Saturday, December 03, 2011

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 01


സുധീര്‍ തന്റെ വാച്ചിലേക്ക് നോക്കി.
സമയം നാലര ആയിരിക്കുന്നു.
ഇനിയും ഏകദേശം ഒരു മണിക്കൂര്‍ യാത്രയുണ്ട്.

സുധീര്‍ തന്റെ വിമാനത്തിലെ സഹയാത്രികരെ ആകെയൊന്ന് വീക്ഷിച്ചു...

തൊട്ടടുത്ത സീറ്റില്‍ ഡോ.വിജയ്‌ ആണ്.
അദ്ദേഹം ഉറങ്ങുകയാണ്.
ഏകദേശം അമ്പത്‌ വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തിയാണ് വിജയ്‌....
'25 വയസ്സുള്ള തന്റെ ആരോഗ്യാവസ്ഥ ആയിരിക്കില്ലല്ലോ ഡോ. വിജയ്‌ ക്ക് ഉണ്ടാവുക' സുധീര്‍ വിചാരിച്ചു.

സുധീര്‍ ഇറാക്കിലേക്കാണ് പോകുന്നത്...

'മാനവസംസ്കാരത്തിന്റെ കളിത്തൊട്ടില്‍' എന്ന്  അറിയപ്പെടുന്ന ഇറാക്കിലേക്ക് ...

അതെ, ഒരു കാലത്ത് സദ്ദാം എന്ന ഭരണാധികാരി ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ അതേ ഇറാക്കിലേക്ക് ....

1990 - കള്‍ക്ക് മുന്‍പ് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായിരുന്ന ഇറാക്കിലേക്ക്...

രണ്ടായിരത്തി മൂന്നില്‍ അമേരിക്കയും, ബ്രിട്ടനും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് ആക്രമിച്ച് കീഴ്പ്പെടുത്തിയ ഇറാക്കിലേക്ക്....

ലോക ജനതയുടെ പ്രതിഷേധം വകവെക്കാതെ അമേരിക്ക ഇറാക്കിന്റെ മേല്‍ ബോംബ്‌ വര്‍ഷിക്കുകയായിരുന്നല്ലോ...

"ഒരു പക്ഷേ അമേരിക്ക ഇറാക്കിനെ ആക്രമിച്ചിട്ടില്ലായിരുന്നെങ്കില്‍ തന്റെ ഈ യാത്ര ഉണ്ടാവുമായിരുന്നോ" സുധീര്‍ സംശയിച്ചു.

ആ സംശയത്തിന് കാരണമുണ്ടായിരുന്നു.

യുദ്ധത്തില്‍ പരിക്ക് പറ്റി മരണത്തോട്‌ മല്ലടിക്കുന്ന ഇറാക്കി ജനതയുടെ കണ്ണുനീര് ഒപ്പാന്‍ ഇന്ത്യ നിയോഗിച്ച മെഡിക്കല്‍ സംഘത്തിലെ അംഗമായിട്ടാണ് ഡോ.സുധീര്‍ ഇപ്പോള്‍ ഇറാക്കിലേക്ക് പറക്കുന്നത്.

ആറു ഡോക്ടര്‍മാര്‍, പന്ത്രണ്ട് ഫാര്‍മസിസ്റ്റുമാര്‍, നാല്പത്തി രണ്ട് നഴ്സുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് അറുപത് അംഗ ഇന്ത്യന്‍ മെഡിക്കല്‍ സംഘം. ഡോക്ടര്‍മാരും, ഫാര്‍മസിസ്റ്റുകളും പുരുഷന്‍മാര്‍, നഴ്സുമാരെല്ലാം സ്ത്രീകളും....

ഡോക്ടര്‍മാരില്‍ രണ്ട് പേര്‍ മലയാളികളാണ് - സുധീറും, വിജയ്‌ യും. പിന്നെയുള്ളതില്‍ എട്ട് നഴ്സുമാരും, മൂന്ന് ഫാര്‍മസിസ്റ്റുകളും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഉള്ളവരാണ്.

ഡോക്ടര്‍മാരില്‍ ഒരാള്‍ തമിഴ്നാട്ടുക്കാരനാണ് - ഡോ.സെല്‍വം.
ബാക്കിയുള്ളവരെല്ലാം വടക്കേ ഇന്ത്യക്കാരാണ്. എല്ലാവരോടും ഒന്ന് പരിചയപ്പെടാന്‍ മാത്രമേ സുധീറിന് കഴിഞ്ഞിട്ടുള്ളൂ...
കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല...

