Tuesday, April 17, 2012

ഹജ്ജ്‌ സബ്സിഡി നിര്‍ത്തലാക്കുക


കേന്ദ്ര സര്‍ക്കാര്‍ പുതിയ ഹജ്ജ്‌ നയം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ....
ഒരാള്‍ക്ക് ഒരു തവണ മാത്രമേ ഇനി ഹജ്ജ്‌ കമ്മറ്റി മുഖാന്തിരം (സബ്സിഡിയോടെ)  ഹജ്ജിനു പോകാന്‍ കഴിയൂ എന്നതാണ് അതിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇട്ട ഫേസ്‌ ബുക്ക്‌ സ്റ്റാറ്റസില്‍ ഉണ്ടായ കമന്റുകള്‍  കൂടുതല്‍ വിശദമായ ചര്‍ച്ച  ഇക്കാര്യത്തില്‍ വേണം എന്ന് തോന്നലിലേക്ക് നയിച്ചപ്പോള്‍ പിറവിക്കൊണ്ടാതാണീ പോസ്റ്റ്‌ ...

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേത് ആണ് ഹജ്ജ്‌.

ഖുർആനും പ്രവാചകചര്യയും നിർദ്ദേശിച്ച മാതൃകയിൽ മുസ്ലിംങ്ങൾ മതപരമായ അനുഷ്ഠാനമായി ദുൽഹജ്ജ് മാസത്തില്‍ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത്.

ജീവിതത്തില്‍ ഒരു തവണ മാത്രമേ ഹജ്ജ് നിര്‍ബന്ധമുള്ളൂ.
ഹജ്ജ് നിര്‍ബന്ധമാകുന്നതിന് അഞ്ച് നിബന്ധനകള്‍ (ശര്‍ത്വുകള്‍) യോജിച്ചിരിക്കണം.

1. മുസ്ലിമായിരിക്കുക.
2. സ്വയംബുദ്ധിയുണ്ടായിരിക്കുക.
3. സ്വതന്ത്രനായിരിക്കുക.
4. പ്രായപൂര്‍ത്തിയാവുക.
5. ഹജ്ജ് പൂര്‍ത്തിയാക്കുവാനുള്ള എല്ലാ കഴിവുകളുമുണ്ടായിരിക്കുക. കഴിവുകള്‍ക്ക് താഴെ പറയുന്ന സൌകര്യങ്ങള്‍ ഒത്തിരിക്കണം.
  A.  മക്കയില്‍ എത്തിച്ചേരാനുള്ള വാഹന സൌകര്യം.
  B.  കടം വീട്ടാനാവശ്യമായതിനു പുറമെ മക്കയില്‍ പോയി വരുന്നത് വരെ
       സ്വന്തം ചിലവിനുള്ള ഭക്ഷണ സാധനങ്ങളുടെ വകയും തന്റെ യാത്രാ വേളയില്‍ താന്‍
      ചിലവിന് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രം, വീട്
      മുതലായവയും തയ്യാറുണ്ടായിരിക്കണം.
  C. വഴിസ്വാതന്ത്ര്യം.
  D. യാത്രക്കനുകൂലമായ ശാരീരികാരോഗ്യം.

ശാരീരികാരോഗ്യമുണ്ടായാല്‍ സ്വയം പോകലും അതില്ലാതിരുന്നാല്‍ മറ്റുള്ളവരെ അയച്ച് ഹജ്ജ് ചെയ്യിപ്പിക്കലും നിര്‍ബന്ധമാണ്. മേല്‍പ്പറഞ്ഞ കഴിവുകളില്ലാത്ത ഒരാള്‍ ഹജ്ജ് സമയത്ത് അവിടെയുണ്ടായാല്‍ അവനും ഹജ്ജ് നിര്‍ബന്ധമാകുന്നതാണ്.

കുടുംബത്തിന്റെ താമസത്തിനാവശ്യമായ വീടൊഴിച്ച് തന്റെ ബാക്കി സമ്പത്തുകളെല്ലാം കൂടി വിറ്റാല്‍ കുടുംബച്ചിലവും കടവും കഴിച്ച് ഹജ്ജ് യാത്രക്കാവശ്യമായ സംഖ്യ ലഭിക്കുമെങ്കില്‍ അത് ഉപയോഗപ്പെടുത്തി ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്.

എണ്ണിവെച്ച പണം ലക്ഷക്കണക്കിന് ബാക്കിയുള്ളവര്‍ മാത്രമാണ് ഹജ്ജിന് അവകാശപ്പെട്ടവര്‍ എന്ന ധാരണ ശരിയല്ല. ഭൂസ്വത്തുക്കളും മറ്റും കഴിവിനാധാരമായ ധനത്തില്‍ ഉള്‍പ്പെട്ടതാണ്. ഹജ്ജിനാവശ്യമായ ഇത്തരം സ്വത്തുക്കള്‍ ഉടമസ്ഥതയിലുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കാതെ മരണപ്പെട്ടാല്‍ വലിയ ദുര്‍വൃത്തനായാണ് ദീനിന്റെ ദൃഷ്ടിയില്‍ അവന്‍ ഗണിക്കപ്പെടുക. മാത്രമല്ല അവന്റെ അനന്തരസ്വത്തില്‍ നിന്ന് പകരം ഹജ്ജ് ചെയ്യിക്കാനുള്ള സംഖ്യ നീക്കിവെക്കല്‍ നിര്‍ബന്ധവും ഒരാളെക്കൊണ്ട് ഹജ്ജ് ചെയ്യിപ്പിക്കേണ്ടതുമാണ്. അതുകഴിച്ചുള്ള സ്വത്ത് മാത്രമേ അനന്തരാവകാശികള്‍ വീതിച്ചെടുക്കാന്‍ പാടുള്ളൂ.

ഹജ്ജിനും ഉംറക്കും പുറപ്പെടാന്‍ ഉദ്ദേശിക്കുന്ന ഓരോ മുസ്ലിമും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്. സ്വന്തം സമ്പാദ്യത്തില്‍ നിന്നോ, അല്ലെങ്കില്‍ നേരായ രൂപത്തില്‍ നിന്നോ അനന്തരാവകാശമായി ലഭിച്ച സ്വത്തില്‍നിന്നോ ചെലവഴിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമേ ഹജ്ജിന് പുറപ്പെടാന്‍ അല്ലാഹു കല്‍പ്പിച്ചിട്ടുളളൂ. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുമിത്രാദികളില്‍നിന്നോ, മറ്റു ഔദാര്യവാന്മാരില്‍നിന്നോ സംഭാവന സ്വീകരിച്ചുകൊണ്ട് ഹജ്ജിന് പോകണമെന്ന് ഇസ്ലാം ആവശ്യപ്പെടുന്നില്ല.

ഇനി സംസ്ഥാന ഹജ്ജ്‌ കമ്മറ്റി ചെയര്‍മാന്‍ ആയിരുന്ന അഡ്വ: പി.ടി.എ റഹീം എം എല്‍ എ യുടെ വാക്കുകള്‍ നമുക്കൊന്ന് പരിശോധിക്കാം....

"ഹജ്ജ്‌ സബ്സിഡി എന്ന് കേള്‍ക്കുമ്പോഴേക്കും തീര്‍ഥാടകരെ സര്‍ക്കാര്‍ സൌജന്യമായി കൊണ്ട് പോകുന്നുവെന്നോ തീര്‍ഥാടനത്തിനായി വലിയ തുക ഹാജിമാര്‍ക്ക് സര്‍ക്കാര്‍ നല്കുന്നുവെന്നോ ഉള്ള ധാരണയാണ് പൊതുവേയുണ്ടാകുക. എന്നാല്‍ തീര്‍ഥാടകരുടെ ഒരു തരത്തിലുള്ള ചിലവും സര്‍ക്കാര്‍ വഹിക്കുന്നില്ല. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പോകുന്ന തീര്‍ഥാടകര്‍ക്ക് സബ്സിഡിയെ ഇല്ല.
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഹജ്ജ്‌ കമ്മിറ്റി മുഖേന പോകുന്ന ഓരോ തീര്‍ഥാടകനും യാത്ര, താമസം, ഭക്ഷണം, തുടങ്ങിയവയ്ക്കായി ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ അടക്കുന്നുണ്ട്.
ഇതില്‍ യാത്രാ നിരക്ക് ഇപ്പോള്‍ 16,000 രൂപയാണ്. നേരത്തെ 12,000 ആയിരുന്നു. ഇത് ഫിക്സഡ് നിരക്ക് ആണ്. വിമാന യാത്രക്ക് ഇതിനെക്കാള്‍ അധികം തുക വേണ്ടി വരികയാണെങ്കില്‍ സര്‍ക്കാര്‍ അത് നല്കുക. ഇതാണ് ഹജ്ജ്‌ സബ്സിഡി.
ഇത് സര്‍ക്കാരിനു കീഴിലുള്ള വിമാന കമ്പനിക്ക് മാത്രമേ നല്‍കൂ. സ്വകാര്യ കമ്പനിക്ക് നല്‍കില്ല.

മലയാളികളായ ഹജ്ജ്‌ തീര്‍ഥാടകരെല്ലാം കോഴിക്കോട് നിന്നാണ് യാത്ര പുറപ്പെടുന്നത്. കോഴിക്കോട് - ജിദ്ദ - കോഴിക്കോട് വിമാന യാത്രക്ക് എയര്‍ ഇന്ത്യ ഈടാക്കുന്ന സാധാരണ നിരക്ക് 17,300 രൂപയാണ്. ജെറ്റ് എയര്‍ വേയ്സ്‌ നിരക്ക് 14,000 രൂപയും.
സീസണ്‍ എന്ന പേരില്‍ വിമാന കമ്പനികള്‍ ചുമത്തുന്ന കഴുത്തറപ്പന്‍ നിരക്കല്ല. പതിവ് നിരക്കാണിത്. ഇപ്പോള്‍ ഒരു തീര്‍ഥാടകന് വേണ്ടി സര്‍ക്കാര്‍ ഈ വര്‍ഷം നല്കേണ്ടി വരുന്ന സബ്സിഡി എത്രയാണ് ?
1300 രൂപ മാത്രം.

ജെറ്റിന്റെ നിരക്ക് പരിഗണിക്കുകയാണങ്കില്‍ രണ്ടായിരം രൂപ ഓരോ തീര്‍ഥാടകനും തിരിച്ചു കൊടുക്കണം.

ഒന്നേകാല്‍ ലക്ഷം രൂപ ചിലവഴിക്കുന്ന തീര്‍ത്ഥാടകന് 1300 രൂപ കൂടി കൊടുക്കാന്‍ കഴിയില്ലേ ?

അത് കൂടി തങ്ങള്‍ കൊടുക്കാം എന്ന് തീര്‍ഥാടകര്‍ പറഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കില്ല. സബ്സിഡി തന്നേ അടങ്ങൂ എന്ന വാശിയാണ്. ഇവിടെയാണ്‌ ഹജ്ജ്‌ സബ്സിഡിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി പുറത്ത് വരുന്നത്. കെടുകാര്യസ്ഥത കാരണം പൊട്ടി പൊളിയാറായ എയര്‍ ഇന്ത്യയെ കടത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഉപായമാണിത്.

ഹജ്ജ്‌ സബ്സിഡിയുടെ പേര് പറഞ്ഞു നല്ലൊരു തുക എയര്‍ ഇന്ത്യക്ക് എഴുതികൊടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.
മുന്‍ വര്‍ഷ‍ങ്ങളിലെ കണക്ക് നോക്കിയാല്‍ ഇത് വ്യക്തമാകും.
2008ല്‍ ഹജ്ജ്‌ സബ്സിഡി ഇനത്തില്‍ 770 കോടി രൂപയാണ് എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. അതിനു മുന്‍ വര്‍ഷം 559 കോടി രൂപയും. 2009, 2010, 2011വര്‍ഷങ്ങളിലെ കണക്ക് ലഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ മറച്ചു വെക്കുകയാണ്.

