Saturday, March 10, 2012

രാഷ്ട്രീയത്തിലെ സെല്‍വരാജാദി നപുംസകങ്ങള്‍


നെയ്യാറ്റിന്‍കര എം എല്‍ എ സെല്‍വരാജ്  രാജിവെച്ചു എന്ന വാര്‍ത്ത ഒരു ഞെട്ടല്‍ ഉണ്ടാക്കിയാണ് ചെവിയിലൂടെ കടന്നു പോയത്.

സെല്‍വരാജ് ചെയ്തത് ജനാധിപത്യ മാന്യതക്ക് വിരുദ്ധമായ പ്രവര്‍ത്തിയാണ്.

എം എല്‍ എ സ്ഥാനവും, ജനാധിപത്യ രീതിയില്‍ നേടിയെടുത്ത മറ്റു സ്ഥാനങ്ങളും അധികാരങ്ങളും ഒരിക്കലും കുട്ടിക്കളിക്ക് ഉള്ളതല്ല.

ഒരു വ്യക്തി ജനപ്രതിനിധി ആയി മാറുമ്പോള്‍ അദ്ദേഹം തനിക്ക്‌ വോട്ട് ചെയ്തവരുടെയോ, താന്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെയോ മാത്രം പ്രതിനിധിയല്ല, മറിച്ച് താന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധിയാണ്.

സെല്‍വരാജിനെ പോലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ പോലും സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ എങ്ങിനെയാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ ആയത്?
കുറ്റം സെല്‍വരാജുമാരുടെതോ അതോ അവരെ തിരഞ്ഞെടുത്ത നമ്മുടേതോ ????

ഖജനാവില്‍ നിന്നും കോടികള്‍ ചിലവിട്ടാണ് ഒരു എം എല്‍ എ തിരഞ്ഞെടുപ്പ്‌ നടത്തുന്നത്. ഖജനാവിലെ പണം എന്നത്  രാജ്യത്തെ ഓരോ പൗരന്റെയും പണം ആണ്.
പാര്‍ട്ടിയിലെ ചക്കൊളത്തി പോരിന് അനുസരിച്ച് തനിക്ക്‌ തോന്നുമ്പോള്‍ ഇറങ്ങി പോകാനും, വംബത്തരം കാണിക്കാനും ഉള്ള പദവിയല്ല എം എല്‍ എ എന്നത്.

പാര്‍ട്ടിയുമായി ഉള്ള പ്രശ്നങ്ങളുടെ പേരില്‍ ഒരു എം എല്‍ എ രാജി വെക്കുന്നതിനു പകരം തന്റെ കാലാവധി പൂര്‍ത്തിയാവുന്നത് വരെ മണ്ഡലത്തിന്റെ പ്രതിനിധിയായി തുടരണം. ആ കാലാവധി അവസാനിച്ച ശേഷം അദ്ദേഹം വ്യക്തിപരമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകട്ടെ. ഒരു ജനപ്രതിനിധി വ്യക്തിപരമായ കാര്യങ്ങളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് മണ്ഡലത്തിന്റെ കാര്യത്തിന് ആണ്.

മുഖ്യമന്ത്രി ആവാന്‍ എം പി സ്ഥാനം കളഞ്ഞവരും, എം  പി ആവാന്‍ എം എല്‍ എ സ്ഥാനം കളഞ്ഞവരും നമ്മുടെ ഇടയില്‍ ധാരാളം ഉണ്ട്. സുധാകര തോമസ്‌ വേണുഗോപാലാദികള്‍ കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ ഈ നാറിയ കളി കളിച്ചവരാണ്. അവരെക്കൊണ്ട് ആ നാറിയ കളി കളിപ്പിച്ച കോണ്‍ഗ്രസ്സ്  ചെയ്തത് ഏറ്റവും തരം താഴ്ന്ന രാഷ്ട്രീയ കോപ്രായം ആണ് എന്ന് നിസ്സംശയം പറയാം. പാര്‍ട്ടിയും, മത്സരിച്ചവരും വിജയം നേടിയപ്പോള്‍ കോടികള്‍ ഖജനാവിന് നഷ്ടമാക്കിയതിനെതിരെ ഫലപ്രദമായി പ്രതിഷേധിക്കാന്‍ പോലും കഴിയാതെ കഴുതകളായത് ഞാനും നിങ്ങളും ഉള്‍പ്പെടുന്ന പൊതുജനം ആണ്.

കാലാവധി കഴിയുന്നതിനു മുമ്പ്‌ ആവശ്യമായി വന്നാല്‍ തങ്ങളുടെ ടിക്കെറ്റില്‍ ജയിച്ച ഒരു ജനപ്രതിനിധിയെ തിരിച്ചു വിളിക്കാന്‍ ഉള്ള അവകാശം ആ പാര്‍ട്ടിക്ക്‌ നല്‍കണം. അങ്ങിനെ തിരിച്ചു വിളിക്കുമ്പോള്‍ ആ മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ്‌ നടത്താന്‍ ഉള്ള ചിലവ് ആ പാര്‍ട്ടി വഹിക്കണം എന്ന നിയമവും കൊണ്ടുവരണം.

ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് പൊതുജന സേവനം നടത്തുന്നതിനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് രാജി എങ്കില്‍ നമുക്കതിനെ അംഗീകരിക്കാമായിരുന്നു.
എന്നാല്‍ ന്യായമായ ന്യായീകരണങ്ങള്‍ ഇല്ലാതെ ജനപ്രതിനിധി സ്ഥാനം രാജിവെക്കുന്നവര്‍ ആ മണ്ഡലത്തില്‍ അടുത്ത തിരഞ്ഞെടുപ്പ്‌ നടത്താനുള്ള മുഴുവന്‍ ചിലവും വഹിക്കണം എന്ന നിയമം കൂടി നമ്മുടെ ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തണം.
മാത്രമല്ല ഇത്തരം നീചന്‍മാരെ ഭാവിയില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയും വേണം.
അല്ലെങ്കില്‍ ഇത്തരം രാഷ്ട്രീയ കോമരങ്ങളുടെ നാണം കെട്ട അഴിഞ്ഞാട്ടങ്ങള്‍ ദരിദ്രരാഷ്ട്രമായ ഇന്ത്യയിലെ ഖജനാവിനെ കൂടുതല്‍ ശുഷ്ക്കമാക്കും.

ജനാധിപത്യം എന്നത് ജനങ്ങള്‍ക്ക്‌ ഉപകാരം ചെയ്യാനുള്ളതാവണം. അല്ലാതെ തങ്ങളുടെ കോപ്രായങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് അവരെ കഴുത വേഷം കെട്ടിക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തിനുള്ള ഓമനപ്പേരല്ല ജനാധിപത്യം എന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്  നാണവും മാനവും ഉണ്ടെങ്കില്‍ സെല്‍വരാജിനെ പോലെ രാജിമാമാങ്കം കളിച്ചവര്‍ക്ക് മത്സരിക്കാന്‍ ഒരിക്കലും പിന്തുണ നല്‍കരുത്‌.

ഈ നാറിയ രാജിക്കളിയില്‍ യു ഡി എഫിന് പങ്കുണ്ടെങ്കില്‍ അവരോട് ഒന്നേ പറയാനുള്ളൂ...
"ചാണ്ടിച്ചായാ, പിള്ള കളിയില്‍ തുടങ്ങിയ അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ വ്യഭിചാരത്തിന്റെ തുടര്‍ച്ചയാണ് ഈ രാജി എങ്കില്‍ ഇങ്ങിനെ നില നിര്‍ത്തിയ ഒരു കസേരയില്‍ മുഖ്യമന്ത്രി ആയി ഇരിക്കുന്നതിലും നല്ലത് തോട്ടിപ്പണി ചെയ്യുന്നതാണ്."

ഇത്തരം ജനാധിപത്യ മാന്യതക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളുകള്‍ക്ക് ഒരിക്കലും വോട്ട് ചെയ്യാതിരിക്കാനുള്ള തിരിച്ചറിവും, അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള മന:സാക്ഷിയും ഇന്ത്യയിലെ കഴുതകളാകാന്‍ വിധിക്കപ്പെട്ട വോട്ടര്‍മാര്‍ക്ക്‌ എന്നെങ്കിലും ഉണ്ടാകും എന്ന പ്രത്യാശയോടെ......

അബസ്വരം :
തല എനിക്ക് വേണം, വാല് നിനക്ക് തരുകയും ഇല്ല.


ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്‌ ഇവിടെ ക്ലിക്കിയാല്‍ വായിക്കാം.
37 comments:

 1. അണയാൻ പോകുന്ന വിളക്ക് ആളിക്കത്തും എന്ന വടക്കേല നാണിയമ്മ പറയാറുള്ളത് ...വിനാഷകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാൻ

  ReplyDelete
 2. നല്ല ഇടതു ചായ്വ് ഉണ്ടല്ലോ /////ഇത് രാഷ്ട്രീയമാണ് /////////സ്വാഭാവികം ......ഇത്രയും വൃതികെടായും ബ്ലോഗ്‌ എഴുതാം എന്ന് നിങ്ങള്‍ തെളിയിച്ചു ...നിര്തിക്കോടെ മച്ചു ...:-)

  ReplyDelete
  Replies
  1. എന്റെ പോസ്റ്റുകളില്‍ വലതു കണ്ണിലൂടെ നോക്കുമ്പോള്‍ ഇടതു ചായ്‌വും, ഇടതു കണ്ണിലൂടെ നോക്കുമ്പോള്‍ വലതു ചായ്‌വും തോന്നുക സ്വാഭാവികം ആണ്. ആദ്യം രണ്ടു കണ്ണും തുറന്ന് രണ്ടു കണ്ണുകളിലൂടെയും നോക്കാന്‍ പഠിക്കുക്കുക.
   കൂടുതല്‍ ഇടതു ചായ്‌വ് ഉള്ള പോസ്റ്റുകള്‍ താഴെ കൊടുത്ത ലിങ്കുകളില്‍ ക്ലിക്കിയാല്‍ വായിക്കാം.

   കുരിശുണ്ടോ സഖാവേ നാല് വോട്ട് പിടിക്കാന്‍ ?

   വീ എസ്സേ .... താങ്കളും .....