ഡോ.വിജയ്‌ ഗൗരവക്കാരനാണ്.
കാര്യപ്രസക്തമായി മാത്രമേ സംസാരിക്കുകയുള്ളൂ...
വിമാനത്തില്‍ അദ്ദേഹത്തിന്റെ അടുത്ത സീറ്റ്‌ ലഭിച്ചതിനാല്‍ സുധീറിന് ബോറടി തോന്നി.

ഇന്ത്യന്‍ സര്‍ക്കാര്‍ വളരെ പെട്ടന്നായിരുന്നു ഇറാക്കിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കാനുള്ള തീരുമാനം എടുത്തത്. ഇറാക്കിലേക്ക് പോകാന്‍ മിക്കവര്‍ക്കും താല്പര്യം ഉണ്ടായിരുന്നില്ല. പ്രതിമാസം എണ്‍പതിനായിരം രൂപ ശമ്പളം നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചിട്ടും പല ഡോക്ടര്‍മാരും ആ സാഹസം ഏറ്റെടുക്കാന്‍ തയ്യാറായില്ല.

വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളും, സഹോദരിമാരുടെ വിവാഹവും എല്ലാം മുന്നില്‍ ചോദ്യചിഹ്നങ്ങളായി നില്‍ക്കുമ്പോള്‍ അല്പം സാഹസികത കാണിക്കാതെ സുധീറിന്  ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ല.

സുധീറിന് മൂന്ന് സഹോദരിമാരാണ് ഉള്ളത്.
മൂത്തയാള്‍ അജിത ബി എസ്സ് സി കെമിസ്ട്രിക്ക് പഠിക്കുന്നു. രണ്ടാമത്തെ സഹോദരി രജനി പ്ലസ്‌ ടു വിനും, ഏറ്റവും ചെറിയ സഹോദരി ദീപ പത്താം ക്ലാസിലും പഠിക്കുന്നു. പിന്നെ സുധീറിന്റെ വീട്ടില്‍ ഉള്ളത് അച്ഛനും അമ്മയും ആണ്.
അച്ഛനും അമ്മയും കൂലിപ്പണി ചെയ്താണ് ആറംഗ കുടുംബത്തെ പോറ്റുന്നത്.

പഠിക്കാന്‍ മിടുക്കനായിരുന്ന സുധീര്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്നാണ്  എംബി ബി എസ്  ബിരുദം നേടിയത്. ആ പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ടി ആകെയുണ്ടായിരുന്ന 12 സെന്റ്‌ ഭൂമിയും അച്ഛന് പണയപ്പെടുത്തേണ്ടി വന്നു.

എം ബി ബി എസ് കഴിഞ്ഞ ശേഷം ഉപരിപഠനത്തിന് പോകാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തികാവസ്ഥ അതിനനുവദിച്ചില്ല. കോഴ്സ്‌ കഴിഞ്ഞ് ഒരു വര്‍ഷത്തോളം നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തെങ്കിലും, തന്റെ പഠനത്തിനു വേണ്ടി അച്ഛന്‍ വാങ്ങിയ കടം തിരിച്ചു കൊടുക്കാന്‍ പോലും ആ വരുമാനം കൊണ്ട് സുധീറിന് കഴിഞ്ഞില്ല.

സുധീര്‍ ഈ അവസ്ഥയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ഇറാക്കിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ ഭാരത സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇറാക്കില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള ഡോക്ടര്‍മാരോടും, നഴ്സുമാരോടും, ഫാര്‍മസിസ്റ്റുമാരോടും ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടുക്കൊണ്ട്  കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പരസ്യം പത്രങ്ങളില്‍ വന്നിരുന്നു. നല്ല ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം, വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വന്നു പോകാന്‍ വേണ്ട വിമാന ടിക്കറ്റ് എന്നിവയെല്ലാം സൗജന്യമാണെന്ന്  കണ്ടപ്പോള്‍ സുധീറിന് കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല.

സുധീര്‍ തന്റെ അപേക്ഷ അയച്ചു.
അപേക്ഷകര്‍ കുറവായതിനാലും, നല്ല മാര്‍ക്ക്‌ ഉണ്ടായിരുന്നതിനാലും സുധീറിന് സെലക്ഷന്‍ ലഭിച്ചു.

