Friday, October 26, 2012

ഫൗസിയയുടെ പീഡനാഘോഷ പരമ്പര


അതൊരു ബുധനാഴ്ചയായിരുന്നു...

പനി പിടിച്ചത് കാരണം നാലഞ്ച് ദിവസം പ്രീഡിഗ്രീ സഹപാഠികളോട് വിട്ടു നില്‍ക്കേണ്ടി വന്ന ക്ഷീണം തീര്‍ക്കാന്‍ രാവിലെ തന്നെ അണിഞ്ഞൊരുങ്ങി ബഷീര്‍ കോളേജിലെത്തി.

ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാര്‍ വന്നിട്ട് രണ്ടാഴ്ച ആയിട്ടേയുള്ളൂ.
അവര്‍ക്ക് ഇനിയും "സ്വീകരണം" കൊടുക്കാനുണ്ട്.
അതിനെ കുറിച്ചെല്ലാം സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് റിയാസ് അവിടേക്ക് വന്നത്.

റിയാസ് : "ഇന്നല്ലേ നമ്മുടെ ഫൗസിയയുടെ കല്യാണം. നമുക്ക് പോകേണ്ടേ ?"

നവാസ് : "അത് മറന്നു... നമുക്ക് രണ്ടു പിര്യേഡ്‌ കഴിഞ്ഞാല്‍ മുങ്ങാം."

അരുണ്‍ : "പ്രിന്‍സിയോട് ചെന്ന് കാര്യം പറഞ്ഞു പോകാം. ക്ലാസിലെ കുട്ടിയുടെ കല്യാണമല്ലേ... പെര്‍മിഷന്‍ തരും. വെറുതെ എന്തിനാ അറ്റന്‍ഡന്‍സ് കളയുന്നേ ?"

ബഷീര്‍ : "ഞാനില്ലടാ... അവള്‍ എന്നോട് പറഞ്ഞിട്ടില്ല."

റോബിന്‍ : "അതിനു നീ കഴിഞ്ഞയാഴ്ച ലീവ് ആയിരുന്നില്ലേ... അവള്‍ എല്ലാവരേയും ക്ഷണിക്കാന്‍ വേണ്ടി വന്നിരുന്നു. അന്ന് നീ വരാത്തത് അവളുടെ കുറ്റമാണോ ? നമ്മുടെ കമ്പനിയല്ലെടാ അവള്‍... വെറുതെ ബലം പിടിക്കാതെ..."

അത് ശരിയാണെന്ന് ബഷീറിനും തോന്നി.

"അവളുമായി തനിക്ക് പ്രശ്നമൊന്നും ഇല്ലല്ലോ. മാത്രമല്ല കല്യാണമുള്ള വിവരമൊക്കെ അവള്‍ പറയുകയും ചെയ്തിരുന്നു. പിന്നെ പോകാതിരുന്നാല്‍ അത് മോശമല്ലേ... അപ്പോള്‍ പോവാം..." ബഷീര്‍ തീരുമാനത്തിലെത്തി.

അപ്പോഴാണ്‌ അജിത്ത് ഓടി വന്നത്...

"എടാ ഇന്ന് സമരമാണ് !!!!" അവന്‍ ആവേശത്തില്‍ പറഞ്ഞു.

അത് കേട്ടതോടെ എല്ലാവരും ഉഷാറായി...

എല്ലാവരുടെയും മുഖത്ത് ലോട്ടറി അടിച്ച സന്തോഷം.

ഷമീം : "ആരുടെ വക ?"

അജിത്ത് : "എസ് എഫ് ഐ"

ജോമോന്‍ : "എന്താ വിഷയം ?"

അജിത്ത് : "ഏതോ എസ് എഫ് ഐ നേതാവിനെ പോലീസ് തല്ലി. പ്രതിഷേധ പ്രകടനം നടത്താന്‍ ജില്ലാ കമ്മറ്റി പറഞ്ഞത്രേ... കഴിയുമെങ്കില്‍ അലമ്പ് ഉണ്ടാക്കി ക്ലാസ് നിര്‍ത്തിക്കാനും..."

"ആരാ നിന്നോട് ഈ വിവരം പറഞ്ഞത് ?" ജ്ഞാനിയെ പോലെ ആരിഫ് വാര്‍ത്തയുടെ ഉറവിടം അന്യേഷിച്ചു.

അജിത്ത് : "സെക്കന്റ് ഡി സി യിലെ വിഷ്ണു. അവര് അവിടെ തയ്യാറെടുപ്പ് നടത്തുകയാ... വേഗം വാ..."

ബഷീറിന്റെ കോളേജിനു ഒരു പ്രത്യേകതയുണ്ടായിരുന്നു.
ഇലക്ഷന്‍ സമയത്ത് എസ് എഫ് ഐ, എം എസ് എഫ്, കെ എസ് യു എന്നിവയെല്ലാം രൂക്ഷമായ പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും ഇതില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്കാര്‍ സമരം പ്രഖ്യാപിച്ചാല്‍ എല്ലാവരും ചേര്‍ന്ന് അത് വിജയിപ്പിക്കും.
സമരക്കാര്യം വരുമ്പോള്‍ അവിടെ 'വിദ്യാര്‍ത്ഥി ഐക്യം' സ്ട്രോങ്ങ്‌ ആയിരുന്നു.

ഒന്നാം വര്‍ഷക്കാരുടെ ക്ലാസിനു അടുത്തേക്ക് പോകുന്നതില്‍ നിന്നും പ്രിന്‍സി സീനിയേഴ്സിനെ വിലക്കിയിട്ടുണ്ട്. അവരുടെ ക്ലാസിന്റെ മുന്നിലൂടെ നടക്കാന്‍ പോലും അനുവദിക്കുന്നില്ല. അതിലുള്ള അമര്‍ഷം പുകയുന്ന അവസരത്തില്‍ കിട്ടിയ സമരം ആഘോഷിക്കാന്‍ തന്നെ എല്ലാവരും തീരുമാനിച്ചു.

അങ്ങിനെ അന്നത്തെ അജണ്ടക്ക് അന്തിമ രൂപമായി.
ആദ്യം സമരം.
പിന്നെ ഫൗസിയയുടെ കല്യാണം.
അത് കഴിഞ്ഞു ഒരു സിനിമ.

ആ അജണ്ടയിലെ ആദ്യത്തെ കര്‍മ്മത്തിനു തുടക്കം കുറിക്കാനായി സമരങ്ങളുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റായ മൂന്നാം നിലയിലെ ഇടത്തെ മൂലയില്‍ എസ് എഫ് ഐ സഖാക്കളും, എം എസ് എഫ് സഖാക്കളും, കെ എസ് യു സഖാക്കളും, ഒരു പാര്‍ട്ടിയിലും പെടാത്ത സ്വതന്ത്ര സഖാക്കളും ഒരുമിച്ചു കൂടി.

അങ്ങിനെ മുദ്രാവാക്യം വിളിക്ക് സംഗീത് തുടക്കമിട്ടു.

"ഞങ്ങളിലൊന്നിനെ തൊട്ട് കളിച്ചാല്‍
ഒന്നിന് പത്ത്, പത്തിനു നൂറ്
തിരിച്ചടിക്കും കട്ടായം
കാലം സാക്ഷി ചരിത്രം സാക്ഷി
രണക്കളത്തിലെ രക്തം സാക്ഷി
ഞങ്ങളില്‍ ഒന്നിനെ തൊട്ട് കളിച്ചാല്‍
അക്കളി തീക്കളി സൂക്ഷിച്ചോ"

കോളേജിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് സമര സഖാക്കള്‍ നടത്തം തുടര്‍ന്നു...
ക്ലാസുകളില്‍ നിന്ന് പെണ്‍കിടാങ്ങള്‍ എത്തി നോക്കാന്‍ തുടങ്ങിയതോടെ സമരക്കാരുടെ ആവേശം വര്‍ദ്ധിച്ചു.

