Wednesday, October 10, 2012

മുക്കി മുക്കി വാര്‍ത്തുന്നവര്‍


നമ്മുടെ മാധ്യമ രംഗം സജീവതയോടെ ചലിച്ചുക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ആണല്ലോ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.

നമ്മുടെ പ്രഭാതങ്ങളില്‍ മാത്രം പത്രങ്ങളിലൂടെ വാര്‍ത്തകള്‍ അറിഞ്ഞിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. പുതിയ വാര്‍ത്തകള്‍ ലഭ്യമാകണമെങ്കില്‍ അടുത്ത ദിവസം പുലര്‍ച്ചെ ആകണം എന്ന അവസ്ഥ. ഇതിനിടയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ചെവികളിലേക്ക് എത്തുന്ന ആകാശവാണിയുടെ വാര്‍ത്തകള്‍ മാത്രമായിരുന്നു ലോക വിവരങ്ങള്‍ അറിയാന്‍ നമ്മെ സഹായിച്ചിരുന്നത്.

കാലം മാറി.
മാധ്യമ രംഗം ടി വി ചാനലുകള്‍ ഏറ്റെടുത്തു.
ഓരോ നിമിഷവും സംഭവിക്കുന്ന വാര്‍ത്തകള്‍ ചൂടോടെ, തല്‍സമയ ദൃശ്യങ്ങളോടെ നമ്മുടെ മുന്നില്‍ എത്താന്‍ തുടങ്ങി.
അച്ചടി മാധ്യമങ്ങള്‍ മുഴത്തിനു മുഴത്തിനു എഡിഷനുകള്‍ തുടങ്ങി.

വാര്‍ത്ത ജനങ്ങളിലേക്ക് എത്തിക്കപ്പെടാന്‍ ഉള്ള സാഹചര്യവും സൗകര്യങ്ങളും വര്‍ദ്ധിച്ചപ്പോള്‍, വാര്‍ത്തകള്‍ പലതും മനപ്പൂര്‍വ്വം തമസ്ക്കരിക്കപ്പെടുന്നുണ്ട് എന്നത്‌ വലിയ ഒരു വാസ്തവം അല്ലേ??

ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ മുഖ്യധാര മാധ്യമങ്ങളുടെ കണ്ണിലെ കരടായി മാറിക്കൊണ്ടിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ മൂടി വെക്കുന്ന പല വാര്‍ത്തകളും, പ്രചരിപ്പിക്കുന്ന വാര്‍ത്തകളിലെ പൊള്ളത്തരവും പുറത്ത് കൊണ്ടു വരുന്ന ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കെതിരേ സംസാരിക്കാന്‍ പത്രങ്ങളേയും ചാനലുകളേയും നിര്‍ബന്ധതിമാക്കുന്നു എന്നതാണ് വാസ്തവം.
വാര്‍ത്തകളുടെ കുത്തകാവകാശം ഇ ലോകം കീഴടക്കുമോ എന്നവര്‍ ഭയപ്പെടുന്നു.

പരസ്യത്തിന്റെ പിന്‍ബലത്തില്‍ വിറ്റഴിക്കുന്ന മരുന്ന് നിര്‍മ്മാണ കേന്ദ്രങ്ങളില്‍ റെയ്ഡ്‌ നടക്കുകയും, മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍ വാര്‍ത്തയില്‍ വന്നത്  "ഒരു പ്രമുഖ മരുന്ന് നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്‌ " എന്നാണ്. എന്തുകൊണ്ട് ഈ "പ്രമുഖ" എന്ന പ്രയോഗത്തിന് പകരം ആ കമ്പനിയുടെ പേര് വ്യക്തമായി പറയാന്‍ ജനപക്ഷത്ത്‌ നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ തയ്യാറായില്ല ???

ധാത്രി, ശ്രീധരീയം, ഇന്ദുലേഖ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്ത വാര്‍ത്ത മിക്ക മാധ്യമങ്ങളും നല്‍കിയത് കമ്പനിയുടെ പേര് മൂടിവെച്ചു കൊണ്ടായിരുന്നു. സിനിമാ നടിയുടെ തലയില്‍ കാക്ക അപ്പി ഇട്ടാല്‍ അതിനെ കുറിച്ച് പോലും ചാനലില്‍ വന്നിരുന്നു ഘോര ഘോരം ചര്‍ച്ചിക്കുന്ന ചാനല്‍ കൊഞ്ഞ്യാണന്മാര്‍ ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കുന്നത് കണ്ടില്ല!!!
എന്ത് കൊണ്ട് മുഴുനീള ചര്‍ച്ചകളും, അഭിപ്രായ സര്‍വ്വേകളും നടത്താന്‍ ഇവര്‍ തയ്യാറായില്ല ??

ഒരു ഭാഗത്ത്‌  "ഏതോ ഒരു കമ്പനിയില്‍ റെയ്ഡ് നടന്നു" എന്ന് പറയുമ്പോഴും ചാനലുകളില്‍ നിറഞ്ഞു നിന്നത്  ധാത്രിയുടെയും മറ്റും പരസ്യങ്ങള്‍ ആണ്. കോടികള്‍ നല്‍കുന്ന പരസ്യക്കാരെ പിണക്കാതിരിക്കാനാണ് ചാനലുകളും പത്രങ്ങളും ഈ ഇരട്ടത്താപ്പ്‌ നയം സ്വീകരിച്ചിരിക്കുന്നത് എന്ന സത്യം മനസ്സിലാക്കാന്‍ സേതുരാമയ്യരേയോ, ഭരത് ചന്ദ്രനെയോ, ബാബ കല്യാണിയേയോ അന്യേഷണ ചുമതല ഏല്‍പ്പിക്കേണ്ട കാര്യം ഇല്ല.

