Saturday, December 08, 2012

പോസ്റ്റ്‌മോര്‍ട്ട മഹോത്സവം


ഒരു വ്യക്തിയുടെ മരണം എപ്പോൾ, എങ്ങിനെ  സംഭവിച്ചു എന്നു ശാസ്ത്രീയമായ രീതിയിൽ നിർണ്ണയിക്കുന്നതിനുള്ള ശസ്ത്രക്രിയാ രീതിയാണ് പോസ്റ്റ്മോർട്ടം. ഇംഗ്ലീഷിൽ ഒട്ടോപ്സി (Autopsy) എന്നും ഇത് അറിയപ്പെടുന്നു. ഈ പ്രക്രിയയിൽ മരിച്ച വ്യക്തിയുടെ ശരീരം ബാഹ്യവും ആന്തരികവുമായ വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നു. ഈ പ്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയ ഡോക്റ്ററെ പതോളജിസ്റ്റ് എന്ന് വിളിക്കുന്നു.

പോസ്റ്റ്മോർട്ടം കൂടുതലായും നിയമപരമായ കാരണങ്ങളാലാണ് നടത്തപ്പെടുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളിൽ മരണ കാരണമായ രോഗാവസ്ഥയെ തിരിച്ചറിയാനായും പോസ്റ്റ്മോർട്ടം ചെയ്യുന്നു. ക്രിമിനൽ കേസുകൾ, അപകടങ്ങൾ, ആത്മഹത്യകൾ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടു നടത്തുന്ന പോസ്റ്റ്മോർട്ടത്തെ ഫോറൻസിക് ഒട്ടോപ്സി എന്നും, രോഗാവസ്ഥ കണ്ടുപിടിക്കാനായും, മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കായും നടത്തുന്ന പോസ്റ്റ്മോർട്ടത്തെ ക്ലിനിക്കൽ അല്ലെങ്കിൽ അക്കാഡമിക് ഒട്ടോപ്സി എന്നും വിളിക്കുന്നു.

മൃതശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ വിശദമായി പരിശോധിച്ച ശേഷം, നെഞ്ച്, ഉദരം, തലയോട് എന്നിവ തുറന്നുള്ള പരിശോധനകളും പോസ്റ്റ്‌ മോര്‍ട്ടത്തിന്റെ ഭാഗമാണ്. പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയ മൃതദേഹം അതിനുശേഷം തുന്നിച്ചേർത്ത് പൊതുദർശനത്തിനുതകുന്ന രിതിയിൽ മാറ്റിയെടുക്കുന്നതും പോസ്റ്റ്മോർട്ടം പ്രക്രിയയുടെ ഭാഗമാണ്.

പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ആന്തരാവയവങ്ങൾ, രക്തം, ആഹാരാവശിഷ്ടങ്ങൾ തുടങ്ങിയവയുടെ സാമ്പിളുകൾ വിശദമായ ഫോറൻസിക് പരിശോധനകൾക്കായി എടുക്കാറുണ്ട്. ഈ പരിശോധനാ റിപ്പോർട്ടുകളുടെയും, പോസ്റ്റ്മോർട്ടം നടത്തുന്ന അവസരത്തിൽ പതോളജിസ്റ്റ് നേരിൽ കണ്ടുമനസ്സിലാക്കുന്ന കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ട് തയ്യാറാക്കുന്നത്.

"സ്വയമേവ കാണുക" എന്നർത്ഥമുള്ള ഗ്രീക്ക് വാക്കായ ഒട്ടോ‌പ്‌സിയ എന്ന വാക്കിൽ നിന്നാണ് ഇംഗ്ലീഷിലെ ഒട്ടോപ്‌സി എന്ന വാക്കിന്റെ ഉത്ഭവം. ചരിത്രം പരിശോധിച്ചാൽ, മനുഷ്യശരീരം തുറന്ന് ആന്തരികാവയങ്ങൾ പുറത്തെടുക്കുകയും പരിശോധിക്കുകയും, സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്ന പ്രക്രിയ, ബി.സി. 3000 നോടടുത്ത് പുരാതന ഈജിപ്‌ഷ്യന്മാർ മമ്മികൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ചെയ്തിരുന്നു എന്ന് കാണാം.

മരണകാരണം നിർണ്ണയിക്കുന്നതിന്റെ ഭാഗമായി ശവശരീരങ്ങൾ തുറന്നു പരിശോധിക്കുന്നത് മറ്റു പല പ്രാചീന നാഗരികതകളും അംഗീകരിച്ചീരുന്നില്ല. ഇപ്രകാരം ശരീരം തുറക്കുന്നത്, മരിച്ച വ്യക്തിയുടെ മരണാനന്തര ജീവിതത്തിനു ഭംഗം വരുത്തും എന്ന വിശ്വാസമാണ് അന്നുണ്ടായിരുന്നത്. പുരാതന ഗ്രീക്കിൽ പോസ്റ്റ്മോർട്ടങ്ങൾ സാധാരണമല്ലായിരുന്നു. ബി.സി. 150തോടുകൂടി പുരാതന റോമർ നിയമനടപടികളിൽ, പോസ്റ്റ്മോർട്ടങ്ങളിൽ പാലിക്കേണ്ട നടപടികളെപ്പറ്റി കൃത്യമായ നിബന്ധനകൾ നിലവിൽ വന്നു. ബി.സി 44 ൽ, ജൂലിയസ് സീസർ വധിക്കപ്പെട്ടപ്പോൾ നടത്തിയ ഒട്ടോപ്‌സി റിപ്പോർട്ടിൽ, സീസറിന്റെ ശരീരത്തിലേറ്റ രണ്ടാമത്തെ കുത്ത് ആണ് മരണകാരണമായതെന്ന് രേഖപ്പെടുത്തിയിരുന്നു.

