Sunday, November 11, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 11"ഡോക്ടര്‍ക്ക്‌  കുളിമുറി കാണിച്ച് കൊടുക്കുക...." തന്റെ ഒരു അനുയായിയെ നോക്കി നേതാവ് പറഞ്ഞു.

സുധിയുടെ കണ്ണുകള്‍ വീണ്ടും കറുത്ത തുണിയാല്‍ മറക്കപ്പെട്ടു.

"നടക്കൂ..." സുധിയുടെ കയ്യില്‍ പിടിച്ച ആള്‍ ആവശ്യപ്പെട്ടു.
കുറച്ച് സമയം നടത്തിയ ശേഷം സുധിയെ ഒരു മുറിയിലേക്ക്‌ കയറ്റി.
വാതില്‍ അകത്തു നിന്ന് അടച്ച ശേഷം അയാള്‍ സുധിയുടെ മുഖത്തെ കെട്ടഴിച്ചു.

"അതാണ്‌ കുളിമുറി.ആവശ്യം ഉള്ളത് എല്ലാം അവിടെയുണ്ട്." മുറിക്കകത്ത് ഉണ്ടായിരുന്ന മറ്റൊരു വാതില്‍ ചൂണ്ടി കാട്ടിയ ശേഷം അയാള്‍ പറഞ്ഞു.

സുധി കുളിമുറിയിലേക്ക് കടന്നു.

ടാപ്പ് തുറന്ന് വെള്ളം ബക്കറ്റിലേക്ക് വെള്ളം ശേഖരിക്കുന്നതിനിടയില്‍ ഒരാള്‍ വന്ന് ഒരു ജുബ്ബയും മുണ്ടും നീട്ടി.

സുധി അത് വാങ്ങി.
ഉപയോഗിച്ച വസ്ത്രമായിരുന്നു അത്...
ഒരു പക്ഷേ മുന്‍പ് ആ വസ്ത്രം ധരിച്ചിരുന്ന ആള്‍ ഇന്ന് ഭൂമുഖത്ത് ഉണ്ടായിരിക്കില്ല!!!

'ഭീകരുടെ തടവിലുള്ളവര്‍ക്ക് കോടി മുണ്ട് ഒന്നും കിട്ടില്ലല്ലോ...' എന്ന ചിന്തയോടെ വാതിലടച്ചു കുളി ആരംഭിച്ചു.
അഴുക്കായ തന്റെ പാന്റും ഷര്‍ട്ടും കഴുകിയിട്ടു.

കുളി കഴിഞ്ഞു പുറത്ത് വന്നപ്പോഴും കാവല്‍ക്കാരന്‍ ആ മുറിയില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

"ഇത് എവിടെയാണ് ഉണക്കുക?" കാവല്‍ക്കാരനോട്‌ ചോദിച്ചു.

"അവിടെ ഇടാം." ആ മുറിയുടെ ഒരു വശത്ത് വലിച്ചു കെട്ടിയിരുന്ന കമ്പി ചൂണ്ടി കാണിച്ച് അയാള്‍ പറഞ്ഞു.

സുധി തന്റെ നനഞ്ഞ വസ്ത്രങ്ങള്‍ അയലില്‍ ഉണക്കി.

വസ്ത്രങ്ങള്‍ ഉണക്കിയത്തിനു ശേഷം സുധിയുടെ കണ്ണുകള്‍ വീണ്ടും കറുത്ത തുണികൊണ്ട് മറക്കപ്പെട്ടു.

കുറച്ചു സമയത്തെ നടത്തത്തിനു ശേഷം മുഖത്തെ കെട്ട് അഴിച്ചത് രോഗിയെ കിടത്തിയിരുന്ന മുറിയില്‍വെച്ചായിരുന്നു.

അവിടെ നേതാവ് ഉള്‍പ്പടെ മറ്റു നാലുപേര്‍ ഉണ്ടായിരുന്നു.

ജുബ്ബയും തുണിയും ധരിച്ച സുധിയെ നേതാവ് ആകെ ഒന്ന് നോക്കി.

സുധി രോഗിയെ തൊട്ടു നോക്കി.