ഉര്‍വശിയുടെയും - മനോജ്‌ കെ ജയന്റെയും വിവാഹ മോചനത്തിന് കേരള സമൂഹത്തില്‍ എന്ത് പ്രസക്തി ആണ് ഉള്ളത് ? ആ രണ്ടു പേരേയും, അവരുടെ കുടുംബാംഗങ്ങളേയും മാത്രം ബാധിക്കുന്ന വിഷയത്തിനു ഒ ബി വാന്‍ വെച്ച് തല്‍സമയ സംപ്രേക്ഷണം നടത്തിയ മാധ്യമ വിദ്വാന്മാര്‍ മരുന്ന് കമ്പനികളില്‍ നടന്ന റെയ്ഡിന്റേയും, മായം ചേര്‍ത്ത ഈസ്റ്റേണ്‍ മുളക്‌ പൊടി കുഴിച്ചിടാന്‍ നിര്‍ബന്ധിതരായതിന്റേയും വാര്‍ത്തകള്‍ എന്തുകൊണ്ട് തല്‍സമയം നല്‍കിയില്ല.

ഈസ്റ്റേണ്‍ മുളക് പൊടിയില്‍ സുഡാന്‍ 4 എന്ന മാരക രാസപദാര്‍ത്ഥം കണ്ടെത്തിയ വാര്‍ത്ത ജനങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്‌ ഫേസ്‌ ബുക്ക്‌ അടക്കമുള്ള ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ആയിരുന്നു.

"വാര്‍ത്തകള്‍ തമസ്ക്കരിക്കാന്‍ ഉള്ളതല്ല" എന്ന നികേഷിന്റെ പ്രഖ്യാപനത്തോടെ ചാനല്‍ ലോകത്തേക്ക്‌ കടന്നു വന്ന റിപ്പോര്‍ട്ടറില്‍ എന്ത് കൊണ്ട് ഈ വാര്‍ത്തകള്‍ തമസ്ക്കരിക്കപ്പെട്ടു???

ഒളിക്യാമറയും മറ്റും ഉപയോഗിച്ച് രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടേയും കള്ളത്തരങ്ങള്‍ പുറത്ത് കൊണ്ടു വന്നു എന്ന് വീമ്പിളക്കുന്ന മാധ്യമങ്ങളെ തന്നെയല്ലേ പല സ്ഥാപനങ്ങളും, വ്യക്തികളും ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഉപയോഗപ്പെടുത്തുന്നത് ?
'ലിസ്' പോലുള്ള വിഷയങ്ങളില്‍ ഇത് നമ്മള്‍ കണ്ടതല്ലേ ?

വ്യാജ സ്വാമിമാര്‍ക്ക് എതിരെ മുന്നില്‍ നിന്ന് പോരാടിയിരുന്ന കൈരളി ചാനലില്‍ അറബി മാന്ത്രികത്തിന്റെ പരസ്യം നിറഞ്ഞു നിന്നത് എന്ത് കൊണ്ടാണ് ?
മന്ത്രവാദക്കാരുടേയും, ചാത്തന്‍ സേവക്കാരുടേയും പരസ്യങ്ങള്‍ സ്വന്തം ചാനലില്‍ വരുന്നത് പി ബി അറിയുന്നില്ലേ??
അതോ "ധനം കിട്ടിയാല്‍ പിന്നെ നിലപാടോ, ജന സേവനമോ ഒന്നും നോക്കാതെ എന്ത് തെറ്റായ പരസ്യവും തങ്ങളുടെ ചാനലിലൂടെ അന്തരീക്ഷത്തിലേക്ക് അയക്കുന്നതില്‍ തെറ്റില്ല" എന്ന് മൂലധനത്തില്‍ പറഞ്ഞിട്ടുണ്ടോ ??

അറബി മാന്ത്രികത്തിനു ഫലപ്രാപ്തി ഉണ്ടെങ്കില്‍ അതൊന്നു വാങ്ങി എ കെ ജി സെന്ററിന്റെ അരയില്‍ കെട്ടിയാല്‍ അവരുടെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവില്ലേ ?? ഒളിക്യാമറ മുതല്‍ ടി പി വധം വരെ അവര്‍ക്ക്‌ അറബി മാന്ത്രികത്തിന്റെ ശക്തി ഉപയോഗിച്ച് മറികടക്കാന്‍ ആകുമായിരുന്നില്ലേ ? അതോ ഇനി കൈരളിയില്‍ വരുന്നത് ഒന്നും എ കെ ജി സെന്റര്‍ വിശ്വാസികള്‍ പോലും വിശ്വസിക്കുന്നില്ല എന്നാണോ മനസ്സിലാക്കേണ്ടത്‌ ??

ഒരു ചാനലും ഇത്തരം കാര്യങ്ങളില്‍ പിന്നിലല്ല.

വ്യാജ പരസ്യം നല്‍കി വഞ്ചിക്കുന്ന കമ്പനികള്‍ക്ക്‌ എതിരെ നടപടി എടുക്കുമ്പോള്‍, ഇത്തരം പരസ്യങ്ങള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്ക്‌ എതിരേയും നടപടി എടുക്കാന്‍ ഉള്ള നിയമ സംവിധാനം നടപ്പിലാക്കുകയാണ്  പ്രബുദ്ധതയുള്ള ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്‌. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ചതിക്കുന്നവരെ പോലെ തന്നെ ചതിക്കാന്‍ കൂട്ട് നില്‍ക്കുന്നവരും ഈ കുറ്റത്തില്‍ പങ്കാളികള്‍ അല്ലേ ?
കുറ്റം ചെയ്യുന്നവനും, കുറ്റം ചെയ്യാന്‍ ഉള്ള സഹായം ചെയ്ത്  കൊടുക്കുന്നവനും കുറ്റക്കാരന്‍ ആണല്ലോ...!!!

