Thursday, November 17, 2011

വൃദ്ധസദനങ്ങള്‍ ഉണ്ടാക്കുന്നവര്‍


വൃദ്ധസദനങ്ങള്‍ കൂടി കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ആണല്ലോ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് അയച്ച് സ്വാതന്ത്ര്യം ആഘോഷിക്കുന്ന മക്കള്‍ ചെയ്യുന്നത് ഏറ്റവും നീചമായ പ്രവര്‍ത്തിയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല.

എന്തുകൊണ്ട് കൂടുതല്‍ പേര്‍ വൃദ്ധസദനത്തിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു എന്നതിന് രണ്ട് ഉത്തരങ്ങള്‍ ആണ് നമുക്ക്‌ നല്‍കാന്‍ കഴിയുക.

1. മക്കള്‍ ഇല്ലാത്തതുകൊണ്ടോ, മറ്റു ബന്ധുമിത്രാതികള്‍ ഇല്ലാത്തത് കൊണ്ടോ ജീവിതത്തില്‍ ഒറ്റപ്പെട്ട്  പോയവര്‍ വൃദ്ധ സദനത്തില്‍ അഭയം തേടുന്നു.

ഇത്തരക്കാര്‍ക്ക് വൃദ്ധസദനം ഒരു ആശ്വാസ കേന്ദ്രം തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല.

 2.  മക്കളുടെ സമയ - സൗകര്യ പരിമിതി മൂലം വൃദ്ധസദനത്തില്‍ എത്തപ്പെട്ടവര്‍ ആണ് രണ്ടാമത്തെ കൂട്ടര്‍.

ഇതിന് കാരണക്കാരായ മക്കളെ നമുക്ക്‌ ഒരിക്കലും അംഗീകരിക്കാനോ പിന്തുണക്കാനോ കഴിയില്ല.

പക്ഷേ എന്തുകൊണ്ടാണ് ഈ അവസ്ഥയില്‍ ചിന്തിക്കാന്‍ മക്കളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നതും പരിഗണിക്കേണ്ട കാര്യം ആണല്ലോ.

മക്കള്‍ക്ക് മാതാപിതാക്കളോട് ഉള്ള "സ്നേഹം" എന്ന ഘടകത്തിന്റെ കുറവ് തന്നെയാണ് ഈ അവസ്ഥ സംജാതമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ളത് എന്ന് നമുക്ക്‌ നിസ്സംശയം പറയാം.

എന്തുകൊണ്ടാണ്  മക്കള്‍ക്ക് തങ്ങളുടെ മാതാ പിതാക്കളോട് ഈ സ്നേഹം എന്ന വികാരം ഇല്ലാതെ പോകുന്നത്?? അല്ലെങ്കില്‍ അവരോടുള്ള സ്നേഹത്തെക്കാള്‍ കൂടുതല്‍ എന്തുകൊണ്ടാണ് മക്കളെ പണത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുന്നത്?? ഇതിനെ കുറിച്ചൊക്കെ ഒന്ന് ചര്‍ച്ച നടത്തേണ്ടതല്ലേ???

കുട്ടിക്കാലത്ത് കുട്ടികളോടൊപ്പം ആത്മാര്‍ഥമായി ചിലവഴിക്കാന്‍ എത്ര രക്ഷിതാക്കള്‍ സമയം കണ്ടെത്തുന്നുണ്ട് എന്ന് നമ്മള്‍ ആലോചിച്ചിട്ടുണ്ടോ? എത്രപേര്‍ തങ്ങളുടെ മക്കളോടൊപ്പം കളിക്കാനും, അവരുടെ വാക്കുകള്‍ കേള്‍ക്കാനും താല്പര്യം പ്രകടിപ്പിക്കുന്നുണ്ട് ? രക്ഷിതാക്കളുടെ ജോലിത്തിരക്കിനിടയില്‍ മക്കളെ ഹോസ്റ്റലില്‍ ആക്കി ആവശ്യത്തിനും അനാവശ്യത്തിനും പണം അയച്ചു കൊടുക്കുകയും, ഇടക്ക് ചെന്ന് കാണുകയും ചെയ്‌താല്‍ തങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നു എന്ന് കരുതുന്ന മാതാപിതാക്കളാണ്  ഈ അവസ്ഥയിലേക്ക്‌ സമൂഹത്തിനെ നയിച്ചതില്‍ പ്രധാന ഉത്തരവാദികള്‍. വളരെ ചെറിയ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്ന ബേബി കെയറുകളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടി വരുന്നു.  ഇത്തരത്തില്‍ വളര്‍ന്ന കുട്ടികള്‍ക്ക്‌ സ്വാഭാവികമായും രക്ഷിതാക്കളെക്കാള്‍ കൂടുതല്‍ താല്പര്യം പണത്തോടും സ്വന്തം സ്വാതന്ത്ര്യത്തോടും ആയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.

