Monday, September 17, 2012

ഒന്നും മറക്കില്ലെന്നറിയാം, എങ്കിലും


അവന്‍ ബഷീര്‍...

കോളേജില്‍ ക്ലാസുകള്‍ തുടങ്ങി മൂന്നാഴ്ചക്കുള്ളില്‍ തന്നെ രണ്ടു പേരുടെ ലൈനുകള്‍ക്ക് കൃത്യമായി കണക്ഷന്‍ കൊടുത്ത്‌ ഈ മേഖലയിലുള്ള തന്റെ പ്രതിഭയെ കോളേജിനു മുന്നില്‍ തുറന്ന് കാട്ടിയവന്‍. ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുള്ള ചിലരെ കൂടി ക്ലാസില്‍ കൂട്ടായി ലഭിച്ചത് അവന്റെ ജോലികള്‍ എളുപ്പമാക്കി. നിരാശാകാമുകന്മാരുടെ അവസാന അത്താണിയായി ആ പ്രണയ ക്വട്ടേഷന്‍ സംഘം ക്യാമ്പസില്‍ പേരെടുത്തു.

"ചില സീനിയേഴ്സ് പോലും അധികം വൈകാതെ ആ സംഘത്തിന്റെ സഹായം തേടും" എന്ന ഗോസിപ്പുകള്‍ ക്യാമ്പസില്‍ പ്രചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവന്റെ ബാച്ചില്‍ ഒഴിവുണ്ടായിരുന്ന സീറ്റുകളിലേക്ക്  അഡ്മിഷന്‍ നടന്നത്.

പുതുതായി തങ്ങളുടെ ക്ലാസിലേക്ക്‌  വരുന്നത്  ഒരു പെണ്‍ കിടാവ് ആണ് എന്നു കൂടി അറിഞ്ഞതോടെ അവന്റെയും കൂട്ടരുടെയും ആവേശം ഇരട്ടിച്ചു.

അവളുടെ ദിവ്യദര്‍ശനത്തിനായി അവനും സംഘവും കണ്ണില്‍ സള്‍ഫ്യൂരിക്ക് ആസിഡ്‌ ഒഴിച്ച് കാത്തു നിന്നു.

ഒരു ദിവസം വൈകുന്നേരം ബഷീറും സംഘവും ഹോസ്റ്റലില്‍ ഇരുന്ന് ലേഡീസ്‌ ഹോസ്റ്റലിലേക്ക് നോക്കി, അതിന്റെ മതില്‍ കെട്ടുകളുടെ ഉയരക്കൂടുതലിനെ കുറിച്ച് കൂലങ്കഷമായി ചര്‍ച്ച ചെയ്യുകയും, ആ മതില്‍ ഉണ്ടാക്കിയവന്റെ പിതാമഹന്മാരെ വരെ തെറി വിളിക്കുകയും ചെയ്യുമ്പോഴായിരുന്നു ഒരു നീല മാരുതി കാര്‍ കോളേജ്  ഓഫീസിന്റെ മുന്നില്‍ വന്നു നിന്നത്.

ഡോറുകള്‍ തുറന്നു പലരും പുറത്തിറങ്ങിയെങ്കിലും അവര്‍ അതത്ര കാര്യമാക്കിയില്ല.

എന്നാല്‍ ഒടുവില്‍ ആ കാറില്‍ നിന്നും ഇറങ്ങിയവള്‍ അവരെ അത്ഭുതപ്പെടുത്തി....

ഒരു സുന്ദരി....
ഒറ്റ നോട്ടത്തില്‍ മീരാജാസ്മിന്റെ അനിയത്തി....

"ആരായിരിക്കും അവള്‍ ???"
"ഇവളായിരിക്കുമോ അവള്‍ ???"

സംഘം കൂലങ്കഷമായി ചിന്തിച്ചു....

കൂടുതല്‍ വാര്‍ത്ത ശേഖരിക്കുവാനായി സംഘത്തിലെ വാര്‍ത്ത ശേഖരണ വിഭാഗം കൈകാര്യം ചെയ്തിരുന്ന ഫയാസിനെ ഓഫീസിലേക്ക്‌ അയച്ചു....

നിമിഷങ്ങള്‍ക്കകം ഫയാസ്‌ വാര്‍ത്തയുമായി എത്തി...
"ഇത് ലവള്‍ തന്നെയാണ്....
നമ്മുടെ ബാച്ചിലേക്കുള്ള പുതിയ പെണ്‍തരി...
കാമുക നേത്രങ്ങളുടെ ആനന്ദദായനി..."

അവള്‍ ഓഫീസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ശരിക്ക് കാണുന്ന വിധത്തില്‍ അവന്റെ സംഘം പൊസിഷന്‍ എടുത്ത്‌ നിന്നു....
ഭീകരരെ നേരിടാന്‍ എന്‍ എസ്  ജി കമാന്റോസ് നില്‍ക്കുന്ന പോലെ....

ഏതു നിമിഷവും കണ്ണുകള്‍ കൊണ്ടുള്ള ആക്രമണം തുടങ്ങാന്‍ അവര്‍ തയ്യാറായി....

കണ്ണിമവെട്ടാതെ നോക്കി നില്‍ക്കുന്നതിനിടെ അവള്‍ പുറത്തേക്ക്‌ വന്നു....
തന്റെ രക്ഷിതാക്കളോടൊപ്പം ലേഡീസ്‌ ഹോസ്റ്റലിലേക്ക് നടന്നു....

പെട്ടന്നാണ് ബഷീറിന്റെ കയ്യില്‍ ഒരു പിടി വീണത്‌....

വിനോദായിരുന്നു അത്....

"അളിയാ, അവളെ എനിക്ക് വേണം... ഞാന്‍ ബുക്ക്‌ ചെയ്തു..." പ്രണയ ക്വട്ടേഷന്‍ സംഘത്തിലെ സജീവാംഗമായിരുന്ന വിനോദിന്റെ അഭ്യര്‍ത്ഥന ഹൃദയത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്നുള്ളതാണെന്ന് മനസ്സിലാക്കാന്‍ ബഷീറിന് സ്കാനിങ്ങിന്റെയോ, രക്ത പരിശോധനാ റിപ്പോര്‍ട്ടിന്റെയോ പിന്‍ബലം ആവശ്യമുണ്ടായിരുന്നില്ല.

"നോക്കാം അളിയാ.....ക്ഷമി...." ബഷീര്‍ വിനോദിനെ ആശ്വസിപ്പിച്ചു.

"അവള്‍ക്ക്  നാട്ടില്‍ വല്ലവരുമായും കണക്ഷന്‍ ഉണ്ടോ എന്ന കാര്യമാണ് പ്രധാനം. ഇത്രയും സൗന്ദര്യമുള്ളത് കൊണ്ട് അതിനുള്ള ചാന്‍സ്‌ കൂടുതലാണ്. അതുണ്ടെങ്കില്‍ നമ്മുടെ പണി പാളും..." ബഷീര്‍ വിനോദിന്റെ മുന്നില്‍ വാസ്തവം മറച്ചു വെച്ചില്ല.

പ്രണയ വിവശനായി നിന്നിരുന്ന വിനോദിന്റെ ഹൃദയത്തില്‍ ഇടിത്തീയായാണ് ആ വാക്കുകള്‍ വീണത്‌...

"അതെങ്ങിനെ അറിയാം ??" അവന്‍ ഇടറിയ ശബ്ദത്തില്‍ ചോദിച്ചു.

"അത് അറിയാം... എന്തായാലും നാളെ നോക്കാം...." ബഷീര്‍ അവനെ സമാധാനിപ്പിച്ചു.

അന്ന്  വിനോദ് കിടക്കയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് ബഷീര്‍ ശ്രദ്ധിച്ചു....

അടുത്ത ദിവസം രാവിലെ തന്നെ അണിഞ്ഞൊരുങ്ങി, സ്പ്രേയും അടിച്ച്  ബഷീറും സംഘവും ക്ലാസിന്റെ അടുത്തെത്തി...

അവിടെ കണ്ട കാഴ്ച അവരുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു...

