Wednesday, January 18, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 04മുറിയിലെ കാളിംഗ് ബെല്‍ വീണ്ടും മുഴങ്ങി...

"അകത്തേക്ക്‌ വരൂ...."

റൂം ബോയ്‌ കാപ്പിയുമായി വന്നതായിരുന്നു.

"ഇനി എന്തെങ്കിലും വേണോ സര്‍?" കാപ്പി മേശപ്പുറത്ത് വെച്ച ശേഷം റൂം ബോയ്‌ അന്വേഷിച്ചു...

സുധി : "വേണ്ട."

റൂം ബോയ്‌ വാതില്‍ ചാരിയ ശേഷം തിരിച്ചു പോയി.

കിടക്കയില്‍ നിന്നും എഴുന്നേറ്റ് ബാത്ത് റൂമില്‍ പോയി പല്ല് തേക്കലും മുഖം കഴുകലും എല്ലാം കഴിഞ്ഞ് സുധി കാപ്പി എടുത്ത് വീണ്ടും ജനലിനടുത്തേക്ക് ചെന്നു.

പുറത്തെ കാഴ്ചകള്‍ കണ്ടുകൊണ്ട് കാപ്പി അകത്താക്കി.

കപ്പ് കാലിയായപ്പോള്‍ അത് മേശപ്പുറത്ത് വെച്ച് കുളിമുറിയിലേക്ക് കയറി.

കുളി കഴിഞ്ഞു വന്ന് വസ്ത്രം മാറിയതിനു ശേഷം കുറച്ചു സമയം ദൈവത്തെ മനസ്സില്‍ ധ്യാനിച്ചു...

അത് ആവശ്യമാണല്ലോ...
കാരണം ദൈവത്തിന് മാത്രമാണല്ലോ ഒരു മനുഷ്യന്റെ സുരക്ഷ പൂര്‍ണ്ണമായി ഉറപ്പാക്കാന്‍ കഴിയൂ...
സ്വന്തം രാജ്യത്തിന്റെ അഭിമാനമായ വേള്‍ഡ് ട്രേഡ് സെന്റര്‍ പോലും കാത്തു സൂക്ഷിക്കാന്‍ കഴിയാത്തവരല്ലേ ഈ പാവം മെഡിക്കല്‍ സംഘത്തിലെ അംഗങ്ങളെ സംരക്ഷിക്കുന്നത് !!!

തന്റെ വസ്ത്രങ്ങളും മറ്റും ബാഗില്‍ അടുക്കിവെച്ച് എപ്പോള്‍ വേണമെങ്കിലും പുറപ്പെടാന്‍ തയ്യാറായി നിന്നു.

സമയം ഏഴുമണി  കഴിഞ്ഞിരിക്കുന്നു.
ഇനിയും ഒന്നര  മണിക്കൂര്‍ കഴിഞ്ഞാല്‍ ഈ ഹോട്ടലിനോട്‌ വിട പറയും.

'ഏതായാലും റിസപ്ഷനില്‍ പോയി നോക്കാം' എന്ന തീരുമാനത്തോടെ മുറിയടച്ച് സുധി ലിഫ്റ്റിന് അടുത്തേക്ക്‌ നടന്നു.

റിസപ്ഷനില്‍ ചിലര്‍ പത്രം വായിച്ചിരിക്കുകയാണ്.

റിസപ്ഷനിസ്റ്റുകള്‍ മാറിയിരിക്കുന്നു.

രാഹുല്‍ റിസപ്ഷനിലേക്ക് കടന്നു വന്നു...
രാഹുല്‍ : "ഗുഡ്‌ മോണിംഗ് ഡോക്ടര്‍."
സുധി : "ഗുഡ്‌ മോണിംഗ്."
രാഹുല്‍ : "ഡോക്ടര്‍ ഭക്ഷണം കഴിച്ചോ?"

രാഹുല്‍ ഇറാക്കിലേക്ക് വന്നത് ഭക്ഷണത്തെക്കുറിച്ച് ഗവേഷണം നടത്താനാണോ എന്ന് സുധി സംശയിച്ചു.

സുധി : "ഇല്ല. കഴിക്കാം."

രണ്ടു പേരും ഡൈനിംഗ് ഹാളിനെ ലക്ഷ്യമാക്കി നടന്നു...