രക്ഷിതാക്കള്‍ക്ക്‌ കുട്ടികള്‍ക്ക് വേണ്ടി സമയം കണ്ടെത്താന്‍ കഴിയാതിരുന്നത് കൊണ്ട് അവര്‍ മക്കളെ  ഹോസ്റ്റലില്‍ ആക്കി. അപ്പോള്‍ ഈ കുട്ടികള്‍ വലുതാവുമ്പോള്‍ സ്വാഭാവികമായും 'തങ്ങളുടെ തിരക്കിനെ മറികടക്കാന്‍ ഏറ്റവും നല്ലത് മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കുകയാണ് ' എന്ന് കരുതിയാല്‍ അതിനെ നമുക്കവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ???
ആ കുട്ടികളെ (മക്കളെ) സംബന്ധിച്ചിടത്തോളം ഈ കാര്യം ഒരു മഹാപാതകമായി ഒരിക്കലും അനുഭവപ്പെടുന്നില്ല.

ഇന്നത്തെ ലോകത്ത് സൗഹൃദം പലപ്പോഴും ഒരു അഭിനയമായി മാറുകയാണ്. ഉറ്റ സുഹൃത്തുക്കളുടെ കുറ്റം പോലും ആ സുഹൃത്തിന്റെ അസാന്നിധ്യത്തില്‍ വിളിച്ചു പറയുന്നവരാണ് നാം. നേരിട്ട് കാണുമ്പോള്‍ അവരോട് ഭയങ്കര സൗഹൃദം നടിക്കുകയും ചെയ്യുന്നു. നമ്മുടെ ഈ അഭിനയമെല്ലാം കണ്ടു വളരുന്ന കുട്ടികള്‍, ജീവിതവും സൗഹൃദവും സ്നേഹവും എല്ലാം ഒരു അഭിനയമാണെന്ന് പഠിച്ചു വെച്ചാല്‍ ആരെയാണ് അതിന് കുറ്റപ്പെടുത്തേണ്ടത്???

ആത്മാര്‍ഥമായ സ്നേഹബന്ധങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല. കാമുകീ കാമുകന്മാര്‍ തമ്മിലുള്ള പ്രേമവും, സുഹൃത്തുക്കള്‍ തമ്മിലുള്ള സൗഹൃദവും, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധവും എല്ലാം "സ്നേഹം" വികാരം കൊണ്ടാണ് ബന്ധിപ്പിച്ചിട്ടുള്ളത് .

മാതാപിതാക്കളുമായി നല്ല സ്നേഹ ബന്ധത്താല്‍ ബന്ധിക്കപ്പെട്ട മക്കള്‍ ഒരിക്കലും അവരെ ഉപേക്ഷിക്കില്ല. കുട്ടിക്കാലത്ത് തന്നെ മക്കളില്‍ ആ സ്നേഹവും, അറ്റാച്ച്മെന്റും വളര്‍ത്തി എടുക്കാനുള്ള ബാധ്യത തീര്‍ച്ചയായും രക്ഷിതാക്കള്‍ക്ക്‌ ഉണ്ട്. അതില്‍ ശ്രദ്ധിക്കുകയും വിജയിക്കുകയും ചെയ്ത ഒരു രക്ഷിതാവും വൃദ്ധസദനത്തില്‍ എത്തപ്പെടുകയില്ല എന്നത് തന്നെയാണ് എന്റെ വിശ്വാസം.

നമ്മുടെ കുട്ടികളില്‍  ചെറുപ്പത്തില്‍ തന്നെ നമ്മോടുള്ള സ്നേഹം ഒരു ലഹരിയായി കുത്തി വെക്കാന്‍ നമുക്ക്‌ കഴിയണം. അത് വളരെ ചെറുപ്പത്തില്‍ തന്നെ ചെയ്യേണ്ടതാണ്. പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുന്ന പോലെ... ഒപ്പം യാഥാര്‍ത്യങ്ങളും സ്വപ്നങ്ങളും തമ്മിലുള്ള അന്തരവും അവരെ ബോധ്യപ്പെടുത്തണം. എങ്കില്‍ ഒരിക്കലും നമ്മുടെ മക്കള്‍ നമ്മെ വൃദ്ധസദനത്തിലെക്ക് അയക്കില്ല.

ഞാന്‍ ഒരു ഹോസ്റ്റല്‍ പ്രോഡക്റ്റ് അല്ല.
പക്ഷേ എനിക്ക് ഒരുപാട് ഹോസ്റ്റല്‍ പ്രോഡക്റ്റുകള്‍ സുഹൃത്തുക്കളായിട്ടുണ്ട്. അവര്‍ ചെറുപ്പത്തില്‍ അച്ഛനെയും അമ്മയെയും കാണാന്‍ വേണ്ടി ഹോസ്റ്റല്‍ ഗേറ്റിലേക്ക് നോക്കിയിരുന്നിരുന്ന കഥ എന്നോട് പറഞ്ഞിട്ടുണ്ട്.
അവരില്‍ അവര്‍ അറിയാതെ അവരുടെ രക്ഷിതാക്കളോട് പകയുണ്ടായിരുന്നു...
അവരുടെ ബാല്യം നശിപ്പിച്ചതിന്...!!!
അവരുടെ രക്ഷിതാക്കളെ അവര്‍ വൃദ്ധസദനത്തില്‍ ആക്കിയാല്‍ നമുക്കവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ?
പത്താം ക്ലാസ് കഴിയുന്നതിന് മുമ്പ്‌ കുട്ടികളെ ഹോസ്റ്റലില്‍ ആക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

കൂടുതല്‍ പേര്‍ വൃദ്ധസദനങ്ങളില്‍ എത്തിപ്പെടാതിരിക്കാന്‍  ഇന്ന് വൃദ്ധസദനങ്ങളില്‍ കിടക്കുന്നവരുടെ മക്കള്‍ക്കിടയിലല്ല ബോധവല്‍ക്കരണം നടത്തേണ്ടത്, മറിച്ച് ഇപ്പോള്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ട്  വരുന്ന യുവ രക്ഷിതാക്കള്‍ക്ക് മക്കളെ സ്നേഹിക്കാനും, മക്കളുടെ സ്നേഹം പിടിച്ചെടുക്കാനും ഉള്ള ബോധവല്‍ക്കരണം ആണ് നടത്തേണ്ടത്.