ക്ലാസില്‍ മീരയെ ചുറ്റിപ്പറ്റി സീനിയര്‍ ബാച്ചിലെ കഴുകന്മാര്‍ നില്‍ക്കുന്നുണ്ട്....

റാഗിംഗ് എന്ന പേരില്‍ പഞ്ചാരയടി നടത്തുകയാണ് സീനിയേഴ്സ്...

അവരെ നേരിടാനുള്ള ശക്തിയും ധൈര്യവും ഒന്നാം വര്‍ഷക്കാരായ ബഷീറിനും സംഘത്തിനും ഉണ്ടായിരുന്നില്ല.
ഇടയ്ക്കിടെ രാത്രി ഹോസ്റ്റലില്‍ ബഷീറും സംഘവും റാഗിംഗിന് വിധേയമായി കൊണ്ടിരിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ സീനിയേഴ്സുമായി നേരിട്ട് ഒരു ഏറ്റുമുട്ടല്‍ ഒരിക്കലും നടത്താന്‍ കഴിയുമായിരുന്നില്ല...

അന്ന് ലഭിച്ച ആദ്യ ഇടവേള സമയത്ത്‌ തന്നെ ബഷീര്‍ മീരയുടെ അടുത്തെത്തി...

"എന്താ പേര് ?" മാന്യത അഭിനയിച്ചു കൊണ്ട് അവളോട് ചോദിച്ചു.

"സിന്ധു.." അവള്‍ പറഞ്ഞു...

ബഷീര്‍ : "ഓ... അപ്പോള്‍ ഈ സിന്ധൂ നദീ തട സംസ്കാരവുമായി ബന്ധപ്പെട്ട ആളാണല്ലേ..."

അവള്‍ ഒന്നും മിണ്ടിയില്ല....
ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു....

നാട്, കുടുംബ പശ്ചാത്തലം തുടങ്ങി പ്രീ ഡിഗ്രിക്ക് ഉണ്ടായിരുന്ന മാര്‍ക്കിനെ കുറിച്ച് വരെ അവളോട് ചോദിച്ചു...

പഠിപ്പിസ്റ്റാണോ, തല്ലാന്‍ കയ്യുറപ്പുള്ള ആങ്ങളമാര്‍ ഉണ്ടോ എന്നൊക്കെ ആദ്യം തന്നെ അറിയണമല്ലോ...!!!

ഈ സംസാരം സജീവമാകുമ്പോള്‍ വിനോദ് പ്രസവ വേദന അനുഭവിക്കുന്ന അസ്വസ്ഥതയോടെ നടക്കുന്നത് ബഷീറിന്റെ ശ്രദ്ധയില്‍പ്പെട്ടു.

ക്ലാസ്സില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ വിനോദ് ബഷീറിന്റെ അടുത്തെത്തി...

വിനോദ് : "എന്തായടാ.... അവള്‍ക്ക് നാട്ടില്‍ ലൈന്‍ ഉണ്ടോ ?"

ബഷീര്‍ : "അത് അറിയില്ല. ഞാന്‍ ചോദിച്ചില്ല."

വിനു : "പിന്നെ എന്താ നീ ഇത്ര നേരം ചോദിച്ചത് ?"

ബഷി : "എടാ പൊട്ടാ... അവളോട് ആദ്യം തന്നെ ചെന്ന് നിനക്ക് പ്രേമം ഉണ്ടോ എന്ന് ചോദിക്കാന്‍ കഴിയുമോ ? അതിനൊക്കെ ഒരു സമയം ഇല്ലെടാ..."

വിനു : "എനിക്ക് ക്ഷമയില്ലടാ..."

ബഷി : "എന്നാ നീ തന്നെ ചെന്ന് ചോദിച്ചോ..."

വിനു : "മറ്റൊരാള്‍ക്ക്‌ വേണ്ടിയാണെങ്കില്‍ ഞാന്‍ ചോദിച്ചിരുന്നു. ഇത് എന്റെ കാര്യമായത് കൊണ്ടാ..."

ബഷി : "അത് തന്നെയാ എല്ലാ കാമുകന്മാരുടെയും അടിസ്ഥാന പ്രശ്നം. സ്വന്തം കാര്യം വരുമ്പോള്‍ ചങ്കൂറ്റം പോവും. എന്തായാലും ഒരു കാര്യം പറയാം.. അവള്‍ വളയും. പിന്നെ നിന്റെ ജാതിയല്ല അവള്‍. അത് പ്രശ്നമാവില്ലേ???"

വിനു : "ജാതിയൊന്നും പ്രശ്നമല്ല. എന്റെ അച്ഛനും അമ്മയും രണ്ടു ജാതിയാ... അവര് പ്രേമിച്ചു കെട്ടിയതാ..."

ബഷി : "ഹഹ.. വെറുതെയല്ല മോനേ വിനൂ നീ ഇങ്ങനെയായത്...വിത്ത് ഗുണം...."

അതിന് വിനുവും ചിരിച്ചു....

അവളെ വളക്കാനായി പല തരം പദ്ധതികള്‍ ബഷീറും സംഘവും പ്രൊഫെഷണല്‍ രീതിയില്‍ തന്നെ ആസൂത്രണം നടത്തി.
പക്ഷേ അതൊന്നും വര്‍ക്കായില്ല...

ഇതിനിടയില്‍ വിനോദ് അവളോട്‌ പരിചയപ്പെടുകയും കുറച്ചു സംസാരിക്കയും ചെയ്തിരുന്നു...
പക്ഷേ അവനൊരിക്കലും അവന്റെ പ്രണയം തുറന്നു പറയാനുള്ള ധൈര്യം കിട്ടിയില്ല.

ബഷീറിന്റെ ക്ലാസിനു മുന്നിലുള്ള സീനിയര്‍ പുരുഷ കേസരികളുടെ എണ്ണം കൂടി വന്നു.

ബഷിയെ റാഗ് ചെയ്തിരുന്ന പല സീനിയേഴ്സ് പോലും അവനോട് സ്നേഹത്തോടെ പെരുമാറാന്‍ തുടങ്ങി....
'ചിലപ്പോള്‍ സഹായം വേണ്ടി വരും' എന്ന രീതിയിലായി അവരുടെ പെരുമാറ്റം !!!
ഒരു ദിവസം ഒരു സീനിയര്‍ പുരുഷ കേസരി കാന്റീനില്‍ നിന്ന് പരിപ്പ് വടയും, ചായയും വാങ്ങിക്കൊടുത്ത് ബഷീറിനെ ചെറിയ തോതില്‍ സല്‍ക്കരിക്കുകയും ചെയ്തു.

വിനുവിന്  പ്രേമം തലക്ക്‌ പിടിച്ച അവസ്ഥയിലായിരുന്നു....

തങ്ങളുടെ പദ്ധതികള്‍ വിജയിക്കാതെ വരുകയും, സീനിയര്‍ വിദ്യാര്‍ഥികള്‍ അവളോട് സല്ലപിക്കാനായി സമയം മാറ്റി വെക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ ബഷീര്‍ അപകടം മണത്തു....

പ്രണയ ക്വട്ടേഷന്‍ സംഘത്തിലെ ഒരുത്തന്റെ പ്രണയം പുഷ്പിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആ സംഘത്തിന് തീരാ കളങ്കമാവുകയും, മാര്‍ക്കറ്റ് വില ഇടിയുകയും ചെയ്യും എന്ന കാര്യത്തില്‍ ബഷീറിന് സംശയം ഉണ്ടായിരുന്നില്ല.

ഒടുവില്‍ രണ്ടും കല്പിച്ചു ഒരു റിസ്ക്‌ എടുക്കാന്‍ അവന്‍ തീരുമാനിച്ചു....

ഒരു ദിവസം ക്ലാസ്‌ കഴിഞ്ഞ സമയത്ത്‌ ബഷീര്‍ വിനോദിനോട്‌ ക്ലാസില്‍ തന്നെ നില്‍ക്കുവാന്‍ പറഞ്ഞു...
കുട്ടികള്‍ ക്ലാസില്‍ നിന്നും പുറത്തേക്ക്‌ പോയിത്തുടങ്ങിയിരുന്നു.....

