Thursday, May 10, 2012

അപ്പുക്കുട്ടന്റെ ആദ്യാനുഭവം


ആയുര്‍വേദ കോളേജിലെ പരീക്ഷാ കടമ്പകള്‍ കടന്ന് മുറി വൈദ്യനായി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്താണ് അപ്പുക്കുട്ടന്‍ ആദ്യമായി ഒരു രോഗിയെ വാണിജ്യാടിസ്ഥാനത്തില്‍ പരിശോധിക്കുന്നത്.

'വാണിജ്യാടിസ്ഥാനത്തില്‍' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായോ?

അതായത്‌, പഠിക്കുന്ന സമയത്ത്‌ ചികിത്സിക്കുമ്പോള്‍ സാമ്പത്തിക നേട്ടം ഒന്നും ഉണ്ടാകില്ലല്ലോ. അതുപോലെ തന്നെ വിദ്യാര്‍ഥികളുടെ ചികിത്സയുടെ തെറ്റുകള്‍ തിരുത്താന്‍ അധ്യാപകരും ഉണ്ടാകും.

സൗജന്യ മെഡിക്കല്‍ ക്യാമ്പുകളില്‍ പലപ്പോഴും കൃത്യമായ ചികിത്സ നടക്കാറില്ല.
സൗജന്യമായി കിട്ടിയ മരുന്നുകള്‍ കൊണ്ടുള്ള ഒരു ആറാട്ടാകും പലപ്പോഴും അത്തരം ക്യാമ്പുകള്‍.
അപ്പോള്‍ ടെന്‍ഷന്‍ ഇല്ലാതെ ചികിത്സ നടത്താം.
അല്ലെങ്കില്‍ അത്തരം അവസ്ഥകളിലൊന്നും അപ്പുക്കുട്ടന് ടെന്‍ഷന്‍ തോന്നിയിട്ടില്ല എന്ന് പറയാം.

പഠന സമയത്ത് ഭാവിയില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ചികിത്സ നടത്തേണ്ട സാഹചര്യത്തെ പറ്റിയൊന്നും ചിന്തിക്കില്ല. അതെല്ലാം ചിന്തിക്കുന്ന പഠിപ്പിസ്റ്റുകള്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നെങ്കിലും അപ്പുക്കുട്ടന്‍ അതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല.
"കോളേജിലെ സുന്ദരിമാരുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ച് സമയം പാഴാക്കരുതല്ലോ...." എന്നതായിരുന്നു അപ്പുക്കുട്ടന്റെയും കൂട്ടരുടെയും മഹത്തായ സിദ്ധാന്തം.

അങ്ങിനെ മുറിവൈദ്യനായി നടക്കുന്ന സമയത്താണ് അപ്പുക്കുട്ടന് ഒരു ഓഫര്‍ കിട്ടിയത്‌.

കോളേജ്‌ ഹോസ്പിറ്റലിലെ ഡ്യൂട്ടി സമയത്തിനു ശേഷം വൈകുന്നേരം 7 മണി മുതല്‍  9 മണി വരെ ഒരു ക്ലിനിക്കിലേക്ക് ചികിത്സിക്കാന്‍ ചെല്ലാന്‍ ക്ഷണം.

രോഗിയുടെ കയ്യില്‍ നിന്ന് കിട്ടുന്നത് എന്തായാലും എടുക്കാം...
പണമായാലും, തെറി ആയാലും, അടിയായാലും....

"ആവശ്യത്തില്‍ അധികം ഇപ്പോള്‍ തന്നെ പഠിച്ചു" എന്ന തോന്നല്‍ ഉള്ളത് കൊണ്ട് തന്റെ കയ്യിലുള്ള അഭ്യാസം വല്ലവന്റെയും നെഞ്ചത്ത്‌ പരീക്ഷിക്കാന്‍ കിട്ടിയ അവസരം നമ്മുടെ ഡോ.അപ്പുക്കുട്ടന്‍ പാഴാക്കിയില്ല.

പഠിക്കുന്ന കാലത്ത് അധ്യാപകര്‍ നടത്തുന്ന ചികിത്സയിലെ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതിലായിരുന്നു അപ്പുക്കുട്ടന്റെയും ഗാങ്ങിന്റെയും പ്രധാന ശ്രദ്ധ.
മാത്രമല്ല "ഞാന്‍ ആയിരുന്നു ആ രോഗിയെ ചികിത്സിച്ചിരുന്നത് എങ്കില്‍ അസുഖത്തെ മണിക്കൂറുകള്‍ക്കൊണ്ട് പമ്പ കടത്തിയിരുന്നു" എന്ന് മഹിളാമണികളുടെ ഇടയില്‍ വീരവാദം മുഴക്കിയിരുന്ന കാലം.

ജനിച്ചപ്പോള്‍ തന്നെ കഷായക്കുപ്പികള്‍ കാണാന്‍ തുടങ്ങിയതാണ്  എന്നതിന്റെ അഹങ്കാരവും കൂട്ടിനുണ്ടായിരുന്നു.