ഡൈനിംഗ് ഹാളില്‍ നഴ്സിംഗ് ടീമിലെ ചിലര്‍ ഭക്ഷണം കഴിച്ചുക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു, രാഷ്ട്രഭാഷയില്‍ കലപില പറഞ്ഞു കൊണ്ട്....

അവരെല്ലാം രാഹുലിനെ കണ്ടപ്പോള്‍ പുഞ്ചിരിക്കുകയും ഗുഡ്‌ മോണിംഗ് പറയുകയും ചെയ്തു...

രാഹുല്‍ സുധിയെ അവര്‍ക്ക്‌ പരിചയപ്പെടുത്തി കൊടുത്തു.

"ഇത് ഡോക്ടര്‍ സുധീര്‍. കേരളത്തില്‍ നിന്നാണ്." രാഹുല്‍ പറഞ്ഞു

നഴ്സുമാര്‍ അവരുടെ പേരുകള്‍ പറഞ്ഞു.
പലരുടെയും പേരുകള്‍ സുധീറിന് മനസ്സിലായില്ല.
എങ്കിലും പുഞ്ചിരിയോടെ തല കുലുക്കാന്‍ മറന്നില്ല.
മിക്കവരും വടക്കേ ഇന്ത്യക്കാരാണ്.

കരിപ്പൂരില്‍ നിന്നും തന്നോടൊപ്പം ഉണ്ടായിരുന്ന അഭയയും അതില്‍ ഉണ്ടായിരുന്നു...
അവരോട് നേരത്തേ പരിചയപ്പെട്ടിട്ടുണ്ട്.
തൃശൂര്‍ക്കാരിയാണ് അഭയ.

"സുഖമല്ലേ ഡോക്ടര്‍?" അഭയ അന്യേഷിച്ചു.

തലയാട്ടലിലൂടെ അതിനും മറുപടി നല്‍കി.

രാഹുല്‍ വടക്കേ ഇന്ത്യയിലെ സുന്ദരികളുമായി കത്തിവെച്ചു കൊണ്ടിരിക്കുകയായിരുന്നു...
വിവാഹിതനാണെങ്കിലും ഇപ്പോഴും ഒരു കോളേജ്‌ കുമാരന്‍ ആണെന്ന മട്ടിലാണ് രാഹുല്‍ പെരുമാറുന്നത്.

"സോറി ഡോക്ടര്‍. ഭക്ഷണ കാര്യം ഞാന്‍ മറന്നു..." രാഹുലിന് ആഗമനോദ്ദേശ്യം  പെട്ടന്നാണ് ഓര്‍മ്മ വന്നത്.

ഇരുവരും ഭക്ഷണം എടുക്കുന്നതിനായി നടന്നു...

പല വിഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സുധി തന്റെ പ്രിയ വിഭവമായ ചപ്പാത്തി തന്നെയാണ് എടുത്തത്‌.

രാഹുലും ചപ്പാത്തി തന്നെ എടുത്തു...

'ഇന്നലെ രാത്രി പല വിഭവങ്ങള്‍ എടുത്ത്‌ രാഹുല്‍ നടത്തിയ പരീക്ഷണം പരാജയപ്പെട്ടിരിക്കാം.' സുധി വിചാരിച്ചു.

ഡൈനിംഗ് ഹാളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ടി വി യിലേക്ക്‌ നോക്കി ഇരുവരും ചപ്പാത്തി അകത്താക്കി.

സി എന്‍ എന്നില്‍ ഫ്ലാഷ് ന്യൂസ്‌ ആയി എന്തോ എഴുതി കാണിക്കുന്നുണ്ട്.
ഇരുവരും അതിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

"അമേരിക്കന്‍ സൈനികര്‍ ബാഗ്ദാദിന്റെ സമീപത്തു നിന്നും ബ്ലാക്ക്‌ ടൈഗേഴ്സ്  എന്ന ഭീകര സംഘടനയിലെ നാല്  പ്രവര്‍ത്തകരെ പിടികൂടി." എന്നതായിരുന്നു ഫ്ലാഷ് ന്യൂസ്‌.

"അമേരിക്കന്‍ സൈന്യം വളരെ ജാഗരൂഗരാണല്ലേ ?" സുധി രാഹുലിനോട് ചോദിച്ചു.

"ഏതായാലും ഇന്ത്യക്കാരെക്കാള്‍ മെച്ചമാണ്." രാഹുല്‍ പറഞ്ഞു.

