Friday, December 21, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 12


നേതാവ് ഗുരുതരമായി പരിക്ക് പറ്റി കിടക്കുമ്പോള്‍ പോലും മരുന്നുകളുടെ പേര് മറ്റൊരു കടലാസിലേക്ക് പകര്‍ത്തി എഴുതാനുള്ള ജാഗ്രത ഭീകരര്‍ പുലര്‍ത്തുന്നത് സുധിയെ അത്ഭുതപ്പെടുത്തി.

സുധി നേതാവിന്റെ മുറിവുകള്‍ പരിശോധിച്ചു.
രണ്ടു മൂന്നു മുറിവുകള്‍ ആഴത്തില്‍ ഉള്ളതായിരുന്നു.

അധികം വൈകാതെ മരുന്ന് വാങ്ങാന്‍ പോയ ആള്‍ തിരിച്ചെത്തി.

സുധി ഇന്‍ജെക്ഷനുകള്‍ നല്‍കി.

മുറിവില്‍ നിന്നും ഉള്ള രക്തപ്രവാഹം നിയന്ത്രണ വിധേയമായി.

നേതാവിന്റെ കാലിനു ആഴത്തിലുള്ള മുറിവുകള്‍ പറ്റിയിരുന്നതിനാല്‍ അദ്ദേഹം പൂര്‍ണ്ണ സുഖം പ്രാപിക്കുന്നതിനു ഒരുപാട് സമയം എടുക്കുമെന്ന് സുധിക്ക്‌ ഉറപ്പായിരുന്നു.
അദ്ദേഹത്തിനു ആന്തരികമായും നല്ല പരിക്കുകള്‍ ഉണ്ട്. ആധുനിക പരിശോധനാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ അത് വ്യക്തമായി കണ്ടെത്താന്‍ കഴിയുകയുള്ളൂ.

'എന്തായാലും തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന എല്ലാ ചികിത്സയും നല്‍കാം.' സുധി തീരുമാനിച്ചു.

അന്നുരാത്രി ഒരു പോള കണ്ണടക്കാതെ തന്നെ റാഞ്ചി കൊണ്ടു വന്നവരുടെ നേതാവിനെ സുധി ശുശ്രൂഷിച്ചു.

ഭീകരരില്‍ ചിലരും ഉറക്കമൊഴിച്ചിരുന്നു.
അവര്‍ ഇടയ്ക്കിടെ സുധിക്ക്‌ കാപ്പി കൊണ്ടു വന്നു നല്‍കി.
അന്ന് മറ്റു ഭക്ഷണം ഒന്നും ലഭിച്ചില്ല.

നേതാവിന് പറ്റിയ അപകടത്തില്‍ സഹപ്രവര്‍ത്തകര്‍ക്കുള്ള ദു:ഖം അവരുടെ മുഖത്ത്‌ തന്നെ പ്രകടമായിരുന്നു.

അടുത്ത ദിവസം രാവിലെ ഏതാണ്ട് എട്ടരയോട്‌ കൂടി നേതാവ് മയക്കത്തില്‍ നിന്നും ഉണര്‍ന്നു.

"ആര്‍ക്കും പ്രശ്നം ഒന്നും ഇല്ലല്ലോ ?" നേതാവ് ആദ്യം അന്യേഷിച്ചത് അതായിരുന്നു.
സ്വന്തം ജീവന്‍ അപകടത്തില്‍ ആയിരിക്കുമ്പോഴും സഹപ്രവര്‍ത്തകരുടെ സുരക്ഷിതത്വത്തെ കുറിച്ച് അന്യേഷിച്ച ആ നേതാവിന്റെ ആത്മാര്‍ത്ഥയോട്‌ സുധിക്ക്‌ ബഹുമാനം തോന്നി.

"കുഴപ്പം ഒന്നും ഇല്ല." ഒരാള്‍ മറുപടി നല്‍കി.

"എന്റെ പരിക്ക്‌ എപ്പോള്‍ ശരിയാകും ഡോക്ടര്‍ ?" നേതാവ് ചോദിച്ചു.

സുധി : "കുറച്ച് സമയം എടുക്കും. എങ്കിലും വിഷമിക്കേണ്ട."

നേതാവ് : "സമയം എത്രയായി ?"

സുധി : "എട്ടര കഴിഞ്ഞിരിക്കുന്നു."

"ഡോക്ടര്‍ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. ഇതുവരെയും നിങ്ങളോടൊപ്പം ഇരിക്കുകയായിരുന്നു." ഒരാള്‍ പറഞ്ഞു.

നേതാവ് സുധിയുടെ മുഖത്തേക്ക്‌ നോക്കി.
നേതാവ് : "ഡോക്ടര്‍ പോയി വിശ്രമിച്ചോളൂ...."

സുധി : "എനിക്ക് ക്ഷീണം ഒന്നും ഇല്ല. വിശ്രമില്ലാതെ പണി എടുക്കാന്‍ ശീലിച്ചവരാണ് ഞങ്ങള്‍."

നേതാവ് : "ഏതായാലും നിങ്ങളെ തട്ടിക്കൊണ്ട് വന്നത് കൊണ്ട് രണ്ടു മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായി."

