Saturday, December 24, 2011

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 03കുളിമുറിയുടെ വാതില്‍ തുറന്നു...

വിശാലമായ വൃത്തിയുള്ള കുളിമുറി...

സുധി ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അത്രയും സൗകര്യമുള്ള ബാത്ത് റൂം കാണുന്നത്.

സോപ്പും, പേസ്റ്റും മുതല്‍ ടൂത്ത്‌ ബ്രഷ് വരെ അവിടെയുണ്ടായിരുന്നു.

ടാപ്പ്‌ തുറന്നു...

പുറത്തേക്ക്‌ വീഴുന്ന വെള്ളത്തിനടിയിലേക്ക് കൈ നീട്ടി...

"വലിയ തണുപ്പില്ലല്ലോ.. ഇതുകൊണ്ട് തന്നെ കുളിക്കാം..." എന്ന ആത്മഗതത്തോടെ കുളി ആരംഭിച്ചു...

കുളികഴിഞ്ഞ ശേഷം വസ്ത്രംമാറുമ്പോഴാണ് ടി വിയുടെ മുകളില്‍ ഇരിക്കുന്ന റിമോട്ട് ശ്രദ്ധയില്‍പ്പെട്ടത്.

വിശക്കുന്നുണ്ട്...

ഏതായാലും ഭക്ഷണം കഴിച്ചിട്ട് ടി വി കാണാം എന്ന തീരുമാനത്തോടെ റിസപ്ഷനിലേക്ക്  വിളിച്ച്, റൂം ബോയിയോട്‌ വരാന്‍ ആവശ്യപ്പെട്ടു.

അല്പ സമയത്തിനു ശേഷം കാളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം സുധിയുടെ ചെവിയിലേക്ക് പ്രവേശിച്ചു.

വാതില്‍ തുറന്നു..

റൂം ബോയ്‌ ആയിരുന്നു.

റൂം ബോയ്‌ : "എന്താ സര്‍ ആവശ്യം?"

സുധി : "ഭക്ഷണം ഇവിടെ കിട്ടില്ലേ?"

റൂം ബോയ്‌ : "താഴത്തെ നിലയില്‍ ഡൈനിംഗ് ഹാള്‍ ഉണ്ട്. അവിടെ നിങ്ങളോടൊപ്പം വന്ന പലരും ഭക്ഷണം കഴിക്കുന്നുണ്ട്. താങ്കള്‍ക്ക് വേണമെങ്കില്‍ ഇങ്ങോട്ട് കൊണ്ടുവന്നു തരാം..."

പക്ഷേ ഡൈനിംഗ് ഹാളില്‍ പോയി ഭക്ഷണം കഴിക്കുന്നതിനായിരുന്നു സുധിക്ക്‌ താല്പര്യം.
കുറച്ച് പേരെ കാണാമല്ലോ.
അപ്പോള്‍ മനസ്സിന് ഒരു അയവും ലഭിക്കും.

സുധി : "വേണ്ട, ഇങ്ങോട്ട് കൊണ്ടുവരേണ്ട... ഞാന്‍ ഡൈനിംഗ് ഹാളിലേക്ക്‌ വരാം.."

റൂം ബോയ്‌ തിരിച്ചു പോയി.

സുധി മുറിയില്‍ നിന്നും പുറത്തിറങ്ങി വാതില്‍ പൂട്ടി.

ലിഫ്റ്റില്‍ കയറി താഴത്തെ നിലയിലെത്തി.

താഴത്തെ നിലയില്‍ ലിഫ്റ്റിന്റെ വലതു വശത്ത്  "ഡൈനിംഗ് ഹാള്‍" എന്നെഴുതിയ ചൂണ്ടുപലക സുധിയുടെ ശ്രദ്ധയിലേക്ക് വന്നു.

ഡൈനിംഗ് ഹാളിനെ ലക്ഷ്യമാക്കി നടന്നു...

ചിലര്‍ അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം തിരിച്ചു വരുന്നുണ്ടായിരുന്നു.

