Sunday, July 01, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 08


ഡ്രൈവര്‍ വയര്‍ലെസ്‌ സന്ദേശം നല്കിയനുസരിച്ച്  മിനുട്ടുകള്‍ക്കകം തന്നെ കൂടുതല്‍ സൈനികര്‍ സംഭവസ്ഥലത്തെത്തി...

പെരസിനേയും മാര്‍ട്ടിനേയും എടുത്തു കൊണ്ട് സൈനിക വാഹനം അല്‍ നൂര്‍ ജനറല്‍ ഹോസ്പിറ്റലിലേക്ക് കുതിച്ചു....

ചുരുങ്ങിയ സമയം കൊണ്ട് പെരസിനേയും, മാര്‍ട്ടിനേയും ആശുപപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഡോ.ബ്രൂസ് ഇരുവരുടെയും മരണം സ്ഥിതീകരിച്ചു.

സുധി ഷോപ്പിങ്ങിന് പോയ സൈനിക വാഹനത്തിന്റെ ഡ്രൈവര്‍ സൈനികര്‍ക്കും, ബ്രൂസിനും കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു....

ഡോ.ബ്രൂസ്, ക്രിസ്റ്റഫറുമായി ഫോണില്‍ ബന്ധപ്പെട്ടു....

"ഏതെങ്കിലും ഡോക്ടര്‍ മാര്‍ട്ടിന്‍, പെരസ് എന്നീ രണ്ട് സൈനികരോടൊപ്പം പുറത്ത്‌  പോയിരുന്നോ ?" ബ്രൂസ്  അന്യേഷിച്ചു.

ക്രിസ്റ്റഫര്‍ : "ഉവ്വ്. പോയിരുന്നു..."

ബ്രൂസ് : "ഏതു ഡോക്ടര്‍ ആണ്  ?"

ക്രിസ്റ്റഫര്‍ : "ഡോ.സുധീര്‍... എന്താണ് പ്രശ്നം ??"

ബ്രൂസ് : "അദ്ദേഹത്തെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരിക്കുന്നു. മാര്‍ട്ടിനും പെരസും കൊല്ലപ്പെട്ടു."

ഞെട്ടലോടെയാണ് ക്രിസ്റ്റഫര്‍ ഈ വാക്കുകള്‍ ശ്രവിച്ചത്.

ബ്രൂസ് ഫോണ്‍ കട്ട് ചെയ്തു...

ക്രിസ്റ്റഫറിന്  ഈ സംഭവം വിശ്വസിക്കാന്‍ കഴിഞ്ഞില്ല....
അദ്ദേഹം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു....

ക്രിസ്റ്റഫര്‍ സുധിയുടെ മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്തു നോക്കി....
പക്ഷേ ഫോണ്‍ ഓഫായിരുന്നു....

നൈറ്റ്‌ ഡ്യൂട്ടി എടുക്കേണ്ടത്‌ കൊണ്ട്  ഇന്ത്യന്‍ സംഘാംഗങ്ങള്‍ ഹോസ്റ്റലില്‍ വിശ്രമിക്കുകയായിരുന്നു...

ക്രിസ്റ്റഫര്‍ തന്റെ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി....

റിസപ്ഷനില്‍ ഇരുന്ന് ഒരു മാസികയിലൂടെ കണ്ണോടിക്കുന്ന രാഹുലിന്റെ അടുത്തേക്ക്‌  ചെന്നു....

"മിസ്റ്റര്‍ രാഹുല്‍, ഒരു ദു:ഖ വാര്‍ത്തയുണ്ട്...." ക്രിസ്റ്റഫര്‍ മുഖവുരയായി പറഞ്ഞു.

"എന്താണ് സര്‍ ?" മാസിക മേശപ്പുറത്ത് വെച്ച് എഴുന്നേല്‍ക്കുമ്പോള്‍ രാഹുല്‍ ചോദിച്ചു.

ക്രിസ്റ്റഫര്‍ : "ഡോ.സുധീറിനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി..."

രാഹുലിന്റെ ഞെട്ടല്‍ മുഖത്ത് പ്രകടമായിരുന്നു...

"സുധീറിന് സംരക്ഷണം നല്‍കാന്‍ വേണ്ടി പോയ രണ്ട്  സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു..." ക്രിസ്റ്റഫര്‍ വിശദീകരിച്ചു.