വാര്‍ത്തകള്‍ മൂടിവെക്കുകയും, ഇങ്ങിനെ കൊള്ള നടത്തിയ കമ്പനികളുടേയും മറ്റും പേരുകള്‍ വിഴുങ്ങുകയും ചെയ്യുന്ന മാധ്യമങ്ങളുടെ ലൈസന്‍സ്‌ റദ്ദാക്കാന്‍ ഉള്ള വകുപ്പുകള്‍ നിയമ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തണം.

മാധ്യമ സ്വാതന്ത്ര്യം എന്നത് വാര്‍ത്തകള്‍ ജനങ്ങളിലേക്ക്‌ എത്തിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ആണ്. അല്ലാതെ വാര്‍ത്തകള്‍ ജനങ്ങളില്‍ നിന്ന് മൂടിവെക്കാന്‍ ഉള്ള സ്വാതന്ത്ര്യം അല്ല.

ഒരു വശത്ത് വിവരാവകാശ നിയമം എന്ന മഹത്തായ ആശയത്തിനു തുടക്കം കുറിച്ച അതേ കേന്ദ്ര സര്‍ക്കാര്‍, തങ്ങള്‍ക്ക് എതിരായ പല സത്യസന്ധമായ വാര്‍ത്തകളും ഫേസ്‌ ബുക്ക്‌ പോലെയുള്ള കൂട്ടായ്മകളില്‍ വരുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോള്‍ അവക്ക്‌ മൂക്ക് കയറിട്ട്  ജനങ്ങളുടെ സ്വാതന്ത്ര്യത്തെ തടയിടാന്‍ ശ്രമിക്കുന്ന നാറിയ കാഴ്ച്ച നാം കണ്ടതാണ്.  "പല സത്യങ്ങളും പുറത്ത്‌ അറിഞ്ഞാല്‍ ജനങ്ങള്‍ തങ്ങളെ കാര്‍ക്കിച്ചു തുപ്പും" എന്ന തിരിച്ചറിവല്ലേ ഭരണകര്‍ത്താക്കളെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ പ്രേരിപ്പിക്കുന്ന ഘടകം ??

പല ജേര്‍ണലിസ്റ്റുകളും, പണം വാങ്ങി വാര്‍ത്ത കൊടുക്കുന്ന ജീര്‍ണ്ണലിസ്റ്റുകള്‍ ആയ കാര്യം നമുക്ക്‌ അറിയുന്നതാണ്. പത്രപ്രവർത്തകൻ എന്ന പേരിൽ ഫ്ലാറ്റ് സംഘടിപ്പിച്ച് മേൽവാടകക്ക്  മറ്റ് ആളുകള്‍ക്ക്  കൊടുത്ത് മാസം തോറും വാടകക്കാശ് സ്വന്തം പോക്കറ്റില്‍ ഇട്ട ജീര്‍ണ്ണലിസ്റ്റുകളെ നമ്മുടെ രാജ്യം കണ്ടിട്ടുണ്ട്. ഇത്തരം മാധ്യമങ്ങളും, ജീര്‍ണ്ണലിസ്റ്റുകള്‍ക്കും കാലം കരുതി വെച്ചിട്ടുണ്ടാവുന്ന സ്ഥാനം  ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ആയിരിക്കും എന്ന ഓര്‍മ്മപ്പെടുത്തലോടെ....

കുഴിച്ചു മൂടപ്പെടുന്ന വാര്‍ത്തകള്‍ ഓണ്‍ലൈന്‍ കൂട്ടായ്മകളിലൂടെയെങ്കിലും ജനങ്ങളിലേക്ക്‌ എത്തിക്കാന്‍ നമുക്ക്‌ ഒരുമിച്ച് പരിശ്രമിക്കാം.
വാര്‍ത്തകളെ ഒരിക്കലും ഒളിപ്പിച്ചു വെക്കാന്‍ കഴിയാത്ത ഒരു ലോകം ഉണ്ടാവും എന്ന പ്രത്യാശയോടെ....

അബസ്വരം :
വല്ല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് വായിച്ച്  "തന്നെ കുറിച്ചാണല്ലോ ഈ എഴുതിയിരിക്കുന്നത് " എന്ന തോന്നല്‍ ഉണ്ടായാല്‍ ഒരു സംശയവും വേണ്ട, നിങ്ങളെ കുറിച്ച് തന്നെയാണ്  ഇതില്‍ എഴുതിയിരിക്കുന്നത്.
ഇനി അങ്ങിനെ തോന്നിയിട്ടില്ലെങ്കില്‍ ഇത് നിങ്ങളെ കുറിച്ചുള്ളതല്ല !!!


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

39 comments:

 1. പ്രസക്തമായ വിഷയം.നമ്മള്‍ ഇത്തരം കാര്യങ്ങളില്‍ മൗനം പാലിക്കരുത്.

  ReplyDelete
 2. ആട്ടിന്‍ കാട്ടത്തില്‍ വരെ തീവ്രവാദ ബന്ധം ആരോപിക്കാന്‍ പാട് പെടുന്ന മുട്ടനാടുകളായ മാധ്യമ പുങ്കവന്മാരുള്ളൊടത്തോളം കാലം ഇതൊക്കെ നമ്മള്‍ സഹിച്ചേ പറ്റൂ....മാധ്യമമേ ഉലകം!!

