Friday, December 10, 2010

ഔഷധ പരസ്യങ്ങളെ സൂക്ഷിക്കൂ


പരസ്യങ്ങളുടെ മായിക ലോകത്ത് ആണല്ലോ ഇന്ന് നാം ജീവിച്ചിരിക്കുന്നത്‌ .
ദിനപത്രങ്ങളുടെയും ടിവി ചാനലുകളുടെയും മുഖ്യ വരുമാനം പരസ്യങ്ങളില്‍ നിന്നും ആണ് എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യം ആണ്.
വസ്ത്രങ്ങള്‍ മുതല്‍ ഉപ്പു വരെ പരസ്യത്തിന്റെ പിന്തുണയോടെ ആണ് നമ്മുടെ മനസ്സിലേക്കും അത് വഴി വീടുകളിലേക്കും എത്തുന്നത്‌ .

ഔഷധങ്ങള്‍ പരസ്യത്തിന്റെ പിന്‍ബലത്തിലൂടെ നമ്മുടെ ആമാശയങ്ങളെ കീഴടക്കുന്ന ദയനീയമായ അവസ്ഥയാണ് ഇന്ന് കേരളത്തിലും ഇന്ത്യയിലും നിലനില്‍ക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിരോധിച്ച പല മരുന്നുകളും പാല്‍ പായസം കുടിക്കുന്ന സന്തോഷത്തോടെ ഭാരതീയന്‍ അകത്താക്കുന്നു...

ആയുര്‍വേദ രംഗത്താണ് പരസ്യങ്ങളുടെ കരാള ഹസ്തങ്ങള്‍ ഏറ്റവും ശക്തമായി പിടിമുറുക്കിയിട്ടുള്ളത്. " എല്ലാ ആയുര്‍വേദ മരുന്നുകളും ദോഷരഹിതമാണ് " എന്ന തെറ്റായ ധാരണയെയാണ് വിദഗ്ദമായി മരുന്ന് നിര്‍മ്മാണ കമ്പനികള്‍ ചൂഷണം ചെയ്യുന്നത്.

ഓരോ രോഗിയുടെയും രോഗാവസ്ഥ, ദോഷ ദൂഷ്യങ്ങള്‍, ജീവിക്കുന്ന പ്രദേശത്തിന്റെ കാലാവസ്ഥ തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ച ശേഷമാണ് രോഗിക്ക് ഏതു മരുന്ന് നല്‍കണം, എത്ര അളവില്‍ നല്‍കണം തുടങ്ങിയ കാര്യങ്ങളില്‍ ഒരു ഡോക്ടര്‍ തീരുമാനം എടുക്കേണ്ടത്. ഇത്തരത്തില്‍ ഉള്ള പരിഗണനകള്‍ ഒന്നും നോക്കാതെ "ഒരേ രോഗം അനുഭവിക്കുന്ന എല്ലാ രോഗികള്‍ക്കും ഒരു മരുന്ന് മതി " എന്ന രീതിയില്‍ ഉള്ള പ്രചരണം ആയുര്‍വേദത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് കടക വിരുദ്ധമാണ്. ഇത്തരത്തില്‍ ഉള്ള ചികിത്സ രോഗിയില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ.

ഒരു രോഗത്തിന് ഒരു പ്രത്യേക ഔഷധം നിര്‍മിച്ചു "ഈ രോഗം അനുഭവിക്കുന്ന എല്ലാവര്‍ക്കും ഇത്‌ ദിവ്യ ഔഷധം ആണ് " എന്ന നിലയിലാണ് ഇന്ന് മിക്ക മരുന്ന് നിര്‍മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പരസ്യത്തിന്റെ അകമ്പടിയോടെ വിറ്റ് വന്‍ ലാഭം കൊയ്യുന്നത്. മാത്രമല്ല യഥാര്‍ത്ഥ നിര്‍മാണ ചിലവിന്റെ പത്തും ഇരുപതും ഇരട്ടി വിലയാണ് ഇത്തരം കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നത്തിന് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത് .

കേരളത്തിനു പുറത്ത്‌ പ്രവര്‍ത്തിക്കുന്ന പല കമ്പനികളും മൊത്തമായി മരുന്നുകള്‍ ഇറക്കി തരുന്നുണ്ട്.
പല ഗുളികകളും, കാപ്സ്യൂളുകളും തൂക്കത്തിന് വില ഈടാക്കിയാണ് ഇവര്‍ നല്‍കുന്നത്.
ഇവരില്‍ നിന്നും നമ്മുടെ പല പ്രമുഖ കമ്പനികളും മറ്റും മരുന്ന് എടുക്കുകയും, ഏകദേശം 30 - 50 പൈസക്ക്‌ ലഭിക്കുന്ന ഇത്തരം ഗുളികള്‍ ആകര്‍ഷകമായ പാക്കിംഗ് നടത്തി 4  രൂപ മുതല്‍ മുകളിലോട്ട് വിലയിട്ട് കൊള്ള ലാഭമെടുത്ത്‌ വില്‍ക്കുകയും ചെയ്യുന്നു.