അങ്ങിനെ ആത്മവിശ്വാസത്തിന്റെ നെറുകയില്‍ നിന്നു കൊണ്ടാണ് അപ്പുക്കുട്ടന്‍ ആ ഓഫര്‍ ഏറ്റെടുത്തത്.
ജാംനഗര്‍ ആയുര്‍വേദ കോളേജിന്റെ ഡീന്‍ ആകാനുള്ള വിവരവും അറിവും ഉണ്ടായിട്ടും ഈ ചെറിയ ദൗത്യം ഏറ്റെടുക്കുന്നതില്‍ നിന്നും അപ്പുക്കുട്ടന്‍ പിന്‍മാറിയില്ല. മഹാമനസ്കത തന്നെയായിരുന്നു അതിനുള്ള കാരണം !!!!

അപ്പുക്കുട്ടന്റെ സീനിയേഴ്സില്‍ പലരും വാണിജ്യ ചികിത്സക്ക് ഹരിശ്രീ കുറിച്ചതും ഈ ക്ലിനിക്കില്‍ വെച്ചായിരുന്നു. അതുകൊണ്ട് തന്റെ ചികിത്സയുടെ ആദ്യ അനുഗ്രഹം ആ ക്ലിനിക്കിന് തന്നെ നല്‍കാന്‍ അപ്പൂസ്‌ തീരുമാനിച്ചു.

കോയമ്പത്തൂരിലെ ഉക്കടത്തിന് അടുത്തുള്ള കരുമ്പുകട എന്ന സ്ഥലത്തായിരുന്നു ജനകോടികളുടെ വിശ്വസ്തസ്ഥാപനമായിരുന്ന ആ ചെറിയ ക്ലിനിക്ക്‌.

കോളേജില്‍ നിന്നും രണ്ടു ബസ്സ്‌ കയറി വേണം അവിടെ എത്താന്‍...
ക്ലിനിക്കിന്റെ ഉടമസ്ഥന്‍ "യാത്രക്ക് ബെന്‍സ്‌ കാര്‍ അയച്ചു തരാം" എന്ന് പറഞ്ഞെങ്കിലും അപ്പുക്കുട്ടന്‍ അത് സ്നേഹത്തോടെ നിരസിച്ചു.

അങ്ങിനെ അപ്പുക്കുട്ടന്‍ സ്റ്റെത്തും കയ്യില്‍ പിടിച്ചു ബസ്സിലേക്ക് കാല്‍ എടുത്തു വെച്ചു...
ബസ്സില്‍ നല്ല തിരക്ക്‌ ഉണ്ടായിരുന്നെങ്കിലും സ്റ്റെത്ത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ മറന്നില്ല.
മഹാനായ വൈദ്യന്‍ ആണെന്ന് നാട്ടുകാര്‍ അറിയട്ടെ....!!!

ഇടക്ക് സ്റ്റെത്ത് ചെവിയില്‍ തിരുകി മുന്നില്‍ നില്‍ക്കുന്ന ആളുടെ തലയില്‍ വെച്ച്  സൗജന്യമായി ഒന്ന് പരിശോധിച്ചാലോ എന്ന് വരെ ആലോചിച്ചു..
പിന്നെ ഓവര്‍ ആക്കേണ്ടല്ലോ എന്ന് കരുതി ആ പണി ചെയ്തില്ല.

അങ്ങിനെ ക്ലിനിക്കില്‍ എത്തി....

നൂറ് കണക്കിന് രോഗികള്‍ തന്നെ കാത്ത് ക്യൂ നില്‍ക്കുന്നുണ്ടാവും എന്ന പ്രതീക്ഷയില്‍ ആണ് അപ്പുക്കുട്ടന്‍ ക്ലിനിക്കിലേക്ക് വലത്‌ കാല്‍ എടുത്ത്‌ വെച്ചത്.

പക്ഷേ ഒരു ഈച്ചക്കുട്ടി പോലും ഇല്ല....

കുറേ സമയം അവിടെ ഇരുന്നു...

ചായയും കേക്കും ക്ലിനിക്കിന്റെ ഉടമസ്ഥന്‍ കൊണ്ട് വന്നു തന്നു....
ഒരുപാട് സമയം നുണഞ്ഞ് നുണഞ്ഞ് അവ രണ്ടും അകത്താക്കി....

കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സ് വെറുതെ കൊതിച്ചു "ഒരു ചായയും കേക്കും കൂടി കിട്ടിയിരുന്നെങ്കില്‍ !!!"

അതിനിടയില്‍ ഒരു രോഗി വന്നു മുമ്പ്‌ അവിടെ വന്നിരുന്ന ഡോക്ടറെ പറ്റി അന്യേഷിച്ചു....
"ആ ഡോക്ടര്‍ പോയി... ഇന്ന് മുതല്‍ പുതിയ ആളാ..." ഉടമസ്ഥന്‍ പറഞ്ഞു

രോഗി പതുക്കെ കണ്‍സള്‍ട്ടിംഗ് റൂമിലേക്ക്‌ എത്തി നോക്കി....

അപ്പുക്കുട്ടന്‍ ആവേശഭരിതനായി.....

"ഇതാ നിന്റെ ആദ്യ രോഗി....അവനെ പിഴിഞ്ഞ് കാശുണ്ടാക്ക്...." എന്ന അശരീരി വായുവില്‍ മുഴങ്ങി.

അപ്പുക്കുട്ടന്റെ കണ്ണുകള്‍ ആക്രാന്തത്തോടെ ആ രോഗിയിലേക്കും അയാളുടെ പോക്കറ്റിലേക്കും പതിഞ്ഞു....