  ReplyDelete
 3. പോയന്റാണു. സോഷ്യൽ ഓൺലൈൻ മാധ്യമങ്ങളും, സാധാരണ മാധ്യമങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം രണ്ടാമത്തേത് ഒരു കച്ചോടവും, തൊഴിലാളി മുതലാളിമാർക്ക് ഒരു ശമ്പളം കൊടുക്കേണ്ട ഒരു മേഖലയും ആണെന്നാണു. സമൂഹത്തോട് പ്രതിബന്ധതയുണ്ടാവേണ്ട വിദ്യാഭ്യാസം, ഹോസ്പിറ്റലുകൾ എന്നിവ കച്ചവടമായതു പോലെ മാധ്യമരംഗവും പണാധിഷ്ഠിതമാവുമ്പോൾ അവർക്ക് സെക്സി & ഹോട്ട് സബ്ജകടുകൾ കൊടുത്തേ ഒക്കൂ. സത്യസന്ധത ഒന്നും പ്രതീക്ഷിക്കരുത്.

  ReplyDelete
 4. ഒളിക്കേണ്ടത് ഒളിച്ചും തൃപ്തിപ്പെടുതെണ്ടവരെ തൃപ്തിപ്പെടുതിയും മാത്രമാണു ഇന്നത്തെ വാര്‍ത്തകള്‍ ടി.വിയില്‍ ആയാലും അച്ചടി മാധ്യമങ്ങളില്‍ ആയാലും വരുന്നത്.മുഖം നോക്കാതെ സത്യം വിളിച്ചു പറയാന്‍ ചങ്കുറപ്പ് ഉള്ള മാധ്യമങ്ങള്‍ ഇന്നില്ല തന്നെ .എല്ലാം കണ്ടും കേട്ടും വിഡ്ഢികള്‍ ആകാന്‍ ജനങ്ങളും.

  ReplyDelete
 5. പണത്തിനു മേലെ പരുന്തും പറക്കില്ല , പണം കിട്ടിയാല്‍ ഏതു മാധ്യമവും നുണയെ സത്യമാക്കാനും സത്യത്തെ നുണയാക്കാനും ശ്രമിക്കുന്ന ഒരു കാലമായി ഇന്ന് .

  ReplyDelete
 6. കലക്കി ഇക്കാ... പണ്ടൊക്കെ ഓരോ പത്രത്തില്‍ വരുന്ന വാര്‍ത്തയും നാട്ടുവഴികളില്‍, ചായക്കടകളില്‍, കോളേജുകളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അവിടെയെല്ലാം ഉത്തരം മുട്ടിയിരുന്നത് "നീ 'ദേ' പത്രത്തില്‍ വയിചിട്ടല്ലേ ഈ പറയുന്നതു 'മ' പത്രം വായിച്ചു നോക്ക് അപ്പോഴറിയാം സത്യം.." എന്ന വാദത്തിലായിരുന്നു. അന്നേ ഉണ്ട് ചായ്വുകളും ചരിവുകളും പക്ഷപാതങ്ങളും. പിന്നെ ടി വി വന്നപ്പോള്‍ എല്ലാം നേരില്‍ കാണാന്‍ തുടങ്ങി. അപ്പോള്‍ ചര്‍ച്ച കുറെക്കൂടി മുന്നോട്ടു പോയി. എന്നാല്‍ അവിടെയും വന്നു തടസ്സങ്ങള്‍. ഇപ്പൊ കാണാം ഇപ്പൊ കാണാം എന്ന് ഉദ്വേഗത്തോടെ കാത്തിരിക്കുന്നെടതെക്ക് അവരുടെ കാമറ പോകില്ല പ്രസംഗങ്ങളിലേക്ക് അവരുടെ മൈക്ക് എത്തില്ല. ക്യാമറക്കും പ്രക്ഷേപണ സൌകര്യങ്ങള്‍ക്കും പരിമിതികള്‍ ഇല്ലേ എന്ന് ആശ്വസിച്ചു. പിന്നെ വീണ്ടും എത്തി ഒ ബി വാന്‍. "ങാ... ഇനി നിങ്ങളുടെ കളികള്‍ ഒന്നും നടിക്കില്ല മക്കളെ.." എന്നഹങ്കരിച്ചു. എവ്വടെ?? ഒരുത്തനും പറയുന്നതു മുഴുവനാക്കാന്‍, പോട്ടെ അവസാനത്തെ വാക്യം മുഴുവനാക്കാന്‍ പോലും സമ്മതിക്കാതെ "സ്ടുഡിയോ"വിലേക്കും "ലൈനി"ലുള്ള മന്ത്രി പുംഗവനിലേക്കും തിരിച്ചു പൊയ്ക്കൊണ്ടിരുന്നു. ചില ബ്ബ ബ്ബ ബ്ബെ കളും ഉരുണ്ടു കളികളും ഉത്തരം മുട്ടുമ്പോഴുള്ള കൊഞ്ഞനം കാട്ടലുകളും ഇറങ്ങിപ്പോക്കുകളും കാണാന്‍ പറ്റി എന്നല്ലാതെ വല്യ വിശേഷമൊന്നും ഉണ്ടായില്ല. പറഞ്ഞു വരുന്നത് വാര്‍ത്താവിതരണ സാങ്കേതിക വിദ്യ പുരോഗമിക്കുന്തോറും വാര്‍ത്തകള്‍ മുക്കാനുള്ള "സാങ്കേതിക" ജ്ഞാനവും വളര്‍ന്നു വരുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ എന്നൊരു പിടിവള്ളി ഉണ്ട്. അതും ഇനി എന്നാണാവോ തമസ്കരണം പഠിക്കുന്നത്!!

