Wednesday, April 11, 2012

തകര്‍ന്നടിഞ്ഞ സാമുദായിക സന്തുലിതാവസ്ഥ


അങ്ങിനെ ജാതിയുടെയും, മതത്തിന്റെയും പേരില്‍ നീണ്ടു പോയ അധികാരത്തിന്റെ അപ്പക്കഷ്ണ വീതം വെപ്പ്  പൂര്‍ത്തിയായി.
അഞ്ചാം മന്ത്രിയെ എതിര്‍ക്കുന്നവരുടെ ഭാഷയില്‍ പറഞ്ഞാല്‍ "കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ന്നു തരിപ്പണമായി !!!!"

ഒരു മത വിഭാഗത്തില്‍പ്പെട്ട വ്യക്തിക്ക്  ഒരു മന്ത്രിസ്ഥാനം കൂടുതലായി നല്‍കുമ്പോഴേക്കും തകരുന്നതാണ് കേരളത്തിലെ മത - സാമൂഹിക സന്തുലനം എന്ന്  വിശ്വസിക്കുന്ന കാര്യത്തില്‍ ജാതിയും മതവും ഒന്നും കണക്കിലെടുക്കാതെ സമ്പൂര്‍ണ്ണ സമത്വം സ്വപ്നം കാണുന്ന മൂലധന കമ്മ്യൂണിസത്തിന്റെ നേതാവായ, മലപ്പുറത്തിന്റെ മക്കള്‍ കോപ്പി അടിച്ചു പാസാകുന്നത് കണ്ടെത്തിയ "ഗവേഷകനായ" വി എസ്സും, ഗാന്ധിയനായ മൂന്നു രൂപാ മെമ്പര്‍ മുരളീധരനും ഒരേ തൂവല്‍ പക്ഷികള്‍ !!!

മന്ത്രിമാര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഉള്ളതാണോ, ഭൂരിപക്ഷ വിഭാഗത്തില്‍ നിന്ന് ഉള്ളതാണോ എന്നതല്ല  ജനങ്ങളുടെ പ്രധാനപ്പെട്ട പ്രശ്നം.
എല്ലാ ജാതി - മത - സാമുദായിക - മുതലാളി - തൊഴിലാളി - ധനിക - ദരിദ്ര വിഭാഗക്കാരോടും നിഷ്പക്ഷമായി, ജനങ്ങള്‍ക്ക്‌ ഗുണകരമായ രീതിയില്‍, അഴിമതി ഇല്ലാതെ, സത്യപ്രതിന്ജ്യാ വാചകങ്ങളോട് നീതി പുലര്‍ത്തി വര്‍ത്തിക്കാന്‍ മന്ത്രിമാര്‍ക്ക്‌ കഴിയുന്നുണ്ടോ എന്നതാണ്  പ്രസക്തമായ വിഷയം.
സമുദായത്തിന്റെയും, വിഭാഗത്തിന്റെയും പേര് പറഞ്ഞുള്ള വീതം വെക്കലും, മുതലെടുപ്പും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഒരു തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നിരവധി ഘടകങ്ങള്‍ ഒത്തു വരേണ്ടതുണ്ട്.
സ്ഥാനാര്‍ഥിയുടെ സ്വഭാവം, നേതൃത്വ ഗുണം, വികസന കാഴ്ചപ്പാട്  തുടങ്ങി നിരവധി കാര്യങ്ങള്‍. ഇതല്ലാം ഒത്തു ചേര്‍ന്ന ഒരാളെ കിട്ടാനും, വികസനവും, ഭരണ നേട്ടവും പറഞ്ഞു വോട്ടു പിടിക്കാനും ഉള്ള "പ്രായോഗിക" ബുദ്ധിമുട്ടുകള്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക്‌ നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ്  ഏറ്റവും വേഗത്തില്‍ വേവുന്ന പരിപ്പായ ജാതി - മത - സമുദായ പരിപ്പെടുത്ത്‌ അടുപ്പത്ത് വെച്ച് വേവിക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ തയ്യാറാവുന്നത്. എന്നിട്ട് ജാതി മത പരിഗണനകള്‍ നോക്കി മാത്രമേ ജനങ്ങള്‍ വോട്ടു ചെയ്യൂ അല്ലെങ്കില്‍ അങ്ങിനെയേ ചെയ്യാവൂ എന്ന ചിന്ത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു.
അങ്ങിനെ "തമ്മില്‍ ഭേദമായ തൊമ്മനെ" തിരഞ്ഞെടുക്കാന്‍ വേണ്ടി നാം ചെയ്യുന്ന വോട്ടുകള്‍ എല്ലാം ജാതി - മത - സമുദായങ്ങളുടെ കണക്കു പുസ്തകത്തില്‍ വരവ് വെക്കുന്നു. ജനങ്ങളുടെ വോട്ട് എവിടെയാണ് പോകുന്നത് എന്ന് ഈ ജാതി - മത - സാമുദായിക കോമരങ്ങള്‍ വിശദീകരിക്കുന്നില്ല. ജനങ്ങള്‍ക്ക്‌ വോട്ടില്ല, മതത്തിനും ജാതിക്കും ആണ് വോട്ട് എന്ന് രാഷ്ട്രീയക്കാര്‍ നമ്മുടെ ഉള്ളില്‍ വിഷമായി കുത്തിവെക്കാന്‍ ശ്രമിക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതിലെ കണ്ണിയായി മാറുകയും ചെയ്യുന്നു.

തിരഞ്ഞെടുപ്പ് സമയത്ത്‌ "സമദൂര സിദ്ധാന്തം" പറഞ്ഞ് ഇലക്കും മുള്ളിനും കേടില്ലാതെ നില്‍ക്കുന്നവര്‍,വോട്ടെണ്ണി കഴിഞ്ഞാല്‍ "ഞങ്ങളുടെ പിന്തുണയില്‍ ആണ് നിങ്ങള്‍ വിജയിച്ചത്" എന്ന നപുംസക പ്രഖ്യാപനവുമായി മുന്നോട്ട് വരുന്നു. എന്നിട്ട്  സമുദായ കണക്കും പറഞ്ഞ് അവരുടെ ലേലം വിളി ആരംഭിക്കുന്നു. ഇവര്‍ക്കൊന്നും "നാണം, മാനം" തുടങ്ങിയ വികാരങ്ങള്‍ ഇല്ലേ ????

മതത്തിന്റെ പേരില്‍ അല്ല ആനുകൂല്യങ്ങളും സംവരണങ്ങളും നല്‍കേണ്ടത്. 
സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയാണ്.

മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ഈ തത്വം അടിസ്ഥാനമാക്കിക്കൂടെ ? സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവന് എം എല്‍ എ സ്ഥാനത്തിനും മന്ത്രി സഭയിലും സംവരണം ഏര്‍പ്പെടുത്തുക. എ പി എല്‍ കാര്‍ക്കും, ബി പി എല്‍ക്കാര്‍ക്കും 50 - 50 അനുപാതം നല്‍കുക. എന്തേ അങ്ങിനെ ചെയ്തു കൂടെ????