റോമാക്കാരുടെ പോസ്റ്റ്മോർട്ട പരിശോധനകൾ പല മാറ്റങ്ങളോടെ കൃത്യമായ നിഷ്കർഷകളില്ലാതെ വീണ്ടും അനേകവർഷങ്ങൾ തുടർന്നു. ഇന്ന് ഉപയോഗിക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനകൾ അനാറ്റമികൽ പതോളജി രീതിലുള്ളതാണ്. ജിയോവാനി ബറ്റീസ മൊർഗാഗ്‌നി (1682 - 1771) എന്ന ഇറ്റാലിയൻ അനാട്ടമിസ്റ്റ് ആണ് അനാട്ടമിക്ക് പതോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്. The Seats and Causes of Diseases Investigated by Anatomy എന്ന പേരിൽ ഇദ്ദേഹം 1769 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് പതോളജി ശാഖയിൽ എഴുതപ്പെട്ട ആദ്യ പ്രാമാണിക ഗ്രന്ഥം.

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വൈദ്യശാസ്ത്രജ്ഞനായിരുന്ന റുഡോൾഫ് വിർച്ചോവ് ഒട്ടോപ്സി രീതികളെ സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

നമ്മുടെ നാട്ടില്‍ അസ്വാഭാവിക മരണങ്ങള്‍ നടക്കുമ്പോള്‍ എല്ലാം പോസ്റ്റ്‌ മോര്‍ട്ടം നിയമപരമായി ചെയ്യേണ്ടി വരുന്നു. എന്നാല്‍ പല കേസുകളിലും അനാവശ്യമായി പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുന്നില്ലേ ?

പോസ്റ്റ്‌ മോര്‍ട്ടം ഇന്ന് ഒരു ഫാഷന്‍ ആയി മാറിക്കൊണ്ടിരിക്കുന്നുണ്ടോ ?

തന്റെ പ്രിയപ്പെട്ടവരുടെ ശരീരം ജീവന്‍ നിലച്ചതാണെങ്കിലും കീറി മുറിക്കാന്‍ ആരും ഇഷ്ടപ്പെടില്ല എന്നത് വാസ്തവമാണ്.

വ്യക്തമായ കാരണങ്ങള്‍ അറിയുന്ന, മരണകാരണം സംശയ രഹിതമായി ബോധ്യമുള്ള അവസ്ഥകളില്‍ പോസ്റ്റ്‌ മോര്‍ട്ടം ആവശ്യമുണ്ടോ ?
ഉദാഹരണത്തിനു കുഞ്ഞുങ്ങളെ ബസ് ഇടിച്ചുണ്ടാവുന്ന മരണങ്ങള്‍ തുടങ്ങി നിരവധി പേര്‍ സാക്ഷികള്‍ ഉള്ള സാഹചര്യങ്ങളില്‍ ഇത് ഒഴിവാക്കി കൂടേ ?

എന്താണ് ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായം ???

പണ്ട് ഒരു സ്കൂളിലേക്ക് മരം വീണു കുട്ടികള്‍ മരിച്ച സംഭവത്തില്‍ കരുണാകരന്‍ സി എം ആയിരിക്കുമ്പോള്‍ അവരുടെ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി ഉത്തരവിറക്കി എന്ന് കേട്ടിട്ടുണ്ട്.

മരണ കാരണത്തില്‍ ഒരു ശതമാനം എങ്കിലും സംശയം ഉണ്ടെങ്കില്‍ പോസ്റ്റ്‌ മോര്‍ട്ടം നടത്തട്ടെ. എന്തിനാണ് 100 ശതമാനം കാരണം ബോധ്യമുള്ള സാഹചര്യങ്ങളില്‍ ഇത് നടത്തുന്നത് ?
വാഹന അപടങ്ങളില്‍ മരിച്ചത് ഒരാള്‍ മദ്യപിച്ചാണോ വണ്ടി ഓടിച്ചത് എന്നറിയാന്‍ ശരീരം കീറി മുറിക്കേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ.
കുറച്ച് മുന്‍പ് വരെ നാട്ടുകാര്‍ ഇടപ്പെട്ട് ചില കേസുകള്‍ ഒക്കെ പോസ്റ്റ്‌ മോര്‍ട്ടം ഇല്ലാതെ ഒതുക്കി തീര്‍ത്തിരുന്നു. അതൊന്നും പിന്നീടു വിഷയമായി മാറിയിട്ടില്ല. എന്നാല്‍ ഇന്ന് ആ ഒതുക്കല്‍ ഒട്ടും നടക്കുന്നില്ല.റിസ്ക്ക് എടുക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് ഡോക്ടര്‍മാര്‍  ഇപ്പോള്‍ കാരണം വ്യക്തമായി അറിയുന്ന മരണങ്ങള്‍ക്ക് പോലും പോസ്റ്റ്‌മോര്‍ട്ടം നിര്‍ദ്ദേശിക്കുന്നു. ഇന്നത്തെ നിയമം അങ്ങിനെയാണ്. ആ നിയമത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ഡോക്ടര്‍മാര്‍ക്ക് വല്ലതും ചെയ്യാന്‍ കഴിയൂ. ഡോക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം, സാക്ഷികള്‍, പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരുട സമ്മത പത്രം ഉണ്ടെങ്കില്‍ പോസ്റ്റ്‌ മോര്‍ട്ടം ഒഴിവാക്കി കൊടുക്കാന്‍ ഉള്ള വകുപ്പ് കൊണ്ട് വരണം.

ആവശ്യത്തിനും അനാവശ്യത്തിനും നിയമ ഭേദഗതി നടത്തുന്ന നമ്മുടെ നാട്ടില്‍ ജനകീയമായ ഇത്തരമൊരു മാറ്റത്തിന് സമയമായില്ലേ ?

