Sunday, March 04, 2012

കണ്ണുണ്ടായാല്‍ പോരാ


"കണ്ണ് ഉണ്ടായാല്‍ പോരാ... കാണണം" എന്നതാവും നിങ്ങള്‍ തലക്കെട്ട്‌ കണ്ടപ്പോള്‍ ഊഹിച്ചിരിക്കുകയല്ലേ ???

കണ്ണുണ്ടായാല്‍ പോര കാണുക തന്നെ വേണം.
രണ്ടു കണ്ണും തുറന്ന് കാണണം.
എന്നാല്‍ അതിലും പ്രാധാന്യമുള്ള ഒരു കാര്യം ഉണ്ട് - കണ്ണുകളുടെ സംരക്ഷണം

കണ്ണുണ്ടായാല്‍ പോര, സംരക്ഷിക്കണം.
അതെ, നല്ല കാഴ്ചയ്ക്കും, ലോകത്തെ കണ്ണ് തുറന്ന് കാണാനും നേത്ര സംരക്ഷണം അത്യന്താപേക്ഷിതമാണ്.

ലേസര്‍ ചികിത്സയുടെ പിന്നാമ്പുറങ്ങള്‍ എന്ന പോസ്റ്റില്‍ ഷൈജു എന്ന സുഹൃത്ത്‌  ഈ വിഷയത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

പഞ്ചേന്ദ്രിയങ്ങളില്‍ കണ്ണിന്റെ സ്ഥാനം പ്രഥമമാണെന്നാണ്  ആയുര്‍വ്വേദത്തില്‍ പറയുന്നത്.

പലരും കണ്ണുകളുടെ സംരക്ഷണത്തെ കുറിച്ച് ബോധാവാന്മാരല്ല എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ നേത്ര രോഗമുള്ളരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

"കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില അറിയൂ" എന്നു നമ്മുടെ കാരണവന്‍മാര്‍ പറയാറില്ലേ....
ആ വില മനസ്സിലാക്കിക്കൊണ്ട് കണ്ണുകളെ സംരക്ഷിച്ച്  കാഴ്ചയുടെ സൗന്ദര്യം ആസ്വദിക്കാന്‍ നാം ശ്രമിക്കണം.

നേത്ര സംരക്ഷണത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ആണ് ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
ഇതില്‍ പറഞ്ഞവ പലര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്.
എങ്കിലും ഇവ അറിയാത്തവര്‍ക്ക് പ്രയോജനപ്പെടട്ടെ എന്ന് കരുതി പോസ്റ്റുന്നു.

ആധുനിക ലോകത്തില്‍ ടെലിവിഷന്റെയും, കമ്പ്യൂട്ടറിന്റെയും ഒഴിച്ചുകൂടാനാവാത്ത ഉപയോഗം മൂലം മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ നേത്ര സംരക്ഷണത്തിന്റെ പ്രസക്തിയും ആവശ്യവും ഏറിവരികയാണ്‌.

ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും എന്നപോലെ ശരിയായ ആഹാര രീതി കണ്ണുകള്‍ക്കും അത്യാവശ്യമാണ്‌.

അയേണ്‍, കാത്സ്യം, ഫോളിക്‌ ആസിഡ്‌ എന്നിവക്ക്‌ പുറമേ വൈറ്റമിന്‍ എ യും സുലഭമായി കിട്ടുന്ന ഇലക്കറികള്‍ (ചീര, മുരിങ്ങ), പച്ചക്കറികള്‍ (കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, പപ്പായ) എന്നിവ ധാരാളം കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

നേത്ര പരിരക്ഷക്കായി കൃത്രിമ വിറ്റാമിനുകള്‍ കഴിക്കുന്നതിനേക്കാള്‍ നല്ലത് പച്ചക്കറികളില്‍ നിന്നും, മറ്റു പ്രകൃത്യാ ഭക്ഷണ രീതിയില്‍  നിന്നും ലഭിക്കുന്ന വിറ്റാമിനുകള്‍ ആണെന്ന്  പ്രത്യേകം പറയേണ്ടതില്ലല്ലോ.

പാല്‍, ചെറിയ മത്സ്യങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണകരമാണ്.

മീനുകളില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 - ഫാറ്റി ആസിഡുകള്‍ കാഴ്ച ശക്തിക്ക് നല്ലതാണ്.
വൈറ്റമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്ന മീനെണ്ണ (ഗുളിക രൂപത്തിലും ലഭ്യമാണ് ) കഴിക്കുന്നത്‌ നല്ല കാഴ്‌ചശക്തിക്ക്‌ അത്യുത്തമമാണ്‌.