"ഹലോ ഡോക്ടര്‍" ഡൈനിംഗ് ഹാളിലേക്ക്‌ കയറുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി കേട്ടു.

തിരിഞ്ഞു നോക്കി...

ഫാര്‍മസിസ്റ്റ്‌ രാഹുല്‍ ആയിരുന്നു അത്.
കോഴിക്കോട്‌ സ്വദേശി...
കരിപ്പൂരില്‍ വെച്ചുതന്നെ രാഹുലുമായി പരിചയപ്പെട്ടിരുന്നു.

രാഹുല്‍ സുധീറിനു നേരെ കൈ നീട്ടി...
പുഞ്ചിരിയോടെ ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കി...

"ഡോക്ടര്‍ ഭക്ഷണം കഴിച്ചോ?" രാഹുല്‍ അന്യേഷിച്ചു.

സുധി : "ഇല്ല, നിങ്ങളോ?"

രാഹുല്‍ : "ഞാനും കഴിച്ചിട്ടില്ല... നമുക്ക്‌ ഒന്നിച്ചു കഴിക്കാം..."

ഇരുവരും ഡൈനിംഗ് ഹാളിലേക്ക്‌ കയറി.

ഡൈനിംഗ് ഹാളില്‍ ബഫേ രീതിയിലായിരുന്നു ഭക്ഷണം...
ആവശ്യമുള്ളത് ഇഷ്ടപ്രകാരം എടുക്കാം...
നാട്ടിലെ ബഫേ പോലെ ഭക്ഷണം വിളമ്പിത്തരാന്‍ ആളുകള്‍ നില്‍ക്കുന്ന തരത്തിലുള്ള ബഫേ അല്ല...
കോരിയിടുമ്പോള്‍ രൂക്ഷമായി നോക്കാനും കയ്യില്‍ പിടിക്കാനും ആളുകള്‍ നില്‍ക്കുന്നില്ല...

ഒരു ഭാഗത്ത്‌ പാത്രങ്ങള്‍ അടുക്കിവെച്ചിട്ടുണ്ട്.

കൈ കഴുകിയ ശേഷം ഇരുവരും പാത്രങ്ങള്‍ വെച്ച മേശയുടെ സമീപത്തേക്ക് ചെന്നു.

പാത്രമെടുത്ത്‌ ഭക്ഷണമിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു.

പലതരം വിഭവങ്ങള്‍ ഉണ്ടായിരുന്നു...

ഇതുവരെ ജീവിതത്തില്‍ കാണാത്ത പല തരത്തിലും, നിറത്തിലും ഉള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍...

"ഓരോ ദിവസവും പുതിയ ഭക്ഷണ സാധനങ്ങള്‍  ജന്മമെടുക്കുന്നുണ്ടല്ലേ ?" സുധി ആശ്ചര്യത്തോടെ രാഹുലിനോട് ചോദിച്ചു...

രാഹുല്‍ : "ആളുകള്‍ കണ്ടതെല്ലാം വാരിത്തിന്നുന്നത് കൊണ്ടല്ലേ ഞാനും ഡോക്ടറും ഒക്കെ കഞ്ഞി കുടിച്ച് പോകുന്നത്. ഡോക്ടര്‍ക്ക്‌ എന്താ കഴിക്കാന്‍ എടുക്കേണ്ടത് ?"

അവിടെയുണ്ടായിരുന്ന എല്ലാ വിഭവങ്ങളിലേക്കും സുധിയുടെ കണ്ണെത്തി.

എന്നാല്‍ ആദ്യ ദിവസം തന്നെ ആമാശയം കൊണ്ട് പരീക്ഷണം നടത്താന്‍ തയ്യാറായിരുന്നില്ല.

സുധി : "എനിക്ക് ചപ്പാത്തി മതി"
നാല് ചപ്പാത്തിയും ചിക്കന്‍ കറിയും എടുത്തു...

