Friday, February 24, 2012

നഗ്നതയിലെ രക്തക്കറകള്‍


കൊലപാതക രാഷ്ട്രീയം തുടരുകയാണ്....

ഇടതനും, വലതനും, ബി ജെ പി യും ഒന്നും ഇതില്‍ നിന്നും മുക്തരല്ല.

ഓരോ ഞാഞ്ഞൂല്‍ പാര്‍ട്ടികളും രക്തസാക്ഷികളെ സൃഷ്ടിച്ചെടുത്ത്‌ രക്തസാക്ഷി പരിവേഷം നേടാന്‍ ശ്രമിക്കുന്നു.
ഏറ്റവും കൂടുതല്‍ രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നവരാണ് ഏറ്റവും വലിയ ഭാഗ്യവാന്മാര്‍ എന്ന തരത്തിലാണ്  രാഷ്ട്രീയ കക്ഷികള്‍ പെരുമാറുന്നത്.

ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടത്താന്‍ കഴിവുള്ള പാര്‍ട്ടിയെ ഏറ്റവും ശക്തമായ പാര്‍ട്ടി ആയി വ്യാഖ്യാനിക്കുന്നു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആഘോഷമാക്കി മാറ്റുകയാണ് ഇരയാക്കപ്പെട്ട പാര്‍ട്ടികള്‍.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും, അക്രമങ്ങള്‍ക്കും പലപ്പോഴും പരമാവധി ശിക്ഷ ലഭിക്കാറില്ല എന്നത് വലിയൊരു സത്യമാണ്. കൊലപാതകം / അക്രമം ചെയ്ത പാര്‍ട്ടിയുടെ നേതാക്കന്മാര്‍ തങ്ങളെക്കൊണ്ട് ആവുന്നതെല്ലാം ചെയ്ത്  ഇത്തരം കൊലപാതകികളുടെ / അക്രമികളുടെ ശിക്ഷ ലഘൂകരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നു.
നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടുവരാന്‍ നമ്മുടെ നാണം കെട്ട രാഷ്ട്രീയ നേതാക്കള്‍ നേതൃത്വം നല്‍കുന്നത് നാം പല തവണ കണ്ടതാണ്.
ഇത് ഇത്തരക്കാര്‍ക്ക് പിന്നീട് കൂടുതല്‍ ആക്രമണങ്ങള്‍ ചെയ്യുന്നതിനുള്ള പ്രേരണയായി മാറുന്നു.
മാത്രമല്ല, ഒരിക്കല്‍ ഈ കെണിയില്‍പ്പെട്ട്  പോയാല്‍ നിലനില്‍പ്പിനായി വീണ്ടും വീണ്ടും ഇത്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇക്കൂട്ടര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.

മതത്തിന്റെ പേരില്‍ ഉണ്ടാകുന്ന അക്രമങ്ങളെയും കൊലപാതകങ്ങളെയും തള്ളി പറയുന്നവര്‍ പോലും രാഷ്ട്രീയത്തിന്റെ പേരില്‍ ഉള്ള അക്രമ - കൊലപാതകങ്ങളെ നിസ്സാരവല്‍ക്കരിക്കുകയോ / പുണ്യവല്ക്കരികുകയോ ചെയ്യാനാണ് ശ്രമിക്കുന്നത്.

കൊലപാതകങ്ങളും, അക്രമങ്ങളും രാഷ്ട്രീയത്തിന്റെ പേരില്‍ ഉള്ളതായാലും, മതത്തിന്റെ പേരില്‍ ഉള്ളതായാലും, ഇനി മറ്റ് എന്തു വിഷയത്തിന്റെ പേരില്‍ ഉള്ളതായാലും എതിര്‍ക്കപ്പെടെണ്ടത്  തന്നെയാണ്.

അക്രമണ വാസന കുട്ടികളില്‍ കുത്തി വെക്കാനുള്ള ഉപകരണമായിട്ടാണ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗപ്പെടുത്തുന്നത്.
സ്കൂള്‍ ബസ്സിന് കല്ലെറിയാനും, സ്കൂളുകളിലെ ജനലുകളും, മേശകളും മറ്റും തച്ചു തകര്‍ക്കാനും പ്രേരണ നല്‍കി അക്രമ രാഷ്ട്രീയത്തിന്റെ  ബാല പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നു.
"അക്രമ ലഹരി" അവരില്‍ കുത്തിവെക്കുന്നു.

വിദ്യാര്‍ഥി മൂത്ത് യുവജന പ്രസ്ഥാനത്തിലേക്ക് കടക്കുമ്പോള്‍ ഈ അക്രമണ ശീലം  കൊലപാതകം വരെ ചെയ്യാനുള്ള ചങ്കൂറ്റവും നല്‍കുന്നു.
സ്കൂള്‍ ബസ്സിന് പകരം പൊതു നിരത്തിലെ ബസ്സുകളും, മറ്റു പൊതുമുതലുകളും പുതിയ ലക്ഷ്യങ്ങളായി മാറുന്നു.

"എന്തിനും  തങ്ങളുടെ കൂടെ ആളുകള്‍ ഉണ്ട്. ഞാന്‍ തനിച്ചല്ല..." എന്ന അപക്വ മനസ്സിലെ ചിന്ത ബ്രൈക്ക് ഇല്ലാത്ത വണ്ടിയെപോലെ നിയന്ത്രണരഹിതമായി കുതിക്കാന്‍ ഇത്തരക്കാര്‍ക്ക് പ്രേരണ നല്‍കുന്നു.

സ്വന്തം ബുദ്ധിയെ രാഷ്ട്രീയ കക്ഷികള്‍ക്ക്  ഹൈജാക്ക്‌ ചെയ്യാന്‍ സ്വയം സമര്‍പ്പിച്ചത് കൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ വീണ്ടു വിചാരം ഇല്ലാതെ പെരുമാറുന്നു.

നേതാക്കന്മാര്‍ക്ക്‌ വേണ്ടി അന്ധമായി തെരുവുകളില്‍ ഇറങ്ങുകയും അക്രമ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ "ഇതെല്ലാം ആര്‍ക്കു വേണ്ടിയാണ് " എന്നതിനെ കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ??

ഇത്തരം അക്രമങ്ങള്‍ നടത്തിയത് കൊണ്ട്  നന്നായ എത്ര രാജ്യങ്ങള്‍  ഭൂമുഖത്ത്‌ ഉണ്ട്  ???
ഏതു സമൂഹത്തില്‍ ആണ് ഇത്തരം അക്രമങ്ങള്‍ കൊണ്ട് പരിവര്‍ത്തനം നടത്താന്‍ കഴിഞ്ഞിട്ടുള്ളത് ??

"അഹിംസയാണ് നമ്മുടെ പാരമ്പര്യം" എന്ന് ലോകത്തോട്‌ അഭിമാനത്തോടെ വിളിച്ചു പറയുന്നവരാണ് നാം.
എന്നിട്ട് നാം നമ്മിലെ തന്നെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ തെരുവുകളില്‍ അഴിഞ്ഞാടുന്നു.
കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീയിടുന്നു.
തന്റെ സഹോദരന് നേരെ ആയുധം പ്രയോഗിക്കുന്നു.
അവരുടെ ജീവന്‍ എടുക്കുന്നു.
ഇവരുടെ ആക്രമണങ്ങളില്‍ നിരപരാധികള്‍ കൂടി ജീവന്‍ വെടിയുന്നു.

ബോംബെ തീവ്രവാദി ആക്രമണം പോലെയുള്ള സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ എല്ലാ ഭിന്നതകളും മറന്ന് ഒന്നിച്ചു നിന്നവരാണ് ഭാരതീയര്‍.

തീവ്രവാദി ആക്രമണത്തില്‍ എന്താണ് സംഭവിച്ചത് ???

ഒരുപാട് നിരപരാധികളുടെ ജീവനുകള്‍ നഷ്ടപ്പെട്ടു...
ഒരുപാട് പേര്‍ എന്നന്നേക്കുമായി കിടപ്പിലായി...
ഒരുപാട് കുടുംബങ്ങള്‍ അനാഥമായി...
ഒരുപാട് കുട്ടികള്‍ക്ക്‌ രക്ഷിതാക്കളെ നഷ്ടപ്പെട്ടു...

ഇതൊക്കെ തന്നെയല്ലേ രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും സംഭവിക്കുന്നത് ??

പക്ഷെ രാഷ്ട്രീയത്തിന്റെ പേരില്‍ വല്ല കൊലപാതകവും നടക്കുമ്പോള്‍ അത് ഒരു ലോട്ടറി കിട്ടിയ ആവേശത്തോടെയാണ് ഇരയാക്കപ്പെട്ട പാര്‍ട്ടികള്‍ കണക്കാക്കുന്നത്.
അതിന്റെ കണക്ക്‌ തീര്‍ക്കാനായി അവരും ആയുധം കയ്യിലെടുക്കുന്നു...

ആത്യന്തികമായ നഷ്ടം കൊല്ലപ്പെട്ടവനും, പരിക്ക് പറ്റിയവനും അവന്റെ പ്രിയപ്പെട്ടവര്‍ക്കും മാത്രം...

ഓരോ രാഷ്ട്രീയക്കാരനും മറ്റുള്ള പാര്‍ട്ടികളുടെ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് വാചാലരാകുന്നു.
"അവര്‍ കൊലപാതക - അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം" എന്ന് ആഹ്വാനം ചെയ്യുന്നു.

ഓരോ തവണ അക്രമം  ഉണ്ടാകുമ്പോഴും ഇരയാക്കപ്പെട്ടവന്‍, അക്രമം നടത്തിയവന് എതിരെ വാ തോരാതെ സംസാരിക്കുന്നു...

എന്നിട്ട് അവന്‍ തന്നെ നാളെ മറ്റൊരു അക്രമത്തിനോ കൊലപാതകത്തിനോ കൂട്ട് നില്‍ക്കുന്നു.
അതിനായി പ്രേരണ നല്‍കുന്നു.

"രാഷ്ട്രീയത്തിന്റെ പേരില്‍ കൊലപാതകമോ, അക്രമമോ ഒരിക്കലും ഞങ്ങള്‍ നടത്തിയിട്ടില്ല" എന്ന് നെഞ്ചത്ത് കൈവെച്ച് സത്യസന്ധമായി പറയാന്‍ നട്ടെല്ലുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് ഉണ്ടോ???

ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നഗ്നതയില്‍ ആണ് അക്രമത്തിന്റെ രക്തക്കറ പുരളാതിരിന്നിട്ടുള്ളത് ????