2008ല്‍ 1.10 ലക്ഷം തീര്‍ഥാടകര്‍ ആണ് ഹജ്ജ്‌ കമ്മിറ്റി മുഖേന പോയത്. ഇവര്‍ക്ക് വേണ്ടിയാണ്  770 കോടി രൂപ നല്കിയത്. ഇതിനര്‍ത്ഥം ഓരോ തീര്‍ഥാടകനും 70000 രൂപ പ്രകാരം വിമാന കമ്പനിക്ക് സര്‍ക്കാര്‍ നല്‍കി എന്നാണ്.
ഏതു കഴുത്തറപ്പന്‍ നിരക്കനുസരിച്ച് ഗുണിച്ചാലും ഗണിച്ചാലും ഒരു യാത്രക്കാരന് കോഴിക്കോട് നിന്ന് ജിദ്ദയിലോ മദീനയിലോ പോയി തിരിച്ചു വരാന്‍ വിമാന ടിക്കറ്റിനായി 70000 രൂപ വേണ്ട.

ഹജ്ജ്‌ തീര്‍ഥാടനത്തിനായി ഇന്ത്യയില്‍ നിന്ന് മുമ്പ് കപ്പല്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കപ്പുലും വിമാനവും ഏര്‍പ്പെടുത്തി. ഒടുവില്‍ തൊണ്ണൂറുകളുടെ ആദ്യത്തില്‍ കപ്പല്‍ സര്‍വീസ്‌ നിര്‍ത്തലാക്കി.
കുറഞ്ഞ ചിലവില്‍ ഹജ്ജിനു പോകാനുള്ള അവസരമായിരുന്നു കപ്പല്‍ യാത്ര. ഇത് സര്‍ക്കാര്‍ ഏകപക്ഷീയമായി നിര്‍ത്തലാക്കിയപ്പോള്‍ പാവപ്പെട്ട തീര്‍ഥാടകര്‍ക്കു അവസരം നഷ്ടമാകാതിരിക്കാന്‍ എര്‍പ്പെടുത്തിയതാണ് ഹജ്ജ്‌ സബ്സിഡി. വിമാന യാത്രക്ക് കപ്പല്‍ യാത്രയെക്കള്‍ അധികം വരുന്ന തുക സര്‍ക്കാര്‍ വഹിക്കും എന്നായിരുന്നു സങ്കല്പം. ഇന്നിപ്പോള്‍ വിമാന നിരക്കിന് തുല്യമായ തുക തീര്‍ഥാടകര്‍ നല്‍കുന്നുണ്ട്. അതിനു പുറമെയാണ് ഹജ്ജ്‌ സബ്സിഡി എന്ന പേരില്‍ എയര്‍ ഇന്ത്യയുടെ കടം വീട്ടാന്‍ കോടിക്കണക്കിനു രൂപ എഴുതി തള്ളുന്നത്. ഇതിലൂടെ നിഷ്കളങ്കരായ വിശ്വാസികളെ ചതിക്കുകയും രാജ്യത്തെ പൊതു ജനങ്ങളെ തെറ്റി ധരിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്."

ഈ വാക്കുകള്‍ നമുക്ക് വിശ്വാസത്തില്‍ എടുക്കാം.
അഥവാ ഈ കണക്കുകളില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനും വായനക്കാരോട്‌ അഭ്യര്‍ത്ഥിക്കുന്നു....

അതായത് ഏകദേശം 1300 രൂപ ഒരു വ്യക്തിക്ക് സബ്സിഡിയായി നല്‍കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും ഒരു വ്യക്തിയുടെ പേരില്‍ എയര്‍ ഇന്ത്യക്ക്‌ നല്‍കുന്നത്  70000 രൂപയാണ് എന്ന് ചുരുക്കം !!!!

പല മുസ്ലിം വിരുദ്ധ സംഘടനകളും "മുസ്ലിംങ്ങള്‍ അനര്‍ഹമായി നേടുന്നു" എന്ന് കുറ്റപ്പെടുത്തുന്നതിന് ഉദാഹരണമായി പറയുന്ന ഒരു കാര്യമാണ് ഹജ്ജ്‌ സബ്സിഡി.
യഥാര്‍ത്ഥത്തില്‍ മുസ്ലിം മത വിശ്വാസികളെ പ്രതിക്കൂട്ടില്‍ ആക്കി സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ അന്യായമായി സഹായിക്കുകയാണ് ചെയ്യുന്നത് എന്ന വാസ്തവം പലരും തിരിച്ചറിയുന്നില്ല.

ഈ പ്രതിക്കൂട്ടില്‍ നാം ഇരുന്നു കൊടുക്കേണ്ടതുണ്ടോ ?

"ഹജ്ജ്‌ സബ്സിഡി ആവശ്യമില്ല" എന്ന് പ്രഖാപിച്ച് സ്വന്തം ചിലവില്‍ ഹജ്ജ്‌ ചെയ്തുകൊണ്ടല്ലേ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ നാം മാതൃകയാകേണ്ടത് ?

പൊതു ഖജനാവിലെ പണം ഹജ്ജ്‌ സബ്സിഡിക്കായി ഉപയോഗിക്കുന്നു  എന്ന്  വിമര്‍ശിക്കുന്നവരുടെ  മുന്നില്‍ ഈ പ്രഖ്യാപനം അല്ലേ ഇസ്ലാം മത വിശ്വാസികള്‍ നടത്തേണ്ടത് ?

ദൈവപ്രീതിക്കും സ്വന്തമായി ഉണ്ടാക്കിയ പണം കൊടുത്തു ഹജ്ജിന് പോകുന്നതല്ലേ
നല്ലത് ?

ഒരു പുണ്യകര്‍മ്മത്തിനായി പോകുമ്പോള്‍ വിവാദം കലര്‍ന്ന, ദരിദ്ര രാഷ്ട്രത്തിലെ ഖജനാവിലെ പണം അതിനായി ഉപയോഗിക്കേണ്ടതുണ്ടോ ?
അത് ഹലാല്‍ ആകുമോ ?

കഴിവും സമ്പത്തും ഉള്ള മുസ്ലിമിന് മാത്രമേ ഹജ്ജ്‌ നിര്‍ബന്ധം ഉള്ളൂ എന്ന കാര്യവും പ്രത്യേകം ഓര്‍ക്കുക.

സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ ഇപ്പോള്‍ ഹജ്ജ്‌ യാത്രക്ക് വാങ്ങുന്നത് ഏകദേശം 2.25 മുതല്‍ 2.5 ലക്ഷം വരെയാണ്. "ഞങ്ങള്‍ക്ക്‌ സര്‍ക്കാര്‍ സബ്സിഡി ഒന്നും ലഭിക്കുന്നില്ല" എന്നാണ് അവര്‍ ഇത്രയും തുക വാങ്ങുന്നതിനെ ന്യായീകരിക്കാന്‍ വേണ്ടി പറയുന്ന വാചകം. സര്‍ക്കാര്‍ എന്തോ വലിയ ഒരു തുക സബ്സിഡി ആയി നല്‍കുന്നുണ്ട് എന്ന് സാധാരണക്കാര്‍ തെറ്റിദ്ധരിക്കുകയും ചെയ്യും. സത്യം പറഞ്ഞാല്‍ അഡ്വ: പി.ടി.എ റഹീം എം എല്‍ എയുടെ ലേഖനം വായിക്കുന്നത് വരെ ഞാനും അങ്ങിനെ തന്നെയാണ് കരുതിയിരുന്നത്. മുകളിലത്തെ കണക്കുകളുമായി താരതമ്യം ചെയ്‌താല്‍ ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്ന കൊള്ള ലാഭം കൂടുതല്‍ വ്യക്തമാവും.

ഇനി മറ്റൊരു കാര്യം പരിശോധിക്കാം....

15 ദിവസത്തെ ഉംറ യാത്രക്ക് യാത്ര, താമസം, ഭക്ഷണം, കൊള്ളലാഭം എന്നിവ അടക്കം സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കുന്നത് ഏകദേശം 40000 രൂപയാണ്. ഈ കണക്ക്‌ പ്രകാരം 40 ദിവസം വരുന്ന ഹജ്ജ്‌ യാത്രക്ക് 120000 രൂപ തന്നെ ധാരാളമല്ലേ ?
ഇങ്ങിനെ കണക്കാകുമ്പോള്‍ അതില്‍ രണ്ടു തവണ അധികം യാത്ര ചെയ്യാനുള്ള ടിക്കറ്റ്‌ ചാര്‍ജ്ജ്‌ കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കാര്യവും മനസ്സിലാക്കണം.
ഏകദേശം ഈ നിരക്ക് തന്നെയാണ് ഹജ്ജ്‌ കമ്മറ്റി മുഖേനയുള്ള യാത്രക്ക് സര്‍ക്കാര്‍ ഇടാക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യം ആണ്.

ഇനി സീസണ്‍ വര്‍ധനവ്‌ എന്ന "കഴുത്തറപ്പന്‍ സിദ്ധാന്തം" പുറത്തെടുത്താലും എങ്ങിനെയാണ് സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ വാങ്ങുന്ന 2.5 ലക്ഷത്തിലേക്ക് എത്തുക???

വിശ്വാസികളെ ചൂഷണം ചെയ്ത് നേടിയെടുക്കുന്ന കൊള്ള ലാഭം മാത്രമല്ലേ അത് ????

ഇതിന് മുന്നില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നോക്കുകുത്തിയായി നിന്ന്
മൗനം പാലിക്കുന്നത് ?


ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ കേരളത്തിലെ ഒരു സ്വകാര്യ ട്രാവല്‍ എജന്‍സി ഹജ്ജ്‌ ക്വാട്ടയിലെ ഭൂരിപക്ഷം സീറ്റുകള്‍ സ്വന്തമാക്കുന്നതും പരസ്യമായ രഹസ്യമാണ്. ഇത്തരം മുതലെടുപ്പുകള്‍ക്ക് നേരെ സര്‍ക്കാര്‍ ഫലപ്രദമായ നടപടി എടുക്കുകയും, ട്രാവല്‍ എജന്‍സികള്‍ക്ക് ഹജ്ജ്‌ യാത്രക്ക് വാങ്ങാവുന്ന പരമാവധി തുക സര്‍ക്കാര്‍ നിശ്ചയിക്കുകയും വേണം.
ഹജ്ജ്‌  ക്വാട്ട സ്വകാര്യ എജന്‍സികള്‍ക്ക് വിട്ടു കൊടുക്കുന്നതിനു പകരം ആ സീറ്റുകളില്‍ സബ്സിഡി  തുക കുറക്കാതെ തന്നെ സര്‍ക്കാര്‍ നേരിട്ട് യാത്ര സൗകര്യം ഒരുക്കുകയാണെങ്കില്‍ ട്രാവല്‍ ഏജന്‍സികളുടെ ഈ ചൂഷണത്തെ ഫലപ്രദമായി മറികടക്കാന്‍ കഴിയും.

വിശ്വാസികള്‍ക്കായി സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം മറ്റൊന്നാണ്. സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ മുഖേനയുള്ള ഹജ്ജ്‌ അവസാനിപ്പിക്കുക. ഹജ്ജ്‌ യാത്ര പൂര്‍ണ്ണമായും ഹജ്ജ്‌ കമ്മറ്റി വഴി ആക്കുക. സബ്സിഡി ഒന്നും നല്‍കാതെ സര്‍ക്കാര്‍ ഹജ്ജ്‌ യാത്രക്ക്  വേണ്ട ലാഭം കൂടാതെയുള്ള യഥാര്‍ത്ഥ ചിലവുകള്‍ തീര്‍ഥാടകരില്‍ നിന്ന് തന്നെ ഈടാക്കി, സ്വകാര്യ ഹജ്ജ്‌ ഓപ്പറേറ്റര്‍മാരുടെ ചൂഷണങ്ങള്‍ക്ക് വിധേയമാകാതെയുള്ള യാത്രാ സൗകര്യം ഒരുക്കുകയാണ് സമൂഹത്തിനോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്‌.

