Wednesday, July 18, 2012

ഇതാണോ റംസാന്‍ ?


ഒരിക്കല്‍ കൂടി റംസാന്‍ നമ്മുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നു.

വിശുദ്ധ ഖുര്‍ആന്‍ ലോക നന്മക്കായി അവതരിക്കപ്പെട്ട റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം, ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ (വിശ്വാസം പ്രഖ്യാപിക്കുക, നമസ്ക്കാരം നിര്‍വഹിക്കുക, സക്കാത്ത് കൊടുക്കുക, റംസാന്‍ മാസത്തിലെ വ്രതം അനുഷ്ഠിക്കുക, ഹജ്ജ്‌ ചെയ്യുക) നാലാമത്തേതാണ്‌.

പ്രായപൂര്‍ത്തിയായ, സ്ഥിരബുദ്ധിയുള്ള എല്ലാ സ്‌ത്രീ പുരുഷന്മാര്‍ക്കും റംസാന്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാകുന്നു.

“സത്യവിശ്വാസികളേ നിങ്ങളുടെ പൂര്‍വ്വീകര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വ (സൂക്ഷ്മത) പുലര്‍ത്തുന്നവരാകാന്‍ വേണ്ടി. നിര്‍ണ്ണിത ദിവസങ്ങളിലാണ് ഇത് നിര്‍ബന്ധമാകുന്നത്.”
- വിശുദ്ധ ഖുര്‍ആന്‍.

റംസാന്‍ മാസം സുബിഹ്  മുതല്‍ മഗരിബ് വരെ  ഇസ്ലാം മതവിശ്വാസികള്‍ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുന്നു.

സകല വികാരങ്ങളെയും നിയന്ത്രിക്കുന്നു.
"തറാവീഹ് " എന്നറിയപ്പെടുന്ന ദൈര്‍ഘ്യമേറിയ നമസ്കാരം റംസാന്‍ മാസത്തിലെ രാവുകളിലാണ് നിര്‍വ്വഹിക്കപ്പെടുന്നത്.

റംസാന്‍ നോമ്പിന്റെ ഫര്‍ളുകള്‍ (നിബന്ധനകള്‍) :
01. "അല്ലാഹുവിന്റെ കല്‍പ്പനയനുസരിച്ച്‌ റംസാന്‍ മാസത്തെ നാളത്തെ നോമ്പ്‌ ഞാന്‍ പിടിക്കുന്നു" എന്ന്‌ നിയ്യത്ത്‌ ചെയ്യുക.

02. നോമ്പിനെ ബാത്തിലാക്കുന്ന (മുറിക്കുന്ന) കാര്യങ്ങള്‍ ചെയ്യാതിരിക്കുക.

നോമ്പുകാരന്റെ ശരീരാന്തര്‍ഭാഗത്തേക്ക്‌ എന്തെങ്കിലും ഒരു വസ്‌തു കടക്കുക, സ്വബോധത്തോടെ ശുക്ലസ്‌ഖലനം ഉണ്ടാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കളവ്‌ പറയുക പോലുള്ള തെറ്റായ കാര്യങ്ങളിലേര്‍പ്പെട്ടാല്‍ നോമ്പിന്റെ പ്രതിഫലം നഷ്‌ടപ്പെടുമെന്ന്‌  ഇസ്ലാം പഠിപ്പിക്കുന്നു.

റംസാന്‍ വ്രതത്തിന്റെ ഗുണങ്ങള്‍ :
റംസാന്‍ വ്രതത്തിന്റെ ഗുണങ്ങളെ പ്രധാനമായും നാല് വിഭാഗങ്ങളായി തിരിക്കാം.

01. ആത്മീയമായ ഗുണങ്ങള്‍ :
റംസാന്‍ വ്രതത്തില്‍ നിന്നും വിശ്വാസികള്‍ ആഗ്രഹിക്കുന്നതും, ലഭിക്കുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട നേട്ടം ദൈവ പ്രീതി തന്നെയാണ്. നരക മോചനത്തിന് വേണ്ടിയും, സ്വര്‍ഗ്ഗ പ്രവേശനത്തിന് വേണ്ടിയും ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്ന വിശ്വാസിക്ക് ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുന്ന പുണ്യ കര്‍മ്മങ്ങളില്‍ ഒന്നാണ്  റംസാന്‍ വ്രതം.

02. സാമൂഹികമായ ഗുണങ്ങള്‍ :
സമൂഹത്തിലെ പട്ടിണി അനുഭവക്കുന്ന പാവപ്പെട്ടവന്റെ വിശപ്പിനെ കുറിച്ച്  അറിയുവാന്‍ ഇതിലൂടെ കഴിയുന്നു. സമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം സ്വയം ബോധ്യപ്പെടുന്നു. പട്ടിണിയുടെ വേദനയും ബുദ്ധിമുട്ടും മനസ്സിലാക്കിയ ഒരു വ്യക്തിക്ക് പട്ടിണി കിടക്കുന്ന ഒരാളെ കാണുമ്പോള്‍ അവഗണിക്കാന്‍ കഴിയില്ലല്ലോ.

03. മാനസികമായ ഗുണങ്ങള്‍ :
കഴിക്കാന്‍ ആഹാര സാധനങ്ങള്‍ ഉണ്ടായിട്ടു പോലും ഒരാള്‍ വ്രതം അനുഷ്ഠിക്കുമ്പോള്‍ അയാള്‍ തന്റെ മനസ്സിനെ നിയന്ത്രിക്കാനുള്ള പരിശീലനം കൂടിയാണ് നേടുന്നത്. സ്വന്തം വികാര വിചാരങ്ങളെ അടക്കി നിര്‍ത്താന്‍ പരിശീലിക്കപ്പെടുമ്പോള്‍ വര്‍ദ്ധിക്കുന്നത് അയാളുടെ സഹിഷ്ണുതയും, ക്ഷമയുമാണ്.
പ്രതിസന്ധികളെ നേരിടാനുള്ള ഉള്‍ക്കരുത്തും ഇതിലൂടെ ലഭിക്കുന്നു.

04. ആരോഗ്യകരമായ ഗുണങ്ങള്‍ :
ലോകത്തുള്ള മിക്ക ആരോഗ്യ ശാസ്ത്രങ്ങളും വ്രതത്തിന്റെ ഗുണങ്ങളെ പറ്റി പറയുന്നുണ്ട്.

ആയുര്‍വേദത്തില്‍ പല രോഗങ്ങളുടെ ചികിത്സകളിലും വ്രതം (ലംഘനം) പ്രധാന സ്ഥാനം അലങ്കരിക്കുന്നത് കാണാം.

ഉപക്രമ്യസ്യ ഹി ദ്വിത്വ ദ്ദിധൈവോപക്രമോ മത : !
ഏക: സന്തര്‍പ്പണസ്തത്ര ദ്വിതീയാശ്ചാപതര്‍പ്പണ : !!
ബ്രിംഹണോ ലംഘനശ്ചേതി തല്‍പര്യായാവുദാഹൃതൗ !
ബ്രിംഹണം യത്  ബ്രിഹത്വായ ലംഘനം ലാഘവായ യത് !!
                                             (അഷ്ടാംഗഹൃദയം, സൂത്രസ്ഥാനം - അദ്ധ്യായം : 14)

ആയുര്‍വേദത്തില്‍ ചികിത്സാ രീതികളെ  പ്രധാനമായും രണ്ടു വിഭാഗങ്ങള്‍ ആക്കി തിരിച്ചിരിക്കുന്നു.
1. ബ്രിംഹണം
2. ലംഘനം.

മേഹാമദോഷ അതിസ്നിഗ്ദ്ധ ജ്വര ഊരുസ്തംഭ കുഷ്ടിന: !
വിസര്‍പ്പ വിദ്രധി പ്ലീഹ ശിര: കണ്ഠ: അക്ഷി രോഗിണ: !!
സ്ഥൂലാംശ്ച ലംഘയേന്നിത്യം ശിശിരേത്വപരാനപി !
                                             (അഷ്ടാംഗസംഗ്രഹം, സൂത്രസ്ഥാനം - അദ്ധ്യായം : 24)

പ്രമേഹം, ആമം (Endogenous Toxins), അതിസ്നിഗ്ദ്ധത, ജ്വരം (പനി), ഊരുസ്തംഭം, കുഷ്ഠം, വിസര്‍പ്പം (Herpes), വിദ്രധി (Abscess), പ്ലീഹ രോഗങ്ങള്‍ (Splenic Diseases),  ശിരോ രോഗങ്ങള്‍ (Diseases of  Head), കണ്ഠ രോഗങ്ങള്‍ (Diseases of Throat), നേത്ര രോഗങ്ങള്‍ ( Diseases of Eye), അമിത വണ്ണം  (Obesity) എന്നിവയുള്ളവര്‍ക്ക് ലംഘന ചികിത്സ നടത്തണം.
ശിശിര കാലത്ത്‌ മറ്റുള്ളവരും ലംഘനത്തിനു വിധേയമാകണം.

ചതുഷ്‌പ്രകാര സംശുദ്ധി പിപാസ മാരുതാതപൗ !
പാചനാനി ഉപവാസശ്ച വ്യായാമശ്ചേതി ലംഘനം !!
                                             (ചരകസംഹിത, സൂത്രസ്ഥാനം - അദ്ധ്യായം : 22)

നാല് തരത്തിലുള്ള ശോധന ക്രിയകള്‍ (വമനം,വിരേചനം,നസ്യം,കഷായ വസ്തി), ദാഹം നിയന്ത്രിക്കുക (വെള്ളം കുടിക്കാതിരിക്കുകയോ, അളവ് വളരെയധികം കുറക്കുകയോ ചെയ്യുക - Control of thirst), വെയില്‍ കായുക, കാറ്റ് കൊള്ളുക (Exposure to the wind and sun), ദഹനത്തെ സഹായിക്കുന്ന വസ്തുകള്‍ (Vayu and Agni Bhootha Dravyas) ഉപയോഗിക്കുക, ഉപവസിക്കുക, വ്യായാമം ചെയ്യുക എന്നിവയാണ് ലംഘന ചികിത്സയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഇതില്‍ നിന്ന് തന്നെ വ്രതം  ചികിത്സാ രംഗത്ത്‌  പ്രധാന സ്ഥാനം അര്‍ഹിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കാം.

ഭക്ഷണത്തെ ദഹിപ്പിക്കുന്നതിന്റെ അമിത ഭാരം മൂലം പലപ്പോഴും ലിവറിനും മറ്റു അവയവങ്ങള്‍ക്കും നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ കഴിയുന്നില്ല. വ്രതം അനുഷ്ഠിക്കുമ്പോള്‍ ഇത്തരം വിഷാംശങ്ങളെ നശിപ്പിക്കാന്‍ ആവശ്യമായ സമയവും, സാഹചര്യവും ശരീരത്തിന്  അനുകൂലമായി ഒരുക്കപ്പെടുന്നു.
ഇതുമൂലം സ്പളീന്‍, ലിവര്‍, കിഡ്നി തുടങ്ങിയ അവയവങ്ങളിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിനും, അതുവഴി രക്തത്തിന്റെയും, ലിംഫാറ്റിക്ക് സിസ്റ്റത്തിന്റെയും ശുദ്ധീകരണത്തിനും വ്രതം കളമൊരുക്കുന്നു.
ഇത്  പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നു.

വ്രതത്തിന്റെ ഏഴാം ദിവസം മുതല്‍ ശ്വേത രക്താണുക്കളുടെ എണ്ണം കൂടി പ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നതായി ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നടന്ന ഒരു ഗവേഷണം തെളിയിച്ചിരുന്നു.

രോഗബാധിതവും, മൃതവുമായ കോശങ്ങളെ പുറന്തള്ളുന്നതിനും വ്രതം സഹായിക്കുന്നു.
ആമാശയത്തിന്റെയും കുടലുകളുടെയും ഉള്‍ഭിത്തിയില്‍ ഉണ്ടാകുന്ന ഇന്‍ഫ്ലമേഷനേയും കോട്ടിംങ്ങുകളേയും കുറയ്ക്കാനും വ്രതം സഹായിക്കുന്നു.

ശരീരത്തില്‍ ശേഖരിച്ചു വെക്കപ്പെട്ടിട്ടുള്ള കൊഴുപ്പിനെ ലിവര്‍ ആവശ്യമായ എനര്‍ജി ഉല്‍പ്പാദിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു. വ്രതം തുടങ്ങി മൂന്നാമത്തെയോ നാലാമത്തെയോ ദിവസം മുതലാണ്‌ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുക. ഈ ഘട്ടത്തില്‍ വ്രതം അനുഷ്ഠിക്കുന്ന വ്യക്തിക്ക് വിശപ്പ് താരതമ്യേന കുറയുകയും, എനര്‍ജി ലെവല്‍ ഉയരുകയും ചെയ്യുന്നു.

വ്രതം തുടങ്ങി ഏകദേശം എട്ടു ദിവസം ആകുമ്പോഴേക്കും അമിതമായി ശരീരത്തില്‍ ഉള്ള കൊഴുപ്പിന്റെ ഉപയോഗം സജീവമാകുകയും മനസ്സിനും ശരീരത്തിനും ലഘുത്വം അനുഭവപ്പെടുകയും ചെയ്യുന്നു.