"കടന്നു വരൂ.... എന്റെ ചികിത്സ നേടി ധന്യനാവൂ..." എന്ന് അപ്പുവിന്റെ കണ്ണുകള്‍ ആ രോഗിയോട് പറഞ്ഞു.
അറവുകാരന്‍ അറുക്കാന്‍ കത്തി എടുക്കുന്ന പോലെ സ്റ്റെത്ത് എല്ലാം ശരിയാക്കി വെച്ചു.....

പക്ഷേ ആ രോഗി അകത്തേക്ക്‌ കയറിയില്ല....

"പിന്നെ വരാം..." എന്ന് പറഞ്ഞ് ആ രോഗി തന്റെ ആരോഗ്യത്തെ അപ്പുക്കുട്ടന്റെ കരാള ഹസ്തങ്ങളില്‍ നിന്നും രക്ഷിച്ചു....

രണ്ടു പേര്‍ കൂടി ഈ വിധത്തില്‍ പെരുമാറിയപ്പോള്‍ അപ്പുക്കുട്ടനും നിരാശയായി....
തന്നെ കാണുമ്പോഴേക്കും രോഗികള്‍ മുങ്ങുന്നു....

ഇത്ര വലിയ പാപം എന്താണ് ഞാന്‍ ചെയ്തത് ???

അധ്യാപകരുടെ ലൈന്‍ പൊളിക്കാന്‍ വേണ്ടി കളിച്ചത് ഇത്ര വലിയ കുരുത്തക്കേടാണോ????

ഡോക്ടര്‍ അല്ല എന്ന് തന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ടോ ????

അങ്ങിനെ മൂന്ന് രോഗികള്‍ കബളിപ്പിച്ച നിരാശയില്‍ ഇരിക്കുമ്പോഴാണ് പുതിയൊരു രോഗി കൂടി എത്തി നോക്കാന്‍ വന്നത്...

"ഇയാളും കയറില്ലല്ലോ" എന്ന ഉറപ്പില്‍ അപ്പുക്കുട്ടന്‍ അയാളെ മൈന്‍ഡ് ചെയ്തില്ല....

പക്ഷേ അയാള്‍ അകത്തേക്ക്‌ കയറി സ്റ്റൂളില്‍ ഇരുന്നു...

അതോടെ അപ്പുക്കുട്ടന്റെ ഉള്ളില്‍ നിന്നും എന്തോ ഒരു ഭയം പുറത്ത് ചാടി.....!!!

തന്റെ കൈ കാലുകള്‍ വിറക്കുന്നതായി അപ്പുവിന് തോന്നി....

"എന്താ പ്രശ്നം ?" വിറയാര്‍ന്ന ശബ്ദത്തില്‍ ഡോ.അപ്പുക്കുട്ടന്‍ ചോദിച്ചു...

"അത് ഡോക്ടര്‍ അല്ലേ പറയേണ്ടത്.... എന്റെ രോഗം എന്താണ് എന്ന് ?" ഉറച്ച ശബ്ദത്തില്‍ രോഗി തിരിച്ചടിച്ചു....

"അത് ശരിയാണല്ലോ" എന്ന് അപ്പുക്കുട്ടനും തോന്നി....

എന്ത് ചെയ്യണം എന്ന് അറിയാതെ പരതുമ്പോഴാണ് സ്റ്റെത്ത് കയ്യില്‍ തടഞ്ഞത്‌....

തേടിയ വള്ളി കാലില്‍ ചുറ്റി എന്ന പോലെ അപ്പുക്കുട്ടന്‍ സ്റ്റെത്ത് കൊണ്ട് കുറച്ചു സമയം കസര്‍ത്ത്‌ നടത്തി....

രോഗിയുടെ പലയിടത്തും സ്റ്റെത്ത് ഓടി നടന്നു....

പോളിറ്റ് ബ്യൂറോയിലേക്ക്‌ സ്റ്റെത്ത് വെക്കാന്‍ കൈ നീണ്ടെങ്കിലും
പെട്ടന്ന് ബോധോദയം ഉണ്ടായത് കൊണ്ട് കൈ തിരിച്ചെടുത്തു.....

സ്റ്റെത്തിന്റെ ശബ്ദം ഒന്നും അപ്പുക്കുട്ടന്‍ കേട്ടിരുന്നില്ല.....

കാതുകളില്‍ ഒരു മൂളല്‍ മാത്രമായിരുന്നു അനുഭവപ്പെട്ടത്.

"പനിയുണ്ടല്ലേ ?" അപ്പുക്കുട്ടന്‍ ആദ്യത്തെ കണ്ടെത്തല്‍ നടത്തി....

രോഗി : "ഉണ്ട്.."

അപ്പു : "തലവേദനയോ ?"

രോഗി : "ഉണ്ട്.."

അപ്പു : "കൈ കാല്‍ വേദന ?"

രോഗി : "ഉണ്ട് ..."

അപ്പു : "തല ചുറ്റല്‍ ?"

രോഗി : "ഉണ്ട്..."

അപ്പു : "വയറു വേദന ?"

രോഗി : "ഉണ്ട്..."

അപ്പു : "ചര്‍ദ്ദി ?"

രോഗി : "ഉണ്ട്..."

അങ്ങിനെ അപ്പുക്കുട്ടന്‍ ചോദിച്ചതിന് എല്ലാം രോഗി "ഉണ്ട് " എന്ന മറുപടി നല്‍കി....