കുട്ടിക്കാലത്ത് ലോകം ചുറ്റിക്കാണാന്‍ ആഗ്രഹിച്ചിരുന്ന സുധീര്‍ ഈ അവസരം ലഭിച്ചതില്‍ സന്തോഷിച്ചു. പക്ഷേ ഇറാക്ക് എന്ന യുദ്ധ ഭൂമിയിലേക്കാണ്  തന്റെ യാത്ര എന്ന വസ്തുത കുറച്ച് മാനസിക പ്രയാസങ്ങള്‍ സൃഷ്ടിക്കാതിരുന്നില്ല.

പ്രത്യേക സുരക്ഷ ഇന്ത്യയും, അമേരിക്കയും മെഡിക്കല്‍ സംഘത്തിന് ഉറപ്പു നല്‍കിയിരുന്നു. മാത്രമല്ല, പ്രാരാബ്ദങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ ഈ ഓഫര്‍ കൈവിടുന്നതിനെ പറ്റി സുധീറിന് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.

ഇറാക്കിലേക്കാണ് താന്‍ പോകുന്നതെന്ന് സുധീര്‍ നാട്ടില്‍ പറഞ്ഞിരുന്നില്ല.

'സുധീറിന് കുവൈത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി കിട്ടി' ഇതായിരുന്നു നാട്ടില്‍ പ്രചരിച്ചത്.
സ്വന്തം വീട്ടുകാരോടും സുധീര്‍ അതുതന്നെയായിരുന്നു പറഞ്ഞിരുന്നത്. ഇറാക്കിലേക്കാണ്  പോകുന്നത്  എന്നറിഞ്ഞാല്‍ വീട്ടുകാര്‍ അതിന് സമ്മതം നല്‍കില്ല എന്ന കാര്യം ഉറപ്പായിരുന്നു.

കരിപ്പൂരില്‍ നിന്നും ബോംബയില്‍ വന്ന് അവിടെ നിന്നും  മെഡിക്കല്‍ സംഘത്തിലെ എല്ലാവരും ചേര്‍ന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലായിരുന്നു ഇറാക്കിന്റെ തലസ്ഥാന നഗരിയായ ബാഗ്ദാദിലേക്ക് പുറപ്പെട്ടത്‌...

സഹായത്രികരില്‍ പലരും പുറത്തെ മേഘങ്ങളെ നോക്കി ഇരിക്കുകയാണ്.
എല്ലാവരുടെയും മുഖത്ത്‌ ആകാംക്ഷ തളം കെട്ടി നില്‍ക്കുന്നുണ്ട്.

'യുദ്ധ ഭൂമിയിലേക്ക് പോകുന്നവരുടെ മനസ്സിലും ഒരു യുദ്ധം നടക്കുന്നുണ്ടാവണം' സുധീര്‍ ചിന്തിച്ചു..

മലയാളിയായ നഴ്സ് അഭയയുടെ മുഖത്തുണ്ടായിരുന്ന നെടുവീര്‍പ്പുകള്‍ സുധീറിന്റെ ശ്രദ്ധയില്‍പ്പെട്ടു.
യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്റെ പ്രിയ കൂട്ടുക്കാരി ഫാസിലയുടെ മുഖത്ത് ഉണ്ടായത്‌ പോലെയുള്ള നെടുവീര്‍പ്പുകള്‍....

ഫാസിലയോട് മാത്രമേ സുധീര്‍ തന്റെ യാത്രയുടെ യഥാര്‍ത്ഥ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളൂ...
താന്‍ സ്നേഹിക്കുന്ന, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന തന്റെ മുസ്ലിം കൂട്ടുകാരിയായ ഫാസിലയോട് കള്ളം പറയാന്‍ സുധീറിന് കഴിഞ്ഞിരുന്നില്ല.

സുധീറിന്റെ ചിന്തകള്‍ പിറകോട്ടോടി...

ഫാസില തന്റെ അയല്‍വാസിയാണ്. മലബാറിലെ കോട്ടപ്പുറം എന്ന തന്റെ കൊച്ചു ഗ്രാമത്തിലെ ഒരംഗം. അവള്‍ തന്റെ സഹോദരിയോടൊപ്പം ഡിഗ്രിക്ക് പഠിക്കുന്നു.