"അങ്ങ് കിഴക്ക് നിലമ്പൂര്‍ക്കാട്ടില്‍
ലാത്തിത്തൈകള്‍ വളരുന്നുണ്ടേ
വെട്ടിയെടുക്കാന്‍ ഞങ്ങള്‍ക്കറിയാം
തിരിച്ചു തല്ലാന്‍ ഞങ്ങള്‍ക്കറിയാം
ഓര്‍ത്തു കളിച്ചോ പോലീസേ"

ഞാനാണ് കേമന്‍ എന്ന് കാണിക്കാന്‍ ഓരോരുത്തനും സമരത്തിന്റെ മുന്‍ നിരയിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചു.
ബഷീറും സംഘവും ഇടിച്ചു കയറി രണ്ടാമത്തെയും മൂന്നാമത്തേയും വരിയിലായി സ്ഥാനം പിടിച്ചു.

മുകളിലത്തെ നിലയെ ആടി ഇളക്കിയ ശേഷം രണ്ടാമത്തെ നിലയിലേക്കിറങ്ങി.
ആ നിലയുടെ മധ്യത്തില്‍ ആണ് പ്രിന്‍സിയുടെ മുറി.
അതിന്റെ ഇടത് വശത്തുള്ള ക്ലാസുകള്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാരുടേതാണ്.
അവിടേക്ക് കാലു കുത്താന്‍ പ്രിന്‍സി ഇതുവരെ അനുവദിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ ഇന്ന് നിയമങ്ങള്‍ ലംഘിച്ചു അവിടേക്ക് പോകുന്നതിലുള്ള ത്രില്ലില്‍ ആണ് എല്ലാവരും.
രണ്ടാം നിലയിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ മുടിയെല്ലാം ചീകി ഗ്ലാമര്‍ ശരിയാക്കാന്‍ ഓരോ യുവ കോളമന്‍മാരും ശ്രദ്ധിച്ചു.
ചിലര്‍ പോക്കറ്റില്‍ കരുതിയിരുന്ന ഫെയര്‍ ആന്‍ഡ്‌ ലൗലി ക്രീമിന്റെ ട്യൂബ് തുറന്നു !!!

അങ്ങിനെ മഹത്തായ ആ ഭാഗത്തേക്ക് പ്രവേശിച്ചു....!!!

"പോടാ പുല്ലേ പോലീസേ
പോടാ പുല്ലേ പോലീസേ
ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ
ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍
വച്ചേക്കില്ലാ നാളേക്കായ്"

ഒന്നാം വര്‍ഷ സുന്ദരികള്‍ ആകാംക്ഷയോടെ നോക്കുന്ന നോട്ടം കണ്ടപ്പോള്‍ പുരുഷ കേസരികളില്‍ ഒന്നിന്റെ നിയന്ത്രണം വിട്ടു.
ലവന്റെ ശബ്ദം മുഴങ്ങി...

"പുല്ലാണ് പുല്ലാണ്... പ്രിന്‍സിപ്പാള് പുല്ലാണ്..."

പ്രിന്‍സിയെ പോലും ചീത്ത വിളിക്കുന്ന പൌരുഷത്തെ ചുന്ദരിക്കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയതോടെ എല്ലാവരും ആ മുദ്രാവാക്യം തൊണ്ട പൊട്ടുന്ന ഉച്ചത്തില്‍ അലറി വിളിച്ചു.....

"കോളേജിന്റെ വരാന്തയില്‍
അറിവിന്റെ ഇടനാഴികളില്‍
നടക്കാന്‍ പാടില്ലെന്നു പറഞ്ഞ
പ്രിന്‍സിപ്പാളേ മൂരാച്ചീ
തുഗ്ലക്കിന്റെ പിന്‍ഗാമീ
പുല്ലാണ് പുല്ലാണ്
പ്രിന്‍സിപ്പാള് പുല്ലാണ്"

അങ്ങിനെ ആ ഹാളിന്റെ അവസാനത്തില്‍ എത്തിയ ശേഷം തിരിഞ്ഞു നടന്നു.
സമരം എന്തിന്‍റെ പേരില്‍ ഉള്ളതാണ് എന്ന് പോലും വീര സഖാക്കള്‍ മറന്നു.
പ്രിന്‍സി ജൂനിയേഴ്സിനെ പഞ്ചാര അടിക്കുന്നതിനും, റാഗിംങ്ങിനും വിലങ്ങു തടിയായി നില്‍ക്കുന്നത് മാത്രമായി വിഷയം.

"നവാഗതര്‍ക്ക് സ്വാഗതമരുളാന്‍
പാടില്ലെന്ന് പറഞ്ഞൊരു പ്രിന്‍സീ
ശിലായുഗം കഴിഞ്ഞ കാര്യം
ഇനിയും നിങ്ങളറിഞ്ഞില്ലേ
പുല്ലാണ് പുല്ലാണ്
പ്രിന്‍സിപ്പാള് പുല്ലാണ്"

തങ്ങളെ ഒന്നാം വര്‍ഷക്കാരുടെ അടുത്തേക്ക് വിടാത്തത്തിലുള്ള ദേഷ്യം മുഴുവന്‍ ആ വാക്കുകളില്‍ ഉണ്ടായിരുന്നു.

"വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തില്‍
കൈ കടത്താന്‍ നോക്കേണ്ടാ
കെട്ടിയോളല്ലിത് വിദ്യാര്‍ഥികളാ
വീടല്ലിത് കോളേജാണ്
വിദ്യാര്‍ഥികളുടെ കോളേജ്
പുല്ലാണ് പുല്ലാണ്
പ്രിന്‍സിപ്പാള് പുല്ലാണ്"

മുദ്രാവാക്യം ഒരിക്കല്‍ കൂടി വിളിച്ചപ്പോഴേക്കും പ്രിന്‍സി മുറിയില്‍ നിന്ന് ഇറങ്ങി സമരക്കാര്‍ക്ക് അഭിമുഖമായി നിന്നു.

പല സമരങ്ങള്‍ കോളേജില്‍ നടന്നിട്ടുണ്ടെങ്കിലും പ്രിന്‍സിയെ പേരെടുത്ത് പറഞ്ഞു ചീത്ത വിളിക്കാറില്ല.
അതുകൊണ്ട് തന്നെ ആരാണ് തന്നെ ചീത്ത വിളിക്കുന്നത് എന്നറിയാന്‍ വേണ്ടി പ്രിന്‍സി നേരെ മുന്‍പില്‍ എത്തിയതാണ്...!!!

അതോടെ സമരക്കാരുടെ ഗ്യാസ് പോയി...
അംബാനിയെ കണ്ട മന്‍മോഹന്‍ സിംഗിന്റെ അവസ്ഥയിലായി സമരക്കാര്‍.

പ്രിന്‍സിയുടെ മുഖത്ത് നോക്കി പുല്ലാണ് എന്ന് പറയാന്‍ മാത്രം ഒരുത്തനും ധൈര്യം ഉണ്ടായില്ല.

സസ്പെന്‍ഷന്‍ പാര്‍സലായി കിട്ടും...
ഒപ്പം വീട്ടുക്കാരുടെ മുഖം പ്രിന്‍സിക്ക് കാണേണ്ടി വരും.
ഓട്ടോ ഡ്രൈവര്‍മാരെ ജ്യേഷ്ഠനാക്കി അവതരിപ്പിച്ചാണ് പലരും രക്ഷപ്പെടുക. അങ്ങിനെ വേഷം കെട്ടാന്‍ ഡ്രൈവര്‍മാര്‍ക്ക് പോക്കറ്റ് മണി കൊടുക്കണം. അതെല്ലാം ഓരോ വീരശൂര സമര സഖാക്കളുടേയും മനസ്സിലൂടെ കടന്നു പോയി.