ഒടുവില്‍ ചോദ്യങ്ങള്‍ നിര്‍ത്തി....

"ഉണ്ട് " എന്ന മറുപടി കേള്‍ക്കാനായി മാത്രം ചോദ്യങ്ങള്‍ ചോദിക്കേണ്ടതിലല്ലോ...

പിന്നെ മരുന്ന് എഴുതി കൊടുക്കാനായി പ്രിസ്ക്രിപ്ഷന്‍ പാഡ് തുറന്നു....
പേന കയ്യിലെടുത്തു....

രോഗിയുടെ പേരും മറ്റു വിവരങ്ങളും പൂരിപ്പിക്കുന്നതിനിടയില്‍ പണ്ട് റോസി ടീച്ചര്‍ക്ക്‌ ഇട്ടു കൊടുത്ത പണി ഓര്‍മ്മയിലേക്കെത്തി....

റോസി മാഡം പ്രിസ്ക്രിപ്ഷന്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ക്ലാസ്‌ എടുക്കുകയാണ്...

ടീച്ചര്‍ക്ക്‌ ടീച്ചര്‍ പറയുന്നത് അച്ചടക്കത്തോടെ അനുസരിക്കുകയും, പഠിക്കുകയും ചെയ്യുന്നവരെ മാത്രമായിരുന്നു ഇഷ്ടം...
അപ്പുക്കുട്ടനും കൂട്ടര്‍ക്കുമാണെങ്കില്‍ പഠിക്കുന്ന കാര്യം പറഞ്ഞ് ശല്യപ്പെടുത്താതെ നന്നായി കമ്പനി കൂടുന്ന അധ്യാപകരെയായിരുന്നു ഇഷ്ടം....

അതുകൊണ്ടു തന്നെ റോസി ടീച്ചറുടെ വര്‍ഗ്ഗ ശത്രുക്കളും, ഓഞ്ചിയം ഭാഷയില്‍ പറഞ്ഞാല്‍ കുലം കുത്തികളുമായിരുന്നു അപ്പുക്കുട്ടനും സംഘവും....!!!

"പ്രിസ്ക്രിപ്ഷനില്‍ രോഗിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍കൊള്ളിക്കണം. പേര്, വയസ്സ് എന്നിവ നിര്‍ബന്ധം ആണ്. അതുപോലെ തന്നെയാണ് സെക്സ് എന്ന കോളവും..." റോസി ടീച്ചര്‍ ക്ലാസ്‌ എടുക്കുകയാണ്....

ഇതെല്ലാം ഒരുപാട് തവണ അപ്പുക്കുട്ടന്റെ ക്ലാസില്‍ മുന്‍പും റോസി ടീച്ചര്‍ പറഞ്ഞിട്ടുള്ളതാണ്....
എന്നാലും ക്ഷീരബല ആവര്‍ത്തിക്കുന്ന പോലെ ഇത്  ഇടയ്ക്കിടെ ടീച്ചര്‍ ആവര്‍ത്തിക്കും....

അപ്പുക്കുട്ടന്‍ ഒരു സംശയം ടീച്ചറോട്‌ ഭവ്യതയോടെ ചോദിച്ചു...."സെക്സ് കോളത്തില്‍ 'ദിവസവും രണ്ടു നേരം' എന്ന് എഴുതിയാല്‍ പോരേ മാഡം ...!!!"

ക്ലാസ്സില്‍ കൂട്ട ചിരി മുഴങ്ങി....

ടീച്ചര്‍ അപ്പുക്കുട്ടനെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ഒരുപാട് ചീത്ത പറഞ്ഞു...!!!
അപ്പുക്കുട്ടനും സംഘവും ഓസ്കാര്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങുന്ന അഭിമാനത്തോടെ ആ  ചീത്ത വിളികളെ സ്വാഗതം ചെയ്തു....
പിന്നെ ഒരിക്കലും റോസി ടീച്ചര്‍ പ്രിസ്ക്രിപ്ഷന്‍ എഴുതാന്‍ ഞങ്ങളെ പഠിപ്പിച്ചിട്ടില്ല !!!

ആ രംഗം സ്വപ്നത്തിലെന്ന പോലെ കണ്ടുകൊണ്ട് അപ്പുക്കുട്ടന്‍ പ്രിസ്ക്രിപ്ഷനിലെ കോളങ്ങള്‍ പൂരിപ്പിച്ചു....

എന്ത് മരുന്നാണ് എഴുതുക ????

ഇയാള്‍ക്ക്‌ ഉള്ള രോഗങ്ങള്‍ക്ക്‌ എല്ലാം മരുന്ന് എഴുതുകയാണെങ്കില്‍ അയാള്‍ വീട്ടില്‍ ഒരു വൈദ്യശാല തുടങ്ങേണ്ടി വരും....

അപ്പുക്കുട്ടന്റെ കയ്യിന്റെ വിറ കൂടി കൂടി വന്നു....
ഭാഗ്യം കൊണ്ട് മണിച്ചിത്രത്താഴിലെ ശോഭനയുടെ വിറയുടെ റേഞ്ചില്‍ എത്തിയില്ല എന്ന് മാത്രം !!!!

ഏതു മരുന്നാണ് എഴുതേണ്ടത് എന്ന് മണ്ടയില്‍ കത്തുന്നില്ല....

ഒരുപാട് മരുന്നുകളുടെ പേരുകള്‍ മനസ്സിലൂടെ ഒഴുകി എത്തുന്നു....