സുധി ഒന്ന് മന്ദഹസിച്ചു.

നേതാവ് : "പുതിയ വാര്‍ത്ത വല്ലതും ഉണ്ടോ ? ടി.വിഓണ്‍ ചെയ്യൂ..."

ടി വി ഓണ്‍ ചെയ്തു.
നേതാവിന് കിടന്ന് കാണാന്‍ കഴിയുന്ന വിധത്തില്‍ ടി വി തിരിച്ചു വെച്ചു.

"ഇറാക്കി ഭീകരരുടെ ആവശ്യം അംഗീകരിക്കുന്നതിനാല്‍ ഇന്ത്യ ഇറാക്കിലേക്ക് സൈന്യത്തെ അയക്കില്ല" എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ ഡോക്ടറെ എത്രയും പെട്ടന്ന് മോചിപ്പിക്കാന്‍ ഇറാക്കി ഭീകരരോടുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയും ബി ബി സി സംപ്രേക്ഷണം ചെയ്തു.

അപ്പോഴാണ്‌ തന്നെ റാഞ്ചിയ ശേഷം ഭീകരര്‍ ഉന്നയിച്ച ആവശ്യം എന്താണെന്ന് മനസ്സിലായത്. തന്നെ ബന്ദിയാക്കിയ വാര്‍ത്ത എല്ലായിടത്തും അറിഞ്ഞിട്ടുണ്ടെന്ന കാര്യവും സുധിക്ക്‌ ബോധ്യമായി.

നേതാവ് : "ഡോക്ടര്‍ക്ക്‌ നല്ല പരസ്യം കിട്ടി അല്ലേ?"

നേതാവിന്റെ സംസാരത്തില്‍ നിന്നും അദ്ദേഹത്തിന് തന്നോട് അല്‍പ്പം ദയ ഉള്ളതായി തോന്നി.

നേതാവിനോട് ഒന്ന് തുറന്ന് സംസാരിക്കണമെന്ന് സുധിക്ക്‌ തോന്നി.

"എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കണം എന്നുണ്ട് ." എന്തായാലും വരുന്നത് വരട്ടെ എന്ന തീരുമാനത്തോടെ സുധി പറഞ്ഞു.

നേതാവ് : "എന്താണ് ? ചോദിക്കൂ..."

സുധി : "എന്തിനാണ് നിങ്ങള്‍ ഇങ്ങനെ മനുഷ്യ ജീവനുകളെ കൊണ്ട് കളിക്കുന്നത് ?എത്ര നിരപരാധികളാണ് നിങ്ങള്‍ മൂലം കൊല്ലപ്പെടുന്നത് ? നിങ്ങള്‍ ഇങ്ങിനെ ചെയ്യുമ്പോള്‍ ലോകത്തിന്റെ മുന്നില്‍ ഇസ്ലാമിക സമൂഹം ഭീകരരായി ചിത്രീകരിക്കപ്പെടുകയല്ലേ ചെയ്യുന്നത് ?"

ഒറ്റ ശ്വാസത്തില്‍ ആയിരുന്നു ആ ചോദ്യം.

നേതാവിന്റെ കണ്ണുകള്‍ ചുവക്കുന്നത് സുധി ശ്രദ്ധിച്ചു.

നേതാവ് : "ഞങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ അല്ല യുദ്ധം ചെയ്യുന്നത്. ഇറാക്കിന്റെ മോചനത്തിനാണ്. അമേരിക്കയും ബ്രിട്ടനും നിരപരാധികളെ വധിച്ചിട്ടില്ലേ ? ഇപ്പോള്‍ ഈ മണ്ണില്‍ ഞങ്ങളുടെ സഹോദരന്മാരെ വധിച്ചു കൊണ്ടിരിക്കുന്നില്ലേ ??? അതിനെ എന്താണ് നിങ്ങള്‍ ചോദ്യം ചെയ്യാത്തത്? ഞങ്ങള്‍ ഒരാളെ കൊന്നാല്‍ അത് വലിയ വാര്‍ത്തയാക്കുന്നു. ആയിരം ഇറാക്കികള്‍ കൊല്ലപ്പെടുമ്പോള്‍ പത്ത് പേര് കൊല്ലപ്പെട്ടു എന്ന വിവരമേ പുറം ലോകം അറിയുന്നുള്ളൂ. നിങ്ങളുടെ ഇന്ത്യാ രാജ്യം ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ ഈ ഇറാക്ക് അധിനിവേശത്തെ ചെറുക്കാന്‍ കഴിയുമായിരുന്നില്ലേ ?? നിങ്ങള്‍ അത് ചെയ്തുവോ ? അമേരിക്കയുടെ വാലാട്ടി പട്ടിയാവുകയല്ലേ നിങ്ങള്‍ ചെയ്തത് ?"
ഉറച്ച ശബ്ദത്തിലായിരുന്നു അദ്ദേഹത്തിന്റെ മറു ചോദ്യങ്ങള്‍.

അതിനുള്ള ഉത്തരങ്ങള്‍ സുധിയുടെ പക്കലുണ്ടായിരുന്നില്ല !!