രാഹുലിന് എന്താണ് പറയേണ്ടത് എന്ന് അറിഞ്ഞില്ല...
അദ്ദേഹത്തിന്റെ കാലുകള്‍ വിറച്ചു...
ആകെ തളര്‍ന്ന പോലെ തോന്നി....

ക്രിസ്റ്റഫര്‍ നടന്നകന്നു....

'എന്തായാലും ഇന്ത്യന്‍ സംഘത്തിലെ മറ്റുള്ളവരെ അറിയിക്കാം' എന്ന തീരുമാനത്തോടെ രാഹുല്‍ അവരുടെ മുറികളെ ലക്ഷ്യമാക്കി നടന്നു.....

വളരെ ഭീതിയോടെയും നടുക്കത്തോടെയും ആണ് ഇന്ത്യന്‍ സംഘം ആ വാര്‍ത്ത ശ്രവിച്ചത്....

അവരെല്ലാം ആശങ്കാകുലരായി....

അവര്‍ ക്രിസ്റ്റഫറിന്റെ അടുത്തെത്തി....

"ആരും ഭയപ്പെടേണ്ട.... എല്ലാം ശരിയാകും..." ക്രിസ്റ്റഫര്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

അധികം വൈകാതെ സുധിയെ തട്ടിക്കൊണ്ട് പോയ വാര്‍ത്ത കാട്ടുതീ പോലെ ആശുപത്രിയില്‍ പടര്‍ന്നു.....

ആശുപത്രിയുടേയും ഹോസ്റ്റലിന്റേയും സുരക്ഷക്കായി കൂടുതല്‍ സൈനികര്‍ നിയോഗിക്കപ്പെട്ടു....

സുധിയെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ സൈന്യം ആരംഭിച്ചു കഴിഞ്ഞിരുന്നു.....

ആറുമണി ആയപ്പോഴേക്കും സി എന്‍ എന്നും, ബി ബി സി യും "ഒരു ഡോക്ടറെ ഭീകരര്‍ ഇറാക്കില്‍ നിന്നും തട്ടിക്കൊണ്ട് പോയി" എന്ന വാര്‍ത്ത ഫ്ലാഷ് ന്യൂസ്‌ ആയി സംപ്രേക്ഷണം ചെയ്തു....

ആറരയോട്‌ കൂടി "ഇന്ത്യന്‍ സംഘത്തിലെ ഡോക്ടറെയാണ്  ഭീകരര്‍ കടത്തിയത് " എന്ന വാര്‍ത്ത സി എന്‍ എന്‍ പുറത്ത്‌ വിട്ടു....

സി എന്‍ എന്നിനെ ഉദ്ധരിച്ച് ഇന്ത്യയിലെ ദേശീയ ചാനലുകള്‍ ബ്രൈക്കിംഗ് ന്യൂസ്‌ ആയി ഈ വാര്‍ത്ത ജനങ്ങളിലേക്കെത്തിച്ചു...

                                                                    ****

തലയിലെ വേദനയാണ്  മുഖത്തേക്ക്‌ വെള്ളം വന്ന് വീണപ്പോള്‍ സുധിക്ക്‌ ആദ്യം അനുഭവപ്പെട്ടത്.....

താന്‍ എവിടെയാണ് എന്ന കാര്യത്തില്‍ സുധി ആശയക്കുഴപ്പത്തിലായിരുന്നു.....

ചുറ്റും നോക്കി....

അടുത്ത് പലരും നില്‍ക്കുന്നത് അവ്യക്തതയോടെ സുധിയുടെ കണ്ണുകള്‍ തിരിച്ചറിഞ്ഞു...

താമസിയാതെ എന്താണ് സംഭവിച്ചതെന്ന്  മനസ്സിലായി....

ഷോപ്പിംഗിനിടെ ഉണ്ടായ സംഭവങ്ങള്‍ ഓര്‍മ്മയിലേക്കെത്തി....

"താന്‍ ബന്ദിയാക്കപ്പെട്ടിരിക്കുന്നു" എന്ന വാസ്തവം സുധി തിരിച്ചറിഞ്ഞു.

കുടുംബത്തെ കടക്കെണിയില്‍ നിന്നും രക്ഷിക്കാന്‍ മാതാപിതാക്കളോട്  പോലും കള്ളം പറഞ്ഞ് വന്നതിനുള്ള ശിക്ഷ....!!