തൊലിയുടെ തിളക്കവും, ആരോഗ്യവും, മൃദുലതയും വര്‍ദ്ധിപ്പിക്കുവാന്‍ വ്രതത്തിലൂടെ കഴിയുന്നു. ആര്‍ട്ടറികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ ഒഴിവാക്കാനും വ്രതത്തിലൂടെ സാധ്യമാവുന്നു.

ശരീരത്തിന്റെ തൂക്കം കുറയാനും, അമിതവണ്ണം മൂലമുള്ള  രോഗങ്ങളില്‍ നിന്ന് മോചനം നേടാനും വ്രതം വളരെയധികം ഗുണകരമാണ്. ശ്വാസകോശത്തിലെ കഫത്തെ കുറക്കാനും, ശ്വസന പ്രക്രിയയെ സുഖമമാക്കാനും വ്രതം സഹായിക്കുന്നു.

കാറോ മറ്റു വാഹനങ്ങളോ, എന്‍ജിന്‍ ഓയില്‍ എല്ലാം മാറ്റി, എയര്‍ ഫില്‍ട്ടര്‍ ക്ലീന്‍ ചെയ്തു സര്‍വ്വീസ്‌  ചെയ്ത് പുറത്തിറക്കുമ്പോള്‍ ആ വാഹനത്തിനു കിട്ടുന്ന ഗുണങ്ങളുമായി വ്രതത്തെ താരതമ്യം ചെയ്യാം. വാഹനത്തിനു സര്‍വ്വീസ്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങളെക്കാള്‍ നൂറു മടങ്ങ്‌ ഗുണം വ്രതത്തിലൂടെ മനുഷ്യന്റെ മനസ്സിനും, ശരീരത്തിനും ലഭിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മൃഗങ്ങള്‍ ഭക്ഷണം ഒഴിവാക്കി നിരാഹാരം കിടക്കുന്നുണ്ട് എന്ന കാര്യം നമ്മളില്‍ എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ട് ??

വ്രതത്തിന്റെ ആദ്യ നാളുകളില്‍ വായില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധവും, നാവില്‍ പ്രത്യക്ഷപ്പെടുന്ന വെളുത്ത കോട്ടിംങ്ങും, ശരീര ദുര്‍ഗന്ധവും  ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്.

അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സോണിസം എന്നീ രോഗങ്ങളിലും വ്രതം ഗുണകരമാണ് എന്ന്  National Institute on Aging (Baltimore) ലെ പഠനങ്ങള്‍ തെളിയിക്കുന്നു.

വിഷാംശങ്ങള്‍ ഇല്ലാത്ത ശരീരം ഉള്ള വ്യക്തിയുടെ മനസ്സും ചിന്തകളും ശക്തമായിരിക്കും.

ദഹന വ്യവസ്ഥക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച രസായന ചികിത്സയാണ് വ്രതം.

വ്രതം കൊണ്ട് ആശ്വാസം ലഭിക്കുന്ന / അകറ്റാന്‍ കഴിയുന്ന ചില രോഗങ്ങള്‍ :
01. ആസ്ത്മ
02. അമിത രക്തസമ്മര്‍ദ്ദം
03. ഇരിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം
04. ന്യൂറൈറ്റിസ്
05. ന്യൂറാള്‍ജിയ
06. അലര്‍ജി
07. ഗ്യാസ്‌ട്രൈറ്റിസ്
08. മലബന്ധം
09. അമിതമായ കൊളസ്ട്രോള്‍
10. പൊണ്ണത്തടി
11. അമിത ശരീര ഭാരം
12. മുഖക്കുരു
13. സോറിയാസിസ്‌
14. എക്സിമ
15. ത്വക്ക്‌ രോഗങ്ങള്‍
16. വാതരക്തം
17. ആര്‍ത്രൈറ്റിസ്
18. കാല്‍ മുട്ട് വേദന
19. അല്‍ഷിമേഴ്സ്
20. പ്രമേഹം
21. പാര്‍ക്കിന്‍സോണിസം
22. അത്തിറോസ്ക്ലീറോസിസ്
23. സൈനസൈറ്റിസ്
24. മാനസിക സമ്മര്‍ദം
25. ഗര്‍ഭാശയ മുഴകള്‍

വ്രതത്തെ കുറിച്ച് പ്രമുഖര്‍ :

"ഏതൊരു വിഡ്ഢിക്കും വ്രതം എടുക്കാന്‍ കഴിയും. എന്നാല്‍ ഒരു ബുദ്ധിമാന് മാത്രമേ വ്രതം എങ്ങിനെ അവസാനിപ്പിക്കണം എന്നറിയൂ. വ്രതത്തിന്റെ കാര്യത്തില്‍ അനുകരിക്കാവുന്ന മാതൃക ഇസ്ലാമിന്റേത് മാത്രം."
 - ബര്‍ണാഡ്‌ ഷാ.

"എല്ലാവരുടെയും ഉള്ളില്‍ ഒരു വൈദ്യനുണ്ട് (പ്രതിരോധ ശക്തി). നമ്മുടെ ഓരോരുത്തരിലും പ്രകൃത്യാ ഉള്ള ഈ ശക്തിയാണ് രോഗങ്ങളെ സുഖപ്പെടുത്തുന്ന ഏറ്റവും മികച്ച ശക്തി. നമ്മള്‍ അതിന് പ്രവര്‍ത്തിക്കാനുള്ള സഹായം ആണ് നല്‍കേണ്ടത്. നമ്മുടെ ഭക്ഷണം നമ്മുടെ മരുന്നാകണം. നമ്മുടെ മരുന്ന് നമ്മുടെ ഭക്ഷണവും. അസുഖം ഉണ്ടാവുമ്പോള്‍ നിങ്ങള്‍ ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ രോഗത്തിനെയാണ് പോഷിപ്പിക്കുന്നത്."
- ഹിപ്പോക്രാറ്റസ്.

"ശരിയായ തന്റേടവും മാനസിക സുഖവും ലഭിക്കേണ്ടവര്‍ വ്രതമെടുക്കട്ടെ."
- അരിസ്‌റ്റോട്ടില്‍.

"വ്രതം മനുഷ്യന് നിശ്ചയദാര്‍ഢ്യവും മനോധൈര്യവും നല്‍കുന്നു."
- സോക്രട്ടീസ്

"വ്രതാനുഷ്ഠാനത്തിന്റെ ഏറ്റവും നല്ല മാതൃക ഇസ്ലമാമിന്റേതാണ്. വ്രതാനുഷ്ഠാനത്തെ കുറിച്ച് ആരെങ്കിലും എന്നോടന്വേഷിച്ചാല്‍ ഇസ്ലാമിന്റെ രീതി പിന്തുടരാനാണ് ഞാന്‍ ഉപദേശിക്കുക."
- എമേഴ്‌സണ്‍

"വ്രതം മനുഷ്യനെ ആരോഗ്യപരമായും മാനസികമായും സംസ്‌കരിക്കുന്നു. മനുഷ്യമനസ്സിലെ അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നു."
- ഗാന്ധിജി

"സമൂഹത്തിലും വ്യക്തിയിലും വ്രതം സമൂലമായ പരിവര്‍ത്തനം സൃഷ്ടിക്കുന്നു."
- പ്ലേറ്റോ

"എല്ലാ മരുന്നുകളിലും വെച്ച് ഏറ്റവും മികച്ചത്  വിശ്രമവും വ്രതവും ആണ്. ആയുസ്സ്‌ വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണം കുറക്കുക."
- ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍.

"വ്രതം രോഗങ്ങളെ അകറ്റുകയും ശരീരത്തെ ദുര്‍വൃത്തികളില്‍ നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുന്നു."
- ഗെഥെ

"മനുഷ്യന് പൂര്‍ണ്ണ ആരോഗ്യമുണ്ടാവണമെങ്കില്‍ ഇടക്കിടെ വ്രതം അനുഷ്ഠിക്കണം."
- ഐന്‍സ്റ്റീന്‍

“വ്യത്യസ്ത ഉപവാസ രീതികള്‍ വിവിധ മതങ്ങളുണ്ടെങ്കിലും ഏറ്റവും ശാസ്ത്രീയവും പ്രായോഗികവുമായ ഉപവാസം ഇസ്ലാമിന്റേതാണ്."
- ഡോ. ജെറാള്‍ഡ്

"അനാചാര അനാവശ്യ അശ്ലീല അനാശാസ്യ പ്രവണതകളില്‍ നിന്ന് മോചിതരാകുവാന്‍ വ്രതം ഒരു മാധ്യമമാണ്. "
- ഫ്രോയ്ഡ്

ആധുനിക ലോകത്തിലെ റംസാന്‍ വ്രതം അഥവാ തീറ്റ മല്‍സരം :
റംസാന്‍ വ്രതം കൊണ്ട് മുകളില്‍ പറഞ്ഞ രീതിയിലുള്ള പല ആരോഗ്യകരമായ നേട്ടങ്ങള്‍ ഉണ്ടെങ്കിലും ഇന്നത്തെ സമൂഹത്തില്‍ അത് എത്രത്തോളം പ്രായോഗികമാകുന്നുണ്ട് എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. ഇന്ന്  ഭൂരിപക്ഷം വിശ്വാസികളുടെയും റംസാന്‍ രാത്രികളിലെ ഭക്ഷണ രീതി കാണുമ്പോള്‍ "ഇതാണോ റംസാന്‍ ?" എന്ന ചോദ്യം നമ്മുടെ മനസ്സില്‍ സ്വാഭാവികമായും ഉയരുന്നു.

പകല്‍ കിടക്കുന്ന "പട്ടിണി"യോടുള്ള പ്രതികാരം എന്ന നിലയിലാണ് ഭൂരിപക്ഷം പേരും നോമ്പ്‌ തുറക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് എന്ന് നിസ്സംശയം പറയാം. നോമ്പ് തുറന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ മല്‍സ്യമാംസാദികള്‍ കൊണ്ടുള്ള ഒരു ആറാട്ടാണ് നാം നടത്തുന്നത്. ഇത്തരത്തിലുള്ള ഭക്ഷണ രീതി ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുക എന്നത് തര്‍ക്കരഹിത വിഷയമാണ്.

പകല്‍ വ്രതം അനുഷ്ഠിക്കാന്‍ നാം കാണിക്കുന്ന ക്ഷമയുടെയും നിയന്ത്രണത്തിന്റെയും പത്തിലൊന്ന് രാത്രി സമയങ്ങളിലും പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ആരോഗ്യത്തിനു അതൊരു മുതല്‍ക്കൂട്ടാവും എന്നതാണ് വസ്തുത. ഇതൊന്നും പാലിക്കാതെ "റംസാന്‍ കഴിഞ്ഞപ്പോഴേക്കും തടിയും, തൂക്കവും, കൊളസ്ട്രോളും എല്ലാം കൂടി" എന്ന് വിലപിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല.

നോമ്പ് തുറന്ന ഉടനെ കഴിക്കാന്‍ ഏറ്റവും നല്ലത് ദ്രവ രൂപത്തില്‍ ഉള്ള ഭക്ഷണങ്ങള്‍ ആണ്. 'തരിക്കഞ്ഞി' പോലുള്ളവ ഇതിന്  ഉദാഹരണം ആണ്. പഴങ്ങളും കഴിക്കാം. എണ്ണയില്‍ പൊരിച്ചെടുത്ത പലഹാരങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് ബുദ്ധി.

വളരെ തണുത്ത പാനീയങ്ങളും നോമ്പ്‌ തുറന്ന ഉടനെ കുടിക്കരുത്. ഇത് ദഹന വ്യവസ്ഥക്ക് ദോഷം ചെയ്യും. ചിലര്‍ പെപ്സിയും, കൊക്ക കോളയും എല്ലാം നോമ്പ് തുറക്കുമ്പോള്‍ കുടിക്കുന്നത് കണ്ടിട്ടുണ്ട്. ഇവയുടെ ഉപയോഗത്തിലൂടെ രോഗങ്ങള്‍ വിലകൊടുത്ത്‌ വാങ്ങുകയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇതിനു ശേഷം മൂന്നോ നാലോ മണിക്കൂറിനു ശേഷം കുറച്ചു കൂടി കട്ടിയുള്ള ആഹാരം കഴിക്കാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തറാവീഹ് നമസ്ക്കാരത്തിന് ശേഷം പത്തിരി തുടങ്ങിയ പ്രധാന ആഹാരങ്ങള്‍ കഴിക്കുന്നതാണ്  നല്ലത്. പൊറോട്ട തുടങ്ങിയ മൈദ വിഭവങ്ങളും, രുചിക്ക് വേണ്ടി കൃത്രിമ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത വിഭവങ്ങളും ഉപയോഗിച്ച് തടി കേടക്കാതിരിക്കുക. ഇത്തരം ആഹാരത്തിനു കറികളായി മല്‍സ്യ മാംസാദികള്‍ ആണല്ലോ സാധാരണയായി ഉപയോഗിക്കാറുള്ളത്. ഇത് പരമാവധി കുറക്കുക. പച്ചക്കറികള്‍ കൊണ്ടുള്ള കറികള്‍ക്ക് പ്രാധാന്യം നല്‍കുക. 'മാംസത്തിന്റെ മണം കിട്ടിയേ തീരൂ' എന്നുള്ളവര്‍ അതിന്റെ കഷ്ണം അടിച്ചു കേറ്റുന്നത്  കുറക്കുക. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മാംസം കുറച്ച്, കറി ഒന്ന് നീട്ടി വെക്കുക.
കൊളസ്ട്രോള്‍ മുതലായവ കൂടി ഹൃദയത്തില്‍ ബ്ലോക്ക്‌ ഉണ്ടായി ഓപ്പറേഷന് കിടക്കുന്ന രംഗം ഈ സമയത്ത്‌ ഒന്ന് ഓര്‍ത്താല്‍ ഭക്ഷണത്തിന്റെ അളവില്‍ അല്പമെങ്കിലും കുറവ് വരും.