രാഹുല്‍ ഒരു തീറ്റ മത്സരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.
വാരിവലിച്ച് തിന്നുന്നവരെ പരിഹസിച്ച രാഹുല്‍ പല വിഭവങ്ങള്‍ക്കും തന്റെ പാത്രത്തില്‍ സ്ഥാനം നല്‍കി.

"അവിടെ ഇരിക്കാമല്ലോ" അടുത്തുണ്ടായിരുന്ന മേശ ചൂണ്ടിക്കാണിച്ച് രാഹുല്‍ പറഞ്ഞു.

രണ്ടു പേരും കസേര വലിച്ചിട്ട് ഇരുന്നു.

ഭക്ഷണം കഴിക്കല്‍ തുടങ്ങി...

ഭക്ഷണത്തിന് വലിയ പ്രത്യേകതയൊന്നും ഉള്ളതായി സുധിക്ക്  തോന്നിയില്ല...
ചിക്കന്‍ കറിക്ക് എരിവ് കുറവാണ്...

രാഹുലിനും ഭക്ഷണം എടുക്കാനുണ്ടായ ആവേശം കഴിക്കുന്നതില്‍ ഉണ്ടായിരുന്നില്ല.

ഭക്ഷണം കഴിക്കുന്നതിനിടയില്‍ രാഹുല്‍ തന്റെ കുടുംബത്തെ പറ്റി സംസാരിച്ചു...

"വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി. ഒരു പെണ്‍കുട്ടിയുണ്ട്." രാഹുല്‍ പറഞ്ഞു

"ഡോക്ടറുടെ വിവാഹം കഴിഞ്ഞോ?" രാഹുല്‍ അന്യേഷിച്ചു

സുധി : "ഇല്ല"

രാഹുല്‍ : "വീട്ടില്‍ ആരൊക്കെയുണ്ട്?"

സുധി : "മൂന്ന് അനിയത്തിമാര്‍. പിന്നെ അച്ഛനും അമ്മയും."

രാഹുല്‍ : "ഡോക്ടര്‍ ഏത് മുറിയിലാണ്? ഞാന്‍ 421 ല്‍ ആണ്. നാലാമത്തെ നിലയില്‍."

രാഹുലിന്റെ സംസാരം കേട്ടപ്പോള്‍ അദ്ദേഹം തന്നെ വെറുതെ വിടാന്‍ പോകുന്നില്ലെന്ന് സുധിക്ക് മനസ്സിലായി..

സുധി : "345, മൂന്നാമത്തെ നിലയില്‍."

സുധി വളരെ വേഗം ഭക്ഷണം കഴിച്ചു തീര്‍ത്തു...

രാഹുലിന്റെ ആഹാരം കഴിക്കല്‍ കഴിയുന്നതിനായി കാത്തിരുന്നു...

രാഹുല്‍ : "ഡോക്ടര്‍ എന്നെ കാത്തു നില്‍ക്കണം എന്നില്ല. ഞാന്‍ ചിലപ്പോള്‍ വൈകും."

സുധി : "എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്. എങ്കില്‍ നാളെ കാണാം."

രാഹുല്‍ തലയാട്ടി സമ്മതം നല്‍കി.
വായയില്‍ ഭക്ഷണമിട്ട് ചവക്കുമ്പോള്‍ തലയാട്ടലിലൂടെ അല്ലേ മറുപടി കിട്ടൂ.

സുധി കൈകഴുകി ഡൈനിംഗ് ഹാളിന് പുറത്തേക്ക്‌ കടന്നു...
ലിഫ്റ്റില്‍ കയറി മൂന്നാമത്തെ നിലയിലെത്തി...
മുറിയുടെ വാതില്‍ തുറന്ന് അകത്തേക്ക്  കയറി...

ടി വി ഓണ്‍ ചെയ്ത് കിടക്കയില്‍ കിടന്നു...

ചാനലുകള്‍ മാറ്റി നോക്കി...