ഇത്തരത്തില്‍ ഒരു നിയമ മാറ്റം സാധ്യമല്ലേ ?

നിയമം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലേ ?
അനാവശ്യമായ ഒരു പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അത് ആ മൃതദേഹത്തോട് കാണിക്കുന്ന മാന്യത കൂടിയല്ലേ ?

പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ പോലും വെള്ളം ചേര്‍ത്ത് കേസുകള്‍ അട്ടിമറിച്ച പല സംഭവങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട് എന്ന കാര്യവും ഈ ഘട്ടത്തില്‍ വിസ്മരിക്കാതിരിക്കാം.

പ്രേരണ :
കഴിഞ്ഞയാഴ്ച ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു യുവാവ് സ്വന്തം വീടിന്റെ നിര്‍മ്മാണത്തിനിടയില്‍ മണ്ണ് ഇടിഞ്ഞു വീണു മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പടെയുള്ളവര്‍ സാക്ഷികളായി ഉണ്ടായിരുന്നു. മരണ കാരണം അതാണ്‌ എന്ന് എല്ലാവര്‍ക്കും അറിയാം. പോസ്റ്റ്‌ മോര്‍ട്ടം ഒഴിവാക്കാന്‍ നോക്കിയപ്പോഴേക്കും പ്രമുഖ ചാനലുകളില്‍ ഫ്ലാഷ് ന്യൂസ് വന്നു. അതോടെ പോസ്റ്റ്‌ മോര്‍ട്ടം ഒഴിവാക്കാന്‍ കഴിയില്ല എന്ന നിലയില്‍ ആശുപത്രിക്കാരും പോലീസും.
ഒടുവില്‍ പോസ്റ്റ്‌ മോര്‍ട്ടം നടത്തി.
അനാവശ്യമായ ഒരു പോസ്റ്റ്‌ മോര്‍ട്ടം !!!

അബസ്വരം :

പ്രിയപ്പെട്ടവരെ കീറി മുറിക്കാന്‍ ഇട്ടു കൊടുക്കുമ്പോഴേ അതിന്റെ വേദന അറിയൂ.

കടപ്പാട് :
വിക്കി


(ഈ പോസ്റ്റിന്റെ കമന്റുകളും വായിക്കാന്‍ മറക്കരുതേ....)


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക


40 comments:

 1. എന്റെ മനസ്സിലൂടെയും ഈ ചിന്തകള്‍ കടന്നു പോയിട്ടുണ്ട്.മാറ്റങ്ങള്‍ ആവശ്യമാണ്‌.

  ReplyDelete
 2. നല്ലത്. പ്രിയപെട്ടവരുടെ എന്ന് അല്ല മനുഷ്യരുടെത് മരണശേഷം കീറി മുറിച്ചത് കൊണ്ട് ആ മയ്യതിനു പ്രിതെകിച്ചു ഒന്നും സംഭവിക്കില്ല.....ആരുടേതായാലുംമരണം അത് വേദന തന്നെ യാണ്.എങ്കിലും പ്രിയപെട്ടവരുടെതിനു ആക്കം കൂടും എന്ന് മാത്രം.പോസ്ടുമാര്‍ട്ടം അത് അവിശ്യമെന്കില്‍ ചെയ്യക തന്നെ വേണം...മനസ്സില്‍ നൂറു സംശയങ്ങള്‍ ബാക്കി ആകാതിരിക്കാന്‍ അതാണ് നല്ലത്... ആശംസകള്‍ ...

  ReplyDelete
  Replies
  1. സംശയങ്ങള്‍ ഇല്ലെങ്കില്‍ ?

   Delete
  2. സംശയം ഉണ്ടെങ്കില്‍ എന്ന് ആണ് ഞാന്‍ പറഞ്ഞത്....

   Delete
  3. സംശയം ഉണ്ടെങ്കില്‍ നടത്തുന്നതില്‍ എതിര്‍പ്പ് ഇല്ല :)

   Delete
 3. നല്ലൊരു പോസ്റ്റ്‌......,,,,, ഇന്ന് ഏത് നിയമത്തിനും വലിയൊരു പഴുത് ഉണ്ട്... അത് സധാരണകാരന് കിട്ടാന്‍ ബുദ്ധിമുട്ടാണ്... അത് പോലെ നിയമങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നു.... ചിലകാര്യങ്ങളില്‍ നിയമങ്ങള്‍ പോളിചെഴുതെണ്ട സമയം കഴിഞ്ഞിരിക്കുന്നു....

  ReplyDelete
 4. എന്റെ പ്രിയപ്പെട്ട അബ്സാര്‍,മനസ്സില്‍ തട്ടുന്ന കുറിപ്പ്.മണ്ണിടിഞ്ഞു മരിച്ച അന്‍വര്‍ -അവനു അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ -അവന്റെ കുഞ്ഞു മക്കള്‍ക്കും ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും ആശ്വാസം നല്‍കട്ടെ......!
  ശരിക്കും എന്റെ ചിന്തയില്‍ കടന്നു വന്ന (വിശിഷ്യാ അന്‍വറിന്റെ ദാരുണമായ അത്യാഹിതത്തിനു ശേഷം )ഒരു വിഷയം എടുത്തിട്ടത് അനുയോജ്യമായി.എന്തിന് ...എന്തിന്....?!!! ഞാനും ചോദിക്കട്ടെ ഇങ്ങിനെ ഒരായിരം തവണ.കാരണം എന്റെ പ്രിയ പുത്രിക്കും ഇങ്ങിനെ ഒരനുഭവം കോഴിക്കോട് Medical College മോര്‍ച്ചറിയില്‍ നിന്നും ഞാന്‍ അനുഭവിച്ചതാണ്‌.!!. അത് പിന്നെ സംശയാസ്പദമായിരുന്നുവെന്നുണ്ട്...എന്റെ ഒരു കരള്‍ മുറിവ് കൂടി ഇതോടൊപ്പം പങ്കിട്ടെന്നു മാത്രം....