ചെറുപ്പം മുതലേ സുധീറും, ഫാസിലയും, അജിതയും ഒന്നിച്ചായിരുന്നു കളിച്ചു നടന്നിരുന്നത്. വൈകുന്നേരങ്ങളില്‍ മിക്കപ്പോഴും ഒന്നിച്ചിരുന്നായിരുന്നു അവരുടെ പഠനവും.

അവളുടെ കുടുംബം ഒരു കര്‍ഷക കുടുംബമാണ്. രണ്ട് വീട്ടുകാരും നല്ല സൗഹൃദത്തില്‍.... 
എങ്കിലും തങ്ങളുടെ ബന്ധത്തെ ഉള്‍കൊള്ളാന്‍ വീട്ടുകാര്‍ക്ക്‌ ആവുമോ എന്ന കാര്യത്തില്‍ സുധീറിന് സംശയങ്ങളുണ്ടായിരുന്നു...

'ഏതായാലും ആദ്യം തന്റെ സഹോദരിമാരുടെ വിവാഹം.അതിന് ശേഷം തന്റെ ഈ ആഗ്രഹം വീട്ടുകാരോട് പറയണം...' ഇതായിരുന്നു സുധീറിന്റെ പദ്ധതി.

വിവാഹം നീട്ടിക്കൊണ്ട് പോകാനാണ് ഫാസില ഇപ്പോഴും കോളേജില്‍ പോകുന്നത് എന്ന് സുധീറിനറിയാം. അല്ലാതെ പഠനത്തോടുള്ള താല്പര്യംക്കൊണ്ട് അല്ല. പഠനം നിര്‍ത്തിയാല്‍ വീട്ടുകാര്‍ കല്യാണ ആലോചനകളുമായി വരും. അത് ഒഴിവാക്കാന്‍ കോളേജില്‍ പോകുന്നു എന്നു മാത്രം...

"നിങ്ങള്‍ തിരിച്ചു വരുന്നത് വരെ ഞാന്‍ പഠിച്ചുകൊണ്ടേയിരിക്കും" ഫാസിലയുടെ വാക്കുകള്‍ സുധീറിന്റെ കാതുകളില്‍ മുഴങ്ങി.

"എക്സ്ക്യൂസ് മി" എന്ന ശബ്ദം സുധീറിനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി...

എയര്‍ ഹോസ്റ്റെസ്‌ ജ്യൂസുമായി വന്നതായിരുന്നു....

അവര്‍ ജ്യൂസ് നീട്ടി.

സുധീര്‍ ജ്യൂസ് വാങ്ങി എയര്‍ ഹോസ്റ്റെസ്സിനോട്‌ നന്ദി പറഞ്ഞു...

വശ്യമായ ഒരു പുഞ്ചിരിയും സമ്മാനിച്ച് എയര്‍ ഹോസ്റ്റെസ്സ് അടുത്ത സീറ്റിലേക്ക്‌ നീങ്ങി...

സുധീറിന്റെ മനസ്സിലേക്ക് വീണ്ടും സ്വന്തം ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ ഒഴുകിയെത്തി....

ചെറിയൊരു കോളനിയിലായിരുന്നു സുധീറിന്റെ വീട്. ചെറിയ കോളനി ആയതുകൊണ്ടും, മിക്കവാറും കുടുംബങ്ങളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതു കൊണ്ടും എല്ലാ വീട്ടുക്കാരും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു.

ആ കോളനിയിലെ പണക്കാരന്‍ എന്ന ലേബല്‍ ഉണ്ടായിരുന്നത് ഗള്‍ഫുക്കാരനായ മൂസാക്കാക്ക്‌ ആയിരുന്നു. ആ കോളനിയില്‍ ടി വി, ടെലിഫോണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ള ഏക വീട് അദ്ദേഹത്തിന്റേതായിരുന്നു.