ബി ബി സി യും, സി എന്‍ എന്‍ നും ഉണ്ട്.
പിന്നെ സി എന്‍ എന്നിന്റെ ഇറാക്കി എഡിഷനും.
പിന്നെയുള്ളത് രണ്ട് അറബി ചാനലുകള്‍ ആയിരുന്നു.
സദ്ദാം പിടിയിലായ ശേഷം താല്‍കാലിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ രണ്ട് ചാനലുകള്‍.

സദ്ദാമിന്റെ നീച പ്രവര്‍ത്തികളെ കുറിച്ചുള്ള പ്രചാരണമാണ് ആ ചാനലുകളുടെ മുഖ്യ അജണ്ട.

അമേരിക്കയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ സദ്ദാം നടത്തിയ നാടകങ്ങളെ കുറിച്ച് ചാനലില്‍ വിശദീകരിക്കുന്നു....

ഇന്ന് മൂന്ന് സദ്ദാമുമാര്‍ അമേരിക്കന്‍ തടവിലുണ്ട്...
ഒരു ഒറിജിനലും, രണ്ട് അപരന്മാരും...
മൂന്ന്  പേരുടെയും ഫോട്ടോകള്‍ ചാനല്‍ താരതമ്യം ചെയ്യുകയാണ്.
സ്വന്തം സുരക്ഷക്കായി സദ്ദാം തന്റെ രൂപ സാദൃശ്യം ഉള്ളവരെ വേഷം കെട്ടിച്ച് തെരുവിലേക്ക്‌ ഇറക്കിയിരുന്നല്ലോ...
ഇറാക്കികളുടെ പോരാട്ട വീര്യം ഉയര്‍ത്താനായി...
അങ്ങിനെ വേഷം കെട്ടിയവരില്‍ രണ്ട്  പേര്‍ ഇന്ന് അമേരിക്കന്‍ തടവിലാണ്...

ഇത്രയൊക്കെ അടവുകള്‍ സദ്ദാം പയറ്റിയിട്ടും സദ്ദാമിനെ തടവിലാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനകള്‍ ആ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നു...

സുധി സി എന്‍ എന്നിലേക്ക്‌ മാറ്റി...
അതിലും വാര്‍ത്തയാണ്...
സദ്ദാം ഇറാക്കികളോട് ചെയ്ത ക്രൂരതയും, അമേരിക്കയും ബ്രിട്ടനും ഇറാക്കികള്‍ക്ക് വേണ്ടി ബുദ്ധിമുട്ടി നടത്തുന്ന സഹായവുമാണ് വാര്‍ത്തയുടെ ഉള്ളടക്കം...

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സംഭവവികാസങ്ങളെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് സായിപ്പ്‌ വിശദീകരിച്ചുക്കൊണ്ടിരിക്കുന്നു.

പല രാജ്യങ്ങളിലും നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റിന് ഉള്ള ആശങ്കയെ പറ്റിയും വാര്‍ത്തയില്‍ പ്രതിപാദിച്ചു...

"ലോകത്തെവിടെയും എന്ത് സംഭവിച്ചാലും തങ്ങള്‍ അതില്‍ ഇടപെടണം എന്നതാണല്ലോ അമേരിക്കയുടെ നിലപാട്‌. പല രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക്‌ ആശങ്കകള്‍ ഉണ്ടത്രേ... അങ്ങിനെയുള്ള ഒരു ആശങ്കയാണല്ലോ ഇറാക്കിനെ ഈ പരുവത്തില്‍ ആക്കിയത്... "

അമേരിക്കന്‍ സര്‍ക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇറാക്കില്‍ എത്തിയതിനെക്കുറിച്ചും വാര്‍ത്തയില്‍ സൂചിപ്പിച്ചു....
അതിന്റെ ചിത്രങ്ങള്‍ ഒന്നും കാണിച്ചില്ല.

അമേരിക്കന്‍ പ്രസിഡന്റിനേയും, ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയേയും കാണിക്കാന്‍ തന്നെ അവര്‍ക്ക്‌ സമയം തികയുന്നില്ല. എന്നിട്ടല്ലേ ഈ പാവം ഇന്ത്യക്കാരെ....!!