  ReplyDelete
  Replies
  1. അന്‍വറിനെയും നമ്മളെയും നാഥന്‍ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ

   Delete
  2. ഇക്കാക്കും ഇങ്ങിനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നത് പുതിയ അറിവാണ്.സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ.

   Delete
 5. എന്താ ചെയ്യാ ഒരോ ഉലക്കമേലെ നിയമങ്ങൾ

  ReplyDelete
 6. ഇന്നു ലോകത്ത് സംശയ നിവാരണത്തിന് ഒരു പരിഹാരം എന്ന നിലയില്‍ നടന്നു വരുന്ന ഒരു പ്രവണതയാണിത് .,.പക്ഷെ ഇത് ദുര്യുപയോഹം ചെയ്യപ്പെടുന്നു എന്നതും സത്യമാണ് ,.,.എന്‍റെ മോനെ ഒന്ന് കീറി മുറിക്കാതെ ഞാന്‍ പുറത്തെത്തിച്ചതിന്‍റെ കഷ്ടതകള്‍ ഏറെ അനുഭവിച്ച ഒരാളാണ് ഞാന്‍ .,.,.ആവശ്യത്തിനും അനാവശ്യത്തിനും ഇത് ചെയ്യപ്പെടുന്നത് വളരെ വേദന നെല്‍കുന്നതാണ്,.,.മരണ ശേഷവും വെദനിപ്പിക്കപ്പെടുന്നു ,.,.,ഇതിനു ശരിക്കും മാറ്റം ആവശ്യമാണ്‌ ,.,.,വളരെ ഹൃദയ സ്പര്‍ശിയായ ലേഖനം ,.,.,.,ആശംസകള്‍ .,.,.,

  ReplyDelete
  Replies
  1. നമ്മുടെ പ്രിയ്യപ്പെട്ടവര്‍ പലരും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് എന്നത് വേദനാജനകമാക്കുന്നു.മോന് പ്രാര്‍ഥനകള്‍.

   Delete
 7. ഈ വിഷയം മുമ്പ് ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ചില അഭിപ്രായങ്ങള്‍ ഞാനും പങ്കുവക്കുകയുണ്ടായി.. അതിലേക്ക് കടക്കും മുമ്പ് ഒരു കാര്യം പറയട്ടെ, പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് പത്തോളജിസ്റ്റ് അല്ല. ഫോരെന്‍സിക് സര്‍ജന്‍ ആണ്.. എല്ലാ പോസ്റ്റ്‌മോര്‍ട്ടം കേസുകളിലും പത്തോളജിസ്റ്റിന്റെ ആവശ്യവും വരുന്നില്ല..
  പോസ്റ്റ്‌മോര്‍ട്ടം ഒരു ഫാഷനോ.. ഒരു ഫാഷന് വേണ്ടി ആരെങ്കിലും പോസ്റ്റ്‌മോര്ടം ചെയ്യുന്നതോ, വേണമെന്ന് പറയുന്നതോ ഞാന്‍ കേട്ടിട്ടില്ല.. അങ്ങനെ ഉണ്ടെന്നു കരുതുന്നുമില്ല..
  മരിച്ചതിനു ശേഷം ശരീരം കീരിമുരിച്ചാല്‍ നഷ്ടപ്പെടുന്നത് എന്തെന്ന് ഒരു ഡോക്ടര്‍ക്ക് പറഞ്ഞു തരേണ്ട കാര്യമില്ല.. പിന്നെന്തിനു വെറും വൈകാരികമായി, അത് ഉണ്ടാക്കുന്ന വേദന ഡോക്ടര്‍ ചിത്രീകരിച്ചു എന്ന് എനിക്കറിയില്ല.. മരിച്ചത് പ്രിയപ്പെട്ടവരായാല്‍ നമുക്ക് വിഷമം കൂടും . അത് നേരാ.. എന്ന് വച്ച് ഒരു ഡോക്ടര്‍ ഒരിക്കലും പറയാന്‍ പാടില്ലായിരുന്നു, ശവശരീരം മുറിക്കുമ്പോള്‍ നോവുമെന്നു..
  ഒരാളുടെ മരണം ഏതെങ്കിലും വിധത്തില്‍ നിയമപരമായ കാര്യങ്ങള്‍ക്ക് വിധേയമാക്കുന്നെങ്കില്‍ അവിടെ പോസ്റ്റ്‌മോര്ടം നിര്‍ബന്ധമാണ്‌..,.. എന്ന് വച്ചാല്‍ പോലിസ് കേസ് ആയിട്ടുള്ള എല്ലാ മരണങ്ങളും അതിനു വിധേയമാക്കണം.. കാരണം, പിന്നീടുള്ള എല്ലാ നിയമപരമായ കാര്യങ്ങള്‍ക്കും ഒരു ഫോരെന്‍സിക് സര്‍ജന്‍ നല്‍കുന്ന മരണ സര്ടിഫികാറ്റ് ആണ് നോക്കുന്നത്.. മറ്റൊരു ഡോക്ടര്‍ നല്‍കുന്ന ഡെത്ത് സര്‍ട്ടിഫിക്കറ്റ്നു അവിടെ വിലയില്ല.. അത് മരണകാരണം സുവ്യക്തമായ മരണങ്ങളില്‍ പോലും.. അക്സിടെന്റില്‍ പെട്ട് മരിച്ചതാനെങ്കില്‍ കുടുംബത്തിനു ഇന്‍ഷുറന്‍സ് വല്ലതും കിട്ടനമെങ്കിലും ഈ പറഞ്ഞ ഡെത്ത് സര്‍ട്ടിഫിക്കറ്റ് വേണം.. ഇതൊക്കെ മാറാന്‍ നിയമം വേണമെന്ന് എനിക്ക് ഇനിയും തോന്നുന്നില്ല..
  മദ്യപിചിട്ടാണോ മരണം സംഭവിച്ചത് എന്നറിയാന്‍ ഇത് വരെയും പോസ്റ്റ്‌മോര്ടം നടത്തിയതായി അറിവില്ല.. അങ്ങനെ ഒരു മരണ സര്‍ട്ടിഫിക്കറ്റ്ലും എഴുതാരും ഇല്ല..
  ഏതെങ്കിലും ഒരു ഡോക്ടര്‍ക്ക് റിസ്ക്‌ എടുക്കാന്‍ വയ്യാഞ്ഞിട്റ്റ് പോസ്റ്റ്‌മോര്‍ട്ടം കൂടിയേ തീരു എന്ന് പറയാറില്ല.. ആ റിസ്ക്‌ കൂടുതലും ആ സ്ഥാപനത്തെയാണ് ബാധിക്കുക..
  ചുരുക്കം ചില കേസുകളില്‍ വേണ്ടപ്പെട്ടവര്‍ നിയമോപദേശം നല്‍കി പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കിയിട്ടുണ്ട്.. പക്ഷെ അത് എല്ലാ കാര്യങ്ങളിലും പ്രവര്‍ത്തികമല്ല എന്ന് മാത്രമല്ല അങ്ങനെ തുടങ്ങിയാല്‍ ഒരുപാട് മരണങ്ങള്‍ കാരണമില്ലാതെ കുഴിച്ചുമൂടപ്പെടാനും സാധ്യതയുണ്ട്..
  ഇപ്പോഴുള്ള നിയമങ്ങളോ രീതിയോ അനാവശ്യമാണ് എന്ന് എനിക്ക് അഭിപ്രായമില്ല..