അയാള്‍ കണ്ണ് തുറന്നു.

സുധി : "വേദന എങ്ങിനെയുണ്ട്??"

"കുഴപ്പമില്ല" ക്ഷീണിച്ച സ്വരത്തില്‍ അദ്ദേഹം മറുപടി നല്‍കി.

അതിനിടയില്‍ ചായയും, ബ്രെഡും കയ്യില്‍ പിടിച്ചുകൊണ്ട് ഒരാള്‍ മുറിയിലേക്ക്‌ കയറി വന്നു.

"ഡോക്ടര്‍ക്ക്  അവിടെയിരുന്നു ഭക്ഷണം കഴിക്കാം." നേതാവ് അല്പം മയത്തോടെയായിരുന്നു അത് പറഞ്ഞത്.

നിലത്തിരുന്ന് ഭക്ഷണം കഴിക്കല്‍ തുടങ്ങി.

അഞ്ചാറു പേര്‍ തന്റെ വായിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതിനു സുധിക്ക്‌ പ്രയാസം തോന്നി.

സുധി അവരുടെ മുഖത്തേക്ക്‌ നോക്കാതെ നിലത്തേക്ക് നോക്കി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.

"എന്തിനാണ് നിങ്ങള്‍ ഇവിടെക്ക് വന്നത് ?" നേതാവ് ചോദിച്ചു.

സുധിക്ക്‌ എല്ലാം വിശദമായി പറയണം എന്നുണ്ടായിരുന്നു.

'തന്റെ അവസ്ഥ അറിഞ്ഞാല്‍ സഹതാപം കൊണ്ട് തന്നെ മോചിപ്പിച്ചാലോ ???'

മുന്‍പ്‌ എല്ലാം വിശദമായി പറയാന്‍ ശ്രമിച്ചപ്പോള്‍ വിപരീത ഫലമാണ് ഉണ്ടായത്‌.
അതുകൊണ്ട് തന്നെ ഇത്തവണ കൂടുതല്‍ വിശദീകരിക്കാന്‍ നിന്നില്ല.

"പണത്തിന് അത്യാവശ്യം ഉണ്ടായിരുന്നു. അതുകൊണ്ടാ." കാര്യം പറഞ്ഞു.

നേതാവ് : "നിങ്ങള്‍ ഡോക്ടര്‍ അല്ലേ? നാട്ടില്‍ തന്നെ ജോലി കിട്ടുകയില്ലേ?"

ഈ ചോദ്യം സുധിയെ കുഴച്ചു.

'ചികിത്സിക്കുമ്പോള്‍ അറവ് നടത്താന്‍ തായ്യാറായില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസമാണ്.
ഒപ്പം അനാവശ്യ ടെസ്റ്റുകള്‍ക്ക് എഴുതി കൊടുത്ത്‌ കമ്മീഷന്‍ അടിക്കാനുള്ള കഴിവും വേണം.
പിന്നെ നാട്ടിലെ സാധാരണ പ്രാക്റ്റീസു കൊണ്ട് ലഭിക്കുന്ന പണം കൊണ്ട് തീരുന്നതല്ല തന്റെ പ്രശ്നങ്ങള്‍.'

ഏതായാലും സംഭവിക്കാനുള്ളത് സംഭവിക്കട്ടെ എന്ന തീരുമാനത്തോടെ സുധി തന്റെ അവസ്ഥ തുറന്ന് പറയാന്‍ തീരുമാനിച്ചു.