സമരത്തില്‍ പെട്ടന്ന് മൗനം പടര്‍ന്നപ്പോള്‍ ഒന്നാം വര്‍ഷ ചുന്ദരിമാര്‍ എത്തി നോക്കി.
പ്രിന്‍സിയെ കണ്ടു പേടിച്ച സമരക്കാരെ അവര്‍ കളിയാക്കി നോക്കുന്നത് സഹിക്കാന്‍ ഉള്ള കരുത്ത് പുരുഷ കേസരികള്‍ക്ക് ഉണ്ടായിരുന്നില്ല.

സമരക്കാര്‍ ശരിക്കും ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട പോലെയായി.

"പുല്ലാണ് പുല്ലാണ്... " ഒരു നേതാവ് വിളിച്ചു കൊടുത്തു.
ആരും മിണ്ടിയില്ല....!!!

പ്രിന്‍സി ഹീറോ ആയി നില്‍ക്കുകയാണ്....
തന്റെ നോട്ടം കൊണ്ട് മാത്രം സമരം പൊളിച്ചില്ലേ എന്ന രീതിയില്‍ നില്‍ക്കുന്നു.

പെട്ടന്നാണ് സമരക്കാരുടെ ഇടയില്‍ നിന്നും ഒരു രക്ഷകന്‍ വന്നത്.
അവന്‍ വിളിച്ചു പറഞ്ഞു....
"പുല്ലാണ് പുല്ലാണ്... ഗ്രൗണ്ടില്‍ നിറയെ പുല്ലാണ്..."

അതോടെ മറ്റുള്ളവരും അത് ഏറ്റു വിളിച്ചു.
പ്രിന്‍സി ആകെ കണ്ഫ്യൂഷന്‍ ആയ പോലെ....!!!

സമരക്കാര്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ട് തങ്ങളെ കളിയാക്കിയ ചുന്ദരിമാരെ ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചു...

മുദ്രാവാക്യം കനത്തു...

"പുല്ലാണ് പുല്ലാണ്... ഗ്രൗണ്ടില്‍ നിറയെ പുല്ലാണ്..."

കുറച്ചു നേരം കൂടി അവിടെ നിന്ന ശേഷം പ്രിന്‍സി ഗ്രൗണ്ടിലേക്ക് നോക്കി...
ഗ്രൗണ്ടില്‍ പുല്ല് കണ്ട ആശ്വാസത്തില്‍ പ്രിന്‍സി കാബിനിലേക്ക്‌ വീണ്ടും കയറി !!!

സമരക്കാര്‍ കുട്ടികളെ ക്ലാസില്‍ നിന്നും ഇറക്കി.

അധികം വൈകാതെ ലോങ്ങ്‌ ബെല്‍ ശബ്ദിച്ചു.

അജണ്ടയിലെ ആദ്യത്തെ കര്‍മ്മം വിജയകരമായി നടപ്പിലാക്കിയ സന്തോഷത്തോടെ ബഷീറും സംഘവും രണ്ടാമത്തെ കാര്യപരിപാടിയിലേക്ക് കടന്നു.

ഫൗസിയയുടെ കല്യാണം...

ബസ്സ്‌ കയറി ഫൗസിയയുടെ വീട്ടിലെത്തി.

മഴ പെയ്യുന്നുണ്ട്....
ആ തണുപ്പില്‍ ഇരുന്നു ബിരിയാണി തിന്നുന്നതും സ്വപ്നം കണ്ട് പന്തലിലേക്ക് കയറി...
ആരൊക്കെയോ ഇരിക്കാന്‍ പറഞ്ഞു.

ഇരുന്നു സമയം പോകാന്‍ തുടങ്ങിയപ്പോള്‍ ആണ് സിനിമാ കാര്യം ഓര്‍മ്മ വന്നത്...
"എടാ നമുക്ക് എളുപ്പം പോകാന്‍ നോക്കാം.." ലിബിയുടെ ചെവിയില്‍ സുമേഷ് പറഞ്ഞു.

പെട്ടന്ന് മണവാട്ടി ഫൗസിയ വീടിന്റെ ഉമ്മറത്ത് പ്രത്യക്ഷപ്പെട്ടു.

"ഫൗസിയ അതാ... അവളെ കാണാം..."  എന്ന് പറഞ്ഞ് ബഷീര്‍ എഴുന്നേറ്റ് മുന്നില്‍ നടന്നു.
പിന്നാലെ ബാക്കിയുള്ളവരും.

"എടാ ബഷീറേ...." സംഘത്തെ കണ്ടപ്പോള്‍ ഫൗസിയ ആവേശത്തോടെ ഉറക്കെ വിളിച്ചു.

ബഷീറും സംഘവും അവളുടെ അടുത്തേക്ക് വേഗത്തില്‍ നീങ്ങി.

"എടാ ബഷീറേ... അന്നെ കല്യാണത്തിനു വിളിക്കാന്‍ പറ്റിയില്ല... ന്നാലും ഇജ്ജ് വന്നല്ലോ... സന്തോഷായീ..." ഫൗസിയ തന്റെ സന്തോഷം ഉറക്കെ പ്രഖ്യാപിച്ചു.

ബഷീര്‍ ഇടിവെട്ടേറ്റ പോലെയായി....
ഫൗസിയയുടെ  ചുറ്റും നില്‍ക്കുന്നവര്‍ ക്ഷണിക്കാന്‍ മറന്നിട്ടും വരാന്‍ മറക്കാത്തവരെ ആക്കിയ നോട്ടം നോക്കാന്‍ തുടങ്ങി.

കോളേജില്‍ മുദ്രാവാക്യം വിളിച്ച എല്ലാവരുടെയും നാവ് ഇറങ്ങി പോയിരിക്കുന്നു.

"ഇപ്പാ.. ഇവടെ വരിം... ന്റെ ഒപ്പം കോളെജിലുള്ളോരാ..... ഈ ബഷീറിനെ ഞാന്‍ വിളിക്കാന്‍ മറന്നതാ.. ന്നിട്ടും ഓന് വന്നല്ലോ... വേഗം കൊണ്ടോയി ചോറ് കൊടിക്കിം." ഫൗസിയ ഒരിക്കല്‍ കൂടി ഉച്ചത്തില്‍ പറഞ്ഞു.

ഫൗസിയയുടെ ഉപ്പയും അവിടെക്കെത്തി...

"അല്ല... ഇങ്ങളെ ക്ഷണിക്കാന്‍ മറന്നിട്ടും വന്നല്ലേ... നന്നായി... വരിം ചോറ് തിന്നാം...."
ഫൗസിയയുടെ ഉപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു.

ബഷീറും കൂട്ടരും ചമ്മലോടെ പന്തലിലേക്ക് ഇറങ്ങി.
"ഉസ്മാനേ... എടാ ഉസ്മാനേ.. ഇബരെ കൊണ്ടോയി ചോറ് കൊടുത്താ.... ഇവര് ഫൗസിയാന്റെ ഒപ്പം പഠിക്കുന്നോരാ... ഓള് ഇവരെ ക്ഷണിക്കാന്‍ മറന്നതാ.. ഇന്ന്ട്ടും ങ്ങള് വന്നല്ലോ.. നന്നായി..." പന്തലിലേക്ക് ഇറങ്ങിയ ഉടനെ അവളുടെ ഉപ്പ ഉറക്കെ പറഞ്ഞു.

അതോടെ പന്തലില്‍ ഉള്ളവരുടെ കണ്ണുകള്‍ എല്ലാം ബഷീറിലും കൂട്ടരിലും ആയി.