പിന്നെ അത്താഴത്തിനുള്ള ഭക്ഷണവും ലഘുവാക്കുന്നതാണ് നല്ലത്. പല മിടുക്കരും പൊറോട്ട അഞ്ചാറെണ്ണം അകത്താക്കി, നല്ലം വെള്ളവും കുടിച്ചു അടുത്ത ദിവസം മഗരിബ് ആയാലും ദഹിക്കാതെ ഇരിക്കാനുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്. ഇത് തെറ്റാണ്. കഞ്ഞി പോലുള്ളവ ഇഷ്ടമുള്ളവര്‍ക്ക് അതാണ്‌ അത്താഴത്തിനു കഴിക്കാന്‍ ഏറ്റവും നല്ലത്. വയറിന് നല്ല ലഘുത്വം അനുഭവപ്പെടുന്നതോടൊപ്പം, ക്ഷീണം ഇല്ലാതിരിക്കാനും ഇത് നല്ലതാണ്.

ഇത്തരത്തില്‍ വ്രത സമയത്തിനു ശേഷവും റംസാനില്‍ നിയന്ത്രിതമായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ അതുകൊണ്ട് ശരീരത്തിനുള്ള ഗുണങ്ങള്‍ നിരവധിയാണ്.

ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ അതില്‍ നിന്നും പിന്മാറാന്‍ പറ്റിയ ഒരു സമയം കൂടിയാണ് റംസാനിലെ വ്രതം.
പുകവലി മുതലായ ദു:ശീലം ഉള്ളവരും റംസാന്‍ മാസത്തെ പകലുകളില്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നു. പകല്‍ സമയങ്ങളില്‍ അത് പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് അത് രാത്രിയും ആയിക്കൂടാ ??

ഒരു മാസം തുടര്‍ച്ചയായി ഇങ്ങിനെ ചെയ്യുന്ന ആള്‍ക്ക് തീര്‍ച്ചയായും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ഉണ്ടാക്കുന്ന പുകവലിയെയും മറ്റു ലഹരി പദാര്‍ത്ഥങ്ങളെയും  ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കഴിയും. സ്വയം അതിനു തയ്യാറാവണം എന്ന് മാത്രം. നോമ്പ്‌ നോല്‍ക്കാന്‍ സ്വയം തയ്യാറാവുന്ന പോലെ, ദുശീലങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാനും, ചിട്ടയുള്ള ഒരു ജീവിത ശൈലിയിലേക്ക്  മാറാനും ഈ റംസാനിലൂടെയെങ്കിലും നമുക്ക്‌  കഴിയട്ടെ...

"ആരെങ്കിലും അനാവശ്യമായ വാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കുന്നില്ലങ്കില്‍ അവര്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു നിര്‍ബന്ധവുമില്ല. വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ആരെങ്കിലും റമദാനില്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്റെ കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുക്കപ്പെടും." എന്ന മുഹമ്മദ് നബി(സ)യുടെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്, എല്ലാ വായനക്കാര്‍ക്കും സഹിഷ്ണുതയുടെയും, സ്നേഹത്തിന്റേയും, നന്മയുടെയും, സന്തോഷത്തിന്റെയും റംസാന്‍ ആശംസകളോടെ...............

അബസ്വരം :
"എല്ലാ ദിവസോം മൂക്കറ്റം കേറ്റ്ണത് നിര്‍ത്തി വ്രതൊക്കെ എട്ത്ത്‌, തീറ്റ ഒക്കെ കൊറച്ചാല് ഇങ്ങള്‍ക്ക് കൊള്ളാം... ഇഞ്ഞ് ഈ പറഞ്ഞതൊന്നും ചെവീലും തലേലും കേറാതെ മൂക്കറ്റം കേറ്റ്ണത്  തൊടരാനാണ് പരിപാട്യെങ്കില് ഞങ്ങളെപ്പോല്‍ത്തോര്ടെ പോക്കറ്റിന്  കൊള്ളാം. ഇങ്ങള്ക്ക് നേരാവാന് ള്ള ഉദ്ദേശല്ലങ്കില് ഞമ്മടെ നമ്പറ്  മറക്കണ്ട. മര്ന്ന് ഞമ്മള് തരാ. ഞമ്മളെങ്കിലും നേരാവട്ടെ."
- ഡോ. അപ്പുക്കുട്ടന്‍

"ഒരു നോമ്പ് കള്ളന്റെ" കഥ ഇവിടെ ക്ലിക്കി വായിക്കാം...


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍  പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക ....


76 comments:

 1. പ്രസക്തമായവിഷയവും അവതരണവും.ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.

  ReplyDelete
 2. ഡോക്ടര്‍ ശരിക്കും ആയുര്‍വേദ ഡോക്ടര്‍ ആണല്ലേ.
  ഞാന്‍ കരുതി വ്യാജന്‍ ആയിരിക്കും എന്ന്.

  ReplyDelete
  Replies
  1. ആരാണ്ട്രാ മ്മടെ സ്വന്തം ഡോക്റ്ററെ കൊച്ചാക്കുന്നത്!
   സുട്ടിടുവേന്‍ - ഓട്രാ!!

   Delete
 3. ഈ നോയമ്പ് ശരിക്കും ഒരു മാസം നൈറ്റ്‌ ഷിഫ്റ്റ്‌ ജോലി ചെയ്യുന്നത് പോലെ അല്ലെ ഉള്ളു ?

  ReplyDelete
  Replies
  1. ഒരുമാസം നോമ്പ് എടുത്തു നോക്കിയാല്‍ മനസ്സിലാവും. ചിലകാര്യങ്ങള്‍ ചിലര്‍ക്ക പറഞ്ഞു കൊടുത്താല്‍ മനസ്സിലാവില്ല. സ്വയം ബോധ്യപ്പെടണം....

   Delete
  2. മാസങ്ങളോളം നൈറ്റ്‌ ഷിഫ്റ്റ്‌ ജോലി ചെയ്തിട്ടുള്ള ഒരാളാണ് ഞാന്‍. അനുഭവത്തില്‍ നിന്നും ഈ ഭക്ഷണ സമയ മാറ്റത്തിന് പറയപ്പെടുന്ന എന്തെങ്കിലും മഹത്വമോ ദൂഷ്യമോ ഉള്ളതായി തോന്നിയിട്ടില്ല ഡോക്ടര്‍.

   Delete
  3. നൈറ്റ്‌ ഷിഫ്റ്റ്‌ ജോലിക്ക് വേണ്ടി പകല്‍ കിടന്നുറങ്ങുമ്പോള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതും, എല്ലാ ജോലിയും ചെയ്തു കൊണ്ട് തുടര്‍ച്ചയായി മുപ്പത്‌ ദിവസം പകല്‍ വെള്ളം പോലും കുടിക്കാതെ വ്രതം അനുഷ്ഠിക്കുന്നതും രണ്ടും രണ്ടാണ് എന്ന് തിരിച്ചറിയുമല്ലോ... അങ്ങിനെ ഒന്ന് ചെയ്തു നോക്കി, അതിനു ശേഷം വിലയിരുത്തുന്നത് അല്ലെ ഉചിതം ?

   Delete
 4. ലളിതം ,സുന്തരം, പടനാര്‍ഹം , ..!!
  "കളവു പറയുക പോലുള്ള തെറ്റായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നോമ്പിന്‍റെ പ്രതിഫലം നഷ്ടപ്പെടുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു "
  (അപ്പോള്‍ ഇനി കമന്റ് ഇടുമ്പോള്‍ ശ്രദ്ധിക്കണം എന്നര്‍ത്ഥം )

  ReplyDelete
 5. വിജ്ഞാനപ്രദമായ വിവരങ്ങള്‍.. പ്രമുഖരുടെ വാക്കുകള്‍ ചേര്‍ത്തത് നന്നായി.. ഭാവുകങ്ങള്‍ ഇക്കാ..
  http://kannurpassenger.blogspot.com/

  ReplyDelete
 6. മനസും സരീരവും ശുദ്ധമാക്കാൻ എല്ലാവർക്കും ഉള്ള അവസരമാണ് നോമ്പുകാലം.
  എല്ലാവർക്കും റംസാൻ മുബാരക്!

  ReplyDelete
 7. ഞാനും പലപ്പോഴും നാട്ടിലെ നോമ്പുതുറ പാര്‍ട്ടി കണ്ടു ഞെട്ടിയിട്ടുണ്ട്. പകല്‍ മുഴുവന്‍ പട്ടിണി കിടന്നു മഗിരിബു ബാങ്ക് മുതല്‍ സുബഹി ബാങ്ക് വരെ തിന്നും കുടിച്ചും ഒട്ടകത്തിന്റെ പൂഞ്ഞ പോലെ വയറു നിറച്ചു വെച്ച് നോമ്പ് എടുക്കുമ്പോള്‍ പടച്ചോന്‍ എന്താണാവോ ഉദ്ദേശിച്ചത് അതിന്റ വിപരീത ഫലം ആണ് ഉണ്ടാകുന്നത്. ഒരു മാസം കൊണ്ട് ഒരാള്‍ തിന്നു തീര്‍ക്കുന്നത് ഒരു വര്‍ഷം ഒരു ശരാശരി മനുഷ്യന് തിന്നാന്‍ പറ്റുന്ന അത്രയും ഭക്ഷണമാണ്. ഇത് എതിര്‍ക്കപ്പെടേണ്ട ഒന്നാണ്. നമ്മുടെ മത നേതാക്കന്മാരും മഹല്ല് കമ്മിറ്റിക്കാരും ഒന്നും തന്നെ ഈ ധൂര്‍ത്തിനെതിരെ ഒരക്ഷരം മിണ്ടുന്നത് കണ്ടിട്ടില്ല. എന്ന് മാത്രമല്ല ഇഫ്താര്‍ മീറ്റും സമൂഹ നോമ്പ് തുറയും നടത്തി അവരും ഈ ധൂര്‍ത്തിന്റെ ഭാഗമാവുകയാണ്. 'വിശപ്പിന്റെ വില അറിയുക' എന്നൊരു മഹത്തായ ലക്‌ഷ്യം കൂടി റംസാന്‍ വ്രതത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെടുന്നു. പള്ള നിറച്ചു ഭക്ഷണം കഴിച്ചു എഴുനേറ്റു നടക്കാന്‍ പറ്റാതെ ഉറങ്ങാന്‍ നേരം നിയ്യത്തും വെച്ച് എടുക്കുന്ന പുതു തലമുറക്കാരുടെ നോമ്പ് കൊണ്ട് ശരീരത്തിന് ദോഷം എന്നല്ലാതെ പടച്ചോന്റടുത്തു നിന്ന് ഒരു പ്രതിഫലവും കിട്ടാന്‍ പോണില്ല.

  ചെറിയ വിഭാഗം ഒരു ഈ പറഞ്ഞ രീതിയില്‍ ഒക്കെ റംസാനില്‍കാട്ടികൂട്ടുന്നുണ്ടാകാം
  നിഷേധിച്ചക്കുന്നില്ല എന്നാലും ..
  ഒരു ജൂസ് കുടിച്ചു നോമ്പ് തുറന്നു ,ഒരു കുബ്ബൂസും കടിച്ചു പറിച്ചു സുബഹി വരെ ജോലി ചെയ്തു ളുഹറിനു വീണ്ടും ജോലിക്കെത്തുന്നവരാണ് പ്രവാസികളില്‍ കൂടുതലും ..
  വിഷയത്തിന്റെ ഘൌരവം കുറച്ചു കാണുന്നില്ല കേട്ടോ ..വിഷയം ചര്ച്ചയാക്കേണ്ടത് തന്നെ !!!!. എല്ലാര്‍ക്കും റമദാന്‍ കരീം.

  ReplyDelete
 8. റംസാന്‍ ആശംസകള്‍..

  ReplyDelete
 9. nalla lekhanam. ramsan asamsakal

  ReplyDelete
 10. ശരിക്കും അകവും പുറവും എഴുതിയിരിക്കുന്നു..

  ReplyDelete
 11. നന്മകള്‍ ആശംസിക്കുന്നു

  ReplyDelete
 12. നന്നായി അബ്സരിക്കാ.
  റംസാന്‍ ആശംസകള്‍.

  ReplyDelete
 13. എല്ലാവരും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഇതിലുണ്ട്. നന്നായി.