ബഷീര്‍ സിന്ധുവിന്റെ അടുത്തേക്ക് ചെന്നു....

"സിന്ധൂ... വിനുവിന് നിന്നെ ഇഷ്ടമാണ്.... അവന്‍ നിന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്നു...."  എന്ന് പറഞ്ഞ് ബഷീര്‍ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.

അവള്‍ ഒന്നും മിണ്ടിയില്ല...

എന്തോ ഒരു ആശയ കുഴപ്പത്തില്‍പ്പെട്ട അവസ്ഥയിലായിരുന്നു അവള്‍....

"വിനൂ, ഇവിടെ വാടാ..." ബഷി വിളിച്ചു.

വിനു അവരുടെ അടുത്തേക്ക് വന്നു....

തന്റെ പ്രണയം അവന്‍ അവളോട് തുറന്നു പറഞ്ഞു....

ഒന്നും പറയാതെ അവള്‍ ക്ലാസില്‍ നിന്നും ഇറങ്ങി പോയി...

"അവളെ നിനക്ക് കിട്ടും.." ഇത്രയും കാലത്തെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയ ലക്ഷണ ശാസ്ത്ര പ്രകാരം ഗണിച്ച് ബഷീര്‍ വിനുവിനോട് പറഞ്ഞു.

അടുത്ത ദിവസം സിന്ധു ബഷീറിന്റെ അടുത്തെത്തി...
"എനിക്ക് വിനുവിനോട് ഇഷ്ടക്കമ്മിയൊന്നും ഇല്ല. എന്നാല്‍ ഫോര്‍ത്ത് ഇയറിലെ വിജയേട്ടനും എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ആദ്യം പറഞ്ഞത് വിജയേട്ടനാ...." സിന്ദു പറഞ്ഞു...

"നീ വിജയേട്ടനോട്‌ എന്ത് പറഞ്ഞു ??" ഇടയില്‍ വന്ന പാരയെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ചിന്തിച്ചുക്കൊണ്ട് ബഷി ചോദിച്ചു.

സിന്ധു : "ആലോചിച്ചിട്ടു പറയാം എന്ന് പറഞ്ഞു."

ബഷി : "എന്നിട്ട് നീ ആലോചിച്ചോ ?"

സിന്ധു : "ഞാന്‍ ഓക്കെ പറയാന്‍ നിന്നതാ... അപ്പോഴാണ്  വിനുവും പറഞ്ഞത്‌. ആകെ കണ്‍ഫ്യൂഷന്‍ ആയി.."

ബഷി : "ഞാന്‍ വിജയേട്ടനെ പറ്റി ഒന്ന് അന്യേഷിക്കട്ടെ... അതുവരെ ആരോടും ഓക്കെ പറയല്ലേ..."
ഉത്തരവാദിത്വമുള്ള ഒരു രക്ഷാകര്‍ത്താവിനെ പോലെയായിരുന്നു ബഷീറിന്റെ ആ പ്രസ്താവന.

സിന്ധു അതിനു സമ്മതിച്ചു....

അന്ന് വൈകുന്നേരം ബഷി, വിജയന്റെ അടുത്തെത്തി....

ബഷി : "വിജയേട്ടാ ചെലവ് ചെയ്യണം.."

വിജയന്‍ : "എന്തിന് ??"

ബഷി : "ഞങ്ങളുടെ ക്ലാസില്‍ നിന്നു ലൈന്‍ വലിക്കാന്‍ നോക്കുന്നില്ലേ... അതിന്..."

അത് കേട്ടതോടെ വിജയന്‍ പതറി....

വളരെ രഹസ്യമായി മൂപ്പര് ചെയ്ത കാര്യം മണത്തറിഞ്ഞത്തിലുള്ള അമ്പരപ്പ്‌ ആ മുഖത്ത്‌ പ്രകടമായിരുന്നു.

വിജയന്‍ : "ആര് പറഞ്ഞു ? നിന്റെ ക്ലാസിലെ ആരെയാ ഞാന്‍ വളക്കാന്‍ നോക്കുന്നത് ?"

ബഷി : "ഒടിയന്റെ മുന്നില്‍ മായം മറിയല്ലേ ചേട്ടാ... സിന്ധുവിനെ വളക്കാന്‍ നോക്കുകയാണ് അല്ലേ...?"

രഹസ്യം മുഴവന്‍ പുറത്ത്‌ വിട്ടതോടെ വിജയന്റെ ഭാവം മാറി...

"ഓ.. ആണുങ്ങളാവുമ്പോള്‍ അങ്ങിനെ പലതും ഉണ്ടാവും.പലരെയും വളക്കാന്‍ നോക്കും. ഇന്ന് സിന്ധുവാണെങ്കില്‍ നാളെ മറ്റൊരുത്തി... അതിനൊക്കെ ചെലവ് ചെയ്യാന്‍ നിന്നാല്‍ പിന്നെ അതിനേ സമയം ഉണ്ടാകൂ..." അതിനെ നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ചുക്കൊണ്ട് വിജയന്‍ പറഞ്ഞു.

സത്യത്തില്‍ വിജയന്‍ ഒരു പാവം ആയിരുന്നു.
അയാളുടെ നാലു വര്‍ഷത്തെ കോളേജ്‌ ജീവിതത്തില്‍ മറ്റാര്‍ക്കും അപ്ലിക്കേഷന്‍ കൊടുത്തിരുന്നില്ല. ബഷീറിന്റെ മുന്നില്‍ താഴാതിരിക്കാനും, ഈ വിഷയം ക്യാമ്പസില്‍ ചര്‍ച്ചയാവാതിരിക്കാനുമായിരുന്നു വിജയന്‍ ആ ഡയലോഗ് അടിച്ചത്.

അടുത്ത ദിവസം ബഷീര്‍ സിന്ധുവിന്റെ അടുത്തെത്തിയത് ഒരു വാക്ക്‌മാനും കയ്യില്‍ പിടിച്ചായിരുന്നു....

"ഇതൊന്ന് കേട്ട് നോക്ക്...." വാക്ക്‌മാന്‍ സിന്ധുവിന് നേരേ നീട്ടിക്കൊണ്ട് ബഷി പറഞ്ഞു...

സിന്ധു ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി പ്ലേ ബട്ടന്‍ ഞെക്കി...

"ഓ.. ആണുങ്ങളാവുമ്പോള്‍ അങ്ങിനെ പലതും ഉണ്ടാവും.പലരെയും വളക്കാന്‍ നോക്കും. ഇന്ന് സിന്ധുവാണെങ്കില്‍ നാളെ മറ്റൊരുത്തി... അതിനൊക്കെ ചെലവ് ചെയ്യാന്‍ നിന്നാല്‍ പിന്നെ അതിനേ സമയം ഉണ്ടാകൂ..."
വിജയന്റെ ശബ്ദം സിന്ധുവിന്റെ കാതുകളില്‍ മുഴങ്ങി....

സിന്ധുവിന്റെ മുഖഭാവം മാറുന്നത് ബഷി ശ്രദ്ധിച്ചു....

അവള്‍ ഒരിക്കല്‍ കൂടി അത് റീ പ്ലേ ചെയ്ത് കേട്ടു....

"വിജയന്റെ സ്ഥിരം പരിപാടിയാണിതെന്ന് മനസ്സിലായില്ലേ....വിനു അത്തരക്കാരനല്ല..." കൃത്യ സമയത്ത്‌ തന്നെ ബഷി കൃത്യമായ ഡയലോഗ് ഇറക്കി.

വിനു - സിന്ധു പ്രണയം പൂത്തുലയാന്‍ പിന്നെ അധികം സമയം വേണ്ടി വന്നില്ല.

രണ്ടു പേരുടെയും പ്രണയം അധികം വൈകാതെ തന്നെ ഇരുവരുടെയും വീട്ടിലും അറിഞ്ഞു....

വീട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ല.....

അതോടെ കോളേജിലെ അംഗീകൃത ജോഡിയായി അവരെ മുദ്ര കുത്തി....