ഇന്ന് പിന്നോക്ക വിഭാഗക്കാരുടെ ജനപ്രതിനിധി എന്ന സംവരണ  കസേരയില്‍ ഇരിക്കുന്നത് ലക്ഷാധിപതികളും കോടീശ്വരന്‍മാരും ആണ്. അവര്‍ക്ക്‌ പട്ടിണിക്കാരന്റെ വേദന അറിയാന്‍ കഴിയില്ല. പിന്നെ ഇന്നത്തെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ബി പി എലില്‍പ്പെട്ട ഒരാള്‍ മന്ത്രിയായി അഞ്ചു കൊല്ലം കഴിയുമ്പോഴേക്കും ആര് നന്നായില്ലെങ്കിലും അയാള്‍ "നന്നായിട്ടുണ്ടാവും" എന്നത് ഒരു വസ്തുതയാണ്. എന്തായാലും ഒരു ബി പില്‍ ക്കാരനെ കോടീശ്വരനാക്കി മാറ്റാന്‍ കഴിഞ്ഞു എന്നെങ്കിലും നമുക്ക്‌ ആശ്വസിക്കാമല്ലോ !!!!!

മത വിശ്വാസം ഇല്ലാത്തവരും, മതങ്ങളെ എതിര്‍ക്കുന്നവരും പൊതുവേ പറയുന്ന ഒരു വാചകം ഉണ്ട് - "മതങ്ങള്‍ പേക്കോലം കെട്ടി ആടുന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും മൂല കാരണം". എന്നാല്‍ ഇത് തെറ്റാണ്. മതങ്ങള്‍ അല്ല പേക്കോലം കെട്ടുന്നത്. മതങ്ങളെ വെച്ച് മുതലെടുപ്പ്‌ നടത്തുന്ന രാഷ്ട്രീയക്കാര്‍ മതങ്ങളുടെ പേരില്‍ പേക്കോലം കെട്ടുകയും, അതില്‍ നിന്നും ലഭിക്കുന്ന ഗുണങ്ങള്‍ രാഷ്ട്രീയക്കാര്‍ സ്വന്തമാക്കുകയും, അതിന്റെ പേരില്‍ ഉള്ള ചീത്തപ്പേരുകള്‍ മതങ്ങളുടെ തലയില്‍ കെട്ടിവെക്കുകയും ആണ് ചെയ്യുന്നത്. "തല്ലുകൊള്ളാന്‍ ചെണ്ട, പണം വാങ്ങാന്‍ മാരാര്‍" എന്ന അതേ തത്വശാസ്ത്രം !!!

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത്‌ ക്രിസ്ത്യാനിയെയും, നായര്‍ ഭൂരിപക്ഷ പ്രദേശത്ത്‌ നായരെയും,മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത്‌ മുസ്ലിമിനെയും മാത്രം മത്സരിപ്പിക്കുന്ന എല്ലാ പാര്‍ട്ടികളും കളിക്കുന്നത് വര്‍ഗീയ കാര്‍ഡ്‌ തന്നെയാണ് എന്ന് ആദ്യം തിരിച്ചറിയുക. അങ്ങിനെ നോക്കുമ്പോള്‍ വര്‍ഗീയ കാര്‍ഡ്‌ കളിക്കാത്ത ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ് നമ്മുടെ നാട്ടിലുള്ളത് ?

ജയിക്കാന്‍ പാടില്ലാത്തവര്‍ തന്നെ നമ്മുടെ നാട്ടില്‍ ജയിച്ചു വരുന്നത് കൊണ്ടാണല്ലോ ഇന്നും നാം ഈ അവസ്ഥയില്‍ നില്‍ക്കുന്നത്. യഥാര്‍ത്ഥ അര്‍ഹതയുള്ളവര്‍ ആയിരുന്നു നമ്മുടെ നാട് ഭരിച്ചിരുന്നത് എങ്കില്‍ ഈ നാട് എന്നോ നന്നായിരുന്നു !!!!

ഇതൊക്കെ വായിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ സ്വാഭാവികമായും ഒരു സംശയം തോന്നാം....
"ഇവന്‍ അഞ്ചാം മന്ത്രിയെ പിന്തുണക്കുകയാണല്ലേ" എന്ന സംശയം.

അതിലുള്ള നിലപാട് ഞാന്‍ വ്യക്തമായി പറയട്ടെ !!!

നാല് മന്ത്രിമാരെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ഒരു അഞ്ചാം മന്ത്രിയെ പൊതു ഖജനാവില്‍ നിന്നും പണം എടുത്തു തീറ്റി പോറ്റേണ്ട ആവശ്യം ഇല്ല. 

ഒരു മന്ത്രിക്ക് വേണ്ടി ഉണ്ടാക്കി എടുക്കുന്ന സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ എല്ലാം ശമ്പളം പോകുന്നത് നമ്മുടെ ഖജനാവില്‍ നിന്ന് ആണെന്ന കാര്യം മറക്കരുത്. മന്ത്രിമാരുടെ എണ്ണം എത്രയും കുറക്കാന്‍ കഴിയുമോ അത്രയും കുറയ്ക്കുകയാണ് വേണ്ടത്. ഏതു പാര്‍ട്ടി ആയാലും. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് കൂടുതലായി ഒരു സ്ഥാനം നല്‍കുമ്പോഴേക്കും തകരുന്നതല്ല നമ്മുടെ സാമൂഹിക സന്തുലിതാവസ്ഥ എന്ന സത്യവും നാം തിരിച്ചറിയണം.

അഞ്ചാം മന്ത്രിയെ കിട്ടിയ സന്തോഷത്തില്‍ അര്‍മ്മാദിക്കുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഉണ്ട് - "നമ്മുടെ പണം അനാവശ്യമായി ചിലവഴിക്കാന്‍ ഉണ്ടാക്കിയ ഒരു സാഹചര്യത്തെയാണ് നാം ആഘോഷിക്കുന്നത് " എന്ന പരമമായ സത്യം.

അബസ്വരം : 

പല്ലില്ലെന്നു വെച്ച് അണ്ണാക്ക് വരെ കയ്യിടരുത്‌.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക ....36 comments:

 1. ഇത്രയും തരംതാണ രാഷ്ട്രിയത്തിന് വേണ്ടി വോട്ട് ചെയേണ്ടി വന്നതിനെ ഓര്‍ത്തു സ്വയം ഞാനും നാണിക്കുകയാണ് ഇവിടെത്തെ സാധാരണകാരന് വേണ്ടി ആര്‍ക്കും വാദിക്കാനില്ല മതം , ജാതി കഷ്ടം ! ....

  എന്റെ ചില പ്രതികരണങ്ങള്‍ നോക്കൂ

  അരുതേ അരുതേ അത് ചെയ്യരുതേ

  കുഞ്ഞുകുഞ്ഞിച്ചായന്റെ സങ്കടങ്ങള്‍

  ReplyDelete
 2. പൂര്‍ണ്ണമായി യോജിക്കുന്നു.പൊതുജനം കയുത!!!