സര്‍ക്കാരുകള്‍  വൃദ്ധസദനങ്ങളുടെ എണ്ണം കൂട്ടുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് 12 -15 വയസ്സ് വരെയുള്ള ഹോസ്റ്റല്‍ വിദ്യാഭാസത്തെ നിരുല്സാഹപ്പെടുത്തേണ്ടതിനാണ് . പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം ഹോസ്റ്റല്‍ പഠനത്തിന് അനുമതി നല്‍കുക. ജില്ലാ കലക്ടര്‍ പോലുള്ള ഉദ്യോഗസ്ഥരുടെ സമ്മതപത്രം ഇത്തരത്തിലുള്ള ഹോസ്റ്റലില്‍ പ്രവേശനം നേടുന്നതിന് നിര്‍ബന്ധമാക്കണം.

മനുഷ്യനില്‍  സ്നേഹത്തിന്റെയും നന്മയുടെയും ഡി എന്‍ എ കള്‍  കുറയുന്നതിനനുസരിച്ച് വൃദ്ധസദനങ്ങള്‍ കൂടിക്കൊണ്ടേയിരിക്കും...

ഒരു വിശദീകരണം :
"മക്കളെ സ്നേഹിക്കാത്ത / അവരോടൊപ്പം സമയം പങ്കിടാത്ത മാതാപിതാക്കളെ സംരക്ഷിക്കേണ്ടതില്ല" എന്നതാണ് എന്റെ നിലപാട് എന്നൊരു തെറ്റിധാരണ ഈ പോസ്റ്റ്‌ വായിച്ച ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ട് എന്ന് കമന്റുകളില്‍ നിന്നും മനസ്സിലാക്കുന്നു. എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു ആശയമല്ല ഞാന്‍ പങ്കുവെച്ചത് എന്ന കാര്യം വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ.

"മാതാപിതാക്കള്‍ തങ്ങളോട്‌ എങ്ങിനെ പെരുമാറിയാലും അവരെ സംരക്ഷിക്കാനുള്ള ബാധ്യത മക്കള്‍ക്കുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല" എന്നത് തന്നെയാണ്  എന്റെ നിലപാട്‌.

എന്നാല്‍ വൃദ്ധസദനങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണം കൊണ്ട് മാതാപിതാക്കളെ സംരക്ഷിക്കുന്ന മക്കളേക്കാള്‍ നമുക്ക്‌ വേണ്ടത് സ്നേഹം കൊണ്ട് അവരെ സംരക്ഷിക്കാന്‍ തയ്യാറാവുന്ന മക്കളെയാണ്. അതിനേ നിലനില്‍പ്പും ആത്മാര്‍ത്ഥതയും ഉണ്ടാകൂ.

അബസ്വരം :
ഒരു കാലത്ത് വൃദ്ധസദനത്തില്‍ ഇരുന്ന് ഈ പോസ്റ്റ്‌ വായിച്ച് നെടുവീര്‍പ്പിടാനുള്ള യോഗം എനിക്ക് ഉണ്ടാവുമോ എന്തോ....
പടച്ചോനേ കാത്തോളണേ...


(ഉമ്മു അമ്മാറിന്റെ വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങളിലേക്ക് എന്ന പോസ്റ്റാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റ്‌ ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്‌. അവരോട് നന്ദി രേഖപ്പെടുത്തുന്നു.)
43 comments:

 1. പ്രസക്തമായ വിഷയം.

  ReplyDelete
 2. ഇതെല്ലാം ശരി...
  പക്ഷേ..
  പെൻഷനും ഇൻഷൂറൻസും മറ്റും മറ്റും കയ്യിൽ വരുമ്പോൾ, എന്തിന് ഓന്റെ/ഓളെ ഓശാരം എന്നു ചിന്തിക്കുന്നവരാണ് ഇന്ന് വൃദ്ധസദങ്ങളിൽ കഴിയുന്ന ഭൂരിഭാഗവും എന്ന പോയന്റ് വിട്ടുപോവരുത്.

  ഇനി അങ്ങനത്തെ മക്കളുണ്ടെങ്കിൽ അവർക്ക് കൂടോത്രം വയ്ക്കണം.ലളിതമായി കൂടോത്രം പഠിക്കാൻ ഈ ലിങ്കിൽ വരിക.ബൈജുവചനം.: നിങ്ങൾക്കും ദുഷ്ടമാന്ത്രികനാവാം.