എല്ലാവരും ക്ഷണിക്കാതെ വന്ന അതിഥികളെ പരിഹാസത്തോടെ നോക്കുന്നു.
ബിരിയാണി ചെമ്പ് വല്ലയിടത്തേക്കും കൊണ്ടു പോകുന്നത് കണ്ടാല്‍ പിന്നാലെ പോരുന്നവര്‍ എന്ന നിലയില്‍ !!!

ബഷീറും സംഘവും വിയര്‍ക്കുകയാണ്.
ആകെ ചമ്മി...
ചോറ് തിന്നാതെ മുങ്ങാനും പറ്റുന്നില്ല.
ഉസ്മാന്റെ പിന്നാലെ നേരെ ചോറ് കൊടുക്കുന്ന ഇടത്തേക്ക്.

അവിടെ എത്തിയപ്പോള്‍ ഉസ്മാന്റെ വക...
"എടാ കോയാ... ഇവര്‍ക്ക് ചോറ് കൊടുത്താ... ഫൗസിയാന്റെ ചങ്ങായിമാര് ആണ്... ഓള് വിളിക്കാന്‍ മറന്നിട്ടും ഇവര് മറക്കാതെ വന്നതാ....."

അതോടെ അവിടെയിരുന്നു ചോറ് തിന്നുന്നവരുടെ ശ്രദ്ധയും സംഘത്തില്‍ പതിഞ്ഞു.

കോഴി ബിരിയാണി മുന്നില്‍ വന്നു വീഴുമ്പോള്‍ യുവ കോളമന്മാര്‍ വിയര്‍ത്തു കുളിക്കുകയായിരുന്നു.
പുറത്ത് കോരിച്ചൊരിയുന്ന മഴ ഉണ്ടായിട്ട് പോലും !!!

ഫൗസിയയുടെ കല്യാണത്തിന് വരാന്‍ തോന്നിയ നിമിഷത്തെ പഴിച്ചു കൊണ്ട് ആ ദേഷ്യവും, ചമ്മലും എല്ലാം കോഴിക്കാലില്‍ തീര്‍ത്തുക്കൊണ്ടിരിക്കുമ്പോള്‍ കോയയുടെ ശബ്ദവും പന്തലില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

"എടാ നൗഷാദേ... ആ ടേബിള് നോക്കിക്കാ... അതില് ഫൗസീടെ ഒപ്പം പഠിക്കുന്നോരാ... ഓള് വിളിക്കാന്‍ മറന്നിട്ടും വരാന്‍ മറക്കാത്തോരാ... കോയി പൊരിച്ചത് കൊറച്ച് കൂടി കൊട്ക്കിം..."

അബസ്വരം :
കേക്ക് മുറിക്കാന്‍ പത്തീസം,
വായ്ക്കൊല തിന്നാന്‍ പത്തീസം,
ഞങ്ങക്കെന്താ ഇത്ര വല്യൊരു പോത്തിനെ തിന്നാന്‍ നാലീസം !!!

എല്ലാ പ്രിയ വായനക്കാര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.


പോസ്റ്റ്‌ മോഷണം സംസ്കാര ശൂന്യതയാണ് എന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.92 comments:

 1. ഒരു കൂട്ടം യുവാക്കളെ മൃഗീയമായി ശുഷ്ക്കാന്തിയോടെ പീഡിപ്പിച്ച സുന്ദരിയായ പതിനെട്ടുകാരിയുടെ കഥ
  കലികാല വൈഭവം !!!

  ReplyDelete
 2. കലക്കി ഡോക്ടറേ. ചിരിച്ചു ഒരു പരുവമായി...

  ReplyDelete
 3. ആ പ്രിന്സിയുടെ മുന്‍പില്‍ പോലും...അത്രേം വിയര്‍ത്ത്‌ കാണില്ല കേമന്മാര്‍....:D


  ന്നാലും ഡോക്ടറെ....അതില്‍ ഒരു ലിബി യെ കണ്ടല്ലോ.....ആരാ...അത്....ങേ?...:D

  ReplyDelete
 4. തൊലിക്കട്ടി തന്നെ, ഡോക്റ്ററേ! :)

  രസിച്ചു!

  ReplyDelete
 5. ഇന്ന് അങ്ങിനെ ഫൌസിയയെ തിന്നു.... അല്ലെ??? വല്ലാത്തൊരു പഹയന്‍ തന്നെ ഇങ്ങള് കേട്ടോ...!!!!!

  ReplyDelete
 6. ഇതിനേക്കാള്‍ നല്ലത് ഫൌസിയക്ക്‌ ബഷീറിനു എലിവിഷം കലക്കികൊടുക്കുക ആയിരുന്നു. പിന്നെ കേട്ടറിഞ്ഞ കല്യാണത്തിനു പോകുമ്പോള്‍ ഇങ്ങിനെ ഒക്കെ വരും.. ആ സമരം കലക്കി.. മനസ്സില്‍ ഒരു സുവര്‍ണ കാലത്തിന്റെ ഓര്‍മയുടെ കുന്തിരിക്കം പുകഞ്ഞു.. ബലി പെരുന്നാള്‍ ആശംസകള്‍..

  ReplyDelete
 7. പെരുന്നാളിന് രാവിലെ വായിച്ച പോസ്റ്റ്‌ കൊള്ളാം. ചിരിയുടെ ഇടയ്ക്ക് ന്റെ ബിരിയാണി മറന്നു...

  ഡോക്ടര്‍ക്കും കുടുംബത്തിനും ഈദ്‌ മുബാറക്‌

  ReplyDelete
 8. ഹ്ഹ്ഹ്ഹ ചിരിച്ചു ഒരു വഴിക്കായി , ഗ്രോണ്ടില്‍ പുല്ലു ഉണ്ടായത് ബഷീറിന്റെ ഭാഗ്യം അല്ലേല്‍ എന്ത് പറയും പടച്ചോനെ ??/ ...ഒരു കാര്യം ഉറപ്പാണ് ഈ ഫൌസിയ യെ ബഷീറും കൂട്ടരും നല്ലോണം റാഗ് ചെയ്തു കാണും ,,തിരച്ചു ഒരു പാര ഇങ്ങനെ കിടക്കട്ടെ എന്ന് കരുതിക്കാണും ,,( അപശബ്ദം : ഈ ബഷീര്‍ അല്ലെ പിന്നീട് അബസ്വരങ്ങള്‍ എന്ന ബ്ലോഗ്‌ മുതലാളി യായത്‌ ?...ഞാന്‍ പോസ്റ്റ് വായിച്ചിട്ടും ഇല്ല കമന്റ് എഴുതിയിട്ടും ഇല്ല ,ഞാന്‍ ഈ നാട്ടുകാരനെ അല്ല !!)

  ReplyDelete
 9. ഇതെന്താ, പേരുകള്‍ എല്ലാം ബ്ലോഗ്ഗര്‍മാരുടെ ആണല്ലോ!! പണി കൊടുത്തതാണോ? ഇനി ക്ഷണിക്കാതെ ഈ വഴിക്ക് ഞാന്‍ വരൂല്ലാ......:-)

  ReplyDelete
 10. ഹ... ഹ.. ചിരിച്ചു... പക്ഷെ ഈ പേരുകള്‍ എവിടെയോ കേട്ട് പരിചയം... എല്ലാരേയും അറിയുന്നതുപോലെ..... :)

  ReplyDelete
 11. ആ കുട്ട്യോളെ കുളിപ്പിച്ച് കിടത്തിയപ്പോ വയ്ദ്യര്‍ക്ക് സന്തോഷായല്ലോ!
  ചിരിച്ചു ചിരിച്ചു ഞങ്ങ ചത്തു!
  എന്നാലും ആദ്യഭാഗം അനാവശ്യമായി അനുഭവപ്പെട്ടു.
  (കുട്ട്യോള്‍ ഫൗസിയയുടെ കല്യാണവീട്ടില്‍ എത്തുന്നിടത്ത് നിന്നും തുടങ്ങിയാല്‍ മതിയായിരുന്നു.
  അല്ലെങ്കില്‍ ആദ്യഭാഗം രണ്ടു പാരയില്‍ ഒതുക്കായിരുന്നു)