"ആര് എന്തു അക്രമം ഞങ്ങള്‍ക്കെതിരെ നടത്തിയാലും ഞങ്ങള്‍ തിരിച്ചടിക്കില്ല, നിയമപരമായി മാത്രമേ അത്തരം അക്രമങ്ങളെ നേരിടൂ "  എന്ന് പ്രഖ്യാപിച്ച്, അത് പ്രാവര്‍ത്തികമാക്കി ആത്മസംയമനം പാലിക്കാനുള്ള  ചങ്കൂറ്റം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടോ ??
അത് ഒരിക്കലും ബലഹീനതയായി സമൂഹം കാണില്ല.
മറിച്ച് അത്തരം തീരുമാനങ്ങളെ ധീരതയായി മാത്രമേ പ്രബുദ്ധരായ ജനങ്ങള്‍ വിലയിരുത്തുകയുള്ളൂ.

ഇടതന്‍ പ്രസംഗിക്കുക "വലതന്റെ കൊലപാതക രാഷ്ട്രീയം നാടിനെ നശിപ്പിക്കും" എന്നാണ്.
വലതന്‍ പ്രസംഗിക്കുക "ഇടതന്റെ കൊലപാതക രാഷ്ട്രീയം നാടിനെ നശിപ്പിക്കും" എന്നാണ്.
ഇടതു വലതു നടു വ്യത്യാസമില്ലാതെ "കൊലപാതക / അക്രമ രാഷ്ട്രീയം നാടിനെ നശിപ്പിക്കും" എന്ന് ആത്മാര്‍ത്ഥയോടെ പറയാനും, അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും  എന്തുകൊണ്ടാണ് നമ്മുടെ നേതാക്കന്മാര്‍ക്ക്‌ കഴിയാതെ പോകുന്നത്.

"അക്രമങ്ങള്‍ നടത്തുന്നവനെ ഒരിക്കലും പാര്‍ട്ടി സംരക്ഷിക്കില്ല" എന്ന് പ്രഖ്യാപിക്കാനും അത് സത്യസന്ധമായി നടപ്പിലാക്കാനും തയ്യാറുള്ള ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടോ ???

നാം ഒരാളെ കൊല്ലുകയോ അക്രമിക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ ആത്മാവ് തന്നെയാണ് കൊല്ലപ്പെടുകയും, അക്രമിക്കപ്പെടുകയും ചെയ്യുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

രാഷ്ട്രീയ കോമരങ്ങളുടെ അഴിഞ്ഞാട്ടത്തില്‍ നിന്നും ഓരോ പൗരനും സ്വയം സൂക്ഷ്മത പുലര്‍ത്തുക.

താന്‍ അക്രമിക്കാന്‍ പോകുന്ന ആളുടെ മുഖത്ത് ഒരാള്‍ക്ക് തന്റെ പ്രിയപ്പെട്ടവരുടെ മുഖം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആയുധം താനെ താഴെ വീഴും.

വിവേകം വികാരത്തിന് കീഴടങ്ങാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

അബസ്വരം :
ഒരു പോസ്റ്റ്‌ ഇട്ടത് കൊണ്ട് ഒന്നും ആവില്ല എന്ന് അറിയാം, എങ്കിലും.......


(ഈ പോസ്റ്റിന്റെ കമന്റുകളും വായിക്കാന്‍ മറക്കരുതേ)


ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്‌ ഇവിടെ ക്ലിക്കിയാല്‍ വായിക്കാം

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍  പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക59 comments:

 1. എന്റെ അബ്സറിക്കാ നല്ല ലേഖനം, കാര്യകാരണങ്ങളെ വിശദീകരിച്ചുകൊണ്ട് എഴുതിയിരിക്കുന്നു. ഇങ്ങനെ വായനക്കാരെ അവരുടെ പ്രതികരണങ്ങളുടെ തീവ്രത കൂട്ടി, അവരിൽ നല്ല ചിന്തകളും പ്രവൃത്തികളും കൊണ്ടുവരാൻ സഹായിക്കുന്ന എഴുത്ത് അബ്സറിക്കയുടേയും നാമൂസിന്റേയും പിന്നെ മറ്റുചിലരുടേയും മാത്രമാണ്. അത് കൊണ്ട് തന്നെ നിങ്ങൾ നല്ല അഭിനന്ദനം അർഹിക്കുന്നു. നിങ്ങൾക്കിത്രയെങ്കിലും ചെയ്യാൻ കഴിയുന്നുണ്ടല്ലോ എന്ന് സമാധാനിക്കുക. ഇതുകൊണ്ടൊന്നും ഒന്നും ആവില്ലാ എന്ന് നമുക്കറിയാമെങ്കിലും. ഇതിനെങ്കിലും നമുക്ക് കഴിയുന്നുണ്ടല്ലോ ? നനുക്ക് നമ്മുടെ വികാരം ബ്ലോഗ്ഗെഴുതി തീർക്കാനെങ്കിലും കഴിഞ്ഞില്ലെങ്കിൽ ഇവിടുത്തെ സ്ഥിതി ഇക്കയൊന്ന് ആലോചിച്ച് നോക്കൂ. എന്തായാലും നന്നായി. ആശംസകൾ.

  ReplyDelete
 2. ഒരു പോസ്റ്റിട്ടതോണ്ട് ഒന്നും ആവില്ല എന്നറിയാം എങ്കിലും.....

  ReplyDelete
 3. രാഷ്ട്രീയ കൊലപാതകങ്ങളെ പര്‍വതീകരിക്കുമ്പോള്‍ അരാഷ്ട്രീയത ഉത്പാദിപ്പിക്കുന്ന കൊടിയ ഹിംസാത്മകതയെ വിസ്മരിച്ചു കളയരുത് .അരാഷ്ട്രീയ വല്കരിക്കപ്പെട്ട പുത്തന്‍ കാമ്പസുകളില്‍ വിളയുന്നത് എന്തൊക്കെ ആണെന്ന് ഒന്ന് പരിശോധിച്ചു നോക്കൂ .പൊതു മണ്ഡലത്തിലെ സ്ഥിതിയും ഒട്ടും ഭിന്നമല്ല .

  ReplyDelete
  Replies
  1. രാഷ്ട്രീയ കൊലപാതകങ്ങളെ ഒരിക്കലും നമ്മളായിട്ട് പര്‍വതീകരിക്കേണ്ട ആവശ്യം ഇല്ല. ആ കര്‍മ്മം കൊലപാതകങ്ങള്‍ നടത്തി രാഷ്ട്രീയക്കാര്‍ തന്നെ ചെയ്യുന്നുണ്ട്. അരാഷ്ട്രീയതയെ ഒരു ജനാതിപത്യ രാജ്യത്ത് ഒരിക്കലും പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ല. അരാഷ്ട്രീയം അല്ല നമുക്ക്‌ വേണ്ടത്‌.മറിച്ച് അക്രമങ്ങള്‍ ഇല്ലാത്ത സംശുദ്ധ രാഷ്ട്രീയം ആണ്....

   Delete
  2. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കാത്തത് കൊണ്ട് മാത്രം രാഷ്ട്രീയം സംശുധ്ധമോ പ്രബുധമോ ആവില്ല .ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ തന്നെ ഉദാഹരണം. അക്രമ രാഷ്ട്രീയത്തിന്റെ വിളനിലമായി വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടാടുന്ന കണ്ണൂരിന്റെ രാഷ്ട്രീയ സംശുദ്ധിയുടെ, പ്രബുദ്ധതയുടെ ഏഴയലത്ത് നില്‍ക്കാവുന്ന ഒരു പ്രദേശമുണ്ടോ ഇന്ത്യയില്‍ ?

   Delete
  3. രാഷ്ട്രീയ കൊലപാതകങ്ങള്‍ / അക്രമങ്ങള്‍ അവസാനിക്കാത്തിടത്തോളം രാഷ്ട്രീയം ഒരിക്കലും സംശുദ്ധം ആവില്ല. "സംശുദ്ധം" എന്നത് കൊണ്ട് കൊലപാതകങ്ങള്‍ അവസാനിപ്പിക്കുക എന്നത് മാത്രം ആണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്.അഴിമതി, സ്വജനപക്ഷപാതിത്വം തുടങ്ങി പല പല വിഷയങ്ങള്‍ അതില്‍ ഉണ്ട്.എന്നാല്‍ ജീവന്‍ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതുകൊണ്ട് കൊലപാതകങ്ങളും അക്രമങ്ങളും അവസാനിപ്പിക്കത്തിടത്തോളം രാഷ്ട്രീയം ഒരിക്കലും സംശുദ്ധം ആവില്ല.

   കണ്ണൂരിലെ അക്രമങ്ങള്‍ വലതുപക്ഷ മാധ്യമസൃഷ്ടി മാത്രമായാണ് താങ്കള്‍ കാണുന്നത് എങ്കില്‍, അത് താങ്കള്‍ ഇടതു കണ്ണ് കൊണ്ട് മാത്രം കാഴ്ച്ചകള്‍ കാണുന്നത് കൊണ്ടാണ് എന്ന സത്യം ഖേദത്തോടെ പറയട്ടെ !!!

   കണ്ണൂരിലെ രാഷ്ട്രീയ സംശുദ്ധി ഇന്ത്യയിലെ മറ്റൊരു സ്ഥലത്തെ രാഷ്ട്രീയ സംശുദ്ധിയെക്കാളും മികച്ചതല്ല. മാത്രമല്ല കൊലപാതകങ്ങള്‍ കണ്ണൂരില്‍ കൂടുതല്‍ ആണ് എന്നുള്ളത് കൊണ്ട് തന്നെ, രാഷ്ട്രീയ സംശുദ്ധിയുടെയും പ്രബുദ്ധതയുടെയും കാര്യത്തില്‍ കണ്ണൂര്‍ ശരാശരിയിലും പിന്നിലാണ് എന്ന് നിസ്സംശയം പറയാം.

   Delete
 4. ഇവിടെ ഒരു തിരിച്ചറിവിന്റെ പ്രശ്നമുണ്ട്.താന്‍ വെറും മനുഷ്യനാണെന്നും തന്നെ സദാ നിരീക്ഷിക്കുന്ന ഒരു സ്രഷ്ടാവുണ്ടെന്നും നാളെ പരലോകത്ത് താന്‍ വിചാരണ ചെയ്യപ്പെടുമെന്ന അടിയുറച്ച വിശ്വാസത്തിന്റെ സജീവമായ വിചാരപ്പെടല്‍.ഇത് ഉള്ളിലും പുറത്തും ഭരിക്കപ്പെടുന്ന ഒരുത്തന് തെറ്റുകള്‍ സംഭവിക്കാം.പക്ഷെ അതിനു ഒരു പശ്ചാത്താപബോധത്തിന്റെത്തിന്റെ നെഞ്ചിടിപ്പ് കാണും....അബ്സാര്‍ നല്ലൊരു ലേഖനമാണ് നല്‍കിയിട്ടുള്ളത്.ഇതിനു മുമ്പുള്ള പോസ്റ്റുകള്‍ വായിക്കാന്‍ പറ്റാത്ത ഖേദത്തോടെ...

