Saturday, April 28, 2012

ഉയരട്ടങ്ങനെ ഉയരട്ടെ, തകരട്ടങ്ങനെ തകരട്ടെ


അങ്ങിനെ ഒരു പരീക്ഷാ ഫലം കൂടി പുറത്ത് വന്നു....
പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളേയും ആനന്ദത്തില്‍ ആറാടിച്ചു കൊണ്ട്....

പരീക്ഷ എഴുതിയ എല്ലാവര്‍ക്കും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ മാര്‍ക്ക്‌ ലഭിക്കുകയും ചെയ്തു.

പാഠപുസ്തകം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ ഇപ്പോഴെത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ തോല്‍ക്കില്ല എന്നതാണല്ലോ ഇന്നത്തെ അവസ്ഥ !!!

ഇന്നത്തെ കാലത്ത്‌ എസ് എസ് എല്‍ സി ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ നേടി വിജയിക്കുന്നവരേക്കാള്‍ അഭിനന്ദനം അര്‍ഹിക്കുന്നത് തോല്‍ക്കുന്നവരാണ്.

കാരണം പരീക്ഷ നടക്കുമ്പോള്‍ വഴിയിലൂടെ പോകുന്നവര്‍ പോലും വിജയിക്കുന്ന നിലവാരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ എത്തിയിരിക്കുന്ന ഈ വ്യവസ്ഥിതിയില്‍ അതിനെയും അതിജീവിച്ചു പത്താം ക്ലാസ്‌ തോല്‍ക്കുന്നവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു !!!

കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി എസ് എസ് എല്‍ സി വിജയ ശതമാനം പി എസ് എല്‍ വി റോക്കറ്റ് പോലെ കുതിച്ചുയരുന്ന കാഴ്ചയാണ് നാം കാണുന്നത്.

മുന്‍ വര്‍ഷങ്ങളിലെ വിജയ ശതമാനത്തിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം....

2001 - 47.00 %
2002 - 49.91 %
2003 - 52.52 %
2004 - 56.69 %
2005 - 58.49 %
2006 - 68.00 %
2007 - 82.29 %
2008 - 92.09 %
2009 - 91.92 %
2010 - 90.72 %
2011 - 91.37 %

ഈ വര്‍ഷം വിജയം 93.64 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു.

ഈ കണക്കുകള്‍ നിങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടോ ?

യാഥാര്‍ത്ഥത്തില്‍ ഇത്രയും ഉയര്‍ന്ന വിജയ ശതമാനം കേരളത്തിലെ വിദ്യാഭ്യാസ മേഖല അര്‍ഹിക്കുന്നുണ്ടോ?

സ്കൂള്‍  വിദ്യാഭ്യാസം "വിജയകരമായി" പൂര്‍ത്തിയാക്കിയ ശേഷം ടി സി വാങ്ങി പോരുമ്പോള്‍ "എന്റെ ടി സി കിട്ടി ബോധിച്ചു " എന്ന് തെറ്റില്ലാതെ എഴുതി കൊടുക്കാന്‍ വെള്ളം കുടിച്ച ഒരു കുട്ടിയെ എനിക്ക് നേരിട്ട് അറിയാം. അതാണ്‌ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ. 

വിദ്യാഭ്യാസ മാസികകള്‍ ഉള്‍പ്പടെയുള്ള  ഒരുപാട് സൗകര്യങ്ങളും, പത്രങ്ങള്‍ പോലും പരീക്ഷാ സഹായികള്‍ ഉള്‍പ്പെടുത്തിയതും പഠനത്തെ സഹായിച്ചിട്ടുള്ളത് കൊണ്ടാണ് ഇത്രയും വലിയ വിജയ ശതമാനം ഉണ്ടാകുന്നത് എന്നതാണ് ഇപ്പോഴത്തെ വിജയ ശതമാനത്തെ ന്യായീകരിക്കുന്നവര്‍ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം.
മാത്രമല്ല പി ടി എ കമ്മറ്റികളും, അധ്യാപകരും ഈ വിഷയത്തില്‍ ആത്മാര്‍ഥമായി സഹകരിക്കുന്നുണ്ട് എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

അധ്യാപകരുടെ ആത്മാര്‍ത്ഥയെ ഞാന്‍ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. അവര്‍ കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്. മുന്‍കാലങ്ങളിലെ അധ്യാപകരും തങ്ങളുടെ വിദ്യാര്‍ഥികളുടെ വിജയത്തിനായി ആത്മാര്‍ഥമായി പരിശ്രമിച്ചവര്‍ തന്നെയായിരുന്നു എന്ന അഭിപ്രായം ആണ് എനിക്കുള്ളത്.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണോ നമുക്ക്‌ വിജയ ശതമാനം നേടിത്തരുന്നത് ?

അല്ല എന്നാണു എന്റെ അഭിപ്രായം.....

1990 കളിലും ഈ വിദ്യാഭ്യാസ മാസികകളും, പത്ര പംക്തികളും എല്ലാം ഉണ്ടായിരുന്നു.
മാത്രമല്ല, പഴയ ഓര്‍മ്മയായ ഗൈഡുകളും.

ട്യൂഷന്‍ സെന്ററുകള്‍ അന്ന് കൂടുതല്‍ സജീവമായിരുന്നു. ഇതൊക്കെ ഉണ്ടായിട്ടും അന്നത്തെ കാലത്ത്‌ വിജയ ശതമാനം നിന്നിരുന്നത്  50 നോട്‌ അടുത്തായിരുന്നു. എന്നാല്‍ ഇന്ന് നില്‍ക്കുന്നതോ ?
93% ത്തില്‍ !!!

ആ കാലത്ത്‌  60 -70 % മാര്‍ക്ക്‌ വാങ്ങിയ കുട്ടി ഒരു മികച്ച വിദ്യാര്‍ഥി ആയിരുന്നു. എന്നാല്‍ ഇന്ന് 80% മാര്‍ക്ക്‌ വാങ്ങിയ എത്ര വിദ്യാര്‍ഥികള്‍ക്ക്‌ ആത്മാര്‍ത്ഥമായി ഈ മികവ് അവകാശപ്പെടാന്‍ കഴിയും ???

90 കളില്‍ 60% മാര്‍ക്ക്‌ വാങ്ങിയ ഒരു കുട്ടിയേയും ഇന്ന് ഇതേ മാര്‍ക്ക്‌ വാങ്ങിയ ഒരു കുട്ടിയേയും താരതമ്യം ചെയ്‌താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.

"എന്ത് കൊണ്ടാണ് ഇങ്ങിനെ വിജയ ശതമാനം ഉയര്‍ന്നത് ?" എന്ന് ചിന്തിക്കുമ്പോള്‍  വിജയ ശതമാനം സ്വയം ഉയര്‍ന്നതല്ല, ഉയര്‍ത്തിയതാണ് എന്ന വസ്തുതയിലേക്കാണ് നാം എത്തിപ്പെടുന്നത്.

വിജയ ശതമാനം ഉയര്‍ത്താന്‍ ഏറ്റവും താല്പര്യമുള്ളത് രണ്ടു വിഭാഗക്കാര്‍ക്ക്‌ ആണ്.

1. സ്വകാര്യ സ്കൂള്‍ മാനെജുമെന്റുകള്‍.
2. സര്‍ക്കാര്‍.


സ്വകാര്യ സ്കൂളുകള്‍ യഥേഷ്ടം ആരംഭിക്കാന്‍ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല എന്ന് നമുക്കറിയാം...

സമുദായത്തിന്റെ പേരിലും സംഘടനകളുടെ പേരിലും എല്ലാം സ്കൂളുകള്‍ തുടങ്ങുന്നു.

100% വിജയം ഗ്യാരണ്ടി നല്‍കുന്ന സ്കൂളുകളിലേക്കേ നമ്മുടെ കുട്ടിയെ അയക്കാന്‍ നമുക്ക്‌ താല്പര്യം ഉള്ളൂ. വിജയ ശതമാനം കുറഞ്ഞ സ്കൂളുകളിലേക്ക് കുട്ടികളെ കിട്ടുന്നില്ല. പ്രത്യേകിച്ച് നല്ല ഫീസെല്ലാം നല്‍കി പഠിപ്പിക്കാന്‍ തയ്യാറുള്ളവരുടെ കുട്ടികളെ. സാധനങ്ങള്‍ വാങ്ങുമ്പോള്‍ നമ്മള്‍ ഗ്യാരണ്ടി ഉള്ളവ വാങ്ങാന്‍ താല്പര്യപ്പെടുന്ന പോലെ വിജയം ഗ്യാരണ്ടി നല്‍കുന്ന സ്കൂളുകളുടെ പിന്നാലെ പോകാനാണ്  എല്ലാവര്‍ക്കും താല്പര്യം.

സ്വകാര്യ സ്കൂളിലുകളില്‍ എസ് എസ് എല്‍ സി പരീക്ഷാ സമയത്ത്‌ കുട്ടികള്‍ക്ക്‌ നല്ല "സഹായം" ലഭിക്കുന്നുണ്ട് എന്നാണ് പലരുമായും സംസാരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്.

അധ്യാപകനായ ഒരു സുഹൃത്തിന്റെ വാക്കുകള്‍ ഇങ്ങിനെ...
"ഞങ്ങള്‍ ഞങ്ങളെക്കൊണ്ട് ആവും വിധം കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കും. ഫൈനല്‍ എക്സാം വരെ കുട്ടികള്‍ക്ക്‌ പരീക്ഷക്ക്‌ സഹായം ഒന്നും നല്‍കില്ല. എന്നാല്‍ നിര്‍ണ്ണായകമായ എസ് എസ് എല്‍ സി പരീക്ഷക്ക്‌ കുട്ടികള്‍ക്ക്‌ എല്ലാ സഹായവും നല്‍കും. കോപ്പി അടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വരെ അവര്‍ക്ക്‌ ഉപദേശിച്ചു കൊടുക്കും. വിജയ ശതമാനം കുറഞ്ഞാല്‍ സ്കൂളിന്റെ അടപ്പ്‌ തെറിക്കും. അപ്പോള്‍ ഇതേ മാര്‍ഗ്ഗമുള്ളൂ."

ഈ കളി പല സ്കൂളുകളിലും നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്.

ക്ലാസുകളില്‍ ശ്രദ്ധിക്കാതെ തേരാ പാര നടന്നവര്‍ക്ക് പോലും എയും എ പ്ലസും കിട്ടുന്നത് കണ്ട് കണ്ണ് തള്ളി പോയിട്ടുണ്ട്.


പിന്നെ സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിന് എസ് എസ് എല്‍ സി ക്കും പ്ലസ്‌ ടു വിനും ഇത്തരം കൂട്ട വിജയങ്ങള്‍ അനിവാര്യമാണ്.

സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളെജുകളും, എന്‍ജിനീയറിംഗ് കോളെജുകളും മറ്റു കോഴ്സുകളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇത്തരം അനര്‍ഹര്‍ കൂടി പാസായാലേ ഇങ്ങിനെയുള്ള കോളേജുകളിലേക്ക് പഠിക്കാന്‍ വിദ്യാര്‍ഥികളെ കിട്ടൂ എന്നത് വാസ്തവമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിന് വിജയ ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള കളികളുമായി മുന്നോട്ട് പോയേ തീരൂ.

ഇതോടൊപ്പം സര്‍ക്കാരിന് തങ്ങളുടെ സംസ്ഥാനത്തെ വിജയ ശതമാന കണക്കുകള്‍  പൊക്കി പിടിച്ച് തങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തിന്റെ വളര്‍ച്ചയായി അതിനെ അവതരിപ്പിക്കുകയും ചെയ്യാം.

സ്വകാര്യ പ്രഫഷണല്‍ വിദ്യാഭ്യാസ കച്ചവടത്തിനു പ്രോത്സാഹനവും, പിന്തുണയും നല്‍കുക എന്നതാണ് വിജയ ശതമാനം ഉയര്‍ത്തുന്നതിന്റെയും മാര്‍ക്ക്‌ ദാനത്തിന്റെയും പ്രഥമമായ ലക്ഷ്യം. തങ്ങളുടെ കുട്ടി അത്യാവശ്യം മാര്‍ക്ക്‌ വാങ്ങി പാസ്‌ ആയാല്‍ പോലും "എവിടെ നിന്നും കടം വാങ്ങിയിട്ടായാലും കുഴപ്പം ഇല്ല മക്കളെ നല്ല കോഴ്സിനു ചേര്‍ക്കണം" എന്ന നിലപാട്‌ എടുക്കുന്നവരാണ് ഭൂരിപക്ഷം മലയാളി രക്ഷിതാക്കളും.

ഈ വിജയ ശതമാന വര്‍ദ്ധനക്ക് ശക്തി പകരാനായി പണ്ടത്തെ പോലെ മൂല്യ നിര്‍ണ്ണയവും ഇന്ന് കര്‍ശനമല്ല.
മിക്ക കുട്ടികള്‍ക്കും അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക്‌ ലഭിക്കുന്നു. പണ്ട് മൂല്യ നിര്‍ണ്ണയം നല്ല നിലവാരം ഉള്ളതായിരുന്നു.
അന്ന്  70 മാര്‍ക്ക്‌ കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്ന ഒരു കുട്ടിക്ക്‌ ലഭിച്ചിരുന്നത് 65 മാര്‍ക്ക്‌ ആണ്. അത് കൊണ്ട് തന്നെ അന്ന് മാര്‍ക്ക്‌ കുറഞ്ഞതില്‍ ഉള്ള പരാതിയും, ഉത്തരകടലാസിന്റെ പുനര്‍മൂല്യ നിര്‍ണ്ണയവും എല്ലാം വളരെ കൂടുതല്‍ ആയിരുന്നു.

ഇന്ന്  70 മാര്‍ക്ക്‌ പ്രതീക്ഷിക്കുന്ന ഒരു കുട്ടിക്ക് ലഭിക്കുന്നത്  80 - 85 മാര്‍ക്ക്‌ ആണ്. അതുകൊണ്ട് തന്നെ പരാതികള്‍ ഇല്ല...
എല്ലാവരും ബഹുത്ത് ഖുശിയായി ഇരിക്കുന്നു !!!

തമിഴ്നാട്ടില്‍ ഇത് പോലെയുള്ള അവസ്ഥ ഉണ്ടായിരുന്നു. അവിടെ പ്ലസ് ടു വിനു വിജയ ശതമാനവും വളരെ കൂടുതല്‍ ആയിരുന്നു.

ഞാന്‍ അവിടെ പഠിക്കുന്ന സമയത്ത് എന്റെ ക്ലാസില്‍ പ്ലസ്‌ ടു വിനു 85 - 95 % മാര്‍ക്കുമായി നിരവധി കുട്ടികള്‍ ഉണ്ടായിരുന്നു. അവരെ ഞങ്ങള്‍ മലയാളികള്‍ അസൂയയോടെയും ബഹുമാനത്തോടെയും ആയിരുന്നു നോക്കിയത്. "ഈ പഠിപ്പിസ്റ്റുകളുടെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ ?" എന്ന ആശങ്കയോടെ...


പക്ഷേ ആദ്യ സെമസ്റ്റര്‍ ഫലം വന്നതോടെ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു.
85 - 95 % മാര്‍ക്കുമായി വന്ന തമിഴ്‌
കുട്ടികള്‍ പല പേപ്പറുകളിലും പൊട്ടിയപ്പോള്‍  50 - 60 % മാര്‍ക്കുമായി എത്തിയ മലയാളികള്‍ അവിടെയും ഏകദേശം അതേ നിലവാരത്തില്‍ പാസ്‌ ആകുന്ന കാഴ്ച്ച ആകാംക്ഷ ഉണ്ടാക്കുന്നതായിരുന്നു.

ഒരിക്കല്‍ ഈ വിഷയത്തെ പറ്റി തമിഴ്‌ വിദ്യാര്‍ഥികളോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ വിശദീകരണം ഇതാണ്...
"ഇവിടെ ആരെങ്കിലും സ്കൂളിലോ പ്ലസ്‌ ടു വിനോ തോറ്റാല്‍ പിന്നെ പഠിക്കില്ല. മാത്രമല്ല കൂടുതല്‍ പേര്‍ തോല്‍ക്കാന്‍ തുടങ്ങിയാല്‍ സ്കൂളുകളിലേക്ക് വരാന്‍ കുട്ടികളെയും കിട്ടില്ല.അതുകൊണ്ട് പരമാവധി മാര്‍ക്ക്‌ നല്‍കുന്ന പോളിസി ആണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്റെതു പോലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് ഇവിടെയും ശ്രമിക്കുന്നത്."


സാക്ഷരത പദ്ധതി കൊണ്ട് കേരളത്തിലെ എല്ലാവരും വിദ്യാസമ്പന്നരായി മാറി എന്നൊരു തെറ്റിധാരണയും അവര്‍ക്കുണ്ടായിരുന്നു. മലയാളികള്‍ തങ്ങളെക്കാള്‍ വിദ്യാഭ്യാസവും, വിവരവും, വക്ര ബുദ്ധിയും ഉള്ളവരാണ് എന്ന കാഴ്ചപ്പാടാണ് തമിഴന്മാര്‍ക്ക് ഉണ്ടായിരുന്നത്.

കേരളാ ഹൈകോടതിയില്‍ നിന്നും ഉണ്ടായ ജസ്റ്റിസ് സിരിജഗന്റെ നിരീക്ഷണവും ഇവിടെ പ്രസക്തമാണ്.
"നിലവാരമില്ലാത്ത വിദ്യാഭ്യാസം ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. നിലവാരമില്ലാത്ത വിദ്യാഭ്യാസം നേടിയവരെ പൊതുജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കേണ്ടി വരുന്നു. ഈ വീഴ്ച തടയാന്‍ നടപടിയെടുക്കാത്തതില്‍ ഭരണകര്‍ത്താക്കളും കോടതികളും ഒരുപോലെ ഉത്തരവാദികളാണ്. കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിനു മുന്‍പ് നിലവാരം വര്‍ധിപ്പിക്കാന്‍ ഭരണാധികാരികളും കോടതികളും വിവേകപൂര്‍വം ചിന്തിച്ചു തീരുമാനമെടുക്കണം."

വിദ്യാഭ്യാസത്തിന്റെ യാഥാര്‍ത്ഥ ലക്ഷ്യം മാര്‍ക്ക്‌ വാങ്ങലും, പ്രൊഫഷണല്‍ ഡിഗ്രി വാങ്ങലും മാത്രമല്ല എന്നിരിക്കേ കൃത്യമായ മൂല്യ നിര്‍ണ്ണയം ഉറപ്പാക്കി, ഓരോ വിദ്യാര്‍ഥിക്കും അവര്‍ അര്‍ഹിക്കുന്ന മാര്‍ക്ക്‌ മാത്രമേ കിട്ടുന്നുള്ളൂ എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനും, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉള്ളതാണ്. 
വിജയ ശതമാനം സ്വാഭാവികമായി ഉയരട്ടെ...
അല്ലാതെ കൃത്രിമമായി ഉയര്‍ത്തി വിടുകയല്ല വേണ്ടത്.


വിദ്യാഭ്യാസം ഒരിക്കലും വിഡ്യാഭാസം ആയി മാറാതിരിക്കട്ടെ എന്ന ആഗ്രഹത്തോടെ... 
പ്രാര്‍ത്ഥനയോടെ.....

അബസ്വരം :

നൊന്ത് പെറ്റതിനോളം വരുമോ ദത്തെടുത്തത് !!!

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക ....


57 comments:

 1. കാലിക പ്രസ്ക്തവും ശ്രദ്ധേയവുമായ ഒരു ലേഖനം..
  തികഞ്ഞ കാര്യ ഗൗരവത്തോടെ പറഞ്ഞിരിക്കുന്നു.
  (ഈ ഡോക്ടര്‍ക്ക് ഒരു വിഷയവും അന്യമല്ല എന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു! :)

  ReplyDelete
  Replies
  1. ഒരു കാര്‍ട്ടൂണിനു സ്കോപ്പ്‌ ഉള്ള വിഷയമാണല്ലോ ഇന്നത്തെ വിദ്യാഭ്യാസ മേഖല.. ഒരു കൈ നോക്കിക്കൂടെ ...:)

   Delete
 2. തോല്‍ക്കുന്നത് വിദ്യാഭ്യാസം എന്ന സമ്പ്രദായം മാത്രം. ജയിക്കുന്നത്
  മറ്റാരൊക്കെയോ.. വിദ്യഭ്യാസം കൊണ്ട് ആര്‍ജ്ജിക്കേണ്ട സംസ്ക്കാരം നമുക്ക്
  മറക്കാം..എന്നെന്നേക്കുമായി..

  ReplyDelete
 3. പണ്ട് ടെന്‍ഷനടിച്ചു നടന്നത് വെറുതെയായി...ഫാഗ്യവാന്മാര്‍ 2012ലെ കുട്ട്യോള്‍..