   ബ്ലോഗ്‌ എഴുത്തിലെ വൃത്തികേടുകളെ കണ്ടുപ്പിടിക്കാനുള്ള നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു !!!!!!!!!

   Delete
  2. ഇതുപോലുള്ള ചില എഴുത്ത് സുരേഷ്‌ഗോപിയുടെ ഭാഷയില്‍ ഒറ്റ തന്തയ്ക്കു പിറന്നവര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാ
   ആശംസകള്‍
   ഡോക്ടര്‍

   Delete
 3. Sivettan SpeakingSaturday, March 10, 2012

  രാഷ്ട്രിയ കുതന്ത്രങ്ങളില്‍ കരുണാകരനെ കടത്തി വെട്ടുകയാണ് ഉമ്മന്‍ ചാണ്ടി. ഉത്തര്‍ പ്രദേശ്‌ രാഷ്ട്രിയ നിലവാരത്തിലേക്ക് താഴുന്നു കേരളം....പിറവം കൈ വിട്ടു പോകുമോ എന്ന പേടിയില്‍ സെല്‍വ രാജിനെ പറഞ്ഞ വില കൊടുത്തു വാങ്ങിയപ്പോള്‍, അത് സി പി എം നു ഒരു പുനര്‍ വിചിന്തനതിനുള്ള അവസരം നല്‍കുക കൂടിയാണ്. അടിയുറച്ച പാര്‍ട്ടിക്കാര്‍ എന്ന് സഖാക്കള്‍ വിശ്വസിക്കുന്നവര്‍ പോലും യൂദാസ് മാരാണ് എന്ന സത്യം. പിന്നെ ജാതി രാഷ്ട്രിയം അതിന്‍റെ അത്യുന്നതങ്ങളില്‍ എത്തുന്നു എന്ന് വേണം കരുതാന്‍.

  ReplyDelete
 4. പുറത്തു പോയവര്‍ക്കും അകത്തു വന്നവര്‍ക്കും പോകാന്‍ നില്‍ക്കുന്നവര്‍ക്കും

  വരാന്‍ നില്‍ക്കുന്നവര്‍ക്കും കഥയറിയാതെ ആട്ടം കാണുന്ന പൊതുജനത്തിനും

  കഥയറിഞ്ഞു തുള്ളുന്ന രാഷ്ട്രീയക്കാര്‍ക്കും ഒരായിരം നന്ദി .........................

  .......എന്‍റെ കേരളം എത്ര സുന്ദരം....

  ReplyDelete
 5. Radhakrishnan TrichurSaturday, March 10, 2012

  ഇനിയും എത്രെയോ നപുംസകങ്ങള്‍ പിടിക്കപെടാതെ കിടക്കുന്നു ?

  ReplyDelete
 6. ഉഷാറായി ....നല്ല ശ്രമം ....സമയം കിട്ടുമ്പോള്‍ തിരയില്‍ സന്ദര്‍ശിക്കുമല്ലോ

  ReplyDelete
 7. പിറവത്ത് ജനങ്ങളെ വിലക്കെടുക്കാന്‍ സാധിക്കില്ലെന്നു മനസിലാക്കിയ യൂഡിയെഫ് നെയ്യാറ്റിങ്കരയിലെ വിഭാഗീയനെ വിലയ്ക്കെട്ത്തുകൊണ്ട് ദുര്‍ഭരണം നിലനിര്‍ത്താന്‍ നാണം കെട്ട മറ്റൊരു കളി കൂടി പുറത്തെടുത്തിരിക്കുന്നു

  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പേ ഞാന്‍ പ്രസിദ്ധീകരിച്ച ഈ പോസ്റ്റ് വീണ്ടും പ്രസക്തമാകുന്നു.

  http://anilphil.blogspot.com/2011/03/blog-post_30.html

  ReplyDelete
 8. "ചാണ്ടിച്ചായാ, പിള്ള കളിയില്‍ തുടങ്ങിയ അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ വ്യഭിചാരത്തിന്റെ തുടര്‍ച്ചയാണ് ഈ രാജി എങ്കില്‍ ഇങ്ങിനെ നില നിര്‍ത്തിയ ഒരു കസേരയില്‍ മുഖ്യമന്ത്രി ആയി ഇരിക്കുന്നതിലും നല്ലത് തോട്ടിപ്പണി ചെയ്യുന്നതാണ്."

  that is the relevant point.

  The public are not fools... the haunt against VS and the resignation of Shelvaraj, the black hand behind the dirty game is from UDF. it will be recognized by the public.