ചുറ്റും ആറേഴു പേര്‍ നില്‍ക്കുന്നുണ്ട്....
അവരുടെ നോട്ടം രൂക്ഷമായിരുന്നു....
എല്ലാവരും ചെറുപ്പക്കാരാണ്....
ഇരുപതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവര്‍....

സുധിയെ ഒരു മുറിയിലെ തറയില്‍ കിടത്തിയിരിക്കുകയാണ്....
കൈകള്‍ പിന്നിലേക്ക് കൂട്ടി കെട്ടിയിട്ടുണ്ട്....
കാലുകളും പരസ്പരം കെട്ടിയിട്ടിരിക്കുന്നു....

അവിടെ ഉണ്ടായിരുന്നവരുടെ മുഖത്തേക്ക്‌  ദയനീയമായി നോക്കി....
അവര്‍ മുഖം മൂടി ധരിച്ചിരുന്നില്ല....
ഒരാള്‍ സുധിയുടെ അടുത്ത് വന്ന് കഴുത്തിലുണ്ടായിരുന്ന ഐ ഡി കാര്‍ഡ്‌ നോക്കി....

"ഏതു രാജ്യക്കാരനാണ്‌ ?" അയാള്‍ ചോദിച്ചു.

"ഇന്ത്യ" സുധി ഭയത്തോടെ പറഞ്ഞു.

"ഡോക്ടര്‍ ആണോ?" ഐ ഡി കാര്‍ഡില്‍ ഡോക്ടര്‍ എന്ന് എഴുതിയിരിക്കുന്നത് കണ്ട് മറ്റൊരാള്‍ ചോദിച്ചു....

സുധി : "അതെ..."

അവര്‍ പരസ്പരം എന്തൊക്കെയോ പതുക്കെ സംസാരിക്കുന്നുണ്ടായിരുന്നു....

സുധിയുടെ നാവ് വരണ്ടിരുന്നു...
തല ചുറ്റുന്ന പോലെ തോന്നി...

"കുറച്ച് വെള്ളം തരുമോ ?" സുധി ദയനീയതയോടെ ചോദിച്ചു...

ഒരാളുടെ കയ്യില്‍ ഉണ്ടായിരുന്ന വെള്ളത്തിന്റെ കുപ്പി സുധിക്ക്‌ നേരെ നീട്ടി...
കൈകളും കാലുകളും കെട്ടിയിട്ടിരുന്നത് കൊണ്ട് സുധിക്ക്‌ അനങ്ങാന്‍ കഴിഞ്ഞില്ല...
നിസ്സഹായാവസ്ഥയോടെ അവരെ നോക്കി....

ഒരാള്‍ കൈകളിലെ കെട്ട് അഴിച്ചു കൊടുത്തു....

അല്പം പിന്നിലേക്ക് ഞെരങ്ങി നീങ്ങി ചുമരില്‍ ചാരിയിരുന്നു....
വെള്ളം വാങ്ങി മുഴുവനും കുടിച്ചു...

തലയില്‍ വേദനയുള്ള ഭാഗത്ത്‌ കൈക്കൊണ്ട് തടവി നോക്കി....
മുറിവൊന്നും പറ്റിയിട്ടിലെന്ന് സുധിക്ക്‌ മനസ്സിലായി....

"കൈകള്‍ പിന്നോട്ട് കൊണ്ടു വാ..." നേരത്തെ കെട്ട് അഴിച്ചു കൊടുത്ത വ്യക്തി ആന്ജ്യാ സ്വരത്തില്‍ പറഞ്ഞു.

സുധി അനുസരണയോടെ അപ്രകാരം ചെയ്തു....
അദ്ദേഹത്തിന്റെ കൈകള്‍ വീണ്ടും ബന്ദിക്കപ്പെട്ടു....
കഴുത്തില്‍ ഉണ്ടായിരുന്ന ഫോണ്‍ നേരത്തെ തന്നെ അവര്‍ എടുത്തിരുന്നു....
ഐ  ഡി കാര്‍ഡ്‌, കൈ കെട്ടിയ ആള്‍ ഊരിയെടുത്തു....