മാന്യനായിരുന്ന മൂസാക്കയുടെ പരോപകാരത്തിലുള്ള തല്പരത ആ കൊച്ചു ഗ്രാമത്തില്‍ പ്രശസ്തമായിരുന്നു. തന്റെ കഴിവിനനുസരിച്ച് എന്താവശ്യത്തിനും മറ്റുള്ളവരെ സഹായിക്കാന്‍ ഒരിക്കലും മൂസാക്ക മടി കാണിച്ചിരുന്നില്ല. പണ്ട് ആ കോളനിയിലേക്ക്‌ ഒരു കൊമ്പനാനയെ മരം പിടിക്കാന്‍ വേണ്ടി കൊണ്ടു വന്നിരുന്നു. അന്ന് ആനക്ക് കൊടുക്കാന്‍ പനമ്പട്ട എവിടെ നിന്നും കിട്ടിയില്ല. ആന വിശന്ന് അസ്വസ്ഥകള്‍ കാണിക്കാന്‍ തുടങ്ങിയപ്പോള്‍ മൂസാക്ക സൈക്കിള്‍ ചവിട്ടി പത്ത് കിലോമീറ്റര്‍ അകലെയുള്ള ഒരു സുഹൃത്തിന്റെ പറമ്പില്‍ പോയി പനമ്പട്ട കൊണ്ടുവന്നു കൊടുത്തു. പനമ്പട്ട തിന്ന് വിശപ്പടക്കിയ കൊമ്പനാന മൂസാക്കാക്ക്‌ തുമ്പികൈ കൊണ്ട് ഒരു സല്യൂട്ട് കൊടുത്തു. അന്ന് മുതല്‍ മൂസാക്കാക്ക് നാട്ടില്‍ ഒരു ഇരട്ടപ്പേരും വീണു - കൊമ്പന്‍ മൂസ.

"കുറച്ചു കാലം ബുദ്ധിമുട്ടിയാണെങ്കിലും ഇറാക്കില്‍ ജോലി ചെയ്ത് പണം സമ്പാദിച്ച്, നാട്ടിലെ കടങ്ങളും മറ്റു ബാധ്യതകളും വീട്ടണം. സഹോദരിമാരുടെ വിവാഹം കൂടി നടത്തിയ ശേഷം വേണം തന്റെ സ്വപ്നങ്ങളെ , അല്ല തന്റെയും ഫാസിലയുടെയും സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാന്‍" സുധീറിന്റെ മനസ്സിലേക്ക് തന്റെ സ്വപ്‌നങ്ങള്‍ ഒഴുകിയെത്തി....

ഈ സ്വപ്നങ്ങളുടെ മുന്നില്‍ അമേരിക്കയും, ഇറാക്കും ഒന്നുമല്ലെന്ന് സുധീറിന് തോന്നി....

തന്റെ ഗ്രാമത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും ഓര്‍ത്ത്‌ സുധീര്‍ പതുക്കെ മയക്കത്തിലേക്ക്‌ വീണു...

"സീറ്റ്‌ ബെല്‍റ്റ്‌ ശരിയാക്കിയില്ലേ സര്‍ ?" എന്ന ചോദ്യം സുധീറിനെ മയക്കത്തില്‍ നിന്നും ഉണര്‍ത്തി.

എയര്‍ ഹോസ്റ്റെസ്സ് ആയിരുന്നു അത്...

"സര്‍, നമ്മള്‍ ലാന്‍ഡ്‌ ചെയ്യാറായി" എയര്‍ ഹോസ്റ്റെസ്സ് സുധീറിനോട്‌ പറഞ്ഞു...

സുധീര്‍ സീറ്റ്‌ ബെല്‍റ്റ്‌ ശരിയാക്കി.

വിമാനത്തിന്റെ ജാലകത്തിലൂടെ പുറത്തേക്ക്‌ നോക്കി....

പല ദുരന്തങ്ങള്‍ക്കും മൂകസാക്ഷിയാകേണ്ടി വന്നിട്ടും, വ്യസനങ്ങള്‍ ഉള്ളിലൊതുക്കി ശാന്തമായി ഒഴുകുന്ന ടൈഗ്രിസ്‌ നദിയുടെ കാഴ്ച സുധീറിന്റെ ആത്മാവിനെ സ്പര്‍ശിച്ചു...

അകലെ നഗരത്തിന്റെ ഭാഗങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു....

ഇറാക്കില്‍ കാലുകുത്താന്‍ പോവുകയാണ്...

ജനിച്ചു വളര്‍ന്ന ഇന്ത്യക്ക്‌ പുറത്ത്  മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ ആദ്യമായിട്ടാണ് താന്‍ കാലുവെക്കാന്‍ പോകുന്നതെന്ന ചിന്ത സുധീറിന്റെ മനസ്സില്‍ നിറഞ്ഞു നിന്നു.
മനസ്സിന് ഒരു പ്രത്യേക അനുഭൂതി തോന്നുന്ന പോലെ...