സുധി : "സദ്ദാമിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം ? സദ്ദാമിന്റെ കീഴില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നു എന്ന് പറഞ്ഞാണല്ലോ അമേരിക്ക നിങ്ങളെ ആക്രമിച്ചത്‌. ഭരണം ഇറാക്കികള്‍ക്ക് തന്നെ നല്‍കും എന്ന് അവര്‍ പറഞ്ഞിട്ടുണ്ടല്ലോ ?"

നേതാവ് : "സദ്ദാമില്‍ നിന്നും ഞങ്ങളെ രക്ഷിക്കുകയായിരുന്നു അമേരിക്കയുടെ ഉദ്ദേശ്യം എന്ന് വിദ്യാഭ്യാസം ഉള്ള താങ്കള്‍ കരുതുന്നുണ്ടോ? സദ്ദാം തീര്‍ത്തും ഏകാധിപതിയായ ഭരണാധികാരിയായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. പക്ഷേ അദ്ദേഹമാണ് ഇറാക്കിനെ വികസന പാതയില്‍ എത്തിച്ചത്. നിങ്ങള്‍ക്കറിയുമോ ഞങ്ങള്‍ എല്ലാം ഉന്നത വിദ്യാഭ്യാസം നേടിയവര്‍ തന്നെയാണ്. ഞാന്‍ ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ്.അത് പോലെ എന്നോടൊപ്പം ഇവിടെ ഉള്ളവര്‍ എല്ലാം ബിരുദവും ബിരുദാനന്ത ബിരുദവും നേടിയവരാണ്. പരിക്ക് പറ്റി കിടക്കുന്നതില്‍ ഒരാള്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആണ്. അല്ലാതെ ലോക കാര്യങ്ങള്‍ അറിയാത്ത നിരക്ഷര മഠയരല്ല ഞങ്ങള്‍. എല്ലാ ഇറാക്കികളും അമേരിക്കക്ക് എതിരാണ്. എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഞങ്ങളെ സഹായിക്കുന്നുണ്ട്. നിങ്ങളെ തട്ടിക്കൊണ്ട് വരാന്‍ ഞങ്ങളെ സഹായിച്ചത് നിങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയ കടയുടെ ഉടമസ്ഥനായിരുന്നു. സൈനികര്‍ ഉച്ചക്ക് അവിടെ വന്നു പരിശോധന നടത്തിയിരുന്നു. പ്രധാനപ്പെട്ട വ്യക്തികള്‍ കടയിലേക്ക് വരാനുള്ള സാധ്യത ഉണ്ടെങ്കിലാണ് അത്തരത്തിലുള്ള പരിശോധന നടക്കുക. ആ വിവരം കടക്കാരന്‍ ഞങ്ങള്‍ക്ക്‌ നല്‍കി. നിങ്ങള്‍ അവിടെ എത്തിയപ്പോഴും ഞങ്ങള്‍ക്ക്‌ വിവരം ലഭിച്ചു. അതുകൊണ്ടാണ് നിങ്ങളെ റാഞ്ചാന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞത്."

നേതാവിന്റെ വാക്കുകള്‍ സുധി അത്ഭുതത്തോടെ ശ്രവിച്ചു.

"പിന്നെ നിങ്ങള്‍ ചികിത്സക്കായി ആവശ്യപ്പെടുന്ന മരുന്നുകള്‍ എല്ലാം ഇറാക്കികള്‍ നടത്തുന്ന കടകളില്‍ നിന്നും സൗജന്യമായാണ് ഞങ്ങള്‍ക്ക്‌ ലഭിക്കുന്നത്. അങ്ങിനെ പലരും ഈ പ്രതിരോധത്തില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും ഞങ്ങളോട് സഹകരിക്കുന്നുണ്ട്. അമേരിക്ക ഞങ്ങളെ ആക്രമിച്ചത് രണ്ടു മൂന്ന് കാര്യങ്ങള്‍ക്കാണ്. ഒന്നാമത്തെ കാര്യം എണ്ണ തന്നെയാണ്. രണ്ടാമത്തെ കാര്യം സെപ്തംബര്‍ ആക്രമണത്തിനു ശേഷം നഷ്ടപ്പെട്ട അവരുടെ പ്രതിച്ഛായ വീണ്ടെടുക്കുക. അമേരിക്കക്ക് എതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തുക. അവരുടെ ആഭ്യന്തര പ്രശ്നങ്ങള്‍ മറച്ചു വെക്കുക. അതിനാണ് കള്ളനും ചതിയനുമായ ബുഷ്‌ ശ്രമിച്ചത്. അതിനു അവരുടെ വളര്‍ത്തു നായയായ ബ്രിട്ടന്റെ സഹായവും ലഭിച്ചു. പിന്നെ ചാവാലി പട്ടികളായ നിങ്ങളുടെയെല്ലാം നേതാക്കളും മൗനത്തിലൂടെ അവരെ പിന്താങ്ങി. അവര്‍ ഇറാക്കിനെ ആക്രമിക്കാന്‍ കാരണം പറഞ്ഞത് ഞങ്ങള്‍ക്ക്‌ ആണവായുധം ഉണ്ട് എന്നതാണ്. ഇറാക്കില്‍ ആണവായുധം ഇല്ലെന്ന് ആയുധ പരിശോധകര്‍ ലോകത്തോട്‌ പറഞ്ഞതല്ലേ? ആണവായുധം ഉള്ള രാജ്യങ്ങളെ ആക്രമിക്കാന്‍ അമേരിക്കക്ക് എന്താണ് അവകാശം? അവര്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നില്ലേ?? അമേരിക്കക്ക്‌ എന്തും ചെയ്യാം എന്നും, മറ്റുള്ളവര്‍ക്ക് അത് ചെയ്യണമെങ്കില്‍ അമേരിക്കയുടെ സമ്മത പത്രം വേണം എന്നതും ന്യായമാണോ ????"