"ഞാന്‍ ഒരു കര്‍ഷക കുടുംബത്തിലെ അംഗമാണ്. കാര്‍ഷിക വരുമാനം ദിവസ ചിലവിനു പോലും തികയില്ല. മൂന്ന് സഹോദരിമാരുടെ വിവാഹം നടത്താനുണ്ട്. മാത്രമല്ല, എന്റെ പഠനത്തിനു വേണ്ടി വീടും പറമ്പും പണയപ്പെടുത്തി. സര്‍ക്കാരിന്റെ സഹായം ലഭിക്കണമെങ്കില്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യണം അല്ലെങ്കില്‍ വിഷക്കള്ള് കുടിച്ചു മരിക്കണം എന്നതാണ് അവസ്ഥ. കടക്കെണിയില്‍ നിന്ന് കരകയറാന്‍ വയ്യാതെ ഇരിക്കുന്ന അവസ്ഥയിലാണ് ഇവിടത്തെ ജോലിയെ കുറിച്ച് അറിഞ്ഞത്. അത് നിരസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഇറാക്കിലേക്കാണ് വരുന്നത് എന്ന കാര്യം വീട്ടുകാര്‍ക്ക്‌ അറിയില്ല. ഇന്ത്യക്കാര്‍ ഒരിക്കലും ഇറാക്കികള്‍ക്ക്‌ എതിരല്ല. സദ്ദാമിന്റെ പേരില്‍ കേരളത്തില്‍ ഒരു ബീച്ച് പോലും ഉണ്ട്. ഞങ്ങള്‍ മുസ്ലിംങ്ങളെ സഹോദര തുല്യമായാണ് കാണുന്നത്." താന്‍ ഇവിടെ എത്താനുണ്ടായ സാഹചര്യം വിശദീകരിച്ചു.

കുറച്ച് സമയത്തേക്ക് ആരും ഒന്നും മിണ്ടിയില്ല...!!!

"നിങ്ങള്‍ മുസ്ലിം ആണോ അല്ലയോ എന്നതല്ല ഞങ്ങളുടെ പ്രശ്നം. ഞങ്ങളും മറ്റു മതക്കാര്‍ക്ക്‌ എതിരല്ല. പക്ഷേ മറ്റു രാജ്യക്കാര്‍ വന്ന് ഞങ്ങളെ ഉപദ്രവിക്കുമ്പോള്‍ ഞങ്ങള്‍ക്ക്‌ നോക്കി ഇരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ രാജ്യസ്നേഹികളാണ്." ആ മൗനത്തിന് വിരാമമിട്ടുകൊണ്ട് നേതാവ് പറഞ്ഞു.

ഇത്  കേട്ടതോടെ എന്ത് പറയണം എന്നറിയാതെ സുധി തളര്‍ന്നിരുന്നു.

"ഭക്ഷണം കഴിക്കൂ...' നേതാവ്  ഉറച്ച ശബ്ദത്തില്‍ ആവശ്യപ്പെട്ടു.

'ഒരു പക്ഷേ ഇത് തന്റെ ജീവിതത്തിലെ അവസാനത്തെ ഭക്ഷണം ആയിരിക്കാം' എന്ന ചിന്തയോടെ ഭക്ഷണം കഴിക്കല്‍ കര്‍മ്മം നിര്‍വഹിച്ചു.

ഭക്ഷണം കഴിക്കല്‍ കഴിഞ്ഞപ്പോള്‍ നേതാവ് സുധിയോട് കൈ കഴുകി വരാന്‍ ആവശ്യപ്പെട്ടു.

കൂടെ ഉണ്ടായിരുന്ന ആള്‍ സുധിയുടെ കണ്ണുകള്‍ കെട്ടുന്നതിനായി കറുത്ത തുണി എടുത്തു.

"ഇനി ഡോക്ടറുടെ കണ്ണുകള്‍ കെട്ടേണ്ട."നേതാവ് പറഞ്ഞു.

അത് ആശ്വാസ വാക്കുകളായാണ് സുധിയുടെ ചെവികളിലേക്കെത്തിയത്.

"വരൂ...' കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു.

സുധി അയാളെ അനുഗമിച്ചു.

വരാന്ത അപ്പോഴാണ്‌ സുധി ശരിക്ക് കാണുന്നത്.
വരാന്തക്ക് അധികം വീതിയില്ല.
വരാന്തയുടെ ഇരു വശത്തുമായി നാലഞ്ചു മുറികള്‍ ഉണ്ട്.
തന്നെ തടവിലിട്ടിരുന്ന മുറിയും സുധി കണ്ടു.
സുധിയുടെ തടവിലിട്ട മുറിയുടെ അടുത്ത് തന്നെയായിരുന്നു കുളിമുറി.
അവിടേക്കാണ് കൈ കഴുകാനും കൊണ്ടു പോയിരിക്കുന്നത്.
അപ്പോഴാണ്‌ കുളിക്കുവാന്‍ പോകുമ്പോള്‍ തന്നെ ഒരുപാട് സമയം നടത്തിയ കാര്യം സുധിക്ക്‌ ഓര്‍മ്മ വന്നത്.