ചില മരുന്നുകളുടെ പാക്കറ്റുകളില്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും.

Manufactured by : എന്ന് പറഞ്ഞ്  വല്ല ഗുജറാത്തിലേയോ, ഉത്തര്‍ പ്രദേശിലെയോ, പഞ്ചാബിലേയോ ഒക്കെ കമ്പനികളുടെ വിലാസം ആണ് ഉണ്ടാവുക.

Marketed by : എന്ന് പറഞ്ഞ് നമ്മുടെ നാട്ടിലെ വല്ല കമ്പനികളുടെയോ, സ്ഥാപനങ്ങളുടെയോ പേര് ഉണ്ടാവും.
ചിലപ്പോള്‍ ഇത്തരം വിലാസങ്ങള്‍ വ്യാജവും ആവും.

ഒരു മരുന്ന് കുറച്ചു കാലം (5 - 6 മാസം ) ഇറങ്ങിയാല്‍ പിന്നെ അതിന്റെ വിവരം ഒന്നും ഉണ്ടാവില്ല.
പിന്നെ പുതിയ മരുന്നുകളുമായി ഇതേ കമ്പനിയുടെ പ്രതിനിധികള്‍ എത്തും.
"ഈ മരുന്നാണ് പഴയതിനേക്കാള്‍ മികച്ചത്. പഴയത് ഇപ്പോള്‍ ഇറങ്ങുന്നില്ല." എന്ന് പുതിയ മരുന്നുകളുമായി ഓരോ തവണ വരുമ്പോഴും ഇവര്‍ വാചകമടി നടത്തും.

പരസ്യത്തിന്റെ പിന്‍ബലത്തില്‍ ഇന്ന് മാര്‍ക്കറ്റില്‍ വിറ്റ് പോകുന്ന ഒരു കാപ്സ്യൂളിന്റെ കാര്യം എടുക്കാം...
രണ്ടു രൂപയില്‍ താഴെ മാത്രം നിര്‍മാണ ചെലവ് വരുന്ന ഒരു sexual stimulant കാപ്സ്യൂള്‍ ഉപഭോക്താവിന്നു ലഭിക്കുന്നത് ഏകദേശം മുപ്പതു രൂപക്കാണ്.
"വില കൂടിയാല്‍ ഗുണം കൂടും" എന്ന മലയാളിയുടെ മിഥ്യാ സങ്കല്‍പ്പത്തെയും ഇവിടെ കമ്പനി അതി വിദഗ്ദ്ധമായി ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.
ബോളിവുഡ് താരം മോഡല്‍ ആയി വരുമ്പോള്‍ അതിന്റെ വിശ്വാസ്യത ഉപഭോക്താവിന്റെ സംശയത്തിനു അതീതമായി പതിയുന്നു...

അതുപോലെ 100 ml ന്  15 - 25 രൂപയോളം നിര്‍മാണ ചെലവ് വരുന്ന ഹെയര്‍ ഓയിലുകള്‍ വില്കുന്നത് 125 - 200 വരെ രൂപക്കാണ്.

സൗന്ദര്യ വര്‍ദ്ധക മരുന്നുകളുടെ കാര്യവും വത്യസ്തം അല്ല.
ഒരു മനുഷ്യന്റെ സൗന്ദര്യവും നിറവും എല്ലാം ജനിതകമായി നിശ്ചയിക്കപ്പെട്ടതാണ്.
അത് കുറച്ചു മരുന്നുകള്‍ കൊണ്ട് മാറ്റി എടുക്കാം എന്ന ചിന്ത മലയാളികളില്‍ വളര്‍ത്തിയതും പരസ്യങ്ങള്‍ ആണല്ലോ.
സുന്ദരനാവാന്‍ ശ്രമിച്ചു മരുന്നിനു അടിമപ്പെട്ട് അന്ത്യനിദ്ര ഏറ്റു വാങ്ങിയ മൈക്കള്‍ ജാക്സനെ നമുക്ക് വിസ്മരിക്കാതിരിക്കാം.