  ReplyDelete
 4. കാലിക പ്രസക്തമെന്നൊക്കെ പറയാമെങ്കിലും വസ്തുതാപരമായ ചില "തെളിവുകൾ" എങ്കിലും വിവരിക്കേണ്ടതായിരുന്നു... ഈ പോസ്റ്റ് ചില ഊഹങ്ങളും അനുമാനങ്ങളും അല്പം ചില സത്യങ്ങളും ഉൾക്കൊള്ളുന്നതായി മാത്രമേ തോന്നുന്നുള്ളൂ.... എന്ന് ചിന്തിക്കാൻ പല കാരണങ്ങളും ഈ പോസ്റ്റിൽ തന്നെ കാലനുഗതമായ മാറ്റങ്ങൾ സൂചിപ്പിക്കുന്നുമുണ്ട്.... എങ്കിലും അതൊക്കെ മാത്രമാണു പഠന നിലവാരം കൂട്ടിയത് എന്ന് തോന്നുന്നില്ല...

  ReplyDelete
 5. Navas vk chundambattaSaturday, April 28, 2012

  Very good.. Nalla samayathu thanne post chaithathinu 'thanks'.

  ReplyDelete
 6. വിദ്യാഭ്യാസം ഒരിക്കലും വിഡ്ഢി അഭ്യാസം ആകാതിരിക്കട്ടെ.. നന്നായിട്ടുണ്ട്.

  ReplyDelete
 7. തികച്ചും പ്രസക്തമായ ഒരു വിഷയം. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില്‍ തന്നെ എല്ലാ പരീക്ഷകള്‍ക്കും നൂറുശതമാനം വിജയം എന്ന തലപ്പാവ് ധരിക്കപ്പെടും എന്ന്‍ വിശ്വസിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം എന്നത് കച്ചവടം എന്ന ലവലിലേയ്ക്ക് താഴ്ന്നപ്പോള്‍ സത്യത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളാണ് തോല്‍ക്കാന്‍ വിധിക്കപ്പെട്ടത്. യാതൊരര്‍ഹതയുമില്ലാത്തവര്‍ പണത്തിന്റേയും സ്വാധീനത്തിന്റേയും പിന്‍ബലത്തില്‍ അര്‍ഹതപ്പെട്ടവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് ദൂരെമാറിനിന്ന്‍ നോക്കേണ്ടിവരുന്ന അവസ്ഥ ദയനീയമാണു. ഇന്നു മൂല്യ നിര്‍ണ്ണയം എന്നത് ഒരു സങ്കല്‍പ്പം മാത്രമാണു..വെറുതേ രണ്ടുമാസത്തോളം വച്ചിരുന്നിട്ട് നൂറുമേനി വിജയമെന്ന പരസ്യപ്രഖ്യാപനത്തിനുള്ള അടവ്..നമ്മുടെ വിദ്യാഭ്യാസരംഗം പുരോഗതിയിലേയ്ക്കല്ല അധോഗതിയിലേയ്ക്കാണു കുതിക്കുന്നത്..

  ReplyDelete
 8. അബ്സാര്‍ ..

  ഈ വിഷയത്തില്‍ അധ്യാപകര്‍ പലരും നിരപരാധികള്‍ ആണ്. ആത്മാര്‍ത്ഥ പരിശ്രമം നടത്തുന്ന അധ്യാപകര്‍ പോലും ബ്യുറോക്രസ്സിക്കും മാനേജ്മെന്റുകളുടെ കടുംപിടുത്തത്തിനും വഴങ്ങി അമര്‍ഷം ഉള്ളിലൊതുക്കി ബോധപൂര്‍വം നിശബ്ദരായി ഇരിക്കയാണ് നമ്മുടെ നാട്ടില്‍. ശബ്ധമുയര്‍ത്തിയാല്‍ അത് അവരുടെ ജോലിയെയും ജീവിതത്തെയും ബാധിച്ചേക്കാം !!!

  ഈ വിഷയത്തില്‍ മ ഗ്രൂപ്പില്‍ ശ്രീ പ്രദീപ്‌ മാഷുമായി നടത്തിയ ചാറ്റില്‍ നിന്നും എന്റെ ഒരു ചോദ്യവും സാറിന്റെ ഉത്തരവും താഴെ കൊടുക്കുന്നു.

  വേണു -കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു അധ്യാപന രീതി അവലംബിക്കാതെ അവരെ വെറും റാങ്ക് ജേതാക്കള്‍ ആക്കി മാറ്റി തങ്ങളുടെ സ്ഥാപനത്തിന്റെ നിലവാരം ഉയര്‍ത്തുക എന്ന വിദ്യാലയങ്ങളുടെ രീതി എങ്ങിനെ നോക്കി കാണുന്നു ?

  കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു അധ്യാപന രീതിയാണ് കേരളത്തില്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ പാഠ്യപദ്ധതിയുടെ ആണിക്കല്ല്. റാങ്ക് അടിസ്ഥാനത്തിലുള്ള തരം തിരിവ് ഇപ്പോള്‍ ഇല്ല. പക്ഷേ പ്രായോഗികതലത്തില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ അവശേഷിപ്പിക്കുന്നു. ബ്യൂറോക്രസി തന്നെയാണ് ഇവിടെയും വില്ലന്‍. വിദ്യാഭ്യാസ വകുപ്പിലെ മേലാളന്‍മാരെ സംബന്ധിച്ചിടത്തോളം നിലവാരം എന്നത് എസ്.എസ്.എല്‍.സി വിജയശതമാനമാണ്. മേലാളന്മാരോട് മറുപടി പറയേണ്ടതുള്ളതുകൊണ്ട് ഏതു വിധേനയും വിജയശതമാനക്കണക്ക് കൂട്ടുവാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കപ്പെടുന്നു. അവര്‍ സര്‍ഗാത്മകതയൊക്കെ മാറ്റിവെച്ച് പഴഞ്ചന്‍ രീതിയിലുള്ള ബൈഹാര്‍ട്ട് പഠനത്തിന് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നു. ഔദ്യാഗികമായ ചട്ടക്കൂട്ടുകളുടെ കാര്‍ക്കശ്യത്തിനു മുമ്പില്‍ സര്‍ഗത്മകമായ., നല്ല ഒരു വിദ്യാഭ്യസ പദ്ധതി ഇങ്ങിനെ മുടന്തുന്ന കാഴ്ചയാണ് ഇന്നു കണ്ടുകൊണ്ടിരിക്കുന്നത്.

  വേദനയോടെയാണ് ഇതു നോക്കിക്കാണുന്നത്.

  ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് വിദ്യാഭ്യാസം വരെ വാണിജ്യവല്ക്കരിക്കുന്ന നമ്മുടെ നാട്ടില്‍ ഇതും ഇതിനപ്പുറവും സംഭവിചില്ലെന്കിലെ അത്ഭുതമുള്ളൂ എന്ന് മാത്രമാണ്...

  നല്ല ഒരു വിഷയം കൈകാര്യം ചെയ്തതിനു ആശംസകള്‍

  ReplyDelete
 9. വളരെ നല്ലൊരു പോസ്റ്റ്‌... പോസ്റ്റ്‌ ഇട്ടതിനുള്ള നന്ദി അറിയിക്കുന്നു... നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയര്ന്നതിണ്ടേ ഭാഗമാണോ ഈ വിജയ ശതമാനം? അല്ല. ഇത്തരം വിജയത്തിലൂടെ നാം സമൂഹത്തിലേക്കു ഇറക്കിവിടുന്ന പുതിയ തലമുറയുടെ പോക്ക് ശ്രദ്ധിച്ചാല്‍ നമുക്കത് മനസിലാക്കാന്‍ സാദിക്കും. വിദ്യാഭ്യാസ മുതലാളിമാര്‍ക്കും ഒത്താശ ചെയ്യുന്ന സര്‍ക്കാരിനും ഭാവി തലമുറ വഴിതെറ്റിയാല്‍ ഒന്നും varanilla.

  ReplyDelete
 10. ഇന്നത്തെ വിദ്യഭ്യാസം വെറും ഒരു ആഭാസ വിദ്യയാകുനുണ്ടൊ എന്നൊരു സംശയം ആ ഡിപി ഇപി വന്നപോൾ തൊട്ട് എനിക്ക് തോന്നി തുടങ്ങിയിടുണ്ട്

  കാലികം
  ആശംസകൾ

  ReplyDelete
 11. കാര്യപ്രസക്തമുള്ള പോസ്റ്റ്,,, തീര്‍ച്ചയായും ചിന്തിക്കേണ്ട വിഷയമാണിത്,,,സ്വപ്നത്തില്‍ കൂടി വിചാരിക്കാത്ത ജയമാണ് പലര്‍ക്കും കിട്ടുന്നത്,,, ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് തീര്‍ച്ചയായും ഉപരിപഠനവിജയം അത്ര എളുപ്പമാകില്ല,,,കഷ്ടപെട്ടു പഠിച്ച് ജയിക്കുന്നവരെ കളിയാക്കുന്നതിനു തുല്യമാണ് ചിലരുടെ വിജയം,,, ഇതൊരിക്കലും വിദ്യഭ്യാസരംഗത്തെ കേരളത്തിലെ കുട്ടികളുടെ ഉയര്‍ച്ചയായി കാണാന്‍ പറ്റില്ല,,, മറിച്ച് മാര്‍ക്കിടുന്ന സമയത്തുള്ള അധ്യാപകരുടെ ഉദാരമനസ്കതയാണ് വെളിവാകുന്നത്,,,

  ReplyDelete
 12. നല്ല പോസ്റ്റ് ഭായീ...ഞാനൊക്കെ പഠിക്കുമ്പോള്‍ എസ എസ എല്‍ സി ക്ക് ജയിക്കുന്നവര്‍ എന്നാല്‍ ഐ ഏ എസിന് ജയിക്കുന്നവര്‍ പോലെ ആയിരുന്നു നാട്ടാരുടെ വക സ്വീകരണം ജഗ പോക ഇപ്പോളോ..ഒരു കാര്യവും ഇല്ലാതായിരിക്കുന്നു...എനിക്ക് പറയാനുള്ളത് പരീക്ഷകള്‍ തന്നെ ഒഴിവാക്കണം എന്നാണു ..അതെന്നെ

  ReplyDelete
 13. ഇന്നത്തെ ചുറ്റുപാടില്‍ ചര്‍ച്ച ചെയ്യേണ്ട പ്രസക്തമായ വിഷയം പണ്ടത്തെ എട്ടാം തരത്തിന് ഇന്നത്തെ എം എ ഒക്കൂല എന്ന് ഞങ്ങടെ നാട്ടിലെ ഒരു ഇക്ക പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്
  ഇന്ന് ഇതല്ലാം ബിസ്സിനെസ്സ് ആണ് അതിലെ ലാഭ കണ്ണുകള്‍ മാത്രമാണ് ഈ കാണുന്നത്