നേതാവിന്റെ ആവേശം നിയന്ത്രിക്കാന്‍ കഴിയുന്നതായിരുന്നില്ല.

"ഇറാക്കികള്‍ ഒരിക്കലും തങ്ങളെ സദ്ദാമിന്റെ ഭരണത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കണം എന്ന് അമേരിക്കയോട്‌ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ അവര്‍ എന്തിനാണ് ഇറാക്കില്‍ വരുന്നത്? സദ്ദാമിന്റെ പേരില്‍ കൊന്നൊടുക്കിയ നിരപരാധികള്‍ക്ക് ജീവന്‍ തിരിച്ചു നല്‍കാന്‍ അമേരിക്കയെക്കൊണ്ടാകുമോ ??? ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ജീവന് ആര് തിരിച്ചു തരും ? കെട്ടിടങ്ങളും മറ്റും തകര്‍ത്ത്‌ അവര്‍ ഇറാക്കിന്റെ വളര്‍ച്ച പൂര്‍ണ്ണമായും നശിപ്പിച്ചില്ലേ ??? സദ്ദാം മാത്രമായിരുന്നു ലക്ഷ്യം എങ്കില്‍ സദ്ദാമിനെ പിടി കൂടിയ ശേഷവും അവര്‍ എന്തിനാണ് ഇവിടെ തുടരുന്നത് ??? ഇറാക്കിന്റെ സമ്പത്ത്‌ മുഴുവന്‍ ആ കാട്ടുകള്ളന്മാര്‍ ചോര്‍ത്തും. ഇതെല്ലാം കണ്ടു ആണായി പിറന്ന ഞങ്ങള്‍ വെറുതെ നോക്കി ഇരിക്കണം എന്നാണോ ഡോക്ടര്‍ പറയുന്നത് ????"

അല്‍പ സമയത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല...

സുധി : "അമേരിക്ക ഒരുപാട് നിരപരാധികളെ കൊന്നൊടുക്കി എന്ന് പറയുന്നത് ശരിയാണ്. ലോകം മുഴുവനും ആ സത്യം അംഗീകരിക്കുന്നുമുണ്ട്. നിങ്ങളെ ആക്രമിക്കാന്‍ തീരുമാനിച്ചത്‌ അമേരിക്കന്‍ ഭരണകൂടം ആണ്. അമേരിക്കയില്‍ തന്നെ ജനലക്ഷങ്ങള്‍ യുദ്ധത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നല്ലോ ?? മറ്റു രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് വന്ന നിരപരാധികളെ വധിച്ചാല്‍ അത് ഇറാക്കികള്‍ കൊല്ലപ്പെട്ടതിനുള്ള പരിഹാരം ആകുമോ ???"

സുധി തന്റെ ന്യായങ്ങള്‍ നിരത്തി...