  ReplyDelete
 12. ഹിഹിഹി, തുടക്കം മുതൽ അവസാ‍നം വരെ ചിരിപ്പിച്ച ഈയിടെ വായിച്ച ഒരു പോസ്റ്റ്. പോസ്റ്റിലെ കഥാ പാത്രങ്ങളുടെ പേരുകൾ നമ്മുടെ ഗ്രൂപ്പംഗങ്ങളുടേതാണല്ലോ? :)

  പറയാൻ മറന്നതാണെങ്കിലും വരാൻ മറക്കാത്ത ചെങ്ങായിമാരോടൊപ്പം തന്നെ കോളേജിലെ സമര മുഹൂർത്തങ്ങളുടെ നേർചിത്രം ചിരിയുണർത്തി. ആശംസകൾ

  ReplyDelete
 13. പുല്ലാണ് പുല്ലാണ് ഗ്രൗണ്ടില്‍ നിറയെ പുല്ലാണ് എന്ന് വിളിച്ച രക്ഷകനെ പെരുത്തിഷ്ട്ടപ്പെട്ടു. നന്നായി ചിരിപ്പിച്ചു ഈ പോസ്റ്റ്‌. അടിപൊളി കോയാ...!

  ReplyDelete
  Replies
  1. ഞാന്‍ ആ രംഗം മനസ്സില്‍ സങ്കല്‍പ്പിച്ചു നോക്കി , പിന്നെ കുറെ ചിരിച്ചു ..മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും ഈ അബ്സര്‍ ..:)

   Delete
 14. എന്റെ അബ്സര്‍ ജി, കൊള്ളം, ചിരിപ്പിച്ചു തകര്‍ത്തു ....................കഥാപാത്രങ്ങള്‍ക്ക്പേര് കിട്ടാന്‍ ഒരു ക്ഷാമവും ഇല്ലല്ലേ,നമ്മുടെ ഗ്രൂപ്പില്‍ നിറയെ ആളുകള്‍ ഉണ്ടല്ലോ :) ഈ പരീക്ഷണം ഇഷ്ട്ടായി :) ആശംസകള്‍ !!!

  ReplyDelete
 15. പുല്ലാണേ .. പുല്ലാണേ .. ഈ ഡോക്ടര്‍ ഞങ്ങള്‍ക്ക് പുല്ലാണേ ..

  എന്ന് ഗ്രൂപ്പിലെ പയ്യന്‍സ് വിളിക്കാതെ നോക്കിക്കോ ..

  ക്ഷണിക്കാത്ത കല്യാണത്തിന് ബിരിയാണി അടിക്കാന്‍ പോയ കണ്‍ട്രി ഫെല്ലോസ്.. എല്ലാത്തിനും അത് തന്നെ വേണം!!

  കോയി പൊരിച്ചത് കൊറച്ചുംകൂടി കൊടക്കി ... നല്ല ബിരിയാണി പോലുള്ള കഥ

  ReplyDelete
 16. ഒരു ബിരിയാണി തിന്നാന്‍ എന്തൊക്കെ അനുഭവികണം?

  ReplyDelete
 17. പോത്തിനെ തിന്നാന്‍ ചുരുങ്ങിയത്‌ പത്തിസം എങ്കിലും വേണം അല്ലെ അബ്സര്‍ക്കാ... (നാലിസം കിട്ടുന്നത് തന്നെ വല്യ കാര്യമാ) നല്ല പെരുന്നാള്‍ സമ്മാന.... ബലി പെരുന്നാള്‍ ആശംസകള്‍ .

  ReplyDelete
 18. രസകരമായ വിവരണം..ആശംസകള്‍

  ReplyDelete
 19. ഒരു ബിരിയാണിയുടെയും സമരത്തിന്റെയും കഥ .......ഡോക്ടര്‍ വീണ്ടും ചീറി

  ReplyDelete
 20. 'ജ്ഞാനി'യെപ്പോലെ ആരിഫ് പറഞ്ഞു.

  അബ്സറിക്കാ മ്മടെ ആരിഫിക്കയാണോ ?

  ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാൽ
  ഒന്നിന് പത്ത്,പത്തിന് നൂറ്
  തിരിച്ചടിക്കും കട്ടായം.
  കാലം സാക്ഷി ചരിത്രം സാക്ഷി,
  രണക്കളത്തിലെ രക്തം സാക്ഷി,
  ഞങ്ങളിലൊന്നിനെ തൊട്ട് കളിച്ചാൽ,
  തിരിച്ചടിക്കും കട്ടായം.

  അബ്സറിക്കാ ആ പഴയ,അധികം പഴയതൊന്നുമല്ല, കോളേജ് കാലം ഓർമ്മ വന്നു.
  എന്ത് രസാ ആ മുദ്രാവാക്യങ്ങൾ.!?

  'എടാ നൗഷാദേ ഇവിരെ നോക്കിക്കോ ട്ടോ,ഓര് ഫൗസീന്റൊപ്പം പഠിക്ക്ണോരാ, ഓള് വിളിക്കാൻ മറന്നതാ, ന്ന്ട്ടും വന്നോരാ...'

  ഇത് സംഭവായിട്ട്ണ്ട് അബ്സറിക്കാ, കിടു ന്ന് പറഞ്ഞാ ഒന്നൊന്നര കിടു.
  പക്ഷെ ഇതിലെ ഹൈലൈറ്റ്സ് ആ മുദ്രാവാക്യങ്ങൾ തന്നെ.
  എന്താ രസം അതൊക്കെ പിന്നീ പിന്നീം വായിക്കാൻ ?
  ആശംസകൾ.

  ReplyDelete
 21. ഈ സമരങ്ങള്‍ ഒക്കെ നമ്മുടെ കോളേജ്‌ കാലം ഓര്‍മ്മിപ്പിച്ചു. പക്ഷെ ഞങ്ങള്‍ പ്രിന്‍സിപ്പാളെ കണ്ടാല്‍ കൂടുതല്‍ ഉഷാറായി വിളിക്കാര്‍ ആണ് പതിവ്. പിന്നെ കല്യാണത്തിന് വിളിച്ചില്ലെങ്കിലും വന്നൂലെ എന്ന 'സ്നേഹപൂര്‍വ്വമായ' സ്വാഗതം ചെയ്യല്‍ ഏറെ കേട്ടിട്ടുമുണ്ട്. ഇവിടെ അത് ഏറെ രസകരമായി പറഞ്ഞു. അല്ല ഈ പേരുകള്‍ ഒക്കെ എവിടെയോ കേട്ട പോലെ ഒരു തോന്നല്‍ .. തോന്നല്‍ ആകും ലെ

  ReplyDelete
 22. ഹിഹി.... തലക്കെട്ട് വായിച്ച് കൊറേ പ്രതീക്ഷിച്ചു.

  മൊത്തത്തിൽ രസിപ്പിച്ചു. ആ പുല്ലും, പിന്നെ ക്ലൈമാക്സും..
  ക്ലൈമാക്സ്റ്റ് വായിച്ചപ്പോ ഞങ്ങളെ നാട്ടിൽ പ്രചാരത്തിലുള്ള ഒരു കല്യാണകഥ ഓർമ്മ വന്നു.
  കറികളൊക്കെ തീരാനായിട്ടും നാട്ടുകാരു തീറ്റ നിർത്തുന്നില്ല.നടുക്കു നിന്ന് സൂപ്പർവൈസ് ചെയ്യുന്ന പെണ്ണിന്റെ ഫാദർ കലിപ്പോടെ, " ആടെ കൊടുക്ക്, ഈടെ കൊടുക്ക്... എല്ലാ നായിന്റെ മക്കളും തിന്നിട്ട് പോട്ടെ. "
  അതോടെ പ്രശ്നം സോൾവ് ആയി.