  ReplyDelete
 9. ഇതും കോണ്‍ഗ്രസിന്റെ കള്ള കളി ആണ് എന്നത് ഇരുപത്തി നാല് മണിക്കൂര്‍ കൊണ്ട് പൊളിഞ്ഞില്ലേ ഇതിനു മുന്പും ഇവര്‍ ഇങ്ങനെ ഒക്കെ ചെയ്തിട്ടുണ്ട് പി സി സി യിലെ പ്രശ്നം തീര്‍ക്കാന്‍ ആണല്ലോ പണ്ട് ജന സമ്മതന്‍ അല്ലാതിരുന്ന മുരളിയെ മന്ത്രി ആക്കി പൊറാട്ട നാടകം കളിച്ചത് പിറവം പാറും എന്ന് കണ്ടപ്പോള്‍ സൂപ്പെര്‍ വായ്ടി ജോര്‍ജിന്റെ കൂട്ടി കൊടുപ്പ് ആണ് ഈ രാജി

  ReplyDelete
 10. കുതികാല്‍വെട്ടും കുതിരക്കച്ചവടവും എന്തു തോന്ന്യാസവും കാണിക്കാനും അതു ചൂണ്ടിക്കാട്ടുന്നവരെ അടിച്ചമര്‍ത്താനും 'രാഷ്ട്രീയം'വല്ലാത്തൊരു മറയാണ്.അധാര്‍മ്മികത കൊടികുത്തിവാഴുന്നിടങ്ങളില്‍, ധാര്‍മ്മികത-അങ്ങിനെയൊന്നുണ്ടോ?അഥവാ അതു പ്രതീക്ഷിക്കാമോ ?

  ReplyDelete
 11. സ: സെല്‍വരാജ് ഇന്നത്തെ സി.പി.എം ഇല് വളരെ ലാളിത്യം ആയി ജീവിക്കുന്ന ഒരു വ്യക്തിയാണ്.2006 പാറശാലയില്‍ നിന്നുംജയിച്ച സെല്‍വരാജിനെ തോല്പിക്കണം, എന്നാ തീരുമാനത്തില്‍ ആണു നെയ്യാടിന്കരയില്‍ മത്സരിപ്പിക്കുന്നത്. വി.എസ് നെ പറ്റിച്ചതുപോലെ തന്നെ.പക്ഷെ സംഭവിച്ചത് നേരെ തിരിച്ചാണ്. പാറശാലയില്‍ എല്‍ ഡി എഫ് തോറ്റു. നെയ്യാട്ടിന്കരയില്‍ ജയിച്ചു. സി. പി. എമില്‍, ആദര്‍ശത്തിന് വേണ്ടി നിലകൊള്ളുന്ന,
  ലാളിത്യ ജീവിതം നയിക്കുന്ന പ്രവര്‍ത്തന പാരമ്പര്യം ഉള്ള നേതാവാണ്‌ അദേഹം. മണല്‍ മാഫിയക്കും, പാര്‍ടിയിലെ ആടംബരത്തിനും , പാര്‍ടി നേതാക്കളുടെയുംഅവരുടെ മക്കളുടെയും അഹങ്കാര രാഷ്ട്രീയത്തിനെ ചോദ്യം ചെയ്തപ്പോള്‍ സഖാവിനെ നശിപ്പിക്കാന്‍ നോക്കി. പാര്‍ടി സമ്മേളനം എന്നു പറഞ്ഞു നടത്തിയ
  മാമാങ്കത്തിന് അദേഹം എതിരായിരുന്നു. അതുപോലെ അസന്മാര്‍ഗികളായ പാര്‍ടി നേതാക്കന്മാരെ ഇനിയും ചുമക്കരുത് എന്നും ശക്തമായി ആവശ്യപ്പെട്ടു. ഉന്നതനായ
  ഒരു ഐ പി എസ കാരേനെ സംരക്ഷിക്കുന്ന പാര്‍ടി നേതാവിന്റെ നടപടിയെ ചോദ്യം ചെയ്തു. സേവി മനോ യും, മാര്ടിനും ,ഫാരിസും, ഒക്കെ നിയന്ത്രിക്കുന്നഒരു പാര്‍ടിയെ അല്ല അദേഹം കാണുന്നത്. ഇന്നല്ലെങ്കില്‍ നാളെ ഇതുപോലുള്ള ആദര്‍ശ ധീരരായുള്ള നല്ല മനുഷ്യര്‍ ഇപ്പോഴത്തെ പാര്‍ടിയില്‍ നിന്നും
  പുറത്തു ചാടും എന്നു ഉറപ്പാണ്‌. . വലിയ ഒരു വ്യവസായ സ്ഥാപനമായ സി.പി.എം . കുറച്ചുനാള്‍ കൂടി കാശിന്റെയും അഹംകാരതിന്റെയും ബലത്തില്‍നിലനില്‍കും. ടി. ജെ ആഞ്ചലോസും, സി.പി ജോണും, ഗൌരി അമ്മയും, എം. വി രാഘവനും എല്ലാം ഇത് നേരെത്തെ തിരിച്ചറിഞ്ഞു എന്നേയുള്ളു.സത്യത്തില്‍ആദര്‍ശം അല്പമെങ്കിലും പിന്തുടരുന്ന നേതാക്കള്‍ സി. പി. ഐ യില്‍ ആണു എന്നാണ് എന്റെ വിചാരം. ഏതായാലും നെയ്യാറ്റിന്‍ കരയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ

  ReplyDelete
  Replies
  1. സെലവരാജിനു ആദര്‍ശം ഉണ്ടായിരുന്നെങ്കില്‍ തന്നെ തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധി ആയി അഞ്ചു വര്‍ഷം തുടരുകയും, ജനങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുകയും ആയിരുന്നു വേണ്ടത്. അല്ലാതെ ഖജനാവിലെ പണം എടുത്തു ഇടയ്ക്കിടെ തിരഞ്ഞെടുപ്പ്‌ മഹാമഹം നടത്താന്‍ ഉള്ള വഴി ഒരുക്കുകയായിരുന്നില്ല അദ്ദേഹം ചെയ്യേണ്ടത്‌.