  ReplyDelete
 3. അങ്ങനെ അഞ്ചാം മന്ത്രിയുമായി...ആനന്ദലബ്ധിക്കിനിയെന്തുവേണം

  ReplyDelete
 4. കേരളത്തിലെ സാമുദായിക സന്തുലനാവസ്ഥ തകര്‍ന്നു..
  """""""""""""""""""""""""""""""""""""""""""""""""
  തിരുവനന്തപുരം: ഇന്ന് സുമാത്രയിലുണ്ടായ 8.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ തുടര്‍ച്ചയെന്നോണം കോണ്‍ഗ്രസ്‌-ലീഗ് ചര്‍ച്ചയിലുണ്ടായ ഭൂകമ്പത്തില്‍ കേരളത്തിലെ സാമുദായിക സന്തുലനാവസ്ഥ തകര്‍ന്നുവീണു.. ആളപായം റിപ്പോര്‍ട്ട് ചെയ്തില്ല. ഇതിന്‍റെ തുടര്‍ച്ചയെന്നോണം കേരളത്തിലെ സ്ഥിതി കൂടുതല്‍ വഷളാവാന്‍ സാധ്യത ഉണ്ടെന്നു സുകുമാരന്‍ നായര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ വ്യക്തമാക്കി. എന്നാല്‍ തകര്‍ന്നു വീണ സാമുദായിക സന്തുലനം ഉടനടി പുനര്‍നിര്‍മിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി..

  ReplyDelete
 5. http://pheonixman0506.blogspot.com/2012/04/bjp.html ഇതും കൂടി ഒന്ന് വായിക്കുക.

  ReplyDelete
 6. ഒരു പ്രത്യേക മതത്തില്‍പ്പെട്ട ആളുകള്‍ക്ക് അധികാരം കിട്ടുന്നത് കാണുമ്പോഴേക്കും അസഹിഷ്ണുതയോടെ വരുന്നവരാണ് NSS,BJP എന്നിവര്‍. സ്വന്തമായി ഒരു MLA പോലും ജയിപ്പിചെടുക്കാന്‍ കഴിയാത്ത ഇവര്‍ കഴുതകാമം കരഞ്ഞു തീര്‍ക്കുകയല്ലേ.മുസ്ലിങ്ങളുടെ വോട്ടിനായി കൊടുവള്ളിയില്‍ താന്ന് കേണിരുന്ന മുരളി പോലും ലീഗിന് ഒരു മന്ത്രിയെ കൂടുതലായി ലഭിച്ചാല്‍ സന്തുലിതാവസ്ഥ തകരും എന്ന് പറഞ്ഞു.മുരളിയും,കരുണാകരനും,പദ്മജയും ഒരേ സമയം അധികാരത്തിന്റെ വിവിദ മേഖലകള്‍ അലങ്കരിച്ചപ്പോള്‍ ഈ സന്തുലിതാവസ്ഥ തകരുന്നതിനെ കുറിച്ചൊന്നും മുരളിക്കും,NSS നും ബോധം ഉണ്ടായില്ലേ? 38 MLA മാര്‍ ഉള്ള കോണ്ഗ്രസ്സിന് ഇത്രയും മന്ത്രിമാര്‍ ആകാമെങ്കില്‍ 20 MLAമാരുള്ള ലീഗിന് അഞ്ചാം മന്ത്രിയെന്നത് തികച്ചും ന്യായമാണ്.അഞ്ചാം മന്ത്രി കിട്ടില്ല എന്നുപറഞ്ഞു നടന്നിരുന്ന കുട്ടിസഖാക്കളെല്ലാം എവിടെ പോയി?പള്ളി പോളിച്ചതുകൊണ്ടും ലീഗ് മന്ത്രി സത്യപ്രതിന്ജ്യ നടത്തുമ്പോള്‍ ഹര്‍ത്താല്‍ നടത്തിയത്‌കൊണ്ടും അധികാരം കിട്ടില്ല എന്ന് ബിജെപിക്കാര്‍ മനസ്സിലാക്കുക.ജനങ്ങള്‍ വോട്ടു ചെയ്തു വിജയിപ്പിച്ചവരെ അംഗീകരിക്കുക.പാണക്കാട് തങ്ങള്‍ വാക്കു പറഞ്ഞാല്‍ അത് അച്ചുമാമന്റെ വാക്ക് പോലെ കീറചാക്കാവില്ല.

  ReplyDelete
  Replies
  1. നിങ്ങള്‍ ആദ്യ വാചകങ്ങളില്‍ പറഞ്ഞ കാര്യങ്ങളുടെ ഗൌരവം അവസാനം പറഞ്ഞ ഒരു വാചകം കൊണ്ട് ഇല്ലാതായി.വള്ളിക്കുന്ന് അയാളുടെ ബ്ലോഗില്‍ പറഞ്ഞ തീര്‍ത്തും പ്രസക്തമായ ഒരു കാര്യത്തിലേക്ക് നിങ്ങളുടെയും, ലീഗ് ആരാധകരുടെയും ശ്രദ്ധ ക്ഷണിക്കുന്നു..

   "ലീഗ് അണികളോടും ഒരു വാക്ക് പറയാനുണ്ട്. പാണക്കാട് തങ്ങള്‍മാര്‍ എന്ന് പറഞ്ഞാല്‍ തെറ്റ് പറ്റാത്ത അമാനുഷര്‍ അല്ല. അവരുടെ വായില്‍ നിന്ന് ഒരു വാക്ക് വീണു പോയാല്‍ അതില്‍ പിടിച്ചു ഭൂമി കുലുക്കേണ്ട ആവശ്യമില്ല. പാണക്കാട് തങ്ങള്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് നടന്നിരിക്കണം എന്ന അര്‍ത്ഥത്തില്‍ പ്രചാരണം നടത്തുന്നത് ഒരുതരം ഫാസിസമാണ്‌. ആരു പറഞ്ഞാലും അപ്പറഞ്ഞത്‌ ന്യായമാണോ അല്ലയോ എന്നാണ് നോക്കേണ്ടത്. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതാണ് അതുകൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനായിരുന്നു പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചത് കൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനേക്കാള്‍ അന്തസ്സ്."

   Delete
  2. ലീഗ് ഒറ്റയ്ക്കു നിന്ന് 20 മാരെ ഒന്നു ജയിപ്പിച്ച് നോക്ക്

   പിന്നെ അലി ആരാ മന്ത്രി ആവാന് വേന്ഡി മാത്രം ജനിച്ചവനോ

   ഒരു പാര്‌ട്ടിയുടെ നേതാവ് മുഖ്യമന്ത്രിയോടു പോലും ചോദിക്കാതെ മന്ത്രിയെ സ്വന്തം പ്രഖ്യാപിക്കുന്നത് എത്രമാത്രം ശരിയാണ്

   Delete
  3. ഏതൊരു പാര്‍ട്ടിക്കും ഇക്കാര്യം ചെയ്യാവുന്നതാണ്.!!!

   മന്ത്രി ആവാന്‍ മാത്രം ജനിച്ചത് കൊണ്ടാണോ ഉമ്മന്‍ മുതല്‍ ഗണേഷ് വരെ ഉള്ളവര്‍ ഇവിടെ മന്ത്രി ആയി ഇരിക്കുന്നത് ?

   ചോദിക്കാതെ ആണ് പ്രഖ്യാപിച്ചത് എങ്കില്‍ കൊടുക്കാതെ ഇരുന്നാല്‍ പോരായിരുന്നോ ?

   Delete
 7. അഞ്ചാം മന്ത്രി വന്നു...കേരളത്തിലെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നു...മിടായി എടുക്കൂ ആഘോഷിക്കൂ...