"ഞങ്ങള്‍ മറ്റു രാജ്യങ്ങളില്‍ പോയി അവിടെയുള്ളവരെ ആക്രമിച്ചു കൊല്ലുന്നില്ല. മറ്റു പലരും നടത്തുന്ന ഭീകര - തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ഞങ്ങളെ താരതമ്യം ചെയ്യേണ്ടതില്ല. എല്ലാം ഇസ്ലമിന്റെ തലയില്‍ കെട്ടിവെച്ചു മുസ്ലിങ്ങളെ അക്രമികളായി ചിത്രീകരികരിക്കുകയല്ലേ ചെയ്യുന്നത്? ഒരു ക്രിസ്ത്യന്‍ പേരുള്ള വ്യക്തി ചെയ്യുന്ന കൊലപാതകങ്ങള്‍ മുഴുവന്‍ ക്രിസ്തുമതത്തിന്റെ മേല്‍ കെട്ടിവെച്ചാല്‍ ക്രിസ്ത്യാനികള്‍ അത് അംഗീകരിക്കുമോ ? ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക്‌ എതിരെ പോരാടിയ സ്വാതന്ത്ര സമര സേനാനികളെ നിങ്ങള്‍ ഭീകരര്‍ എന്ന് വിശേഷിപ്പിക്കുമോ ??? ഞങ്ങളുടെ നാട്ടില്‍ വന്നു മുതലെടുപ്പ്‌ നടത്തുന്നവരെ മാത്രമാണ് ഞങ്ങള്‍ വധിക്കുന്നത്. ഞങ്ങളുടെ ഇറാക്കിന്റെ ദുരിതം മുതലെടുക്കുകയല്ലേ നിങ്ങളെ പോലെയുള്ളവര്‍ ചെയ്യുന്നത്???? ഇങ്ങിനെ നിങ്ങളെ പോലെ വരുന്നവരെ തടവില്‍ വെക്കുകയും, കൊലപ്പെടുത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് അമേരിക്ക അല്‍പ്പമെങ്കിലും ഭയപ്പെടുന്നത്. ഞങ്ങള്‍ ഇത്തരത്തിലെങ്കിലും പ്രതിഷേധിച്ചില്ലെങ്കില്‍ അവര്‍ ഇവിടെ പൂര്‍ണ്ണാധികാരം സ്ഥാപിക്കും. മറ്റു രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധ വിരുദ്ധ പ്രകടനങ്ങള്‍ കൊണ്ട് ഞങ്ങളുടെ പ്രശ്നങ്ങള്‍ തീരില്ല. ഞങ്ങള്‍ക്ക്‌ വേണ്ടത്‌ വിദേശ സൈന്യത്തിന്റെ പൂര്‍ണ്ണ പിന്മാറ്റം ആണ്. മാത്രമല്ല, ഈ ആക്രമണം മൂലം ഇറാക്കിനുണ്ടായ എല്ലാ നഷ്ടങ്ങള്‍ക്കും അമേരിക്ക പരിഹാരം കണ്ടെത്തണം. രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിന്റെ പൂര്‍ണ്ണ ചിലവു അവര്‍ വഹിക്കണം. അമേരിക്ക തടവിലാക്കിയ ഇറാക്കി പോരാളികളെ പൂര്‍ണ്ണ നഗ്നരാക്കി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ??? എത്ര എത്ര ഇറാക്കി വനിതകളെയാണ് വിദേശ സൈനികര്‍ ബലാല്‍സംഗത്തിന് ഇരയാക്കിയത് ???? അത്തരം ഹീന പ്രവര്‍ത്തികളെ പ്രതിരോധിക്കാന്‍ ഇതല്ലാതെ മറ്റെന്ത് വഴിയാണ് ഞങ്ങളുടെ മുന്നില്‍ ഉള്ളത്. ഡോക്ടറെ തടവില്‍ ആക്കിയ ശേഷം ഞങ്ങള്‍ പീഡിപ്പിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്തോ ??? ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങള്‍ക്കും നല്‍കിയില്ലേ ???"

"ഈ നില്‍ക്കുന്നവന്റെ മുന്നില്‍ വെച്ച് പതിനൊന്നുകാരിയായ സഹോദരിയെ അമേരിക്കന്‍ സൈനികന്‍ ബലാല്‍സംഘം ചെയ്തപ്പോള്‍ അവന്‍ അയാളെ കഴുത്തില്‍ കത്തി കയറ്റി. അതോടെ അവന്‍ ഭീകരവാദിയായി. അവന്റെ ഭാര്യയുടെ ദേഹത്ത് കൈവെച്ച സൈനികന് നേരെ ദേഷ്യപ്പെട്ട മാതാവിനെ തോക്ക് കൊണ്ട് അടിച്ചു വീഴ്ത്തിയപ്പോള്‍ അവന്‍ കയ്യില്‍ കിട്ടിയ ഇരുമ്പ് ദണ്ട് കൊണ്ട് ആ സൈനികന്റെ കൈകളും കാലുകളും ഒടിച്ചു. അതോടെ അവന്‍ തീവ്രവാദിയായി. ആ മൂലയില്‍ നില്‍ക്കുന്നവന്റെ ഭാര്യയുടെ നേരെ കയ്യേറ്റത്തിനു ചെന്ന ബ്രിട്ടീഷ് സൈനികനെ അവള്‍ പ്രതിരോധിച്ചപ്പോള്‍ അവളുടെ വലത്തെ കണ്ണില്‍ തോക്ക് കൊണ്ട് കുത്തുകയാണ് സൈനികന്‍ ചെയ്തത്. അതുകണ്ട ഇവനും കത്തിയെടുത്ത് സൈനികന്റെ നെഞ്ചില്‍ കുത്തി ഒരു കുത്ത്.  അതോടെ ഇവനും ഇസ്ലാമിക അക്രമകാരിയായി. ഇതെല്ലാം കണ്ട് ഞങ്ങള്‍ വെറുതെയിരുന്ന് അമേരിക്കയേയും വാലാട്ടി പട്ടികളേയും പുകഴ്ത്തി സമധാനത്തിനുള്ള നോബല്‍ സമ്മാനം വാങ്ങണം എന്നാണോ നിങ്ങള്‍ പറയുന്നത് ?"

വൈകാരികത നിറഞ്ഞതായിരുന്നു നേതാവിന്റെ വാക്കുകള്‍.
അപകടാവസ്ഥയില്‍ കിടക്കുന്ന ഈ അവസ്ഥയിലും അമേരിക്കക്ക് എതിരെയുള്ള നേതാവിന്റെ അടങ്ങാത്ത ആവേശം കണ്ടപ്പോള്‍ സദ്ദാം മാത്രമല്ല, ഇറാക്കികള്‍ എല്ലാം ചങ്കൂറ്റം ഉള്ളവരാണ് എന്ന് സുധിക്ക്‌ തോന്നി.