  ReplyDelete
 14. ഡോക്ക്റ്റർ അപ്പുക്കുട്ടന്റെ ഈ പോസ്റ്റ് വളരെ വിജ്ഞാനപ്രദം, നോമ്പ് തീരും വരെ ഇത് ഞാൻ ഇടക്കിടെ വായിച്ച് നോക്കാൻ വേണ്ടി ലിങ്ക് പ്രത്യേകമെടുത്ത് വെച്ചിട്ടുണ്ട്... :) പ്രയോജനകരം

  ആശംസകൾ ഡോക്കിട്ടർ :)

  (ഗ്രൂപ്പ് പിടിത്തത്തിനിടയിലും ഇതെങ്ങനെ സാധിക്കുന്നു) ഞാൻ ഈ ഗ്രൂപ്പ് കളി കാരണം പോസ്റ്റെഴുതുന്ന കാര്യത്തിലേ ശ്രദ്ധിക്കുന്നില്ല...

  ReplyDelete
 15. ഇങ്ങിനെയും ചില ഗുണങ്ങള്‍ ഉണ്ടല്ലേ

  ReplyDelete
 16. വളരെ നന്നായിരിക്കുന്നു. യഥാര്‍തത്തില്‍ ഒരു നേരത്തെ തീറ്റ മാത്രമേ നാം നോമ്പിലൂടെ ഉപേക്ഷിക്കുന്നുള്ളൂ. പക്ഷെ മഗരിബ് ബാങ്ക് കൊടുത്താല്‍ അഞ്ചു നേരത്തെക്കുള്ളത് അടിച്ചു കേറ്റുന്നു.ബര്‍ണാര്‍ഡ് ഷാ ഇതറിയാഞ്ഞത് ഭാഗ്യം

  ReplyDelete
 17. thanks absarbhai *********** we are waiting such gud blogs ramdan greetings

  ReplyDelete
 18. thanks absarekka********** such a gud blogs radaman greetings****

  ReplyDelete
 19. എന്‍റെ പൊന്നേ ഒന്ന് ഒന്നര വിശതീകരണം ആയല്ലോ ഇത്
  പൊളപ്പന്‍ വര്‍ക്ക്‌ ബ്ലോഗെഴുതുമ്പോള്‍ ആത്മാര്‍ഥത കാണിക്കാന്‍ ഉദാഹരണമായി ഞാന്‍ ചൂണ്ടി കാണിക്കുന്നത് ഇങ്ങളെ ആയിരിക്കും
  എല്ലാം പറഞ്ഞു ഇഷ്ട്ടായി ഒരു ഡോക്റ്റര്‍ ആയാല്‍ ഇങ്ങനെ വേണം ഹി ..
  ആശംസകള്‍ ഇക്കോ

  ReplyDelete
 20. @@
  നോമ്പ് നോറ്റ്കൊണ്ട് ഗ്രൂപ്പ് പിടുത്തം പാടില്ല.
  കള്ളവോട്ടും ഹറാം!
  കള്ളക്കമന്റുകള്‍ നിഷിദ്ധം.
  സ്ത്രീകളുടെ ബ്ലോഗിലേക്ക് പോകാനേ പാടില്ല.
  അവരുമായി ചാറ്റ്?
  ഹൂഹും..

  എങ്കില്‍ ഇനി നോമ്പ് കഴിഞ്ഞേ കണ്ണൂരാന്‍ ബ്ലോഗിലുള്ളൂ.
  എല്ലാവര്‍ക്കും റംസാന്‍ ഈദ്‌ ആശംസകള്‍ !

  (അബ്-സാറേ, പോസ്റ്റ്‌ സൂപ്പര്‍ / ഇന്‍ഫര്‍മേറ്റീവ്)

  **

  ReplyDelete
 21. ഡോക്ടര്‍ ആളു പുലി ആണല്ലേ??

  ReplyDelete
 22. ഒറ്റയടിക്ക്‌ ഒരുപാട് വിവരങ്ങള്‍ നല്‍കിയല്ലോ ഡോക്ടറെ. ഒരു പാട് ആശംസകള്‍ റമദാന്‍ ആശംസകള്‍ തന്നെ

  ReplyDelete
 23. Thanks for good Info

  RAMADAN KAREEM

  ReplyDelete
 24. ഈ ബ്ലോഗിന്റെ ലിങ്കു ഫേസ്ബുക്ക് മുഴുവന്‍ കാണാന്‍ തുടങ്ങിയിട്ട് കുറെ ദിവസമായി.. സാധാരണ റമളാന്‍ തുടങ്ങുമോള്‍ കാണുന്ന ഒരു ലേഖനം അത്രയെ പ്രതിക്ഷിചിരുന്നുള്ളൂ പക്ഷെ ഇവിടെ വന്നപ്പോഴല്ലേ മനസ്സിലായത്. വളരെ വ്യത്യസ്തമായ ലേഖനം അബ്സര്ഭായ്‌ നന്ദി .."റമളാന്‍ മുബാരക്"

  ReplyDelete
 25. നല്ല കാര്യം....

  ReplyDelete
 26. നന്നായി എഴുതി....വിശുദ്ധ റമളാനിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരു പോസ്റ്റിലൂടെ പറഞ്ഞുതന്നു.....ഒരായിരം ആസംസകൾ....

  ReplyDelete
 27. വിജ്ഞാനപ്രദം, വ്യത്യസ്തം ഈ ലേഖനം.
  ആശംസകൾ.

  ReplyDelete
 28. റമളാന്‍മാസമായാല്‍ പകലുറങ്ങുകയും രാത്രിമുയുവന്‍ തിന്നുകയും ചെയ്യുന്ന കള്ള ബട്കൂസുകള്‍ ഇത്‌ വായിച്ചിരുന്നെങ്കില്‍ നന്നായിരുന്നു

  ReplyDelete
 29. പ്രസക്തമായ ലേഖനം.റമദാനെക്കുറിച്ച് എത്ര പറഞ്ഞാലും തീരാത്ത ആത്മീയവും ഭൗതികകവുമായ അനന്യസവിശേഷതകള്‍ അതിനുണ്ട്.അതു കൊണ്ടാണല്ലോ അല്ലാഹു പറഞ്ഞത് -"നോമ്പ് എനിക്കുള്ളതാണ്.ഞാനാണതിനു പ്രതിഫലം നല്‍കുന്നത് "എന്ന് !
  നോമ്പിന്റെ 'ദീന്‍ മൂല്യം'വിസ്മരിച്ച് 'തീന്‍ മൂല്യ'ത്തിനാണ് ഇന്ന് പ്രാധാന്യം.സഹോദര സമുദായങ്ങള്‍ക്ക് മാതൃകയാവേണ്ടവര്‍ ഇവിടെയും 'പൊങ്ങച്ചങ്ങള്‍' വിളമ്പി ദീനിനെ അവഹേളിക്കുന്നു.പറഞ്ഞാല്‍ തീരില്ല ഈ രംഗത്തെ അതിക്രമങ്ങള്‍ ....കാലികപ്രസക്തമായ ഈദൃശ ലേഖനങ്ങള്‍ ഇനിയും വിഷയഗൗരവത്തോടെ നോമ്പ് കഴിയുന്നതു വരെ പോസ്റ്റുക.ആശംസകളോടെ...

  ReplyDelete
 30. Informative post..

  I have always felt that the latest Iftar party trends really demoralize the value of "The Holy Month"...

  ReplyDelete
 31. Doctor sab, very informative post.
  വ്യക്തിപരമായി എനിക്ക് ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളത് മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകളിലെ നോമ്പ് തുറകളാണ്. ലക്ഷക്കണക്കിന്‌ ആളുകള്‍ വരിവരിയായി ഇരുന്നു ഒരു ഗ്ലാസ്‌ സംസം വെള്ളവും ഏതാനും ഈത്തപ്പഴവും കൊണ്ട് നോമ്പ് തുറക്കുന്ന കാഴ്ച. ശരീരത്തെക്കാളേറെ മനസ്സാണ് അവിടെ നോമ്പ് തുറക്കുന്നത് എന്ന് പറയാം. വാരിവലിച്ചു ഭക്ഷണം കഴിക്കാതിരിന്നിട്ടു കൂടി ആര്‍ക്കും ഒരു ക്ഷീണവും അനുഭവപ്പെടുന്നില്ല. മറിച്ച് എന്നത്തേക്കാളുമധികം ഊര്‍ജ്വസ്സ്വലത അനുഭവപ്പെടുന്നു. എന്നാല്‍ നമുക്കാകട്ടെ നോമ്പ് തുറക്കുന്നതോട് കൂടി എണ്ണയും കൊഴുപ്പും കലര്‍ന്ന വിഭവങ്ങളുടെ ബോക്സിംഗ് മത്സരമാണ് ആമാശയത്തില്‍ നടക്കുക. അതോടെ നോമ്പുകാരന്‍ 'ഫ്ലാറ്റാ'കുന്നു.

  ReplyDelete
 32. അബ്സാറിന്റെ ഓരോ വാക്കുകളും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അവസരോചിതമായി ഈ പോസ്റ്റ്‌ എഴുതിയതിനു ഏറെ നന്ദി. നോമ്പിനെ ഉദ്ദേശ ശൂന്യമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുമാറാന്‍ കുറച്ചു പേര്‍ക്കെങ്കിലും ഈ പോസ്റ്റ്‌ ഉപകരിക്കട്ടെ.

  ReplyDelete
 33. നോമ്പിന്റെ ആത്മീയമായ ചൈതന്യത്തെ കുറിച്ചും, നോമ്പ് നല്‍കുന്ന ആരോഗ്യപരിരക്ഷയെ കുറിച്ചും കൂടുതല്‍ അറിവ് പകരുന്ന നല്ലൊരു പോസ്റ്റ്‌..എല്ലാ വിധ ഭാവുകങ്ങളും

  ReplyDelete
 34. ഒരു കാര്യത്തില്‍ ഒഴികെ വൃതത്തെ കുറിച്ചുള്ള വിലയിരുത്തലുകളോട് യോജിപ്പാണ്. വിശപ്പിന്റെ കാര്യത്തില്‍ ഞാന്‍ യോജിക്കില്ല.
  റമദാന്‍ മാസത്തിലെ നോമ്പെടുക്കുംപോള്‍ അനുഭവിക്കുന്ന വിശപ്പും ദരിദ്ര രാജ്യങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന വിശപ്പും ഭൂമിയും ആകാശവും തമ്മിലുള്ള അകലം ഉണ്ട്

  തയ്യാറാക്കി വെച്ച ഭക്ഷണം കഴിച്ചു പിന്നീട് തയാറായി ഇരിക്കുന്ന ഭക്ഷണത്തെ പ്രതീക്ഷിച്ചു കൃത്രിമമായി സൃഷ്ട്ടിക്കുന്ന വിശപ്പാണ് നോമ്പുകാലത്തെ. അതില്‍ ആത്മീയത ഉണ്ട്, ആരോഗ്യഗുണങ്ങള്‍ ഉണ്ട്, ഭൌതികതയില്‍ നിന്ന് അല്പം അകലവും ഉണ്ട്. അത് വിശ്വാസമാണ്. എന്നാല്‍ അതിനെ വിശപ്പ്‌ എന്ന് പറയാന്‍ കഴിയില്ല . ഒരിക്കലും തയ്യാറാകാത്ത ഭക്ഷണത്തെ പ്രതീക്ഷിച്ചു , അല്ലെങ്കില്‍ അല്പം ഭക്ഷണം ആയിരങ്ങള്‍ക്ക് വീതം വെക്കുന്ന സമയം പ്രതീക്ഷിച്ചു വിശപ്പ്‌ എന്താണെന്ന് പോലും മറന്നു പോകുന്ന വിശപ്പ്‌ സഹിക്കുന്നവരും നോമ്പെടുക്കുന്നവരും ( ഞാനടക്കം) തമ്മില്‍ പുലബന്ധം പോലും ഇല്ല

  ReplyDelete
  Replies
  1. ഒരു മാസത്തെ വ്രതം വഴി വിശപ്പ്‌ എന്താണെന്ന് അറിയുന്നു..അവസാനം നോമ്പ് കാലം കഴിയുമ്പോള്‍ ഭക്ഷണം കിട്ടാതവന് വേണ്ടി ഫിതര്‍ സകാത്ത് വഴി അരി വിതരണം ചെയ്തു വിശക്കുന്നവന്റെ വിശപ്പ്‌ തീര്‍ക്കാന്‍ ശ്രമിക്കുന്നു.. അതും കൂടി ചേര്‍ത്ത് പറഞ്ഞാലേ ഇതിനു പൂര്‍ണത വരൂ..

