Sunday, March 03, 2013

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 13കുറച്ചു സമയത്തേക്ക് മൌനമായിരുന്നു ആ മുറിയില്‍ അലയടിച്ചത് !!

നീണ്ട നിശബ്ദതയുടെ അലയടികള്‍ക്ക് വിരാമമിട്ടുകൊണ്ട് നേതാവ് പറഞ്ഞു.
"ഡോക്ടര്‍ മുറിയിലേക്ക് പോകൂ. ഇതിനെ കുറിച്ച് പിന്നീട് സംസാരിക്കാം."

നേതാവിനു കഴിക്കേണ്ട മരുന്നുകള്‍ എടുത്തു കൊടുത്ത ശേഷം സുധി തന്നെ തടവിലിട്ടിരുന്ന മുറിയിലേക്ക്‌ നടന്നു. മുറിയിലേക്ക്‌ കയറിയപ്പോള്‍ ഒരാള്‍ വന്ന് ആ മുറിയുടെ വാതില്‍ പൂട്ടി.

തന്നെ റാഞ്ചികള്‍ വിശ്വസിച്ചിട്ടില്ല എന്ന കാര്യം സുധിക്ക്‌ അതോടെ മനസ്സിലായി.

മുറിയുടെ തറയില്‍ കണ്ണടച്ച് കിടന്നു.
അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു...
കണ്ണ് തുറന്ന് തലയുയര്‍ത്തി നോക്കി.
ഒരാള്‍ പായയും തലയണയും കൊണ്ടുവന്നതാണ്. ഒപ്പം കുറച്ചു ഭക്ഷണവും.
അത് സുധിക്ക്‌ നേരെ നീട്ടി.

എഴുന്നേറ്റ് ഭക്ഷണം കഴിച്ച് പായ നിലത്ത് വിരിച്ച് സുധി വീണ്ടും കിടന്നു.
പായയുമായി വന്നയാള്‍ മുറി പൂട്ടി പുറത്തേക്ക്‌ പോയി.
തലേ ദിവസം ഉറങ്ങാന്‍ കഴിയാത്തതിന്റെ ക്ഷീണം അദ്ദേഹത്തെ വേഗം നിദ്രയിലേക്ക് തള്ളിവിട്ടു.

                                                                    ****

നേതാവ് അവിടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെയെല്ലാം തന്റെ മുറിയിലേക്ക്‌ വിളിച്ചു.
"ഡോക്ടര്‍ പറഞ്ഞതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം ?" അദ്ദേഹം ചോദിച്ചു.

"അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ട് എന്നാണു തോന്നുന്നത്‌." ഒരാള്‍ സുധിയുടെ നിലപാടുകളോട് യോജിച്ചു.

"അയാളെ പൂര്‍ണ്ണമായി വിശ്വസിക്കരുത്. അദ്ദേഹം നമ്മളെ ഒറ്റിക്കൊടുത്തേക്കാം..." മറ്റൊരാള്‍ സുധിയെ സംശയത്തോടെയാണ് വിലയിരുത്തിയത്‌.

"അയാള്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മാസങ്ങള്‍ എടുത്തേക്കാം. അതുവരെ അദ്ദേഹം നമ്മോടൊപ്പം താമസിക്കുമോ?"

"ഇപ്പോള്‍ നമ്മള്‍ നടത്തുന്ന രീതിയിലുള്ള ആക്രമണങ്ങള്‍ കൊണ്ട് മാത്രം വിദേശ സൈനികരെ ഇവിടെ നിന്നും തിരിച്ചയക്കാന്‍ കഴിയില്ല. അത് തീര്‍ച്ചയാണ്. അതുകൊണ്ട് നമ്മള്‍ മറ്റു വഴികളെ പറ്റിയും ചിന്തിക്കണം."

അവരുടെ ചര്‍ച്ച തുടര്‍ന്ന് പോയി...
പലരും സുധിയുടെ നിര്‍ദ്ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചു.

"നമ്മള്‍ മാത്രം തീരുമാനമെടുക്കുന്നതിനേക്കാള്‍ നല്ലത് ഇറാക്കിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കുന്നതാണ്." എന്ന അഭിപ്രായം ഇറാക്കി പോരാളികളില്‍ ഒരാള്‍ പങ്കുവെച്ചു.

ഈ നിര്‍ദ്ദേശത്തെ അവിടെ ഉണ്ടായിരുന്നവരെല്ലാം പിന്തുണച്ചു.