പക്ഷേ എഴുതാന്‍ ശ്രമിക്കുമ്പോള്‍ "അത് വേണ്ടടാ അപ്പുഗുട്ടാ..." എന്ന് മനസ്സ് പറയും....

അപ്പുക്കുട്ടന്‍ നിരാശയോടെ, ദയനീയമായി രോഗിയെ നോക്കി....!!!

അയാളും അന്തം വിട്ട് നോക്കുകയാണ്....

അയാളുടെ നാഡി പിടിച്ചു നോക്കി.....

നാഡി  പിടിച്ചത്‌ രോഗ നിര്‍ണ്ണയം നടത്താനല്ല....

മറിച്ച് മണ്ടയില്‍ വല്ല മരുന്നും കത്തുന്നത് വരെ എന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന് രോഗിയെ ബോധ്യപ്പെടുത്താന്‍ വേണ്ടി ആയിരുന്നു ആ നാഡിയില്‍ പിടിച്ചുള്ള അഡ്ജസ്റ്റ്‌മെന്റ്....

അങ്ങിനെ നാഡി പിടിച്ചു ഡോ.അപ്പുക്കുട്ടനും, പിടിക്കപ്പെട്ട നാഡിയുമായി രോഗിയും അന്തം വിട്ട് ഇരിക്കുമ്പോഴാണ് ഇഷ്ട്ടപ്പെട്ട അധ്യാപകരില്‍ ഒരാളായ ജെ.കെ സാറിന്റെ ക്ലാസ്‌ ഓര്‍മ്മയിലേക്ക്‌ വന്നത്.....

"ഏതു മരുന്ന് ശരീരത്തില്‍ പ്രവര്‍ത്തിക്കണമെങ്കിലും ദഹന വ്യവസ്ഥ ശരിയാകണം. ദഹന, ശോധന പ്രശ്നങ്ങള്‍ ഉള്ള രോഗിക്ക്‌ ആദ്യം അത് ശരിയാവാനുള്ള മരുന്നുകള്‍ ആണ് കൊടുക്കേണ്ടത്‌..."

അങ്ങിനെ അപ്പുക്കുട്ടന്‍ തീരുമാനത്തിലെത്തി.....

ദഹന, ശോധന പ്രശ്നങ്ങള്‍ ശരിയാവാനുള്ള മരുന്നുകള്‍ എഴുതി....

പ്രിസ്ക്രിപ്ഷന്‍ എഴുതിയ കടലാസ് രോഗിയുടെ കയ്യില്‍ കൊടുത്തപ്പോള്‍ രോഗി വേഗം ഇരുപ്പത്തഞ്ച് രൂപ പോക്കറ്റില്‍ നിന്നും എടുത്തു അപ്പുക്കുട്ടന് നല്‍കി....

അപ്പുക്കുട്ടന്‍ വിറക്കുന്ന കൈകളോടെ, ഒരു പ്രത്യേക മാനസികാവസ്ഥയില്‍  ആ പണം സ്വന്തമാക്കി....

അപ്പുക്കുട്ടന്റെ ആദ്യ പരിശോധനാ ഫീസ്‌...........!!!

അയാളുടെ അസുഖം മാറുമോ ????

അയാള്‍ തല്ലാന്‍ വരുമോ ????

ആദ്യ രോഗിയുടെ കൈക്കൊണ്ട് തന്നെ മരിക്കേണ്ടി വരുമോ ????

ഇത്തരത്തിലുള്ള ഒരുപാട് ആശങ്കകളോടെയാണ് അപ്പുക്കുട്ടന്‍ അടുത്ത ദിവസം ആ ക്ലിനിക്കില്‍ എത്തിയത്‌....

പ്രശ്നം ഒന്നും ഉണ്ടായില്ല.....

ആ രോഗി അയാളുടെ മാന്യത കൊണ്ട് അപ്പുക്കുട്ടനെ തല്ലാന്‍ ആളുകളുമായി വന്നില്ല....

ആളുകളുമായി എന്ന് മാത്രമല്ല, ആ രോഗി പിന്നെ ഒരിക്കലും അപ്പുക്കുട്ടന്റെ മുന്നില്‍ വന്നില്ല...!!!!!

അപ്പുക്കുട്ടന്റെ ആ മരുന്ന് കൊണ്ട് അയാളുടെ എല്ലാ രോഗവും മാറിയോ ????

ആ മരുന്ന് കഴിക്കുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുന്നതാണ് എന്ന തീരുമാനത്തില്‍ അയാള്‍ എത്തിയോ ???

അതോ ആദ്യത്തെ ഡോസ് മരുന്ന് ചെന്നപ്പോള്‍ തന്നെ ആ ആത്മാവ് ശരീരം വിട്ട് പിരിഞ്ഞുവോ ???????

അങ്ങകലെ പരലോകത്തിരുന്നു അപ്പുക്കുട്ടന്റെ ആത്മാവിനെ സ്വീകരിക്കാന്‍ കാത്തിരിക്കുകയായിരിക്കുമോ ?????

അബസ്വരം :
അപ്പുക്കുട്ടന് കിട്ടിയ ആ ഇരുപത്തഞ്ചു രൂപയുടെ നോട്ടുകള്‍ ഇന്നും സൂക്ഷിച്ചു വെച്ചിരിക്കുന്നു....
അന്നത്തെ തീയതിയും സമയവും എല്ലാം എഴുതിയ ഒരു കവറില്‍...
"ആദ്യ സമ്പാദ്യം" എന്ന കുറിപ്പോടെ......