വിമാനം ലാന്‍ഡിംഗിന് തയ്യാറെടുത്തു കഴിഞ്ഞിരുന്നു....
നിമിഷങ്ങള്‍ക്കകം വിമാനം റണ്‍വേയില്‍ എത്തി....
വേഗത കുറഞ്ഞ് കുറഞ്ഞ് അധികം താമസിയാതെ വിമാനം നിശ്ചലമായി...

അങ്ങിനെ ബോംബെയില്‍ നിന്നും അറുപത് പേരുടെ മെഡിക്കല്‍ സംഘവുമായി എത്തിയ എയര്‍ ഇന്ത്യയുടെ വിമാനം ബാഗ്ദാദ്  അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ്‌ ചെയ്തു.
(തുടരും....:)


"ടൈഗ്രിസ്‌ പറയാതെ പോയത് " ന്റെ മറ്റു ഭാഗങ്ങള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക
23 comments:

 1. അബ്സാറിന്റെ സ്വരങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം..
  “ടൈഗ്രിസ്‌ പറയാതെ പോയത്‌“..വിശദമായ തുടക്കം..ആശംസകള്‍ ട്ടൊ..!

  ReplyDelete
 2. തുടക്കം നന്നായി ... ബാക്കി കൂടെ പോരട്ടെ ..
  ആശംസകള്‍

  ReplyDelete
 3. കഥ നല്ല ഒഴുക്കിലാണ് പോവുന്നത്
  ഇഷ്ടായി
  ഇനിയും വരട്ടെ
  ആശംസകള്‍

  ReplyDelete
 4. ഹൊ അപ്പൊ കൊമ്പന്‍ മൂസാക അങ്ങിനെയാണ് ഉണ്ടാത് അല്ലെ

  ReplyDelete
 5. തുടക്കം മനോഹരമായി... ബാക്കി വരട്ടെ..!!

  ReplyDelete
 6. കാത്തിരിക്കുന്നു അടുത്തഭാഗത്തിനായ്...

  ReplyDelete
 7. തുടക്കം കൊള്ളാം അബ്സര്‍ ....അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു ...


  ഫോട്ടോ കൊള്ളാംട്ടോ ...പ്ലൈനിന്നകത്ത് മറ്റൊരു പ്ലൈന്‍ .....
  കൊമ്പന് പേര് ഉണ്ടായത് ഇങ്ങനാണെന്ന് ഇപ്പോളല്ലേ മനസ്സിലായത്‌ ....

  ReplyDelete
 8. തുടക്കം നല്ല സസ്പെന്‍സോടെ തന്നെ അവതരിപ്പിച്ചു ബാക്കി കൂടെ പോരട്ടെ (വായനക്കാരുടെ ശ്രദ്ധക്ക് ഇതില്‍ പരാമര്‍ശിച്ച കൊമ്പന്‍ മൂസയും ഞാനും തമ്മില്‍ ഒരു ബന്ദവും ഇല്ല )

  ReplyDelete
 9. തെളിനീരിന്റെ കുളിരൊഴുക്കുണ്ട് .കഥയ്ക്ക് ആത്മാംശമുണ്ടോ? ഡോക്റ്റര്‍ ആയത് കൊണ്ടും കഥയില്‍ നമ്മുടെ 'കോട്ടപ്പുറം'വന്നത് കൊണ്ടും സംശയിച്ചതാണേ...'കോട്ടപ്പുറം'വേറെയും ഉള്ളത് മറക്കുന്നില്ല.

  ReplyDelete
 10. good rhytham.. continue as good as this..

  (Pinne oru cheriya abhiprayamundayirunnu. Saddaminekkurichanu. Pakshe nalla kathayude moodu charchakalil vazhi maarum ennullathu kondu parayunnilla... :) )

  ReplyDelete
 11. അത്തരം ചര്‍ച്ചകള്‍ നടത്തണം എന്നുണ്ട്... പക്ഷേ അത് എല്ലാ ഭാഗങ്ങളും പോസ്റ്റ്‌ ചെയ്തു കഴിഞ്ഞ ശേഷം ആക്കാം എന്നതാണ് അഭിപ്രായം...:)
  കഥ പൂര്‍ത്തിയായാല്‍ താങ്കള്‍ തീര്‍ച്ചയായും അക്കാര്യം പങ്കുവെക്കണം...