ശരീരം ചൂടായിരിക്കുന്ന (വെയില്‍ കൊള്ളുക, കായിക ജോലികള്‍ ചെയ്ത് വിയര്‍ത്തിരിക്കുക തുടങ്ങിയ...) അവസ്ഥയില്‍ വെള്ളം കൊണ്ട് പെട്ടന്ന് മുഖം കഴുകകയോ, വെള്ളം കുടിക്കുകയോ ചെയ്യുന്നത് നല്ലതല്ല.
വിയര്‍പ്പ് മാറി ശരീരം സാധാരണ താപനിലയിലേക്ക് വന്ന ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവൂ.

മലമൂത്ര വിസര്‍ജനം, കോട്ടുവായ, തുമ്മല്‍  തുടങ്ങിയ വേഗങ്ങളെ തടുത്തു നിറുത്തുന്നത് കണ്ണിന് ദോഷം ചെയ്യും.

എരിവ്, പുളി, ഉപ്പ്, സുര്‍ക്ക എന്നിവയുടെ അമിത ഉപയോഗം കണ്ണിന് ഹാനികരമാണ്.

മദ്യം, പുകവലി തുടങ്ങിയവ കണ്ണിന് ദോഷം ചെയ്യും എന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണല്ലോ.
പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ തിമിരം പിടിപെടാനുള്ള സാധ്യത മൂന്ന് മടങ്ങ്‌ കൂടുതലാണ്.

കോണ്ടാക്റ്റ്‌ ലെന്‍സുകളും, കണ്ണടയും ഉപയോഗിക്കുന്നവര്‍ അവ എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

നല്ല ഉറക്കം (ദിവസവും ചുരുങ്ങിയത് 7-8 മണിക്കൂര്‍) കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌ പോഷകാഹാരം കൊടുക്കുന്നകാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്‌.
ഹോര്‍ലിക്സ്, ബൂസ്റ്റ്‌, കോംപ്ലാന്‍ എന്നിവയെയല്ല പോഷകാഹാരം എന്നത് കൊണ്ട് ഉദ്ദേശിച്ചത്.
നല്ല പച്ചക്കറികളും, തവിട് കളയാത്ത ധാന്യങ്ങളും കഴിച്ചാല്‍ തന്നെ ആവശ്യത്തിനുള്ള പോഷകങ്ങള്‍ ലഭിക്കും.

കൊക്കകോള, പെപ്സി പോലുള്ള കൃത്രിമ പാനീയങ്ങള്‍ കുട്ടികള്‍ക്ക്‌ കൊടുക്കാതിരിക്കുക.

വായിക്കുമ്പോഴും ടി.വി കാണുമ്പേഴും മുറിയില്‍ നല്ല വെളിച്ചം അത്യാവശ്യമാണ്‌.
കുട്ടികള്‍ ടിവി കാണുന്നത്‌ ഏറ്റവും ചുരുങ്ങിയത്‌  8 - 10 അടി ദൂരം വിട്ടുവേണമെന്ന കാര്യം  മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ VDT (Video display termenant) മോണിറ്ററിനേക്കാള്‍ LCD (Liquified crystal display) മോണിറ്ററാണ് കണ്ണിന്‌ ഉചിതം.

മോണിറ്റര്‍ പത്ത്‌ ഡിഗ്രി മുകളിലേക്ക്‌ ചെരിച്ചുവെച്ചാല്‍ കമ്പ്യൂട്ടറില്‍ നിന്ന്‌ വെളിച്ചമടിക്കുന്നത്‌ (glare) തടയാം.

കമ്പ്യൂട്ടറിന്റെ വെളിച്ചവും ഇരിക്കുന്ന മുറിയുടെ വെളിച്ചവും തുല്യമായിരിക്കണം.

8-10 മണിക്കൂര്‍ വരെ പ്രതിദിനം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഓരോ ഇരുപത് മിനുട്ടിലും രണ്ട്‌ മിനുട്ട്‌ ഇടവേളയെടുത്ത്‌ കണ്ണ്‌ കൈവെള്ളയുടെ കുഴിയില്‍ വെച്ച്‌ വിശ്രമിക്കേണ്ടതാണ്‌.

കണ്ണിമവെട്ടാതെ ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ വരണ്ട്‌ ഉണങ്ങി Dry Eye എന്ന അസുഖമായി തീരാറുണ്ട്‌.

കമ്പ്യൂട്ടറില്‍ കീ അമര്‍ത്തുമ്പോള്‍ കണ്ണുകളും ചിമ്മാന്‍ ശ്രമിക്കുക.
കണ്ണിമവെട്ടുന്നത്‌ ഒരു ശീലമായാല്‍ കണ്ണിന്റെ വരള്‍ച്ച ഒഴിവാക്കാന്‍ സാധിക്കുന്നതാണ്‌.