സമര്‍പ്പണം :


ആയുര്‍വേദ കോളേജിലെ പ്രിയ സുഹൃത്തായിരുന്ന അഭിലാഷിനെ സ്നേഹത്തോടെ സ്മരിച്ചുകൊണ്ട്...


എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക...

47 comments:

 1. ആ രോഗിയുടെ പേരും അഡ്രസ്സും കൂടി എഴുതി എടുക്കാമായിരുന്നു ഡോക്ടറെ. . . ആദ്യത്തെ ശമ്പളം ഇപ്പോയും സൂക്ഷിച്ചു വെക്കുന്ന ഡോക്ടര്‍ക്ക് ആദ്യത്തെ രോഗിക്ക് എന്ത് പറ്റി എന്നെങ്കിലും അറിയാമായിരുന്നു . . . ക്ല്യ്മക്സില്‍ അപ്പുക്കുട്ടന് അടി യും തെറിയും കിട്ടാത്തത് കൊണ്ട് പോസ്റ്റിനു ഒരു പഞ്ച് വന്നില്ല . . . ന്യൂ ജെനെരേശന്‍ ഭാഷയില്‍ പറഞ്ഞാല്‍ ക്ലീഷേ , ക്ലീഷേ !! ഞാന്‍ ഓടി ഡോക്ടറെ

  ReplyDelete
  Replies
  1. യൂനൂ, അത് രണ്ടും കിട്ടിക്കാണും ...ഈ അപ്പുക്കുട്ടന്‍ മനപ്പൂര്‍വ്വം നമ്മളോട് പറയാണ്ടിരുന്നതാണെന്നാ തോന്നണെ ...:) ല്ലേ അപ്പുക്കുട്ടാ ....:)
   സത്യം പറ അബ്സറെ അയാള്‍ ജീവിച്ചിരിപ്പുണ്ടോ ..!!(ഇപ്പൊ ഞാന്‍ ശരിക്കും ഓടി ട്ടോ)

   Delete
  2. പാവം അപ്പുക്കുട്ടന്‍ ജീവിച്ചു പൊയ്ക്കോട്ടേ....:)
   ഹിഹി

   Delete
 2. വ്യത്യസ്തമായ ആദ്യാനുഭവം.
  കൊള്ളാം.

  ReplyDelete
 3. ഇതെവിടെ നിന്നെങ്കിലും വായിച്ചിട്ട് ആ രോഗി വരാതിരിക്കില്ല എന്ന് തോന്നുന്നു... ആ ഇരുപത്തഞ്ച് തിരിച്ച് കൊടുത്തേരെ ഡോക്ടറെ.......

  രസകരമായി!

  ReplyDelete
 4. സത്യം ഇപ്പോൾ ഇവിടെ വച്ച്, ഈ പുരുഷാരം നോക്കി നിൽക്കെ ഉറക്കെപ്പറയണം.! നിങ്ങളല്ലേ ആ 'അപ്പുക്കുട്ടൻ' ? ങ്ങളെന്തൊക്കെ പറഞ്ഞാലും അത് വായിക്കുന്നവർക്ക് ആദ്യം മനസ്സിൽ തെളിയുക ങ്ങടെ രൂപാ. അതല്ലാ ന്ന് മനസ്സിലാക്കാൻ മാത്രം ങ്ങൾ ഒന്നും ചെയ്തിട്ടൂം ഇല്ല്യാ. ന്നാ അതാണ് ന്ന് വിശ്വസിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് താനും. ങ്ങളിന്നിട്ട് ഒരു പേര് കൊടുത്തതാ, അത് ഞാനേ അല്ലാ ന്ന പേരിൽ, അപ്പുക്കുട്ടൻ ന്ന്. ങ്ങളിഞ്ഞയാൾക്ക് രാജാറാം മോഹൻ റോയ് ന്ന് കൊടുത്താലും ഞാൻ കണ്ട് പിടിക്കും അത് ങ്ങളാ ന്ന്. കാരണം ആ മനസ്സിൽക്കൂടി വന്ന ചിന്തകളൊക്കെ എഴുത്യണ്ണത് കണ്ടാലറിയാ,അത്ങ്ങൾക്ക് വന്ന ചിന്തകളാ ന്ന്. ങ്ങളേയ് ഒടിയന്റെ മുന്നില് മായം മറിയല്ലീം. സത്യം പറഞ്ഞിട്ട് ഞ്ഞ് പോസ്ട്ട മതി ട്ടോ അബ്സറിക്കാ. ആശംസകൾ.

  ReplyDelete
  Replies
  1. ന്നാലും ന്റെ മണ്ടൂസാ...............:)

   Delete
 5. ഡോക്ടര്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വായനക്കാരെ കൂടെ നടത്തുന്നു.

  ReplyDelete
 6. ഏതു ഡോക്ടറും ആദ്യത്തെ ഇരയെ കിട്ടുമ്പോള്‍ ഒന്ന് വിറക്കുമല്ലേ?

  ReplyDelete
  Replies
  1. വിറച്ചില്ലെങ്കിലും ഒരു ടെന്‍ഷനും, ആകാംക്ഷയും സ്വാഭാവികം........:)

   Delete
 7. അപ്പു കുട്ടാ....
  രസ്സയിട്ടുണ്ട്..