  ReplyDelete
 7. very curreect
  madyamangalk kash kittiyal enth chettatharavum kanichal prashnamakilla
  good luck

  ReplyDelete
 8. ഡോക്ടര്‍, നമുക്ക് പുറമേ നിന്ന് എന്തിനെയും ഏതിനെയും വിമര്‍ശിക്കാം. ചീത്ത വിളിക്കാം.. നഖ ശിഖാന്തം എതിര്‍ക്കാം.. കൊന്നു കൊലവിളിക്കാം. പക്ഷെ ആ മാധ്യമത്തിന്റെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. അവരുടെ നിലനില്പിന് പരസ്യങ്ങള്‍ അത്യാവശ്യമാണ്. ജനസേവനംകൊണ്ട് മാത്രം ഒരു മാധ്യമത്തിനും ആയുസ്സുണ്ടാവില്ല. അവര്‍ക്കും ജീവനക്കാരെ തീറ്റിപ്പോറ്റെണ്ടെ..? വിശേഷിച്ചും ദൃശ്യ മാധ്യമ മേഖലയിലെ സാമ്പത്തികപ്രതിസന്ധി നാം ഊഹിക്കുന്നതിലും എത്രയോ അധികമാണ്. ഈ പരസ്യങ്ങളൊക്കെ കാണുന്ന നാം അത് അതേപടി വിശ്വസിക്കണമെന്നുണ്ടോ? നമ്മുടെ വിവേചനാധികാരം ഉപയോഗിച്ചാല്‍ പോരേ ...?

  ReplyDelete
  Replies
  1. അവരുടെ നിലനില്‍പ്പിന് പരസ്യങ്ങള്‍ അത്യാവശ്യമാണ്. ഒരു സംശയവും ഇല്ല. എന്നാല്‍ ആ പരസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നുണകള്‍ മാത്രം പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ ഒഴിവാക്കിക്കൂടെ ?

   രാഷ്ട്രീയക്കാര്‍ക്ക് ചിലവ് ഉണ്ട് അതുകൊണ്ട് അവര്‍ അഴിമതി നടത്തിക്കോട്ടെ എന്ന് പറയാന്‍ കഴിയുമോ ? ഇനി അങ്ങിനെ പറഞ്ഞാല്‍ അതിനെ ഈ മാദ്യമങ്ങള്‍ അംഗീകരിക്കുമോ ?

   പരസ്യങ്ങളില്‍ ഭൂരിപക്ഷം ആളുകളും അന്ധമായി വിശ്വസിക്കുന്നുണ്ട് എന്നതല്ലേ വാസ്തവം ? വിവേചനാധികാരം ഉപയോഗിച്ച് മാത്രം തിരഞ്ഞെടുക്കാന്‍ നമ്മുടെ സമൂഹത്തില്‍ എത്ര പേര്‍ക്ക് കഴിയുന്നുണ്ട് ?

   Delete
  2. Mrs sakeena, is it right to to find a livlihood by cheating others? by exaggerationa a lie is being made true like one......but your stand cant be agreed upon.

   Delete
  3. പത്ര ധര്‍മം എന്ന ഒന്ന് ഇല്ലേ ? നുണകള്‍ പ്രചരിപ്പിക്കുന്ന പരസ്യങ്ങളും വാര്‍ത്തകളും ഒഴിവാക്കേണ്ടതല്ലേ ?

   Delete
 9. ഇന്നു ദ്രിശ്യ പത്ര മാധ്യമങ്ങളെ നിയന്ദ്രിക്കുന്നത് തന്നെ ഒരു കുട്ടംമുതലാളിമാരാണ് ?നേരോടെ നിര്‍ഭയം എന്നൊക്കെ അവര്‍ക്ക് വാക്കുകളില്‍ മാത്രം!നമ്മള്‍ ചിന്തിക്കെണ്ടിരിക്കുന്നു,നീതി നടപ്പാക്കുന്ന നിയമതെപോലും ഇവര്‍ വെല്ലു വിളിക്കുന്നു ....

  ReplyDelete
 10. ജേര്‍ണലിസം ജീര്‍ണലിസത്തിലേക്ക്‌ കൂപ്പു കുതിപ്പോയി, വാര്‍ത്തകള്‍ യതാ വിധി എത്തിക്കെണ്ടാവര്‍ അത് മുക്കാന്‍ കാണിക്കുന്ന വ്യഗ്രത നമ്മള്‍ ഒരു പാട് കണ്ടതല്ലേ. സോഷ്യല്‍ മീടിയകളെ ഇവന്‍ മാര്‍ എന്തിനു ഭയക്കണം നേരോടെ നിര്‍ഭയമാനെന്കില്‍ അബ്സര്‍ നന്നായി പറഞ്ഞു

  ReplyDelete
 11. ഓരോ വര്‍ഗ്ഗവും അവരവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു... ഇവിടെ വിവേചന ബുദ്ധിയോടു കൂടി പ്രേക്ഷകന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍... ചെന്നെത്തുന്നതും കണ്ടു മുട്ടുന്നതുമായ എല്ലാ മേഖലകളിലും അവന്‍ ചതിക്കപ്പെടുക തന്നെ ചെയ്യും..!

  ReplyDelete
 12. മധ്യ മ ലോകം എന്നും തീര്‍ത്തും വെക്തമായ മുന്‍ വിധികള്‍ക്ക് അടിസ്ഥാനമായി മാത്രം ആണ് പ്രവര്‍ത്തിക്കുന്നത്
  സമൂഹ നന്മയോ? നാടിന്റെ പുരോഗതിയോ> അല്ല അവരുടെ ലക്‌ഷ്യം
  ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തന്ത യില്ലാത്തവര്‍ ആടിനെ പട്ടി ആക്കും പട്ടിയെ പേപട്ടി ആക്കും പിന്നെ നാട്ടാരെ കൂട്ടി തല്ലി കൊല്ലും

  ReplyDelete
 13. പുതിയ ഉണര്‍വ്‌ ചെറിയൊരു തിരിച്ചറിയലിനു സഹായകമായിട്ടുണ്ടെന്ന് തോന്നുന്നു.