കണ്ണട ഉപയോഗിക്കുന്നവരാണെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും കണ്ണട ധരിക്കേണ്ടതാണ്‌. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ Anti glare Coating ഉപയോഗിക്കുന്നത്‌ കണ്ണിന്‌ ഗുണം ചെയ്യും.
Anti glare Coating ഉള്ള കണ്ണടകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.
വില അല്‍പ്പം കൂടുമെങ്കിലും സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവര്‍ ഇത്തരം കണ്ണടകള്‍ തിരഞ്ഞെടുക്കുന്നത് നേത്ര സംരക്ഷണത്തിനു ഗുണകരമാവും.

കടുത്ത അള്‍ട്രാ വയലറ്റ്‌ രശ്‌മികളില്‍ നിന്ന്‌ കണ്ണുകളെ സംരക്ഷിക്കുവാന്‍ വെയിലത്ത്‌ പോകുമ്പോള്‍ സണ്‍ഗ്ലാസുകള്‍ ധരിക്കുക.

ഇരുണ്ട വെളിച്ചത്തില്‍ ജോലി ചെയ്യാതിരിക്കുക.

കുട്ടികള്‍ കളിക്കുമ്പോള്‍ കൂര്‍ത്ത ഭാഗങ്ങളുള്ള കളിപ്പാട്ടങ്ങള്‍ ഒഴിവാക്കണം.

വീട്ടിലെ പൊടിപടലം, മാറാല, ഫാന്‍ എന്നിവ വൃത്തിയാക്കുമ്പോഴും സംരക്ഷണത്തിനായി കണ്ണടകള്‍ വെക്കേണ്ടതാണ്‌.
തറയും ബാത്ത്‌ റൂമും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സോപ്പ്‌ ലായനികള്‍ കണ്ണിന്‌ അപകടകാരികളാണ്.
ഇവ പ്രത്യേകം ശ്രദ്ധയോടെയേ ഉപയോഗിക്കാവൂ.

ജോലിസ്ഥലങ്ങളില്‍ Welding ഉം Grinding ഉം ചെയ്യുന്നതിനിടയില്‍ തീപ്പൊരി പാറി കൃഷ്‌ണമണിയില്‍ പൊള്ളലേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണട നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്‌.

ഭാവിയില്‍ ഉണ്ടായേക്കാവുന്ന നേത്രരോഗ പ്രശ്‌നങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നേത്രപരിശോധന നടത്തേണ്ടതാണ്‌.

40 വയസ്സ്‌ കഴിഞ്ഞാല്‍ വെള്ളെഴുത്ത്‌ എന്ന  അവസ്ഥ വരാം. കൂടാതെ ദൃഷ്ടിയില്‍ തകരാറ്‌, തിമിരം, ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളതുകൊണ്ട്‌ കണ്ണ്‌ പരിശോധന വര്‍ഷാവര്‍ഷം നിര്‍ബന്ധമായും നടത്തേണ്ടതാണ്‌.

കണ്ണിന്റെ പ്രഷര്‍ (Intraocular pressure - IOP) വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധിച്ചാല്‍ "ഗ്ലോക്കോമ" എന്ന രോഗം നേരത്തെ തിരിച്ചറിഞ്ഞ്‌ ചികിത്സിക്കാനും കാഴ്‌ച നിലനിര്‍ത്താനും സാധിക്കും.

കണ്ണുകളിലെ രക്തകുഴലുകള്‍ പൊട്ടി കാഴ്ചശക്തി നശിപ്പിക്കാന്‍ കാരണമാക്കുന്ന ഒരു സാധാരണ രോഗമാണ്  അമിത രക്ത സമ്മര്‍ദ്ദം (Hypertension). അതുകൊണ്ട് ബി. പി. രോഗം അനുഭവിക്കുന്നവര്‍ അതിന്റെ മരുന്നുകള്‍ കൃത്യമായി കഴിക്കേണ്ടതും, ഇടക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും ചെയ്യുക.

പ്രമേഹം കാഴ്ച്ച നശിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു രോഗം ആണ്.
അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ കൃത്യമായ മരുന്നുകള്‍ കഴിക്കേണ്ടതും, രക്തത്തിലെ ഗ്ലൂക്കോസ് അളവ് രണ്ട് ആഴ്ചയില്‍ ഒരിക്കലെങ്കിലും പരിശോധിക്കേണ്ടതും ആണ്.
വര്‍ഷങ്ങളോളം നിയന്ത്രണാതീതമായി നില്‍ക്കുന്ന പ്രമേഹം, കണ്ണിന്റെ ഞരമ്പില്‍ രക്തസ്രാവം ഉണ്ടാക്കുകയും, കാഴ്‌ചയ്‌ക്ക്‌ പൊടുന്നനെ മങ്ങലേപ്പിക്കുകയും ചെയ്യുന്നു.