  ReplyDelete
 5. Muhammed Jamal TirurFriday, February 24, 2012

  അബ്സര്‍ ..കണ്ണൂരിലെ അവസാനത്തെ (അവസാനത്തെതാകാന്‍ പ്രാര്‍ഥിക്കുന്നു)കൊലപാതകമാകാം ഇതെഴുതാന്‍ പ്രേരിപ്പിചെതെന്ന് കരുതുന്നു.ആണേലും അല്ലേലും ചുടുചോരയുടെ അസഹ്യമായ ഗന്ദം മൂക്കിലേക്ക് അടിച്ചുകയറുന്നതുപോലെ..കണ്ണൂരിന്‍റെ പേര് കണ്ണീര്‍ എന്നാക്കിമാറ്റികൂടെ മാതാപിതാക്കളുടെ കണ്ണീര്‌വീണ് നനഞ്ഞുകുതിര്‍ന്നിരിക്കുന്നു ആ മണ്ണ്.രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തികൊണ്ട് രാഷ്ട്രീയം വളര്‍ത്തുന്ന ഈ പ്രവണത മാറേണ്ടതല്ലേ..ഈ പാപക്കറകളൊക്കെ എവിടെ കഴുകികളയുമിവര്‍..,റബ്ബേ ഇവര്‍ക്ക് നല്ല ബുദ്ധിവരുത്തേണമേ...

  ReplyDelete
 6. വര്‍ഷങ്ങളായി പാടിപ്പതിഞ്ഞും പറഞ്ഞുപഴകിയതുമായ വിശേഷങ്ങളുടെ ആവര്‍ത്തനം. കൊല അതു രാഷ്ട്രീയമായാലും മതമായാലും അരാജകമായാലും കൊല തന്നെയാണ്. ഈ ലേഖനം വായിച്ചാല്‍ തോന്നുക, കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂരില്‍ ഉണ്ടാകുന്ന കൊലയെല്ലാം രാഷ്ട്രീയമാണെന്നും രാഷ്ട്രീയക്കാരെല്ലാം കൊലയാളികളാണെന്നുമാണ്. ഇത്തരം വാദങ്ങള്‍ ഉന്നയിയ്ക്കും മുന്‍പ് വിഷയം പഠിയ്ക്കാനുള്ള സമയമെങ്കിലും മാറ്റിവെച്ചിട്ടു വേണം എഴുതാനിരിയ്ക്കാന്‍. കേരളത്തില്‍ ഏറ്റവും അധികം കൊലപാതകങ്ങള്‍ നടക്കുന്നത് തൃശൂര്‍, തിരുവനന്തപുരം എറണാകുളം ജില്ലകളിലാണ്. ബഹുഭൂരിപക്ഷവും ക്വട്ടേഷന്‍, മോഷണം, പിടിച്ചുപറി, വ്യക്തിവൈരാഗ്യം എന്നിവയുമായി ബന്ധപ്പെട്ടത്. ആകെ നടക്കുന്ന കൊലകളില്‍ വിരലിലെണ്ണാവുന്നതാണ് രാഷ്ട്രീയ സംഘര്‍ഷത്താല്‍ ഉള്ളത്. കണ്ണൂരില്‍ മുന്‍ കാലത്ത് നടന്നതില്‍ എറ്റവും വലിയ കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ടത് 7 പേരാണ്. ആ കാലം അസ്തമിയ്ക്കുകയും ചെയ്തു. എന്നാല്‍ മാറാട് മതതീവ്രവാദികള്‍ ഒറ്റയടിയ്ക്ക് കൊന്നത് 11 പേരെ. ഈയടുത്ത കാലത്ത് രാഷ്ട്രീയത്തെക്കാള്‍ എത്രയോ അധികമാണ് മതതീവ്രവാദികള്‍ നടത്തിയ കൊല. ഇന്ത്യയിലും ലോകമൊട്ടാകെയും ചരിത്രം എടുത്താല്‍ മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ടതിന്റെ ഒരംശം വരില്ല രാഷ്ട്രീയത്തിന്റെ പേരില്‍ നടന്നത്. ഇദ്ദേഹമെന്താ മതം വേണ്ടെന്ന് പറയാത്തത്?
  കണ്ണൂരിലെ ചില പോക്കറ്റുകള്‍ ഒഴിച്ചാല്‍ സ്നേഹം വിളയുന്ന നാടാണ്. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യാത്ത കേരളത്തിലെ ഏക നാടാണ് കണ്ണൂര്‍. ഈ നന്മകള്‍ കാണാന്‍ കണ്ണില്ലാതെ പഴകി തുരുമ്പിച്ച വാദങ്ങളുമായി താങ്കളെപോലൊരാള്‍ വരുന്നതു കാണുമ്പോള്‍ സഹതാപമുണ്ട്.

  ReplyDelete
  Replies
  1. ഈ പോസ്റ്റില്‍ "കണ്ണൂര്‍" എന്ന വാക്ക് തന്നെ ഉപയോഗിച്ചിട്ടില്ല എന്നിട്ടും അത് വായിച്ചപ്പോള്‍ കണ്ണൂരാണ് നിങ്ങളുടെ മനസ്സിലേക്ക് ആദ്യം എത്തിയത്‌ എങ്കില്‍ കണ്ണൂര്‍ ഈ അവസ്ഥയില്‍ എത്തിയതിനെ കുറിച്ച് ശരിക്കും ചിന്തികേണ്ടതല്ലേ???

   പോസ്റ്റില്‍ പറയാത്ത കാര്യങ്ങളേക്കാള്‍ തോന്നലുകള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ ???
   പോസ്റ്റ്‌ വായിക്കുമ്പോള്‍ തുറന്ന മനസ്സോടെ മനസ്സിലാലാക്കി വായിച്ചിരുന്നു എങ്കില്‍ താങ്കള്‍ക്ക് ഈ ആശയ കുഴപ്പം ഉണ്ടാകില്ലായിരുന്നു.

   ഇപ്പോള്‍ ഞാന്‍ പോസ്റ്റില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ആണ് നിങ്ങള്‍ ശ്രമിക്കുന്നത്. അതായത് "രാഷ്ട്രീയ കൊലപാതകങ്ങളെ നിസ്സാരവല്ക്കരിക്കാന്‍" ശ്രമിക്കുന്നു.

   മതം വേണ്ട എന്ന് പറഞ്ഞവര്‍ പോലും മത നേതാക്കളുടെ പിന്നാലെ പോകുന്നത് ആണല്ലോ നാം കാണുന്നത്.
   "രാഷ്ട്രീയം വേണ്ട" എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ ????
   കൊലപാതക രാഷ്ട്രീയം വേണ്ട എന്നാണ് പറഞ്ഞിട്ടുള്ളത്.
   "കൊലപാതകം മതത്തിന്റെ പേരില്‍ ഉള്ളതായാലും രാഷ്ട്രീയത്തിന്റെ പേരില്‍ ഉള്ളതായാലും എതിര്‍ക്കപ്പെടണം" എന്ന് പോസ്റ്റില്‍ പറഞ്ഞത്‌ താങ്കള്‍ കണ്ടില്ലേ ????

   കണ്ണൂരിനെ കുറിച്ച് ഒരു വാക്കു പോലും പോസ്റ്റില്‍ പറയാതിരുന്നിട്ടും താങ്കള്‍ കണ്ണൂരിനെ കുറിച്ച് പറയുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു.

   Delete
 7. ഇന്ത്യയില്‍ രാഷ്ട്രീയ കൊലപാതകങ്ങളിലെക്കാള്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുള്ളത് വര്‍ഗീയലഹളകളിലാണ്. ബാബരി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതിന് ശേഷവും ഗുജറാത്തിലും മാറാടും ഒക്കെ നടന്നതില്‍ രാഷ്ട്രീയമായിരുന്നോ അതോ മതാന്ധതയായിരുന്നോ പ്രശ്നം?
  മതങ്ങളും മതങ്ങളിലെ ഉപ വിഭാഗങ്ങളും തമ്മില്‍ തമ്മില്‍ ഉണ്ടാകുന്ന കലാപങ്ങള്‍ അവസാനിപ്പിക്കാന്‍ ഏതു പുരോഹിതനാണ് മുന്‍കൈ എടുക്കുന്നത്?
  മതത്തിന്‍റെ പേരില്‍ ഞങ്ങള്‍ അക്രമവും കൊലപാതകവും നടത്തിയിട്ടില്ല എന്ന് നെഞ്ചില്‍ കൈ വെച്ച് പറയാവുന്ന ഏതു പുരോഹിതനാണ് ഇവിടെ ഉള്ളത്?
  ഏതു മതത്തിന്‍റെ നഗ്നതയിലാണ് രക്തക്കറ പുരളാത്തത്?
  സംശുദ്ധി രാഷ്ട്രീയത്തില്‍ മാത്രം മതിയോ?

  ReplyDelete
  Replies
  1. അന്ധത മതത്തിന്റെ പേരില്‍ ഉള്ളതായാലും, രാഷ്ട്രീയത്തിന്റെ പേരില്‍ ഉള്ളതായാലും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.

   രാഷ്ട്രീയം മാത്രമാണ് കൊലപാതകങ്ങള്‍ക്ക് കാരണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

   രാഷ്ട്രീയത്തിലെ കൊലപാതകങ്ങളെ പറ്റി പറയുമ്പോള്‍ മതങ്ങളുടെ പേരില്‍ നടന്ന കൊലപാതകങ്ങളുടെ പറ്റി പറഞ്ഞ് "മതത്തിന്റെ പേരില്‍ നടക്കുന്നുണ്ടല്ലോ പിന്നെ എന്താ രാഷ്ട്രീയക്കാര്‍ക്ക്‌ ആയിക്കൂടെ" എന്ന നിലപാടിലേക്ക്‌ ആണ് എത്തുന്നത്.

   സംശുദ്ധി രാഷ്ട്രീയത്തില്‍ മാത്രം പോര. മതത്തിലും വേണം. മറ്റു എല്ലാ വിഷയങ്ങളിലും വേണം.