വര്‍ഷങ്ങള്‍ പിന്നിട്ടു...

കോഴ്സ്‌  പൂര്‍ത്തിയായി.....

ബഷിയുടെ ഓട്ടോഗ്രാഫില്‍ ഒരു വരി മാത്രമേ സിന്ധുവിന് എഴുതാനുണ്ടായിരുന്നുള്ളൂ...
അവള്‍ എഴുതി...
"ഒന്നും മറക്കില്ലെന്നറിയാം, എങ്കിലും....."

കലാലയ ജീവിതം അവസാനിച്ച ശേഷം വല്ലപ്പോഴുമുള്ള ഫോണ്‍ വിളികളുമായി ബഷിയുമായുള്ള സിന്ധുവിന്റെയും, വിനുവിന്റെയും സൗഹൃദം തുടര്‍ന്നു...

ഏകദേശം എട്ടു മാസങ്ങള്‍ക്ക് ശേഷം അവിചാരിതമായി സിന്ധുവുമായി ബഷീര്‍ കണ്ടുമുട്ടി....

അവള്‍ വലിയ സന്തോഷത്തിലായിരുന്നു....

"വിനുവിന്റെ വീട്ടുകാര്‍ എന്റെ വീട്ടിലേക്ക്‌ വന്നിരുന്നു... അവന്റെ വീട്ടിലേക്ക്‌ ഞങ്ങളും പോയി. എല്ലാം ഉറപ്പിച്ചു. ആറു മാസത്തിനു ശേഷം കല്യാണം ഉണ്ടാവും. നിനക്ക് ഞങ്ങളുടെ വക ഒരു സ്പെഷ്യല്‍ സമ്മാനം ഉണ്ട്." അവള്‍ ആവേശത്തോടെ പറഞ്ഞു....

ബഷിക്കും അത് സന്തോഷം നല്‍കുന്ന ഒന്നായിരുന്നു...
ക്യാമ്പസ്‌ കാലത്തെ തന്റെ ഒരു കുസൃതി രണ്ടുപേരെ ജീവിതത്തില്‍ ഒന്നിപ്പിക്കുന്നതിന്  കാരണമായി മാറുമ്പോള്‍ സന്തോഷം സ്വാഭാവികമാണല്ലോ....

രണ്ടു മാസങ്ങള്‍ കൂടി പിന്നിട്ടു....

പുലര്‍ച്ചെയുള്ള ഒരു ഫോണ്‍ കാള്‍ ആയിരുന്നു അന്ന്  ബഷിയെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്....

ഫയാസ്‌ ആയിരുന്നു മറു തലക്കല്‍....

"എടാ നീ അറിഞ്ഞോ...??" അവന്‍ ചോദിച്ചു...

ബഷി : "എന്താടാ.."

ഫയാസ്‌ : "വിനു ആക്സിഡന്‍റ് ആയി ..."

ബഷി : "അത് അവന്റെ ദിനചര്യയല്ലേ... ബൈക്കില്‍ പോകുമ്പോള്‍ പല തവണ വീണിട്ടുണ്ടല്ലോ... ഹെല്‍മറ്റ്‌ ഉള്ള ധൈര്യത്തില്‍ പറ പറപ്പിക്കുന്നത് അവന്റെ സ്ഥിരം പരിപാടിയാണല്ലോ.. എത്ര പറഞ്ഞാലും അനുസരിക്കില്ല."

ഫയാസ്‌ : "ബൈക്ക്‌ അല്ലടാ... കാറാണ് ആക്സിഡന്‍റ് ആയത്..."

ബഷി : "ഓ.. കാറാണല്ലേ... കുഴപ്പമില്ല.. എന്നിട്ട് പരിക്കുണ്ടോ?"

ഫയാസ്‌ : "എടാ അവന്‍ മരിച്ചെടാ....സ്പോട്ടില്‍ തന്നെ..."

വിറയാര്‍ന്ന ശബ്ദത്തിലുള്ള ഫയാസിന്റെ വാക്കുകള്‍ ബഷീറിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല...

ബഷി : "നീ ചുമ്മാ നുണ പറയല്ലേ..."

ഫയാസ്‌ : "ഇക്കാര്യം ഞാന്‍ നുണ പറയുമോ ???"

ബഷിയുടെ കൈകാലുകള്‍ വിറച്ചു...

അറിയാതെ ഫോണ്‍ കട്ട് ചെയ്തു...

അപ്പോഴേക്കും മൊബൈലും ശോകമൂകമായി കരഞ്ഞു തുടങ്ങിയിരുന്നു....
എടുത്തു നോക്കിയപ്പോള്‍ ഇതേ വാര്‍ത്ത അറിയിക്കാനായി മറ്റു സുഹൃത്തുക്കളും വിളിക്കുകയായിരുന്നു...

ഒരു തരം മരവിച്ച അവസ്ഥയില്‍ വിനുവിന്റെ വീട്ടിലേക്ക്‌ യാത്ര ചെയ്യുമ്പോള്‍ സിന്ധുവിന്റെ മുഖമായിരുന്നു മനസ്സ് നിറയെ....

ഒടുവില്‍ കണ്ടപ്പോള്‍ ഉള്ള അവളുടെ ആവേശം നിറഞ്ഞ വാക്കുകള്‍ ബഷിയുടെ കാതുകളില്‍ മുഴങ്ങി..
"വിനുവിന്റെ വീട്ടുകാര്‍ എന്റെ വീട്ടിലേക്ക്‌ വന്നിരുന്നു... അവന്റെ വീട്ടിലേക്ക്‌ ഞങ്ങളും പോയി. എല്ലാം ഉറപ്പിച്ചു. ആറു മാസത്തിനു ശേഷം കല്യാണം ഉണ്ടാവും. നിനക്ക് ഞങ്ങളുടെ വക ഒരു സ്പെഷ്യല്‍ സമ്മാനം ഉണ്ട്."

അശ്രദ്ധമായ ഡ്രൈവിംങ്ങും, അമിത വേഗതയും ആ വാക്കുകളിലെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയിരിക്കുന്നു !!!

വിനുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ പല സഹപാഠികളും അവിടെ നേരത്തേ എത്തിയിരുന്നു....

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കാറ് ആ മുറ്റത്ത്‌ വന്നു നിന്നു....
അന്ന് ഹോസ്റ്റലില്‍ സിന്ധുവുമായി വന്ന അതേ നീല മാരുതി കാറ്....

സഹോദരന്റെയും, അച്ഛന്റെയും കൈപിടിച്ച് കലങ്ങിയ കണ്ണുകളുമായി വിനുവിനെ അവസാനമായി കാണാന്‍ അവള്‍ അകത്തേക്ക് കയറി...

അകത്തു നിന്നും തേങ്ങലുകള്‍ ഉയര്‍ന്നു....

അവളെ അവിടെയിരുത്തി അവളുടെ സഹോദരന്‍ ബഷിയുടെ അടുത്തേക്ക് വന്നു....

"ചേച്ചിയെയാണ് പേടി. അവള്‍ എന്തെങ്കിലും ചെയ്യുമോ എന്ന ഭയത്തിലാണ് ഞങ്ങള്‍..." വേദനയോടെ അവന്‍ പറഞ്ഞു.

"അവളെ ശ്രദ്ധിക്കണം..." എന്ന് മാത്രമേ ബഷിക്ക് അപ്പോള്‍ പറയാന്‍ കഴിഞ്ഞുള്ളൂ...

ദിവസങ്ങള്‍ മാസങ്ങളായി പരിണമിച്ചു...

സിന്ധുവിന്റെ വിവരങ്ങള്‍ സുഹൃത്തുകള്‍ മുഖേന അറിയാന്‍ ബഷീര്‍ ശ്രമിച്ചു...

എന്തുകൊണ്ടോ അവള്‍ക്ക് നേരിട്ട് വിളിക്കാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല....

ഒരു വര്‍ഷത്തിനു ശേഷം ബഷീറിന്റെ ഫോണിലേക്ക് ഒരു കാള്‍ വന്നു...
സിന്ധുവായിരുന്നു അത്....