  ReplyDelete
 14. Sureshan PayyarattaSaturday, April 28, 2012

  ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തോല്‍ക്കുന്നത് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും.ഇത്തരം വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവന്ന ബ്രിട്ടിഷുകാര്‍ക്ക് നമോ വാകം. അന്നവര്‍ ഗുമാസ്തമാരെ കണ്ടെത്താന്‍ കൊണ്ടുവന്ന ഈ സമ്പ്രദായം, ഇത്തരത്തില്‍ വ്യക്തിയുടെ സര്‍വമാന മുന്നോട്ടുള്ള പ്രയാണത്തിന് വേണ്ടിയുള്ളതാനെന്നുള്ള അബദ്ധ ധാരണയില്‍ സമയവും ധനവും പാഴാക്കാന്‍ പ്രേരിപ്പിക്കും എന്ന് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. എത്ര അവിവേകികളാണ് ഈ നാട്ടുകാര്‍ എന്നതിന് ഇത്തരം വിദ്യാഭ്യാസ സംഭ്രദായാത്തെ ക്കാള്‍ വേറെ തെളിവ് എന്താണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസ സമ്പ്രദായത്തിനു മാത്രമേ ഒരു വ്യക്തിയുടെ ഉയര്‍ച്ചക്ക് വഴിയൊരുക്കാന്‍ പറ്റുകയുള്ളു എന്ന മൂട വിശ്വാസത്തില്‍ കഴിയുന്നവരാണ് ഒട്ടു മിക്ക മാതാപിതാക്കളും. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ സ്വ പ്രയത്നം കൊണ്ട് ഉയരങ്ങളില്‍ എത്തിയ എത്രെയോ മഹാന്മാരും പ്രസ്സ്തരും അയ വ്യക്തികള്‍ ഉണ്ടായിട്ടുണ്ട് എന്ന വസ്തുത വിസ്മരിച്ചുകൊണ്ടാണ് ഒരു കുട്ടിയെ അവനു ഇഷ്ടം ഇല്ലെങ്കില്‍ പോലും നിര്‍ബധിച്ചു പഠിപ്പിക്കുന്നത്‌. ചിത്രകലയില്‍ മാത്രം താത്പര്യമുള്ള കുട്ടിയെ എന്തിനാണ് നിര്‍ബധിച്ചു കണക്കും, സയന്‍സും പഠിപ്പിക്കുന്നത്‌? അത് പോലെ സ്പോര്‍ട്സ് ഇനങ്ങളില്‍ മാത്രം താത്പര്യം ഉള്ള കുട്ടിയെ നിര്‍ബന്ധിച്ചു പത്താം തരം പസ്സക്കിവിടെണ്ടാതുണ്ടോ? ആ സമയം കൊണ്ട് അവനു കൂടുതല്‍ പരിശീലന സൗകര്യം ഉണ്ടാക്കികൊടുകുന്നതല്ലേ നല്ലത്? ഒരു കുട്ടിക്ക് മെക്കാനിക്കല്‍ ജോലിയില്‍ ചെറുപ്പം മുതല്‍ താത്പര്യം എങ്കില്‍ അത് മാത്രം അവന്‍ പഠിക്കട്ടെ. അങ്ങനെ ഓരോ കുട്ടിയുടെയും വാസന അനുസരിച്ച് മാത്രം അവനു പഠിക്കാന്‍ വേണ്ട സൗകര്യം ഉണ്ടാക്കുക. സാമാന്യം എഴുതാനും വായിക്കാനും അറിയാവുന്ന ഒരു വ്യക്തിക്ക് അവന്റെ താത്പര്യമനുസരിച്ച് പഠിക്കാന്‍ ഉള്ള സംവിധാനം ഒരുക്കുക അതാണ് വേണ്ടത്. " ഒരു മത്സ്യത്തെ മരം കയറാന്‍ പ്രേരിപിച്ച്ചാല്‍ അത് ചെയ്യാന്‍ ആവാതെ ലോകത്തിലെ ഏറ്റവും ഉപയോഗ ശുന്യമായ ജീവി താനാണെന്ന് കരുതി ശിഷ്ടകാലം മുഴവന്‍ തള്ളി നീക്കുക ആയിരിക്കും ചെയ്യുക". അങ്ങനെ യാണ് ഇപ്പോള്‍ പല വ്യക്തിയും താന്‍ എത്തിപെട്ട മേഘലയില്‍ നിരാശനായി കഴിയുന്നത്‌. ആദ്യം അറിഞ്ഞിരിക്കേണ്ട സത്യം ഒരു വ്യക്തിയും ഉപയോഗ ശുന്യനായി അല്ല സൃഷ്ടിച്ചിരിക്കപെട്ടിരിക്കുന്നത് മറിച്ച് ഓരോ വ്യക്തിക്കും ഓരോ പ്രത്യേക കഴിവുകള്‍ ഉണ്ട്. അത്തരം കഴിവുകളെ തിരസ്കിര്‍ക്കാന്‍( ബഹു ഭൂരിഭാഗം പേരുടെ കാര്യത്തില്‍ എങ്കിലും) മാത്രമാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് സാധിക്കുന്നത്‌.

  ReplyDelete
 15. വളരെ കാലികപ്രസക്തി ഉള്ള ലേഖനം ആണ്....പലപ്പോഴും ഞാനും ഇത്തരം കാര്യങ്ങളെ പട്ടി ആലോചിച്ചിട്ടുണ്ട്........ഇത്തരം വിഷയം തിരഞ്ഞെടുത്ത അബ്സര്‍ ചേട്ടന് ആശംസകള്‍....

  ReplyDelete
 16. സ്വകാര്യമേഖലയ്ക്ക് വിദ്യാ‌ - ആഭാസക്കച്ചടം തീറെഴുതിക്കൊടുത്തതാണു പ്രധാന കാരണം...നിരീക്ഷണം നന്നായ്

  ReplyDelete
 17. ചാക്കീരി തുടങ്ങി വെച്ചതാണ് ഈ അനര്‍ഹ പാസ്‌.എന്നാല്‍ ആ സമയത്തും എസ് എസ് എല്‍ സി എന്ന കടംബയിലെ കണ്ണികള്‍ ശക്തമായിരുന്നു.sslc വരെ എങ്ങിനെ പാസ്‌ ആയാലും sslc ക്ക് ജയിച്ചിരുന്നവര്‍ അര്‍ഹതയുള്ളവര്‍ തന്നെ ആയിരുന്നു.രണ്ടാം മുണ്ടശ്ശേരിയുടെ വരവോടെ sslc യും plus 2 വും ദുര്‍ബലമായി.അനര്‍ഹര്‍ ധാരാളം പാസായി.രണ്ടാം ചാക്കീരിയും ഈ നിലപാടില്‍ നിന്ന് മാറ്റമില്ലാതെ പോവുകയാണ് എന്ന ദുഖവാര്‍ത്തയാണ് ഈ വര്‍ഷത്തെ ഫലത്തിലൂടെ പുറത്ത്‌ വന്നിരിക്കുന്നത്‌.

  സാധാ ജോലികള്‍ ചെയ്യാന്‍ ഇന്ന് നമ്മുടെ നാട്ടില്‍ ആളെ കിട്ടാത്തതും ഈ അനിയന്ത്രിതമായ പാസ്‌ കൊണ്ടാണ്.സമ്പന്നരുടെ പഠിക്കാന്‍ കേമമല്ലാത്ത മക്കള്‍ പോലും പാസായി സ്വകാര്യ മേഖലയിലൂടെ പ്രഫഷണല്‍ കോഴ്സുകള്‍ ചെയ്യുകയും,റെക്കമേന്റെഷനിലൂടെയും മറ്റു കൈക്രിയകളിലൂടെയും അര്‍ഹരെ ഓവര്‍ ടേക്ക് ചെയ്തു ജോലി സ്വന്തമാക്കുന്നു.യോഗ്യതയുണ്ടായിട്ടും കാശിന്റെയും സ്വാധീനത്തിന്റെയും കുറവ് കൊണ്ട് ഒരുപാട് പാവപ്പെട്ടവര്‍ അര്‍ഹമായ ജോലി കിട്ടാതെ അലയുന്നു.അനര്‍ഹമായി പ്ലസ്‌ ടു പാസ് ആവുന്നവര്‍ പാരലല്‍ കോളേജില്‍ പോയി ഒരു ഡിഗ്രി കൂടി സ്വന്തമാക്കുന്നതോടെ വിദ്യാസമ്പന്നനായി മാറുന്നു. സാധാജോലികള്‍ ചെയ്യാതിരിക്കാനുള്ള ലൈസന്‍സ്‌ ആയി അതിനെ കാണുന്നു.പിന്നെ അവന്‍ കടയില്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കാന്‍ നില്‍ക്കാനോ, തേങ്ങ ഇടാനോ ഒന്നും തയ്യാറാവുന്നില്ല.അവന്റെ രക്ഷിതാക്കളും വിധ്യാസംപനനായ തന്റെ മകന്‍ നിലക്കും വിലക്കും അനുസരിച്ചുള്ള ജോലി മാത്രം ചെയ്‌താല്‍ മതി എന്ന തീരുമാനത്തില്‍ എത്തുന്നു.അതോടെ തൊഴിലില്ലായ്മയോടൊപ്പം ആവശ്യമുള്ള പല പണികള്‍ക്കും ആളെ കിട്ടാത്ത അവസ്ഥയും ഉണ്ടാകുന്നു.ഇത് സാമൂഹ്യ വ്യവസ്ഥിതിയെ തന്നെ തകിടം മറിക്കുന്നു.ഇതാണ് ഇന്നത്തെ അവസ്ഥ.അര്‍ഹര്‍മാത്രം പരീക്ഷക്ക്‌ വിജയിക്കുന്ന അവസ്ഥയുണ്ടായാല്‍ ഇവിടെ തേങ്ങ ഇടാനും,കടയില്‍ നില്‍ക്കാനും ആളുകള്‍ ഉണ്ടാവും.തൊഴിലില്ലായ്മ കുറയുകയും സാധാ തൊഴില്‍ മേഖലകളില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടുകയും ചെയ്യും.സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെ വിജയ ശതമാനത്തിനു പകരം നിലവാരം ഉയര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ആയിരിക്കും നമ്മുടെ നാട്ടില്‍ ഉണ്ടാവുക.