   മതത്തിന്റെ പേരില്‍ ചിന്തുന്ന ചോര, രാഷ്ട്രീയത്തിന്റെ പേരില്‍ ചിന്തുന്ന ചോരക്ക് ന്യായീകരണം ആവുന്നില്ല.അങ്ങിനെ ചോര ചിന്താനുള്ള ലൈസന്‍സും ആവുന്നില്ല. മറിച്ചും....

   Delete
  2. ഡോക്ടര്‍ തിരൂര്‍ എന്തു പറഞ്ഞാലും ലേഖകന്‍ താങ്കളുടെ ചോദ്യത്തിനുത്തരം തരില്ല. തന്നാല്‍ അദ്ദേഹം ഈ പോസ്റ്റിലൂടെ ഉദ്ദേശിയ്ക്കുന്ന ലക്ഷ്യം നടക്കില്ല...

   Delete
  3. എന്റെ കമന്റുകളില്‍ ചോദ്യങ്ങള്‍ക്ക്‌ ഉള്ള ഉത്തരം നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയുന്നില്ലെങ്കില്‍ അത് രണ്ടു കണ്ണ് കൊണ്ടും നോക്കത്തത്തിന്റെ കുറവ് കൊണ്ടാണ്.

   ഇപ്പോഴും കൊലപാത രാഷ്ട്രീയത്തെ എതിര്‍ക്കുകയല്ല നിങ്ങള്‍ ചെയ്യുന്നത്. മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതക കണക്കുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുകയാണ് എന്ന കാര്യമെങ്കിലും തിരിച്ചറിയുക....

   ഈ പോസ്റ്റിലൂടെ ഞാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം നടക്കില്ല എന്ന് നിങ്ങള്‍ പറയുമ്പോള്‍ "കൊലപാത രാഷ്ട്രീയം അവസാനിപ്പാക്കാനുള്ള ഉദ്ദേശ്യം നടക്കില്ല" എന്നാണ് നിങ്ങള്‍ പറയുന്നതെന്ന കാര്യം തിരിച്ചറിയുന്നുണ്ടോ ????????????????????????????????

   Delete
  4. മതത്തെ സ്വന്തം നേട്ടത്തിന് ഉപയോഗപ്പെടുത്താത്ത ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ് ഉള്ളതെന്ന് ബിജുവും,ആര്‍ കെയും സത്യസന്ധമായി ഒന്ന് പറഞ്ഞു തരുമോ ?

   Delete
  5. സ്വന്തം നേട്ടത്തിനായി രാഷ്ട്രീയ പാര്‍ട്ടികളോട് വിലപേശാത്ത ഏതു മത നേതാവാണ്‌ ഇവിടെ ഉള്ളതെന്ന് കൂടി പറയുക...

   Delete
  6. ഈ ചോദ്യം ആണോ അക്രമ രാഷ്ട്രീയത്തിന് എതിരെയുള്ള നിങ്ങളുടെ മറുപടി ?????

   മതനേതാക്കള്‍ സ്വന്തം നേട്ടത്തിനായി രാഷ്ട്രീയ പാര്‍ട്ടികളോട് നടത്തുന്ന വിലപേശല്‍ തെറ്റ് തന്നെയാണ്.
   അങ്ങിനെ വിലപേശല്‍ നടത്തുന്നത് ആക്രമരാഷ്ട്രീയം നടത്താന്‍ ഉള്ള ന്യായീകരണം ആവുന്നുനണ്ടോ ????

   Delete
 8. ബാബരി മസ്ജിദും, ഗുജറാത്തും, മാറാടും ഒക്കെ സംഭവിച്ചതില്‍ രാഷ്ട്രീയ സംഘടനകളുടെ കൂടി കൈകളില്‍ കറ പുരണ്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ നടന്ന ഒട്ടുമിക്ക വര്‍ഗീയ കലാപങ്ങളുടെയും പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ തന്നെയായിരുന്നു. അതൊക്കെ മറച്ചു വെച്ച് മതങ്ങളാണ് കലാപങ്ങള്‍ ഉണ്ടാക്കുന്നത്‌ എന്ന് കാടടച്ചു വെടി വെക്കുന്നത് ശരിയല്ല ആര്‍ . കെ തിരൂര്‍ ..നന്നായിട്ടുണ്ട് അബ്സര്‍ ആശംസകള്‍

  ReplyDelete
  Replies
  1. അതെ...
   മതത്തിന്റെ പേരില്‍ ഉണ്ടായ പല കലാപങ്ങള്‍ക്കും പിന്നില്‍ രാഷ്ട്രീയക്കാരുടെ കരങ്ങള്‍ തന്നെ ആയിരുന്നു.
   മതത്തില്‍ ഉള്ള വികാരം രാഷ്ട്രീയക്കാര്‍ നന്നായി മുതലെടുത്തു.
   അതിന്റെ ഗുണം രാഷ്ട്രീയക്കാര്‍ക്കും, ചീത്തപ്പേര് മതങ്ങള്‍ക്കും !!!!

   തല്ലു കൊള്ളാന്‍ ചെണ്ട, പണം വാങ്ങാന്‍ മാരാര് - എന്ന് പറഞ്ഞ പോലെ....

   Delete
  2. ആരെങ്കിലും വന്നു മുതലെടുക്കാന്‍ നോക്കുമ്പോളേക്കും അങ്ങ് വീണു പോകുന്ന മന്ദബുദ്ധികളാണോ മത വിശ്വാസികള്‍?
   ആണെങ്കില്‍ തന്നെ അവരെ തിരുത്താനും അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കഴിവില്ലാത്തവരാണോ അവരെ നയിക്കുന്നു എന്ന് പറയപ്പെടുന്ന പുരോഹിതന്മാര്‍?

   Delete
  3. പല മന്ദബുദ്ധികളും രാഷ്ട്രീയക്കാരുടെ മുതലെടുപ്പില്‍ വീണു പോകുന്നത് പോലെ മത വിശ്വാസികളും വീണു പോകുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്.
   പാര്‍ട്ടിയിലെ നേതാക്കന്മാര്‍ക്ക്‌ എന്തുകൊണ്ട് ഒക്കെയാണോ തങ്ങളുടെ അനുയായികളെ അക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയാത്തത് ആ കാരണങ്ങള്‍ പുരോഹിതര്‍ക്കും ബാധകം ആവുന്നുണ്ട്.
   എല്ലാ പുരോഹിതന്മാരെയും എല്ലാ വിശ്വാസികളും അനുസരിക്കുന്നുണ്ട് എന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റ് മാത്രം ആണ്.

   Delete
 9. തനിക്കു ചൂടുമ്പോള്‍ പുട്ടി ഇട്ടു ഇരിക്കും എന്നൊരു ചൊല്ലുണ്ട് ഇവിടങ്ങളില്‍
  പണ്ട് കാലത്ത് കര്‍ഷക തൊഴിലാളികള്‍ പണിക്കു പോകുമ്പോള്‍
  പ്രത്യേകിച്ച് സ്ത്രീകള്‍ മുതുകില്‍ വെയില് കൊള്ളതിരിക്കാനും
  മഴ വരുമ്പോള്‍ നനയാതെ ഇരിക്കാനും
  തഴ കൊണ്ട് രണ്ടു അട്ടിയായി ഒരു പായ നെയ്തു കോണ്‍ ആകൃതിയില്‍ ആകി ചൂടും
  ചതുരത്തില്‍ മടക്കി കൂടെ കൊണ്ട് നടക്കും
  തഴ എന്നാല്‍ കൈത ഓല
  രാത്രി തന്നുകുംപോള്‍ കുടിലില്‍ ആദ്യം ഇത് സ്ത്രീകള്‍ എടുത്തു പുതക്കും..
  അപ്പോള്‍ പുരുഷന്മാര്‍ കളിയാക്കും.എന്നാല്‍ ഉള്ളിലെ കള്ള് ഇറങ്ങുമ്പോള്‍
  അവര്‍ക്ക് തണുക്കും..
  ഉടനെ അവരും ഒരു പുട്ടി എടുത്തു പുതക്കും
  അതാണ്‌ ഈ തനിക്കു ചൂടുമ്പോള്‍ പുട്ടി ഇട്ടു ഇരിക്കും എന്നാ ചൊല്ല്
  മരിക്കുന്നത് നമുക്ക് പ്രീയപെട്ടവര്‍ ആവുന്നത് വരെ നമുക്ക് അതിന്റെ വേദന മനസിലാവില്ല
  സി പി എമ്മില്‍ എന്നും പല തരാം കമ്മിറ്റികള്‍ സ്ഥിരം ഉണ്ടാവും..
  സഖാക്കള്‍ മിക്കവാറും
  ഏതെങ്കിലും ഒരു കസേരയില്‍ ആവും സ്ഥിരം ഇരിക്കുക..
  ഒഴിഞ്ഞ ആ കസേര ബാക്കി എല്ലാവരെയും ഭ്രാന്തു പിടിപ്പിക്കും
  സംസാരിക്കാന്‍ എഴുനെല്‍ക്കുന്നവര്‍ക്ക് സംസാരിക്കാന്‍ കഴിയില്ല..
  അനുഭവം പലരും പറയുന്ന കേട്ടിട്ടുണ്ട്
  ഉറ്റവര്‍ മരിക്കുമ്പോള്‍ പലരും കരയുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്‌..എന്തിനു കരയണം..
  മരണം അനിവാര്യമാണ്.അത് ഒഴിവാക്കാന്‍ കഴിയില്ല
  കരഞ്ഞാല്‍ മരിച്ച ആള്‍ തിരിച്ചു വരുമോ എന്നൊക്കെ