"എന്തൊക്കെയുണ്ട് വിശേഷം ?" അവള്‍ ചോദിച്ചു...

"ഇങ്ങിനെ പോകുന്നു..." ബഷീര്‍ പറഞ്ഞു.

അവളുടെ ശബ്ദത്തിനു പഴയ ആവേശമോ, ഉത്സാഹമോ, ഊര്‍ജ്ജസ്വലതയോ ഉണ്ടായിരുന്നില്ല.

സിന്ധു : "നമ്മള്‍ ഒരുപാടായി സംസാരിച്ചിട്ട് അല്ലേ ??"

ബഷി : "അതെ... നിന്നോട് എന്താ പറയുക എന്നറിയാത്തത് കൊണ്ടാണ് ഞാന്‍ വിളിക്കാതിരുന്നത്. വിവരങ്ങള്‍ ഒക്കെ അറിയുന്നുണ്ടായിരുന്നു."

സിന്ധു : "എനിക്കറിയാം. എല്ലാം വിധി. അല്ലാതെന്ത് പറയാന്‍..."

ബഷി : "എനിക്ക് കുറ്റബോധം ഉണ്ട്. ഞാന്‍ കാരണം...."

സിന്ധു : "നീ അതിനൊന്നും ചെയ്തിട്ടില്ലല്ലോ... എന്റെ വിവാഹം ഉറപ്പിച്ചു. അതിനു ക്ഷണിക്കാന്‍ വേണ്ടി വിളിച്ചതാണ്..."

ബഷീറിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

"അവരോട് എല്ലാ കാര്യവും പറഞ്ഞിട്ടുണ്ട്. അതിലവര്‍ക്ക് പ്രശ്നമില്ല എന്ന് പറഞ്ഞു. ഒന്നും മറച്ചു വെക്കേണ്ടതില്ലല്ലോ...." സിന്ധു തുടര്‍ന്നു.

"അത് നന്നായി...പഴയതൊക്കെ മറക്കുക...പുതിയ ജീവിതം നന്നാവട്ടെ..." ബഷീര്‍ പറഞ്ഞു.

"ഒന്നും മറക്കില്ലെന്നറിയാം, എങ്കിലും....." ഓട്ടോഗ്രാഫില്‍ എഴുതിയ വരികള്‍ അവള്‍ ആവര്‍ത്തിച്ചു.

"നീ വരില്ലേ ??? എന്റെ വിവാഹത്തിന് ...." അവള്‍ ചോദിച്ചു.

"തീര്‍ച്ചയായും.." ബഷീര്‍ അവള്‍ക്ക് ഉറപ്പ്‌ കൊടുത്തു.

അങ്ങിനെ അവളുടെ വിവാഹ ദിനം വന്നെത്തി...

പഴയ സുഹൃത്തുകളില്‍ പലരും ഒരുമിച്ചു കൂടിയെങ്കിലും പഴയ കഥകള്‍ പറയാനോ, സന്തോഷിക്കാനോ ഉള്ള ഒരു മൂഡില്‍ ആയിരുന്നില്ല ആരും...
പ്രത്യേകിച്ച് ബഷീര്‍....

അവളുടെ വിവാഹ ചടങ്ങുകള്‍ നടക്കുമ്പോള്‍ ബഷീറിന്റെ മനസ്സ് സഞ്ചരിച്ചത് കോളേജ്‌ ജീവിത്തിലെ നാളുകളിലെക്കാണ്....

സിന്ധുവിനെ വിവാഹം കഴിക്കുന്നതിനേയും, പിന്നീടുള്ള ജീവിത സ്വപ്നങ്ങളേയും പറ്റിയുള്ള വര്‍ണ്ണനകള്‍ നടത്തിയിരുന്ന വിനുവിന്റെ വാക്കുകള്‍ ബഷീറിന്റെ ചെവിയില്‍ മുഴങ്ങി.....

സിന്ധുവിന്റെ കഴുത്തില്‍ വിനുവല്ലാതെ മറ്റൊരുത്തന്‍ താലി ചാര്‍ത്തുന്നത് കാണാനുള്ള ശേഷി ബഷീറിനു ഉണ്ടായിരുന്നില്ല...

അവന്‍ കണ്ണുകളടച്ചിരുന്നു....

താലികെട്ടല്‍ കഴിഞ്ഞു എന്ന് നാദസ്വരത്തില്‍ നിന്നും മനസ്സിലാക്കിയ ബഷീര്‍ പതുക്കെ കണ്ണ് തുറന്നു അവളുടെ കണ്ണുകളിലേക്ക്‌ നോക്കി...

പണ്ട്  "സിന്ധൂ... വിനുവിന് നിന്നെ ഇഷ്ടമാണ്.... അവന്‍ നിന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്നു...." എന്ന് പറഞ്ഞ ശേഷം അവളുടെ കണ്ണുകളിലേക്ക് നോക്കിയ പോലെ....

സിന്ധുവും ബഷീറിന്റെ കണ്ണുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു.....

അവളുടെ കണ്ണുകള്‍ അവനോട് പറഞ്ഞു.....
"ഒന്നും മറക്കില്ലെന്നറിയാം, എങ്കിലും....."

അബസ്വരം :
ഒരുപാട് നാളുകള്‍ക്ക് ശേഷം ബഷീര്‍ ഒരു സ്വപ്നം കണ്ടു.
ആളൊഴിഞ്ഞ ഒരു സിനിമാ തിയേറ്ററില്‍ വിനു ഒറ്റക്കിരിന്ന്, ചിരിക്കുന്ന മുഖത്തോടെ ബഷീറിനെ ക്ഷണിക്കുന്നു..." ഇങ്ങോട്ട് വാടാ, ഇവിടെ നല്ല രസമാണ് !!!"


പോസ്റ്റ്‌ മോഷണം സംസ്കാര ശൂന്യതയാണ് എന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.64 comments:

 1. "അളിയാ, അവളെ എനിക്ക് വേണം... ഞാന്‍ ബുക്ക്‌ ചെയ്തു..." പ്രണയ ക്വട്ടേഷന്‍ സംഘത്തിലെ സജീവാംഗമായിരുന്ന വിനോദിന്റെ അഭ്യര്‍ത്ഥന ഹൃദയത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്നുള്ളതാണെന്ന് മനസ്സിലാക്കാന്‍ ബഷീറിന് സ്കാനിങ്ങിന്റെയോ, രക്ത പരിശോധനാ റിപ്പോര്‍ട്ടിന്റെയോ പിന്‍ബലം ആവശ്യമുണ്ടായിരുന്നില്ല.
  :)

  ReplyDelete
 2. ഇത് സുഖമോ ദേവിയുടെ കഥ പോലെ ഉണ്ടല്ലോ.
  ഡോക്റ്ററും ന്യൂ ജെനറേഷന്‍ ആയോ..?

  ReplyDelete
 3. oru nimisham kondu ellam kalangi mariyum ennoru orma peduthal.. kadhayile basheer, ikkayalla ennu thanne karuthikkotte ??

  ReplyDelete
 4. നല്ല രീതിയില്‍ കഥ പറഞ്ഞു.....
  അവസാനം വീണ്ടും പഴയ സീനിയര്‍ വരുമോ എന്ന് പ്രതീക്ഷിച്ചു.... അവസാനം എല്ലാം മനസ്സിലാക്കി അവളെ കെട്ടാന്‍ ലവന്‍ വന്നു എന്നത് സ്ഥിരം നമ്പര്‍ ആണല്ലോ.... ഇവിടെ അങ്ങനെ സംഭവിക്കാത്തത് നന്നായി....
  വേഗത കുറച്ചു ഓടിച്ചിരുന്നെങ്കില്‍....,....,എന്ന് ഒരു നിമിഷം ചിന്തിപ്പിച്ചു......

  ഭാവുകങ്ങള്‍.....,.....

  ആ ചിത്രം ചെറിയ പ്രശ്നം പോലെ തോനിയോ.....?/?? ഉണ്ടോ..??? ഇല്ലേ...??? ഇല്ലേല്‍ ഞാന്‍ വിട്ടുട്ടാ.....

  ReplyDelete
  Replies
  1. i also expected that senior...