ലോക പ്രശ്നങ്ങളെ പറ്റി ലോക പോലീസിന്റെ മാധ്യമം ലോകത്തെ അറിയിച്ചുകൊണ്ടിരുന്നു...

സമയം പത്തര കഴിഞ്ഞിരിക്കുന്നു....
ബോംബെ വിമാനത്താവളത്തില്‍ വെച്ചു തന്നെ ഇറാക്ക് സമയം തന്റെ വാച്ചില്‍ സെറ്റ്‌ ചെയ്തത് നന്നായി എന്ന് സുധിക്ക്  തോന്നി...

സുധി റിസപ്ഷനിലേക്ക് വിളിച്ച്  രാവിലെ ആറു മണിക്ക് തന്നെ വിളിച്ചുണര്‍ത്താന്‍ ആവശ്യപ്പെട്ടു.

ടി വി യും ലൈറ്റും ഓഫ് ചെയ്ത ശേഷം അദ്ദേഹം കിടക്കയിലേക്ക് വീണു...

അധികം വൈകാതെ ഇറാക്ക് മണ്ണിലുള്ള തന്റെ ആദ്യ ഉറക്കത്തിലേക്ക് പ്രവേശിച്ചു....

                                                              ****

നിര്‍ത്താതെയുള്ള ഫോണിന്റെ ബെല്ലടി കേട്ടാണ് സുധി ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്.

കിടക്കയില്‍ കിടന്നു കൊണ്ടു തന്നെ ഫോണ്‍ എടുത്തു...

"ഗുഡ്‌ മോണിംഗ് സര്‍, ആറു മണിക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു." ഫോണിന്റെ മറുതലക്കല്‍ നിന്നും ഒരു സ്ത്രീ ശബ്ദം.

"ഗുഡ്‌ മോണിംഗ് " തിരിച്ചും ഒരു സുപ്രഭാതം എറിഞ്ഞു കൊടുത്തു

"എന്തെങ്കിലും ആവശ്യമുണ്ടോ?" റിസപ്ഷനില്‍ നിന്നും ഉള്ള അന്വേഷണം..

"ഇല്ല. കുറച്ച് കഴിഞ്ഞ് വിളിക്കാം..." എന്ന് പറഞ്ഞ്  ഫോണ്‍ താഴെ വെച്ചു.

അധികം വൈകാതെ വീണ്ടും ഫോണ്‍ ബെല്ലടിച്ചു.

ഫോണ്‍ എടുത്തു.

"ഗുഡ്‌ മോണിംഗ് ഡോക്ടര്‍. ഇത് ബര്‍ണാഡ്‌ ആണ്. നമുക്ക്‌ എട്ടരക്ക്  ആശുപത്രിയിലേക്ക്‌ പോകണം. അപ്പോഴേക്കും നിങ്ങള്‍ തയ്യാറാവുമല്ലോ അല്ലേ?" ഫോണിന്റെ ഇയര്‍ പീസ്‌ ശബ്ദിച്ചു...

സുധി : "ശരി, ഞാന്‍ റെഡി ആവാം."

ഫോണ്‍ കട്ട് ചെയ്തു.

കിടക്കയില്‍ പിന്നെയും കുറച്ച് സമയം ചാഞ്ഞിരുന്നു...

ചെറുതായൊന്ന് മയങ്ങി.

മുറിയുടെ കാളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം സുധിയെ മയക്കത്തില്‍ നിന്നും ഉണര്‍ത്തി...

എഴുന്നേറ്റ് ചെന്ന് വാതില്‍ തുറന്നു...

റൂം ബോയ്‌ ആയിരുന്നു...
ഇന്നലെ കണ്ട ആള്‍ ആയിരുന്നില്ല.

പത്രവുമായി വന്നതാണ്...

പത്രം അവന്‍ മേശപ്പുറത്ത് വെച്ചു.

റൂം ബോയ്‌  : "എന്തെങ്കിലും വേണോ സര്‍?"

സുധി : "ഒരു കോഫി"

"ശരി സര്‍" എന്ന് പറഞ്ഞ് റൂം ബോയ്‌ വാതില്‍ ചാരി തിരിച്ചു പോയി.