നേതാവ് തുറന്ന് സംസാരിക്കുന്നത് കണ്ടപ്പോള്‍ സുധിക്കും ആശ്വാസമായി.
"ഇവിടേക്ക് ജോലിക്ക് വരുന്നവര്‍ ഒരിക്കലും ഇറാക്കികളുടെ സ്വത്ത്‌ മോഹിച്ചല്ല. പലരും പ്രാരാബ്ദം മൂലം ഈ സാഹചര്യത്തിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. എന്റെ കാര്യം നിങ്ങള്‍ക്ക്‌ അറിയാമല്ലോ. ഇതിനേക്കാള്‍ നല്ല ശമ്പളം ലഭിക്കുന്ന മറ്റൊരു ഓഫര്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ അവിടേക്ക് പോകുമായിരുന്നു. അത് തന്നെയാണ് ഇവിടെ ജോലി ചെയ്യുന്ന മറ്റു ഭൂരിപക്ഷം ആളുകളുടെയും അവസ്ഥ.അവരില്‍ പലര്‍ക്കും ഇറാക്കികളോട് സ്നേഹം ഉണ്ട്. എനിക്കും ഇറാക്കിനോട്‌ സ്നേഹം ഉണ്ട്. പക്ഷേ ഞാനോ, എന്നെ പോലെ ഉള്ളവരോ ഇറാക്കിനെ ആക്രമിക്കരുത് എന്ന് ആവശ്യപ്പെട്ടിട്ട് കാര്യം ഇല്ല. ഐക്യരാഷ്ട്ര സഭയെ പോലും അമേരിക്ക ധിക്കരിച്ചില്ലേ ??? ഇനി നിങ്ങള്‍ എന്നെ വധിച്ചാലും ഇല്ലെങ്കിലും ഒരു സത്യം പറയാം. എനിക്ക് ഇറാക്കികളോട് സ്നേഹം ഉണ്ട്. സഹതാപവും. നിങ്ങളുടെ പ്രീതി സമ്പാദിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നത്. വേണമെങ്കില്‍ വിശ്വസിക്കാം."

സുധിയുടെ വാക്കുകള്‍ ആശ്ചര്യത്തോടെയാണ് നേതാവ് ശ്രവിച്ചത്.
മുറിയില്‍ ഉണ്ടായിരുന്നവര്‍ പരസ്പരം നോക്കി.

സുധി തുടര്‍ന്നു...

"നിങ്ങള്‍ ഒരുപാട് നിരപരാധികളെ വധിച്ചതുക്കൊണ്ടോ, അക്രമണം നടത്തിയതുക്കൊണ്ടോ മാത്രം അമേരിക്കന്‍ സൈന്യത്തെ ഇറാക്കില്‍ നിന്നും തിരിച്ചയക്കാന്‍ കഴിയില്ല. നിങ്ങള്‍ നടത്തുന്ന ആക്രമണങ്ങളാല്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള വിദേശ സൈനികര്‍ കൊല്ലപ്പെടുന്നുണ്ട് എന്നത്‌ ശരി തന്നെ. അത് അമേരിക്കയെയും മറ്റും ബുദ്ധിമുട്ടിക്കുന്നും ഉണ്ട്. എന്നാല്‍ ഒരു സൈനികന്‍ കൊല്ലപ്പെടുമ്പോള്‍ പകരമായി അവര്‍ രണ്ടു പുതിയ സൈനികരെ ഇറാക്കിലേക്ക് എത്തിക്കുന്നു. അവര്‍ക്ക്‌ അത്യാധുനിക ആയുധങ്ങളും സൗകര്യങ്ങളും ഉണ്ട്. നിങ്ങള്‍ എത്ര ആക്രമണങ്ങള്‍ നടത്തിയാലും ഇറക്കിലുള്ള മുഴുവന്‍ വിദേശ സൈനികരെയും വധിക്കാന്‍ കഴിയില്ല. നിങ്ങളുടെ കൂടെ ഉള്ളവരും ഇതിനോടൊപ്പം കൊല്ലപ്പെടുന്നുണ്ട്. നിങ്ങളുടെ ശക്തി ക്ഷയിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, നിങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ ലോകജനതയുടെ മനസ്സില്‍ ഇറാക്കികള്‍ ഭീകരര്‍ ആണ് എന്ന പ്രതിച്ഛായ വളരെ വേഗത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ അമേരിക്കയെ സഹായിക്കുന്നു. ഇപ്പോള്‍ അവര്‍ വിജയകരമായി ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം അതാണല്ലോ. ഇറാക്കിനെ ആക്രമിക്കാന്‍ ഉത്തരവിട്ട അമേരിക്കന്‍ പ്രസിഡന്റോ മറ്റോ ഇറാക്കിലേക്ക് വരുന്നില്ല. അവര്‍ സുരക്ഷിതരായി കഴിയുകയാണ്. അവരുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടാത്തിടത്തോളം അവര്‍ ഇറാക്കില്‍ നിന്നും പിന്‍മാറുകയും ഇല്ല.നന്നായി ആലോചിച്ച്, ക്ഷമയോടെ ബുദ്ധി ഉപയോഗിച്ച് നീങ്ങിയാല്‍ മാത്രമേ ഇറാക്കിനെ ആ നീചന്മാരുടെ കയ്യില്‍ നിന്നും നിങ്ങള്‍ക്ക്‌ മോചിപ്പിക്കാന്‍ കഴിയൂ."