   Delete
 5. ഡോക്ടര്‍ കഥയോ അനുഭവമോ?അനുഭവമയാണ് കൂടുതല്‍ ഫീല്‍ ചെയ്തത് .അതിനാല്‍ തന്നെ അഭിപ്രായം പറയുന്നില്ല .

  ReplyDelete
 6. കഥയാണെങ്കിലും ജീവിതമാണെങ്കിലും നല്ല അവതരണം.... ഞാനും അവസാനം വിജയനെ കല്യാണച്ചെക്കനായി പ്രതീക്ഷിച്ചിരുന്നു, അതല്ലെങ്കില്‍ ബഷീര്‍ തന്നെ വരനായി വരുമെന്നു കരുതി.... എന്തായാലും നന്നായിട്ടുണ്ട്. പക്ഷേ ഇത്ത്രമ കാര്യങ്ങള്‍ ജീവിതത്തിലേയ്ക്കു കടന്നു വരുമ്പോഴാണ്‍ പ്രയാസം... സ്നേഹാശംസകള്‍ ... ;‍:, :-)

  ReplyDelete
 7. വളരെ നനയിട്ടുണ്ട്... കിടിലന്‍,...

  ReplyDelete
 8. ഇത് ലവള്‍ തന്നെയാണ്.... നമ്മുടെ ബാച്ചിലേക്കുള്ള പുതിയ പെണ്‌തരി.....മോനെ മനസ്സില്‍ ഒരു ലഡു പൊട്ടി !!!!!!!!

  ReplyDelete
 9. ഒരു പാട്ടും കൂടി ആവാമായിരുന്നു...........
  സുഖമോ സിന്ധു.....സുഖമോ സിന്ധു..............

  ReplyDelete
 10. gud...pranayam vedana thanna avasana sammanikkuka ....alle?
  ithupole mattonnu njanum ezhuthiyittundu.blogilidumbo vayikkanam..ketto. adikkulla sadyatha theliyumonnu nokkam namukku...:)

  ReplyDelete
  Replies
  1. തീര്‍ച്ചയായും വായിക്കാം.. ലിങ്ക് നല്‍കണം.... അടികൂടാം..:)

   Delete
 11. Hmmmm.... എന്ത് പറയണമെന്ന് അറിയില്ല.

  അനുഭവത്തില്‍ നിന്നും എഴുതിയതാണോ? അതോ കഥയാണോ? എന്തായാലും വേദനിപ്പിച്ചു.

  പ്രതീക്ഷിച്ച പോലെ വിജയനോ ബഷീറോ ചെക്കനായി വരാത്തത് നന്നായി. എന്തായാലും കഥ കൊള്ളാം!

  ReplyDelete
 12. nalla avatharanam...good.alpam vishamam thonni.

  ReplyDelete
 13. ഇങ്ങളു ആയുർവ്വേദ ഡോക്ടറോ അതൊ ലവ്‌ ഡോക്ടറോ......അടിപൊളി. ഇനീം ഇതു പോലത്തേത്‌ വരട്ടെ. പോസ്റ്റാൻ നാലു മാസം വെയിറ്റ്‌ ചെയ്തത്‌ കൊലച്ചതിയായിപ്പോയി.....

  ReplyDelete
 14. കോളേജ് ജീവിതം മറക്കാത്ത അനുഭവങ്ങളാണ്
  കൂടേ നിന്നവന്റെ വേര്‍പിരിയല്‍ സഹിക്കാവുന്നതിനപ്പുറമാണ്..
  ഒരുവനെ കണ്ടു കിട്ടാത്തതിലേ സങ്കടം എനിക്കിപ്പൊഴുമുണ്ട് ..
  കാലം ചിലത് കൊണ്ട് വരും , ചിലരെ ചേര്‍ത്ത് നിര്‍ത്തും
  ചിലരേ പെട്ടെന്ന് നമ്മളില്‍ നിന്നും മായ്ക്കും ..
  പ്രണയവും , ആ കാലവും , വാക്ക്മാനുമൊക്കെ
  ആ കാലത്തേക്ക് മനസ്സിനെ കൂട്ടി കൊണ്ട് പൊയി അബ്സര്‍ ..
  കാലം മായ്ക്കാത്ത മുറിവില്ലെങ്കിലും , ചിലത് ചിലപ്പൊഴൊക്കെ
  പഴുക്കും , നോവു പടര്‍ത്തും , സ്നേഹാശംസകളൊടെ ..

  ReplyDelete
 15. ഇപ്രാവശ്യം പൈന്കിളിയില്‍ ആണല്ലോ...:)

  ReplyDelete
 16. നന്നായി അവതരിപ്പിച്ചു അബ്സാറിക്കാ.ഇത് സത്യത്തില്‍ നടന്നതുതന്നെയല്ലേ

  ReplyDelete
 17. ആദ്യ പകുതിയിൽ ചിരിപ്പിച്ചെങ്കിൽ അവസാന പകുതി സങ്കടക്കടലാക്കി,

  കാമ്പസ് പ്രണയവും രസകരമായ മുഹൂർത്തങ്ങളും വാക്ക്മാനും ചിരി പടർത്തിയെങ്കിൽ അലസമായി കാറോടിച്ച് മരണത്തെ പുണർന്ന് കൂട്ടുകാരനും അവനെ നഷ്ടപ്പെട്ട പ്രണയിനിയുടെ സങ്കടവും വായനക്കാരുടേതുമാവുന്നു...

  ReplyDelete
 18. ഒരു 'സിനിമ' കണ്ടു.കൗമാരകുതൂഹലങ്ങള്‍ ഓരോ കാമ്പസ് ജീവിതത്തിലും കാണും. പക്വതകളുടെ വെയില്‍ ജീവിതങ്ങളില്‍ ഓര്‍മ്മിക്കനിത്തിരി 'ചാറ്റല്‍'മഴകള്‍ ...

  ReplyDelete
 19. അബ്സര്‍ ജീ ,വായിച്ചിട്ട് എന്ത് കൊണ്ടോ കിടിലന്‍ എന്നോ സൂപ്പര്‍ എന്നോ പറയാന്‍ തോന്നുനില്ല ,അത് മോശമയിട്ടല്ല, അതിലുപരി ഒരു ഫീല്‍ ആയിരുന്നു വായിക്കാന്‍, അനുഭവം ആയാലും കഥ ആയാലും ഈ അക്ഷരങ്ങളില്‍ ഒരു ആത്മാവ് ഒളിച്ചിരികുനത് പോലെ, തുടക്കം ഒരു തമാശയായിട്ടു തോന്നിയെങ്കില്ലും അവസാനം കാര്യങ്ങള്‍ കുറച്ചു സീരിയസ് ആയതാണ് ഈ പോസ്റ്റിന്റെ ഹൈലൈറ്റ് , ഇനിയും ഇതു പോലുള്ള സംഭവങ്ങള്‍ എഴുതാന്‍ കഴിയട്ടെ ,ആശംസകള്‍ !!!!

  ReplyDelete
 20. Super Valare nannayittund ith vazhikkumpool College jeevithaman orma vannath

  ReplyDelete
 21. നല്ല അവതരണം. ഒരു അനുഭവക്കുറിപ്പ് വായിക്കുന്ന പ്രതീതി ക്രിയേറ്റ് ചെയ്യാന്‍ കഴിഞ്ഞു.

  ReplyDelete
 22. എന്റെ ചേട്ടന്റെ ഒരു സുഹൃത്തിനെ ഓര്‍മിച്ചു... വീട്ടുകാരുടെയും നാട്ടുകാരുടെയും കൂട്ടുകാരുടെയും അറിവോടെയുള്ള പ്രണയം തകര്‍ന്നു പോയത് കാമുകിക്ക് കാന്‍സര്‍ വന്നതുകൊണ്ടായിരുനു. ആ ചേട്ടന്‍ പിന്നീട് കുറെ കാലത്തേക്ക് വിവാഹം കഴിച്ചില്ല. പിന്നീടു ഈ അടുത്ത് വിധവയായ ഒരു ടീച്ചറെ കല്യാണം കഴിച്ചു എന്ന് കേട്ടു.