അതിനാല്‍ പ്രമേഹവും, രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ തീര്‍ച്ചയായും വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും കണ്ണ്‌ പരിശോധനയ്‌ക്ക്‌ വിധേയരാകേണ്ടതാണ്‌.

കാഴ്‌ചക്കുള്ള പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക്‌ പറഞ്ഞറിയിക്കാന്‍ കഴിയാത്തതിനാല്‍ ചില രോഗലക്ഷണങ്ങള്‍ മാതാപിതാക്കള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്‌.

പുസ്‌തകം കണ്ണിനടുത്ത്‌ പിടിച്ച്‌ വായിക്കുക, ടെലിവിഷന്‍ സ്‌ക്രീനിനടുത്ത്‌ പോയികാണുക, കണ്ണ്‌ ഇടക്കിടെ തിരുമ്മുക, പ്രകാശമുള്ള മുറിയിലിരിക്കുമ്പോള്‍ അസ്വസ്ഥത, അടിക്കടി പോളക്കുരു വരിക എന്നിവ കുട്ടികളില്‍ കണ്ടാല്‍ താമസിപ്പിക്കാതെ ഒരു നേത്രരോഗ വിദഗ്ദന്റെ സഹായം തേടേണ്ടതാണ്‌.

ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, കോങ്കണ്ണ്‌ എന്നിവ ഉള്ള കുട്ടികളെ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഡോക്ടറെ കാണിക്കണം. കണ്ണടകള്‍ ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിച്ചാല്‍ മാത്രമേ ശരിയായി ഫലം ലഭിക്കൂ.

ഡോക്ടറെ സമീപിക്കേണ്ട നേത്രരോഗ ലക്ഷണങ്ങള്‍ :

01. കണ്ണില്‍ ചുവപ്പ്‌
02. കണ്ണില്‍ പഴുപ്പ്‌
03. കണ്ണില്‍ നിന്നും ഉള്ള വെള്ളം വരല്‍
04. കോങ്കണ്ണ്‌
05. കാഴ്‌ച്ചക്കുറവ്‌
06. തലവേദന
07. കണ്ണ്‌ വേദന
08. കൃഷ്‌ണമണിയില്‍ വെള്ളപ്പാട്‌
09. കണ്‍പോളയുടെ ഇടുക്കം
10. കണ്ണിലോ, പോളകള്‍ക്കൊ ചൊറിച്ചില്‍
11. പ്രകാശം തട്ടുമ്പോള്‍ അസ്വസ്ഥത
12. പ്രകാശത്തിന്‌ നേരെ നോക്കുമ്പോള്‍ പ്രഭാവലയം കാണുക.

കണ്ണില്‍ വല്ല കരടും കുടുങ്ങിയാല്‍ ഒരിക്കലും തിരുമ്മരുത്.
പകരം ശുദ്ധവെള്ളത്തില്‍ കഴുകുക.

ആസിഡ്‌ പോലുള്ളവ കണ്ണില്‍ ആയാല്‍, കണ്ണ് വെള്ളം കൊണ്ട് നല്ലവണ്ണം കഴുകിയ ശേഷം അസ്വസ്ഥതകള്‍ ഇല്ലെങ്കിലും ഒരു ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുന്നതാണ് നല്ലത്.

ആരോഗ്യമുള്ള കണ്ണുകള്‍ക്കായി നല്ല ശീലങ്ങള്‍ :

മദ്യം, പുകവലി, പുകയില ഇവ ഉപയോഗിക്കാതിരിക്കുക.

ഉറങ്ങാന്‍ പോകുന്നതിന്‌ മുമ്പ്‌ കണ്ണിലെ മേക്കപ്പ്‌ നീക്കുക.

കഴിയുന്നതും മനഃസംഘര്‍ഷം ഇല്ലാത്ത ജീവിതം നയിക്കുക.
അതുമൂലം കണ്ണുകള്‍ക്ക്‌ ചുറ്റും ഇരുണ്ട വൃത്തങ്ങള്‍ വരുന്നത്‌ തടയാം

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തെ തുടര്‍ച്ചയായി ശ്രദ്ധിക്കുന്നതും, കണ്ണു ചിമ്മാതെ അധികനേരം ഒരു വസ്തുവില്‍ തന്നെ നോക്കുന്നതും നല്ലതല്ല. ഇവ രണ്ടും മിഴികള്‍ കൂടുതല്‍ വരളുന്നതിനും പേശികളില്‍ ആയാസമുണ്ടാക്കുന്നതിനും കാരണമാകും.
ഇടവിട്ടുള്ള കണ്ണു ചിമ്മല്‍ കണ്ണിനെ കൂടുതല്‍ ഈര്‍പ്പമുള്ളതായി സൂക്ഷിക്കുന്നതു കൊണ്ട് കണ്ണുകള്‍ കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാകുന്നു.

