Wednesday, March 16, 2011

ഒരു നോമ്പ് കള്ളന്റെ കഥ


സ്കൂള്‍ പഠനകാലത്ത്‌ റംസാന്‍ വരുക എന്ന് വെച്ചാല്‍ പേടി ഉള്ളവാക്കുന്നതായിരുന്നു.
പകല്‍ മുഴുവനും ആഹാരം കഴിക്കാന്‍ കഴിയില്ല.
ക്ഷീണം കൊണ്ട് കളിക്കാന്‍ കഴിയാത്ത അവസ്ഥ.
"കളി അതല്ലേ എല്ലാം" എന്നതായിരുന്നല്ലോ അന്നത്തെ മുദ്രാവാക്യം.

നോമ്പ് ഒഴിവാക്കിയാല്‍ ഒരു പ്രശ്നം ഉണ്ട്.
വൈകുന്നേരം നോമ്പ് തുറക്കുന്ന സമയത്ത് വേണ്ടത്ര 'പരിഗണന' ലഭിക്കില്ല.
ഒപ്പം "രാവിലെ മുതല്‍ നീ നടന്നു തിന്നുകയായിരുന്നില്ലേ?" എന്ന കുത്തുവാക്കും, പരിഹാസവും!!!

നോമ്പ് നോല്‍പ്പിക്കാന്‍ വീട്ടുകാര്‍ കണ്ടുപിടിച്ച ഒരു ഡയലോഗ് ആയിരുന്നു അത്.
അഭിമാനത്തില്‍ കുത്തുമ്പോള്‍ ആരും നോമ്പ് നോറ്റ് പോകും.

നോമ്പ് എടുത്ത ദിവസം ആണെങ്കില്‍ കോഴിക്കാല് കൃത്യമായി എന്റെ പാത്രത്തില്‍ തന്നെ വീഴും.
അത് കിട്ടുമ്പോള്‍ ജനിതക വിത്തും എന്‍ഡോസള്‍ഫാനും ഒരുമിച്ചു കിട്ടിയ തോമസ്‌ മന്ത്രിയെപോലെ ഞാന്‍ സന്തോഷിച്ചു.

കാര്യങ്ങള്‍ അങ്ങിനെ ഒക്കെ ആണെങ്കിലും നോമ്പ് നോല്‍ക്കാനുള്ള മടി എന്നില്‍ കൂടി കൂടി വന്നു.
കളിക്കാന്‍ കഴിയാത്തത് തന്നെ ആയിരുന്നു പ്രധാന വിഷമം.

അങ്ങിനെ പല വഴികളും ആലോചിച്ചു തല പുകച്ചു.

ഒടുവില്‍ ഒരു ആശയം വീണു കിട്ടി.

വീട്ടില്‍ നോമ്പ് ഉണ്ടാവുന്ന ദിവസം സ്കൂളില്‍ നോമ്പ് ഉണ്ടാകില്ല....!!!
സ്കൂളില്‍ നോമ്പ് ഉള്ള ദിവസം വീട്ടില്‍ നോമ്പ് ഇല്ലാത്തവന്‍ ആവും...!!!

സംഗതി ശരിക്കും ഏറ്റു.

സ്കൂള്‍ പഠനകാലത്ത്‌ 15 നോമ്പ് നോല്‍ക്കുക എന്ന് പറയുന്നത് വലിയ കാര്യം ആയിരുന്നു.
അങ്ങിനെ ഞാന്‍ ഒരു സംഭവം ആയി മാറി.
വീട്ടില്‍ 15 നോമ്പ്, സ്കൂളില്‍ 15 നോമ്പ്... ആകെ 30 നോമ്പ്...!!!

ഇടക്ക് ഒഴിവു ദിവസങ്ങളില്‍ മാത്രം ഒറിജിനല്‍ നോമ്പുക്കാരന്‍ ആയി.
അങ്ങിനെ ഒന്ന് രണ്ട് വര്‍ഷങ്ങള്‍ വിജയശ്രീലാളിതനായി കടന്നു പോയി.

പക്ഷേ ആ പരിപാടി ഒരു പ്രത്യേക സാഹചര്യത്തില്‍ എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു.