  ReplyDelete
 3. ശ്രീ അബ്സാരിന്റെ ഈ കഴ്ച്ചപാടിനോട് അമ്പതു ശതമാനം യോജിക്കുന്നുണ്ടെങ്കിലും ... ആത്യന്തികമായി നമ്മളെ വളര്‍ത്തി വലുതാക്കി (വഴി ഏതോ എന്നത് രണ്ടാമത്തെ വിഷയം) ജീവിക്കാന്‍ പാകപെടുത്തിയെടുത്ത മാതാപിതാക്കളെ കൈവിടാന്‍ പാടില്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം . ബൈജുവിനറെ കമന്റില്‍ പറഞ്ഞ പോലെ അപവാദമായി കുറച്ചു പേര്‍ ഇല്ലാതില്ല . അത് വളരെ കുറച്ചു പേര്‍ മാത്രം . അതിനും നിരത്താന്‍ അവര്‍ക്ക് ഒരു പാട് കാരണം കാണും ... ആശംസകളോടെ .... (തുഞ്ചാണി)

  ReplyDelete
 4. "മാതാപിതാക്കളെ ഒരിക്കലും കൈ വിടരുത്" എന്നത് തന്നെയാണ് എന്റെയും അഭിപ്രായം. മക്കള്‍ക്ക് വേണ്ട പരിഗണന അവര്‍ നല്‍കിയിട്ടില്ലെങ്കില്‍ പോലും.അതില്‍ ഒരു സംശയവും ഇല്ല.

  എന്നാല്‍ കുട്ടിക്കാലത്ത് തങ്ങളുമായി നല്ലവണ്ണം ഇടപഴകിയ രക്ഷിതാക്കളെ കൈവിടാന്‍ ഒരു സാഹചര്യത്തിലും മക്കള്‍ തയ്യാറാവില്ല എന്നത് ശരിയല്ലേ ?? അപൂര്‍വം ചില മക്കള്‍ (ദ്രോഹികള്‍) ഇതിനെതിരായി പ്രവര്‍ത്തിക്കാനുള്ള സാധ്യതയും തള്ളി കള്ളയുന്നില്ല...

  ReplyDelete
 5. അമേരിക്കൻ, യൂറോപ്യൻ കാഴ്ച്ചപ്പാടുമായി വളരുന്ന ഇന്നത്തെ തലമുറ, അവനവന്റെ ഇണയെക്കണ്ടെത്തി, അവരിരുവരും മാത്രമുള്ള ഒരു ജീവിത ശൈലിയിലേക്ക് കടക്കുകയാണ്. വരും കാലത്ത് - ഒറ്റപ്പെടുന്ന, വൃദ്ധ സദനങ്ങളിലായിപ്പോകുന്ന ഒരുപാട് മാതാപിതാക്കളാണുണ്ടാകാൻ പോകുന്നത്....

  ലോകത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഒരു പിടീമില്ല.

  ReplyDelete
 6. തിരിച്ചറിവ് നഷ്ട്ടപെട്ട ഒരു സമൂഹത്തിനോട് ഇതൊന്നും പറഞ്ഞാല്‍ വലിയ ഞെട്ടല്‍ ഒന്നുമുണ്ടാവാന്‍ പോകുന്നില്ല ..
  നമുക്ക് വെറുതെ വിലപിക്കാം ..നമ്മുടെ മക്കളെയെങ്കിലും ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കാം ...

  ReplyDelete
 7. പലരും എഴുതിയിട്ടുണ്ട് ,ഈ വിഷയം.ഒരിക്കല്‍ ഞാനിത് ഒരു കവിതാരൂപത്തില്‍ പോസ്ടിയിരുന്നു,എന്റെ ബ്ലോഗില്‍ .ഇത് മറ്റൊരു വേറിട്ട ലേഖനം .പ്രസക്തമാണ് വിഷയം.കാലത്തിന്റെ പോക്ക് കണ്ടാല്‍ പേടിക്കെണ്ടിയിരിക്കുന്നു, 'ഭൂത'ത്തെ.ഇത് ഇന്നത്തെ 'വര്‍ത്തമാന'ത്തില്‍ നിന്നും കിട്ടുന്ന നിരീക്ഷണം.

  ReplyDelete
 8. കാലികമായ...പ്രാധാന്യം ഉള്ള പോസ്റ്റ്‌ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി .........

  ReplyDelete
 9. ഇവിടെ താങ്കള്‍ പറഞ്ഞത് ജീവിതത്തിലെ മറ്റൊരു വശം ... ഇന്നത്തെ കാലത്ത് മോഡേന്‍ അച്ഛനമ്മമാര്‍ എന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ ഹോസ്റ്റലില്‍ ആണ് എന്ന് വലിയ അഹങ്കാരത്തോടെ വിളിച്ചു പറയുന്നത് കേള്‍ക്കാം ആ മക്കളുടെ മനസ്സ് ആരും കാണുന്നില്ല എന്നത് സത്യമായ കാര്യം തന്നെ .. വിതയ്ക്കുന്നത്തെ കൊയ്യാന്‍ പറ്റൂ എന്നാലും മാതാപിതാക്കളെ അവരുടെ അവശതയില്‍ ഉപേക്ഷിക്കുന്നതിനുള്ള ഒരു ന്യായീകരണം ആകുമോ ഇത് .. താങ്കളുടെ ഈ ലേഖനം അവശത ഞങ്ങളുടെ ജീവിതത്തിലും വരാനുണ്ട് എന്ന് ചിന്തിക്കുന്ന അച്ഛനമ്മമാര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍.. കളങ്കമില്ലാത്ത സ്നേഹം നല്‍കി പരസ്പരം മനസ്സിലാക്കി ജീവിക്കാന്‍ ഈ തലമുറയ്ക്കും വരും തലമുറയ്ക്കും സാധിച്ചിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു... എഴുത്തിനു ഒത്തിരി നന്ദി... എന്റെ പോസ്റ്റിലെ അഭിപ്രായത്തിനും...