സുധി തന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ തുറന്നു പറഞ്ഞു..
നേതാവ് ക്ഷമയോടെ എല്ലാം ശ്രവിച്ചു.

സുധി പറഞ്ഞതില്‍ കാര്യമുണ്ടെന്നു നേതാവിനും തോന്നി.

കുറച്ചു സമയത്തേക്ക് ആ മുറിയില്‍ ശബ്ദം ഒന്നും ഉയര്‍ന്നില്ല.

"നിങ്ങളുടെ അഭിപ്രായത്തില്‍ ഇറാക്കിനെ രക്ഷിക്കാന്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് ?" നിശബ്ദതക്ക് വിരാമമിട്ടുകൊണ്ട് നേതാവ് ചോദിച്ചു.

സുധി : "നിങ്ങള്‍ ഇവിടെ ജോലിക്കായി വരുന്ന വിദേശികളേയോ, സൈനികരെയോ തട്ടി കൊണ്ട് പോരുന്നതിന് പകരം അമേരിക്കയിലെയോ, ബ്രിട്ടനിലെയോ ഭരണാധികാരികളെ റാഞ്ചണം. അവരുടെ ജീവന്‍ വെച്ച് നിങ്ങള്‍ ഇറാക്കിന്റെ മോചനത്തിനായി വിലപേശല്‍ നടത്തണം. അപ്പോള്‍ മാത്രമേ അവര്‍ നിങ്ങളുടെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയുള്ളൂ. അല്ലെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ നടത്തുന്ന ഈ പോരാട്ടം അര്‍ത്ഥ ശൂന്യവും വിഫലവുമായി തീരും. ഈ പോരാട്ടത്തിന് വേണ്ടി ഒരുപാട് ധീരരായ ഇറാക്കികള്‍ ജീവന്‍ ബാലികൊടുക്കും. ഒരുപാട് പേര്‍ പരിക്ക് പറ്റിയ ജീവച്ചവങ്ങള്‍ ആയി മാറും. അതോടെ ഇറാക്കി ജനതയുടെ പ്രതികരണ ശേഷി നഷ്ടപ്പെടും. അമേരിക്കയുടെ ഇറാക്കിനു മേല്‍ ഉള്ള ആധിപത്യം അതോടെ സമ്പൂര്‍ണ്ണവുമാവും. ധീരരായ ഇറാക്കികള്‍ ആരോഗ്യത്തോടെയും ജീവനോടെയും ഉണ്ടായാല്‍ മാത്രമേ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയൂ."

വീണ്ടും ആ മുറിയില്‍ നിന്നും ശബ്ദ തരംഗങ്ങള്‍ അന്യമായി.....

"ഡോക്ടര്‍ പറയുമ്പോലെ അമേരിക്കയുടെയോ ബ്രിട്ടന്റെയോ ഭരണാധികാരികളെ റാഞ്ചാന്‍ കഴിയില്ല.അവരെല്ലാം അവരുടെ നാട്ടിലാണ്.കനത്ത സുരക്ഷയും അവര്‍ക്ക്‌ ഉണ്ട്. നിങ്ങളുടെ ആ അഭിപ്രായത്തോട്‌ എനിക്ക് യോജിക്കാന്‍ കഴിയില്ല. അത് പ്രായോഗികമായി നടക്കുന്ന കാര്യം അല്ല." നേതാവ് കുറച്ചു സമയത്തെ ചിന്തകള്‍ക്ക്‌ ശേഷം പറഞ്ഞു.

സുധി : 'അവിടെയാണ് നമ്മള്‍ ബുദ്ധി ഉപയോഗിക്കേണ്ടത്. നമുക്കൊരിക്കലും അമേരിക്കയിലോ ബ്രിട്ടനിലോ ചെന്ന് അവരുടെ ഭരണാധികാരികളെ തട്ടിക്കൊണ്ടു പോരാന്‍ കഴിയില്ല. അത് വാസ്തവമാണ്. അവരെ ഇവിടെ, ഈ ഇറാക്കിന്റെ മണ്ണില്‍ വരുത്തണം. അതിനു ശേഷം റാഞ്ചണം.അതിനുള്ള സാഹചര്യം ഉണ്ടാക്കണം. അത്തരത്തിലുള്ള ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കാനുള്ള വഴികളെ കുറിച്ചാണ് നാം ആലോചിക്കേണ്ടത്. അത് ഒന്നു രണ്ടു ദിവസങ്ങള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ കഴിയുന്ന കാര്യമല്ല എന്നെനിക്കറിയാം. അത് വരെ കാത്തിരിക്കാനുള്ള ക്ഷമ നമുക്കുണ്ടാവണം."