അതിനെ കുറിച്ച് പറയാം.

ഒരു പരീക്ഷാ സ്റ്റഡി ലീവ് സമയത്തായിരുന്നു അത്തവണത്തെ നോമ്പ് വന്നത്.
സ്കൂള്‍ അവധി ആയിരുന്നെങ്കിലും ട്യൂഷന്‍ സെന്ററില്‍ പഠനത്തിന്റെ പൊടി പൂരം.
അവിടെയും 15 - 15 അനുപാതം ഞാന്‍ വിജയകരമായി മുന്നോട്ട്  കൊണ്ടുപോയി.

ഒരു ദിവസം ട്യൂഷന്‍ കഴിഞ്ഞു ഞാന്‍ ഉച്ചക്ക് വീട്ടില്‍ എത്തി.

വൈകുന്നേരം അഞ്ചു മണിയോടെ കാളിംഗ് ബെല്ലിന്റെ അടികേട്ട് ഞാന്‍ വാതില്‍ തുറന്നു.

വാതില്‍ തുറന്നപ്പോള്‍ ഞാന്‍ അന്തം വിട്ടു.

ട്യൂഷന്‍ സെന്ററിലെ മൂന്നു അധ്യാപകര്‍.
"എന്താ സാര്‍?" ഞാന്‍ അമ്പരപ്പോടെ ചോദിച്ചു.
"ഒന്നും ഇല്ല. പഠനം എങ്ങിനെ നടക്കുന്നുണ്ട് എന്നറിയാന്‍ വന്നതാ...ഉപ്പയില്ലേ ഇവിടെ? " അവര്‍ ചോദിച്ചു.
എന്റെ ഉള്ളു പുകഞ്ഞു.
പഠനത്തിലെ എന്റെ 'മിടുക്കിനെ' പറ്റി ഇവര്‍ ഉപ്പയോട് പറയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.

അല്‍പ്പസമയം ഞാന്‍ ശങ്കിച്ചു നിന്നു.
"ഉപ്പ ഇവിടെ ഇല്ലേ?" എന്ന ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഞാന്‍ ഉപ്പയെ വിളിച്ചു.

അവര്‍ ഉപ്പയുമായി എന്റെ പഠനകാര്യം പറഞ്ഞു.

എന്നെ പറ്റി വലിയ ആരോപണങ്ങള്‍ ഒന്നും അവര്‍ നടത്തിയില്ല.
എനിക്ക് ആശ്വാസം തോന്നി.

ഇടയ്ക്കിടെ എന്നെ കുറിച്ച് പൊക്കി പറയാനും അവര്‍ മറന്നില്ല.

"കണ്ടില്ലേ എന്റെ കേമനായ മകന്‍" എന്ന അഭിമാനത്തോടെ ഉപ്പ എന്നെ നോക്കി.

മാഷ്‌ നടത്തിയ പുകഴ്ത്തലിന്റെ കാര്യം എനിക്ക് മനസ്സിലായില്ല.

എന്നെ പുകഴ്ത്തിയ മാഷുടെ കയ്യില്‍ നിന്നും ഇന്ന് രാവിലെ എന്റെ ഒരു 'പ്രധാന ഭാഗത്ത് ' വടികൊണ്ട് രണ്ട് കിട്ടിയതാണ്.

അതുമൂലം ഉണ്ടായ ഇരിക്കാന്‍ ഉള്ള ബുദ്ധിമുട്ട് കുറഞ്ഞു വരുന്നതെ ഉള്ളൂ.
വേദന പറ്റെ വിട്ടുപോയിട്ടില്ല.

"ഇന്ന് രാവിലെ അടിച്ചത് മാഷ്‌ മറന്നോ? അതോ ആള് മാറിയാണോ എന്നെ അടിച്ചത്?" ഒരുപാട് സംശയങ്ങള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നു.

പിന്നെയാണ് വരവിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം അവര്‍ പുറത്ത് വിട്ടത്.