ഈ കെട്ടിടത്തെ പറ്റി ശരിയായ ധാരണ ഉണ്ടാകാതിരിക്കാനാണ് തന്നെ വെറുതെ ഒരുപാട് അങ്ങോട്ടും ഇങ്ങോട്ടും നടത്തിച്ചത് എന്ന കാര്യം സുധി തിരിച്ചറിഞ്ഞു.

സുധി വീണ്ടും തന്നെ തടവിലിട്ടിരുന്ന മുറിയുടെ വാതിലുകള്‍ക്കുള്ളിലായി.

ചുമരില്‍ ചാരിയിരിയിരുന്നപ്പോള്‍ സുധിയുടെ മനസ്സിലേക്ക് എത്തിയത് ഫാസിലയെ കുറിച്ചുള്ള ചിന്തകളായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു ഡിസംബര്‍ വീണ്ടും അദ്ദേഹത്തിന്റെ ഓര്‍മ്മകളിലെക്കെത്തി.

സുധി : "എന്ത് ചോദിച്ചാലും തരുമോ ???"
ഫാസില : "ചോദിക്കൂ... എന്നാലല്ലേ തരാന്‍ കഴിയുമോ ഇല്ലയോ എന്ന് പറയാന്‍ പറ്റൂ..."

സുധി മരുന്ന് കൊണ്ട് വന്ന കവര്‍ എടുത്തു.....
അതിന്റെ മുകളില്‍ എന്തോ എഴുതി ഫാസിലക്ക് നേരെ നീട്ടി ....

"വായിച്ച് നോക്ക്... എന്നിട്ട് പറ....." കവര്‍ കൊടുക്കുന്നതിനിടയില്‍ സുധി പറഞ്ഞു.

ഫാസിലയുടെ കണ്ണുകള്‍ അത് വായിച്ചെടുത്തു... "നിന്റെ മനസ്സ്."

"എന്താ തരാന്‍ പറ്റുമോ ???" സുധി ആകാംക്ഷയോടെ ചോദിച്ചു.
ഫാസില : "എന്തായാലും ന്യൂ ഇയറിന് മറുപടി പറയാം..."

തിരിച്ച് പോരുമ്പോള്‍ സുധിയുടെ മനസ്സില്‍ നിറയെ ആശങ്കകളായിരുന്നു....
താന്‍ ചോദിച്ചത്‌ തെറ്റായി പോയോ ???
അവള്‍ അത്തരത്തില്‍ എന്നെ കണ്ടിട്ടില്ലേ ???
അവള്‍ നോ പറഞ്ഞാല്‍ പിന്നെ എങ്ങിനെയാണ് അവളുടെ മുഖത്ത് നോക്കുക ???
അജിതയോടോ മറ്റോ അവള്‍ ഇക്കാര്യം പറയുമോ ???

അങ്ങിനെ പുതുവല്‍സര ദിനം വന്നെത്തി.
രണ്ടും കല്‍പ്പിച്ച് സുധി ഫാസിലയുടെ വീട്ടിലേക്ക്‌ ചെന്നു.

ഫാസിലയുടെ ഉപ്പ വീടിന് മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
വൈക്കോല്‍ ഒതുക്കി വെക്കുകയായിരുന്നു അദ്ദേഹം.
അവള്‍ ഒരു കസേരയില്‍ മുന്നില്‍ തന്നെ ഇരിക്കുന്നുണ്ട്.

"ഇനി എത്ര ദിവസം മരുന്ന് കഴിക്കേണ്ടി വരും സുധ്യേ ...." അവളുടെ ഉപ്പ ചോദിച്ചു...
"ഒരാഴ്ച കൂടി മതി.... ഇന്ന് പുതുവര്‍ഷം അല്ലേ.... രാവിലെ തന്നെ വൈക്കോലില്‍ കിടന്ന് കളിക്കുകയാണോ ?" സുധി ചോദിച്ചു.