"ഏതായാലും നമുക്ക്‌ മറ്റു സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കാം. അവര്‍ക്ക്‌ കൂടി സമ്മതമാണെങ്കില്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകാം." നേതാവ് പറഞ്ഞു.

"വേഗം തന്നെ മറ്റു സംഘടനകളുമായി ചര്‍ച്ച ചെയ്യണം. അതിനുള്ള സൗകര്യം ഉടനെയുണ്ടാക്കണം. എല്ലാ സംഘടനകളുടേയും നേതാക്കന്മാരെയും ഈ വിവരം അറിയിക്കണം. ഇവിടെ വെച്ച് നമുക്ക്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. അവരോടു കഴിയുമെങ്കില്‍ ഇവിടെ എത്താന്‍ പറയുക." നേതാവ് ആവശ്യപ്പെട്ടു.

ഇറാക്കിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും ശക്തമായ സംഘടനകളില്‍ ഒന്നാരുയിരുന്നു ബ്ലാക്ക്‌ ടൈഗേഴ്സ്. അതുകൊണ്ട് തന്നെ അവര്‍ ആവശ്യപ്പെട്ടാല്‍ മറ്റു സംഘടനകള്‍ ചര്‍ച്ചക്ക്‌ വരുമെന്ന കാര്യം ഉറപ്പായിരുന്നു.

അമേരിക്കന്‍ അധിനിവേശത്തിനെതിരെ ഇറാക്കില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കിടയില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ പ്രത്യേക ദൂതന്‍മാര്‍ ഉണ്ടായിരുന്നു. ബ്ലാക്ക്‌ ടൈഗേഴ്സ് തങ്ങളുടെ നേതാവിന്റെ ആവശ്യം മറ്റു സംഘടനകളെ അറിയിക്കാന്‍ ഈ ദൂതന്മാരെ സമീപിച്ചു.

അധികം  വൈകാതെ തന്നെ ബ്ലാക്ക്‌ ടൈഗേഴ്സിന്റെ സന്ദേശം മറ്റു സംഘടനകള്‍ക്ക് ലഭിച്ചു.

                                                                    ****

ഏകദേശം മൂന്നു മണിയോടെയാണ് സുധി ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്‌.

വരാന്തയിലൂടെ ഒരാള്‍ നടന്നു പോകുന്നുണ്ടായിരുന്നു.
സുധി എഴുന്നേറ്റ് നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ അയാള്‍ മുറിയുടെ അടുത്തേക്ക്‌ വന്നു.

"പരിക്ക് പറ്റിയവര്‍ക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ ?" സുധി അയാളോട് അന്യേഷിച്ചു.
"അത് ഡോക്ടറല്ലേ പറയേണ്ടത്‌ ?" അയാള്‍ തിരിച്ചു ചോദിച്ചു.
സുധി പിന്നെ ഒന്നും പറഞ്ഞില്ല.

അയാള്‍ തിരിച്ചു പോയി.
എന്തു ചെയ്യണമെന്നറിയാതെ സുധി ചുമരില്‍ ചാരിയിരുന്നു.

അധികം വൈകാതെ ഒരാള്‍ വന്നു സുധിയുടെ മുറിയുടെ വാതില്‍ തുറന്നു.
"വരൂ..." അദ്ദേഹം പറഞ്ഞു.

സുധി എഴുന്നേറ്റ് പായ മടക്കി വെച്ച ശേഷം മുറിയുടെ പുറത്ത്‌ കടന്നു.
പരിക്ക് പറ്റിയവര്‍ കിടക്കുന്ന മുറിയിലേക്ക്‌  ചെന്നു.
അവരെ പരിശോധിച്ചു.
കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.

പിന്നീട് നേതാവ് കിടക്കുന്ന മുറിയിലേക്ക്‌ ചെന്നു.
ടി വി അപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു...

നേതാവ് കണ്ണടച്ച് കിടക്കുകയാണ്.

സുധിയുടെ സാമീപ്യം മനസ്സിലാക്കിയ നേതാവ് കണ്ണ് തുറന്നു.

നേതാവ് : "വിശ്രമം കഴിഞ്ഞോ ?"

സുധി : "ഇപ്പോള്‍ ക്ഷീണം ഉണ്ടോ ?"

നേതാവ് : "ഇല്ല."

സുധി : "ക്ഷീണം ഇല്ലെങ്കില്‍ ഇനി ഗ്ലൂക്കോസ് നിര്‍ത്താം."

ഗ്ലൂക്കോസ് നല്‍കുന്നത് നിര്‍ത്തി.