"മദ്യം കഴിച്ച ശേഷം ഞങ്ങളുടെ കാപ്സ്യൂള്‍ കഴിച്ചാല്‍ ലിവറിനു രോഗം ഒന്നും പിടിപെടില്ല " എന്ന രീതിയില്‍ ശുദ്ധ മണ്ടത്തരം വിളമ്പുന്ന പരസ്യങ്ങള്‍ നമ്മുടെ ചാനലുകളെ കീഴടക്കുമ്പോള്‍, ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായം പറഞ്ഞു വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നമ്മുടെ സാംസ്കാരിക നായകന്‍മാരും, ബുദ്ധി ജീവികളും മൗനം അവലംബിക്കുന്നത് വിദ്യാ സമ്പന്നമായ കേരളത്തിനു അപമാനകരം ആണ്.

ഇത്തരം മരുന്ന് കമ്പനികള്‍ മറ്റൊരു കാര്യത്തിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
'പ്രസ്തുത രോഗം മാറാന്‍ എത്ര കാലം തങ്ങളുടെ മരുന്ന് ഉപയോഗിക്കണം' എന്ന നിര്‍ദ്ദേശം കമ്പനികള്‍ നല്‍കുന്നു. 3 - 6 മാസം വരെ ഒരു നേരം പോലും മുടങ്ങാതെ തങ്ങളുടെ ഉല്പന്നം ഉപയോഗിക്കണം എന്ന്  മിക്ക കമ്പനികളും പറയുന്നു. ഒരു നേരമെങ്കിലും മരുന്ന് മുടങ്ങിയാല്‍ തുടക്കം മുതല്‍ വീണ്ടും ആ മരുന്ന് ഉപയോഗിക്കണം എന്നും അവര്‍ പറയും. ദീര്‍ഘമായ ഈ കാലയളവില്‍ ഒരു നേരം മരുന്ന് കഴിക്കാന്‍ മറക്കുകയോ മറ്റെന്തെങ്കിലും കാരണം കൊണ്ട് കഴിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുന്നത് സ്വാഭാവികം ആണല്ലോ. പാവം രോഗി മറവിയെ പഴിച്ചു ആദ്യം മുതല്‍ വീണ്ടും മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങുന്നു.

പരസ്യങ്ങള്‍ കച്ചവടം വര്‍ധിപ്പിക്കാന്‍ ഉള്ളതാണെന്ന സത്യം തിരിച്ചറിയുക.
പരസ്യത്തിന്റെ ഷൂട്ടിംങ്ങിനു വരുമ്പോള്‍ ആയിരിക്കും അതില്‍ അഭിനയിക്കുന്ന മോഡല്‍ പോലും ഉല്‍പ്പന്നങ്ങള്‍ കാണുന്നത്. നിര്‍മാതാവ് എഴുതി കൊടുത്ത വാചകങ്ങള്‍, ഉല്പന്നം പൊക്കി കാണിച്ചു പറഞ്ഞ ശേഷം തന്റെ ശമ്പളവും വാങ്ങി മോഡല്‍ സ്ഥലം വിടും. ആ മോഡല്‍ പോലും ഉപയോഗിക്കുന്ന ഉല്പന്നം ആണ് അത് ഇന്ന് നമ്മള്‍ തെറ്റിദ്ധരിക്കുകയും ചെയ്യും.

ഒരോ കമ്പനിയും തങ്ങളുടെ ഉല്‍പ്പന്നം വിറ്റൊഴിക്കാന്‍ പരസ്യങ്ങള്‍ തുടരുക തന്നെ ചെയ്യും. എന്നാല്‍ ഒരു രോഗം വന്നാല്‍ പരസ്യത്തിന്റെ പിന്നാലെ പോകാതെ അംഗീകൃത യോഗ്യത ഉള്ള ഡോക്ടറെ സമീപിക്കുക. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്ന് രോഗ മുക്തനായി ജീവിക്കുക. പരസ്യങ്ങളില്‍ നിന്നും മറ്റു ചതി കുഴികളില്‍ നിന്നും സ്വയം സംരക്ഷിക്കുക.

ഇന്ന് രോഗികളോട് കഷായം വെച്ച് കുടിക്കാന്‍ പറഞ്ഞാല്‍ അവര്‍ അതിനു തയ്യാറാവുന്നില്ല.
രുചി, ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം അവര്‍ അതിനുള്ള ന്യായീകരണമായി പറയുന്നു.
രോഗികള്‍ ഈ മനോഭാവം മാറ്റാതെ നില്‍ക്കുമ്പോള്‍ എളുപ്പത്തില്‍ ലഭ്യമാക്കാവുന്ന, അരുചി ഇല്ലാത്ത, വില കൂടിയ പേറ്റന്റ് മരുന്നുകള്‍ എഴുതാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാക്കുന്നു.
തങ്ങളുടെ സൗകര്യത്തേക്കാള്‍ ആരോഗ്യത്തിന് പ്രാധാന്യം നല്‍കാന്‍ രോഗികള്‍ തയ്യാറാവാത്തിടത്തോളം ഇത്തരം മരുന്നുകള്‍ വിപണിയെ കീഴടക്കുക തന്നെ ചെയ്യും.

രോഗങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ .........

അബസ്വരം :
ഈ മേഖലയില്‍ മല്‍സരം മുറുകുമ്പോള്‍ നടുവേ ഓടാന്‍ ഡോക്ടര്‍മാരും നിര്‍ബന്ധിതരാവുന്നു......
ഞാനടക്കം...
"പെടക്കണ മത്തി മുമ്പില് വെച്ചിട്ട് പൂച്ച എത്ര നേരാ ഇങ്ങനെ നോക്കി നില്‍ക്കാ....!!!!" എന്ന് ശ്രീനിവാസന്‍ പറഞ്ഞ പോലെ.......

അതുകൊണ്ട് ഉടന്‍ വിപണിയില്‍ പ്രതീക്ഷിക്കുക ....

"അബസ്വരം ശുഷ്ക്കാന്തി എണ്ണ"
എലിയെ പുലിയാക്കുന്നു !!!
10 ml ന് 1000 രൂപ മാത്രം.
ഈ ബ്ലോഗിന്റെ ലിങ്കുമായി വരുന്നവര്‍ക്ക്‌ 20% ഇളവും ലഭ്യമാണ് !!!!

11.05.2012 - വാര്‍ത്ത :
(കടപ്പാട് : ഡൂള്‍ ന്യൂസ് )

തിരുവനന്തപുരം: വസ്തുതാവിരുദ്ധമായ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ച കേസില്‍ ഇന്ദുലേഖ, ധാത്രി, ശ്രീധരീയം എന്നീ ഉല്‍പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ ഡ്രഗ്‌സ് കണ്ട്രോള്‍ വിഭാഗം ആരംഭിച്ചുകഴിഞ്ഞു. ഈ ഉല്പനങ്ങളുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

52 ലക്ഷം രൂപയുടെ ഉല്പന്നങ്ങളാണ് ധാത്രിയില്‍ നിന്നും ഇന്ദുലേഖയില്‍ നിന്നും മാത്രം പിടിച്ചെടുത്തത്. ശ്രീധരീയത്തില്‍ നിന്നും 125100രൂപയുടെ സാധനങ്ങളാണ് പിടിച്ചെടുത്തത്. ഇന്ദുലേഖയുടെ കണ്ണൂര്‍, തലശേരി എന്നിവിടങ്ങളിലെ നിര്‍മാണ കേന്ദ്രങ്ങളിലും ധാത്രിയുടെ മൂവാറ്റുപുഴ ഏറണാകുളം കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടന്നത്.

ഇന്ദുലേഖ ബ്രിംഗ കംപ്ലീറ്റ് ഹെയര്‍ കെയര്‍ ഓയില്‍, ഇന്ദുലേഖ കംപ്ലീറ്റ് സ്‌കിന്‍ ക്രീം, ശ്രീധരീയം സ്മാര്‍ട്ട്‌ലീന്‍, ധാത്രി ഫെയര്‍ സ്‌കിന്‍ ക്രീം, ധാത്രി ഹെയര്‍ കെയര്‍ ഹെര്‍ബല്‍ ഓയില്‍, ധാത്രി ഹെയര്‍ കെയര്‍ ക്യാപ്‌സ്യൂള്‍സ്, ധാത്രി ദൈവിറ്റ പ്ലസ് ക്യപ്‌സ്യൂള്‍സ്, ഇന്ദുലേഖ സ്‌കിന്‍ കെയര്‍ ഓയില്‍ തുടങ്ങിയ ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്.

തലച്ചോറിലെ രക്തപ്രവാഹം വര്‍ധിക്കും, പുതിയ മുടിയിഴകള്‍ വളര്‍ത്തും താരന്‍ അകറ്റും തുടങ്ങിയ പരസ്യവാചകങ്ങളാണ് ഇന്ദുലേഖ ഹെയര്‍കെര്‍ ഓയില്‍ നല്‍കുന്നത്. ഇതിന്റെ ലീഫ്‌ലെറ്റിന്റെ ഇംഗ്ലീഷ് തര്‍ജമയില്‍ താരന്റെ കാര്യം പറയുന്നതേയില്ല. എന്നാല്‍ ഈ ഗുണങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. കൂടാതെ മുഖം വെളുപ്പിക്കുമെന്ന വാഗ്ദാനത്തോടെ വിപണിയിലെത്തിക്കുന്ന ഇന്ദുലേഖ കംപ്ലീറ്റ് സ്‌കിന്‍ ക്രീം വാങ്ങി പലരുടെയും കുടുംബം വെളുത്തു.