അബസ്വരം :
കാള വിള തിന്നതിന് ചീത്തപ്പേര് പൂച്ചക്ക്.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക ....


72 comments:

 1. എങ്ങനെ തല കുത്തി എത്ര കിത്താബുകള്‍ പരിശോധിച്ചാലും സബ്സീടി മേടിച്ചു ഹജ്ജിനു പോയിക്കോളൂ എന്ന് കാണാന്‍ കഴിയില്ല. എനിക്കും ആശ ഉണ്ട് ഹജ്ജ് ചെയ്യാന്‍. പണം ഉണ്ടാകുമ്പോള്‍ ചെയ്യും .

  ReplyDelete
 2. വായിച്ച് അത്ഭുതപ്പെട്ടുപോയി അബ്സാര്‍. ഇപ്പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍ ഇതിനെക്കുറിച്ച് വ്യാപകമായ നിലയില്‍ ഒരു ബോധ വത്ക്കരണം അത്യാവശ്യമാണ്. ഒട്ടും അമാന്തിച്ചുകൂടാ....

  ReplyDelete
  Replies
  1. തീര്‍ച്ചയായും. ഈ വിഷയം കൂടുതല്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്.

   Delete
  2. എങ്ങിനെ ഇതിനെയ്‌ ഒരു തുറന്ന ചര്‍ച്ചയിലേക്ക് എത്തിക്കും? അത് അത്യാവശ്യമാണ്.ഇതിന്റെ പേരില്‍ പല ആരോപണങ്ങളെയും സമുദായം നേരിട്ട് കൊണ്ടിരിക്കുന്നു. മാത്രമല്ല മുന്‍പ് അഡ്വാന്‍സ് അടക്കേണ്ട തുകയായിരുന്ന 10200 ഏതാണ്ട് 8 മാസത്തോളം ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യിക്കുക വഴി സര്‍ക്കാര്‍ മുഴുവന്‍ അപ്പ്ലികാന്റ്സില്‍ നിന്നും ഭീമമായ തുക വാങ്ങിക്കുകയും അതിലൂടെയ്‌ പലിശ ഇടപാട് വഴി മാത്രം കോടികള്‍ വരുമാനം ഉണ്ടാക്കുകയും ചെയ്തു എന്നിട്ടും സമുദായം എന്തോ വലിയ ലാഭം അനതികൃതമായി നേടുന്നു എന്നാ പ്രചാരണവും പലരും നടത്തുക ഉണ്ടായി.

   Delete
 3. അബ്ദുസമദ്‌ സമദാനിയുടെയും,ഇ.അഹമ്മദിന്റെയും പിന്തുണയില്‍ അല്‍ഹിന്ദ് ട്രാവല്‍സ്‌ ഭൂരിപക്ഷം ഹജ്ജ്‌ ക്വാട്ടയും നേടിയെടുത്ത് വില്‍ക്കുന്നത്‌ രഹസ്യമായ പരസ്യമാണ്.ഇരുവരുടെയും ബിനാമികള്‍ ആണ് ഈ ട്രാവല്‍സിന്റെ ഉടമസ്ഥര്‍ എന്നും ആരോപണം ഉണ്ട്.

  ReplyDelete
 4. തീര്‍ച്ചയായും ഈ വിഷയം പൊതുജന ചര്‍ച്ചക്ക് എടുകെണ്ടാതാണ് ഇത് മാതിരി ആവശ്യമുള്ളതും ന്യായവുമായ വിഷയങ്ങള്‍ നമ്മുടെ നാട്ടിലെ മാധ്യമങ്ങളോ ചാനലുകാരോ ചര്‍ച്ചക്ക് എടുക്കാത്തത് എന്ത്കൊണ്ടാണ് ?

  ReplyDelete
 5. "ഹജ്ജിനു സബ്സിഡി ആവശ്യമില്ല"...എന്നാ അഭിപ്രായക്കാരനാണ് ഞാന്‍.. പക്ഷേ സബ്സിഡി ഒഴിവാക്കുമ്പോള്‍ അത് പറയപ്പെട്ട ട്രാവല്സുകരും മറ്റു ഏജന്‍റുമാരും വിണ്ടും മുതലെടുക്കുമെന്നാണ് എനിക്ക് തോന്നുന്നത്...

  ReplyDelete
  Replies
  1. ആ മുതലെടുപ്പ് തടയാന്‍ ഉള്ള ബാധ്യത സര്‍ക്കാരിന്റെതാണ്. ഇത്തരത്തില്‍ ഉള്ള മുതലെടുപ്പ് കൂടി തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിന്നാണ് നട്ടെല്ലില്ലാത്ത ഒരു സര്‍ക്കാര്‍ നമുക്ക്‌ ????

   Delete
  2. shure must want to stop this subside and save and name of muslim. who have money to go hewill take ther all expence

   Delete
 6. വളരെ മികച്ച ലേഖനം,
  ഞാനും സബ്സീഡി എന്തോ വലിയ സംഗതി എന്നാണു കരുതിയിരുന്നത്, അത് പോലെ സര്‍ക്കാര്‍ ചിലവില്‍ ഹജ്ജിനു പോവുന്നവരുടെ കൂടെ കുറെ ആളുകളെ അയക്കുന്നതും നിറുത്തണം, സൗദിയില്‍ ഒരു പാട് പ്രവാസ സംഘടനകള്‍ ഒരു പണവും വാങ്ങാതെ സേവനത്തിനു മുന്നില്‍ ഉണ്ട് എന്നിരിക്കെ ഇവിടെ നിന്നും ആളെ കൊണ്ടു പോവേണ്ട ആവശ്യമില്ല, അതിനു പകരം കൂടുതല്‍ ഹാജിമാരെ ഉള്പെടുതട്ടെ.

  ReplyDelete
 7. Sureshan PayyarattaTuesday, April 17, 2012

  രാഷ്ട്രിയക്കാരുടെ വോട്ട് ബാങ്ക് നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആണ് ഈ ഹജ് സബ്സിഡി സംവിധാനം കൊണ്ടുവന്നത് . വോട്ട് നഷ്ടപ്പെടുന്നത് കണക്കിലെടുത്ത് BJP Govt വന്നപ്പോള്‍ പോലും ഇത് അവസാനിപ്പിക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ല. യഥാര്‍ത്ഥത്തില്‍ ഹജ് ഡിപ്പാര്ട്ട്മെന്റ്റ് അഴിമതിയുടെ വലിയ ഒരു കൂടാരമാണ് . യാത്രക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങി ക്വാട്ട ഒപ്പിച്ചുകൊടുക്കുന്ന ഗൂഡ സംഘത്തിന്റെ പിടിയില്‍ ആണ് ഇന്ന് ഹജ് ഡിപ്പാര്ട്ട്മെന്റ്റ്. ഇത്തരം സര്‍ക്കാര്‍ സ്കീമുകള്‍ കൊണ്ട് ഉണ്ടാവുന്ന പ്രയോജനത്തെക്കാള്‍ ഏറെയാണ്‌ ഇതെന്റെ ദോഷവശങ്ങള്‍ . അത്തരമൊരു ക്രമവിട്ട നടപടി കഴിഞ്ഞ വര്ഷം ഡല്‍ഹി ഹൈ കോര്‍ട്ടില്‍ ചാല്ലെന്ജ് ചെയ്തു ഞാന്‍ ഫയല്‍ ചെയ്തു റിട്ട്, നടപടി ക്രമം പൂര്‍ത്തിയായതിനാല്‍ പിന്‍വലിക്കുകയനുണ്ടായത്.ഈ വര്ഷം അത്തരം ക്രമവിരുദ്ധ നടപടി ഉണ്ടാവില്ലെന്ന് ഹജ് ഡിപ്പാര്ട്ട്മെന്റ്റ് ഉറപ്പും നല്‍കിയിരുന്നു . ഇതിനെ കുറിച്ച് കൂടുതല്‍ അറിയാവുന്ന ഒരു വ്യക്തി എന്നോട് പറഞ്ഞത് , ഓരോ വര്‍ഷവും ലക്ഷക്കനിക്കിനു രൂപയാണ് കൈക്കൂലി ഇനത്തില്‍ പല ഉധ്യോഗസ്തരുടെയും പോക്കറ്റില്‍ പോകുന്നതെന്നാണ് . ആ ഉധ്യ്ഗസ്തര്‍ ഭൂരിഭാഗവും മിനിസ്തൃയില്‍ ഉള്ള ഉന്നതരും . അതായതു ഇതിന്റെ ഗുനഭോഗ്താക്കള്‍ മുസ്ലിം ജനങ്ങള്‍ അല്ല എന്ന് തന്നെ. അങ്ങനെ ഓരോ സര്‍ക്കാര്‍ സ്കീമുകളും വലിയ അഴിമതിക്ക് വഴിയൊരുക്കുന്നു എന്നല്ലാതെ ഒരു ഗുണവും ഉണ്ടാക്കുന്നില്ല . ഇത്തരം സര്‍ക്കാര്‍ "സേവനങ്ങള്‍ " അവസാനിപ്പിച്ച്‌ ചുഷകരില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയാണ് സര്‍കാര്‍ ചെയ്യേണ്ടത് . ലോകതെമ്ബടുംമുള്ള മുസ്ലിം രാജ്യങ്ങള്‍ പോലും ഹജ് തീര്‍തടനതിനു ഇങ്ങനെ ഒരു സബ്സിഡി നല്കാതിരിക്കെ ഇവിടെ മാത്രം ഇത് നല്‍കുന്നത് പുണ്യം കിട്ടനോന്നുമല്ല എന്ന് പാവപെട്ട ജനങ്ങള്‍ തിരച്ചറിഞ്ഞു പ്രതികരിക്കണം. അങ്ങനെയൊരു സബ്സിഡി തങ്ങല്ല്ക് ആവശ്യമില്ല എന്ന് പറഞ്ഞു മുസ്ലിം ജന വിഭാഗം തന്നെ അത് നിര്‍ത്തലാക്കാന്‍ മുന്നോട്ടു വരണം .

  ReplyDelete
 8. Sureshan PayyarattaTuesday, April 17, 2012

  അതില്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണ് . രാജ്യത്തു നടപ്പിലാക്കുന്ന ഓരോ സോഷ്യലിസ്റ്റ് നടപടിയിലും ഇത്തരത്തില്‍ കൊള്ളയടിക്കാനുള്ള മാര്‍ഗമാനുണ്ടാക്കിയിരിക്കുന്നത് . മുസ്ലിം സമുദായം ഒറ്റക്കെട്ടായി ഇതിനെതിരെ സമരം നടത്തിയാല്‍ ഉണ്ട്കാന്‍ പോകുന്ന ഗുണവും കീര്‍ത്തിയും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത തരത്തില്‍ ആയിരിക്കും.

  ReplyDelete
 9. ഇങ്ങള് അവസാനം പറഞ്ഞത് നേര് ........

  ReplyDelete
 10. ഇത് മാതിരി എന്തെല്ലാം പാഴ് ചെലവുകള്‍ നമ്മുടെ സര്കാരുകള്‍ നടത്തുന്നു !!!!!!!!! പലവിധം സബ്സീടികള്‍ പെന്‍ഷനുകള്‍ ഉത്ഘാടന മഹാ മഹങ്ങള്‍ തട്ടിപ്പിനും വെട്ടിപ്പിനും പുതിയ പര്യായങ്ങള്‍ ......................

  ഇത്തരം സര്‍ക്കാര്‍ "സേവനങ്ങള്‍ " അവസാനിപ്പിച്ച്‌ ചുഷകരില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയാണ് സര്‍കാര്‍ ചെയ്യേണ്ടത് .!!!! ഇത് മാതിരി ആവശ്യമുള്ളതും ന്യായവുമായ വിഷയങ്ങള്‍ നമ്മുടെ നാട്ടിലെ മാധ്യമങ്ങളോ ചാനലുകാരോ ചര്‍ച്ചക്ക് എടുക്കാത്തത് എന്ത്കൊണ്ടാണ് ?