  ReplyDelete
 10. വളരെ പ്രസക്തവും അതിലേറെ ചര്‍ച്ചകള്‍ ചെയ്തതും ആയ വിഷയം ഒരുപാട് ആളുകള്‍ എയുതുകയും ഭോധ വല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുകയും പ്രസംഗി ക്കുകയും ചെയ്യുന്ന വിഷയം
  ലോകം ഭയപ്പെടുന്ന ഭീകര അവസ്ഥ അതാണിന്ന് വൃദ്ധ സദനം ഇത്ര ഒക്കെ ഇതിനെ പ്രധിരോധിച്ചിട്ടും എന്ത് കൊണ്ട് ഇത് പെരുകുന്നതല്ലാതെ കുറയുന്നില്ല

  ReplyDelete
 11. മൗലികമായ ചില ചിന്തകൾ ഈ ലേഖനം മുന്നോട്ടുവെക്കുന്നു. പ്രായോഗികതയുടെ സ്നേഹരാഹിത്യത്തെയാണു` വ്രുദ്ധസദനങ്ങൾ അടയാളപ്പെടുത്തുന്നത്. ‘മനുഷ്യനിൽ സ്നേഹത്തിന്റെയും നന്മയുടെയും DNA കൾ’ കുറയാതിരിക്കട്ടെ എന്ന് നമുക്കു പ്രാർത്ഥിക്കാം.

  ReplyDelete
 12. എല്ലാത്തിനോടും യോജിക്കാനാവുന്നില്ലെങ്കിലും പോസ്റ്റ് ഇഷ്ടപ്പെട്ടു. പ്രാധാന്യമർഹിക്കുന്ന വിഷയം.. അഭിനന്ദനങ്ങൾ..

  ReplyDelete
 13. കൂടുതല്‍ പേര്‍ വൃദ്ധസദനങ്ങളില്‍ എത്തിപ്പെടാതിരിക്കാന്‍ ഇന്ന് വൃദ്ധസദനങ്ങളില്‍ കിടക്കുന്നവരുടെ മക്കള്‍ക്കിടയിലല്ല ബോധവല്‍ക്കരണം നടത്തേണ്ടത്, മറിച്ച് ഇപ്പോള്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ട് വരുന്ന യുവ രക്ഷിതാക്കള്‍ക്ക് മക്കളെ സ്നേഹിക്കാനും, മക്കളുടെ സ്നേഹം പിടിച്ചെടുക്കാനും ഉള്ള ബോധവല്‍ക്കരണം ആണ് നടത്തേണ്ടത്.

  ReplyDelete
 14. inganeyoru postittathinu nandi....." Bappa nne thallanda njan nereyavilla " nnu urappicha oru samoohathilanu nammalippol . enthu kandalum vayichalum padikkunnilla....bhaviyil oru mattam pratheekshikkam alle...

  ReplyDelete
 15. പറയാന്‍ വാക്കുകള്‍ മതിയാവില്ല കാരണം നാളെ നമ്മളൊക്കെയും ഇത് അഭിമുഖീകരിക്കേണ്ടി varum

  ReplyDelete
 16. ചില കാര്യങ്ങളോട് വിയോജിപ്പ് തോന്നി... വിശദീകരണം വായിച്ചപ്പോള്‍ ശരിയായി...
  ഞാന്‍ എട്ടാം ക്ലാസ്സ്‌ മുതല്‍ ഹോസ്റ്റല്‍ എത്തിയ ആളാണ്‌... അന്നൊക്കെ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്.. ഹോസ്ടളിലെ നിയന്ത്രണങ്ങളും വീട്ടുകാരെ കാണാത്ത വിഷമമൊക്കെ ....
  പക്ഷെ ഇന്നെനിക്ക് തോന്നുന്നു ..അന്ന് എന്റെ ഉപ്പ എന്നോടു ചെയ്തത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നല്ല കാര്യമായിട്ടാണ്.. അന്ന് ഞാന്‍ പോയില്ലെങ്കില്‍ എന്റെ ജീവിതം വേറൊരു വഴിക്കകുമായിരുന്നു...മാത്രമല്ല നാട്ടില്‍ നിന്നാണ് ഞാന്‍ എസ് എസ് എല്‍ സി എഴുതിയതെങ്കില്‍ അതിനു മുകളില്‍ പഠിക്കാനുള്ള യോഗ്യത എനിക്ക് കിട്ടില്ലായിരുന്നു..

  എന്തായാലും വാല്‍ കഷ്ണത്തില്‍ പറഞ്ഞത് ആര്‍ക്കും വരാതിരിക്കട്ടെ...

  ReplyDelete
 17. ഒരു പക്ഷെ എട്ടാം ക്ലാസ്‌ മുതല്‍ ഹോസ്റ്റലില്‍ എത്തിയത് കൊണ്ടാവാം താങ്കള്‍ക്ക് കൂടുതല്‍ അഡ്ജസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞത്.