"പുതു വര്‍ഷൊക്കെ ആയിട്ട് നമുക്കെന്താ കാര്യം കുട്ട്യേ.... ഇന്ന് പണി എട്ത്താ ഇന്ന് തിന്നാ...അത്ര തന്നെ ..." വൈക്കോല്‍ കെട്ടാക്കുന്നതിനിടയില്‍ അദ്ദേഹം മറുപടി നല്‍കി.

"ഫാസിലാ, ഇപ്പൊ വേദനയൊക്കെ എങ്ങിനെയുണ്ട്?" എന്ന ചോദ്യത്തോടെ സുധി അവളുടെ അടുത്തേക്ക്‌ ചെന്നു.

"ഇന്നാണ് ജനുവരി ഒന്ന്...മറക്കെണ്ടാ..." സുധി അവളോട്‌ പതുക്കെ പറഞ്ഞു.

അവള്‍ കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല....
പിന്നെ നിലത്തേക്ക് നോക്കി പറഞ്ഞു...
"ചോദിച്ചത്‌ എന്നേ തന്നിരിക്കുന്നു!!!"

                                                                    ****

സുധിയുടെ ഗ്രാമത്തിലുള്ളവര്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുകയായിരുന്നു.

മിക്കവരും മൂസാക്കയുടെ വീടിന്റെ പരിസരത്തും, ടീവിക്ക് മുന്നിലുമായി പുതിയ വാര്‍ത്തകള്‍ അറിയാന്‍ കാത്തിരുന്നു...

"നല്ല ഒരു വാര്‍ത്ത കേള്‍ക്കും.." എന്ന ശുഭ പ്രതീക്ഷയില്‍ തന്നെ ആയിരുന്നു അവര്‍.

ചാനലില്‍ വാര്‍ത്ത തുടങ്ങിയിരുന്നു....
"ഇറാക്കില്‍ നിന്നും ബ്രിട്ടീഷ്‌ സൈന്യത്തെ പിന്‍വലിക്കണം എന്ന ഇറാക്കി ഭീകരരുടെ ആവശ്യം ബ്രിട്ടന്‍ തള്ളിയതിനെ തുടര്‍ന്ന് ഭീകരര്‍ ബന്ദിയാക്കിയ ബ്രിട്ടീഷ്‌ പൗരനെ വധിച്ചു."
എരിത്തീയിലേക്ക് ഒഴിച്ച എണ്ണയായിട്ടാണ് ഈ വാര്‍ത്ത ആ ഗ്രാമത്തിലുള്ളവര്‍ ശ്രവിച്ചത്.

സുധിയുടെ അമ്മയുടെയും സഹോദരിമാരുടെയും നിലവിളികള്‍ ഉച്ചത്തിലായി....
അമ്മ ബോധരഹിതയായി നിലത്തു വീണു.
മുഖത്ത് വെള്ളം ആക്കിയെങ്കിലും അവരുടെ ബോധം തിരിച്ചു കിട്ടിയില്ല.
"വേഗം ആശുപത്രിയില്‍ കൊണ്ട് പോകാം..."  ചിലര്‍ പറഞ്ഞു.

അവിടെയുണ്ടായിരുന്ന ചാനലുകാരുടെ വാഹനത്തില്‍ അവരെ ആശുപത്രിയിലേക്ക്‌ കൊണ്ടു പോയി.

ബ്രിട്ടീഷുക്കാരനെ വധിച്ച വാര്‍ത്ത എത്തിയതോടെ ഡല്‍ഹിയില്‍ വീണ്ടും തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു.
"ഇന്ത്യ ഇറാക്കിലേക്ക് സൈന്യത്തെ അയക്കില്ല" എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ചാനലുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു...

"ഇന്ത്യന്‍ ഡോക്ടറെ എന്ത് വില കൊടുത്തും മോചിപ്പിക്കും. ഡോ.സുധീറിന്റെ മോചനത്തിനായി തടവിലുള്ള നാല് ഇറാക്കി ഭീകരരെ മോചിപ്പിക്കാന്‍ അമേരിക്കയോട് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു" എന്ന പുതിയ വാര്‍ത്ത ബ്രൈക്കിംഗ് ആയി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു.