  ReplyDelete
 11. I heard this earlier that the so called subsidy is for saving the Air India, which is in heavy debt.... The airline companies were charging a very high amount during the season as what they are doing in vacation time,,,,, I think.

  ReplyDelete
 12. Sureshan PayyarattaTuesday, April 17, 2012

  തൊഴിലില്ലായ്മ വേതനം, തൊഴിലുറപ്പ് പദ്ധതി , ഭക്ഷ്യ സബ്സിഡി , അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാതെ സബ്സിഡി കൊണ്ട് സാധാരണക്കാരനെക്കള്‍ ഗുണം രാഷ്ട്രിയക്കാര്‍ക്ക് ഉള്ളതുകൊണ്ടാണ് അവര്‍ ഇത്തരം നടപടികള്‍ കൊണ്ടുവരുന്നത്. ഇതൊന്നും സാധാരണക്കാരന്‍ കൊടുക്കുന്ന tax ന്റെ തുകയ്ക്ക് സമനമാകുന്നില്ല. ഒരു ശരശരി കണക്കെടുത്താല്‍ മാസം 2000 രൂപ സംബാധിക്കുന്ന ഒരു സാധാരണക്കാരന്‍ പല വകുപ്പിലായി മാസം 500 രൂപയെങ്കിലും സര്‍കാര്‍ ഖജനാവില്‍ നികുതിയായി കൊടുക്കുന്നു . അവനു ഇത്തരത്തില്‍ സബ്സിഡി കിട്ടിയാലും അവന്‍ കൊടുത്ത കാശിനു തുല്യമായ ഒന്നു അവനു കിട്ടുന്നില്ല , അവന്റെ മകന്റെ സൌജന്യ വിധ്യഭ്സം ഉള്‍പ്പടെ . അതൊകൊണ്ട് ഇത്തരം അനാവശ്യ നികുതികള്‍ ഒഴിവാക്കി എല്ലാ സബ്സിടികളും , സ്കീമുകളും നിര്തലക്കിയാല്‍ സാധാരണക്കാരന്‌ ഒരു നഷ്ടവും ഉണ്ടാകില്ല. മറിച് സര്‍കാര്‍ ചെയ്യേടത് നിയമ പോലിസ് സംവിധാനം ശക്തി പെടുത്തി ജനങളുടെ ജീവനും സ്വത്തിനും സംരംക്ഷണം നല്‍കുക എന്നതാണ് . അതിനു ഇത്തരം മുടിഞ്ഞ നികുതി പിരിക്കേണ്ട ആവശ്യം ഇല്ല. അങ്ങനെ വന്നാല്‍ പെട്രോള്‍ 35 രൂപ ലിറ്ററിന് വില്‍ക്കാന്‍ പറ്റും. ഇന്നുള്ള ജോലിയെടുക്കാത്ത ഉധ്യോഗസ്തരെ തീട്ടിപോട്ടെണ്ട ഉത്തരവാദിത്തം ജനങ്ങള്‍ക്ക് ഉണ്ടാവില്ല . ഇന്നുള്ളതിന്റെ പത്തില്‍ ഒന്നു മന്ത്രിമാര്‍ ധാരാളമായിരിക്കും . ഇത്തരമൊരു ഭരണ വ്യവസ്ഥയാണ്‌ ഈ രാജ്യത്തു ഉണ്ടാവേണ്ടത് . പവപെട്ടവന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴിക്കുന്ന ഓരോ രാഷ്ട്രിയക്കരനെയും തിരിച്ചറിഞ്ഞു അവന്റെ തനി നിറം പുറത്തുകൊണ്ടു വന്നാല്‍ മാത്രമേ അത് സാധ്യമാകുകയുള്ളു . അതിനു ഒരു പുതിയ ആധര്‍ശ രാഷ്ട്രിയ പ്രസ്ഥാനം പിറവി കൊല്ലേണ്ടത് അത്യാവശ്യമായിരിക്കുന്നു.

  ReplyDelete
 13. എന്റെ മനസിലുണ്ടായിരുന്ന ഒരു വിഷയമാണ് അബ്സാര്‍ ഇവിടെ പറഞ്ഞിരിക്കുന്നത്...ഹജ്ജു സബ്സീടിയെ കുറിച്ച് എനിക്കും ഒരുപാട് സംശയങ്ങളുണ്ടായിരുന്നു പി ടി എ യുടെ വാക്കുകള്‍ കേട്ടപോള്‍ മാത്രമാണ് അതിന്റെ സംശയങ്ങള്‍ തീര്‍ന്നത്

  ReplyDelete
 14. അബ്സര്‍,

  റഹിമ് സാര്‍ പറഞ്ഞത് സത്യമാണോ?
  'ഐയര്‍ ഇന്ത്യ' യെ രക്ഷിക്കാനാണോ ഇതു ചെയ്യുന്നത്?

  ഈ ലിങ്ക് നോക്കു -Haj subsidy has Air India fuming (http://www.financialexpress.com/printer/news/360651/)

  -"The Cabinet’s decision to increase the number of pilgrims availing the Haj subsidy and flying by the national carrier this year has had Air India fuming. For a carrier already reeling under Rs 2,000-crore loss and burdened with severe employee-related issues, a welfare measure like this puts undue duress on it.

  Interestingly, Air India does not even get to set the amount of fare payable to the carrier transporting the pilgrims. This is set by the Saudi Arabia Airlines that also carries out the Haj duty. "

  "Last year, Air India had pitched for allowing private airlines to operate Haj flights, saying this could lead to a cut in fares and reduce the subsidy burden.

  Under a bilateral agreement between India and Saudi Arabia, any Indian going for the Haj has to fly by Air India or Saudi Arabian Airlines, giving the two carriers a monopoly in carrying the pilgrims.

  In a reply to a query under the Right to Information Act, Air India had said: "There is no benefit to the government of India (in giving) AI and Indian monopoly in operating Haj flights. Allowing private airlines to operate on Haj flights may result in reduction in fares and reduction in burden of subsidy to the government."

  "The Cabinet on Thursday kept the amount paid by the pilgrims for the round trip to Jeddah and Medina at Rs 12,000, as it has remained since 1994. In 1991, the amount paid by the pilgrims was Rs 10,000 as against Rs 14,056 per passenger paid to Air India by the government. This amount was then gradually raised to Rs 12,000 by 1994 against Rs 17,000 paid to the carrier. Last year, while 1,10,000 pilgrims availed the subsidy paying only Rs 12,000 each, the amount paid by the government to the carrier was Rs 47,454 per passenger.

  According to sources, the total cost for Haj operations last year (for 1,10,000 pilgrims) was Rs 727 crore of which the subsidy requirement was Rs 595 crore.

  This year, in order for the pilgrimage of 1,23,211 pilgrims, the total cost estimated by the government is Rs 847 crore, of which the subsidy requirement will be approximately Rs 700 crore. "

  പിന്നെ ഈ ലിങ്ക് നോക്കു- http://articles.timesofindia.indiatimes.com/2011-06-17/chennai/29669335_1_haj-pilgrims-flight-tickets-and-accommodation-airline

  "Last year, the government paid Haj subsidy of Rs 770 crore, in flight tickets and accommodation provided to pilgrims."

  ലേഖനത്തില് ഉന്നയിച്ച എകദേശം എല്ലാ കാര്യത്തിനും മേല്‍ വിവരണം ഉത്തരം നല്കുന്നുന്ട്.

  ReplyDelete
  Replies
  1. ഇത് കൊണ്ട് മാത്രം എയര്‍ഇന്ത്യ രക്ഷപ്പെടില്ലെങ്കിലും, ഹജ്ജ്‌ കമ്മറ്റി ചെയര്‍മാന്‍ എന്ന ഔദ്യോഗിക സ്ഥാനം വഹിച്ച പി ടി എയുടെ വാക്കുകള്‍ ഇക്കാര്യത്തില്‍ അവിശ്വസിക്കെണ്ടതില്ല എന്നത് തന്നെയാണ് എന്റെ അഭിപ്രായം. മാത്രമല്ല, പി ടി എ യുടെ ഈ പ്രസ്ഥാവനക്ക് എതിരേ ഔദ്യോഗിക വൃത്തങ്ങള്‍ ഒന്നും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യം ആണ്. പെട്രോള്‍ കമ്പനികള്‍ വില വര്‍ധനക്ക്‌ വേണ്ടി അവതരിപ്പിക്കുന്ന നഷ്ടക്കണക്കുകളുടെ എല്ലാം കാര്യം നമുക്ക്‌ അറിയാവുന്നതാണല്ലോ. സര്‍ക്കാരും എയര്‍ ഇന്ത്യയും ചേര്‍ന്നുള്ള ഒത്തുകളി ആകുമ്പോള്‍ അവര്‍ ഇത്തരത്തില്‍ ഉള്ള വിവരങ്ങള്‍ തന്നെയാണല്ലോ കൈമാറുക.എല്ലാം സ്വകാര്യ മേഖലക്ക്‌ തീറെഴുതിക്കൊടുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാറുകളില്‍ നിന്ന് ഇത് തന്നയല്ലേ നമ്മള്‍ പ്രതീക്ഷിക്കേണ്ടത്.

   പിന്നെ ഹജ്ജിന്റെ താമസത്തിനു വേണ്ട ചിലവുകള്‍ വ്യക്തികള്‍ തന്നെയാണ് വഹിക്കുന്നത്.ഹജ്ജ്‌ അപേക്ഷകള്‍ പൂരിപ്പിക്കുമ്പോള്‍ താമസവുമായി ബന്ധപ്പെട്ട് വിവിധ കാറ്റഗറികള്‍ ഉണ്ട്. അതിനനുസരിച്ച് നിരക്കുകളില്‍ വ്യത്യാസവും ഉണ്ട്. പി ടി എ പറഞ്ഞ പോലെ യാത്രാ ഇനത്തില്‍ മാത്രമാണ് സബ്സിഡിയുടെ കടന്നു വരവ് എന്നാണു എന്റെ അറിവ്‌.

   ഇനി മറ്റൊരു കാര്യം പരിശോധിക്കാം. 15 ദിവസത്തെ ഉംറ യാത്രക്ക് യാത്ര, താമസം, ഭക്ഷണം, കൊള്ള ലാഭം എന്നിവ അടക്കം സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കുന്നത് ഏകദേശം 40000 രൂപയാണ്. ഈ കണക്ക്‌ പ്രകാരം 40 ദിവസത്തെ ഹജ്ജ്‌ യാത്രക്ക് 120000 രൂപ തന്നെ ധാരാളം. ഇങ്ങിനെ കണക്കാകുമ്പോള്‍ അതില്‍ രണ്ടു തവണ അധികം യാത്ര ചെയ്യാനുള്ള ടിക്കറ്റ്‌ ചാര്‍ജ്ജ്‌ കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കാര്യം മനസ്സിലാക്കണം. ഏകദേശം ഈ നിരക്ക് തന്നെയാണ് ഹജ്ജ്‌ കമ്മറ്റി മുഖേനയുള്ള യാത്രക്ക് ചിലവാകുന്നത്. സ്വകാര്യ ഏജന്‍സികള്‍ ഈ സ്ഥാനത്ത്‌ ഈടാക്കുന്ന തുകയെ പറ്റി പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ.

   ഹജ്ജ്‌ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

   എന്തായാലും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടക്കേണ്ടതും, എല്ലാ സത്യങ്ങളും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുകയും വേണം എന്നതാണ് പരമപ്രധാനമായ കാര്യം.

   Delete
  2. you are right Mr. Sandeep, I agreed

   Delete
  3. സന്ദീപിന് കൊടുത്ത മറുപടി ശരിക്ക് വായിക്കുമല്ലോ ലിനു !!!