ആ മൂന്നു അധ്യാപകരില്‍ ഒരാള്‍ എല്‍ ഐ സി ഏജന്‍സി എടുത്തിരിക്കുന്നു.
അതിനു ആളെ ചേര്‍ക്കാന്‍ വന്നതാണ്.
മറ്റു രണ്ട് പേരെയും അദ്ദേഹം ഒരു സപ്പോര്‍ട്ടിനു വേണ്ടി കൂടെ കൂട്ടിയതാണ്.

"ഇപ്പോള്‍ ഒരു പോളിസി എടുത്താല്‍ ഇവന് ഭാവിയില്‍ നല്ല ഗുണം ഉണ്ടാകും..." നമ്മുടെ മാഷ്‌ പറഞ്ഞു.
എന്നെ പുകഴ്ത്തിയതിന്റെ കാര്യം അപ്പോഴാണ്‌ എനിക്ക് ബോധ്യപ്പെട്ടത്.

ഉപ്പയും ആശയ കുഴപ്പത്തിലായി.
"എല്‍ ഐ സി യില്‍ ചേര്‍ന്നാല്‍ കാശ് ഗോവിന്ദാ. ഇനി ചേര്‍ന്നില്ലെങ്കില്‍ ആ അധ്യാപകര്‍ മകന്റെ  പഠനക്കാര്യം ശ്രദ്ധിക്കില്ലേ...?"

രണ്ട് ആശയങ്ങളും തമ്മില്‍ ഉപ്പയുടെ മനസ്സില്‍ ഒരു സംഘട്ടനം നടന്നു.

ഒടുവില്‍ മകന്‍ എന്ന വികാരം ജയിച്ചു.
"പോളിസി എടുക്കാം..." ഉപ്പ സമ്മതിച്ചു.

മാഷ്‌ അപ്പോള്‍ തന്നെ ബാഗ് തുറന്നു ഒപ്പിടാനുള്ള പേപ്പറുകള്‍ പുറത്തെടുത്തു.
എന്റെയും പിതാവിന്റെയും ഒപ്പുകള്‍ ആ പേപ്പറുകളില്‍ പലയിടത്തായി പതിഞ്ഞു.
അധ്യാപകരില്‍ രണ്ട് പേര്‍ മുസ്ലിങ്ങള്‍ ആയിരുന്നില്ല.
ഉമ്മ നോമ്പ് തുറക്കാന്‍ വേണ്ടി ഉണ്ടാക്കിയ സ്പെഷ്യല്‍ തരിക്കഞ്ഞിയുമായി അവിടേക്ക് വന്നു.

നോമ്പ് ആയതുകൊണ്ട് ഒന്നും വേണ്ട എന്ന് അവര്‍ പറഞ്ഞെങ്കിലും ഉപ്പയുടെയും, ഉമ്മയുടെയും, എന്റെയും നിര്‍ബന്ധത്തിനു മുന്നില്‍ വഴങ്ങി അവര്‍ അത് എടുത്തു.

അത് കുടിക്കുന്നതിനിടയില്‍ നമ്മുടെ എല്‍ ഐ സി മാഷ്‌ എന്നോട് ചോദിച്ചു..." നീ കുടിക്കുന്നില്ലേ???"

എന്റെ നാവ് ഇറങ്ങിപോയി.
തല പൊട്ടിത്തെറിക്കുന്ന പോലെ തോന്നി.

കാരണം വീട്ടില്‍ ഇന്നെനിക്ക് നോമ്പ് ആണ്.
ട്യൂഷന്‍ സെന്ററില്‍ പെരുന്നാളും !!!

ഞാന്‍ ഇന്ന് ട്യൂഷന്‍ സെന്ററില്‍ നിന്നും വെള്ളം കുടിക്കുന്നത് നമ്മുടെ എല്‍ ഐ സി മാഷ്‌ കണ്ടിട്ടുണ്ട് എന്ന് എനിക്കറിയാം.
ക്ലാസ്സില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് ഇന്ന് ഞാന്‍ വെള്ളം കുടിക്കാന്‍ വേണ്ടി കിണറ്റിന്റെ അടുത്തേക്ക് പോയിരുന്നത്.

'പടച്ചോനേ... എല്ലാം കൈവിട്ടു പോയല്ലോ...' ഞാന്‍ മനസ്സില്‍ കരുതി.