                                                                    ****

ഒരാള്‍ തന്റെ തോളില്‍ വന്നു തട്ടിയപ്പോഴാണ് സുധി മയക്കത്തില്‍ നിന്നും ഉണര്‍ന്നത്‌.
എന്തൊക്കെയോ ബഹളം കേള്‍ക്കുന്നുണ്ടായിരുന്നു.

ചിലര്‍ വരാന്തയിലൂടെ ഓടുന്നു.

"ഒരാള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്...അടുത്ത മുറിയില്‍ ആണ്." സുധിയുടെ തോളില്‍ തട്ടി വിളിച്ച ആള്‍ ആകാംക്ഷ നിറഞ്ഞ മുഖത്തോടെ പറഞ്ഞു

സുധി നിലത്തു നിന്നും എഴുന്നേറ്റ് അയാളെ അനുഗമിച്ചു.
അടുത്ത മുറിയുടെ മുന്നില്‍ എട്ടു പത്തു പേര്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്.
സുധിയെ കണ്ടപ്പോള്‍ അവര്‍ വഴി മാറി കൊടുത്തു.

അപകടം പറ്റിയ ആളെ കണ്ടപ്പോള്‍ സുധിയും ഞെട്ടി.
ഭീകരുടെ നേതാവ് ആയിരുന്നു അത്!!!

കുറച്ച് മണിക്കൂറുകള്‍ മുന്‍പ്‌ വരെ തന്നോട് ഗാംഭീര്യത്തോടെ സംസാരിച്ച അതേ വ്യക്തി.
പുറത്ത് പോവുകയാണ് എന്ന് തന്നോട് പറഞ്ഞു പോയ ആള്‍ ഇങ്ങിനെയായിരിക്കും തിരിച്ചു വരുക എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

സുധി നേതാവിന്റെ അടുത്ത്‌ ചെന്ന് നോക്കി.
അബോധാവസ്ഥയിലാണ്.
പള്‍സും കുറവാണ്.
ബി പി യും കുറഞ്ഞു വരുന്നുണ്ട്.
സുധി വിശദമായ പരിശോധന നടത്തി.
തലയില്‍ മുറിവുകള്‍ ഉണ്ട്.

സുധി : "കുറച്ച് വെള്ളം..."
ഒരു സഹായി വെള്ളവുമായി എത്തി.
കുറച്ച് വെള്ളം എടുത്തു നേതാവിന്റെ മുഖത്ത്‌ കുടഞ്ഞു.
നേതാവ് ചെറുതായി കണ്ണുകള്‍ തുറന്നെങ്കിലും മയക്കത്തില്‍ എന്ന പോലെ വീണ്ടും അടഞ്ഞു.

"എന്താണ് സംഭവിച്ചത് ?" സുധി അവിടെ ഉണ്ടായിരുന്നവരോട് ചോദിച്ചു.
അവര്‍ ഒന്നും മിണ്ടിയല്ല.
അവര്‍ പരസ്പരം നോക്കി.

"എങ്ങിനെയാണ് പരിക്ക് പറ്റിയത് എന്ന് അറിഞ്ഞാല്‍ അത് ചികിത്സക്ക് സഹായിക്കും.അതുകൊണ്ടാണ് ചോദിച്ചത്." സുധി വിശദമാക്കി.

"ഒരു അമേരിക്കന്‍ സൈനികനെ തട്ടിക്കൊണ്ട് വരാന്‍ പോയതാണ്." ഒരാള്‍ പറഞ്ഞു
"വേഗത്തില്‍ ജീപ്പ്‌ ഓടിച്ചു പോകുമ്പോള്‍ ജീപ്പ്‌ മറിഞ്ഞ് അപകടം പറ്റി." മറ്റൊരാള്‍ തുടര്‍ന്നു.