   Delete
 35. സുബൈര്‍Tuesday, July 24, 2012

  നല്ല പോസ്റ്റ്‌ ഇക്കാ.റംസാനില്‍ തിന്നു നശിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടെ.ആശംസകള്‍

  ReplyDelete
 36. ഇസ്ലാമിലെ വ്രതം ഒരു ആരാധനയാണ് , ചികിത്സ രീതിയെല്ലന്ന് ആദ്യം മനസിലാക്കുക .
  ശരീര ഭാരം കുറയണം എന്നോ ഭക്ഷണം കുറയ്ക്കണമെന്നോ അതിന്റെ സുന്നത്ത് അല്ല

  ReplyDelete
  Replies
  1. "ശരീര ഭാരം കുറക്കുക എന്നത് സുന്നത്ത്‌" ആണ് എന്ന് ഞാന്‍ പറഞ്ഞോ ??
   ഇസ്ലാമിലെ വ്രതം കൊണ്ട് ആരോഗ്യ നേട്ടങ്ങള്‍ ഉണ്ട് എന്ന് നബി പറഞ്ഞിട്ടില്ലേ??
   ആ നേട്ടങ്ങള്‍ തോന്നിയ പോലെ ഭക്ഷണം കഴിച്ചാല്‍ ലഭിക്കുമോ ???
   ഇസ്ലാമില്‍ ആരോഗ്യ സംരക്ഷണത്തിനു പ്രാധാന്യം ഇല്ലേ ??
   ഇസ്ലാമില്‍ തോന്നിയ പോലെ വലിച്ചു വാരി തിന്നല്‍ സുന്നത്ത്‌ ആണോ ??

   താഴെയുള്ള ഹദീസുകള്‍ ഓര്‍ക്കുക :

   നാഫിഅ്(റ) പറയുന്നു: തന്റെ കൂടെ ഭക്ഷിക്കുവാന്‍ ഒരു ദരിദ്രനെ ക്ഷണിച്ചുകൊണ്ട് വരുന്നതുവരെ ഇബ്നുഉമര്‍(റ) ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം ആഹാരം കഴിക്കുവാന്‍ ഒരു മനുഷ്യനെ വിളിച്ചുകൊണ്ട് വന്നു. അയാള്‍ അമിതമായി ആഹാരം കഴിച്ചത് കണ്ടപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു: അല്ലയോ നാഫിഅ്! ഈ മനുഷ്യനെ മേലില്‍ എന്റെയടുക്കലേക്ക് ക്ഷണിച്ചുകൊണ്ടുവരരുത്. നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സത്യവിശ്വാസി ഒരു വയറ് കൊണ്ടാണ് തിന്നുക. സത്യനിഷേധി ഏഴു വയര്‍ കൊണ്ടും. (ബുഖാരി. 7. 65. 305)


   അബൂഹുറൈറ(റ) നിവേദനം: ഒരു മനുഷ്യന്‍ ധാരാളം ഭക്ഷിക്കുന്നവനായിരുന്നു. അങ്ങിനെ അയാള്‍ മുസ്ലീമായി. അപ്പോള്‍ കുറച്ച് ഭക്ഷിക്കുവാന്‍ തുടങ്ങി. ഈ വിവരം നബി(സ)യോട് പറയപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: നിശ്ചയം. വിശ്വാസി ഒരു ആമാശയം കൊണ്ടും സത്യനിഷേധി ഏഴ് ആമാശയം കൊണ്ടും ഭക്ഷിക്കുന്നതാണ്. (ബുഖാരി. 7. 65. 309)

   ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഒരാളുടെ ഭക്ഷണം രണ്ടാള്‍ക്കും രണ്ടാളുടേത് നാലാള്‍ക്കും നാലാളുടേത് എട്ടാള്‍ക്കും മതിയാകുന്നതാണ്. (മുസ്ലിം)

   എന്താണ് പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത് എന്ന് ആദ്യം മനസ്സിലാക്കുമല്ലോ....

   Delete
 37. വിഷക്കുന്നവനോട് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചു കൊണ്ട് പകല്‍ സമയം നമുക്ക് അനുവദിക്കപ്പെട്ട ഭക്ഷണവും വെള്ളവും മറ്റും ഉപേക്ഷിച്ചു കൊണ്ട് ഒരു മാസത്തെ വ്രതം വഴി വിശപ്പ്‌ എന്താണെന്ന് അറിയുന്നു..അവസാനം നോമ്പ് കാലം കഴിയുമ്പോള്‍ ഭക്ഷണം കിട്ടാതവന് വേണ്ടി ഫിതര്‍ സകാത്ത് വഴി അരി വിതരണം ചെയ്തു വിശക്കുന്നവന്റെ വിശപ്പ്‌ തീര്‍ക്കാന്‍ ശ്രമിക്കുന്നു.. അതും കൂടി ചേര്‍ത്ത് പറഞ്ഞാലേ ഇതിനു പൂര്‍ണത വരൂ... വിശന്നിരിക്കല്‍ മാത്രമല്ല വിശക്കുന്നവന്റെ വിശപ്പിനു പരിഹാരം കാണാനും കൂടി ഈ വ്രത കാലം ഉപയോഗിക്കുന്നു എന്നതും കൂടി ചേര്‍ക്കാമായിരുന്നു..

  ReplyDelete
 38. വിജ്ഞാനപ്രദമായ ഒരുപാട് വിവരങ്ങൾ... റമദാൻ ആശംസകൾ...!!

  ReplyDelete
 39. അല്ല വൈദ്യരെ, ഇറാഖില്‍ വെച്ച് തട്ടികൊണ്ടുപോയ ഡോക്ടറെ പറ്റി ഒരു വിവരവുമില്ലാലോ

  ReplyDelete
 40. നോമ്പിന്‍റെ മഹത്വം വിളിച്ചറിയിക്കുന്ന ഒരു പോസ്റ്റ്‌,പിന്നെ നോമ്പിന്‍റെ മഹത്ത്വത്തെ കുറിച്ചുള്ള പ്രമുഖരുടെ വാക്കുകള്‍ .നന്നായി ,ആശംസകള്‍....

  ReplyDelete
 41. നല്ല പോസ്റ്റ് - സുഖം തന്നെയല്ലേ ഡോക്ടറെ ?

  ReplyDelete
  Replies
  1. ദൈവാനുഗ്രാഹത്താല്‍ അങ്ങിനെ പോകുന്നു............:)

   Delete
 42. അബ്സര്‍ ഭായ് ,.. നോമ്പ് പോസ്റ്റുകള്‍ ഈ അടുത്ത കാലത്ത് ഒരുപാട് വായിച്ചുവെങ്കിലും ഈ പോസ്റ്റിനോളം എനിക്കൊരു പോസ്റ്റും ഇഷ്ടമായില്ല എന്ന സത്യം ഞാന്‍ ഇവിടെ പറയട്ടെ. മുന്‍പ് വായിച്ച നോമ്പ് പോസ്റ്റുകളില്‍ ഇത്തരം വിഷയം കൈകാര്യം ചെയ്തില്ല എന്നത് തന്നെയാണ് ഈ പോസ്റ്റ് എനിക്കേറെ ഇഷ്ടമാകാനും കാരണം.

  എല്ലാ തവണയും റമദാന്‍ മാസത്തില്‍ ചില ദിവസങ്ങള്‍ മാത്രം ഞാന്‍ നോമ്പ് എടുക്കാറുണ്ടായിരുന്നു. അതും പൂര്‍ണമായും അടുക്കും ചിട്ടയോടും കൂടിയല്ല താനും. പക്ഷെ, ഇത്തവണ ആരംഭം മുതല്‍ ഞാന്‍ വളരെ തികഞ്ഞ വ്രത ശുദ്ധിയോടു കൂടി ടാഹ്ന്നെ നോമ്പ് എടുക്കുന്നുണ്ട്. മുഴുവന്‍ ദിവസവും എനിക്കിത് സാധിക്കും എന്ന പൂര്‍ണ വിശ്വാസം എനിക്കിപ്പോള്‍ വന്നു കഴിഞ്ഞു. ഇനി മുതല്‍ എല്ലാ തവണയും ഞാന്‍ നോമ്പ് എടുക്കുകയും ചെയ്യും. നോമ്പ് വളരെ നല്ല ഒരു കാര്യമായി തന്നെ എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു എന്നും പറയാം.

  അതെ സമയം , ചില സംശയങ്ങള്‍ കൂടി ഞാന്‍ ഇവിടെ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സുബഹ് നിസ്ക്കാരത്തിനു എഴുന്നെല്‍ക്കാറില്ല. അതാണ്‌ സുന്നത്ത് എന്നറിയാമെങ്കിലും എന്തോ ആ സമയത്ത് എഴുന്നെല്‍ക്കലും ഭക്ഷണം കഴിക്കലും മടി കാരണം ഒഴിവാക്കി എന്ന് പറയുന്നതാകും ശരി. എന്‍റെ കൂടെയുള്ള മുസ്ലീം സുഹൃത്തുക്കള്‍ പോലും എഴുന്നേല്‍ക്കുന്നില്ല എന്നത് എനിക്ക് കൂടുതല്‍ പ്രചോദനവുമായി. എന്‍റെ സംശയം താഴെ ചേര്‍ക്കുന്നു

  നോമ്പ് മുറിക്കുന്ന സമയത്ത് ഭക്ഷണം കഴിച്ച ശേഷം പിന്നെ ഒരു പത്തു പതിനൊന്നു മണിക്ക് അടുത്ത ഭക്ഷണം കഴിക്കുന്നു. അതിനു ശേഷം ശരിക്കും പറഞ്ഞാല്‍ സുബഹിനു എഴുന്നെല്‍ക്കാത്തത് കൊണ്ട് അടുത്ത ദിവസം ഏഴു മണി വരെ നോമ്പ് എടുക്കേണ്ടി വരുന്ന അവസ്ഥയാണ്. അങ്ങനെ നോക്കുമ്പോള്‍ ഏകദേശം ഇരുപതു മണിക്കൂറില്‍ അധികം നോമ്പ് എടുക്കേണ്ടി വരുന്നു. ഇത് ആരോഗ്യകരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കുമോ.
  രാത്രിയിലും പിന്നീട് രാവിലെയും വയറു നിറയെ ഭക്ഷണം കഴിക്കുന്നത്‌ ദഹന സംബന്ധമായ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ ? പ്രത്യേകിച്ച് നമ്മള്‍ ഉറങ്ങുന്കയും കൂടി ചെയ്യുന്ന സമയത്ത്...

  ഈ നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍ ..ആശംസകളോടെ

  ReplyDelete
  Replies
  1. ഇരുപത് മണിക്കൂര്‍ നോമ്പ് ആരോഗ്യമുള്ള വ്യക്തികളില്‍ സാധാരണ ഗതിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കില്ല. ചിലരില്‍ നെഞ്ചെരിച്ചിലും, അപൂര്‍വ്വമായി Peptic Ulcer ഉം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അത് വളരെ അപൂര്‍വ്വം ആണ്. പുകവലി, മദ്യപാനം തുടങ്ങിയവ ഉള്ളവരില്‍ ആണ് ഈ പ്രശ്നം അധികവും കണ്ടുവരുന്നത്.

   പിന്നെ വയറു നിറയെ ഭക്ഷണം കഴിക്കുക എന്നത് എന്തുകൊണ്ടും നല്ലതല്ല.
   ആയുര്‍വേദ പ്രകാരം നമ്മുടെ ആമാശയത്തെ മൂന്നു ഭാഗങ്ങള്‍ ആയി തിരിക്കാനും, അതിന്റെ ഒരു ഭാഗം ഭക്ഷണം കഴിക്കുകയും, ഒരു ഭാഗം വെള്ളവും കുടിക്കുകയും, ഒരു ഭാഗം ഒഴിച്ചിടുകയും ചെയ്യണം എന്നാണു പറയുന്നത്.
   വയറു നിറച്ചു (ഒരു വിരല്‍ ഇടാന്‍ സ്ഥലം ഉണ്ടെങ്കില്‍ ഒരു നേന്ത്രപ്പഴം കഴിക്കാമായിരുന്നു എന്ന് പറയുന്ന പോലെ) കഴിക്കുന്നത് ഏതു അവസ്ഥയിലും ദോഷകരമാണ്...

   ഭക്ഷണരീതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക.

   Delete
 43. നോമ്പ് അനുഷ്ടാനം ഒരു വൃതം...

  ഈ വിഷയത്തില്‍ സൌദിയില്‍ ഉള്ള എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന ഒരു പി ഡി എഫ ഫയല്‍ എന്നെ ഏറെ ചിന്തിപ്പിച്ച ഒന്നാണ്. അതിലെ ചില കാര്യങ്ങള്‍ തന്നെയാണ് ഡോക്ടറുടെ ഈ പോസ്റ്റിലും പ്രതിപാദിച്ചിരിക്കുന്നത്. ശരിക്കും മത വ്യത്യാസം ഇല്ലാതെ ഏവരും അനുഷ്ടിക്കണ്ട ഒരു മഹാകാര്യം. അത് മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കുന്നു.

  ആശംസകള്‍

  ReplyDelete
 44. നോമ്പിനെ കുറിച്ച് വളരെ ലളിമായ വിശദീകരണം. നന്നായിരിക്കുന്നു.