"അവനു ഇന്ന് നോമ്പ് ആണ്... അവന്‍ മിക്കവാറും നോമ്പ് എടുക്കാറുണ്ട്..." ഉമ്മയുടെതായിരുന്നു ആ വാക്കുകള്‍.
മക്കളെ കുറിച്ച് പൊക്കി പറയാന്‍ കിട്ടുന്ന ഒരു സാഹചര്യവും അമ്മമാര്‍ പാഴാക്കില്ലലോ.
എന്റെ ഉമ്മയും അത് തന്നെ ചെയ്തു.

എന്റെ കണ്ണില്‍ ഇരുട്ട് കയറി.
എന്റെ സത്യസന്ധത ഇതാ ഇവിടെ വീണുടയാന്‍ പോകുന്നു.

ഞാന്‍ പതുക്കെ എല്‍ ഐ സി മാഷുടെ മുഖത്തേക്ക് നോക്കി.
അദ്ദേഹം ഒരു കള്ള ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കുന്നു.

എന്റെ മുഖത്ത് പലവിധ ഭാവങ്ങള്‍ മിന്നി മറഞ്ഞു.
ഒരു പക്ഷേ അത് ക്യാമറയില്‍ ആക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് അത്തവണത്തെ ഭരത് അവാര്‍ഡ്‌ വരെ ലഭിച്ചിരുന്നു.

"എല്‍ ഐ സി മാഷുടെ ചുണ്ടുകള്‍ ഇപ്പോള്‍ ചലിക്കും...നീ ഇന്ന് ക്ലാസില്‍ നിന്നും വെള്ളം കുടിച്ചിരുന്നില്ലേ എന്ന ചോദ്യം ഇപ്പോള്‍ പുറത്ത് വരും..." ഞാന്‍ കരുതി.

എന്റെ കാലുകള്‍ വിറക്കുന്നു.
തല ചുറ്റുന്നു.

പക്ഷേ അദ്ദേഹം ഒന്നും പറഞ്ഞില്ല.
എന്റെ പുറത്തു തട്ടി അവര്‍ യാത്ര പറഞ്ഞിറങ്ങി.

അപ്പോഴും എന്തുകൊണ്ടാണ് ഞാന്‍ വെള്ളം കുടിച്ച കാര്യം അവര്‍ പറയാതിരുന്നത് എന്ന സംശയം എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു.

ഒരു വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട അനുഭവം ആയിരുന്നു എനിക്ക്.

അപ്പോഴാണ്‌ എന്റെ കയ്യില്‍ ഉണ്ടായിരുന്ന കടലാസ് ഞാന്‍ ശ്രദ്ധിച്ചത്.
എല്‍ ഐ സി ക്ക് പണം അടച്ചതിന്റെ രശീതി.
മാഷ്‌ വന്ന കാര്യം നേടിയിരിക്കുന്നു!!!
ഇനി വെറുതെ എന്തിനു എന്നെ കുറച്ചു ചീത്ത കേള്‍പ്പിക്കണം എന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം.

എന്തായാലും റംസാന്‍ കാലത്തെ 15 - 15 പരിപാടിക്ക് അന്നത്തോടെ അന്ത്യം കുറിച്ചു.

എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക

35 comments:

 1. edaa mone , kochu kallaaaaaaaaaaaaaaa

  ReplyDelete
 2. ചിരിവന്നു, ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ,..."അവനു ഇന്ന് നോമ്പ് ആണ്... അവന്‍ മിക്കവാറും നോമ്പ് എടുക്കാറുണ്ട്..." അഭിനന്ദനങ്ങൾ

  ReplyDelete
 3. ഹൊ സത്ത്യം പറഞ്ഞു ഇപ്പോള്‍ അല്ലെ
  ഹിഹിഹി
  എന്തയാലും ഒരു നല്ല ഓര്‍മ സമ്മാനിച്ചു, എനിക്കു ഉണ്ടായിടുണ്ട് ഈ നോമ്പ് നുണ, കളിയുള്ള ദിവസങ്ങളില്‍, കോള്ളാം
  നന്നായിടുണ്ട്

  ReplyDelete
 4. നമുക്കൊരു ഭരത് അവാര്‍ഡ്‌ മിസ്സായതില്‍ വളരെ അധികം സങ്കടം തോന്നി ... തുടര്‍ കത്തികള്‍ക്കായി കാത്തിരിക്കുന്നു ...