   Delete
 15. കയ്യില്‍ കാശില്ലേല്‍ പിന്നെന്തിന് ഹജ്ജിന് പോകണം...
  കാശുള്ളവനാണ് ഹജ്ജ് നിര്‍ബന്ധമാവുക....

  നല്ല പോസ്റ്റ് അബ്‌സാര്‍ക്കാ.....
  ഭാവുകങ്ങള്‍....

  ReplyDelete
 16. അങ്ങിനെയെങ്കില്‍ ഈ ദുഷ്പേര് കേള്‍പ്പിക്കുന്ന സബ്സിഡി നിര്‍ത്തലാക്കുക തന്നെ വേണം.

  ReplyDelete
 17. സബ്സിഡി നിര്‍ത്തലാക്കുക എന്നതല്ല വേണ്ടത്, അത് അര്‍ഹിക്കുന്ന രീതിയില്‍ കൊടുക്കുക എന്നതാണ്. എയര്‍ ഇന്ത്യ എന്ന വെള്ളക്കാളയെ കൊഴുപ്പിക്കാന്‍ ഒരു സമൂഹത്തെ ഉപകരണമാക്കുന്ന രീതി നിര്‍ത്തലാക്കുക തന്നെ വേണം.

  ReplyDelete
 18. സബ്സിഡി വേണ്ട എന്നു തന്നെയാണെന്റെ അഭിപ്രായവും... കാരണം സർക്കാർ ഈ "ഭാരിച്ച" ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ല.... സബ്സിഡിയുടെ പേരും പറഞ്ഞ് 40-50 ആളുകൾ സർക്കാർ അതിഥികളായി വീ ഐ പ്പി കാറ്റഗറിയിൽ ഇന്ത്യയിൽ നിന്ന് വർഷാ വർഷം പോകുന്നുണ്ട് ... അതെന്തിനാണെന്ന ഗുട്ടൻസ് പിടി കിട്ടിയിട്ടില്ല... ഹാജിമാരെ സഹായിക്കാനോ അവരെ സംരക്ഷിക്കാനോ അല്ല തന്നെ... (അനുഭവങ്ങൾ ആ രീതിയിലാണെന്ന സാക്ഷ്യം ധാരാളം) അതും ഈ ഹാജിമാരുടെ ചെലവിൽ ആണെന്നാതാണു സത്യവും...

  ReplyDelete
 19. സബ്സിഡി നിര്‍ത്തലാക്കി ...തിരഞ്ഞെടുക്കപ്പെടുന്ന പാവപ്പെട്ട ആളുകളെ കൊണ്ട് പോയാല്‍ അതാകും നല്ലത് എന്ന് തോന്നുന്നു അല്ലെ?

  ReplyDelete
  Replies
  1. പാവപ്പെട്ട ആളുകള്‍ക്ക് ഹജ്ജ്‌ നിര്‍ബന്ധം ഇല്ലല്ലോ ഭായീ....

   Delete
  2. പാവപ്പെട്ടവനും നിര്‍ബന്ധമില്ലെങ്കിലും ആഗ്രഹം ഉണ്ടാകില്ലേ

   Delete
  3. എന്തെ. അതെന്നെ.

   Delete
 20. ഈ പോസ്റ്റ് ചില യാഹൂ ഗ്രൂപ്പുകളിലൂടെ പറന്ന് കിടക്കുന്നത് കണ്ടു. പറഞ്ഞവയെല്ലാം യാഥാർത്ഥ്യങ്ങളാണെങ്കിൽ അബ്സർ ഭായ് ഇത് ബ്ലോഗിൽ കിടന്നാൽ പോര. പൊതു ജനങ്ങളിലേക്കെത്തണം... സമുദായത്തിലേക്കെത്തണം... സത്യത്തിൽ ഇത് വായിച്ചതിനു ശേഷം എന്തെന്നില്ലാത്ത ഒരു ഊർജ്ജം എന്നിലേക്ക് പ്രവേശിച്ചു... കള്ളക്കഴുവേറികളായ ട്രാവൽ ഏജൻസികളുടെ മടിക്കുത്തിന് പിടിക്കേണ്ട കാലം അതിക്രമിച്ചു... ആ കൊള്ള ലാഭത്തിലൂടെ അവർ എന്താണ് നേടുന്നത്. വീണ്ടും ഞാൻ ആവർത്തിക്കുന്നു എഴുതിയവ മുഴുവൻ സത്യമാണെങ്കിൽ ഇത് ഇവിടം കൊണ്ട് നാം അവസാനിപ്പിച്ച് കൂട... വേണ്ടപ്പെട്ടവരെ അറിയിക്കണം. ഫുൾ സപ്പോർട്ട്.

  ReplyDelete
 21. http://themessage77.blogspot.com/

  ReplyDelete
 22. വളരെ വളരെ പ്രസക്തവും കാലികവുമായ ലേഖനം .ഒരുപാട് വസ്തുതകള്‍ .ശ്രദ്ധേയമായ ലേഖനത്തിന് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍.....

  ReplyDelete
 23. Hajj is compulsory for a Muslim, when he has wealth and health. No need to grant subsidy from the Public Treasury.

  ReplyDelete
 24. യാസര്‍Wednesday, April 18, 2012

  ഹജ്ജ്‌ സബ്സിഡിയുടെ പേരില്‍ മുസ്ലിം വിരോധികളുടെ പരിഹാസത്തിന് നമ്മള്‍ നിന്ന് കൊടുക്കേണ്ടതില്ല.എയര്‍ ഇന്ത്യക്ക്‌ വേണ്ടി മുസ്ലിങ്ങളെ കരുവാക്കി സര്‍ക്കാര്‍ നടത്തുന്ന ഈ കള്ളക്കള്ളി അവസാനിപ്പിക്കണം.ന്യായമായ തുകയില്‍ ഹജ്ജ്‌ ചെയ്യാന്‍ ഉള്ള സൗകര്യം സര്‍ക്കാര്‍ ഉണ്ടാക്കണം.സ്വകാര്യ ഏജന്‍സികളുടെ ചൂഷണത്തില്‍ നിന്ന് ഹാജിമാര്‍ അടക്കമുള്ള യാത്രക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുള്ളതാണ്.

  ReplyDelete
 25. വിഷയം കൂടുതല്‍ പഠിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും ഉണ്ട്. പ്രതെയ്കിച്ചും രഹീം സാഹിബിനെ പോലെ ഉത്തരവാദിത്വപ്പെട്ടവര തന്നെ പറയുമ്പോള്‍....

  സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി കപ്പല്‍ യാത്രയുടെ നിരക്കിലാക്കുക എന്നതാണ് അവര്‍ക്ക് സുബ്സിടി കൊടുത്തെ തീരു എന്നുണ്ടെങ്കില്‍ ചെയ്യേണ്ടത്. അതൊരു ന്യായവുമാണ്. അത് സമ്പന്നര്‍ കുറഞ്ഞ നാട്ടില്‍ നിന്നും ധാരാളം പേര്‍ക്ക് ഹജിനു പോവാനവസരം ലഭിക്കും.

  സ്വകാര്യ ഗ്രൂപുകളില്‍ ആളുകള്‍ ഹജിനു പോവുന്നതിനു കാരണം മക്കയില്‍ ഹജ്‌ ദിവസങ്ങളില്‍ ഭക്ഷണവും വാഹനവും ലഭിക്കാനുള്ള ബുദ്ധിമുട്ട് ആലോചിച്ചാണ്. എങ്കിലും മക്കയുടെ പരിസരത്തു അടുത്ത കുടുംബക്കാര്‍ ഉണ്ടെങ്കില്‍, സ്വന്തമായി നടക്കാനും മറ്റും ആരോഗ്യമുന്ടെന്കില്‍ കേന്ദ്ര ഹജ്‌ കമ്മിറ്റിയുടെ കീഴില്‍ വരിക തന്നെയാണ് കരണീയം. ഇത് വഴി സ്വകാര ഗ്രൂപുകളെ തോല്‍പ്പിക്കാനുള്ള ഒരു വഴിയും തുറക്കും...

  പോസ്റ്റ് ഫേസ് ബൂകിലൂടെ ചര്‍ച്ച ചെയ്‌താല്‍ മാത്രം പോരാ... മുഖ്യധാരാ മാധ്യമങ്ങളിലൂടെ കൂടി പ്രചരിപ്പിക്കാന്‍ പത്രങ്ങളില്‍ ലേഖനങ്ങളും കത്തുകളും എല്ലാവരും എഴുതുക....ആശംസകള്‍...

  ReplyDelete
 26. "ഇത് കൊണ്ട് മാത്രം എയര്‍ഇന്ത്യ രക്ഷപ്പെടില്ലെങ്കിലും, ഹജ്ജ്‌ കമ്മറ്റി ചെയര്‍മാന്‍ എന്ന ഔദ്യോഗിക സ്ഥാനം വഹിച്ച പി ടി എയുടെ വാക്കുകള്‍ ഇക്കാര്യത്തില്‍ അവിശ്വസിക്കെണ്ടതില്ല എന്നത് തന്നെയാണ് എന്റെ അഭിപ്രായം. മാത്രമല്ല, പി ടി എ യുടെ ഈ പ്രസ്ഥാവനക്ക് എതിരേ ഔദ്യോഗിക വൃത്തങ്ങള്‍ ഒന്നും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യം ആണ്. പെട്രോള്‍ കമ്പനികള്‍ വില വര്‍ധനക്ക്‌ വേണ്ടി അവതരിപ്പിക്കുന്ന നഷ്ടക്കണക്കുകളുടെ എല്ലാം കാര്യം നമുക്ക്‌ അറിയാവുന്നതാണല്ലോ"

  @ അബ്സാര്‍,
  അബ്സാര് റഹീമ് സാറ് പറഞ്ഞതില് തന്നെ ഉറച്ച് നില്ക്കുകയാണല്ലോ.

  നിങ്ങളുടെ '1300 ' സബ്സിഡി വാദം, കുറച്ച് കാല പഴക്കം ഉള്ളതാണ്.
  ഈ ലിങ്ക് നോക്ക് - മില്ലി ഗസറ്റിലുടെ സയ്യദ് ശഹാബുദ്ദിന് ഈ 'സബ്സിഡി' 'ഇല്ലാ' വാദം പോളിക്കുന്നുണ്ട്.

  http://www.milligazette.com/Archives/15092002/1509200242.htm

  "Haj subsidy is a fact and must go eventually
  Mr. Masoom Moradabadi's article "Haj Subsidy - Fact or Fiction" (MG, 1-15 September, 2002) suffers from a number of ill-founded presumptions and evident inaccuracies.

  Firstly, Haj subsidy is the difference between the Haj charter fare charged by the carriers under the agreement with the Haj Committee and the fare collected by the Haj Committee from the pilgrims. If the difference is, say, Rs.32,000 minus Rs.12,000 i.e. Rs.20,000 per pilgrim, for 72,000 pilgrims traveling by the Haj charter managed by the Haj Committee, the total subsidy will come to Rs.20,000 x 72,000 i.e. 144 crores. So it is neither fictitious nor imaginary. Nor does it amount to the Government of India or the Haj Committee hoodwinking the pilgrims. Neither is it an eyewash. Neither it is theologically desirable. However, I deliberately keep off the theological argument for its abolition as Pakistan has done. To the best of my knowledge, there is no Muslim country which subsidizes Haj. "

  അബ്സര്‍, നിങ്ങ്ള് ഇപ്പോഴും 'മാസൂമ് മോറാദബാഡിയുടെ ലൈനിലാണ്. അതു തിരുത്തണം.
  സയ്യദ് ശഹാബുദ്ദിന്- ന്റെ ലേഖനം ഒരിക്കല് കൂടി ഒന്ന് വായിക്കു.

  ReplyDelete
  Replies
  1. തീര്‍ച്ചയായും.സര്‍ക്കാര്‍ ജിദ്ദയിലേക്ക് വിമാനയാത്രക്ക്‌ എടുക്കുന്ന യഥാര്‍ത്ഥ ചിലവ് അവതരിപ്പിച്ചു കൊണ്ട്, ഹജ്ജ്‌ കമ്മറ്റി ചെയര്‍മാന്‍ ആയിരുന്ന പി ടി എ യുടെ വാക്കുകള്‍ ഖണ്ഡിക്കാന്‍ തയ്യാറാവാത്തിടത്തോളം ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ വിശ്വസിക്കുന്നു.