  ReplyDelete
  Replies
  1. ആ വിളി ഒരു പണി തന്നതാണല്ലോ...:)

   Delete
 8. ഈ അപ്പുക്കുട്ടന്‍ വൈദ്യര്‍ ആരാണെന്ന്‌ എല്ലാവര്‍ക്കും പുടികിട്ടി... ജനിച്ച മുതലേ കഷായക്കുപ്പി ഞാനും കണ്‌ടിട്ടുണ്‌ടാകും, പ്രസവിച്ചവര്‍കഷായം കുടിച്ചാണല്ലോ ആരോഗ്യം വീണ്‌ടെടുക്കുന്നത്‌,,, :) തുടക്കം മുതല്‍ ഒടുക്കം വരെ വളരെ ഫാസ്റ്റായി വായിച്ച്‌ പോകാന്‍ പറ്റി,,, രസകരമായ അവതരണമായത്‌ കൊണ്‌ട്‌ തന്നെ വായന്‍ എളുപ്പമായെന്ന് മാത്രമല്ല... ചിരി ചുണ്‌ടില്‍ നിന്നും പോകാതെ അവസാനം വരെ വായിച്ചു... ആ രോഗിയെ പിന്നീട്‌ കണ്‌ടില്ലെങ്കില്‍ ഉറപ്പിക്കാം അയാള്‍ തട്ടിപ്പോയെന്ന്.... ഏയ്‌, അയാള്‍ എവിടേയെങ്കിലും ജീവിക്കുന്നുണ്‌ടാവും...

  ReplyDelete
 9. രസായിട്ടുണ്ട് ട്ടോ ആദ്യ പരിശോധന....
  എന്നാലും ഈ അപ്പുക്കുട്ടനെ നല്ല പരിചയം തോന്നുന്നു :) ചിലപ്പോള്‍ തോന്നിയതാകാം. --

  ReplyDelete
 10. അപ്പുക്കുട്ടനെ വെച്ച് ആത്മകഥ എഴുതുകയാണല്ലേ ...?

  ReplyDelete
 11. "അബ്സു കുട്ടന്‍റെ" ആദ്യാനുഭവം ;)

  ReplyDelete
 12. ഹഹ സ്വന്തം കഥയാണ്‌ ല്ലേ അപ്പുക്കുട്ടാ...എന്തായാലും നന്നായി കേട്ടാ അതെന്നെ

  ReplyDelete
 13. വെറുതെയല്ല അബ്സുകുട്ടന്‍ രോഗികള്‍ ഇല്ലാതെ ബ്ലോഗ്ഗ് എഴുത്തിലേക്ക് തിരിഞ്ഞത് !!!

  ബ്ലോഗ്ഗ് എഴുത്ത് തുടങ്ങിയതോടെ വായനക്കാരും രോഗികള്‍ ആയി. ഇടയ്ക്കിടെ ഈ ബ്ലോഗ്ഗില്‍ എത്തുന്ന അഡിക്ഷന്‍ രോഗികള്‍ ...

  ഡോക്ടറെ .. ഇരുപത്തഞ്ചു രൂപയുടെ കഥ നന്നായി പറഞ്ഞു..

  ReplyDelete
 14. ഇനിയും അനുഭവങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

  ReplyDelete
 15. ഈ അപ്പുക്കുട്ടനാണോ പിന്നീട് അബ്സാറായി രൂപാന്തരപ്പെട്ടത്...?


  ഹി ഹി..ഞാനോടി...

  ReplyDelete
 16. ഡോ: അ.......... ന്റെ ഓരോ തമാശകള്‍ ..

  ReplyDelete
 17. അപ്പുക്കുട്ടനിലൂടെ, അങ്ങേ അറ്റം സരസമായി പറഞ്ഞു ഡോക്ടര്‍. ഇടയ്ക്കിടയ്ക്ക് ലിങ്കുകളിലൂടെ മുന്‍ പോസ്ടുകളിലേക്ക് ക്ഷണിക്കുന്ന ഡോക്ടറുടെ ശൈലിയും ഇഷ്ടമായി.

  ആസ്വാദ്യകരമായ ഒരു വായന. ഒപ്പം കുഞ്ഞു ഡോക്ടര്‍മാരുടെ ചികിത്സ തേടുമ്പോള്‍ ഒന്ന് കരുതണമെന്ന ഉള്ളറിവ്‌, കൂടെ അമൂല്യമായ ആ ഇരുപത്തഞ്ചു രൂപ നിധിപോലെ സൂക്ഷിക്കുന്ന ആ മനസ്സിനെ അറിയാനുമായി....

  ReplyDelete
 18. സ്വന്തം അനുഭവ കഥകൾ എഴുതുമ്പോഴാണ് ഡോക്ടറുടെ ശൈലി ഏറ്റവും മനോഹരമാവുന്നത്. ഇതും അപവാദമല്ല. :)

  ReplyDelete
 19. അപ്പോള്‍ ഇങ്ങളാണ് അപ്പുക്കുട്ടന്‍, എനിക്കാളെ പിടികിട്ടി.....

  ReplyDelete
 20. ഏതായാലും അപ്പുകുട്ടൻ കലക്കി. ഒരു പുതുമയുണ്ട്. എല്ലാ ഭാവുകവും ആശംസിക്കുന്നു.