  ReplyDelete
  Replies
  1. ഹഹ ആ ഡയലോഗ് കലക്കി :-)

   Delete
  2. നിസ്സാര്‍..

   കാലത്തെ ചിരിപ്പിക്കാതെടെ ...:))))

   Delete
 23. പുല്ലാണേ പുല്ലാണേ ഗ്രൌണ്ടില്‍ നിറയെ പുല്ലാണേ..!!

  നല്ല കിടുംബന്‍ മുദ്രാവാക്യം.

  കഥാപാത്രങ്ങളുടെ പേരുകള്‍ വായിച്ച് ലിബിയിലെത്തിയപ്പോഴാ കത്തീത്.
  ശ്ശെടാ, ഇതെല്ലാം ബ്ലോഗര്‍മാരുടെ പേരുകളാണല്ലോ

  സമരത്തിന്റെ വിഷയം മറന്ന് മുദ്രാവാക്യങ്ങള്‍ മാറിയത് നല്ല രസമായി

  (ഒരു സംശ്യം. നിങ്ങള്‍ മുദ്രാവാക്യങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ടോ പഠിച്ചിരുന്ന കാലത്ത്..??)

  ReplyDelete
  Replies
  1. ചെറിയ രീതിയില്‍ മുദ്രാവാക്യങ്ങള്‍ എഴുതിയിരുന്നു...
   പക്ഷേ അതില്‍ പുലികളായ ഒരുപാട് എണ്ണം കോളേജില്‍ ഉണ്ടായിരുന്നു... :)

   Delete
 24. Riyaz PadikkathazhaFriday, October 26, 2012

  Superr...nostalgic memories.

  ReplyDelete
 25. ദാക്കിട്ടര്‍ മാഷെ.. ചിതറി കേട്ടോ.
  എന്നാലും നമ്മുടെ ബ്ലോഗര്‍ പിള്ളേരെ കൊണ്ട് വിളിക്കാത്ത കല്യാണത്തിന് ബിരിയാണി തീറ്റിച്ചത് ശെരിയായില്ല കേട്ടോ.

  പിന്നെ പ്രിന്‍സിയെ കണ്ടാല്‍ ഞങ്ങള്‍ മുദ്രാവാക്യം വിളി കൂട്ടുകാ പതിവ്. എന്തായാലും കലക്കി.

  ReplyDelete
 26. "ഇവരെ വിളിക്കാന്‍ മറന്നതാ... എന്നിട്ടും വന്നല്ലോ!"

  വീണ്ടും, "ഇവരെ വിളിക്കാന്‍ മറന്നതാ... എന്നിട്ടും വന്നല്ലോ!"

  ദേ പിന്നേം, "ഇവരെ വിളിക്കാന്‍ മറന്നതാ... എന്നിട്ടും വന്നല്ലോ!"

  ഹഹഹ!!! ഇതൊരു സിനിമയിലെ രംഗം ആയാല്‍ കിടിലം ആയിരിക്കും!!! ചിരിച്ചു ചിരിച്ചു മണ്ണുകപ്പി!!!! ആയിരം ലൈക്ക് !!!!


  ReplyDelete
 27. നല്ല നര്‍മ്മം അബ്സാര്‍ ബായി. പെരുന്നാള്‍ ആശംസകള്‍, ഞങ്ങള്‍ക്ക് സൗദിയില്‍ പോത്തിനെ തിന്നാന്‍ പത്തീസം കിട്ടി

  ReplyDelete
 28. ചിരിച്ചു ചിരിച്ചു എന്റെ ഹാര്ഡ് ഡിസ്ക് വരെ ഇളകി.

  ReplyDelete
 29. പുല്ലാണേ.. പുല്ലാണേ...
  പാടത്തും പറമ്പിലും പുല്ലാണേ..
  എന്നായിരുന്നു വാത്സ്യായനന്റെ ഗുരുകുലവാസകാലത്തെ മുദ്രാവാക്യം..
  ഇപ്പോ ഇങ്ങനാക്യോ?
  ക്ഷണിച്ചാലും ഇല്ലെങ്കിലും കേറിച്ചെന്ന് മൃഷ്ടാനം ഭുജിക്കുന്നത് ഒരു രസോള്ള പരിപാട്യാ..
  അതില് പിള്ളാര് വിചാരിക്കുന്ന ചമ്മലൊന്നും വേണ്ട..
  ഹാ..ഹാ..ഹാ,,
  കൊള്ളാം.. വാത്സ്യായനിഷ്ടായി..

  ReplyDelete
 30. എനിക്ക് ഒരുപാട് ഇഷ്ടായി

  ReplyDelete
 31. പഴയ സമര ഓര്‍മകള്‍ മനസ്സിലേക്ക് ഓടിയെത്തി. 'കല്ല്യാണത്തിരക്കുകള്‍ കാരണം പലരും വിളിക്കാന്‍ മറന്നുപോകും, അവരെ പറഞ്ഞിട്ട് കാര്യമില്ല. നമ്മള് കണ്ടറിഞ്ഞ് പോയി ബിരിയാണിയും അടിച്ച് പോരുമ്പോള്‍ അവര്‍ക്ക് എന്തൊരു സന്തോഷമായിരിക്കും... അല്ലേ...?'

  ReplyDelete
  Replies
  1. അതെ... അവര് വിളിക്കാന്‍ മറന്നാലും ഞമ്മള് പോകാന്‍ മറക്കരുതല്ലോ....
   ഞമ്മെടെ ആത്മാര്‍ത്ഥത അവര്‍ക്ക് ഇല്ലാതെ പോയത് ഞമ്മടെ കുറ്റം അല്ലല്ലോ :)

   Delete
 32. ബിരിയാണി അപ്പോള്‍ തന്നെ ദഹിച്ചിട്ടുണ്ടാവുമെന്നു കരുതാവുന്നതാണ്.ഏതായാലും ന്‍റെ പോന്നു അബ്സാറെ ആ 'ഇത്തിരീം വല്യ പോത്തിനെ തിന്നാന്‍ ...'!!പെരുന്നാളിന് നല്ലൊരു അക്ഷരപായസം കുടിപ്പിച്ചു അല്ലേ ?

  ReplyDelete
 33. :) ചിരിച്ചു ഒരു വഴിക്കായി .ന്നാലും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍ ഡോക്ടര്‍ :)

  ReplyDelete
 34. കൊള്ളാം. ഒരുപാട് ചിരിച്ചു! :)

  ReplyDelete
 35. ആദ്യം ബലി പെരുന്നാള്‍ ആശംസകള്‍.... ...........പഴയകാലത്തേക്ക് ഒരു തിരിച്ചു പോക്ക്....നന്നായി

  ReplyDelete
 36. pavam basheer..katha ishtaayi...

  ReplyDelete

 37. ഹാ..ഹാ...ഹാ...അബ്സര്‍ ഭായ്....ഈ പോസ്റ്റില്‍ എഴുതിയത് അപ്പടി എന്റെ ജീവിതത്തിലെ അതെ പടി സംഭവിച്ചിട്ടുണ്ട്...യാദൃശ്ചികം...ഞാന്‍ ഓരോന്നും ആകാംക്ഷയോടെയാണ് വായിച്ചത്...പറഞ്ഞാല്‍ വിശ്വസിക്കൂല ..പട്ടാമ്പി കോളേജില്‍ പഠിക്കുന്ന കാലത്ത് ഇത് പോലെ സമരം വിളിക്കാന്‍ പോയിട്ടുണ്ട്... അന്ന് ഇന്നത്തെ എല്‍ എല്‍ എ ഷാഫി യോക്കെയാണ് കൂടെ ഉണ്ടായിരുന്നത്. സമരത്തിനു ആഹ്വാനം ചെയ്ത ശേഷം ക്ലാസ് വിടാതെ ഇരുന്നിരുന്ന ഒരു പാവം സാറിന്റെ പേരില്‍ ഇത് പോലൊരു മുദ്രാവാക്യം വിളി നടത്തി. അന്ന് അദ്ദേഹത്തിന്‍റെ മുഖത്തു നോക്കി അത് വിളിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ ഉറക്കെ വിളിച്ചു "പുല്ലാണ്...പുല്ലാണ്....പാടത്തും പറമ്പത്തും പുല്ലാണ് "..ഇത് വായിച്ചപ്പോള്‍ ആ കാലം ഓര്‍ത്തു.