  ReplyDelete
 18. SSLC പരീക്ഷ തന്നെ ഇനി വേണ്ടെന്നും ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇത് കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും സാര്‍വത്രികമായി കഴിഞ്ഞ ഹയര്‍ സെക്കണ്ടറി പ്രവേശനം എന്ന ഒറ്റക്കടമ്പയ്ക്ക് വേണ്ടി കുട്ടികളെക്കൊണ്ടും രക്ഷിതാക്കളെ കൊണ്ടും ഇത്രയധികം ഭാരം ചുമപ്പിക്കേണ്ടതില്ലെന്നും ഒരു വിഭാഗം വിദ്യാഭ്യാസ വിചക്ഷണര്‍ വാദിക്കുന്നു
  .CBSE പത്താം ക്ലാസ്സ്‌ പൊതു പരീക്ഷ ഉപേക്ഷിച്ചു സ്കൂളില്‍ വെച്ച് നടത്തുന്ന ഒരു സാധാരണ ക്ലാസ്സ്‌ പരീക്ഷയാക്കി മാറ്റുകയും കൂടി ചെയ്ത സാഹചര്യത്തില്‍ ഈ വാദത്തിനു ഏറെ പ്രസക്തിയില്ലെ.
  ഇന്നത്തെ അവസ്ഥയില്‍ CBSE പത്താം തരം പരീക്ഷ കഴിഞ്ഞ ഏതു സാധാരണ വിദ്യാര്‍ഥിയും നല്ല മാര്‍ക്കൊടെയും ഗ്രേഡോടെയും പാസ്സാകും.സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് ഏക ജാലകം വഴി അപേക്ഷിക്കുമ്പോള്‍ ഏറ്റവും യോഗ്യന്മാരായ കുട്ടികള്‍ ഇവര്‍ ആയിരിക്കുകയും സാധാരണ സ്കൂളുകളില്‍ പഠിച്ചു ജയിച്ചു വന്ന കുട്ടികള്‍ പുറത്തു നില്‍ക്കേണ്ടി വരികയും ചെയ്യും..SSLC പരീക്ഷ തന്നെ ഒഴിവാക്കണം എന്ന് വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന ഗൗരവമുള്ള ഒരു വസ്തുതയാണിത്.

  ReplyDelete
 19. വളരെ കുറച്ചുസ്കൂളുകള്‍ മാത്രമാണ് പത്തുകടക്കില്ല എന്ന് തോന്നുന്ന കുട്ടികളെ ഒന്‍പതാം ക്ലാസില്‍ തോല്‍പ്പിച്ച് വിജയശതമാനം ഉറപ്പാക്കുന്നത്. അപ്പോള്‍ ഈ വിഷയം വളരെ പ്രസക്തം. എനിക്കറിയുന്ന ഒരു ടീച്ചര്‍ പറഞ്ഞത്, വാല്യുവേഷന് പോകുമ്പോള്‍ ചോദ്യനമ്പര്‍ എങ്കിലും ഇട്ടിട്ടുള്ള കുട്ടികള്‍ക്ക് അരമാര്‍ക്ക് കൊടുക്കാനാണ് പറയുന്നതെന്ന്.

  ReplyDelete
 20. ഗുരുതരവും ദൂരവ്യാപകമായ ദോഷഫലങ്ങളും ഉണ്ടാക്കാനിടയുള്ള ഒരു വിഷയത്തില്‍ ശ്രദ്ധേയമായ പോസ്റ്റ്‌.

  ശ്രീ വേണുഗോപാലിന്റെ കമന്റില്‍ എഴുതിയിരിക്കുന്നത് തന്നെയാണ് ഈ വിഷയത്തിന്റെ കാതല്‍ എന്ന് തോന്നുന്നു.

  ReplyDelete
 21. വളരെ പ്രധാനപ്പെട്ട, ഇന്നു നാം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് വിദ്യാഭ്യാസ മേഖല,
  മാറിമാറി വന്നുകൊണ്ടിരിക്കുന്ന സര്‍ക്കാരുകള്‍ അവരുടെ പ്രാഗത്ഭ്യം,കാഴ്ചപ്പാടുകള്‍,ഇവ തെളിയിക്കുവാന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ കരുവാക്കുകയാണ്, കേന്ദ്രം മുന്നോട്ടുവച്ച ഏകീകൃത വിദ്യാഭ്യാസ നയം പ്രാവര്‍ത്തികമാക്കുകയെ ഇതിനൊരു പോംവഴിയുള്ളൂ.ഇന്ത്യ മൊത്തം ടെക്നിക്കല്‍ നോണ്‍ ടെക്നിക്കല്‍ ഒരേ സിലബസിന്‍ കീഴില്‍ വരണം. ഏത് പുതിയ നിര്ടെഷത്തയും പാടെ എതിര്‍ത്തുകൊണ്ട് മാറ്റത്തിനെ ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ക്കാവില്ല ഇന്നു നിര്‍ലജ്ജം വിളിച്ചു പ്രക്ഷോഭം നടത്തുന്ന അധ്യാപക സംഘടനകളും നമുക്കപമാനമാണ്.

  ReplyDelete
 22. കഷ്ടപ്പെട്ട് എഴുതിയ കമെന്റ്റ്‌ എവിടെപ്പോയി ഡോക്ടറെ? ആ മോടെരശന്‍ എടുത്തു കളയാന്‍ മേലേ? വന്നോ ഇല്ലയോ എന്ന് അറിഞ്ഞിട്ടു പോകാമല്ലോ? ആവശ്യമില്ലാത്തത് ഡിലീട്ടിയാല്‍ പോരെ? അതോ അമ്മാതിരി തെറിയാണോ കിട്ടുന്നത് :)

  ReplyDelete
  Replies
  1. ഓണ്‍ലൈനില്‍ ഉണ്ടായിരുന്നില്ല ഭായീ...
   തെറിയല്ലാത്ത എല്ലാ കമന്റുകളും പബ്ലിഷ് ആക്കാറുണ്ട്.
   നല്ല നല്ല തെറികള്‍ ആണ് വരുന്നത്....
   ചില വിദ്വാന്മാര്‍ മറ്റേ വീഡിയോയുടെ ലിങ്കും കൊണ്ട് വന്നു പൂശുന്നു..:)
   അതാ മോഡറേഷന്‍ വെച്ചത്.......

   Delete
 23. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ പ്രാഗത്ഭ്യവും ആശയങ്ങളും തെളിഞ്ഞും ഒളിഞ്ഞും പരീക്ഷിക്കാന്‍ വിദ്യാഭ്യാസ മേഖലയെ തിരഞ്ഞെടുക്കുന്നത് കഷ്ടമാണ്. അത് നഖശിഖാന്തം എതിര്‍ക്കാന്‍ ഇവിടാരുമില്ല. ഇന്ത്യയൊട്ടുക്കും റെക്നികള്‍ നോണ്‍ ടെക്നിക്കല്‍ വിദ്യാഭ്യാസത്തിനു കേന്ദ്രം മുന്നോട്ടുവച്ച ഏകീകൃത വിദ്യാഭ്യാസ നയം പ്രാബല്യത്തില്‍ വരുത്തിയെ പറ്റൂ. മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മടിക്കുന്ന അധ്യാപക സംഘടനകളും കേരള വിദ്യാഭ്യാസ രംഗത്തെ കുട്ടിച്ചോറാക്കി. ഇന്നത്തെ ഡി.പി.ഇ.പി. രീതി തന്നെ വിദ്യാര്‍ഥികളെ പത്തുവര്‍ഷം പിന്നോക്കം നടത്തുന്നു. പോളിചെഴുതപ്പെടനം. ഏറ്റവും ഉത്തമരായ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ച് പരിച്ചയുള്ളവരോ,ര്‍ിട്ടയര്ദ് ആയതോ ആയ ആളുകള്‍ മന്ത്രിമാരാകണം. പാദ്യപധതി തയാറാക്കാന്‍ ഒരു പാനല്‍ തന്നെ വേണം.

  ReplyDelete
  Replies
  1. അര്‍ഹരായവര്‍ ആണ് മന്ത്രി സ്ഥാനത്ത്‌ എത്തുന്നത് എങ്കില്‍ ഇതൊക്കെ എന്നേ നന്നായിരുന്നു...
   അര്‍ഹരായ മികച്ച ഭൂതകാലം ഉള്ളവര്‍ പോലും ആ മന്ത്രി കസേരയില്‍ ഇരിക്കുമ്പോള്‍ അറിയാതെ കേടു വന്നു പോകുന്നു... വ്യക്തികളുടെ പ്രശ്നം ആവില്ല. കസേരയുടെ മാത്രം പ്രശ്നമായിരിക്കും...:)

   Delete
 24. വളരെ കാലിക പ്രസക്തമായ ഒരു ലേഖനം, നമ്മുടെ വിദ്യാഭ്യാസത്തിന്‌റെ മൂല്യം ദിനം പ്രതി നശിപ്പിക്കുന്ന പ്രവണതയാണ്‌ അധികാരികള്‍ നില കൊള്ളുന്നത്‌ എന്ന് പറയാതെ വയ്യ... കേവലം കുട്ടികളെ ഉന്നത മാര്‍ക്കുകള്‍ നല്‍കി വിജയിപ്പിച്ച്‌ വിട്ട്‌ ആ സെര്‍ട്ടിഫിക്കേറ്റുമായി അന്താളിച്ച്‌ നില്‍ക്കുകയാണ്‌ മക്കള്‍... മത്സര പരീക്ഷയിലും മറ്റ്‌ ബുദ്ധി പരീക്ഷണം പരീക്ഷയിലുമെല്ലാം മാര്‍ക്ക്‌ നേടാനാവാതെ അന്തം വിട്ട്‌ നില്‍ക്കുന്ന കുഞ്ഞുങ്ങളെ അത്തരത്തിലാക്കിയത്‌ പുതിയതായ നമ്മുടെ വിദ്യാഭ്യാസ സംസ്കാരമാണ്‌, യാതൊരു വിധ മൂല്യവുമില്ലാത്ത വിദ്യാഭ്യാസ രീതി പൊളിച്ചെഴുതിയില്ലെങ്കില്‍ കേരളീയര്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ മുന്നിലും അന്യ ദേശങ്ങളിലും മണ്‌ടന്‍മാരാകുമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌... നേരാം വണ്ണം എഴുതാനും വായിക്കാനും ബുദ്ധി വികസിപ്പിക്കാനും അവസരം നല്‍കാതെ കേവലം വിജയ ശതമാനം പെരിപ്പിച്ച്‌ കാട്ടുന്ന ഈ പ്രവണത ഗുണത്തേക്കാള്‍ ഏറെ ദോഷമാണ്‌ നല്‍കുക എന്ന് തോന്നുന്നു

  ReplyDelete
 25. ക്വാളിറ്റി ഇല്ലാതെ ജയിച്ചു പോകുന്ന കുട്ടികൾക്ക് ഭാവിയിൽ നേരിടേണ്ടി വരുന്ന മത്സർപരീക്ഷകളിൽ നല്ല നിലവാരം പുലർത്താൻ കഴിയാതെ വരുംമ്പോഴാണ്‌ ഇതിന്റെ ശരിയായ ബുദ്ധിമുട്ട് എന്താനെന്ന് അറിയുക. നല്ല ലേഖനം..