  ReplyDelete
 8. വര്‍ഗീയ പാര്‍ടിയായ ലീഗിന്റെ ധാര്ഷ്ട്യ പ്രകടനം വളരെ മോശമായിപോയി. ജനങ്ങളുടെ നികുതി പണം മുടിക്കാന്‍ ഒരു അനാവശ്യ മന്ത്രി കൂടി. സമുദായ സംഘടനകളുടെ അന്യായ സമ്മര്‍ദങ്ങള്‍ക്ക് കോണ്‍ഗ്രസ്‌ വഴങ്ങുന്നത് തീരെ നല്ല പ്രവണത അല്ല.

  ReplyDelete
 9. പാവപ്പെട്ടവന്‍ എന്ന നില വെച്ച് മത്രിയാകുക എന്നത് ശരിയായി എനിക്ക് തോന്നുന്നില്ല. ഇന്നത്തെ പാവപ്പെട്ടവന്‍ നാളത്തെ കൊദീശ്വരനാകും. ഇനി പാവപ്പെട്ടവന്‍ ആയത് കൊണ്ട് മാത്രം സമൂഹത്തിനു നേട്ടം ഉണ്ടായിക്കൊള്ളനം എന്നും ഇല്ലല്ലോ. ഏറ്റവും അര്‍ഹാതപ്പെട്ടവന് ഏറ്റവും അനുയോജ്യന്‍ എന്ന വിധത്തില്‍ മന്ത്രിയാകുന്ന കാര്യത്തിലും, വോട്ടിനു നിര്‍ത്തുന്ന കാര്യത്തിലും ഒരു മാനദണ്ഡം ആകിയാല്‍ ജനാധിപത്യതിനത് ഗുണകരമാവുമെന്ന് തോന്നുന്നു. ആ തരത്തിലേക്ക് ജനങ്ങള്‍ മാറണം.

  ReplyDelete
 10. ജാതിയോ മതമോ നോക്കാതെ സ്ഥാനാര്‍ഥികളുടെ കഴിവും പ്രവര്‍ത്തി പരിചയവും മാത്രം നോക്കി വോട്ടു ചെയ്യുന്നവര്‍ ആണ് നമ്മളില്‍ പലരും,പക്ഷെ നിയമ സഭയില്‍ സാമുദായിക സന്തുലനമില്ലാതെ കേരളം ഭരിക്കാന്‍ പറ്റാത്ത അവസ്ഥ ഭയാനകമാണ്…

  താഴെ പറയുന്ന രീതികളിലൂടെ നമുക്ക് സാമുദായിക സന്തുലനം ഉറപ്പു വരുത്താം :
  http://www.facebook.com/note.php?note_id=379700218736181

  ReplyDelete
 11. അമീര്‍Thursday, April 12, 2012

  ലീഗ് ജനങ്ങളുടെ മനസ്സില്‍ സ്ഥാനം നേടിയത്‌ പ്രവര്‍ത്തനം കൊണ്ടാണ്.പേരില്‍ മുസ്ലിം എന്ന് ഉണ്ടായത്‌ കൊണ്ടുമാത്രം ലീഗ് വര്‍ഗീയ പാര്‍ട്ടി ആവില്ല.ബി ജെ പിയുടെയോ ആര്‍ എസ് എസ് ന്റെയോ പേരില്‍ ഹിന്ദു എന്ന വാക്ക് ഇല്ല.എന്നാല്‍ അവരുടെ രാഷ്ട്രീയം വര്‍ഗീയം ആണെന് എല്ലാവര്‍ക്കും അറിയാം.ലീഗിന് തീവ്രത ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് മദനി പാര്‍ട്ടി തുടങ്ങിയത്.ആ മദനിയുടെ തോളില്‍ കയ്യിട്ടാണ് പിണറായി നടന്നത്.

  ബി ജെ പി ചെയ്തപോലെ പള്ളി പൊളിക്കാനോ,അമ്പലം കത്തിക്കാനോ,അമുസ്ലിങ്ങളെ വെട്ടാനോ ഒന്നും ലീഗ് പോയിട്ടില്ല.ലീഗ് പോവുകയും ഇല്ല.അങ്ങാടിപ്പുറത്ത്‌ അമ്പലം കത്തിയപ്പോള്‍ അവിടെ സഹായ ഹസ്തവുമായി ഓടിയെത്തിയത് പാണക്കാട്ടെ പട്ടാളമായിരുന്നു.ബാബിരി മസ്ജിദ്‌ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ തകര്‍ത്തപ്പോള്‍ ആത്മസംയമനത്തിന്റെ താരാട്ടുമായി വന്നത് ഞങ്ങളുടെ ശിഹാബ്‌ തങ്ങളായിരുന്നു.അതില്ലായിരുന്നുവെങ്കില്‍ ബാബരി മസ്ജിദ്‌ പ്രശ്നം മറ്റൊരു തരത്തിലായിരുന്നു കേരളത്തില്‍ അനുഭവപ്പെടുക.എന്‍ ഡി എഫിന്റെ പേരില്‍ മുസ്ലിം എന്ന പദം ഇല്ലെങ്കിലും വര്‍ഗീയ സംഘടനയാണ്.നേതാക്കളും അണികളും ഉള്ള പാര്‍ട്ടിയാണ് ലീഗ്.ലീഗിന് വോട്ടു നല്‍കുന്നത് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമാല്ല.അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ ജയിക്കുന്നു.ലീഗിന്റെ ഒരു എം എല്‍ എ യു.സി.രാമന്‍ ആയിരുന്നു.

  എന്‍ എസ് എസ്സിനെ പോലെ പ്രസ്താവന മാത്രം നടത്തുന്ന നേതാക്കള്‍ അല്ല ഞങ്ങള്‍ക്കുള്ളത്‌.കഴിയുമെങ്കില്‍ എന്‍ എസ് എസിന്റെ നേതാക്കള്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു മന്ത്രിയും മറ്റും ആകാവുന്നതല്ലെയുള്ളൂ.

  മദ്യം വിഷമാണ് എന്ന് പറഞ്ഞ ഗുരുവിന്റെ അനുയായികളുടെ നേതാവായ കള്ളുകച്ചവടക്കാരന്‍ നടേശ ഗുരുവാണ് മറ്റൊരു അസഹിഷ്ണുതന്‍.ഈ നടേശഗുരു ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെ.അപ്പോള്‍ കാണാം അയാളുടെ സ്വാധീനം.വോട്ടു കച്ചവടം ചെയ്യാന്‍ വേണ്ടി മാത്രം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബി ജെ പി ഇന്ന് ഹര്‍ത്താല്‍ നടത്തുന്നതില്‍ നിന്ന് തന്നെ അവര്‍ക്ക് മുസ്ലിങ്ങളോട് ഉള്ള വിരോധം മനസിലാക്കാം.

  പിന്നെയുള്ളത് ജനാബ് ആര്യാടന്‍.ന്യൂനപക്ഷങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരം ലഭിച്ചു എന്ന തോന്നല്‍ ഉണ്ടെങ്കില്‍ ന്യൂനപക്ഷ സമുധായംഗമായ അദ്ദേഹം രാജിവെക്കട്ടെ.എന്നിട്ട് ഒരു ഭൂരിപക്ഷക്കാരനെ ആ കസേരയില്‍ ഇരുത്തട്ടെ.തന്റെ മകന്‍ ഷൌക്കത്തിനെ മക്കള്‍ രാഷ്ട്രീയം കളിച്ചു നിലമ്പൂരില്‍ അധികാരത്തില്‍ ഇരുത്തിയാണ് ആരാട്യന്‍ ഈ കിത്താബ് ഓതുന്നത് എന്ന് മറക്കരുത്.