  ReplyDelete
 5. ഇഷ്ടപ്പെട്ടു.
  ഓര്‍മ്മകളെ പെരുന്നാള്‍ വന്നെത്താന്‍ നോമ്പുനോറ്റിരുന്ന ഒരു കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി.
  ആശസകള്‍.

  ReplyDelete
 6. ഇപ്പൊ എങ്ങനാ?

  ReplyDelete
 7. ഇപ്പോള്‍ കുറച്ചൊക്കെ നന്നായി.....:)

  ReplyDelete
 8. കൊച്ചു കള്ളാ ..ഇപ്പോള്‍ നോമ്പോക്കെ ശരിക്ക് നോല്‍ക്കാരുണ്ടോ ?????

  ReplyDelete
 9. അത്താഴക്കള്ളന്‍... ഹി...ഹി...

  ReplyDelete
 10. രസികൻ അവതരണം..ഇപ്പോഴും ഇത് പോലൊക്കെ തന്നെയാണോ..


  “നോമ്പ് എടുത്ത ദിവസം ആണെങ്കില്‍ കോഴിക്കാല് കൃത്യമായി എന്റെ പാത്രത്തില്‍ തന്നെ വീഴും...
  അത് കിട്ടുമ്പോള്‍ ജനിതക വിത്തും എന്‍ഡോസള്‍ഫാനും ഒരുമിച്ചു കിട്ടിയ തോമസ്‌ മന്ത്രിയെപോലെ ഞാന്‍ സന്തോഷിച്ചു....“

  ഈ പ്രയോഗത്തിന്റെ അർത്ഥം എന്താണെന്ന് മനസ്സിലായില്ല,
  ജനിതക വിത്ത്, എൻഡോ സൾഫാൻ, തോമസ് ഐസക്ക്.
  എന്താണു ഇവ തമ്മിലൊരു ബന്ധം..
  ഈ പ്രയോഗം മാറ്റി നിർത്തിയാൽ അവതരണം അടിപൊളിയായിട്ടുണ്ട്.

  ReplyDelete
 11. പൊതുജനാരോഗ്യം കണക്കിലെടുക്കാതെ ജനിതക വിത്തിനെയും എന്ടോസള്‍ഫാനെയും പിന്തുണക്കുന്ന നമ്മുടെ കേന്ദ്രമന്ത്രിയെ ഒന്ന് 'കുത്താന്‍' നോക്കിയതാണ്.....
  ജനിതകവിത്തിന്നു വേണ്ടിയും എന്ടോസള്‍ഫാന്നു വേണ്ടിയും വളരെ സന്തോഷത്തോടെ പ്രസ്താവനകള്‍ നടത്തിയിരുന്നല്ലോ നമ്മുടെ മന്ത്രി...

  തോമസ്‌ ഐസക്കിനെ അല്ല,മറിച്ച് കെ.വി.തോമസിനെ ആണ് ഉദ്ദേശിച്ചത്...

  എനിക്ക് കോഴിക്കാല് കിട്ടുന്നതും,മേല്‍ പറഞ്ഞ മന്ത്രിക്ക്‌ ജനിതകവിത്തും എന്ടോസള്‍ഫാനും കിട്ടുന്നതും ഒരുപോലെ സന്തോഷപ്രദം ആണെന്ന് സാരം...

  ReplyDelete
 12. എന്‍റെ ക്ലസ്സിലുമുണ്ടായിരുന്നു നോമ്പ് കള്ളന്മാരും കള്ളികളും.. കൊള്ളാം.. മരിച്ചു ചെല്ലുമ്പോള്‍ നരകത്തീ കഴിക്കാന്‍ തരും നോക്കിക്കോ.. ;)

  ReplyDelete
 13. nombu kallan.... aparam thanne....