കണ്ണിന് ചില വ്യായാമങ്ങള്‍ :

കണ്ണുകള്‍ രണ്ടും മുകളിലേക്കും താഴേക്കും ചലിപ്പിക്കുക.
ഇത് ചുരുങ്ങിയത് പത്തു തവണയെങ്കിലും ആവര്‍ത്തിക്കുക.
അതിനു ശേഷം കണ്ണിന് വിശ്രമം അനുവദിക്കുക.
ഈ സമയത്ത് കണ്ണ് ഇടയ്ക്കിടെ ചിമ്മിക്കൊണ്ടിരിക്കുകയോ കൈകള്‍ ചൂടാക്കി കണ്ണുകളില്‍ വെയ്ക്കുകയോ ചെയ്യുക.
കൈകള്‍ വെയ്ക്കുമ്പോള്‍ അധികം അമര്‍ത്തരുത് .

കണ്ണുകള്‍ നേരെ നോക്കുക, അതിനു ശേഷം പതിയെ ഇടത്തേക്കു കണ്ണുകള്‍ ചലിപ്പിക്കുക, അതുപോലെ തന്നെ വലത്തേക്കും.
ഇങ്ങനെ മൂന്നോ നാലോ തവണ ചെയ്യുക .

നിങ്ങളുടെ കണ്ണുകള്‍ ആവര്‍ത്തിച്ച് അഞ്ചു പ്രാവശ്യം വട്ടത്തില്‍ വലത്തേക്കും ഇടത്തേക്കും ചലിപ്പിക്കുക.

കാരറ്റ്, കുക്കുംബെര്‍, ചെറുനാരങ്ങ എന്നിവയുടെ  ജ്യൂസ് കുടിക്കുക.

ഓറഞ്ച് , നേന്ത്രപ്പഴം, കേബേജ്, പഴുത്ത മാങ്ങ, ഈത്തപ്പഴം, മുന്തിരി  എന്നിവയെല്ലാം കണ്ണിന് ഗുണകരമാണ്.

ചുവന്ന മുളക്, സുര്‍ക്ക, പുളി, എരിവ് എന്നിവ കണ്ണിന് ദോഷകരമാണ്. 

ഉണങ്ങിയ കടുക്ക, നെല്ലിക്ക, താന്നിക എന്നിവ പൊടിച്ചു തുല്യ അളവില്‍ എടുത്ത് മിക്സ് ആക്കി കഴിക്കുന്നത് (ത്രിഫലാ ചൂര്‍ണ്ണം എന്ന പേരില്‍ മാര്‍ക്കെറ്റില്‍ ലഭ്യമാണ് ) കണ്ണിനു നല്ലതാണ്. ഇത് നേത്ര രോഗം ഇല്ലാത്തവര്‍ക്ക് കാഴ്ച്ച ശക്തി നിലനിര്‍ത്തുന്നതിനായും കഴിക്കാം. ഒന്നര ടീസ്പൂണ്‍ രാത്രി അല്പം നെയ്യില്‍ ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. കൊളസ്ട്രോള്‍ രോഗികള്‍ ആണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം. ഈ ത്രിഫലാ ചൂര്‍ണ്ണം കൊളസ്ട്രോള്‍, പ്രമേഹം, മലബന്ധം തുടങ്ങിയ രോഗങ്ങളിലും വളരെ ഫലപ്രദമാണ്.

നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു വിധം കാര്യങ്ങള്‍ ഈ പോസ്റ്റിലൂടെ പറയാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അക്കാര്യം കമന്റുകളിലൂടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.

അബസ്വരം :
കാഴ്ച്ചയുടേയും വായനയുടേയും, സുഖവും സൗന്ദര്യവും ആസ്വദിക്കാന്‍ എന്നും നമ്മുടെ കണ്ണുകള്‍ക്ക്‌ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ..........


ലേസര്‍ ഉപയോഗിച്ചുള്ള നേത്ര രോഗ ചികിത്സയുമായി ബന്ധപ്പെട്ട "ലേസര്‍ ചികിത്സയുടെ പിന്നാമ്പുറങ്ങള്‍" എന്ന പോസ്റ്റ്‌ ഇവിടെ ക്ലിക്കി വായിക്കാം.