  ReplyDelete
  Replies
  1. പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുന്ന വ്യക്തിയെ സാധാരണ വിളിക്കുന്ന പേര് ഫോറന്‍സിക് സര്‍ജന്‍ ആണെങ്കിലും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് പത്തോളജിസ്റ്റ് എന്നാണ്.

   An autopsy—also known as a post-mortem examination, necropsy (particularly as to non-human bodies), autopsia cadaverum, or obduction—is a highly specialized surgical procedure that consists of a thorough examination of a corpse to determine the cause and manner of death and to evaluate any disease or injury that may be present. It is usually performed by a specialized medical doctor called a pathologist.

   ബന്ധപ്പെട്ട വിക്കി ലിങ്കിനു ഇവിടെ ക്ലിക്കുക.


   Delete
  2. മരണ ശേഷം ശരീരം കീറി മുറിച്ചാല്‍ ആ മൃത ശരീരത്തിനു ഒന്നും നഷ്ടപ്പെട്ടു കൊള്ളണം എന്നില്ല. എന്നാല്‍ അത് പ്രിയപ്പട്ടവരെ കൂടുതല്‍ വേദനിപ്പിക്കും എന്നതാണ് വാസ്തവം. അനുഭവസ്ഥര്‍ നല്‍കിയ മുന്‍ കമന്റുകള്‍ നോക്കുമല്ലോ. ശവശരീരം മുറിക്കുമ്പോള്‍ മൃതശരീരത്തിനു നോവും എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഉണ്ടോ ?
   ഉണ്ടെങ്കില്‍ ചൂണ്ടികാണിക്കുമല്ലോ.

   അപകടമരണങ്ങളില്‍ എല്ലാം പോസ്റ്റ്‌ മോര്‍ട്ടം നടത്തുന്നില്ലേ ? ഒരാളുടെ ശരീരത്തില്‍ ലോറി കയറി ഇറങ്ങിയാല്‍ അയാള്‍ മരിക്കാന്‍ എന്താണ് കാരണം എന്ന് അന്യേഷിച്ചു ആ ശരീരം കീറി മുറിക്കേണ്ടതുണ്ടോ ? ഇനി അയാള്‍ മദ്യപിച്ചാണോ ലോറിയുടെ അടിയില്‍പ്പെട്ടത് എന്നൊക്കെ അറിയണം എങ്കില്‍ പോസ്റ്റ്‌ മോര്‍ട്ടം ആവശ്യമില്ല എന്നതാണ് ഞാന്‍ ഉദേശിച്ചത്. അക്കാര്യം വ്യകതമായിട്ടുണ്ടാവും എന്ന് കരുതുന്നു.

   പിന്നെ റിസ്ക്കിന്റെ കാര്യം. ഹോസ്പിറ്റല്‍ എന്ന സ്ഥാപനത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തി ഡോക്ടര്‍ തന്നെ ആണല്ലോ. അതുകൊണ്ടാണ് ഡോക്ടര്‍ എന്ന പദം ഉപയോഗിച്ചത്.

   മുന്‍ കാലങ്ങളില്‍ നിരവധി ഇത്തരം സാഹചര്യങ്ങളില്‍ പോസ്റ്റ്‌ മോര്‍ട്ടം ഒഴിവാക്കിയിരുന്നു. എന്നാല്‍ എന്ന് അപൂര്‍വ്വമാണ് എന്നോ ഇല്ല എന്ന് തന്നെയോ പറയാം.

   എല്ലാ കേസുകളിലും പോസ്റ്റ്‌ മോര്‍ട്ടം ഒഴിവാക്കണം എന്നല്ല ഞാന്‍ പറഞ്ഞത്. നൂറു ശതമാനം മരണ കാര്യം ഉറപ്പുള്ള കാര്യങ്ങളില്‍ ഒഴിവാക്കണം എന്നതാണ്. ഭാര്യയുടെയും നാട്ടുകാരുടെയും മുന്‍പില്‍ മണ്ണ് ഇടിഞ്ഞു വീണു മരിച്ച മനുഷ്യനെ പോസ്റ്റ്‌ മോര്‍ട്ടം ചെയ്ത് എന്താണ് കണ്ടത്താന്‍ ഉള്ളത് ??????