പത്രവുമെടുത്ത് സുധീര്‍ കിടക്കയില്‍ ഇരുന്നു.

'ഇറാക്ക് ടുഡേ' അതാണ്‌ പത്രത്തിന്റെ പേര്.

സുധീര്‍ പത്രത്തിലൂടെ കണ്ണോടിച്ചു...

വാര്‍ത്തകള്‍ മിക്കതും അധിനിവേശത്തെ പറ്റിയുള്ളതാണ്...
ഉള്‍പേജുകളിലും മറ്റു വാര്‍ത്തകളൊന്നും അധികം ഇല്ല.

ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇറാക്കില്‍ എത്തിയതിനെ കുറിച്ച് ഒരു ചെറിയ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
അതിന്റെ പേരില്‍ ഇന്ത്യയെ അനുമോദിച്ചുകൊണ്ട് അമേരിക്കയും, ഇറാക്കിലെ ഇടക്കാല ഭരണകൂടവും നടത്തിയ പ്രസ്താവനകളും ആ റിപ്പോര്‍ട്ടില്‍ ഉണ്ട്.

പത്രത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തിയ ശേഷം സുധി ജനലിന്റെ അടുത്തേക്ക്‌ ചെന്നു...

ജനല്‍ തുറന്ന് പുറത്തേക്ക്‌ നോക്കി.

പ്രകാശം പടര്‍ന്നു വരുന്നു.

തെരുവ് വിളക്കുകള്‍ എല്ലാം കെടുത്തിയിട്ടുണ്ട്.

വണ്‍ വേ ആയ റോഡിലൂടെ ചില വാഹനങ്ങള്‍ കടന്നു പോകുന്നു.
വലിയ തിരക്കില്ല.

ചില പദയാത്രികരും റോഡിലൂടെ പോകുന്നുണ്ട്...
നടന്നു പോകുന്നവര്‍ക്കായി പ്രത്യേകം പാത നിര്‍മ്മിച്ചിട്ടുണ്ട്.

റോഡിന്റെ മറുവശത്തുള്ള  കെട്ടിടങ്ങളിലേക്ക് സുധീറിന്റെ ശ്രദ്ധ തിരിഞ്ഞു.

അമേരിക്കന്‍ ആക്രമണത്തില്‍  തകര്‍ന്ന ധാരാളം കെട്ടിടങ്ങള്‍ കാണാം.

പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്ന നിരവധി കെട്ടിടങ്ങള്‍....

തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു...

സൈന്യത്തിന്റെ വാഹനങ്ങള്‍ ഇടക്കിടെ കടന്ന് പോകുന്നു....

ചിലര്‍ ആ അവശിഷ്ടങ്ങളില്‍ എന്തൊക്കെയോ പരതുന്നു...
(തുടരും....:)19 comments:

 1. ടൈഗ്രിസ്‌ നദിയുടെ നാടിനെ പറ്റി താങ്കള്‍ എഴുതിയപ്പോളാണ് ഓര്‍മ്മ വന്നത് അവിടെയും മുല്ലപെരിയാര്‍ പോലെ ഇപ്പോള്‍ പൊട്ടും എന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു ഡാം ഉണ്ട് "മോസുല്‍ ഡാം" പണ്ടത്തെ "സദ്ദാം ഡാം" ആ പാവത്തിനെ തുക്കിലേറ്റിയതോടെ അതിന്‍റെ പേര് മാറ്റി ....താങ്കളുടെ എഴുത്തില്‍ ഓരോ ചെറിയ ചെറിയ സന്ദര്‍ഭങ്ങളും വളരെ വിസ്തരിച്ചു വിവരിച്ചിട്ടുണ്ട്....ഇനിയും എഴുതുക........ഭാവുകങ്ങള്‍.........

  ReplyDelete
 2. നല്ല ഒഴുക്കോടെ വായിച്ചു പോകുന്നു. ഇനി അടുത്തതിനായി................