29 comments:

 1. വളരെയേറെ വിജ്ഞാന പ്രദമായ ബ്ലോഗ്. തുടരുക ഈ ആരോഗ്യ ബോധവത്കരണം.

  ReplyDelete
 2. കാണണം ....കണ്ണുകൊണ്ട് ....നല്ല പോസ്റ്റ്‌ ആശംസകള്‍

  ReplyDelete
 3. ഉപകാരപ്രദമായ പോസ്റ്റ്.

  ReplyDelete
 4. നന്ദി ഡോക്ടറെ,\
  അങ്ങനെ നന്നാവാന്‍ നോക്ക്. :) നാടുകര്‍ക്കെന്കിലും പ്രയോജനം ഉണ്ടാവും.

  ReplyDelete
 5. അപ്പോള്‍ അധികം ഇങ്ങനെ ഫേസ്ബുക്കില്‍ രിക്കണ്ടാ ല്ലേ?

  ReplyDelete
  Replies
  1. അധികമായാല്‍ ഫേസ്‌ ബുക്കും പണി തരും...:)

   Delete
 6. ഏറെ വിജ്ഞാനപ്രദമായ ലേഖനം ..
  കമ്പ്യൂട്ടര്‍ ഇന്ന് ഒഴിവാക്കാന്‍ പറ്റില്ലല്ലോ !
  അത് കൊണ്ടുള്ള വിഷമങ്ങളും കണ്ണുകള്ക്കുണ്ട്...

  ReplyDelete
 7. ഈ സന്‍ ഗ്ലാസ് വെക്കാന്‍ ഡോക്ടറുടെ നിര്‍ദേശം തെടെണ്ടാതുണ്ടോ? അതോ നമ്മള്‍ ചുമ്മാ വാങ്ങി അങ്ങ് വെച്ചാല്‍ മതിയോ?

  ReplyDelete
  Replies
  1. കണ്ണിനു പ്രശ്നം ഒന്നും ഇല്ല എന്ന് ഉറപ്പാണെങ്കില്‍ ഡോക്ടറെ കാണേണ്ട നിര്‍ബന്ധം ഇല്ല.
   എന്നാല്‍ ഇന്ന് മാര്‍ക്കറ്റില്‍ നിലവാരം ഇല്ലാത്ത ഒരുപാട് സണ്‍ ഗ്ലാസുകള്‍ ഇറങ്ങുന്നുണ്ട്. അവ ഉപയോഗിച്ചാല്‍ ഗുണത്തെക്കാള്‍ ഏറെ ദോഷം ആണ് ചെയ്യുക. അതുകൊണ്ട് ഒരു ഡോക്ടറെ കണ്ടു അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കണ്ണടയോ, സണ്‍ ഗ്ലാസ്സോ ഉപയോഗിക്കുന്നത് ആണ് ഏറ്റവും സുരക്ഷിതം.
   അല്ലെങ്കില്‍ ചിലപ്പോള്‍ "വെളുക്കാന്‍ തേച്ചത് പാണ്ടായി" എന്ന അവസ്ഥയില്‍ എത്തിക്കും...

   Delete
 8. ഇത്തവണ ഡോക്ടറങ്ങു ഡോക്ടറായല്ലോ....

  ReplyDelete
 9. ഇപ്പോഴാ ഇങ്ങള്‍ ഡാക്ടര്‍ ആയതു...
  നന്നായി ഈ പ്രയത്നം...

  ReplyDelete
 10. രാഷ്ട്രീയ നിരീക്ഷണ വീക്ഷണ വിവാദ കോണകത്തേക്കാള്‍ പ്രയോജനകരമായ ഒരു പോസ്റ്റ്‌. വായിക്കുന്നവര്‍ക്ക്‌ ഗുണപ്രദമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആശംസകള്‍ ഭായ്‌.

  ReplyDelete
 11. നന്നി ഡാക്കിട്ടറേ...ഉപകാരപ്രദമായ ഒരു പൊസ്റ്റ്. വിജ്ഞാനദായകാമായതും അതോടൊപ്പം മുന്നറിയിപ്പ് നൽകുന്നതുമായ ഒരു ലേഖനം. നന്ദി. അഭിനന്ദനങ്ങൾ. ആശംസകൾ അബ്സറിക്കാ.

  ReplyDelete
 12. നന്ദി ട്ടൊ....ആവശ്യം വരുമ്പോൾ ഇങ്ങോട്ട് ഓടി വരാമല്ലോ..
  വളരെ ഉപകാരപ്രദം...!