  ReplyDelete
 23. ജീവിത കാലം മുഴുവന്‍ നീണ്ടു നില്‍ക്കും കലാലയ ജീവിതത്തിലെ ചില കുസൃതികള്‍ , ആരുടെയൊക്കെയോ ജീവിതം ഇതില്‍ മറഞ്ഞിരിക്കുന്നു .അശ്രദ്ധ മൂലമുണ്ടാകുന്ന വാഹനാപകടങ്ങള്‍ തകര്‍ക്കുന്നത് എത്ര സ്വപ്നങ്ങളാണ് .ജീവിതത്തില്‍ ബാക്കിയായവര്‍ പ്രിയപ്പെട്ടവരുടെ മരണം വരുത്തിയ ശൂന്യതയെ നികത്തിക്കൊണ്ട് , മരിച്ചവന്‍ മാത്രമാണു നഷ്ട മോഹങ്ങളുടെ കാവല്‍ക്കാരന്‍ .നന്നായി എഴുതി .

  ReplyDelete
 24. ചിലപ്പോള്‍ ചിലതെല്ലാം അങ്ങനെയാണ്.. എല്ലാം പ്രതീക്ഷ പോലെ നടന്നാലും വിധി മറ്റൊന്ന് തീരുമാനിച്ചിട്ടുണ്ടാകും. അവസാന നിമിഷം

  ReplyDelete
 25. വളരെ നന്നായിരുന്നു. ഞാനും എന്റെ പഴയ കാലം ഓര്‍ത്തുപോയി. ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്ന ആദ്യ പ്രണയത്തിന്റെ സുഖാനുഭൂതി.

  ReplyDelete
 26. തമാശയില്‍ തുടങ്ങി നൊമ്പരത്തില്‍ അവസാനിപ്പിച്ചു അല്ലെ..നന്നായിട്ടുണ്ട്ട്ടോ...

  ReplyDelete
 27. പ്രണയം
  സമൂഹിക മാനദണ്‌ഡങ്ങളാൽ നാം പല ഘട്ടങ്ങളിൽ പ്രണയം മറച്ച് വെക്കുന്നു അല്ലേ?

  പ്രത്യേകിച്ച് നമ്മുടെ സ്ത്രീകൾ , അവർക്ക് പേടിയാണ്, സമൂഹത്തെ, കുടുബത്തെ ,
  മറ്റു പലരേയും വിശ്വസിപ്പിക്കാൻ വേണ്ടി ഞാൻ നല്ലതെന്ന് തോന്നിപിക്കാനും,
  പക്ഷെ ശെരിക്കും എല്ലാരിലും ഉണ്ട് പ്രണയം, ക്ലീഷേ ആണെങ്കിലും ഏത് പ്രായത്തിലും പ്രണയ കഥകൾ വായിക്കാൻ ഒരു പ്രത്യേക രസമാണ്, മനസിൽ അതിങ്ങനെ ഒരു പ്രത്യേക തിരയിളകത്താൽ നാം ആസ്വദിക്കും ...
  വിജാതീയ കാമവികാരത്തെ ഉൾകൊള്ളിക്കാനുള്ള വെപ്രാളവും പ്രണയത്തിൽ ഉണ്ട് ,
  ഒരു ഇന്റിമസിക്ക് എല്ലാ സ്ത്രീക്കും പുരുഷനും ഇഷ്ടമാണ്,
  പുരുഷനിൽ താൻ എന്ന വിചാരം ചില വികാരങ്ങൾക്ക് തടസമാണ്, താൻ എത്രത്തോളം താണുപോകുമോ എന്ന് സ്ഥിരാചാര വാദം മെല്ലെ കടന്നുവരും അതും പ്രണയത്തെ നാം മറച്ച് വെക്കുന്നതിനുള്ള കാരണം തന്നെ,
  നമ്മുടെ സംസ്കാരമോ അതോ നമ്മൾ തന്നെ തീർത്ത , തീറെഴുതി വെച്ച ചില പ്രവണതകളോ ഇതിനൊക്കെ കാരണം?

  ReplyDelete
 28. ചിരിച്ചു കൊണ്ട് വായന മുന്‍പോട്ടു പോയെങ്കിലും വായന തീര്‍ന്നപ്പോള്‍ മനസ്സ്‌ പിടഞ്ഞു. ഹൃദയത്തില്‍ ഒരു മുള്ള് തറഞ്ഞു നില്‍ക്കുന്നത് പോലെയുള്ള അനുഭവം. കഥയായാലും അനുഭവമായാലും മനസ്സിലേക്ക് നേരിട്ട് പതിയുന്ന വിധം എഴുതി.

  ReplyDelete
 29. വളരെ വിശാലമായി തന്നെ പറഞ്ഞല്ലോ, ഈ കഥ.

  ReplyDelete
 30. അനുഭവമാണോ എന്ന് ചോദിക്കുന്നില്ല. മനസ്സില്‍ തട്ടുന്ന വിധം നന്നായി എഴുതി.

  ReplyDelete
 31. പഠന കാലത്തെ ചില അനുഭവങ്ങള്‍ .. അതിപ്പോഴും മനസ്സില്‍ തെളിമയോടെ നില നില്‍ക്കുന്നുണ്ട് ..
  ആ പശ്ചാത്തലത്തില്‍ വായിച്ചതിനാല്‍ ശരിക്കും മനം നൊന്തു ...

  അനുഭവമോ കഥയോ എന്തുമാകട്ടെ ... നന്നായി പറഞ്ഞു

  ReplyDelete
 32. ഹ ഹ ഹ ഇടിവെട്ട് സ്റ്റോറി ,,,ആശംസകള്‍ ,,സമയം കുറവാണു ,ബാക്കി പിനീട്

  ReplyDelete
 33. ഒരു നൊമ്പരം അവശേഷിപ്പിച്ചു മനസ്സിൽ. നന്നായി എഴുതി.

  ReplyDelete
 34. ആദ്യം ലിങ്ക് വഴ്ജി കയറി വായിക്കാന്‍ പറ്റിയില്ല ..ദെ ഇപ്പോള്‍ ഡാഷ്ബോര്‍ഡ് വഴി ഒരു ഊളിയിടല്‍
  അന്‍പത രൂപ മുതല്‍ മുടക്കില്‍ മൂട്ട കടി കൊള്ളാതെ ഒരു സിനിമ ,,അത്യുഗ്രന്‍ ക്ലൈമാക്സ് ,ഒന്ന് ചോദിച്ചോട്ടെ ഇത് അനുഭവം ആണോ ,,,
  അബസ്വരം ,,,എസിക്ക് തണുപ്പ കൂട്ടിയില്ലെങ്കില്‍ ഞാന്‍ ഈ തിയേറ്ററില്‍ വന്നു സിനിമ കാണുകയില്ല

  ReplyDelete
 35. സംഗതി കൊള്ളാം...ഇതൊരു അനുഭവ കഥയാണോ എന്നൊരു തോന്നല്‍... ആണോ?

  ReplyDelete
 36. ഡോക്ടറെ മ്മക്കൊന്നു നേരിട്ട് കാണണം ട്ടാ... നാട്ടില്‍ വരട്ടെ.. വന്നു കണ്ട് ഒന്ന് ശിഷ്യപ്പെടണം. എനിക്കല്പം പ്രേമിക്കാനൊക്കെ അറിയാം. എന്നാലും ഒരു ഉള്‍ഭയം ഇപ്പോളും ണ്ടേ.. അത് മാറ്റിയെടുക്കാന്‍ സ്കാനിങ്ങും ബ്ലഡ് ടെസ്റ്റും ഒന്നും എഴുതരുത്. വല്ല ടോണിക്കും തന്ന്‍ സഹായിച്ചാ മതി....