"നിങ്ങള്‍ ഇനി മുറിയിലേക്ക്‌ പൊയ്ക്കോളൂ.." നേതാവ് സുധിയോട് പറഞ്ഞു.

തന്നെ തടവിലിട്ടിരുന്ന മുറിയിലേക്ക്‌ നടക്കുമ്പോള്‍ ആരും സുധിയെ അനുഗമിച്ചിരുന്നില്ല.
സുധി മുറിയിലേക്ക്‌ കയറി.

ആരും വന്നു മുറിയുടെ വാതില്‍ അടക്കുകയും ചെയ്തില്ല.

"ഇവര്‍ക്ക്‌ തന്നെ വിശ്വാസമായോ ?" സുധി ആലോചിച്ചു.

പക്ഷേ അത് നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം ഉള്ളതായിരുന്നു.
സുധി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടോ എന്നറിയാന്‍ വേണ്ടിയായിരുന്നു അവര്‍ അപ്രകാരം ചെയ്തത്.
ആരും പിന്തുടര്‍ന്നില്ലെങ്കിലും സുധിയെ അവര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

സുധി പായ നിലത്ത് വിരിച്ചു കിടന്നു.
ഇവര്‍ തന്റെ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍ മനസ്സില്‍ നടത്തിക്കൊണ്ട്...

                                                                    ****

അടുത്ത ദിവസം തന്നെ മറ്റു സംഘടനകളുടെ നേതാക്കളും പ്രതിനിധികളും ബ്ലാക്ക്‌ ടൈഗേഴ്സിന്റെ കേന്ദ്രത്തിലേക്ക്‌ എത്തി.

ഏറ്റവും പ്രധാനപ്പെട്ട 16 ഗ്രൂപ്പുകളിലെ നേതാക്കന്മാരായിരുന്നു അവിടെ എത്തിയത്‌. ഈ ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരുന്നു അമേരിക്കന്‍ അധിനിവേശത്തിനെതിരെയുള്ള പോരാട്ടം നടന്നിരുന്നത്. പിന്നെ ഉണ്ടായിരുന്നത് ചെറിയ ചില ഗ്രൂപ്പുകള്‍ ആയിരുന്നു. ഇവരുടെ തീരുമാനം അവര്‍ അംഗീകരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.

എല്ലാവരും പരിക്കുപറ്റി കിടക്കുന്ന നേതാവിന്റെ മുറിയില്‍ വെച്ചായിരുന്നു സംസാരിച്ചിരുന്നത്.

"എന്തിനാണ് എല്ലാവരെയും ഇവിടേക്ക് വിളിപ്പിച്ചത് ?" ഒരു ഗ്രൂപ്പിന്റെ നേതാവ് അന്യേഷിച്ചു.

"ഇവിടെ ഒരു ഇന്ത്യന്‍ ഡോക്ടറെ തടവിലാക്കിയ കാര്യം നിങ്ങള്‍ക്ക്‌ അറിയാമല്ലോ.അദ്ദേഹം ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. അതിനെ പറ്റി ചര്‍ച്ച ചെയ്യാനാണ് നിങ്ങളെ വിളിപ്പിച്ചത്." ബ്ലാക്ക്‌ ടൈഗേര്‍സിന്റെ നേതാവ് പറഞ്ഞു.

"എന്താണ് നിര്‍ദ്ദേശം ?"

"നമ്മള്‍ ഇങ്ങിനെ ഒരുപാട് സൈനികരെ വധിച്ചത്‌ കൊണ്ടോ, നിരപരാധികളെ തട്ടിക്കൊണ്ട് വന്നത് കൊണ്ടോ ഇറാക്കില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍മാറില്ല. അമേരിക്കയുടെയോ, ബ്രിട്ടന്റെയോ പ്രധാനപ്പെട്ട ഭരണാധികാരികളെ തട്ടിക്കൊണ്ട് വന്ന ശേഷം നമ്മള്‍ സ്വാതന്ത്ര്യത്തിനായി വില പേശണം. അങ്ങിനെ മാത്രമേ നമുക്ക്‌ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ കഴിയൂ." നേതാവ് കാര്യങ്ങള്‍ ചുരുക്കി പറഞ്ഞു.

"അമേരിക്കയുടെയും, ബ്രിട്ടന്റെയും ഭരണാധികാരികളെ എങ്ങിനെയാണ് തട്ടിക്കൊണ്ട് വരാന്‍ കഴിയുക ?" ഒരാള്‍ സംശയം പ്രകടിപ്പിച്ചു.

