asrusworld.blogspot.in/

  ReplyDelete
 14. വിജ്ഞാനപ്രദമായ ഈ ലേഖനം പണ്ടത്തെ ബയോളജി ക്ലാസ്സിലേക്ക് കൂട്ടികൊണ്ടുപോയി. വീട്ടില്‍ നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ ആണ് കൂടുതലും ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതിന് ഇങ്ങനെ ഒരു ദൂഷ്യവശം ഉള്ളതായി അറിവില്ലായിരുന്നു.
  ആയുര്‍വേദത്തിലെ 'ഗുല്‍ഗുല്‍' എന്തെന്ന് മനസിലായില്ല.

  ReplyDelete
  Replies
  1. ഒരു ഔഷധ സസ്യമാണ് ഗുല്‍ഗുലു.

   Delete
 15. വളരെ ഉപകാരപ്രദമായ ലേഖനം.

  ReplyDelete
 16. എത്ര സങ്കീര്‍ണ്ണമാണ് മനുഷ്യന്റെ ശരീരം...നമ്മള്‍ എത്രമാത്രം ദൈവത്തിന്നു കടപെട്ടിരിക്കുന്നു///

  ഇനി ഞാന്‍ നിങ്ങള്ക്ക് കൊട്ടേഷന്‍ കൊടുക്കും....എവിടെ നമ്മുടെ കഥയുടെ ബാക്കി...ഇങ്ങളെ ആളെ കളിയാക്കുകയാണോ...പാവം സുധി...അങ്ങേര്‍ക്കു എന്ത് പറ്റിയാവോ...??!!

  ReplyDelete
  Replies
  1. പല പല തിരക്കുകളില്‍ അത് വൈകി പോകുന്നു.. വരും.. വരാതിരിക്കില്ല :)

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....