  ലീഗില്‍ ജനങ്ങള്‍ വിശ്വസിക്കുന്നിടത്തോളം ലീഗിന് അഞ്ചാം മന്ത്രിയും ചിലപ്പോള്‍ പത്താം മന്ത്രിയും ഉണ്ടായെന്നു വരും അതില്‍ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല.

  ReplyDelete
 12. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ചാണക്യന്‍ തന്നെയാണ്. കോണ്ഗ്രസ്സിന് ആ നിലവാരത്തില്‍ ഉണടായിരുന്ന ഏക നേതാവ് കരുണാകരനാണ്.ഇപ്പോഴത്തെ നേതാക്കന്‍മാര്‍ ഉണ്ണാക്കന്‍മാരാണ്.അത് കൊണ്ടാണ് ലീഗിന്റെ ഈ നീക്കത്തെ ഫലപ്രദമായി ചെറുക്കാന്‍ കഴിയാതിരുന്നത്.കോണ്‍ഗ്രസ്ക്കാര്‍ക്ക്‌ ഇനി ഏറ്റവും നല്ലത് കുഞ്ഞാലിക്കുട്ടിക്ക് ശിഷ്യപ്പെടുകയാണ്.

  ReplyDelete
  Replies
  1. കറക്റ്റ്, ലീഗില്‍ നിന്നുള്ള ഏക ഭീഷണി കുഞ്ഞാലികുട്ടി എന്ന നേതാവ് ആണെന്ന് ഏറ്റവും നന്നായി അറിയാവുന്ന ആള്‍ക്കാര്‍ സിപിഎം, കോണ്‍ഗ്രസ്‌, എന്നീ പാര്‍ട്ടികള്‍ തന്നെയാണ്. അതുകൊണ്ടാണ് ആ ഐസ്ക്രീം കേസ് ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇവര്‍ കുത്തിപ്പൊക്കുന്നതും, അങ്ങനെ ഒരു വീഴ്ച വന്നില്ലായിരുന്നെങ്കില്‍ കുഞ്ഞാലിക്കുട്ടി കേരള മുഖ്യമന്ത്രി ആകാനും സാധ്യത ഉണ്ടായിരുന്നു. ഒരു പക്ഷെ അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെ ഉപയോഗപ്പെടുത്തി അങ്ങനെയൊരു ട്രാപ്പില്‍ അകപ്പെടുത്തിയതാകാനും മതി. പക്ഷെ അയാള്‍ സംഭവിച്ച തെറ്റുകളില്‍ നിന്നും പാഠം പഠിച്ചു കൂടുതല്‍ കരുത്തനായി വരുകയാണ് എന്നാണ് മനസ്സിലാകുന്നത്.

   Delete
 13. അങ്ങിനെ ഒരഞ്ചാംമത്രിയെന്ന 'തങ്ങള്‍'പ്രഖ്യാപനവും സാഫല്യം നേടിയത് കേരളജനത 'കണ്‍കുളിര്‍ക്കെ'കണ്ടു കോള്‍മയിര്‍കൊള്ളുകയാണ്...സമുദായത്തിന്റെ പേരുപറയാന്‍ B.J.P/N.S.S...എല്ലാവരുമുണ്ട്.സമുദായത്തിന് കുറച്ച്മന്ത്രിമാരെ കിട്ടിയതുകൊണ്ട് സമുദായം രക്ഷപ്പെടുമെങ്കില്‍ ഈ 'സമുദായം'ഇപ്പോഴും 'മുടി'വെള്ളം കുടിച്ചു
  മുടിയെണ്ടിയിരുന്നില്ല.ഭൈമീകാമുകന്മാര്‍ കരഞ്ഞുതീര്‍ക്കട്ടെ....!!അല്ലാതെന്തു പറയാന്‍.(മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നേയില്ല,തിരിച്ചും !!!!)

  ReplyDelete
 14. എന്താണു മത സന്തുലനം??? ഈ പരഞ സന്തുലനം ഭരണ മേഖലയിൽ എല്ലാ തലത്തിലും പ്രാവർത്തികമാണോ??. അതല്ല ലീഗിന്നു കയ്യിൽ ഒതുക്കി വെച്ച ഒരു വകുപ്പെടുത്ത് കൈമാരാൻ വേണ്ടി ഒരു മന്ത്രി പദവി മാത്രം ലഭിച്ച പോഴേക്ക് തുലാസിൽ തൂങിയാടുന്ന ഒരു സന്തുലനം ആണോ കേരളത്തിൽ. ഒരു മന്ത്രി യെന്നാൽ ഒരു സ്റ്റേറ്റിന്റെ എല്ലാ ജനങളിലേക്കുമുള്ള ഭരണ കർത്താവണു ഇവിടെ ഭരണ നിർവഹണ രംഗത്ത് ലീഗ് മന്ത്രിമാർ മുസ്ലിം സമൂഹത്തിന്നും ക്രിസ്ത്യൻ മന്ത്രിമാർ ക്രിസ്ത്യാനിക്കും ഹിന്ദു മന്ത്രി ഹിന്ദുവിന്നും ആയി ഭരണം നിർവഹിക്കുന്നില്ല. എല്ലാവരും ഭരണം നടത്തുന്നത് ഇന്ത്യൻ ഭരണഘടനക്കനുസ്ര്തമാണു

  ReplyDelete
  Replies
  1. ILLA MONE DINESAAA.MUSLIM MANTRY MUSLIMINU VENDIYUM CHRISTIAN MANTHRY CRISTIANIKKU VENDIYUM HINDU MANTHRU ELLAVARKKUM VENDIYUM PANI EDUKKUM.KARANAM HINDU MANTHRY SECULAR AKANAM.ILLENGIL AAKKUM
   SREEDHARAN

   Delete
  2. Sreedharan,
   നിങ്ങളുടെ വാക്കുകള്‍ ഒരു ഹിന്ദു വര്‍ഗീയ വാദിയുടെ (RSS ന്റെ) വാക്കുകള്‍ ആണ്.
   നിങ്ങളുടെതു പോലുള്ള ഇടുങ്ങിയ ചിന്താഗതിയാണ് എല്ലാവര്‍ക്കും ഉള്ളത് എന്ന് കരുതരുത്‌.

   Delete
 15. മതവും രാഷ്ട്രീയവും തമ്മില്‍ കലര്തിയതാണ് തെറ്റ്..
  പാര്‍ടിയുടെ പേരിന്റെ കൂടെ മതത്തിന്റെ പേര് ചേര്‍ത്തതും തെറ്റ്..
  മത മേലാളന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതും ...

  ReplyDelete
 16. ഞാന്‍ ഇതു കൊണ്ടാണു വോട്ട് ചെയ്യാത്തതു... പിന്നെ നികുതി അടക്കുന്നതു വേറെ നിവ്യ‌ത്തി ഇല്ലാത്തതു കൊണ്ടും...

  ഡോട്ടറെ......ഈ ലേഖനത്തെ ഞാന്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് കൊള്ളുന്നു...