സുധിയുടെ ശരീരം മുഴുവനും അവര്‍ പരിശോധിച്ചു...
ക്രെഡിറ്റ്‌ കാര്‍ഡും, വാച്ചും,  കൈ പുസ്തകങ്ങളും എല്ലാം അവര്‍ എടുത്തു....

സുധിയെ തനിച്ചാക്കി മറ്റുള്ളവരെല്ലാം മുറിയില്‍ നിന്നും പുറത്തേക്ക്‌ പോയി....
മുറിയുടെ വാതില്‍  പുറത്തു നിന്നും പൂട്ടി ...
വാതില്‍ കമ്പികൊണ്ട് ഉള്ളതായിരുന്നു...
ജയിലില്‍ കാണുന്നത് പോലെയുള്ള വാതില്‍....

എന്ത് ചെയ്യണമെന്നറിയാതെ സുധി തളര്‍ന്നിരുന്നു....
മുറിയില്‍ ഒരു ജനല്‍ പോലും ഉണ്ടായിരുന്നില്ല....
നിലം കോണ്‍ക്രീറ്റ്  ചെയ്തതാണ്....
വാതിലിന്റെ മുന്നില്‍ ഒരു ചെറിയ വരാന്തയുണ്ട്....

"കുടുംബത്തെ രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടിട്ട്, അവരെ തീരാ ദു:ഖത്തിലേക്കാണല്ലോ എത്തിച്ചിരിക്കുന്നത്...." സുധിയുടെ മനസ്സ്‌ നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു....

ഇടക്കിടെ ചിലര്‍ വാതിലിന് സമീപം വന്ന് നോക്കിക്കൊണ്ടിരിക്കുന്നുണ്ട്...
മൃഗശാലയിലെ അപൂര്‍വ ജീവിയെ നോക്കുന്ന കണ്ണുകളോടെ....

ഏകദേശം മുപ്പത്തഞ്ചു വയസ്സിന് മുകളിലുള്ള, നല്ല പ്രൌഡിയുള്ള ഒരാള്‍ വാതിലിന് സമീപം വന്ന് നിന്നു....
കുറച്ച് സമയം അവിടെ നിന്ന ശേഷമാണ് അദ്ദേഹം തിരിച്ചു പോയത്....
എങ്കിലും അയാള്‍ ഒന്നും ചോദിച്ചില്ല....

ഏതായാലും തന്റെ അന്ത്യം അടുത്തിരിക്കുന്നു എന്ന കാര്യം സുധിക്ക്‌ മനസ്സിലായി....
ഇനിയെല്ലാം ദൈവത്തിലര്‍പ്പിക്കുക....

സുധി വീടിനെ കുറിച്ചോര്‍ത്തു....
ഫാസിലക്ക്  മാത്രമാണല്ലോ ഞാന്‍ ഇറാക്കിലാണ് എന്ന സത്യം അറിയുക...
ഈ വാര്‍ത്ത ഇനി നാട്ടിലറിയും....
എന്തായിരിക്കും വീട്ടിലെ അവസ്ഥ....!!!

അച്ചനും അമ്മയും സഹോദരിമാരും എല്ലാം എങ്ങിനെ സഹിക്കും ????

നാട്ടുകാര്‍ക്ക്‌ എങ്ങിനെയാണ് അവരെ സമാധാനിപ്പിക്കാന്‍ കഴിയുക....

താന്‍ കൊല്ലപ്പെട്ടാല്‍ പിന്നെ വീട്ടുകാരുടെ കാര്യം എല്ലാം ആര് നോക്കും????

സഹോദരിമാരുടെ വിവാഹം....???

ഇറാക്കിലേക്ക് വരാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നോ ????

സുധിയുടെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു....

സ്വന്തം അവസ്ഥയേക്കാള്‍ വീട്ടുക്കാരുടെ അവസ്ഥയാണ് സുധിയെ സങ്കടപ്പെടുത്തിയത്.....

                                                                    ****

ഏഴു മണിയോട് കൂടി "ഡോ.സുധീറിനെയാണ് ഭീകരര്‍ റാഞ്ചിയത് " എന്ന വസ്തുത ഇറാക്കിലെ താല്‍ക്കാലിക ഭരണകൂടം സ്ഥിതീകരിച്ചു.

അതോട് കൂടി ഈ വാര്‍ത്ത മലയാളം ചാനലുകളും സജീവമായി ഏറ്റെടുത്തു.....