  ReplyDelete
 14. ഇപ്പോഴും "കള്ളത്തരത്തിനു" വല്ല കുറവുമുണ്ടോ ഡോക്ടറെ.....??? അന്ന് നോമ്പ് ഇന്ന് മുന്‍പില്‍ കാര്യങ്ങള്‍ നീണ്ടു കിടക്കുകയല്ലേ? കള്ളത്തരത്തിനു... വരുന്ന രോഗികളുടെ ഗതി... പടച്ചോനേ... അവരെ കാത്തോളനെ....!!!

  ReplyDelete
 15. ആ പഴയ നോമ്പുകാലത്തിലേക്ക് ഓർമ്മകളെ കൊണ്ടെത്തിച്ചു ഈ പോസ്റ്റ്. നന്നായിട്ടുണ്ട്.ആശംസകൾ

  ReplyDelete
 16. കണ്ടോ കണ്ടോ ഒരു കോഴിക്കാല്‍ നുണയന്‍

  ReplyDelete
 17. ഹാ...ഹാ...നന്നായിട്ടുണ്ട് കേട്ടോ !!

  ReplyDelete
 18. ഇക്കാ... സത്യം...... ഇതു പോലെയുള്ള അനുഭവങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്‌ .... , എതാണ്ട്‌ ഇതു പോലെയൊക്കെ തന്നെ..
  താങ്ക്‌സ്‌ ... പലതും ഓര്‍ത്തെടുക്കാന്‍ ഈ കഥ എന്നെ സഹായിച്ചു..

  ReplyDelete
 19. ഹ ഹ ഹ ഹ.....അനുഭവം കൊള്ളാം...15 /15 അനുപാതം നല്ല കണക്ക്..ഈ വരുന്ന നോമ്പിനും ഇത് പയറ്റിയേക്കല്ലേ..

  ReplyDelete
 20. നോമ്പ് നാളെ, മറ്റന്നാളെ, എന്ന് പറഞ്ഞ് നിക്കുവാ...

  ReplyDelete
 21. എന്നാലും “ജനിതക വിത്തും എന്റോസൾഫാനും ഒരുമിച്ചു കിട്ടിയ തോമസ് മന്ത്രിയെ പോലെ“ എന്നു പറഞ്ഞത്..... ഹും....താങ്കളുടെ ഈ അനുഭവ വിവരണം എല്ലാവരുടെയും കുട്ടിക്കാലത്തെകുറിച്ച് ഒരു ഓർമ്മപെടുത്തലിനു കാരണമാവുന്നു.

  ReplyDelete
 22. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ .....:)

  ReplyDelete
 23. :p അമ്പട ഡോക്ടറെ..... ഇതിലും നന്നായി ഞാന്‍ നോറ്റിട്ടുണ്ടല്ലോ നോമ്പ് !!!

  ReplyDelete
 24. നോമ്പില്ലാത്ത പച്ച പൈ, നോമ്പില്ലാത്ത പച്ച പൈ !!! (ഒരു കണ്ണൂരിയൻ അഭിമാന ക്ഷതം )

  ReplyDelete
 25. നോമ്പില്ലാത്ത പച്ച പൈ, നോമ്പില്ലാത്ത പച്ച പൈ, !!!! (ഒരു കണ്ണൂരിയൻ അഭിമാന ക്ഷതം)

  ReplyDelete
 26. veettil ninnu nombayi schoolil poyi ice cream kanumbol nombu nirthunna paripaadi enikkundarunnu...

  ReplyDelete
 27. ഉഷാറായി. ഇങ്ങനെ ഉമ്മയെയും ഉപ്പയെയും പറ്റിക്കുന്ന വിരുതന്മാര്‍ എനിക്കുമുണ്ടായിരുന്നു കൂട്ടുകാരായിട്ട്.

  ആ തരിക്കഞ്ഞി ഇത്തിരി കിട്ട്വോ? കുടിക്കാന്‍?

  ReplyDelete
  Replies
  1. പിന്നെന്താ... ഇങ്ങണ്ട് കുടീക്ക് പോരിം. തരിക്കഞ്ഞിക്ക് വകുപ്പുണ്ടാക്കാം :)

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....