   പാര്‍ട്ടിയോട് ഉള്ള എതിര്‍പ്പ് പൊതു ജനങ്ങളോട് അല്ല തീര്‍ക്കേണ്ടത്.

   അദ്ദേഹത്തിനു വല്ല ആദര്‍ശവും ഉണ്ടെങ്കില്‍ ആ മണ്ഡലത്തില്‍ അടുത്ത തിരഞ്ഞെടുപ്പ്‌ നടാത്താന്‍ ഉള്ള സകല ചിലവുകളും വഹിക്കാന്‍ അദ്ദേഹം തയ്യാറാവണം. ഇങ്ങിനെ രാജിവെക്കാന്‍ വേണ്ടി അധികാരത്തില്‍ കയറിയതിനോട് അദ്ധേഹത്തെ തിരഞ്ഞെടുത്ത മണ്ഡലത്തിലെ ജനങ്ങളോട്‌ മാപ്പ് പറയണം. ഈ രണ്ടും ചെയ്യാന്‍ അദ്ദേഹം തയാറാകുമോ ?

   ഫാരിസ്‌ പ്രശ്നം ഒക്കെ ഇലക്ഷന് മുന്‍പ് ഉണ്ടായിരുന്നില്ലേ ???
   പാര്‍ട്ടിയുടെ ഈ നിലപാടുകളോട് എതിര്‍പ്പ് ഉണ്ടെങ്കില്‍ പിന്നെ എന്തിനാണ് അയാള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ?????

   ഓരോരുത്തര്‍ പാര്‍ട്ടികളില്‍ (ഏതു പാര്‍ട്ടി ആയാലും) നിന്നും പുറത്ത് ചാടുന്നത് ആദര്‍ശത്തിന്റെ പേരില്‍ ആണോ അതോ വ്യക്തി നേട്ടങ്ങളുടെയും, അവസരവാദത്തിന്റെയും പേരില്‍ ആണോ എന്ന് സ്വയം വിലയിരുത്തുക.

   Delete
 12. ഒന്നേ..പറയാനുള്ളൂ... സീറ്റു നേടാനും ഭരണം നിലനിര്‍ത്താനും വേണ്ടി കളിക്കുന്ന ഇമ്മാതിരി തോന്നിവസങ്ങളും നീച പ്രവര്‍ത്തികളും കണ്ട് വരും തലമുറ അല്ലെങ്കില്‍ എല്ലാ ജീവിക്കുന്ന തലമുരക്കാരും. അരാഷ്ട്രീയ വാദികളആയി തീരും....
  അന്നേരം നിങളെ മറ്റേടത്തെ...പ്രസംഗം ..പ്രസംഗിക്കരുത്...

  അബ്സാര്‍ക്കാ..വെല്ടന്‍.....തുടരുക വീണ്ടും.. ഇടതും വലതും നോക്കാതെ...

  ReplyDelete
 13. നല്ല പോസ്റ്റ്. ആശംസകൾ !

  ReplyDelete
 14. Absar Mohammed
  Almost impartial post... yet, as one reader said it has some leftist soft corner..? Criticizing is good , but blindly blaming UDF and Oommen Chandi Sir on behalf of this issue is not fare.

  ReplyDelete
  Replies
  1. ഈ വാചകം എന്തുകൊണ്ട് കണ്ടില്ല എന്ന് നടിക്കുന്നു - "ഈ നാറിയ രാജിക്കളിയില്‍ യു ഡി എഫിന് പങ്കുണ്ടെങ്കില്‍ അവരോട് ഒന്നേ പറയാനുള്ളൂ..."

   "പങ്കുണ്ടെങ്കില്‍" എന്ന് പറയുമ്പോള്‍ അവിടെ എവിടെയാണ് അന്ധമായ കുറ്റപ്പെടുത്തലുകള്‍ വരുന്നത് ???

   പിന്നെ പിള്ളയുടെ ജയില്‍മോചന പ്രശ്നത്തില്‍ ഒക്കെ ചാണ്ടി കളിച്ചത് നാറിയ കളി അല്ല എന്ന് പറയാന്‍ കഴിയുമോ ????

   അന്ധമായ കുറ്റപ്പെടുത്തലുകള്‍ അല്ല നടത്തിയിട്ടുള്ളത്. അര്‍ഹമായ കുറ്റപ്പെടുത്തലുകള്‍ ആണ്.....

   Delete
 15. കഴുതരാജിന്ന് കൊടുത്ത കോടികൾ ഒരിക്കലും യൂഡീഎഫ് കൂട്ടായ്മ്മയ്ക്ക് നഷ്ടമല്ല. ഭരണം നഷ്ടപ്പെട്ടാൽ പിന്നെ കോടതിത്തിണ്ണയും ജയിലിലെ വി ഐ പി മുറിയുമൊക്കെ ആലോചിച്ചു നോക്കുമ്പോൾ.....................