  ReplyDelete
 13. വളരെ പഠനാര്‍ഹം.സ്വാഗതാര്‍ഹം.ആധുനിക സാങ്കേതികവിദ്യ അതിന്റെ വികാസപ്രക്രിയയില്‍ കണ്ണിനു കൂടുതല്‍ അദ്ധ്വാനവും വിശ്രമമില്ലായ്മയും കൂട്ടിയസാഹചര്യത്തില്‍ ഈദൃശ ബോധവല്‍ക്കരണ ലേഖനങ്ങള്‍ വളരെ പ്രസക്തമാണ്.

  ReplyDelete
 14. ഉപകാരപ്രദമായ പോസ്റ്റ്

  ReplyDelete
 15. വളരെ ഉപകാരപ്രദമായ പോസ്റ്റ്, നന്ദി സർ.

  ReplyDelete
 16. വളരെ ഉപകാര പ്രദമായ ഒരു പോസ്റ്റ് പങ്കു വെച്ചതിനു നന്ദി .

  ReplyDelete
 17. ന്റെ കണ്ണു കടഞ്ഞീട്ട് വയ്യ...പോവ്വാ..

  ആശംസകള്‍...

  ReplyDelete
 18. ഡോക്ടര്‍ പറഞ്ഞത് സത്യം ആണ്. കണ്ണുണ്ടായാല്‍ പോര ഇതു പോലെ ഉള്ള ബ്ലോഗുകളും കാണണം. പക്ഷെ ഞാന്‍ കണ്ടില്ല.....ഹിഹിഹിഹി..

  ബ്ലോഗ്‌ ലിങ്ക് അയച്ചു തന്നതില്‍ വളരെ സന്തോഷം ഉണ്ട്. കണ്ണു സംരക്ഷണത്തെ കുറിച്ച് ഒരു പാട് കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. രണ്ടു മൂന്ന് സംശയങ്ങള്‍ കൂടി അറിയാന്‍ താല്‍പ്പര്യം ഉണ്ട്.
  ഇപ്പോള്‍ എല്ലാ മരുന്ന് ഷാപ്പുകളിലും കണ്ണിനു വേണ്ടിയുള്ള തുള്ളി മരുന്നുകള്‍ സുലഭം ആണ്. അതിന്റെ പരസ്യങ്ങളും ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. പലരും നോര്‍മല്‍ ആയി അതെല്ലാം വാങ്ങി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ കിട്ടുന്ന eye drops ഡോക്ടറുടെ നിര്‍ദേശം കൂടാതെ ഉപയോഗിക്കാന്‍ സാധിക്കുമോ?

  അടുത്തത് ഇളനീര്‍ കുഴംബിനെ കുറിച്ചാണ്. അത് പതിവായി ഉപയോഗിക്കാമോ? അതോ ആഴ്ചയില്‍ ഒരിക്കല്‍ മതിയൊ? ഇംഗ്ലീഷ് ഡോക്ടര്‍മാര്‍ അതിനെ കുറിച്ച് ഒന്നും പറയാറില്ല. അവരോടു അഭിപ്രായം ചോദിച്ചാല്‍ വ്യക്തമായ മറുപടി തരാറില്ല. അത് ഉപയോഗിക്കുന്നത് കൊണ്ടു കണ്ണിനു ഗുണം ഉണ്ടോ?

  ഇനി കൂളിംഗ് ഗ്ലാസുകളെ കുറിച്ചാണ്. ഇപ്പോള്‍ ചില്ല് കണ്ണടകളെക്കാള്‍ കൂടുതല്‍ ഫൈബര്‍ കണ്ണടകള്‍ ആണ് മാര്‍ക്കറ്റില്‍ വരുന്നത്. ഇതില്‍ ചില്ല് ഗ്ലാസ് ആണോ ഫൈബര്‍ ഗ്ലാസ് ആണോ കണ്ണിന്നു ഉത്തമം. ഫൈബര്‍ ഗ്ലാസ് ഉപയോഗിക്കുന്നത് കൊണ്ടു വല്ല ദോഷവും ഉണ്ടോ?

  ഡോക്ടറുടെ വിലയേറിയ അഭിപ്രായം അറിയിക്കുക.

  എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന്‌ ആശംസിച്ചു കൊണ്ടു...
  സസ്നേഹം...ഷൈജു

  ReplyDelete
  Replies
  1. :)

   01. ഇത്തരത്തില്‍ ഉള്ള മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ ഇത്തരം മരുന്നുകള്‍ നമ്മള്‍ ഉപയോഗിക്കുമ്പോള്‍ അനാവശ്യമായ ഒരു റിസ്ക്‌ എടുക്കുകയാണ്.കണ്ണിന്റെ കാര്യം ആയതിനാല്‍ ചെറിയ പ്രശ്നങ്ങള്‍ പോലും ചിലപ്പോള്‍ കാഴ്ചശക്തിയെ ബാധിക്കുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.അതുകൊണ്ട് ഇത്തരം പരസ്യങ്ങളുടെ പിന്നാലെ പോവാതിരിക്കുക.