   മുന്‍ കമന്റില്‍ സൂചിപ്പിച്ച ഉംറയുടെ കണക്കുകള്‍ വെച്ച് തന്നെ ഒന്ന് താരതമ്യം ചെയ്ത് നോക്കൂ. എയര്‍ ഇന്ത്യക്ക് വെള്ള പൂശി നല്‍കാന്‍ വേണ്ടി ഉണ്ടാക്കിയ കണക്ക് ആയിട്ടാണ് എനിക്ക് ഷഹാബുദ്ധീന്‍ പറഞ്ഞ കണക്കിനെ തോന്നുന്നത്. കാരണം ആ കമന്റില്‍ പറഞ്ഞിരിക്കുന്ന പ്രകാരം 32000 രൂപയാണ് ടിക്കറ്റ്‌ നിരക്ക് ആയി വരുന്നത്. കോഴിക്കോട്‌ ജിദ്ദ യാത്രക്ക് ഈ നിരക്ക് ഇല്ല എന്നതല്ലേ വാസ്തവം ? ടിക്കറ്റ്‌ നിരക്ക് 32000 ത്തില്‍ എങ്ങിനെയാണ് എത്തിയത്‌ എന്ന് ആദ്യം വ്യക്തമാക്കണം. മാത്രമല്ല സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക്‌ നല്‍കിയ സബ്സിഡിയുടെ കണക്ക് (770 കോടി) പ്രകാരം ഒരാള്‍ക്ക് 70000 രൂപ വെച്ച് എയര്‍ ഇന്ത്യക്ക്‌ നല്‍കിയിട്ടുണ്ട്. മുകളില്‍ നിങ്ങള്‍ നല്‍കിയ കണക്ക്‌ പ്രകാരം 20000 രൂപയാണ് സബ്സിഡി ആയി വരുന്നത്. അപ്പോഴും ഒരു 50000 വ്യത്യാസം ഇല്ലേ???

   അപ്പോള്‍ എയര്‍ ഇന്ത്യക്ക്‌ സബ്സിഡി നല്‍കാന്‍ പാകത്തില്‍ അവതരിപ്പിച്ച ഒരു ഇമാജിനറി കണക്ക്‌ ആയിരിക്കും അത്. പിന്നെ 12000 അല്ല ഇപ്പോള്‍ ഈടാക്കുന്നത് എന്ന കാര്യവും ഓര്‍ക്കുക.

   പിന്നെ നിങ്ങള്‍ നല്‍കിയ ലിങ്കില്‍ ഹജ്ജ്‌ ക്വാട്ട എന്ന ഒരു സംഭവം ഇല്ല എന്ന് കണ്ടു. എന്നാല്‍ അങ്ങിനെ ഒരു സംഭവം ഉണ്ടെന്നു താഴെ കൊടുത്ത ലിങ്കില്‍ നിന്നും മനസ്സിലാക്കാം.
   http://www.mathrubhumi.com/online/malayalam/news/story/1508082/2012-03-16/kerala

   സബ്സിഡി നേടി പോകേണ്ട ഒരു കാര്യം അല്ല ഹജ്ജ്‌. അക്കാര്യം പോസ്റ്റിലും സൂചിപ്പിച്ചിട്ടുണ്ട്. ഈ വിവരം മനസ്സിലാക്കിയത് കൊണ്ട് തന്നെയാവും മുസ്ലിം രാഷ്ട്രങ്ങള്‍ ഹജ്ജിന് സബ്സിഡി നല്‍കാത്തത്‌.

   Delete
  2. സൗദി നിയമപ്രകാരം തീര്‍ത്തടകരെയും വഹിച്ചു വരുന്ന വിമാനങ്ങള്‍ തിരിച്ചു പോകുമ്പോള്‍ യാത്രക്കാരെയോ ചരക്കോ കൊണ്ടു പോകരുത് അങ്ങിനെ വരുമ്പോള്‍ ഉംറയുമായി താരതമ്യം ചെയ്യുന്ന കണക്ക് ഇവിടെ ശരിയാവാതെ വരും.

   Delete
 27. ഇതിനെ മറ്റൊരു തരത്തില്‍ ആണ് ഞാന്‍ കാണുന്നത്.ഓരോ വര്‍ഷവും എയര്‍ ഇന്ത്യക്ക്‌ എത്ര രൂപ ഹജ്ജിന്റെ പേരില്‍ സബ്സിഡി ആയി നല്‍കണം എന്ന് സര്‍ക്കാര്‍ ആദ്യം തീരുമാനിക്കുന്നു.എന്നിട്ട് ആ തുകയെ ഹാജിമാരുടെ എണ്ണം കൊണ്ട് ഹരിച്ച് ഓരോ തീര്‍ഥാടകനും ആ സംഖ്യ സബ്സിഡി ആയി നല്‍കിയിട്ടുണ്ട് എന്ന് കണക്കെഴുതുന്നു.അങ്ങിനെയാണ് അവര്‍ ഈ ഭീമമായ സംഖ്യ ഹജ്ജിന്റെ പേരില്‍ എയര്‍ ഇന്ത്യക്ക്‌ നല്‍കാന്‍ ഉള്ള വകുപ്പ്‌ ഉണ്ടാക്കുന്നത്.അങ്ങിനെ തീര്‍ഥാടകരെ പറ്റിക്കുകയും ആ സബ്സിഡി സംഖ്യയുടെ മറവില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ കഴുത്തറക്കാന്‍ ഉള്ള വഴികള്‍ തുറന്നു കൊടുക്കുകയും ചെയ്യുന്നു.

  ReplyDelete
 28. വളരെ പ്രസക്തമായ ഒരു വിഷയം ആണ് ചര്‍ച്ചയ്ക്ക വെച്ചത്
  അല്ലെങ്കില്‍ തന്നെ ഈ സബ് സീഡി കൊണ്ട് എന്ത് പ്രയോജനം അത് പൂര്‍ണം ആയി നിര്‍ത്തലാക്കണം
  ചീത്ത പേരെങ്കിലും ഒഴി വാകുമല്ലോ

  ReplyDelete
 29. വളരെ പ്രസക്തമായ വിഷയം വിശദമായി കൈകാര്യം ചെയ്തിരിക്കുന്നു..

  ReplyDelete
 30. സബ്സിഡി ഒഴിവാക്കുക, ഇസ്ലാമിനെ രക്ഷിക്കുക

  ReplyDelete
 31. ഹജ്ജ് എന്ന കര്‍മം നിര്വഹിക്കുന്നവര്‍ അതിനു പ്രാപ്തരാവുന്നത് ചില നിബന്ദനകളോടെയാണ്,അതിലൊന്നാണ് ഹലാലിന്റെ പണം,സര്‍കാര്‍ നല്‍കുന്ന സബ്സിഡിയോടെ യാത്രപോകുന്നതില്‍ അത് പെടുമോ എന്ന് അറിവുള്ളവര്‍ പറയട്ടെ,ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ഈ കപടനാടകത്തിനു മുന്നില്‍ സമുദായം തലകുനിക്കുന്നതിനെകുറിച്ച് കൂടുതല്‍ ജനങ്ങള്‍ അറിയേണ്‍റ്റതുണ്ട്.

  ReplyDelete
 32. Kadar Dim BrightSunday, April 22, 2012

  സബ്സിഡി വാങ്ങി ഹജ്ജിനു പോവുന്നത് ഹറാമാണ് ... അന്യന്റെ നികുതി പണം കൊണ്ടല്ല ..ഹജ്ജു ചെയ്യേണ്ടത് ... അങ്ങിനെ ചെയ്തവരുടെ ഹജ്ജുകള്‍ക്ക് സാധുത ഉണ്ടാവില്ല ... എന്ന് ഇസ്ലാം തന്നെ വ്യക്തമാക്കുന്നു ..

  ReplyDelete
 33. Muhammed NaisamSunday, April 22, 2012

  ഹജ്ജ്‌ സബ്സിഡി നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടു രംഗത്ത് വരാനുള്ള ആര്‍ജവം മുസ്‌ലിം സംഘടനാ നേതാക്കള്‍ കാണിക്കുക. ഹജ്ജിന്‍റെ സബ്സിഡിയുടെ പേരില്‍ കേന്ദ്ര ഗവര്‍മെന്റ് നടത്തുന്ന 'മുസ്‌ലിം സേവനം'' അവസാനിപ്പിക്കുക. ഹജ്ജിന്‍റെ പേരില്‍ ന്യുനപക്ഷ സ്നേഹം നടിക്കുകയും എയര്‍ ഇന്ത്യയെ കൊഴുപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി തുറന്ന ചര്‍ച്ചക്ക് വിധേയം ആക്കുക

  ReplyDelete
 34. ഇതെന്തൊരു ലൊള്ളയാ അബ്സറിക്കാ ഈ ഹജ്ജിന്റെ പേരില് ഗവണ്മെന്റ് നടത്തുന്നത് ? 1300 നക്കാപ്പിച്ച ഹജ്ജിന് പോവുന്നവർക്ക് കൊടുക്കുമ്പോൾ അതെ സംഭവത്തിന്റെ പേരിൽ മറ്റവർക്ക് കൊടുക്കുന്നത് 70000 രൂപാ. അവിശ്വനീയ്അം അബ്സറിക്കാ. ഇതുതന്നെയാ സർക്കാർ ഏർപ്പെടുത്തുന്ന ഒട്ടുമിക്ക പദ്ധതികളുടേയും സ്ഥിതി.! ഇതൊക്കെ എന്നാണിന്റീശ്വരാ ഒന്ന് നേരമ്പോലെയാവുക ?! എന്തിനധികം പറയുന്നൂ, കേരളാ സർക്കാരിന്റെ ഒരു രൂപയ്ക്കുള്ള അരിയുടെ കാര്യത്തിലുമുണ്ട് ഇതിനോട് കിടപിടിക്കുന്ന അഴിമതി ! നല്ല കാര്യങ്ങൾ പറഞ്ഞ ലേഖനം തന്നെ, പതിവ് പോലെ തന്നെ. ആശംസകൾ.

  ReplyDelete
 35. ആനുകൂല്യത്തിന്റെ മറ പിടിച്ചുള്ള ഈ കൊള്ള തുറന്നു കാണിക്കാന്‍ നാം ഓരോരുത്തരും ശ്രദ്ടിക്കേണ്ടിയിരിക്കുന്നു !
  Congrats for presenting such an informative topic Mr. Absar

  ReplyDelete
 36. ടി വി ന്യൂസ് ചര്‍ച്ചകളില്‍ ഈ കാര്യം കൃത്യമായി അവതരിപ്പിച്ചത് കണ്ടിരുന്നു. സബ്സീഡി നിര്‍ത്തലാക്കി എന്ന് വെച്ചു വെച്ചു ഇന്ത്യയില്‍ ആരുംകൊടി പിടിക്കാന്‍ പോകുന്നില്ല. അന്തിനാ സബ്സീഡി എന്നാ വയ്യാവേലി മേലുവേച്ച്ചു കെട്ടുന്നത്. എടുത്ത്തോഴിവാക്കിയാല്‍ സമാധാനം. പ്രസക്തമായ ലേഖനം..