തടികുറയ്ക്കുമെന്നും ഫിറ്റ്നസ് നിലനിര്‍ത്തുമെന്നും പറഞ്ഞ് വിപണിയിലെത്തിയ ഉല്പന്നമാണ് സ്മാര്‍ട്ട് ലീന്‍. മുടിവളരുമെന്നും സ്‌ട്രെസും സ്‌ട്രെയിനും മാറുമെന്നുമൊക്കെയാണ് ധാത്രി നല്‍കിയ വാഗ്ദാനങ്ങള്‍. തെറ്റായ പ്രചാരണങ്ങള്‍ മാത്രമല്ല 10 രൂപപോലും മുതല്‍ മുടക്കില്ലാത്ത ഇത്തരം ഉല്പന്നങ്ങള്‍ വന്‍വിലയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

വ്യാജപരസ്യം നല്‍കിയതിനും മിസ് ബ്രാന്റിംഗ് നടത്തിയതിനും ഉപഭോക്താക്കളെ വഞ്ചിച്ചതിനും നിര്‍മ്മാതാക്കള്‍ക്കെതിരെ ഡ്രഗ്‌സ് ആന്റ് മാജിക്കല്‍ റെമഡീസ് ആക്ട് പ്രകാരം കേസെടുത്തിയിട്ടുണ്ട്. എഫ്.ഐ.ആര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും.

ഇത്തരം തെറ്റായ പ്രചരണങ്ങളിലൂടെ ഉല്പന്നങ്ങള്‍ പരസ്യപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയാന്‍ കാര്യക്ഷമമായ നിയമം നിലവില്ലാത്തത് ഇതുപോലുള്ള തട്ടിപ്പുകള്‍ പെരുകാന്‍ കാരണമാകുന്നുണ്ടെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ സതീഷ്‌കുമാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. നിലവില്‍ ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ 500 രൂപ പിഴയോ ആറ് മാസം തടവോ ആണ് ശിക്ഷ. അതായത് 500 രൂപ നല്‍കിയാല്‍ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ക്ക് ഇവര്‍ക്ക് തിരികെ കൊണ്ടുപോകാം- അദ്ദേഹം പറഞ്ഞു.

ഇതുപോലുള്ള കമ്പനികളുടെ പരസ്യം വരുമാനം നിലയ്ക്കുന്നത് ഭയന്ന് മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഇവര്‍ക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയാണ് പതിവ്. കഴിഞ്ഞദിവസം നടന്ന റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ടര്‍ ചാനലിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ബ്യൂറോകളില്‍ നിന്നും ഫയല്‍ ചെയ്ത് നല്‍കിയെങ്കിലും ഡസ്‌കിലെത്തിയപ്പോള്‍ ബിസിനസ് വിഭാഗം ഇടപെട്ട് വാര്‍ത്ത പൂഴ്ത്തി. താന്‍ ചാനല്‍ തുടങ്ങിയ വാര്‍ത്തകള്‍ പൂഴ്ത്താന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഒന്നാം വാര്‍ഷികമാണിന്ന് എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്. വാര്‍ത്ത എടുക്കേണ്ടെന്ന് മനോരമ വാര്‍ത്താ ചാനലിലെ ബിസിനസ് വിഭാഗം നേരത്തെ തന്നെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യാവിഷന്‍ വൈകുന്നേരത്തെ ഒരു ബുള്ളറ്റില്‍ ഒട്ടും പ്രാധാന്യമില്ലാത്ത രീതിയിലാണ് വാര്‍ത്ത നല്‍കിയത്. പിന്നീട് വന്ന ബുള്ളറ്റിനുകളിലൊന്നും ഈ വാര്‍ത്ത കണ്ടില്ല. ഏഷ്യാനെറ്റും മറ്റുചാനലുകളും വാര്‍ത്ത നല്‍കേണ്ടതില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