  എട്ടാം ക്ലാസില്‍ ഹോസ്റ്റലില്‍ എത്തിയപ്പോള്‍ പോലും "വിഷമം തോന്നിയിട്ടുണ്ട്" എന്ന് താങ്കള്‍ പറഞ്ഞല്ലോ. അപ്പോള്‍ അതിലും ചെറിയ കുട്ടികളുടെ കാര്യം നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. അത് കൊണ്ട് തന്നെയാണ് "കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് 12 -15 വയസ്സ് വരെയുള്ള ഹോസ്റ്റല്‍ വിദ്യാഭാസത്തെ നിരുല്സാഹപ്പെടുത്തേണ്ടതിനാണ്" എന്ന് പോസ്റ്റില്‍ പറഞ്ഞത്.

  മൂന്നാം ക്ലാസിലും, നാലാം ക്ലാസിലും പഠിക്കുമ്പോള്‍ തന്നെ ഹോസ്റ്റല്‍ ജീവിതം തുടങ്ങുന്നവരാണ് ഇന്ന് പലരും.

  ReplyDelete
 18. ഓര്‍മ്മപ്പെടുത്തലുകള്‍ ഗുണം ചെയ്യട്ടെ..

  ReplyDelete
 19. എല്ലാ മനുഷ്യര്‍ക്കും അവരവരുടേതായ കടമകളുണ്ട്..അത് നിറവേറ്റുക എന്നതാണ് അവരുടെ ധര്‍മ്മം ..എവിടെ ജീവിച്ചാലും ഏതു സ്ഥലത്ത്തിരുന്നാലും ആ കടമകള്‍ നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരുമാണ്...അച്ഛനമ്മമാര്‍ സന്താനങ്ങള്‍ക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിനു പോലും പ്രതിഫലം കൊടുക്കാന്‍ ഒരു മക്കള്‍ക്കും ഒരു കാലത്തും സാധിക്കില്ല....മാതാ പിതാ ഗുരു ദൈവം എന്നല്ലേ മക്കളെ ആദ്യമേ അത് പഠിപ്പിച്ചാല്‍ മതിയാകും..ദൈവ വിശ്വാസം ഉണ്ടെങ്കില്‍,ആ മക്കള്‍ ഒരിക്കലും മാതാപിതാക്കളെ തഴയാന്‍ ശ്രമിക്കില്ല..ഇത് എന്റെ കാഴ്ച പാടാണ് ...

  ReplyDelete
 20. വിഷമം തോന്നിയുട്ടുണ്ട് എന്ന് പറഞ്ഞത്... ചെറുപ്പത്തില്‍ വലിയവര്‍ എന്ത് ചെയ്താലും നമുക്ക് മോശമായി തോന്നാറില്ലേ.... സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ നമുക്ക് തോന്നാറില്ലേ ..ഇവര്‍ക്കൊന്നും വേറെ പണിയില്ലേ എന്ന്.... ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാല്‍ എന്താ അത് ചെയ്‌താല്‍ എന്ന് നമ്മള്‍ ചിന്തിച്ചിരുന്നില്ല പണ്ട്... എന്ന് കരുതി ..പിന്നീട് നമ്മള്‍ തിരിച്ചറിയുന്നു അവരുടെ തീരുമാനമായിരുന്നു ശരി എന്ന്...

  ReplyDelete
 21. വീട്ടുകാരില്‍ നിന്നും അകന്നു നില്‍ക്കുന്ന വിഷമത്തെ കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്....

  മറ്റുള്ള(ഉപദേശം / സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ തുടങ്ങിയ)വിഷമങ്ങള്‍ കുട്ടിക്കാലത്ത് നമുക്കുണ്ടാവുക സ്വാഭാവികമാണല്ലോ...:)

  ReplyDelete
 22. I LIKE THE POST. THE WAY PEOPLE BROUGHT UP NEW GENERATION MAKES THE MAJOR IMPACT. uDAHARANATHINU: PANDOKKE AMMAMAR KUTTIKALKKU CHORU KODUKKUMBOL AADYAM KUTTIYUDE KAIYYIL ORU URULA CHORU KODUTHITTU KUTTIYODU VANGI THINNUMAYIRUNNU. ATHILOODE KUTTIKALKKU MATTULLAVARKKU KODUKKANULLA ORU MANASTHITHI VARUM. PAKSHE INNULLA AMMAMARO? KUTTI ENTHENGILUM KAZHIKKUMBOL ADUTHA VEETTILE SAMA PRAYAKKARANAYA KUTTI VARUMBOL PARAYUM " DA VEGAM AKATHU POYI THINNO APPURATHE CHEKKAN VARUNNUNDU". INGANE VALARUNNA KUTTIKAL SWARTHANMARAYILLENGILE ATHBUTHAMULLOO. IVAR VALUTHAKUMBOL MATHA PITHAKKALODUM ITHE MENTALITY AANU KATTUKA. ( DR. ITS MY OFFICE PC. THERE IS NO MALAYALAM FONT / I DONNO HOW TO TAKE IT)

  ReplyDelete
 23. അതെ. കുട്ടിക്കാലം മുതല്‍ ഉള്ള സ്നേഹം പങ്കുവെക്കല്‍ (മാതാപിതാക്കളോടായാലും, സുഹൃത്തുക്കളോടായാലും) കുറഞ്ഞ് വരുന്നു. അതാണ്‌ പ്രശ്നങ്ങളുടെ മൂല കാരണം.