  ജീവിതത്തിലെ എനിക്ക് ഏറ്റവും പ്രീയപെട്ട ഇളയ സഹോദരന്‍ പെട്ടന്ന് മരിച്ചപ്പോള്‍..
  എനിക്ക് ചില വന്യമായ ഭാവങ്ങള്‍ ഉണ്ടായി..
  ചേട്ടന്റെ മുഖം പിന്നെയും പിന്നെയും കാണണം..
  അത് തൊട്ടു നോക്കണം..
  പള്‍സ് പിടിച്ചു നോക്കണം..
  കെട്ടി പിടിക്കണം..
  ചുമ്മാ നോക്കി നിന്നതെ ഉള്ളൂ ഞാന്‍..
  കണ്ണില്‍ നിന്നും അങ്ങിനെ ഒഴുകുന്നത്‌ ഞാന്‍ അറിഞ്ഞതെ ഇല്ല..
  പിന്നെ ഏതാണ്ട് ഒന്നര വര്ഷം..
  ബസില്‍ യാത്ര ചെയ്യുമ്പോഴോ.
  .ഉറങ്ങാന്‍ കിടക്കുമ്പോഴോ
  തനിയെ ഇരുന്നാലോ..
  അപ്പോള്‍ ചെടനെ ഓര്‍മ്മ വരും..
  കണ്ണുകള്‍ നിറഞ്ഞു ഒഴുകാന്‍ തുടങ്ങും ..
  ബസില്‍ ഇരുന്നു വായിക്കാന്‍ കണ്ണ് അനുവദികഞ്ഞിട്ടും
  എല്ലായ്പ്പോഴും വായിച്ചോ എഴുതിയോ
  ആരോടെങ്കിലും സംസാരിച്ചോ.
  .ഭ്രാന്തു പോലെ കഴിഞ്ഞ ഒരു വര്ഷം..
  നല്ല നിയന്ത്രണം ഉള്ള എന്റെ മനസിന്റെ നിസ്സഹായമായ വേദന ഞാന്‍ അങ്ങിനെയാണ് അറിഞ്ഞത്
  മരണം..
  സഖാവിന്റെ ആയാലും
  ലീഗുകാരന്റെ ആയാലും
  സഘ് പരിവാറുകാരന്റെ ആയാലും.
  അതിന്റെ വേദന അസഹനീയം തന്നെ
  അതിന്റെ പരിണത ഫലം ആരായാലും അനുഭവികേണ്ടി വരികയും ചെയും
  നമ്മള്‍ കാഴ്ചക്കാര്‍ പറയുന്ന ന്യായങ്ങള്‍..അവര്‍ക്ക് mansilavukayum lla..

  ReplyDelete
  Replies
  1. കണ്ണുള്ളവര്‍ ഈ കമന്റ് കാണട്ടെ !!!
   മനസാക്ഷിയുള്ളവര്‍ മരണം ഏല്‍പ്പിക്കുന്ന വേദനകള്‍ തിരിച്ചറിയട്ടെ...!!!

   Delete
  2. ഇവിടെ ഒരാളും കൊലപാതകത്തെ ന്യായീകരിച്ചിട്ടില്ല. ആരുടെ മരണവും ദു:ഖകരം. എന്നാല്‍ ആ പേരില്‍ രാഷ്ട്രീയം മോശം എന്ന വാദത്തോടു യോജിയ്ക്കാനാവില്ല. അരാജകത്വം അതിലും ഭീകരമാണ്. വിരലില്‍ എണ്ണാവുന്ന ചില സംഭവങ്ങളെ വെച്ച് അരാജകത്വം വളര്‍ത്തുന്ന ചിന്തകളെ ന്യായീകരിയ്ക്കാനാവില്ല. സംശുദ്ധമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ധാരാളം പേരുണ്ട്. അല്ലാത്തവരുമുണ്ട്. അത് ദൈവത്തിന്റെ പേരിലുള്ള മതങ്ങളിലുമുണ്ട്. ഒരു വിഷയത്തെ സമഗ്രമായി കാണാതെ അറ്റം മുറിയും വെച്ച് വാദിയ്ക്കുന്നത് ശരിയല്ലെന്നേ പറഞ്ഞിട്ടുള്ളു. നാട്ടിലെ ക്വട്ടേഷന്‍, പിടിച്ചു പറി, പീഡന കൊലപാതകങ്ങള്‍ക്കുള്ള ഉത്തരവാദിത്വം ആര്‍ക്ക്? ആരെ കുറ്റപ്പെടുത്തണം?

   Delete
  3. കൊലപാത രാഷ്ട്രീയത്തെ പറ്റി പറയുമ്പോള്‍ മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ പറ്റി പറയുന്നതിന്റെ ഉദ്ദേശ്യം മറ്റെന്താണ്???

   രാഷ്ട്രീയം മോശമാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ????
   കൊലപാതക / അക്രമ രാഷ്ട്രീയം മോശമാണ് എന്നല്ലേ പറഞ്ഞിട്ടുള്ളത്‌ ????

   കൊലപാതകവും അക്രമവും ഉണ്ടെങ്കിലേ രാഷ്ട്രീയം നിലനില്‍ക്കൂ എന്നതാണോ താങ്കളുടെ അഭിപ്രായം ???

   അക്രമവും കൊലപാതകവും നടത്താത ഒരു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഒന്ന് പറഞ്ഞ് തരുവാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു....

   കൊലപാതക / അക്രമ രാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോള്‍ പീഡനത്തെയും, കൊട്ടേഷനെയും, പിടിച്ചു പറിയെയും പറ്റി പറഞ്ഞ് വിഷയം തിരിച്ചു വിടാന്‍ ശ്രമിക്കുന്നത് മാന്യതയാണോ????

   രാഷ്ട്രീയ കൊലപാതകത്തെ പറ്റി സംസാരിക്കുമ്പോള്‍ അതിനെ കുറിച്ച് പറയുന്നതല്ലേ നല്ലത്.....

   "ഉപ്പുമാങ്ങ എവിടെ എന്ന് ചോദിക്കുമ്പോള്‍ കുന്തം കിണറ്റില്‍ വീണു" എന്ന് പറയുന്ന രീതിയില്‍ ആണോ സംസാരിക്കേണ്ടത് ?????

   Delete
 10. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പക്വത ഉണ്ടെന്നു കരുതിയാണ് കൂടുതല്‍ വിശദീകരണം ഉള്‍പ്പെടുത്താതിരുന്നത്.
  കണ്ണൂരിനെ പരാമര്‍ശിയ്കാന്‍ കാരണം ലേഖനത്തിലെ നിങ്ങളുടെ ആദ്യവാചകമാണ്. പത്രം വായിയ്ക്കുന്നവര്‍ക്കറിയാം അതേതുസ്ഥലത്തെ പറ്റിയാണെന്ന്. എന്നിട്ട് ഞാന്‍ കണ്ണൂരിനെ പറ്റി പറഞ്ഞില്ലല്ലോ എന്നു പറഞ്ഞാല്‍, സുല്ല്. അത്രയേ പറയാനുള്ളു.
  രാഷ്ട്രീയ അക്രമത്തെ പറ്റി മാത്രം എന്തേ ബേജാര്‍? രാഷ്ട്രീയം കൊള്ളില്ല എന്നു തോന്നിയാല്‍ ഒരാള്‍ക്ക് അവസാനിപ്പിയ്ക്കാം, പാര്‍ടി മാറാം. മതം അതനുവദിയ്ക്കുമോ? മതത്തിന്റെ പേരിലുള്ള വൈരാഗ്യം രാഷ്ട്രീയ വൈരാഗ്യത്തെക്കാള്‍ എത്രയോ പതിന്മടങ്ങാണ്. ബാബറി മസ്ജിദിന്റെയും മാറാടിന്റെയും ഗുജറാത്തിന്റെയും ഒക്കെ പിന്നിലുള്ള “രാഷ്ട്രീയപാര്‍ടികള്‍” രാഷ്ട്രീയദര്‍ശനമായി മതത്തെ ഉപയോഗിയ്ക്കുന്നവരാണെന്ന് ആര്‍ക്കാണറിയാത്തത്? മതം രാഷ്ട്രീയ വേഷം കെട്ടി കാണിക്കുന്ന അക്രമത്തിനും കുറ്റം രാഷ്ട്രീയത്തിന്..! ഹഹ കൊള്ളാം...
  നിങ്ങള്‍ ഈ ലേഖനത്തില്‍ ഉന്നം വെയ്ക്കുന്നതെന്താണെന്നും ആരെയാണെന്നും ആര്‍ക്കും മനസ്സിലാകും. ഇന്നു ലോകത്തുണ്ടാകുന്ന അക്രമത്തിലും ചോരചൊരിച്ചിലിലും മതങ്ങള്‍ക്കുള്ള പങ്ക് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകും.
  രാഷ്ട്രീയപാര്‍ടികള്‍ എപ്പൊഴും ജനവിചാരണയ്ക്ക് വിധേയരാണ്. അവര്‍ തെറ്റുചെയ്താല്‍ ജനം തന്നെ തിരുത്തും. മതം ചെയ്യുന്ന തെറ്റുകളെ തിരുത്താന്‍ ആര്‍ക്കാണു സാധിയ്ക്കുക...?????

  ReplyDelete
  Replies
  1. ആദ്യ വാചകം "കൊലപാതക രാഷ്ട്രീയം തുടരുകയാണ്" എന്നതാണ്.
   അപ്പോള്‍ നിങ്ങള്‍ കണ്ണൂരിനെ കുറിച്ച് ചിന്തിക്കണം എങ്കില്‍ കണ്ണൂരില്‍ നടന്നത് കൊലപാതക രാഷ്ട്രീയം ആണ് എന്ന് നിങ്ങള്‍ അംഗീകരിക്കുകയാണല്ലോ ചെയ്യുന്നത്.

   കൊലപാതകം എന്ന് പറയുമ്പോള്‍ കണ്ണൂര്‍ നിങ്ങളുടെ മനസ്സിലേക്ക് എത്തിയല്ലോ...
   അത് മതി... സുല്ല്...

   മതം മാറാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന കാര്യം നിങ്ങള്‍ക്ക്‌ അറിയില്ലേ ???
   മത കലാപങ്ങള്‍ക്ക് രാഷ്ട്രീയക്കാര്‍ നേതൃത്വം നല്‍കുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ ????

   വൈരാഗ്യം എന്തിന്റെ പേരില്‍ ഉള്ളതായാലും അത് നല്ലതല്ല എന്ന് എന്തുകൊണ്ട് താങ്കള്‍ പറയുന്നില്‍.....

   രാഷ്ട്രീയ വൈരാഗ്യത്തെ നിസ്സാര വല്ക്കരിക്കാന്‍ മത വൈരഗ്യത്തെ കൂട്ട് പിടിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്....
   അപ്പോഴും ഈ പാപ ഭാരം ഏല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക്‌ മതം വേണം അല്ലേ ??????????

   രാഷ്ട്രീയം മത വേഷം കെട്ടി നടത്തുന്ന അക്രമത്തിനും കുറ്റം രാഷ്ട്രീയത്തിന് ആണ് എന്ന് സത്യസന്ധമായി പറയൂ....

   ഞാന്‍ ഈ പോസ്റ്റില്‍ ഉന്നം വെച്ചത് കൊലപാതക രാഷ്ട്രീയം കളിക്കുന്ന എല്ലാവരെയും ആണ്.
   മതത്തിന്റെ പേരില്‍ ഉള്ള കൊലപാതകത്തെയും ഉന്നം വെച്ചിട്ടുണ്ട്....
   അതായത് കൊലപാതകങ്ങള്‍ നടത്തുന്നവരെയാണ് ഉന്നം വെച്ചിട്ടുള്ളത് എന്ന് ചുരുക്കം.