  അത് പോലെ റാഷിദ എന്ന കൂട്ടുകാരിയുടെ കല്യാണത്തിനു പങ്കെടുക്കാന്‍ പോകുന്ന സമയം. എല്ലാവര്‍ക്കും ബൈക്കുണ്ട്‌.,. ഒരു ബൈക്കില്‍ രണ്ടാള്‍ക്ക്‌ വീതം പോകുകയും ചെയ്യാം. അങ്ങിനെ നോക്കുമ്പോള്‍ ഒരാള്‍ക്ക്‌ കയറാന്‍ ബൈക്കില്ല. ആ സമയത്ത് അവിടെ ബൈക്കുമായി വന്ന ഉസ്മാനോടു അവനെയും കൂട്ടി കല്യാണത്തിനു ഞങ്ങളുടെ പുറകെ വണ്ടിയുമായി വരാന്‍ പറഞ്ഞു. പക്ഷെ, അവനു ചെറിയ ഒരു ദുരഭിമാനം. റാഷിദ അവനെ നേരിട്ട് കല്യാണം ക്ഷണിച്ചിട്ടില്ല. സത്യത്തില്‍ അവള്‍ ഓരോരുത്തരെയും ക്ലാസില്‍ വച്ച് ക്ഷണിച്ച ദിവസം അവന്‍ ലീവായിരുന്നു. അത് കൊണ്ട് സംഭവിച്ചതാണ്. എന്തായാലും അതൊക്കെ പറഞ്ഞു സമാധാനിപ്പിച്ച ശേഷം അവനെയും ഞങ്ങള്‍ കൂടെ കൂട്ടി.

  അവസാനം കല്യാണ പന്തലില്‍ വച്ച് റാഷിദ ഉസ്മാനെ കണ്ടു. അവള്‍ക്കു അന്ന് നേരിട്ട് ക്ഷണിക്കാന്‍ സാധിക്കാത്ത ഖേദം ഉള്ളിലുള്ളത് കൊണ്ടാകാം അവന്‍ വന്നത് വളരെ സന്തോഷത്തോടെയാണ് അവള്‍ നോക്കി കണ്ടത്. പക്ഷെ , ആ സന്തോഷ പ്രകടനത്തില്‍ അവള്‍ ഉസ്മാനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയത് ഇങ്ങിനെയാണ്‌ ..

  "വാപ്പാ, ഇക്കാ, ഇമ്മാ ഇങ്ങട് വരീന്‍...,...ഞാന്‍ അന്ന് പറഞ്ഞീല്ലേ ഉസ്മാനെ കല്യാണം ക്ഷണിക്കാന്‍ മറന്നു ന്ന് ..ഇപ്പൊ നോക്കീന്‍ ...ഓനെ ക്ഷണിച്ചിട്ടില്ലേലും ഓന് വന്നുക്ക്ണ് നോക്യേ ...."

  ഇങ്ങിനെ ഒരു പരിചയപ്പെടുത്തലില്‍ ഷോക്കായി പോയ ഉസ്മാന്‍ അന്ന് കഴിച്ച ബിരിയാണിക്കും കോഴിക്കും കണക്കില്ലായിരുന്നു. എന്തോ ആരോടോ ഉള്ള ഒരു തരാം വാശി തീര്‍ത്ത പോലെയായിരുന്നു അന്നത്തെ അവന്റെ പ്രകടനം ..

  (ഈ ഉസ്മാന്‍ ഇപ്പോള്‍ സൌദിയില്‍ ഉണ്ട് )


  അബ്സര്‍ ഭായ്...ഇപ്പൊ എങ്ങിനെ ണ്ട്...അതാ ഞാന്‍ പറഞ്ഞത് ...ശ്ശൊ...ന്നാലും ഇതെങ്ങനെ ഇതേ അനുഭവം അല്ലെങ്കില്‍ ഭാവന ഡോക്ടര്‍ക്കും ഉണ്ടായി എന്നതാണ് അതിശയം.

  എന്തായാലും വായിച്ചപ്പോള്‍ പഴയത് പലതും ഓര്‍ത്ത്‌ ചിരിച്ചു ട്ടോ,...ആശംസകളോടെ...

  ReplyDelete
  Replies
  1. ഹഹ... അത് കലക്കി

   Delete
 38. dokitarkkum inganethe anubavam undayittundakum appozhanallo ingane yulla vishayangal kittuka
  KALAKKI ABSARKA

  ReplyDelete
 39. കഥ അടിപൊളി ശരിക്കും ആസ്വദിച്ചു അതവിടെ നില്കട്ടെ എനിക്കിപ്പോ ഒരുകാര്യം അറിയണം
  ഈ ബഷീര്‍ എന്നാ കഥാപാത്രം സത്യത്തില്‍ ഡോക്ടര്‍ തന്നെയല്ലേ ഉള്ളത് പറ ...

  ReplyDelete
 40. ചിരിച്ച് ചിരിച്ച് ഒരു വഴിയായി..

  ReplyDelete
 41. ഹ ഹ ഹ ചിരിച്ച് ചിരിച്ച് ഒരു വഴിക്കും ആയില്ല.,ദേ ഇവിടെ തന്നെ ഇരിപ്പുണ്ട്... രസകരമായി ട്ടോ... ഹ ഹ

  ഓർത്ത് ചിരിച്ചോ പോലീസെ...
  ഒർത്ത് ചിരിച്ചൊ പോലീസേ...

  ഞാനിപ്പോ ഓർത്തോർത്ത് ചിരിക്കുകയാ പോലീസേ....!

  ReplyDelete
 42. ഹഹഹ്ഹാ, ഇത് കലക്കി ഡോക്ടരേ
  സത്യത്തിൽ ഈ ചമ്മൽ മാറാനൊക്കെ മറുമരുന്നുണ്ട് അതൊന്നും നിങ്ങക്ക് അറിയൂല അല്ലേ

  ReplyDelete
  Replies
  1. ആ മരുന്ന് പറഞ്ഞ് തരിം കോയാ :)

   Delete
 43. "പുല്ലാണ് പുല്ലാണ് പ്രിന്സിപാള് പുല്ലാണ്"..എത്ര വട്ടം തൊണ്ട പൊട്ടി വിളിച്ചിരിക്കുന്നു....
  നന്നായി ചിരിക്കാനുണ്ടായിട്ടോ...നല്ല പോസ്റ്റ്‌.

  ReplyDelete
 44. അങ്ങിനെ ക്ഷണിക്കാതെ ക്ഷണിഞ്ഞ കാര്യം ആകെ പാട്ടായി അല്ലെ
  ഹഹഹ

  ReplyDelete
 45. ഇത് ഒലക്കമ്മലെ ബിരിയാണിയായി പോയി...
  ജ്ഞാനിയെ എനിക്കിഷ്ട്പ്പെട്ടു...മറ്റ് പലരെയും ..
  ചിരിപ്പിച്ചു കൊന്നു തന്നു ....
  ആശംസകള്‍.. അബ്സാര്‍ !
  അസ്രുസ്

  ReplyDelete
 46. ഹ ഹ ജോമോന്‍,അജിത്‌ ,ലിബി.ഫൌസി അങ്ങനെ അംബാനിയെ കണ്ട മോഹന്‍ ജി :) പുല്ലാണേ പുല്ലാണേ ഗ്രൗണ്ടില്‍ നിറയെ പുല്ലാണേ ..ചിരിപ്പിച്ചു അപ്പോത്തിക്കിളി.