  ReplyDelete
 16. ഡോക്ടര്‍ പറഞ്ഞ ആ ഇലെക്ഷന്‍ ചിലവിന്റെ ആശയം നടപ്പില്‍ വരുത്തേണ്ടത് തന്നെ !!!
  ജനങ്ങളെ വെറും സീറോ ആയി കാണുന്ന ഇത്തരക്കാര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ശിക്ഷ ആണത്

  ReplyDelete
 17. വലതായാലും ഇടതായാലും വര്‍ഷങ്ങളായി മാറി മാറി ഭരിക്കുകയല്ലേ,നാടിനുവേണ്ടി എന്താണ് അവര്‍ ചെയ്യുന്ന്നത്? സ്വന്തം കീശ വീര്‍പ്പിക്കുന്ന കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ.രാഷ്ട്രീയക്കാര്‍ ജനാധിപത്യ ഭരണത്തെ മുതലെടുക്കുകയാണ് ചെയ്യുന്നത്
  സാധാരണ ജനങ്ങള്‍ വിലക്കയറ്റവും ദാരിദ്രവും കൊണ്ട് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് ഉള്ളത്. എന്‍റെ അഭിപ്രായത്തില്‍ ഇവിടെ പട്ടാള ഭരണമോ രാജഭരണമോ ആണ് വേണ്ടത് എത്ര കട്ട് തിന്നാലും സാധാരണ ജനങ്ങള്‍ക്ക് കുറച്ചെങ്കിലും മിച്ചം കിട്ടും..

  ReplyDelete
 18. ഡോക്ടര്‍ സര്‍.. ആ തെരഞ്ഞെടുപ്പ് ചെലവ്, ഇങ്ങനെ ചെറ്റത്തരം കാണിക്കുന്നവര്‍ വഹിക്കണമെന്നുള്ള ആശയം ഉഗ്രന്‍..!! ഇത്തരം ക്രിയാത്മക ആശയങ്ങള്‍ ആവശ്യങ്ങളാവുകയും അവ തീരുമാനങ്ങളാക്കാന്‍ ജനകീയ പ്രക്ഷോഭം നടത്തുകയും ആണ് ഇനി പൊതുജനങ്ങളുടെ ഉത്തരവാദിത്തം.. ഞാനുണ്ടാവും മുന്നില്‍.. നമ്മള്‍ ഇനിയും കഴുതകളാകണോ..?

  ReplyDelete
 19. ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ; ഉണ്ടിരിക്കുന്ന നായർക്കൊരുനാൾ ഒരു വിളി തോന്നി എന്നു പറഞ്ഞതു പോലെ ഒരു മനം മാറ്റം, അല്ലെങ്കിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ പിന്നാമ്പുറ ചിന്തയുടെ ബലിയാടായോ കയ്യിലുള്ള സ്ഥാനം വേണ്ടെന്നു വെച്ച് മൂപ്പർ മൂഡും തട്ടി എണീറ്റ് പോകും.

  ഇലക്ഷൻ കമ്മീഷനെ സമാധാനമായി ഒന്നുറങ്ങാൻ പോലും സമ്മതിക്കാതെ ഒഴിഞ്ഞ സ്ഥാനത്തേക്കൊരു പകരക്കാരനെ കണ്ടെത്താൻ ഉപതെരഞ്ഞെടുപ്പും നടത്തേണ്ട ഗതികേട്. അതിനു ചെലവാകുന്ന തുകയോ രാജ്യത്തിന്റെ ഖജനാവിൽ നിന്നും. നാഴികക്ക് നാല്പതു വട്ടം ഖജനാവു കാലി ഖജനാവു കാലി എന്നു വിളിച്ചു കൂവുന്നവരുടെ പൂർണ്ണ സപ്പോർട്ടും. ജനങ്ങളുടെ ആവശ്യത്തിനല്ലാതെ അടിച്ചേല്പ്പിക്കപ്പെടുന്ന ഈ നാടകത്തിനെ ചെറ്റത്തരത്തിന്‌ അഹങ്കാരത്തിന്റെ “ജെറക്” മുളച്ച പ്രതിഭാസം എന്നല്ലെ വിളിക്കാൻ പറ്റൂ.

  കാലുമാറ്റ നിരോധന നിയമം പോലെ, ആവശ്യമില്ലാതെ ഒരു തെരഞ്ഞെടുപ്പിന്‌ കാരണക്കാരനാകുന്ന വ്യക്തിയോ, പാർട്ടിയോ തെരഞ്ഞെടുപ്പ് ചിലവ് വഹിക്കണം എന്നൊരു നിയമം കൊണ്ടു വരികയാണെങ്കിൽ മുഴുവനായും നാട് നന്നായില്ലെങ്കിലും ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്നതിൽ കുറവു വന്നെങ്കിലോ.

  മരണപ്പെട്ടതാണ്‌ കാരണമെങ്കിൽ, അങ്ങയുടെ നെഞ്ചിൽ ഒരു റീത്ത് സമർപ്പിച്ച്, രണ്ട് റൗണ്ട് അകാശത്തേക്ക് വേടിവെച്ച ശേഷം (നല്ലകാര്യം ചെയ്തിട്ടുണ്ടെങ്കിൽ രണ്ടു തുള്ളി കണ്ണീരും) ജനങ്ങളായ ഞങ്ങൾ തന്നെ തെരഞ്ഞെടുപ്പിനാവശ്യപ്പെടാം. കാരണം രാഷ്ട്രീയത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. രാഷ്ട്രീയ കുതിരക്കച്ചവടത്തിനെയല്ല.