  ReplyDelete
 21. അപ്പുകുട്ടന്‍ ഡോക്റ്റര്‍ കൊള്ളാലോ ?
  ഇമ്മാതിരി ചികിത്സ ഒക്കെ ആണ് അല്ലെ നിങ്ങള്‍ നടത്തുന്നത്

  ReplyDelete
 22. ഗുണപാഠം :ആയുര്‍വേദ ഡോക്ടറെ അടുത്ത് പോവാതിരിക്കുക. അബ്സാര്‍ ഡോക്ടറുടെ അടുത്ത് പ്രത്യേകിച്ചും, ഇതൊക്കേയല്ലേ കയ്യിലിരിപ്പ്?

  ReplyDelete
 23. suhruthinulla samarppanam nannayi..... aashamsakal..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane..........

  ReplyDelete
 24. പോസ്റ്റ് രസകരം..നല്ലൊരു ചിരിയ്ക്കു വകയേകി.

  ReplyDelete
 25. എന്നാലും നിങ്ങള്‍ എന്നോടിത് ചെയ്തല്ലോ... നിങ്ങള്‍ക്കറിയോ.. ഞാന്‍ അന്ന് ശരിക്കും ഉറങ്ങിയിട്ടില്ല... അന്ന് ശോദന ശരിയാക്കാന്‍ നിങ്ങള്‍ തന്ന ആ മരുന്ന് വയറിളക്കത്തിന് ഉള്ളതായിരുന്നു അല്ലെ?? എന്നാലും ന്റെ ഡോക്ടറെ ഇത്രയ്ക്ക് വേണ്ടീര്‍ന്നില്ല.. ..നിങ്ങടെ ആ വിറയലും മനം പുരട്ടലും ഇന്നും ഞാന്‍ ഓര്‍ക്കുന്നു....അന്ന് ഞാന്‍ ശപഥം ചെയ്തതാ ഇനി ആ പടി ചവിട്ടൂലാന്നു
  നിങ്ങളെ ഇനി മേല്‍ കാണേണ്ട എന്നും..
  പക്ഷെ ദൈവ ഹിതം സംഭവിച്ചേ തീരൂ ...ഇന്ന് ഈ ലോകായുക്താ വലയ്ക്കുള്ളില്‍ നിങ്ങള്‍ കുമ്പസരിച്ചിരിക്കുന്നു ... എനിക്കത് വായിക്കാനും യോഗമുണ്ടായി..
  (ആദ്യത്തെ രോഗി) :)

  ReplyDelete
  Replies
  1. ഹി ഹിഹി....

   ആരാണീ പണി തന്നത്.....
   സംഭവം തകര്‍ത്തു...............................:)

   Delete
 26. aadyam kittunna prathiphalam valare moolyam ullathaanu.... as usual you are rocking Absar Bhai.......

  ReplyDelete
 27. ആദ്യാനുഭവം കൊള്ളാം :)

  ReplyDelete
 28. ചികില്‍സയിലെ ആദ്യാനുഭവം നന്നായി രസിപ്പിച്ചു...ആശംസകള്‍

  ReplyDelete
 29. ചിരിക്കു വകനല്‍കുന്ന കാര്യഗൗരവ ചിന്തകള്‍ .....ആശംസകള്‍

  ReplyDelete
 30. Shoukath KaringapparaTuesday, May 29, 2012

  അപ്പോ ഈ ഡോക്ടറ്മാരുടെ ഒക്കെ തുടക്കം ഇങ്ങനെയാണല്ലെ

  ReplyDelete
 31. എന്തായാലും ഇത്രേം ആയില്ലേ ..ഇനി പറ ...ആരാ ഈ അപ്പുക്കുട്ടന്‍ ..ഞാന്‍ ആരോടും പറയെല്ല..സത്യം

  ReplyDelete
 32. അപ്പുക്കുട്ടാവതര്ണം
  അസ്സലായീന്നു പറ
  ഏതായാലും
  ആയാല്‍ പിന്നെ വന്നില്ലല്ലോ
  നന്നായി
  നല്ല ഒഴുക്കുണ്ടായിരുന്നു
  വായിച്ചു പോകാന്‍
  ആശംസകള്‍;

  ReplyDelete
 33. ആദ്യം ഇറങ്ങിപോയ രോഗി ഞാനാ അതുകൊണ്ട് ഇന്നും ജീവനോടെയുണ്ട്...
  ഇഹു ഇഹു ഇഹു ...

  ReplyDelete
 34. ഇപ്പോഴല്ലേ ഡോക്ടര്‍മാരുടെ തനിനിറം അറിയുന്നത്.
  ഇനി ശ്രദ്ദിച്ചു കൊള്ളാം.
  നന്നായി എഴുതി.
  ആശംസകള്‍.

  ReplyDelete
 35. ആയുര്‍വേദത്തിലും ജി.പി.യടി സമ്പ്രദായം ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം...

  ReplyDelete
 36. അപ്പുക്കുട്ടന്‍ പുലിയാണ് കേട്ടാ.... വെറും പുലിയല്ല ഒരു സിംഗം....!

  ReplyDelete
 37. Very good story Absarrrr........... rly funny

  ReplyDelete
 38. ഇന്നും ആ രൂപ സൂക്ഷിച്ചു വച്ചിരിക്കുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....