  ReplyDelete
 47. ഡോക്ടറെ, ങ്ങള് ആളെ ചിരിപ്പിച്ചു കൊന്നല്ലോ..
  ബഷീര്‍ എന്ന് സ്വയം വിളിച്ചാലും, ഞമ്മക്ക് അറിഞ്ഞൂടെ ങ്ങള് അബ്സാര്‍ ആണെന്ന്.

  ReplyDelete
 48. congrats...Kalakki...oru.nostalgic...Feelings..

  ReplyDelete
 49. ഈ പീഡനം എനിക്ക് പെരുത്ത്‌ ഇഷ്ടമായി......ഇതുപോലെ ആരേലും ഒക്കെ പീഡിപ്പിക്കാന്‍ എനിക്കും ഒരു പൂതിയൊക്കെ തോനുന്നു....അല്ല ആ ബഷീര്‍ നിങ്ങള്‍ തന്നെയല്ലേ....?

  ReplyDelete
 50. എന്റെ റബ്ബേ....... ഒരുപാട് ഇഷ്ട്ടായി ഇത്. എന്റെ കോളേജ് കാലം ഓര്‍മ്മ വരുന്നു. അടിപൊളി പറയാതെ വയ്യ :)

  ReplyDelete
 51. വളരെ ഇഷ്ടപ്പെട്ടു ...നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞ രചന ....

  ReplyDelete
 52. adipoli veendu ingenyulla storikal pradeekshikunnu

  ReplyDelete
 53. വളെരെ ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങെനെയുള്ള സ്റ്റോറി പ്രതീക്ഷിക്കുന്നു

  ReplyDelete
 54. ഹാ..ഹാ... ചിരിച്ചു ചിരിച്ച് ഗ്രൗണ്ടിലെ പുല്ലിൽ തന്നെ വീണു..

  ReplyDelete
 55. ചിരിച്ച് ഒരു പരുവമായി .... കലക്കി

  ReplyDelete
 56. വീണ്ടും ലിങ്കു വിതറിയത് നന്നായി. ഇതു ഞാൻ കണ്ടില്ലായിരുന്നു.
  ലിങ്ക് കിട്ടിയതുകൊണ്ട് ഒരു ദിവസത്തിന്റെ ടെൻഷൻ മുഴുവൻ അയഞ്ഞു....
  അത്ര രസകരം.....

  ReplyDelete
 57. രസകരം...ചിരിച്ചു...വെറും ചിരിയല്ല ആസ്വദിച്ച് തന്നെ ചിരിച്ചു... ആശംസകള്‍..

  ReplyDelete
 58. അംബാനിയെ കണ്ട മന്മോഹനെപ്പോലെ .....മനോഹരമായ പ്രയോഗം ഇ പ്രയോഗം മറ്റു പല സ്ഥലത്തും പല സന്ദര്‍ഭങ്ങളില്‍ഉം നമുക്ക് ഉപയോഗിക്കാം ......ആശംസകള്‍

  ReplyDelete
 59. ഹഹഹ വളഞ്ഞുകുത്തി നിന്ന് കൈകൾ ആകാശത്തെക്കെറിഞ്ഞ് രക്ഷകനും അണികളും പുല്ലാണേ ...പുല്ലാണേ വിളിക്കണ രംഗം!!!! ഹീയ്യ്വൊ ന്റെ ഡാക്ടരെ! (y)

  ReplyDelete
 60. കലക്കി ഡോക്ടര്‍...///.... ........ ... കലക്കി.......

  ReplyDelete
 61. എന്നാലും ഫൌസിയ ആ ബഷേരിനെയും കൂട്റെരെയും ഇത്രയും മൃഗീയമായി പീടിപ്പിക്കരുതായിരുന്നു...... അവരുടെ സ്ഥാനത് ഞാനോ മറ്റോ ആയിരുന്നെങ്കില്‍...... ഗ്ര്ര്ര്ര്ര്ര്ര്‍

  ReplyDelete
 62. nannayi chirichu....mudra vaakyangal ugran...athil athyugr an

  ReplyDelete
 63. കത്തി ആണന്നെ അറിയാം അല്ലേ . നന്നായിടുണ്ടേ

  ReplyDelete
 64. കലാലയ ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക് കൊണ്ടുവന്ന രസകരമായ പോസ്റ്റ്‌ .. ആശംസകള്‍

  ReplyDelete
 65. കലാലയ ജീവിതം മനസ്സില്‍ തിരികെ കൊണ്ടുവന്ന രസകരമായ പോസ്റ്റ്‌... ആശംസകള്‍ :)

  ReplyDelete
 66. വളരെ നന്നയിട്ടുണ്ട്.....

  ReplyDelete
 67. ഹാ ഹാ
  കോളേജ് ഗേൾ എന്ന ഒരു പഴയ പടത്തിലെ മുദ്രാവാക്യം ഓര്ത്തുപോയി:

  മുത്തിയമ്മേ, പ്രിന്സിപ്പാളേ....
  മുത്തിയമ്മ പോലെ വന്നു പുലിയെപ്പോലെ ചീറി..........

  ReplyDelete
 68. നന്നായിട്ടുണ്ട് ഇഷ്ടായി ഡോക്ടർ ഇക്ക. ഇപ്പോഴെ കണ്ടുള്ളൂ..

  എന്റെ വക ഇതുകൂടി

  പോലീസിന്റെ....വെടിയുണ്ട...
  ഞങ്ങൾക്കിന്ന് എള്ളുണ്ടാ....ലിക് ഉണ്ട :)

  ReplyDelete
 69. ഹഹഹ ... അടിപൊളി അബ്സാരിക്ക ... കലക്കി ... സൂപ്പര് കഥ ... കഥാപാത്രങ്ങളുടെ പേരിടലിൽ ഒരു ഗൂഡാലോചന നടന്നിട്ടില്ലേ എന്നൊരു സംശയം ;-) അജിത്ത് , സംഗീത് , ലി ബി .. ങ്ങളെ മെക്കിട്ടു കേറിയോരെയൊക്കെ കഥാപാത്രങ്ങളാക്കിയതല്ലേ ? ഹിഹി ... എന്തായാലും കൊള്ളാം .. "അബ്സാർ ഇക്ക ഒരു ചെറിയ മീനല്ല "

  ReplyDelete
 70. shaji
  http://www.friendshipz.com/2013/08/04/double-gund-super/

  ReplyDelete
 71. സമര ഭാഗം അല്‍പ്പം നീണ്ടുപോയി. ഫൌസിയുടെ വീട്ടിലെ ബിരിയാണി തീറ്റിക്കലിലെ നര്‍മ്മം വളരെ ഏരെ ഇഷ്ട്ടപ്പെട്ടു. സരസമായി എഴുതിയിരിക്കുന്നു.

  ReplyDelete
 72. ചിരിച്ചു...ആശംസകൾ

  ReplyDelete
 73. ഞാന്‍ ആസ്വദിച്ചു..നല്ല രസമായിരുന്നു...താമാശിപ്പിച്ചതിനു നന്ദി...

  ReplyDelete
 74. ഒരു കാര്യം ഇപ്പോള്‍ പുടികിട്ടി ...
  ഡോക്ടര്‍ ബായി ആയിരുന്നല്ലേ കോളേജ് ലൈഫില്‍ സമരത്തിന്‍റെ സൂത്രദാരന്‍

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....