സുധിയുടെ "നമ്മള്‍" പ്രയോഗം കേട്ടപ്പോള്‍ നേതാവിന് ഒരു സംശയം...
"നിങ്ങളും ഞങ്ങളോടൊപ്പം ചെരുകയാണോ ?"അദ്ദേഹം ചോദിച്ചു....

"ഇറാക്കിന്റെ മോചനത്തിനായുള്ള ഏതു ശ്രമത്തിനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഒരുക്കമാണ്."

സുധിയുടെ ഈ മറുപടി അവിടെയുണ്ടായിരുന്നവരെ അത്ഭുതപ്പെടുത്തി.
അവര്‍ പരസ്പരം നോക്കി.....
(തുടരും....:)

17 comments:

 1. പുതിയൊരു ട്വിസ്റ്റ്‌ ആണല്ലോ.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

  ReplyDelete
 2. ഇടയ്ക്കു വെച്ച് നഷ്ടപ്പെട്ട തുടര്‍വായന തുടങ്ങാനൊരു മടി.ഒരുപാട് വായിക്കേണ്ടേ?നോക്കട്ടെ....പറ്റിയാല്‍ പ്രതികരിക്കാം.

  ReplyDelete
 3. vaayikkunnundu...thudaruka...keep the spirit up.

  ReplyDelete
 4. ആഹാ ആകാംശാഭരിതമായി കാത്തിരിക്കുന്നു സ്നേഹാശംസകള്‍ @ PUNYAVAALAN

  ReplyDelete
 5. അല്ല ഈ സുധി ഡാക്കിട്ടരും അവരുടെ ആളായോ? വായനക്കാരെ മുള്‍ മുനയില്‍ നിര്ത്തിയിട്ടാണല്ലോ നിര്‍ത്തിയത്‌ . ആകാംഷയോടെ അടുത്ത ലക്കം കാത്തു നില്‍ക്കുന്നു ,..........

  ReplyDelete
 6. ആഹാ ഇങ്ങനെ ഒരു തുടര്‍ക്കഥ ഇതിലുണ്ടായിരുന്നോ ഇപ്പോലാനല്ലോ ശ്രദ്ധിക്കുന്നത്...

  വായിച്ചപ്പോള്‍ രസകരമായി തോന്നി, ഇരകള്‍ വേടന്മാരാവുന്നതിന്റെ ഒരു നേര്‍ചിത്രം പോലെ... സമയം പോലെ വന്നു മറ്റുള്ള ഭാഗങ്ങള്‍ വായിക്കാം

  ReplyDelete
 7. ഡോക്ടർ സുധിയിലൂടെ സംസാരിച്ചത് ഡോക്ടർ അബ്സാർ തന്നെയല്ല. അല്ല. ഇത് മാനവ സംസ്കൃതി പിച്ചവെച്ച ആ നാടിനെ സ്നേഹിക്കുന്ന, ആ നാടിനെ കൊള്ളയടിക്കുന്ന പ്രബലരായ ഉപജാപ സംഘങ്ങളുടെ തിന്മകളെ എതിർക്കുന്ന എല്ലാവരുടേയും ശബ്ദമാണ്.....

  നടകീയമായ പരിസര നിർമിതിയിലൂടെ പറയുമ്പോൾ വായന ആസ്വാദ്യകരം....
  തുടരുക ഡോക്ടർ....

  ReplyDelete
 8. ട്വിസ്റ്റ്, ട്വിസ്റ്റ്....എങ്ങോട്ടാണ് കഥയുടെ പോക്ക്.....ആകാംഷ ആകാംഷ....

  ReplyDelete
 9. അങ്ങനെ സുധിയെന്ന ഡോക്ക്ടര്‍ തീവ്രവാദികളുടെ ഗുരുവാകുന്നതിലേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌. എന്തായാലും അധിനിവേശ ഇറാഖിന്‌റെ സമകാലിക അവസ്ഥയിലേക്ക്‌ വിരല്‍ ചൂണ്‌ടിക്കൊണ്‌ട്‌ തുടര്‍ക്കഥ മുന്നോട്ട്‌ പോകുന്നുണ്‌ട്‌ ആശംസകള്‍

  ReplyDelete
 10. അങ്ങിനെ dr. സുധി തീവ്രവാദികളുടെ നേതാവ് ആകുമോ? കാത്തിരുന്നുകാണാം അല്ലെ?... ഗംഭീരം ആകുന്നുണ്ട്. പോരട്ടെ പോരട്ടെ ..

  ReplyDelete
 11. കൊള്ളം! Keep it Up!

  ReplyDelete
 12. പെട്ടെന്ന് പോരട്ടെ ബാക്കി..

  ReplyDelete
 13. Replies
  1. വൈകിപോകുന്നു... സമയം എല്ലാ പ്ലാനും തെറ്റിക്കുന്നു... വൈകാതെ ഇടാന്‍ നോക്കാം.. ഇന്ഷാ അല്ലാഹ്

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....