സുധിയുടെ വീടിന് സമീപമുള്ള കുട്ടികള്‍ മൂസാക്കയുടെ വീട്ടില്‍ ഇരുന്ന് ടി വി കാണുമ്പോഴാണ് ഈ വാര്‍ത്ത ബ്രൈക്കിംഗ് ന്യൂസ്‌ ആയി ടി വി സ്ക്രീനിലേക്ക്  കടന്നു വന്നത്....

സുധിയുടെ ഫോട്ടോ കാണിച്ചു കൊണ്ടായിരുന്നു ചാനലുകളുടെ വാര്‍ത്തകള്‍....

"ഹായ്‌, സുധിയേട്ടന്‍..." എന്ന് പറഞ്ഞു കൊണ്ട്  തങ്ങളുടെ കോളനിയിലെ ഒരാളുടെ മുഖം ടി വി യില്‍ വന്നതിലുള്ള സന്തോഷം കുട്ടികള്‍ പങ്കുവെച്ചു...

ഫാസിലയുടെ അനിയന്‍ ഫസലും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു....

"സുധിയേട്ടനെ ടി വി യില്‍ കാണിക്കുന്നുണ്ട്...."  ഫസല്‍ സുധിയുടെ വീട്ടില്‍ ചെന്ന് അജിതയോട് ആവേശത്തോടെ പറഞ്ഞു....

അത് കേട്ട് അജിതയും സന്തോഷത്തോടെ മൂസാക്കയുടെ വീട്ടിലേക്ക്‌ ഓടിയെത്തി....
ഫസല്‍ ഈ വാര്‍ത്ത വിളിച്ചു പറഞ്ഞു കൊണ്ടാണ് ഓടിയിരുന്നത്....
പുറത്ത്  സംസാരിച്ചു നില്‍ക്കുകയായിരുന്ന മൂസാക്കയും ഇത് കേട്ട് ടി വിയുടെ മുന്നിലേക്ക്‌ ചെന്നു....

"മലയാളി ഡോക്ടറെ ഇറാക്കി പോരാളികള്‍ ബന്ദിയാക്കി. മലപ്പുറം ജില്ലയിലെ കോട്ടപ്പുറം സ്വദേശിയായ ഡോ.സുധീറിനെ ഇറാക്കി പോരാളികള്‍ തട്ടിക്കൊണ്ട് പോയി. വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. ഇറാക്കി പോരാളികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സി എന്‍ എന്‍ ആണ് ഈ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാക്കിലേക്ക് ഇന്ത്യ അയച്ച മെഡിക്കല്‍ സംഘത്തിലെ അംഗമായിരുന്നു ഡോ.സുധീര്‍." ചൂടുള്ള ഒരു വാര്‍ത്ത ലഭിച്ച ആവേശത്തില്‍ ലഭ്യമായ വിവരങ്ങള്‍ പങ്കുവെച്ച് നികേഷ്‌  ചര്‍ച്ചക്കുള്ള വട്ടം കൂട്ടുകയായിരുന്നു.....
(തുടരും....:)


16 comments:

 1. നന്നാവുന്നുണ്ട്.തുടരട്ടെ.

  ReplyDelete
 2. വെറുതെ 'നന്നായിട്ടുണ്ട്' എന്ന് മാത്രം പോര എന്നാണ് എന്റെ അഭിപ്രായം, ഭുദ്ധിയുപയോഗിച്ചു രചിച്ച കഥ, നന്നായി വര്‍ക്ക് ചെയ്തു ആവശ്യമായ വിവരങ്ങളും ശേഖരിച്ചു വളരെ രസകരമായിട്ടെഴുതി

  ReplyDelete
 3. തുടരട്ടെ ..സുധി ഇനി എങ്ങിനെ രക്ഷപെടുമോ ?
  മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാതെ അബ്സറെ...:))

  ReplyDelete
 4. അടുത്ത ഭാഗം പോരട്ടെ ഡോക്ടറേ,

  ReplyDelete
 5. ആഹാ സുധിയ്ക്ക് എന്ത് സംഭാവിച്ചിരിക്കും എന്ന് കാത്തിരിക്കുകയായിരുന്നു .....

  അവള്‍ ഇനി ഇവന്മാരുടെ കൈയില്‍ നിന്നും ഉടന്‍ രക്ഷപെടുമോ ദാക്കിറ്ററേ .. പുണ്യവാളന്‍ കാത്തിരിക്കുവാ !