  ReplyDelete
 14. കൊള്ളാം...നല്ല പോസ്റ്റ്‌...!

  ReplyDelete
 15. നല്ല ലേഖനം.ആര്‍ക്കും വേണ്ടാത്ത വിഷയങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നത് കാണുമ്പോള്‍ കഷ്ടം തോന്നിയിട്ടുണ്ട്.സന്തോഷ്‌ പണ്ഡിറ്റിനെ ആളാക്കിയത് മാധ്യമങ്ങളാണ്.ആവശ്യമുള്ളവയെ അവഗണിക്കുന്നു.

  ReplyDelete
 16. മലയാള മാധ്യമങ്ങളുടെ കാപട്യത്തിന്‍റെ മുഖം അനാവരണം ചെയ്യുന്ന ലേഖനം. ഒരു കാലത്ത്‌ മാനവും അഭിമാനവും ഉള്ള ഒരു മനുഷ്യനെ കുറ്റവാളിയായി കഥകള്‍ മെനയുകയും ഇല്ലാ കഥകള്‍ക്ക്‌ എരിവും രുചിയും പകരാന്‍ സെക്സും സ്ടണ്ടും ചേര്‍ക്കുകയും ചെയ്യുക. അതേ മാധ്യമ സ്ഥാപനങ്ങള്‍പില്‍ക്കാലത്ത്‌ ഈ മനുഷ്യനെ മാധ്യമ വേട്ടയുടെ ഇരയായി ചിത്രീകരിക്കുകയും കവര്‍സ്റ്റോറികള്‍ കൊടുത്ത് വീണ്ടും വിറ്റ്‌ കാശാക്കുകയും ചെയ്യുക. ഇതല്ലേ നമ്പി നാരായണന്‍റെ കാര്യത്തില്‍ സംഭവിച്ചത്.

  ReplyDelete
 17. ഇരുപത്തിനാലു മണിക്കൂർ തികക്കേണ്ടേ..ചിലത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചും,
  ചിലതിനെ കാണിച്ചും കേൾപ്പിച്ചും...
  മാധ്യമ തർമ്മക്കാർ...

  ReplyDelete
 18. ഞമ്മള് വായിച്ചു ...കൊള്ളാം ഡോക്ടറെ ...തീര്‍ച്ചയായും ചര്‍ച്ച ചെയ്യ പെടേണ്ട ഒരു പോസ്റ്റ്‌ തന്നെ ..പലര്‍ക്കും സ്വന്തം നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്പ്പില്‍ അവതരിപ്പികാനും പരസ്പരം കരിവാരിതേക്കാനുമുള്ള ഒരു ജാലകം മാത്രമായി ഇന്നു മാധ്യമങ്ങള്‍ മാറിയിരിക്കുന്നു .. ടോയ്‌ലറ്റ് പേപ്പറിന്റെ നിലവാരം പോലുമില്ലാത്ത വാര്‍ത്തകള്‍ക്ക് വേണ്ടി ചുറ്റും കൂടിയിരുന്നു ചര്‍ച്ച ചെയ്യും . എന്നാല്‍ ജനങ്ങളിലേക്ക്‌ എത്തേണ്ട പല വാര്‍ത്തകളും സ്വകര്യ ലാഭങ്ങള്‍ക്ക് വേണ്ടിയോ മറ്റുളവരുടെ പ്രീതി ലഭിക്കാനോ മൂടി വയ്കപെടുന്നു .അതിനെതിരെ യുള്ള ശക്ത്തമായ മറുപടിയാണ് ഫേസ്ബുക്ക് ബുക്ക്‌ പോലുള്ള സോഷ്യല്‍ വെബ്‌ സൈറ്റുകള്‍ .നമ്മള്‍ അറിയേണ്ട വാര്‍ത്ത നമ്മള്‍ തന്നെ പോസ്റ്റിലൂടെ മറ്റുള്ളവരെ അറിയിക്കുന്ന രീതി .അതുകണ്ടായിരിക്കാം ചില മാധ്യമ
  സിന്റി കേറ്റുകള്‍ക്ക് ഫേസ് ബുക്ക് എന്ന് കേട്ടാല്‍ ഹാലിളകുന്നത് .
  നന്നായി എഴുതി ആശംസകള്‍ .....

  ReplyDelete
 19. ഒരു തുള്ളി മഷി, മനസ്സ് നിറയെ വിഷം, ഇതാണ് ഒരു മാധ്യമ പ്രവര്‍ത്തകന് വേണ്ട മിനിമം യോഗ്യത.. കേരളത്തിലെ ഒട്ടുമിക്ക മാധ്യമ നപുംസകങ്ങള്‍ക്കും ഇന്നാ യോഗ്യത വേണ്ടുവോളം ഉണ്ട്..

  അവര്‍ക്ക് തോന്നുന്ന മാതിരിയാണ് അവര്‍ വാര്‍ത്തകള്‍ കൊടുക്കാരുള്ളത്.. അവരുടെ അജണ്ട നടപ്പിലാക്കാന്‍ യാതൊരു ഉളുപ്പുമില്ല. എന്തൊക്കെയാണ് ചിലരുടെ വീരസ്യം പറച്ചില്‍.. മാധ്യമങ്ങളുടെ പിതാഭാഗത്തിന്റെ ശൂന്യതക്ക് ഫ്ലാറ്റ് വിഷയത്തിലെ വാര്‍ത്തകള്‍ തന്നെ ഉത്തമ ഉദാഹരണമല്ലേ...