മാതൃഭൂമി വാര്‍ത്ത നല്‍കിയതാണ് ഏറെ രസകരം. അനാവശ്യ പരസ്യപ്രചാരണത്തിലൂടെ മരുന്ന് വില്പന നടത്തിയ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയെന്നാണ് വാര്‍ത്ത തുടങ്ങുന്നത്. എന്നാല്‍ വാര്‍ത്തയില്‍ സ്‌കിന്‍കെയര്‍, ഹെയര്‍ കെയര്‍ ഹെര്‍ബല്‍ ഓയില്‍ എന്നൊക്കെ പറയുന്നതല്ലാതെ ഏത് കമ്പനിയുടേതെന്ന് പറഞ്ഞിട്ടില്ല. ദ ഹിന്ദുവും കമ്പനിയുടെ പേര് പറയാതെയാണ് വാര്‍ത്ത നല്‍കിയത്. നേര് നേരത്തെ അറിയിക്കുന്ന ദേശാഭിമാനിയിലും ഈ വാര്‍ത്തയില്ല. തേജസും സിറാജും വാര്‍ത്ത ഏറെ പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്.


Click Here For More Health Related Articles

36 comments:

 1. chuluvil rogikale undaaakkuvaanalle.... Dr_de contact numberum email IDyum koode vechirunnenkil online consulting aaavaaamaayirunnu.... hehehe.

  ReplyDelete
 2. കുറച്ചു മരുന്ന് വിൽക്കാനും സമ്മതിക്കില്ല..:)

  ReplyDelete
 3. ഉപകാരപ്രദമായ ലേഖനം .എങ്കിലും ഒരു ഡോക്റ്റര്‍ എഴുതിയത് എന്നാ നിലക്ക് കുറച്ചു കൂടി കഴമ്പു പ്രതീക്ഷിച്ചിരുന്നു എന്ന് പരിഭവിക്കുന്നു ...എങ്കിലും നന്ദി

  ReplyDelete
 4. കുറവുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനു നന്ദി...
  അടുത്ത പോസ്റ്റുകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താം...:)

  ReplyDelete
 5. അബ്സരെ,

  പോസ്റ്റ്‌ നന്നായിട്ടുണ്ട്ട്ടോ.. എന്റെ പുതിയ പോസ്റ്റും പരസ്യത്തിന്റെ സ്വാധീനത്തില്‍ പെട്ട് പുതിയ ഒരു പ്രോഡക്റ്റ് വാങ്ങി ആപ്പിലായ ഒരു മനുഷ്യന്റെ കഥയാണ്..വായിക്കണേ..

  ചക്കിനു വെച്ചത്...കുക്കിനു കൊണ്ടു !.

  http://orudubayikkaran.blogspot.com/2011/06/blog-post_16.html

  ReplyDelete
 6. പ്രയോജനകരമായ പോസ്റ്റ്‌

  ReplyDelete
 7. few are coming out publically.. becoz media is making more money out of this type of adds. nowadays no one believe in media.. even news papper are getting only to see adds. like job,property,marriage etc.

  ReplyDelete
 8. എന്‍റെ ഡോക്ടറെ,
  നിങ്ങള്‍ക്കും കുറച്ചു കാടിവെള്ളം കുപ്പിയിലാക്കി -ഒടുക്കത്തെ മസാജ് ഓയില്‍- "ഇടക്കിടക്ക് പുരട്ടിയാല്‍ ഒന്നൊന്നര ശുഷ്കാന്തി" എന്ന് ക്യാപ്ഷന്‍ വച്ച് ഇറക്കാന്‍ മേലേ?.അതാന് കൂടുതല്‍ ഡിമാണ്ട്!
  സംഗതി പുഷ്ടിപെട്ടാല്‍ ഗള്‍ഫിലെ വിതരണം ഞാനും മറ്റു ചില ബ്ലോഗര്‍മാരും കൂടി ഏറ്റെടുത്തോളം :)

  ReplyDelete
  Replies
  1. ഉടന്‍ പ്രതീക്ഷിക്കുക...:)

   Delete
 9. ആ ശുഷ്കാന്തി കൂട്ടണ സാധനം ഇറക്കിയാ.... വൻ വിജയമായിരിക്കും..

  സഞ്ജയന്റെ ഏലസ്സുകൾ പുതിയ ഭാവത്തിൽ

  പ്രസക്തമായ ലേഖനം ഡോക്ടറേ..
  ശരിക്കും ഭീതിപ്പെടുത്തുന്നത് ഈ മാധ്യമഅധർമ്മമാണു!!

  ReplyDelete
 10. പുതിയ ചുക്കാന്തി മരുന്നിന് വേണ്ടി കാത്തിരുന്നു കൊണ്ട്.
  ഡോക്ടറുടെ വിനീത വിധേയനായ സ്വന്തം രോഗി.