  ജാതിമതങ്ങളുടെ അടിസ്ഥാനത്തിലല്ല, സാമ്പത്തിക അടിസ്ഥാനത്തില്‍ വേണം സം‌വരണം എല്ലാകാര്യത്തിലും.... പക്ഷേ അതു ഡൈനാമിക് ആണു.... സാമ്പറത്തിക സ്ഥിതിയില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരാം, അത് അപ്ഡേറ്റ് ചെയ്യാന്‍ ഒരു പോം‌വഴി കാണണം . എന്നാലും മന്ത്രിസ്ഥാനം കൊടുക്കേണ്ടതു കഴിവ്, വ്യക്തിത്വം, മിനിമം വിദ്യാഭ്യാസം , ക്രിമിനല്‍ പശ്ചാത്തലമില്ലായ്മ എന്നിവയുടെ അടിസ്ഥാനത്തിലാവണം, സ്ത്രീ സം‌വരണവും ജാതി സം‌വരണവും പാടില്ല...

  പിന്നെ ബിജെപി, ലീഗ് തുടങ്ങിയവ മതപാര്‍ട്ടി തന്നെയാണു , ഏതു പ്യത്യയശാസ്ത്രമാണു പേരിനെങ്കിലും അവര്‍ക്കുള്ളത് എന്നറിയില്ല.
  മറ്റു പാര്‍ട്ടികള്‍ ഈ ജാതി ബാങ്ക് കയ്യടക്കി വച്ചിരിക്കുന്ന പ്രമാണികളുടെ ഉച്ചിഷ്ട്‌വും അമേധ്യവും അധികാരത്തിനു വേണ്ടി തിന്നാന്‍ മടിക്കാത്തവരും ആണു....
  ഇന്നത്തെ ഓരോ ചോട്ടാനേതാവിനും നല്ല സാമ്പത്തികസ്ഥിതി ഉണ്ട്.... ഇതെങ്ങിനെ വന്നു എന്ന് ആരെങ്കിലും അന്യോഷിക്കാറുണ്ടോ ?

  അഞ്ചാം മന്ത്രിയെക്കൊണ്ടെന്നല്ല, ഒരു മന്ത്രിയെക്കൊണ്ടും നമുക്കൊന്നും ഒരു പ്രയോജനവുമില്ല... കൂടെ നിന്ന് ഫോട്ടോ എടുക്കാനും, ഗള്‍ഫില്‍ കൊണ്ട് വന്ന് പൂമാലയിടീക്കാനും, കല്യാണത്തിനു വിളിച്ച് ബിരിയാണി കൊടുത്ത് സമുദായത്തിലെ മറ്റുള്ളവരുടെ മുന്‍പില്‍ ആളാവാനും ചിലര്‍ക്ക് അഞ്ചാം മന്ത്രി വേണം എന്നതാണു പരമാര്‍ത്‌ഥം...

  ശരിക്ക് ജനങ്ങളാണു മാറേണ്ടതു ... രാഷ്ട്രീയമോ സ്വന്തം ജാതിമതങ്ങളോ നോക്കിയല്ല, കഴിവും വ്യക്തിത്വവും, സ്ല്‍സ്വ‌ഭാവവും നോക്കി വോട്ട് കൊടുക്കാന്‍ നമ്മള്‍ തയാറായാല്‍ സ്വ‌തന്ത്രസ്ഥാനാര്‍ഥികള്‍ വരും..... പാര്‍ട്ടികളും സ്ഥാനാത്ഥി നിര്‍ണ്ണയത്തില്‍ ശരിക്കും ചിന്തിക്കും....

  ReplyDelete
  Replies
  1. ഒരിക്കലും വോട്ടു ചെയ്യാതിരിക്കരുത്. ഒന്നും ഇല്ലെങ്കിലും ഒരു സ്വതന്ത്രനോ മറ്റോ കുത്താന്‍ മറക്കരുത് എന്നാണ് എന്റെ അഭിപ്രായം...:)

   Delete
  2. അബസറുടെ ഈ മറുപടി വല്ലാതെ ഇഷ്ടപ്പെട്ടു. അങ്ങനെ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടക്കുന്ന അവലോകന പ്രഹസനത്തില്‍ അവര്‍ ചിന്തിക്കണം.... ഒരു സ്വതന്ത്രന് ഇത്രയും വോട്ടു എങ്ങിനെ കിട്ടി എന്ന്. മാത്രമല്ല ഇവിടെ പാര്‍ട്ടി/മതം/ജാതി/പണം എന്നിവ മാത്രം അല്ല വോട്ടിനു അടിസ്ഥാനം എന്ന് അവരെ ഒന്നോര്‍മ്മിപ്പിക്കണം. എന്നും രണ്ടോ മൂന്നോ പാര്‍ട്ടിക്കാര്‍ ചൂണ്ടിക്കാണിക്കുന്ന കൊള്ളരുതാത്തവന്മാര്‍ക്ക് വോട്ടു ചെയ്യാതിരിക്കാനും നമുക്കറിയാം എന്നും അവര്‍ക്ക് മനസ്സിലാക്കണം. ആത്മാര്‍ത്ഥതയുള്ള, നാട്ടുകാര്‍ക്ക്‌ പ്രിയങ്കരനായ, എന്തെങ്കിലും സമൂഹത്തിനു വേണ്ടി ചെയ്യണം എന്ന് ബോധ്യമുള്ള വളരെ ചുരുക്കം ആള്‍ക്കാര്‍ക്ക് സ്വതന്ത്രരായി മത്സരിക്കാന്‍ ഇത് പ്രചോദനം ആകുകയും ചെയ്യും.

   Delete
 17. നന്നായി എഴുതി....വോട്ടുചെയ്യുന്നവരെല്ലാം വിഡ്ഢികള്‍

  ReplyDelete
 18. തോമസ്‌ ഐസക്‌ ധനമന്ത്രി ആയിരുന്നപ്പോള്‍ അധികമായി ലഭിച്ച പൊതുമരാമത്ത്‌ വകുപ്പില്‍ മുന്‍പ്‌ അത് കൈകാര്യം ചെയ്തിരുന്ന പി ജെ ജോസഫിന്റെ പേര്‍സണല്‍ സ്റ്റാഫിലെ ഒരാള്‍ ഒഴികെ മറ്റെല്ലാവരെയും ഒഴിവാക്കുകയാനുണ്ടായത്.ഇവിടെ നാം കാണുന്നത് "നാല് മന്ത്രിമാരെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ഒരു അഞ്ചാം മന്ത്രിയെ പൊതുഖജനാവില്‍ നിന്നും പണം എടുത്തു തീറ്റി പോറ്റിടെണ്ട" അവസ്ഥയാണ്