  നന്നായിട്ടുണ്ട് ട്ടാ ........ ഉം നടക്കട്ടെ നടക്കട്ടെ.... :)

  ReplyDelete
 37. പ്രണയം കണ്ടു മടുത്ത ഞാന്‍ ഒന്ന് പറയട്ടെ ഇതൊരു അനുഭവമാണ് ..
  അനുഭവങ്ങല്‍ക്കെ ഇത്ര മൂര്‍ച്ച കാണൂ മനസ്സില്‍ പതിക്കാന്‍ കഴിയൂ
  ആശംസകള്‍ ഇക്കോ

  ReplyDelete
 38. ചുമ്മാ കരയിപ്പിക്കല്ല്.... ഒരു സിനിമ പോലുണ്ട്, കോളേജ്,പ്രണയം, കല്ല്യാണം ഉറപ്പിക്കൽ, മരണം... ശോകം... എന്തായാൽമ് സൂപ്പർ ഹിറ്റന്നെ

  ReplyDelete
 39. നന്നായി ഇഷ്ടായി.... ഇനി വേറെ എന്താ പറയുക സ്നേഹാശംസകള്‍ @ PUNYAVAALAN

  ReplyDelete
 40. ഷ്ടായീട്ടോ. വളരെയധികം

  ReplyDelete
 41. എനിക്കും ഒത്തിരി ഇഷ്ടമായി...

  ReplyDelete
 42. ഇതൊരു അനുഭവ കഥയാണോ എന്ന സംശയം എനിക്കുമുണ്ട് ...
  വളരെ നന്നായി പറഞ്ഞു ആശംസകള്‍ ...

  ReplyDelete
 43. ഇവിടുത്തെ എന്റെ ആദ്യ വായനയാണെന്ന് തോന്നുന്നു.ഇതിനു മുന്ബ്‌ ഇവിടെ വന്നതായി ഓര്‍ക്കുന്നില്ല . ആദ്യ വായന തന്നെ ഒരു പ്രണയ കഥ ആയതില്‍ നന്നായി എന്ന് എനിക്ക് തോന്നുന്നു....:)

  വളരെ നല്ല അവതരണം .തിരക്ക് കാരണം വെറുതെ ഒന്ന് നോക്കി പോകണം എന്നാ ഉദേശിച്ചത്‌ .പക്ഷെ,പൂര്‍ണമായി വായിക്കാനുള്ള ഒരു പ്രചോദനം അവതരണത്തില്‍ കണ്ടു . ഇനിയിപ്പോ ഇവിടെ ഇടക്കൊക്കെ കയറി ഇറങ്ങാം ..:)
  എല്ലാ ഭാവുകങ്ങളും ...!!!

  ReplyDelete
 44. വായിച്ചു തീരും തോറും മനസ്സ് എവ്ടെയോക്കെയോ യാത്ര പോയി ... ഒരു സിനിമാക്കഥ പോലെ..നല്ല എഴുത്ത് ആശംസകള്‍...

  ReplyDelete
 45. നന്നായിട്ടുണ്ട്

  ReplyDelete
 46. ഇതില്‍ ആദ്യത്തെ കമന്റ് ഇടുന്നതിനു മുംബ് ഇവിടെ എത്തിയ ആലാ ഞാന്‍..അന്ന് ചില സാങ്കേതിക തകരാറുകള്‍ മൂലം കമന്‍റുകള്‍ ഇടാന്‍ സാധിച്ചിരുന്നില്ല..ഇപ്പൊ കുഴപ്പമില്ല..

  നല്ല കിടിലോല്‍ക്കിടിലന്‍ പോസ്റ്റ്‌ ..ഇതിലെ ബഷീറിന്റെ ഗ്യാന്ഗ് പോലെ ഞങ്ങള്‍ടെ സ്കൂളിലും ഉണ്ട് ഒരു ഗ്യാന്ഗ്..എന്തായാലും വന്നു കണ്ടു കീഴടക്കി...ഛെ കീഴടക്കിയിട്ടില്ല, ഇഷ്ടപ്പെട്ടു..

  ReplyDelete
 47. ഓരോ കഥകളും ഒന്നിനൊന്നു മെച്ചം , ഈ കൈകളില്‍ നിന്നും ഇനിയും ഒരുപാട് കഥകളും ലേഖനങ്ങള്‍ക്കും കാത്തിരിക്കുന്നു .

  ReplyDelete
 48. സിന്ധുവിന്‍റെ വേദന എനിക്ക് നല്ലപോലെ മനസ്സിലാകും..ബഷീറിന്‍റെ റോള്‍ ഒന്നുമല്ലായിരുന്നു എനിക്ക്, പക്ഷെ അവന്‍ എന്‍റെ സുഹൃത്തായിരുന്നു. അവന്‍ പോയതോടെ അവള്‍ തളര്‍ന്നു, തകര്‍ന്നു....

  ReplyDelete
 49. കഥ എന്ന് കൊടുത്തിരിക്കുന്നു എങ്കിലും ഹൃദയത്തിൽ നീറ്റൽ.. ആശംസകൾ..

  ReplyDelete
 50. മനുഷ്യന്മാരെ സെന്റിയടിപ്പിക്കാന്‍ ..............നന്നായിട്ടുണ്ട് ട്ടാ.

  ReplyDelete
 51. ടച്ചിങ്ങ് സ്റ്റോറി..

  ReplyDelete
 52. ഹോ....കണ്ണില്‍ കരടു പോയി....കണ്ണുനീര്‍ വരുന്നു

  ReplyDelete
 53. സത്യത്തിൽ സമയക്കുറവുകൊണ്ട് ഇപ്പോൾ ഒന്ന് ഓടിച്ച് നോക്കാം എന്നേ കരുതിയിരുന്നുള്ളു.. അവസാന വരിയിൽ വായന നിന്നതറിഞ്ഞില്ല.. നല്ല കഥ..!

  ReplyDelete
 54. ഞാന്‍ സബീര്‍.
  വായിച്ചു നന്നായിരിക്കുന്നു.
  ഇത് ഒരു 'കഥ' തന്നെ ആയിരിക്കണേ എന്ന് ആഗ്രഹിക്കുന്നു....

  ReplyDelete
 55. എപ്പോഴോ എവിടെയോ കണ്ട കണ്ട ഒരു സിനിമാക്കഥ....കല്യാണ ചെറുക്കന്‍ വിജയന്‍ ആയിരുന്നെങ്കില്‍ കഥയില്‍ ഇരു ട്വിസ്റ്റ്‌ വന്നേനെ..ഒരു ശുഭ പര്യവസായ് ആയി അവസാനിക്കുകയും ചെയ്തേനെ.....എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട്..

  ReplyDelete
 56. നല്ല കഥ നന്നായി അവതരിപ്പിച്ചു ..!

  ReplyDelete
 57. കഥകള്‍ കഥകള്‍ ആണെങ്കിലും നല്ല കഥകള്‍ ജീവിത ഗന്ധികളാണ്...ഇതൊരു നല്ല കഥ

  ReplyDelete
 58. ആദ്യം മുതല്‍ അവസാനം വരെയും ഉള്ള ഫീലിങ്ങില്‍ നിന്ന് ഒരു കാര്യം മനസ്സിലായി..
  ഇത് വെറും ഭാവനയല്ല....അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതിയതാണ്..
  അത്രയേറെ ടച്ചിംഗ് ആയിരുന്നു..

  ReplyDelete
 59. വളരെ ഇഷ്ട്ടായി ട്ടൊ.....,അവസാനത്തില്‍ വിജയന്‍ ആയിരിക്കും കല്യാണ ചെക്കന്‍ എന്ന് പ്രതീക്ഷിച്ചു.

  http://dishagal.blogspot.in/

  ReplyDelete
 60. വളരെ ഇഷ്ട്ടായി ട്ടൊ.....,അവസാനത്തില്‍ വിജയന്‍ ആയിരിക്കും കല്യാണ ചെക്കന്‍ എന്ന് പ്രതീക്ഷിച്ചു.

  http://dishagal.blogspot.in/

  ReplyDelete
 61. എല്ലാറ്റിനും അതിന്റേതായ സമയ്മുണ്ടെടാ ദാസാ എന്ന ഡയലോഗുമായി ഞാനും വിജയനെ പ്രതീക്ഷിച്ചു...

  ReplyDelete
 62. കഥ പോലെ ജീവിതം!..rr

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....