  നന്നായി അബ്സാര്‍.. നല്ല ലേഖനം.. ഉറക്കെ ഉറക്കെ വിളിച്ചു പറയേണ്ടത് തന്നെ..

  ReplyDelete
 20. എട്ടു മുതല്‍ പത്തു ലക്ഷം വരെ ഓരോ സെക്കന്റിനും വിലയുള്ള ചാനലുകള്‍ ആ പരസ്യം തന്നവനിട്ടു പണി കൊടുത്താല്‍ പിന്നെ ചാനല്‍ എങ്ങിനെ നടത്തും. സാറ്റലൈറ്റ് റെന്റ്, ഓഫീസ്, വണ്ടികള്‍ വിത്ത്‌ കുട, പിന്നെ ഇവന്മാരുടെ ഒക്കെ ശമ്പളം, ഇതു പോരാഞ്ഞ് ഈ വണ്ടിയില്‍ ഒക്കെ പെട്രോള്‍ ഒഴിക്കണ്ടേ? ഒരു ചാനല്‍ നടത്തികൊണ്ട് പോകാന്‍ പെടാപാട് പെടുന്ന മുതലാളിമാര്‍ക്കെ അതിന്‍റെ ബുദ്ധിമുട്ട് മനസിലാവൂ.

  ഒരു ബ്ലോഗ്‌ ഉണ്ടെന്നു കരുതി ഏതു ചാനലിനേം എന്തും പറയാം എന്നുള്ള ആ ചങ്കൂറ്റം ഉണ്ടല്ലോ, അശ്ലീലം രാജ്യദ്രോഹം അങ്ങിനെ ഏതെങ്കിലും ഒരു വകുപ്പ് എടുത്തു നാല് സെക്കന്റ്‌ വാര്‍ത്ത‍ ഇട്ടാല്‍ തീര്‍ന്നു പോകുന്നതെ ഉളൂ, എന്നോര്‍മിച്ചാല്‍ നന്ന്.

  ലബേല്‍ : ഭീഷിണി.
  ഒരു ചാനല്‍ മുതലാളി.

  ReplyDelete
 21. നന്നായിട്ടുണ്ട്...

  ReplyDelete
 22. പുതിയത് വരുമ്പോൾ പഴയത് പിടിച്ച് നിൽക്കാൻ പാട്പെടും..അത് നാട്ട്നടപ്പ്.. അപ്പോ പരസ്യക്കാരുടെ ആസനം തോളിലോ തലയിലോ എടുത്ത് താങ്ങേണ്ടി വരും.. അതിനിടയിൽ ചിലതൊക്കെ കണ്ടില്ലെന്നും, ഇല്ലാത്തതൊക്കെ കണ്ടെന്നും വരും. ഇടതൻ വലതന്റെ മറ്റേടത്ത് വച്ച് ലൈവ് പിടിക്കുമ്പോൾ വലതൻ ഇടതന്റെ ലവിടെ ഒളിക്ക്യാമറ വെച്ച് കാത്തിരിക്കുകയാവും. പെയിഡ് ന്യൂസ് എന്നത് വെറും ആരോപണമല്ല. മാധ്യമ "വ്യവസായം" ഇറച്ചി വെട്ടുകാരനെപ്പോലെയും, ബ്ലയിഡുകമ്പനിക്കാരനെപ്പോലെയും വെറും വ്യവസായം മാത്രമാണ്. വ്യവസായത്തിന്റെ ലക്ഷ്യം ലാഭമുണ്ടാക്കൽ മാത്രമാണ്; അല്ലാതെ ആരെയെങ്കിലും ഉദ്ധരിക്കലല്ല..

  ReplyDelete
 23. എല്ലായിടത്തും ബിസിനെസ്സ്‌ തന്ത്രങ്ങളുടെ കുത്തൊഴുക്കുമാത്രം.എല്ലാ മേഖലയിലെയും മത്സരബുദ്ധി മാധ്യമ രംഗത്തെയും ബാധിച്ചിരിക്കുന്നു .എത്രയൊക്കെ ആക്ഷേപങ്ങള്‍ ഉന്നയിച്ചാലും അവരുടെ വഴി നേരെയാക്കാന്‍ ഇനിയൊരിക്കലും തുനിയും എന്ന് കരുതുന്നില്ല .

  ReplyDelete
 24. നല്ല ഒരു പോസ്റ്റ്‌ .പണത്തിനു മേലെ പരുന്തും പറക്കില്ല...

  ReplyDelete
 25. നമ്മില്‍ നിന്നും ആദരവ് പിടിച്ചുവാങ്ങിയിരുന്ന വക്കീല്‍, ഡോക്ടര്‍, വിദ്യ നല്‍കുന്ന അദ്യാപകര്‍, സ്ഥാപനങ്ങള്‍,മത പണ്ടിതര്‍,നടത്തിപ്പുകാര്‍,തുടങ്ങിയുള്ളതൊക്കെയും ദുശിച്ചു നാറി,ഭയപ്പെടുത്തി ആദരിപ്പിച്ചിരുന്ന പോലീസ്,നാട്ടുരാജാക്കള്‍തുടങ്ങിയവര്‍ പതിയെ നല്ല ചില മിന്നലാട്ടങ്ങള്‍ കാണിക്കുകയും ചെയ്യുന്നു,ഇത് നാം സഹിച്ചെ പറ്റൂ,

  ReplyDelete
 26. വാര്‍ത്തകള്‍ ഒന്നും വാര്‍ത്തകള്‍ അല്ലാതെ ആയിരിക്കുന്നു. നല്ല പോസ്റ്റ്‌ ഡോക്ടറെ...