  ReplyDelete
 37. ഈ വിഷയത്തെ കുറിച്ചു എനിക്കുണ്ടായിരുന്ന വിവരമില്ലായ്മ കുറെ മാറി കിട്ടി. ഇനിയുള്ളത് ചര്‍ച്ചകള്‍ ശ്രദ്ധിച്ചു മനസിലാക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 38. സബ്സിഡിയെ കുറിച്ചുണ്ടായിരുന്ന കണ്‍ഫ്യൂഷന്‍ മാറിക്കിട്ടി .... താങ്ക്സ് dr അബ്സാര്‍ ..
  ശശികല ടീച്ചറുടെ പ്രസംഗവും കഴുത്തറപ്പന്‍ ഏജന്‍സി കളുടെ ഉയര്ന നിറയ്ക്കും കൂട്ടിവച്ച നാന്‍ കരുതിയിരുന്നത് ലക്ഷ കണക്കിന് രൂപയാണ് സര്‍ക്കാര്‍ മുടക്കുന്നത് എന്നാണ് .

  ReplyDelete
 39. please go through below link....how teacher manipulate...........

  http://www.youtube.com/watch?v=2e5wtFIbEq0&feature=related

  ReplyDelete
  Replies
  1. കണ്ടു.
   അവിടെ ഒരു കമന്റ് ഇട്ടിട്ടുണ്ട്.
   പബ്ലിഷ്‌ ആക്കുമോ എന്നറിയില്ല..

   Delete
 40. Kumar G PillaiFriday, May 04, 2012

  bai nice post..............
  ഓരോ സബ്സിഡി യുടെ പേരും പറഞ്ഞു ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക് വെട്ടിവിഴുങ്ങാന്‍ ഒരവസരം ..................
  ഒപ്പം കുറെ ട്രാവല്‍ ഏജന്‍സികള്‍ക്കും ..............
  ഇതൊക്കെ പാവം പൊതു ജനം തിരിച്ചറിയട്ടെ ...................

  ReplyDelete
 41. But ABSAR bai.....most of the islamic organizations are having thier own Hajj wing they wont come forward to stop this.

  ReplyDelete
 42. പ്രസക്തമായ പോസ്റ്റ്. വിമാനക്കൂലിയുടെ കാര്യമ പറഞ്ഞ് തര്ക്കിക്കാന് വരുന്നവര് മനസ്സിലാക്കേണ്ട ഒരു കാര്യം 32000 രുപ മടക്കടിക്കറ്റിനുള്ളത് കഴുത്തരപ്പന് സമയത്താണ്. ഹജ്ജിന് വിമാനങ്ങള് ചാർട്ടര് ചെയ്ത് 10000ത്തിലും താഴെ ഒരാള്ക്ക് ചിലവു വരുന്ന രൂപത്തില് സര്ക്കാറിന് പറത്താന് കഴിയും.

  ReplyDelete
 43. Absar, a nice write up. However some minor corrections required to the airfare calculation, according to Air India they are forced to charge double due to the Saudi Government's regulation forcing them to return empty after offloading the pilgrims in Jeddah and fly in empty to carry them back, even though this wont justify the massive loot by Air India.

  ReplyDelete
  Replies
  1. ഉത്തരവാധിത്വ ബോധം ഉള്ള ഒരു സര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്ന വിഷയം മാത്രമല്ലേ അത്.
   നയതന്ത്രപരമായ ഇടപെടലിലൂടെ...

   Delete
 44. നല്ലൊരു വിഷയം... കുറഛുകൂടി ബോധവത്ക്കരണം വേണമെന്നു തോന്നുന്നു... വായിയ്ക്കാന്‍ വൈകിയെങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ വന്നുപെട്ടതില്‍ സന്തോഷം തോന്നുന്നു... സ്നേഹാശംസകള്‍ .... :-)

  ReplyDelete
 45. കാലിക പ്രസക്തിയുള്ള വിഷയം ..ആശസകള്‍

  ReplyDelete
 46. ee vishayam news akan enthucheyyanam

  ReplyDelete
  Replies
  1. കൂടുതല്‍ ആളുകളിലേക്ക് ഈ വിഷയം എത്തിക്കാന്‍ ശ്രമിക്കുക.

   Delete
 47. ഹജ്ജ്‌ സബ്സിടി കുരചായാലും കൂടുതലായാലും വേണ്ട എന്ന് പറയണം.പിന്നെ സ്വകാര്യ ട്രാവല്‍സുകള്‍ അവര്‍ ഒരു ധര്‍മ സ്ഥാപനമല്ല മരിച്ചു ഒരു ബിസിനസ്‌ സംരംഭമാണ്. അവര്‍ ലാഭമാണ് ലക്‌ഷ്യം വെക്കുന്നത്.അത്തരം ട്രാവല്‍സിലൂടെ പോകുന്നവര്‍ കൂടുതല്‍ പണം ഉള്ളവരാണ്. അവര്‍ കൂടുതല്‍ സൌകര്യങ്ങളും മെച്ചപ്പെട്ട ഭക്ഷണവും താമസവും നല്‍കുന്നു.കൂടാതെ പ്രായമുള്ളവരെ പരിചരിക്കാനും ചികില്സിക്കാനുമുള്ള സൗകര്യം കൂടുതലായി അവിടെ ഉണ്ട്ഉ ..അത് കൊണ്ട് അത് അവര്‍ക്ക് വിട്ട് കൊടുക്കുക. പിന്നെ ഹജ്ജിനു ആളെ കൊണ്ടുപോകുന്ന ഒരു സ്ഥാപനത്തിന് ലാഭം വേണമല്ലോ, ഇത്തരം നല്ല കാര്യങ്ങള്‍ക്ക് പണം വാങ്ങി സൌകര്യങ്ങള്‍ ചെയ്ത കൊടുത്തു ലാഭം നേടുന്നത് ഒരു നല്ല കാര്യം അല്ലെ..ഇത് കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം ഉള്ളതാണ്..ഇതിനു കൂടെ പോകുന്ന ജോലിക്കാര്‍ക്ക് കൂടുതല്‍ ശമ്പളം കൊടുക്കേണ്ടി വരും..അത് കൊണ്ട് ഇതിനെ തെറ്റായി കാണരുത്..പിന്നെ കൂടുതല്‍ ലാഭം. അത് അതിന്റെ ആളുകള്‍ക്ക് വിട്ടു കൊട്...ഇങ്ങിനെ നോക്കിയാല്‍ നാട്ടിലെ എല്ലാ കച്ചവടക്കാരും പ്രതികളാണ്..അത് കൊണ്ട് ചര്‍ച്ച വേണ്ടത് സ്വകാര്യ എജന്സിക്ക് സീറ്റ്‌ എത്ര കൊടുക്കണം..ഈ സീറ്റ് വില്പനയിലൂടെ സര്‍ക്കാരിന് ലാഭം കിട്ടുന്നു..അത് കൊണ്ട് അത്രയും പണം കൊടുക്കാന്‍ കഴിവുള്ളവര്‍ സ്വകാര്യ ഏജന്‍സി വഴി പോകട്ടെ..അല്ലാത്തവര്‍ അവരുടെ കഴിവിന്റെ രീതി അനുസരിച്ച് പോകട്ടെ...അല്ലാതെ ചര്‍ച്ച വഴി തെറ്റിക്കരുത്..

  ReplyDelete
  Replies
  1. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തീര്‍ച്ചയായും ലാഭം വേണം. എന്നാല്‍ കൊള്ള ലാഭം വേണമോ എന്നതാണ് പ്രസക്തമായ ചോദ്യം. രാജ്യത്ത് പെട്രോള്‍ വില്‍ക്കുന്നവരും ലാഭത്തിനു വേണ്ടി തന്നെയാണ്. എന്ന് വെച്ച് അവര്‍ കൊള്ള വില ഈടാക്കിയാലും ഇതേ നയമാണോ താങ്കള്‍ സ്വീകരിക്കുക ?

   ട്രാവല്‍സിലൂടെ പോകുന്നവര്‍ കൂടുതല്‍ പണം ഉള്ളവരാണ് എന്ന് പറയുന്നത് വാസ്തവ വിരുദ്ധം അല്ലേ ? ഹജ്ജ് ചെയ്യാന്‍ ഉള്ള ആഗ്രഹം മൂലം മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തത് കൊണ്ട് ട്രാവല്‍ ഏജന്‍സികളെ ആശ്രയിക്കുന്നു എന്നതല്ലേ വാസ്തവം ?

   അമിതമായ ലാഭം ഈടാക്കാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്ലേ അത് നല്ല കാര്യം ആവുക ???
   കൊല്ലത്തില്‍ ഒരിക്കല്‍ ഉള്ളതിന് എല്ലാം കൊള്ള ലാഭം എടുക്കാം എന്നാണോ പറയുന്നത് ?
   അത് സമൂഹത്തെ ബാധിക്കുന്ന കാര്യം ആയത് കൊണ്ട് എങ്ങിനെയാണ് അതിനെ കൊള്ള ലാഭം എടുക്കുന്നവര്‍ക്ക് വിട്ടു കൊടുക്കുക ?

   ലാഭം നേടുന്നതും കൊള്ള ലാഭം നേടുന്നതും ഒരേ രീതിയില്‍ ആണോ നിങ്ങള്‍ കാണുന്നത് ? നിങ്ങളുടെ വാക്കുകള്‍ കേട്ടിട്ട് ഒരു ട്രാവല്‍ ഏജന്‍സിക്കാരന്റെ വികാരം ആണ് പ്രകടമാവുന്നത്.!!!

   സ്വകാര്യ ഏജന്‍സിയുടെ വക്കാലത്ത് കാരന്‍ ആവാതെ കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിക്കൂ.

   ചര്‍ച്ച വഴി തെറ്റിക്കരുത് എന്ന് തന്നെയാണ് എനിക്കും പറയാനുള്ളത് !!!

   Delete
  2. താങ്കള്‍ പക്വതയോടെ കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കണം...ഞാന്‍ ട്രാവല്‍ ഏജാന്‍സി നടത്തുന്ന ആളല്ല. ഞാന്‍ എതിര്‍ത്ത്‌ ഈ പക്വത ഇല്ലാത്ത വിമര്‍ശനമാണ്..താങ്കള്‍ ഏതെന്കിലും സ്ഥാപനവുമായി ബന്ധപ്പെട്ടു കുറച്ചു ആളുകളെ ഹജ്ജിനു കൊണ്ട് പോകാന്‍ ഉള്ള റിസ്‌ക്കളെ പറ്റിയും സാമ്പത്തിക ചിലവുകളെ പറ്റിയും ഒന്ന് അന്വേഷിക്കു...പിന്നെ എല്ലാവര്ക്കും ആഗ്രഹം ഉണ്ട് എന്നതല്ല മറുപടി..കഴിവുള്ളവന്‍ മാത്രം പോയാല്‍ മതി.അല്ലാത്തവരോട് പോകാന്‍ പറഞ്ഞിട്ടില്ല..കൊള്ള ലാഭത്തിന്റെ കഥ പറഞ്ഞാല്‍ മീന്‍ വില്പന മുതല്‍ റിയല്‍ എസ്റ്റേറ്റ്‌ വരെ ഇതും...പിന്നെ ഹജ്ജിനു കൊണ്ട് പോകുന്ന ജോലിയുടെ ഉത്തരവാതിത്വം അറിയണമെങ്കില്‍ അല്പം ആ പണി ചെയ്തു നോക്കണം..വിമര്‍ശിക്കാന്‍ വിവരം വേണമെന്നില്ല..ബ്ലോഗ്ഗര്‍ ഒന്ന് ഏതെന്കിലും ഒരു സ്ഥാപനത്തില്‍ പോയി ഒന്ന് പഠിക്കൂ...കൊള്ള ലാഭത്തിന്റെ പരിതി ഒന്ന് പറയാമോ...കഞ്ഞി വെക്കാനുള്ള അരിക്ക് പോലും കൊള്ള ലാഭം ഉണ്ട്..പിന്നെ ഡോക്ടര്മാരുടെ കഥ പറയണ്ട..ഒരു വ്യക്തിക്ക് ഉള്ള ചിലവും മാന്യമായ ഒരു ലാഭവും കണക്കാക്കി ഒരു വില അനുവദനീയം..ഇസ്ലാമില്‍ ഡിമാണ്ട് സാപ്പ്‌ലൈ വില കണക്കില്ല..
   ഇത് നോക്കിയാല്‍ കടല വിലപനക്കാരന്‍ മുതല്‍ എല്ലാവരും കൊള്ള ലാഭം എടുക്കുന്നു...ജ്വേല്ലരിക്കാര്‍ എടുക്കുന്ന മൂന്നു ശതമാനം എത്ര വരും എന്ന് അറിയുമോ..തന്ന്കള്‍ ബ്ലോഗ്ഗുമോ..ലാഭം എടുക്കുന്നത് ഒരു പാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ന്യായീകരിക്കും മുമ്പ് ഏതെന്കിലും ഒരു ഹജ്ജ്‌ സ്ഥാപനത്തില്‍ പോയി ഒരു പഠനം നടത്തൂ..താങ്കള്‍ക്കു മനസ്സിലാവും..എന്നിട്ടും മനസ്സിലാവുന്നില്ലെങ്കില്‍ ഞാന്‍ പഠിപ്പിച്ചു തരാം..പിന്നെ വിഷയം വിടാതെ കാര്യത്തിലേക്ക് ചര്‍ച്ച കൊണ്ട് പോ...കൊള്ള ലാഭം എടുക്കുന്ന സ്ഥലത്ത് പോകണ്ട...കഴിവുള്ളവര്‍ ഹജ്ജിനു പോയാല്‍ മതി..പണം ഉള്ളവര്‍ അങ്ങിനെ പോയിക്കോട്ടേ..അത് അവര്‍ക്ക് വിട്..ആര്‍ഭാടമായി ജീവിക്കുന്നവര്‍ക്ക് ഹജ്ജിനു പോകാന്‍ അല്പം ലാഭം അതികം കൊടുതാലെന്തു...ഇത് പോലെ യുള്ള യുക്തിയില്ലാത്ത വികാരം ഒഴിവാക്കി വിവേകത്തോടെ സംസാരിക്കൂ...