   Delete
  3. ക്ലിനിക്കല്‍ ഒട്ടോപ്സി ചെയ്യാന്‍ മാത്രേ പത്തോലോജിസ്റ്റ് ആവശ്യമുള്ളു.. കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ അത് വിരളമാണ്.. ഇവിടെ നടക്കുന്നത് എല്ലാം ഫോരെന്‍സിക് ഒടോപ്സി തന്നെ..
   മണ്ണ് വീണു മരിച്ചത് പോലീസു കേസ് അല്ലെ? അവിടെ നിയമപരമായി ഒരു ഫോരെന്‍സിക് സര്‍ജന്‍ നല്‍കുന്ന ഡെത്ത് സര്‍ട്ടിഫിക്കറ്റ് അനിവാര്യം..

   Delete
  4. ഒട്ടോപ്സി ചെയ്യുന്നവരെ പൊതുവായി വിശേഷിപ്പിക്കുന്ന പേര് എന്ന നിലയില്‍ ആണ് പാത്തോളജിസ്റ്റ് എന്ന പദം ഉപയോഗിച്ചത്.

   തീര്‍ച്ചയായും ഇന്നത്തെ നിയമ വ്യവസ്ഥയില്‍ മണ്ണ് വീണു മരിച്ചതിനു പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് അനിവാര്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ പോസ്റ്റ്‌ മോര്‍ട്ടം ഒഴിവാക്കാവുന്ന തരത്തില്‍ ഉള്ള നിയമ പരിഷ്ക്കരണം വരണം എന്നതാണ് എന്റെ അഭിപ്രായം. ഇങ്ങിനെയുള്ള സാഹചര്യങ്ങളില്‍ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് അനിവാര്യമാണ് എന്ന നിയമം മനുഷ്യരായിട്ട് ഉണ്ടാക്കിയത് അല്ലേ. അതില്‍ ഒരു മാറ്റം വരുത്തണം.

   Delete
 8. വൈകാരികമായി അബ്സര്‍ പറഞ്ഞതും വിവേക പരമായി മനോജ്‌ പറഞ്ഞതും ശരി തന്നെ..ഇന്ത് നമ്മുടെ നാട്.. ഇവിടെ നന്മയെ കരുതി എന്ത് ചെയ്താലും തിന്മയുടെ ആള്‍ക്കാര്‍ അത് ദുരുപയോഗം ചെയ്യും ...അതിനാല്‍ നിയമ ഭേതഗതി സൂക്ഷിച്ചു വേണം.

  ReplyDelete
 9. നല്ലൊരു പോസ്റ്റ്‌ ഇക്കാ..ഭേതഗതികള്‍ ഇവിടെയും വരണം

  ReplyDelete
 10. അബ്സറിക്കാ, ങ്ങടെ അറിവ് മറ്റുള്ള ന്നേ പോലുള്ള സാധാരണക്കാർക്ക് പകർന്ന് കൊടുക്കുക എങ്ങനാ ന്ന് ങ്ങളീ പോസ്റ്റിലൂടെ കാണിച്ചു തന്നു.
  വളരേയധികം ഉപകാരപ്രദം.
  ഞാൻ പറയാനിരിക്ക്വായിരുന്നു,എന്താ ഇങ്ങനുള്ള അറിവ് പകരുന്ന പൊസ്റ്റുകൾ ഇപ്പോൾ കാണാത്തത് ന്ന്.
  അപ്പഴേക്കും എത്തി,സന്തോഷം.
  ആശംസകൾ.

  ReplyDelete
 11. വളരെ പ്രസക്തവും സമകാലിക ലോകം കാര്യ ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതും ആയ വിഷയം

  ReplyDelete
 12. മരണകാരണം ഒക്കെ വ്യക്തമായി അറിയുന്നതെങ്കില്‍ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത് .. പ്രതേകിച്ചു പിഞ്ചു കുഞ്ഞുങ്ങളുടെയും പ്രായമായ ആള്‍ക്കാര്‍ മരിക്കുമ്പോഴും ഒക്കെ.

  അതോടൊപ്പം തന്നെ ഈ ഇളവു ആള്‍ക്കാര്‍ ദുരുപയോഗപ്പെടുതുന്നതും തടയണം.. ഉദാഹരണത്തിന് വീട്ടില്‍ വെച്ച് ആളില്ലാത്ത നിലയില്‍ ഒക്കെ മരിച്ചുപോകുന്ന പ്രായമായവരെ ഒക്കെ പോസ്റ്റ്‌ മാര്‍ട്ടം ചെയ്യഹ്റെ അവര്‍ സ്വാഭാവികമായി മരണപ്പെട്ടത് എന്ന് ഉറപ്പിക്കാനാവില്ല . ഇന്നത്തെ കാലമല്ലേ

  ReplyDelete
  Replies
  1. തീര്‍ച്ചയായും. ഒരു ശതമാനം എങ്കിലും സംശയം ഉണ്ടെങ്കില്‍ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യാം. അത് പോലും ഇല്ലാത്ത നിരവധി മരണങ്ങള്‍ ഇന്ന് പോസ്റ്റ്‌ മോര്‍ട്ടം ടേബിളില്‍ എത്തുന്നു.