  ReplyDelete
 26. എസ് എസ് എല്‍ സിയ്ക്ക് നല്ല വിലയുണ്ടായിരുന്ന കാലത്ത് കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി കഷ്ടപ്പെട്ട് ജയിച്ച ഒരു പാവം വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍. ഇപ്പോളത്തെ വിജയശതമാനമൊക്കെ കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ഞാന്‍. പീ എസ് എല്‍ വി പോലെ ഇത് 100% എത്തിക്കഴിയുമ്പോള്‍ പിന്നെ എന്തുചെയ്യും. കീഴ്പ്പോട്ട് ഇറങ്ങുമായിരിക്കും അല്ലെ? ഒരു കുന്നിന് ഒരു കുഴിയെന്നല്ലെ പ്രമാണം. (നമ്മുടെ പിള്ളേര് പഠിച്ച് ജയിക്കുന്നത് ചിലര്‍ക്ക് അങ്ങോട്ട് സഹിക്കുന്നില്ല എന്ന് അര്‍ത്ഥം വരുന്ന ഒരഭിപ്രായം എമ്മെ ബേബിയെന്ന പുട്ടുകുറ്റി ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു)

  ReplyDelete
 27. എഴുത്ത് നന്നായി !പ്രധാന്യം അര്‍ഹിക്കുന്നു ഈ അവസരത്തില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ !ആശംസകള്‍ ..കൂടെ പ്രാര്‍ത്ഥനയും ..

  ReplyDelete
 28. അല്ലങ്കിലും ഗ്രേഡ് സിസ്റ്റം വന്നതോടെ എസ് എസ് എല്‍ സി യുടെ പ്രസക്തി നഷ്ടമായി ഇപ്പോള്‍ പഴയ ആ എസ് എസ് എല്‍ സി യുടെ പ്രാധാന്യം പ്ലസ്‌ ടു വിനാണ് എല്ലാവരും കൊടുക്കുന്നത് എന്നതാണ് സത്യം ,,,വിശദമായി പഠിച്ചു ആധികാരികമായി അവതരിപ്പിച്ച ഒരു നല്ല പോസ്റ്റ്‌ ..ആശംസകള്‍ അബ്സാര്‍ക്ക

  ReplyDelete
 29. സുപ്രഭാതം...
  പോസ്റ്റിനോടൊപ്പം തന്നെ മേല്‍ അഭിപ്രായങ്ങളും വായിച്ചു..
  വളരെ കാര്യഗൌരവത്തോടു കൂടി വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരിയ്ക്കുന്നു..
  എസ്.എസ്.എല്‍.സി റിസൾട്ടിന് പ്രാധാന്യം നൽകി ഉടനെ തന്നെ ഈ ഒരു വിഷയത്തെ ആസ്പദമാറ്റി പോസ്റ്റ് ഇട്ടതിന് അഭിനന്ദനങ്ങൾ അറിയിയ്ക്കട്ടെ...!

  ReplyDelete
 30. പോസ്റ്റ്‌ ആനുകാലികമെന്നു ആദ്യമേ അടിവരയിടുന്നു..പക്ഷെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള നിരീക്ഷണത്തോട് ഞാന്‍ വിയോജിക്കുന്നു..വിജയ നിലവാരങ്ങളെ പഴയ കാലത്തോടും, പുതിയ കാലത്തോടും താരതമ്യം ചെയ്യുന്നവര്‍ കാണാതെ പോകുന്നത് വസ്തുതകളെയാണ്. പണ്ടത്തെ പോലെ പഠിച്ചു പതിഞ്ഞ പാഠപുസ്തകവിവരങ്ങളുമായി മാത്രം ഇന്നത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലേക്ക്‌ അധ്യാപകന് കടന്നു ചെല്ലാനാവില്ല. പാഠഇതര വിവരങ്ങള്‍ കൂടി അധ്യാപകനും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ക്ലാസ്സിലെ ഏതു കുട്ടിക്കും ഗവേഷണ, നിരീക്ഷണ, പരീക്ഷണ മേഖലകളില്‍ (ഏതു മേഖലയിലാവട്ടെ)തന്റെ മികവ് തെളിയിക്കാന്‍ പാകത്തിലാണ് ഇന്നത്തെ വിദ്യാഭ്യാസ രീതി. അത് വിദ്യഭ്യാസ നിലവാരവും ഉയര്‍ത്തിയിട്ടുണ്ട് എന്ന് തെളിവ് സഹിതം ഹാജരാക്കാനാകും.. ഗ്രേഡിംഗ് രീതി ഹൈസ്കൂളില്‍ നടപ്പാക്കുന്നതിനു മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്ന സ്കൂളില്‍ എട്ടാം തരത്തില്‍ ചേരുന്ന കുട്ടികള്‍ക്ക് അബ്സര്‍ പറഞ്ഞത് പോലെ സ്വന്തം പേര് പോലും ശരിക്ക് എഴുതാന്‍ അറിയുമായിരുന്നില്ല..അവര്‍ക്ക് എഴുത്ത് പഠിപ്പിക്കാന്‍ വേണ്ടി മാത്രം നാല് മണിക്ക് ശേഷം സ്പെഷ്യല്‍ ക്ലാസ്സുകള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്.. എന്നാല്‍ ഇപ്പോള്‍ അതെ സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ ചേരുന്ന കുട്ടികള്‍ അവരെക്കാള്‍ നിലവാരം പുലര്‍ത്തുന്നതായി കാണുന്നു.. അധ്യാപകര്‍ കുട്ടികളിലേക്ക് ഇറങ്ങി ചെന്നും ഇടപഴകിയും ക്ലാസ്സ്‌ എടുക്കാന്‍ തുടങ്ങിയതോടെ അധ്യാപനം ശിശു കേന്ദ്രീകൃതമായി, അതിലുപരി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പഠന നിലവാരം വര്‍ധിപ്പിക്കാനും ഇന്നത്തെ തലമുറയ്ക്ക് സംവിധാനങ്ങള്‍ ഏറെയുമാണ് , ഇതിന്റെയൊക്കെ അനന്തരഫലമാണ് ഈ വിജയശതമാനത്തിലെ വര്‍ധനവ്‌ എന്നാണു എന്റെ പക്ഷം.

  ReplyDelete
 31. 'വിദ്യാഭാസം'....!അല്ലാതെന്തു പറയാന്‍.മാറിവരുന്ന സര്‍ക്കാറുകള്‍ക്കൊപ്പം വിദ്യാഭ്യാസവും മാറിമറിയുന്നു.ഇവിടെ തോറ്റവര്‍ (?)പാവങ്ങള്‍ !പണമുള്ളവന്‍ പരുന്തിന് മുകളിലും പറന്നു കൊള്ളും.അതില്ലാതത്തവന്‍ പുഴുക്കളെപ്പോലെ തെരുവിലലയട്ടെ....!
  ഈ വിഷയത്തില്‍ 'വിദ്യാ'ധനം' എന്ന പേരില്‍ എന്‍റെ ബ്ലോഗിലുള്ള പോസ്റ്റും ശ്രദ്ധിക്കുമല്ലോ.നല്ലൊരു ലേഖനത്തിന് അഭിനന്ദനങ്ങള്‍!

  ReplyDelete
 32. sajeer kaanhirodeSunday, April 29, 2012

  അച്ച് എങ്ങനെയോ അങ്ങനെയേ രൂപവും ഉണ്ടാവൂ...ഇവിടെ എന്തെങ്കിലും കഴിവില്ലാത്ത ഒരു മനുഷ്യനും പിറന്നു വീഴുന്നില്ല എന്നതാന് വാസ്തവം (ബ്ലാക്ക്‌ എന്ന ഹിന്ദി ചിത്രം കാണാത്തവര്‍ ഒന്ന് കാണണം). വിദ്യാര്‍ഥിയുടെ മനമറിഞ്ഞു പഠിപ്പിക്കാന്‍ കഴിവുള്ള അധ്യാപകരുണ്ടായാല്‍ മാത്രമേ ഡി പി ഇ പി നടപ്പിലാക്കാന്‍ കഴിയൂ. കണ്ണുമടച്ചു ഈ പദ്ദതിയെ എതിര്‍ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.നമ്മുടെ പഴയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദൂഷ്യവശങ്ങള്‍ എല്ലാവര്ക്കും അറിയുന്നതാനല്ലോ. മരമണ്ടന്‍ എന്ന് കണക്കു മാഷ്‌ എഴുതി തള്ളിയ കുട്ടി പിന്നീട് അസ്സലായി ബസ്സില്‍ നിന്ന് മാഷിനു ടിക്കെറ്റ് മുറിച്ചു കൊടുക്കുമ്പോള്‍ ആ മാഷും കുട്ടിയും അറിയുന്നില്ല ഇത് തന്നെയാണ് യഥാര്‍ത്ഥ ഗണിത ശാസ്ത്രം എന്ന്. എല്ലാവരെയും എഞ്ചിനീയര്‍ ആക്കാനും ഡോക്ടര്‍ ആക്കാനും കഴിയില്ലല്ലോ. സര്‍ഗ്ഗാത്മകമായ ഒന്നിനെ വികസിപ്പെചെടുക്കാനുള്ള ഇടമാണ് സ്കൂളുകള്‍. ഇറച്ചി വെട്ടാന്‍ കഴിവുള്ള കുട്ടിയെ ഡോക്ടര്‍ ആക്കാന്‍ ശ്രമിച്ചാല്‍ ഭാവിയില്‍ ഉണ്ടാവുന്നത് നല്ല ഡോക്ടര്‍ ആവില്ല. എല്ലാ പഠന രീതികള്‍ക്കും അതിന്റേതായ കുറവുകള്‍ ഉണ്ട്. ജനാധിപത്യത്തിനു ഒരു പാട് കുറവുള്ളത് കൊണ്ട് ആ സംവിധാനം തന്നെ മോശം എന്ന് വിവരമുള്ളവര്‍ പറയില്ലല്ലോ.

  ReplyDelete
 33. വളരെ പ്രസക്തിയുള്ള വിഷയമാണ് ഡോക്ടര്‍ ഇത്തവണ അവതരിപ്പിച്ചത്.

  ഈ സിസ്റ്റത്തിനോട് നിരന്തരം ഇടപെടുന്ന ആള്‍ എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ തന്നെയാണ് ഡോക്ടര്‍ പറഞ്ഞത്. പറഞ്ഞതിനോട് മുഴുവന്‍ യോജിക്കുന്നു. വിജയശതമാനം കൃത്രിമമായി ഉയര്‍ത്തി എടുക്കാനുള്ള ഈ പരക്കംപാച്ചിലില്‍ നിലവാരം നഷ്ടപ്പെടുന്നുണ്ട് എന്നത് പകല്‍വെളിച്ചം പോലെ സത്യമാണ്. ഒട്ടും സംശയമില്ല. അക്കത്തിലെഴുതിയ ശതമാനക്കണക്കിലേക്ക് വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥത്തെ ചുരുക്കി എടുത്ത് ഗവണ്‍മെന്റുകള്‍ തൊട്ട്, സ്കൂള്‍ തലം വരെ അതുകാട്ടി മേനി നടിക്കുന്നതിനിടയിലൂടെ ഒരു സമൂഹത്തിന്റെ മാനവിഭവശേഷി തകര്‍ന്നടിഞ്ഞു പോവുന്നത് ആരും കാണുന്നു പോലുമില്ല.....