"ഞങ്ങളില്‍ രണ്ടു പേര്‍ ആ ഭാഗത്ത്‌ വേഷം മാറി നില്‍ക്കുന്നുണ്ടായിരുന്നു. സൈനികര്‍ ഇല്ലാത്ത ഭാഗത്ത്‌ വെച്ച് അപകടം നടന്നത് കൊണ്ട് സൈനികരുടെ കയ്യില്‍ പെടാതെ ഇവിടെ എത്തിക്കാന്‍ കഴിഞ്ഞു." അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കി.

നേതാവിന്റെ കാലില്‍ പറ്റിയ മുറിവിലൂടെ രക്തം നഷ്ടപ്പെടുന്നുണ്ടായിരുന്നു.
തുടയെല്ലിനും ഫ്രാക്ക്ച്ചര്‍ ഉണ്ട്.

കൂടുതല്‍ സമയം ബ്ലീഡിംഗ് തുടരുകയാണെങ്കില്‍ രക്തം നല്‍കേണ്ടി വരും. ഈ ചെറിയ സൗകര്യങ്ങള്‍ കൊണ്ട് ഇത്തരം രോഗികളെ ചികിത്സിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സുധിയെ വിഷമിപ്പിച്ചു.

"ആശുപത്രിയില്‍ കൊണ്ട് പോകാന്‍ കഴിയുമോ?" സുധി അവരോട് ചോദിച്ചു.
"ഇല്ല. ഇവിടെ നിന്നും കഴിയുന്ന ചികിത്സകള്‍ നല്‍കുക." അവരില്‍ ഒരാള്‍ മറുപടി നല്‍കി.

സുധി ആവശ്യമുള്ള മരുന്നുകളുടെയും മറ്റും പേര് എഴുതി കൊടുത്തു.
"അവസ്ഥ മോശമാണ്. വേഗം കൊണ്ടു വരണം..." സുധി ഓര്‍മിപ്പിച്ചു.
(തുടരും....:)

28 comments:

 1. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  ReplyDelete
 2. മുള്‍മുനയിലാണ് ഡോക്ടര്‍...അടുത്തതിനായി കാത്തിരിക്കുന്നു.

  ReplyDelete
 3. ഇങ്ങളെന്താ മംഗളം വാരികക്ക് പഠിക്കുന്നോ... ഹും, തുടരും ത്രെ.... വേഗം തുടര്‍ന്നേ, ഇതിന്റെ ബാക്കി ആലോചിച്ചു ടെന്‍ഷനടിച്ചു എനിക്ക് വല്ലതും പറ്റിയാലുണ്ടല്ലോ, എനിക്ക് ഹാര്‍ട്ട്‌ ഉള്ളതോണ്ട്‌ ഹാര്‍ട്ട് അട്ടാക്കിനും ചാന്‍സുണ്ട്

  ReplyDelete
  Replies
  1. അതിനു ഹാര്‍ട്ട് ഉള്ളവര്‍ക്കല്ലേ അതു വരൂ . അപ്പോള്‍ താങ്കള്‍ക്ക് വരില്ല തീര്‍ച്ച

   Delete
 4. ഫാസില തന്ന മനസ്സ് എന്തു ചെയ്തു?.ഭീകരനെ സുഖപ്പെടുത്തിയോ?..

  ReplyDelete
 5. ത്രില്ലെര്‍ നന്നാകുന്നുണ്ട്, എങ്കിലും ഇത്ര കരുണ ഉള്ള ഭീകരന്മാരുണ്ടോ, ഉണ്ടാവാം, ചിലപ്പോള്‍ നമ്മളെക്കാള്‍ നന്മ അവരുടെ മനസ്സില്‍ കാണും. എല്ലാ ഭാവുകങ്ങളും ഡോക്ടര്‍

  ReplyDelete
 6. അനുമതിക്ക് ശേഷം അഭിപ്രായം പറയിപ്പിക്കുന്നത് ശരിയല്ല.

  ReplyDelete
  Replies
  1. തെറി പറയാന്‍ സ്ഥലം നല്‍കുന്നത് ഒട്ടും ശരിയല്ല എന്നത് കൊണ്ടാണ് :)

   Delete
 7. മുള്‍ മുന......