   Delete
  3. ഈ വിഷയത്തിലെ എന്റെ പക്വത ഇല്ലായ്മ ഒന്ന് വ്യക്തമാക്കുമോ ?
   വിമര്‍ശനത്തെ എതിര്‍ത്തത് കൊണ്ട് മാത്രം ആയില്ലല്ലോ? ട്രാവല്‍ ഏജന്‍സികള്‍ കൊള്ളലാഭം എടുക്കുന്നില്ല എന്ന് നിങ്ങള്‍ക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? റിസ്കും സാമ്പത്തിക ചിലവുകളും ഉണ്ട്. ആ റിസ്കിനു ആവശ്യമായതില്‍ എത്രയോ അധികം പണം ആളുകളില്‍ നിന്ന് ഇടാക്കുന്നില്ലേ? നിങ്ങള്‍ കണ്ണടച്ചാല്‍ നിങ്ങള്‍ക്ക് മാത്രമേ ഇരുട്ടാകൂ. ആഗ്രഹം ഉണ്ട് എന്നത് വസ്തുത ആവുമ്പോള്‍ അത് മറുപടി ആയി വരും. അതില്‍ എന്താണ് തെറ്റ് ? കഴിവ് എന്നത് കൊള്ള ലാഭം നല്‍കി പോകാന്‍ ഉള്ള കഴിവ് ആണോ ? കൊള്ളാം !!!
   കൊള്ളലാഭം മീന്‍ വില്‍പ്പനയില്‍ ഉള്ളത് കൊണ്ട് ഹജ്ജു കച്ചവടത്തിലും ആകാം എന്നാണോ അങ്ങയുടെ കാഴ്ചപ്പാട് ? കൊള്ള ലാഭം മീന്‍ കച്ചവടത്തില്‍ ആയാലും, ഹജ്ജില്‍ ആയാലും എതിര്‍ക്കപ്പെടേണ്ടത് അല്ലേ ? അല്ലാതെ അതിനെ ന്യായീകരിക്കുകയാണോ ചെയ്യുക ? സാമാന്യ ബോധത്തോടെ ചിന്തിക്കൂ !!!

   നിങ്ങളുടെ വിവരത്തിന്റെ അനന്തര ഫലം ആകും അല്ലേ കൊള്ള ലാഭത്തെ ന്യായീകരിക്കുന്നത് !!!ഹജ്ജിനു കൊണ്ട് പോകുന്നവര്‍ കളിക്കുന്ന നാടകം എല്ലാം അറിയാം. അങ്ങിനെ ഹജ്ജ് നടത്തിയ ധാരാളം ആളുകളുമായി സംസാരിച്ചിട്ടുണ്ട്. ഞാന്‍ എനിക്ക് ബ്ലോഗാന്‍ തോന്നുന്ന വിഷയത്തില്‍ ബ്ലോഗ്ഗാരുണ്ട്. നിങ്ങള്‍ക്ക് താല്പര്യം ഉള്ള വിഷയങ്ങളില്‍ നിങ്ങള്‍ക്കും ബ്ലോഗാമല്ലോ !!!

   എന്തായാലും നിങ്ങള്‍ ഒന്ന് പഠിപ്പിച്ചു തരൂ. ഞാന്‍ പഠിക്കാന്‍ തയ്യാറാണ്. പഠിപ്പിച്ചു തരും എന്ന് വിശ്വസിക്കുന്നു.

   പിന്നെ വിഷയത്തില്‍ അല്ലാതെ മറ്റ് എന്തിലാണ് ചര്‍ച്ച നടക്കുന്നത് ? നിങ്ങള്‍ തന്നെ അല്ലേ ട്രാവല്‍ ഏജന്‍സികളുടെ കൊള്ളലാഭത്തിനു പിന്തുണക്കാന്‍ ഇറങ്ങിയത് !!!

   കൊള്ളലാഭം നല്‍കാന്‍ കഴിവുള്ളവര്‍ മാത്രം ഹജ്ജിനു പോയാല്‍ പോര. മാന്യമായ ചിലവുകള്‍ വഹിക്കാന്‍ തയ്യാറുള്ള ആര്‍ക്കും ഹജ്ജിനു പോകാന്‍ ഉള്ള സാഹചര്യം ഉണ്ടാവണം. അല്ലാതെ നിങ്ങളെ പോലെ കച്ചവട തിമിരം ബാധിച്ച കണ്ണുകളിലൂടെ കാണുകയല്ല വേണ്ടത്.

   ആര്‍ഭാടമായി ജീവിക്കുന്നവര്‍ മാത്രമാണ് ഹജ്ജിനു പോകാന്‍ ശ്രമിക്കുന്നത് എന്നത് നിങ്ങളുടെ മഹത്തായ കണ്ടെത്തല്‍ ആവും അല്ലേ !!!

   എല്ലാം അങ്ങിനെ അവരവര്‍ക്ക് വിട്ടാല്‍ മതി എങ്കില്‍ പിന്നെ എന്തിനാണ് ഞാന്‍ ഈ കൊള്ള ലാഭത്തെ പറ്റി എഴുതിയപ്പോഴേക്കും നിങ്ങള്‍ കൊള്ള ലാഭം എടുക്കുന്നവരെ ന്യായെകാരിക്കായി ഓടി വന്നത്. എന്റെ അഭിപ്രായം എനിക്ക് വിടാം എന്ന തീരുമാനത്തില്‍ എന്ത് കൊണ്ട് നിങ്ങള്‍ എത്തിയില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെടത്തതിനു എതിരെ നിങ്ങള്‍ക്ക് പ്രതികരിക്കാം എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് പാടില്ല എന്നതാണ് അല്ലേ നിലപാട് !!! കൊള്ളാം ഈ വീക്ഷണം !!!

   യുക്തിയില്ലാത്ത കാര്യം ആയതു കൊണ്ട് തന്നെയാവും ഹജ്ജിലെ കൊള്ള ലാഭം അവസാനിപ്പിക്കണം എന്ന് പറയുമ്പോഴേക്കും നിങ്ങളുടെ വികാരങ്ങള്‍ ഇളകുന്നത് അല്ലേ ? യുക്തിയില്ലാത്ത കാര്യങ്ങള്‍ക്ക് പോലും പ്രതികരിക്കാനുള്ള നിങ്ങളുടെ മഹാ മനസ്കതക്ക് നന്ദി !!!!

   Delete
 48. ഹജ്ജിനെ പ്പറ്റി കൊടുത്തത് വളരെ നന്നായി , ഈ സത്യം അറിഞ്ഞെങ്ങിലും ആരെയും അറിയിക്കാന്‍ സാധിച്ചില്ല. താങ്കള്‍ അത് ചെയ്തു വളരെ നന്നായി , വളരെ വളരെ നന്നായി. ഇത് കൂടുതല്‍ പേരിലേക്ക് എത്തിക്കണ്ടേ , എന്ത് ചെയ്യും, എങ്ങനെ ചെയ്യും, എല്ലാവിധ സപ്പോര്‍ട്ടും, എല്ലാ തരത്തിലും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഹിലാല്‍ എച്ച് കോയ , parklane 777 @yahoo .com

  ReplyDelete
 49. This comment has been removed by the author.

  ReplyDelete
 50. hajjinte peril chilavidunna subsidy pachaka vaadhakathin kodukkan parayuu..

  ReplyDelete
 51. സബ്സിഡിയുദെ പേരും പറഞ്ഞു , ഇതിനു ചുക്കാൻ പിടിക്കുന്ന ചില ഉദ്യോഗസ്ഥന്മാരും അതിൽ നിന്ന് കയ്യിട്ടു വരുന്ന രാഷ്രീയക്കാരും കൂടി സ്വകാര്യ ട്രാവൽ എജന്സികൾക്ക് കൂടുതൽ പണം അടിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കയാണ് ..ഇവിടെ നിന്നും ഇവർക്ക് നല്ല തുക കമ്മിഷൻ കിട്ടുന്നുണ്ട്‌ , സബ്സിഡി കൊടുക്കുന്ന കാശ് കിട്ടിയിട്ടും എയർ ഇന്ത്യ
  എന്ത് കൊണ്ട് രക്ഷപെടുന്നില്ല ...?

  ReplyDelete
 52. ഈ മികച്ച പോസ്റ്റ്‌ അധികാരികളുടെ കണ്ണ് തുറക്കാന്‍ പാകത്തില്‍ ബന്ധപ്പെട്ട മേഖലയില്‍ എത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഈ സത്യങ്ങള്‍ മറ നീക്കി പുറത്തു കൊണ്ട് വരുവാന്‍ ആത്മാര്‍ഥതയുള്ള മുസ്ലിം സന്നദ്ധ സംഘടനകളുടെയും,കേന്ദ്ര ന്യൂന പക്ഷ സെല്ലിന്റെയും,നീതി ന്യായ കോടതികളുടെയും സഹായം തേടാവുന്നതാണ്.തീര്‍ത്തും ഉപകാരപ്രദമായ ഈ സന്ദേശം അഭിനന്ദനമര്‍ഹിക്കുന്നു അബ്സാര്‍.. .

  ReplyDelete
 53. ഈ മികച്ച പോസ്റ്റ്‌ അധികാരികളുടെ കണ്ണ് തുറക്കാന്‍ പാകത്തില്‍ ബന്ധപ്പെട്ട മേഖലയില്‍ എത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഈ സത്യങ്ങള്‍ മറ നീക്കി പുറത്തു കൊണ്ട് വരുവാന്‍ ആത്മാര്‍ഥതയുള്ള മുസ്ലിം സന്നദ്ധ സംഘടനകളുടെയും,കേന്ദ്ര ന്യൂന പക്ഷ സെല്ലിന്റെയും,നീതി ന്യായ കോടതികളുടെയും സഹായം തേടാവുന്നതാണ്.തീര്‍ത്തും ഉപകാരപ്രദമായ ഈ സന്ദേശം അഭിനന്ദനമര്‍ഹിക്കുന്നു അബ്സാര്‍.. .

  ReplyDelete
 54. Good articles,this happening for Hindu Pilgrimages also.

  In Big temples like kasi/Amarnath ,pilgrums are looted exploited in the name of God

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....