  93.64 ശതമാനം സംസ്ഥാന ശരാശരി എന്നു പറയുമ്പോള്‍ സാധാരണ വിദ്യാലയതലത്തില്‍ മിക്കവാറും വിജയശതമാനം 100 അല്ലെങ്കില്‍ അതിനടുത്തു എത്തിയില്ലെങ്കിലേ അല്‍ഭുതമുള്ളു. എന്നിട്ട് ഇപ്പോള്‍ 95 ശതമാനം വിജയം എന്നൊക്കെ ഫ്ലക്സ് ബാനറുകള്‍ കെട്ടി അതു ആഘോഷമാക്കുന്ന തിരക്കിലാണ് പല വിദ്യാലയങ്ങളും.ഈ ആഘോത്തില്‍ എല്ലാതരം വിദ്യാലയങ്ങളും പരസ്പരം മത്സരിക്കുകയാണ്...

  എസ്.എസ്.എല്‍.സി ക്ക് മുന്‍പ് ഉണ്ടായിരുന്ന പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞു. നിര്‍ണായകമായ ഒരു പരീക്ഷ എന്ന അതിന്റെ സ്റ്റാറ്റസ് ഇനി ആവശ്യമില്ല. എസ്.എസ്.എല്‍.സി പരീക്ഷയെ ഗൌരവപൂര്‍വ്വം സമീപിച്ചിരുന്ന പഴയ കാല അവസ്ഥയില്‍ നിന്നു മാറി എങ്ങിനെ എഴുതിയാലും കടന്നു പോവാനാവുന്ന ഒരു സംഗതി ആയി മാറിക്കഴിഞ്ഞു എസ്.എസ്.എല്‍.സി....

  ഗ്രേഡിങ്ങ് സംബ്രദായത്തിനുമുന്‍പ് ഇതിലും ഭേദമായ ഒരു നിലവാരം നാം സൂക്ഷിച്ചിരുന്നു എന്നാണ് എന്റെ നിരീക്ഷണം.കണ്‍സ്ട്ക്ടിവിസമെന്ന ഓമനപ്പേരിട്ട് വിദ്യാര്‍ത്ഥിയുടെ സര്‍വ്വതോന്മുഖമായ വികാസത്തെ ലാക്കാക്കിയുള്ള പഠനരീതി എന്നു മേനി നടിക്കുന്ന പുതിയ വിദ്യാഭ്യാസപദ്ധതി കൃത്യമായ ലക്ഷ്യത്തിലേക്കുള്ള ചാനലിലൂടെ അല്ല ഇന്നു സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. കുട്ടി അറിവു സ്വയം നിര്‍മിക്കണം, അദ്ധ്യാപകന്‍ സഹായിയായി വര്‍ത്തിക്കണം എന്ന കണ്‍സ്ട്രക്ടിവിസത്തിന്റെ സത്ത ഉള്‍ക്കൊണ്ട് ക്ലാസുറൂമുകളില്‍ പ്രവര്‍ത്തിക്കാന്‍ ചെല്ലുന്ന ഭാവനാസമ്പന്നരായ അദ്ധ്യാപകര്‍ക്ക്, വെറും പരീക്ഷാ കേന്ദ്രീകൃതമായ പഠനസമ്പ്രദായത്തിന്റെ ബ്യൂറോക്രാറ്റിക്ക് കാര്‍ക്കശ്യങ്ങള്‍ക്കു മുന്നില്‍ നിരാശരാവേണ്ടി വരുന്നു. അതോടെ വിദ്യാഭ്യാസ സമ്പ്രദായം പാളം തെറ്റുന്നു.

  ഞാന്‍ പഴമക്കാരുടെ ആരാധകനോ വക്താവോ അല്ല. പുതിയ തലമുറയാണ് ബുദ്ധിശക്തിയിലും, സാമൂഹ്യ വീക്ഷണത്തിലും മറ്റും പഴയതിനേക്കാള്‍ എത്രയോ മുന്നില്‍ നില്‍ക്കുന്നത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍. പക്ഷേ ക്ലാസ് റൂം അനുഭവത്തില്‍ ഒരോ വര്‍ഷം കഴിയുമ്പോഴും വിദ്യാര്‍ത്ഥികളുടെ നിലവാരം കുത്തനെ ഇടിഞ്ഞു വരുന്ന കാഴ്ചയാണ് എനിക്കു ക്ലാസ് റൂമുകളില്‍ കാണാനാവുന്നത്....

  ഇതോടൊപ്പം വേണുവേട്ടന്‍ പറഞ്ഞ കാര്യങ്ങളെ ഞാന്‍ അടിവര ഇടുന്നു.....

  പ്രസക്തമായ ഈ വിഷയം അവതരിപ്പിച്ച ഡോക്ടറെ പ്രത്യേകം പ്രത്യേകം അഭിനന്ദിക്കുന്നു.....

  ReplyDelete
 34. കാലികമായ വിഷയത്തെ നല്ല രീതിയില്‍ വിശകലനം ചെയ്തു ആശംസകള്‍ ..ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കകുട്ടികളില്‍ എങ്ങിനെ സ്വാധീനം ചെലുത്തുന്നു എന്ന് നിരീക്ഷിക്കണം . ക്രിയാത്മകമായ രീതിയില്‍ കുട്ടികള്‍ ജീവിതത്തോട് പൊരുത്തപ്പെടാന്‍ ഈ വിദ്യാഭ്യാസം കൊണ്ട് കഴിയും എന്നാണു എന്റെ ഒരു അഭിപ്രായം എങ്കിലും ചില ചീത്ത വശങ്ങളും ഉണ്ട് , ഒരു നല്ല തലമുറ വാര്‍ത്തെടുക്കാന്‍ ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ അധ്യാപകരുടെ ഇടയില്‍ നിന്ന് ഉണ്ടാകണം കാരണം ആധ്യാപകര്‍ തന്നെയാണ് ഒരു നല്ല ശതമാനം കുട്ടികളുടെ പഠന നിലവാരത്തെ സ്വാധീനിക്കുന്നത്

  ReplyDelete
 35. വിദ്യാഭ്യാസം എന്ന കാഴ്ചപാടിന് വന്ന മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത് . കുറെ പഠിച്ച് അതെല്ലാം പകര്‍ത്തി വയ്ക്കുമ്പോള്‍ കിട്ടുന്ന ചുവന്ന അക്കങ്ങള്‍ ആണ് ജീവിത വിജയം എന്ന് കുട്ടികളെ ധരിപ്പിക്കുന്നു.അതില്‍ കാര്യമില്ല എന്നല്ല .തീര്‍ച്ചയായും ഉണ്ട് ,പക്ഷെ അത് മാത്രമല്ല വിദ്യാഭ്യാസം. സത്യത്തില്‍ ഇന്ന് വിദ്യാഭ്യാസ നിലവാരം പുറകോട്ടാണ് പോകുന്നത് . ഒരു വിദ്യാര്ധിയോട് ആരാവാനാണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ അവന്‍ പറയും " ഒന്നുകില്‍ ഡോക്റ്റര്‍ അല്ലെങ്കില്‍ എന്‍ജിനീയര്‍ അതും അല്ലെങ്കില്‍ സിവില്‍ സര്‍വ്വീസ് " അതിനപ്പുറം ഉള്ള ലോകത്തെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയാത്ത വിധം അവന്റെ ചിന്തകളെ വരെ തളയ്ക്കുന്നതാണ് ഇന്നത്തെ വിദ്യാഭ്യാസം.

  ReplyDelete
 36. വായിച്ചു,കാലിക പ്രശക്തിയുള്ള പോസ്റ്റ്‌.നന്നായിട്ടുണ്ട്.
  പിന്നെ ഒരു സ്വകാര്യം, താങ്കള്‍ ഇപ്പോള്‍ പ്രതിപക്ഷത്താണോ ? പോസ്റ്റ്‌ ചെയ്ത സമയം കണ്ടു ചോദിച്ചതാ.

  ReplyDelete
  Replies
  1. ഹ ഹ....
   ഞാന്‍ പ്രതിപക്ഷത്തോ ഭരണ പക്ഷത്തോ അല്ല....
   സ്വപക്ഷത്താണ്....:)

   സ്വപക്ഷത്ത് നിന്ന് പറയുമ്പോള്‍ ചിലര്‍ക്ക് ചിലപ്പോള്‍ പ്രതിപക്ഷത്തായും, മറ്റു ചിലപ്പോള്‍ ഭരണപക്ഷത്തായും തോന്നുക സ്വാഭാവികം....അത് എന്റെ പക്ഷത്തിന്റെ പ്രശ്നമല്ല...:)

   Delete
 37. അപ്പോള്‍ കുട്ടികള്‍ക്ക് ബുദ്ധി കൂടിയിട്ടില്ല; സര്‍ക്കാരിനും മാനേജ്‌മന്റ്‌ കമ്മറ്റിക്കും വളരെ കൂടി...ഞാന്‍ ആകെ കണ്ഫ്യൂഷനില്‍ ആയിരുന്നു, അബ്സാര്‍ അത് മാറ്റി തന്നു....
  ഇപ്പോഴത്തെ വിദ്യാഭ്യാസത്തെ കുറിച്ച് അവബോധം നല്‍കിയതിനു നന്ദി...!

  ReplyDelete
 38. സത്യം പറഞ്ഞാ അസൂയയാണ് ഇപ്പോഴത്തെ കുട്ടികളോട് .... ചുമ്മാ കളീം പറഞ്ഞു നടന്നു സാറന്മാരോട് കമ്പനീം അടിച്ചു പോകുമ്പോ പേപ്പറ് നിറയെ മാര്‍ക്കും abcd ഗ്രേഡും ...

  എന്തായാലും കാലിക പ്രസക്തിയുള്ള ഈ കുറിപ്പ് ഒരോര്‍മ്മ പെടുതലാണ് ... നാളെയുടെ പൌരന്മാരിലെക്കുള്ള ഒരു ചൂണ്ടു വിരല്‍ ....
  എല്ലാ ആശംസകളും

  ReplyDelete
 39. കാലികമായ ഒരു വിഷയം നന്നായി പറഞ്ഞു...!!