  ReplyDelete
 8. ഞാൻ ഫാസിലയിലാണ്,അയാളിലെ ജീവനിലും

  ReplyDelete
 9. :) തുടര്‍ കഥകള്‍ എനിക്ക് ഇഷ്ടമല്ല ! ക്ഷമിക്കുക !!

  ReplyDelete
 10. തുടർക്കഥ ചെറുകഥ ആയിരുന്നെങ്കിൽ എന്ന് വെറുതേയൊരു മോഹം, :)

  സുധി ഭക്ഷണം കഴിക്കുന്ന സീനിൽ,
  " തന്റെ ജീവിതത്തിലെ 'ആദ്യത്തെ 'ഭക്ഷണം " എന്നത്‌ 'അവസാനത്തെ ' എന്നല്ലേ വേണ്ടത്‌, ?

  ആശംസകൾ ട്ടൊ..!

  ReplyDelete
  Replies
  1. തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി... തിരുത്തി :)

   Delete
 11. ക്ഷമ പരീക്ഷിക്കല്ലേ....

  ReplyDelete
 12. ആകാംക്ഷ നിലനിര്‍ത്തുന്ന എഴുത്ത് നന്നായി.

  ReplyDelete
 13. "മ" വാരികകളില്‍ ആയിരുന്നെങ്കില്‍ എട്ടാം പക്കം അടുത്ത ഭാഗം വായിക്കായിരുന്നു. ഇതിപ്പോ...അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  ReplyDelete
 14. i will read when all parts are released. I really don't like breaks in between.

  ReplyDelete
 15. ശ്ശോ...ഭാഗം 9 ഭാഗം 10 കുടിശ്ശിഖ കിടക്കുന്നു
  ഇന്ന് രണ്ട് അതിഥികള്‍ വന്ന് ബ്ലോഗും ഫേസ് ബുക്കും സ്വാഹാ ആക്കി
  ഇനിയിപ്പോ കുടിശ്ശിഖ വായിച്ച് തീര്‍ത്തിട്ട് അഭിപ്രായം പറയാം

  ReplyDelete
 16. അടുത്തത് വേഗം പോന്നോട്ടെ... :)

  ReplyDelete
 17. ഹോ, ആകാംക്ഷയുടെ മൂൾ മുനയിൽ....ഭീകരരുടെ നേതാവിന് മനസ്താപം വരുമോ?

  ReplyDelete
 18. ഇതാ ...... മലയാളം ബ്ലോഗുകള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കുമായി പുതിയ ബ്ലോഗ്‌ റോള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. "കുഴല്‍വിളി അഗ്രിഗേറ്റര്‍ "
  http://kuzhalvili-aggregator.blogspot.in/

  ReplyDelete
 19. കോല്ലാം . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു . അതു പോലെ പക്ഷെ അല്ല പക്ഷേ എന്നാണ്‍ ശരിയായ വാക്ക് . പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ അറിയിക്കണേ @PRAVAAHINY

  ReplyDelete
  Replies
  1. തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. തിരുത്തി....
   ഇ മെയില്‍ ഐടി എന്റര്‍ ചെയ്യൂ...:)

   Delete
 20. നന്നായിട്ടുണ്ട്. ബാക്കി പോരട്ടെ

  ReplyDelete
 21. ഒരുപാട് താമസിച്ചാല്‍ പറ്റൂല്ലാ അബ്സറെ അടുത്തത് പെട്ടെന്നു പോരട്ടെ ട്ടോ ...!

  ReplyDelete
 22. നന്നായിരിക്കുന്നു....അടുത്തതിനായി കാത്തിരിക്കുന്നു....

  ReplyDelete
 23. നേരത്തെ തുടർച്ചയായി വായിച്ചിരുന്നു. ഇടക്ക് ഒന്നുരണ്ടു ലക്കങ്ങൾ വിട്ടുപോയി. അതുകൂടി വായിക്കണം. ഡോക്ടർ അവസാനം ഇതൊരു പുസ്തകമാക്കൂ......

  ReplyDelete
 24. സീരിയലിന്‍റെ തിരക്കഥയെഴുതി നല്ല പരിചയമുണ്ടെന്ന് തോന്നുന്നു... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....