   Delete
 13. Njanum chinthicha karyam thanneyaanu. Police case aakkanamenkil postmortam cheyyanamathre. allenkil case nu vilayillaann. Athu matendathu thanne. njan yojikkunnu

  ReplyDelete
 14. വളരെ പ്രസക്തമായ ഒരു പോസ്റ്റ്‌ ,അറിവുകള്‍ പകര്‍ന്ന ഈ പോസ്റ്റിനു നന്ദി
  ആശംസകള്‍

  ReplyDelete
 15. എപ്പോഴും എന്റെ മനസ്സിലുള്ള ചിന്തകളാണ് താങ്കള്‍ ഇവിടെ കുറിച്ചത്. ഇന്സുരെന്സിന്റെയും മറ്റും നൂലാമാലകള്‍ ഇല്ലാത്ത താങ്കള്‍ സൂചിപ്പിച്ച തരം കേസുകളില്‍ എങ്കിലും കഴിയുമെങ്കില്‍ ഇത് ഒഴിവാക്കപ്പെടെന്ടത് തന്നെയാണ് എന്നാണു എന്റെയും അഭിപ്രായം.

  ReplyDelete
 16. അടുത്തിടെ തേക്കടിയില് നടന്ന ബോട്ട് ദുരന്തത്തിനും മാരത്തോണ് പോസ്റ്റ്മോര്‌ട്ട്മായിരുന്നു

  ഇത്തരം പ്രകൃതിദുരന്തങ്ങളില് മരിക്കുന്നവര്‌ക്ക് പോസ്റ്റ് മോര്‌ട്ടം ഒഴിവാക്കുന്നത് പരിഗണിക്കാവുന്നതാണ്.

  പക്ഷെ അതിന്റെ പൂര്‌ണ്ണ ഉത്തരവാദിത്തം ബന്ധുക്കള് ഏറ്റെടുക്കേണ്ടതാണ്

  ReplyDelete
 17. ശരിയാണല്ലോ...

  ഇത്തരത്തിൽ 100% ഉറപ്പുള്ളവ പോസ്റ്റ് മാർട്ടം ഒഴിവാക്കേണ്ടത് തന്നെയാണു , അടുത്ത ബന്ധുക്കളുടെ ( ഒന്നിൽ കൂടുതൽ ) ഉറപ്പിൽ..

  നല്ലൊരു വിഷയം തന്നെ.. അഭിനന്ദനങ്ങൾ

  ReplyDelete
 18. ശരിക്കും ചര്‍ച്ച ചെയ്യപെടെണ്ട വിഷയം തന്നെയാണിത്, ചെറുപ്പം മുതലേ ഞാന്‍ ചിന്തിക്കാറുണ്ട് നമ്മുടെ കണ്മുന്നില കണ്ട അപകട മരണങ്ങള്‍ക്ക് എന്തിനാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതെന്ന്, ഒരു നിയമമാറ്റം അത്യാവിശ്യമാണ്...

  ReplyDelete
 19. മാറ്റങ്ങള്‍ ആവശ്യമാണ്‌ ..!
  പോസ്റ്റുമോര്‍ട്ടം എന്ന് കേള്‍ക്കുന്നത് തന്നെ പേടിയാണ് മറ്റൊന്നും കൊണ്ടല്ല അത് ചെയ്യുന്നത് വിവരിച്ചു കേട്ടപ്പോള്‍.... ..മുതല്‍ ..

  ReplyDelete
 20. അനാവശ്യമായ, പ്രത്യേകിച്ചും രക്ഷിതാക്കള്‍ക്ക് പരാതിയില്ലാത്ത അവസരങ്ങളില്‍ ഇത് ഒഴിവാക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.

  ReplyDelete
 21. പോസ്റ്റ് മോർട്ടം ചില അവസരങ്ങളിൽ അനാവശ്യമാണെന്നു തന്നെയാണു എന്റെ പക്ഷം. പലപ്പോഴും മരണ വീട്ടിൽ പകച്ചു നിൽകുന്ന കുടുംബത്തിനും നാട്ടുകാർക്കും അല്പമൊന്നുമല്ല അത് ആശങ്കകൾ നൽകുന്നത്. പക്ഷേ സംശയകരമായ സാഹചര്യങ്ങളിൽ അതത്യന്താപേക്ഷിതവും. അത് ഒഴിവാക്കാനാവുന്ന സാഹചര്യങ്ങൾ നിയമം മൂലം നിലവിൽ വരുത്തുകയും വേണം. പക്ഷേ നിയമത്തിലും അത് നടപ്പിലാക്കുന്ന അവരത്തിൽ അത് നടപ്പിലാക്കേണ്ടവർ അഴിമതി നടത്തിയേക്കുമോ എന്ന കാരണത്താലാവാം അത്തരം നിയമം വരാൻ വൈകുന്നത്. ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന പീഡനങ്ങളിൽ ചിലത് സ്വന്തം വീടുകളിൽ നിന്ന് തന്നെ സംഭവിക്കുന്നതായി വാർത്ത കാണുന്നുണ്ട്. അങ്ങിനെ വരുമ്പോൾ അത് വഴി ഉണ്ടായേക്കാവുന്ന മരണമോ കൊലപാതകമോ സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാൻ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചേക്കാം. എന്ന് വെച്ച് പോസ്റ്റ് മോർട്ടത്തെ എല്ലാ അവസ്ഥയിലും ന്യായീകരിക്കുകയും വയ്യ. ഒരു പ്രാർഥനയേ റബ്ബിനോടുള്ളൂ... മരണം അനിവാര്യം തന്നെ. ആ മരണം ഇത്തരം കർമ്മങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലാക്കരുതേ എന്ന് മാത്രം...