നേതാവ് : "അത് നമ്മള്‍ ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. ഈ പരിശ്രമത്തിന് ചിലപ്പോള്‍ കാത്തിരിപ്പ്‌ വേണ്ടി വരും. അതിനു എല്ലാവരും തയ്യാറാണോ എന്നറിയാനാണ് നിങ്ങളെ വിളിപ്പിച്ചത്. എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ നമുക്ക്‌ അത് പ്രാവര്‍ത്തികമാക്കാനുള്ള മാര്‍ഗങ്ങളെ പറ്റി ചിന്തിക്കാം."

അവിടെയുണ്ടായിരുന്നവര്‍ പരസ്പരം നോക്കി.

"നമ്മുടെ ലക്ഷ്യം അമേരിക്കന്‍ ഭീകരതയില്‍ നിന്നും മാതൃരാജ്യത്തെ രക്ഷിക്കുക എന്നതാണ്. അതിനു വേണ്ടി എന്തു മാര്‍ഗ്ഗം സ്വീകരിക്കാനും ഞങ്ങള്‍ തയ്യാറാണ്." ഒരു ഗ്രൂപ്പിന്റെ നേതാവ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.

മറ്റുള്ളവരും ഇതിനോട് യോജിച്ചു.

നേതാവ് : "എങ്കില്‍ നമുക്ക്‌ ഡോക്ടറുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കാം."

നേതാവ് സുധിയെ വിളിക്കാന്‍ തന്റെ സഹപ്രവര്‍ത്തകനോട്‌ ആവശ്യപ്പെട്ടു.

സുധി ഈ സമയം ചെറിയ മയക്കത്തിലായിരുന്നു...
"നിങ്ങളെ നേതാവ് വിളിക്കുന്നുണ്ട്."  എന്ന വാക്കുകള്‍ സുധിയെ മയക്കത്തില്‍ ഉണര്‍ത്തി.

സുധി കണ്ണ് തിരുമ്മി എഴുന്നേറ്റു.
നേതാവിന്റെ മുറിയിലേക്ക്‌ നടന്നു...

അവിടെ ഒരുപാട് പുതുമുഖങ്ങളെ കണ്ട ആകാംക്ഷയില്‍ നില്‍ക്കുമ്പോള്‍ "അകത്തേക്ക്‌ വരൂ " എന്ന് പറഞ്ഞ് നേതാവ്‌ സുധിയെ ക്ഷണിച്ചു.

ആദ്യമായി കാണുന്നവരുടെ കണ്ണുകള്‍ സുധിയില്‍ പതിഞ്ഞു...

നേതാവ് : "ഞാന്‍ ഡോക്ടറുടെ അഭിപ്രായത്തെ പറ്റി ഇവരോട്‌ സംസാരിച്ചു. നിങ്ങള്‍ പറഞ്ഞ ആശയം എങ്ങിനെയാണ് പ്രാവര്‍ത്തികമാക്കുക എന്ന് വിശദീകരിക്കാമോ ? അതിനു ശേഷമേ ഞങ്ങള്‍ക്ക്‌ അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂ."

എല്ലാവരും സുധിയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു....

"ഒരു ആശയമാണ് എനിക്ക് തോന്നിയത്‌. ആദ്യം ഇറാക്ക് ശാന്തമാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്തണം. ഇറാക്കിന്റെ മോചനത്തിനായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം. ഇറാക്ക് ശാന്തമാകുമ്പോള്‍ അമേരിക്കയുടെയും, ബ്രിട്ടന്റേയും നേതാക്കള്‍ ഇവിടെ സന്ദര്‍ശനം നടത്താന്‍ സാധ്യത കൂടും. അവര്‍ വരികയും ചെയ്യും. ആ സമയത്ത്‌ അവരെ റാഞ്ചണം." സുധി പറഞ്ഞു ...

"അങ്ങിനെയുള്ള നേതാക്കള്‍ ഇവിടെ വരുമ്പോള്‍ കനത്ത്‌ സുരക്ഷ ഉണ്ടാവുമല്ലോ. എങ്കിലും വേണമെങ്കില്‍ അവരെ നമുക്ക്‌ വധിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ ജീവനോടെ പിടികൂടാന്‍ പ്രയാസമാണല്ലോ." ഒരു ഗ്രൂപ്പിന്റെ ആള്‍ ചോദിച്ചു.

സുധി : "അതിനു ഒരു ആശയമാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ക്ക്‌ എന്നില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ അത് നടപ്പിലാക്കാന്‍ കഴിയൂ."