  മലയാളം ടൈപ്പ് ചെയ്യാന്‍ താഴെകൊടുത്ത ലിങ്ക് പിന്തുടര്‍ന്ന് ഗൂഗിള്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. മംഗ്ലീഷില്‍ അടിച്ച് മലയാളമാക്കാം.

  http://www.google.com/ime/transliteration/

  ReplyDelete
 24. അബ്സര്‍ ഭായി, വൃദ്ധസദനങ്ങള്‍ പെരുകുന്നതിന് ഒരു കാരണമായി മാത്രമേ ഹോസ്റ്റല്‍ ജീവിതത്തെ കാണാന്‍ കഴിയൂ. എന്നുകരുതി ഹോസ്റ്റലില്‍ ജീവിച്ച എല്ലാ മക്കളും അപ്പനമ്മമാരെ വൃദ്ധസദനത്തില്‍ തള്ളുമെന്നോ സ്നേഹം കൊടുത്തുവളര്‍ത്തിയ മക്കളെല്ലാം മാതാപിതാക്കളെ സ്നേഹം കൊണ്ടുവീര്‍പ്പ് മുട്ടിക്കുമെന്ന് കരുതാനും പ്രയാസമാണ്. എന്നിരുന്നാലും, ഇന്നത്തെ സമൂഹത്തില്‍ യുവാക്കളുടെ മാനസികവ്യാപാരം വെറും യാന്ത്രികമാകുന്നതില്‍ ഹോസ്റ്റല്‍ ജീവിതത്തിനുള്ള പങ്ക് തുറന്നുകാട്ടുന്നതില്‍ ഭായി വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!!

  ReplyDelete
 25. കുട്ടികള്‍ക്ക് സ്നേഹം പകരേണ്ട ബാല്യകാലം അവരെ ഹോസ്ടലില്‍ വിടുന്ന അച്ഛനമ്മമാര്‍ക്ക് ഒരു താക്കീതാണ് വൃദ്ധസദനങ്ങള്‍,,,തീര്‍ത്തും പ്രസക്തമായ പോസ്റ്റ്‌.

  ReplyDelete
 26. thank you Absar.
  I will insatall the font in my home pc. in office i can't install since administators deny the permission

  ReplyDelete
 27. i have already installed. But i don't know how to use it. so still i'm writing in english or manglish

  ReplyDelete
 28. ഹലോ അബ്സറ്. ഇത് ഇ-പത്രം ടയിപ്പിങ് ഹെല്പറ് ആണ്‍. ഗൂഗിള്‍ ട്രാന്‍സിലേറ്ററ് എങ്ങനെ ഉപയോഗിക്കണമെന്നറിയില്ല.
  മലയാളം ബ്ലോഗ് ഹെല്പിനു നന്ദി

  ReplyDelete
 29. ഗൂഗിളില്‍ ഒന്ന് സെര്‍ച്ച്‌ ചെയ്‌താല്‍ ഉപയോഗിക്കേണ്ട വിധം കിട്ടേണ്ടതാണ്. ലിങ്ക് കിട്ടിയാല്‍ നല്‍കാം.

  ReplyDelete
 30. ഈ ലിങ്കുകള്‍ ഒന്ന് സന്ദര്‍ശിച്ചു നോക്കൂ....

  http://www.google.com/ime/transliteration/help.html


  http://www.youtube.com/watch?v=gpWCb8vBPz8

  ReplyDelete
 31. കാലിക പ്രസക്തിയുള്ള വിഷയം തന്നെ .. അഭിനന്ദനങ്ങള്‍....

  ReplyDelete
 32. വാര്‍ധക്യം എനിക്കുണ്ട്,നിങ്ങള്‍ക്കുണ്ട്‌.എല്ലാവര്ക്കും ഉണ്ട്.

  ReplyDelete
 33. ശ്രീ അബ്സാരിന്റെ ലേഖനം ഒരു പരിധിവരെ ഇഷ്ടപ്പെട്ടു .മനപൂര്‍വം കുഞ്ഞുങ്ങളെ ഹോസ്റ്റലില്‍ ആക്കാന്‍ ഇഷ്ടപെടാത്ത മാതാപിതാക്കള്‍ വളരെയുണ്ട് .വീദേശത്തെജോലി ചെയ്യുന്ന അച്ഛനും അമ്മയും മൂന്നാം മാസത്തിലെ കുഞ്ഞിനെ നാട്ടില്‍ ഇട്ടിട്ടു പോകണ്ട ഗതികേട്‌ ,പഠിത്തം ആകുമ്പോള്‍ ഹോസ്റ്റലില്‍ ആക്കേണ്ട ഗതികേട്‌,ഈ കുഞ്ഞിന്റെയും, കുടുംബത്തിന്‍റെയുംനില ഭദ്രമാക്കാനുള്ള തത്രപ്പാട്,ഇതെല്ലം കഴിയുമ്പോള്‍ ഈ മക്കളില്‍ നിന്നും തിരിച്ചുകിട്ടുന്നതോ പരാതികളും,പരിഭവങ്ങളും,താങ്കള്‍ പറയുന്ന വൃദ്ധ സദനവും.ഇതില്‍ ആരാണുകുറ്റക്കാര്‍?