  ReplyDelete
 22. ഈജിപ്ഷ്യൻ മമ്മികളെക്കുറിച്ച് വായിച്ചപ്പോൾ ആന്തരിക അവയവങ്ങൾ നീക്കം ചെയ്ത് ശവങ്ങൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുന്ന ചില രീതികളും പച്ചമരുന്നുകളും മറ്റും പ്രാചീന ഗ്രീസിലും, ഈജിപ്തിലും മറ്റും നിലനിന്നിരുന്നു എന്ന് വായിച്ചതോർക്കുന്നു. ഡോക്ടർ ഇവിടെ പറഞ്ഞുവന്ന വിഷയത്തെക്കുറിച്ച് കൂടുതൽ അഭിപ്രായപ്പെടുന്നില്ല. സംശയാസ്പദമായ മരണങ്ങളൊക്കെയും പോസ്റ്റ് മോർട്ടം ചെയ്യപ്പെടണം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ ചിലപ്പോഴെങ്കിലും വളച്ചൊടിക്കപ്പെടാറില്ലെ എന്ന സംശയം നിലനിൽക്കുന്നു. അനാവശ്യമായ പോസ്റ്റുമാർട്ടങ്ങൾ പലപ്പോഴും നടക്കുമ്പോൾത്തന്നെ യഥാർത്ഥ വിവരങ്ങൾ മറച്ചുപിടിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ ഇന്ന് നില നിൽക്കുന്നു. നിയമനിർമാണത്തോടൊപ്പം ഭിഷഗ്വരസമൂഹവും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.....

  ReplyDelete
  Replies
  1. തീര്‍ച്ചയായും നിരവധി കേസുകളില്‍ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ തിരുത്തപ്പെട്ട ചരിത്രം നമ്മുടെ മുന്നിലുണ്ട്.

   Delete
 23. നിയമത്തിന്റെ ദുരുപയോഗം ശ്രദ്ധിക്കേണ്ടതുണ്ട് ..............

  ReplyDelete
 24. തിരക്കായതിനാൽ നേരത്തെ വായിക്കാൻ പറ്റിയില്ല

  സംശയാസ്പദമായ സാഹചര്യങ്ങളിൽ പോസ്റ്റ്മോർട്ടം ചെയ്യുന്നത് നല്ലത് തന്നെയാണ്. പോസ്റ്റ് മോർട്ടം ചെയ്യുന്നത് വഴി ആന്തരികാവയവങ്ങളും മറ്റും എടുത്ത് അവയവ ദാനം നടത്താൻ സാധിക്കുന്നു എന്ന് കേട്ടിട്ടുണ്ട്.

  പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ മരണം നടന്ന ഗ്രാമത്തിലെ ജനങ്ങൾ ഒത്തൊരുമിച്ച് കാര്യത്തിന് തീർപ്പാക്കിയാൽ ഒരു പരിധിവരെ ഒഴിവാക്കാം... എന്റെ ഒരു ബന്ധു തൂങ്ങി മരിച്ചത് പോസ്റ്റ് മോർട്ടം കൂടാതെ തന്നെ മറവ് ചെയ്തു. ആരും ആരേയും അറിയിച്ചില്ല. കീറി മുറിക്കാൻ ഇനി വിട്ട് കൊടുത്തിട്ടെന്തെന്ന് അവരും. ആളിനാണെങ്കിൽ തലക്കല്പം സുഖവുമുണ്ടായിരുന്നില്ല.

  എന്തായാലും ഈ പോസ്റ്റും കമെന്റുകളെല്ലാം പുത്തനറിവുകൾ നൽകി.

  ആശംസകൾ

  ReplyDelete
 25. പ്രത്യക്ഷത്തില്‍ ഒരു സംശയവും ഇല്ലാത്ത കേസുകള്‍ പലതും വര്‍ഷങ്ങള്‍ക് ശേഷം ചില വെളിപ്പെടുതലുകളിലൂടെ പ്രാധാന്യമുള്ളവ ആയി മാറാം. സംഭവ ദിവസം രേഖപെടുത്തി വെക്കുന്ന ഇന്ക്വേസ്റ്റ്‌ റിപ്പോര്‍ട്ടും പോസ്റ്റ്‌ മോര്ടം റിപ്പോര്‍ട്ടും ഇത്തരം അവസരങ്ങളില്‍ വളരെ പ്രയോജനപ്പെടും.. ബന്ധുക്കള്‍ക് ചില അസൌകര്യങ്ങള്‍ ഒക്കെ ഉണ്ടാവുമെങ്കിലും ഒരു അതോരിടിയെ സംബന്ധിച്ചിടത്തോളം ഇത്തരം റെക്കോടുകള്‍ സൂക്ഷിക്കേണ്ടത് അവരുടെ ബാധ്യത ആണ്.. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉത്തരവടപ്പെട്ടവര്ക് ഇത് വേണ്ടെന്നു വെക്കാന്‍ നിര്‍ദേശിക്കാം..

  ReplyDelete
 26. ചില സാഹചര്യങ്ങളില്‍ അത്യാവിശ്യമാണ് പോസ്റ്റ്‌മോര്‍ട്ടം .പക്ഷെ ചില സാഹചര്യങ്ങളില്‍
  ഒഴിവാക്കപെടെണ്ടതും ....
  നല്ലൊരു പോസ്റ്റ്‌
  ആശംസകള്‍ അബ്സാര്‍
  അസ്രുസ്

  ReplyDelete
 27. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നവരെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടത്. അതിനാല്‍ തന്നെ അനാവശ്യ പോസ്റ്റ്‌മോര്‍ട്ടം തടയപ്പെടെണ്ടാതാണ്.

  കാര്യം അതല്ല.. മെഡിക്കല്‍ ലോബ്ബിയിംഗ് ആണ് പോസ്റ്റ്‌മോര്‍ട്ടം കൂടാന്‍ കാരണം. പഠിക്കുക്ക എന്നത് തന്നെ വസ്തുത. ഇത് മൂലം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഉണ്ട് എന്ന് തോന്നുന്നില്ല. ഇനി അഥവാ ഉണ്ടായാല്‍ തന്നെ അതിനു ഇത്രേം പേരെ വെട്ടി മുറിക്കണോ?

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....