   ഞാന്‍ ഉന്നം വെച്ചത് ആരൊക്കെയായിട്ടാണ് എന്ന് നിങ്ങള്‍ക്ക്‌ തോന്നുന്നത് എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം....

   രാഷ്ട്രീയ പാര്‍ട്ടികള്‍ ജനവിചാരണക്ക് വിധേയം ആകുന്നതു കൊണ്ട് തന്നെയാണല്ലോ ആര്‍ക്കും സ്ഥിരമായി ആ കസേരയില്‍ ഇരിക്കാന്‍ കഴിയാത്തത്. ഇതൊക്കെയാണോ കൊലപാതക രാഷ്ട്രീയത്തിനുള്ള ന്യായീകരണങ്ങള്‍ !!!!!

   മതം ചെയ്യുന്ന തെറ്റുകളെ തിരുത്തെണ്ടത് മതം ശരിക്ക് മനസിലാക്കിയവര്‍ തന്നെയാണ്.

   രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്ന് പറയാനുള്ള ആര്‍ജ്ജവം പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക്‌ ഇപ്പോഴും കഴിയാത്തതില്‍ കഷ്ടം തോന്നുന്നു.....

   പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പക്വത പ്രകടിപ്പിക്കൂ....

   Delete
  2. കണ്ണുര്‍ ഒരു കൊലപാതകം നടന്ന ഉടന്‍ കൊലപാതക രാഷ്ട്രീയത്തേക്കുറിച്ച് മൈതാന പ്രസംഗം നടത്തുന്നത് എന്തു മനസില്‍ വച്ചാണെനറിയാന്‍ ആരും പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. കേരളത്തിലെ പലയിടത്തും പല കൊലപാതകങ്ങളും ദിവസേന നടക്കുന്നുണ്ട്. റോഡില്‍ കൊല ചെയ്യപ്പെടുന്നവരുടെ കണക്ക് കേട്ടാലാരും അമ്പരന്നു പോകും. അപ്പോഴൊന്നും കാഅണാത്ത രോഷം അണപൊട്ടുന്നത് എന്തിനെന്നു തലയില്‍ ആള്‍താമസമുള്ള ആര്‍ക്കും പിടികിട്ടും.

   രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്ന് ആര്‍ജ്ജവത്തോടെ താങ്കളുള്‍പ്പടെയുള്ള അനേകം പേര്‍ പറഞ്ഞിട്ടും അതവസാനിച്ചോ? ഇനി കേരള മുഴുവന്‍ ചുവരെഴുത്തു നടത്തിയാല്‍ അതവസാനിക്കുമോ? അധരവിലാപങ്ങളല്ല വേണ്ടത്. കപട ആര്‍ജ്ജവവുമല്ല. യഥാര്‍ത്ഥ ആര്‍ജ്ജവം വേണം, എങ്കിലേ ഇതുപോലുള്ള ഹീനത അവസാനിക്കൂ. രാഷ്ട്രീയവും, രാഷ്ട്രീയ പാര്‍ട്ടികളും, രാഷ്ട്രീയ നേതാക്കളും ഒരു ദൈവവും കെട്ടിയിറക്കിയതല്ല. ജനങ്ങളില്‍ നിന്നും  വരുന്നതാണത്. ജനങ്ങള്‍ ആറാം കിട ആയാല്‍ നേതാക്കള്‍ ഏഴാം കിട ആകും. ജനങ്ങള്‍ ഒന്നാം കിട ആയാലേ രണ്ടാം കിട നേതാക്കളെയെങ്കിലും പ്രതീക്ഷിക്കാവൂ.

   മതം മാറാന്‍ ഇന്‍ഡ്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നും പറഞ്ഞ് ഗുജറാത്തില്‍ ചെന്ന് ആരെയെങ്കിലും മതം മാറ്റാന്‍ ശ്രമിച്ചാല്‍ വിവരം അറിയും. പക്ഷെ മതം മാറാന്‍ അനുവദിക്കാത്ത അനേകം ഭരണഘടനകളുണ്ട്. സൌദി അറേബ്യന്‍ പാകിസ്ഥാനി ഭരണഘടനകള്‍  അനുവദിക്കുന്നില്ല. മതം മാറിയാല്‍ കഴുത്തിനു മുകളില്‍ തല കാണില്ല. തല വേണമെന്നുള്ളവര്‍  മതം മാറാന്‍ ആഗ്രഹിച്ചാലും വേണ്ടെന്നു വയ്ക്കും. ഏത് മത വിശ്വാസമാണതിനു തടസം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അവിടങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്ല. മതാടിസ്ഥാനത്തിലുള്ള കൊലപാതകങ്ങളേ ഉള്ളു.
   ഇന്‍ഡ്യയില്‍ രാഷ്ട്രീയ കൊലപാതകങ്ങളുണ്ട്. അതിന്റെ ആയിരമിരട്ടി മതാടിസ്ഥാനത്തിലുള്ള കൊലപാതകങ്ങളുമുണ്ട്. പക്ഷെ കപട പ്രചാരകര്‍ അതൊന്നും അംഗീകരിക്കില്ല. അവര്‍ക്ക് മുഖം മൂടി വേണം.

   മലബാറിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേരളത്തില്‍ മുഴുവനുമുണ്ട്. പക്ഷെ ഈ വക കൊലപതകങ്ങള്‍ ഭരതപ്പുഴക്ക് വടക്കു മാത്രമേ ഉള്ളു. എന്തുകൊണ്ടാണിത്? രാഷ്ട്രീയമാണെങ്കില്‍ അത് കേരളം മുഴുവനും കാണേണ്ടതല്ലേ? കണ്ണൂരും പരിസര പ്രദേശങ്ങളിലും ആളുകള്‍ പരസ്പരം വെട്ടി ചാകുന്നു. വ്യക്തി വൈരാഗ്യത്ത്ന്റെ പേരില്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്കും രാഷ്ട്രീയ നിറം കൈവരുന്നു. ഈ കൊലപാതകങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് ആരും കടന്നു ചെല്ലാറില്ല. മുഖം മൂടി ധരിച്ച് അതിനുള്ളില്‍ ഇരുന്ന്, രാഷ്ട്രീയത്തെ അടച്ചാക്ഷേപിക്കുന്നു. രാഷ്ട്രീയം അത്ര മോശമാണെങ്കില്‍ പകരം എന്തു വ്യവസ്ഥിതിയാണ്, ഇവര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ദൈവം കെട്ടിയിറക്കിയ ദൈവീക വ്യവസ്ഥിതിയാണോ? കുറ്റം പറയാന്‍ പ്രത്യേക കഴിവൊന്നും വേണ്ട. എല്ലില്ലാത്ത ഒരു നാവു മാത്രം മതി. പക്ഷെ പ്രശ്ന പരിഹാരത്തിനു കഴിവ് എന്ന ഒരു സംഗതി കൂടി വേണം.

   Delete
  3. കണ്ണൂരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ കൊലപാതകം അല്ലേ???
   അതോ അത് ഒരു പുണ്യ കര്‍മ്മം ആണോ ?
   അതോ ഇനി കണ്ണൂരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക്‌ എതിരെ മൈതാന പ്രസംഗം നടത്താന്‍ പാടില്ല എന്നി ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടോ??????

   കൊലപാതകം ആര്, എന്തിന്റെ പേരില്‍ നടത്തിയാലും അത് തെറ്റാണ് എന്ന് പോസ്റ്റില്‍ പറഞ്ഞത് കാളിദാസന്‍ വായിച്ചില്ലേ???
   അത് വായിച്ചിട്ടും കണ്ണൂരിന്റെ പേര് പോലും പറയാതിരുന്ന ഒരു പോസ്റ്റില്‍ കണ്ണൂരിനെ മാത്രമാണ് ഉദ്ദേശിച്ചത് താങ്കള്‍ വരുത്തി തീര്‍ക്കുന്നത് എന്തിനാണ് എന്ന് തലയില്‍ ആള്‍ താമസം ഇല്ലാത്തവര്‍ക്ക്‌ പോലും മനസ്സിലാവും !!!

   കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്ന് പലരും പറഞ്ഞിട്ടും അത് അവസാനിക്കാത്തതു കൊണ്ട് ഇനി അതേ കാര്യം വീണ്ടും പറയാന്‍ പാടില്ലേ????

   താങ്കള്‍ ഈ രാഷ്ട്രീയ കൊലപാതക വിഷയത്തിലേക്ക് മതം മാറല്‍ വിഷയം കൊണ്ട് വരുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ല !!! താങ്കള്‍ക്ക് ഒരു മതത്തോട് ഉള്ള വിദ്വേഷം പ്രകടിപ്പിക്കാനുള്ള പോസ്റ്റ്‌ അല്ല ഇത്. മതവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ വേറെയുണ്ട്. താങ്കളുടെ മത വിരോധം അവിടെ പ്രകടിപ്പിക്കൂ... മറുപടി തരാം.

   ഇന്ത്യയില്‍ മാതാടിസ്ഥാനത്തിലുള്ള കൊലപാതകങ്ങള്‍ക്ക് മുഖ്യകാരണം രാഷ്ട്രീയക്കാര്‍ തന്നെയാണ്. രാഷ്ട്രീയക്കാര്‍ മതങ്ങളെ വെച്ച് മുതലെടുപ്പ്‌ നടത്തുമ്പോള്‍ അത് കൊലപാതകങ്ങളിലും അക്രമങ്ങളിലും എത്തുന്നു. പോസ്റ്റില്‍ പറഞ്ഞപോലെ മതത്തിന്റെ പേരില്‍ ഉള്ള കൊലപാതകത്തെ നികൃഷ്ടവല്‍ക്കരിക്കാനും, രാഷ്ട്രീയ കൊലപാതകങ്ങളെ പുണ്യവല്‍ക്കരിക്കാനും അല്ലേ നിങ്ങള്‍ ശ്രമിക്കുന്നത് ???

   ഒരു മതത്തിനും മുഖം മൂടി ആവശ്യമില്ല. മുഖംമൂടി അണിഞ്ഞു മുതലെടുപ്പ് നടത്താന്‍ മതം പഠിപ്പിക്കുന്നില്ല. എന്നാല്‍ മതം പറഞ്ഞു മുതലെടുപ്പ്‌ നടത്തുന്നവര്‍ മുഖം മൂടി അണിയുന്നുണ്ട് എന്നത്‌ വാസ്തവമാണ്. അതിനെ മതത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അങ്ങിനെ ചെയ്യുന്നവരെ മാത്രം കുറ്റപ്പെടുത്തുക.