  ReplyDelete
 45. നജീബ് ഇന്‍സാഫ്Friday, August 03, 2012

  മറ്റു ദിവസങ്ങളില്‍ ,പകല്‍ ബ്രേക്ക്‌ഫാസ്റ്റ്‌ കഴിച്ചില്ലെങ്കില്‍ അമ്ലം ഇറങ്ങി അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അത് കൊണ്ടാണെന്ന് തോന്നുന്നു,നോമ്പിന് അത്തായം പരമാവധി പിന്തിപ്പിക്കാനാണ് പറഞ്ഞിട്ടുള്ളത്‌............))))....)))000000
  .അത്തായം പിന്തിപ്പിക്കുക ,അതില്‍ നിങ്ങള്‍ക്ക് ബറകത്ത് (ഉപകാരം) ഉണ്ട്‌...................
  .Post വളരെ നന്നായിരിക്കുന്നു.കാലിക പ്രസക്തിയുള്ളതും...അഭിനന്ദങ്ങള്‍...
  .

  ReplyDelete
 46. ഈ പോസ്റ്റില്‍ തെറ്റിദ്ധരിക്കപ്പെട്ടെക്കാവുന്ന ചില അഭിപ്രായങ്ങള്‍ ഉണ്ട്. ഇസ്ലാമിന് മുന്‍പ് ജീവിച്ച വ്യക്തികള്‍ വ്രതത്തെപ്പറ്റി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. സത്യത്തില്‍ അവരെല്ലാം ഇസ്ലാമിന് വളരെ വര്‍ഷങ്ങള്‍ക്കുമുണ്ട് ജീവിച്ചവരാണ്. Aristotle 384 BC – 322 BC,Plato 428 BC - 347BC, Scocrates 469 BC - 399 BC. ഇതാണ് സത്യമെന്നിരിക്കെ ഇവരെല്ലാം വ്രതത്തെ പ്രശംസിച്ചു എന്ന് പറയുന്നത് വസ്തുതാപരമായി പിശകാണ്. കാരണം ഇവര്‍ക്ക് ശേഷം ഏകദേശം 700 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുഹമ്മദ്‌ നബി ജനിച്ചത്‌ തന്നെ. പിന്നെ ആയുര്‍വേദത്തിന്‍റെ പിന്തുണയുണ്ട് എന്ന് കാണിക്കാന്‍ കുറെ ശ്ലോകങ്ങള്‍ എടുത്തു ഉപയോഗിക്കുന്നുണ്ട്. അതില്‍ പറയുന്ന വ്രതവും ഇവിടെ പറയുന്ന വ്രതവും കടലും കടലാടിയും പോലെയാണ്. ആയുര്‍വേദത്തില്‍ സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം പൂര്‍ണമായും നിഷിദ്ധമാണ്. ശരീരത്തെ പീഡിപ്പിക്കുന്ന ഒരു വ്രതവും ആയുര്‍വേദം നിഷ്കര്‍ഷിക്കുന്നില്ല. പിന്നെ ആയുര്‍വേദം ഇസ്ലാമിനും ആയിരകണക്കിന് വര്‍ഷം മുന്‍പ് രൂപപ്പെട്ടതാണ്. പിന്നെ താങ്കള്‍ പറഞ്ഞ ശാരീരിക, മാനസിക, ആത്മീയ, ഭൌതിക നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ ഇസ്ലാം ലോകത്തില്‍ ഇത്രയേറെ വിമര്‍ശിക്കപ്പെടില്ലായിരുന്നു, കല്ലെറിയപ്പെടില്ലായിരുന്നു. മാത്രമല്ല ഏറ്റവും മാതൃകാപരമായ ഒരു സമൂഹമായേനെ. മറ്റൊന്ന് കൂടി ഇത്രയധികം ആശുപത്രികള്‍ ഇസ്ലാമിക ഭൂരിപക്ഷ പ്രദേശങ്ങളിലെങ്കിലും മുളച്ചുപൊന്തില്ലായിരുന്നു.

  ReplyDelete
  Replies
  1. ഒരു തെറ്റും പറ്റിയിട്ടില്ല. കാരണം ഇസ്ലാമിലെ റംസാന്‍ വ്രതം എന്ന അനുഷ്ടാനം തുടങ്ങുന്നതിനു മുന്‍പും വ്രതം എന്ന കാര്യം സമൂഹത്തില്‍ ഉണ്ടായിരുന്നു. സോക്രട്ടീസ് "ഇസ്ലാം വ്രതത്തെ" കുറിച്ച് പറഞ്ഞു എന്ന് എവിടെയും പറഞ്ഞിട്ടില്ല. "വ്രതത്തെ കുറിച്ച്" പറഞ്ഞു എന്നാണ് പറഞ്ഞിട്ടുള്ളത്. അക്കാര്യം തിരിച്ചറിയുമല്ലോ...

   വ്രതത്തിന് ആയുര്‍വേദത്തിന്റെ പിന്തുണ ഉണ്ട് എന്ന് അറിയാന്‍ ഉള്ള ചില ശ്ലോകങ്ങള്‍ മാത്രമാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്. ആയുര്‍വേദത്തിന്റെ അടിസ്ഥാനങ്ങള്‍ പഠിച്ചാല്‍ ബാക്കി കാര്യം ബോധ്യപ്പെടും. സൂര്യാസ്തമനത്തിന് ശേഷം ആയുര്‍വേദത്തില്‍ ഭക്ഷണം പൂര്‍ണ്ണമായും നിഷിദ്ധമാണ് എന്ന് പറയുന്നത് ആയുര്‍വേദത്തിന്റെ ഏതു അടിസ്ഥാന ഗ്രന്ഥത്തില്‍ ആണ് എന്ന് ഒന്ന് വ്യക്തമാക്കുമോ ? ബന്ധപ്പെട്ട ശ്ലോകം നല്‍കുമോ ???

   വ്രതം ശരീരത്തെ പീഡിപ്പിക്കുന്നതാണ് എന്ന മുന്‍ധാരണ നിങ്ങള്‍ വെച്ച് പുലര്‍ത്തി ആ രീതിയില്‍ സംസാരിക്കുന്നത് കൊണ്ട് അര്‍ത്ഥം ഇല്ല എന്ന കാര്യം തിരിച്ചറിയുമല്ലോ !!!

   ആയുര്‍വേദം രൂപപ്പെട്ട കാര്യവും, സോക്രട്ടീസിന്റെ കാര്യവും ഒരു പോലെ തന്നെയാണ്. "വ്രതത്തെ പറ്റി ആയുര്‍വേദം പറഞ്ഞത്‌ ആണ് " പറഞ്ഞിട്ടുള്ളത്‌. വിമര്‍ശന മനോഭാവത്തോടെ നോക്കിയപ്പോള്‍ ഇടയില്‍ എല്ലാം "ഇസ്ലാം" കയറി അല്ലേ ???
   എന്താണ് പറഞ്ഞത്‌ എന്ന് ആദ്യം ശരിക്ക് വായിച്ചു നോക്കുക.

   ഇസ്ലാം ലോകത്ത്‌ വിമര്‍ശിക്കപ്പെടാന്‍ കാരണം കാര്യങ്ങള്‍ മനസ്സിലാക്കാതെ എടുത്ത്‌ ചാടി പ്രതികരിക്കുന്നവര്‍ ഉള്ളത് കൊണ്ടാണ്. ഇപ്പോള്‍ ഇവിടെത്തന്നെ "സോക്രട്ടീസ് വ്രതത്തെ പറ്റി പറഞ്ഞു" എന്ന് പറഞ്ഞപ്പോഴേക്കും "സോക്രട്ടീസ് ഇസ്ലാമിക വ്രതത്തെ പറ്റി പറഞ്ഞു" എന്നല്ലേ നിങ്ങള്‍ മനസ്സിലാക്കിയത്‌.നിങ്ങള്‍ ഇപ്പോള്‍ ചെയ്തത് പോലെ പകുതി മാത്രം മനസ്സിലാക്കി എടുത്തു ചാടി പ്രതികരിക്കുന്നവര്‍ ഉള്ള സമൂഹത്തില്‍ ഇസ്ലാം വിമര്‍ശിക്കപ്പെടുന്നതില്‍ എന്ത് അത്ഭുതം ആണ് ഉള്ളത് ???
   സ്വയം വിലയിരുത്തുക !!

   വ്രതം തുറന്ന ശേഷം കീടനാശിനി അടിച്ച ഭക്ഷണം കഴിച്ചാലും ആശുപത്രികളുടെ ആവശ്യം വരില്ലേ???
   വ്രതം എടുത്ത ശേഷം വലിച്ചു വാരി തിന്നാലും അസുഖം വരില്ലേ ???
   ഇതൊന്നു മനസ്സിലാക്കാനുള്ള സാമാന്യ ബോധം എന്താണ് താങ്കള്‍ പ്രകടിപ്പിക്കാത്തത് ?
   ഇസ്ലാമിക പ്രദേശത്ത്‌ മാത്രം ആണോ ആശുപത്രികള്‍ മുളച്ചു പൊന്തുന്നത് ???

   വല്ലതും പറയുന്നതിന് മുന്‍പ്‌ എന്താണ് പറയാന്‍ പോകുന്നത് എന്ന് രണ്ടു വട്ടം ചിന്തിച്ചാല്‍ നന്നാകും !!!

   Delete
 47. Dear Absar Mohamed: Many religions insist on not eating after the sunset. One of the phrases in Yoga Shastra is “astangate divanathe” which means that the digestive system becomes inactive after the sunset. It is also the philosophy of Ayurveda. As sun is the greatest source of energy, body’s vital, physical and digestion remains active in presence of sun. While Jainism talks about not eating at all after sun set, Ayurveda says one should have dinner lighter than lunch and to avoid artificial food as well as semi digestive foods in the night. Eating curd has been prohibited in Ayurveda after sunset.

  I will give more proofs soon.


  Thanks

  ReplyDelete
 48. According to Ayurvedic philosophy any food that is eaten after sunset does not get properly transformed into juices. Such food, therefore, are not helpful for health as they are not converted into energy.

  ReplyDelete
  Replies
  1. നിങ്ങള്‍ പറഞ്ഞത് ഇതാണ് "ആയുര്‍വേദത്തില്‍ സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം പൂര്‍ണമായും നിഷിദ്ധമാണ്." ഇത് ആയുര്‍വേദത്തിന്റെ ഏതു അടിസ്ഥാന ഗ്രന്ഥത്തില്‍ ആണ് പറഞ്ഞിട്ടുള്ളത് എന്ന് ശ്ലോക സഹിതം കാണിക്കാന്‍ ആണ് ഞാന്‍ പറയുന്നത്. അഷ്ടാംഗ ഹൃദയം, ചരക സംഹിത, ശുശ്രുത സംഹിത, അഷ്ടാംഗ സംഗ്രഹം തുടങ്ങിയവയില്‍ ഏതില്‍ ആണ് ഇത് പറഞ്ഞിട്ടുള്ളത്‌ എന്ന് ശ്ലോക സഹിതം വ്യക്തമായി പറയുക.

   ആയുര്‍വേദത്തെ കുറിച്ച് പലരും തങ്ങളുടെ കാഴ്ചപ്പാടില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അത്തരം പുസ്തകങ്ങള്‍ അല്ല വേണ്ടത്‌. അടിസ്ഥാന പരമായി ഉപയോഗിക്കുന്ന ഗ്രന്ഥങ്ങള്‍ ആണ്.
   അത് ചെയ്യുമല്ലോ...

   ജൈനിസവും ബുദ്ധിസവും യോഗയും അല്ല ഇവിടത്തെ വിഷയം. ആയുര്‍വേദം ആണ്. അതുകൊണ്ട് തന്നെ ആയുര്‍വേദ ഗ്രന്ഥങ്ങളിലെ റെഫറന്‍സ്‌ ആണ് വേണ്ടത്‌.

   ആയുര്‍വേദത്തില്‍ രാത്രി ഭക്ഷണം ലഘു ആക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞിട്ടുണ്ട്. ലഘു ആക്കുക എന്നതിന്റെ അര്‍ഥം "ആയുര്‍വേദത്തില്‍ സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം പൂര്‍ണമായും നിഷിദ്ധമാണ്." എന്നല്ലല്ലോ ????

   രാത്രി തൈര് കഴിക്കണം എന്ന് ഞാന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടോ ? എഴുതാപ്പുറം വായിക്കണോ ??

   പിന്നെ സോക്ട്രീസ്‌, പ്ലാറ്റോ ,വിഷയങ്ങളില്‍ നിങ്ങള്‍ പറഞ്ഞ തെറ്റ് ബോധ്യപ്പെട്ടുവോ ???!!!

   ഇസ്ലാം വിമര്‍ശിക്കപ്പെടുന്നതിന്റെ കാര്യവും ബോധ്യപ്പെട്ടുവോ ???