  ReplyDelete
 27. എല്ലാം ഒരു ചാണ്‍ വയറിനു വേണ്ടി.....
  നന്നായിരിക്കുന്നു...

  ReplyDelete
 28. അബ്സറേ .. ചൂണ്ടി കാട്ടിയ നേരുകള്‍
  പ്രശംസനീയം തന്നെ , കൂടേ ഉള്ളില്‍ തിളക്കുന്ന
  ചിലതിന്റെ നേര്‍ പകര്‍ത്തലും ..
  കോടികള്‍ വരുമാനമുള്ള ശ്രോതസ്സുകള്‍ കണ്ടില്ലെന്നു
  നടിക്കുന്ന മാധ്യമ സംസ്കാരം നാം തിരിച്ചറിയുക
  തന്നെ വേണം , ഇങ്ങനെയെങ്കില്‍ മറ്റ് വാര്‍ത്താ
  പ്രാധാന്യമുള്ളവയേ നാം എങ്ങനെ വിശ്വസ്സിക്കുമല്ലേ ..
  എവിടേയും കാശ് തന്നെയാണ് പ്രധാനം ..
  നിലനില്പ്പിന് വേണ്ടി എന്തു പന്നത്തരവും ചെയ്യുവാനും
  മൂടി വയ്ക്കുവാനും മാധ്യമങ്ങള്‍ അധപതിച്ചിരിക്കുന്നു ..
  ജനങ്ങളാല്‍ നിയന്ത്രിതമായ , ഒരു ചാനല്‍ വന്നാല്‍
  ഇതിനൊക്കെ ഒരു അപവാദമായി വളരുവാനാകുമോ ..?
  എവിടെയല്ലേ അവിടെയും കാണും കുറേയെണ്ണങ്ങള്‍ ..
  നാം അധികാരത്തിലേറ്റി വിട്ടവര്‍ ചെയ്യുന്നതും ഭിഭിന്നമല്ലല്ലൊ ..
  എന്റെ കൂട്ടുകാരന്‍ ചൂണ്ടി കാട്ടിയതില്‍ സ്പാര്‍ക്ക് ഉണ്ട് ..
  ഒന്നു ആളികത്തിക്കാന്‍ പ്രാപ്ത്മായത് , അറിയാതെ പൊകരുത് ഇതൊക്കെ ..
  പ്രതികരണം വേണ്ടിയതു തന്നെയിതൊക്കെ .. അഭിനന്ദനങ്ങള്‍ പ്രീയ സഖേ ..

  ReplyDelete
 29. മാധ്യമങ്ങളും ചാനലുകാരും മണ്ണിട്ട്‌ മൂടിയ ഒരു വാര്‍ത്ത ! http://www.youtube.com/watch?v=aQ4KX3pscBw

  ReplyDelete
 30. ഏത് പത്രമെഴുതുന്നതാണ് വിശ്വസിക്കുക എന്ന് ചിന്തിച്ച് തലപുണ്ണാക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ദ്രിശ്യ മാധ്യമങ്ങളിൽ ആടിനെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സ്വഭാവവുമാണ് നാം കണ്ട് വരുന്നത്.

  അതിനിടെ ചില വാർത്തകൾ തമസ്ക്കരിക്കപ്പെടുമ്പോൾ എന്താണ് നാം മനസ്സിലാക്കേണ്ടത്. ഓരോ മാധ്യമത്തിനും അവരുടേതായ ചില അജണ്ടകളുണ്ട്. അത് പ്രാവർത്തികമാക്കാൻ അവർ ചിലത് മുക്കും,. ചിലത് പൊക്കും. നാം അവ കണ്ട് വാ പൊളിക്കും... :)

  എത്താൻ അല്പം വൈകിയെങ്കിലും മാധ്യമലോകത്തെ ജീർണ്ണതകളെ കുറിച്ച് വായിച്ച് മനസ്സിലാക്കാനായി. പ്രവാസാശംസകൾ

  ReplyDelete
 31. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് വ്യാജസിദ്ധന്‍ മാരുടെയും മാന്ത്രിക തട്ടിപ്പുകളും വന്ന ( സന്തോഷ്‌ മാധവന്‍ കേസ് പുറത്തു വന്ന സമയം ) അന്ന് നാട്ടിലെ സകല മാന്ത്രിക സന്യാസി തട്ടിപ്പുകളും കാണിക്കാന്‍ മത്സരിക്കുന്നുണ്ടായിരുന്നു ഓരോ ചാനലുകളും .എന്നാല്‍ അതെ ചാനല്‍ തന്നെ മാന്ത്രിക ഏലസ്സ് പരസ്യവും "സ്പോണ്‍സേര്‍ട് പരിപാടി " എന്ന ലലേബലില്‍ കാണിക്കുന്നത് കണ്ട്പോള്‍ ചിരിയാണ് തോന്നിയത് ..ഒരു മാതിരി മുട്ട് കൈ ഇല്ലാത്തവന്‍ ചെറുവിരല്‍ ഇല്ലാത്തവനെ കളിയാക്കുന്നത് പോലെ ...നില നില്‍പ്പിനു മുമ്പില്‍ എന്ത് ആദര്‍ശം എന്ത് ധാര്‍മികത ??

  ReplyDelete
 32. ഡോക്കിട്ടരെ ...അസ്സലായി

  ReplyDelete
 33. വാര്‍ത്തകള്‍ തമസ്കരിക്യന്‍ പാടില്ല ...........നന്നായിട്ടുണ്ട് .അഭിനന്ദനങ്ങള്‍....

  ReplyDelete
 34. truth will hide by some .but it will project some were

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....