  ..........ഇക്കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിനു അല്പം പ്രത്യേകത ഉണ്ടായിരുന്നു.ഓരോ മത ജാതി ഉപജാതി തിരിച്ചുള്ള കണക്കും സാക്ഷര കേരള പ്രദേശത്തെകോണ്ഗ്രസ് അദ്ധ്യക്ഷന്‍ മടികൂടാതെ തുറന്നു പറഞ്ഞു എന്നതാണ് ആ പ്രത്യേകത.തങ്ങളുടെ സമുദായത്തിന് ഇന്ന യിന്ന സീറ്റുകള്‍ ഇത്ര സീറ്റുകള്‍ വേണം എന്ന് കൊഗ്രസ്സിനോട് ആജ്ഞാപിക്കുന്ന ജാതി കോമരങ്ങള്‍ മുതല്‍ മത മേലദ്ധ്യക്ഷ്ന്മാര്‍ വരെ,,,,, ജാതിയും ഉപജാതിയും മതവുമൊക്കെ നോക്കി വോട്ട് ചെയ്യുന്നവര്‍ധാരാളം ഇവിടെ ഉണ്ട് അല്ലെങ്കില്‍ ഉണ്ടാക്കുന്നു,അതിനു പ്രോല്‍സാഹനം നല്‍കുന്നു....ഇതൊക്കെയാണെങ്കിലും പെരിന്തല്‍മണ്ണയില്‍ നിന്നും ശശികുമാറും പൊന്നാനിയില്‍ നിന്നും ശ്രീരാമകൃഷ്ണനും ലത്തീന്‍ കത്തോലിക്കാ സീറ്റായ(?) എറണാകുളത്ത് സാനു മാഷും വി വി വിശ്വനാഥ മേനോനും സുബ്രമണ്യന്‍പോറ്റിയുമൊക്കെ മാറ്റുരച്ചത് നാം കണ്ടതാണ് ....
  ................ഇവിടെ ലീഗിന്റെ പ്രത്യേകത അത് മുസ്ലീം ലീഗാണ് എന്നതാണ്.ഒരു സമുദായത്തിന്റെ പേരിലുള്ള പാര്‍ടി ,മന്ത്രിമാരില്‍ മിക്കവാറും പേര്‍ ഒരു ജില്ലക്കാര്‍ എന്ന മറ്റൊരു പ്രത്യേകത അതിന്റെയൊക്കെ ഗുണവും മണവും കാണപ്പെടുന്നു എന്ന പരാതിയും.അഞ്ചാം മന്ത്രിക്കു വേണ്ടി നടത്തിയ പോരാട്ടത്തിന്റെ പകുതി രംഗനാഥന്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന് പറഞ്ഞു നാവനക്കിയിരുന്നെന്കില്‍ തങ്ങളെയും തന്റേടികളുടെ കൂട്ട്ടത്ത്തില്‍പെടുത്താമായിരുന്നു പേരില്‍ ക്രിസ്ത്യന്‍ എന്ന് കാണാന്‍ കഴിയില്ലെങ്കിലും അകലെ നിന്നും മണത്തറിയാന്‍ കഴിയുന്ന പാര്‍ടിയാണ് കേരളാ കോണ്ഗ്രസ് ബിഷപ്പുമാരുടെ കരുക്കളായി മാറുന്ന ഒരു പരാതി പൊന്‍തുവ്വലായി കരുതുന്ന പാര്‍ടി.
  ............ഏതെന്കിലും മതേതര പാര്‍ടിയില്‍ നിന്നുള്ളവരായിരുന്നു ഈ ന്യൂനപക്ഷ സമുദായ മന്ത്രിമാര്‍ എങ്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ ബി ജെ പി ഇത്ര ചങ്കൂറ്റം കാണിക്കില്ലായിരുന്നു.,,മറ്റൊന്ന് 'സാമുദായിക സന്തുലനവാദത്തെ' എതിര്‍ക്കാന്‍ സാമുദായിക കക്ഷികള്‍ക്ക് ധാര്‍മിക മായി യാതൊരു അവകാശവും ഇല്ല...
  .............യാതൊരാള്‍ക്കും വോട്ടവാകാശം വിനിയോഗിക്കാന്‍ അവസരം ലഭിക്കുന്നതോടൊപ്പം തന്നെ നിലവിലെ ഒരുസ്ഥാനാര്തിക്കും അത് ചെയ്യാതിരിക്കാനും നിലവില്‍ അവസരം ഉണ്ട്.പക്ഷെ അടുത്തു നടന്ന പിറവം ഉപതിരഞ്ഞെടുപ്പില്‍ കണ്ടതെന്താണ് ഒട്ടു മിക്ക വോട്ടര്‍മാരും (സ്ഥലത്ത്തില്ലാത്തവരും മരിച്ചവരും ഒഴികെ) വോട്ടു ചെയ്തു അതും പ്രധാന രണ്ടു മുന്നണികള്‍ക്കു ...നാം വാ തോരാതെ അരാഷ്ട്രീയം പറയുമ്പോഴും അതിനുള്ളിലെ രാഷ്ട്രീയം കാണാതെ പോകുന്നു,ഒരിക്കല്‍ എം എല്‍ എ ആയി മണ്ഡലത്തിനു വേണ്ടി ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്ത എം ജെ ജെക്കബിനല്ല അവിടത്തുകാര്‍ വോട്ടു ചെയ്തത് ഒരുപാട് അഴിമതികളുടെ പാരംബര്യത്തിനാണ് എന്നും നാം മനസ്സിലാകേണ്ട്തുണ്ട്........
  ..............ഇത്രെയെല്ലാം സംവരണ കോലാഹലങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയില്‍ പലെയിടങ്ങളിലും ജാതിയുടെയും ,മതത്തിന്റെയും പേരില്‍ വിവേചനം നിലനില്‍ക്കുന്നു (സച്ചാര്‍) സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ അത് ഇല്ലായ്മചെയ്യ്യാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തേണ്ടത് നവീന ജനാധിപത്യ ത്തിന്റെ കടമയാണ് പോരയ്മകല്‍ക്കെതിരെ,കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കു വേണ്ടി നമുക്ക് വചാലരാകാം ;പക്ഷെ വസ്തുതകള്‍ കാണാതെയാകരുത്.

  ReplyDelete
 19. പുതിയ ഒരു പാര്‍ട്ടി ഉടലെടുക്കേണ്ട സമയമായെന്ന് തോന്നുന്നു
  ഇടതനും വലതനും ഒന്നുമല്ലാതെ
  ജനങ്ങള്‍ക്ക്‌ വേണ്ടി ഒരു പാര്‍ട്ടി
  നമ്മളെ വിഡ്ഡികളാക്കിയത് മതി
  ഞങ്ങള്‍ക്കും പ്രതികരിക്കാന്‍ അറിയാം എന്ന്
  ഇവരെ ഒക്കെ അറിയിക്കാന്‍ വേണ്ടി എങ്കിലും
  എന്നാലെങ്കിലും ഈ പൊട്ടന്‍ കളി നിറ്ത്തുമല്ലോ
  ഇത് വരെ ഞാന്‍ ഒരു വോട്ട് മാത്രേ ചെയ്തിട്ടുള്ളൂ
  ഇത് തന്നെ ആവും എന്റെ ആദ്യത്തെയും അവസാനത്തെയും വോട്ട് എന്ന് ഞാന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു
  എല്ലാം കണക്കാ
  എന്നത് തന്നെ ആപ്തവാക്ക്യം

  ReplyDelete
 20. അഞ്ചാംമന്ത്രിയെ പ്രഖ്യാപിക്കുമ്പോള്‍ കേരളത്തില്‍ സുനാമി മുന്നറിയിപ്പ് അലയടിക്കുകയായിരുന്നു. സുനാമി വരാതെ ഒഴിഞ്ഞുപോയത് അതുകൊണ്ടാണ്.