നേതാവ് : "എന്താണ് ആ മാര്‍ഗ്ഗം ?"

സുധി : "ആദ്യം നിങ്ങള്‍ എന്നെ മോചിപ്പിക്കണം. ഞാന്‍ തിരിച്ചു ഇന്ത്യയിലേക്ക്‌ പോകാതെ ഇതുവരെ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ തന്നെ ഇനിയും ജോലി ചെയ്യും. താങ്കള്‍ക്ക് പരിക്ക് പറ്റിയതു കൊണ്ട് ചികിത്സക്കായി അതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കാം. പരിക്ക് പറ്റിയിട്ടുള്ള മറ്റു സംഘടനകളിലെ ആളുകളെയും അവിടെ ചികിത്സക്കായി പ്രവേശിപ്പിക്കാം. നിങ്ങളില്‍ ചിലര്‍ക്ക് അവിടെ ജോലി ശരിയാക്കി തരാനും ഞാന്‍ ശ്രമിക്കാം. നിങ്ങള്‍ക്കെന്നെ എപ്പോഴും പിന്തുടരാവുന്നതാണ്. എന്നിട്ട് ആ ആശുപത്രി ഇറാക്കിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ ശക്തമായ ഒരു കേന്ദ്രമാക്കി മാറ്റണം. ഒരു അവസരം വരുമ്പോള്‍ അമേരിക്കയുടെ നേതാക്കന്മാരെ തട്ടിക്കൊണ്ട് പോരണം. വലിയ നേതാക്കന്മാരെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആശുപത്രിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ഡോക്റ്റര്‍മാരേയും കൂട്ടത്തോടെ തട്ടിക്കൊണ്ട് പോരാന്‍ കഴിയണം. ഇവരെ തടവിലിടാനുള്ള സുരക്ഷിത കേന്ദ്രങ്ങളും ഇതിനിടയില്‍ സജ്ജമാക്കണം. നിങ്ങള്‍ക്ക്‌ എന്നില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെങ്കില്‍ ഈ വഴി തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ മറ്റു വഴികളെ പറ്റി ചിന്തിക്കേണ്ടി വരും. ഇനി നിങ്ങളാണ് അവസാന തീരുമാനം എടുക്കേണ്ടത്."
(തുടരും....:)

15 comments:

 1. സസ്പന്‍സ് നിലനില്‍ക്കുന്നു.അടുത്ത ഭാഗം വരട്ടെ.

  ReplyDelete
 2. ഇത് സ്പാം ആണെന്ന് ഫേസ്ബുക്ക്‌ പറഞ്ഞു. ഞാന്‍ പറഞ്ഞു കൊടുത്തിട്ടുണ്ട്‌ അല്ലെന്നു.
  നന്നായിട്ടുണ്ട്, സസ്പെന്‍സ് തീര്‍ക്കാന്‍ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
  Replies
  1. താങ്കൂ താങ്കൂ

   Delete
 3. Absarka adipolyayitund suspense vidaathe pinthudarunnu eni ethra naal vendi varum aduthadine

  ReplyDelete
 4. ഓഹു...ഇത്രപെട്ടന്ന് നിറുത്തിയോ, ഇതുവളരെ ചെറുതായിപോയല്ലോ...അതോ വായനയുടെ രസംകൊണ്ട് അങ്ങിനെ തോന്നിയതോ.....അടുതഭാഗത്തിന്നു ഒരുപാട് കാത്തിരിപ്പിക്കരുത്...

  ReplyDelete
 5. ഇതു സുധിയുടെ പണിയാണോ അബ്സറേ ........?
  ഒരു ജനതയുടെ മോചനത്തിനായി അവര്‍ ഡോക്ടറുടെ
  വാക്കുകളേ കൂടേ നിര്‍ത്തിയേക്കാം അല്ലേ ..?
  കാത്തിരിക്കുന്നു , പെട്ടെന്ന് പൊരട്ടേ , അധികം വൈകാതെ ..!

  ReplyDelete
 6. ഡാക്കിട്ടരെ ബാക്കി ഇത് വരെ വന്നില്ലല്ലാ..

  ReplyDelete
 7. എന്താ ഡോക്ടറെ ബാക്കി ഭാഗം കാണാത്തേ???ഇത്രേം ദിവസങ്ങള്‍(മാസങ്ങള്‍)കാതിരിക്കുംബോഴേക്കും കഥയുടെ രസം പോകുന്നു...

  ReplyDelete
 8. സുധിക്ക് പണി കിട്ടാതിരുന്നാല്‍ മതിയായിരുന്നു ...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....