സ്വന്തം നാട് വിട്ട് 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പ്‌ തന്നെ മാതൃരാജ്യത്തിന്റെ കുറ്റം പറയുന്ന മലയാളിയുടെ സ്വഭാവം ഒരിക്കലും മാറില്ലെന്ന് സുധിക്ക്‌ തോന്നി.

ഭക്ഷണം കഴിച്ച ശേഷം ഇരുവരും റിസപ്ഷനിലേക്ക് നടന്നു...

സമയം എട്ടേകാല്‍ ആയിരിക്കുന്നു.

പുറപ്പെടാന്‍ ഇനിയും സമയം ഉണ്ട്.

"ഡോക്ടര്‍, ഇപ്പോള്‍ വരാം." എന്ന് പറഞ്ഞ് രാഹുല്‍ അവിടെയുണ്ടായിരുന്ന സര്‍ദാര്‍ജി ഡോക്ടറുടെ അടുത്തേക്ക്‌ ചെന്നു.

സര്‍ദാര്‍ജിയുമായി രാഹുല്‍ സംസാരം തുടങ്ങി.

ഒരു പുതിയ ഇരയെ കിട്ടിയതിന്റെ സംതൃപ്തി രാഹുലിന്റെ മുഖത്തുണ്ടായിരുന്നു.

സുധി റിസപ്ഷനിലെ ഒരു കസേരയില്‍ ഇരുന്ന് അവിടെയുണ്ടായിരുന്ന പത്രമെടുത്ത് മറിച്ചു നോക്കി.

"ഗുഡ്‌ മോണിംഗ് ഡോക്ടര്‍ " എന്ന അഭിസംബോധന കേട്ടപ്പോള്‍ ഇറാക്ക് ടുഡേയില്‍ നിന്നും തലയുയര്‍ത്തി നോക്കി.

ബര്‍ണാഡും വില്യംസും ആയിരുന്നു അത്.

"ഗുഡ്‌ മോണിംഗ് " സുധീര്‍ തിരിച്ച്  അവരുടെ ചെവിയിലേക്കും ഒരു സുപ്രഭാതം വലിച്ചെറിഞ്ഞു.

"നിങ്ങളുടെ പാസ്‌പോര്‍ട്ട്‌  ഒന്ന് കാണിച്ചു തരണം." വില്യംസ് ആവശ്യപ്പെട്ടു..

സുധി : "പാസ് പോര്‍ട്ട്‌ മുറിയിലാണ്."

ബര്‍ണാഡ്‌ : "എങ്കില്‍ നമുക്ക്‌ മുറിയിലേക്ക്‌ പോകാം..."

ബര്‍ണാഡും വില്യംസും സുധിയോടൊപ്പം ലിഫ്റ്റില്‍ കയറി മൂന്നാമത്തെ നിലയിലെത്തി.
ലിഫ്റ്റില്‍ നിന്നും പുറത്തിറങ്ങി 345 നമ്പര്‍ മുറിയിലേക്ക്‌ നടന്നു.

സുധി മുറിയുടെ വാതില്‍ തുറന്ന് അകത്ത്‌ കടന്നപ്പോഴും ബര്‍ണാഡും വില്യംസും പുറത്തു തന്നെ നിന്നു.

"അകത്തേക്ക്‌ വരൂ..." സുധി അവരെ ക്ഷണിച്ചു...

ഇരുവരും മുറിയിലേക്ക്‌ കയറി.

അമേരിക്കക്കാര്‍ എപ്പോഴും ഔപചാരികത നിലനിര്‍ത്തുന്നവരാണെന്ന്  സുധിക്ക് തോന്നി...
മറ്റു രാജ്യങ്ങളെ ആക്രമിക്കുന്ന കാര്യത്തിലൊഴിച്ച്.

തന്റെ സ്യൂട്ട് കേസ് തുറന്ന് പാസ്‌പോര്‍ട്ട്‌ എടുത്ത്‌ വില്യംസിന് നേരെ നീട്ടി.

വില്യംസ് പാസ്‌പോര്‍ട്ട്‌ പരിശോധിച്ചു.

ബര്‍ണാഡിന്റെ കയ്യില്‍ ഉണ്ടായിരുന്ന ബാഗില്‍ നിന്നും ഒരു കിറ്റ് എടുത്ത് വില്യംസ് അത് സുധിയുടെ നേരെ നീട്ടി.

കിറ്റ് വാങ്ങി തുറന്ന് നോക്കി.