   ഭാരതപ്പുഴക്ക് വടക്ക് മാത്രമേ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുള്ളൂ????
   അതിനേക്കാള്‍ യോജിക്കുക്ക കണ്ണൂരില്‍ ആണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുള്ളത്‌ എന്ന് പറയുന്നതാവില്ലേ ???

   രാഷ്ട്രീയ വൈരാഗ്യം വ്യക്തി വൈരാഗ്യത്തിലേക്ക് മാറുകയും പരസ്പരം വെട്ടി ചാവുകയും ചെയ്യുന്നു - എന്ന് തിരുത്തുക.
   എന്നിട്ട് അതിനെ വ്യക്തി വൈരാഗ്യം കൊണ്ടുള്ള കൊലപാതകം ആയി വ്യാഖ്യാനിക്കാന്‍ നിങ്ങളെ പോലെയുള്ളവര്‍ ശ്രമിക്കുന്നു. എന്നാല്‍ അതിന്റെ മൂല കാരണം രാഷ്ട്രീയമാണെന്ന വസ്തുത കണ്ണടച്ച് കണ്ടില്ലെന്നു നടിക്കരുത്.

   രാഷ്ട്രീയം മോശമാണ് എന്നാരു പറഞ്ഞു ?
   രാഷ്ട്രീയവും ജനാതിപത്യവും മഹത്തായ ആശയം തന്നെയാണ്. എന്നാല്‍ ക്രിമിനലുകളും അഴിമതിക്കാരും രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയം മോശമായി മാറുന്നു. രാഷ്ട്രീയം അല്ല ഒഴിവാക്കേണ്ടത്, മറിച്ചു രാഷ്ട്രീയം വെച്ച് മുതലെടുപ്പ്‌ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും, നേതാക്കന്മാരും ആണ് കുറ്റക്കാര്‍.
   മതത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. മതമല്ല പ്രശ്നം. മതം മുതലെടുപ്പിനായി ഉപയോഗിക്കുന്നവരാണ് പ്രശ്നക്കാര്‍.

   അതെ, മതങ്ങളെ കുറ്റം പറയാനും എല്ലില്ലാത്ത ഒരു നാവു മാത്രം മതി. മതം പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ "പലരും" ചെയ്തു കൊണ്ടിരിക്കുന്നത് അതാണല്ലോ.
   പക്ഷേ കൊലപാതങ്ങളിലെ തെറ്റ് കണ്ടെത്താന്‍ മഹാ പാണ്ഡിത്യം ഒന്നും ആവശ്യമില്ല.
   കൂടുതല്‍ ആളുകള്‍ കൊലപാതകത്തിനു എതിരെ സംസാരിക്കുമ്പോള്‍ ഒരു ആളുടെ എങ്കിലും മനസ്സ് മാറിയാല്‍ അത് ഒരു നല്ല കാര്യം അല്ലേ???

   പ്രശ്ന പരിഹാരത്തിനുള്ള കഴിവ് എന്ന സംഗതി താങ്കള്‍ക്ക് ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് താങ്കള്‍ ഈ കൊലപാതക രാഷ്ട്രീയത്തിന് പരിഹാരം കാണുമല്ലോ !!!

   Delete
 11. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവയുടെ കാല്‍ക്കീഴില്‍ വളരുന്ന സമൂഹം വളര്‍ത്തി എടുക്കണം അതിന്നാണ് ഇങ്ങനെ പഠിപ്പിക്കുന്നത്‌.... എതിര്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു നല്ല ലേഖനം ഭായീ

  ReplyDelete
 12. എത്രകാലമായ് നാം പറയുകയും പരിഭവിക്കുകയും ചെയ്യുന്നു.എന്നിട്ടും ആരുടെയും കണ്ണുതുറക്കുന്നില്ല.അതോ ഉറക്കം ഭാവിക്കുന്നതോ....

  ReplyDelete
 13. ഉറങ്ങുന്നവനെ ഉണര്‍ത്താം
  ഉറക്കം നടിക്കുന്നവനെയോ ?
  അതേ പോലതന്നെ ഉള്ള മറ്റൊരു കൂടരും ഉണ്ട് ഇവിടെ
  രാക്ഷ്ട്രീയത്തിന്റെയും മതത്തിന്റെയും
  അന്തത ബാധിച്ചവര്‍
  ഇവരാണ് ഈ നാട്ടിന്റെ ശാപം
  ഇവരാണ് ഭൂരിപക്ഷം
  പിന്നെ എങ്ങിനെ നാടു നന്നാവാന്‍

  ReplyDelete
 14. ഭീകരം ......നന്നായി അവതരിപ്പിച്ചു ..ആശംസകള്‍

  ReplyDelete
 15. പേടിയാണ് ഇന്ന്

  നല്ല വതരണം

  ReplyDelete
 16. NALEYUDE NANMAKKAYI NAMMUNNICHU PRARTHIKKAM ALLATHENTHAAA CHEYYAN KAZHIYUKA?

  ReplyDelete
 17. നല്ല അവതരണം
  യെതിര്‍ക്കെണ്ടാതാണ് പക്ഷെ ?
  ആശംസകള്‍

  ReplyDelete
 18. അക്രമം നിര്‍ത്താന്‍ മുന്‍കൈ എടുക്കേണ്ടവര്‍ തന്നെയാണ് അക്രമത്തിന് നേതൃത്വം കൊടുക്കുന്നത്.

  ReplyDelete
 19. അബ്സര്‍ ഭായ്‌, ലേഖനം ആയിച്ചു, കാലിക പ്രസക്തം. രാഷ്ട്രീയ കൊലപാതകങ്ങളെ ശക്തമായി എതിര്‍ക്കപ്പെടേണ്‌ടതുണ്‌ട എന്ന്‌ തന്നെയാണ്‌ എന്‌റേയും അഭിപ്രായം. എന്ത്‌ കൊണ്‌ട്‌ ഇത്‌ സംഭവിക്കുന്നു, മൂല കാരണമെന്ത്‌ എന്നെല്ലാം അന്വേഷിച്ച്‌ കണ്‌ടെത്തിയാല്‍ ഒരു പരിധി വരെ ഇതില്‍ നിന്നു മോചിതരാവാന്‍ കഴിയുമെന്ന്‌ തോന്നുന്നുവെങ്കിലും പ്രകോപനമരമായ പല ചെയ്തികളില്‍ നിന്നും ദൈനംദിനമായി ഉണ്‌ടാകുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ നിന്നും ഇവയൊന്നും അടുത്തകാലത്ത്‌ അവസാനിക്കാന്‍ പോകുന്നതല്ല എന്ന്‌ തോന്നുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തേയും യുവജന പ്രസ്ഥാനങ്ങളേയും പലകാര്യങ്ങള്‍ക്കും നമ്മള്‍ അഭിനന്ദിക്കേണ്‌ടതുണ്‌ട്‌. എന്നാല്‍ ചില സമയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുറ്റെ ചട്ടുകമായി മാറുന്നു എന്നത്‌ വിസ്മരിച്ച്‌ കൂട. ആശംസകള്‍

  ReplyDelete
 20. ഇതൊക്കെ പറയാമെന്നല്ലാതെ...
  ഭായ്.. നല്ല ലേഖനം...

  ReplyDelete
 21. ഡോക്ടര്‍ ഇവിടെ ഇട്ട ചിത്രങ്ങളും വല്ലതെ തീവ്രമാണ് .അവതന്നെ എല്ലാം പറയുന്നുണ്ട്.-വിവേകം വിചാരത്തിനു കീഴടങ്ങാത്ത രാഷ്ട്രീയ കാലാവസ്ഥയുള്ള ഒരു കാലം വരുമെന്നു നമുക്ക് പ്രത്യാശിക്കാം....

  ReplyDelete
 22. രക്ത സാക്ഷികൾ സിന്ദാബാദ്..!!!

  ഇതില്ലെങ്കിൽ പിന്നെന്ത് രാഷ്ട്രീയം കോയാ..!!

  ReplyDelete
 23. സാമൂഹിക പ്രാധാന്യമുള്ള ലേഖനം..വളരെ നന്നായിരിക്കുന്നു .

  ReplyDelete
 24. അബ്സര്‍ ജി ഒരു പോസ്റ്റ് ഇട്ടാലോന്നും നാട് നന്നാവില്ല എന്നാലും നമ്മള്‍ നമ്മളാല്‍ ആവുന്നത് ചെയ്യണം അത് നിങ്ങള്‍ ചെയ്തു എന്നതാണ് താങ്കള്‍ പറഞ്ഞ അഭിപ്രായങ്ങളോട് നൂറു ശതമാനം യോജിക്കുന്നു രാഷ്ട്രീയ അന്ധത ഭാധിച്ച ഒരു സമൂഹം ആണ് ഇതിനു പിന്നില്‍

  ReplyDelete
 25. വായിച്ചു ..അറിയാവുന്നവര്‍ പറയട്ടെ ...

  ReplyDelete
 26. എല്ലാ ഹിംസകളും എതിര്‍ക്കപെടെണ്ടത് തന്നെ, രാഷ്ട്രീയവും, മതപരവും അരാഷ്ട്രീയവുമായ എല്ലാ ഹിസകളും ഇല്ലാതായി, സ്നേഹ സുന്ദരമായ ഒരു ഭാരതം കെട്ടി പടുക്കാന്‍ ആയെങ്കില്‍ എന്നാശിക്കുന്നു. കൊലപാതക രാഷ്ട്രീയം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കണ്ണൂര്‍ എന്ന ധ്വനി വരുന്നുവെങ്കില്‍ പുനര്‍ വിചിന്തനതിറെ സമയം അതിക്രമിച്ചും നമ്മള്‍ ആരും അതിനു മുതിരുന്നില്ല എന്ന സത്യം ബാക്കിയാവുന്നു.

  പ്രസക്തമായ പോസ്റ്റിനു ആശംസകളോടെ..

  ലോക സമസ്തോ സുഖിനോ ഭവന്തു...