  ReplyDelete
 40. അടിപൊളിയായി പറഞ്ഞു അബ്സറിക്കാ. ആ വിദ്യാഭ്യാസ ശതമാനം കഴിഞ്ഞ കുറെ വർഷത്തെ പരിശോധിച്ചാൽ മാത്രം മതി 'ആ' നിലവാരം ബോധ്യപ്പെടാൻ.! പത്ത് വർഷം മുൻപേ 45 ശതമാനം മാത്രം ഉണ്ടായിരുന്നത് ഇപ്പോൾ 93 കവിഞ്ഞു. കഷ്ടം ആ നിലവാരമോർത്ത്. സത്യ സന്ധമായ നിരീക്ഷണവും കുറിപ്പും. ഇതിലാ ടി.സി വാങ്ങി കിട്ടി ബോധിച്ചു എന്നെഴുതാൻ വിയർത്ത കാര്യം വായിച്ചപ്പോൾ നല്ല രസമായി. നല്ല കാര്യം അബ്സറിക്കാ. ആശംസകൾ.

  ReplyDelete
 41. ഒരു അധ്യാപകന്‍ എന്നാ നിലക്ക് വിശദമായി പ്രതികരിക്കാന്‍ ആഗ്രഹമുണ്ട് മലയാളം typing വഴങ്ങുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ ലേഖനം മുന്നോട്ടു വെക്കുന്ന വിഷയം വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച ആണല്ലോ. അതില്‍ ഒരു പാട് ആശങ്കപ്പെടാനുണ്ട്. ഈ വിജയ ശതമാനം ഓര്‍ത്തല്ല. അവര്‍ എന്ത് പഠിച്ചാണ് അത് നേടിയത് എന്നോര്‍ത്ത്. ബ്ലോഗില്‍ ഒരു പുതുമുഖമാണ്. ആദ്യം താങ്കളുടെ ഈ മനോഹരമായ ബ്ലോഗിലെ സൃഷ്ടികളിലൂടെ ഒന്ന് സഞ്ചരിക്കട്ടെ. ഈ പോസ്റ്റ്‌ തന്നെ ഇരുത്തി ഒന്ന് കൂടെ വായിക്കണം. ഒരു പോസ്റ്റ സ്വന്തമായി ഇടാന്‍ പ്രചോദനം തോന്നുന്നു. :)

  ReplyDelete
  Replies
  1. മലയാളം ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക.

   മംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്ത് മലയാളം ആക്കി മാറ്റം...
   എന്നിട്ട് കോപ്പി ചെയ്ത് ഇട്ടാല്‍ മതി...:)

   Delete
 42. വിദ്യാഭ്യാസത്തിന്റെ നിലവാര തകര്‍ച്ച...ഈ സമ്പ്രദായത്തില്‍ പഠിച്ചിറങ്ങുന്ന മിക്ക കുട്ടികള്‍ക്കും സ്വന്തമായി അപേക്ഷ ഫോം വരെ പൂരിപിക്കാന്‍ അറിയാത്ത ഗതികേടാണ്..കാലിക പ്രസക്തമായ ഇത്തരം വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഡോക്ടര്‍ക്ക്‌ അഭിനന്ദനങ്ങള്‍...

  ReplyDelete
 43. കാഴ്ച്ചപ്പാടുകള്‍ മൂടിവെക്കാനുള്ളതല്ല, അന്തരീക്ഷത്തില്‍ പാറിപറക്കാനുള്ളതാണ്.ഈ അവസരത്തില്‍ എന്നെ പരീക്ഷകളില്‍ തോല്‍പ്പിച്ച എന്റെ എല്ലാഗുരുക്കന്മാര്‍ക്കും ഞാന്‍ നന്ദിപറയുന്നു അവരെസ്മരിക്കുന്നു.

  ReplyDelete
 44. മുഖസ്തുതി പറയുകയല്ല. ഇതുവരെ വായിച്ചതില്‍ ഇതാണെനിക്ക് ഏറ്റവും ഇഷ്ടമായ അബസ്വരം. മാതൃഭൂമി ആഴ്ചപ്പതിപ്പിലും ഇതേ സംബന്ധിച്ച ലേഖനങ്ങള്‍ വന്നിരുന്നു. പണ്ട് ഫോറങ്ങള്‍, പിന്നെ എട്ടാം ക്ലാസ്സ്‌, ഇപ്പോള്‍ SSLC യും. ഇനി പ്ലസ് ടു, ബിരുദം, അങ്ങനെ നമുക്ക് പരീക്ഷയേ വേണ്ടെന്നു വക്കാം. എന്നിട്ട് ഇപ്പോള്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് തടഞ്ഞ് നേരെ ചൊവ്വേ ജോലിയെടുക്കാനറിയാതെ, ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ കഴിവില്ലാതെ, ടെന്‍ഷനും വിഷാദരോഗവും ബാധിച്ച യൌവനങ്ങള്‍ ആത്മഹത്യ ചെയ്യുന്നത് കാണാം. ഈ ആത്മഹത്യകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അക്കൌണ്ടില്‍ നിന്നും വ്യവസായ-ആരോഗ്യക്ഷേമ വകുപ്പുകളിലേക്ക് മാറ്റാം. കുറെയേറെ ജോലി തേടി മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകുന്നത് കൊണ്ട് കുറെയെണ്ണം അവരുടെ അക്കൌണ്ടിലേക്കും പൊയ്ക്കോളും. ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലേക്ക് മാറ്റാം. എത്ര സുന്ദര സാക്ഷര കേരളം!!

  ReplyDelete
 45. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ വിദ്യാഭ്യാസ മേഖലയെ പരിഷ്കരിക്കുമ്പോള്‍ പരീക്ഷയില്‍ ജയിച്ചാലും സാമാന്യ ബോധം പോലും ഇല്ലാത്ത ഒരു തലമുറയെ വളര്‍ത്താനേ അത് ഉപകരിക്കു .

  ReplyDelete
 46. ഒരു കുട്ടിയ്ക്കു എന്താണ് അറിയാത്തത് എന്നാണ് ഇന്നത്തെ പരീക്ഷകള് നോക്കുന്നത്. ഏന്നാല് അവന് എന്തൊക്കെ അറിയാം, ആ അറിവു കൊണ്ട് അവന് ജീവിതത്തില് എന്തു പ്രയോജനമുണ്ട് എന്നല്ലേ നോക്കേണ്ടത്. കുട്ടികളെ വെറുതെ തോല്‌പിച്ച് നാട്ടുകാറ്ക്കും വീട്ടുകാര്‌ക്കും കൊള്ളാത്തവനാക്കിമാറ്റിയിട്ട് എന്തു നേട്ടം.

  ReplyDelete
  Replies
  1. കുട്ടിക്ക് അറിയുന്നത് എന്താണ് എന്ന് നോക്കിയാല്‍ അല്ലേ അറിയാത്തത് എന്താണ് എന്ന് മനസ്സിലാക്കാന്‍ കഴിയൂ ???

   അറിവ് ഇല്ലാത്തവനു അറിവ് ഉണ്ട് എന്ന് വരുത്തി തീര്‍ത്തിട്ടു ജീവിതത്തില്‍ എന്ത് ഗുണം ആണ് ഉള്ളത് ?

   വിവരമില്ലത്തവനെ പാസ്സാക്കി സമൂഹത്തിലേക്ക് അയച്ചിട്ട് എന്ത് കാര്യം. തീവ്രവാദി എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കമന്റ് ഇടുന്ന ഒരുപാട് എണ്ണത്തിനെ സമൂഹത്തിലേക്ക് ഇറക്കി വിടാനോ ?

   Delete
 47. പത്താം ക്ലാസ് ജയിക്കാന്‍ പരീക്ഷാ ദിവസം വയറിളക്കം പിടിക്കാതിരുന്നാ മതി എന്നായിരിക്കുന്നു. എട്ടു വരെ എല്ലാരും ജയിക്കും,അഞ്ചു മാര്‍ക്ക് കിട്ടിയാ പത്ത് ജയിക്കും. ഒന്‍പതാം ക്ലാസ് ജയിക്കുന്നവനെ ആണ് സമ്മതിക്കേണ്ടത്!!!

  ReplyDelete
 48. വിജയികളെ അഭിനന്ദിക്കുന്നു ഒപ്പം പറയട്ടെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം വളരെ താഴ്ന്ന നിലയിലേക്ക് പോവുകയാണ് .ഒന്നാം ക്ലാസിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കുക എന്ന ലെവലിലേക്ക് പത്താം ക്ലാസ്‌ പരീക്ഷയും എത്തിയിരിക്കുന്നു , പണ്ട് ഇരുനൂര്‍ കുട്ടികള്‍ പരീക്ഷ എഴുതിയാല്‍ പത്തോ ഇരുപതോ കുട്ടികള്‍ ജയിക്കും ഇന്നും ഇരുനൂറില്‍ നൂറ്റി തൊണ്ണൂറും അതിനു മേലെയും ജയിക്കുന്നു , ഇതൊരു ജയം ആണോ ?? സത്യത്തില്‍ ഭരിക്കുന്ന ഭരണ കൂദത്തിനു പറയാന്‍ , ഞങ്ങളുടെ ഭരണ കാലം മെച്ചപെട്ട വിദ്യാഭ്യാസം ആയിരുന്നു എന്ന് പറഞ്ഞു അഹങ്കരിക്കാന്‍ മാത്രമേ ഉപകരിക്കൂ ഈ വിജയം . ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും ആശംസകള്‍

  ReplyDelete
 49. വിജയികളെ അഭിനന്ധിക്കുന്നു ഒപ്പം പറയട്ടെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം വളരെ താഴ്ന്ന നിലയിലേക്ക് പോവുകയാണ് ഒന്നാം ക്ലാസിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കുക എന്നാ ലെവലിലേക്ക് പത്താം ക്ലാസ്‌ പരീക്ഷയും എത്തിയിരിക്കുന്നു , പണ്ട് ഇരുനൂര്‍ കുട്ടികള്‍ പരീക്ഷ എഴുതിയാല്‍ പത്തോ ഇരുപതോ കുട്ടികള്‍ ജയിക്കും ഇന്നും ഇരുനൂറില്‍ നൂറ്റി തൊണ്ണൂറും അതിനു മേലെയും ജയിക്കുന്നു , ഇതൊരു ജയം ആണോ ?? സത്യത്തില്‍ ഭരിക്കുന്ന ഭരണ കൂദത്തിനു പറയാന്‍ , ഞങ്ങളുടെ ഭരണ കാലം മെച്ചപെട്ട വിദ്യാഭ്യാസം ആയിരുന്നു എന്ന് പറഞ്ഞു അഹങ്കരിക്കാന്‍ മാത്രമേ ഉപകരിക്കൂ ഈ വിജയം . ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും ആശംസകള്‍

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....