  ReplyDelete
 11. ചുക്കാന്തി മരുന്ന് എത്രയും പെട്ടെന്ന് മാര്‍കെറ്റില്‍ എത്തുമെന്ന് അക്ഷമയോടെ കാത്തിരുന്ന് കൊണ്ട്, ചുരുക്കുന്നു.
  എന്ന്,
  ഡോക്ടറുടെ വിനീത വിധേയനായ രോഗി.

  ReplyDelete
  Replies
  1. ഹഹ.....ആരിഫ്ക്കാ.....:)

   Delete
 12. ഡോക്ടര്‍ ഉത്തരവാടിത്വബോധത്തോടെ അങ്ങയുടെ കടമ നിര്‍വഹിച്ചു. മുഖ്യധാര മാധ്യമങ്ങള്‍ പോലും തമസ്കരിക്കുന്ന വിവരങ്ങള്‍ പലതും ഇന്ന് പുറത്ത് കൊണ്ട് വരുന്നത് സൈബര്‍ മാധ്യമങ്ങളാണ്. ആരോഗ്യമേഖലയിലെ ഇത്തരം ചൂഷനങ്ങളെപ്പറ്റി ഡോക്ടര്‍ നേപ്പോലുള്ളവര്‍ പറയുമ്പോള്‍ അതിനു ആധികാരികത കൈവരുന്നു.

  ഏതായാലും എലികളെ പുലികളാക്കുന്ന ശുഷ്കാന്തി എണ്ണ വേഗം വിപണിയിയില്‍ എത്തിക്കു ഡോക്ടര്‍....

  ReplyDelete
 13. കാര്യങ്ങള്‍ നന്നായി പറഞ്ഞു ഡോക്ടര്‍ .

  ReplyDelete
 14. സംഗതി കലക്കി.. അബ്സര്‍ (അബ്സറിന്റെ ശുഷ്കാന്തി എണ്ണക്ക് വോള്‍സെയില്‍ ഡീലര്‍മാരെ വെക്കുന്നെന്കില്‍ പറയണേ..ഇന്ദുലേഖയും, ധാത്രിയും ഒക്കെ മൊത്തവിതരണം ചെയ്യുന്ന ഒരു കമ്പനിയുണ്ട് നാട്ടില്‍, അവരോടു പറയാം)

  ReplyDelete
 15. മരുന്നിറങ്ങുമ്പോള്‍ മസ്കറ്റിലെ ഏജന്‍സി എനിക്ക് തന്നെ താരണേ, എന്നിട്ട് വേണം എനിക്കുമൊന്നു ഈ ഊട്ടിയില്‍ ക്യാഷ് വീശാന്‍

  ReplyDelete
 16. നന്നായി ഡോക്ടറെ .....

  ReplyDelete
 17. ഡോക്ടറേ നുമക്ക് ഒരു ബിസ്നസ്   തുടങ്ങണോ?

  ഹിഹിഹിഹ്

  നല്ല  പോസ്റ്റ്, ഇഷ്ടായി

  ReplyDelete
 18. വിവരങ്ങൾ പങ്കു വെച്ചതിന് നന്ദി, ഡോക്ടർ

  ReplyDelete
 19. ഡോക്ടറേ ശുഷ്കാന്തി എണ്ണയുടെ ഗൾഫ് ഏജൻസി എടുക്കാൻ ഒരപേക്ഷ അയച്ചിട്ടുണ്ട്..

  ReplyDelete
 20. നാട്ടില്‍ റൈഡ് ചെയ്തപ്പോ ഇവന്മാര്‍ ഇവിടെ ഗള്‍ഫിലെ പരസ്യം കൂട്ടി.. ഇവിടേം മിക്കവാറും എല്ലാ സൂപ്പര്‍ മര്കെടിലും ഇതെല്ലം വില്‍ക്കാന്‍ വെച്ചിട്ടുണ്ട്...

  ReplyDelete
 21. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് facebook ഇല്‍ ഒരു വീഡിയോ കണ്ടു .ആമിര്‍ ഖാന്‍ ഒരു ജില്ലാ കളക്ടറുമായി (കേരളത്തിന്‌ പുറത്തുള്ള ഒരു സംസ്ഥാനത്തെ)നടത്തിയ അഭിമുഖം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരുന്നു .അതില്‍ generic medicine നെ പറ്റിയാണ് പറയുന്നത്. അദ്ദേഹം മുന്‍കയ്യെടുത്തു തന്റെ നാട്ടില്‍ ഒരു പാട് generic medicine വില്പന ശാലകള്‍ തുറന്നിരിക്കുന്നു .മരുന്ന് കമ്പനിക്കാരുടെ കൊള്ള ലാഭത്തെ കുറിച്ച് അതില്‍ പറയുന്നുണ്ട്.generic medicine നെ കുറിച്ച് ഒരു ലേഖനം എഴുതിക്കൂടെ