സുധിയുടെ ഫോട്ടോയും ഉധ്യോഗപ്പേരും ഉള്ള രണ്ട് ഐഡന്റിറ്റി കാര്‍ഡുകള്‍ അതില്‍ ഉണ്ടായിരുന്നു.
എ ടി എം കാര്‍ഡിന്റെ പോലെ മാഗ്നറ്റിക്‌ ടേപ്പ്‌ ഉള്ളത്.

"ഒരു കാര്‍ഡ്‌ നിങ്ങള്‍ എപ്പോഴും കഴുത്തില്‍ തൂക്കിയിടണം. ഒന്ന് നിങ്ങള്‍ക്ക്‌ സൂക്ഷിച്ചു വെക്കാം. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ ഉള്ളതിനാല്‍ ഒരു കാര്‍ഡ്‌ നഷ്ടപ്പെട്ടാലും ബുദ്ധിമുട്ട് വരാതിരിക്കാനാണ് രണ്ട് കാര്‍ഡുകള്‍ നല്‍കിയിരിക്കുന്നത്. അഥവാ ഒരു കാര്‍ഡ്‌ നഷ്ടപ്പെട്ടാല്‍ ആ വിവരം ഉടനെ ഞങ്ങളെ അറിയിക്കണം." ബര്‍ണാഡ്‌ വിശദീകരിച്ചു.

പിന്നെ ആ കിറ്റില്‍ ഉണ്ടായിരുന്നത് ഒരു മൊബൈല്‍ ഫോണ്‍ ആയിരുന്നു.

"മൊബൈല്‍ കമ്മ്യൂണിക്കേഷനില്‍ ഇടയ്ക്കിടെ തടസ്സം നേരിടുന്നുണ്ട്. എങ്കിലും അത് നിങ്ങള്‍ക്ക്‌ ഉപകരിക്കും." വില്യംസ് പറഞ്ഞു.

കിറ്റില്‍ പിന്നെ ഉണ്ടായിരുന്നത് ഇറാക്കിന്റെ ഒരു ചെറിയ ഭൂപടവും, ബാഗ്ദാദ് പട്ടണത്തെ കുറിച്ചുള്ള വിവരണങ്ങള്‍ അടങ്ങിയ ഒരു കൈ പുസ്തകവും ആയിരുന്നു.

"എവിടെയെങ്കിലും ചെന്ന് വഴി തെറ്റുകയോ, മറ്റ് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയോ ചെയ്‌താല്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതി." ഭൂപടത്തിന്  അടിയില്‍ അച്ചടിച്ച നമ്പര്‍ കാണിച്ചു കൊടുത്തുകൊണ്ട് ബര്‍ണാഡ്‌ പറഞ്ഞു.

"നിങ്ങള്‍ പുറത്ത് എവിടെ പോവുകയാണെങ്കിലും ഞങ്ങളേയോ മറ്റു ഓഫീസര്‍മാരെയോ അറിയിക്കണം. ഞങ്ങളുടെ അനുവാദം ലഭിച്ചതിന് ശേഷം മാത്രമേ പുറത്ത് പോകാവൂ... അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ എല്ലാം ഫോണില്‍ ഫീഡ് ചെയ്തിട്ടുണ്ട്." വില്യംസ് വിശദീകരിച്ചു.

ഇരുവരും സുധിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കി.

"എട്ടരക്ക് പുറപ്പെടാന്‍ തയ്യാറാവണം." എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് ഇരുവരും മുറിയില്‍ നിന്നും പുറത്തേക്ക് പോയി.

സുധി മൊബൈല്‍ ഫോണ്‍ ആകെയൊന്ന് പരിശോധിച്ചു.

നോക്കിയ  തറവാട്ടില്‍പ്പെട്ട ഫോണ്‍ ആണ്.
"അമേരിക്കക്കാര്‍ നല്‍കുമ്പോള്‍ മിനിമം ഒരു ആപ്പിളെങ്കിലും നല്‍കേണ്ടതായിരുന്നു.." എന്ന അതിമോഹം ചിന്തയില്‍ ഉണര്‍ന്നു.

കഴുത്തില്‍ തൂക്കിയിടാനുള്ള ചരട് ഫോണിനോടൊപ്പം സൗജന്യമായി കൊടുത്തിട്ടുണ്ട് !!!