  ReplyDelete
 3. നല്ല ഒഴുക്കോടെ വായിച്ചു. അടുത്തതിനു കാത്തിരിക്കുന്നു..........

  ReplyDelete
 4. ഇനിയും വരട്ടെ ഒരുപാട്
  നല്ല വിവരണം
  ഇനിയും ഈ ടൈഗ്രിസ്‌ അറിയാന്‍ ആഗ്രഹമുണ്ട്

  ReplyDelete
 5. തുടരട്ടെ തുടര്‍കഥ...ആദ്യം ചിത്രം കണ്ടപ്പോള്‍ ഞാന്‍ കരുതി അവര്‍ താമസിച്ച ലോഡ്ജിന്റെ ഒരു ഭാഗത്ത് ബോംബ്‌ വീണെന്ന് ..നല്ല ഒഴുക്കൊടുകൂടി വായിക്കാന്‍ സാധിച്ചു ..

  ReplyDelete
 6. നല്ല വായനാ സുഖം. വളരെ deatil ആയി പകര്‍ത്തിയിരിക്കുന്നു ഓരോന്നും.. അഭിനന്ദനങ്ങള്‍..

  ReplyDelete
 7. അല്ല ഡോക്ടര്‍ സാറേ എന്നാണ് ഈ പരമ്പര അവസാനിക്കുന്നത്
  യാത്ര വിവരണം നന്നായിട്ടുണ്ട് പക്ഷെ ഇത് അങ്ങനെ തുടരാതെ ഓരോ അനുഭവവും
  ഓരോ പോസ്ടാക്കി ഇട്ടൂടെ അതാന്നു വായനക്ക് കുറച്ചുകൂടി സൗകര്യം

  ReplyDelete
 8. ഈ കഥയുടെ കാര്യത്തില്‍ അങ്ങിനെ നടക്കില്ല റഷീദ്‌ ബായി....
  ഇതിന്റെ പോക്ക് അങ്ങിനെയാണ്....
  കുറച്ചു ഭാഗങ്ങള്‍ കൂടി പോസ്റ്റ്‌ ചെയ്യുമ്പോള്‍ അക്കാര്യം കൂടുതല്‍ വ്യക്തമാവും...:)

  ReplyDelete
 9. നല്ല വായനാ സുഖം. വളരെ deatil ആയി പകര്‍ത്തിയിരിക്കുന്നു ഓരോന്നും.. അഭിനന്ദനങ്ങള്‍..

  ReplyDelete
 10. എയുത്തിനു നല്ല ഒഴുക്കുണ്ട് തുടരട്ടെ

  ReplyDelete
 11. നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
  ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
  ലിങ്ക് ഇട്ടതു താല്‍പര്യ മില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  ReplyDelete
 12. ഡോക്ടറെ ,,,,,,
  ഓരോ ഭാഗം കഴിയുമ്പോഴും അടുത്തതിനായുള്ള ആകാംക്ഷ കൂടുന്നു .....
  തുടരും എന്ന് പറയുന്ന ഒരു സാധനവും വായിക്കാന്‍ ഇഷ്ടമല്ല . പക്ഷെ ഇതിനകത്ത് പറഞ്ഞു കേട്ടതില്‍ നിന്ന് വല്ല വ്യതിയാനവും വരുമോ എന്നറിയാന്‍ ഒരു ...... അതെന്നെ

  അടുത്ത ഭാഗം വരട്ടെ

  ReplyDelete
 13. പോസ്റ്റ്‌ വായിക്കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി...

  ReplyDelete
 14. വായന തുടരുന്നു. ഇന്നു തന്നെ ആറു ഭാഗവും തീര്‍ക്കാനാണുദ്ദേശം. വലിയ ഫോണ്ടില്‍ സ്പേസിട്ട് ടൈപ് ചെയ്തിരിക്കുന്നതിനാല്‍ വലിയ ആയാസവുമില്ല. കഥയുടെ സ്പീഡ് വായനയിലേയ്ക്കും പകരുന്നു

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....