  ReplyDelete
 21. നാല് മന്ത്രിമാരെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ഒരു അഞ്ചാം മന്ത്രിയെ പൊതു ഖജനാവില്‍ നിന്നും പണം എടുത്തു തീറ്റി പോറ്റേണ്ട ആവശ്യം ഇല്ല.
  ഒരു മന്ത്രിക്ക് വേണ്ടി ഉണ്ടാക്കി എടുക്കുന്ന സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ എല്ലാം ശമ്പളം പോകുന്നത് നമ്മുടെ ഖജനാവില്‍ നിന്ന് ആണെന്ന കാര്യം മറക്കരുത്. മന്ത്രിമാരുടെ എണ്ണം എത്രയും കുറക്കാന്‍ കഴിയുമോ അത്രയും കുറയ്ക്കുകയാണ് വേണ്ടത്. ഏതു പാര്‍ട്ടി ആയാലും.
  ഈ പോയന്‌റ്‌ തന്നെയാണ്‌ എനിക്കും ഈ വിഷയത്തില്‍ പറയാനുള്ളത്‌ :)

  ReplyDelete
 22. അല്ല ഡോക്ടറെ, നമ്മുടെ തുടര്‍ കഥയുടെ കാര്യം മറന്നു പോയോ....ഇത്രയും വയ്കി കഴിഞ്ഞാല്‍ പിന്നെ അത് വായിക്കുന്നതിന്റെ തുടര്‍ച്ച നഷ്ട്ടപെടും

  ReplyDelete
  Replies
  1. വിവിധ കാരണങ്ങള്‍ കൊണ്ട് വൈകി പോയതാണ്... ഒരു പാര്‍ട്ട്‌ ഈ മാസം തന്നെ പോസ്റ്റാന്‍ ശ്രമിക്കാം... Insha allah...

   Delete
 23. സമുദായ താല്പര്യത്തിനും ഇന്ത്യന്‍ മതേതരത്വ ജന്ടിപത്യ കാവലിനും വേണ്ടി എന്നും നിലകൊണ്ട ലീഗിന് അന്ജാമാതൊരു മന്ത്രി കിട്ടി ലൈറ്റ് വെച്ച കാര് കിട്ടി പത്തോ ഇരുപോതോ ആശ്രിത വല്‍സ സ്റ്റാഫിനെ കിട്ടി മതി തിരു പതി ആയി ഞമ്മക്ക് കോഴി ഭിരിയാനി തിന്നാം

  ReplyDelete
 24. സാമുദായിക സന്തുലനം ഉണ്ടാക്കാനാണ് പൊതു ഖജനാവിൽ നിന്ന് കോടികൾ മുടക്കി തിരഞ്ഞെടുപ്പ് നടത്തുകയും മന്ത്രുമാരെ തിരഞ്ഞെടുക്കുകയുമൊക്കെ ചെയ്യുന്നതെങ്കിൽ മന്ത്രിമാരുടെ എണ്ണം ഇപ്പോഴുള്ളത് തികയില്ല; മുഴുവൻ എമെല്ലെ മാരെയും മന്ത്രിയാക്കിയാലും പിന്നെയും കാണും ഏതെങ്കിലും സമുദായത്തിന് മന്ത്രി കുടിശ്ശിക..

  ReplyDelete
 25. ലീഗിന്റെ അഞ്ചാം മന്ത്രി സഥാനം ആവശ്യമോ അബദ്ദമോ എന്ന അഭിപ്രായത്തിനു നേരേ അബദ്ദമെന്നറിയിക്കുന്നവരാണ് സമുദായത്തില്‍ കൂടുതലും,അതിന്റെ കാരണം അധികാരം മുസ്ലിമും ക്ര്സ്ത്യനും വീതിച്ചെടുക്കുമ്പോള്‍, അതൊരു പ്രചരണമാവുമ്പോള്‍ ഭൂരിപ ഹിന്തുവില്‍ തീര്‍ചയായും ചോദ്യമുയരും ,ആ ചോദ്യം ചെന്നെത്തിക്കുക ന്യൂനപക്ഷത്തോടുള്ള എതിര്‍പിലേക്കായിരിക്കും,ഏതായാലും ഈ അബദ്ദ തീരുമാനത്തോടൊപ്പം മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും ഇല്ല എന്നതില്‍ സമാദാനിക്കുക,
  ഏതായാലും കണ്ണുരുട്ടിയോ കാലുപിടിച്ചോ അലിക്കു മന്ത്രിസ്ഥാനം നേടിയെടുത്ത ഈ ഒരവസരത്തില്‍ ലീഗ് അനുഭാവിയായ എനിക്ക് പറയാനുള്ളത്,അഞ്ചാം മന്ത്രി എന്ന് ഇതിനകം പേരു വീണ സ്ഥാനം 13ആം നമ്പര്‍ എന്നതിനേ പോലെ പേടിക്കുന്നൊരവസ്ഥയുണ്ടാക്കരുത്,പത്താം നമ്പര്‍ ജയ്സിയണിഞ്ഞ മറധോണയെ പോലെ കേരളത്തില്‍ ചരിത്രമാവുന്ന ഭരണ നേട്ടം കായ്ചവെക്കാനായെങ്കില്‍ ജാതിയും മതവും ഗ്റൂപ്പും ഒന്നും നോക്കാതെ ആരും പുകയ്തിപാടുന്ന ഒരു നേട്ടം അധികാരം ഉപയോഗിച്ച് ചെയ്യാന്‍ സാദിച്ചാല്‍ അതൊരു ചരിത്രമാവും എന്നത് മാത്രമല്ല , അഞ്ചാം നമ്പര്‍ മന്ത്രി ലീഗു നല്‍കുന്ന ചരിത്രവുമായി മാറും,അതിനാല്‍ അലി മഞ്ഞയാവാതെയും കുഴിയിലാവാതെയും അലിയായി നില്‍കണം.

  ReplyDelete
 26. ഹാവൂ..! അങ്ങനെ കേരളത്തിന്റെ സാമുദായിക സംതുലനം തകരാതെ ഈശ്വരൻ കാത്തു,അല്ല കോൺഗ്രസ്സുകാർ കാത്തു. അവർ സമ്മതിച്ചില്ലേൽ ഇവിടെ അഞ്ചാം മന്ത്രിയില്ലാതെ കേരളത്തിന്റെ സാമുദായിക സംതുലനാവസ്ഥ ആകെ തകർന്ന് തരിപ്പണമായിരുന്നൂ. കേരളത്തിന്റെ സാമുദായിക സംതുലനാവസ്ഥ ആകെ കുഴഞ്ഞ് മറിയാതെ രക്ഷിച്ച കോൺഗ്രസ്സിനഭിവാദ്യങ്ങൾ. നല്ല പോസ്റ്റിക്കാ. ഇങ്ങനെ വിശദമായി കാര്യങ്ങൾ പറഞ്ഞ അബ്സറിക്കായ്ക്ക് ആശംസകൾ.

  ReplyDelete
 27. ഈ വീതം വെക്കല്‍ സാമുദായിക സംതുലിതാവസ്ഥയെയല്ല മറിച്ച് യു ഡി എഫിന്റെ ഭാവി സംതുലിതാവസ്ഥയെ ആയിരിക്കും ബാധിക്കുക എന്നാണ് എന്റെ സംശയം.

  നോക്ക് കുത്തികള്‍ ആവുന്ന ജനങ്ങളെയാണ് ഇന്ന് പാര്‍ട്ടികളും ജനപ്രതിനിധികളും കളിയാക്കുന്നത്. കളികള്‍ കണ്ടിരിക്കാം മൌനമായി. കച്ചവട രാഷ്ട്രീയം വിജയിക്കട്ടെ

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....