ഫോണിന്റെ സ്ക്രീനില്‍ 'നാഷണല്‍ മൊബൈല്‍' എന്ന് കാണിക്കുന്നുണ്ട്.
സിഗ്നല്‍ ലെവല്‍ ചാഞ്ചാടിക്കൊണ്ടിരിക്കുന്നു.

സുധി ഒരു ഐഡന്റിറ്റി കാര്‍ഡ്‌ കഴുത്തിലൂടെ തൂക്കിയിട്ടു.
"അമേരിക്കകാര്‍ തന്റെ കഴുത്തില്‍ താലി ചാര്‍ത്തിയല്ലോ" എന്ന ചിന്തയോടെ രണ്ടാമത്തെ കാര്‍ഡ്‌ എടുത്ത് സ്യൂട്ട് കേസില്‍ വെച്ചു.

വാതില്‍ അടച്ച ശേഷം തന്റെ ബാഗുകള്‍ എല്ലാം ശരിയാക്കി വെച്ചു.
എല്ലാ സാധനങ്ങളും ബാഗിലേക്ക് വെച്ചെന്ന് ഉറപ്പു വരുത്തി.

വൈകാതെ മുറിയുടെ കാളിംഗ് ബെല്‍ അടിച്ചു...

വാതില്‍ തുറന്ന് നോക്കുമ്പോള്‍ റൂം ബോയ്‌ ആയിരുന്നു.

"ലഗേജുകള്‍ കൊണ്ടുപോവുകയല്ലേ സര്‍? " റൂം ബോയ്‌ ചോദിച്ചു.

സുധി സമ്മതം നല്‍കി.

ബാഗുകള്‍ റൂം ബോയ്‌ എടുത്തു...

മുറി അടച്ച് ലിഫ്റ്റ്‌ വഴി അവര്‍ റിസപ്ഷനിലെത്തി.

റിസപ്ഷനില്‍ തിരക്ക്‌ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

ഇന്ത്യന്‍ സംഘത്തിലെ മിക്കവരും അവിടെ എത്തിയിട്ടുണ്ട്.

പലരും തങ്ങള്‍ക്ക് ലഭിച്ച മുറിയുടെ താക്കോലുകള്‍ റിസപ്ഷനിസ്റ്റിനു തിരിച്ചു നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

സുധിയും ഇറാക്കിലെ തന്റെ ആദ്യരാത്രി ആഘോഷിച്ച 345 നമ്പര്‍ മുറിയുടെ താക്കോല്‍ തിരിച്ചു നല്‍കി.

ഇന്ത്യന്‍ സംഘത്തിലെ അംഗങ്ങള്‍ ആകാംക്ഷയോടെയാണ് അവിടെ നിന്നിരുന്നത്.

ആശുപത്രിയിലേക്ക്‌ പോകാനുള്ള വാഹനമൊന്നും ഹോട്ടലിന്റെ മുന്‍വശത്ത് ഉണ്ടായിരുന്നില്ല.

"പുറപ്പെടാന്‍ വൈകുമായിരിക്കും."

അധികം താമസിയാതെഒരു ബസ്സ് അവിടെ വന്നു നിന്നു.
വാച്ചിലേക്ക് നോക്കി.
സമയം കൃത്യം എട്ടര.
സായിപ്പന്മാരുടെ കൃത്യനിഷ്ഠയില്‍ സുധിക്ക്‌ മതിപ്പ് തോന്നി.

"എല്ലാവരും തയ്യാറായില്ലേ? ബസ്സില്‍ കയറാം.." ബസ്സില്‍ നിന്നും ഇറങ്ങിയ ബര്‍ണാഡ്‌ പറഞ്ഞു..

ലഗേജുകള്‍ എല്ലാം ഹോട്ടല്‍ ജോലിക്കാര്‍ തന്നെ ബസ്സിലേക്ക് എടുത്തു വെച്ചു.

വില്യംസ് ബസ്സിന്റെ അടുത്ത് നിന്നു.

ബസ്സില്‍ കയറുന്നവരുടെ ഐ ഡി കാര്‍ഡ്‌ തന്റെ കയ്യിലുള്ള മെഷീനില്‍ ഒന്ന് ഇന്‍സര്‍ട്ട് ചെയ്യാന്‍ വില്യംസ് ആവശ്യപ്പെട്ടു.

അവിടെയുണ്ടായിരുന്നവരെല്ലാം ബസ്സില്‍ കയറി.