  ReplyDelete
  Replies
  1. കുഞ്ഞുങ്ങളെ ഹോസ്റ്റലില്‍ ആക്കുന്നതിന് മാതാപിതാക്കള്‍ക്ക്‌ ഓരോ ന്യായീകരണങ്ങളും, കാരണങ്ങളും ഉണ്ടാകും.
   അതുപോലെ തന്നെ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കുന്നതിന് മക്കള്‍ക്കും അവരുടേതായ ന്യായീകരണങ്ങളും ഉണ്ടാകും....
   പല മക്കളും പറയുന്നു - "ഞങ്ങളുടെ ഗതികേട്‌ കൊണ്ടാണ് മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കേണ്ടി വന്നത് !!!".
   കാരണം ഈ മക്കളും അവരുടെ മക്കളുടെ ഭാവിയെ കുറിച്ചാണല്ലോ ചിന്തിക്കുന്നത്. ഓരോരുത്തര്‍ക്കും അവരുടെതായ ന്യായീകരണങ്ങള്‍...
   പക്ഷേ സ്നേഹം എന്ന വികാരം പങ്കുവെക്കാന്‍ മാത്രം രണ്ടു കൂട്ടരും മറക്കുന്നു. ഈ മറവി തന്നെയാണ് ഏറ്റവും വലിയ കുറ്റമായി മാറുന്നത്.

   Delete
 34. ചില കാര്യങ്ങളോട് യോജിക്കാന്‍ വയ്യ .. എന്നാലും മക്കളെ ഹോസ്റ്റലില്‍ നിറുത്തി പടിപ്പിക്കുന്നതിനോട് എനിക്കും യോജിപ്പല്ല .. പക്ഷെ അങ്ങനെയുള്ള മക്കള്‍ ഭാവിയില്‍ വൃദ്ധ സദനത്തില്‍ അച്ഛനമ്മമാരെ ആക്കണം എന്നോനുമില്ല ... ഇവിടെയൊക്കെ ആവശ്യമായി വരുന്ന ഒരേ ഒരു കാര്യം സ്നേഹം മാത്രം .. സ്നേഹമുള്ള മക്കള്‍ അങ്ങനെ ചെയ്യില്ലെന്ന് എന്റെ ഒരു വിശ്വാസം ...എന്തായാലും നന്നായി ഈ പോസ്റ്റ്‌

  ReplyDelete
 35. വ്രിദ്ധ (വ്രി ശരിയല്ല എന്നറിയാം, പക്ഷെ കീ ബോർഡിൽ അക്ഷരം വരുന്നില്ല) സദനത്തിൽ ഇരുന്ന് ഈ പോസ്റ്റ് ഭാവിയിൽ വായിക്കേണ്ട ഗതികേട് എനിക്കും ഉണ്ടാവാതിരിക്കട്ടെ... പ്രസക്തമായ ചിന്തകൾക്ക് അഭിനന്ദനങ്ങൾ

  ReplyDelete
 36. DR IKKA മക്കളുടെ സ്നേഹം കിട്ടി മരിക്കേണ്ട നമ്മുടെ വാർദ്ധക്യം വല്ല വൃന്ദസദനത്തിലും നരകയാതന അനുഭവിച്ചു മരിക്കുന്ന ദുരാവസ്ഥ നമ്മളിൽ വിദൂരമല്ല.
  www.hrdyam.blogspot.com

  ReplyDelete
 37. jananee janmaboomi cha sourgathapi gareeyasi

  ReplyDelete
 38. ഇന്ന് വൃദ്ധസദനത്തില്‍ കഴിയുന്ന മാതാപിതാക്കളുടെ പ്രയം 75 നു മുകളില്‍ ആയിരിക്കാം, അവരെ വൃദ്ധസദനത്തില്‍ ആക്കിയ മക്കളുടെ പ്രായം ഒരുപക്ഷേ 45 ഓ 50 ഓ, ഒന്നു ചോദിച്ചോട്ടേ .... ഇന്ന് 45 -50 വയസ്സ് പ്രായമുള്ള എത്രപേര്‍ ഹോസ്റ്റലില്‍ നിന്ന് പഠിച്ചിട്ടുണ്ട്, മുണ്ട് മുറുക്കിയുടുത്ത് മക്കളെ പഠിപ്പിച്ച് വളര്‍ത്തിയ മാതാപിതാക്കളല്ലേ ഇന്ന് വൃദ്ധസദനങ്ങളില്‍ അധികവും. ഇവിടെ ഹോസ്റ്റലില്‍ നിര്‍ത്തി മക്കളെ പഠിപ്പിച്ചതുകൊണ്ടല്ല , മറിച്ച് ഇന്നത്തെ തലമുറ പണത്തിന് പിറകേ പായുന്നതുകൊണ്ടാണ് മാതാപിതാക്കളെ മറന്നുപോകുന്നത്, അതുമല്ലെങ്കില്‍ സ്വാര്‍ത്ഥത, ഒരുപക്ഷേ ഇനിവരുന്ന തലമുറ നമ്മളെ വൃദ്ധസദനത്തിലാക്കിയാല്‍ ഈ ഹോസ്റ്റല്‍ ജീവിതം ഒരു കാരണമായേക്കാം.

  ReplyDelete
  Replies
  1. ഹോസ്റ്റല്‍ "മാത്രമാണ്" ഘടകം എന്ന് പോസ്റ്റില്‍ എവിടേയും പറഞ്ഞിട്ടില്ല സുഹൃത്തേ... !

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....