   02. ഇളനീര്‍ കുഴംബ്‌ ദിനവും ഉപയോഗിക്കാവുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് കുഴപ്പം ഒന്നും ഇല്ല. എന്നാല്‍ രോഗങ്ങള്‍ ഒന്നും ഇല്ലങ്കില്‍ ഇളനീര്‍ കുഴമ്പും ദിനേന ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
   രോഗം ഒന്നും ഇല്ലെങ്കില്‍ വെറുതെ കണ്ണിനെ ഒരു മരുന്നിന്റെ അടിമ ആക്കാതിരിക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്.
   മാത്രമല്ല സ്ഥിരമായി ഉപയോഗിക്കുന്ന ഒരു മരുന്ന് അസുഖം വന്നു ഉപയോഗിച്ചാല്‍ അത് ഫലപ്രദം ആയി കൊള്ളണം എന്നില്ല.

   03. ഫൈബര്‍ ഗ്ലാസ്‌ കണ്ണടകള്‍ക്ക് ഇതുവരെ പ്രശ്നങ്ങള്‍ ഒന്നും ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഞാന്‍ വര്‍ഷങ്ങളായി ഫൈബര്‍ ഗ്ലാസ്‌ തന്നെയാണ് ഉപയോഗിക്കുന്നത്. നല്ല ക്വാളിറ്റി ഉള്ള ഫൈബര്‍ ഗ്ലാസ്‌ തിരഞ്ഞെടുത്താല്‍ മതി. ചില്ല് ഗ്ലാസിനെക്കാള്‍ ഭാരക്കുറവും ഉള്ളതുകൊണ്ടും, പൊട്ടാന്‍ ഉള്ള സാധ്യത കുറവായത് കൊണ്ടും ഫൈബര്‍ ഗ്ലാസ്‌ ഉപയോഗിക്കുന്നത് തന്നെയാണ് സൗകര്യപ്രദം.

   നല്ല വാക്കുകള്‍ക്ക് സ്നേഹത്തോടെ നന്ദി...:)

   Delete
 19. സംശയങ്ങള്‍ ദുരീകരിച്ചു തന്നതിന് ഒരു പാട് നന്ദി..

  ആശംസകളോടെ...സസ്നേഹം

  ReplyDelete
 20. ഇന്നത്തെ താങ്കളുടെ 2 പോസ്റ്റുകളും വളരെയേറെ പ്രയോജനകരം (കാന്സര് & കാഴ്ച) , കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. അതിനു പ്രത്യേകം നന്ദി. "ലേസർ ചികിത്സയുടെ പിന്നാമ്പുറങ്ങള്" മുൻപ് വായിച്ചിരുന്നു.
  "മത"ങ്ങളെ വിട്ടുപിടിച്ചു മനുഷ്യനു ഉപകാരപ്രദമായ ഇത്തരം കൂടുതൽ പോസ്റ്റുകൾ താങ്കളില്നിന്നും പ്രതീക്ഷിക്കുന്നു.

  ReplyDelete
 21. ഇന്നത്തെ താങ്കളുടെ 2 പോസ്റ്റുകളും വളരെയേറെ പ്രയോജനകരം (കാന്സര് & കാഴ്ച), കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. അതിനു പ്രത്യേകം നന്ദി. "ലേസർ ചികിത്സയുടെ പിന്നാമ്പുറങ്ങള്" മുൻപ് വായിച്ചിരുന്നു.
  "മത"ങ്ങളെ വിട്ടുപിടിച്ചു മനുഷ്യനു ഉപകാരപ്രദമായ ഇത്തരം കൂടുതൽ പോസ്റ്റുകൾ താങ്കളില്നിന്നും പ്രതീക്ഷിക്കുന്നു.

  ReplyDelete
  Replies
  1. മതങ്ങളും, ആരോഗ്യവും, രാഷ്ട്രീയവും എല്ലാം മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാണ്.അവയെ കുറിച്ചെല്ലാമുള്ള എന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കുന്നു എന്ന് മാത്രം. ഉള്‍കൊള്ളാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഉള്‍ക്കൊള്ളാം. അല്ലാത്തവര്‍ക്ക് ഉള്‍ക്കൊള്ളാതിരിക്കാം. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യം. എനിക്ക് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യം ഞാനും വിനിയോഗിക്കുന്നു.
   നല്ലവാക്കുകള്‍ക്ക് നന്ദി സുഹൃത്തേ..

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....