  സ്നേഹാശംസകളോടെ പുണ്യവാളന്‍ @ കേള്‍ക്കാത്ത ശബ്ദം

  ReplyDelete
 6. വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  ReplyDelete
 7. ഡോക്ടറെ തട്ടിക്കൊണ്ടുപോയവര്‍ നല്ലവരാണ്. അദ്ദേഹത്തെ ഒന്നും ചെയ്യില്ല. അവര്‍ ഭീകരവാദികളൊന്നുമല്ലല്ലോ.

  ReplyDelete
 8. കഥ ഇപ്പോള്‍ ചൂട് പിടിച്ചിട്ടുണ്ട്.രംഗങ്ങള്‍ സിനിമപോലെ മനസ്സില്‍ കാണാന്‍ കഴിയുന്നു.അടുത്ത ഭാഗങ്ങള്‍ വേഗം പോസ്റ്റൂ.

  ReplyDelete
 9. മുറുക്കമുണ്ട്..
  ഇന്ത്യക്കാരായ മൂന്നു പേരെ (കുവൈറ്റില്‍ നിന്നുള്ള ഡ്രൈവര്‍മാരെ) ഇറാഖില്‍ വച്ച് തട്ടിക്കൊണ്ടു പോയി പിന്നെ പണം വാങ്ങി മോചിപ്പിച്ചിരുന്നു.. അവരുടെ അനുഭവങ്ങള്‍ മനോരമയില്‍ വന്നിരുന്നു.. ഒന്ന് റഫര്‍ ചെയ്യുന്നത് ഉപകാരപ്പെടും..
  മണിലാല്‍ എന്നൊരു മലയാളിയെ ഇതേ പോലെ തട്ടിക്കൊണ്ടു പോയി ഭീകരര്‍ എന്ന് പറയുന്നവര്‍ വധിച്ചിരുന്നു.. ആ വാര്‍ത്ത അന്ന് മനസ്സില്‍ ഒത്തിരി നോമ്പരമുണ്ടാക്കിയിരുന്നു..
  തുടരുക..

  ReplyDelete
 10. പോരട്ടെ..... നല്ല എഴുത്താണു

  ReplyDelete
 11. എന്‍റെ ഡോക്ടറെ ടെന്‍ഷന്‍ അടിപ്പിക്കാതെ അടുത്ത ഭാഗം വേഗം ഇങ്ങു പോരട്ടെ..

  ReplyDelete
 12. നീണ്ടു നീണ്ടു കുങ്കുമപ്പൂവ് പോലെ യാവുമോ ??? അടുത്ത എപ്പിടോസിനായി സോറി എപ്പിസോടിനായി ആകാംക്ഷയോടെ!!

  ReplyDelete
 13. സസ്പെൻസ് നില നിർത്താൻ കഴിയുന്നുണ്ട്.. അടുത്ത ഭാഗം പോരട്ടെ..!!

  ReplyDelete
 14. ഒരു സസ്പന്‍സ് നില നില്‍ക്കുന്നു. എങ്കിലും ഞങ്ങളുടെ മനസ്സില്‍ സാധാരണയുള്ള ഒരു ക്ലൈമാക്സ് ഉണ്ട്. അങ്ങിനെയായാല്‍ ..:) അപ്പ പറയാം.
  അഭിനന്ദനങ്ങള്‍ ഡോക്ടര്‍ ഭായ്..

  ReplyDelete
  Replies
  1. ആരും പ്രതീക്ഷിക്കാന്‍ സാധ്യത ഇല്ലാത്ത ഇടത്തേക്ക് തന്നെയാണ് പോക്ക്...
   ഏതായാലും നോക്കാം............:)

   Delete
 15. ഡോക്ടര്‍ നന്നായി ഹോം വര്‍ക്ക്‌ ചെയ്തിടുണ്ട് ഈ കഥക്ക് വേണ്ടി...ഓരോ ലക്കവും വായിക്കാന്‍ ഉള്ള ആകാംഷ നിലനിര്‍ത്താന്‍ ആകുന്നു എന്നുള്ളത് ഡോക്ടറുടെ കഴിവ്...കഥാപാത്രങ്ങള്‍ വായനക്കാരിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട് ....ആശംസള്‍....

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....