  ReplyDelete
 12. Venda doctore... athoru cheriya paramarsamalle... kathakku yathoru poralumelppikkatha onnu. athivide vittekkam..
  Iniyum Katha Ugranayittu Thudaratte...
  AAsamsakal

  ReplyDelete
 13. ലോകമാനവികതയുടെ ഹ്രുദയത്തിലെ മുറിപ്പാടായ ഇറാഖിന്റെ പശ്ചാത്തലത്തിൽ ഒരു കഥ? തീർച്ചയായും അടുത്ത ഭാഗത്തിനായി കാത്തിരിക്കും.

  ReplyDelete
 14. തുടക്കം കൊള്ളാം അബ്സര്‍ ....അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു ... ബാക്കി കൂടെ പോരട്ടെ ..
  ആശംസകള്‍

  ReplyDelete
 15. കഥയില്‍ കുറച്ചു കൂടി ശ്രദ്ധിക്കാനുണ്ട്.സുധീര്‍,സുധീര്‍ എന്ന് ആവര്‍ത്തിച്ചു പറയേണ്ട കാര്യമില്ല.ഇടക്ക്‌ അയാള്‍ എന്നാകാം.അല്ലെങ്കില്‍ ഇത് രണ്ടുമില്ലാതെയും നായകന്‍റെ ചിന്തകള്‍ അവതരിപ്പിക്കാം .ഉദാ."സീറ്റ്‌ ബെല്‍റ്റ്‌ ശരിയാക്കിയില്ലേ സര്‍ ?" എന്ന ചോദ്യം സുധീറിനെ മയക്കത്തില്‍ നിന്നും ഉണര്‍ത്തി".ഇതില്‍ സുധീറും അയാളും വേണ്ട.വാചകം ഒന്ന് കൂടി ഭംഗിയായി.

  തുടര്‍ന്നും എഴുതുക.ആശംസകള്‍

  ReplyDelete
 16. ഇറാഖിന്റെ പശ്ചാത്തലം ഈ കഥയ്ക്ക് ഭംഗിയാവും..തീര്‍ച്ച, ബാക്കി ഭാഗങ്ങള്‍ വരട്ടെ..ആശംസകള്‍.

  ReplyDelete
 17. @ റോസാപൂക്കള്‍,

  വളരെ പ്രസക്തമായ ഒരു കാര്യമാണ് നിങ്ങള്‍ ചൂണ്ടിക്കാണിച്ചത്.
  തീര്‍ച്ചയായും വരുന്ന ഭാഗങ്ങളില്‍ അത്തരത്തിലുള്ള ആവര്‍ത്തനം ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നതാണ്.

  ഒരു പോരായ്മ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതിന് ഒരായിരം നന്ദി...

  ReplyDelete
 18. നല്ല കിടിലന്‍ തുടക്കം.
  ആകാംക്ഷാഭരിതനായി കാത്തിരിക്കുന്നു.

  ReplyDelete
 19. തുടരുക.
  കാത്തിരിക്കുന്നു.

  ReplyDelete
 20. @വര്‍ഷിണി* വിനോദിനി
  @വേണുഗോപാല്‍
  @ഷാജു അത്താണിക്കല്‍
  @ആയിരങ്ങളില്‍ ഒരുവന്‍
  @ഇലഞ്ഞിപൂക്കള്‍
  @ആറങ്ങോട്ടുകര മുഹമ്മദ്‌
  @kochumol(കുങ്കുമം)
  @കൊമ്പന്‍
  @Mohammedkutty irimbiliyam
  @Nishpakshan
  @Nassar Ambazhekel
  @sadique
  @റോസാപൂക്കള്‍
  @പരപ്പനാടന്‍.
  @പൊട്ടന്‍
  @Shefeek


  പോസ്റ്റ്‌ വായിക്കുകയും അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തതിന് ഒരായിരം നന്ദി....

  ReplyDelete
 21. ഡോക്ടറെ, ഞാന്‍ ഇന്നാണ് ഇങ്ങിനെയൊരു സംരംഭം ഉണ്ടെന്നറിയുന്നത്. അതുകൊണ്ട് ആദ്യം തന്നെ ഒന്നാം അദ്ധ്യായത്തിലേയ്ക്ക് പോന്നു. തുടര്‍ന്ന് വായിക്കട്ടെ..

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....