   Delete
 49. വ്രതാനുഷ്ടടാനം നടക്കുന്ന കാലയളവില്‍ മഹാന്മാരുടെ വചനങ്ങള്‍ അതിനെ ന്യായീകരിക്കാന്‍ ദുരുപയോഗം ചെയ്തിട്ട് തെറ്റൊന്നും ചെയ്തില്ല എന്ന് പറയുന്നത് ധര്‍മ്മികതക്ക് നിരക്കുന്നതല്ല. താങ്കള്‍ സോക്രടീസിന്‍റെ അടക്കം മഹാന്മാരുടെ വചനങ്ങള്‍ ഈ സാഹചര്യത്തില്‍ ഉപയോഗിക്കുമ്പോള്‍ അവരും പിന്തുടര്‍ന്നത്‌ ഇന്ന് ഇവിടെ നടക്കുന്ന വ്രത രീതി തന്നെയെന്നു തെറ്റിദ്ധരിക്കപ്പെടില്ലേ. അങ്ങിനെ ചെയ്യുന്നത് ശരിയാണോ. അല്ലെങ്കില്‍ അവര്‍ പിന്തുടര്‍ന്നിരുന്ന വ്രതത്തിന്‍റെ ചിട്ട വട്ടങ്ങള്‍ വിവരിക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. കൂടാതെ ഇസ്ലാമിനെയും അതിന്‍റെ ആചാരങ്ങളെയും മഹത്വവല്‍ക്കരിക്കാന്‍ ന്യായീകരിക്കാന്‍ ഖുറാനും ഖദീസും പോര എന്നുണ്ടോ. ഇസ്ലാമിന് മുന്‍പേ ഇവിടെ വ്രതങ്ങള്‍ ഉണ്ടായിരുന്നു അപ്പോള്‍ അത് നബിയുടെ സംഭാവനയല്ല എന്ന് താങ്കള്‍ അംഗീകരിക്കുന്നു. സന്തോഷം. ഭാരതീയ ശാസ്ത്രങ്ങള്‍ ഒരു ഗ്രന്ഥത്തില്‍ ഒതുക്കി നിര്‍ത്താവുന്നതല്ല. താങ്കള്‍ക്ക് വേണ്ടി ചില പരാമര്‍ശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. The person who drinks alcohol, meat, eats after sunset and consumes vegetables grown under the ground; any kind of pilgrimage, prayers and any kind of rites performed by such kind of a person bears no fruit.

  - Mahabharat (Rishishvarbharat)

  2. The soul which eats after sunset even in the monsoons, the sins committed by him cannot be purified even if he does thousands of the “Chandrayantap”.

  - Rishishvarbharat (Vaidikdarshan)

  3. The soul which eats before sunset and especially in the monsoon abdicates eating after sunset; that person gets whatever he desires in this life as well as the next life.

  - Yogvashisht Purvaghshlo 108

  4. In the Markandpuran, it is said that after sunset drinking water is equivalent to drinking blood & eating food to eating meat.

  - Markandrishi

  5. The optimum daily routine for a man is to avoid eating at night since the fire required to digest the food is very weak during that period.

  – Charaksanhita & Ashtanga Sangraha

  6. In the ancient scriptures of the Hindus, it is said that, “चत्वारि नरक्द्वाराणि प्रथमं रात्रिभोजनम्” which means eating at night is the first doorway to hell.

  Even, bees, sparrows, parrots, crows, pigeons and many other kinds of birds don’t eat after sunset.

  ഞാന്‍ സംസ്കൃതം പഠിച്ച ആളല്ല എന്ന് തുറന്നു സമ്മതിക്കുന്നു. അങ്ങിനെ ഒരു ഭാഗ്യം കിട്ടിയില്ല. അധികം വൈകാതെ പ്രസ്തുത ശ്ലോകം താങ്കള്‍ക്ക് സംഘടിപ്പിച്ച് തരുന്നതാണ്. തിരഞ്ഞ് പിടിക്കാനുള്ള സാവകാശം വേണം. ഒളിച്ചോടില്ല എന്ന് ഉറപ്പു തരുന്നു. പിന്നെ ആയുര്‍വേദവും ഇത്തരുണത്തില്‍ എടുത്തുപറയുന്നത് ശരിയാണോ. ഭക്ഷണം വെടിഞ്ഞു കൊണ്ടുള്ള വ്രതത്തിന് ആയുര്‍വ്വേദം നിര്‍ദേശിക്കുന്നുണ്ടോ?

  Fasting and skipping meals are not recommended in ayurveda because they throw the digestion rhythm off. A light breakfast, a substantial lunch and a light dinner allow you to keep in tune with the ebb and flow of the digestive fire, which builds up during the morning, peaks around noon and then ebbs again in the evening. ഇത് സത്യമല്ല എന്ന് താങ്കള്‍ക്കു പറയാന്‍ സാധിക്കുമോ.

  വ്രതം തുറന്ന ശേഷം കീടനാശിനി അടിച്ച ഭക്ഷണവും, മൂക്കുമുട്ടെ കഴിക്കുകയും ചെയ്യുന്നു എങ്കില്‍ ഈ വ്രതത്തെ എന്ത് വിളിക്കണം. വ്യത്യസ്തമായ ശാരീരിക ഘടനയുള്ളവരാണ് എല്ലാ മനുഷ്യരും അവരെല്ലാവരും ഒരേ ആചാരം പിന്തുടരണം എന്ന് പറയുന്നതിലും വലിയ വിരോധാഭാസം മറ്റെന്താണ്. താങ്കള്‍ ആയുര്‍വേദത്തെപറ്റി ആധികാരികമായി പറഞ്ഞത് കൊണ്ട് ചോദിക്കുന്നു അവിടെ എല്ലാവരെയും ഒരേ രീതിയിലാണോ പരിഗണിക്കപ്പെടുന്നത്. താമസിക, രാജസിക, സ്വാതിക സ്വഭാവമനുസരിച്ചല്ലേ മനുഷ്യനെ തരാം തിരിച്ചിരിക്കുന്നത് അവരില്‍ തന്നെ വാത, പിത്ത, കഫദോഷ മനുസരിച്ചല്ലേ ചികിത്സ പോലും തീരുമാനിക്കുന്നത്‌. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ എല്ലാവര്ക്കും ഒരേ വ്രത സമ്പ്രദായം ആയുര്‍വ്വേദം അനുശാസിക്കുന്നു എന്ന തെറ്റിദ്ധാരണ പരത്തുന്നത് സത്യസന്ധമല്ല.

  ഒരു സമൂഹം വ്യക്തമായ ആചാരങ്ങള്‍ പാലിക്കപ്പെടുന്നു എങ്കില്‍ അതിന്‍റെ പ്രതിഫലനം സമൂഹത്തില്‍ കാണേണ്ടതല്ലേ. നേരത്തെ പറഞ്ഞപോലെ ഭൂരിപക്ഷ പ്രദേശങ്ങളില്‍ എങ്കിലും. അതുണ്ടാവുന്നില്ല എന്നതാണ് ഞാന്‍ ആശുപത്രി വിഷയം ചൂണ്ടിക്കാണിക്കാന്‍ കാരണം.

  താങ്കളുടെ രണ്ടാമത്തെ മറുപടിക്കുള്ളതും കൂടി ഇതില്‍ ഉണ്ടെന്ന് കരുതുന്നു.

  ReplyDelete
  Replies
  1. മഹാന്മാരുടെ വചനം ഞാന്‍ എന്ത് ദുരുപയോഗം ആണ് നടത്തിയത്‌ ???
   താങ്കളുടെ അടിസ്ഥാന പ്രശ്നം എന്താണ് ???

   ഇവിടെ ഇത്രയും പേര്‍ വായിച്ചിട്ട് നിങ്ങള്‍ക്ക്‌ മാത്രം ആണ് തെറ്റിധാരണ അനുഭവപ്പെട്ടത്‌.
   മനസ്സില്‍ തെറ്റിധാരണ കൊണ്ട് നടക്കുന്നവര്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെങ്കില്‍ അത് എന്റെ കുറ്റം അല്ലല്ലോ ???!!

   അവര്‍ പറഞ്ഞ വാചകം അതുപോലെ കോപ്പി ചെയ്ത് ഇടുന്നതില്‍ തെറ്റ് ഉണ്ട് എന്നാണു നിങ്ങള്‍ കരുതുന്നത് എങ്കില്‍ നിങ്ങളുടെ സ്വബോധത്തെ കുറിച്ച് ഒന്ന് വിലയിരുത്തുന്നത് നന്നാവും !!!

   ഇസ്ലാമിനെ ന്യായീകരിക്കാന്‍ എന്തൊക്കെ വേണം എന്ന് അതിനെ ന്യായീകരിക്കുന്നവര്‍ തീരുമാനോച്ചോട്ടെ. അതിനെ കുറിച്ച് നിങ്ങള്‍ വ്യാകുലപ്പെടെണ്ടതില്ല. അതല്ലേ അതിന്റെ ശരി !!!

   ആദിമ മനുഷ്യനെ ദൈവം ഭൂമിയിലേക്ക്‌ അയച്ചപ്പോള്‍ അന്ന് മുതല്‍ ഇസ്ലാം ഇവിടെയുണ്ട്. ആദം നബിയാണ് ഇസ്ലാമിന്റെ ആദ്യ പ്രവാചകന്‍. ചരിത്രം പഠിക്കുക. റംസാന്‍ വ്രതം ആരംഭിക്കുന്നത് ആണ് മുഹമ്മദ്‌ നബി (സ) യുടെ കാലഘട്ടത്തില്‍. അതിനു മുന്‍പും വ്രതങ്ങള്‍ ഉണ്ടായിരുന്നു. ആദ്യം ഇസ്ലാം ചരിത്രം ഒന്ന് പഠിക്കുന്നത് നന്നായിരിക്കും.

   മഹാഭാരതം ആയുര്‍വേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ വരുന്നത് അല്ല എന്ന് ആദ്യം മനസിലാക്കുക. കഥാ പുസ്തകത്തില്‍ എഴുതി വെച്ചത് ഒക്കെ ആയുര്‍വേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ ആയുര്‍വേദ ആചാര്യന്മാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് മനസ്സിലാക്കുക.

   നിങ്ങള്‍ പറഞ്ഞത്‌ ആയുര്‍വേദത്തില്‍ രാത്രി ഭക്ഷണം നിഷിദ്ധമാണ് എന്നതാണ്. അതിനു ആയുര്‍വേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ ഉള്ള തെളിവ് നല്‍കുക. രാത്രി ലഘു ഭക്ഷണം ആണ് കഴിക്കേണ്ടത് എന്ന് ആയുര്‍വേദത്തിന്റെ ഗ്രന്ഥങ്ങളില്‍ പറയുമ്പോള്‍ രാത്രി ഭക്ഷണം അനുവദനീയമാണ് എന്ന് സാമാന്യ ബോധം ഉള്ളവര്‍ മനസ്സിലാക്കുക.

   എത്ര സാവകാശം എടുത്താലും തരക്കേടില്ല, "രാത്രി ഭക്ഷണം പൂര്‍ണ്ണമായി നിഷിദ്ധമാണ്" എന്ന് പറയുന്ന ആയുര്‍വേദഅടിസ്ഥാന ഗ്രന്ഥങ്ങളിലെ ശ്ലോകവും അതിന്റെ റെഫറന്‍സ്‌ നമ്പറും നല്‍കിയാല്‍ മതി. അതിനു പകരം ഒരുപാട് അതും ഇതും പറഞ്ഞിട്ട് കാര്യം ഇല്ല. ചോദ്യത്തിന് മറുപടി നല്‍കാന്‍ പഠിക്കുക.

   ഭക്ഷണം വെടിയാതെ അല്ലാതെ പിന്നെ മൂന്നു നേരം ഭക്ഷണം കഴിച്ചിട്ടാണോ വ്രതം അനുഷ്ഠിക്കുക ???

   ദഹന ശക്തിക്ക്‌ അനുസരിച്ചുള്ള ഭക്ഷണ രീതി ആണ് ആയുര്‍വേദത്തില്‍ പറയുന്നത്. അപ്പോള്‍ വ്രതം അനുഷ്ഠിക്കുന്ന ഒരാളുടെ "അഗ്നി" വൈകുന്നേരവും ശക്തമായിരിക്കും. ഭക്ഷണം ദഹിപ്പിക്കാന്‍ കഴിയും. ആദ്യം അത് മനസ്സിലാക്കുക.

   വ്രതം കഴിഞ്ഞ ശേഷം കീടനാശിനി അടിച്ച ഭക്ഷണം ആണ് കഴിക്കേണ്ടത്‌ എന്ന് ഞാന്‍ പറഞ്ഞോ ? ഇന്ന് നാട്ടില്‍ കിട്ടുന്ന ഭക്ഷണത്തില്‍ എല്ലാം ഇത്തരം മായം ഉണ്ട്. അത് മനസിലാക്കുക. ഇങ്ങിനെ ലഭിക്കുന്ന ഭക്ഷണം കഴിക്കുന്നവര്‍ക്ക് വ്രതം അനുഷ്ഠിക്കുമ്പോള്‍ അനുഷ്ഠിക്കാത്തവരെ കുറിച്ച് ആരോഗ്യത്തിനു ഗുണം തന്നെയാണ് ചെയ്യുക.

   ഓരോ മനുഷ്യനും അവനു എന്ത് ആചാരം ആണ് തുടരേണ്ടത് എന്ന് തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ലേ ?? മനുഷ്യന്‍ എല്ലാം അടിസ്ഥാന പരമായി മനുഷ്യന്‍ അല്ലേ ???
   മതത്തില്‍ വിശ്വസിക്കുന്നവര്‍ ആ ആചാരം അനുഷ്ഠിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ എന്തിനത്തില്‍ അസഹിഷ്ണുത പ്രകടിപ്പിക്കണം ???