  നെയ്ച്ചോർ കണ്ട് കൂടെപ്പോന്നവൻ, ബിരിയാണി കണ്ടാൽ മറുകണ്ടം ചാടുമോ ബീരാനേ.. ടക ടക. ഇല്ലായിരിക്കും എന്നാലും ഒരു തോന്നൽ..
  good post absar bhaay..

  ReplyDelete
 20. This article is published in today's Thejas daily: Pl read this:
  പിറവം തിരഞ്ഞെടുപ്പും നാടാര്‍ രാഷ്ട്രീയവും

  പ്രഫ: ടി ബി വിജയകുമാര്‍

  തിരുവനന്തപുരം ജില്ലയില്‍ മാര്‍ക്സിസ്റ്് പാര്‍ട്ടിയിലെ നാടാര്‍-നായര്‍ സംഘര്‍ഷത്തിന്റെ ഭാഗമായി സംഭവിച്ചതാണു നെയ്യാറ്റിന്‍കര മാര്‍ക്സിസ്റ് എം.എല്‍.എ ആയ ശെല്‍വരാജിന്റെ രാജി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണം കുറച്ചുകാലമായി നായര്‍ ക്ളിക്ക് കൈയടക്കിയിരിക്കുകയാണ്. വി എസ്-പിണറായി ഗ്രൂപ്പ് വഴക്കു മുതലെടുത്താണ് സവര്‍ണലോബി പിടിമുറുക്കിയത്. ആനാവൂര്‍ നാഗപ്പന്‍ എന്ന നായര്‍ മാടമ്പിയാണ് ഈ ക്ളിക്കിനെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍ അനന്തപുരിയില്‍നിന്നുള്ള സംസ്ഥാനകമ്മിറ്റി അംഗങ്ങളില്‍ ഒരാളൊഴിച്ച് മറ്റുള്ളവരെല്ലാം നായര്‍സമുദായക്കാരാണ്. ആനാവൂര്‍ നാഗപ്പന്‍, എം വിജയകുമാര്‍, പിരപ്പംകോട് മുരളി, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരാണവര്‍. ആനത്തലവട്ടം ആനന്ദന്‍ എന്ന ഒരു ഈഴവന്‍ മാത്രമാണ് അതില്‍ നായര്‍ അല്ലാത്ത അംഗം. കടകംപള്ളി സുരേന്ദ്രന്‍ എന്ന അര്‍ധ ഈഴവ അര്‍ധവിശ്വകര്‍മനാണു ജില്ലാ സെക്രട്ടറി. നായര്‍ലോബിയുടെ തടവറയിലാണു സുരേന്ദ്രന്‍. തിരുവനന്തപുരം ജില്ലയിലെ എല്ലാ ഈഴവനേതാക്കളെയും തകര്‍ത്ത് നിശ്ശബ്ദമാക്കിയശേഷമാണ് നായര്‍ലോബി നാടാന്മാരുടെ നേരെ തിരിയുന്നത്.

  തിരുവനന്തപുരം ജില്ലയില്‍ അഞ്ചു നിയമസഭാമണ്ഡലങ്ങളിലാണ് നാടാര്‍സമുദായത്തിന് നിര്‍ണായക ഭൂരിപക്ഷമുള്ളത്. പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, കാട്ടാക്കട, അരുവിക്കര എന്നിവയാണവ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാടാര്‍ കേന്ദ്രങ്ങളായ നെയ്യാറ്റിന്‍കരയിലും പാറശ്ശാലയിലും രണ്ടു മുന്നണികളും ഓരോ നാടാരെയും നായരെയും മല്‍സരിപ്പിച്ചു. ഇടതുമുന്നണി പാറശ്ശാലയില്‍ നാഗപ്പന്‍നായരെയും നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജന്‍നാടാരെയും മല്‍സരിപ്പിച്ചു. കോണ്‍ഗ്രസ് പാറശ്ശാലയില്‍ നാടാരെയും (എ ടി ജോര്‍ജ്), നെയ്യാറ്റിന്‍കരയില്‍ നായരെയും (തമ്പാനൂര്‍ രവി) മല്‍സരിപ്പിച്ചു. രണ്ടു നാടാര്‍ സമുദായക്കാരും ജയിച്ചുകയറി. രണ്ടു നായര്‍സമുദായക്കാരും തോറ്റമ്പി. (contd)

  ReplyDelete
 21. ഈ നിരീക്ഷണം അവസരോചിതമാണ്... "ന്യായമായ ന്യായീകരണങ്ങള്‍ ഇല്ലാതെ ജനപ്രതിനിധി സ്ഥാനം രാജിവെക്കുന്നവര്‍ ആ മണ്ഡലത്തില്‍ അടുത്ത തിരഞ്ഞെടുപ്പ്‌ നടത്താനുള്ള മുഴുവന്‍ ചിലവും വഹിക്കണം എന്ന നിയമം കൂടി നമ്മുടെ ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തണം. മാത്രമല്ല ഇവരെ ഭാവിയില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയും വേണം."