പക്ഷെ വില്യംസിന്റെ കയ്യിലുള്ള മെഷീനില്‍ അപ്പോഴും ഒരാളുടെ കാര്‍ഡ്‌ കയറി ഇറങ്ങാനുണ്ടായിരുന്നു.

അത് വരെ ബസ്സില്‍ കയറാത്ത ആളുടെ പേര് വില്യംസ് തന്നെ പറഞ്ഞു "മിസ്റ്റര്‍. രാഹുല്‍."
(തുടരും....)
 

18 comments:

 1. കഥ ,അതിന്റെ രസച്ചരട് പൊട്ടിക്കാതെ തുടരുന്നതില്‍ സന്തോഷമുണ്ട്.അടുത്തതെന്ത് എന്ന ആകാംക്ഷയുടെ തിടുക്കം കൂട്ടലിലാണ് മനസ്സ്‌....ആശംസകള്‍ !

  ReplyDelete
 2. fantastic absare, Oru cinema kaanunnathu pole thonnunnu, Satyam para nee iraqil poyirunno?

  Rajesh Paloor

  ReplyDelete
  Replies
  1. എല്ലാ ഭാഗങ്ങളും പോസ്റ്റ്‌ ചെയ്ത ശേഷം അക്കാര്യം വിശദമായി പറയാം രാജേഷേ...
   അതുവരെ ചോദിക്കല്ലേ...:)

   Delete
 3. നല്ല ഒഴുക്കോടെ പോകുന്നുണ്ട് കൊള്ളാം
  തുടരട്ടെ ഈ കഥാ വിവരണം
  ആശംസകള്‍

  ReplyDelete
 4. തുടരട്ടെ ആശംസകള്‍

  ReplyDelete
 5. sharaf Bava


  സൂപ്പര്‍ സ്റ്റോറി.. അടുത്തതിനു വേണ്ടി കാത്തിരിക്കുന്നു

  ReplyDelete
 6. ഇഷ്ടപ്പെട്ടു ഡോക്ടര്‍ - ഈ അദ്ധ്യായവും ഇഷ്ടപ്പെട്ടു.... തുടരുക.

  ReplyDelete
 7. കഥ തുടരട്ടെ ...അല്ല അബ്സര്‍ ഈ ആപ്പിള്‍ ഫോണിനെ കുറിച്ചു നേരത്തെ അറിയാമായിരുന്നോ സുധിക്ക്!!!

  ReplyDelete
 8. കാത്തിരിക്കുന്നു....അടുത്ത പേജ് നായി....ആശംസകള്‍

  ReplyDelete
 9. ഈ തുടര്‍ കഥ അടുത്ത ലക്കം അധികം വെച്ച് നീട്ടാതെ പോസ്റൂ ഡോക്ടറെ ....
  സംഗതി നന്നാവുന്നുണ്ട് ...
  ആശംസകള്‍

  ReplyDelete
 10. കാത്തിരിക്കുന്നു....അടുത്ത പേജ് നായി....ആശംസകള്‍

  ReplyDelete
 11. ടൈഗ്രിസ്‌ നന്നായി ഒഴുകുന്നു..

  ReplyDelete
 12. നന്നായിട്ടുണ്ട്

  ReplyDelete
 13. നല്ല ഒഴുക്കുള്ള കഥ . ഡീറ്റൈല്‍ ആയി വിവരിച്ചിരിക്കുന്നു. കഥ എന്നതിനേക്കാള്‍ യാത്രാവിവരണം എന്നതായിരിക്കും കൂടുതല്‍ യോജിക്കുക.

  ReplyDelete
 14. ആ മിസ്റ്റര്‍ രാഹുല്‍ എന്ന് പറഞ്ഞ് നിര്‍ത്തിയതില്‍ എന്തോ ട്വിസ്റ്റ്‌ ഉണ്ടെന്നു തോന്നുന്നു..കഥ നന്നാവുന്നുണ്ട് ഡോക്ടര്‍ സര്‍..പടച്ചവന്‍ രക്ഷിക്കട്ടെ..ഈ കൊച്ചുപയ്യന്റെ എല്ലാ ഭാവുകങ്ങളും..

  ReplyDelete
  Replies
  1. താങ്ക്യു ഭായ്‌....

   Delete
 15. ഡോക്ടര്‍ തന്നെ ആയിരുന്നുവോ....ഈ നായകന്‍ സുധി. ഇത്ര കൃത്യമായി എഴുതണമെങ്കില്‍ അനുഭവമില്ലാതെ എങ്ങിനെ?

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....