  ReplyDelete
 22. നല്ല പോസ്റ്റ്‌ ...വളരെ നന്ദി ..പിന്നേയ്
  കുറച്ചു ദിവസം മുന്‍പ്facebook ഇല്‍ ഒരു വീഡിയോ കണ്ടു. generic medicine നെ കുറിച്ചുള്ളത്. generic medicine നെ കുറിച്ച് ഒരു ലേഖനം എഴുതിക്കൂടെ

  ReplyDelete
 23. കട്ടിലപൂവം വിനോദ്Wednesday, October 17, 2012

  ഒരിടക്കാലത്ത് ഇത് പോലുള്ള ഔഷധങ്ങള്‍ ഇറക്കി പേരും പെരുമയും പണവും ഉണ്ടാക്കിയിരുന്ന ഒരു കമ്പനിയുടെ ഓഫീസില്‍ ഒരിക്കല്‍ പോകേണ്ടി വന്നു എനിക്ക്. ഞാന്‍ ചെന്ന ദിവസം ഭാഗ്യത്തിന് അവരുടെ ഒരു പുതിയ പ്രോഡക്റ്റ് മാര്‍ക്കെറ്റില്‍ ഇറക്കിയ ദിവസം ആയിരുന്നു. അതിനോട് അനുബന്ധിച്ച് അവര്‍ കുറെ പരസ്യങ്ങളും ചെയ്തിരുന്നു. ഏകദേശം പത്തു മണിക്കാണ് ഞാന്‍ അവിടെ ചെന്നത്. അവിടെ ഇരുന്ന ഏകദേശം അര മണിക്കൂര്‍ സമയം കൊണ്ട് അവിടെ ഉള്ള മൂന്നു ഫോണില്‍ കൂടി ഏകദേശം മുപ്പതു പേരുടെ എങ്കിലും ഫോണുകള്‍ വന്നിരുന്നു. ഫോണുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിന് ഇരുത്തിയിരുന്നത്‌, സ്വാഭാവികമായും പെണ്ണുങ്ങളെ മാത്രം. പ്രോഡക്റ്റ് ആണെങ്കിലോ ഒരു sexual മെഡിസിനും. പിന്നെ പറയാനുണ്ടോ? രസകരമായിരുന്നു ഫോണ്‍ സംഭാഷണങ്ങളും. എല്ലാവര്ക്കും അറിയേണ്ടത് ഒരേ കാര്യങ്ങള്‍..

  ഇതിന്റെ ഗുണം എന്താണ്
  എങ്ങനെ ഉപയോഗിക്കണം
  എത്ര നേരം ഗുണം ലഭിക്കും

  മലയാളിയുടെ ലൈംഗിക ജീവിതത്തിനെ കുറിച്ചുള്ള സാമൂഹിക സര്‍വേ നടത്തുന്നവര്‍ക്ക് പറ്റിയ സംശയങ്ങളും ഉണ്ടായിരുന്നു അവിടെ.. കാരണം ചോദ്യ കര്‍ത്താക്കളില്‍ ഭൂരിഭാഗവും അമ്പതിന് മുകളില്‍ ഉള്ളവര്‍..!! ,!!!

  ReplyDelete
 24. നന്നയിരിക്കുന്നു..... ഇതൊരു ഡോക്ടര്‍ തന്നെ എഴുതിയപ്പോള്‍ അതിന്റെ ആധികാരിക കൂടി.... :)

  ReplyDelete
 25. അബ്സാര്‍ ഭായീ.. ക്വട്ടേഷന്‍ കൊടുക്കും കേട്ടോ..

  ReplyDelete
 26. അല്ല ..ഈ ഇന്ദു ലേഖ തട്ടിപ്പ് ..ധാത്രി തട്ടിപ്പ് .. നവരത്നയും തട്ടിപ്പ് ..ഞങ്ങ പ്രവാസികള് പിന്നെ എന്ത് ചെയ്യും ... ഇത് ആയുർവേദ ഡോക്ടർമാരുടെ സ്ഥിരം നമ്പര് അല്ലെ മറ്റു ഉത്പ്പന്നങ്ങൾ മോശമാണ് എന്ന് പറയുന്നത്

  ReplyDelete
  Replies
  1. അങ്ങിനെ പറഞ്ഞത് കൊണ്ട് ഞങ്ങള്‍ക്ക് എന്ത് ഗുണം ? സര്‍ക്കാര്‍ തന്നെ റൈഡ് നടത്തിയത് പോസ്റ്റില്‍ വായിച്ചില്ലേ ?

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....