  ReplyDelete
 22. Basheer NeerkunnamSaturday, March 24, 2012

  ജനങ്ങളാല്‍ തിരഞ്ഞെടുത്ത ജനപ്രതിനിധി ജനങ്ങളുടെ ഹിതം ആരായാതെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി സ്ഥാനം ഒഴിഞ്ഞു അടുത്ത ജനവിധിയ്ക്ക് ജനങ്ങളുടെ മുമ്പിലേക്ക് വരുമ്പോള്‍ ഇനിയും ഒരവസരം കൊടുക്കാതെ ചണ്ടി പോലെ വലിച്ചെറിയണം. അത് ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ aalaanenkilum

  ReplyDelete
 23. അബ്സറെ ഇത് നേരത്തെ തന്നെ ഞാന്‍ കണ്ടതാണ് അപ്പോള്‍ കമന്റിടാന്‍ സാധിച്ചില്ല.. നിങ്ങള്‍ക്ക് ഗ്രൂപിലുള്ളവരെ ദുരെ ഇരുന്നു മന്തനും കടിക്കാനും ആകും എന്നത് പോലെ മറ്റുള്ളവരുടെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ കട്ടെടുക്കാനും പറ്റും എന്ന് മനസ്സിലായി.. അസ്സല്ലയിട്ടുണ്ട്.

  ReplyDelete
 24. Johnson PhilipposeWednesday, April 25, 2012

  താങ്ങള്‍ പറഞ്ഞതിനോട് പൂര്‍ണ യോജിപ്പ്...രാക്ഷ്ട്രീയ വ്യഭിചാരത്തിന്റെ ഭാഗമായി വന്നിരിക്കുന്ന നെയ്യാറ്റിന്‍കര തെരെഞ്ഞെടുപ്പും അതുവഴി അധികാരം നിലനിര്‍ത്താന്‍ ഉള്ള കുതന്ത്രവും മെനഞ്ഞ ചാണ്ടിച്ചായന്‍ ഈ കസേരയില്‍ തൂങ്ങുന്നതിലും നല്ലത് തോട്ടിപ്പണിക്ക് പോകുന്നത് തന്നെയാണ്...!!!

  ReplyDelete
 25. താങ്കളോടു പൂര്‍ണമായും യോജിക്കുന്നു.

  ReplyDelete
 26. താങ്കളോടു പൂര്‍ണമായും യോജിക്കുന്നു.

  ReplyDelete
 27. വല്ല്യ വിവരമില്ലെങ്കിലും ഇതൊന്നു പറഞ്ഞോട്ടെ
  ജനങ്ങള്‍ ആണ് അദ്ദേഹത്തെ എം.എല്‍ എ ആകിയത് അത് കൊണ്ട് തന്നെ.. ജനങ്ങളെ സേവിക്കുന്നതാവണം ജോലി... അല്ലാതെ പാര്‍ട്ടി കുടി പകകളില്‍ കൈ ആളാവുക എന്നതല്ല... രാജി വച്ച സ്ഥിതിക്ക് അദ്ദേഹത്തിന് തന്റെ ജോലി കൃത്യമായി നിര്‍വഹിക്കാനുള്ള കഴിവില്ല എന്ന് തന്നെ തെളിയിക്കുന്നതിന് തുല്യമാണ്... വീണ്ടും ജനങ്ങളെ പറ്റിക്കാന്‍ ചിഹ്നം മാറി മത്സരിച്ചാല്‍ ജനങ്ങള്‍ വിജയിപ്പിക്കും എന്ന തോന്നലിനെയാണ് ഉളുപ്പില്ലായ്മ എന്ന് പറയുന്നത്... എന്നിട്ടും ഇവന്മാരൊക്കെ ജയിച്ചാല്‍ അത് നമ്മുടെ കഴിവുകേട് തന്നെയാണെന്ന് ഉറക്കെ പറഞ്ഞു കൊള്ളട്ടെ

  ReplyDelete
 28. ആരു കാലുമാറിയാലും ജനത്തിന്നു നഷ്ട്ടം പോളിംഗ് ബൂത്തില്‍ വീണ്ടും വരിനിന്നു കഷ്ടപെടണ്ണം ,കോലാഹലങ്ങള്‍ വീണ്ടും കേള്‍ക്കാം,അതിലും ഉപരി നമ്മുടെയെല്ലാം പന്നം കൊണ്ടാണ് വീണ്ടും ഇലക്ഷന്‍ നടത്തുന്നതെന്ന ഓര്‍മ വേണം ഇനി പറയു ആര്‍ക്കാണ് ഈ ക്കാലുമാറ്റ്ക്കരെ കൊണ്ട് നഷ്ട്ടം

  ReplyDelete
 29. രാജി വെയ്ക്കുന്നവരെ കുറച്ചു വര്ഷത്തേക്ക് തിരഞ്ഞെടുപ്പില് മത്സരിക്കുന്നതില് തിന്ന് വിലക്കി നിയമം പരഷ്ക്കരിക്കണം എന്നാണ് എന്റെ അഭിപ്രായം..

  ReplyDelete
 30. See this blog which has good info about Neyyanttinkara elections : http://bharatruism.wordpress.com/2012/07/25/neyyatinkkara-bye-election-birth-of-a-new-cats-paw/

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....