   രോഗിക്ക്‌ ചികിത്സ നിശ്ചയിക്കുമ്പോള്‍ ദോഷം അനുസരിച്ച് തന്നെയാണ് ചെയ്യുക. എന്നാല്‍ ആരോഗ്യം ഉള്ള ഒരു വ്യക്തി വ്രതം അനുഷ്ഠിക്കുന്നതിന് വിലങ്ങു തടിയായി ദോഷങ്ങള്‍ നില നില്‍ക്കുന്നില്ല. ആയുര്‍വേദത്തെ കുറിച്ച് ശരിക്ക് പഠിക്കുക്ക. മനസ്സിലാക്കിയ കുറച്ചു കാര്യങ്ങള്‍ മാത്രം വെച്ച് ഇതാണ് ആയുര്‍വേദം എന്ന് ധരിച്ചാല്‍ അത് തെറ്റ് മാത്രം ആകും ??

   മുസ്ലിംങ്ങളും വ്രത ശേഷം തോന്നിയ പോലെ വലിച്ചു വാരി തിന്നുന്നുണ്ട്. അങ്ങിനെ തിന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കില്ല. അക്കാര്യം പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് നിങ്ങള്‍ കണ്ടില്ലേ ???

   ഇസ്ലാം വിരുദ്ധ കണ്ണട അഴിച്ചു വെച്ച ശേഷം പോസ്റ്റ്‌ ഒരിക്കല്‍ കൂടി വായിക്കുക.

   Delete
  2. എന്റെ ഒന്നിനും ഉള്ള മറുപടി ഇതില്‍ ഇല്ല.

   എന്റെ ചോദ്യങ്ങള്‍ വ്യക്തമായി ഇതാ ..

   1. ആയുര്‍വേദത്തില്‍ രാത്രി ഭക്ഷണം പൂര്‍ണ്ണമായി നിഷിദ്ധമാണ് എന്ന് പറഞ്ഞ വാക്ക്യങ്ങള്‍ ശ്ലോക നമ്പര്‍ സഹിതം അടിസ്ഥാന ഗ്രന്ഥങ്ങള്‍ ആയ ചരക സംഹിത, ശുശ്രുത സംഹിത, അഷ്ടാംഗ ഹൃദയം, അഷ്ടാംഗ സംഗ്രഹം എന്നിവയില്‍ ഉണ്ടെങ്കില്‍ സ്ഥാനം, അദ്ധ്യായം, ശ്ലോകം നമ്പര്‍ ഉള്‍പ്പടെ ആ റെഫറന്‍സ്‌ നല്‍കുക.

   2. പിന്നെ സോക്ട്രീസ്‌, പ്ലാറ്റോ ,വിഷയങ്ങളില്‍ നിങ്ങള്‍ പറഞ്ഞ തെറ്റ് ബോധ്യപ്പെട്ടുവോ ???!!!

   3. ആയുര്‍വേദത്തില്‍ രാത്രി ഭക്ഷണം ലഘു ആക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞിട്ടുണ്ട്. ലഘു ആക്കുക എന്നതിന്റെ അര്‍ഥം "ആയുര്‍വേദത്തില്‍ സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം പൂര്‍ണമായും നിഷിദ്ധമാണ്." എന്നാണോ ????

   4. മഹാന്മാരുടെ വാക്കുകള്‍ അതേ പടി പകര്‍ത്തുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത് ?

   5. അല്‍പ്പജ്ഞാനികള്‍ ഇസ്ലാം വിമര്‍ശിക്കപ്പെടുന്നതിന്റെ കാര്യവും ബോധ്യപ്പെട്ടുവോ ???

   6. താങ്കള്‍ അടിസ്ഥാനപരമായി ഒരു ഇസ്ലാം വിരോധി ആണോ ?


   മുകളില്‍ ഉള്ള 6 ചോദ്യങ്ങള്‍ക്ക്‌ അക്കമിട്ട് വ്യക്തമായ മറുപടി സംക്ഷിപ്ത രൂപത്തില്‍ പ്രതീക്ഷിക്കുന്നു.
   ചോദിച്ചതിന് മറുപടി നല്‍കുക. ചോദിക്കാത്തതിന് മറുപടി നല്‍കി വലിച്ചു നീട്ടേണ്ടതില്ല.

   Delete
  3. ഇയാളുടെ രോഗം ഇസ്ലാം വിരോധം ആണ്.ഇസ്ലാം വ്രതം എടുക്കുന്നവരുടെ ആരോഗ്യത്തെ പറ്റി നിങ്ങള്‍ വിഷമിക്കേണ്ട.നിങ്ങളോട് ആരും പോയി വ്രതം എടുത്ത്‌ വരൂ എന്ന് പറഞ്ഞിട്ടില്ലല്ലോ.സോക്രട്ടീസിന്റെ വാചകങ്ങളുടെ പാറ്റന്റ് നിങ്ങളുടെ കൈവശമാണോ?ഇത്തരം മാനസിക രോഗികളുടെ കമന്റ് ഡിലീറ്റ്‌ ആക്കുകയാണ് വേണ്ടത്‌.എല്ലാ അണ്ടനും അടകോടനും പറഞ്ഞതെല്ലാം ആയുര്‍വേദമാണെന്ന്നു പറഞ്ഞിട്ട് കാര്യമില്ല.

   Delete
 50. അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്കുമുമ്പുള്ള പ്രവാചകന്മാരുടെ അനുയായികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളില്‍ ഭക്തിയുടെ ഗുണങ്ങള്‍ വളര്‍ന്നേക്കാം (a).വ്രതാനുഷ്ഠാനം നിശ്ചിത ദിവസങ്ങളിലാകുന്നു. നിങ്ങളിലാരെങ്കിലും രോഗിയോ യാത്രക്കാരനോ ആയിരുന്നാല്‍ അവന്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികക്കട്ടെ. വ്രതമനുഷ്ഠിക്കാന്‍ കഴിവുള്ളവന്‍ (എന്നിട്ടും അതനുഷ്ഠിക്കുന്നില്ലെങ്കില്‍) പ്രായശ്ചിത്തം നല്‍കേണ്ടതാകുന്നു. ഒരഗതിക്ക് അന്നം നല്‍കലാണ് ഒരു വ്രതത്തിന്റെ പ്രായശ്ചിത്തം. ആരെങ്കിലും സ്വമേധയാ കൂടുതല്‍ നന്മചെയ്താല്‍ അതവന്നു നല്ലത്. എന്നാല്‍ വ്രതമനുഷ്ഠിക്കുന്നതുതന്നെയാണ് ഏറെ ഉത്കൃഷ്ടമായിട്ടുള്ളത്-നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍ .

  മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതിനാല്‍ ഇനിമുതല്‍ നിങ്ങളില്‍ ആര്‍ ആ മാസം ദര്‍ശിക്കുന്നുവോ അവന്‍ ആ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാകുന്നു. രോഗിയോ യാത്രക്കാരനോ ആയവന്‍ മറ്റു നാളുകളില്‍ നോമ്പ് എണ്ണം തികക്കട്ടെ(b).
  അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല. നിങ്ങള്‍ക്ക് നോമ്പിന്റെ എണ്ണം തികക്കാന്‍ സാധിക്കുന്നതിനും അല്ലാഹു സന്മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം അംഗീകരിച്ചു പ്രകീര്‍ത്തിക്കുന്നതിനും, അവനോട് കൃതജ്ഞതയുള്ളവരായിരിക്കുന്നതിനും വേണ്ടിയത്രെ അവന്‍ ഈ രീതി നിര്‍ദേശിച്ചുതന്നത്.

  - (വിശുദ്ധ ഖുര്‍ആന്‍ :അദ്ധ്യായം 2. സൂക്തം : 183 -185 )


  വിശദീകരണം :

  a) ഇസ്ലാമിലെ മറ്റ് ചില നിയമങ്ങളെപ്പോലെ നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമവും പടിപടിയായാണ് നടപ്പില്‍വരുത്തിയത്. ഓരോ മാസത്തിലും മൂന്ന് ദിവസം വീതം നോമ്പനുഷ്ഠിക്കുവാന്‍ ആദ്യകാലത്ത് നബി(സ) തിരുമേനി മുസ്ലിംകളോട് നിര്‍ദേശിച്ചിരുന്നു. എന്നാലത് നിര്‍ബന്ധമായിരുന്നില്ല. പിന്നീട് ഹി. രണ്ടാംവര്‍ഷം റമദാന്‍ മാസത്തിലെ നോമ്പിനെക്കുറിച്ചുള്ള ഈ വിധി അവതരിച്ചു. പക്ഷേ, നോമ്പനുഷ്ഠിക്കാന്‍ ശക്തിയുള്ളതോടെ അതനുഷ്ഠിക്കാതിരിക്കുന്നവര്‍ ഒരു നോമ്പിന് പകരം ഒരു ദരിദ്രന്ന് ആഹാരം നല്‍കിയാല്‍ മതിയെന്ന ഒരിളവ് അതിലുണ്ടായിരുന്നു. പിന്നീട് രണ്ടാമത്തെ വിധി അവതരിക്കുകയും ഈ ഇളവ് ദുര്‍ബലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രോഗി, യാത്രക്കാരന്‍, ഗര്‍ഭിണി, മുലകൊടുക്കുന്ന സ്ത്രീ, നോമ്പെടുക്കാന്‍ ശക്തിയില്ലാത്ത വൃദ്ധന്മാര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം പഴയതുപോലെ നിലനിര്‍ത്തുകയുണ്ടായി. പ്രതിബന്ധം നീങ്ങിയാല്‍ റമദാനില്‍ ഒഴിഞ്ഞുപോയ അത്രയും നോമ്പുകള്‍ നോറ്റുവീട്ടണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു.

  b) യാത്രയില്‍ നോമ്പനുഷ്ഠിക്കുന്നതും അനുഷ്ഠിക്കാതിരിക്കുന്നതും മനുഷ്യന്റെ സ്വാതന്ത്യ്രത്തിനു വിട്ടിരിക്കയാണ്. നബി(സ) തിരുമേനിയോടൊന്നിച്ചു യാത്ര ചെയ്തിരുന്ന സഹാബത്തില്‍ നോമ്പ് പിടിക്കുന്നവരും പിടിക്കാത്തവരുമുണ്ടായിരുന്നു, അവരില്‍ ഒരു വിഭാഗവും മറ്റേ വിഭാഗത്തെ ആക്ഷേപിച്ചിരുന്നില്ല.തിരുമേനിതന്നെയും യാത്രയില്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും മറ്റുചിലപ്പോള്‍ അനുഷ്ഠിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു യാത്രയില്‍ തിരുമേനിയുടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ അവശനായി തളര്‍ന്നു വീണു; ചുറ്റും ആളുകള്‍ തടിച്ചുകൂടി. സംഗതി എന്തെന്നു തിരുമേനി അന്വേഷിച്ചപ്പോള്‍ നോമ്പുകാരണം ക്ഷീണിച്ചതാണെന്നു ജനങ്ങള്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി അരുള്‍ചെയ്തു: "ഇത് പുണ്യമല്ല.``

  ReplyDelete
 51. വാദഗതികളൊന്നുമില്ല..

  എല്ലാവര്‍ക്കും ആരോഗ്യപൂര്‍ണ്ണമായ ഒരു മാസ വ്രതവും .. റംസാന്‍ ആശംസകളും..!!

  ReplyDelete
 52. കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു..really informative post...

  ReplyDelete
 53. അസ്സലാമു അലൈക്കും അബ്സര്‍ ബായി നല്ല ഉപകാര പ്രദമായ വിശധീകരണം കാരണം നോമ്പ് കൊണ്ടുള്ള ഗുണങ്ങള്‍ ആത്മീയ സായൂജ്യം , ഇവയെല്ലാം ലഭികണമെങ്കില്‍ നോമ്പ് തുറക്ക് ശേഷവും നമ്മള്‍ ആഹാരം മിതെപെടുത്തുക തന്നെ വേണം , താങ്ക്സ് ബായി

  ReplyDelete
 54. നല്ലൊരു പോസ്റ്റ് എന്ന് പറയുന്നതിലും പഡനാര്‍ഗമായ പോസ്റ്റ് എന്ന് പറയുന്നതാവും ശരി കാരണം ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ഈ വാക്കുകളില്‍ അറിഞ്ഞിരിക്കാന്‍ ഉണ്ട് എല്ലാവരും വായിക്കുക

  ആശംസകള്‍ അബ്സരിക്ക

  ReplyDelete
 55. ജീവിത ശൈലി രോഗങ്ങള്‍ വര്‍ദ്ദിക്കുമ്പോള്‍ ഇടക്കെന്കിലും ശൈലികള്‍ മാറ്റുന്നത് നല്ലത് തന്നെ

  ReplyDelete
 56. Absarka kure karyangal manasil aakan pati
  പകല്‍ കിടക്കുന്ന "പട്ടിണി"യോടുള്ള പ്രതികാരം എന്ന നിലയിലാണ് ഭൂരിപക്ഷം പേരും നോമ്പ്‌ തുറക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് എന്ന് നിസ്സംശയം പറയാം. നോമ്പ് തുറന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ മല്‍സ്യമാംസാദികള്‍ കൊണ്ടുള്ള ഒരു ആറാട്ടാണ്

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....