  ReplyDelete
 27. "മാറാത്ത രോഗത്തിന് മരുന്നെഴുതിയിട്ടു കാര്യമുണ്ടോ ? രാഷ്ട്രീയ കൊലപാതകമായാലും സങ്കട്ടനമായാലും എതൊരു രാഷ്ട്രീയ കാരനായാലും" വേണം" എന്നുവെചായിരിക്കില്ല അത് ചെയുന്നതെന്നാണ് എനിക്കുതോന്നുന്നത് .സാഹചര്യം അവരെ അതിലേക്കു നയിക്കുന്നതായിരിക്കാം .അങ്ങനെവരുമ്പോള്‍ ആ സാഹചര്യത്തില്‍ ഉന്നി കൊണ്ടുള്ള ലേഖനമായിരുന്നെങ്കില്‍ വളരെ നന്നായിരുന്നു .അത് പോട്ടെ .....ബഹു .ലേഖഖന്‍ ഇന്ന് നമ്മുടെ റോഡുകളില്‍ നിരന്ദരം നടന്നുകൊണ്ടിരിക്കുന്ന ബൈക്ക് അബകടങ്ങളെ കുറിച്ച് എഴുതിയിരുന്നെങ്കില്‍ വളരെ ഉപകാരപ്രതമായിരിക്കും എന്നാണെനിക്കു തോന്നുന്നത് ...അനുബവമാനെന്റെ തോന്നല്‍ ,,"

  ReplyDelete
  Replies
  1. രോഗം മാറിയാലും ഇല്ലെങ്കിലും അനുയോജ്യമാണ് എന്ന് തോന്നുന്ന മരുന്ന് കുറിച്ച് കൊടുക്കാന്‍ വൈദ്യന് ബാധ്യതയുണ്ട്....:)
   വേണം എന്ന് വെച്ചിട്ട് തന്നെയല്ലേ അക്രമത്തിനു ഇറങ്ങി പുറപ്പെടുന്നത്.
   വേണ്ടാ എന്നുണ്ടെങ്കില്‍ ഒരിക്കലും അക്രമത്തിനു ഇറങ്ങില്ലല്ലോ.
   സാഹചര്യങ്ങള്‍ പലതാണ്...
   അവ ഒന്നോ രണ്ടോ പോസ്റ്റില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല....
   പക്ഷെ അവസാനം എത്തുന്നത് അക്രമത്തില്‍ ആണ്. അതിനു ഒരു പൊതു സ്വഭാവം ഉണ്ട്.
   അപ്പോള്‍ അക്രമത്തെ കുറിച്ച് പറയുന്നത് തന്നെയാണ് ഏറ്റവും നല്ലത്.

   അപകടം... അത് പ്രസക്തമായ ഒരു വിഷയം ആണ്.ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി...

   Delete
 28. വെട്ടട്ടെ. വെട്ടിത്തീരട്ടെ. പാര്‍ട്ടികള്‍ വളരട്ടെ. രക്തസാക്ഷികള്‍ സിന്ദാബാദ്‌.

  ReplyDelete
 29. കൊലപാതകം മതത്തിന്റെ പേരിലായാലും ഏതെങ്കിലും പാര്‍ടിയുടെ പേരിലായാലും അതില്‍ ന്യായീകരണം കാണാനും പറയുവാനും ഇതുപോലുള്ള വിവരം കെട്ട കുറെ ജനങ്ങള്‍ നമ്മുടെ നാട്ടിലുള്ളിടത്തോളം ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും ഫലത്തില്‍ ആ കൊല്ലപ്പെട്ടയാള്‍ മൂലം വഴിയാധാരമായ കുടുംബങ്ങളുടെ ദയനീയാവസ്ഥ എത്രപേര്‍ മനസ്സിലാക്കുന്നു
  മരണപ്പെട്ടയാളുടെ പേരില്‍ ബക്കറ്റു പിരിവു നടത്തി അതും അടിച്ചു മാറ്റി പേരിനു വല്ല നക്കാപിച്ചയും കൊടുത്ത് കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സമധാനിപ്പിക്കുന്നതോടെ പാര്‍ട്ടിയുടെ ഉത്തരവാദിത്യം തീരുന്നു ..............

  ReplyDelete
 30. റെവല്യൂഷനറി മാര്‍കിസ്റ്റ് പാര്‍ട്ടി ഒഞ്ചിയം ഏരിയാ സെക്രട്ടറിയും സി.പി.എം. വിട്ടവര്‍ രൂപവത്കരിച്ച ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ (52) വെട്ടി കൊലപ്പെടുത്തി. രാത്രി പത്തേ മുക്കാലോടെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാറിലെത്തിയ അക്രമിസംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
  സിപിഎമ്മിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒഞ്ചിയത്തെ വിമതനേതാവ് ടിപി ചന്ദ്രശേഖരന്‍ സിപിഎം ഫാസിസത്തിനെതിരെ കൊല്ലപ്പെടുന്നതിന് ആഴ്ച്ചകള്‍ക്ക് മുമ്പ് സിപിഎം അക്രമപരമ്പരകളുടെ തെളിവ് സഹിതം ലേഖനം എഴുതിയിരുന്നു.

  ReplyDelete
 31. സഖാവ് ടി പി ചന്ദ്ര ശേഖരന് ആദരാഞ്ജലികള്‍...,...

  മനുഷ്യ മനസ്സിനെ ചോദ്യം ചെയ്തു പോയ ഈ രാഷ്ട്രീയ കൊലപാതകത്തിനു പിന്നില്‍ എതവനായാലും, അവന്‍ ഒരിക്കല്‍ നിയമത്തിനു മുന്നില്‍ വന്നു നിന്ന് തല താഴ്ത്തി നിക്കും. ആ ദിവസത്തിനായി ഈ ജനങ്ങള്‍ മുഴുവന്‍ കാത്തിരിക്കുന്നു.

  ഇവിടെ കൊല ചെയ്യപ്പെട്ടത് സഖാവും ഗാന്ധിയനും ഭാരതീയനുമല്ല, ഒരു മനുഷ്യനാണ്. നഷ്ടപെട്ടത് കണ്ണീരൊഴുക്കുന്ന ഒരു പാര്‍ട്ടിക്കാര്‍ക്കുമല്ല, അദ്ദേഹത്തിന്‍റെ കുടുംബത്തിന് മാത്രം.

  ഇതിനു താഴെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരനും രാഷ്ട്രീയം പറഞ്ഞു പോകരുത്. ഒരു മനുഷ്യനായി നിങ്ങള്‍ ഇതിനു വിലപിച്ചു കൊണ്ട് മറുപടി പറഞ്ഞെ മതിയാകൂ..

  ഈ മൃഗീയ അക്രമ രാഷ്ട്രീയം നമുക്ക് ബഹിഷ്ക്കരിച്ചു കൂടെ... ഈ തിരഞ്ഞെടുപ്പ് പ്രഹസനം വേണോ ? വേണമെങ്കില്‍ ആര്‍ക്കു വേണ്ടി ? എന്തിനീ രാഷ്ട്രീയ മുതലെടുപ്പുകല്‍ക്കായി ഒരു തിരഞ്ഞെടുപ്പ്? ബഹിഷ്ക്കാന്‍ തയ്യാറുള്ള വിവേചന ബുദ്ധിയുള്ള നട്ടെല്ലുള്ള ജനങ്ങളെ നിങ്ങള്‍ ഉണരിന്‍...,... ആട്ടി പായിക്കിന്‍ ഈ രാഷ്ട്രീയ പിശാചിനെ. ഉണര്‍ത്തിന്‍ ഒരു നവ ചേതനയെ....

  ഇനിയും വീണ്ടും ഒരിക്കല്‍ കൂടി രക്ത സാക്ഷി മണ്ഡപം പണിയാന്‍ ഈ ഭൂമിയില്‍ ഇടമില്ലാതാകട്ടെ...

  ഞാന്‍ ഒരു സഖാവല്ല, ഒരു മനുഷ്യന്‍..,. ഈ മൃഗീയത കണ്ടു കരഞ്ഞു പോയ വെറും ഒരു മനുഷ്യന്‍ മാത്രം..

  ReplyDelete
 32. നമ്മുടെ രാജ്യത്ത് ഇത്തരം കുറ്റവാളികള്‍ തല കുനിച്ചു നില്‍ക്കില്ല എന്നത്
  സത്യമായേക്കാം..പക്ഷെ ഇവനെയൊക്കെ കാത്തു കൊണ്ട് ഒരു നീതി ന്യായ വ്യവസ്ഥ
  ഇവിടെ എവിടെയോ ഉണ്ട്.. ഒരിക്കല്‍ അവന്‍ ആ നിയമത്തിനു മുന്നിലൂടെ
  മുട്ടിലിഴയും... അത് കണ്ടു കൊണ്ടിരിക്കാന്‍ കണ്ണീരു വാര്‍ക്കുന്ന കണ്ണുകള്‍
  കൊണ്ടാവില്ല. ചോര വാര്‍ക്കുന്ന കണ്ണുകള്‍ക്ക്‌ മാത്രമേ സാധിക്കൂ.. ആ ചോര കുറെ
  അമ്മമാരുടെ ശാപമാണ്..അതിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒരുത്തനും ആകില്ല.

  ReplyDelete
 33. good one absar........

  ReplyDelete
 34. ഇത് വരേയ്ക്കും ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാല്‍ അതു ഏത്‌ പാര്‍ട്ടിയും ആയിക്കൊള്ളട്ടെ , അതു ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ആരും പരസ്യ പ്രസ്താവന നടത്തിയിരുന്നില്ല ഇപ്പൊ അതും തുടങ്ങി.
  പതിനായിരങ്ങള്‍ കൂടി നില്‍ക്കുന്ന ഒരു പൊതുയോഗത്തില്‍ ഉത്തരവാദിത്തമുള്ള ( ആരോട് ?) ഒരു നേതാവ് പരസ്യമായി അങ്ങേയറ്റം അഭിമാനത്തോടെ ഞങ്ങള്‍ കൊന്നു തള്ളിയിട്ടുണ്ട് എന്നു പറയുന്നു.
  ഇതോടെ ഒരു കാര്യം അവര്‍ അടിവരയിട്ടു പറയുന്നു, ഇവിടെ ജീവിക്കണമെങ്കില്‍ ഞങ്ങള്‍ പറയുന്നത് പോലെ ഒക്കെ മതി അല്ലെങ്കില്‍ ഞങ്ങളെ എതിര്‍ക്കാനുള്ള കരുത്ത് വേണം.
  ഇതൊക്കെ ഇങ്ങനെ പരസ്യമായി വിളിച്ചുപറയുമ്പോള്‍ പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ട, നീതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ആത്മ രോക്ഷത്തിനും സങ്കടത്തിനും എന്നെങ്കിലും ഒരിക്കല്‍ വലിയ വില നല്‍കേണ്ടി വരും.

  ReplyDelete
 35. ippazha vaayichathu .. good one. comments muzhuvan vaayichittilla.. pinne varaam

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....